Saturday, October 14, 2006

ലാലേട്ടാ, രമ്യ വിളിക്കുന്നു

മലയാളം റ്റി. വി. തുറന്നു വച്ചാല്‍ സിംഹഭാഗവും സിനിമാസംബന്ധിയായ പരിപാടികളാവുമല്ലോ കാണാന്‍ കിട്ടുക. അതില്‍ തെറ്റു പറയാനില്ല. പരസ്യമാണ് റ്റി. വി. യുടെ വരുമാനം. പരസ്യം കിട്ടുന്ന പരിപാടിയാണ് റ്റി. വി. ക്കാര്‍ക്ക് പഥ്യം. സിനിമാ സംബന്ധിയായ പരിപാടികള്‍ കാണിക്കാന്‍ ചെലവ് കുറവ്. വരവ് കൂടുതലും. ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍ അപാര ബുദ്ധിയൊന്നും വേണ്ടെന്നര്‍ഥം.

റ്റി. വി. അവതാരകര്‍ക്ക് അതിനാല്‍ തന്നെ സിനിമാക്കാരെക്കുറിച്ചാണ് എപ്പോഴും പറയാനുണ്ടാവുക. പൃഥ്വിരാജിന് പല്ലുവേദന, ഭാവനയ്ക്ക് നീര്‍വീഴ്ച, മോഹന്‍ലാല്‍ ഡബ്‍ള്‍ റോള്‍ അഭിനയിക്കണോ, മമ്മൂട്ടിയുടെ ഇനി കോമഡി ചെയ്യണോ എന്നു തുടങ്ങുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ നമുക്കെത്തിക്കേണ്ടേ?

ഇതൊക്കെ സഹിക്കാം. ചലച്ചിത്ര ഗാനപരിപാടികളുടെയും സിനിമാവിശേഷ പരിപാടികളുടെയും അവതാരകരാണ് നമ്മുടെ സഹനശക്തി നന്നായി പരീക്ഷിക്കുന്നത്. ഈ പരിപാടിയൊന്നും അധികം കണ്ടുകൊണ്ടിരിക്കാത്തതിനാല്‍ വലിയ പ്രശ്നമില്ലാതെ, രക്തസമ്മര്‍ദ്ദം വരാതെ, കാലം കഴിഞ്ഞു പോകുന്നു. എന്നാലും അശ്വമേധവും സിംഗ് ആന്‍ഡ് വിന്‍-ഉം കഴിഞ്ഞാല്‍ ആപാദചൂഡം ചൊറിഞ്ഞുവരുന്ന മറ്റൊരു സംഗതി ഇക്കൂട്ടര്‍ ഒപ്പിക്കാറുണ്ട്.

അതെന്താണെന്നോ? “ഞമ്മ സ്വന്തം ആള്” എന്ന നെഗളിപ്പ്.

ഒരു പരിചയുമില്ലാത്തവരെ, മറ്റാരെങ്കിലും വിളിക്കുന്ന ലൈസന്‍സുപയോഗിച്ച്, സ്വന്തമാക്കല്‍. അവതാരക പറയുന്നു: “ദാസേട്ടന്‍ മനോഹരമായി പാടിയിരിക്കുന്നു!” ദാസേട്ടന്‍? ശ്രീ. കെ. ജെ. യേശുദാസ് ഇവളുടെ “ഏട്ട”നാണോ? യേശുദാസിനെ വളരെ അടുത്തറിയുന്നവര്‍ ദാസേട്ടന്‍ എന്ന് വിളിക്കുന്നതിലത്ഭുതമില്ല. അതനുകരിച്ച് കണ്ണില്‍ക്കാണുന്ന കൂത്താടിയും കുറുമാലിയുമൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയാലോ?

ലാലേട്ടനും മമ്മുക്കയും ഇങ്ങനെ നമുക്ക് ‘സ്വന്തമായതാണ്’. നമ്മുടെ സ്വകാര്യതകളില്‍ സ്നേഹപ്രകടനത്തിനായി ഇങ്ങനെ ചെല്ലപ്പേരിട്ടു വിളിക്കാമെങ്കിലും അവതാരകനും അവതാരകയും കലാകാരന്മാരുടെ പേരുപറയുമ്പോള്‍ സേയ്ഫ് ഡിസ്റ്റന്‍സ് ഇടണമെന്നാണെന്‍റെ അഭിപ്രായം. ഒന്നുമില്ലെങ്കിലും ഇതു കേള്‍ക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തോന്നില്ലേ, ഒരു ‘ഇത്’?

ഗായിക ചിത്ര, എസ്. ജാനകിയെ ജാനകിയമ്മ എന്നാണ് വിളിക്കുക. ഇപ്പോള്‍ എസ്. ജാനകിയെ ജാനകിയമ്മയെന്ന് വിളിക്കാത്തവര്‍ ചുരുക്കം. സുശീലാമ്മയ്ക്കും ഈ ഗതിതന്നെ. എന്നാല്‍ പി. ലീലയാവട്ടെ, ഇതുവരെ ലീലാമ്മയായിക്കണ്ടിട്ടില്ല.

ഇവര്‍ക്കാര്‍ക്കും ലാലു അലക്സ് ചേട്ടനും ഇന്നസന്‍റ് ചേട്ടനും ശോഭനച്ചേച്ചിയും വഴങ്ങാത്തതെന്ത്?

സംഗീത സം‌വിധായകന്‍, അന്തരിച്ച ശ്രീ രവീന്ദ്രനും കവി പി. ഭാസ്കരനും ഇവരുടെ പ്രിയപ്പെട്ട മാഷന്മാരാണ്. എന്നാല്‍ അധ്യാപകരായിരിന്നിട്ടുകൂടി ഓയെന്‍‍വിയും, ജഗദീഷും മാഷ് പദവിയ്ക്കര്‍ഹരായില്ല.

