ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, April 28, 2006

മലയാളം, മനോരമ, മഞ്ഞ

അച്ഛന്‍റെ കുടുംബ വീട് ഭാഗം വച്ചപ്പോള്‍, മൂത്ത സന്തതിയായതു കാരണം, ബാക്കിയെല്ലാരും എടുത്തു കഴിഞ്ഞ് ആര്‍ക്കും വേണ്ടാതെ ബാക്കി വന്ന കിഴക്കേവിളയാണ് അച്ഛന് കിട്ടിയത്.

കുടുംബ വീടും അതിനു ചുറ്റുമുള്ള തൊടിയും കവുങ്ങിന്‍ തോപ്പും കുരുമുളകു തോട്ടവും വടക്കേവിളയും മറ്റും അച്ഛന്‍റെ അനിയത്തി (അപ്പച്ചി) ആദ്യമേ എടുത്തു. കൊച്ചച്ഛന്മാരില്‍ ഇളയയാള്‍ ഫലഭൂയിഷ്ഠമായ പടിഞ്ഞാറേ വിള തിരഞ്ഞെടുത്തു. കൊച്ചച്ഛന്‍ രണ്ടാമന്‍, ആള്‍ സഞ്ചാരമുള്ളതും ഭാവിയില്‍ ഒരു റോഡ് വന്നേക്കാവുന്നതും കശുമാവ്, മാവ്, തെങ്ങ്, പ്ലാവ് എന്നീ വൃക്ഷങ്ങള്‍ നിറഞ്ഞതുമായ മേലേ വിളയും സ്വന്തമാക്കി.

പിന്നെയുള്ള കിഴക്കേ വിളയില്‍, കുറെ മണ്ടപോയ തെങ്ങുകള്‍, വാഴ, മഞ്ഞള്‍, പയര്‍, കപ്പ, ആദിയായ സീസണല്‍‍സ് വിളഞ്ഞിരുന്നു. അവ ദൈനംദിനാവശ്യങ്ങള്‍ക്കുപകരിച്ചിരുന്നു എന്നല്ലാതെ, അവയില്‍ നിന്ന് ആദായം ഉണ്ടാവുക അസാധ്യമായിരുന്നു.

എല്ലാരും സ്വന്തമായി വീടുകള്‍ കെട്ടി താമസമായി അധികം കഴിയാതെ, അപ്രതീക്ഷിതമായി, കിഴക്കേവിളയ്ക്ക് മുന്നിലൂടെയുള്ള നടവഴിയ്ക്ക് ടാറിടാത്ത തടമായി പ്രമോഷന്‍ കൊടുക്കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. മേലേ വിളയ്ക്ക് പ്രധാന ഗതാഗതമാര്‍ഗം എന്ന പദവി ക്രമേണ നഷ്ടമായി.

അതുകൊണ്ടാണ് പ്രഭാകരേട്ടന്‍ പഴയ വഴി ഉപേക്ഷിച്ച്, എന്നും രാവിലെ ടാറിടാത്ത തടത്തിലൂടെ സൈക്കിളില്‍ വന്ന് ഞങ്ങളുടെ വീട്ടിനു മുമ്പില്‍ രണ്ട് മനോരമ, ഒരു മാതൃഭൂമി, ഒരു ദേശാഭിമാനി എന്നീ പത്രങ്ങള്‍, നാലുവീട്ടുകാരും കൂടി പങ്കിട്ടെടുത്തോളൂ എന്നമട്ടില്‍ വലിച്ചെറിഞ്ഞിട്ട് പോയിരുന്നത്. കൂട്ടത്തില്‍ രണ്ട് എണ്ണം മനോരമ ആയതിനാലും, വീട്ടിലെപ്പത്രം മനോരമയാണെങ്കിലും അച്ഛനോ അനിയന്മാരോ മനോരമയില്‍ വായന തുടങ്ങാത്തതിനാലും, ഉണര്‍ന്നു വരുമ്പോള്‍ എനിക്ക് മിക്കവാറും കിട്ടുക മനോരമ ആയിരിക്കും. അങ്ങനെയാണ് ഞാന്‍ ക്രമേണ മനോരമ അഡിക്റ്റ് ആകുന്നത്.

കേരളത്തിനു പുറത്തായതു മുതല്‍ മുടങ്ങിപ്പോയ മനോരമ വായന, പിന്നെ വീണ്ടും തുടങ്ങിയത് അവര്‍ വെബ് സൈറ്റ് ആരംഭിച്ചപ്പോഴാണ്. കൂടുതല്‍ വേഗത്തില്‍, ചൂടാറാതെ, വാര്‍ത്തകള്‍ ദീപികയില്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മനോരമയെ ഉപേക്ഷിച്ചു. അതിനു ശേഷം ഞാന്‍ മനോരമ സൈറ്റില്‍ കാലു കുത്തുന്നത് (അതോ വിരലോ), എന്‍റെ ഒരു സുഹൃത്ത് മനോരമയുടെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേയ്ക്ക് മാറുമ്പോഴാണ്. എന്‍റെ ഒന്ന് രണ്ട് കുറിപ്പുകള്‍ ലൈഫ്സ്റ്റൈല്‍ വിഭാഗത്തില്‍ വന്നതോടെ അവിടെ പ്രത്യക്ഷപ്പെടുന്ന മറ്റ് ലേഖനങ്ങളും ഞാന്‍ വായിച്ചു തുടങ്ങി.

മലയാളം റ്റി. വി. പരിപാടികള്‍ ലഭ്യമായതോടെ, വാര്‍ത്തകള്‍ക്കായി മനോരമയിലും ദീപികയിലും പോകുന്ന പതിവ് നിന്നു. മനോരമയുടെ സൈറ്റില്‍ പോയിട്ട് ഒരു വര്‍ഷത്തിലധികമായി. അപ്പോഴാണ് വെറുതേയിരുന്ന എന്നെ വക്കാരി വിളിച്ച് മനോരമ കാണിക്കാന്‍ കൊണ്ടുപോകുന്നത്. സ്വാഭാവികമായും ഞാന്‍ പോയത് നേരേ ലൈഫ് സ്റ്റൈലിലേയ്ക്ക് (അതെ, ആദ്യ പേജിന്‍റെ വലതുവശത്തായിക്കണ്ട എല്ലാ പ്രലോഭനങ്ങളെയുമുപേക്ഷിച്ച്).

ആകെ വട്ടായി, ചെറുപ്പത്തിലേ വട്ട് പിടിച്ചു, വായിച്ചു വട്ടായി എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും അത് അനുഭവിച്ചറിയണമെങ്കില്‍, മറുനാട് എന്ന ഉപവിഭാഗത്തില്‍, ശ്രീയോ ശ്രീമതിയോ ആയ ബെര്‍ളി തോമസ് പടച്ചു വിടുന്ന ഒന്നോ രണ്ടോ ‘ഐറ്റം നമ്പര്‍’ വായിച്ചാല്‍ മതി. ഇതാ ചില ചില്ലറ സാമ്പിളുകള്‍.

മാന്യനായിരിക്കണം; ഓഫീസിനകത്തും പുറത്തും

“ഒന്നു ചിരിച്ചപ്പോള്‍ തന്നെ അവള്‍ അടുത്തു വന്നു. പിറ്റേന്ന് ഓഫ് ദിവസമാണ്. രാവിലെ പാര്‍ക്കില്‍ കാണാമെന്ന് പറഞ്ഞ് പിരിയുമ്പോള്‍ മസാല പുരണ്ട ഒരു അവധിയായിരുന്നു മനസ്സില്‍. പിറ്റേന്ന് പാര്‍ക്കില്‍ നിന്ന് തുടങ്ങിയ അവധി ഐസ്ക്രീം പര്‍ലറും തിയറ്ററും പിന്നിട്ട് വൈകിട്ട് ഹോട്ടല്‍ മുറിയിലവസാനിക്കുമ്പോള്‍ പിറ്റേന്നത്തെ ജോലിക്കുള്ള ഊര്‍ജവും അതിലേറെ ബാക്കി നില്‍ക്കുന്ന അഭിനിവേശങ്ങളും സ്വകാര്യതയുടെ ബാഗില്‍ ബാക്കിയായി.”

“ജീവനക്കാരുടെ വ്യക്തി ജീവിതം കൂടി സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികളുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.”

“ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചിന്താഗതികളും ധാര്‍മിക ബോധവും നെഞ്ചിലേറ്റാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത് കടുത്ത അനീതിയാണെന്നും ഇവര്‍ പറയുന്നു.”

ഓഫീസിലും വീട്ടിലും വര്‍ക്കഹോളിക്

“വര്‍ക്കഹോളിക് ഭര്‍ത്താക്കന്മാര്‍ പൊതുവേ വിശ്വസ്തരാണെന്നും ഒരു സര്‍വേ ചൂണ്ടിക്കാണിക്കുന്നു.”

“കുടുംബ ബന്ധം നന്നായി കൊണ്ടു പോകാന്‍ തന്നെ സമയം കുറവായതിനാല്‍ മറ്റൊരു ബന്ധത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് പ്രഫഷനലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.”

