ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, February 20, 2006

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ഏകദേശം നാലോളം കൊല്ലം മുമ്പ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് എറിത്രിയക്കാരനായ യോസഫ് ടെക്കി എന്ന മാന്യദേഹത്തിനായിരുന്നു. എന്‍റെ എക്കാലത്തേയും നല്ല മാനേജര്‍മാരിലൊരാളായിരുന്നു യോസഫ്. എന്നെ സാന്‍റോഷ് എന്നോ സന്‍റൂഷ് എന്നോ സായിപ്പ് മോഡലില്‍ വിളിക്കാതെ നല്ല പച്ചമലയാളക്കാരെപ്പോലെ സന്തോഷ് എന്നു വിളിക്കുമായിരുന്ന ഇന്ത്യാക്കാരല്ലാത്ത അപൂര്‍വം ചിലരില്‍ ഒരാളുമായിരുന്നു യോസഫ്.

ഞങ്ങളുടെ ടീമില്‍ അക്കാലത്ത് പന്ത്രണ്ട് അംഗങ്ങളുണ്ടായിരുന്നു. ഞാനുള്‍പ്പടെ മൂന്ന് ഇന്ത്യക്കാരേയും ബാക്കി വെള്ളക്കാരേയുമാണ് ശ്രീമാന്‍ ടെക്കിയദ്ദേഹം അടക്കിബ്ഭരിച്ചുകൊണ്ടിരുന്നത്. ആഴ്ചയിലൊരിക്കല്‍ ഒന്നൊന്നര മണിക്കൂര്‍ വട്ടം കൂടിയിരുന്ന് പരസ്പരം പുകഴ്ത്തി സായൂജ്യമടയുക ഞങ്ങളുടെ ഒരു ഇഷ്ട വിനോദമായിരുന്നു. ഇത്തരം “ടീം മീറ്റിംഗുകള്‍” പലപ്പോഴും ചെന്നെത്തുക ഇന്ത്യാ/എറിത്രിയാ വിശേഷങ്ങളിലാണ്.

മൂര്‍ഖന്‍ പാമ്പിനെപ്പേടിച്ച് ആനപ്പുറത്ത് യാത്ര ചെയ്യുന്ന ഒരു വര്‍ഗ്ഗം എന്നതാണ് പല സായിപ്പന്മാരുടേയും ഇന്ത്യാ വിജ്ഞാനം. ഒരുമിച്ച് വല്ലപ്പോഴും “ടീം ലഞ്ചിനു” പോകുമ്പോള്‍, വല്ല കരുവാടിന്‍റെ തലയും ചവച്ചുപോയാല്‍, “അച്ഛനും അമ്മയും അടുത്തില്ലാത്തതിനാല്‍ മുട്ടയും മീനുമൊക്കെ തട്ടി വിടുകയാണല്ലേ” എന്നൊരു ചോദ്യവും ചോദിക്കും.

ഇന്ത്യയെന്ന മഹാരാജ്യത്തിന്നു ഒന്നിലധികം വശങ്ങളുണ്ടെന്നും, അതിലെ അസത്യമോ അര്‍ധസത്യമോ ആയ ചില കാര്യങ്ങള്‍ മാത്രം മനസ്സിലാക്കി വച്ചിട്ട് അതുപോലെയാണ് ഇന്ത്യയൊട്ടുക്കും എന്ന് തീരുമാനിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെങ്കിലും ചന്ദ്രകുമാര്‍ സാറിന്‍റെ പടങ്ങളെല്ലാം ‘എ’ ആണ് എന്നു നമ്മുടെ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും മുന്‍‍വിധിയുള്ളതുപോലെ, സായിപ്പന്മാരും അവരുടെ മുന്‍‍വിധി എളുപ്പം മാറ്റാന്‍ തയ്യാറായില്ല. ഇത് നാലു കൊല്ലം മുമ്പത്തെ കഥ. ഇന്നു കാര്യങ്ങള്‍ വ്യത്യസ്ഥമാണ്.

മൂന്നാഴ്ച അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിശേഷമുള്ള രണ്ടുമൂന്നു ടീം മീറ്റിംഗുകള്‍ യോസഫ് എറിത്രിയ വിശേഷത്തിനു മാത്രമായി മാറ്റി വച്ചു. പുകഴ്ത്തലുകളോ ഇന്ത്യാ വിശേഷങ്ങളോ ഇല്ല എന്നര്‍ത്ഥം. “നാടെങ്ങനെ?” എന്ന നിര്‍ദ്ദോഷമായ ചോദ്യത്തിന് മറുപടിയായി യോസഫ് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി:
We are just like India. Full of corrupt politicians, bribery, and some really smart people. The only difference probably is that we are all black! There are a lot of good things back there though. You not only know your neighbor, you also know the entire people in the entire village. And you can get things done if you have money, to name a few! Oh, did I mention that we also have a Pakistan of our own: Ethiopia.

