ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, July 27, 2006

റാന്‍‍ഡം നമ്പരുകള്‍

കുട്ടികളായിരിക്കുമ്പോള്‍ അനിയനും ഞാനും കൂടി കളിക്കുന്ന ഒരു കളിയുണ്ടായിരുന്നു. രണ്ടുപേരും ഒന്നുമുതല്‍ ഒമ്പതു വരെയുള്ള സംഖ്യകളില്‍ ഒരെണ്ണം ‘സ്വന്തം സംഖ്യയായി’ സ്വീകരിക്കുന്നു. അതിനു ശേഷം, തങ്ങള്‍ കാണാനിടയാവുന്ന വാഹനങ്ങളുടെ രെജിസ്റ്റ്രേയ്ഷന്‍ നമ്പരില്‍ ഈ സംഖ്യ ഉണ്ടോ എന്ന് നോക്കുന്നു. രെജിസ്റ്റ്രേയ്ഷന്‍ നമ്പരില്‍ എത്ര തവണ തങ്ങള്‍ സ്വീകരിച്ച സംഖ്യയുണ്ടോ അത്രയും പോയിന്‍റ് ഓരോരുത്തര്‍ക്കും കിട്ടും. ഓരോ വണ്ടി കടന്നു പോയിക്കഴിയുമ്പോഴും, കൂടുതല്‍ പോയിന്‍റുള്ളയാള്‍ മറ്റേയാളെ, പോയിന്‍റ് വ്യത്യാസമനുസരിച്ച് അടിക്കുന്നു. (യാത്ര ചെയ്യുമ്പോള്‍ മാത്രമുള്ള കളിയായതിനാല്‍, മാരകമായ പ്രഹരത്തിനു പകരം ഏവര്‍ക്കും സ്വീകാര്യമായ ചെറിയ അടി ഉള്ളം കയ്യില്‍ കൊടുക്കുകയായിരുന്നു പതിവ്.)

എല്ലായ്പോഴും അഞ്ച് ആയിരുന്നു അനിയന്‍ അവന്‍റെ സംഖ്യയായി തെരഞ്ഞെടുത്തത്. ഏഴ് ആയിരുന്നു എന്‍റെ സംഖ്യ. കളിയിങ്ങനെയാണ്: KLV 1557 എന്ന കാര്‍ വരുന്നു എന്നു കരുതുക. ഈ രെജിസ്റ്റ്രേയ്ഷന്‍ നമ്പരില്‍ രണ്ട് അഞ്ചുകളും ഒരു ഏഴുമുള്ളതിനാല്‍ അനിയന്‍ എനിക്ക് ഒരടി തരുന്നു. ഇനി, KLQ 1727 എന്ന രെജിസ്റ്റ്രേയ്ഷന്‍ നമ്പരുമായി ഒരു വാഹം വന്നാല്‍ എനിക്ക് രണ്ട് അടി അനിയന് കൊടുക്കാം. KLT 8574 ആണ് രെജിസ്റ്റ്രേയ്ഷന്‍ നമ്പരെങ്കില്‍ ആര്‍ക്കും അടിയില്ല.

ഈ കളി കുറേ നാള്‍ കഴിഞ്ഞു പോയപ്പോള്‍, കൂടുതലും അടി വാങ്ങുന്നത് ഞാനാണല്ലോ എന്ന തോന്നല്‍ എന്നിലുദിച്ചു. നമ്പരുകള്‍ വച്ചു മാറിയാലോ എന്ന ചോദ്യത്തിന് പ്രതികൂലമായ പ്രതികരണം അനിയനില്‍ നിന്നുമുണ്ടായതോടെ എന്‍റെ സംശയം ഇരട്ടിച്ചു. രെജിസ്റ്റ്രേയ്ഷന്‍ നമ്പരുകളില്‍ മറ്റു സംഖ്യകളേക്കാള്‍ അഞ്ച് വരാനുള്ള സാധ്യത കൂടുതലാണെന്ന് അനിയനും ഞാനും ചേര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പഠനങ്ങള്‍ പിന്നീട് തെളിയിക്കുകയുണ്ടായി. ഒരാള്‍ രണ്ട് നമ്പരുകള്‍ തങ്ങളുടേതായി സ്വീകരിക്കുകയാണെങ്കില്‍ അടിയുടെ എണ്ണത്തില്‍ ഏറെക്കുറെ തുല്യത വരുത്താമെന്നും ഞങ്ങള്‍ കണ്ടുപിടിച്ചു. അങ്ങനെ, അനിയന്‍ അഞ്ച്, ഒമ്പത്, ഞാന്‍ ഏഴ്, നാല് എന്നീ സംഖ്യകള്‍ സ്വീകരിച്ച് ജാതിഭേതം, മതദ്വേഷം എന്നിവയൊന്നുമില്ലാതെ സോദരത്വേന വളരെ നാളുകള്‍ കളിച്ചുവളര്‍ന്നു.

