ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, November 29, 2006

കാരുണ്യവാനായ അപരിചിതന്‍

ഏകദേശം ഒരു മാസത്തോളമായി ശ്രീ. റ്റി. പദ്മനാഭന്‍റെ പള്ളിക്കുന്ന് എന്ന ലേഖന സമാഹാരം വായിക്കാന്‍ തുടങ്ങിയിട്ട്. വെറും നൂറ്റിയെണ്‍പത്തി മൂന്നു പേജു മാത്രമുള്ള ഈ പുസ്തകം രണ്ടാഴ്ച കൊണ്ട് വായിച്ചെടുക്കാമെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. ഓഫീസ് പണിക്ക് ഡെഡ് ലൈന്‍ ഉള്ളതിനാലും പുസ്തകവായനയ്ക്ക് അതില്ലാത്തതിനാലും ഇനിയും പള്ളിക്കുന്ന് വായിച്ചു തീര്‍ന്നിട്ടില്ല.

അധികം ആലോചനയൊന്നും കൂടാതെ വെറുതെ വായിച്ചുപോകാവുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. ‘അനുഭവങ്ങളുടെ സംഗീതം’ എന്ന ലേഖനം ഓര്‍മകള്‍ പരതുവാന്‍ എന്നെ നിര്‍ബന്ധിതനാക്കി. ലേഖനത്തിന്‍റെ തുടക്കത്തില്‍, ശ്രീ. പദ്മനാഭന്‍, തന്‍റെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനായ റ്റെന്നസ്സി വില്യംസിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ‘എ സ്ട്രീറ്റ് ഖാര്‍ നേയ്മ്ഡ് ഡിസയര്‍’ എന്ന നാടകത്തിലെ കഥാപാത്രമായ Blanche Du Bois പറയുന്ന ഒരു വാചകത്തിലൂടെ താന്‍ എങ്ങനെയാണ് ജീവിതത്തിന്‍റെ ഉദാത്ത സംഗീതം ശ്രവിച്ചത് എന്നും പറയുന്നുണ്ട്.

ലേഖനത്തില്‍‍ നിന്ന്:
അവര്‍ നല്ല ഗൃഹനാഥയാണ്. സംസ്കൃത ചിത്തയും സംസ്കാര സമ്പന്നയും. ആ സ്ത്രീയെ മൃഗസമാനനായ ഭര്‍ത്താവും അവന്‍റെ കൂട്ടുകാരും കൂടി ഭ്രാന്തിലേക്കെത്തിക്കുകയാണ്. അവസാനം ആ സ്ത്രീയെ മാനസികരോഗാശുപത്രിയില്‍ കൊണ്ടുപോകുന്ന സന്ദര്‍ഭം. അതിനായി ഡോക്ടര്‍ എത്തുമ്പോള്‍ മുറിവേറ്റ ഒരു സിംഹിയെപ്പോലെ അവര്‍ തടുക്കുന്നു. ഒടുവില്‍ ഒരു കറുത്ത നഴ്സ് എത്തി. ആ നഴ്സ് കൈകൊണ്ടു കുറച്ചുനേരം അവരെ മെല്ലെ അങ്ങനെ തൊട്ടുനിന്നു. അന്നേരംതന്നെ ആ സ്ത്രീയില്‍ വല്ലാത്ത മാറ്റമുണ്ടാവുന്നുണ്ട്. തുടര്‍ന്ന് നഴ്സ് ‘വരൂ’ എന്ന് പറയുമ്പോള്‍ ഒരക്ഷരം എതിര്‍ക്കാതെ അവര്‍ ആംബുലന്‍സില്‍ കയറുകയാണ്. അപ്പോള്‍ Blanche Du Bois പറയുന്ന ഒരു വാചകമുണ്ട്: “Whoever you are, I have always depended on the kindness of strangers.” എന്തൊരു വാചകം!

റ്റെന്നസ്സി വില്യംസിന്‍റെ ഇന്‍റര്‍വ്യൂ ‘റ്റൈം’ മാഗസിനില്‍ വായിച്ചതിനെത്തുടര്‍ന്ന്, ആ ഇന്‍റര്‍വ്യൂവിനെക്കുറിച്ചുള്ള പ്രതികരണമായി ഇതേ വാചകം പദ്മനാഭനും റ്റെന്നസ്സി വില്യംസും (പരസ്പരം അറിയാതെ) ഉപയോഗിച്ചതും മറ്റും പദ്മനാഭന്‍ ലേഖനത്തിന്‍ വിവരിക്കുന്നുണ്ട്. പദ്മനാഭന്‍റെ മറ്റെല്ലാ കൃതികളും വായിച്ചിട്ടുണ്ട്, എന്നാല്‍ ഇത് വായിച്ചിട്ടില്ല എന്നുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ഇതാ പുസ്തകത്തിന്‍റെ വിശദാംശങ്ങള്‍: പള്ളിക്കുന്ന് (ലേഖനങ്ങള്‍), വിതരണം: ഗ്രീന്‍ ബുക്സ്, ISBN: 81-88582-29-8, വില: 95 രൂപ.

‘അപരിചിതരുടെ കാരുണ്യം ഞാന്‍ എപ്പോഴും ആശ്രയിച്ചിട്ടുണ്ട്’ എന്ന വാചകത്തെക്കുറിച്ചാണ് ഞാന്‍ ചിന്താധീനനായത്. എനിക്കു പരിചയമില്ലാത്തവര്‍ എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെന്ന് തീര്‍ച്ച. എന്നാല്‍ അവയിലൊന്നുപോലും എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് തെല്ലദ്ഭുതത്തോടെയെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു. മനുഷ്യന്‍ ഒരു സമൂഹജീവിയാകയാല്‍, തനിക്കു ചുറ്റും നടക്കുന്ന, തന്‍റെ സഹായമര്‍ഹിക്കുന്ന സംഭവങ്ങളോട് സഹാനുഭൂതിയോടുകൂടി പ്രതികരിക്കുക അസ്വാഭാവികമോ കരുണയുടെ പ്രകടനമോ ആണെന്നു കരുതുക വയ്യ. (ഏതെങ്കിലും കാരണത്താല്‍ അങ്ങനെ ചെയ്യാത്തവരെ ക്രൂരന്മാരെന്നും മനസ്സാക്ഷിയില്ലാത്തവരെന്നും നാം എളുപ്പത്തില്‍ പേരിട്ടുവിളിക്കുമെങ്കിലും.)

ഏകദേശം ഒരു മാസം മുമ്പ് എ. ബി. സി. ചാനലിലോ മറ്റോ കണ്ട ഒരു പരിപാടിയും ഓര്‍മ വന്നു. കൈ നിറയെ പുസ്തകങ്ങളുമായി ഒരു സുന്ദരിയെയും സൌന്ദര്യം തെല്ലുകുറഞ്ഞ ഒരുവളെയും ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഇന്‍റര്‍സെക്ഷനില്‍ നിര്‍ത്തി. സുന്ദരിയെ സഹായിക്കാന്‍ എത്ര പേരാണെന്നോ സന്നദ്ധരായെത്തിയത്! ചിലര്‍ പുസ്തകങ്ങള്‍ താങ്ങി അവള്‍ക്ക് പോകേണ്ടിടത്തെത്തിക്കാന്‍ തയ്യാറാവുന്നു, ചിലര്‍ അവള്‍ക്ക് ഒരു സഞ്ചികൊണ്ടെത്തിക്കുന്നു, മറ്റു ചിലര്‍ “എന്തു സഹായം വേണമെങ്കിലും” വാഗ്ദാനം ചെയ്യുന്നു. സൌന്ദര്യം കുറഞ്ഞവളെ സഹായിക്കാന്‍ തയ്യാറാവുന്നതോ, വളരെക്കുറച്ചുപേര്‍ മാത്രം. നമ്മുടെ നാട്ടിലും ഇത്തരം പെരുമാറ്റത്തില്‍ നിന്നും വലിയ മാറ്റം വരാന്‍ വഴിയൊന്നുമില്ല.

സൌന്ദര്യവര്‍ധക വസ്തുക്കളും പുസ്തകക്കെട്ടുകളുമില്ലാതെ അപരിചതന്‍റെ കാരുണ്യത്തിന്‍റെ മധുരം അനുഭവിക്കാന്‍ എനിക്കും അവസരമുണ്ടായി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മഞ്ഞുപെയ്തതുകാരണം തിങ്കളാഴ്ച രാവിലെ ഓഫീസിലേയ്ക്കുള്ള യാത്ര കഠിനമായിരുന്നു. എന്നാലും റോഡില്‍ അധികം തിരക്കില്ലാതിരുന്നതിനാല്‍ അരമണിക്കൂര്‍ കൊണ്ട് ഓഫീസിലെത്തി. ഉച്ചകഴിഞ്ഞപ്പോള്‍ വീണ്ടും കാലാവസ്ഥ മോശമാവുകയും ശീതക്കാറ്റും മഞ്ഞുവീഴ്ചയും പുനരാരംഭിക്കുകയും ചെയ്തു. ജനാലയിലൂടെ ഓരോ തവണ പുറത്തേയ്ക്കു നോക്കിക്കഴിഞ്ഞ്, സ്ഥിതി ഒന്നു കൂടി മെച്ചമാവട്ടെ എന്നു വിചാരിച്ച്, മടക്കയാത്ര നീട്ടിനീട്ടി വച്ചുകൊണ്ടിരുന്നു. അവസാനം അഞ്ചുമണികഴിഞ്ഞ് ഓഫീസ് വിജനമാകാന്‍ തുടങ്ങിയപ്പോള്‍ ഞാനും മടക്കയാത്രയ്ക്കൊരുങ്ങി.

തെന്നിയും തെറിച്ചും മൂന്നു നാലു മൈല്‍ പിന്നിട്ടപ്പോള്‍ വഴി വിജനമായിത്തുടങ്ങി. പിന്നെ നാലഞ്ചുമൈല്‍ യാത്ര വളരെ സുഗമമായിരുന്നു. ഹൈവേകളിലെ ദുരവസ്ഥ റേഡിയോയിലൂടെ കേട്ടുകൊണ്ടിരുന്ന എനിക്ക് ആള്‍ക്കാര്‍ ഈ ഉള്‍‍റോഡ് തെരഞ്ഞെടുക്കാഞ്ഞതില്‍ അതിശയവും ആശ്വാസവും തോന്നി.

റോഡു മുഴുവന്‍ മഞ്ഞുറഞ്ഞ് ഐസ് ആയിരിക്കുന്നു. കാര്‍ തെന്നിയാല്‍ ബ്രേയ്ക് പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നിന്നാല്‍ പിന്നെ വീണ്ടും നീങ്ങിക്കിട്ടാനും പ്രയാസം. മാത്രമല്ല, ട്രാക്ഷന്‍ കണ്ട്രോള്‍ ചെറിയ പാരയുമാണ്, അല്പമെങ്ങാനും തെന്നിയാല്‍ ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, എന്‍‍ജിനിലേയ്ക്കുള്ള പവര്‍ ഇല്ലാതാക്കുന്നതോടെ കാര്‍ നിന്നു പോകാനും മതി. എങ്ങും നിര്‍ത്താന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍ഥിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വീട്ടില്‍ നിന്നും ഏകദേശം രണ്ടര മൈല്‍ അകലെയെത്തി. ചെറിയൊരു കയറ്റമാണ്. അവിടേയ്ക്ക് തിരിഞ്ഞതും ഉള്ളൊന്നു കാളി. കയറ്റം തുടങ്ങുന്നിടത്ത് നാലഞ്ചു കാറുകള്‍ ഒതുക്കിയിട്ടിരിക്കുന്നു. കയറ്റം കയറാന്‍ ശ്രമിച്ച് പിറകിലേയ്ക്കു ഉരുണ്ടു വന്നതാവാം. കയറേണ്ട എന്നു കരുതി ഒതുക്കിയതുമാവാം. കാറുകള്‍ക്കു ചുറ്റും മൂന്നാലു പേര്‍ കൂടി നില്‍പ്പുണ്ട്. എന്തും വരട്ടെ എന്നു കരുതി ഞാന്‍ വണ്ടി വിട്ടു. കയറ്റം തീരാറായതും എതിരെ ഒരു കാര്‍ വരുന്നു. ഐസിലൂടെ തെന്നിപ്പോയി പരസ്പരം ഇടിക്കേണ്ടെന്നു കരുതി ഞാന്‍ വേഗത കുറച്ചു. വേഗത കുറഞ്ഞപ്പോള്‍ പിന്‍വീല്‍ ചെറുതായൊന്നു പാളി. ഇനി വേഗത പഴയ രീതിയിലാക്കാനൊരു ഭയം. നേരേ പോയി എതിരേ വരുന്നവനിട്ട് ചാര്‍ത്തിയാലോ? എന്തിനധികം പറയുന്നു, ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, ആക്സിലറേയ്റ്റര്‍ കാര്യമായി കൊടുക്കാത്തതിനാല്‍ വണ്ടി നീങ്ങാതായി. വണ്ടി പതിയെ താഴേയ്ക്ക് ഉരുണ്ടു തുടങ്ങി. കാല്‍ ബ്രേയ്കും കൈ ബ്രേയ്കും ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. കാര്‍ ഫസ്റ്റ് ഗിയറിലിട്ട് ഓഫ് ചെയ്തു. കാര്‍ നിന്നു.

ഞാന്‍ കാറില്‍ നിന്നിറങ്ങി യോഗസ്ഥലത്തേയ്ക്ക് നടന്നു. മലയാളികളെത്താത്ത സ്ഥലമില്ല എന്ന് പറയുന്നതെത്ര ശരി. ഒരു മലയാളി സുഹൃത്താണ് വിഷണ്ണനായി അവിടെ നില്‍ക്കുന്നത്. അവിടെ നിന്ന മൂന്നാമന്‍, കയറ്റം കേറാന്‍ കഴിയാതെ വാഹനം നിന്നു പോകുന്നവരെ സഹായിക്കാന്‍ സ്വന്തം ട്രക്കുമായി കൊടും തണുപ്പിനെ അവഗണിച്ചു നില്‍ക്കുന്ന നല്ല സമരിയാക്കാരനാണ്. അയാളുടെ സഹായഹസ്തമെത്തും മുമ്പ് എന്‍റെ സുഹൃത്തിന്‍റെ വണ്ടി പിന്നോട്ടുരുണ്ടുവന്ന് പിന്നില്‍ വരുകയായിരുന്ന കാറിനെ ഇടിച്ചു കഴിഞ്ഞിരുന്നു. സുഹൃത്തും സഹായിയും ഞാനും കൂടി സുഹൃത്തിന്‍റെ കാര്‍ ഉന്തി റോഡിന്‍റെ വശത്താക്കി. അപരിചിതനായ സഹായി തന്നെ ട്രക്കുമായി വന്ന് എന്‍റെ കാറിന്‍റെ പിന്നില്‍ നിന്നും തള്ളിത്തരാമെന്നേറ്റു. സുഹൃത്തും ഞാനും എന്‍റെ കാറില്‍ കയറി. പിന്നില്‍ നിന്നും ട്രക്ക് ഉപയോഗിച്ചു തള്ളിത്തന്നതിനാല്‍ എന്‍റെ കാര്‍ കൂള്‍ കൂളായി കയറ്റം കയറി.

അങ്ങനെ, കുന്നിന് മുകളിലെത്തിയപ്പോഴാണ് സുഹൃത്ത് തന്‍റെ ബാഗ് താഴെ ഒതുക്കിയിട്ട കാറിലായിപ്പോയതറിഞ്ഞത്. ഞാന്‍ കാര്‍ ഒതുക്കി സുഹൃത്ത് ബാഗുമായെത്താന്‍ കാത്തിരുന്നു. കഷ്ടകാലമെന്നല്ലാതെന്തു പറയാന്‍, സുഹൃത്ത് മടങ്ങിയെത്തി പോകാനൊരുങ്ങുമ്പോള്‍ ഐസ് കാരണം ടയര്‍ കറങ്ങുന്നതല്ലാതെ കാര്‍ മുന്നോട്ട് പോകുന്നില്ല. അപരിചിതന്‍ വീണ്ടും സഹായവുമായെത്തി. ഇതിനോടകം താപനില വളരെക്കുറഞ്ഞ് റോഡിലെ ഐസ് കട്ടി കൂടി കാല്‍നട പോലും വിഷമകരമാക്കിത്തീര്‍ത്തിരുന്നു. വളരെ എളുപ്പമെന്നു കരുതിയ മറ്റൊരു ചെറിയ കയറ്റത്തിലും സഹായിച്ചിട്ടേ അപരിചിതന്‍ മടങ്ങിയുള്ളൂ. കാര്‍ നിര്‍ത്തി ഒരു നന്ദി വാക്കുപോലും പറയാനാവാതെ, കാര്‍ വിന്‍ഡോയിലൂടെ കയ്യുയര്‍ത്തിക്കാണിച്ച് നന്ദി പ്രകടിപ്പിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. വഴിയരികില്‍ സുഹൃത്തിനെ ഇറക്കി വിട്ട് വീട്ടിലെത്തി. കാര്‍ വഴിയിലുപേക്ഷിച്ച് വീട്ടിലേയ്ക്ക് നടക്കേണ്ടി വന്നവരുടെ കഥകളായിരുന്നു ന്യൂസ് മുഴുവന്‍. അപരിചിതരുടെ കാരുണ്യമേല്‍ക്കാതെ മൈലുകള്‍ നടക്കേണ്ടി വന്നവരില്‍ എന്‍റെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള വഴിയില്‍ ഞാന്‍ ചിന്തിച്ചതും ഒരല്പം തിരുത്തിയ ആ വാചകം തന്നെ: “Whoever you are, I also have depended on the kindness of you, dear stranger!”

Labels:

12 Comments:

  1. Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ Wrote:

    പ്രിയ സന്തോഷ്‌ പിള്ള,
    ഇത്‌ താങ്കളുടെ മാത്രം അനുഭവമല്ല. എനിക്കും, മറ്റു പലര്‍ക്കും വ്യത്യസ്ഥ സ്ഥലകാലങ്ങളില്‍ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്‌, സംഭവിച്ചുകൊണ്ടിരിക്കുന്നു, ഇനിയും തുടരുകയും ചയ്യും.
    ഇത്തരം സന്മനോഭാവമുള്ള ആള്‍ക്കാരുടെ ഒരു നിര ലോകത്തില്‍ പലയിടത്തും ഉണ്ടെന്നറിയുമ്പോള്‍ മാത്രമാണ്‌ ജീവിതത്തിന്റെയും മനുഷ്യന്റെയും വില അല്‍പം ഉയര്‍ന്നു നില്‍ക്കുന്നത്‌. നല്ല പോസ്റ്റ്‌. നന്ദി.

    November 30, 2006 12:35 AM  
  2. Blogger സു | Su Wrote:

    :) ഈ ലോകത്ത് കാരുണ്യവാന്മാരായ അപരിചിതന്മാര്‍ കുറേയുണ്ട്.

    November 30, 2006 3:04 AM  
  3. Blogger വേണു venu Wrote:

    “Whoever you are, I have always depended on the kindness of strangers.”
    കാരുണ്യവാരായ അപരിചിതരുള്ളതു കൊണ്ടു തന്നെയാണു് ഈ ലോകം ഇങ്ങനെ ഒക്കെ.നന്മകളുടെ മുന ഒടിയാതെ അവശേഷിക്കുന്ന സത്തയില്‍ ഈ ലോകം മുന്നോട്ടു പോകുന്ന കാഴ്ച്ച കാണിച്ച ഈ ലേഖനം മനോഹരമായിരിക്കുന്നു.

    November 30, 2006 10:46 AM  
  4. Blogger myexperimentsandme Wrote:

    നമ്മളോരോരുത്തര്‍ക്കും ആര്‍ക്കെങ്കിലുമൊക്കെ വേണ്ടി ഇങ്ങിനത്തെ കാരുണ്യവാനായ അപരിചിതരാവാന്‍ സാധിക്കട്ടെ.

    നല്ല ലേഖനം. അപരിചിതരുടെയും പരിചിതരുടെയും ധാരാളം സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കിട്ടിയതിന്റെ കാല്‍‌ഭാഗം പോലും ആര്‍ക്കും തിരിച്ച് കൊടുത്തിട്ടില്ലല്ലോ എന്നൊരു തിരിച്ചറിവും തന്നു, ഈ ലേഖനം.

    November 30, 2006 1:16 PM  
  5. Blogger Siju | സിജു Wrote:

    അപരിചിതങ്ങളായ പലയിടങ്ങളിലും വെച്ചു സഹായിച്ചിട്ടുള്ള പല അപരിചിതരായ ആളുകളേയും ഓര്‍മ്മ വന്നു. ഇനിയൊരിക്കല്‍ കണ്ടാല്‍ ഓര്‍ക്കാത്ത വിധം ഞാനവരുടെ മുഖങ്ങള്‍ പോലും മറന്നു

    December 01, 2006 2:43 AM  
  6. Blogger reshma Wrote:

    ഇന്നാണ് വായിച്ചത്. ശിവപ്രസാദ്മാഷ് പറഞ്ഞ പോലെ, സൂ പറഞ്ഞപോലെ, വേണുമാഷ് പറഞ്ഞ പോലെ, വക്കാരിഷ്ടന്‍ പറഞ്ഞപോലെ, സിജുമാഷ് പറഞ്ഞ പോലെ...ഈ കാരുണ്യവാന്മാരായ അപരിചിതരെ ഓര്‍മ്മ വരുമ്പോഴൊക്കെ ഈ ലോകം എന്റെതും കൂടിയാണല്ലോന്ന് സന്തോഷിക്കാറുണ്ട്.

    December 01, 2006 8:58 AM  
  7. Blogger Santhosh Wrote:

    വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

    ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ:

    സമ്മാനങ്ങളും സഹായവും സ്നേഹവും ധനവും മറ്റും കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷമുണ്ടല്ലോ അതിന് കാരണം dopamine എന്നും oxytocin എന്നും പേരായ ഹോര്‍മോണുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനസ്സ് നിറഞ്ഞ് സഹായിക്കുമ്പോഴും ഇതേ ഹോര്‍മോണകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. കൊടുക്കുമ്പോഴൂണ്ടാവുന്ന സന്തോഷം കിട്ടുമ്പോഴുണ്ടാവുന്ന സന്തോഷത്തിനോളമോ അതിലുപരിയോ ആണെന്നര്‍ഥം.

    ചാരിറ്റബിള്‍ ഗിവിങ് നമ്മുടെ നാട്ടില്‍ വേരുപിടിച്ചിട്ടില്ല. ധനസഹായം ചെയ്യലൊക്കെ പണക്കാര്‍ക്കുള്ളതാണെന്ന ധാരണയാണ് പലര്‍ക്കും. ആര്‍ക്കു കൊടുക്കും എന്ന് തീരുമാനിക്കാന്‍ പറ്റാത്തത് മറ്റൊരു കാരണവും.

    നിങ്ങളുടെ കരുണ കാംക്ഷിച്ച് കഴിയുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. ഒന്നു ചുറ്റും നോക്കണമെന്ന് മാത്രം. വര്‍ഷം തോറും നിങ്ങളുടെ ആദായത്തിന്‍റെ 0.5% ദാനം ചെയ്യാനായി നീക്കി വച്ചു നോക്കൂ. അതു തന്നെ അശരണരായവര്‍ക്ക് വലിയൊരു തുകയായിരിക്കും. മനസ്സിന് എന്തെന്നില്ലാത്ത ആഹ്ലാദവും തൃപ്തിയും നല്‍കുന്ന പ്രവൃത്തിയായിരിക്കും അത്.

    “അവര്‍ക്കു കൊടുക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഒന്നുമില്ലാതെ കഴിയുന്ന ഇവര്‍ക്ക് കൊടുക്കുന്നത്...” ഇത് സാധാരണ ഗതിയില്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന ഒരു സംശയമാണ്. ഒരു കാര്യം തീര്‍ച്ച. ലോകത്തില്‍ ദുരിതമനുഭവിക്കുന്നവരെ റാങ്ക് ചെയ്ത് ഏറ്റവും ദുരിതക്കാര്‍ക്ക് മാത്രമേ നാം സഹായം ചെയ്യൂ എന്ന് വന്നാല്‍ നാം ഒരിക്കലും ആരേയും സഹായിക്കാന്‍ പോകുന്നില്ല. ആദായത്തില്‍ നിന്ന് ഒരു തുക നീക്കി വയ്ക്കുകയും അത് അധികം ‘അഡ്മിനിസ്ട്രേറ്റിവ് ചെലവ്’ കൂടാതെ ആവശ്യക്കാരിലെത്തിക്കുകയും ചെയ്യുന്നവര്‍ക്കാണ് നമ്മുടെ വിലപ്പെട്ട സമ്പാദ്യത്തിന്‍റെ ഭാഗം നാം സഹായമായി കൊടുക്കേണ്ടത്.

    അപരിചിതരില്‍ നിന്നും അപ്രതീക്ഷിതമായി സഹായം ലഭിക്കുമ്പോള്‍ സന്തോഷിക്കുന്ന പോലെ, അന്യരെ സഹായിച്ചും സന്തോഷം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

    സസ്നേഹം
    സന്തോഷ്

    December 01, 2006 11:50 AM  
  8. Blogger K.V Manikantan Wrote:

    പ്രിയ സന്തോഷ്,
    ടി. പദ്മനാഭന്റെ കഥകള്‍ക്ക് മുമ്പില്‍ തലകുനികുമ്പോഴും ടി. പദ്മനാഭന്‍ എന്ന വ്യക്തിയെപ്പറ്റി വളരെ കുറഞ്ഞ അഭിപ്രായമാണെങ്കിലും....

    -ഇവിടെ മരുഭൂമിയിടെ ഉള്ളിലേക്ക് പലപ്പോഴും വണ്ടി കൊണ്ടു പോകേണ്ട ഗതികേട് ഉള്ളവനാണ് ഞാന്‍. ഫോര്‍ വീല്‍ ഡ്രൈവ് ഒന്നുമല്ല. നമ്മുടെ പാവന്‍ നിസ്സാന്‍ സണ്ണി. ഇന്നലെ സ്മൂത്തായ് പോയ വഴിയില്‍ ഇന്ന് ചിലപ്പോള്‍ മണല്‍ മൂടിയിട്ടുണ്ടാകും. അതില്‍ കേറി പെട്ടാല്‍, ടയര്‍ കറങ്ങും എന്നല്ലാതെ!! അതും 49, 52 ഡിഗ്രി ഒക്കെ ചൂടില്‍....

    മൂന്ന് തവണ അങ്ങകലേ റോഡില്‍ കൂടി പോകുന്ന അറബി വന്നിട്ടുണ്ട്. ഫോറ് വീല്‍ ഡ്രൈവുമായി. കെട്ടി വലിക്കാനുള്ള സാംഗ്രികള്‍ അതിലുണ്ടാകും!

    നല്ല സമരിയക്കാര്‍ എവിടേയുമുണ്ട്.

    നാളെ നമ്മളും അങ്ങനെ സഹായിക്കുക. അതൊരു ചങ്ങലയാണ്.

    പക്ഷേ, ദുര്‍ബ്ബലമായ കണ്ണിയേക്കാള്‍ ബലമുള്ളതല്ല ഒരു ചങ്ങലയും. നമ്മളും ഒരു കണ്ണിയാണെന്നോര്‍ക്കുക:

    December 02, 2006 1:19 AM  
  9. Blogger Unknown Wrote:

    പ്രീയമുള്ള സന്തോഷ്,
    മലയാളം ബ്ലോഗില്‍ ഞാന്‍ ആദ്യം വായിച്ചത് താങ്കളുടെ ‘ശേഷം ചിന്ത്യം” ആണ്. ആയതിനാല്‍ ഒരു നന്ദിയോടെ യാണ് ഞാന്‍ താങ്കള്‍ക്ക് ഈ കുറിപ്പെഴുതുന്നത്.
    ‘കാരുണ്യവാനായ അപരിചിതന്‍‘ എന്ന താങ്കളുടെ ചിന്ത ഉദാത്തവും ഹൃദയസ്പര്‍ശിയുമാണ്. ഞാന്‍ ദുബായി വന്ന ആദ്യ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. എങ്കിലും ഒരു സൌജന്യം അനുവദിച്ചു. 1 മാസത്തിനുള്ളില്‍ പുതിയ ജോലി കണ്ടുപിടിച്ചാല്‍ “റിലീസ്” തരാം എന്ന്. ആദ്യ ഒരു വര്‍ഷം കൊണ്ട് ദുബായ് സിറ്റിയില്‍ പോയത് നാലൊ അഞ്ചൊ തവണ മാത്രം. ജോലി അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അധികം പരിചയക്കാരുമുണ്ടായിരുന്നില്ല. ഒപ്പ മുണ്ടായിരുന്നവര്‍ പലരും കൈമലര്‍ത്തിയപ്പോള്‍ നാട്ടില്‍ ചെയ്തിരുന്ന ജോലി തിരികെ കിട്ടാന്‍ ദുബായിലിരുന്ന് ശ്രമിച്ചും ഒപ്പം പത്രങ്ങളൊക്കെ അരിച്ചു പെറുക്കി അപേക്ഷകള്‍ അയച്ചു. ഒരിടത്തു നിന്നും അനുകൂലമായ മറുപടി വന്നില്ല.
    അങ്ങിനെ വിഷാദനും ഭീതി പൂണ്ടവനുമായി കണ്‍സ്ട്രക്ഷന്‍ സൈറ്റിലൂടെ നടക്കുമ്പോള്‍ ഒരു പരിചയവും ഇല്ലാത്ത മറ്റൊരു കമ്പനിയിലെ ഇറ്റലിക്കാരനായ പ്രോജക്ട് മാനേജര്‍ അതു വഴി വരികയും വിഷ് ചെയ്യുകയും ചെയ്തു. കുറച്ചു നേരം കണ്‍സ്ട്രക്ഷനെ കുറിച്ചും ദുബായിലെ മാറ്റങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. എന്‍റെ മുഖത്തെ വിഷദം കണ്ടിട്ടാവണം അദ്ദേഹം കാര്യം തിരക്കി. പിന്നെ പറഞ്ഞു ‘നാളെ ഓഫീസില്‍ വരൂ. നമുക്ക പരിഹാരം ഉണ്ടാക്കാം” എന്ന്.
    ഇവിടെ ദൈവത്തിന്‍റെ രൂപത്തില്‍ കാരുണ്യവാനാ‍യ അപരിചിതന്‍ എനിക്ക് തുണയാവുകയായിരുന്നു.

    അങ്ങിനെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
    ഓര്‍മ്മകളെ വീണ്ടും പുതുക്കിയതി നന്ദി.
    രാജു

    (വായനക്കാരനായ കൂട്ടുകാരന്‍ പറയുന്നു ടി. പദ്മനാഭന്‍ എന്ന വ്യക്തിയെപ്പറ്റി വളരെ കുറഞ്ഞ അഭിപ്രായമാണെങ്കിലും....“ പദ്മനാഭനെ നേരിട്ട് അറിയാവുന്ന ഒരാളെന്ന നിലക്ക് ഹാ കഷ്ടം. എന്നേ അതിനെ കുറിച്ച് അഭിപ്രായമുള്ളു)

    December 02, 2006 8:16 PM  
  10. Blogger ഇടിവാള്‍ Wrote:

    നന്നായി എഴുതിയിരിക്കുന്നു സന്തോഷ്!

    ഇനലെ, ഷാര്‍ജയിലാകെ മഴ പെയ്തു രോഡിലെല്ലാം ടയര്‍ മുഴുവന്‍ മുങ്ങുന്നയത്രയും വെള്ളമായിരുന്നു.

    രാവിലെ പത്തു മണിയോടെ കുഞ്ഞുങ്ങളേയുമെടുത്ത് മഴയത്തൊരു ഡ്രൈവ് ആകാമെന്നോര്‍ത്തു കാറെടുത്ത് 2 മണിക്കൂറോളം ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു ആ പെരുമഴയത്ത്.

    ഇടക്കൊരിടത്തു, സൈലന്‍സറില്‍ വെള്ളം കയറിയതിനാലോ എന്തോ, വണ്ടൊ ഓഫായി. പുറകില്‍ ഇതേ കാരണത്താല്‍ 4-5 കാറുകള്‍ ഓഫായി കിടക്കുന്നു. ഞാനു കാറില്‍ നിന്നിറങ്ങിയതും, ഒരു ജീപ്പ് ചെറോക്കിക്കാരന്‍ എന്റെ മുന്നില്‍ വന്ന് ചോദിച്ചു “ഡു യു ഹാവ് ദ റോപ്പ്?”

    ദൈവം വന്നു മുന്നില്‍ നില്‍ക്കുന്ന പോലെയാണെനിക്കു തോന്നിയത്. കെട്ടി വലിച്ച് വെള്ളമില്ലാത്തൊരിടത്താക്കി, എന്റെ വണ്ടി സ്റ്റാര്‍ട്ടായെന്നുറപ്പിച്ച ശേഷമേ ആ ഇമറാത്തി അറബി സ്തലം വിട്ടുള്ളൂ!

    ഒന്നു രണ്ടവസരങ്ങളില്‍ പല അപരിചിതരേയും ഇതുപോലെ എന്നാലാവും വിധം സഹായിച്ചതിനുള്ള പ്രത്യുപകാരമാണോ ഇത് , എന്നെനിക്കു തോന്നിയോ? ആ.. ഉവ്വ്!

    December 02, 2006 9:34 PM  
  11. Blogger asdfasdf asfdasdf Wrote:

    juhn:)

    December 02, 2006 9:46 PM  
  12. Blogger ദിവാസ്വപ്നം Wrote:

    Vow, an amazing thought, santhosh.

    I have some such stories too. In one, a total stranger helped me with bus-fare in my teenage. I was pickpocketed and was about to walk home from college, like 10 kilometers.

    :)

    December 11, 2006 10:22 AM  

Post a Comment

<< Home