ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, May 26, 2006

സ്ട്രൂപ്പ് ഇഫക്ട്

രാവിലെ ഒരു മീറ്റിംഗ്. യൂസര്‍ ഇന്‍റെര്‍ഫെയ്സ് റിവ്യൂ ആണ്. കൂലങ്കഷമായ റിവ്യൂ. ബില്‍ ബക്സ്റ്റനേയും, ജേക്കബ് നീത്സനേയും, അലന്‍ കൂപ്പറേയും ആള്‍ക്കാര്‍ തലങ്ങും വിലങ്ങും എടുത്ത് പ്രയോഗിക്കുന്നു. ഞാന്‍ ഈ ദേശക്കാരനല്ല എന്ന മട്ടില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തലയാഴ്ത്തി ഈയുള്ളവനും.

“അത് സ്ട്രൂപ്പ് ഇഫക്ട് പോലെയാണ്.”

മുമ്പ് കേട്ടിട്ടില്ലാത്ത ഈ ഇഫക്ട് എന്തെന്ന ആലോചനയിലായി ഞാന്‍. ദാ, താഴെക്കാണുന്ന വാക്കുകള്‍ ഏത് കളറിലാണ് എഴുതിയിരിക്കുന്നതെന്ന് വേഗത്തില്‍ പറയാന്‍ ശ്രമിക്കൂ:

പച്ച മഞ്ഞ കറുപ്പ് ചുവപ്പ് നീല


ഒരു ചെറിയ പ്രയാസം നേരിടുന്നില്ലേ? ഇതാണ് സ്ട്രൂപ്പ് ഇഫക്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. പിന്നെ ഇവിടെയും.

Labels:

Tuesday, May 23, 2006

മാരിപെയ്യിക്ക!

ഇടവപ്പാതി കൊട്ടും ഘോഷവുമായി ആര്‍ത്തലച്ചു പെയ്തുകൊണ്ടിരുന്ന ഒരു ജൂണ്‍‍മാസ രാവിലാണ് ഈ വരികള്‍ കുറിക്കുന്നത്. മഴയ്ക്ക് അതിപ്രശസ്തമായ സീയാറ്റിലില്‍ വന്നു ചേരുന്നതിനും വളരെ മുമ്പ്. ഇവിടെ ഇങ്ങനെ മഴകണ്ടിരിക്കുമ്പോള്‍ ദൈവം എന്‍റെ പ്രാര്‍ഥന അറിഞ്ഞു നിറവേറ്റിയപോലെയുണ്ട്.

മാനസത്തില്‍ ഞാനോര്‍ത്തു ജപിക്കുന്നു
മാര്‍ഗദര്‍ശിയാം ദേവനേ, കേള്‍ക്കുക:
ഭൂയിഷ്ഠമാകും മണ്ണൊലിപ്പിക്കാതെ
ഭൂതലത്തിലെ തിന്മകള്‍ നീക്ക, നീ.
രാഷ്ട്രദ്രോഹങ്ങള്‍ കാട്ടി വാണീടുന്ന
രാവണന്മാരെയാകെ നടുക്കണേ!
മാരിപെയ്യിച്ചു മാനവരാശിക്കു-
മാനസോല്ലാസമേകണേ, കൈതൊഴാം!

Labels:

Monday, May 22, 2006

വിരാജിനൊപ്പം, തളരാതെ

ഇക്കഴിഞ്ഞ മാര്‍ച്ചുമാസാവസാനമാണ് സീന സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മെയില്‍ സീയാറ്റിലിലെ കേരള അസ്സോസിയേഷന് അയയ്ക്കുന്നത്. തങ്ങള്‍ സീയാറ്റിലില്‍ പുതിയതായി വന്നവരാണെന്നും ഇവിടെ പരിചയക്കാരാരുമില്ലെന്നും ഇവിടെയുള്ള മറ്റ് മലയാളികളെ പരിചയപ്പെടാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു മെയിലിലെ ഉള്ളടക്കം.

തന്‍റെ മകന്‍ വിരാജിന്‍റെ ചികിത്സാര്‍ത്ഥം, അച്ഛന്‍ വിപിനും, അമ്മ സീനയും, അച്ഛന്‍റെ അച്ഛനും അടങ്ങുന്ന കുടുംബം ഫീനിക്സില്‍ നിന്നും താല്കാലികമായി സീയാറ്റിലിലേയ്ക്ക് വന്നതാണെന്നും മെയിലില്‍ പറഞ്ഞിരുന്നു.

മെയില്‍ കിട്ടി അധികം വൈകാതെ, ഞാന്‍ വിപിനുമായി സംസാരിച്ചു.