കാലങ്ങള്‍ കടന്നുപോകേ, ആദിത്യന്‍റെ അശ്വമേധം ബ്ലോഗില്‍ ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത് എന്ന പോസ്റ്റില്‍ എന്താണ് ഓഫ് ടോപ്പിക്കായി കമന്‍റാന്‍ പറ്റുന്നത് എന്നാലോചിച്ചിരിക്കേ, ഒരു റാന്‍ഡം നമ്പറായാലോ എന്ന ആലോചന പൊന്തി വന്നു. റാന്‍ഡം നമ്പറാകുമ്പോള്‍ ഏത് നമ്പര്‍ എന്ന് ആലോചിക്കേണ്ട കാര്യമില്ല. അഥവാ, അങ്ങനെ ആലോചിക്കാതെ കിട്ടുന്ന നമ്പരത്രേ റാന്‍ഡം നമ്പര്‍. A number chosen without definite aim, reason, or pattern എന്നും A number that is determined entirely by chance എന്നും മറ്റും നമ്മളെല്ലാവരും റാന്‍ഡം നമ്പരുകളെപ്പറ്റി പഠിച്ചിട്ടുള്ളതാണല്ലോ. അങ്ങനെയാണ് ഞാന്‍ 717500131 എന്ന നമ്പര്‍ ഒന്നുമാലോചിക്കാതെ ഒരു കമന്‍റ് ആയി ടൈപ്പ് ചെയ്തത്.
പിന്നെ, വെറുതേ ഒന്ന് സേര്‍ച് ചെയ്ത് നോക്കിയപ്പോഴാണ്, ഞാന്‍ ആലോചിച്ചെടുത്ത (അഥവാ ആലോചിക്കാതെയെടുത്ത) സംഖ്യ ചില്ലറക്കാരനല്ലെന്ന് മനസ്സിലാക്കിയത്. അദ്ദേഹം 717500000-നു മുകളില്‍ വരുന്ന ഏറ്റവും ചെറിയ പ്രൈം നമ്പരാണത്രേ! അമ്പട ഞാനേ! ആദിത്യന്‍റെ ബ്ലോഗ് ഒന്നു കൂടി സന്ദര്‍ശിച്ച്, ഈ വിവരം ആരെങ്കിലും ശ്രദ്ധിച്ചോ എന്നു നോക്കി. ങേ, ഹേ! വായനക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വേറെ എത്രയോ നല്ല കാര്യങ്ങള്‍ അന്വേഷിക്കാനുണ്ട്!

റാന്‍ഡം നമ്പരുകളുടെ ഓരോ വിക്രിയകള്‍ എന്ന് സ്വയം പറഞ്ഞ്, ചെയ്തു തീര്‍ക്കാനുള്ള ജോലിയിലേയ്ക്ക് എനിക്ക് മടങ്ങിപ്പോകാമായിരുന്നു. പക്ഷേ, ഞാനതു ചെയ്തില്ല. പകരം,
  1. 37 ആണ് രണ്ടക്ക സംഖ്യകളില്‍ ഏറ്റവും റാന്‍ഡം എന്ന് മനസ്സിലാക്കി.

  2. The answer to life, the universe and everything ഏതെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ 42 എന്നു കിട്ടും എന്ന് തിരിച്ചറിഞ്ഞു. ഇത്രനാളും ഈ ചോദ്യം ഞാന്‍ എന്തുകൊണ്ട് ചോദിച്ചില്ല എന്ന് ഓര്‍ത്തെങ്കിലും ‘ഇനിയും സമയമുണ്ട് ദാസാ’ എന്ന ചിന്ത പ്രോത്സാഹജനകമായി അനുഭവപ്പെട്ടു.

  3. കമന്‍റിടാനോ മറ്റോ ഒരു റാന്‍ഡം നമ്പര്‍ വേണമെങ്കില്‍, അതു സ്വയം ആലോചിച്ചുണ്ടാക്കാതെ കടയില്‍ വാങ്ങാന്‍ കിട്ടുമെന്നും അങ്ങനെ വാങ്ങുന്നത് മാത്രമേ പത്തര മാറ്റ് റാന്‍ഡം നമ്പരായി പരിഗണിക്കുകയുള്ളൂവെന്നും തിരിച്ചറിഞ്ഞു.

  4. ഫ്രീയായി കിട്ടുന്ന റാന്‍ഡം നമ്പരുകളോ മറ്റോ ഉപയോഗിച്ച് ലോട്ടറിയടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അഥവാ അടിച്ചാല്‍ തന്നെ, അടി കിട്ടിയ വിവരം ആരോടും പറയരുതെന്നും മനസ്സിലുറപ്പിച്ചു.

  5. RN എന്നാല്‍ ഞാനിത്രനാളും കരുതിയപോലെ രെജിസ്റ്റ്രേഡ് നേഴ്സ് അല്ല, റാന്‍ഡം നമ്പരാണെന്ന് പലകുറി ഉരുവിട്ടു പഠിച്ചു.

  6. റെയ്മണ്‍‍ഡ് ചെന്നിന്‍റെ ദ ഓള്‍ഡ് ന്യൂ ഥിംഗ് എന്ന ബ്ലോഗില്‍ പണ്ടെങ്ങോ റാന്‍ഡം നമ്പരുകളെക്കുറിച്ച് ഒരു ലേഖനം വായിച്ച കാര്യം ഒന്നു കൂടി ഓര്‍മിച്ചു.
ഹൊ, എന്തൊരാശ്വാസം. ഇതെല്ലാം വളരെ റാന്‍ഡമായി ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്, അതുകൊണ്ടുതന്നെ സത്യമാവാതെ തരമില്ല.

Labels:

Wednesday, July 26, 2006

പല്ലും നാക്കും

ദന്തമോതുന്നു നാവിനോടിന്നഹോ:
“എന്തുവേണം നിനക്കടങ്ങീടുവാന്‍?
ഹന്ത, നിത്യേന നീയഴിഞ്ഞാടിയാ-
ലന്ത്യമെത്തും ഹതാശനാണിന്നു ഞാന്‍!”

[ഗുരുകുലത്തിലെ ഇതി പ്രാര്‍ത്ഥയതേ ദന്തോ എന്ന ശ്ലോകത്തിനുള്ള ഒരു വിദൂര പരിഭാഷ. വൃത്തം: സർപ്പിണി. കൂടുതൽ അറിയാൻ: ദ്രുതകാകളിയും സര്‍പ്പിണിയും.]

Labels: ,

Wednesday, July 19, 2006

എല്ലാം വെറും കഥകളാണ്

മുരളീ സ്വരവീചി തളര്‍ന്നുറങ്ങി, മൂക-
ബന്ധത്തിന്‍ യമുനകള്‍ നേര്‍ത്തൊഴുകി,
രാധാവിലാപത്തിന്നലയൊടുങ്ങി, പ്രേമ-
സുരഭിയുമെങ്ങോ തകര്‍ന്നുറഞ്ഞു.
ഗോപകുമാരികള്‍, ഗോവര്‍ദ്ധനാദ്രിയു-
മെന്‍ കഥ ചൊല്ലുന്ന കാളിന്ദിയും,
കാളിയ മര്‍ദ്ദന വീരചരിതങ്ങള്‍
കാലം കുറിച്ചിട്ട കാപട്യങ്ങള്‍!
ദ്വാരക, മിന്നുന്ന കോട്ടകള്‍, കൊത്തളം
ആശിപ്പതെത്രയുമുന്നതങ്ങള്‍.
പീലിത്തിരുമുടി കെട്ടിപോലും
പീതാംബരം ചെമ്മേ ചുറ്റിപോലും
ഓടക്കുഴലതില്‍ പാടിപോലും
ഗോക്കളെ നോക്കുവോനാണു പോലും!
വെണ്ണകട്ടുണ്ടു നടക്കുന്നൊരീയെന്നെ
മണ്ണിന്‍റെ നാഥനാക്കുന്നു നിങ്ങള്‍.

Labels:

Thursday, July 13, 2006

ബ്ലോഗുകളുടെ വിശ്വാസ്യത

ഒരു മാധ്യമവും വായനക്കാരുടെയോ പ്രേക്ഷകരുടെയോ പൂര്‍ണവിശ്വാസ്യതയില്‍ പിറന്നുവീഴുന്നില്ല. പത്രങ്ങള്‍ എഴുതുന്നത് മുഴുവന്‍ വിശ്വാസയോഗ്യമല്ലാത്തതാണെന്നും ബ്ലോഗുകളെല്ലാം പരമസത്യങ്ങളാണെന്നും ഒരു വായനക്കാരനും പറയുമെന്നും തോന്നുന്നില്ല. വിശ്വാസ്യതയും പേരുമുള്ള പത്രങ്ങള്‍ വരുത്തുന്നത്ര തെറ്റുകള്‍, വിശ്വാസ്യതയും പേരുമുള്ള ബ്ലോഗുകളില്‍ കണ്ടെത്താനുള സാധ്യത കുറവായിരിക്കും എന്നുമാത്രമാണ് വാദം.