ഇതൊക്കെക്കേട്ട് ഇങ്ങനേയും ഒരു രാജ്യമോ എന്ന മട്ടില്‍ സായിപ്പന്മാര്‍ വാ പൊളിച്ചിരിന്നു. സായിപ്പന്മാര്‍ അനുഭവിച്ചിട്ടില്ലാത്ത ചില ചെറു സൌഭാഗ്യങ്ങളെ ചെറിയ ചെറിയ “ട്രൂ സ്റ്റോറി”കളിലൂടെ അവര്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ അസൂയാലുക്കളാക്കുക യോസഫിന്‍റെ ഒരു ദൌര്‍ബല്യമാണ്. എറിത്രിയയിലെ ഒരു കല്യാണക്കഥയാണ് ഇത്തവണ സായിപ്പിനെ കൊതിപ്പിക്കാനായി യോസഫ് പുറത്തെടുത്തത്.

ശ്രീമാന്‍ ടെക്കിയും അദ്ദേഹത്തിന്‍റെ അമ്പതോളം വരുന്ന ബന്ധുക്കളും അസ്മാരയില്‍ (എറിത്രിയയുടെ തലസ്ഥാനം) ഒരു കല്യാണത്തില്‍ പങ്കുകൊള്ളാന്‍ ഒരു “ചാര്‍ട്ടേഡ്” ബസ്സില്‍-അതെ, നമ്മുടെ നാട്ടിലെ കല്യാണ വണ്ടി തന്നെ-തലേന്നേ യാത്രയായി. ജീവിതത്തിലാദ്യമായി സ്വന്തം ഗ്രാമത്തിനു പുറത്തേക്കു യാത്ര ചെയ്യുന്ന ഒന്നു രണ്ട് അമ്മാവന്മാരും സംഘത്തിലുണ്ടായിരുന്നത്രേ. എല്ലാവരും “ഡൌണ്‍ ഠൌണ്‍ അസ്മാരയില്‍” ഉള്ള സാവന്ന ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ ചേക്കേറി.

സായിപ്പിന്‍റെ സംശയം: "50 people in a star hotel in downtown? The power of the dollar, huh?"

യോസഫദ്ദ്യേം കിട്ടിയ അവസരം പാഴാക്കിയില്ല: “Its only around a hundred dollars for everyone for a day." അപ്പറഞ്ഞത് മിക്കവാറും പുളുവായിരിക്കുമെന്ന് ഞങ്ങള്‍ ഭാരതീയര്‍ക്ക് മനസ്സിലായി. സായിപ്പ് പക്ഷേ അത് കണ്ണടച്ചു വിഴുങ്ങി (അഥവാ വിഴുങ്ങിയതായി നടിച്ചു). കഥ തടസ്സപ്പെടുത്തിയ നീരസം തെല്ലൊന്നു പ്രകടിപ്പിച്ച് യോസഫ് തുടര്‍ന്നു:

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മാവന്മാരിലൊരാള്‍ക്ക് ഒന്നിനു പോകണം. ഗ്രൂപ്പ് ലീഡറായ യോസഫ്, ഹോട്ടല്‍ ടോയ്‍ലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടുന്നതെങ്ങനെ എന്ന വിഷയത്തില്‍ ഒരു സ്റ്റഡി ക്ലാസ്സ് നല്‍കി മാമായെ കുളിമുറി-കം-കക്കൂസിലേക്കു തള്ളിവിട്ടു. മൂന്ന് നീണ്ട മിനിറ്റുകള്‍ സംഭവരഹിതമായി കടന്നുപോയി. ആ നൂറ്റിയെണ്‍പത് സെക്കന്‍റുകള്‍ക്കൊടുവില്‍ മാമന്‍ പോയപോലെ തിരിച്ചിറങ്ങി വന്നു.

പിന്നെ നാം കാണുന്നത് സന്തോഷവാനായി അസ്മാരയിലേയ്ക്ക് ടാക്സിയില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന മാമന്‍റെ ക്ലോസപ്പാണ്. ഫ്രെയിം സൂമൌട്ട് ചെയ്യുമ്പോള്‍ കാറിനുള്ളില്‍ നമുക്ക് യോസഫിനേയും ഡ്രൈവറേയും കാണാം. നഗരത്തില്‍ നിന്ന് ഇരുപത്തഞ്ചോളം കിലോമീറ്റര്‍ മാറി റോഡരികിലുള്ള മരച്ചോട്ടില്‍ മുള്ളിയതിന്‍റെ സുഖം മാമന്‍റെ മുഖത്തും, മാമന് ഒരു കമ്പനി കൊടുത്തതിന്‍റെ സുഖം യോസഫിന്‍റെ മുഖത്തും കാണാമായിരുന്നു.
എന്തൊക്കെയുണ്ടെന്നു പറഞ്ഞിട്ടെന്താ? നിങ്ങളൊക്കെ എതെങ്കിലും വെളിമ്പ്രദേശത്ത് ഒന്നിനും രണ്ടിനും പോയിട്ടുണ്ടോ? ഇതുവരെ ചെയ്തിട്ടുണ്ടാവില്ലെന്നെനിക്കുറപ്പാ. ഇനിയൊട്ട് ചെയ്യാനും പോണില്ല.

യോസഫിന്‍റെ വായിലിരിക്കുന്നത് ബാക്കികൂടി കേള്‍ക്കേണ്ടാ എന്നു വിചാരിച്ചാവണം, ഈ പ്രവൃത്തിമൂലമുണ്ടാവുന്ന പരിസ്ഥിതിപ്രശ്നങ്ങളുടെ ചര്‍ച്ചയിലേക്ക് സായിപ്പന്മാരാരും കടന്നില്ല.

Labels:

0 Comments:

Post a Comment

<< Home