ഗായകരില്‍ ജയചന്ദ്രനോ എം. ജി. ശ്രീകുമാറോ ഏട്ടന്മാരായിട്ടില്ല. എം. ജി. ശ്രീകുമാര്‍ ശ്രീക്കുട്ടന്‍ പോലും ആയിക്കണ്ടിട്ടില്ല (അത്രയും ഭാഗ്യം).

ഇങ്ങനെ ‘സ്നേഹബഹുമാനങ്ങളോടെ’ വിളിക്കുന്നത് പേരുവിളിക്കുന്നതിനേക്കാള്‍ നന്നല്ലേ എന്നു തോന്നിയേക്കാം. അവതാരകര്‍ ഇങ്ങനെ സ്വന്തം ആളു ചമയുന്നത് അതിരുകടന്ന പണിതന്നെയാണ്. മറിച്ച്, പേരുമാത്രം പറയുന്നത് ബഹുമാനമില്ലായ്മയാവുന്നുമില്ല. തങ്ങളേക്കാള്‍ കേമന്മാരും കേമികളുമില്ലെന്ന് ധരിക്കുന്ന അവതാരകരുടെ ചേട്ടാ, ചേച്ചീ, മാഷേ വിളികളാണ് കേള്‍വിക്കാര്‍ക്കും പേര് വിളിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ അരോചകമാവുക.

ആകാശവാണിയുടെ മാതൃക തന്നെ നല്ലത്. “അടുത്ത ഗാനം ആലപിക്കുന്നത് യേശുദാസും ചിത്രയും. ചിത്രം: തിരകള്‍ക്കപ്പുറം. ഗാനരചന: യൂസഫലി കേച്ചേരി, സംഗീതം: ജോണ്‍സണ്‍.” യേശുദാസും ചിത്രയും യൂസഫലിയും ജോണ്‍സണുമൊപ്പം, നമ്മള്‍ കേള്‍വിക്കാരും അതാസ്വദിക്കുന്നു.

കുറിപ്പ്: രമ്യ സൂര്യ റ്റി. വി. യില്‍ മ്യൂസിക് മൊമന്‍റ്സ് എന്ന പരിപാടിയുടെ അവതാരകയാണ്.

30 പ്രതികരണങ്ങൾ:

 1. ശ്രീജിത്ത്‌ കെ

  ഗന്ധര്‍വ്വന്‍ മനുഷ്യജന്മമെടുത്തതാണ് യേശുദാസ് എന്നാണ് പറയപ്പെടുന്നത് (കടപ്പാട്: നന്ദനം എന്ന സിനിമ). ഒരു ഗന്ധര്‍വ്വനെ പേരു ചൊല്ലി വിളിക്കാനൊക്കുമോ? രമയെപ്പോലെ ഉള്ള ഒരു പൈങ്കിളിപ്പെണ്‍ക്കൊച്ച് ദാസേട്ടന്‍, ദാസമ്മാവന്‍, ദാസപ്പന്‍, ദാസ് ചേട്ടായി (കടപ്പാട്: റിമി ടോമി) എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കാനല്ലേ ശരാശരി മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെടുക. പേരു ചൊല്ലി വിളിക്കുന്നതില്‍ എന്തോ ഒരു സുഖമില്ലായ്മ. നാളെ രമ്യ ശ്രീ. യേശുദാസ്, ശ്രീ. മോഹന്‍ലാല്‍ എന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍ പ്രൊഡ്യൂസര്‍ക്ക് പ്രതിഷേധ കത്തുകളുടെ പ്രളമായിരിക്കും.

  ഓ.ടോ: ചേട്ടാ എന്ന വിളിയില്‍ അനാവശ്യസ്വാതന്ത്ര്യം ഒളിച്ചിരിപ്പുണ്ടോ? ഞാന്‍ സന്തോഷേട്ടന്‍ എന്നോ ശ്രീ. സന്തോഷ് എന്നോ താങ്കളെ വിളിക്കേണ്ടത്?

 2. സന്തോഷ്

  പറയാന്‍ മറന്നു ശ്രീജിത്തേ... ഇത് പ്രശസ്തരായവരെ, അവതാരകര്‍ സ്വന്തമാക്കുന്നതിന്‍റെ അമര്‍ഷം മാത്രമാണ്. ശ്രീ. യേശുദാസ് എന്നൊന്നും വേണ്ട, വെറുതേ യേശുദാസ് എന്നു മാത്രം ധാരാളം.

  പിന്നെ, ചേട്ടാ എന്ന വിളിയില്‍ എല്ലായിടത്തും അനനവശ്യ സ്വാതന്ത്ര്യമാണെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നെ വിളിക്കുന്നത്: ഞാന്‍ പ്രശസ്തനുമല്ല, ശ്രീജിത്ത് അവതാരകനുമല്ല. :) അതിനാല്‍ അതൊരു പ്രശ്നമാണോ!

 3. ശ്രീജിത്ത്‌ കെ

  മലയാളം ടി.വി. ചാനലുകളിലെ അവതാരകരില്‍ താരതമ്യേന ഭേദപ്പെട്ട ഒരുവളാണ് രമ്യ. രമ്യയേക്കാള്‍ നന്നായി പ്രോഗ്രാം അവതരിപ്പിക്കുന്ന എത്ര അവതാരകരുണ്ട്? അയ്യോ! ഇതല്ല നമ്മുടെ വിഷയം എന്ന് ഞാന്‍ മറന്നു.

  രമ്യ യേശുദാസിനെ ദാസേട്ടന്‍ എന്ന് വിളിക്കണമെന്ന് തന്നെയാണ് എന്റെ പക്ഷം. രമ്യ യേശുദാസിനെ പേരു ചൊല്ലി വിളിക്കാന്‍ മാത്രം വളര്‍ന്നോ എന്ന വിമര്‍ശനമായിരിക്കും ഈ ഏട്ടന്‍ വിളി ഒഴിവാക്കിയാല്‍ ലഭിക്കുക. അതെത്ര ഭീകരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ചെറിയ പ്രായം മാത്രം ഉള്ള ഈ അവതാരകര്‍ ഈകാണിക്കുന്നത് മുഴുവനും ഒരു പിള്ളേര് കളി ആണെന്ന് കരുതി പ്രോഗ്രാമിലെ പാട്ടുകളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുകയല്ലേ വിവേചനബുദ്ധിയുള്ള നമ്മള്‍ ചെയ്യേണ്ടത്.

  ഓ.ടോ: എനിക്കേറ്റവും അരോചകമായി തോന്നുന്ന ഏട്ടന്‍ വിളി ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വിളിക്കുന്നതാണ്. പേര് വിളിക്കുമ്പോഴല്ലേ കൂടുതല്‍ അടുപ്പം തോന്നേണ്ടത്? എന്റെ രണ്ടു സഹപാഠികള്‍ പ്രേമിച്ചു വിവാഹം കഴിച്ചതിനുശേഷം, അതുവരെ ഉണ്ടായിരുന്നു പേരു വിളി മാറ്റി ഏട്ടാ വിളി ആക്കിയത് കേള്‍ക്കുമ്പോല്‍ എനിക്ക് ചിരിയോ പുശ്ചമോ വരുന്നത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല.

 4. ദേവന്‍

  ആരെങ്കിലും മന്മോഹന്‍ഭയ്യാ, സോണിയദീദി, ബുഷങ്കിള്‍ എന്നൊക്കെ ഉടനേ വിളിച്ചു തുടങ്ങും.

  പണ്ടൊരിക്കല്‍ ഫാസില്‍ പറഞ്ഞിരുന്നു. അക്ഷരം തിരിയാത്ത സമയത്ത്‌ ഫാസില്‍ ഇക്കാ എന്നു പറയാന്‍ കഴിയാതെ എന്റെ സഹോദരി "പാച്ചിക്കാ" എന്നു വിളിച്ചത്‌ അവള്‍ മുതിര്‍ന്നിട്ടും തുടരുന്നു. ഇതുകേട്ട്‌ എല്ലാവരും ആ വിളി തുടങ്ങി, ഇപ്പോള്‍ വഴിയേ പോകുമ്പോള്‍ ഒരു പരിചയമില്ലാത്തവും ഹായ്‌ പാച്ചിക്ക എന്നാണു വിളിക്കാറ്‌ എന്ന്.

 5. ഗന്ധര്‍വ്വന്‍

  സന്തോഷിന്റെ ചോദ്യങ്ങള്‍ എന്നേയും മതിച്ചിരുന്നതാണ്‌.

  കുപ്പത്തൊട്ടി ആര്‍ട്സ്‌ ഏന്‍ഡ്‌ സ്പ്പോര്‍ട്സിന്റെ വാര്‍ഷികത്തിന്‌ ഡോക്ടര്‍ പശുപതിയില്‍ കല്‍പ്പന ചൊല്ലിയതുപോലെ ഒരു പ്രാര്‍ത്ഥനാഗാനം പാടിയവര്‍ കൂടി ദാസേട്ടന്‍ എന്നു വിളിക്കുന്നു.

  അടുപ്പം കാണിക്കുവാനൊ അതല്ലെങ്കില്‍ അപകര്‍ഷതാബോധംകൊണ്ടൊ ആണിത്‌ എന്നാണെനിക്ക്‌ തോന്നുന്നത്‌.

  എന്തായാലും ഇത്‌ കേള്‍ക്കുമ്പോള്‍ ഒരു അസ്കിത തന്നേയാണുണ്ടാകുന്നത്‌

 6. പെരിങ്ങോടന്‍

  ശ്രീജിത്തേ ഏട്ടാ വിളി മലയാളത്തിന്റെ പൊതു വ്യാകരണത്തില്‍ പെടുന്നതല്ല. കുമാറിനെ തിരുവനന്തപുരത്താരെങ്കിലും കുമാരേട്ടന്‍ എന്നു വിളിക്കുന്നുണ്ടാകുമോ? ദക്ഷിണമലബാറിലൊഴികെ വേറെയിടങ്ങളില്‍ ഏട്ടന്‍ എന്ന വിളിയുണ്ടോ? ചേട്ടന്‍, അണ്ണന്‍ എന്നിവയല്ലേയുള്ളൂ. മലബാറിലും മദ്ധ്യകേരളത്തിലും ഏട്ടന്‍ എന്ന വാക്ക് വയസ്സിനു മുതിര്‍ന്ന പുരുഷന്മാരെ ബഹുമാനത്തോടെ വിളിക്കുന്ന പേരാണു്, ഭര്‍ത്താവ് വയസ്സിനു മുതിര്‍ന്നതാണെങ്കില്‍ ഏട്ടാ എന്ന വിളിയിലൂടെ അത് പ്രകടിപ്പിക്കുന്നു എന്നു മാത്രം. കുറേകൂടി ഗഹനമായി നിരീക്ഷിച്ചാല്‍ മുറചെക്കന്മാരെ ഏട്ടനെന്നു വിളിച്ചു ശീലിച്ചു കല്യാണത്തിനു ശേഷം ആ വിളി തുടര്‍ന്നതും പിന്നെയതു വ്യാപകമായതുമാകാം. ഇതില്‍ പുച്ഛിക്കാനോ ചിരിക്കാനോ എന്തെങ്കിലുമുണ്ടോ? എന്നാല്‍ തിരുവനന്തപുരത്തും കണ്ണൂരും പോയാല്‍ പാലക്കാട്ടുകാരനും തൃശൂര്‍കാരനും അറച്ചിട്ട് ഒരു ദിവസം ചോറുണ്ണാതെയിരിക്കുമല്ലോ.

  സന്തോഷേ, ലാല്‍ എന്നോ ദാസ് എന്നോ ബഹുമാനത്തോടെ ചുരുക്കിവിശേഷിപ്പിക്കാവുന്നതാണു ലാലേട്ടനിലും ദാസേട്ടനിലും എത്തി നില്‍ക്കുന്നതു്. ഓച്ഛാനിച്ചു നില്‍ക്കുന്നവരുടെ മുഖഭാവമാണ് ഇത്തരം അവതാരകര്‍ക്കുള്ളതെന്നും പറയാതെ വയ്യ. രമ്യയുടെ ഏട്ടന്‍ വിളി സഹിച്ചാലും അവള്‍ റ്റീവിയില്‍ നടത്തുന്ന ‘മോള്‍’-വല്‍ക്കരണം എങ്ങിനെ സഹിക്കുന്നു സന്തോഷേ? പ്രൈവസിയെ കുറിച്ചു ജാഗരൂഗരായ മലയാളി ഒരു ഫോണ്‍‌ലൈനിനപ്പുറം എന്തുമാത്രം ഷോ-ഓഫ് ചെയ്യുന്നു എന്നറിയണമെങ്കില്‍ റ്റീവി കണ്ടാല്‍ മത്രി. സ്വകാര്യവിശേഷങ്ങളില്‍ നിന്നും കൊച്ചുവര്‍ത്തമാനങ്ങളില്‍ നിന്നും മലയാളം ചാനലുകള്‍ കരകയറുമെന്നുതന്നെ തോന്നുന്നില്ല.

 7. ദില്‍ബാസുരന്‍

  ആരും രമ്യയെ കുറ്റം പറയരുത്! പ്ലീസ്... ശ്രീജിത്തിന് നോവും. (മ്വോനേ.. നെന്റെ ഏനക്കേട് എനിക്ക് മനസ്സിലായി) ;-)

  പിന്നെ കല്ല്യാണം കഴിഞ്ഞുള്ള ഏട്ടാ വിളി രസകരം തന്നെ. (ഓടോ: ഡാ ദില്‍ബാ എന്ന വിളി തന്നെയോ ദില്‍ബേട്ടാ എന്ന വിളിയേക്കാള്‍ മെച്ചം? കണ്‍ഫ്യൂഷനായല്ലോ...)

 8. ശ്രീജിത്ത്‌ കെ

  ദില്‍ബൂ, നിന്റെ ഊഹം കുറേയൊക്കെ ശരിതന്നെ. രമ്യയുടെ സൌന്ദര്യത്തിന്റെ ആരാധകന്‍ തന്നെ ഞാന്‍. പക്ഷെ ഇവിടെ വാദിച്ചത് അതുകൊണ്ടൊന്നുമല്ല, വിശ്വസിക്കൂ ;)

  മറ്റൊരു ചാനലില്‍ നാഷ് എന്നൊരു ആവതാരകന്‍ ഉണ്ട്. കൂടെയുള്ള അവതാരിക ഇവനെ നാഷേട്ടാ, നാഷേട്ടാ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോഴുണ്ടാകുന്ന അലോസരം ഒന്നും രമ്യ ദാസേട്ടാ എന്ന് വിളിക്കുമ്പോള്‍ തോന്നാറില്ല. വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ദാസേട്ടന്‍ എന്ന് പറയുന്നതിനെ എതിര്‍ക്കാം, പക്ഷെ വെറും പൈങ്കിളി കൊച്ചുവര്‍ത്തമാനം പറയുന്ന ഫോണ്‍ വിളി പരിപാടിയില്‍ ദാസേട്ടന്‍ എന്ന വിളി അത്രയ്ക്ക് മോശമാണോ? അടുപ്പമുള്ളവര്‍ മാത്രമേ ദാസേട്ടന്‍ എന്ന് വിളിക്കാവൂ എന്ന് പറയുന്നതിനോട് യോജിപ്പില്ല. എന്നാലും ഉള്ളത് പറയാമല്ലോ, ഞാനാണ് ആ പരിപാടി അവതരിപ്പിക്കുന്നതെങ്കില്‍ എന്ത് വിളിക്കുമെന്ന് ആലോചിച്ചപ്പോള്‍ കണ്‍ഫ്യൂഷനിലായി.

 9. ആനക്കൂടന്‍

  ഏട്ടാ വിളികള്‍ ഓവറാകുമ്പോഴാണ് പ്രശ്നം. മമ്മൂട്ടിയിലെ നടനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കില്‍ മമ്മൂട്ടി എന്ന് തന്നെ വിളിച്ചാല്‍ മതി. അതേ പോലെ തന്നെയാണ് യേശുദാസിന്റെ കാര്യത്തിലും. മറ്റ് വിളികള്‍ സന്തോഷ് പറയുന്നതു പോലെ മറ്റാരെങ്കിലും വിളിക്കുന്ന ലൈസന്‍സുപയോഗിച്ചുള്ള സ്വന്തമാക്കലാണ്.

 10. അലിഫ് /alif

  സന്തോഷ്, ഒരു ഓഫടിച്ചോട്ടേ;
  പോസ്റ്റിന്റെ അവസാനത്തെ വരിയില്‍ “കുറിപ്പ്: രമ്യ സൂര്യ റ്റി. വി. യില്‍ മ്യൂസിക് മൊമന്‍റ്സ് എന്ന പരിപാടിയുടെ അവതാരികയാണ്“ എന്നു കാണുന്നു. ‘അവതാരിക‘യാണോ ‘അവതാരക‘ യാണോ ശരി?

 11. ആനക്കൂടന്‍

  ശരിയാണല്ലോ സന്തോഷ്ജി; അവതാരികയല്ല അവതാരകയാണ് ശരി. അവതാരിക എന്നാല്‍ പുസ്തകത്തില്‍ ആമുഖമായി എഴുതുന്നതിനെ പറയുന്നതല്ലെ.

 12. ചില നേരത്ത്..

  രമ്യയുടെ മോളെ/മോനെ വിളി അസഹനീയം തന്നെയാണ്. അപ്പോ ചൊറിഞ്ഞിരുന്നത് എനിക്ക് മാത്രമായിരുന്നില്ല. സന്തോഷ്ജീ നല്ല ലേഖനം

 13. Satheesh :: സതീഷ്

  സന്തോഷ്, നല്ല ലേഖനം. പലപ്പോഴും പലരോടും ഇതേ വിഷയം ഞാന്‍ സംസാരിച്ചിട്ടുണ്ട്.
  ഇതില്‍ സന്തോഷ് പറഞ്ഞ ഒരു കാര്യം, ശ്രീജിത്ത് സൌകര്യപൂര്‍വം മറന്നതായി തോന്നി..മോഹന്‍ലാലിനെ ലാ‍ലേട്ടനാക്കുന്ന ഇവര്‍ക്കെന്തേ അതേ വായില്‍ ഇന്നസെന്റേട്ടന്‍(!) വരാത്തത്! (അല്ല, അതു വരാത്തതു തന്നെയാ നല്ലതും!).
  ഇതിനിടെ വിജയന്മാഷ് എഴുതിക്കണ്ടു ”ഇനി നമ്മുക്കൊരു പ്രശസ്ത ഗാനം കാണാം എന്ന് അവതാരക പറയുമ്പോള്‍ ഒരു തരം ഓക്കാനം വരും കാണുന്നവര്‍ക്ക് ന്ന്!
  എന്തോ ഏഷ്യാനെറ്റൊഴികെ ബാക്കിയുള്ള ചാനലുകളൊന്നും അനുഗ്രഹിച്ചിട്ടില്ലാത്ത സിംഗപ്പൂരിലിരുന്ന് സൂര്യ ടിവിയിലെ രമ്യയെ പറ്റി പറയുന്നത് ശരിയല്ലാത്തത് കൊണ്ട് അതു വിടുന്നു! :-)

 14. ബിന്ദു

  സന്തോഷ് പറഞ്ഞതു തന്നെയാണ് എനിക്കും തോന്നുന്നത്.( ഈ പ്രോഗ്രാം കണ്ടിട്ടില്ല ഇതു വരെ)
  ‘എന്‍ പ്രാ‍ണനായകനെ എന്തു വിളിക്കും... എങ്ങനെ ഞാന്‍ നാവു കൊണ്ട് പേരു വിളിക്കും?...’ എന്നൊരു ശങ്ക മൂലമാവും ശ്രീജിത്തേ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചേട്ടാ എന്ന് വിളിക്കുന്നത്.;)

 15. സന്തോഷ്

  അവതാരിക എന്ന തെറ്റ് അവതാരക എന്ന് തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചവര്‍ക്ക് വളരെ നന്ദി.

  കാണാന്‍ കൊള്ളാമെങ്കില്‍ എന്തുമാവാം എന്ന തത്വം കോളജ് വിട്ട് കഴിഞ്ഞാല്‍ ഉപേക്ഷിക്കാം എന്ന് തോന്നുന്നു:)

  പെരിങ്ങോടന്‍ പറഞ്ഞതു പോലെ, രമ്യയുടെ ‘മോളേ’ വിളിയും കൊഞ്ചലും അസഹനീയം.

  “രമ്യയേക്കാള്‍ നന്നായി പ്രോഗ്രാം അവതരിപ്പിക്കുന്ന എത്ര അവതാരകരുണ്ട്?” എന്‍റെ അഭിപ്രായത്തില്‍ സിംഗ് ആന്‍ഡ് വിന്‍ അവതരിപ്പിക്കുന്ന സുമി എത്ര മെച്ചം.

  അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി.

 16. ശ്രീജിത്ത്‌ കെ

  സതീശേ(ട്ടാ), ലാലിനെ ലാലേട്ടനാക്കുന്ന രമ്യ ഇന്നസെന്റിനെ ഇന്നസെന്റേട്ടാനാക്കാറുമുണ്ട്. പ്രായത്തില്‍ മൂത്ത ഒരാളെയും ഏട്ടന്‍ വിളി ഇല്ലാതെ രമ്യ അഭിസംബോധന ചെയ്യാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങിനെ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു വിനയം കാണിക്കല്‍ രമ്യ മനപ്പൂര്‍വ്വം ചെയ്യുന്നതാണോ എന്നറിയില്ല, പക്ഷെ ഒരു അവതാരിക എന്ന നിലയില്‍ അത് ചെയ്തേ മതിയാകൂ.

  രമ്യ ഏറ്റവും മികച്ച അവതാരിക എന്ന്‍ അബദ്ധവശാല്‍ പോലും ഞാന്‍ പറഞ്ഞിട്ടില്ല. രമ്യയേക്കാള്‍ നല്ലതെന്ന് പറയാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കം എന്നേ എനിക്കഭിപ്രായമുള്ളൂ. സരിത, നിമ്മി എന്നിങ്ങനെ നല്ല നിലവാരം പുലര്‍ത്തുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ടാ ഫോണ്‍-ഇന്‍ പരിപാടി അവതാരകന്‍ ചലച്ചിത്ര നടന്‍ ജയസൂര്യ ആണ്. എ.സി.വി-യില്‍ ഇപ്പോഴും ജയസൂര്യ പരിപാടി അവതരിപ്പിക്കാറുണ്ടോ എന്ന് എനിക്കറിയില്ല.

 17. ഉത്സവം : Ulsavam

  സന്തോഷ് പറഞ്ഞത് ശരിയാണ്‍.
  ശ്രീജിത്തെ ഇവിടെ വ്യക്തിഹത്യയല്ല സന്തോഷ് ഉദ്ദേശിച്ചത്. ഇന്ന് ചാനലുകളില്‍ കാണുന്ന "കൊഞ്ചല്‍ സംസ്ക്കാരം" അതിന്റെ ഒരു വശം സന്തോഷ് പറഞ്ഞുവെന്നെ ഉള്ളൂ. കിരണ്‍ ടീവി (സൂര്യയുടെ തന്നെ മറ്റൊരു വധം)എന്ന ചാനല്‍ ഈ സംസ്ക്കാരം വളര്‍ത്താന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഫോണ്‍ ഇന്‍ പരിപാടികള്‍ തന്നെയാണ്‍ പ്രധാന വില്ലന്മ്മാര്‍. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ലൈനിലാണ്‍ സംസാരം. ചുമ്മാ കേറി മോനെ മോളേ എന്നൊക്കെ വിളിച്ച് വിളിക്കുന്നയാളുടെ വീട്ടിലെ പട്ടിയുടെ പേരും,കിണറിന്റെ താഴ്ചയുമൊക്കെ ചോദിച്ച് അവസാനം ഇത്രേ നേരം ഇതു സഹിച്ചതല്ലെ എന്ന മട്ടില്‍ നമുക്ക് ഒരു പാട്ടോ മറ്റോ വച്ച് തരും.
  ഫോണ്‍ വഴിയുള്ള പെങ്കൊച്ചുങ്ങളുടെ കൊഞ്ചലും തുള്ളലും പോരാഞ്ഞിട്ടണെന്നു തോന്നുന്നു, SMSകള്‍ എഴുതിക്കാണിക്കുന്ന ഒരു പരിപാടി തുടങ്ങിയത്. മോളെ...,ചക്കരേ ഉമ്മ.. മുതലായവ വായിക്കുമ്പോള്‍ നാട്ടിലെ യുവതീയുവാക്കളുടെ പ്രേമക്കൂത്ത് കാണാനാണോ ഈ പെട്ടി വാങ്ങി വച്ചിരിക്കുന്നത് എന്ന് തോന്നും. ഇന്ന് വീട്ടിലെ അക്ഷരം പഠിച്ച് വരുന്ന കൊച്ചുകുട്ടികള്‍ വരെ ഇതു വായിച്ചാണ്‍ വളരുന്നത്.ഈ വക താന്തോന്നിത്തരങ്ങള്‍ കാണുമ്പോള്‍ ടിവീ അങ്ങ് തല്ലിപ്പൊളിയ്ക്കാന്‍ തോന്നും.

 18. മുന്ന

  ശ്രീജിയേ നീ വീണ്ടും എഴുതി അവതാരിക എന്ന്..തൊട്ടു മുകളില്‍ പച്ച മലയാളത്തില്‍ കാണുന്നില്ലേ അത്‌ തെറ്റാണെന്ന്.
  അവതാരക
  അവതാരക

  ഇനി അവതാരക എന്ന് 15 പ്രാവശ്യം ഇമ്പോസിഷന്‍ എഴുതിയിട്ട്‌ ക്ലാസില്‍ വന്നാ മതി

  സന്തോഷേട്ടാ പോസ്റ്റ്‌ കാലിക പ്രസക്തം

 19. അഗ്രജന്‍

  വളരെ നല്ല ലേഖനം സന്തോഷ് ഭായ്...

  ചില അവതാരങ്ങള്‍ അവതാരകരാകുമ്പോള്‍ നമുക്ക് നഷ്ടപ്പെടാന്‍ റിമോട്ടിലൊരു ഞെക്കല്‍ മാത്രം :)

 20. Peelikkutty!!!!!

  സന്തോഷേട്ടാ ഒരു കാര്യം വിട്ടു....രമ്യയുടെ അമ്മേ...അമ്മേ ന്നുള്ള വിളി!!!

 21. പുള്ളി

  സന്തോഷ്, ആളുകള്‍ എന്തെങ്കിലുമൊക്കെ വിളിയ്ക്കട്ടേന്നേയ്...
  അതൊക്കെ വിശാലനേയും ഉമേഷിനേയും മറ്റും ഗുരുവേ എന്നു ചേര്‍ത്തു വിളിയ്ക്കുന്നപോലെ കണ്ടാല്‍ പോരേ?
  അല്ലെങ്കില്‍ തമിഴന്മാരെപ്പൊലെ സാര്‍ വിളി ചേര്‍ക്കാം. പക്ഷേ കേള്‍ക്കാന്‍ സുഖം വല്ലാതെ മുഴച്ചുനില്ക്കാത്ത ഏട്ടന്‍ ചേര്‍ത്തു വിളിയ്ക്കുന്നതല്ലേ?
  ബാപ്പൂ എല്ലാവരുടേയും അഛനല്ലല്ലോ, മുന്നാഭായീ ആരുടേയും നേരാങ്ങളയും...

 22. സരയൂ

  എന്റെ മനസ്സില്‍ തോന്നിയ ഒരു കൊച്ചു കാര്യം പറഞ്ഞോട്ടെ..മനുഷ്യജന്മമെടുത്ത ഒരു ഗന്ധര്‍വന്‍ നമ്മുടെ നാട്ടില്‍ ജന്മമെടുത്തു.നമ്മള്‍ മലയാളികളുടെ സ്വന്തമല്ലെ അദ്ദേഹം?നമുക്കല്ലെ അദ്ദേഹത്തെ ഇങ്ങനെ വിളിക്കാനുള്ള സ്വാതന്ത്രമുള്ളു?

 23. കണ്ണൂസ്‌

  റഫിയും, എസ്‌.പി.ബാലസുബ്രഹ്‌മണ്യവുമൊക്കെ അതുപോലെയോ അതില്‍ക്കൂടുതലോ കഴിവുള്ള ഗന്ധര്‍വന്‍മാരല്ലേ? അവരെ ആരും റഫി ഭയ്യ, ബാലുവണ്ണ എന്നൊന്നും വിളിക്കുന്നില്ലല്ലോ.