ചെറുപ്പക്കാര്‍ക്ക് താല്പര്യം ഫീമെയിലിന്‍റെ ഈ മെയിലില്‍

“നാട്ടിലിറങ്ങി സുന്ദരിമാരുടെ പേരും മേല്‍വിലാസവും ചികഞ്ഞെടുത്ത് അവരുടെ ഗേറ്റിനു മുന്നില്‍ ഒരു സൈക്കിളുമായി കറങ്ങാന്‍ ധൈര്യമുള്ള എത്ര ചെറുപ്പക്കാര്‍ ഇന്ന് കേരളത്തിലുണ്ട്.”

“അയലത്തെ സുന്ദരിയെക്കുറിച്ചറിയാനാണെങ്കില്‍ പോലും ബ്യൂട്ടിഫുള്‍ ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്ത് വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു സമൂഹത്തിന് മാന്യതയുടെ പരിവേഷം കൂടി ലഭിക്കുന്നുണ്ടെന്ന് മാത്രം.”

“നഗരങ്ങളില്‍ പെണ്ണായി പിറന്നവരെല്ലാം സുന്ദരിമാരുമാണ്.”

“ജീവിതമെന്നാല്‍ നല്ലൊരു കം‍പ്യൂട്ടറും കൊള്ളാവുന്നൊരു ബ്രോഡ്ബാന്‍ഡ് കണക്ഷനുമാണ്.”

കൌശലവേലയുമായി പെണ്‍കുട്ടികള്‍ (അവിവാഹിതര്‍ സൂക്ഷിക്കുക)

“പെണ്‍കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പോലെയാണ്. എല്ലാ റൂട്ടിലും അവരുണ്ട്. കൈ നീട്ടുന്നവന് മുന്നില്‍ നിര്‍ത്തില്ല. വെറുതെ നില്‍ക്കുന്നവനെ നിര്‍ത്തി കയറ്റിക്കൊണ്ടു പോവുകയും ചെയ്യും.”

“ഓരോ പുരുഷനേയും കാണുമ്പോള്‍ പെണ്‍കുട്ടികള്‍ ആദ്യം ചിന്തിക്കുന്നത് അയാളെ തന്‍റെ ഭര്‍ത്താവാക്കാന്‍ കൊള്ളാമോ എന്നാണത്രേ.”

ഇവിടെ കോണ്‍ഡം നിക്ഷേപിക്കരുത്

“നൂറുകണക്കിന് സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യുന്ന പ്രസ്ഥാനത്തില്‍ എല്ലാവരും ഒരേ ധാര്‍മിക മര്യാദ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ചിലര്‍ ഓഫീസ് പരിസരത്തു വച്ച് വിശ്രമവേളകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുവെന്നത് സത്യമാണ്. പക്ഷേ അതിന്‍റെ പേരില്‍ അവരെ ശിക്ഷിക്കാനോ ജോലിയില്‍ നിന്ന് നീക്കം ചെയ്യാനോ കഴിയില്ല.”

ബാക്കി നിങ്ങള്‍ തന്നെ വായിച്ചോളൂ. ബെര്‍ളിക്കാണോ, എനിക്കാണോ, അതോ “മറുനാടന്‍” ജോലിക്കാര്‍ക്കാണോ വട്ട്?

Labels: ,

Wednesday, April 26, 2006

ചെര്‍നോബ്‍ല്‍ ദുരന്തത്തിന് ഇരുപത് വയസ്സ്

ഓര്‍മയുടെ താളുകള്‍ മറിക്കുമ്പോള്‍ ചെര്‍നോബ്‍ല്‍ ഒരു നടുക്കമാണ്. സംഭവത്തിന്‍റെ വ്യാപ്തി മനസ്സിലായിരുന്നില്ല. ഭയാനക ദൃശ്യങ്ങള്‍. കഥകളും ഉപകഥകളുമായി കാടുകയറുന്ന ദിനപ്പത്രങ്ങള്‍. കമ്യൂണിസ്റ്റ് ഭരണകൂടത്തിന് തെറ്റുപറ്റില്ല എന്ന് പറഞ്ഞുപഠിപ്പിക്കുന്ന അമ്മാവനും പ്രിയപ്പെട്ട അധ്യാപകനും. എവിടെയോ പിഴച്ചില്ലേ എന്ന് വ്യഥപ്പെടുന്ന അച്ഛന്‍.

പിന്നെ ഒറ്റയ്ക്കും തെറ്റയ്ക്കും ദുരന്തത്തെ യാന്ത്രികമായി സ്മൃതിയിലേയ്ക്ക് കൊണ്ടുവരുന്ന വാര്‍ഷിക ദിനങ്ങള്‍. ഓര്‍മക്കുറിപ്പുകള്‍. ആണവ ശക്തിയുടെ ഭീകരത ഓര്‍മപ്പെടുത്തുന്ന സാഹിത്യനായകര്‍. എന്നാലും ഒന്നും ഒരിയ്ക്കലും മനസ്സിലായിരുന്നില്ല.

അങ്ങനെയിരിക്കെ, ഒന്നൊന്നരക്കൊല്ലം മുമ്പാണ് കിഡ് ഓഫ് സ്പീഡിന്‍റെ സൈറ്റിലെത്തിപ്പെട്ടത്. എലേനയിലൂടെ ഞാന്‍ ചെര്‍നോബ്‍ലിനെ-ആ പ്രേത നഗരത്തെ-ആദ്യമായി അടുത്തുകണ്ടു. തെറ്റിനും ശരിക്കുമിടയിലെ സത്യങ്ങള്‍. മറയില്ലാതെ.

Labels:

Wednesday, April 19, 2006

സാര്‍, കൈക്കൂലി വാങ്ങിയാലും! - രണ്ടാം ഭാഗം

ഉണ്ടുമുറങ്ങിയും, ററ്റ്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ഒന്നുരണ്ടു മലയാളിപ്പെണ്‍കൊടികളെ ആഴ്ചയിലൊരിക്കല്‍ സിനിമ കാണിച്ചും അതുവഴിയിട്ട പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നും (കൊച്ചു കള്ളികളേ, ‘യൂ ആര്‍ വെല്‍ക്കം!’) ഞങ്ങളുടെ ന്യൂജേഴ്സി ജീവിതനദി വിഘ്നം കൂടാതൊഴുകി ആഴ്ചകളും മാസങ്ങളും കടന്നു പോയി.

(ഇതും, ഇതിന്‍റെ ഒന്നാം ഭാഗവും വായിച്ച്, ശ്ശെ, ഇവന്മാര് പക്കാ സ്ത്രീലമ്പടന്‍സ് ആണല്ലോ, അല്ലെങ്കില്‍ പണ്ട് ആയിരുന്നല്ലോ എന്ന് നിങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്കു തെറ്റി. ആദ്യ ഭാഗത്തില്‍ പരാമര്‍ശിച്ച കോത ഡ്രൂവിനെപ്പോലെയിരുന്നതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ നിര്‍ന്നിമേഷാക്ഷരായ് നിന്നു പോയത്. അവള്‍ വല്ല പാരിസ് ഹില്‍ട്ടനെപ്പോലെയോ, സല്‍മാ ഹായക്കിനെപ്പോലെയോ മറ്റോ ആയിരുന്നെങ്കില്‍, ഞങ്ങള്‍ അവളുടെ മുഖത്തു നോക്കില്ലായിരുന്നു. അതുപോലെ മുകളില്‍ പറഞ്ഞ പാലം, നിളയ്ക്കു കുറുകേ കെട്ടിയ കുറ്റിപ്പുറം പാലം പോലെയൊന്നുമായിരുന്നില്ല, കലക്ക വെള്ളം വന്നു മറിയുന്ന തോടിനു കുറുകേ മണ്ട ചീഞ്ഞ തെങ്ങുംതടി വെട്ടിയിട്ട പോലൊരു സെറ്റപ്പു മാത്രം. നിങ്ങളുടെയും, അതിബലവാനായ എന്‍റെ ഭാര്യാ സഹോദരന്‍റെയും സംശയം മാറിയെന്നു കരുതുന്നു.)

നിര്‍ത്താതെയുള്ള മണിയടിയോടൊപ്പം, സഹമുറിയന്‍ തെലുങ്കന്‍റെ “ഫോണ് എതറ എഥവാ!” എന്ന് തുടങ്ങിയ പുളിച്ച തെറിയും കേട്ടാണ് ഒരു ശനിയാഴ്ച പ്രഭാതം പൊട്ടി വിരിഞ്ഞത്. “എനിക്ക് മിസ്റ്റര്‍ ക്യാരുറ്റി ലവാടിയുമായി ഒന്നു സംസാരിക്കണം”, ഉറക്കത്തില്‍ നിന്നും വിളുച്ചുണര്‍ത്തിയ സ്ത്രീശബ്ദം എന്നോടു മൊഴിഞ്ഞു. കേട്ടിട്ടില്ലാത്ത സ്വരം. മദാമ്മയെ വളയ്ക്കാന്‍ തക്കവണ്ണം ഗിരീഷ് വളര്‍ന്നോ? ചോദിച്ചേക്കാം.

