ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, May 04, 2006

പുഴകടക്കുമ്പോള്‍

തിരിച്ചറിവായ ദിനങ്ങളിലൊന്നില്‍
തനിച്ചു പോയൊരു വനാന്തരത്തില്‍ ഞാന്‍
വെറും വനമല്ല, ദിനകരന്‍ പോലും
വലഞ്ഞുപോയിടു, മതിഭയങ്കരം!

വഴിവക്കിലായി ചടഞ്ഞിരിപ്പതോ
വയോവൃദ്ധ, രവരനുഭവസ്ഥരായ്
ഇരുള്‍വനത്തിന്‍റെ ചരിത്രമാകവേ
കരുതിയുള്ളിലായുപദേശിവൃന്ദം.

ജനിച്ചനാള്‍തൊട്ടു ജപിച്ചുപോന്നൊരാ
വനകുസുമങ്ങള്‍ ഓരോന്നായിമെല്ലേ
മനസ്സിലേ ഞാനു, മപൂര്‍വരത്നവും
നിനച്ചുകൊണ്ടങ്ങു നടന്നേനന്നേരം.

നടന്നലഞ്ഞു ഞാന്‍ തളര്‍ന്നിരുന്നപ്പോ-
യടുത്തരികിലായൊരായിരം ജനം,
പതുക്കെ, യെങ്കിലും കൊതിച്ചിരുന്നൊരാ-
പുതുരത്നസ്വപ്നമുടയുന്നൂ വേഗം.

കടുത്ത സങ്കടച്ചുഴിയിലാഴവേ
അടുത്താ, യാളുകളതിലുമാഴത്തില്‍
പിടയ്ക്കയാണെന്നതറിഞ്ഞ നേരത്തും
അടക്കുവാനറിഞ്ഞതില്ല മോദവും.

അടുത്തനാളിലാ, യടുത്തവരൊന്നായ്
പടുത്തു പാതയുമടുത്തലക്‍ഷ്യവും
പെരുത്ത നൈരാശ്യമകറ്റിയാര്‍ത്തവര്‍:
“മരതകം വെറും തെളിഞ്ഞ പാറയും!”

വഴിയിതെങ്ങിതോ നയിക്കുന്നൂ നമ്മെ,
അഴലകറ്റിനാമലഞ്ഞു പിന്നെയും
പുഴയിതൊന്നതാ, തളര്‍ന്നുറങ്ങിയ-
ങ്ങൊഴുകുന്നുമുന്നില്‍, വഴിമുടക്കുവാന്‍.

കരിംകാടുതന്‍റെ ഹൃദയസൂത്രങ്ങ-
ളറിയുന്നോരുടെ ഗണിതം നോക്കവേ,
മരതകപ്പുഴ കടവിതു നൂനം
മറുകരയിലോ, മനസ്സിലുള്ളതും!

ഒടിഞ്ഞൊരു മുള്ളു തറഞ്ഞുകാലിതില്‍
പൊടിഞ്ഞു ചോരയു, മിരുന്നു ഞാന്‍ വേഗം.
തിരിഞ്ഞൊരു നോട്ടം തിരിച്ചുനല്‍കാതെ
ചരിക്കുന്നൂ ചിലര്‍, ചിരപരിചിതര്‍.

പകലുറങ്ങിടും പതിഞ്ഞ നേരമായ്
അകലെയക്ഷികള്‍ തിരഞ്ഞു നീങ്ങവേ,
തിളക്കമാര്‍ന്നൊരു പതക്കമെന്‍ മുന്നില്‍,
ഒരിക്കലാശിച്ച മരതകക്കല്ലും!

മനക്കണക്കുകള്‍ പലതുമോര്‍ത്തു ഞാന്‍
പുനര്‍വിചിന്തനം പ്രയാസപൂരിതം
പുഴകടക്കുകില്‍ പുതിയലോകവും
പുഴയോരത്തെന്‍റെ പഴയസ്വപ്നവും.