  മമ്മൂട്ടിയേ ഭാര്യ "ഇച്ചാക്ക" എന്നാണത്രേ വിളിക്കുക. അതുകൊണ്ട്‌, കുറേക്കാലം നമ്മുടെ പത്രങ്ങളും ഇച്ചാക്ക എന്നായിരുന്നു എഴുതിയിരുന്നത്‌, തരം കിട്ടുമ്പോഴൊക്കെ. :-)

  ഇത്‌ അവതാരകര്‍ക്കു മാത്രമുള്ള പ്രശ്നമല്ല. ഇതേ രമ്യയേയും, രേഖാ നായരേയും, രാജശ്രീ വാര്യരേയുമൊക്കെ കുടുംബാംഗങ്ങളായിട്ടാണ്‌ പ്രേക്ഷകരും കണക്കാക്കുന്നതെന്ന് തോന്നും ചില പ്രതികരണങ്ങള്‍ കണ്ടാല്‍. സന്തോഷ്‌ പാലി ആനിനെ കല്ല്യാണം കഴിച്ചപ്പോള്‍, അതിന്റെ അന്തര്‍നാടകങ്ങളുടെ വിശദവിവരങ്ങള്‍ കിട്ടാഞ്ഞിട്ട്‌ ഇരിക്കപ്പൊറുതി ഇല്ലായിരുന്നു കുറേ കൈരളി പ്രേക്ഷകര്‍ക്ക്‌ കുറച്ചുകാലം.

  ഇത്‌ ഒരു ഇന്‍വോള്‍വ്‌മെന്റിന്റെ പ്രശ്നമാണെന്ന് തോന്നുന്നു. പുള്ളി പറഞ്ഞപോലെ നിരുപദ്രവമാണിത്‌. പക്ഷേ, തീര്‍ച്ചയായും സരയു പറയുന്ന പോലെ ഒരവകാശമല്ല. ടി.വി./ റേഡിയോ അവതാരകര്‍ പോലുള്ളവര്‍ ചെറിയ ഒരതിര്‍ വരമ്പിടുന്നതു തന്നെയാണ്‌ പ്രൊഫഷണലിസം.

  ചന്തൂ, രമേഷേ ഒന്നും പറയാനില്ലേ? :-)

 24. Thulasi

  “സ്വകാര്യവിശേഷങ്ങളില്‍ നിന്നും കൊച്ചുവര്‍ത്തമാനങ്ങളില്‍ നിന്നും മലയാളം ചാനലുകള്‍ കരകയറുമെന്നുതന്നെ തോന്നുന്നില്ല“
  പെരിങ്സിനോട് വൊയോജിപ്പുണ്ട്.

  മോചിത
  കഴിഞ്ഞ വര്‍ഷത്തെ മികച്ച അവതാരകയ്ക്കുള്ള സംസ്ഥാന ഗവ അവാര്‍ഡ് ജേതാവ്. കേരളത്തിലെ ചരിത്ര പസിദ്ധമായ സ്ഥലങ്ങളില്‍ നിന്നും, ക്ഷേത്രങ്ങളില്‍ നിന്നും അമൃത ടി.വി ക്കു വേണ്ടി ഉദയാമൃതം എന്ന പരിപാടി അവതരിപ്പിക്കുന്നു.ഉദയമൃതം ഇപ്പോള്‍ ഗാന്ധിജിയുടെ പൊര്‍ബന്തറിലാണ്.

  സനല്‍ പോറ്റി
  ജീവന്‍ ടി.വി യിലെ ‘ശുഭരാത്രി’ യുടെ അവതാരകന്‍.ഒരിക്കല്‍ ഫോട്ട് കൊച്ചിയില്‍ ഹെയര്‍ കട്ടിങ് സലൂണ്‍ നറ്റത്തുന്ന ഒരു ഗായകനെ ശുഭ്രാത്രീയില്‍ സനല്‍ പരിജയപ്പെടുത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ അദ്ദേഹത്തിന്റെ സലൂണിന്‍ നിന്നും ലൈവായി.മന്നാദെയുടെ പാട്ടുകളെക്കുറിച്ച് ഞാന്‍ ശരിക്കും അറിഞ്ഞത് അന്നാണ്.

  സിദ്ദിഖ്
  അമൃതയിലെ സമാഗമം പരിപാടിയുടെ അവതാരകന്‍.ജയചന്ദ്രന്റെ പാട്ടുകള്‍ കലാമന്‍ഡലം ഹൈദരലി പാടുന്നത് കെള്‍ക്കാന്‍ അവസരം ഉണ്ടാക്കിയത് സിദ്ദിഖ് ആണ്. കാവലത്തെ മുന്നിലിരുത്തി ശ്രീകുമാറിനെകൊണ്ടും നെടുമുടിയെകൊണ്ടും പാട്ടുപാടിപ്പിച്ചതും സിദ്ദിഖ് തന്നെ.

  രവി മേനോന്‍
  ഇന്ത്യന്‍ സംഗീത പ്രതിഭകളെ പരിജയപ്പെടുത്തുന്ന അമൃതയിലെ അന്‍ഞലി എന്ന പരിപാറടിയുടെ അവതാരകന്‍.

  സന്തോഷേ,
  ഒരു കുടുസു മുറിയും, ഒരു ടെലിഫോണ്‍ കണക്ഷനും പിന്നെ കൊഞ്ചിക്കുഴയുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായാല്‍ ഒരു മലയാളം ചാനല്‍ തുടങ്ങാം പോലും :D

 25. Kiranz..!!

  ദാസേട്ടന്‍,ലാലേട്ടന്‍ എന്നൊക്കെ വിളിക്കുന്നത് ആ പേര് വിളിക്കാന്‍ അനുയോജ്യമായതു കൊണ്ട് തന്നെ..ഇതില്‍ സ്വന്തമാക്കുന്നതിന്റെയോ,അനാവശ്യസ്വാതന്ത്ര്യത്തിന്റെയോ രീതികള്‍ ഒളിച്ചിരിക്കുന്നതായി തോന്നുന്നില്ല..!
  ടി വി അവതാരകര്‍,പ്രത്യേകമായി ഇതിനൊക്കെ വാക്കുകള്‍ കണ്ട് പിടിച്ചു അച്ചടി ഭാഷയില്‍ സംസാരിക്കണമെന്ന് പറഞാ‍ല്‍ ,ഇങനെയുള്ള പൈങ്കിളി പരിപാടികള്‍ അവയുടെ മാര്‍ഗ്ഗം വിട്ടു സഞ്ചരിക്കേണ്ടി വരും..!

  എല്ലാ ചാനലും ഇപ്പൊ ദൂരദര്‍ശന്‍ ആവാന്‍ പറ്റുമോ ?

 26. സന്തോഷ്

  ദേവഗുരു എന്നൊക്കെ നമ്മള്‍ ബ്ലോഗ് എഴൂത്തുകാരോ, സ്ഥിരം വായനക്കാരോ വിളിക്കുന്നതില്‍ തെറ്റില്ല. ബ്ലോഗിനെക്കുറിച്ചും ബ്ലോഗര്‍മാരെക്കുറിച്ചുമുള്ള പത്ര വാര്‍ത്തയിലോ റ്റി. വി. പരിപാടിയിലോ ലേഖകനോ അവതാരകരോ അങ്ങനെ പറയുമ്പോഴുള്ള അനൌചിത്യം അസഹനീയമായിരിക്കും.

  “ദേവനെ, മറ്റു ബ്ലോഗര്‍മാരും സ്ഥിരവായനക്കാരും ദേവഗുരു എന്നാണ് വിളിക്കുന്നത്” എന്നായാല്‍ ആ സ്വന്തമാക്കല്‍ മാറിക്കിട്ടും.

  അതുപോലെ, പദ്മശ്രീ. ഡോ. കെ. ജെ. യേശുദാസ് എന്ന് എല്ലാരും പറയണമെന്ന് ഞാന്‍ ശഠിച്ചിട്ടില്ല. കഴിവനുസരിച്ച് മാത്രമേ ബഹുമാനിക്കൂ എന്നാവാന്‍ പാടില്ലല്ലോ. ജയചന്ദ്രന്‍ എന്താണ് ജയേട്ടനാവാത്തത്?കഴിവില്ലാത്തതിനാലാവാന്‍ വഴിയില്ല. കണ്ണൂസ് പറഞ്ഞതില്‍ കാര്യമുണ്ട്: പ്രൊഫഷണലിസത്തിന്‍റെ അഭാവം.

  തുളസീ, കൈരളിയും സൂര്യയും മാത്രമേ കാണാന്‍ കിട്ടാറുള്ളൂ എന്നതിനാല്‍ പല നല്ല അവാതാരകരേയും കാണാനുള്ള അവസരമില്ല എന്ന് ഇപ്പോള്‍ മനസ്സിലായി.

  കിരണ്‍സ്, എല്ലാ ചാനലും ദൂരദര്‍ശനാവാന്‍ പറ്റില്ല,ആവുകയുമരുത്.

  ശ്രീജിത്ത്, ദേവന്‍, ഗന്ധര്‍വന്‍, പെരിങ്ങോടന്‍, ദില്‍ബന്‍, ആനക്കൂടന്‍, ചെണ്ടക്കാരന്‍, ഇബ്രു, സതീഷ്, ബിന്ദു, ഉത്സവം, മുന്ന,അഗ്രജന്‍, പീലിക്കുട്ടി, പുള്ളി, സരയൂ, കണ്ണൂസ്, തുളസി, കിരണ്‍സ്: എല്ലാര്‍ക്കും നന്ദി.

  എല്ലാര്‍ക്കും വീണ്ടും നന്ദി.

 27. വിശാല മനസ്കന്‍

  രമ്യ, മറ്റാരെയും ചേട്ടാന്ന് വിളിക്കുന്നതില്‍ എനിക്കും ഒട്ടും താല്പര്യം ഇല്ല!

 28. പാപ്പാന്‍‌/mahout

  രമ്യ, ദീപ മുതലായവരുടെ അവതരണം കാണുമ്പോള്‍ എനിക്കും ചൊറിഞ്ഞുവരും, അതുകൊണ്ട് അവരുടെ പരിപാടികള്‍ അധികം കണ്ടിട്ടില്ല. പക്ഷേ സന്തോഷ് പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ യോജിക്കുന്നു - “സിങ്ങ് ആന്‍ഡ് വിന്‍” വളരെ നന്നായിട്ട് അവതരിപ്പിക്കപ്പെടുന്ന ഒരു ഇനമാണ്. വളരെ സ്വാഭാവികമായ പ്രതികരണങ്ങള്‍, വളരെ നല്ല ‘സെന്‍‌സ് ഓഫ് ഹ്യൂമര്‍‘, അവതാരകര്‍ തമ്മിലുള്ള നല്ല പൊരുത്തം -- ആകപ്പാടെ കൊള്ളാം. ഇവിടെ രാവേറെച്ചെല്ലുമ്പോഴാണ്‍ അതു വരുന്നതെങ്കിലും ഞാന്‍ ചിലപ്പോളിരുന്നു കാണാറുണ്ട്.

 29. Anonymous

  Mohan Lal pala cheruppakarkkum, cheruppakarikalkkum ettan thanney aanu. Mohan Lal ine Lalettan ennallathey keralathile 90% cheruppakarum vilikkarilla. Prayamayavaril athayathu Mohan Lal inekkalum prayam koodiya alukal Lalettan ennu vilikkunnathu njan keettittundu. prayamaya Ammamar Lal Mone ennu vilikkunnathu ethrayoo pravasyam njan keettittundu. Pretty much they feel a closeness to a person when they call them with respect or love. athu pooley thanney Yesu Dasiney Dasetta ennu vilikkunnathilum oru kuzhappavum illa. To many people he is a saviour because his music just takes aways lots of problem in their life.

  Appaney aarum daa ennu vilikkarillallo.

 30. deepam

  മാഷെ, ഞാന്‍ ബ്ലൊഗിലെ പുതിയൊരഗം ആണ്. വായന തുടങ്ങിയതേ ഉള്ളു. വായിച്ചതെല്ലാം കെങ്കേമം. കൂടുതല്‍ അഭിപ്രായങ്ങള്‍ പ്ന്നീട പറയാം.