പത്ര, റ്റി. വി. മാധ്യമങ്ങളിലെന്നപോലെ ബ്ലോഗിലും വിശ്വാസ്യത ആര്‍ജിച്ചെടുക്കുന്നതാണ്. ഇന്ന് ഉപയോഗത്തിലിരിക്കുന്ന മാധ്യമങ്ങളില്‍ വിശ്വാസ്യത നേടിയെടുക്കാനും നഷ്ടപ്പെടുത്താനും ഏറ്റവും അനായാസം സാധ്യമാകുന്നത് ബ്ലോഗുകള്‍ക്കാണ്. കെട്ടിലും, മട്ടിലും, സൃഷ്ടിയിലുമുള്ള ഈ അനായാസതയാണ് മറ്റുമാധ്യമങ്ങളില്‍ നിന്ന് ബ്ലോഗുകളെ വേര്‍തിരിക്കുന്ന വലിയൊരു ഘടകം.

വര്‍ഷങ്ങളുടെ സദ്കൃത്യം (അതോ പരസ്യമോ) കൊണ്ട് നേടിയെടുക്കുന്നതാണ് പത്രങ്ങളുടെ പേരും വിശ്വാസ്യതയും. ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളെ ആശ്രയിച്ചും സ്വന്തം റിപ്പോര്‍ട്ടര്‍മാര്‍ ‘സംഭവസ്ഥലം’ സന്ദര്‍ശിച്ചും അല്ലാതെയും ‘ലൈവ്’ ആയും ഫയല്‍ ചെയ്യുന്ന വാര്‍ത്തകളിലെ ശരിതെറ്റുകള്‍ അന്വേഷിക്കാന്‍ കുറച്ചുകാലം മുമ്പുവരെ ആരും മിനക്കെട്ടിട്ടില്ല എന്നതാണ് സത്യം. ഇനി അഥവാ, തെറ്റുകള്‍ കണ്ടെത്തിയാലും അത് പത്രത്തെ അറിയിച്ച് തിരുത്തല്‍ പ്രസിദ്ധീകരിപ്പിക്കുന്നത് മുന്‍‍ഗണനയുള്ള ഒരു കാര്യമായി പലര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. ആളുകളുടെ പേരുകള്‍ മുതലായ ചില്ലറ തിരുത്തലുകളല്ലാതെ, കാര്യമായ ഒരു തെറ്റു തിരുത്തലും ഒരു പത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. വന്‍ അബദ്ധങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ട്, പിറ്റേന്ന് കുറച്ചുകൂടി ശരിയായ വാര്‍ത്ത അറിയിക്കുമ്പോഴും, തെറ്റ് സമ്മതിക്കലും ഖേദപ്രകടനവും നടത്തിയ സംഭവങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞുവരുന്നേയില്ല.

വസ്തുതകള്‍ ക്രോസ്ചെക്ക് ചെയ്യുന്നത് എളുപ്പമാവുകയും വാര്‍ത്താവിനിമയ രംഗം പുരോഗമിക്കുകയും ചെയ്തതോടെ ചെറിയ തെറ്റുകള്‍ പോലും പത്രത്തെ അറിയിക്കാനും വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനുമുള്ള പ്രവണത കൂടി വന്നു. പത്രങ്ങള്‍ ലൈവ് വിപ്ലവത്തോട് അത്ര ആവേശകരമായ പ്രതികരണം കാണിക്കാതിരുന്നപ്പോള്‍ പ്രതികരണങ്ങള്‍ക്ക് ഇന്‍സ്റ്റന്‍റ് മറുകുറി കിട്ടുന്ന മറ്റുമാധ്യമങ്ങള്‍ക്ക് പ്രചാരമേറി. റ്റി.വി. യിലെ ഫോണ്‍-ഇന്‍ പരിപാടികളുടെ പ്രചാരം ഈ വസ്തുതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

പത്രങ്ങളെ വിമര്‍ശിക്കുമ്പോള്‍
ദേശാഭിമാനിയേയും മനോരമയേയും വായനക്കാരന്‍ ഒരേ കണ്ണില്‍ കാണാറില്ലല്ലോ. രണ്ടു കൂട്ടര്‍ക്കും വ്യക്തമായ രാഷ്ട്രീയ/സസമൂഹിക അജണ്ടകളുള്ളതു കാരണം, പല വാര്‍ത്തകളും ആ മുന്‍‍വിധിയോടു കൂടി മാത്രമേ ഈ മാധ്യമങ്ങളില്‍ നിന്ന് വായിക്കാനാവൂ.