തെളിഞ്ഞയാറിതു കടന്നു ചെല്ലണോ
തിളങ്ങും കല്ലുമായ് മടങ്ങീടേണമോ,
മയങ്ങും സന്ധ്യതന്‍ മടിത്തലത്തിലായ്
ഭയന്നു; രാവിനെ ശപിച്ചു നിന്നു ഞാന്‍!

Labels:

10 Comments:

  1. Blogger ഉമേഷ്::Umesh Wrote:

    നല്ല കവിത, സന്തോഷ്! ഇനിയും ഇത്തരം കവിതകള്‍ പ്രതീക്ഷിക്കുന്നു.

    പലയിടത്തും വൃത്തം (അന്നനട) തെറ്റിയിട്ടുണ്ടു്. അതുകൂടി ഒന്നു ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.

    May 04, 2006 11:59 AM  
  2. Blogger Santhosh Wrote:

    ഉമേഷിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച പുതിയ പതിപ്പാണ് ഇപ്പോള്‍ ഉള്ളത്...

    May 04, 2006 3:34 PM  
  3. Blogger Unknown Wrote:

    കൊള്ളാം സന്തോഷ്!
    ചില വരികള്‍ ആദ്യവായനയില്‍ തന്ന ഒഴുക്കും സുഖവും ഇപ്പോള്‍ തിരുത്ത് കഴിഞ്ഞപ്പോള്‍ നഷ്ടമായതുപോലെ..ഒരു പക്ഷെ എന്റെ തോന്നലാവാം..

    May 04, 2006 7:19 PM  
  4. Blogger ഉമേഷ്::Umesh Wrote:

    യാത്രാമൊഴി,

    സന്തോഷിനെ വഴിതെറ്റിച്ചതിനു മാപ്പു്. “ഭിന്നരുചിര്‍ ഹി ലോകാഃ” എന്നാണല്ലോ. എനിക്കെന്തോ പുതിയതാണു കൂടുതല്‍ ഹൃദ്യമായിത്തോന്നുന്നതു്. പ്രത്യേകിച്ചു ചൊല്ലിനോക്കുമ്പോള്‍. ഞാനും ബെന്നിയും സന്തോഷും അങ്ങനെ ഒരു ന്യൂനപക്ഷമേ ഉള്ളൂ ഈ അഭിപ്രായക്കാര്‍ എന്നു തോന്നുന്നു.

    May 04, 2006 7:50 PM  
  5. Blogger കണ്ണൂസ്‌ Wrote:

    വൃത്തത്തിലും ഈണത്തിലും കവിതയെഴുതുക എന്നതു തന്നെ ഒരു കഴിവാണ്‌.

    നന്നായിരിക്കുന്നു, സന്തോഷ്‌.

    May 06, 2006 10:33 PM  
  6. Blogger ഉമേഷ്::Umesh Wrote:

    ഒരു ചെറിയ പ്രശ്നം:

    മനസ്സിലേ ഞാനു, മപൂര്‍വരത്നമായ്
    നിനച്ചുകൊണ്ടങ്ങു നടന്നാനന്നേരം.


    “ഞാന്‍“ കര്‍ത്താവായതുകൊണ്ടു്, “നടന്നേന്‍” എന്നു വേണം, പഴയ മലയാളത്തിലും കവിതയിലും മാത്രം ഉപയോഗിക്കുന്ന ഈ പ്രയോഗത്തില്‍.

    May 24, 2006 11:37 AM  
  7. Blogger ഉമേഷ്::Umesh Wrote:

    അതുപോലെ, “അപൂര്‍വ്വരത്നമായ് നിനച്ചുകൊണ്ടു്” എന്നതിലെന്തോ കല്ലുകടി. “അപൂര്‍വ്വരത്നവും” എന്നോ “അപൂര്‍വ്വരത്നത്തെ” എന്നോ ആണോ ഉദ്ദേശിച്ചതു്?