2003 മാര്‍ച്ച് 3-നാണ് വിരാജ് ജനിച്ചത്. 2005 ഓഗസ്റ്റ് 29 വരെ വിരാജ്, കാര്യമായ അസുഖമൊന്നുമില്ലാതെ, ആരോഗ്യവാനായ കുട്ടിയായിരുന്നു. ഒരാഴ്ചയോളമായി ചെറിയ ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടിരുന്ന വിരാജിന്, ഓഗസ്റ്റ് 29-ന് ലുഖേമിയ ആണെന്ന രോഗനിര്‍ണയം നടന്നു. രോഗ നിര്‍ണയം വൈകിയതു കാരണം ലുഖേമിക് കോശങ്ങള്‍ മസ്തിഷ്കത്തെ ബാധിച്ചു തുടങ്ങിയിരുന്നതിനാല്‍, രണ്ടരക്കൊല്ലം കൊണ്ട് പഠിച്ചെടുത്തതെല്ലാം ആ കുരുന്നിന് നഷ്ടപ്പെട്ടിരുന്നു.

ഈ അവസ്ഥയില്‍ ജീവന്‍ നിലനിറുത്തുവാന്‍ വിരാജിന് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ആവശ്യമായിരുന്നു. അതിനുള്ള സൌകര്യങ്ങള്‍ ഫീനിക്സിനേക്കാള്‍ മെച്ചമായതിനാലാണ് ആ കുടുംബം സീയാറ്റിലിലേയ്ക്ക് വന്നത്. സീയാറ്റിലിലെ ചില്‍ഡ്രെന്‍സ് ഹോസ്പിറ്റലിലും ഫ്രെഡ് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററിലുമായാണ് ചികിത്സ. വിപിനും കുടുംബവും ആശുപതിയ്ക്കടുത്തുള്ള റൊണാള്‍ഡ് മക്ഡോണാള്‍ഡ് ഹോമിലാണ് താമസം.

ഏപ്രില്‍ പകുതിയോടു കൂടി വിരാജിന്‍റെ ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയ ആരംഭിച്ചു. ഏപ്രില്‍ 15-ന് വിരാജിന് നല്‍കേണ്ടുന്ന ഖീമോ തെറാപ്പി ചികിത്സയുടെ അവസാന റൌണ്ടും കഴിഞ്ഞു. ഏപ്രില്‍ 17 മുതല്‍ നാലു ദിവസം, ദിവസം രണ്ടു നേരം, റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ പ്രക്രിയയിലൂടെ വിരാജ് കടന്നു പോയി. ഒരു മൂന്നു വയസ്സുകാരന് താങ്ങാവുന്നതിലുമധികമാണ് ഈ ചികിസകളെന്ന് ഓര്‍ക്കണം. വിരാജ് അതീവ ധൈര്യശാലിയാണ്. ചികിത്സാ ക്ഷീണം കഠിനമാണെങ്കിലും അത് സഹിക്കാനുള്ള കരുത്ത് ഈ കുരുന്നിനുണ്ട്. ഈ വേദനയ്ക്കിടയിലും, അവന്‍റെ മുന്നില്‍ വരുന്നവര്‍ക്ക് ഒരു ചിരി സമ്മാനിക്കാന്‍ അവന്‍ മറക്കാറില്ല.

റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ കഴിഞ്ഞതോടു കൂടി വിരാജ് തീര്‍ത്തും ക്ഷീണിതനായി. അവന്‍ ഭക്ഷണം കഴിക്കാതാവുകയും, IV-യെ മാത്രം ആശ്രയിക്കുകയും ചെയ്തു. റേഡിയേഷന്‍ മൂലം വിരാജിന്‍റെ നിറം മങ്ങി. ചികിത്സാ സമയത്ത് ഉപയോഗിക്കുന്ന മുഖംമൂടി ഉരഞ്ഞ് ആ മുഖത്ത് പാടുകള്‍ വന്നു തുടങ്ങി.

ഏപ്രില്‍ 21-ന്, സ്പെയിനില്‍ നിന്നും കൊണ്ടുവന്ന ഖോര്‍ഡ്ബ്ലഡ് ഉപയോഗിച്ച്, വിരാജിന് ട്രാന്‍സ്പ്ലാന്‍റ് നടന്നു. ഏകദേശം ഇരുപത് മിനുട്ട് മാത്രമേ ഈ പ്രക്രിയ നീണ്ടു നിന്നുള്ളൂ. ഈ സമയം വിരാജ് ഉറക്കമായിരുന്നു.

ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ ദിവസം മുതല്‍, വിരാജിന്‍റെ ശ്വാസോച്ഛ്വാസ നിരക്ക് കൂടുതലായിരുന്നു. ജലദോഷ വൈറസ് ആണ് ഇതിനു കാരണമെന്ന് കണ്ടെത്തി. ഇത് ഒരു പ്രശ്നം തന്നെയാണ്. ഫീനിക്സിലായിരിക്കുമ്പോള്‍ അതിശക്തനായ റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ (RSV) പ്രതിരോധിച്ചവനാണ് വിരാജ്. ചികിത്സയുടെ പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു തടസ്സം ഉണ്ടാവുമെന്ന് കരുതിയതല്ല.

ദീര്‍ഘമായ ഒരാഴ്ച കടന്നു മേയ് 1 ആകുമ്പോഴേയ്ക്കും വിരാജിന് മുടിയെല്ലാം നഷ്ടപ്പെട്ടു. ചുണ്ടുകള്‍ വരണ്ട്, നീരുവന്നതു പോലെയായി. അസഹനീയമായ വേദനയാണത്രേ ഈ ഘട്ടത്തില്‍. മോര്‍ഫീന്‍ കൊടുത്ത് മയക്കിയാണ് അവനെ വേദനയില്‍ നിന്നും രക്ഷിക്കുന്നത്. ഈ സമയത്തെ വൈറസ് ചികിത്സയും കഠിനമാണ്: ഒരു ചെറിയ പ്ലാസ്റ്റിക് കൂടിനുള്ളില്‍ രണ്ടുമണിക്കൂര്‍ നേരം ഇരുത്തി ഒരുതരം പുക കടത്തിയാണ് ചികിത്സ. ഇങ്ങനെ ദിവസം മൂന്നു നേരമുണ്ട്. അച്ഛനുമമ്മയും ഈ സമയം കുഞ്ഞിനോടൊപ്പം കൂടിനുള്ളിലിരുന്ന് അവനെ ആശ്വസിപ്പിക്കണം.

മറ്റൊരു ദുരന്ത വാര്‍ത്തയുമായാണ് മേയ് 3 പുലര്‍ന്നത്. സീനയുടെ അമ്മ, നാട്ടില്‍ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. സീന ഒറ്റമകളാണ്. എങ്കിലും വിരാജിനെ ഈയവസ്ഥയില്‍ വിട്ട് നാട്ടില്‍ പോകാന്‍ ഡോക്ടര്‍മാര്‍ സീനയെ അനുവദിച്ചില്ല. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അവര്‍ സീയാറ്റിലിലേയ്ക്ക് വരാനിരിക്കുകയായിരുന്നു. വിധിയെത്തടുക്കാന്‍ ആര്‍ക്കു കഴിയും?

ട്രാന്‍സ്പ്ലാന്‍റിന്‍റെ സൈഡ് ഇഫക്റ്റായി ഉണ്ടാകുന്ന ചില അസുഖങ്ങളുടെ ചികിത്സയിലാണ് വിരാജിപ്പോള്‍. അവന്‍റെ ദേഹം മുഴുവന്‍ ചൊറിച്ചിലുണ്ട്. പനിയും പിടിപെട്ടിരിക്കുന്നു. വിരാജിന് ഇപ്പോള്‍ നാല് അസുഖങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്: RSV, സൈറ്റോ മെഗാലോ വൈറസ് (CMV), അഡെനോ, ഹെര്‍പസ് സിം‍പ്ലെക്സ് വൈറസ് (HSV).

വിരാജിന്‍റെ ചികിത്സയുടെ ഏറിയ പങ്കും ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമെങ്കിലും, ധാരാളം ചെലവുകള്‍ ചികിത്സയുടെ ഭാഗമായി വന്നു ചേര്‍ന്നിരിക്കുന്നു. ഇന്‍ഷുറന്‍സിന്‍റെ പരിധി വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു മില്യണ്‍ ഡോളറിനും മറ്റുമുള്ള ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാണല്ലോ എന്ന് തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് ഒരു മില്യന്‍റെ ചെറുപ്പം നാം മനസ്സിലാക്കുന്നത്. ഉദാഹരണമായി, ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയയ്ക്ക് മാത്രം (ഏപ്രില്‍ 21-ന് നടന്ന പ്രക്രിയ‍) ആശുപത്രി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഈടാക്കുന്നത് ഏകദേശം രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളറാണത്രേ.

കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണും ഷിക്കാഗോയിലെ കെയര്‍ ആന്‍ഡ് ഷെയര്‍‍ എന്ന ചാരിറ്റി സംഘടനയും ചേര്‍ന്ന് വിരാജിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു. നമ്മുടെ ചെറിയ സഹായവും പ്രാര്‍ഥനയും പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാവും.

Labels:

Friday, May 19, 2006

മേയ് പത്തൊമ്പത്: ഒരു ഓര്‍മ

അടുക്കും ചിട്ടയും ശ്രദ്ധയും ആവശ്യമുള്ള ഭര്‍ത്താവുദ്യോഗം കിട്ടുന്നതിനുമുമ്പ്, അന്നദാതാവായ ഓഫീസ് ജോലിയാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് വിശ്വസിച്ചിരുന്ന കാലം നിങ്ങളില്‍ പലരേയും പോലെ എനിക്കുമുണ്ടായിരുന്നു. താമസിച്ചാണ് ഓഫീസിലെത്തുന്നതെങ്കിലും പലപ്പോഴും ഉച്ചയൂണുപോലും ഉപേക്ഷിച്ച്, രാത്രി വിശപ്പു കാരണം കണ്ണില്‍ ഇരുട്ട് കയറിത്തുടങ്ങുന്നതുവരെ പണിയെടുത്ത് കമ്പനിയെ സേവിച്ചിരുന്ന സുദിനങ്ങളില്‍ ഒന്നിലാണ് ഈ സംഭവ കഥ നടക്കുന്നത്.

ഒലേ, കോം, ഡീകോം എന്നിത്യാദികളുടെ വാലും തലയും അറിയാത്തവര്‍ക്കും അറിയുമെന്ന് വെറുതേ നടിക്കുന്നവര്‍ക്കും അതു പറഞ്ഞുകൊടുക്കലായിരുന്നു എന്‍റെ ജോലി. എന്‍റെ കമ്പനി, ഇന്നത്തെപ്പോലെ അന്നും പണക്കാര്‍ക്ക് പ്രത്യേക സൌജന്യങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധവച്ചിരുന്നു. കാശുകൂടുതല്‍ കൊടുത്തവര്‍ക്ക് എന്നോട് നേരിട്ട് സംസാരിക്കാനുള്ള ദുര്യോഗം ലഭിച്ചിരുന്നപ്പോള്‍, പാവപ്പെട്ടവര്‍ക്ക് എന്‍റെ വാക്കുകളും വരികളും ഈമെയിലില്‍ വായിച്ച് സായുജ്യമടയാനേ കഴിഞ്ഞിരുന്നുള്ളൂ. എഴുതിയതിനെത്തന്നെ തിരിച്ചും മറിച്ചും ഉദാഹരിച്ചും എഴുതിയാലും മനസ്സിലാക്കാന്‍ പ്രയാസപ്പെടുമാറാണ് മേല്‍പറഞ്ഞ വകയൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നതിനാല്‍, എഴുതി കൈകഴയ്ക്കുമ്പോള്‍, മറുതലയ്ക്കല്‍ പാവപ്പെട്ടവാനാണോ എന്നു നോക്കാതെ നേരില്‍ സംസാരിച്ച് കാര്യം ഒതുക്കിത്തീര്‍ക്കുകയായിരുന്നു പതിവ്.

പതിവിലും നേരത്തേ ഓഫീസിലെത്തി, ഒരു പാവപ്പെട്ടവനോട് ഏകദേശം ഒന്നൊന്നരെ മണിക്കൂര്‍ ഫോണില്‍ ചെലവഴിച്ചിട്ടും കപ്പലെന്നു പറയുമ്പോള്‍ കപ്പലണ്ടി എന്നു മനസ്സിലാക്കുന്ന മാന്യന് നേര്‍ബുദ്ധി തോന്നണേ എന്‍റെ കീഴ്പേരൂര്‍ ഭഗവതീ എന്ന് പ്രാര്‍ഥിച്ച്, ഒരു ചായ കുടിച്ച ശേഷമാവാം ബാക്കി എന്നു കരുതി തിരിഞ്ഞപ്പോളതാ, സഹപ്രവര്‍ത്തകര്‍ ചുറ്റും കൂടി നില്‍ക്കുന്നു. മാനേജരമ്മച്ചി പതിവില്ലാതെ വെളുക്കെ ചിരിക്കുന്നു.

“സ്മാര്‍ട്ട് ഡോഗ്, യൂ ആര്‍ ഏര്‍ളി! ബിഗ് പാര്‍ട്ടി ഇന്‍ ദ ഈവ്നിംഗ്?”

ഒരു ചുക്കും മനസ്സിലായില്ല. വെള്ളിയാഴ്ച സാധാരണ ഒരു ഭരണിപ്പാട്ട് പാര്‍ട്ടി ഉള്ളതാണ്. പക്ഷേ, അക്കാര്യം ഞാന്‍ ഇവരോടൊന്നും പറഞ്ഞിട്ടില്ലല്ലോ. എന്നു മാത്രമല്ല, ആ പാര്‍ട്ടിക്കുവേണ്ടി നേരത്തേ വന്ന് പണിയെടുക്കേണ്ട കാര്യമൊന്നുമില്ല.

“ഓ, വെല്‍, നോട്ട് റീയലി... വില്‍ ജെസ്റ്റ് ഗെറ്റ് റ്റുഗദര്‍ വിത് കപ്‍ള്‍ ഓഫ് മൈ ഫ്രെണ്ട്സ്...” വൈകുന്നേരത്തെ കപ്പ, കള്ള്, കവിത പാര്‍ട്ടിയെ ഒന്ന് ഡൌണ്‍പ്ലേ ചെയ്തു. ഇതത്ര വലിയ ആനക്കാര്യമാണോ, എല്ലാ വെള്ളിയാഴ്ചയും ഉള്ളതല്ലേ?

“ഓള്‍ റൈറ്റ്, സോ, വീ ആര്‍ നോട്ട് ഇന്‍‍വൈറ്റഡ്...”

മധുസൂദനന്‍ നായരോടും കൊടുങ്ങല്ലൂര്‍ ഭരണിയോടും സായിപ്പിന് എന്നുമുതലാണ് താല്പര്യം വന്നു തുടങ്ങിയത്? ഇനി ‘ഡൈവേഴ്സിറ്റി’യുടെ ലേബലിലുള്ള ഞാനറിയാത്ത എന്തെങ്കിലും കുരിശ്ശാണോ?

മാനേജരും മറ്റുള്ളവരും എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായേയില്ല. എന്നാല്‍ ഒന്നും പിടി കിട്ടിയില്ല എന്ന് വിചാരിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലാത്തതിനാല്‍, ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു. അപ്പോളതാ, നമ്മുടെ പ്രിയങ്കരിയായ ഗ്രൂപ്പ് അസിസ്റ്റന്‍റ്, ഐവി, ഒരു കേയ്ക്കുമായി വരുന്നു. കേയ്ക്ക് എന്‍റെ മുന്നില്‍ കൊണ്ടു വച്ചു. അതില്‍ എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു:

“ഹാപ്പി ബര്‍ത് ഡേ, സന്തോഷ്!”

ഇന്ന് മേയ് പത്തൊമ്പതാണ്. അമ്മയുടെ ഒഫിഷ്യല്‍ ഇംഗ്ലീഷ് ജന്മദിനം. സീമന്ത പുത്രനായ എന്‍റേയും!

എല്ലാരും ചേര്‍ന്ന് എനിക്ക് ഹാപ്പി ബര്‍ത് ഡേ ആശംസിക്കാന്‍ വന്നതാണ്. കേയ്ക്കിനു പുറമേ, ടീമിലുള്ള എല്ലാവരും ഒപ്പിട്ട ഒരു ബര്‍ത് ഡേ കാര്‍ഡുമുണ്ട്.

മധുരമുള്ള സാധനങ്ങള്‍ അധികനേരം മുന്നില്‍ വയ്ക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍, ഞാന്‍ വേഗം കേയ്ക്ക് മുറിച്ചു. സഹപ്രവര്‍ത്തകര്‍ ചുറ്റും നിന്ന് “ഹാപ്പി ബര്‍ത് ഡേ റ്റു യൂ” പാടി. കേയ്ക്ക് അകത്താക്കിക്കഴിഞ്ഞ് ഞാന്‍ പറഞ്ഞു:

“മേയ് പത്തൊമ്പത് എന്‍റെ ഒഫിഷ്യല്‍ ജന്മദിനം മാത്രമാണ്. എന്‍റെ ആക്ച്വല്‍ ജന്മദിനം ജനുവരിയില്‍ കഴിഞ്ഞു പോയി.”

“ഓ!” , “വാട്ട്?”, “ബട്ട്, ഹൌ”, “വൈറ്റ് എ മിനിറ്റ്”, തുടങ്ങിയ ദീനരോദനങ്ങളാല്‍ അവിടം മുഖരിതമായി.

ആര്‍ക്കും അപ്പറഞ്ഞതിന്‍റെ ഗുട്ടന്‍സ് മനസ്സിലായില്ല. ഒരു വിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഞാന്‍ ശ്രമിച്ചു. കൂടുതല്‍ പറയുന്തോറും സായിപ്പന്മാര്‍ക്ക് കൂടുതല്‍ സംശയങ്ങളുണ്ടായി. നല്ലൊരു ദിവസമായിട്ട്, ഏതു നേരത്താണ് സത്യവാനാവാന്‍ തോന്നിയതെന്നോര്‍ത്ത് ഞാന്‍ എന്നെത്തന്നെ ശപിച്ചു. (ഉമേഷിന്‍റെ ഈ ലേഖനം അന്നുണ്ടായിരുന്നെങ്കില്‍ അത് പരിഭാഷപ്പെടുത്തി എല്ലാര്‍ക്കും ഓരോ കോപ്പി കൊടുക്കാമായിരുന്നു.)

“അപ്പോള്‍, എന്‍റെ ലിസ്റ്റില്‍, സന്തോഷിന്‍റെ ജന്മദിനം ഞാന്‍ ജനുവരിയിലെ ആ ദിവസമാക്കി തിരുത്തട്ടേ?” ഐവി ചോദിച്ചു.
“സന്തോഷ് ആഘോഷിക്കുന്നത് ജനുവരിയിലാണെങ്കില്‍ ആ ഡേയ്റ്റ് തിരുത്തൂ, ഐവീ”, മാനേജരുടെ ഉത്തരവ്.

“തീയതി ജനുവരിയിലേയ്ക്കാക്കി തിരുത്തിക്കോളൂ”, ഞാന്‍ പറഞ്ഞു. “പക്ഷേ, എന്‍റെ വീട്ടുകാരൊക്കെ ജന്മദിനം ‘ആഘോഷിക്കുന്നത്’ മറ്റൊരു കലണ്ടര്‍ പ്രകാരമാണ്. ഈ വര്‍ഷം അത് ഡിസംബറിലായിരുന്നു. ഓരോ വര്‍ഷവും ഓരോ തീയതി മാറി വരും!”

പിന്നെ അവിടെ നടന്നത് എന്തെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒരാള്‍ക്ക് ഒരാണ്ടില്‍ മൂന്ന് ജന്മദിനം എങ്ങനെയുണ്ടാവും എന്ന വാദത്തോടൊപ്പം, മാനേജര്‍, തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, ടീമിന് അന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചതാണെന്നും, അതല്ല, ടീമംഗങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പണിയെടുക്കാതിരുന്നതാണെന്നുമുള്ള വാദവും കുറേക്കാലം നീണ്ടു നിന്നു.

Labels:

Tuesday, May 16, 2006

ഫൊക്കാന

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത് അമേരിക്ക (FOKANA) യെക്കുറിച്ച് അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് പുറത്ത് ജീവിക്കുന്ന മലയാളികള്‍ അധികം കേട്ടിരിക്കാനിടയില്ല. ഫൊക്കാന നിലവില്‍ വരാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അവരുടെ വെബ്സൈറ്റ് പറയുന്നത് കാണുക:
The first recorded arrival of an Indian visitor to America (Salem, Massachusetts) was on December 29, 1790. Ever since, people from India have settled in United States. The immigration Act of 1960 gave an impetus to this. According to the latest census, there are 13 million Indian Americans in the U.S of which around 300,000 are Keralites. Several of these sons and daughters of Kerala have been recognized in American public life for their outstanding professional excellence. It was during the seventies that Malayali organizations started sprouting up all over the U.S. and Canada. As a manifestation of the nostalgic but creative Malayali mind, these organizations very soon became the golden chariots for the unique values of Kerala culture and heritage. Before long the need for the formulation of an umbrella organization bringing all the Kerala cultural organizations found an expression.

തെന്നിയും തെറിച്ചുമുണ്ടായ കേരള അസ്സോസിയേഷനുകളെ ഒരു കുടക്കീഴിലാക്കാന്‍ വേണ്ടിയുണ്ടായ FOKANA രണ്ട് വര്‍ഷത്തിലൊരിക്കല്‍, രണ്ടുമൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘കണ്‍‍വെന്‍ഷന്‍’ നടത്തി പുതിയ ഭാരവാഹികളെ വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ നിശ്ചയിക്കാറുണ്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു കണ്‍‍വെന്‍ഷനില്‍ പങ്കെടുത്ത അനുഭവക്കുറിപ്പുകള്‍ ഞാന്‍ ഇവിടെ കുറിച്ച് വച്ചിട്ടുണ്ട്. (ഇത് വായിച്ച പഴയതും പുതിയതുമായ ചില FOKANA ഭാരവാഹികള്‍ അവരവരുടെ മാന്യതയ്ക്കനുസരിച്ച് പ്രതികരിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.)

ഇതൊക്കെ ഇപ്പോ തെകിട്ടി വരാന്‍ എന്തു ന്യായം എന്നല്ലേ?

കേരളാ എക്സ്പ്രസ് എന്ന പേരില്‍ ആഴ്ച തോറും പ്രസിദ്ധീകരിക്കുന്ന മലയാളം വാര്‍ത്താമാധ്യമത്തില്‍ ഈയാഴ്ച കണ്ട കുറിപ്പാണ് എന്‍റെ ഓര്‍മകളെ തൊട്ടുണര്‍ത്തിയത്:
ഫൊക്കാനാ കണ്‍‍വന്‍ഷനില്‍ ഏറ്റവും ആകര്‍ഷകമായ ഇനമായ ഫൊക്കാനാ സുന്ദരി മത്സരത്തിന്‍റെ രജിസ്ട്രേഷന്‍ ഫോം ലഭിക്കേണ്ട അവസാന ദിവസം മെയ് മുപ്പതാം തീയതിയാണെന്ന് ബ്യൂട്ടി പേജന്‍റിന്‍റെ ചെയര്‍പേഴ്സണ്‍ ക്ലാരാ ജോബ് അറിയിച്ചു. 16 വയസ്സിനും 23 വയസ്സിനുമിടയിലുള്ള മലയാളിയായ അവിവാഹിതയും സിംഗിളുമായ യുവതികള്‍ക്കായാണ് ഈ മത്സരം നടത്തുന്നത്.

ചുമ്മാതല്ല, 1970-കളില്‍ സീയാറ്റിലില്‍ എത്തിയ ഒരു മാന്യവ്യക്തി FOKANA-യെപ്പറ്റി ഇങ്ങനെ പറഞ്ഞത്: “എടാ പിള്ളാരേ, FOKANA എന്നാല്‍ ചെറുപ്പക്കാര്‍ക്ക് ****-നും, വയസ്സന്മാര്‍ക്ക് പൊക്കാനും, ഇതിനു രണ്ടിനും പറ്റാത്തവര്‍ക്ക് നക്കാനും (അച്ചാറാണേ!) പറ്റിയ വേദി. അത്രേയുള്ളൂ.”

ആറുവര്‍ഷം കൊണ്ട് ഇതൊക്കെ മാറുമോ? ആവോ, ആര്‍ക്കറിയാം? ഏതായാലും അവര്‍ക്ക് ആ സൈറ്റ് ഒന്നു അപ്ഡേറ്റ് ചെയ്യാന്‍ നേരം കിട്ടിയിട്ടില്ല, അത് തീര്‍ച്ച.
This historic meeting was chaired by the then Indian Ambassador to United States and the present Vice President of India, His Excellency K.R Narayanan.

എന്നെത്തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂല്ല.

Labels:

Wednesday, May 10, 2006

എന്നാലും എന്‍റെ സ്പീല്‍ബര്‍ഗ്ഗേ!

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്‍റെ പടമല്ലേ, അയ്യേ, കണ്ടിട്ടില്ലേന്ന് പ്രായമേറെച്ചെല്ലുമ്പോള്‍ ആരെങ്കിലും ചോദിച്ചാലോ എന്നു കരുതിയാണ്, അദ്ദ്യേം 2004-ല്‍ പടച്ച ‘ദ റ്റെര്‍മിനല്‍’ എന്ന സിനിമ, ഇല്ലാത്ത നേരം ഉണ്ടാക്കി, കാണാനിരുന്നത്.

സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ എട്ട് മിനിട്ട് എന്നു കണ്ട് ഞെട്ടിയെങ്കിലും, സ്പീല്‍ബര്‍ഗ്ഗിന്‍റെ മാന്ത്രികത ഇന്നെങ്കിലും പുറത്തു വരുമെന്ന് വിശ്വസിച്ച് നീളം സഹിക്കാമെന്നു വച്ചു. നായിക, കൊല്ലങ്ങള്‍ക്കുമുമ്പ് നല്ലകാലം കഴിഞ്ഞുപോയ കാറ്ററീന്‍ സീറ്റ ജോണ്‍സ്. മൈക്കല്‍ ഡഗ്ലസിനെക്കെട്ടി തടിച്ചിയായ ശേഷം അവളുടെ അഭിനയശേഷിയില്‍ എനിക്ക് വിശ്വാസമില്ലാതായിത്തുടങ്ങിയിരുന്നു (അവളിനി എങ്ങനെ ജീവിക്കുമോ ആവോ?). നായകനാണെങ്കില്‍ റ്റോം ഹാങ്ക്സും. തെറ്റില്ലാതെ അഭിനയക്കുന്ന ഈ മാന്യന്‍, കഴിഞ്ഞ കുറേക്കാലമായി തല്ലിപ്പൊളിപ്പടങ്ങള്‍ അടങ്കലെടുത്തിരിക്കുന്ന വ്യക്തിയാണ്. എന്നാലും സ്പീല്‍ബര്‍ഗ്ഗല്ലേ, ക്രിയേറ്റിവിറ്റിയുടെ സ്പാര്‍ക്കല്ലേ, കുന്തമല്ലേ, കുടച്ചക്രമല്ലേ, എന്നൊക്കെപ്പറഞ്ഞ് ഒരു ധൈര്യത്തില്‍ പടം കാണല്‍ ആരംഭിച്ചു.

തുടക്കം തെറ്റില്ലല്ലോ. റ്റോം ഹാങ്ക്സ്, മാനറിസങ്ങള്‍ മാറ്റിവച്ച് അല്പാല്പമായി തിളങ്ങാന്‍ തുടങ്ങുന്നു. ‘യാരടേ എവള്’ എന്ന് ചോദിപ്പിക്കുമാറ്, സ്ലിം ബ്യൂട്ടിയായി കാറ്ററീന്‍ സീറ്റ ജോണ്‍സും സ്റ്റേജില്‍. അല്പം തമാശയും അടക്കമുള്ള റൊമാന്‍സുമായി പടം മുന്നേറുന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, പടത്തിന്‍റെ നിലവാരം മൈക്രോസൊഫ്റ്റിന്‍റെ സ്റ്റോക്ക് പോലെ താഴോട്ടുള്ള പ്രയാണം ആരംഭിച്ചു. നായകനും നായികയും, സം‌വിധായകന്‍റെ വരുതിയില്‍ നില്‍ക്കാതെ എങ്ങോട്ടോ പോകുന്നു. സീന്‍ റ്റോണുകള്‍ അടിക്കടി മാറി കണ്ണിന് ആയാസമുണ്ടാവുന്ന വിധമാവുന്നു. ഡയലോഗുകള്‍ കൃത്രിമമാവുന്നു. സീനുകള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചിരിക്കുന്നു. റ്റോം ഹാങ്ക്‍സ് നെറ്റി ചുഴിക്കുന്നു. കാറ്ററീന്‍ സീറ്റ ജോണ്‍സ് ചുണ്ടറ്റം മുകളിലേയ്ക്കാക്കി മലര്‍ത്തിയിട്ട റ പോലെ പിടിച്ച് ചിരിച്ചെന്നു വരുത്തുന്നു. എല്ലാം കഴിഞ്ഞ് കൈമാക്സ് അതിലും വിചിത്രം. കൂടുതല്‍ പറയുന്നില്ല.

പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്ത്, മോഹന്‍ലാലും സ്വപ്നയും അഭിനയിച്ച ‘കടത്തനാടന്‍ അമ്പാടി’ കാണണോ, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് സം‌വിധാനം ചെയ്ത്, റ്റോം ഹാങ്ക്സും കാറ്ററീന്‍ സീറ്റ ജോണ്‍സും അഭിനയിച്ച ‘ദ റ്റെര്‍മിനല്‍’ കാണണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അറച്ചു നില്‍ക്കാതെ, മടിച്ചു നില്‍ക്കാതെ പറഞ്ഞോളൂ, ‘കടത്തനാടന്‍ അമ്പാടി’ കാണണമെന്ന്: ഒന്നുമില്ലെങ്കിലും പാട്ടെങ്കിലും ഫോര്‍വേഡ് ചെയ്യാമല്ലോ.

Labels:

Thursday, May 04, 2006

പുഴകടക്കുമ്പോള്‍

തിരിച്ചറിവായ ദിനങ്ങളിലൊന്നില്‍
തനിച്ചു പോയൊരു വനാന്തരത്തില്‍ ഞാന്‍
വെറും വനമല്ല, ദിനകരന്‍ പോലും
വലഞ്ഞുപോയിടു, മതിഭയങ്കരം!

വഴിവക്കിലായി ചടഞ്ഞിരിപ്പതോ
വയോവൃദ്ധ, രവരനുഭവസ്ഥരായ്
ഇരുള്‍വനത്തിന്‍റെ ചരിത്രമാകവേ
കരുതിയുള്ളിലായുപദേശിവൃന്ദം.

ജനിച്ചനാള്‍തൊട്ടു ജപിച്ചുപോന്നൊരാ
വനകുസുമങ്ങള്‍ ഓരോന്നായിമെല്ലേ
മനസ്സിലേ ഞാനു, മപൂര്‍വരത്നവും
നിനച്ചുകൊണ്ടങ്ങു നടന്നേനന്നേരം.

നടന്നലഞ്ഞു ഞാന്‍ തളര്‍ന്നിരുന്നപ്പോ-
യടുത്തരികിലായൊരായിരം ജനം,
പതുക്കെ, യെങ്കിലും കൊതിച്ചിരുന്നൊരാ-
പുതുരത്നസ്വപ്നമുടയുന്നൂ വേഗം.

കടുത്ത സങ്കടച്ചുഴിയിലാഴവേ
അടുത്താ, യാളുകളതിലുമാഴത്തില്‍
പിടയ്ക്കയാണെന്നതറിഞ്ഞ നേരത്തും
അടക്കുവാനറിഞ്ഞതില്ല മോദവും.

അടുത്തനാളിലാ, യടുത്തവരൊന്നായ്
പടുത്തു പാതയുമടുത്തലക്‍ഷ്യവും
പെരുത്ത നൈരാശ്യമകറ്റിയാര്‍ത്തവര്‍:
“മരതകം വെറും തെളിഞ്ഞ പാറയും!”

വഴിയിതെങ്ങിതോ നയിക്കുന്നൂ നമ്മെ,
അഴലകറ്റിനാമലഞ്ഞു പിന്നെയും
പുഴയിതൊന്നതാ, തളര്‍ന്നുറങ്ങിയ-
ങ്ങൊഴുകുന്നുമുന്നില്‍, വഴിമുടക്കുവാന്‍.

കരിംകാടുതന്‍റെ ഹൃദയസൂത്രങ്ങ-
ളറിയുന്നോരുടെ ഗണിതം നോക്കവേ,
മരതകപ്പുഴ കടവിതു നൂനം
മറുകരയിലോ, മനസ്സിലുള്ളതും!

ഒടിഞ്ഞൊരു മുള്ളു തറഞ്ഞുകാലിതില്‍
പൊടിഞ്ഞു ചോരയു, മിരുന്നു ഞാന്‍ വേഗം.
തിരിഞ്ഞൊരു നോട്ടം തിരിച്ചുനല്‍കാതെ
ചരിക്കുന്നൂ ചിലര്‍, ചിരപരിചിതര്‍.

പകലുറങ്ങിടും പതിഞ്ഞ നേരമായ്
അകലെയക്ഷികള്‍ തിരഞ്ഞു നീങ്ങവേ,
തിളക്കമാര്‍ന്നൊരു പതക്കമെന്‍ മുന്നില്‍,
ഒരിക്കലാശിച്ച മരതകക്കല്ലും!

മനക്കണക്കുകള്‍ പലതുമോര്‍ത്തു ഞാന്‍
പുനര്‍വിചിന്തനം പ്രയാസപൂരിതം
പുഴകടക്കുകില്‍ പുതിയലോകവും
പുഴയോരത്തെന്‍റെ പഴയസ്വപ്നവും.

തെളിഞ്ഞയാറിതു കടന്നു ചെല്ലണോ
തിളങ്ങും കല്ലുമായ് മടങ്ങീടേണമോ,
മയങ്ങും സന്ധ്യതന്‍ മടിത്തലത്തിലായ്
ഭയന്നു; രാവിനെ ശപിച്ചു നിന്നു ഞാന്‍!

Labels: