ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, December 29, 2006

കലനം കേരളത്തില്‍ നിന്ന്?

അഞ്ജനമെന്നതു ഞാനറിയും… എന്ന ലേഖനത്തിന്‍റെ ഒരു അനുബന്ധമാണിത്. ഉമേഷും ഞാനും ഇക്കാര്യം പണ്ടെങ്ങോ സംസാരിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റി ഓഫ് റോചെസ്റ്ററിലെ പ്രൊഫസറായ ശ്രീ. എസ്. ജി. രാജീവ് പുഴ മാഗസിന്‍റെ 2006 ഓഗസ്റ്റ്-സെപ്റ്റംബര്‍ ലക്കത്തില്‍ ‘കാല്‍ക്കുലസിന്‍റെ ഉത്ഭവം കേരളത്തില്‍’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നു.

ലേഖനം പറയുന്നു:
ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും മലയാളികള്‍ വഹിച്ച പങ്കിനെക്കുറിച്ച് നിലവിലുള്ള ആധികാരിക രേഖകള്‍ കെ. വി. ശര്‍മ്മയുടെ പഠനക്കുറിപ്പുകളാണ്. ക്രിസ്തുയുഗം 1300-1600 കാലഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വസിച്ചിരുന്ന ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതന്മാരാണ് കാല്‍ക്കുലസ് സിദ്ധാന്തത്തിന്‍റെ ആദ്യ പ്രയോക്താക്കള്‍. ക്രിസ്തുയുഗം പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സങ്കഗ്രാമത്തിലെ മാധവനാണ് ഈ ചിന്താസരണിയുടെ സ്ഥാപകന്‍. ക്രിസ്തുയുഗം പതിനേഴാം നൂറ്റാണ്ടുവരെ ഇദ്ദേഹത്തിന്‍റെയും ശിഷ്യരുടെയും കണ്ടുപിടുത്തങ്ങളാണ് ഗണിത-ജ്യോതിശാസ്ത്രത്തെ നയിച്ചിരുന്നത്.

ഇതേ ലേഖനത്തില്‍ മറ്റൊരിടത്ത് ലേഖകന്‍ ഇങ്ങനെ പറയുന്നു:
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലഘട്ടം വരെ മാധവന്‍റെയും ശിഷ്യരുടെയും ചിന്താധാരകളാണ് ജ്യോതിശാസ്ത്ര-ഗണിത ശാസ്ത്ര ലോകത്തെ നയിച്ചിരുന്നത്.

ലേഖനം തുടരുന്നു:
മാധവന്‍റെ പല സിദ്ധാന്തങ്ങളെയും ആസ്പദമാക്കി ശിഷ്യര്‍ നടത്തിയ പഠനങ്ങളെ അധികരിച്ച് നൂറുകണക്കിന് ഗണിത ശാസ്ത്രഗ്രന്ഥങ്ങള്‍ ഇക്കാലത്ത് പിറവി കൊടുത്തിരുന്നു.

നൂറുകണക്കിനുള്ള ഈ ഗ്രന്ഥങ്ങളില്‍ ഏതെങ്കിലുമൊക്കെ പ്രസിദ്ധീകൃതമായിട്ടുണ്ടോ, ഉണ്ടെങ്കില്‍ത്തന്നെ ഗണിതശാസ്ത്ര ഗവേഷണത്തില്‍ തല്പരരായ, എന്നാല്‍ സംസ്കൃതജ്ഞാനമില്ലാത്തവരായവര്‍ക്ക് പ്രയോജനപ്പെടും വിധം പരിഭാഷപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

പ്രസ്തുത ലേഖനം, താഴെപ്പറയുന്ന ജ്യോതിശാസ്ത്ര/ഗണിതശാസ്ത്രജ്ഞന്മാരെയും അവരുടെ കൃതികളെയും/സംഭാവനകളെയും പറ്റി പരാമര്‍ശിക്കുന്നുണ്ട്.

പരമേശ്വരന്‍ (1360-1455): drk granita-യുടെ ഉപജ്ഞാതാവ്. മാധവന്‍റെ ശിഷ്യന്‍. മുപ്പതോളം കൃതികളുടെ കര്‍ത്താവ്.
ദാമോദരന്‍ (1410-1510): പരമേശ്വരന്‍റെ മകനും ശിഷ്യനും.
നീലകണ്ഠ സോമയാജി (1444-1545): ദാമോദരന്‍റെ ശിഷ്യന്‍. തന്ത്ര സംഹിത, ഗ്രഹ പരീത്‍സാകര്‍മ്മ എന്നിവ പ്രധാന കൃതികള്‍.
ജ്യേഷ്ഠദേവന്‍ (1500-1610): ദാമോദരന്‍റെ ശിഷ്യന്‍. കാല്‍ക്കുലസ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാള കൃതിയായ ‘യുക്തിഭാഷ’യുടെ രചയിതാവ്.
അച്യുത പിഷാരടി (1550-1621): ജയദേവന്‍റെ ശിഷ്യന്‍. സ്ഫുടനിര്‍ണ്ണയം, രസി-ഗോള-സ്ഫുട-നീതി എന്ന കൃതികളുടെ രചയിതാവ്.
നാരായണീയത്തിന്‍റെ രചയിതാവായ മേല്പത്തൂര്‍ ഭട്ടതിരിപ്പാട് ഗണിത വ്യാകരണത്തില്‍ അഗ്രഗണ്യനായിരുന്നുവെന്നും ലേഖനം പറയുന്നു.

വീണ്ടും ലേഖനത്തിലേയ്ക്ക്:
ഗണിതശാസ്ത്രലോകത്ത് ഇക്കാലത്ത് കേരളീയര്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നു. ഈ കാലയളവിലെ പല പഠന ഗ്രന്ഥങ്ങളുടെയും പേരില്‍ ആധികാരികതയ്ക്കായി ‘കേരളം’ എന്നു ചേര്‍ത്തിരുന്നതുതന്നെ നമ്മുടെ ശാസ്ത്രജ്ഞരുടെ സംഭാവന പ്രകടമാക്കുന്ന വസ്തുതയാണ്.

കലനം (കാല്‍ക്കുലസ്) ഉള്‍പ്പടെയുള്ള ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ കേരളത്തില്‍ ഉടലെടുത്തവയാണെന്നതിന് വിശ്വാസ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രൊഫസര്‍ രാജീവ് പറയുന്നത്. ഈ രഹസ്യം മലയാളികള്‍ക്കുപോലും രഹസ്യമായി തുടരുന്നത് “നമ്മുടെ ബുദ്ധിപരമായ അലസതയെ ഒരളവുവരെ തുറന്നുകാട്ടുന്നതാണെ”ന്നും ശ്രീ. രാജീവ് പറയുന്നു. എന്നാല്‍ ഈ തെളിവുകള്‍ എന്തൊക്കെയാണെന്ന് പ്രൊഫസര്‍ രാജീവ് പറയുന്നില്ല.

വിദേശാധിനിവേശത്തോടെ ഗണിതശാസ്ത്രത്തിലും മറ്റും കേരളത്തിന്‍റെ സംഭാവനകള്‍ കുറഞ്ഞുതുടങ്ങിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി സമ്മതിക്കുമ്പോഴും ലേഖകന്‍റെ താഴെപ്പറയുന്ന വരികള്‍ തെളിയിക്കുന്നത്, ഗണിത/ജ്യോതി ശാസ്ത്രത്തില്‍ പതിന്നാലാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള തെളിവുകള്‍ അനിഷേധ്യമാണെന്നു തന്നെയാണ്.

മലയാളസാഹിത്യത്തിന്‍റെ തുടക്കവും പണ്ഡിതന്മാരായ ജസ്യൂട്ട് പാതിരിമാരുടെ വരവും ഈ കാലഘട്ടത്തിലാണ്. കേരളത്തില്‍ അന്ന് ലഭ്യമായ വിവരങ്ങള്‍ യൂറോപ്പിലേക്ക് സംക്രമിക്കാന്‍ വിദേശികള്‍ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമിന്നില്ല.

‘ഇന്ത്യയുമായുള്ള വാണിജ്യബന്ധം തുടങ്ങിയതോടെയാണ് ഗണിത ജ്യോതിശാസ്ത്ര മേഖലകളില്‍ യൂറോപ്പിലും പ്രകടമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് ഭാവിപഠനങ്ങള്‍ തെളിയിക്കും വരെ’, ഇത്തരം വാദങ്ങള്‍ വഴി നാം സ്വയം അപഹാസ്യരാവാനാണ് സാധ്യത കൂടുതല്‍.

Labels:

Monday, December 25, 2006

മെറി ക്രിസ്മസ്

ക്രിസ്മസ് ആശംസകള്‍ എല്ലായിടവും നിറഞ്ഞു നില്‍ക്കുന്നു. ചില മലയാളം റ്റി. വി. പ്രോഗ്രാമുകള്‍ കണ്ടപ്പോള്‍ നമ്മുടെ സെലിബ്രിറ്റികളില്‍ ചിലര്‍ ‘ഹാപ്പി ക്രിസ്മസ്’ എന്ന് ആശംസിക്കുന്നത് കേട്ടു. അപ്പോളൊരു സംശയം: മെറി ക്രിസ്മസോ ഹാപ്പി ക്രിസ്മസോ? ഏതാണ് ശരി? അല്ലെങ്കില്‍ ഏതാണ് കൂടുതല്‍ ശരി?

ക്രിസ്മസ് ആശംസിച്ച് പരിചയമില്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എന്‍റേത്. പത്താം തരം വരെയുള്ള പഠനത്തിനിടയ്ക്ക് എന്‍റെ സഹപാഠിയായത് ഒരേ ഒരു ക്രിസ്ത്യാനിക്കുട്ടിയായിരുന്നു: ദീപ്തി മൈക്കിള്‍. ഹ, അതേത് നാടെടേയ് എന്ന് ചോദിക്കാന്‍ വരട്ടെ, എന്‍റെ ഗ്രാമത്തില്‍ ഇത് അസാധാരണമായിരുന്നില്ല (അല്ലെങ്കില്‍ കൂമനോട് ചോദിച്ചു നോക്കൂ). പ്രീ-ഡിഗ്രി കാലം മുതലാണ് ക്രിസ്മസും എന്‍റെ ആഘോഷങ്ങളുടെ ലിസ്റ്റില്‍ പെട്ടത്. അന്നു മുതലിന്നോളം മെറി ക്രിസ്മസ് എന്ന് ആശംസിച്ചും ആശംസ ഏറ്റുവാങ്ങിയും ജീവിച്ചു പോന്ന എനിക്ക് ‘ഹാപ്പി ക്രിസ്മസി’ന്‍റെ ശീലമില്ലായ്മ ഒരു കല്ലുകടിയായവശേഷിക്കുന്നു. അതുകൊണ്ടാണ് ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും വേഗതയേറിയ ഉപായത്തില്‍ ഇതിനൊരു വിധിയാകാമെന്നു വച്ചത്.

ഗൂഗിള്‍ സേര്‍ച്: മെറി ക്രിസ്മസ്: 2,68,00,000+ റിസല്‍ട്ടുകള്‍
ഗൂഗിള്‍ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 25,90,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: മെറി ക്രിസ്മസ്: 51,34,000+ റിസല്‍ട്ടുകള്‍
ലൈവ് സേര്‍ച്: ഹാപ്പി ക്രിസ്മസ്: 5,68,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: മെറി ക്രിസ്മസ്: 6,15,00,000+ റിസല്‍ട്ടുകള്‍
യാഹൂ സേര്‍ച്: ഹാപ്പി ക്രിസ്മസ്: 28,40,000+ റിസല്‍ട്ടുകള്‍

സേര്‍ച് റിസല്‍ട്ടുകള്‍ കാണിക്കുന്ന എണ്ണത്തില്‍ അധികം ശ്രദ്ധ കൊടുക്കേണ്ടെന്ന് മൈക്രോസോഫ്റ്റ് സേര്‍ച് റ്റീമില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഷാജന്‍ പണ്ട് പറഞ്ഞതോര്‍ക്കുന്നു. സേര്‍ച് റിസല്‍ട്ടിന്‍റെ എണ്ണം ശാസ്ത്രീയമായ തെളിവല്ല എന്നും സമ്മതിക്കുന്നു. എന്നാലും ‘മെറി ക്രിസ്മസ്’ എന്നാവണം കൂടുതല്‍ ശരി എന്നൊരു തോന്നല്‍.

എല്ലാ സുഹൃത്തുക്കള്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു: മെറി ക്രിസ്മസ്.

Labels:

Saturday, December 09, 2006

തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും

കുട്ടിക്കാലങ്ങളില്‍ ഓരോ കുറുമ്പുകള്‍ കാട്ടുമ്പോള്‍ മുതിര്‍ന്ന ബന്ധുക്കള്‍ “ഇവന്‍ ഇങ്ങനെയൊക്കെ ചെയ്യാതിരിക്കുമോ” എന്ന അര്‍ഥത്തില്‍ “അവളുടെയല്ലേ മോന്‍” അല്ലെങ്കില്‍ “അവന്‍റെ മോനല്ലേ” എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ഇനി മേലില്‍ അറിയാതെ പോലും ആ ചെയ്തി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കുമായിരുന്നു. ഒന്നാമത്, വെറുതേ അച്ഛനെയും അമ്മയെയും പഴി കേള്‍പ്പിക്കുന്നതിനുള്ള മടി. പിന്നെ ‘ഞാന്‍ ആരെപ്പോലെയുമല്ല, വ്യത്യസ്തനാണ്’ എന്ന് കാണിക്കാനുള്ള ത്വര. പക്ഷേ, ഇങ്ങനെ ചെയ്തു കൂട്ടുന്ന (പലപ്പോഴും നിര്‍ദ്ദോഷങ്ങളായ) പ്രവൃത്തികള്‍, നാമറിയാതെ നമ്മുടെ ചര്യകളില്‍ യാന്ത്രികമായി കടന്നു വരുന്നവയാണെന്ന് മനസ്സിലാവുന്നത്, രണ്ടു വയസ്സായ മകന്‍റെ ‘അനുകരണ’ത്തില്‍ വിസ്മയം പൂണ്ടിരിക്കുമ്പൊഴാണ്.

അമ്മയുടെയും അച്ഛന്‍റെയും ചില മാനറിസങ്ങള്‍ ഇപ്പോള്‍ത്തന്നെ മകന്‍ ശീലിച്ചിരിക്കുന്നു. ജോണ്‍ സ്റ്റുവര്‍ടിന്‍റെ റ്റി. വി. പരിപാടി തുടങ്ങുന്നതിനുമുമ്പ് സോഫയില്‍ വന്നിരുന്ന് ചിരിക്കാന്‍ തയ്യാറെടുക്കുന്നതും, പാത്രങ്ങളായെ പാത്രങ്ങളിലൊക്കെ കിട്ടുന്ന തവികളിട്ടിളക്കുന്നതും, നിത്യം കാണുന്ന മനസ്സിലുറച്ചുപോയ കാഴ്ചകളില്‍ നിന്നുണ്ടായ അനുകരണങ്ങളാണെന്ന് വ്യക്തം. എന്നാല്‍, വൈകുന്നേരങ്ങളില്‍ പതിവായുള്ള പന്തുകളിക്കിടയില്‍, പന്ത് എനിക്ക് എറിഞ്ഞുതരുന്നതിനു മുമ്പ്, വലതുകയ്യില്‍ പന്തു പിടിച്ച് ഇടതുകയ്യിലേയ്ക്കടിച്ച് ശബ്ദം കേള്‍പ്പിക്കുക എന്നത് സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നു മാത്രം ‘പിടിച്ചെടുക്കാവുന്ന’തായതിനാല്‍, വളരെ സവിശേഷമായിത്തോന്നിയ അനുകരണങ്ങളിലൊന്നാണത്.

മാതാപിതാക്കളുടെ ഓരോ സ്വഭാവവിശേഷവും എത്ര സൂക്ഷ്മമായാണ് കുട്ടികള്‍ സ്വന്തമാക്കുന്നതെന്നോ! അതും വളരെച്ചെറിയ പ്രായത്തില്‍ത്തന്നെ. പല അനുകരണങ്ങളും കുറച്ചുനാളുകള്‍ മാത്രം നിലനില്‍ക്കുന്ന താല്കാലികമായ സംഗതിയായിരിക്കും. എന്നാല്‍ സ്വഭാവരൂപീകരണത്തില്‍ത്തന്നെ സ്വാധീനം ചെലുത്തുന്ന മറ്റു ചില മാനറിസങ്ങളും നാമറിയാതെ, നാം കുട്ടികള്‍ക്ക് കൈമാറുന്നുണ്ട്.

ഉള്ളൂര്‍ അതിമനോഹരമായി ഇത് വരച്ചു കാട്ടിയിരിക്കുന്നു:
ജനിച്ച നാള്‍ തൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവള്‍ക്കു പാര്‍ത്താല്‍
ചപ്രത്തലക്കെട്ടയഥാര്‍ഹമല്ല,
"തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും."

കുട്ടികള്‍ കാണുന്നു, കുട്ടികള്‍ ചെയ്യുന്നു എന്ന പേരില്‍ ഓസ്ട്രേലിയയിലെ ഒരു പരസ്യ ഏജന്‍സി തയ്യാറാക്കിയ ഒന്നര മിനുട്ട് നീളമുള്ള പരസ്യം ഈ സത്യം അരക്കിട്ടുറപ്പിയ്ക്കുന്നു. (ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ “Children See, Children do” എന്ന് സേര്‍ച് ചെയ്യുക.)

[പരസ്യം ശ്രദ്ധയില്‍പ്പെടുത്തിയ പ്രാപ്രയ്ക്ക് നന്ദി.]

Labels: ,

Wednesday, November 29, 2006

കാരുണ്യവാനായ അപരിചിതന്‍

ഏകദേശം ഒരു മാസത്തോളമായി ശ്രീ. റ്റി. പദ്മനാഭന്‍റെ പള്ളിക്കുന്ന് എന്ന ലേഖന സമാഹാരം വായിക്കാന്‍ തുടങ്ങിയിട്ട്. വെറും നൂറ്റിയെണ്‍പത്തി മൂന്നു പേജു മാത്രമുള്ള ഈ പുസ്തകം രണ്ടാഴ്ച കൊണ്ട് വായിച്ചെടുക്കാമെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. ഓഫീസ് പണിക്ക് ഡെഡ് ലൈന്‍ ഉള്ളതിനാലും പുസ്തകവായനയ്ക്ക് അതില്ലാത്തതിനാലും ഇനിയും പള്ളിക്കുന്ന് വായിച്ചു തീര്‍ന്നിട്ടില്ല.

അധികം ആലോചനയൊന്നും കൂടാതെ വെറുതെ വായിച്ചുപോകാവുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. ‘അനുഭവങ്ങളുടെ സംഗീതം’ എന്ന ലേഖനം ഓര്‍മകള്‍ പരതുവാന്‍ എന്നെ നിര്‍ബന്ധിതനാക്കി. ലേഖനത്തിന്‍റെ തുടക്കത്തില്‍, ശ്രീ. പദ്മനാഭന്‍, തന്‍റെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനായ റ്റെന്നസ്സി വില്യംസിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ‘എ സ്ട്രീറ്റ് ഖാര്‍ നേയ്മ്ഡ് ഡിസയര്‍’ എന്ന നാടകത്തിലെ കഥാപാത്രമായ Blanche Du Bois പറയുന്ന ഒരു വാചകത്തിലൂടെ താന്‍ എങ്ങനെയാണ് ജീവിതത്തിന്‍റെ ഉദാത്ത സംഗീതം ശ്രവിച്ചത് എന്നും പറയുന്നുണ്ട്.

ലേഖനത്തില്‍‍ നിന്ന്:
അവര്‍ നല്ല ഗൃഹനാഥയാണ്. സംസ്കൃത ചിത്തയും സംസ്കാര സമ്പന്നയും. ആ സ്ത്രീയെ മൃഗസമാനനായ ഭര്‍ത്താവും അവന്‍റെ കൂട്ടുകാരും കൂടി ഭ്രാന്തിലേക്കെത്തിക്കുകയാണ്. അവസാനം ആ സ്ത്രീയെ മാനസികരോഗാശുപത്രിയില്‍ കൊണ്ടുപോകുന്ന സന്ദര്‍ഭം. അതിനായി ഡോക്ടര്‍ എത്തുമ്പോള്‍ മുറിവേറ്റ ഒരു സിംഹിയെപ്പോലെ അവര്‍ തടുക്കുന്നു. ഒടുവില്‍ ഒരു കറുത്ത നഴ്സ് എത്തി. ആ നഴ്സ് കൈകൊണ്ടു കുറച്ചുനേരം അവരെ മെല്ലെ അങ്ങനെ തൊട്ടുനിന്നു. അന്നേരംതന്നെ ആ സ്ത്രീയില്‍ വല്ലാത്ത മാറ്റമുണ്ടാവുന്നുണ്ട്. തുടര്‍ന്ന് നഴ്സ് ‘വരൂ’ എന്ന് പറയുമ്പോള്‍ ഒരക്ഷരം എതിര്‍ക്കാതെ അവര്‍ ആംബുലന്‍സില്‍ കയറുകയാണ്. അപ്പോള്‍ Blanche Du Bois പറയുന്ന ഒരു വാചകമുണ്ട്: “Whoever you are, I have always depended on the kindness of strangers.” എന്തൊരു വാചകം!

റ്റെന്നസ്സി വില്യംസിന്‍റെ ഇന്‍റര്‍വ്യൂ ‘റ്റൈം’ മാഗസിനില്‍ വായിച്ചതിനെത്തുടര്‍ന്ന്, ആ ഇന്‍റര്‍വ്യൂവിനെക്കുറിച്ചുള്ള പ്രതികരണമായി ഇതേ വാചകം പദ്മനാഭനും റ്റെന്നസ്സി വില്യംസും (പരസ്പരം അറിയാതെ) ഉപയോഗിച്ചതും മറ്റും പദ്മനാഭന്‍ ലേഖനത്തിന്‍ വിവരിക്കുന്നുണ്ട്. പദ്മനാഭന്‍റെ മറ്റെല്ലാ കൃതികളും വായിച്ചിട്ടുണ്ട്, എന്നാല്‍ ഇത് വായിച്ചിട്ടില്ല എന്നുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ഇതാ പുസ്തകത്തിന്‍റെ വിശദാംശങ്ങള്‍: പള്ളിക്കുന്ന് (ലേഖനങ്ങള്‍), വിതരണം: ഗ്രീന്‍ ബുക്സ്, ISBN: 81-88582-29-8, വില: 95 രൂപ.

‘അപരിചിതരുടെ കാരുണ്യം ഞാന്‍ എപ്പോഴും ആശ്രയിച്ചിട്ടുണ്ട്’ എന്ന വാചകത്തെക്കുറിച്ചാണ് ഞാന്‍ ചിന്താധീനനായത്. എനിക്കു പരിചയമില്ലാത്തവര്‍ എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെന്ന് തീര്‍ച്ച. എന്നാല്‍ അവയിലൊന്നുപോലും എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് തെല്ലദ്ഭുതത്തോടെയെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു. മനുഷ്യന്‍ ഒരു സമൂഹജീവിയാകയാല്‍, തനിക്കു ചുറ്റും നടക്കുന്ന, തന്‍റെ സഹായമര്‍ഹിക്കുന്ന സംഭവങ്ങളോട് സഹാനുഭൂതിയോടുകൂടി പ്രതികരിക്കുക അസ്വാഭാവികമോ കരുണയുടെ പ്രകടനമോ ആണെന്നു കരുതുക വയ്യ. (ഏതെങ്കിലും കാരണത്താല്‍ അങ്ങനെ ചെയ്യാത്തവരെ ക്രൂരന്മാരെന്നും മനസ്സാക്ഷിയില്ലാത്തവരെന്നും നാം എളുപ്പത്തില്‍ പേരിട്ടുവിളിക്കുമെങ്കിലും.)

ഏകദേശം ഒരു മാസം മുമ്പ് എ. ബി. സി. ചാനലിലോ മറ്റോ കണ്ട ഒരു പരിപാടിയും ഓര്‍മ വന്നു. കൈ നിറയെ പുസ്തകങ്ങളുമായി ഒരു സുന്ദരിയെയും സൌന്ദര്യം തെല്ലുകുറഞ്ഞ ഒരുവളെയും ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഇന്‍റര്‍സെക്ഷനില്‍ നിര്‍ത്തി. സുന്ദരിയെ സഹായിക്കാന്‍ എത്ര പേരാണെന്നോ സന്നദ്ധരായെത്തിയത്! ചിലര്‍ പുസ്തകങ്ങള്‍ താങ്ങി അവള്‍ക്ക് പോകേണ്ടിടത്തെത്തിക്കാന്‍ തയ്യാറാവുന്നു, ചിലര്‍ അവള്‍ക്ക് ഒരു സഞ്ചികൊണ്ടെത്തിക്കുന്നു, മറ്റു ചിലര്‍ “എന്തു സഹായം വേണമെങ്കിലും” വാഗ്ദാനം ചെയ്യുന്നു. സൌന്ദര്യം കുറഞ്ഞവളെ സഹായിക്കാന്‍ തയ്യാറാവുന്നതോ, വളരെക്കുറച്ചുപേര്‍ മാത്രം. നമ്മുടെ നാട്ടിലും ഇത്തരം പെരുമാറ്റത്തില്‍ നിന്നും വലിയ മാറ്റം വരാന്‍ വഴിയൊന്നുമില്ല.

സൌന്ദര്യവര്‍ധക വസ്തുക്കളും പുസ്തകക്കെട്ടുകളുമില്ലാതെ അപരിചതന്‍റെ കാരുണ്യത്തിന്‍റെ മധുരം അനുഭവിക്കാന്‍ എനിക്കും അവസരമുണ്ടായി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മഞ്ഞുപെയ്തതുകാരണം തിങ്കളാഴ്ച രാവിലെ ഓഫീസിലേയ്ക്കുള്ള യാത്ര കഠിനമായിരുന്നു. എന്നാലും റോഡില്‍ അധികം തിരക്കില്ലാതിരുന്നതിനാല്‍ അരമണിക്കൂര്‍ കൊണ്ട് ഓഫീസിലെത്തി. ഉച്ചകഴിഞ്ഞപ്പോള്‍ വീണ്ടും കാലാവസ്ഥ മോശമാവുകയും ശീതക്കാറ്റും മഞ്ഞുവീഴ്ചയും പുനരാരംഭിക്കുകയും ചെയ്തു. ജനാലയിലൂടെ ഓരോ തവണ പുറത്തേയ്ക്കു നോക്കിക്കഴിഞ്ഞ്, സ്ഥിതി ഒന്നു കൂടി മെച്ചമാവട്ടെ എന്നു വിചാരിച്ച്, മടക്കയാത്ര നീട്ടിനീട്ടി വച്ചുകൊണ്ടിരുന്നു. അവസാനം അഞ്ചുമണികഴിഞ്ഞ് ഓഫീസ് വിജനമാകാന്‍ തുടങ്ങിയപ്പോള്‍ ഞാനും മടക്കയാത്രയ്ക്കൊരുങ്ങി.

തെന്നിയും തെറിച്ചും മൂന്നു നാലു മൈല്‍ പിന്നിട്ടപ്പോള്‍ വഴി വിജനമായിത്തുടങ്ങി. പിന്നെ നാലഞ്ചുമൈല്‍ യാത്ര വളരെ സുഗമമായിരുന്നു. ഹൈവേകളിലെ ദുരവസ്ഥ റേഡിയോയിലൂടെ കേട്ടുകൊണ്ടിരുന്ന എനിക്ക് ആള്‍ക്കാര്‍ ഈ ഉള്‍‍റോഡ് തെരഞ്ഞെടുക്കാഞ്ഞതില്‍ അതിശയവും ആശ്വാസവും തോന്നി.

റോഡു മുഴുവന്‍ മഞ്ഞുറഞ്ഞ് ഐസ് ആയിരിക്കുന്നു. കാര്‍ തെന്നിയാല്‍ ബ്രേയ്ക് പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നിന്നാല്‍ പിന്നെ വീണ്ടും നീങ്ങിക്കിട്ടാനും പ്രയാസം. മാത്രമല്ല, ട്രാക്ഷന്‍ കണ്ട്രോള്‍ ചെറിയ പാരയുമാണ്, അല്പമെങ്ങാനും തെന്നിയാല്‍ ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, എന്‍‍ജിനിലേയ്ക്കുള്ള പവര്‍ ഇല്ലാതാക്കുന്നതോടെ കാര്‍ നിന്നു പോകാനും മതി. എങ്ങും നിര്‍ത്താന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍ഥിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വീട്ടില്‍ നിന്നും ഏകദേശം രണ്ടര മൈല്‍ അകലെയെത്തി. ചെറിയൊരു കയറ്റമാണ്. അവിടേയ്ക്ക് തിരിഞ്ഞതും ഉള്ളൊന്നു കാളി. കയറ്റം തുടങ്ങുന്നിടത്ത് നാലഞ്ചു കാറുകള്‍ ഒതുക്കിയിട്ടിരിക്കുന്നു. കയറ്റം കയറാന്‍ ശ്രമിച്ച് പിറകിലേയ്ക്കു ഉരുണ്ടു വന്നതാവാം. കയറേണ്ട എന്നു കരുതി ഒതുക്കിയതുമാവാം. കാറുകള്‍ക്കു ചുറ്റും മൂന്നാലു പേര്‍ കൂടി നില്‍പ്പുണ്ട്. എന്തും വരട്ടെ എന്നു കരുതി ഞാന്‍ വണ്ടി വിട്ടു. കയറ്റം തീരാറായതും എതിരെ ഒരു കാര്‍ വരുന്നു. ഐസിലൂടെ തെന്നിപ്പോയി പരസ്പരം ഇടിക്കേണ്ടെന്നു കരുതി ഞാന്‍ വേഗത കുറച്ചു. വേഗത കുറഞ്ഞപ്പോള്‍ പിന്‍വീല്‍ ചെറുതായൊന്നു പാളി. ഇനി വേഗത പഴയ രീതിയിലാക്കാനൊരു ഭയം. നേരേ പോയി എതിരേ വരുന്നവനിട്ട് ചാര്‍ത്തിയാലോ? എന്തിനധികം പറയുന്നു, ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, ആക്സിലറേയ്റ്റര്‍ കാര്യമായി കൊടുക്കാത്തതിനാല്‍ വണ്ടി നീങ്ങാതായി. വണ്ടി പതിയെ താഴേയ്ക്ക് ഉരുണ്ടു തുടങ്ങി. കാല്‍ ബ്രേയ്കും കൈ ബ്രേയ്കും ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. കാര്‍ ഫസ്റ്റ് ഗിയറിലിട്ട് ഓഫ് ചെയ്തു. കാര്‍ നിന്നു.

ഞാന്‍ കാറില്‍ നിന്നിറങ്ങി യോഗസ്ഥലത്തേയ്ക്ക് നടന്നു. മലയാളികളെത്താത്ത സ്ഥലമില്ല എന്ന് പറയുന്നതെത്ര ശരി. ഒരു മലയാളി സുഹൃത്താണ് വിഷണ്ണനായി അവിടെ നില്‍ക്കുന്നത്. അവിടെ നിന്ന മൂന്നാമന്‍, കയറ്റം കേറാന്‍ കഴിയാതെ വാഹനം നിന്നു പോകുന്നവരെ സഹായിക്കാന്‍ സ്വന്തം ട്രക്കുമായി കൊടും തണുപ്പിനെ അവഗണിച്ചു നില്‍ക്കുന്ന നല്ല സമരിയാക്കാരനാണ്. അയാളുടെ സഹായഹസ്തമെത്തും മുമ്പ് എന്‍റെ സുഹൃത്തിന്‍റെ വണ്ടി പിന്നോട്ടുരുണ്ടുവന്ന് പിന്നില്‍ വരുകയായിരുന്ന കാറിനെ ഇടിച്ചു കഴിഞ്ഞിരുന്നു. സുഹൃത്തും സഹായിയും ഞാനും കൂടി സുഹൃത്തിന്‍റെ കാര്‍ ഉന്തി റോഡിന്‍റെ വശത്താക്കി. അപരിചിതനായ സഹായി തന്നെ ട്രക്കുമായി വന്ന് എന്‍റെ കാറിന്‍റെ പിന്നില്‍ നിന്നും തള്ളിത്തരാമെന്നേറ്റു. സുഹൃത്തും ഞാനും എന്‍റെ കാറില്‍ കയറി. പിന്നില്‍ നിന്നും ട്രക്ക് ഉപയോഗിച്ചു തള്ളിത്തന്നതിനാല്‍ എന്‍റെ കാര്‍ കൂള്‍ കൂളായി കയറ്റം കയറി.

അങ്ങനെ, കുന്നിന് മുകളിലെത്തിയപ്പോഴാണ് സുഹൃത്ത് തന്‍റെ ബാഗ് താഴെ ഒതുക്കിയിട്ട കാറിലായിപ്പോയതറിഞ്ഞത്. ഞാന്‍ കാര്‍ ഒതുക്കി സുഹൃത്ത് ബാഗുമായെത്താന്‍ കാത്തിരുന്നു. കഷ്ടകാലമെന്നല്ലാതെന്തു പറയാന്‍, സുഹൃത്ത് മടങ്ങിയെത്തി പോകാനൊരുങ്ങുമ്പോള്‍ ഐസ് കാരണം ടയര്‍ കറങ്ങുന്നതല്ലാതെ കാര്‍ മുന്നോട്ട് പോകുന്നില്ല. അപരിചിതന്‍ വീണ്ടും സഹായവുമായെത്തി. ഇതിനോടകം താപനില വളരെക്കുറഞ്ഞ് റോഡിലെ ഐസ് കട്ടി കൂടി കാല്‍നട പോലും വിഷമകരമാക്കിത്തീര്‍ത്തിരുന്നു. വളരെ എളുപ്പമെന്നു കരുതിയ മറ്റൊരു ചെറിയ കയറ്റത്തിലും സഹായിച്ചിട്ടേ അപരിചിതന്‍ മടങ്ങിയുള്ളൂ. കാര്‍ നിര്‍ത്തി ഒരു നന്ദി വാക്കുപോലും പറയാനാവാതെ, കാര്‍ വിന്‍ഡോയിലൂടെ കയ്യുയര്‍ത്തിക്കാണിച്ച് നന്ദി പ്രകടിപ്പിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. വഴിയരികില്‍ സുഹൃത്തിനെ ഇറക്കി വിട്ട് വീട്ടിലെത്തി. കാര്‍ വഴിയിലുപേക്ഷിച്ച് വീട്ടിലേയ്ക്ക് നടക്കേണ്ടി വന്നവരുടെ കഥകളായിരുന്നു ന്യൂസ് മുഴുവന്‍. അപരിചിതരുടെ കാരുണ്യമേല്‍ക്കാതെ മൈലുകള്‍ നടക്കേണ്ടി വന്നവരില്‍ എന്‍റെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള വഴിയില്‍ ഞാന്‍ ചിന്തിച്ചതും ഒരല്പം തിരുത്തിയ ആ വാചകം തന്നെ: “Whoever you are, I also have depended on the kindness of you, dear stranger!”

Labels:

Tuesday, November 28, 2006

ഓഫീസ് 2007 ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍

മൈക്രോസോഫ്റ്റ് ഓഫീസ് 2003 ഉപയോഗിച്ച് ശീലമായവര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് 2007-ന്‍റെ പുതിയ “റ്റാസ്ക്-ഓറിയന്‍റഡ്” മെനു ക്രമീകരണങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കാം. ജോലിയില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ പഠിച്ചുവരുന്നതുവരെയുള്ള സമയ നഷ്ടം ഉണ്ടാകാതിരിക്കാന്‍ വേഡ്, എക്സല്‍, പവര്‍പോയ്ന്‍റ് എന്നിവയുടെ ഖമാന്‍ഡ് റഫറന്‍സ് ഗൈഡുകള്‍ സഹായിക്കും.

മൈക്രോസോഫ്റ്റ് വേഡ്
മൈക്രോസോഫ്റ്റ് എക്സല്‍
മൈക്രോസോഫ്റ്റ് പവര്‍പോയ്ന്‍റ്

മൈക്രോസോഫ്റ്റ് ഓഫീസിന്‍റെ പുതിയ മെനു കണ്ടിട്ടില്ലാത്തവര്‍ക്ക് ഒരു പ്രിവ്യൂ കൂടിയായി ഇത് ഉപകാരപ്പെട്ടേക്കാം. ഈ ഗൈഡുകള്‍ ഓഫീസ് 2003-ന്‍റെ പ്രോഗ്രാം ഇന്‍റര്‍ഫേയ്സ് ബട്ടന്‍, റ്റൂള്‍ബാര്‍ എന്നിവയുള്‍പ്പടെ കാണിക്കുന്നു. ഒരു ബട്ടനോ മെനു ഓപ്ഷനോ പോയിന്‍റു ചെയ്താല്‍ റ്റൂള്‍റ്റിപ്പിലൂടെ ഓഫീസ് 2007-ല്‍ ഈ ഓപ്ഷന്‍ എവിടെ ആണെന്ന് എഴുതിക്കാണിക്കും. ഇനി അഥവാ, ബട്ടനോ മെനു ഓപ്ഷനോ ക്ലിക്കു ചെയ്താലോ, ഓഫീസ് 2007-ല്‍ ഈ ഓപ്ഷന്‍ എവിടെ ആണെന്ന് കാണിച്ചുതരും.

Labels:

Saturday, November 11, 2006

ചോദ്യം, ഉത്തരം

Nov 11

“പിറന്നാള്‍?”
“അല്ല.”
“ഭാര്യയുടെയോ മകന്‍റെയോ പിറന്നാള്‍?”
“അല്ല.”
“ദില്ലി മീറ്റ്?”
“ഇനിയും ശ്രമിക്കൂ!”
“വിവാഹ വാര്‍ഷികം?”
“അതെ!”

Labels: , ,

Wednesday, November 08, 2006

എന്‍റെ നാട്, നിങ്ങളുടെയും

മുന്‍‍മന്ത്രി ഗണേഷ്കുമാര്‍ ഒരു താരമായി തിളങ്ങി നിന്ന കാലം. അഭിമുഖ സംഭാഷണത്തിനിടയില്‍ ചോദ്യകര്‍ത്താവ് ചോദിക്കുന്നു (ചോദ്യം അപ്പടിയല്ല താഴെക്കൊടുക്കുന്നത്, ആശയം മാത്രം):
വണ്‍‍വേ നിയമം തെറ്റിച്ചു സ്കൂട്ടറോടിച്ച യുവാവിന് താങ്കള്‍ നേരിട്ട് പിഴകൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രങ്ങളില്‍ വന്നല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പ് താങ്കള്‍ ഒരു കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വണ്‍‍വേ നിയമം തെറ്റിച്ചു വാഹനമോടിച്ചതായും പോലീസ് തടഞ്ഞു നിറുത്തിയതായും പഴയ രേഖകളില്‍ കാണുന്നുണ്ട്. സ്വയം തെറ്റു ചെയ്തിട്ടുള്ള താങ്കള്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആത്മാര്‍ഥമായി ചെയ്യാന്‍ കഴിയുമോ?

ഗണേഷ്കുമാറിന്‍റെ മറുപടി (ഇവിടെയും ആശയം മാത്രം):
വളരെ ബാലിശമായ ചോദ്യം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാള്‍ തെറ്റുചെയ്തിട്ടുണ്ട് എന്നുവിചാരിച്ച് അതേ തെറ്റ് ആവര്‍ത്തിക്കുന്നവരെ അതില്‍നിന്ന് വിലക്കാന്‍ പാടില്ല എന്ന് പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിദേശങ്ങളിലും മറ്റും പോകുമ്പോള്‍ അവര്‍ എത്ര നല്ല രീതിയിലാണ് അവരുടെ പൊതു സ്വത്തുക്കള്‍ സൂക്ഷിക്കുന്നത് എന്നതും നിയമം അനുസരിക്കുന്നത് എന്നതും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് അത് നമ്മുടെ നാട്ടില്‍ നടക്കുന്നില്ല എന്ന് വിചാരിച്ചുപോയിട്ടുണ്ട്. അതിലേയ്ക്കായി ഞാന്‍ എന്നാലാവുന്നതു ചെയ്യുന്നു എന്നു മാത്രം.

രാഷ്ട്രീയക്കാര്‍ ഇങ്ങനെ വേണം എന്നൊക്കെ ഞാന്‍ ആശിച്ചുപോയി.

നാം എപ്പോഴും മറ്റുള്ളവര്‍ നന്നാവാത്തതില്‍ നീരസപ്പെടുന്നവരാണ്. കേരളത്തിനു വെളിയില്‍ ജീവിക്കുന്ന എന്നെപ്പോലുള്ളവരാണ് ഈ മനോഭാവം കൂടുതല്‍ വച്ചു പുലര്‍ത്തുന്നതെന്ന് തോന്നുന്നു. കേരളത്തിലെത്തിയാല്‍ നമുക്ക് പിന്നെ കുറ്റമേ പറയാനുള്ളൂ.

  • ഇവരെന്താ ക്യൂ പാലിക്കാത്തത്? [അവിടെ—നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന നാട് ഇവിടെ ചേര്‍ത്തു വായിക്കുക] ഇതൊന്നും നടക്കില്ല. എല്ലാവര്‍ക്കും എന്തു ചിട്ടയാണെന്നോ!
  • സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി കൊടുക്കണമെന്നോ? [അവിടെ] ഇതൊന്നും നടക്കില്ല. കൈക്കൂലി വാങ്ങിയാല്‍ വാങ്ങുന്നവന്‍/അവള്‍ അപ്പോള്‍ അകത്താവും.
  • മൂത്രപ്പുരയ്ക്ക് ഒരു വൃത്തിയുമില്ല. [അവിടുത്തെ] മൂത്രപ്പുര കാണണം. കിടന്ന് ഉറങ്ങാന്‍ തോന്നും.
  • ഗവണ്മെന്‍റ് എന്താണ് ഈ റോഡൊന്നും ശരിയാക്കാത്തത്? [അവിടുത്തെ] ആറു ലെയ്ന്‍ റോഡാണു മോനേ, റോഡ്.
  • ഹും, ബാങ്കിലും ആശുപത്രിയിലും മറ്റും സെല്‍‍ഫോണ്‍ ഉപയോഗിക്കരുതെന്നറിയില്ലേ, എന്നിട്ടും... കഷ്ടം. [അവിടെ] ആരും ഇങ്ങനെ ബോധമില്ലാത്തവരെപ്പോലെ പെരുമാറില്ല.
എത്ര വേഗമാണ് നാം വിധികര്‍ത്താക്കളാവുന്നതെന്ന് നോക്കുക. ഞാനുള്‍പ്പെടുന്ന ഈ വിധികര്‍ത്താക്കളുടെ പക്ഷം ചേര്‍ന്ന് ചിന്തിച്ചാലോ? കഴിവതും ഞാന്‍ മുന്‍‍പറഞ്ഞ നല്ലനടപ്പൊക്കെ കേരളത്തിലും പിന്തുടരാറുണ്ട്. കഴിവതും എന്ന് പറഞ്ഞത് മനഃപൂര്‍വ്വവും സൂക്ഷ്മതയോടുമാണ്. ഗണേഷ്കുമാര്‍ പറഞ്ഞതുപോലെ, വിദേശത്തു നിന്ന് പഠിച്ചെടുത്ത പല നല്ല ചിട്ടകളും പാലിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി ബില്ലടയ്ക്കുന്നിടത്തും പെട്രോള്‍ പമ്പിലും ക്യൂ നില്‍ക്കുന്നത് വൃഥാവിലാണെന്നും തള്ളിക്കയറുകയാണ് അംഗീകൃതരീതിയെന്നും ഞാന്‍ സ്വാനുഭവത്തിലൂടെ മനസ്സിലാക്കി (ചിട്ടകള്‍ പഠിക്കുന്നതിനു മുമ്പ് അതായിരുന്നു എന്‍റെ സ്വാഭാവിക രീതിയെന്ന് മറക്കുന്നില്ല). അതേസമയം, നമുക്ക് പൂര്‍ണനിയന്ത്രണമുള്ള ചില ചിട്ടകള്‍ മറ്റുള്ളവയേക്കാള്‍ പാലിക്കുവാന്‍ എളുപ്പമായവയാണ്. മൊബൈല്‍ ഫോണുകള്‍ ഔചിത്യപൂര്‍വം ഉപയോഗിക്കുക എന്ന പ്രക്രിയ തന്നെ ഉദാഹരണം.

നാടു ശരിയല്ല എന്നു പറയുമ്പോഴും, നാട്ടാര്‍ ‘ചിട്ടകള്‍’ പഠിക്കാത്തതില്‍ അമര്‍ഷം കൊള്ളുമ്പോഴും പലപ്പോഴും നാം എത്ര അനായാസമായാണ് ഈ ‘ദുരവസ്ഥ’യ്ക്ക് കാരണക്കാരാവുന്നത് എന്ന് നേരിട്ടറിയാന്‍ എനിക്ക് അവസരമായിട്ടുണ്ട്.

മലയാളികള്‍ക്ക് മാത്രമായി ഒരു ഇ-മെയില്‍ ലിസ്റ്റ് ഉണ്ട് എന്‍റെ കമ്പനിയില്‍. ഒരാള്‍ അതിലേയ്ക്ക് മെയിലയച്ചു:
എന്‍റെ കല്യാണം ആറാം തീയതി ഗുരുവായൂരില്‍ വച്ചാണ്. പതിമൂന്നാം തീയതിയാണ് അമേരിക്കയിലേയ്ക്കു വരാനുള്ള വിസ ഇന്‍റര്‍വ്യൂവിന്‍റെ തീയതി. വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എത്ര നാളെടുക്കും എന്ന് ആര്‍ക്കെങ്കിലും അറിയാമോ?

അദ്ദേഹത്തിനു കിട്ടിയ മറുപടികളില്‍ ചിലത്:

  • സാധാരണ ഗതിയില്‍ ഒന്നുരണ്ടാഴ്ചയെങ്കിലും എടുക്കും വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. എന്നാല്‍, താങ്കള്‍ താമസിക്കുന്ന/അമ്പലത്തിനടത്തുള്ള ഹോട്ടലുകാരോട് അന്വേഷിക്കൂ. രജിസ്ട്രേഷന്‍ ഓഫീസിലെ ആരെയെങ്കിലും അവര്‍ക്ക് പരിചയമുണ്ടാവാന്‍ വഴിയുണ്ട്.
  • ഞാന്‍ ഇതേ കടമ്പ കടന്നവനാണ്. രീതി എല്ലായിടവും ഒന്നു തന്നെ. അപേക്ഷ കൊടുക്കുക. അല്പം കൈക്കൂലിയും കരുതുക.
ഒരാള്‍ പോലും കൈക്കൂലി ഉള്‍പ്പെടാത്ത ഒരു വഴി പറയാനുണ്ടായില്ല. ഒരു വേള, അങ്ങനെ ഒരു വഴി ഇല്ലാത്തതാവാം കാരണം. എന്നാലും രാഷ്ട്രീയക്കാരുടെ അഴിമതിയും കൈക്കൂലി വളര്‍ന്നു മൂടിയ ‘സിസ്റ്റ’ത്തെയും നമുക്കെല്ലാര്‍ക്കും എന്തു പുച്ഛമാണെന്നോ!

അദ്യമായി അമേരിക്കയിലേയ്ക്ക് വന്നപ്പോള്‍ ഇന്‍‍കം റ്റാക്സ് എല്ലാം അടച്ചു തീര്‍ത്തു എന്ന ഒരു കടലാസ് എനിക്ക് വേണമായിരുന്നു. ഇത് അറിയുന്നത് വിസ ഇന്‍റര്‍വ്യൂവിന് പോകുന്നതിന് രണ്ടു ദിവസം മുമ്പ്. സേര്‍ട്ടിഫിക്കറ്റിന് ഒരാഴ്ച കാലതാമസമുണ്ട്. 2500 രൂപ യാതൊരു മടിയുമില്ലാതെ ബാംഗ്ലൂര്‍ ഇന്‍‍കം റ്റാക്സ് ഓഫീസിലെ പ്യൂണിന്‍റെ കയ്യില്‍ കൊടുത്തു, സേര്‍റ്റിഫിക്കറ്റ് അന്നു തന്നെ കിട്ടി.

ഈ രാജ്യത്ത് എത്തിപ്പെട്ടപ്പോള്‍ അഴിമതിയും കൈക്കൂലിയും ഇല്ലെങ്കില്‍ എങ്ങനെയൊക്കെയാകാം എന്നത് സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യമായി മാറി. ഈ മാറ്റവും രീതികളും ഇഷ്ടപ്പെടാന്‍ തുടങ്ങി. “കാര്യസാധ്യത്തിന്” കാലുപിടിക്കേണ്ട എന്നത് വലിയ ആശ്വാസമായിരുന്നു. പിന്നെ കൈക്കൂലിയോട് അലര്‍ജിയായി. അഴിമതിയില്ലാത്ത ഇന്ത്യയെന്ന സ്വപ്നം മോഹമായി മാറി. ആര്‍ക്കും കൈക്കൂലി കൊടുക്കില്ലെന്ന് ഉറച്ചു. ഇടയ്ക്ക് നാട്ടില്‍ ചെന്നപ്പോള്‍ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് ലാമിനേയ്റ്റ് ചെയ്തുകിട്ടാന്‍ 500 രൂപ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോട്, ഒരു ചെറിയ സ്റ്റഡി ക്ലാസ് എടുത്ത ശേഷം, തരാന്‍ പറ്റില്ല എന്നു പറഞ്ഞു. വിമാനത്താവളത്തില്‍ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോടും അതേ മറുപടി. പിന്നെയും രണ്ടു മൂന്ന് അനുഭവങ്ങള്‍. കൈക്കൂലി കൊടുക്കാത്തവനായതില്‍ ഞാന്‍ അഭിമാനിച്ചു.

കല്യാണം കഴിഞ്ഞ് വിവാഹ സേര്‍ട്ടിഫിക്കറ്റ് വേണം. രണ്ടു ദിവസത്തിനുള്ളില്‍ വേണമെങ്കില്‍ കൈക്കൂലിയല്ലാതെ ശരണമില്ല. കൊടുക്കില്ല എന്ന് വാശിപിടിച്ചാല്‍ നഷ്ടപ്പെടാന്‍ ഏറെയുള്ള അവസരം. പതിയെ, ഞാന്‍ പ്രായോഗിക രീതിക്കാരനായി. പുനരവലോകനത്തില്‍, പണ്ട് കൈക്കൂലി കൊടുക്കില്ല എന്ന് വാശിപിടിച്ച—കൊടുക്കാത്തതില്‍ അഭിമാനിച്ച—കാര്യങ്ങളൊക്കെ, ഒന്നുകില്‍ എനിക്ക് വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങളോ അല്ലെങ്കില്‍ നിയമപ്രകാരം എനിക്ക് ദോഷകരമായി ഭവിക്കാത്തതോ ആയിരുന്നു എന്നു മനസ്സിലാക്കി. നമുക്ക് അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ മാത്രമേ കൈക്കൂലി കൊടുക്കില്ല എന്ന വാശിക്ക് സ്ഥാനമുള്ളൂ.

ഇത്തരം കൈക്കൂലി ഒഴിവാക്കാന്‍ ഒരു മാര്‍ഗമേ ഞാന്‍ കാണുന്നുള്ളൂ. ഏതു കാര്യ സാധ്യത്തിനും പല വിധ ചാനലുകള്‍ ഉണ്ടാക്കുക. അത് നിയമപ്രകാരമാക്കി, കൈക്കൂലിക്കാര്‍ വാങ്ങുന്ന പണം ഗവണ്മെന്‍റ് വാങ്ങുക.

ഉദാഹരണം:
വിവാഹ സേര്‍ട്ടിഫിക്കറ്റ് കാലാവധി:
സാധാരണ ഫീസോടുകൂടി: 14 ദിവസം
അധിക ഫീസ് (250 രൂപ അധികം): 7 ദിവസം
അക്രമ ഫീസ് (1000 രൂപ അധികം): 1 ദിവസം

(ഈ പരിപാടി അമേരിക്കയില്‍ പാസ്പോര്‍ട് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള പല സെര്‍വീസുകള്‍ക്കും കാണാം. വിമാന റ്റിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്താലുള്ള വിലക്കുറവ് ഇതുമായി താരതമ്യപ്പെടുത്താവുന്നതേയുളൂ. എനിക്കറിയാത്ത മറ്റുദാഹരണങ്ങളും നാട്ടിലുണ്ടാവും.)

ഇങ്ങനെ ചിട്ട വരുമ്പോള്‍, ഈ സമയക്രമം പാലിച്ചാല്‍, കൈക്കൂലി കൊടുക്കാന്‍ അധികം പേരുണ്ടാവില്ല. ഇനി, ഈ സമയം പാലിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രശ്നം പഴയതില്‍ നിന്നും മോശമാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാവാന്‍ വഴിയില്ല. രണ്ടും മൂന്നും തരം പൌരന്മാരെ സൃഷ്ടിക്കും എന്നു പറഞ്ഞ് കൊടിപിടിക്കുന്നവരെ ആരാണ് ഭയക്കാതിരിക്കുക?

[Cheaters Always Prosper: 50 Ways to Beat the System Without Being Caught എന്ന അത്യന്തം ഉപയോഗശൂന്യമായ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. തന്ത്രങ്ങള്‍ പഠിക്കാനായി പുസ്തകം കാശുകൊടുത്തു വാങ്ങിയതൊന്നുമല്ല. ഒരു സഹപ്രവര്‍ത്തകന്‍ തന്നതാണ്.]

Labels: ,

Tuesday, October 31, 2006

ഓം ഹ്രീം സ്വാഹ...

ഇന്ന് ഹാലോവീന്‍. കുട്ടികളും മുതിര്‍ന്നവരും പ്രച്ഛന്ന വേഷം കെട്ടി ‘ട്രിക് ഓര്‍ ട്രീറ്റ്’ എന്ന് ചോദിച്ച് മിഠായി തേടി വരുന്ന ദിവസം. മൃഗങ്ങള്‍, പക്ഷികള്‍, ഫലങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവയ്ക്കു പുറമേ, ഭയപ്പെടുത്തുന്ന രൂപങ്ങളായും കുട്ടികളും മുതിര്‍ന്നവരും ഇന്ന് വേഷം മാറിയെത്തും. പൊള്ളയായ മത്തങ്ങകളില്‍ കരിമ്പൂച്ചയുടെയും, വവ്വാലിന്‍റെയും, മറ്റു പ്രേതരൂപികളുടെയും രൂപം കൊത്തിയെടുത്ത്, അതിനകത്ത് ലൈറ്റിട്ട് വീടിനു പുറത്ത് പ്രദര്‍ശിപ്പിക്കും. വീട് ഒരു പ്രേതഭവനം പോലെ അലങ്കരിച്ചെടുക്കും. അമേരിക്കയില്‍, ക്രിസ്മസിനോളം തന്നെ വലിയ ഒരു ആഘോഷമായി ഹാലോവീന്‍ മാറിക്കൊണ്ടിരിക്കുന്നു.

ഭൂത, പ്രേത, പിശാചുകളെ എനിക്ക് ഇപ്പോഴും പേടിയാണ്. ഇരുട്ടിന്‍റെ മറവില്‍, കുടുസ്സുമുറികളില്‍, തട്ടിന്‍പുറങ്ങളില്‍, അവറ്റകള്‍ സസുഖം വാഴുന്നുവെന്നും ഇരയെ ഒറ്റയ്ക്കു കിട്ടാന്‍ തക്കം പാര്‍ത്തിരിക്കുവെന്നും ഞാന്‍ വിശ്വസിക്കുന്നു.

ചെറുപ്പത്തില്‍ എന്നെയും സഹോദരന്മാരെയും വിറപ്പിച്ചു നടന്ന ജഗജില്ലിയായിരുന്നു കള്ളിയങ്കാട്ട് നീലി. അവളുടെ ക്രൂരതയും രക്തദാഹവും വിവരിച്ച് പേടിപ്പിച്ചുറക്കാന്‍ മറ്റേമ്മയ്ക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. സാധാരണ, “ഇന്ന് ഏത് കഥ വേണം” എന്ന് ചോദിക്കുമ്പോള്‍ കഥയൊന്നും സ്റ്റോക്കില്ലാത്തതിനാലാണ് അങ്ങനെ ചോദിക്കുന്നതെന്നും, “നീലിയുടെ കഥ വേണ്ട” എന്ന മറുപടി തന്നെ നീലിയുടെ ഓര്‍മകള്‍ കുട്ടികളായ ഞങ്ങളില്‍ ഉണ്ടാക്കുമെന്നും, അങ്ങനെ, പേടിച്ച് കഥയൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിലും ഉറങ്ങിക്കൊള്ളുമെന്നും മറ്റേമ്മയ്ക്കറിയാമായിരുന്നു.

ആറിലും ഏഴിലും പഠിക്കുമ്പോള്‍ മാസത്തിലൊരിക്കലെങ്കിലും ഒന്നൊന്നര കിലോമീറ്റര്‍ ദൂരെയുള്ള മറ്റേമ്മയുടെ തറവാട്ടിലേയ്ക്ക് ഒറ്റയ്ക്കൊരു യാത്ര ഒത്തു കിട്ടുമായിരുന്നു. സ്കൂള്‍ വിട്ടുവന്ന് കളിയൊക്കെക്കഴിഞ്ഞ്, അഞ്ചര മണി കഴിയുമ്പോളതാ, “ഓരാള് പുത്തന്‍വീട്ടില്‍ പോയി ഒരു തുടം ഒറ വാങ്ങിവരണം, മറ്റേയാള് കടയിപ്പോയി രണ്ട് കിലോ എള്ളുമ്പിണ്ണാക്ക് വാങ്ങണം” എന്ന് പറയേണ്ട താമസം അനിയന്‍ പിണ്ണാക്കു വാങ്ങാന്‍ റെഡി. വലിയവിള കുന്നിന്‍ പുറത്തു കൂടെ, ലക്ഷ്മിടീച്ചറുടെ വീടിന്‍റെ കിഴക്കേത്തൊടിയിലൂടെ, സുനിലിന്‍റെ വീടിനു പിന്നിലുള്ള മൊട്ടക്കുന്ന് കടന്ന് പുത്തന്‍വീടെത്തി, വാങ്ങാനുള്ളത് വാങ്ങി ഉടന്‍ മടങ്ങാന്‍ പറ്റുമോ? അവിടുന്ന് തരുന്നതെന്തായാലും വാങ്ങിക്കഴിക്കാതിരുന്നാല്‍ അവര്‍ക്ക് പരിഭവമാവും. കഴിക്കാനിരുന്നാലോ, മടങ്ങുമ്പോള്‍ സന്ധ്യമയങ്ങുകയും ചെയ്യും.

ശശിയണ്ണന്‍ വിഷം കഴിച്ചു മരിച്ച ശേഷം ഈ യാത്രകള്‍ വളരെ കഠിനമായിരുന്നു. കാട്ടുപുറുത്തിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും നീലി മാത്രമല്ല, ശശിയണ്ണന്‍റെ പ്രേതവും രക്തദാഹവുമായിവന്ന് തടഞ്ഞു നിര്‍ത്തുമെന്ന് ഞാന്‍ ഭയന്നു. വഴിവശങ്ങളിലുള്ള പൊന്തക്കാടുകൈലേയ്ക്ക് കണ്ണു പായാതിരിക്കാന്‍ പാതി അടച്ച കണ്ണുകളുമായി, പാഠപുസ്തകത്തിലെ പാട്ടുകള്‍ ഉച്ചത്തില്‍ പാടി വേഗത്തില്‍ നടക്കും. ഓടണമെന്നുണ്ടെങ്കിലും കയ്യിലുള്ളത് കളയുകയോ മറ്റോ ചെയ്താല്‍ അപമാനത്തോടൊപ്പം അടിയും കിട്ടുമെന്നതിനാല്‍ സ്വജീവനേക്കാള്‍ ഒരു തുടം ഉറയ്ക്ക് ഞാന്‍ വിലകല്‍‍പിച്ചു. ഏതു നിമിഷവും പിന്നില്‍ നിന്നു പിടിച്ചു നിറുത്തുന്ന ഒരദൃശ്യ രൂപം എന്നോടൊപ്പം ഒഴുകി വരുന്നതായി ഞാന്‍ സങ്കല്പിച്ചു. ഒരു കണ്ണ് പിന്നിലും ഒരു കണ്ണ് മുന്നിലും വയ്ക്കാതെ രണ്ടു കണ്ണും മുന്നില്‍ പിടിപ്പിച്ച ദൈവത്തിന്‍റെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. മേലേവിളയില്‍ തുറു കൂട്ടിയിരുന്നിടവും കഴിഞ്ഞ്, വീടിന്‍റെ വടക്കു കിഴക്കേ കോണില്‍ മുനിഞ്ഞു കത്തുന്ന നാല്പത് വാട്ട് ബള്‍ബ് കാണുമ്പോഴാണ് ഇന്നിനി നീലിക്ക് എന്നെ കിട്ടില്ലല്ലോ എന്ന സമാധാനമാവുക.

ഇങ്ങനെ ഭൂതങ്ങളെയും പ്രേതങ്ങളെയും പേടിച്ച് വളര്‍ന്ന ഞാന്‍, എല്ലാവരിലും ഇത്തരമൊരു ഭീതി ചെറുതായെങ്കിലും ഉണ്ടെന്ന് മനസ്സിലാക്കിയത് ഹോസ്റ്റല്‍ ജീവിതത്തിനിടയിലായിരുന്നു. അക്കാലത്ത്, വാരാന്ത്യങ്ങളിലും മറ്റും രാത്രി വൈകും വരെ, കേട്ടറിവുള്ള പ്രസിദ്ധമായ പ്രേതകഥകള്‍ പറഞ്ഞിരിക്കുക ഞങ്ങളില്‍ ചിലരുടെ ഒരു വിനോദമായിരുന്നു. പറഞ്ഞു പറഞ്ഞ്, അവസാനം കൂടിയിരിക്കുന്നവര്‍ക്കെല്ലാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും “ഇവന്‍ പ്രേതമാണോ” എന്ന ചിന്ത വരുമ്പോഴാവും ചര്‍ച്ചകള്‍ അവസാനിക്കുക. സ്വന്തം മുറികളിലേയ്ക്ക് മടങ്ങിപ്പോവാന്‍ ഭയമുള്ളവരെ (പലപ്പോഴും ഞാനുള്‍പ്പടെ), മുറികളിലാക്കി, ലൈറ്റിട്ട്, ജനല്‍ അടച്ചു തന്ന്, കട്ടിലിന്നടിയിലും മറ്റും ആരും ഒളിഞ്ഞിരിപ്പില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഞങ്ങളിലെ ധൈര്യവാന്മാര്‍ക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നുള്ളൂ.

ഹോസ്റ്റലിന്‍റെ ഏറ്റവും താഴത്തെ നിലയിലുള്ള മുറികളില്‍ എത്തിപ്പെടുന്ന പുതിയ അന്തേവാസികളെ ഭയപ്പെടുത്താന്‍ ഈ വിദ്യ ഞങ്ങള്‍ വിജയകരമായി നടപ്പാക്കി. ഹോസ്റ്റലിന്‍റെ ഒരു നിര റൂമുകളുടെ പിന്നില്‍ റബര്‍തോട്ടമായിരുന്നുവെന്നത് ഞങ്ങളുടെ ഉദ്യമം എളുപ്പമാക്കി. രാത്രിയില്‍ ജനാലയിലൂടെ നോക്കിയാല്‍ അനന്തതയോളം റബര്‍ മരങ്ങള്‍ മാത്രം.

നാലോ അഞ്ചോ പേരടങ്ങുന്ന സംഘം രാത്രി പത്തുമണി കഴിഞ്ഞ് പുതുതായി ഹോസ്റ്റലില്‍ ചേരുന്നവരുടെ മുറിയിലേയ്ക്ക് “മീറ്റ് ആന്‍ഡ് ഗ്രീറ്റ്” എന്ന പേരില്‍ ചേക്കേറും. ഓരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞ്, വിഷയം പ്രേതബാധയെക്കുറിച്ചാക്കും. പണ്ട്, വടക്കേതോ കോളജിലെ ധൈര്യവാനായ യുവനേതാവ് ഭൂതവും പ്രേതവും അന്ധവിശ്വാസമാണെന്ന് പറഞ്ഞതും, കൂട്ടുകാര്‍ അവനെ, അകലെ കുന്നില്‍ ചെരിവിലുള്ള പാലമരത്തില്‍ ഒറ്റയ്ക്കു പോയി ആണിയടിച്ചു വരാന്‍ വെല്ലുവിളിച്ചതും, വെല്ലുവിളി സ്വീകരിച്ച്, അര്‍ധരാത്രിയോടടുത്ത്, പൂത്തുലഞ്ഞു നിന്ന പാലമരത്തിനടുത്തെത്തിയെങ്കിലും വെപ്രാളത്തില്‍ സ്വന്തം ഷര്‍ട്ടു കൂടി ചേര്‍ത്ത് ആണിയടിച്ചു പോയതിനാല്‍, തിരിഞ്ഞു നടക്കാനൊരുങ്ങിയ അയാളുടെ ഷര്‍ട്ട് ആണിയില്‍ കുടുങ്ങിപ്പോയതും, മനസ്സു നിറയെ പ്രേതവും ഭൂതവും നിറഞ്ഞു നിന്നിരുന്ന ആ ധൈര്യശാലി പേടിച്ചു മരണപ്പെട്ടതുമായ ‘കഥ’, പൊടിപ്പും തൊങ്ങലും നാടകീയതയും കലര്‍ത്തി ഞങ്ങളിലൊരാള്‍ വിവരിക്കും. ഇതു പോലെ ഒന്നുരണ്ടു കഥകള്‍ കഴിയുമ്പൊഴേയ്ക്കും നായകന്‍ നമ്മുടെ അടുത്ത പരീക്ഷണത്തിന് പറ്റും വിധം തയ്യാറായിരിക്കും.

ഇനിയാണ് പ്രേതം ഇന്‍ ആക്ഷന്‍. ഇതിനോടകം, നമ്മളിലൊരുവന്‍ (മിക്കവാറും കൂട്ടത്തില്‍ എറ്റവും ധൈര്യശാലിയായിരുന്ന രഞ്ജിത്) റൂമിന്‍റെ പുറകില്‍ ജനാലയ്ക്കരുകില്‍ ഇരുട്ടത്ത് സ്ഥാനം പിടിച്ചിട്ടുണ്ടാവും. കറുത്ത ഒരു കയ്യുറയും ഒരു മുഖംമൂടിയുമായാവും രഞ്ജിതിന്‍റെ നില്പ്.

പരിചയപ്പെട്ടതിലുള്ള സന്തോഷവും മറ്റും പ്രകടിപ്പിച്ച് ബാക്കിയെല്ലാവരും മുറിക്കു പുറത്തു പോകുന്നു. നമ്മള്‍ പുറത്തായാല്‍ മിക്ക നായകന്‍മാരും ആദ്യം ചെയ്യുക ജനല്‍ അടച്ചു ഭദ്രമാക്കുകയാണ്. ജനല്‍‍പാളികള്‍ അടയ്ക്കുന്നതിനായി വിറയ്ക്കുന്ന കൈകള്‍ പുറത്തേക്കു നീങ്ങുന്നതും രഞ്ജിത് ആ കൈകളില്‍ പിടി കൂടുന്നു. ഇനിയെല്ലാം കഥാനായകന്‍റെ ധൈര്യം പോലിരിക്കും: അവന്‍ അലറിക്കരയുകയോ, ബോധം കെടുകയോ, ശബ്ദം പുറത്തുവരാനാകാതെ തരിച്ചിരിക്കുകയോ ചെയ്യും.

പ്രേതങ്ങളെയും മറ്റും ഇത്രയും പേടിയുള്ള എനിക്ക് സ്വയമൊരനുഭവം ഉണ്ടാകുന്നത് വളരെക്കഴിഞ്ഞാണ്. ഒറ്റയ്ക്കു താമസിക്കുമ്പോഴും, ഭൂതപ്രേതാദികളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കാന്‍ ഞാന്‍ വളരെ ശ്രദ്ധിക്കാറുണ്ടായിരുന്നു. റ്റി. വി. യില്‍ വരുന്ന പ്രേത സിനിമകള്‍ കൂട്ടുകാരുമൊത്തല്ലാതെ ഞാന്‍ കണ്ടിരുന്നില്ല. ഡി. വി. ഡി. യിലും വിഡിയോയിലും സിനിമ കാണുമ്പോള്‍, ഒറ്റയ്ക്കാണെങ്കില്‍, എന്നെ പേടിപ്പിക്കാനുതകുന്ന രംഗങ്ങളെത്തുമ്പോള്‍, ഫാസ്റ്റ്-ഫോര്‍വേഡ് ചെയ്യുകയോ, ശബ്ദം മ്യൂട്ട് ചെയ്യുകയോ ചെയ്ത് ഞാന്‍ പേടി അകറ്റിയിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ കൂട്ടുകാരുമൊത്ത് ദ ബ്ലയര്‍ വിച്ച് പ്രോജക്ട് എന്ന സിനിമ കാണാന്‍ പോകുന്നത്. സിനിമ കഴിഞ്ഞ്, ഭക്ഷണവും മറ്റും കഴിഞ്ഞ് അപാര്‍റ്റ്മെന്‍റിലെത്തിയപ്പോള്‍ സമയം പാതിരാത്രി കഴിഞ്ഞിരുന്നു. വാതില്‍ തുറക്കാനായി, താക്കോലെടുത്ത് താക്കോല്‍‍പ്പഴുതിലിട്ടതും, വാതില്‍ താനെ തുറന്നു. എന്‍റെ നല്ല ജീവന്‍ പോയിക്കിട്ടി!

വാതിലിനടുത്തുള്ള സ്വിച് ഇട്ടു. സ്വീകരണമുറിയില്‍ നിന്നും ആളനക്കത്തിനായി ഞാന്‍ കാതോര്‍ത്തു. വാതിലിന്‍റെ മറവിലും സോഫയുടെ പിന്നിലും മറ്റു കണ്ണെത്തുന്നിടത്തുമെല്ലാം ഞാന്‍ അരൂപിയായ പ്രേതത്തെത്തിരഞ്ഞു. കിടപ്പുമുറിയിലോ ബാത് റൂമിലോ കള്ളനോ ചിരിക്കുന്ന അസ്ഥിപഞ്ജരമോ ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ ഉറപ്പാക്കി. സുഹൃത്തിനെ ഫോണില്‍ വിളിച്ച് അവനോട് കാര്യമെല്ലാം പറഞ്ഞു. പ്രേതമായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പുച്ഛിച്ചു ചിരിച്ചു.

സ്വീകരണമുറിയോടു ചേര്‍ന്നുള്ള അടുക്കളയില്‍ നിന്ന് തിളങ്ങുന്ന പാത്രമെടുത്ത് തറതുടയ്ക്കുന്ന നീണ്ട കോലിന്നരികിലുറപ്പിച്ചു. കിടപ്പുമുറിയുടെ ലൈറ്റിട്ട് മെല്ലെ പാത്രം ഘടിപ്പിച്ച് കോല്‍ മുറിയിയ്ക്കകത്തേയ്ക്കു നീട്ടി. മുറിക്കുള്ളിലും വാതിലിന് പിറകിലും ആരും ഒളിഞ്ഞിരിപ്പില്ലെന്ന് ഉറപ്പാക്കി. ഈ നേരമത്രയും സുഹൃത്ത് ഫോണില്‍ ഉണ്ടായിരുന്നു. അരമുക്കാല്‍ മണിക്കൂര്‍ കഷ്ടപ്പെട്ട്, ബാത് റൂമിലും ബാല്‍ക്കണിയിലും കൂടി ആരുമില്ലെന്ന് തീര്‍ച്ചയാക്കിയ ശേഷമേ ഞാന്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തുള്ളൂ. കണ്ട സിനിമയിലെ സീനും സ്വന്തം അപാര്‍റ്റ്മെന്‍റിലെ സീനും കൂടി ഒന്നു രണ്ടാഴ്ച എന്‍റെ ഉറക്കം കെടുത്തിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

രണ്ടാം അനുഭവവും ഇതുമായി സാമ്യമുള്ളതാണ്. ഇത്തവണ കണ്ട സിനിമ ദ സിക്സ്ത് സെന്‍സ് ആണ്. സിനിമ കഴിഞ്ഞ് മടങ്ങി വന്ന് വാതില്‍ തുറന്നു. മുറിയില്‍ ഒരു വല്ലാത്ത ഗന്ധവും ഇളം ചുവപ്പു നിറവും. വന്നു കേറുന്ന മുറിയോടനുബന്ധിച്ചാണ് അടുക്കള. അടുക്കള ഭാഗത്തു നിന്നാണ് ചുവപ്പ് നിറം ഉദ്ഭവിക്കുന്നത്. ഭദ്രകാളിയുടെയും മറ്റും രൂപങ്ങളുടെ കണ്ണുകളില്‍ പിടിപ്പിച്ചിരിക്കുന്ന ചുവന്ന ബള്‍ബില്‍ നിന്നു വരുന്നതു പോലെയുള്ള ചുവപ്പു തന്നെ. ചുവന്ന വെളിച്ചത്തിന്‍റെ ഉറവിടം തേടിപ്പോയ ഞാന്‍ ചുട്ടു പഴുത്തിരിക്കുന്ന ഇലക്റ്റ്രിക് സ്റ്റൌ ആണ് കാണുന്നത്. എന്നും പതിവുള്ള ഒരു ഗ്ലാസ് ചായ പോലും ഉണ്ടാക്കാതെയാണ് അന്ന് രാവിലെ ഞാന്‍ മുറി വിട്ട് പോയതെന്ന് ആലോചിച്ചപ്പോള്‍ ചെറുതല്ലാത്തൊരു ഭയം എന്‍റെ സിരകളില്‍ ഉണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. വീണ്ടും കുറെ ഉറക്കമില്ലാത്ത രാത്രികള്‍!

ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത, പ്രേത സിനിമകള്‍ ഹരമായ ഭാര്യ. ഇരുട്ടിനെയും ഏകാന്തതയെയും ഭയക്കുന്ന മകന്‍. ഒന്നിനെതിരെ രണ്ട് വോട്ടുകള്‍ക്ക് പ്രേത സിനിമകള്‍ പടിക്ക് പുറത്ത്.

എല്ലാവര്‍ക്കും പേടിനിറഞ്ഞ ദിവസങ്ങള്‍ ആശംസിക്കുന്നു!

Labels:

Saturday, October 28, 2006

അച്ചുവിന് രണ്ടു വയസ്സ്



പുലര്‍ന്നുവല്ലോ, യിതുനാളു നിന്‍റേ
പിറന്ന നാളും, ഭരണീ, തുലാത്തില്‍.
മറന്നുവെന്നോ, യലയാഴി പോലേ,
കിടന്നു നീ പണ്ടലറിക്കരഞ്ഞൂ!
കടന്നുപോകേ ദിനരാത്രമൊന്നായ്
പകര്‍ന്നു തന്നൂ മനമാകെ മോദം.
കടന്നു പോയീ, യറിയാതെ വേഗം
പിറന്ന നാള്‍തൊട്ടിതുരണ്ടു വര്‍ഷം.
വളര്‍ന്നുപോലും, വലുതായിപോലും,
കുരുന്നു കള്ളാ, വളരില്ല മക്കള്‍!

വൃത്തം: ഉപേന്ദ്രവജ്ര.

Labels: , , , , ,

Tuesday, October 17, 2006

പഞ്ചേന്ദ്രിയാകര്‍ഷണം

ഇത് സമസ്യാപൂരണത്തിന്‍റെ ഉത്സവകാലം. വെളുത്തു പോമെന്നിഹ തോന്നിടുന്നു എന്ന സമസ്യയുടെ പൂരണങ്ങളാല്‍ ബ്ലോഗുലകം നിറഞ്ഞുകവിഞ്ഞതു കണ്ട്, രാജേഷ് വര്‍മ്മയ്ക്ക് തല്ലും നല്‍കി, അടുത്ത സമസ്യയുമായി ഉമേഷ് രംഗത്തിറങ്ങി. “ദിസ് വില്‍ സെപറേയ്റ്റ് മെന്‍ ഫ്രം ബോയ്സ്” എന്ന് അദ്ദേഹം ആകാശവാണിക്കു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടില്ലെങ്കിലും, അങ്ങനെ ഒരു ധാരണയുണ്ടായിരുന്നവരെ നിരാശരാക്കി ശാര്‍ദ്ദൂലവിക്രീഡിതത്തിലും ശ്ലോകങ്ങള്‍ ചമയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തെത്തി.

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം എന്നാണ് വൃത്തലക്ഷണം.

എന്‍റെ പൂരണം:
കണ്ണിന്നുത്സവമേകി ഗന്ധമൊഴുകും കാര്‍കൂന്തലോടിങ്ങിതാ
പെണ്ണുങ്ങള്‍ വരവായ്, പതുക്കെയറിവൂ പഞ്ചാരതന്‍സ്വാദു ഞാന്‍,
സൂചിത്തുമ്പവരേറ്റി, ‘നിര്‍ത്തു കെളവാ!’ യെന്നാട്ടിയോ, രെങ്കിലും
കാലത്തുള്ളൊരുയാത്ര വേദനയിലും പഞ്ചേന്ദ്രിയാകര്‍ഷണം!

വയസ്സാകുന്തോറും മറ്റിന്ദ്രിയങ്ങളൊന്നും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും, പഞ്ചാരയുടെ മധുരം നാവില്‍ നിന്നു വിട്ടുപോവതെങ്ങനെ?

Labels: , ,

Saturday, October 14, 2006

ലാലേട്ടാ, രമ്യ വിളിക്കുന്നു

മലയാളം റ്റി. വി. തുറന്നു വച്ചാല്‍ സിംഹഭാഗവും സിനിമാസംബന്ധിയായ പരിപാടികളാവുമല്ലോ കാണാന്‍ കിട്ടുക. അതില്‍ തെറ്റു പറയാനില്ല. പരസ്യമാണ് റ്റി. വി. യുടെ വരുമാനം. പരസ്യം കിട്ടുന്ന പരിപാടിയാണ് റ്റി. വി. ക്കാര്‍ക്ക് പഥ്യം. സിനിമാ സംബന്ധിയായ പരിപാടികള്‍ കാണിക്കാന്‍ ചെലവ് കുറവ്. വരവ് കൂടുതലും. ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍ അപാര ബുദ്ധിയൊന്നും വേണ്ടെന്നര്‍ഥം.

റ്റി. വി. അവതാരകര്‍ക്ക് അതിനാല്‍ തന്നെ സിനിമാക്കാരെക്കുറിച്ചാണ് എപ്പോഴും പറയാനുണ്ടാവുക. പൃഥ്വിരാജിന് പല്ലുവേദന, ഭാവനയ്ക്ക് നീര്‍വീഴ്ച, മോഹന്‍ലാല്‍ ഡബ്‍ള്‍ റോള്‍ അഭിനയിക്കണോ, മമ്മൂട്ടിയുടെ ഇനി കോമഡി ചെയ്യണോ എന്നു തുടങ്ങുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ നമുക്കെത്തിക്കേണ്ടേ?

ഇതൊക്കെ സഹിക്കാം. ചലച്ചിത്ര ഗാനപരിപാടികളുടെയും സിനിമാവിശേഷ പരിപാടികളുടെയും അവതാരകരാണ് നമ്മുടെ സഹനശക്തി നന്നായി പരീക്ഷിക്കുന്നത്. ഈ പരിപാടിയൊന്നും അധികം കണ്ടുകൊണ്ടിരിക്കാത്തതിനാല്‍ വലിയ പ്രശ്നമില്ലാതെ, രക്തസമ്മര്‍ദ്ദം വരാതെ, കാലം കഴിഞ്ഞു പോകുന്നു. എന്നാലും അശ്വമേധവും സിംഗ് ആന്‍ഡ് വിന്‍-ഉം കഴിഞ്ഞാല്‍ ആപാദചൂഡം ചൊറിഞ്ഞുവരുന്ന മറ്റൊരു സംഗതി ഇക്കൂട്ടര്‍ ഒപ്പിക്കാറുണ്ട്.

അതെന്താണെന്നോ? “ഞമ്മ സ്വന്തം ആള്” എന്ന നെഗളിപ്പ്.

ഒരു പരിചയുമില്ലാത്തവരെ, മറ്റാരെങ്കിലും വിളിക്കുന്ന ലൈസന്‍സുപയോഗിച്ച്, സ്വന്തമാക്കല്‍. അവതാരക പറയുന്നു: “ദാസേട്ടന്‍ മനോഹരമായി പാടിയിരിക്കുന്നു!” ദാസേട്ടന്‍? ശ്രീ. കെ. ജെ. യേശുദാസ് ഇവളുടെ “ഏട്ട”നാണോ? യേശുദാസിനെ വളരെ അടുത്തറിയുന്നവര്‍ ദാസേട്ടന്‍ എന്ന് വിളിക്കുന്നതിലത്ഭുതമില്ല. അതനുകരിച്ച് കണ്ണില്‍ക്കാണുന്ന കൂത്താടിയും കുറുമാലിയുമൊക്കെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയാലോ?

ലാലേട്ടനും മമ്മുക്കയും ഇങ്ങനെ നമുക്ക് ‘സ്വന്തമായതാണ്’. നമ്മുടെ സ്വകാര്യതകളില്‍ സ്നേഹപ്രകടനത്തിനായി ഇങ്ങനെ ചെല്ലപ്പേരിട്ടു വിളിക്കാമെങ്കിലും അവതാരകനും അവതാരകയും കലാകാരന്മാരുടെ പേരുപറയുമ്പോള്‍ സേയ്ഫ് ഡിസ്റ്റന്‍സ് ഇടണമെന്നാണെന്‍റെ അഭിപ്രായം. ഒന്നുമില്ലെങ്കിലും ഇതു കേള്‍ക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തോന്നില്ലേ, ഒരു ‘ഇത്’?

ഗായിക ചിത്ര, എസ്. ജാനകിയെ ജാനകിയമ്മ എന്നാണ് വിളിക്കുക. ഇപ്പോള്‍ എസ്. ജാനകിയെ ജാനകിയമ്മയെന്ന് വിളിക്കാത്തവര്‍ ചുരുക്കം. സുശീലാമ്മയ്ക്കും ഈ ഗതിതന്നെ. എന്നാല്‍ പി. ലീലയാവട്ടെ, ഇതുവരെ ലീലാമ്മയായിക്കണ്ടിട്ടില്ല.

ഇവര്‍ക്കാര്‍ക്കും ലാലു അലക്സ് ചേട്ടനും ഇന്നസന്‍റ് ചേട്ടനും ശോഭനച്ചേച്ചിയും വഴങ്ങാത്തതെന്ത്?

സംഗീത സം‌വിധായകന്‍, അന്തരിച്ച ശ്രീ രവീന്ദ്രനും കവി പി. ഭാസ്കരനും ഇവരുടെ പ്രിയപ്പെട്ട മാഷന്മാരാണ്. എന്നാല്‍ അധ്യാപകരായിരിന്നിട്ടുകൂടി ഓയെന്‍‍വിയും, ജഗദീഷും മാഷ് പദവിയ്ക്കര്‍ഹരായില്ല.

ഗായകരില്‍ ജയചന്ദ്രനോ എം. ജി. ശ്രീകുമാറോ ഏട്ടന്മാരായിട്ടില്ല. എം. ജി. ശ്രീകുമാര്‍ ശ്രീക്കുട്ടന്‍ പോലും ആയിക്കണ്ടിട്ടില്ല (അത്രയും ഭാഗ്യം).

ഇങ്ങനെ ‘സ്നേഹബഹുമാനങ്ങളോടെ’ വിളിക്കുന്നത് പേരുവിളിക്കുന്നതിനേക്കാള്‍ നന്നല്ലേ എന്നു തോന്നിയേക്കാം. അവതാരകര്‍ ഇങ്ങനെ സ്വന്തം ആളു ചമയുന്നത് അതിരുകടന്ന പണിതന്നെയാണ്. മറിച്ച്, പേരുമാത്രം പറയുന്നത് ബഹുമാനമില്ലായ്മയാവുന്നുമില്ല. തങ്ങളേക്കാള്‍ കേമന്മാരും കേമികളുമില്ലെന്ന് ധരിക്കുന്ന അവതാരകരുടെ ചേട്ടാ, ചേച്ചീ, മാഷേ വിളികളാണ് കേള്‍വിക്കാര്‍ക്കും പേര് വിളിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ അരോചകമാവുക.

ആകാശവാണിയുടെ മാതൃക തന്നെ നല്ലത്. “അടുത്ത ഗാനം ആലപിക്കുന്നത് യേശുദാസും ചിത്രയും. ചിത്രം: തിരകള്‍ക്കപ്പുറം. ഗാനരചന: യൂസഫലി കേച്ചേരി, സംഗീതം: ജോണ്‍സണ്‍.” യേശുദാസും ചിത്രയും യൂസഫലിയും ജോണ്‍സണുമൊപ്പം, നമ്മള്‍ കേള്‍വിക്കാരും അതാസ്വദിക്കുന്നു.

കുറിപ്പ്: രമ്യ സൂര്യ റ്റി. വി. യില്‍ മ്യൂസിക് മൊമന്‍റ്സ് എന്ന പരിപാടിയുടെ അവതാരകയാണ്.

Labels: ,

Friday, October 13, 2006

വെളുത്തുപോകും എന്നൊരു തോന്നല്‍

ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പടയ്ക്കൂ എന്ന വെല്ലുവിളിയുമായി ഉമേഷ് ഒരു സമസ്യാപൂരണം അവതരിപ്പിച്ചപ്പോള്‍ പിടിപ്പതുള്ള പണി മാറ്റി വച്ച് ശ്ലോകം ചമയ്ക്കാനിരുന്നതിന്‍റെ ഫലമാണ് ഇക്കാണുന്നവ.
കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കണക്കു നോക്കി, ശ്ശിശുവന്നുവെന്നാല്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

നഗരൂര്‍ എന്‍റെ നാടിനടുത്തുള്ള ഒരു ഗ്രാമമാണ്. കിളിരൂര്‍, പരവൂര്‍, തവനൂര്‍, മടവൂര്‍, നിലമേല്‍ [അവസാനം പറഞ്ഞ രണ്ടെണ്ണവും എന്‍റെ നാടിനടുത്താണ്] എന്നീ സ്ഥലനാമങ്ങളും നഗരൂര്‍ക്കു പകരം ഉപയോഗിക്കാവുന്നതാണ്. നഗരൂരില്‍ എന്‍റെ അടുത്ത പരിചയക്കാരാരുമില്ലാത്തതിനാല്‍ ആര്‍ക്കും സംശയമുണ്ടാവില്ല എന്നതിനാലാണ് നഗരൂര്‍ ഉപയോഗിച്ചിരിക്കുന്നത്. നഗരൂര്‍ പ്രയോഗം ഇഷ്ടമായെന്നോതിയ കൂമനും, ശ്ലോകം തന്നെ തരക്കേടില്ല എന്നു പറഞ്ഞ പാപ്പാനും എന്നെ വികാരാധീനനാക്കി. പ്രേക്ഷകര്‍ അംഗീകരിക്കുന്നതിലും വലിയ അവാര്‍ഡുണ്ടോ എന്ന് ഞാന്‍ ഇത്തരുണത്തില്‍ അവാര്‍ഡു കമ്മറ്റിയോട് ചോദിച്ചുപോകയാണ്.

കൂട്ടത്തില്‍ പറയട്ടെ, ഉമേഷ് മൂന്നാം വരി ഒന്നുകൂടി മിനുക്കി (രഹസ്യമായി) ഇങ്ങനെ പറഞ്ഞു:
കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ
കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം!
കൊനഷ്ടു നോക്കൂ, ഇനിയുള്ള കുഞ്ഞും
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

അതെനിക്ക് പെരുത്തിഷ്ടപ്പെടുകയും ചെയ്തു.

കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നല്ലേ. അതിനാല്‍ എഴുതാനെളുപ്പമുള്ള ഉപേന്ദ്രവജ്ര കണ്ടപ്പോള്‍ ഒരെണ്ണത്തില്‍ നിര്‍ത്തുന്നതെങ്ങനെ എന്നൊരു സന്ദേഹം. ഒരു വരിയില്‍ത്തന്നെ ഇരുപത്തിമൂന്നക്ഷരമുള്ള മത്താക്രീഡയില്‍ (മത്താക്രീഡയ്ക്കെട്ടേഴെട്ടായ് മമതനനമൊടു നന ലഘു ഗുരുവിഹ) പൂരിപ്പിക്കാനുള്ള അടുത്ത സമസ്യയുമായിറങ്ങും മുമ്പ്, സമസ്യാപൂരണക്കൊതി തീരണമല്ലോ!

അങ്ങനെയാണ് കൊഴുകൊഴുത്ത ദ്രാവകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമൊഴിച്ചു കളിക്കുന്ന വക്കാരിയെ മനസ്സില്‍ ധ്യാനിച്ച് ഇങ്ങനെ കുറിച്ചു വച്ചത് (അല്ലാ, ആളെവിടെപ്പോയി, കാണാനേയില്ലല്ലോ):
നിറങ്ങളില്ലാത്ത ദ്രവങ്ങള്‍ ലാബില്‍
കലര്‍ത്തി വീണ്ടും ക്ഷമകെട്ടു മെല്ലേ,
ചുവന്നു കിട്ടേണ്ട പരീക്ഷണം, ദേ-
വെളുത്തുപോമെന്നിഹ തോന്നിടുന്നു!

പാവം, ഇങ്ങനെയാണെങ്കില്‍ വര്‍ഷങ്ങളായി റിസര്‍ച്ചു നടത്തുന്നവരെന്തു ചെയ്യും? അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, പണ്ടൊരിക്കല്‍ വായിച്ചതാണ്. ലാബുകള്‍ക്ക് ആസിഡും മറ്റും വിതരണം ചെയ്യുന്ന കടക്കാരന്‍ സള്‍ഫ്യൂരിക് ആസിഡിലോ മറ്റോ മായം ചേര്‍ത്തകാരണം യൂണിവേഴ്സിറ്റിയുടെ ലാബ് പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ആര്‍ക്കും ഫുള്‍മാര്‍ക്ക് കിട്ടിയില്ലത്രേ! ആസിഡില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് കുടിച്ചു നോക്കിയിട്ട് പറയാനാവില്ലല്ലോ.

അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ഇഞ്ചിയ്ക്കൊരു സംശയം. എനിക്ക് എത്ര ബാല്യകാല സഖികളുണ്ട്? (അവരാരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ ഇവിടെ വന്ന് ഹാജര്‍ വയ്ക്കണമെന്നില്ല.) ആര്‍ക്കും മനസ്സിലാകാത്ത കഥകള്‍ എഴുതുന്നതിന്നിടയ്ക്ക് അദ്ദേഹം എന്‍റെ മുന്‍പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചിട്ടു “അമ്പതുണ്ടാവുമോ?” എന്ന് സന്ദേഹിച്ചു. ഇഞ്ചിയോടെന്നല്ല, ആരോടും ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല.

ഇഞ്ചിയാരെന്നറിയാത്തവര്‍ക്ക് ഒരു ലിങ്ക് കൊടുക്കാമെന്ന് വച്ചാല്‍, സ്വന്തം ബ്ലോഗും കത്തിച്ച് അതിന്‍റെ ചാരവും നെറ്റിയിലിട്ട് “എന്‍റെ വര്‍ക്കിച്ചോ, ഇനി ഞാനെന്തിനു ജീവിക്കണം” എന്ന് നിലവിളിച്ച് നടക്കുകയല്ലേ ആയമ്മ.
കഴിഞ്ഞ കാര്യങ്ങളൊരിക്കലും ഞാന്‍
പറഞ്ഞു വീണ്ടും ഞെളിയാതിരിപ്പൂ!
കളത്രമെങ്ങാനുമറിഞ്ഞിടുന്നാള്‍
വെളുത്തുപോമെന്നിഹ തോന്നിടുന്നു.

രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ വായിക്കുവാന്‍ ഗുരുകുലത്തിലേയ്ക്ക് പോവുക.

Labels: , ,

Monday, October 09, 2006

വെറുതേ ചില ചോദ്യങ്ങള്‍

ദൈവം പറഞ്ഞു:
വെറുതേ ചില ചോദ്യങ്ങള്‍.
‘യാത്രയ്ക്കു മുമ്പ് ചോദ്യം പാടില്ല.’
യാത്രയ്ക്കു മുമ്പും ചോദ്യമാവാം!

ആമുഖം കഴിഞ്ഞു.
അശരീരികള്‍ നിരന്നു.
വിലങ്ങില്ലാത്ത അശരീരികള്‍
എന്നെ വിലങ്ങു വച്ചു.

അച്ഛന്‍ പറഞ്ഞു:
എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
‘ശരി.’
നീ എന്‍റെ പണമപഹരിച്ചോ?
‘പിതാവേ, അങ്ങയുടെ പോക്കറ്റിലെ
നാണയത്തുട്ടുകള്‍ ഞാന്‍ എണ്ണി നോക്കി.’

അമ്മ പറഞ്ഞു:
എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
‘വളരെ ശരി.’
നീ പഠിക്കുന്നുണ്ടോ?
‘പൈസയുള്ളപ്പോള്‍ മാതൃഹൃദയമേ പഠിക്കുവതെന്തിന്?’

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ദിവസങ്ങള്‍ക്ക് പഴക്കം വന്നില്ല,
വര്‍ഷങ്ങള്‍ക്ക് പഴക്കം വന്നു.

പുസ്തകം പറഞ്ഞു:
എന്‍റെ അറിവ് പഴയതാണ്.
‘പഴയ അറിവില്‍ തെറ്റുണ്ടാവില്ല.’
വെള്ളിയാഴ്ചകളില്‍ നീ
മദ്യപിക്കുന്നതെന്ത്?
‘വെള്ളിയാഴ്ചകളില്‍
അക്ഷരത്തിന്‍റെ ഗന്ധത്തേക്കാള്‍
മദ്യഗന്ധമാണെനിക്കിഷ്ടം!’

കൂടുതലിരുട്ടുന്തോറും
ഇരുട്ടിനു മടുത്തു.
ചിലപ്പോള്‍ ഇരുട്ടിന്‍റെ നിറം
വെളുപ്പാണ്.

ചന്ദ്രന്‍ പറഞ്ഞു:
ഉദിക്കുന്നതിനേക്കാള്‍ പ്രയാസം അസ്തമിക്കാനാണ്.
‘ഉദയാസ്തമയങ്ങള്‍ക്കിടയിലുള്ള യാത്രയോ?’
നിന്‍റെ കലണ്ടറില്‍ ഇന്ന് പൌര്‍ണമിയല്ലേ?
ഞാന്‍ ഉദിച്ചോട്ടേ?
‘കറുത്ത തുണിയാലുള്ള കര്‍ട്ടന്‍ നീ കാണാത്തതെന്ത്?
നീ ധൈര്യമായി ഉദിക്കുക,
ഇരുളിന്‍റെ മറവിലുള്ള വേഴ്ചയെ കാലം അപലപിക്കുന്നില്ല.’

മരണത്തിനു കവികള്‍
കറുത്ത ചായം വരച്ചു.
കറുപ്പിനു ചിത്രകാരന്മാര്‍
മരണ ഗന്ധമേകി.

ഭാര്യ പറഞ്ഞു:
ഞാന്‍ മരിക്കുന്നതാണ് നിങ്ങള്‍ക്കിഷ്ടം.
‘എന്നാല്‍ എന്‍റെ കാലില്‍ മുള്ളുകള്‍ തറയും.’
നാഥാ, എന്‍റെ മാറിടം നിന്നെ ഭ്രമിപ്പിക്കുന്നതെന്ത്?
‘ഉന്നതിയിലേയ്ക്കുള്ള പാത
മാറിടങ്ങളിലാരംഭിക്കുന്നു പ്രിയേ!’

സൌന്ദര്യത്തിന്‍റെ നാനാര്‍ഥങ്ങള്‍
അവള്‍ എന്നെ പഠിപ്പിച്ചു.
പകരമായി, അവള്‍ സുന്ദരിയാണെന്ന്
ഞാന്‍ പറഞ്ഞു.

കണ്ടക്ടര്‍ പറഞ്ഞു:
സുന്ദരികളായ യാത്രക്കാരെ എനിക്കിഷ്ടമാണ്.
‘ധിക്കാരിയായ നിയമപാലകനാണ് അങ്ങ്.’
ദാനശീലനാം ഭവാന്‍ ടിക്കറ്റെടുക്കാത്തതെന്ത്?
‘ചില്ലറകള്‍ തെരുവു വേശ്യകള്‍ക്കായി
മാറ്റി വച്ചു കഴിഞ്ഞു.’

സംസ്കാരം വളര്‍ത്തുവാന്‍
കെട്ടിടങ്ങള്‍ ഉയര്‍ന്നു.
സാഹിത്യം അളക്കുവാന്‍
പ്രതിഭകള്‍ ഊണുമേശ്യ്ക്കു ചുറ്റും നിരന്നു.

കാമുകി പറഞ്ഞു:
സ്വര്‍ഗമേ നന്ദി:
നിന്‍റെ ചെയ്തികളില്‍ സംസ്കാരം നിറഞ്ഞു നിന്നു.
‘അന്ത്യനാളില്‍ ഈ അവാര്‍ഡ് കാമ്യമല്ല,
ജഡ്ജിംഗ് കമ്മിറ്റിയുടെ ദയാവായ്പാകുന്നു ഇത്.’
എനിക്കു ശ്വസന തടസ്സമുണ്ടായിട്ടും
ഇനിയും നീ മുഖമമര്‍ത്തുന്നതെന്ത്?
‘അന്ത്യശ്വാസം വരെ ചുംബിക്കാനാണ്
ഭാര്യയുടെ ഉത്തരവ്.’

പണ്ട് ഹൃദയത്തിന്‍റെ നിറം
ചുവപ്പായിരുന്നു.
ഇപ്പോള്‍ ചുവപ്പിനു കറുപ്പിനോട്
അസൂയയാണ്.

രാത്രി പറഞ്ഞു:
എന്‍റെ പൂക്കള്‍ക്കു വെളുപ്പു നിറമാണ്.
‘കറുത്ത വസ്തുക്കള്‍ക്കു കുപ്രസിദ്ധയാണു നീ.’
എന്‍റെ നിഴലില്‍ നീ സന്മാര്‍ഗ ചിന്ത വെടിയുന്നതെന്ത്?
‘രാത്രി അസന്മാര്‍ഗികള്‍ക്കുള്ളതാണ്,
നീയില്ലെങ്കില്‍ ഞാനില്ല!’

പൊടിപ്പും തൊങ്ങലുമുള്ള
കഥകള്‍ക്ക് നല്ല പ്രചാരമാണ്.
വില കുറവായതിനാല്‍ ആരും
ആത്മകവിത എഴുതാറില്ല.

ഞാന്‍ പറഞ്ഞു:
‘നിര്‍ഭാഗ്യവാനായ യോദ്ധാവ്’
എന്നാണ് എന്‍റെ ആത്മകഥയുടെ പേര്.

ദൈവം പറഞ്ഞു:
ചോദ്യങ്ങള്‍ നിര്‍ത്തുക.
ഇനിയും ഭൂമിയില്‍ മരിക്കാനാളുണ്ട്.

ചോദ്യങ്ങള്‍ നിന്നു.
അശരീരികള്‍ ഓരോന്നായി മരിച്ചു വീണു.
ദൈവവും ഞാനും മാത്രമായപ്പോള്‍ മറ്റൊരു ദൈവം വന്നു.
‘ഒന്നാം ദൈവം കള്ള ദൈവം’:
ഞാന്‍ ഉറക്കെ വിളിച്ചു.
എന്നിട്ട് രണ്ടാമത്തെ ദൈവത്തോടൊപ്പം പോയി.
അടുത്ത പരീക്ഷ പ്രയാസമില്ലാതിരിക്കാന്‍
ഞാന്‍ ഏതു ദൈവത്തോടു
പ്രാര്‍ഥിക്കും—ഒന്നോ രണ്ടോ?

Labels:

Sunday, October 01, 2006

ഭാര്യാഗൃഹേ പരമ സുഖം

കുട്ടികളായിരിക്കുമ്പോള്‍, അമ്മൂമ്മയും അച്ഛനും ഞങ്ങള്‍ക്ക്—അനിയന്മാര്‍ക്കും എനിക്കും—കഥകള്‍ പറഞ്ഞു തരുമായിരുന്നു. മാസത്തിലൊരിക്കലോ മറ്റോ ആണ് വീട്ടില്‍ വരാറുള്ളത് എന്നതു കൊണ്ട്, ദിവസവും കഥ പറഞ്ഞു തരുന്ന അമ്മൂമ്മയെ കഥകളുടെ എണ്ണത്തിലോ അവയുടെ “വൌ ഫാക്ടറിലോ” തോല്പിക്കാന്‍ സാധ്യമല്ല എന്ന് ഞങ്ങള്‍ തര്‍ക്കത്തിനിടയില്ലാത്ത വിധം അച്ഛനെ ധരിപ്പിച്ചു പോന്നു.

അങ്ങനെയാണ് മറ്റേമ്മ (എന്നു ഞങ്ങള്‍ വിളിക്കുന്ന അമ്മൂമ്മ) യോട് പിടിച്ചു നില്‍ക്കാന്‍ അച്ഛന്‍ പുതിയ തന്ത്രം മെനഞ്ഞത്. അന്ന് നടന്നതോ നടക്കാനിരിക്കുന്നതോ ആയ ഏതെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ള പുരാണ/സാരോപദേശ കഥകള്‍ ആയിരിക്കും അച്ഛന്‍ പറയുക. കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഏറ്റവും വലിയ വിനോദം ആ കഥയും അന്നു നടന്ന സംഭവവുമായി ബന്ധപ്പെടുത്തുക എന്നതായിരുന്നു. കഥയുടെ നാടകീയ അവതരണത്തില്‍ മറ്റേമ്മയോട് ഒപ്പത്തിനൊപ്പമോ ഒരു പടി പിന്നിലോ ആയിരുന്ന അച്ഛന്‍, ഈ തന്ത്രത്തിലൂടെ മുന്നിലെത്തി. അച്ഛന്‍റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി.

“മറ്റേമ്മാ, ചങ്കരന്‍ തുറുകൂട്ടിയപ്പം താഴെ വലുപ്പം കൂടുതലും മോളിലോട്ട് കൂര്‍ത്തും വച്ചില്ലേ? അങ്ങനെ വച്ചാല് അത് താഴപ്പോവൂലാന്ന്, പണ്ട് ഹനുമാന്‍ രാവണന്‍റെ മുമ്പില് വാലു ചുരുട്ടിയതീന്ന് ചങ്കരന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍ പഠിച്ചതാത്രേ.”

ഒരു ദിവസം അത്താഴം കഴിഞ്ഞ് ഏതോ കഥ കേട്ട് കേട്ട് പകുതിയായപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. അന്ന് അനിയന് അഭിമന്യുവിന്‍റെ കഥ കൂടി കേള്‍ക്കാന്‍ സാധിച്ചു.

രണ്ടു ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അമ്മ വീട്ടില്‍ അച്ഛന്‍ നിന്ന ഓര്‍മയെനിക്കില്ല. വിശാലമായ പറമ്പും ധാരാളം കളിക്കൂട്ടുകാരുമുള്ള അമ്മവീടായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പഥ്യം. അച്ഛന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ജോലിസ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടുദിവസം കൂടി അച്ഛന്‍ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിക്കും. ഒരു ഞായറാഴ്ച അച്ഛന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നത് കവി ഭാരവിയെക്കുറിച്ചുള്ള കഥയാണ്.

ഭാരവി കല്യാണം കഴിഞ്ഞ് കുറേ നാള്‍ ഭാര്യവീട്ടില്‍ പൊറുത്താലോ എന്ന് വിചാരിച്ച് താമസം അവിടേയ്ക്കു മാറ്റി. നല്ല സുഖം. സമയത്ത് ഭക്ഷണം. പ്രത്യേകിച്ച് ജോലിയൊന്നുമില്ല. രാജകീയ റ്റ്രീറ്റ്മെന്‍റ്. കവിതയെഴുത്തിന്‍റെ അസുഖമുണ്ടായിരുന്ന ഭാരവി തന്‍റെ സന്തോഷം അടക്കിവച്ചില്ല. വീടിന്‍റെ പുറകിലുള്ള ഭിത്തിയില്‍ അദ്ദേഹം കരിക്കട്ടകൊണ്ട് ഇങ്ങനെ എഴുതിവച്ചു:

“ഭാര്യാ ഗൃഹേ പരമ സുഖം!”

പിറ്റേന്ന് ഭാരവിയുടെ അമ്മായിയപ്പന്‍ ഈ ലിഖിതം കണ്ടു. മരുമകന്‍റെ മനസ്സില്‍ ആവശ്യമില്ലാത്ത ആശയങ്ങളൊന്നും വരുത്തേണ്ട എന്നു വച്ച് അമ്മായിയപ്പന്‍ അടിയില്‍ കരിക്കട്ടകൊണ്ടു തന്നെ ഇങ്ങനെ എഴുതി:

“തവ രണ്ടു ദിനം.”

ഭാരവിക്ക് ഇതത്ര രുചിച്ചില്ല. എന്നാലും അതൃപ്തി പുറത്തു കാണിക്കാതെ, രാജതുല്യനായിത്തന്നെ, അദ്ദേഹത്തിന്‍റെ ഭാര്യവീട്ടിലെ പൊറുതി നാലാം ദിവസത്തിലേയ്ക്ക് കടന്നു. അമ്മായിയപ്പനു തെറ്റിയല്ലോ എന്നാഹ്ലാദിച്ച് ഭാരവി മൂന്നാം വരി കുറിച്ചു:

“മമ നാലു ദിനം...”

പിറ്റേന്ന് അതിരാവിലെ ഭാരവി കെട്ടും ഭാണ്ഡവുമെടുത്ത് സ്ഥലം കാലിയാക്കിയത്രേ. അതിനു കാരണം, നാലാം വരിയായി അമ്മായിയപ്പന്‍ ഇങ്ങനെ എഴുതിപ്പിടിപ്പിച്ചതാണെന്ന് അന്നാട്ടുകാര്‍ വിശ്വസിച്ചു പോന്നു:

“ശ്വാനനു സമം!”

പിന്നീട് ഞായറാഴ്ചകളില്‍ “അച്ഛന്‍ പോണില്ലേ?” എന്ന് ഞങ്ങള്‍ ചോദിച്ചു തുടങ്ങി.

[വിവാഹിതരുടെ ചില വീരകഥകള്‍ വായിച്ചപ്പോള്‍ ഓര്‍മ വന്നത്. എന്നെ ശല്യരാക്കിയ ഉമേഷിന്‍റെ ഭാവനയോട് കൂറു പുലര്‍ത്തണമല്ലോ.]

Labels:

Thursday, September 28, 2006

ബ്ലൂ-റേയും HD-DVD-യും

[2008 ഫെബ്രുവരിയില്‍ കൂട്ടിച്ചേര്‍ത്തതു്: ബ്ലൂ-റേയ് ഫോര്‍മാറ്റു് ഈ യുദ്ധത്തില്‍ വിജയം കണ്ടിരിക്കുന്നു. ആയതിനാല്‍ തന്നെ ഈ ലേഖനത്തിനു് ഇനി ചരിത്രപരമായ പ്രാധാന്യം മാത്രമേയുള്ളൂ.]

[ഈ ലേഖനം ഫോര്‍മാറ്റ് യുദ്ധം വീണ്ടും എന്ന ലേഖനത്തിന്‍റെ രണ്ടാം ഭാഗമാണ്.]

ഒരുപാട് ചരിത്രം ചികയാതെ തന്നെ ഒരു കാര്യം വ്യക്തമല്ലേ: പുതിയതിനും കൂടുതല്‍ നല്ലതിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ല. ഫ്ലോപ്പി ഡിസ്കുകളില്‍ കൊള്ളുന്നത്ര വിവരമേ ശേഖരിച്ചു വയ്ക്കേണ്ടതുള്ളൂ എന്ന് ഒരു കാലത്ത് നാം വിചാരിച്ചിരുന്നു. മൂന്നാം യാമത്തില്‍, “ഇനി ഇന്‍സ്റ്റലേഷന്‍ ഡിസ്ക് 14 എന്ന ലേബല്‍ ഉള്ള ഡിസ്ക് ഫ്ലോപ്പി ഡ്രൈവിലേയ്ക്കിട്ടു കഴിഞ്ഞ് ഇന്‍സ്റ്റലേഷന്‍ തുടരാന്‍ ഏതെങ്കിലും ഒരു കീ അമര്‍ത്തുക” എന്ന പരിപാടി പലപ്രാവശ്യം ചെയ്തിട്ടുള്ളവന് 700 MB കൊള്ളുന്ന CD-യുടെ കണ്ടുപിടുത്തം അവന്‍റെ ‘പുതിയതിനും കൂടുതല്‍ നല്ലതിനും വേണ്ടിയുള്ള അന്വേഷണത്തിലെ’ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നില്ലേ?

നാളുകള്‍ കഴിയവേ, CD-യില്‍ നിന്ന് നാം DVD-യിലേയ്ക്ക് നടന്നുകയറി. വിനോദ-വിജ്ഞാന രംഗങ്ങളിലും അവയെ സഹായിക്കുന്ന സൊഫ്റ്റ്വേര്‍/ഹാര്‍ഡ്‍വേര്‍ രംഗങ്ങളിലുമുണ്ടാകുന്ന പുത്തന്‍ പ്രവണതകളെ കാലതാമസം കൂടാതെ ഉപഭോക്താക്കളിലെത്തിക്കാന്‍ ഈ പരിണാമം വേണ്ടി വന്നു. അങ്ങനെയുള്ള മറ്റൊരു മാറ്റത്തിന്‍റെ പടിപ്പുരയിലാണ് നാം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഒരു ലെയറില്‍ 4.7 GB എന്ന DVD-യുടെ സ്റ്റോറേയ്ജ് പരിധിയില്‍ നിന്നും നാം 33.3 GB എന്നതിലേയ്ക്കോ അതിലും മേലേയ്ക്കോ കുതിച്ചു കയറിയിരിക്കുന്നു. “ത്രേള്ളോ... ഞാന്‍ വിചാരിച്ചു... ഹും! എടീ, ഞാനിവിടെ വച്ചിരുന്ന ഫ്ലോപ്പിയെവിടെ?” എന്ന ചോദ്യത്തിന് ഒന്നുകില്‍, “കെടന്ന് കീറാതെന്‍റെ മനുഷ്യാ. ആ ആനച്ചെവി പോലിരിക്കണ സാധനമല്ലേ, അത് ഞാനെടുത്ത് അപ്പുപ്പന് വീശാന്‍ കൊടുത്തു” എന്ന മറുപടി കേട്ട് തരിച്ചിരിക്കാം, അല്ലേങ്കില്‍ ഹൈ-ഡെഫനിഷന്‍ DVD-ളുടെ വരവില്‍ ആശ്വസിക്കുകയോ ആഹ്ലാദിക്കുകയോ അത്ഭുതം കൂറുകയോ ചെയ്യാം.

ഫോര്‍മാറ്റ് യുദ്ധത്തെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്. ഹൈ-ഡെഫനിഷന്‍ DVD-കള്‍ ഏതു സ്റ്റാന്‍ഡേഡ് പിന്തുടരണമെന്നതിനെച്ചൊല്ലി വ്യവസായ ഭീമന്മാര്‍ രണ്ടു തട്ടിലായി തര്‍ക്കം തുടരുന്നു. ബ്ലൂ-റേയ് എന്നും HD-DVD എന്നും പേരിട്ട് രണ്ടു കൂട്ടരും അവരവരുടേതായ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിച്ചു തന്നിരിക്കുന്നു. ഇനി ഇതില്‍ ഏത് കൂട്ടരുടെ കൂടെയാണോ കൂടുതല്‍ (വിനോദ/കമ്പ്യൂട്ടര്‍) വ്യവസായങ്ങളും ഉപഭോക്താക്കളും കൂടുന്നത് അവരായിരിക്കും അന്തിമ വിജയി.

ബ്ലൂ-റേയ്
എവിടെ ഫോര്‍മാറ്റ് യുദ്ധമുണ്ടോ അവിടെ സോണിയുണ്ട് എന്നതാണ് അവസ്ഥ. ബ്ലൂ-റേയ് ഫോര്‍മാറ്റിന്‍റെയും ‘പ്രായോജകര്‍’ സോണി തന്നെ. സോണി, പാനസോണിക്, പയ്നീയര്‍, ഫിലിപ്സ്, സാംസങ്, ഷാര്‍പ്, ഹിറ്റാചി തുടങ്ങിയ ഖണ്‍സ്യൂമര്‍ ഇലക്റ്റ്റൊണിക്സ് കമ്പനികളും ഡെല്‍, ആദിയായ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളും, ആപ്പിള്‍ തുടങ്ങിയ സോഫ്റ്റ്വേര്‍ കമ്പനികളുമാണ് ബ്ലൂ-റേയ് ഫോര്‍മാറ്റിനെ പിന്തുണയ്ക്കുന്നത്.

ബ്ലൂ-റേയുടെ നേട്ടങ്ങള്‍
CD-കള്‍ 750 nm വേവ്‍ലെങ്ത് ഉള്ള ഇന്‍ഫ്രാറെഡ് ലേയ്സറും DVD-കള്‍ 650 nm വേവ്‍ലെങ്ത് ഉള്ള ചുവന്ന ലേയ്സറും ഉപയോഗിക്കുമ്പോള്‍ 405 nm മാത്രം വേവ്‍ലെങ്ത് ഉള്ള ബ്ലൂ-വയലറ്റ് ലേയ്സറാണ് ബ്ലൂ-റേയ് ഉപയോഗിക്കുന്നത്. (അതില്‍ നിന്നാണ് ബ്ലൂ-റേയ് എന്ന പേര് വന്നതു തന്നെ.) ഒരു ലെയറില്‍ 25 GB വരെ ഡാറ്റ സൂക്ഷിക്കാന്‍ കഴിയുന്ന ബ്ലൂ-റേയ് ഡിസ്ക് സോണി നിര്‍മ്മിച്ചു കഴിഞ്ഞു. സ്റ്റോറേയ്ജ് മീഡിയ നിര്‍മ്മാണത്തില്‍ അഗ്രഗണ്യരായ TDK, ഒരു ലെയറില്‍ 33.3 GB വരെ സൂക്ഷിക്കാവുന്ന (ആകെ 200 GB, ആറു ലെയര്‍) ആശയത്തിന്‍റെ തെളിവ് എന്ന നിലയിലുള്ള ഡിസ്കുകള്‍ കഴിഞ്ഞ മാസം പുറത്തിറക്കി.

ബ്ലൂ-റേയ് പ്ലെയറുകള്‍ MPEG-2, VC-1, H.264 എന്നീ വിഡിയോ കോഡെകുകളിലുള്ള വീഡിയോ ക്ലിപ്പുകളെ ഡീകോഡു ചെയ്യാന്‍ പ്രാപ്തമാണ്. ശബ്ദത്തിന്‍റെ കാര്യത്തിലാണെങ്കില്‍, ഡോള്‍ബി ഡിജിറ്റല്‍, DTS, PCM (7.1) എന്നിവയ്ക്കുള്ള സപ്പോര്‍ട്ടുമുണ്ട്. സ്റ്റാന്‍ഡേഡിന്‍റെ ഭാഗമായി എല്ലാ ബ്ലൂ-റേയ് പ്ലെയറുകളിലും ജാവ വിര്‍ച്വല്‍ മെഷീന്‍ സപ്പോര്‍ട്ടും ലഭ്യമാണ്. ബ്ലൂ-റേയ് ഡിസ്കിലെ മെനുവും മറ്റും നിര്‍മ്മിക്കാന്‍ ജാവ ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്‍റെ മെച്ചം.

ബ്ലൂ-റേയുടെ പോരായ്മകള്‍
പരീക്ഷണാവസ്ഥയിലുള്ള ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്‍റാണ് ഇപ്പോള്‍ ബ്ലൂ-റേയ് ഉപയോഗിക്കുന്നത്. BD+ എന്നാണ് ഇതിന്‍റെ പേര്. ഡിസ്ക് കോപ്പി ചെയ്യുന്നതില്‍ നിന്ന് വിലക്കുന്ന റ്റെക്നോളജിയും (മാന്‍ഡേയ്റ്ററി മാനേയ്ജ്ഡ് കോപ്പി) ശൈശവാവസ്ഥയില്‍ തന്നെ. ബ്ലൂ-റേയ് പ്ലെയറുകളില്‍ ഇപ്പോള്‍ നിലവിലുള്ള DVD-കള്‍ കാണാന്‍ കഴിയണമെന്നത് നിര്‍ബന്ധമല്ല എന്നാണ് ബ്ലൂ-റേയ് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ വന്നാല്‍ ഇപ്പോള്‍ നിലവിലുള്ള DVD-കള്‍ കാണുവാന്‍ (റീഡ് ചെയ്യാന്‍) പഴയ DVD പ്ലെയറുകള്‍ കരുതേണ്ടി വരും. സാംസങ് ആണ് ഇപ്പോള്‍ കടകളില്‍ ലഭ്യമായ ഏക ബ്ലൂ-റേയ് പ്ലെയറിന്‍റെ നിര്‍മ്മാതാക്കള്‍. ഈ പ്ലെയറിന് ചില പോരായ്മകളുണ്ടെന്ന് ഇപ്പോള്‍ തന്നെ ചില നിരൂപകര്‍ അവകാശപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യമാദ്യം ഇക്കാര്യം സാംസങ് നിഷേധിച്ചുവെങ്കിലും അവര്‍ തന്നെ പ്ലെയറിന് ന്യൂനതകളുണ്ടെന്ന് അടുത്തകാലത്ത് സമ്മതിച്ചിട്ടുണ്ട്. വിഡിയോയ്ക്ക് MPEG-2 കോഡെകും ഓഡിയോയ്ക്ക് അണ്‍കം‍പ്രസ്ഡ് PCM-ഉം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഒരുപാട് ഇടം (space) ഇപ്പോള്‍ വിപണിയിലുള്ള ബ്ലൂ-റേയ് ഡിസ്കുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. പലപ്പോഴും സാധാരണ DVD-യിലുള്ള പല ബോണസ് ഫീച്ചറുകളും സ്ഥലപരിമിതി മൂലം ബ്ലൂ-റേയ് ഡിസ്കില്‍ ഉള്‍പ്പെടുത്താന്‍ സോണിയ്ക്ക് കഴിഞ്ഞിട്ടില്ല.

ബ്ലൂ-റേയുടെ മറ്റൊരു വലിയ കോട്ടം അതിന്‍റെ വിലതന്നെ. പഴയ DVD ഫോര്‍മാറ്റില്‍ നിന്നുമുള്ള നവീകരണമല്ലാത്തതിനാല്‍, ബ്ലൂ-റേയ് ഡിസ്കുകള്‍ ഉണ്ടാക്കാനുള്ള യന്ത്രങ്ങള്‍, പ്രവര്‍ത്തന ശാലകള്‍ മുതലായവയ്ക്ക് ഭീമമായ മുടക്കുമുതല്‍ വേണ്ടി വരുന്നു. അതിനാല്‍ തന്നെ, വില കുറച്ച് മത്സരത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ആദ്യ കുറെ വര്‍ഷങ്ങളിലെങ്കിലും കഠിനമായ നഷ്ടം സഹിക്കുവാന്‍ ബ്ലൂ-റേയ്ക്കു പിന്നിലുള്ളവര്‍ തയ്യാറാവേണ്ടി വരും. അമിത വേഗത്തില്‍ പ്രതികരിക്കുന്ന ഇന്നത്തെ സാമ്പത്തിക വിപണിയില്‍ ഇത്തരം കണക്കുകൂട്ടിയുള്ള തീക്കളിക്ക് ഒത്താശ ചെയ്യുവാന്‍ ഇന്‍‍വെസ്റ്റര്‍മാരെ കിട്ടുമോ എന്ന് കമ്പനികള്‍ സംശയിക്കും. അതിനാല്‍ തന്നെ വലിയൊരു വിലക്കുറവ് ബ്ലൂ-റേയ്ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്ക വയ്യ. ഇപ്പോള്‍ത്തന്നെ, സാംസങിന്‍റെ ബ്ലൂ-റേയ് പ്ലെയറിന് ആയിരം ഡോളറാണ് യു. എസ്. മാര്‍ക്കറ്റില്‍ വില. താരതമ്യപ്പെടുത്താവുന്ന ഒരു HD-DVD പ്ലെയറിന്‍റെ വിലയുടെ ഇരട്ടിയാണിത്. ബ്ലൂ-റേയ് ഡിസ്കുകളും സാധാരണ DVD-യും റീഡ് ചെയ്യുന്ന തരം പ്ലെയറുകള്‍ ജപ്പാനില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ വിലയും വലിപ്പവും ബ്ലൂ-റേയ് പ്ലെയറുകളേക്കാള്‍ കൂടുതലാണെന്ന് പറയേണ്ടതില്ലല്ലോ.

ബ്ലൂ-റേയ് കച്ചവട തന്ത്രം
സോണിയുടെ പ്രതീക്ഷമുഴുവന്‍ ബ്ലൂ-റേയ് ഉള്‍പ്പെടുത്തി നവംബറില്‍ പുറത്തിറക്കാനിരിക്കുന്ന പ്ലേ-സ്റ്റേഷന്‍ 3 (PS3) യിലാണ്. മൈക്രോസോഫ്റ്റിന്‍റെ എക്സ്-ബോക്സ് 360-യോടും നിന്‍‍ഡന്‍റോയുടെ Wii (വി)-യോടും താരതമ്യപ്പെടുത്താവുന്ന PS3 പ്രീമിയം എഡിഷന് 600 അമേരിക്കന്‍ ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നത്തെ DVD-കള്‍ക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ള HD-DVD ഡ്രൈവ് ഘടിപ്പിച്ച എക്സ്-ബോക്സ് 360-യുടെ വിലയുമായി നോക്കുമ്പോള്‍ ഒരു വിഡിയോ ഗെയിം പ്രേമി, ബ്ലൂ-റേയ്ക്കു വേണ്ടി PS3 വാങ്ങുമെന്ന് സോണി പ്രതീക്ഷിക്കുന്നത് അല്പം കടന്നുപോയില്ലേ എന്ന് ശങ്കിക്കുന്നവരാണധികവും.

HD-DVD
HD-DVD ഇന്നത്തെ DVD കളുടെ പരിഷ്കരിച്ച ഹൈ-ഡെഫനിഷന്‍ രൂപമാണ്. ബ്ലൂ-റേയിലെ പോലെ, HD-DVD-കളിലും 405 nm വേവ്‍ലെങ്ത് ഉള്ള ബ്ലൂ-വയലറ്റ് ലേയ്സറാണ് ഉപയോഗിക്കുന്നത്. ഒരു ലെയറില്‍ 15 GB വരെ ആണ് HD-DVD യില്‍ സൂക്ഷിക്കാന്‍ കഴിയുക. (ബ്ലൂ-റേയില്‍ അടുത്തടുത്തുള്ള റ്റ്റാക്ക് പിച്ചും നേര്‍ത്ത ആവരണവും മൂലം കൂടിയ സ്റ്റോറേയ്ജ് സംജാതമാക്കിയിരിക്കുന്നു.) HD-DVD-കള്‍ സാധാരണ DVD-കളുടെ അതേ നിര്‍മ്മാണ/പ്രവര്‍ത്തന തത്വം ഉപയോഗിക്കുന്നതിനാല്‍ അവ നിര്‍മ്മിക്കുന്നത് താരതമ്യേന വളരെ എളുപ്പമാണ്. 0.6 mm വലിപ്പമുള്ള രണ്ട് HD-DVD ഡിസ്കുകള്‍ പരസ്പരം ഒട്ടിച്ചു ചേര്‍ത്താണ് ഇന്ന് HD-DVD-യില്‍ ഉള്ള പല സിനിമകളും വില്പനയ്ക്കെത്തുന്നത്. രണ്ട് പ്രതലമുണ്ടെങ്കിലും ഒരു ഡിസ്കുപോലെ അവ ഉപയോഗിക്കാമെന്നതും രണ്ടുപ്രതലത്തിലും കൂടി 30 GB വരെ ഡാറ്റ സൂക്ഷിക്കാമെന്നതുമാണ് ഇതിന്‍റെ മേന്മ. (ബ്ലൂ-റേയ് സിനിമകള്‍ 25 GB കൊള്ളുന്ന ഒരു ഡിസ്കിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 50 GB കൊള്ളുന്ന ഇരട്ട ലെയര്‍ ബ്ലൂ-റേയ് ഡിസ്കുകളുടെ പരാജയ നിരക്ക് വളരെ ഉയര്‍ന്നതാകയാല്‍ ഇരട്ട ലെയര്‍ ഡിസ്കുകള്‍ അധികമൊന്നും വിപണിയിലെത്തിയിട്ടില്ല.) റ്റോഷിബ നിര്‍മ്മിക്കുന്ന 45 GB മൂന്ന് ലെയര്‍ ഡിസ്കാണ് HD-DVD-യില്‍ നിലവില്‍ ഏറ്റവും സ്റ്റോറേയ്ജ് നല്‍കുന്നത്.

HD-DVD-യുടെ പ്രധാന വക്താക്കള്‍ റ്റോഷീബ ആണ്. എന്‍.ഇ.സി., സാന്യോ, മൈക്രോസോഫ്റ്റ്, ഇന്‍റല്‍, എഛ്. പി. ഫ്യുജിറ്റ്സു, ഇന്‍റര്‍വിഡിയോ, കോണിക-മിനോള്‍ട്ട, ഓങ്ഖ്യോ, ഖെന്‍‍വുഡ്, എന്നീ കമ്പനികള്‍ HD-DVD ഫോര്‍മാറ്റിനെ പിന്തുണയ്ക്കുന്നു. യൂണിവേഴ്സല്‍ സ്റ്റുഡിയോസ് തങ്ങളുടെ ചലച്ചിത്രങ്ങള്‍ HD-DVD-യില്‍ മാത്രമേ പുറത്തിറക്കൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (ഹോളിവുഡിലെ മറ്റു പ്രമുഖ കമ്പനികള്‍ തങ്ങളുടെ ചിത്രങ്ങള്‍ HD-DVD-യിലും ബ്ലൂ-റേയിലും പുറത്തിറക്കും.) 2003-ല്‍ തന്നെ DVD ഫോര്‍മാറ്റിന്‍റെ വികസനത്തിലും ഉപയോഗത്തിലും പങ്കുള്ള അന്താരാഷ്ട്ര സംഘടനയായ DVD ഫോറം HD-DVD-യെ HD-TV-യുടെ പിന്തുടര്‍ച്ചക്കാരനായി അംഗീകരിച്ചിരുന്നു.

[ഈയുള്ളവന്‍ HD-DVD-യെ പിന്തുണയ്ക്കുന്ന ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്.]

ബ്ലൂ-റേയ് പ്ലെയറുകളിലെന്ന പോലെ, HD-DVD പ്ലെയറുകളും MPEG-2, VC-1, H.264 എന്നീ വിഡിയോ കോഡെകുകളിലുള്ള വീഡിയോ ക്ലിപ്പുകളെ ഡീകോഡു ചെയ്യാന്‍ പ്രാപ്തമാണ്. ഡോള്‍ബി ഡിജിറ്റല്‍, ഡോള്‍ബി ഡിജിററ്റല്‍ പ്ലസ്, ഡോള്‍ബി TureHD, DTS HD, PCM (7.1) എന്നീ ഓഡിയോ സപ്പോര്‍ട്ടുമുണ്ട്. iHD ഇന്‍ററാക്റ്റീവ് ഫോര്‍മാറ്റ് ഉപയോഗിച്ചാണ് HD-DVD മെനുവും മറ്റും നിര്‍മ്മിക്കുന്നത്. iHD ഇന്‍ററാക്റ്റീവ് ഫോര്‍മാറ്റ്, HTML, XML, CSS, ECMAScript തുടങ്ങിയ വെബ് റ്റെക്നോളജികളില്‍ അധിഷ്ഠിതമാണ്. ബ്ലൂ-റേയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ബ്ലൂ-റേയ്-ജാവ (BD-J) റ്റെക്നോളജിയെക്കാള്‍ താരതമ്യേന ലളിതമാണ് iHD.

AACSLA നിര്‍ദ്ദേശിച്ചിരിക്കുന്ന ഡിജിറ്റല്‍ റൈറ്റ്സ് മാനേയ്ജ്മെന്‍റ് സിസ്റ്റം ആണ് HD-DVD ഉപയോഗിക്കുന്നത്. ഇതിനു പുറമേ ഓഡിയോ വാട്ടര്‍മാര്‍ക് പ്രൊട്ടക്ഷന്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്. HD-DVD-കള്‍ മൈക്രോസോഫ്റ്റിന്‍റെ VC-1 കോഡെക് ആണ് ഡാറ്റാ കം‍പ്രഷന് ഉപയോഗിക്കുന്നത്. ബ്ലൂ-റേയ് സ്പെസിഫിക്കേഷന്‍ അനുസരിച്ച് VC-1 സപ്പോര്‍ട്ട് ചെയ്യുമെങ്കിലും സോണി ഇതുവരെ പുറത്തിറക്കിയ ഡിസ്കുകളില്‍ MPEG-2 കോഡെക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സാധാരണ DVD-കളില്‍ ഉപയോഗിക്കുന്ന കോഡെക് ആണ്.

HD-DVD-യുടെ നേട്ടങ്ങള്‍
ബ്ലൂ-റേയ് ഡിസ്കുകള്‍ റ്റെക്നോളജിയില്‍ മുന്‍പന്തിയിലാണെന്ന വാദം വെള്ളം തൊടാതെ വിഴുങ്ങാന്‍ പ്രയാസമാണ്. താഴെപ്പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുക.

HD-DVD-കളില്‍ രണ്ട് വിഡിയോ ഡീകോഡറുകള്‍ നിര്‍ബന്ധമാണ്. ഇതുമൂലം രണ്ട് വിഡിയോകള്‍ ഒരേ സമയം കാണിക്കാന്‍ എളുപ്പമാകുന്നു. അതുപോലെ, സ്ഥിരമായുള്ള ശേഖരണവും (persistent storage) നെറ്റ്വര്‍ക് കണക്ഷനും HD-DVD-കളില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ബ്ലൂ-റേയ് സ്പെസിഫിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുമെങ്കിലും അവ നിര്‍ബന്ധമാക്കിയിട്ടില്ല. അതിനാല്‍ തന്നെ, ബ്ലൂ-റേയ് പ്ലെയര്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഇക്കാര്യങ്ങളൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. അങ്ങനെ വരുമ്പോള്‍ ബ്ലൂ-റേയ് ഡിസ്ക് നിര്‍മിക്കുന്നവര്‍ക്ക് എല്ലാ പ്ലെയറുകളിലും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും എന്ന് തീര്‍ച്ചയാക്കാനാവില്ല. HD-DVD നിര്‍മ്മാതാക്കള്‍ക്ക് അങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല.

സാധാരണ DVD ഡിസ്കുകള്‍ പുതിയ HD-DVD പ്ലെയറുകളില്‍ ഉപയോഗിക്കാം (ബായ്ക്‍വേഡ് ഖം‍പാറ്റബിള്‍). അങ്ങനെ വരുമ്പോള്‍ സിനിമാക്കമ്പനികള്‍ക്കും മറ്റും ഒരു സിനിമയുടെ ഒരു ഡിസ്ക് ഉണ്ടാക്കിയാല്‍ മതി. സാധാരണ DVD പ്ലെയറുകള്‍ മാത്രമുള്ളവര്‍ ആ ഡിസ്കിലുള്ള സാധാരണ DVD-യ്ക്കു വേണ്ടുന്ന ഡാറ്റ ഉപയോഗിക്കുമ്പോള്‍ HD-DVD പ്ലെയറുകള്‍ക്ക് രണ്ടു ഡാറ്റയും ഉപയോഗിക്കാം. HD-DVD, DVD, CD, MP3, WMA എന്നിവ ഒരു HDMI കേബിളിലൂടെ ഡിസ്പ്ലേ/ഓഡിയോ ഔട്ട്പുട്ടിലേയ്ക്ക് പോകുന്നതുകാരണം കേബിളുകളുടെ ആധിക്യവും ഒഴിവാക്കാം. DVD ഡിസ്കുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് വളരെക്കുറഞ്ഞ ചെലവില്‍ അവരുടെ വ്യവസായ ശാലകള്‍ HD-DVD-യുടെ നിര്‍മ്മാണത്തിനുതകും വിധം പരിഷ്കരിക്കാനുമാവും.

HD-DVD-യുടെ കോട്ടങ്ങള്‍
ഡാറ്റ സൂക്ഷിക്കാനുള്ള വലിപ്പം കുറവാണ് എന്നതാണ് HD-DVD-യ്ക്ക് ബ്ലൂ-റേയുമായി തട്ടിച്ചു നോക്കുമ്പോഴുള്ള ഏറ്റവും പ്രധാനമായ പോരായ്മ. ഈ കുറവ് കാരണം സിനിമയും മറ്റിതര വിനോദ/വിജ്ഞാന സമ്പ്രദായങ്ങളും ഒറ്റ ഡിസ്കില്‍ ശേഖരിച്ചു വയ്ക്കാനുള്ള കഴിവില്ലായ്മ നിലവാരത്തെ ബാധിക്കുമെന്നതാണ് HD-DVD ഫോര്‍മാറ്റിനെ എതിര്‍ക്കുന്നവരുടെ മുഖ്യ വാദം. ഇപ്പോള്‍ത്തന്നെ 7.1 ഓഡിയോ വളരെ പ്രചാരമാര്‍ജ്ജിച്ചു കഴിഞ്ഞു. ഇത് 10.2-വിലേയ്ക്കും മറ്റും വളരുമ്പോള്‍ HD-DVD-യുടെ ‘വലിപ്പക്കുറവ്’ ഒരു കീറാമുട്ടിയാവുമെന്നും അവര്‍ വാദിക്കുന്നു. ഇന്നത്തെ നിലയില്‍, (ഭാവിയില്‍ HD-DVD-യുടെ സ്റ്റോറേയ്ജിനുള്ള കഴിവ് ഉയര്‍ന്നില്ലെങ്കില്‍) ഈ വാദം കഴമ്പുള്ളതാണെന്ന് സമ്മതിക്കാതെ വയ്യ.

HD-DVD കച്ചവട തന്ത്രം
എക്സ്-ബോക്സ് 360-ല്‍ ഒരു HD-DVD ഡ്രൈവ് ഘടിപ്പിക്കാനുള്ള സൌകര്യമുണ്ടാക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. റ്റോഷിബ HD-DVD ഡ്രൈവ് ഉള്ള ലാപ്ടോപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതു കൂടാത, HP, HD-DVD ഉള്ള മീഡിയാ സെന്‍റര്‍ കമ്പ്യൂട്ടറുകളും അടുത്ത മാസം പുറത്തിറക്കും. ഇവ HD-DVD-യുടെ പ്രചാരവും ഉപയോഗവും വര്‍ദ്ധിപ്പിക്കാന്‍ കാരണമാക്കുമെന്ന് HD-DVD-യെ അനുകൂലിക്കുന്നവര്‍ കരുതുന്നു.

ആര് ജയിച്ചെടേയ്?
ഉത്തരം മുട്ടുന്ന ചോദ്യം തന്നെ. ഫുട്ബോള്‍ പ്രേമിയും, എന്നാല്‍ ക്രിക്കറ്റില്‍ അല്പം പോലും താല്പര്യമില്ലാത്തയാളുമായിരുന്ന ഒരു അമ്മാവനുണ്ടായിരുന്നു എനിക്ക്. പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 275 റണ്‍സ് അടിച്ചു. മറുപടിയായി ഇന്ത്യ 10 ഓവറില്‍ ഒരു വിക്കറ്റിന് 65 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് ഇഷ്ടന്‍റെ വരവ്.

“ആര് ജയിച്ചടേയ്?”
“കളി പകുതി സമയം കഴിഞ്ഞിട്ടേയുള്ളൂ, ഒന്നും പറയാറായിട്ടില്ല.”
“ന്നാലും ആരാ മുന്നില്‍?”
“അങ്ങനെ പറയാന്‍ പറ്റൂല്ല. റണ്‍ റേറ്റ് അനുസരിച്ച്...”
“അഞ്ചു മണിക്കൂര്‍ TV-യ്ക്ക് മുന്നിലിരുന്നിട്ടും ആരാ ജയിച്ച് നില്‍ക്കണതെന്നറിയാന്‍ വയ്യാത്ത കളിയേയ്... കഷ്ടം!”

ഇതാണ് ഈ യുദ്ധത്തിന്‍റെയും ഇപ്പോഴത്തെ ഗതി. ബ്ലൂ-റേയ് ജയിച്ചുവെന്ന് 2004-ല്‍ത്തന്നെ സംശയലേശമെന്യേ പറഞ്ഞവര്‍ ഒരു വശത്ത്. HD-DVD ജയിച്ചു കൊണ്ടിരിക്കുന്നുവെന്ന് 2006-ല്‍ പറയുന്നവര്‍ ഒരു വശത്ത്. നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ആരോടാണ് നിങ്ങള്‍ ചോദ്യം ചോദിക്കുന്നത് എന്നതനുസരിച്ചിരിക്കും എന്നു പറയാനേ എനിക്കാവുന്നുള്ളൂ.

Labels:

Wednesday, September 27, 2006

ഫോര്‍മാറ്റ് യുദ്ധം വീണ്ടും

[2008 ഫെബ്രുവരിയില്‍ കൂട്ടിച്ചേര്‍ത്തതു്: ബ്ലൂ-റേയ് ഫോര്‍മാറ്റു് ഈ യുദ്ധത്തില്‍ വിജയം കണ്ടിരിക്കുന്നു. ആയതിനാല്‍ തന്നെ ഈ ലേഖനത്തിനു് ഇനി ചരിത്രപരമായ പ്രാധാന്യം മാത്രമേയുള്ളൂ.]

വിപണി പിടിച്ചടക്കാന്‍ രണ്ടോ അതിലധികമോ മീഡിയാ ഫോര്‍മാറ്റുകള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് പൊതുവേ ഫോര്‍മാറ്റ് യുദ്ധം എന്ന് വിളിക്കുന്നത്. ഇന്ന് ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഇത്തരമൊരു മത്സരം നടക്കുന്നത് ഹൈ-ഡെഫനിഷന്‍ ഡി. വി. ഡി.-കളുടെ ഫോര്‍മാറ്റിനെച്ചൊല്ലിയാണ്. സോണി കോര്‍പറേഷനും കൂട്ടുകാരും മുന്നോട്ട് വച്ച ബ്ലൂ-റേയ് (Blu-Ray) ഫോര്‍മാറ്റാണോ അതോ റ്റോഷിബയും കൂട്ടാളികളും നിര്‍ദ്ദേശിക്കുന്ന എഛ്. ഡി.-ഡി. വി. ഡി. (HD-DVD) ഫോര്‍മാറ്റാണോ വിജയിയെന്നറിയാന്‍ ഇനിയും മാസങ്ങള്‍—ഒരു പക്ഷേ വര്‍ഷങ്ങള്‍ തന്നെ—കാത്തിരിക്കണം.

വിഡിയോ ഫോര്‍മാറ്റ് യുദ്ധം
അല്പം ചരിത്രം. ഫോര്‍മാറ്റ് യുദ്ധം പുതിയ സംഭവവികാസമൊന്നുമല്ല. 1970-കളിലും 1980-കളുടെ ആദ്യത്തിലും വിഡിയോ റ്റേപ്പുകളുടെ ഫോര്‍മാറ്റ് എന്തായിരിക്കണം എന്ന പേരില്‍ നടന്ന ശക്തമായ മത്സരത്തെയാണ് വിഡിയോ ഫോര്‍മാറ്റ് യുദ്ധം എന്ന് വിളിക്കുന്നത്. സോണി കോര്‍പറേഷന്‍ മുന്നോട്ട് വച്ച ബീറ്റാമാക്സ് എന്ന ഫോര്‍മാറ്റും JVC കണ്ടുപിടിച്ച VHS (വിഡിയോ ഹോം സിസ്റ്റം)-ഉം തമ്മിലായിരുന്നു വിഡിയോ ഫോര്‍മാറ്റ് യുദ്ധം അരങ്ങേറിയത്. രണ്ടു ഫോര്‍മാറ്റിനും അതാതിന്‍റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടായിരുന്നു.

ഒരു സിനിമ ഒരു റ്റേപ്പില്‍ റെക്കോഡ് ചെയ്തെടുക്കുക എന്നത് അക്കാലത്ത് വലിയ കാര്യമായിരുന്നു. ബീറ്റാമാക്സിന്‍റെ ആദ്യ പതിപ്പിന് ഒരു മണിക്കൂറായിരുന്നു റെക്കോഡിംഗ് സമയം. VHS-ന് രണ്ടു മണിക്കൂറും. VHS-നോട് പിടിച്ചു നില്‍ക്കാന്‍ സോണി ബീറ്റാമാക്സിന്‍റെ രണ്ടാം പതിപ്പ് രണ്ടു മണിക്കൂര്‍ റെക്കോഡിംഗ് സമയമാക്കി വര്‍ധിപ്പിച്ചു. റെക്കോഡിംഗ് നിലവാരം കുറച്ചാണ് സോണി ഇത് സാധ്യമാക്കിയത്. 1980 ആയപ്പോഴേയ്ക്കും ബീറ്റാമാക്സില്‍ മൂന്നു മണിക്കൂര്‍ പതിനഞ്ച് മിനിട്ടു വരെ റെക്കോഡ് ചെയ്യാമെന്നായി. VHS-ല്‍ മൂന്നു മണിക്കൂറും. എണ്‍പതുകളുടെ മധ്യത്തോടെ എട്ടുമണിക്കൂര്‍ റെക്കോഡ് ചെയ്യാവുന്ന VHS റ്റേപ്പുകള്‍ ലഭ്യമായിത്തുടങ്ങി.

എണ്‍പതുകളുടെ ആദ്യം തുടക്കത്തില്‍ വിഡിയോ റ്റേപ്പുകളും പ്ലെയറും വാടകയ്ക്കു കൊടുക്കുന്നവര്‍ VHS മെഷീനുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ഇതിന്‍റെ പ്രധാന കാരണം VHS മെഷീനുകളുടെ വിലക്കുറവായിരുന്നു. ബീറ്റാമാക്സിന്‍റെ വില കൂടുതലായതിനാല്‍ അത് വരേണ്യ വര്‍ഗത്തിന്‍റെ മെഷീനെന്ന ‘ചീത്തപ്പേര്’ നേടിയെടുത്തു.

ഈ മത്സരത്തിനിടയിലേയ്ക്കാണ്, ഫിലിപ്സും ഗ്രണ്‍‍ഡിഗും ചേര്‍ന്ന് നിര്‍മിച്ച വിഡിയോ 2000 എന്ന ഫോര്‍മാറ്റ് യൂറൊപ്യന്‍ വിപണി തേടിയെത്തിയത്. മറ്റു രണ്ട് രീതികളെ വച്ചു നോക്കുമ്പോള്‍ മെച്ചപ്പെട്ട റ്റെക്നോളജി ആയിരുന്നിട്ടുകൂടി വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ വിഡിയോ 2000-ന് കഴിഞ്ഞില്ല.

1986 ആയതോടെ ഫോര്‍മാറ്റ് യുദ്ധത്തിന്‍റെ അവസാനമായി. സോണിയുടെ മാര്‍ക്കറ്റിംഗ് വിഡ്ഡിത്തവും (പ്രധാനമായും ബീറ്റാമാക്സ് റ്റെക്നോളജി ലൈസന്‍സ് ചെയ്യാതിരുന്നത്) VHS-ന്‍റെ വിലക്കുറവും VHS-നെ വിഡിയോ ഫോര്‍മാറ്റ് യുദ്ധത്തില്‍ വിജയികളാക്കി. ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും ബീറ്റാമാക്സിനെ പരാജയത്തിന്‍റെ പര്യായമായാണ് ഇന്നത്തെ ലോകം കാണുന്നത്.

പുതിയ യുദ്ധം
വിഡിയോ ഫോര്‍മാറ്റ് യുദ്ധം പോലെ ചരിത്രം രേഖപ്പെടുത്തിയേക്കാവുന്ന മറ്റൊരു ഫോര്‍മാറ്റ് യുദ്ധത്തിന് ബ്ലൂ-റേയും HD-DVD-യും തയ്യാറെടുക്കുന്നു. ഇതിന്‍റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഒന്നുരണ്ട് കാര്യങ്ങള്‍ പറയുന്നത് പിന്നീടുള്ള വിവരണം മനസ്സിലാക്കാന്‍ സഹായകമാക്കും.

എന്താണ് ഹൈ-ഡെഫനിഷന്‍?
സാധാരണയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊളുന്ന എന്തിനെയും ഹൈ-ഡെഫനിഷന്‍ എന്ന നിര്‍വചനത്തില്‍ പെടുത്താമല്ലോ. വിഡിയോ സിഗ്നലുകളിലും ഓഡിയോ സിഗ്നലുകളിലും വിശദാംശങ്ങള്‍ കൂടുന്നതോടുകൂടി പടത്തിന്‍റെയും ശബ്ദത്തിന്‍റെയും നേര്‍ത്ത വ്യതിയാനങ്ങള്‍ കൂടി വളരെ വ്യക്തമായി അനുവാചകരിലേയ്ക്കും ആസ്വാദകരിലേയ്ക്കും എത്തിക്കാമെന്നായി. വിശദാംശങ്ങള്‍ കൂടുക എന്നാല്‍ കൂടുതല്‍ ഡാറ്റ ഉണ്ടാവുക എന്നര്‍ഥം. ഇങ്ങനെ കൂടുതലായുണ്ടാവുന്ന ഡാറ്റ മെച്ചപ്പെട്ട ചിത്രമായോ ശബ്ദമായോ മാറ്റുവാന്‍ ഇന്നത്തെ ഉപകരണങ്ങള്‍ക്ക് കഴിവുണ്ട്.

ഹൈ-ഡെഫനിഷന്‍ എന്നത് വ്യക്തമാവണമെങ്കില്‍ എന്താണ് സാധാരണ ഡെഫനിഷന്‍ എന്നു മനസ്സിലാക്കണം. അതിന് ആദ്യമായി വിഡിയോ സിഗ്നലുകള്‍ എങ്ങനെയാണ് ഡിസ്പ്ലേ ഉപകരണങ്ങള്‍ (റ്റി. വി. മുതലായവ) കൈകാര്യം ചെയ്യുന്നതെന്ന് നോക്കാം.

ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗും പ്രോഗ്രസ്സീവ് സ്കാനിംഗും
CRT മോണിറ്ററുകളും റ്റി. വി. കളിലും ഉപയോഗിക്കാനായി 1920-കളില്‍ കണ്ടുപിടിച്ച റ്റെക്നോളജി ആണ് ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ്. NTSC വിഡിയോ ഡിസ്പ്ലേകള്‍ ഒരു സെക്കന്‍റില്‍ 30 ഫ്രെയിം കാണിക്കുന്നു (29.97 ആണ് കൃത്യമായ നമ്പര്‍). ഒരു ഫ്രെയിമില്‍ നിന്നും തൊട്ടടുത്ത ഫ്രെയിമിലേയ്ക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന വിറയല്‍ (ഫ്ലിക്കര്‍) മാറ്റാനുള്ള മരുന്നായാണ് ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ് രംഗത്തെത്തിയത്. സാധാരണ നാം കാണുന്ന NTSC വിഡിയോ സിഗ്നലില്‍ ഓരോ ഫ്രെയിമിലും (ഉദാഹരണം: റ്റി. വി. സിഗ്നല്‍) 525 തിരശ്ചീന വരികളാണുള്ളത് (horizontal lines). ഇതില്‍ 480 എണ്ണമാണ് വിഡിയോ ഡിസ്പ്ലേകളില്‍ കാണാന്‍ കഴിയുക. ഈ 480 വരികളില്‍ 1, 3, 5 തുടങ്ങി 479 വരെയുള്ള വരികളെ ഒറ്റ ഫീല്‍ഡുകള്‍ എന്നും 2, 4, 6, തുടങ്ങി 480 വരെയുള്ള വരികളെ ഇരട്ട ഫീല്‍ഡുകള്‍ എന്നും തിരിക്കുന്നു. ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗില്‍ ഓരോ ഫ്രെയിമിലേയും ഒറ്റ ഫീല്‍ഡുകളെയും ഇരട്ട ഫീല്‍ഡുകളെയും മാറിമാറിയാണ് പ്രദര്‍ശിപ്പിക്കുന്നത്. ചുരുക്കത്തില്‍ 1/30 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിം കാണിക്കുന്നതിനു പകരം 1/60 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിമിന്‍റെ ഇരട്ട ഫീല്‍ഡുകളെയും അടുത്ത 1/60 സെക്കന്‍റു കൊണ്ട് അടുത്ത ഫീല്‍ഡിന്‍റെ ഒറ്റ ഫീല്‍ഡുകളെയും കാണിക്കുന്നു. ഇതിനെ 480i എന്നാണ് സാധാരണയായി പറയാറ്.

ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ് മൂലം, ബാന്‍ഡ്‍വിഡ്ത് കുറവായിരിക്കുമ്പോള്‍ തന്നെ ഫ്ലിക്കര്‍ കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ബാന്‍ഡ്‍വിഡ്ത് ഒരു പ്രശ്നമല്ലാതായപ്പോള്‍ ഫ്രെയിമിനെ ഒറ്റ/ഇരട്ട ഫീല്‍ഡുകള്‍ ആക്കേണ്ട ആവശ്യകത ഇല്ലാതായി. അങ്ങനെയാണ് DVD-കള്‍ പ്രോഗ്രസീവ് സ്കാനിംഗ് ഉപയോഗിച്ചു തുടങ്ങിയത്. 1/30 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിം മുഴുവനായി കാണിക്കുന്ന ഇതിനെ 480p എന്ന് വിളിക്കുന്നു. 480p-യെ എന്‍ഹാന്‍സ്ഡ് ഡെഫനിഷന്‍ (ED) എന്ന് ചിലര്‍ വിളിക്കാറുണ്ട്.

ഹൈ-ഡെഫനിഷന്‍ വിഡിയോ സിഗ്നലുകളില്‍ 480 തിരശ്ചീന വരികള്‍ക്കു പകരം കൂടുതല്‍ ഡാറ്റ ഉള്‍ക്കൊള്ളാനായി 720 തിരശ്ചീന വരികള്‍ ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഹൈ-ഡെഫനിഷന്‍ റ്റി. വി. കളില്‍ 720p ആയി സ്റ്റാന്‍ഡേഡ്. ഹൈ-ഡെഫനിഷന്‍ ഡി. വി. ഡി. കളില്‍ 1080p വരെ (അതായത് 1080 തിരശ്ചീന വരികള്‍ കാണിക്കത്തക്ക വിഡിയോ ഡാറ്റ) സപ്പോര്‍ട്ട് ചെയ്യുന്നു. 720i-യും 1080i-യും ഹൈ-ഡെഫനിഷന്‍ ആയി കണക്കാക്കാം.

ഒരു കാര്യം കൂടി: CRT അല്ലാത്ത ഡിസ്പ്ലേ യൂണിറ്റുകളില്‍ (LCD, പ്ലാസ്മ, DLP) ഇന്‍റര്‍ലേയ്സ്ഡ് സിഗ്നലുകള്‍ കാണിക്കാന്‍ സാധാരണ രീതിയില്‍ പറ്റുകയില്ല. അതിനു വേണ്ടി ഈ ഉപകരണങ്ങളില്‍ ഒരു ഡി-ഇന്‍റര്‍ലേയ്സിംഗ് പ്രോഗ്രാം ഉപയോഗിക്കുന്നുണ്ട്.

ഇനി അറിയേണ്ടത്, ഇങ്ങനെ അധികമായുള്ള ഡാറ്റയെ അധികച്ചെലവില്ലാതെ എങ്ങനെ സൌകര്യപൂര്‍വ്വം സൂക്ഷിക്കുകയോ സം‍പ്രേഷണം ചെയ്യുകയോ ചെയ്യാം എന്നാണ്.

എന്‍‍കോഡിംഗ്, ഡീകോഡിംഗ്, കോഡെക്
ഓഡിയോയും വീഡിയോയും ഇലക്റ്റ്റോണിക് ഡാറ്റയാക്കി സൂക്ഷിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭ്യമാകുന്ന ചിത്രവും മൈക്രോഫോണില്‍ നിന്ന് വരുന്ന ശബ്ദവും അതേ പടി സൂക്ഷിച്ചു വയ്ക്കാം. ഇതിനെ റോ (raw) ഫോര്‍മാറ്റ് അല്ലെങ്കില്‍ അണ്‍‍കം‍പ്രസ്ഡ് ഫോര്‍മാറ്റ് എന്നു പറയും. വിവരങ്ങള്‍ ഒട്ടും നഷ്ടപ്പെടുത്താതെ ഇങ്ങനെ സൂക്ഷിക്കുന്ന ഫയലുകള്‍ക്ക് പക്ഷേ വലിപ്പം കൂടും. നിലവാരത്തില്‍ കാര്യമായ വ്യതിയാനം വരുത്താതെ തന്നെ, വലിപ്പം കുറയ്ക്കുകയും അതുവഴി ശേഖരണ/സം‍പ്രേഷണ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള മാര്‍ഗമായാണ് എന്‍‍കോഡിംഗും ഡീകോഡിംഗും രംഗത്തെത്തുന്നത്. റോ ഫോര്‍മാറ്റിലുള്ള വിഡിയോ/ഓഡിയോ ഫയലുകളെയോ ലൈവ് സ്റ്റ്റീമുകളെയോ സോഫ്റ്റ്വേറിന്‍റെയോ ഹാര്‍ഡ്‍വേറിന്‍റെയോ സഹായത്തോടെ വലിപ്പം കുറയ്ക്കുന്നതിനെയാണ് സാധാരണ എന്‍‍കോഡിംഗ് എന്ന് വിളിക്കുന്നത്. ഇങ്ങനെ എന്‍‍കോഡ് ചെയ്യപ്പെട്ട ഫയലുകളെയോ സ്റ്റ്റീമുകളെയോ പൂര്‍വ്വ സ്ഥിതിയിലാക്കി കാണാനോ കേള്‍ക്കാനോ അനുയോജ്യമാക്കുന്ന രീതിയാണ് ഡീകോഡിംഗ്. എന്‍‍കോഡിംഗും ഡീകോഡിംഗും ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രൊഗ്രാമുകളോ ഉപകരണങ്ങളോ ആണ് കോഡെകുകള്‍.

ബ്ലൂ-റേയ്, HD-DVD പോരിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ഭാഗത്തില്‍.

[തുടര്‍ന്നു വായിക്കുക: ബ്ലൂ-റേയും HD-DVD-യും]

Labels:

Sunday, September 24, 2006

വര്‍ക്ക് സ്റ്റോപ്പേജ്

ഹെല്‍‍പ് ഡെസ്കിന്‍റെ നമ്പര്‍ വിളിച്ചിട്ട്, “ഇഫ് യൂ ഹാവ് എ ഹാര്‍ഡ്‍വേര്‍ പ്രോബ്ലം, പ്രെസ് ത്രീ, ഓര്‍ സേ ‘ഹാര്‍ഡ്‍വേര്‍’.” എന്ന് പറയാന്‍ തുടങ്ങുന്നതു വരെ കാത്തിരുന്നിട്ട്, പ്രോം‍പ്റ്റ് മുഴുവനാക്കുന്നതിനു മുമ്പ് ഞാന്‍ മൂന്ന് ഞെക്കി.

പ്രതീക്ഷിച്ചതു പോലെ, അങ്ങേത്തലയ്ക്കല്‍ ഇന്ത്യക്കാരി കോകിലസ്വനിയാണ്.

“എന്താണ് സര്‍, പ്രശ്നം?”
“എന്‍റെ ലാപ്ടോപ്പ് ഓണ്‍ ആകുന്നില്ല. ഇന്നലെ വരെ ഒരു കുഴപ്പവുമുണ്ടായിരുന്നതല്ല, സത്യം.”
“ഐ സീ!”
“പിന്നെ എന്നെ സന്തോഷ് എന്ന് വിളിക്കൂ. ഈ സര്‍ വിളി അനാവശ്യമല്ലേ?”

അതവള്‍ ഗൌനിച്ചില്ല.

“ഓണ്‍ ആകുന്നില്ലേ സര്‍? ഓണ്‍ ആക്കി നോക്കിയോ?”
“നോക്കി. പലപ്രാവശ്യം നോക്കി. അങ്ങനെയാണല്ലോ ഓണ്‍ ആകുന്നില്ല എന്ന് മനസ്സിലാകുന്നത്.”
“ശരി, ശരി. ഇത് സ്വന്തം ലാപ്ടോപ്പാണോ, അതോ കമ്പനി വകയോ?”
“കമ്പനി വകയാണ്.”
“അസ്സറ്റ് നമ്പരും മറ്റു ഡീറ്റയില്‍‍സും വേണം.”

ഞാന്‍ എനിക്കറിയാവുന്ന വിവരങ്ങളെല്ലാം പറഞ്ഞു കൊടുത്തു. എല്ലാം എഴുതിയെടുത്ത് അവള്‍ വീണ്ടും ചോദിച്ചു:

“അപ്പോള്‍ ഓണ്‍ ആകുന്നില്ല എന്നു പറഞ്ഞാല്‍...?”
“എന്നു പറഞ്ഞാല്‍ പവര്‍ ബട്ടണ്‍ പ്രെസ് ചെയ്താല്‍ ഒന്നും സംഭവിക്കുന്നില്ല.”
“ബ്ലിങ്ക് ചെയ്യുന്നുണ്ടോ?”
“ഇല്ല.”
“ബാറ്ററി മാറ്റി നോക്കിയോ?”
“നോക്കി. രക്ഷയില്ല.”

അങ്ങനെ അവള്‍ അതുമിതും ചോദിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലിരിക്കുന്ന അവള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയില്ല എന്നെനിക്കുറപ്പായിരുന്നു. അതിനാല്‍ തന്നെ ഒരു ‘ലോക്കല്‍ റ്റെക്നീഷ്യനെ ഞാന്‍ അങ്ങോട്ടയയ്ക്കാന്‍ ഏര്‍പ്പാടാക്കാം’ എന്ന് അവളെന്താണ് വേഗം പറയാത്തതെന്ന് എനിക്ക് മനസ്സിലായില്ല.

“ഇത് വോറന്‍റിയുള്ള ലാപ്ടോപ്പാണോ?” അവള്‍ തുടരുകയാണ്.
“അറിയില്ല.”
“ഈ മെഷീന്‍ വര്‍ക്ക് ചെയ്യാത്തതിനാല്‍ വര്‍ക്ക് സ്റ്റോപ്പേജ് ഉണ്ടോ?”

ഞാന്‍ ഒരു നിമിഷം ആലോചിച്ചു. ഈ മെഷീനില്‍ ഞാനെഴുതിയ കുറെ സാമ്പിള്‍ പ്രോഗ്രാമുകള്‍ ഉണ്ട്. പക്ഷേ അവയൊക്കെ ബായ്ക്കപ്പില്‍ സുരക്ഷിതം. പിന്നെ, കുറേ മലയാളം പാട്ടുകള്‍, കവിതകള്‍, എന്‍റെ ബ്ലോഗ് ലേഖനങ്ങള്‍, ബ്ലോഗ് ഐഡിയാകള്‍ എന്നിവ ഈ മെഷീനിലാണ്. അവയുടെ ബായ്ക്കപ്പും റെഡി. തലേദിവസം ഉച്ചയ്ക്ക് ശേഷം ചെയ്ത ചില ചില്ലറ പണികളുടെ ബായ്ക്കപ്പാണ് ഇല്ലാത്തത്. രണ്ട് മണിക്കൂര്‍ കിട്ടിയാല്‍ അവ വീണ്ടും ചെയ്യാവുന്നതേയുള്ളൂ.

അപ്പോള്‍ ഈ മെഷീന്‍ ഉടനെ ശരിയായില്ലെങ്കിലും കുഴപ്പമില്ല എന്നാണോ?

അല്ലല്ലോ! ഈ മെഷീനാണ് ഞാന്‍ ബ്ലോഗുകള്‍ എഴുതാനും, വായിക്കാനും കമന്‍റ് എഴുതാനും ഉപയോഗിക്കുന്നത്. എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്നാല്‍ തലയ്ക്ക് ചൂടു പിടിച്ച് വര്‍ക്ക് സ്റ്റോപ്പേജ് ഉണ്ടാവും. അപ്പോള്‍ ഇടയ്ക്ക് മലയാളം വായനയും കമന്‍റെഴുത്തും ജോലിയുടെ അവിഭാജ്യ ഭാഗങ്ങള്‍ മാത്രം.

ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്ന് അവളോടു പറഞ്ഞു:

“അതെ, ഈ മെഷീന്‍ ഓണ്‍ ആയില്ലെങ്കില്‍ വര്‍ക്ക് സ്റ്റോപ്പേജ് ആണ്!”

Labels:

Sunday, September 17, 2006

വീണ്ടും കണ്ടപ്പോള്‍

അന്നെനിക്കുരുകുമോര്‍മ്മയാണു നീ,
എന്‍ പ്രഭാത, മതിരറ്റ മോഹവും.
ഇന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
നീ വെറും പഴയ മൌന നൊമ്പരം!

വൃത്തം: രഥോദ്ധത

Labels: ,

Sunday, September 03, 2006

ബൂലോഗ ക്ലബിന് സംഭവിക്കുന്നത്

ബൂലോഗ ക്ലബ് ചവറുകൂനയാണെന്നും അഴുക്കുചാലാണെന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ ഈയടുത്ത കാലത്തായി ഉയര്‍ന്നിരിക്കുകയാണല്ലോ. ബൂലോഗ ക്ലബ് ഇത് രണ്ടുമല്ല-ആവരുത്-എന്ന എളിയ അഭിപ്രായമാണ് എനിക്കുള്ളത്. ഈ ഗതി തുടര്‍ന്നാല്‍ ക്ലബിനെ പിന്മൊഴി സം‌വിധാനത്തില്‍ നിന്നും വിലക്കും എന്ന് ഏവൂരാന് പറയേണ്ടി വന്നിരിക്കുന്നു.

തത്ത്വദീക്ഷയില്ലാത്ത പുതിയ പോസ്റ്റുകളാണ് ഇത്തരം അഭിപ്രായങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നത്. ക്ലബിലെ അംഗങ്ങളെ, “ചുമ്മാ വാ” എന്ന് പറഞ്ഞാണ് ക്ഷണിച്ചിരിക്കുന്നത്. ‘സഭ്യവും നിയമാനുസൃതവുമായ’ എന്തും പോസ്റ്റാം എന്ന ക്ഷണം, സഭ്യവും നിയമാനുസൃതവുമായ എല്ലാം ഇവിടെ പോസ്റ്റൂ എന്ന് വ്യാഖ്യാനിക്കുന്നതാണബദ്ധം. ബൂലോഗ ക്ലബില്‍ ഒരു പോസ്റ്റ് ഇടുന്നതിനു മുമ്പ്, രണ്ടാവൃ‍ത്തി ആലോചിക്കൂ എന്നാണെന്‍റെ അപേക്ഷ.

ക്ലബില്‍ കൂട്ടായ്മയ്ക്കാണ് സ്ഥാനം, വ്യക്തിക്കല്ല. ബൂലോഗര്‍ക്ക് പൊതുവായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയങ്ങളാവണം പോസ്റ്റു ചെയ്യാന്‍ ഏറ്റവും അനുയോജ്യം. ബൂലോഗം, മലയാളം, ഭാരതം എന്നിവയുമായി നേരിട്ട് ബന്ധമുള്ള പോസ്റ്റുകള്‍ അഭികാമ്യമത്രേ. മറ്റു ബ്ലോഗുകളില്‍ ഇടയ്ക്കിടെ ഉണ്ടാവാറുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ (ഏത് വിഷയത്തെപ്പറ്റിയായാലും) ബൂലോഗ ക്ലബിലേയ്ക്ക് പറിച്ചുനടുന്നത്, പിന്നീട് തപ്പിയെടുക്കാന്‍ സഹായകമാവും.

സ്വന്തം കൃതിയുടെ പരസ്യവും പുതിയ സങ്കേതങ്ങളുടെ പരീക്ഷണവും ക്ലബില്‍ കല്ലുകടിയാണ്. പരസ്പരം മുതുകു ചൊറിയലും അരോചകമാണ്. വിശേഷദിവസങ്ങളുടെ ആശംസകള്‍ ക്ലബില്‍ നിന്നും ഒഴിവാക്കാവുന്നതേയുള്ളൂ. ഇതിനെല്ലാമാണ് സ്വന്തം ബ്ലോഗുകള്‍ ഉപയോഗിക്കേണ്ടത്. കാണേണ്ടവന്‍ വന്നു കണ്ടുകൊള്ളും. വിശപ്പില്ലാത്തവനെ നിര്‍ബന്ധിച്ചൂട്ടിക്കേണ്ട കാര്യമില്ല.

കമന്‍റുകളുടെ എണ്ണം പോസ്റ്റിന്‍റെ വില അളക്കുന്നതിന് മാനദണ്ഡമാകാന്‍ പാടില്ല. എന്നാലും ബൂലോഗ ക്ലബിനുവേണ്ടി ഇതൊരു മാനദണ്ഡമാക്കാവുന്നതേയുള്ളൂ. കുറഞ്ഞത് അഞ്ച് കമന്‍റുകളെങ്കിലും ഇല്ലാത്ത പോസ്റ്റുകള്‍ ബൂലോഗ ക്ലബില്‍ വരേണ്ടതായിരുന്നില്ല എന്ന് എഴുത്തുകാര്‍ മനസ്സിലാക്കേണ്ടതാണ്.

ക്ലബില്‍ പോസ്റ്റു ചെയ്യുന്നവര്‍ അക്ഷരത്തെറ്റുകള്‍ വരുത്തുന്നത് ക്ഷമയര്‍ഹിക്കാത്ത തെറ്റാണ്. അക്ഷരത്തെറ്റുകളുള്ള പോസ്റ്റുകള്‍ അവ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ എഴുത്തുകാര്‍ തിരുത്താത്തപക്ഷം, മറ്റൊന്നുമാലോചിക്കാതെ നീക്കം ചെയ്യാന്‍ ക്ലബില്‍ അഡ്മില്‍ റൈറ്റുള്ളവര്‍ തയ്യാറാവേണ്ടതാണ്. ബൂലോഗത്തിന്‍റെ കൂട്ടായ്മയുടെ കേന്ദ്രം എന്നൊക്കെ അച്ചടി മാധ്യമങ്ങള്‍ പുകഴ്ത്തിയ ക്ലബിലേയ്ക്ക് പുതുതായെത്തുന്ന വിരുന്നുകാരനെ അക്ഷരപ്പിശാച് കൊഞ്ഞനം കുത്തിക്കാണിക്കുമ്പോള്‍ “ഇതാണോ ഇവിടുത്തെ ഒരു നിലവാരം?” എന്ന് ചോദിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇതൊരു പെരുമാറ്റച്ചട്ടമല്ല; അങ്ങനെ ഒന്ന് എഴുതിയുണ്ടാക്കാനുള്ള മുറവിളിയുമല്ല. എന്തിനുമേതിനും പെരുമാറ്റച്ചട്ടമില്ലെങ്കില്‍ തോന്നിയപോലെ ചെയ്തു ശീലിച്ചവര്‍ക്ക്, ആത്മസം‌യമനം പാലിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യമായാല്‍ ബൂലോഗ ക്ലബിലെ ചവറ്റുകുട്ട ഉപയോഗരഹിതമായി ഇരിക്കും; അത് അങ്ങനെ ഇരിക്കണം.

Labels: ,

Monday, August 28, 2006

വിദ്യ വരുന്ന വഴി

അറിവിന്റെ കാൽഭാഗമേകും ഗുരുക്കൾ,
പരമായ കാൽഭാഗമാർജ്ജിപ്പു ശിഷ്യർ,
ഒരു നാലിലൊന്നിന്നു വേണം സതീർത്ഥ്യർ,
മറു നാലിലൊന്നോ കൊടുക്കുന്നു കാലം.

[ഗുരുകുലത്തിലെ ആചാര്യാത് പാദമാദത്തേ എന്ന ശ്ലോകത്തിന്‍റെ പരിഭാഷ. കോകരതം എന്ന വൃത്തത്തിന്റെ എട്ടാം അക്ഷരം ഗുരു ആക്കുമ്പോൾ കിട്ടുന്നതാണ് ഈ വൃത്തം. പേരറിയില്ല.]

(എഡിറ്റ് on Nov 11, 2021: ഈ വൃത്തത്തിന് ദിവ്യ എന്ന് പേരിട്ടു.)

Labels: , ,

Sunday, August 27, 2006

ഉച്ചാരണപ്പിടിവാശികള്‍

സൂര്യനുതാഴെയുള്ള ഏതു വിഷയവും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താനുള്ള ചുമതല ഞങ്ങള്‍ അഞ്ചാറ് അവിവാഹിതര്‍ക്കാണെന്ന് ധരിച്ചിരുന്ന നാളുകളിലൊന്നില്‍ അവിചാരിതമായാണ് ഞങ്ങള്‍, “ഈ നാട്ടില്‍, അമേരിക്കയില്‍, കടകളില്‍ പോയി നമുക്ക് കൃത്യമയി ഉച്ചാരണമോ സ്പെല്ലിംഗോ അറിയാത്ത ഒരു സാധനം വാങ്ങുന്നതിലുള്ള വിഷമം” എന്ന വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത്.

ഒരു ‘ലോംഗ് വീക്കെന്‍ഡ്’ പ്രാപ്രയോടൊപ്പം ചെലവഴിക്കാന്‍ ഷികാഗോയിലെത്തിയ ഞങ്ങള്‍, ഒരു ദിവസം രാവിലെ ഉണര്‍ന്ന് കുളിജപാദികളൊക്കെ കഴിച്ച് എങ്ങോട്ടോ ഓടിച്ചു പൊയ്ക്കൊണ്ടിരിക്കേയാണ് ഒരു നിമിത്തം പോലെ ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമാവാനുള്ള ഉള്‍വിളിയായത്.

അമ്മയെത്തല്ലിയാലും രണ്ടഭിപ്രായമില്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച? അതിനാല്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നവരും അല്ലാത്തവരുമായിത്തിരിഞ്ഞ്, അവരവരുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു തുടങ്ങി.

ഞാന്‍: “വേര്‍ ക്യാന്‍ ഐ ഫൈന്‍ഡ് അണ്‍കുക്ക്‍ഡ് റ്റോര്‍റ്റില്ല (Uncooked Tortilla)?
കടയില്‍ നില്‍ക്കുന്നവന്‍: “അണ്‍കുക്ക്‍ഡ് വാറ്റ്?”
ഞാന്‍: “അണ്‍കുക്ക്‍ഡ് റ്റോര്‍റ്റില്ല.”
കടയില്‍ നില്‍ക്കുന്നവന്‍: “ഹും. ഐ ഡോണ്ട് നോ വാറ്റ് യ്വാര്‍ റ്റോക്കിംഗ് ബൌട്ട്... ക്യാന്‍ യു സ്പെല്‍ ദാറ്റ് ഫോര്‍ മി!”
ഞാന്‍: “റ്റി-ഓ-ആര്‍-റ്റി-ഐ-എല്‍‍എല്‍-ഏ”
കടയില്‍ നില്‍ക്കുന്നവന്‍: “ആ! അണ്‍കുക്ക്‍ഡ് റ്റോര്‍റ്റീയ! ലുക് അറ്റ് ഐല്‍ 13.”

റ്റോര്‍റ്റില്ല എന്ന് ചോദിച്ചപ്പോള്‍ റ്റോര്‍റ്റീയ എന്നാണുദ്ദേശിച്ചത് എന്നറിയാന്‍ അല്പം ഡൊമൈന്‍ നോളജും അത് കോണ്ടെക്സ്റ്റില്‍ ഉപയോഗിക്കാനുള്ള സാമാന്യ ബുദ്ധിയും മതി. നമ്മുടെ നാട്ടിലെ ഏതെങ്കിലും മുറുക്കാന്‍ കടയില്‍ ചെന്ന് “നാലു പളവും ഒരു ക്ലാസ് ബെല്ലവും ഒരു ജിഞ്ചി മുട്ടായി”യും ചോദിച്ചാല്‍,
മറിച്ചൊരുവാക്കുപോലും ചോദിക്കാതെ നാലു പഴവും ഒരു ക്ലാസുവെള്ളവും ഒരു ഇഞ്ചിമിഠായിയും എടുത്തു കൊടുക്കും. അതുപോലെ തന്നെ, പച്ചക്കറിക്കടയില്‍ ചെന്ന് കത്തിരിക്ക ചോദിച്ചാല്‍ കത്രിക്കയും ‘ഫാന്‍സി സ്റ്റോറില്‍’ ചെന്ന് കത്തിരിക്ക ചോദിച്ചാല്‍ കത്രികയും ‘അതെന്തോന്ന് കുന്തം’ എന്ന മറുചോദ്യമില്ലാതെ കിട്ടുമെന്ന് ഏതാണ്ടുറപ്പല്ലേ? ഇവിടെ, അമേരിക്കയില്‍, അക്കാര്യം അല്പം പ്രയാസമത്രേ. ആരോ റൂട്ട് പൌഡര്‍ (arrowroot powder) അന്വേഷിച്ചു ചെന്ന എന്നെക്കൊണ്ട് കടക്കാരന്‍ ‘ഏരോ രൂട്ട് പൌഡര്‍’ എന്നു പറയിച്ചിട്ടേ സാധനം എവിടെയാണിരിക്കുന്നതെന്ന് പറഞ്ഞു തന്നുള്ളൂ. (ഉച്ചാരണം ആരോരൂട്ട് എന്നാണെന്ന് ഇവിടം സാക്‍ഷ്യപ്പെടുത്തുന്നു.) മറ്റൊരിക്കല്‍, നാട്ടില്‍ക്കിട്ടുന്ന ലാക്ടോഖലാമിന്‍റെ ഓര്‍മയില്‍, ഖലാമിന്‍ ലോഷന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സാധനം ഇല്ലെന്ന് പറഞ്ഞ് മടക്കി വിട്ടു. പുറത്തേയ്ക്ക് പോകുന്ന വഴിയില്‍ ‘ലോഷന്‍സ്’ ഏരിയയില്‍ വെറുതേ പരതിയപ്പോള്‍ അതാ ഇരിക്കുന്നു കക്ഷി. കിട്ടിയ കുപ്പിയുമെടുത്ത് ഫാര്‍മസിസ്റ്റിന്‍റെ അടുത്തു ചെന്നു: “ഓ, യു വാന്‍റഡ് ഖാലമിന്‍ ലോഷന്‍?” എന്നായിരുന്നു ചോദ്യം. (ഇവനെ ഉച്ചരിക്കേണ്ടത് ഖാലമൈന്‍ എന്നത്രേ!)

വാദം തുടരവേ, ഞങ്ങള്‍ പ്രഭാത ഭക്ഷണത്തിനായി ഒരു കോഫി ഷോപ്പിന്‍റെ ‘ഡ്രൈവ് ത്രൂ’വിലെത്തി. ഓര്‍ഡര്‍ കൊടുക്കാന്‍ സമയമായപ്പോള്‍ കുര്യന്‍ പറഞ്ഞു: “ഈ വാദം നമുക്ക് ഇപ്പോള്‍ തീരുമാനമാക്കാം.”

ഡ്രൈവ് ത്രൂവില്‍ സ്ത്രീ ശബ്ദം: “ഗുഡ് മോണിംഗ്, വാറ്റ് ക്യാന്‍ ഐ ഗെറ്റ്ച്യൂ?”
കുര്യന്‍: “ഫോര്‍ കാപ്പി, ഫോര്‍ ഒറിജിനല്‍ ഗ്ലെയ്സ്ഡ് ഡോണറ്റ്സ്.”
സ്ത്രീ ശബ്ദം: “ഫോര്‍ കോഫി ആന്‍ഡ് ഫോര്‍ ഡോണറ്റ്സ്, ഈസ് ദാറ്റ് ഓള്‍?”
കുര്യന്‍: “ദു മതി.”
സ്ത്രീ ശബ്ദം: “സെവന്‍ സിക്സ്റ്റീന്‍ അറ്റ് ദ നെക്സ്റ്റ് വിന്‍ഡോ.”

ഡൊമൈന്‍ നോളജും അത് കോണ്ടെക്സ്റ്റില്‍ ഉപയോഗിക്കാനുള്ള സാമാന്യ ബുദ്ധിയും ഉള്ളവര്‍ ഈ നാട്ടില്‍ കുറവാണ് എന്ന് വാദിച്ചവര്‍ തല്ക്കാലം തോറ്റു. എന്നാലും തോല്‍വി എളുപ്പം സമ്മതിച്ചു കൊടുക്കാനുള്ള വിമുഖതകാരണം ഓര്‍ഡര്‍ എടുത്തവള്‍ മെക്സിക്കോക്കാരിയായതാണ് കാപ്പി എന്ന് പറഞ്ഞപ്പോള്‍ കോഫി എന്നാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയതെന്ന് ഞങ്ങള്‍ വാദിച്ചു കൊണ്ടിരുന്നു.

ഇത്രയും ഓര്‍ക്കാന്‍ കാരണം, ഈ അടുത്തിടെ മൈക്രോസോഫ്റ്റ് റ്റെക്നിക്കല്‍ സപ്പോര്‍ട് എന്ന വിഷയവുമായെത്തിയ ഒരു ഈ-മെയിലില്‍ കണ്ട ഓഡിയോ ലിങ്ക് ആണ്.

ഇതു കേള്‍ക്കുമ്പോള്‍, ഇത്ര പരിതാപകരമാണോ മൈക്രോസോഫ്റ്റിന്‍റെ ഗതി എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും. ഒരു കണക്കിനു നോക്കിയാല്‍, ഇത്ര മാത്രമല്ല, ഇതിലും പരിതാപകരമാണ് പലപ്പോഴും. മൈക്രോസോഫ്റ്റ് റ്റെക്നിക്കല്‍ സപ്പോര്‍ട് (ഇന്ത്യയുള്‍പ്പടെ) വിവിധ രാജ്യങ്ങളില്‍ നിന്നാണ് നടത്തിവരുന്നത്. സഹായത്തിനു വേണ്ടി വിളിക്കുന്നവര്‍ക്ക് ഏത് രാജ്യത്തിലെ ഓഫീസില്‍ നിന്നാണ് സഹായം കിട്ടുക എന്നറിയാന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ, വിളിക്കുന്നവന്‍ മറുതലയ്ക്കല്‍ നിന്നും ഇംഗ്ലീഷ് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ! ചിലപ്പോള്‍ ചൈനീസ് ആക്സന്‍റിലായിരിക്കും, ചിലപ്പോള്‍ ഇന്ത്യയിലെ തന്നെ ഏതെങ്കിലും പ്രാദേശിക ആക്സന്‍റില്‍. സീറൊ എന്നതിനു പകരം ജീറോ എന്ന് പറയുന്നവരുണ്ടാകാം. ഇവരുടെ വരികളില്‍ ചില ചെറിയ വ്യാകരണത്തെറ്റുകള്‍ കടന്നു വന്നേക്കാം. എന്നാലും ഒന്നുണ്ട്: ചോദിക്കുന്ന വിഷയത്തില്‍ ഇവര്‍ക്ക് ജ്ഞാനമുണ്ടാവും. കേള്‍ക്കുന്നയാളിന് മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമേയില്ല (ചിലപ്പോള്‍ അല്പം സാമാന്യ ബുദ്ധി ഉപയോഗിക്കേണ്ടി വരുമെന്ന് മാത്രം).

അങ്ങേത്തലയ്ക്കല്‍ നിന്നും നമ്മോട് സംസാരിക്കുന്നത് ഇങ്ങനെ സാമാന്യ ബുദ്ധി പ്രയോഗിക്കാന്‍ കഴിവുള്ള ആളാണോ, അല്ലെങ്കില്‍ ചോദിക്കുന്ന ചോദ്യത്തെക്കുറിച്ച് അവഗാഹമുള്ള ആളാണോ എന്ന് നിശ്ചയിക്കുക എളുപ്പമാണ്.

“ഹാവ് യു കോള്‍ഡ് കോപ്രോക്സിബ്ലാങ്കറ്റ് ഓണ്‍ ദ ഇന്‍റര്‍ഫേയ്സ്?”
“വാറ്റ് ബ്ലാങ്കറ്റ് നൌ?”
“സിന്‍സ് വി മേയ് ഹാഫ് റ്റു ചേയ്ഞ്ച് സം ഖോഡ്, ഐ വില്‍ ഹാഫ് റ്റു റ്റോക് റ്റു എ ഡിവലപ്പര്‍ ഓണ്‍ ദിസ്. ക്യാന്‍ വി ഗെറ്റ് സം‍വണ്‍ ഓണ്‍ ദ ലൈന്‍?”

അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് നമ്മള്‍ കോക്രിയേയ്റ്റ്‍ഇന്‍സ്റ്റന്‍സ് എന്ന് പറയുമ്പോള്‍ മറ്റവന്‍ കാക്കറമൂക്കറ എന്ന് കേള്‍ക്കുന്നത്.

ഇത്തരം സംഭാഷണങ്ങളൊക്കെ പലപ്പോഴും മൈക്രോസോഫ്റ്റും ഇതര കമ്പനികളും റെഖോഡ് ചെയ്യാറുണ്ട്. ട്രെയിനിംഗിനു വേണ്ടിയും മറ്റും. പിന്നെ ഉപയോക്താക്കളോട് മര്യാദവിട്ട് സംസാരിക്കുകയോ മറ്റോ ചെയ്താല്‍ ജീവനക്കാരനെ പുറത്താക്കി കമ്പനിയുടെ മാനം രക്ഷിക്കാനും.

Labels:

Saturday, August 26, 2006

സ്വയംകൃതാനര്‍ഥം

ഡാരില്‍ ഹെയര്‍ എന്ന ക്രിക്കറ്റ് അമ്പയര്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരത്തിനിടയ്ക്ക് പാകിസ്ഥാന്‍ ടീമംഗമോ ടീമംഗങ്ങളോ പന്ത് തങ്ങള്‍ളുടെ ബൌളിംഗിന് ഉതകുന്നവിധം രൂപമാറ്റം വരുത്തി എന്നാണ് ഹെയറിന്‍റെ കണ്ടുപിടുത്തം. ഇതേത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്യാമ്പ് പ്രതിഷേധത്തിന്‍റെ രീതികള്‍ ചര്‍ച്ചചെയ്യുകയും ചായസമയത്തിനു ശേഷം ഫീല്‍ഡിലെത്താന്‍ മുക്കാന്‍ മണിക്കൂറുകളോളം വൈകുകയും ചെയ്തു. സമയത്തിന് ഹാജരായില്ല എന്ന കുറ്റത്തിന് ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിച്ചു.

ഒരേ സമയം വിശ്വസനീയവും അവിശ്വസനീയവുമായ കുറ്റാരോപണം തന്നെ. കുറ്റം ആരുടേതാണെന്ന് പറയാനാവാത്ത വിധം പാപക്കറപുരണ്ട കയ്യുകളാണ് ഡാരില്‍ ഹെയറിന്‍റെയും പാകിസ്ഥാന്‍റെയും.

വിവാദങ്ങളുടെ സഹചാരിയാണ് ഡാരില്‍ ഹെയര്‍ എന്നു പറയാം. 1995-ല്‍ മുരളീധരനെ ബൌളിംഗ് അറ്റത്തുനിന്ന് നോബോള്‍ വിളിച്ചതാണ് ഹെയറിന്‍റെ റെസുമെയിലെ ആനക്കാര്യം. വെള്ളക്കാരല്ലാത്ത ടീമുകള്‍ക്കെതിരെയാണ് പലപ്പോഴും ഹെയര്‍ ഉറഞ്ഞു തുള്ളിയിട്ടുള്ളത്. അതില്‍ത്തന്നെ കൂടുതലും പാകിസ്ഥാനെതിരെയും.

ഫീല്‍ഡിലെത്താന്‍ പാകിസ്ഥാന്‍ ടീം വൈകിയതിന്‍റെ പേരില്‍ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിച്ചതില്‍ ഹെയര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാല്‍ പാകിസ്ഥാന്‍ ടീം കുറ്റം ചെയ്തെന്ന് പറഞ്ഞ് പെനാല്‍റ്റി വിധിക്കുകയും കളി തുടരാന്‍ പകരമൊരു ബോള്‍ തെരഞ്ഞെടുക്കാന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് അവസരമൊരുക്കുകയും ചെയ്തതാണ് വിവാദത്തിനടിസ്ഥാനം. പന്ത് രൂപമറ്റം വരുത്തുന്ന ദൃശ്യങ്ങള്‍ മത്സരം സം‍പ്രേഷണം ചെയ്ത സ്കൈ റ്റി. വി. യുടെ ഇരുപത്താറ് ക്യാമറകളില്‍ ഒന്നു പോലും പകര്‍ത്തിയിട്ടില്ല. കള്ളനെന്ന് പറഞ്ഞ് കയ്യോടെ പിടിച്ചെങ്കിലും തൊണ്ടിയും തെളിവുമില്ലാത്ത പോലെയായി കാര്യങ്ങള്‍.

ഇനി തങ്ങള്‍ പങ്കെടുക്കുന്ന കളികളില്‍ ഹെയര്‍ അമ്പയറാവേണ്ട എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോഡ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിനെ അറിയിച്ചു. മുന്‍‍കാലങ്ങളിലും പാകിസ്ഥാനില്‍ നിന്നും ഇത്തരം ഉമ്മാക്കി കാണിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ഐ. സി. സി. യുടെ സമ്മര്‍ദ്ദത്തിന് പാകിസ്ഥാന്‍ എളുപ്പം വഴങ്ങിക്കൊടുക്കില്ല എന്ന സൂചന വ്യക്തമായിരുന്നു. ബംഗ്ലാദേശും പാകിസ്ഥാന്‍റെ പാത പിന്തുടര്‍ന്നതോടെ, കാര്യങ്ങളുടെ അത്ര സുഖകരമല്ലാത്ത പോക്ക് കണ്ട് ഒരു മുന്‍ അഭിഭാഷകന്‍ കൂടിയായ ഹെയര്‍ തന്‍റെ വക്കീല്‍ ബുദ്ധി പ്രയോഗിക്കാന്‍ തീരുമാനിച്ചു. രായ്ക്കുരാമാനം താന്‍ ‘വിരമിച്ചു കൊള്ളാ’മെന്നും അതുമൂലമുണ്ടാകുന്ന സ്ഥിരവരുമാനമില്ലായ്മയ്ക്കു പകരമായി അഞ്ചുലക്ഷം അമേരിക്കന്‍ ഡോളര്‍ തന്‍റെ അക്കൌണ്ടിലേയ്ക്ക് മാറ്റണമെന്നും ഹെയര്‍ ഐ. സി. സി.-യോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഓസ്റ്റ്റേലിയയില്‍ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് മൂന്നു വര്‍ഷം മുമ്പ് കുടിയേറിയെങ്കിലും ഇംഗ്ലീഷുകാരന്‍റെ കുരുട്ടുബുദ്ധി ഹെയറിന് കിട്ടിയിട്ടില്ല എന്നതിന് തെളിവായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍. ഇംഗ്ലണ്ടുകാരനായ ഐ. സി. സി. ചീഫ് എക്സക്യുട്ടിവ് മാല്‍കം സ്പീഡ്, ഹെയര്‍ അയച്ച ഈ-മെയില്‍ പരസ്യപ്പെടുത്തുക വഴി ഹെയറിന്‍റെ അമ്പയറിംഗ് ഭാവിയെ കുളിപ്പിച്ചു കിടത്തി എന്നു തന്നെ പറയാം. അങ്ങനെ സംഭവിച്ചാല്‍, അത് ക്രിക്കറ്റിന്‍റെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളിലൊന്നായിക്കാണാന്‍ രണ്ടുവട്ടമാലോചിക്കേണ്ടതില്ല.

ഇവിടെയാണ് നട്ടെല്ലിനുറപ്പുള്ള അര്‍ജ്ജുന രണതുംഗ നമ്മുടെ ആരാധനാ പാത്രമാകുന്നത്. തന്‍റെ ടീമിനുവേണ്ടിയും അതിലുപരി രാജ്യത്തിന്‍റെ അന്തസ്സിനു വേണ്ടിയും നിലകൊള്ളുകയും വെള്ളക്കാരന്‍റെ ധാര്‍ഷ്ട്യത്തെ, തന്‍റേടത്തോടെയും അവജ്ഞയോടെയും നേരിട്ടിട്ടുള്ള മറ്റൊരു ഏഷ്യന്‍ കളിക്കാരന്‍ ഉണ്ടെന്ന് തോന്നുന്നില്ല. “സംസ്കാരമില്ലാത്തവര്‍” എന്ന് പറഞ്ഞ് ശ്രീലങ്കക്കാരെ മുഴുവന്‍ അടച്ചാക്ഷേപിച്ച ഓസ്റ്റ്റേലിയന്‍ റിപ്പോര്‍ട്ടറോട്, “ശ്രീലങ്കന്‍ ചരിത്രം എല്ലാര്‍ക്കുമറിയാം. ഓസ്റ്റ്റേലിയക്കാര്‍ എവിടുന്നു വന്നു എന്നും എല്ലാര്‍ക്കുമറിയാം.” എന്നായിരുന്നു രണതുംഗയുടെ മറുപടി. [ഉദ്ധരിക്കുന്നത് ഓര്‍മയില്‍ നിന്ന്.]

ഷെയ്ന്‍ വോണിന്‍റെയും മക്ഗ്രാതിന്‍റെയും വിടുവായിത്തത്തിന് ബാറ്റുകൊണ്ട് മറുപടിപറയുന്ന ചുണക്കുട്ടന്മാര്‍ക്ക് പഞ്ഞമൊന്നുമില്ല. എന്നാലും മുഖാമുഖം നിന്ന് രണ്ട് നല്ലവര്‍ത്തമാനം പറഞ്ഞു കൊടുക്കുന്ന ഗാംഗുലിയെയും രാംനരേഷ് സര്‍വാനെയും നമുക്കു നഷ്ടപ്പെടാതിരിക്കുക.

Labels:

Friday, August 18, 2006

ഓണം വരുന്നു*

ചെത്തിപ്പൂവിന്‍ കുല പൂത്തു മറിയുന്നു
തുമ്പതന്‍ നെഞ്ചകം തുള്ളിത്തുടിക്കുന്നു
പാഴ്ചെടി പോലുമേ പൂവുമായെത്തുന്നു
പാലയും പിച്ചിയും സ്വാഗതമോതുന്നു
പൂവിളികേട്ടു പുലരിയുണരുന്നു
പൂവമ്പന്‍ പ്രേമത്തിന്‍ തേരു തെളിക്കുന്നു
മുറ്റത്തു പൂക്കളമെങ്ങും നിറയുന്നു
മന്ദാരപ്പൂക്കളും മുന്നില്‍ തെളിയുന്നു
പാടത്തു പക്ഷികള്‍ കീര്‍ത്തനമോതുന്നു
പാര്‍ത്തലം തന്നെയും കോരിത്തരിക്കുന്നു
തത്തയും മൈനയുമോടിയെത്തീടുന്നു
തത്തിക്കളിച്ചു കതിരുമായ് പൊങ്ങുന്നു
വാരിവാഹങ്ങള്‍ മറഞ്ഞു തുടങ്ങുന്നു
വാസവന്‍ തന്നുടെയാജ്ഞകേട്ടെന്നപോല്‍
കസ്തൂരി ഗന്ധം പൊഴിച്ചുകൊണ്ടെന്‍ മുന്നില്‍
ശ്രാവണ സന്ധ്യയുമോടിയെത്തീടുന്നു
വിണ്ണിലായ് താരകള്‍ നീണ്ടു നിരക്കുന്നു
തല്ലജവല്ലിയെ താലോലിച്ചാര്‍ക്കുന്നു
മാരുതീ താതനും കള്ളക്കഥയുമായ്
മന്ദമായ് വന്നു തഴുകിയുറക്കുന്നു.

*പതിനാറ് വര്‍ഷം മുമ്പ് ഓണം വന്നപ്പോള്‍

Labels:

Tuesday, August 15, 2006

വിന്‍ഡോസ് ലൈവ് റൈറ്റര്‍

ബ്ലോഗുകള്‍ എഴുതാനും പോസ്റ്റുചെയ്യാനും ഇപ്പോള്‍ അനവധി മാര്‍ഗങ്ങളുണ്ട്. നോട്ട്‍പാഡില്‍ എഴുതിയശേഷം അതില്‍ നിന്ന് കോപ്പി ചെയ്ത് ബ്ലോഗില്‍ പേയ്സ്റ്റ് ചെയ്യുകയാണ് ഞാന്‍ സാധാരണ ചെയ്യാറ്. എഴുതിയ ലേഖനം നോട്ട്‍പാഡില്‍ യൂണികോഡായി സം‍രക്ഷിക്കാമെന്ന മെച്ചവുമുണ്ട്. അടുത്തിടയായി, മൈക്രോസോഫ്റ്റ് വേഡില്‍ നിന്നും നേരിട്ട് ബ്ലോഗു പബ്ലിഷ് ചെയ്യാനനുവദിക്കുന്ന ഒരു പ്ലഗിന്‍ കാണാനിടയായി. മലയാളം എഴുതാന്‍ വേഡ് ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചില അപാതകള്‍ ഉള്ളതിനാല്‍, ഞാന്‍ അത് ഉപയോഗിച്ച് നോക്കിയിട്ടില്ല. അപ്പോഴാണ് വിന്‍ഡോസ് ലൈവ് റ്റീം വിന്‍ഡോസ് ലൈവ് റൈറ്റര്‍ റിലീസ് ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.

വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഉപയോഗിച്ച് ബ്ലോഗ് പബ്ലിഷ് ചെയ്യാം എന്നു മാത്രമല്ല, ബ്ലോഗ്സ്പോട്ട് ഉള്‍പ്പടെയുള്ള ബ്ലോഗിംഗ് സര്‍വീസുകളുപയോഗിക്കുന്നവര്‍ക്കുപോലും റ്റെം‍പ്ലേയ്റ്റുകളും ക്രമീകരണങ്ങളും മറ്റും മാറ്റിയും മറിച്ചും പലവിധമുള്ള പരീക്ഷണങ്ങളും നടത്താവുന്നതാണ്. ബീറ്റ (ബേറ്റ) എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ക്ക് വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Labels: ,

Monday, August 07, 2006

കുത്തും കോമയും

പണ്ട് പണ്ട്, എന്നു വച്ചാല്‍ വളരെപ്പണ്ട്, കൃത്യമായിപ്പറഞ്ഞാല്‍ എന്തായിരിക്കണം ഓഫ് എന്ന് ബൂലോകര്‍ തിരിച്ചറിഞ്ഞിട്ടില്ലാതിരുന്ന കാലത്ത്, ബൌദ്ധിക സം‌വാദങ്ങള്‍ക്ക് പേരുകേട്ട മിടുക്കനായ ഒരു ബ്ലോഗര്‍ക്ക് ഓഫ് റ്റോപിക് ആയി ഒരു സംശയമുദിച്ചു. അന്ന് നിലവിലുണ്ടായിരുന്ന സാമാന്യ തത്വമനുസരിച്ച് അദ്ദേഹം അത് “ഓ.ടോ:” എന്ന രണ്ടക്ഷരം മുന്നില്‍ പിടിപ്പിച്ച് ആദ്യം കണ്ട ബ്ലോഗില്‍ക്കയറി കമന്‍റു വര്‍ഷം നടത്തി. (അതാണല്ലോ ഈ ഓഫ് റ്റോപിക്കിന്‍റെ ഗുണം. ഏത് ബ്ലോഗിലും ധൈര്യമായി കടന്നു ചെല്ലാം. മര്യാദരാമന്മാര്‍, ഓട്ടോ എന്നോ ഓഫ് എന്നോ ചില്ലറയായോ, ഇനി സമയമേറെയുള്ളവര്‍, ഓഫ് റ്റോപിക് എന്ന് മൊത്തമായോ മുന്നില്‍ പിടിപ്പിക്കാറുണ്ടെന്ന് മാത്രം. ഇന്നലെ കിട്ടിയ വാര്‍ത്ത: മിക്ക ബ്ലോഗര്‍മാരും വായനക്കാരും സമയം ഒട്ടും ഇല്ലാത്തവരാണത്രേ.)

ഏതായാലും ചോദ്യം ഇതായിരുന്നു:
ഓ.ടോ: ഈ കോമ (,) എന്ന സാധനം ഇംഗ്ലീഷുകാരനാണോ? അതോ മലയാളത്തിലും‍ ഇത് പണ്ടേ ഉള്ളതാണോ? [ലിങ്ക്]

[ഹൊ, ഈ ചോദ്യം ഒന്ന് തപ്പിയെടുക്കാന്‍ ഞാന്‍ പെട്ട പാട്... ഈ ഉപദേശമൊന്നും ഒട്ടും ഫലിച്ചില്ല.]

ഞാന്‍ “ഐ ഷാല്‍” വിളിച്ചു.

റ്റീം ഗെയിമുകളായ വോളീബോള്‍, ക്രിക്കറ്റ് എന്നിവയൊക്കെ കളിക്കുന്നവര്‍ക്കും കളിച്ചിട്ടുള്ളവര്‍ക്കും കണ്ടിട്ടുള്ളവര്‍ക്കും “ഐ ഷാല്‍” എന്നതിന്‍റെ അര്‍ഥം വിശദീകരിച്ചു കൊടുക്കേണ്ട കാര്യമില്ല. അങ്ങനെ അല്ലാത്തവര്‍ ശ്രദ്ധിക്കുക. ആകാശത്തേയ്ക്കുയര്‍ന്ന പന്ത് പിടിക്കാന്‍ നിന്നോടൊപ്പം ഞാനുമുണ്ടെടാ എന്ന രീതിയില്‍ നമ്മുടെ ഒരു റ്റീംമേയ്റ്റ് ഓടി വരുന്നു എന്ന് കരുതുക. ആ സന്ദര്‍ഭത്തില്‍ “ഞാനെടുക്കണോ അതോ നീയെടുക്കുമോ” എന്നൊക്കെ കൊച്ചു വര്‍ത്താനം ചോദിക്കാന്‍ സമയമില്ലല്ലോ. അപ്പോള്‍, മറ്റുമാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍, കുറുപ്പിന്‍റെ ഉറപ്പുപോലെ, പകുതിമനസ്സാലേ, നാം മറ്റവന് കൊടുക്കുന്ന ഉറപ്പാണ് “ഐ ഷാല്‍”. എന്നു വച്ചാല്‍ നീ മാറി നില്‍ക്ക്, ഇവനെ ഞാന്‍ കൈകാര്യം ചെയ്തോളാമെന്നര്‍ഥം. ഇവന്‍റെ പൂര്‍ണരൂപം “ഐ ഷാല്‍ ട്രൈ റ്റു റ്റേയ്ക് ഇറ്റ്, ലീവ് ദിസ് റ്റു മി” എന്നാകുന്നു.

ഈ ചോദ്യത്തിനെ ആധികാരികമായി കൈകാര്യം ചെയ്യാനായി ശ്രീ. കുട്ടികൃഷ്ണമാരാരുടെ “മലയാള ശൈലി” എന്ന പുസ്തകം തുറന്നു വച്ചു. പണ്ട് വായിച്ച ഓര്‍മയില്‍ നിന്നും, കുത്തിനെയും കോമയെയും പറ്റി ഈ പുസ്തകത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. വിഷയാനുക്രമം നോക്കിയ ഞാന്‍ ആഹ്ലാദചിത്തനായിച്ചമഞ്ഞു:

എട്ടാമധ്യായം: വിരാമ ചിഹ്നങ്ങള്‍ (പേജ് 126 മുതല്‍ 145 വരെ).

അയ്യോ, ചതിയായോ! “ഐ ഷാല്‍” എന്ന് പറഞ്ഞത് “ഐ ഷാല്‍ നോട്ട്” എന്നാക്കിയാലോ? അധികം തലപുണ്ണാക്കുന്നതിനു മുമ്പ്, ഇരുപത്തൊന്നു മിനുട്ടുകള്‍ മാത്രം കഴിയവേ, അതാ വന്നു ഉത്തരം:
കോമ നമുക്കു പണ്ടില്ലായിരുന്നു ശ്രീജിത്തേ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൂടെ കിട്ടിയതാണു്. [ലിങ്ക്]

ഏതായാലും നനഞ്ഞു, ഇനി കുളിച്ചിട്ട് കേറാം എന്നോര്‍ത്ത് ഞാന്‍ എട്ടാമധ്യായം വായിച്ചു തീര്‍ത്തു. വിരാമചിഹ്നങ്ങളെക്കുറിച്ചുള്ള കുട്ടികൃഷ്ണമാരാരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പകര്‍ത്തിവയ്ക്കാനുദ്ദേശിച്ചുള്ളതല്ല ഈ പോസ്റ്റ് എന്നതിനാല്‍, രസാവഹമായിത്തോന്നിയ തുടക്കം മാത്രം ഉദ്ധരിക്കുന്നു:
വിരാമചിഹ്നങ്ങളെസ്സംബന്ധിച്ച ഈ അധ്യായം തുടങ്ങുമ്പോള്‍, എഴുത്തച്ഛന്‍പാട്ടുപുസ്തകങ്ങളുടെ പഴയ ചില പതിപ്പുകളും മറ്റുമാണ് എന്‍റെ ഓര്‍മ്മയില്‍ വരുന്നത്: പദങ്ങള്‍ക്കിടയില്‍ ഒരകലവുമില്ലാതെ, വരിയെല്ലാം നിരത്തിച്ചേര്‍ത്തു ശീലുകള്‍ തീരുന്നേടത്തു വാക്യം വിരമിച്ചാലും ഇല്ലെങ്കിലും-പദസന്ധിയുണ്ടെങ്കില്‍ക്കൂടി-ഓരോ നക്ഷത്രപ്പുള്ളി (*) യുമിട്ട് അച്ചടിച്ചു തള്ളിയിരുന്ന ആ കോപ്പികള്‍, ആ സമ്പ്രദായം വിട്ടു പദം തിരിയ്ക്കലും വരി തിരിയ്ക്കലും ഇടയ്ക്കു ചില വിരാമചിഹ്നങ്ങള്‍ ചേര്‍ക്കലുമായി അച്ചടി പരിഷ്കരിച്ച് പരിഷ്കരിച്ച്, ഇപ്പോള്‍ കുറേ ബിന്ദു പംക്തിയും കുറേ പ്രശ്നാശ്ചര്യചിഹ്നങ്ങളും (.........! ! ??) ചില നക്ഷത്രപ്പുള്ളിവരികളും, അവയ്ക്കെല്ലാമിടയില്‍ കുറേ വാക്കുകളുമായി അച്ചടിക്കപ്പെട്ടതാണ് ഒന്നാംതരം കവിത എന്ന നിലയിലെത്തിയിരിക്കുന്നു.

ഇത് വായിച്ചപ്പോള്‍ പദ്യങ്ങളില്‍ ചിഹ്നങ്ങളിടുന്നതു സംബന്ധിച്ചുണ്ടായ ഒരു സംശത്തിന് ഉമേഷ് ഇങ്ങനെ പറഞ്ഞിരുന്നത് ഓര്‍മ വന്നു:
പണ്ടുള്ള കൃതികളില്‍ പദ്യത്തില്‍ ചിഹ്നങ്ങള്‍ കുറവായിരുന്നു. രണ്ടു വരി കഴിയുമ്പോള്‍ ഒരു . നാലു വരി കഴിയുമ്പോള്‍ . വരി തീര്‍ന്നതവിടെ എന്നറിയാനുള്ള ഈ ചിഹ്നങ്ങളല്ലാതെ മറ്റുള്ളവ കുറവായിരുന്നു. [ലിങ്ക്]

സത്യത്തില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചത്, ഇന്ന് മലയാളം ബ്ലോഗുകളില്‍ കാണുന്ന ചില ചിഹ്നപ്രയോഗ വൈകല്യങ്ങളെക്കുറിച്ചാണ്. മലയാളം അധ്യാപകനില്‍ നിന്നും എനിക്ക് കിട്ടിയ ഉപദേശം കഴിവതും ഞാന്‍ പിന്തുടരാറുണ്ട്. അതുകൊണ്ടുതന്നെ, അസ്ഥാനത്തും സ്ഥാനം മാറിയും മറ്റുമിടുന്ന കുത്തും കോമയും മറ്റും കണ്ടാല്‍, ഇടശ്ശേരിയുടെ വരികള്‍ ഓര്‍ത്തിട്ടാവണം, എനിക്ക് പലപ്പോഴും ഒന്ന് കമന്‍റാന്‍ തോന്നും.
ഉപദേശത്തെ ശ്രദ്ധാപൂര്‍വമേ കൈക്കൊള്‍വൂ നാം
അപഥങ്ങളില്‍ വീഴുമന്യര്‍ക്കായ് സമ്മാനിക്കാന്‍!

പലപ്പോഴും കമന്‍റാനുള്ള അഭിവാഞ്ഛ ഞാന്‍ അടക്കി വയ്ക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല. “ഓ, എല്ലാമറിയുന്നവന്‍ വന്നേക്കുന്നു, എന്നെ നന്നാക്കാന്‍” എന്ന് ആര്‍ക്കും തോന്നരുതല്ലോ. ഒന്നുരണ്ടു തവണയേ ഞാന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളൂ, പറഞ്ഞപ്പോഴെല്ലാം വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് എഴുത്തുകാരില്‍ നിന്നുണ്ടായത് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

സാമ്പിള്‍ വെടിക്കെട്ടുകള്‍:
  1. കുത്ത്, കോമ, ചോദ്യ ചിഹ്നം, മറ്റ് കോപ്രായങ്ങള്‍ എന്നിവയില്‍ ഒട്ട് ശ്രദ്ധ വയ്ക്കുക. [ലിങ്ക്]

  2. വായനയ്ക്ക് ആകെയുള്ള ഒരു ഡിസ്ട്രാക്ഷന്‍, അമിതമായി ഉപയോഗിച്ചിരിക്കുന്ന അതിശയചിഹ്നങ്ങളാണ്. [ലിങ്ക്]
കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ അനവധി പുതിയ ബ്ലോഗുകള്‍ ഉണ്ടായതില്‍ പലതിലും ഇത്തരം “വൈകല്യങ്ങളുടെ ആഴവും വ്യാപ്തിയും” ഏറിവരുന്നതിനാലും ഇത്തരം സൂക്ഷ്മവശങ്ങള്‍ അപ്പപ്പോള്‍ ചൂണ്ടിക്കാണിക്കുക പ്രായോഗികമല്ലാത്തതിനാലും ഇതേക്കുറിച്ച് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന് കരുതിയിരിക്കേയാണ് കോമയെപ്പറ്റിയുള്ള ചോദ്യം കണ്ടതും അതിലേയ്ക്ക് ശ്രദ്ധ മാറുകയും ചെയ്തത്. ഇനി അധികം കാടുകയറാതെ പറയാനുള്ളത് പറഞ്ഞിട്ട് പോയേക്കാം.

വിരാമചിഹ്നങ്ങള്‍
അല്പവിരാമം (കോമ), അര്‍ധവിരാമം (സെമിക്കോളന്‍), അപൂര്‍ണവിരാമം (കോളന്‍), പൂര്‍ണ വിരാമം (കുത്ത്) എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന വിരാമ (നിര്‍ത്തല്‍) ചിഹ്നങ്ങള്‍. ഇവയ്ക്കും ഈ ചിഹ്നങ്ങള്‍ക്ക് തൊട്ടു മുമ്പില്‍ വരുന്ന അക്ഷരത്തിനുമിടയ്ക്ക് അകലം (സ്പെയ്സ്) പാടില്ല. ഈ ചിഹ്നങ്ങള്‍ കഴിഞ്ഞാല്‍ സിംഗിള്‍ സ്പെയ്സ് വേണം താനും. പദങ്ങളെയോ മറ്റോ ചുരുക്കിയെഴുതാനായി പൂര്‍ണ വിരാമം ഉപയോഗിക്കുമ്പോഴും ഈ നിയമം ബാധകമാണ്. (പൂര്‍ണ വിരാമം കഴിഞ്ഞ് രണ്ട് സ്പെയ്സ് ആകാം/വേണം എന്ന് വാദിക്കുന്നവര്‍ ഉണ്ട്. പല എഡിറ്റിംഗ് സോഫ്റ്റ്വെയറുകളും ഇത് അംഗീകരിക്കുന്നുമുണ്ട്.)

ഉദാഹരണങ്ങള്‍:
ഒരു സംശയമുദിച്ചു . (തെറ്റ്)
ഒരു സംശയമുദിച്ചു. (ശരി)
പണ്ട് പണ്ട് , വളരെപ്പണ്ട് (തെറ്റ്)
പണ്ട് പണ്ട്,വളരെപ്പണ്ട് (തെറ്റ്)
പണ്ട് പണ്ട്, വളരെപ്പണ്ട് (ശരി)
ഓഫ് ടോപിക് എന്നത് ചുരുക്കി ഓ.ടോ. (തെറ്റ്)
ഓഫ് ടോപിക് എന്നത് ചുരുക്കി ഓ. ടോ. (ശരി)

ആശ്ചര്യചിഹ്നം
വളരെ ലളിതം, അമിതമായ ആശ്ചര്യചിഹ്ന പ്രയോഗം ഒഴിവാക്കുക.

ഉദാഹരണം:
എന്‍റെ ചങ്കൊന്നു കാളി! അവന്‍ മുന്നില്‍ നില്‍ക്കുന്നു! ഞാന്‍ തിരിഞ്ഞോടി! അവന്‍ പുറകേ വരരുതേയെന്ന് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു!

കുട്ടികൃഷ്ണമാരാരുടെ വാക്കുകളില്‍, വിസ്മയം, വിഷാദം, ആഹ്ലാദം, പ്രാര്‍ഥന, നിന്ദ, പരിഹാസം മുതലായ ഭാവങ്ങള്‍ക്കുപയോഗിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം അഥവാ സ്തോഭചിഹ്നം. ഇത് രണ്ടും നാലും നിരത്തി പ്രയോഗിക്കുന്നതും നിഷ്പ്രയോജനമത്രേ.

ഉദാഹരണം:
ഹൊ, എന്തൊരു ചൂട്!!! (അനാവശ്യം)
ഹൊ, എന്തൊരു ചൂട്! (ശരി)

ഇല്ലിപ്സിസ്
വാക്കുകളുടെ അഭാവമോ, വാചകത്തിന്‍റെ നിര്‍ത്തലോ സൂചിപ്പിക്കുന്ന ഇല്ലിപ്സിസ് (ellipsis) മൂന്ന് പൂര്‍ണ വിരാമങ്ങളുടെ സഞ്ചയമാണ്. ചിലര്‍ രണ്ട് പൂര്‍ണ വിരാമങ്ങള്‍ മാത്രമുപയോഗിക്കുന്നു. ചിലരാകട്ടെ മൂന്നില്‍ കൂടുതലും.

ഉദാഹരണങ്ങള്‍:
ശബ്ദം കൂടി വരുന്നുണ്ടോ.... (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ.. (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ ... (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ... (ശരി)

ഉദ്ധാരണചിഹ്നങ്ങള്‍
ഒറ്റയായും ഇരട്ടയായുമുള്ള ഉദ്ധാരണചിഹ്നങ്ങളുടെ ഉപയോഗത്തില്‍ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്. ഒന്നാമത്തേത്, ഒറ്റയായാലും ഇരട്ടയായാലും തുടക്കത്തിലുള്ള ചിഹ്നത്തിനു ശേഷവും അവസാനിക്കുന്ന ചിഹ്നത്തിനു മുമ്പിലും അകലം ഇടുന്നു എന്നതാണ്. ഈ സ്പെയ്സ് അനാവശ്യമാകയാല്‍ ഒഴിവാക്കേണ്ടതാണ്.

ഉദാഹരണം:
“ ഉണരുക നീയെന്‍ കുഞ്ഞേ!” (തെറ്റ്)
“ഉണരുക നീയെന്‍ കുഞ്ഞേ! ” (തെറ്റ്)
“ഉണരുക നീയെന്‍ കുഞ്ഞേ!” (ശരി)

രണ്ടാമത് കാണുന്ന പ്രശ്നം, വിരാമചിഹ്നങ്ങള്‍ ഉദ്ധരണിക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതാണ്.

ഉദാഹരണം:
“ദാ പേന”, ആരോ അവനോടു മന്ത്രിച്ചു. (തെറ്റ്)
“ദാ പേന,” ആരോ അവനോടു മന്ത്രിച്ചു. (ശരി)

അടുത്തത് ഇന്ന് ബൂലോഗത്തില്‍ കാണുന്ന ഏറ്റവും സാധാരണമായ നോട്ടപ്പിശകാണ്. ഇതിന് എഴുത്തുകാരേക്കാള്‍ അവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറിനെയാണ് കുറ്റം പറയേണ്ടത്. അടയുന്ന ഒറ്റയും ഇരട്ടയുമായ ഉദ്ധാരണചിഹ്നങ്ങള്‍ക്കു പകരം (”, ’), തുറക്കുന്ന ഉദ്ധാരണചിഹ്നങ്ങള്‍ (“, ‘)വന്നുപെടുന്നതാണിത്. ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഈ പിശക് കമന്‍റുകളിലും മറ്റും ധാരാളമായി കാണാം.

ഉദാഹരണം:
“അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല.“ (തെറ്റ്)
“അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല.” (ശരി)
സംഗതി ‘ലൈവ്‘ ആണ്. (തെറ്റ്)
സംഗതി ‘ലൈവ്’ ആണ്. (ശരി)

നിങ്ങള്‍ പോസ്റ്റു ചെയ്യുമ്പോള്‍ അടയുന്ന ഉദ്ധാരണചിഹ്നങ്ങള്‍ക്കു പകരം തുറക്കുന്ന ഉദ്ധാരണചിഹ്നങ്ങളാണ് വരുന്നതെങ്കില്‍, ഒരിക്കല്‍ക്കൂടി (അല്ലെങ്കില്‍ അടയുന്ന ഉദ്ധാരണചിഹ്നങ്ങള്‍ പ്രത്യക്ഷമാകുന്നതുവരെ) ആ കീ അമര്‍ത്തുക. അതിനുശേഷം അധികമായി പ്രത്യക്ഷമായ ചിഹ്നങ്ങള്‍ ഡിലീറ്റു ചെയ്തുകളഞ്ഞാല്‍ മതി.

വിസര്‍ഗം
വിസര്‍ഗത്തിനു (ഃ) പകരം കോളന്‍റെ (:) ഉപയോഗം ഇടയ്ക്കിടെ കാണാറുണ്ട്.

ഉദാഹരണം:
ദു:ഖം (തെറ്റ്)
ദുഃഖം (ശരി)

നെടുവര
ഒരു വാക്യത്തിനകത്ത് ആ വാക്യത്തോട് ബന്ധമുള്ള മറ്റൊരു വാക്യം വന്നാല്‍ ഇവയെ വേര്‍തിരിക്കുന്നതിന് നെടുവരകള്‍ ഉപയോഗിക്കാം. ബ്ലോഗര്‍മാര്‍ ഈ സമ്പ്രദായം അധികം ഉപയോഗിച്ചു കണ്ടിട്ടില്ല. നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല.

ഉദാഹരണം:
നെടുവരകള്‍ക്ക് - അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക് -അവ ഇണകളായാണ് വരിക- മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക - മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. (ശരി)

വലയചിഹ്നങ്ങള്‍
തുടക്കത്തിലുള്ള വലയചിഹ്നത്തിനു ശേഷവും അവസാനിക്കുന്ന വലയചിഹ്നത്തിനു മുമ്പിലും അകലം ഇടാന്‍ പാടില്ല. എന്നാല്‍ തുടക്കത്തിലുള്ള വലയചിഹ്നത്തിനു മുമ്പും അവസാനിക്കുന്ന വലയചിഹ്നത്തിനു ശേഷവും അകലം വേണം താനും.

ഉദാഹരണം:
നിങ്ങള്‍ അയാളെ(പ്രതിയെ)കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ ( പ്രതിയെ) കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ (പ്രതിയെ ) കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ (പ്രതിയെ) കണ്ടോ? (ശരി)

വലയചിഹ്നവും വിരാമചിഹ്നവും ഒരുമിച്ച് വരുമ്പോള്‍ എവിടെ വിരാമചിഹ്നം ഇടണം എന്ന് ചില സന്ദേഹങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഒരു വാചകം മുഴുവന്‍ വലയചിഹ്നത്തിനകത്താണെങ്കില്‍ ആ വാചകാന്ത്യത്തിലെ വിരാമചിഹ്നവും വലയത്തിനകത്താവണം. വാചകത്തിലെ അവസാനഭാഗം മാത്രമാണ് വലയചിഹ്നത്തിനകത്തെങ്കില്‍, വിരാമചിഹ്നം വലയത്തിന് പുറത്താവണം.

ഉദാഹരണങ്ങള്‍:
രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്ന് പറയുന്ന ഒരു കഥ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്). (തെറ്റ്)
രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്ന് പറയുന്ന ഒരു കഥ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) (ശരി)

ഇതാണ് സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍.) (തെറ്റ്)
ഇതാണ് സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍). (ശരി)

ഏതായാലും ഇത്രയും പറഞ്ഞസ്ഥിതിക്ക് സാമാന്യമായി കാണപ്പെടുന്ന മറ്റുരണ്ടു ന്യൂനതകള്‍ കൂടി ശ്രദ്ധയില്‍ പെടുത്താം.

അക്ഷരത്തെറ്റുകള്‍
ധാരാളമായി കാണുന്ന അക്ഷരത്തെറ്റുകളാണ് മറ്റൊരു കല്ലുകടി. അക്ഷരത്തെറ്റുകള്‍ക്കു കാരണം രണ്ടാണ്. പലപ്പോഴും ഒരു വാക്കോ ചിഹ്നമോ എങ്ങനെ കൃത്യമായി എഴുതും എന്നറിയില്ലാത്തതിനാലാണ് തെറ്റുകള്‍ വരുത്തുന്നത്. ഈ വിഭാഗത്തില്‍ വരുന്ന വാക്കുകളാണ് ഹൃദയം, അച്ഛന്‍ തുടങ്ങിയവ. ഇതും ഇതും ഈ പ്രശ്നം ഒരു പരിധിവരെ ഇല്ലാതാക്കും എന്ന് കരുതുന്നു. എന്നാല്‍ ചിലപ്പോഴാകട്ടെ, പദങ്ങളോടുള്ള പരിചയക്കുറവും അക്ഷരത്തെറ്റിന് കാരണമാവുന്നു. മേഖം, മയൂഘം എന്നൊക്കെയെഴുതുന്നത് അക്കാരണത്താലാണ്.

ഖണ്ഡിക തിരിക്കല്‍
വായനയ്ക്ക് അവശ്യം വേണ്ടുന്ന ഒന്നാണ് സമാനാശയങ്ങളോ സംഭവമോ വിവരിക്കുന്ന വാചകങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു ഖണ്ഡികയാക്കല്‍. ഇങ്ങനെ ചെയ്യുന്നതുവഴി വായനസുഖം കൂടും. വായനക്കാരന്‍റെ കണ്ണിനും ആനന്ദമുണ്ടാവും. മനസ്സിന് ഏകാഗ്രത കിട്ടും. ചില ആശയങ്ങളോ മറ്റോ വ്യക്തമാവാതെ പുനര്‍വായന വേണ്ടി വരുമ്പോള്‍ തൊട്ടു മുന്നിലെ പ്രായോഗിക തുടക്കമായ ഖണ്ഡികയുടെ തുടക്കത്തിലേയ്ക്ക് വായനക്കാരന് അനായാസം പോകാം.

ഇതൊക്കെ ഒറ്റനോട്ടത്തില്‍ കണ്ട ചില പ്രശ്നങ്ങളാണ്. ഇനിയും ഇത്തരം വല്ലതും കാണുമ്പോഴോ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലോ ഈ പട്ടികയിലേയ്ക്ക് ചേര്‍ക്കാം. ഈ ലേഖനത്തിലെ തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. നല്ല മലയാളം എഴുതുന്നതോടൊപ്പം നല്ല രീതിയില്‍ എഴുതുന്നതും എഴുത്തിന്‍റെ ഭംഗി കൂട്ടുകയേയുള്ളൂ.

Labels: ,