    May 24, 2006 11:39 AM  
  8. Blogger Santhosh Wrote:

    മനസ്സിലേ ഞാനു, മപൂര്‍വരത്നമായ്
    നിനച്ചുകൊണ്ടങ്ങു നടന്നാനന്നേരം.

    ഇതില്‍ ഒരു കല്ലുകടി എനിക്കും തോന്നിയിരുന്നു. ഉമേഷ് പറഞ്ഞതു കൂടാതെ (എന്നാല്‍ അതിനോട് ബന്ധമുള്ളതാണെന്ന് തോന്നുന്നു.)

    “നടന്നേന്‍” എന്നു പറഞ്ഞാല്‍ത്തന്നെ “ഞാന്‍ നടന്നു” എന്നല്ലേ അര്‍ത്ഥം? അപ്പോള്‍ രണ്ടും കൂടി വേണോ എന്നു ശങ്കിച്ചിരുന്നു.

    രണ്ടാമത്തേത് “അപൂര്‍വ്വരത്നത്തെ” എന്നാണുദ്ദേശിച്ചത്. തിരുത്താം.

    May 24, 2006 11:55 AM  
  9. Blogger ഉമേഷ്::Umesh Wrote:

    നടന്നേന്‍ എന്നാല്‍ ഞാന്‍ നടന്നു എന്നല്ല അര്‍ത്ഥം. "നടന്നു" എന്നാണു്‌. "ഞാന്‍" എന്നതിന്റെ കൂടെ മാത്രമേ അതു ചേരൂ എന്നു മാത്രം. "യാമി" എന്നു സംസ്കൃതത്തിലും "ജാത്താ ഹും" എന്നു ഹിന്ദിയിലും "am walking" എന്നു്‌ ഇംഗ്ലീഷിലും പറയുന്നതുപോലെ (ഉദാഹരണങ്ങള്‍ വര്‍ത്തമാനകാലത്തിലായതു സൌകര്യത്തിനു വേണ്ടി).

    മലയാളത്തില്‍ കര്‍ത്താവനുസരിച്ചു്‌ ക്രിയ മാറുന്നില്ല. പഴയ മലയാളത്തിലും കവിതയിലും ഉണ്ടു്‌. അതു പരിചയമില്ലാത്തതു കൊണ്ടാണു്‌ സ്കൂള്‍ വാദ്ധ്യാന്മാര്‍ "നടന്നേന്‍" എന്നതിനെ "ഞാന്‍ നടന്നു" എന്നു പഠിപ്പിക്കുന്നതു്‌. "കണ്ടേന്‍ ഞാന്‍ സീതയെ" എന്നു്‌ എഴുത്തച്ഛന്റെ ഹനുമാന്‍ പറഞ്ഞിട്ടുണ്ടു്‌ എന്നാണു്‌ എന്റെ ഓര്‍മ്മ.

    May 24, 2006 12:06 PM  
  10. Blogger ഉമേഷ്::Umesh Wrote:

    എഴുത്തച്ഛന്റെ ഹനുമാന്‍ “കണ്ടേന്‍ ഞാന്‍ സീതയെ” എന്നു പറഞ്ഞിട്ടില്ല. അതു ഞാന്‍ മറ്റെവിടെയോ വായിച്ചതാവണം.

    എങ്കിലും, എഴുത്തച്ഛന്റെ ഹനുമാന്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടു്:

    “കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര...”

    “... ഞാന്‍ തദാ
    അതികൃശശരീരനായ് വൃക്ഷശാഖാന്തരേ
    ആനന്ദമുള്‍ക്കൊണ്ടിരുന്നേനനാകുലം.”

    ഇപ്പോള്‍ സംശയനിവൃത്തി വന്നല്ലോ, അല്ലേ?

    June 07, 2006 6:37 AM  

Post a Comment

<< Home