“ആരു നീ, ജിന്‍മകളേ?”

സമാധാനം. പാറപ്പുറത്ത് ചിരട്ടയിട്ടുരച്ചതു പോലെ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന ഗിരീഷ് കരുത്തിലാവാടിയെ വിളിച്ചുണര്‍ത്തി ഞാന്‍ ഫോണ്‍ കൊടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവേഴ്സ് പെര്‍മിറ്റിന്‍റെ കാലാവധി അവസാനിക്കുമെന്നും, പകരം ഇന്‍ഷുറന്‍സ് ഫയലില്‍ വയ്ക്കാന്‍ ന്യൂജേഴ്സി ഡ്രൈവേഴ്സ് ലൈസന്‍സ് എടുക്കണമെന്നും ഉപദേശിക്കാനാണ് മദാമ്മ വിളിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി യുണൈറ്റഡ് സ്റ്റേയ്റ്റ്സ് ഓഫ് അമേരിക്കയുടെ കിഴക്കേ തീരം വിറപ്പിച്ച് വണ്ടി പറപ്പിച്ച് നടന്ന ഗിരീഷിനാണോ, ഡ്രൈവേഴ്സ് ലൈസന്‍സ് എടുക്കണമെന്നു പറയുമ്പോള്‍ കുലുങ്ങുന്നത്? നെവെര്‍ ഇന്‍ അനദര്‍ ഫിഫ്റ്റിട്ടൂ ഈയേഴ്സ്. (എഴുപത്തേഴു കഴിഞ്ഞാല്‍ ശേഷം ചിന്ത്യമെന്ന് ജാതകം.)

“തോറ്റു, അല്ലേ?” ടെസ്റ്റ് എഴുതാന്‍ പോയിട്ട്, അണ്ടികളഞ്ഞ അണ്ണാച്ചിയെപ്പോലെ മടങ്ങി വന്ന ഗിരീഷിനോട് ഞാന്‍ ആഹ്ലാദപരവശനായി ചോദിച്ചു. റിട്ടണ്‍ ടെസ്റ്റ് പാസ്സായെങ്കിലും, സാങ്കേതിക തടസ്സമുണ്ടെന്ന കാരണത്താല്‍ ഡ്രൈവിങ് ടെസ്റ്റ് എടുക്കാന്‍ അനുവദിക്കാതിരുന്ന കണ്ണു നീരില്‍ കുതിര്‍ന്ന കദന കഥ അവിടെ ഹൌസ് ഫുള്‍ ആയി അവതരിച്ചു.

ഡിപാര്‍ട്മെന്‍റ് ഓഫ് ലൈസന്‍സിങ്ങിലെ ഏമാന്‍: “ടായ് പയലേ, നിനക്ക് ഖണക്റ്റികറ്റില്‍ ആറുമാസത്തെ നിരോധനാജ്ഞയുണ്ടെന്ന് നോം മഷിയിട്ട് നോക്കിയപ്പോള്‍ കാണുമാറാകുന്നുവല്ലോ.”
ഗിരീഷ്: (കമ്പ്യൂട്ടറിനെ നോക്കി) “എന്തതിശയമേ, കുന്തത്തിന്‍ ശൌര്യം...” (പിന്നെ ഏമാനോട്) “കല്പനയുണ്ടായിരുന്ന കാലത്ത് ഞാന്‍ അവിടെ നിന്നും സ്വയം ഓടിച്ച് ന്യൂജേഴ്സിയിലേയ്ക്ക് വന്നിട്ടേയില്ല. എന്നെക്കണ്ടാല്‍ അങ്ങനെ വന്നവനാണെന്ന് തോന്നുമോടാ കൂവേ?”
ഏമാന്‍: “ഓക്കി ഡോക്കി... ഖണക്റ്റികറ്റുകാര്‍ വിലക്ക് പിന്‍‍വലിച്ചു എന്നെഴുതിത്തന്ന തുണ്ടുകടലാസ് കൃപയാ കാട്ടിയാലും.”
ഗിരീഷ്: “വാട്ട് കടലാസ്? ആറുമാസം കഴിഞ്ഞാല്‍ സ്വമേധയാ ഒഴിയുന്ന ബാധയല്ലയോ അത്? (ശബ്ദം താഴ്ത്തി) ആ ചരിത്ര സംഭവം നടന്നുകൊണ്ടിരുന്ന രാത്രിയില്‍ കുട്ടികളുണ്ടാവാന്‍ വേണ്ടി ഉത്സാഹിച്ച മിക്ക ആള്‍ക്കാര്‍ക്കും ഇപ്പോള്‍ കുട്ടികളുണ്ട്. (ശബ്ദം ഉയര്‍ത്തി) ആ ചരിത്ര സംഭവം നടന്നിട്ട് ഇന്നേയ്ക്ക് ഒന്‍പതോ പത്തോ മാസമാകുന്നല്ലോ. ”
ഏമാന്‍: “ആ പാപ്പിറസ് ഇല്ലാതെ ഒന്നും നടക്കില്ല മോനേ, ഗിരീശാ!”
ഗിരീഷ്: “ക്യാന്‍ ഐ പേ സം മണി, ആന്‍‍ഡ്...”
ഏമാന്‍: “വാട്ട്യൂ മീന്‍? ആര്‍ യൂ ട്രൈയിന്‍ റ്റു ബ്രൈബ് മി?”

സായിപ്പേമാന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നു കണ്ടപ്പോള്‍ ഗിരീശന്‍ പ്ലേറ്റ് മാറ്റി. “ഓ, നോ, നോ! ഞാന്‍ ഫൈനടച്ച് തടിതപ്പാമോന്ന് നോക്കിയതാ, വെറുതേ തെറ്റിദ്ധരിച്ചു...”

ദിവസങ്ങള്‍ കടന്നുപോയി. ഭക്ഷണം കഴിക്കാനും കക്കൂസില്‍ പോകാനുമൊഴികെ മറ്റെല്ലാ കാര്യവും അലാറം വച്ചാല്‍ മാത്രം ഓര്‍ത്തുവയ്ക്കുന്ന ഗിരീഷ്, വിലക്ക് പിന്‍‍വലിച്ചു എന്നെഴുതി തുല്യം ചാര്‍ത്തിയ കടലാസ് ഖണക്റ്റികറ്റ് സര്‍ക്കാരില്‍ നിന്ന് വാങ്ങുന്ന കാര്യം പാടേ മറന്നുപോയി.

അങ്ങനെ ദിവസങ്ങള്‍ കടന്നുപോകേ, “എങ്ങനെ ഞാന്‍ മറക്കും, മറുതേ!” എന്നൊരു ഗാനവുമായി ഇന്‍ഷുറന്‍സ് മദാമ്മ ഗിരീഷിന് ആദ്യത്തെ ലാസ്റ്റ് വാണിംഗ് കൊടുത്തു.

ക്ലാസിലെ പല്ലുന്തിയ പെണ്ണ്, റസണന്‍സ് കോളം പ്രാക്റ്റിക്കല്‍ ചെയ്യുന്നതിനിടയില്‍ ആരും കേള്‍ക്കാതെ ഐലവ്യൂ പറഞ്ഞിട്ടും അത് തന്നോടല്ല എന്ന മട്ടില്‍ ഫോര്‍ക്കെടുത്ത് ആഞ്ഞടിച്ച് പ്രകമ്പനങ്ങള്‍ ഉണ്ടാക്കിക്കളിക്കുന്ന കോളജുകുമാരന്‍റെ നിഷ്കളങ്കതയോടെ, ഗിരീഷ് മദാമ്മയുടെ ലാസ്റ്റ് വാണിംഗ് തള്ളിക്കളഞ്ഞു. അനതിവിദൂരഭാവിയില്‍ ഈ സംഭവം ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക/സാംസ്കാരിക പ്രശ്നത്തെക്കുറിച്ചോര്‍ത്ത് ആധിപൂണ്ട ഞാന്‍, ഗിരീഷിനെ നേര്‍വഴിക്കു നടത്താന്‍ ഉദ്ദേശിച്ച് എന്‍റെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തി.

സാമൂഹിക/സാംസ്കാരിക പ്രശ്നം: ഗിരീഷിന്‍റെ ലൈസന്‍സ് റദ്ദായാല്‍ പിന്നെ ആ ദേഹത്തിനെ ഓഫീസില്‍ കൊണ്ടു വിടുന്നതും അവിടുന്ന് പൊക്കിക്കൊണ്ടുവരുന്നതും എന്‍റെ തലയിലാവും. അത് എന്‍റെ പ്രൈവസിയുടെ മേല്‍ സംഭവിക്കുന്ന മാരകമായ ഒരു പ്രഹരമായിരിക്കും.
വിലയേറിയ അഭിപ്രായം: “ടേയ്, ഖണക്റ്റികറ്റിലെ പണ്ടാരങ്ങളെ വിളിച്ച് നിന്‍റെ എന്‍. ഓ. സീ. തപാലിലയച്ചു തരാന്‍ പറയെടേയ്...”

എന്‍റെ അഭിപ്രായം മാനിക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല ഗിരീഷ്. മാനിച്ചവര്‍ ഇന്ന് സമൂഹത്തിന്‍റെ ഉന്നതങ്ങളില്‍ വിഹരിക്കുകയും ചില്ലുമേടകളിലിരുന്ന് കല്ലെറിഞ്ഞ് കളിക്കുകയും ചെയ്യുന്നു. മാനിക്കാത്ത അപൂര്‍വം ചിലരോ, വെളിച്ചമില്ലാത്ത വിളക്കുമരങ്ങള്‍ക്കു താഴെ ഗുണം പിടിക്കാതെ അലയുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മദാമ്മ പിന്നെയും വിളിച്ചു. ഗിരീഷ് ചോദിച്ചു:
“ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട് എലോങ് വിത്ത് മൈ ഇന്‍ഷുറന്‍സ് ആന്‍‍ഡ് കണ്ടിന്യൂ റ്റു യൂസ് ദിസ് ഐ. ഡി. പി?” അതാവത്, കാലാവധി തീര്‍ന്ന സാധനം തുടര്‍ന്നും ഉപയോഗിച്ചോട്ടേന്ന്.
“യൂ മസ്റ്റ് ബി കിഡിംഗ്...” മദാമ്മയ്ക്ക് ഗിരീഷ് ആ പറഞ്ഞത് മനസ്സിലായേയില്ല.

അങ്ങനെ ചുളുവില്‍ ഒന്നും നടക്കില്ലെന്നും എത്രയും പെട്ടെന്ന് പുതിയ ലൈസന്‍സ് എടുത്തില്ലെങ്കില്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുമെന്നും പറഞ്ഞ് മദാമ്മ രണ്ടാമത്തെ ലാസ്റ്റ് വാണിംഗ് കൊടുത്തു. മറ്റ് മാര്‍ഗമില്ലാതെ ഗിരീഷ് എന്‍റെ ഉപദേശം അനുസരിക്കാന്‍ തീരുമാനിച്ചു.

“അതിനെന്താ, എന്‍. ഓ. സീ. അയയ്ക്കുന്നത് വളരെ എളുപ്പമാണല്ലോ” ഖണക്റ്റികറ്റിലെ ആപ്പീസര്‍ ഫോണിലൂടെ അറിയിച്ചു. “എന്‍. ഓ. സീ. താങ്കള്‍ക്ക് നേരിട്ട് അയച്ചുതരണോ അതോ ഞങ്ങള്‍ ന്യൂജേഴ്സി ആപ്പീസിലേക്ക് ഫാക്സ് ചെയ്താല്‍ മതിയോ?”

എന്തൊരു മാന്യന്‍. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഗിരീഷ് എന്നെ നോക്കി ഒരു ‘ഥംസ് അപ്’ കാണിച്ചു.

“ഇതിന് ചിക്ലി വല്ലതും ആവുമോ? ആര്‍ ദേര്‍ എനി ഫീസ് ഫോര്‍ ദിസ് സര്‍വീസ്?”
“അബ്സല്യൂറ്റ്ലി നണ്‍!” ഗിരീഷ് ആഹ്ലാദ പരവശനായി, “നര്‍ത്തകികള്‍ നൃത്തമാടട്ടെ!” എന്ന് വിളിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍.
“താങ്കളുടെ ഇന്‍ഷുറന്‍സ് കമ്പനി, താങ്കള്‍ക്ക് SR22 ഉണ്ട് എന്നതിന്‍റെ തെളിവ് ഞങ്ങള്‍ക്കയച്ചുതന്നാലുടനെ ഞങ്ങള്‍ ഇത് താങ്കള്‍ക്കയച്ചു തരാം.”

അങ്ങനെ ആണും പെണ്ണും ആദ്യദര്‍ശനത്തിലോ ആദ്യസ്പര്‍ശനത്തിലോ ആദ്യാലിംഗനത്തിലോ ആകൃഷ്ടരായ ശേഷം ബാക്കി പിന്നെയാവാം എന്നോര്‍ത്ത് ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറുന്നതുപോലെ, ഗിരീഷും ഖണക്റ്റികറ്റിലെ ആപ്പീസറും പേരും, നാളും, ഫോണ്‍, ഫാക്സ്, നെഞ്ചളവ് ആദിയായ നമ്പരുകളും കൈമാറി. വീണ്ടും ബന്ധിക്കും വരെ വണക്കം എന്ന് വികാരവിവശരായിപ്പറഞ്ഞ് അവര്‍ മനസ്സില്ലാമനസ്സോടെ ഫോണ്‍ കമഴ്ത്തി.

SR22 എന്താണെന്ന് ഗിരീഷിനോ എനിക്കോ അറിയില്ലായിരുന്നു. അത് അറിയേണ്ട കാര്യവുമില്ല. എന്തായാലും നമ്മുടെ കയ്യിലില്ലാത്ത കാര്യമാണ്. കാര്യം, പക്ഷേ, ബഹുത് ഈസി. ഇന്‍ഷുറന്‍സുകാരിയെ വിളിക്കുക, ‘അധികം സംസാരിക്കാതെ അയയ്ക്കടീ എസ്സാര്‍ ഇരുപത്തിരണ്ട്’ എന്ന് അലറുക.

അറിയാവുന്നവരോട് ചോദിക്കുമ്പോഴാണല്ലോ, അറിഞ്ഞുകൂടാത്ത പലതും നമുക്ക് അറിയാവുന്നതാവുന്നത്. ഇന്‍ഷുറന്‍സുകാരിയെ വിളിച്ചപ്പൊഴാണ് ഈ വിഷയം സംബന്ധിച്ച് നമുക്കറിവില്ലാതിരുന്ന മറ്റൊരു കാര്യം മനസ്സിലായത്. നിലവില്‍ ഒരു അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് ഉള്ളവര്‍ക്കേ, ഇന്‍ഷുറന്‍സ് കമ്പനികള്‍ SR22 എന്ന ഹൈ റിസ്ക് ഇന്‍ഷുറന്‍സ് നല്‍കുകയുള്ളൂ. ഗിരീഷിന് ഇന്ത്യയില്‍ നിന്നും തരപ്പെടുത്തിയ ഇന്‍റര്‍നാഷണല്‍ ഡ്രൈവേഴ്സ് പെര്‍മിറ്റ് എന്ന ഐ. ഡി. പി. മാത്രമേയുള്ളൂ. അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് കിട്ടാന്‍ വേണ്ടിയാണ് SR22 വേണ്ടത്.

ചുരുക്കത്തില്‍, ഗിരീഷ് ചെന്നുപെട്ടത് ഒരു വിഷമ വൃത്തത്തിലാണ്. ഗിരീഷിന് അമേരിക്കന്‍ ഡ്രൈവേഴ്സ് ലൈസന്‍സ് കിട്ടണമെങ്കില്‍, ഖണക്റ്റികറ്റില്‍ നിന്നും എന്‍. ഓ. സീ. വേണം. എന്‍. ഓ. സീ. വേണമെങ്കില്‍ SR22 വേണം. SR22 വേണമെങ്കില്‍ ഏതെങ്കിലും അമേരിക്കന്‍ സ്റ്റേറ്റ് ഇഷ്യൂ ചെയ്ത ഡ്രൈവേഴ്സ് ലൈസന്‍സ് വേണം.

പതിവുപോലെ, ഉപദേശവുമായി ഞാന്‍ റെഡി. വെറും പച്ചമാങ്ങയും പച്ചവെള്ളവും മോന്തിയാല്‍ ഏ-വണ്‍ ഉപദേശങ്ങള്‍ ഒഴുകിവരാന്‍ പ്രയാസമാണെന്നും, കോഴിക്കാലും ഫോറിന്‍-മേയ്ഡ് ഫോറിന്‍ ലിഖറും കരുമുരാ അകത്താക്കിയാല്‍ അധികം ആലോചിക്കാതെ ഐഡിയാ വരുമെന്നും അറിയാവുന്ന ഗിരീഷ്, വേഗം പോയി സാമാന്യം വലിപ്പമുള്ള ഒരു കുപ്പിയുമായി മടങ്ങിവന്നു. ഒരു തുള്ളിപോലും ബാക്കിവയ്ക്കാതെ കുപ്പികാലിയാക്കിയ ശേഷം, ‘എല്ലാം പറഞ്ഞപോലെ’ എന്നു പറഞ്ഞ് തെലുങ്കനും ഞാനും, ‘ഇനി നീയായി നിന്‍റെ പാടായി’ എന്ന മട്ടില്‍ ഉറങ്ങാന്‍ പോയി.

ഗിരീഷ് ഇന്‍ഷുറന്‍സുകാരിയെ വീണ്ടും വിളിച്ചു. വല്ല വിധേനയും ലൈസന്‍സ് ഇല്ലാത്ത തനിക്ക് ഒരു SR22 ഒപ്പിച്ചു താരാമോ എന്ന് കെഞ്ചി. നോ രക്ഷ. മദാമ്മ അടുക്കുന്നില്ല.

“ക്യാന്‍ ഐ പേ ആന്‍ അഡീഷണല്‍ എമൌണ്ട് ആന്‍ഡ്...”

ഇല്ല, അതും വിലപ്പോവുന്നില്ല.

“എടീ, എരണം കെട്ടവളേ, ഞാന്‍ നിനക്ക് കുറച്ച് കാശുതന്നാല്‍ നീ ഇല്ലാത്ത ഒരു ലൈസന്‍സ് നമ്പര്‍ വച്ച് എനിക്കാ തൊല്ല ഒന്നു ശരിയാക്കിത്തരുമോ?”
“ഇല്ല!”
“പിന്നെ ഞാന്‍ എന്തു ചെയ്യും?”
“അതൊന്നും എനിക്കറിയില്ല. എത്രയും പെട്ടെന്ന് പുതിയ ലൈസന്‍സ് എടുത്ത് ആ വിവരം ഞങ്ങളുടെ ഫയലില്‍ വയ്ക്കാന്‍ എത്തിച്ചില്ലെങ്കില്‍, നിങ്ങളുടെ ഇന്‍ഷുറന്‍സ് റദ്ദാക്കും.”
“പക്ഷേ, എനിക്ക് SR22 ഇല്ലാതെ എങ്ങനെ...?”
“അതൊന്നും എനിക്കറിയില്ല.”
“പിന്നെ ഞാന്‍ എന്തു ചെയ്യും? എനിക്ക് നിന്‍റെ മാനേജരോട് സംസാരിക്കണം.”
“ഓ, യെസ്.”

മാനേജര്‍ ഇതിലുമപ്പുറം. ഇത് ഇങ്ങനെ കുറെ നേരം തുടര്‍ന്നു. സംഭാഷണം നിറുത്തി ദേഷ്യവും സങ്കടവും വന്ന് ഗിരീഷ് ഫോണ്‍ വലിച്ചെറിയുന്നു. അടുത്ത വിളി ഖണക്റ്റികറ്റിലേയ്ക്ക്.

“SR22 കിട്ടിയില്ല.”
“എന്‍. ഓ. സീ. തരില്ല.”
“എനിക്ക് SR22 കിട്ടില്ല. SR22 ലൈസന്‍സ് ഉള്ളവര്‍ക്കേ കൊടുക്കൂ.”
“അതൊന്നും എനിക്കറിയില്ല. എന്‍. ഓ. സീ. വേണമെങ്കില്‍ SR22 ആയി വരൂ.”
“എനിക്ക് SR22 കിട്ടില്ല.”
“അതൊന്നും എനിക്കറിയില്ല.”
“ക്യാന്‍ ഐ പേ എ ഫൈന്‍ ആന്‍ഡ് ദെന്‍ വില്‍ ഐ ഗെറ്റ് ദ എന്‍. ഓ. സീ.?”
“ഇല്ല!”
“പിന്നെ ഞാന്‍ എന്തു ചെയ്യും? ഞാന്‍ താങ്കള്‍ക്ക് കുറച്ച് കാശ് തരട്ടെയോ, ഇതൊന്നു ശരിയാക്കാന്‍?”
“കൈക്കൂലി? ഓ, നോ! ഇവിടെ അതൊന്നും നടപ്പില്ല. ഒരു പക്ഷേ നിങ്ങളുടെ രാജ്യത്തില്‍ സാധിക്കുമായിരിക്കും.”
“ഞാന്‍ നിന്‍റെ തലവനോട് സംസാരിക്കട്ടെ.”

ഇത്രയും സംഭാഷണം തലവനുമായും നടത്തി. അയാളും കൈമലര്‍ത്തി.

ഒന്നര ആഴ്ച കഴിഞ്ഞ് ഒരു രാഹുകാലത്ത്, ഗിരീഷിന്‍റെ ഇന്‍ഷുറന്‍സ് റദ്ദാക്കിക്കൊണ്ടുള്ള കത്ത് തപാലില്‍ വന്നു. ഗിരീഷിനെ ചുമക്കാന്‍ ഞാന്‍ വിധിക്കപ്പെട്ടു. (എന്‍റെ പ്രൈവസി പോയെങ്കിലും ഗിരീഷിന്‍റെ പ്രൈവസിയില്‍ കൈകടത്താനായതില്‍ ഞാന്‍ അതിരറ്റ് ആനന്ദിച്ചു.) കല്യാണം കഴിഞ്ഞ് ഭാര്യയില്ലാതെ ഗള്‍ഫില്‍ പോയവനെപ്പോലെ, സ്വന്തമായി കാറുണ്ടായിട്ടും ഡ്രൈവ് ചെയ്യാനാവാതെ ഗിരീഷ് നീറി. മുന്‍പറഞ്ഞ ഗള്‍ഫുകാരനില്‍ നിന്നു വിരുദ്ധമായി; സ്വന്തം കാര്‍, സ്വന്തം കണ്മുന്നില്‍ വച്ച് മറ്റുള്ളവര്‍ ഓടിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വരികയും, കാറോടിക്കണമെന്ന ആഗ്രഹം അടക്കാന്‍ വയ്യാതായാല്‍ക്കൂടി അതിനു കഴിയാതെ, മറ്റുള്ളവര്‍ ഓടിക്കുന്നത് നോക്കിയിരിക്കാന്‍ മാത്രം വിധിയുണ്ടാവുകയും ചെയ്തു. നാലാള്‍ കാണ്‍കെ കാറോടിക്കല്‍ വിലക്കിയിരുന്നതിനാല്‍, ഒളിച്ചും പാത്തും, ഇരുളിന്‍റെ മറവില്‍, പാര്‍ക്കിംഗ് ലോട്ടില്‍ വച്ചോ മറ്റിടനാഴികളില്‍ വച്ചോ അദ്ദേഹം തന്‍റെ വികാരങ്ങള്‍ ശമിപ്പിച്ചു.

എല്ലാ തിങ്കളാഴ്ചയും ഓഫീസില്‍ പോകുന്നതിനു മുമ്പ്, ന്യൂജേഴ്സി ഡിപാര്‍ട്മെന്‍റ് ഓഫ് ലൈസന്‍സിംഗ്, ഖണക്റ്റികറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഓഫീസ് എന്നിവിടങ്ങളില്‍ വിളിച്ച് ക്ഷേമമന്വേഷിക്കുന്നത് ഗിരീഷ് ഒരു പതിവാക്കിയിരുന്നു. ഈ രണ്ട് ഓഫീസിലെയും എല്ലാ ജീവനക്കാര്‍ക്കും ഗിരീഷിനെ നല്ല പരിചയമായി. ഈ സൌഹൃദത്തിനിടയിലും, ഒരു തരിമ്പുപോലും വിട്ടുവീഴ്ച ചെയ്യാന്‍ ഒരാളും ഒരുക്കമായിരുന്നില്ല. ‘നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല’ എന്ന മറുപടി എല്ലാ ആഴ്ചയിലും ഗിരീഷിനു കിട്ടിക്കൊണ്ടിരുന്നു.

ഏതാണ്ട് ഏഴുമാസം കഴിഞ്ഞൊരുനാളില്‍, ഖണക്റ്റികറ്റ് ഓഫീസില്‍ ഒരു പുതിയ സൂപ്പര്‍വൈസര്‍ ചാര്‍ജ് എടുത്തു എന്ന് ‘പരിചയക്കാരിലൊരാള്‍’ ഗിരീഷിനെ അറിയിച്ചു. ഗിരീഷ് തന്‍റെ ദുഃഖം പുതിയ മേലാളത്തിയെ അറിയിക്കുകയും ദയയുണ്ടാവണമെന്ന് കേണപേക്ഷിക്കുകയും ചെയ്തു. സംഭവ കഥ മുഴുവന്‍ വള്ളിപുള്ളിവിസ്സര്‍ഗം വിടാതെ എഴുതി, അത് ഒരു പബ്ലിക് നോട്ടറിയെക്കൊണ്ട് ഒപ്പിടുവിച്ച് സമര്‍പ്പിച്ചാല്‍ എന്‍. ഓ. സീ. തരുന്ന കാര്യം പരിഗണിക്കാമെന്ന് മനുഷ്യത്വമുള്ള ആ സ്ത്രീ ഗിരീഷിനോട് പറഞ്ഞു.

ഗിരീഷ് അങ്ങനെ തന്‍റെ ആദ്യ നോവല്‍ എഴുതിത്തുടങ്ങി. നാലുനാളുകള്‍ക്കു ശേഷം, ഏഴു പേജ് സത്യവാങ്മൂലവുമായി ഞങ്ങള്‍ നോട്ടറിയെത്തേടിയിറങ്ങി.

“ക്വൈറ്റ് എ സ്റ്റോറി”, നോട്ടറി അതിശയം പൂണ്ടു. “ബട്ട്, ദെന്‍, ഹൈ ഡു ഐ നോ യൂ ആര്‍ റ്റെല്ലിങ് ദ ട്രൂത്ത്?”
“ഐ ആം റ്റെല്ലിങ് ദ ട്രൂത്ത്!”
“ഹൈ ഡു ഐ നോ?”
(എന്നെ ചൂണ്ടി) “ഹി ഈസ് എ വിറ്റ്നസ്.”
“ബട്ട്, ദെന്‍, ഹൈ ഡു ഐ നോ ഹീ ഈസ് റ്റെല്ലിങ് ദ ട്രൂത്ത്?”

ഞങ്ങള്‍ മാറി നിന്ന് കുശുകുശുത്തു. നോട്ടറിയേമാന് കുലുക്കമില്ല. സത്യവാന്‍. സത്യമാണെന്നറിഞ്ഞാലേ, ഇഷ്ടന്‍ ഒപ്പിടൂ... അറ്റകൈ പ്രയോഗിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

“താങ്കള്‍ക്ക് എത്രയാണ് ഫീസ്?”
“ഇരുപത്തഞ്ച് ഡോളര്‍.”
“സാര്‍, ഞങ്ങള്‍ നൂറ് ഡോളര്‍ തരാം, ദയവായി ഒപ്പിട്ടു തരണം!”

നോട്ടറിയാന്‍ ഞങ്ങളെ തുറിച്ചു നോക്കി. ആദ്യം അവിശ്വസീനയമായി. പിന്നെ ‘പറ്റിക്കല്ലേ മക്കളേ’ എന്ന രീതിയില്‍. രണ്ടാമത്തെ രീതിയിലുള്ള നോട്ടം ഒരുപാട് കണ്ട് തഴമ്പിച്ച കണ്ണുകളായതിനാല്‍ നമുക്ക് കാര്യം പിടികിട്ടി.

“സാര്‍, നൂറ് ഡോളര്‍ താങ്കള്‍ക്ക് തരാം, ജീവിത പ്രശ്നമാണ്, സഹായിക്കണം.” ഗിരീഷ് ലേലം ഉറപ്പിച്ചു.

നൂറു ഡോളര്‍ എണ്ണി വാങ്ങി, ആ സത്യവാങ്മൂലത്തില്‍ ഒപ്പു വയ്ക്കുമ്പോഴും, ഒരു അരവട്ടനെപ്പോലെ നോട്ടറിയാന്‍ പറഞ്ഞു കൊണ്ടിരുന്നു:

“ബട്ട്, ദെന്‍, ഐ ഹാവ് നോ ഐഡിയ ഇഫ് യൂ ടൂ ആര്‍ റ്റെല്ലിങ് ദ ട്രൂത്ത്!”

(അവസാനിച്ചു)

Labels: ,

Monday, April 17, 2006

ലൂസ് ചേയ്ഞ്ച്

ഖണ്‍സ്പിരസി തീയറികള്‍ ശാസ്ത്രത്തിന്‍റെയും, “വസ്തുനിഷ്ഠമായ സത്യപ്രസ്താവങ്ങളുടെയും” ചുവടുപിടിച്ച് ഒരു രീതിയില്‍ നടന്നു എന്നു കരുതപ്പെടുന്ന ചരിത്രസംഭവങ്ങളെ മറ്റൊരു രീതിയില്‍ കാണുകയും, അതുവഴി, വേരുറച്ച വിശ്വാസങ്ങളെ സ്ഥിരീകരിക്കാനോ മാറ്റിയെഴുതാനോ ശ്രമിക്കുകയും ചെയ്യുന്നു.

സെപ്റ്റെംബര്‍ 11, 2001-ല്‍ നടന്ന ലോക വ്യാപാര കേന്ദ്ര ആക്രമണത്തെ മറ്റൊരു കണ്ണിലൂടെ കാണുകയാണ് ലൂസ് ചേയ്ഞ്ച് സെക്കണ്ട് എഡിഷന്‍ എന്ന ഡോക്യുമെന്‍ററി. ദൈര്‍ഘ്യം: ഒരു മണിക്കൂര്‍ 22 മിനിറ്റ്. ഇതിലവതരിപ്പിക്കുന്ന തീയറി പുതുപുത്തനല്ലെങ്കിലും, പുതിയ തെളിവുകളെ സാഹചര്യത്തോടു ബന്ധിപ്പിക്കുന്നതിലും അവയില്‍ കോമണ്‍ സെന്‍സും ലോജികും നിലനിറുത്തുന്നതിലും ഡൈലാന്‍ ആവ്റി ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു.

ഈ ഡോക്യുമെന്‍ററി മുഴുവനായും ഇവിടെ കാണാം. അതല്ലങ്കില്‍ ഇവിടെ നിന്നും വാങ്ങാവുന്നതുമാണ്.

ലൂസ് ചേയ്ഞ്ചിനെക്കുറിച്ചുള്ള വിക്കി ലേഖനം.

Labels:

Sunday, April 09, 2006

സാര്‍, കൈക്കൂലി വാങ്ങിയാലും!

ലോകം കറങ്ങുന്നതിനെപ്പറ്റിയുള്ള എന്‍റെ മിക്ക തിയറികള്‍ക്കും, അതു കേട്ടിട്ടുള്ള പലരും പുല്ലുവിലപോലും കല്‍പ്പിച്ചിട്ടില്ല. ഇടയ്ക്കിടെ എന്‍റെ തിയറികളില്‍ തെറ്റുണ്ടെന്ന് അനുഭവങ്ങളിലൂടെ എന്നെ ബോധ്യപ്പെടുത്തുക വഴി, ദൈവം തമ്പുരാന്‍ എന്‍റെ ജല്പനങ്ങളെല്ലാം കൃത്യമായും ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ഈ കഥ നടക്കുന്നത്.

ന്യൂജേഴ്സിയിലെ എഡിസണില്‍ നിന്ന് ന്യൂയോര്‍ക്കു വഴി ഏകദേശം നാലു മണിക്കൂര്‍ വടക്കുകിഴക്കേയ്ക്ക് കാര്‍‍യാത്ര ചെയ്താല്‍ ഞങ്ങളുടെ സുഹത്തുക്കള്‍ ആനന്ദും മത്തായിയും താമസിക്കുന്ന ബോസ്റ്റണിലെ കേംബ്രിഡ്ജിലെത്താം. പക്ഷേ, ഇത്തവണ ഞങ്ങള്‍ക്ക്-എന്‍റെ സുഹൃത്ത് ഗിരീഷിനും എനിക്കും-ബോസ്റ്റണ്‍ വരെ പോകേണ്ട. ഖണക്റ്റികറ്റ് എന്ന സംസ്ഥാനത്തിലെ, എഡിസണില്‍ നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്തെത്താവുന്ന റ്റോളണ്ട് എന്നോ മറ്റോ പേരുള്ള ഒരു ഓണം കേറാമൂലയിലെ കോടതിവളപ്പ് ഉന്നം വച്ചാണ് നമ്മുടെ ഈ യാത്ര. അതിനു കാരണമായതോ, ഏകദേശം ഒന്നര മാസം മുമ്പ് നടത്തിയ കേംബ്രിഡ്ജ് സന്ദര്‍ശനവും.

അന്ന്, കേംബ്രിഡ്ജില്‍ നിന്നും മടങ്ങി വരുന്ന വഴി, 65 മൈല്‍ സ്പീഡ് ലിമിറ്റ് ഉള്ള ഹൈവേയില്‍ 110 മൈല്‍ സ്പീഡില്‍ വണ്ടിയോടിച്ചതിന് 350 ഡോളര്‍ ജാമ്യം കെട്ടിവച്ചാണ് ഗിരീഷിനെ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ജയില്‍വാസത്തില്‍ നിന്നും മോചിപ്പിച്ചത്. അറസ്റ്റു ചെയ്ത പോലീസിനോട് വാശി തീര്‍ക്കാനെന്നോണം ‘കോടതിയില്‍ക്കാണാം’ എന്ന് പലപ്രാവശ്യം വെല്ലുവിളിച്ചിട്ടേ, ഗിരീഷിന്‍റെ തിളയ്ക്കുന്ന ചോരയ്ക്ക് തണുക്കാന്‍ തോന്നിയുള്ളൂ. അങ്ങനെ ‘കോടതിയില്‍ക്കാണാനാണ്’
അവധിയെടുത്ത് സുഹൃത്തും ഞാനും ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

(ഗിരീഷ് ലോക്കപ്പിനുള്ളിലായിരുന്ന സമയം ക്രിയാത്മകമായി ചെലവഴിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന ആലോചനയിലായിരുന്ന ഞാന്‍, പോലീസിനു ചെറിയൊരു കൈക്കൂലി ഓഫര്‍ ചെയ്യാനും, അതിനയാള്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഗാന്ധിജിയുടെ സത്യം, ധര്‍മം, നീതിബോധം, തുടങ്ങിയവയെപ്പറ്റി ചെറിയൊരു ലക്ചര്‍ നടത്താനും, ‘നിങ്ങളുടെ ചേഷ്ടകളെല്ലാം വീഡിയോയില്‍ റെക്കോഡ് ചെയ്യപ്പെടും’ എന്ന മുന്നറിയിപ്പ് വായിച്ച് അരിശം തോന്നി, പോലീസ് സ്റ്റേഷന്‍റെ വിശാലമായ സ്വീകരണമുറിയുടെ ഒരു മൂലയില്‍
ആരാലും ശ്രദ്ധിക്കപ്പെടാതെ വച്ചിരുന്ന വീഡിയോ ക്യാമറയെ നോക്കി കൊഞ്ഞനം കുത്താനുമായി വിലയേറിയ നിമിഷങ്ങള്‍ വിനിയോഗിച്ചത് പ്രസക്തമല്ലെങ്കിലും വായനക്കാര്‍ക്ക് എന്‍റെ ബയോഡാറ്റയെപ്പറ്റി മതിപ്പുണ്ടാവാന്‍ ഇവിടെ കൊടുക്കുന്നുവെന്ന് മാത്രം.)

കഥയിലേയ്ക്ക് തിരിച്ചു വരാം. കോട്ടയത്തെ മറ്റൊരു തച്ചോളി തറവാട്ടില്‍ ജനിച്ചയാളായതിനാല്‍, പിഴയൊടുക്കി തലയൂരിവരാന്‍ ഗിരീഷിന് സമ്മതമായിരുന്നില്ല. പിന്നീട് കോടതിയില്‍ ഹാജരാവാമെന്നെഴുതി കയ്യൊപ്പു വച്ച്, ‘നിന്നെപ്പിന്നെക്കണ്ടോളാം’ എന്ന വെല്ലുവിളിയും മുഴക്കി, എന്നിട്ടുമരിശം തീരാഞ്ഞ്, തിരിഞ്ഞുനിന്ന്, നീയൊന്നും നന്നാവില്ലെന്ന് ആംഗലേയത്തിലും, ആവേശം കൂടിയപ്പോള്‍ ഗ്രാമര്‍ പിഴച്ചതിനാല്‍ മാംഗലേയത്തിലും വിളിച്ചുകൂവിയിട്ടും, എല്‍. ബി. ഡബ്ള്യൂ. അപ്പീല്‍ കേട്ട സ്റ്റീവ് ബഖ്നറെപ്പോലെ നിന്നൂ, പോലീസ് സായ്‍വ്.

പറഞ്ഞവാക്കിനു വിലയുള്ള, തന്തയ്ക്കു പിറന്ന, രണ്ട് മാന്യന്മാരായതിനാല്‍, പോലീസ് സായ്‍വിനു കൊടുത്ത വാക്കുപാലിക്കാനും കോടതിയില്‍ ഞങ്ങളുടെ ഭാഗം സ്വയം വാദിക്കാനുമായി ഖണക്റ്റികറ്റ് സര്‍ക്കാരിന്‍റെ രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാവനുള്ള ഇണ്ടാസു പ്രകാരം അരയും തലയും മുറുക്കി ഇറങ്ങാനൊരുങ്ങിയതാണ് നിങ്ങള്‍ രണ്ടാം ഖണ്ഡികയില്‍ വായിച്ചു തുടങ്ങിയത്. ഏതു ദിക്കില്‍ പോയാലും ഭാഗ്യദേവത വിടാതെ കൂടുന്ന സൊയമ്പന്‍ വ്യക്തിത്വമാണ് ഗിരീഷിനുള്ളത്. ഗിരീഷ് ഒരുവഴിക്കിറങ്ങുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍, “ഗുഡ് ലക്ക്”, “ബെസ്റ്റ് ഓഫ് ലക്ക്”, “ലക്ക് ലഗാന്‍”, ഇത്യാദി ചൊല്ലി യാത്രയാക്കുകയും, തിരിച്ചു വരുമ്പോള്‍, “ഹാര്‍ഡ് ലക്ക്”, റ്റഫ് ലക്ക്”, “ബാഡ് ലക്ക്”, “അണ്‍ലക്കി ബാസ്റ്റാര്‍ഡ്” എന്നീ വാക്കുകളാല്‍ വരവേല്‍ക്കുകയും ചെയ്യുക സാധാരണമായിരുന്നു. ഈ ദേവതാ ഇഫക്ട് നെഗേറ്റ് ചെയ്യാന്‍ വേണ്ടി, 11 മണിക്ക് കോടതിയിലെത്തേണ്ടുന്ന ഞങ്ങള്‍ രാവിലെ 7 മണിക്ക് പുറപ്പെട്ടു. ഭാവനയെയും ഭാനുപ്രിയയെയും ഭാര്‍ഗവിയെയും ചതിക്കാം (ഇവരെയൊക്കെ ചതിച്ചു എന്നല്ല), എന്നാലും ഭാഗ്യദേവതയെപ്പറ്റിക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

ന്യൂയോര്‍ക്കില്‍ നിന്നും ബോസ്റ്റണിലേക്ക് പോകുന്ന പ്രധാന വഴിയായ I-95-ല്‍ തിരക്കോട് തിരക്ക്. മൂന്നോളം വരികള്‍ ഗതാഗതത്തിനുതകാത്ത വിധം വലിയൊരു അപകടം നടന്നുവെന്ന് ഗതാഗതവകുപ്പിന്‍റെ അറിയിപ്പ് റേഡിയോവഴി കേട്ടു. റോഡ് അതിവേഗം ഒരു വലിയ പാര്‍ക്കിംഗ് ലോട്ട് ആയി മാറിക്കൊണ്ടിരിക്കുന്നു. സാധാരണ അപകടസ്ഥലം ക്ലിയര്‍ ചെയ്യാന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുക്കാറില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് യാതൊരു കുലുക്കവുമുണ്ടായില്ല. എന്നു മാത്രമല്ല, ഈ അപകടം, കാര്യങ്ങള്‍ മുന്‍‍കൂട്ടിക്കാണാനും അവയ്ക്കെതിരെ ആവശ്യമായ മുന്‍‍കരുതല്‍ എടുക്കാനുമുള്ള എന്‍റെ അസാമാന്യ കഴിവിന്‍റെ മറ്റൊരുദാഹരണമാണെന്ന് ഗിരീഷിനെക്കൊണ്ട് സമ്മതിപ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചു.

തൊട്ടുമുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും വെളുത്തു തുടുത്ത, കണ്ടാല്‍ ഡ്രൂ ബാരിമൂറിനെപ്പോലെയിരിക്കുന്ന, ഒരു സുന്ദരിക്കോത പുറത്തേക്കിറങ്ങി നിന്ന് കാറ്റുകൊണ്ടു. കണ്ട്രോള്‍ വിട്ട മൂരിയെപ്പോലെ ഞാന്‍ കാറില്‍ നിന്നും പറത്തേയ്ക്കു ചാടി. ഏതാണ്ട് സമാനമായ വികാര വിചാരങ്ങളില്‍ക്കൂടിക്കടന്നുപോയെന്ന് പിന്നീടവകാശപ്പെട്ട ഗിരീഷും, അവളുടെ ഗന്ധം മോഷ്ടിച്ചെത്തുന്ന മന്ദാനിലനു വേണ്ടി കടിപിടി കൂടി.

“എവിടേയ്ക്കാ?” ഐസ് ബ്രേക്കിംഗില്‍ ബിരുദാനന്തര ബിരുദമുള്ള ഗിരീഷ് സമയം പാഴാക്കിയില്ല.
“വണ്ടിയപകടമാണെന്ന് തോന്നുന്നു!” അവളുടെ അംഗപ്രത്യംഗ സൂക്ഷ്മ പരിശോധനയ്ക്കിടയില്‍ ഗിരീഷടിച്ച ഗോള്‍ കണ്ട് കണ്ണും പൂട്ടി കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ മാത്രം മണ്ടനായിരുന്നില്ല ഞാന്‍.

“ഞങ്ങള്‍ ബോസ്റ്റണിലേയ്ക്കാണ്.” ആറടി മൂന്നിഞ്ചുകാരന്‍ ഒരു ബെന്‍ അഫ്ളാക്കും മറ്റൊരു ആറടി ചുള്ളനും ഞങ്ങള്‍ക്കുള്ള മറുപടിയുമായി കാറില്‍ നിന്നിറങ്ങി. ഇരുപത് വയസ്സില്‍ത്താഴെയുള്ള പിള്ളേരാണ്. എന്നാലും ഞങ്ങളെ രണ്ടു പേരെ ശരിപ്പെടുത്താന്‍ അതില്‍ ഒരുവന്‍ തന്നെ ധാരാളം.

“വേര്‍ ആര്‍ യൂ ഗൈസ് ഗോയിന്‍?” അവന്മാര്‍ക്ക് നമ്മളോട് മിണ്ടീം പറഞ്ഞുമിരിക്കാന്‍ ഒരാശ.

നമുക്കോ? അവള്‍ ഒരു സൈഡില്‍ നില്‍ക്കുന്നിടത്തോളം കുട്ടികളോട് കണ്ണില്‍ നോക്കി സംസാരിക്കാന്‍ പറ്റില്ല. അവളുടെ രസകരമായ ഓരോ ചെയ്തികള്‍ കണ്ടാനന്ദിച്ച് ഞങ്ങളുടെ രക്തം, റേയ്സിനു നില്‍ക്കുന്ന കാറെഞ്ചിന്‍ പോലെ, ചൂടായിത്തന്നെ നില്‍ക്കുകയാണ്. ചെറുക്കന്മാര്‍ നമ്മളെ വിടാന്‍ ഒരുക്കമില്ലാത്തതിനാല്‍, ഞാന്‍ പറഞ്ഞു: “ഞാന്‍ കാറില്‍ കയറിയിരിക്കാം. ഈ കാറ്റ് എനിക്കത്ര പിടിക്കുന്നില്ല.”

ഇളം വെയില്‍. ചെറിയ കാറ്റും. കാല്പനിക സുന്ദര കാലാവസ്ഥ. പറഞ്ഞിട്ടെന്താ? ഡ്രൂവിനെ നോക്കിയിരിക്കണമെങ്കില്‍ കാറിനകം തന്നെ ശരണം. ഞാന്‍ കാറിലേക്ക് വലിഞ്ഞു അവളെ കാര്‍ന്നു തിന്നാന്‍‍ തുടങ്ങി. കൂടിയാല്‍ 15 സെക്കന്‍റ് കഴിഞ്ഞുകാണും. ഗിരീഷും കാറിനകത്തായി, എന്‍റെ നേരേ അമ്പട കള്ളാ എന്ന ഒരു നോട്ടവും. ഞങ്ങള്‍ ഡ്രൂവിനെ അടിമുടി പരിശോധിച്ച് അവള്‍ക്ക് ഒറ്റനോട്ടത്തില്‍ യാതൊരു ‘കുറവും’ ഇല്ല (അല്പം കൂടുതലുണ്ടെങ്കിലേ ഉള്ളൂ) എന്ന് വിധിയെഴുതിയപ്പോഴേയ്ക്കും തടസ്സം മാറി വാഹനങ്ങള്‍ ചലിച്ചു തുടങ്ങി.

അര മണിക്കൂര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഗിരീഷിനു വിശന്നു. അതൊരു ന്യൂസ് അല്ല. ആളിനു നമ്മുടെ സിനിമാ നടന്‍ കൊച്ചുപ്രേമന്‍റെ ആകാരമാണെങ്കിലും എം. എല്‍. ബാലകൃഷ്ണന്‍റെ ശരീരത്തിനു വേണ്ടിയാണ് ഇഷ്ടന്‍റെ ഭക്ഷണമുറകള്‍. ഒരു നാല് ബര്‍ഗര്‍ അകത്താക്കിയിട്ട് ‘ഓ, ഇന്നു തീരെ വിശപ്പില്ല’ എന്ന് അദ്ദേഹം കൂളായി പറയും. ആദ്യ വിമാനയാത്രയില്‍ തരുണീമണി വന്ന് ‘വെജിറ്റേറിയന്‍ ഓര്‍ നോണ്‍ വെജിറ്റേറിയന്‍ ഫോര്‍ യുവര്‍ ഡിന്നര്‍, സര്‍’ എന്ന് ചോദിച്ചപ്പോള്‍ ‘ബോത്ത്’ എന്നു പറഞ്ഞ് വാങ്ങി പോത്തു പോലെ ശാപ്പിട്ട്, ഒരു നാല് ലാര്‍ജും ഓര്‍ഡര്‍ ചെയ്ത് സുഖമായി ഉറങ്ങിയവനത്രേ ടിയാന്‍.

അമൃതേത്തും കഴിഞ്ഞ് ചോദിച്ചും പറഞ്ഞും കോടതി വളപ്പിലെത്തിയപ്പോള്‍ സമയം 11:10. പതുക്കെ മുഖവും മുടിയും മിനുക്കി ക്ലാര്‍ക്കിനെപ്പോയിക്കണ്ടു. ‘നിങ്ങളുടെ കേസ് വിളിച്ചല്ലോ’ എന്ന് ക്ലാര്‍ക്ക്. ‘അതിനെന്താ, ഒന്നൂടെ വിളിച്ചാല്‍ പോരേ’ എന്ന് ഞങ്ങള്‍. ‘ഇം‍പോസിബിള്‍’ എന്ന് ക്ലാര്‍ക്ക്. ‘പോസിബിള്‍, പോസിബിള്‍’ എന്ന് ഞങ്ങള്‍. ‘ഡോണ്ട് യൂ അണ്ടര്‍സ്റ്റാന്‍റ്?’ എന്ന് ക്ലാര്‍ക്ക്. ‘വി അണ്ടര്‍സ്റ്റാന്‍റ്’ എന്ന് ഞങ്ങള്‍.

ഗിരീഷും ഞാനും ഒരു ചെറിയ ചര്‍ച്ച നടത്തി ഭാവിപരിപാടികളെപ്പറ്റി ഒരു ഏകദേശ രൂപം ഉണ്ടാക്കി. ഒരു സംശയം.
“ഇനി അടുത്ത സ്റ്റെപ്സ് എന്താ?”
“അന്ന് അടച്ച 350 ഡോളര്‍ പിഴയായി കണക്കാക്കി കേസ് ഡിസ്മിസ് ചെയ്തു.”
“അപ്പോള്‍ നോ പ്രോബ്ലമാ?”
“അതെ, ഇനി ഒന്നുമില്ല. കേസ് ഒഴിവാക്കി. ഓ, ഒരു കാര്യം കൂടി: തിരിച്ചു പോകുമ്പോള്‍ താങ്കള്‍ വണ്ടി ഓടിക്കേണ്ട. കൂട്ടുകാരന്‍ ഓടിക്കട്ടെ. ആറ് മാസത്തേക്ക് ഖണക്റ്റികറ്റില്‍ വണ്ടിയോടിക്കുന്നതില്‍ നിന്നും നിങ്ങളെ വിലക്കിയിട്ടുണ്ട്.”

ഹ, ആര്‍ക്കു ചേതം? ന്യൂജേഴ്സിയില്‍ താമസിക്കുന്ന തന്നെ ആറുമാസം ഖണക്റ്റികറ്റില്‍ വണ്ടിയോടിക്കുന്നതില്‍ നിന്ന് വിലക്കിയാല്‍ ആര്‍ക്കു ചേതം? എന്നാലും 350 ഡോളര്‍ ഖണക്റ്റികറ്റ് സര്‍ക്കാര്‍ പിടുങ്ങിയതിലുള്ള നിരാശ, വിലക്ക് ലംഘിച്ച് വണ്ടിയോടിച്ചാല്‍ മാറുമെന്നതിനാല്‍ മടക്കയാത്രയില്‍ ഖണക്റ്റികറ്റിന്‍റെ അത്ര വിരിവില്ലാത്ത മാറിലൂടെ ഗിരീഷ് തന്നെ കാറ് ഓടിച്ചു.

ഉള്ളത് ഉള്ളതു പോലെ പറയണമല്ലോ. കോടതിയുടെ കാര്യക്ഷമത ഞങ്ങളെ ഇംപ്രസ് ചെയ്യിച്ചു. ആളു ഹാജരില്ലാത്തതിനാല്‍ മാറ്റി വയ്ക്കാന്‍ നില്‍ക്കാതെ, വലിയ തെറ്റെന്നു പറയാന്‍ വയ്യാത്ത ഒരു വിധി പ്രഖ്യാപിച്ചല്ലോ. എന്നാണാവോ ഈ സമ്പ്രദായം നമ്മുടെ നാട്ടില്‍ വരുന്നത് എന്നു ഞങ്ങളില്‍ ഉറങ്ങിക്കിടന്ന ആദര്‍ശധീരന്മാര്‍ ഓര്‍ത്തു. അഴിമതിയും കൈക്കൂലിയും അവസാനിച്ചാല്‍ നമ്മുടെ ജീവിതം മോഹനസുന്ദരമാവുമെന്നും ഇന്ത്യ വികസനത്തിലേക്കും ലോക നേതൃത്വത്തിലേക്കും മുന്നേറുമെന്നും മറ്റാരുടേയും മനസ്സില്‍ നാളിതുവരെ തോന്നാത്ത ഒരു ഒറിജിനല്‍ തിയറി മുന്നോട്ടു വയ്ക്കാന്‍ ഞാന്‍ ആ അവസരം വിനിയോഗിച്ചു.

എന്നാലും, ആദ്യം നമ്മളെ തടഞ്ഞു നിറുത്തിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നവനായിരുന്നെങ്കില്‍ എന്ന് ഗിരീഷ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. വല്ല പത്തോ അമ്പതോ കൊടുത്ത് ഒതുക്കാമായിരുന്ന കേസാണല്ലോ. ഈ ഒരു കോടതി കയറ്റത്തിന്‍റെ പേരില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ‘സാര്‍ കൈക്കൂലി വാങ്ങുമോ’ എന്ന് മറ്റു പലരോടും ഗിരീഷിനു ചോദിക്കേണ്ടി വരുമെന്ന് അന്ന് ഞങ്ങളറിഞ്ഞിരുന്നില്ല; അതു വഴി എന്‍റെ തിയറി കാറ്റില്‍പ്പറക്കുമെന്നും.

(തുടരും. അതെ, ഭീഷണി തന്നെ!)

Labels: ,