എന്നാല്‍, മാധ്യമങ്ങളുടെ വിശ്വാസ്യത ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഈവക പ്രത്യക്ഷമായ പക്ഷപാത റിപ്പോര്‍ട്ടിംഗിനെ അല്ല പ്രധാനമായും വിമര്‍ശിക്കുന്നത്. അച്ചുതാനന്ദന്‍റെ ഭരണം കെങ്കേമമെന്ന് ദേശാഭിമാനിയും (അവരെഴുതുമോ?) മഹാമോശമെന്ന് വലതുപക്ഷ പത്രങ്ങളും എഴുതിവിടുന്നതിനെ പൊക്കിപ്പിടിച്ച്, ഒരു കൂട്ടര്‍ പറയുന്നത് തെറ്റ്, മറ്റൊരു കൂട്ടര്‍ പറയുന്നത് ശരി എന്ന് വാദിക്കലല്ല ലക്ഷ്യം. മറിച്ച്, തെറ്റായ കണക്കുകള്‍, പേരുകള്‍, സ്ഥിതിവിവരങ്ങള്‍, പ്രത്യേകിച്ച് യാതൊരന്വേഷണവും കൂടാതെ വായില്‍ തോന്നിയ മാതിരി പടച്ചു കൂട്ടുന്ന “ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറീസ്‍” എന്നിവയാണ് ഇവിടെ വിമര്‍ശന വിധേയമാക്കേണ്ടുന്നത്, ആക്കുന്നത്. എന്നു കരുതി, പത്രങ്ങള്‍ വരുത്തുന്ന വളരെ നിര്‍ദ്ദോഷമായ തെറ്റുകളെ പൊക്കിപ്പിടിച്ച് കൊണ്ടാടുന്നത് അനാവശ്യമാണുതാനും. (‘ഇന്‍ പ്രെയ്സ് ഓഫ് മിസ്റ്റേക്സ്’ എന്ന പേരില്‍ പ്രീ-ഡിഗ്രിക്ക് ഒരു പാഠം പഠിക്കാനുണ്ടായിരുന്നു. നിസ്സാര തെറ്റുകളുടെ പേരില്‍ പത്രമോഫീസിലേയ്ക്ക് വിളിച്ചും എഴുതിയും പരാതിപറയുന്നവര്‍ക്ക് വേറേ പണിയില്ലേ എന്ന ചോദ്യമായിരുന്നു ആ ലേഖനത്തില്‍. ആല്‍ഡസ് ഹക്സ്‍ലി ആയിരുന്നു ലേഖകന്‍ എന്നാണോര്‍മ. തെളിവു തരാന്‍ ലിങ്കൊന്നും തെരഞ്ഞിട്ട് കിട്ടുന്നില്ല.)

ബ്ലോഗുകള്‍ക്ക് വിശ്വാസ്യത കൂടുന്നത് എന്തുകൊണ്ട്?
  • പലപ്പോഴും ‘സംഭവ സ്ഥലത്ത്’ പത്രറിപ്പോര്‍ട്ടര്‍ ഉണ്ടാവാനുള്ള സാധ്യതെയെക്കാളേറെയാണ് ബ്ലോഗര്‍ ഉണ്ടാവാനുള്ള സാധ്യത. മിനി-മൈക്രോസോഫ്റ്റ് ബ്ലോഗ് ഉദാഹരണമായെടുക്കുക. ഇത് ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരന്‍റെ ബ്ലോഗ് ആണ് (ആള്‍ ഇപ്പോഴും അജ്ഞാതന്‍). മൈക്രോസോഫ്റ്റ് മാനേജ്മെന്‍റിനെ വിമര്‍ശിക്കുന്നതില്‍ മുമ്പന്തിയിലാണ് ഇദ്ദേഹം. ഒരു പത്രലേഖകനു സാധ്യമാകാത്ത കാര്യമാണ് ഇദ്ദേഹം ചെയ്യുന്നത്. പത്രങ്ങള്‍ വരെ, പലപ്പോഴും ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് മൈക്രോസോഫ്റ്റ് രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഉദാഹരണം ഇവിടെ.

  • സിബു പറഞ്ഞിട്ടുള്ളതു പോലെ, ബ്ലോഗുകളില്‍ തെറ്റുകള്‍ തിരുത്തപ്പെടാനുള്ള സാധ്യതയും അതിനുള്ള വേഗതയും വളരെ കൂടുതലാണ്. ബ്ലോഗില്‍ എഴുതി വിട്ട തെറ്റായ കാര്യം വായനക്കാര്‍ തിരുത്തിയ കഥ എല്‍ജി പറഞ്ഞിട്ടുണ്ട്. ഇനി സ്വാനുഭവം പറയാം. ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ. അതില്‍ എനിക്ക് അറിവില്ലാത്തതോ ഓര്‍മയില്ലാത്തതോ ആയ സംഗതികള്‍ എത്ര വേഗമാണ് തിരുത്തപ്പെട്ടത്. ബ്ലോഗുകളുടെ ഗുണം, “ഇന്‍ പ്ലെയ്സ്” തിരുത്തലുകള്‍ നല്‍കാമെന്നതാണ്. അതായത്, ഒരിക്കല്‍ തിരുത്തിയാല്‍, പിന്നെ ആ ലേഖനം വായിക്കുന്ന ആര്‍ക്കും ഈ തിരുത്ത് ലഭ്യമാണ്. പത്രങ്ങള്‍ക്കുള്ള ഒരു പരിമിതിയും ഇതാണ്. ഇന്നത്തെ പത്രത്തില്‍ കടന്നു കൂടിയ തെറ്റ് നാളത്തെ പത്രത്തിലാണ് തിരുത്തപ്പെടുക. അപ്പോള്‍ കുറേക്കാലം കഴിഞ്ഞ് ഇന്നത്തെപ്പത്രം മാത്രം നോക്കുന്നയാളിന് ആ തിരുത്ത് ലഭ്യമാകുന്നില്ല. ഈ സൌകര്യം ലഭ്യമായ ഓണ്‍ലൈന്‍ പത്രങ്ങള്‍ പോലും ഇത് ഉപയോഗപ്പെടുത്തിക്കണ്ടിട്ടില്ല.

  • കതിരും പതിരും തിരിച്ചറിയാന്‍ എളുപ്പം. ബ്ലോഗുകള്‍ ആര്‍ക്കും എന്തും എഴുതാനുള്ള ഇടങ്ങളാണെന്ന് ഒരു വിശ്വാസം ചിലേടങ്ങളിലെങ്കിലും നിലനില്‍ക്കുന്നു. ഇതില്‍ സത്യമില്ലാതില്ല. വിശ്വാസയോഗ്യമല്ലാത്ത ബ്ലോഗുകള്‍ക്കുദാഹരണം പലരും നിരത്തുകയുണ്ടായി. ഇത് ബ്ലോഗുകളുടെ മാത്രം കാര്യമല്ല. ഇന്‍റര്‍നെറ്റില്‍ അസത്യങ്ങളോ അര്‍ഥസത്യങ്ങളോ ആയ ഒരുപാട് കാര്യങ്ങള്‍ ഒരുപാടൊരുപാട് പേര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിനുദാഹരണം ദേവന്‍ ഇവിടെ പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വായനക്കാരന്‍, പത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവാകുന്നതു പോലെ, ബ്ലോഗുകളുടെ കാര്യത്തിലും സെലക്ടീവായേ തീരൂ. വളരെ ചിട്ടവട്ടങ്ങളോടെ നടത്തിപ്പോരുന്നവ മാത്രമേ വിശ്വാസയോഗ്യമാവൂ എന്നത് ബാലിശമായ വാദമാണ്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്ന് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിന് അവസാനവാക്കെന്ന് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായത് എന്നത് തര്‍ക്കവിഷയമാണല്ലോ. നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ട് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്ന് കണ്ടെത്തുകയുണ്ടായി. (ഈ പഠനം അശാസ്ത്രീയമാണെന്ന് എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്ക പറഞ്ഞിട്ടുണ്ട്. അതിലത്ഭുതമില്ല.)
നല്ല നാളേയ്ക്ക്
ഒരു കണക്കിന് നോക്കിയാല്‍ ഇത് ഒരു അനാവശ്യ ചര്‍ച്ചയാണ്. എന്നാലും ബ്ലോഗുകളുടെ, പ്രത്യേകിച്ച് മലയാളം ബ്ലോഗുകളുടെ പ്രചാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുത്സിതബുദ്ധിയോടും അല്ലാതെയും വിശ്വാസ്യതയുടെ പ്രശ്നം പല കോണില്‍ നിന്നും പൊങ്ങി വരാന്‍ സാധ്യത കാണുന്നു. ചാറ്റുറൂമുകള്‍ സൃഷ്ടിച്ച മോശം ഇമേജുകളാവാം, ഒരു പക്ഷേ, ഇന്‍റര്‍നെറ്റുമായി ബന്ധമുള്ളതെന്തും കാപട്യം നിറഞ്ഞതും അവിശ്വസനീയവും സുരക്ഷാരഹിതവുമാണെന്ന പൊതുധാരണയ്ക്ക് നിനാദം. ആ ധാരണ മാറ്റിയെടുക്കേണ്ടുന്നത് നമ്മുടെ കടമയാണ്. അതിലേയ്ക്ക് ഇത്തരം സം‌വാദങ്ങള്‍ സഹായകമാകണം എന്ന് ആശിക്കുന്നു. ഒപ്പം, പത്രങ്ങളുള്‍പ്പടെയുള്ള ഇതരമാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓര്‍മിപ്പിക്കാനും ഈ ചര്‍ച്ച വഴിതെളിച്ചാല്‍ നന്ന്.

Labels: ,

Tuesday, July 11, 2006

വിന്‍ഡോസ് 9x വിടവാങ്ങുന്നു

വിന്‍ഡോസ് 9x വേര്‍ഷനുകളുടെ, സെക്യൂരിറ്റി അപ്‍ഡേറ്റുകള്‍ ഉള്‍പ്പെടെയുള്ള, എല്ലാ സാങ്കേതിക സഹായ സം‌വിധാനങ്ങളും ഇന്നോടുകൂടി അവസാനിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്.

വിന്‍ഡോസ് 98 (1998 ജൂണ്‍ 30 - 2006 ജൂലൈ 11)
വിന്‍ഡോസ് 98 SE (1999 മെയ് 5 - 2006 ജൂലൈ 11)
വിന്‍ഡോസ് ME (2000 ജൂലൈ 10 - 2006 ജൂലൈ 11)

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞത് എത്ര ശരി:
We cannot solve todays problems at the same level of thinking we were at when we created them.

Labels:

Wednesday, July 05, 2006

കണക്കു വയ്ക്കേണ്ടുന്ന ചെലവുകള്‍

“നിങ്ങള്‍ വീടും ചുറ്റുപാടും മോടി പിടിപ്പിക്കാനായി എത്ര ചെലവാക്കുന്നു എന്ന് എഴുതി വയ്ക്കാറുണ്ടോ?” പുലര്‍ച്ചെ രണ്ടരയോളം നീണ്ടുനിന്ന സൌഹൃദ ചര്‍ച്ചകള്‍ക്കിടയിലെപ്പൊഴോ പ്രകാശ് ചോദിച്ചു.

മറ്റുള്ളവരുടെ പ്രതികരണത്തിനിടയില്‍, ഈ ചോദ്യം മനസ്സിലേയ്ക്കെത്തിച്ച ഓര്‍മകള്‍ മാറ്റിവച്ച് ഞാന്‍ പറഞ്ഞു: “ഇല്ല. മിക്ക കണക്കുകളും ഞാന്‍ സൂക്ഷിക്കാറില്ല.”

സ്വന്തം ചെലവുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്നതെന്തിനാണ്? അവ വിശകലനം ചെയ്ത് ചെലവു കുറയ്ക്കാനാണോ? ഒരു മനസ്സമാധാനത്തിനോ? ആറ്റില്‍ കളഞ്ഞാലും അളന്നു കളയാനോ? അതോ അനാവശ്യച്ചെലവുകളുടെ പട്ടിക നിരത്തി സമാധാനം കളയാനോ?

ആദ്യമായി ദൈനം ദിനച്ചെലവുകള്‍ക്ക് രൂപ സ്വന്തമായി കൈകാര്യം ചെയ്തു തുടങ്ങിയത് പ്രീ-ഡിഗ്രിക്ക് ഹോസ്റ്റലില്‍ എത്തിപ്പെട്ടപ്പോഴായിരുന്നു.

“അന്നന്നുള്ള ചെലവുകള്‍ എഴുതിവയ്ക്കണം”, അമ്മ ഓര്‍മിപ്പിച്ചു. “ഒരു പഴയ പുസ്തകം അതിനായി കരുതണം.”
“അച്ഛന്‍ കണക്കെഴുതാറില്ലല്ലോ!”
“കണക്കെഴുതി വച്ച് ചെലവുകളെന്തൊക്കെയാണെന്ന് നോക്കാത്തതുകൊണ്ടാണ് ഷുഗറുണ്ടായിട്ടും അച്ഛന്‍ നിര്‍ത്താതെ സിഗരറ്റ് വലിക്കുന്നത്. അതുകൊണ്ടാണ് കളീലുണ്ടായിട്ടും ഈ വീട്ടില്‍ പശുവില്ലാത്തത്.”
അമ്മ പരാതിപ്പെട്ടിയുടെ അടപ്പു തുറക്കുകയാണെന്നു മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു:
“ഞാന്‍ കണക്കെഴുതി വയ്ക്കാം!”

അഞ്ചാറുമാസം കഴിഞ്ഞ് ഞാന്‍ കണക്കെഴുത്ത് നിറുത്തി. ചെലവിന്‍റെ കണക്ക് എഴുതി വയ്ക്കുന്ന പരിപാടി അതീവ ബോറായിരുന്നു. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലതാനും. ഒരു മാസം എട്ടു രൂപയ്ക്ക് നാരങ്ങവെള്ളം കുടിച്ചു, അഞ്ചു രൂപ കടം കൊടുത്തു, തൊണ്ണൂറു രൂപയ്ക്ക് പുതിയ ടെക്സ്റ്റ് വാങ്ങി, കടം കൊടുത്ത പതിനേഴുരൂപ തിരികെ കിട്ടി തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്സ് എനിക്കോ വീട്ടുകാര്‍ക്കോ പ്രയോജനപ്രദമായി തോന്നിയതേയില്ല.

പിന്നീട് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സില്‍ കമ്പമുണ്ടായത് മൂന്നു കൊല്ലത്തോളം മുമ്പാണ്. ചെലവുകള്‍ ഇനം തിരിച്ച്, ഗ്രാഫ് വരച്ച്, വിശകലനം ചെയ്യേണ്ടുന്ന ആവശ്യകതയെക്കുറിച്ച് സുഹൃത്ത് വാചാലനായപ്പോള്‍ സ്വന്തം ചെലവുകള്‍ ഇങ്ങനെ ചിത്രരൂപത്തിലാക്കിയാല്‍ എങ്ങനെയിരിക്കും എന്നൊരു ജിജ്ഞാസ ഉടലെടുത്തു. രണ്ടുമാസം ഗ്രാഫ് കണ്ടതോടെ ആ കമ്പവും അവസാനിച്ചു.

അച്ചുവിന് ‘സമ്മര്‍ ഡ്രസ്’ നോക്കാന്‍ ദിവ്യ കടകള്‍ കയറിയിറങ്ങുകയാണ്. അച്ചു ഉറക്കമായതിനാല്‍ അച്ചുവും ഞാനും കാറില്‍ത്തെന്നെയിരിക്കുന്നു. റേഡിയോയില്‍ ‘പുസ്തകപരിചയം’ എന്ന പരിപാടി.

ബെര്‍ണാഡ് കൂപ്പറിന്‍റെ ‘ദ ബില്‍ ഫ്രം മൈ ഫാദര്‍’ എന്ന ഓര്‍മക്കുറിപ്പുകളാണ് പുസ്തകപരിചയത്തില്‍. ബെര്‍ണാഡിന്‍റെ പിതാവ് എഡ്‍വേഡ് കൂപ്പര്‍ ലോസ് ഏഞ്ചലസിലെ പ്രസിദ്ധനായ ഒരു വിവാഹമോചന അഭിഭാഷകനായിരുന്നു. അച്ഛന്‍റെയും മകന്‍റെയും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ഥ വീക്ഷണങ്ങളും സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുള്ള പുസ്തകമത്രേ ‘ദ ബില്‍ ഫ്രം മൈ ഫാദര്‍’. മകന്‍ ഒരു എഴുത്തുകാരനായി പേരെടുത്തിട്ടും, ജീവിക്കാനുള്ള തൊഴില്‍ ഉള്ളവനായി അച്ഛന്‍ മകനെ കണക്കാക്കിയിരുന്നില്ല. മകന് അന്തസ്സിനു ചേര്‍ന്ന ഒരു തൊഴിലില്ലാത്തത്, പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത് ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന അച്ഛനെ നിരാശനാക്കി. ബെര്‍ണാഡിനെ വളര്‍ത്തി വലുതാക്കുന്നതു വരെയുള്ള ചെലവുകള്‍ ഒന്നും വിടാതെ ഒരു ബില്ല് ആയി മകനയച്ചു കൊടുത്തു, എഡ്‍വേഡ്. രണ്ട് മില്യണ്‍ ഡോളര്‍ തിരിച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ആ ബില്ല്. (പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. ഇത്രയും റേഡിയോ പരിപാടി കേട്ട അറിവില്‍ നിന്നുമെഴുതുന്നതാണ്.)

ഈ പുസ്തകം സിനിമയാകുന്നുണ്ട്.

തിളങ്ങുന്ന ഒരു സ്പൈഡര്‍മാന്‍ ഉടുപ്പും നീല നിക്കറും പായ്ക്കറ്റില്‍ നിന്നും പുറത്തെടുത്ത് ഞാന്‍ ദിവ്യയോട് ചോദിച്ചു:
“ഇതിനെത്രയായി?”
“സെയിലായിരുന്നു. ഒമ്പത് ഡോളര്‍”

“എന്താ ചിരിക്കുന്നത്?”

അച്ചുവിനയയ്ക്കുന്ന ബില്ലില്‍ ഒമ്പത് ഡോളര്‍ കൂടി എഴുതിച്ചേര്‍ക്കുന്ന രംഗം ഞാന്‍ സങ്കല്പിക്കുകയായിരുന്നു.

Labels: