ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, August 28, 2006

വിദ്യ വരുന്ന വഴി

അറിവിന്റെ കാൽഭാഗമേകും ഗുരുക്കൾ,
പരമായ കാൽഭാഗമാർജ്ജിപ്പു ശിഷ്യർ,
ഒരു നാലിലൊന്നിന്നു വേണം സതീർത്ഥ്യർ,
മറു നാലിലൊന്നോ കൊടുക്കുന്നു കാലം.

[ഗുരുകുലത്തിലെ ആചാര്യാത് പാദമാദത്തേ എന്ന ശ്ലോകത്തിന്‍റെ പരിഭാഷ. കോകരതം എന്ന വൃത്തത്തിന്റെ എട്ടാം അക്ഷരം ഗുരു ആക്കുമ്പോൾ കിട്ടുന്നതാണ് ഈ വൃത്തം. പേരറിയില്ല.]

(എഡിറ്റ് on Nov 11, 2021: ഈ വൃത്തത്തിന് ദിവ്യ എന്ന് പേരിട്ടു.)

Labels: , ,

Sunday, August 27, 2006

ഉച്ചാരണപ്പിടിവാശികള്‍

സൂര്യനുതാഴെയുള്ള ഏതു വിഷയവും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താനുള്ള ചുമതല ഞങ്ങള്‍ അഞ്ചാറ് അവിവാഹിതര്‍ക്കാണെന്ന് ധരിച്ചിരുന്ന നാളുകളിലൊന്നില്‍ അവിചാരിതമായാണ് ഞങ്ങള്‍, “ഈ നാട്ടില്‍, അമേരിക്കയില്‍, കടകളില്‍ പോയി നമുക്ക് കൃത്യമയി ഉച്ചാരണമോ സ്പെല്ലിംഗോ അറിയാത്ത ഒരു സാധനം വാങ്ങുന്നതിലുള്ള വിഷമം” എന്ന വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത്.

ഒരു ‘ലോംഗ് വീക്കെന്‍ഡ്’ പ്രാപ്രയോടൊപ്പം ചെലവഴിക്കാന്‍ ഷികാഗോയിലെത്തിയ ഞങ്ങള്‍, ഒരു ദിവസം രാവിലെ ഉണര്‍ന്ന് കുളിജപാദികളൊക്കെ കഴിച്ച് എങ്ങോട്ടോ ഓടിച്ചു പൊയ്ക്കൊണ്ടിരിക്കേയാണ് ഒരു നിമിത്തം പോലെ ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമാവാനുള്ള ഉള്‍വിളിയായത്.

അമ്മയെത്തല്ലിയാലും രണ്ടഭിപ്രായമില്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച? അതിനാല്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നവരും അല്ലാത്തവരുമായിത്തിരിഞ്ഞ്, അവരവരുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു തുടങ്ങി.

ഞാന്‍: “വേര്‍ ക്യാന്‍ ഐ ഫൈന്‍ഡ് അണ്‍കുക്ക്‍ഡ് റ്റോര്‍റ്റില്ല (Uncooked Tortilla)?
കടയില്‍ നില്‍ക്കുന്നവന്‍: “അണ്‍കുക്ക്‍ഡ് വാറ്റ്?”
ഞാന്‍: “അണ്‍കുക്ക്‍ഡ് റ്റോര്‍റ്റില്ല.”
കടയില്‍ നില്‍ക്കുന്നവന്‍: “ഹും. ഐ ഡോണ്ട് നോ വാറ്റ് യ്വാര്‍ റ്റോക്കിംഗ് ബൌട്ട്... ക്യാന്‍ യു സ്പെല്‍ ദാറ്റ് ഫോര്‍ മി!”
ഞാന്‍: “റ്റി-ഓ-ആര്‍-റ്റി-ഐ-എല്‍‍എല്‍-ഏ”
കടയില്‍ നില്‍ക്കുന്നവന്‍: “ആ! അണ്‍കുക്ക്‍ഡ് റ്റോര്‍റ്റീയ! ലുക് അറ്റ് ഐല്‍ 13.”

റ്റോര്‍റ്റില്ല എന്ന് ചോദിച്ചപ്പോള്‍ റ്റോര്‍റ്റീയ എന്നാണുദ്ദേശിച്ചത് എന്നറിയാന്‍ അല്പം ഡൊമൈന്‍ നോളജും അത് കോണ്ടെക്സ്റ്റില്‍ ഉപയോഗിക്കാനുള്ള സാമാന്യ ബുദ്ധിയും മതി. നമ്മുടെ നാട്ടിലെ ഏതെങ്കിലും മുറുക്കാന്‍ കടയില്‍ ചെന്ന് “നാലു പളവും ഒരു ക്ലാസ് ബെല്ലവും ഒരു ജിഞ്ചി മുട്ടായി”യും ചോദിച്ചാല്‍,
മറിച്ചൊരുവാക്കുപോലും ചോദിക്കാതെ നാലു പഴവും ഒരു ക്ലാസുവെള്ളവും ഒരു ഇഞ്ചിമിഠായിയും എടുത്തു കൊടുക്കും. അതുപോലെ തന്നെ, പച്ചക്കറിക്കടയില്‍ ചെന്ന് കത്തിരിക്ക ചോദിച്ചാല്‍ കത്രിക്കയും ‘ഫാന്‍സി സ്റ്റോറില്‍’ ചെന്ന് കത്തിരിക്ക ചോദിച്ചാല്‍ കത്രികയും ‘അതെന്തോന്ന് കുന്തം’ എന്ന മറുചോദ്യമില്ലാതെ കിട്ടുമെന്ന് ഏതാണ്ടുറപ്പല്ലേ? ഇവിടെ, അമേരിക്കയില്‍, അക്കാര്യം അല്പം പ്രയാസമത്രേ. ആരോ റൂട്ട് പൌഡര്‍ (arrowroot powder) അന്വേഷിച്ചു ചെന്ന എന്നെക്കൊണ്ട് കടക്കാരന്‍ ‘ഏരോ രൂട്ട് പൌഡര്‍’ എന്നു പറയിച്ചിട്ടേ സാധനം എവിടെയാണിരിക്കുന്നതെന്ന് പറഞ്ഞു തന്നുള്ളൂ. (ഉച്ചാരണം ആരോരൂട്ട് എന്നാണെന്ന് ഇവിടം സാക്‍ഷ്യപ്പെടുത്തുന്നു.) മറ്റൊരിക്കല്‍, നാട്ടില്‍ക്കിട്ടുന്ന ലാക്ടോഖലാമിന്‍റെ ഓര്‍മയില്‍, ഖലാമിന്‍ ലോഷന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സാധനം ഇല്ലെന്ന് പറഞ്ഞ് മടക്കി വിട്ടു. പുറത്തേയ്ക്ക് പോകുന്ന വഴിയില്‍ ‘ലോഷന്‍സ്’ ഏരിയയില്‍ വെറുതേ പരതിയപ്പോള്‍ അതാ ഇരിക്കുന്നു കക്ഷി. കിട്ടിയ കുപ്പിയുമെടുത്ത് ഫാര്‍മസിസ്റ്റിന്‍റെ അടുത്തു ചെന്നു: “ഓ, യു വാന്‍റഡ് ഖാലമിന്‍ ലോഷന്‍?” എന്നായിരുന്നു ചോദ്യം. (ഇവനെ ഉച്ചരിക്കേണ്ടത് ഖാലമൈന്‍ എന്നത്രേ!)

വാദം തുടരവേ, ഞങ്ങള്‍ പ്രഭാത ഭക്ഷണത്തിനായി ഒരു കോഫി ഷോപ്പിന്‍റെ ‘ഡ്രൈവ് ത്രൂ’വിലെത്തി. ഓര്‍ഡര്‍ കൊടുക്കാന്‍ സമയമായപ്പോള്‍ കുര്യന്‍ പറഞ്ഞു: “ഈ വാദം നമുക്ക് ഇപ്പോള്‍ തീരുമാനമാക്കാം.”

ഡ്രൈവ് ത്രൂവില്‍ സ്ത്രീ ശബ്ദം: “ഗുഡ് മോണിംഗ്, വാറ്റ് ക്യാന്‍ ഐ ഗെറ്റ്ച്യൂ?”
കുര്യന്‍: “ഫോര്‍ കാപ്പി, ഫോര്‍ ഒറിജിനല്‍ ഗ്ലെയ്സ്ഡ് ഡോണറ്റ്സ്.”
സ്ത്രീ ശബ്ദം: “ഫോര്‍ കോഫി ആന്‍ഡ് ഫോര്‍ ഡോണറ്റ്സ്, ഈസ് ദാറ്റ് ഓള്‍?”
കുര്യന്‍: “ദു മതി.”
സ്ത്രീ ശബ്ദം: “സെവന്‍ സിക്സ്റ്റീന്‍ അറ്റ് ദ നെക്സ്റ്റ് വിന്‍ഡോ.”

ഡൊമൈന്‍ നോളജും അത് കോണ്ടെക്സ്റ്റില്‍ ഉപയോഗിക്കാനുള്ള സാമാന്യ ബുദ്ധിയും ഉള്ളവര്‍ ഈ നാട്ടില്‍ കുറവാണ് എന്ന് വാദിച്ചവര്‍ തല്ക്കാലം തോറ്റു. എന്നാലും തോല്‍വി എളുപ്പം സമ്മതിച്ചു കൊടുക്കാനുള്ള വിമുഖതകാരണം ഓര്‍ഡര്‍ എടുത്തവള്‍ മെക്സിക്കോക്കാരിയായതാണ് കാപ്പി എന്ന് പറഞ്ഞപ്പോള്‍ കോഫി എന്നാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയതെന്ന് ഞങ്ങള്‍ വാദിച്ചു കൊണ്ടിരുന്നു.

ഇത്രയും ഓര്‍ക്കാന്‍ കാരണം, ഈ അടുത്തിടെ മൈക്രോസോഫ്റ്റ് റ്റെക്നിക്കല്‍ സപ്പോര്‍ട് എന്ന വിഷയവുമായെത്തിയ ഒരു ഈ-മെയിലില്‍ കണ്ട ഓഡിയോ ലിങ്ക് ആണ്.

ഇതു കേള്‍ക്കുമ്പോള്‍, ഇത്ര പരിതാപകരമാണോ മൈക്രോസോഫ്റ്റിന്‍റെ ഗതി എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും. ഒരു കണക്കിനു നോക്കിയാല്‍, ഇത്ര മാത്രമല്ല, ഇതിലും പരിതാപകരമാണ് പലപ്പോഴും. മൈക്രോസോഫ്റ്റ് റ്റെക്നിക്കല്‍ സപ്പോര്‍ട് (ഇന്ത്യയുള്‍പ്പടെ) വിവിധ രാജ്യങ്ങളില്‍ നിന്നാണ് നടത്തിവരുന്നത്. സഹായത്തിനു വേണ്ടി വിളിക്കുന്നവര്‍ക്ക് ഏത് രാജ്യത്തിലെ ഓഫീസില്‍ നിന്നാണ് സഹായം കിട്ടുക എന്നറിയാന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ, വിളിക്കുന്നവന്‍ മറുതലയ്ക്കല്‍ നിന്നും ഇംഗ്ലീഷ് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ! ചിലപ്പോള്‍ ചൈനീസ് ആക്സന്‍റിലായിരിക്കും, ചിലപ്പോള്‍ ഇന്ത്യയിലെ തന്നെ ഏതെങ്കിലും പ്രാദേശിക ആക്സന്‍റില്‍. സീറൊ എന്നതിനു പകരം ജീറോ എന്ന് പറയുന്നവരുണ്ടാകാം. ഇവരുടെ വരികളില്‍ ചില ചെറിയ വ്യാകരണത്തെറ്റുകള്‍ കടന്നു വന്നേക്കാം. എന്നാലും ഒന്നുണ്ട്: ചോദിക്കുന്ന വിഷയത്തില്‍ ഇവര്‍ക്ക് ജ്ഞാനമുണ്ടാവും. കേള്‍ക്കുന്നയാളിന് മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമേയില്ല (ചിലപ്പോള്‍ അല്പം സാമാന്യ ബുദ്ധി ഉപയോഗിക്കേണ്ടി വരുമെന്ന് മാത്രം).

അങ്ങേത്തലയ്ക്കല്‍ നിന്നും നമ്മോട് സംസാരിക്കുന്നത് ഇങ്ങനെ സാമാന്യ ബുദ്ധി പ്രയോഗിക്കാന്‍ കഴിവുള്ള ആളാണോ, അല്ലെങ്കില്‍ ചോദിക്കുന്ന ചോദ്യത്തെക്കുറിച്ച് അവഗാഹമുള്ള ആളാണോ എന്ന് നിശ്ചയിക്കുക എളുപ്പമാണ്.

“ഹാവ് യു കോള്‍ഡ് കോപ്രോക്സിബ്ലാങ്കറ്റ് ഓണ്‍ ദ ഇന്‍റര്‍ഫേയ്സ്?”
“വാറ്റ് ബ്ലാങ്കറ്റ് നൌ?”
“സിന്‍സ് വി മേയ് ഹാഫ് റ്റു ചേയ്ഞ്ച് സം ഖോഡ്, ഐ വില്‍ ഹാഫ് റ്റു റ്റോക് റ്റു എ ഡിവലപ്പര്‍ ഓണ്‍ ദിസ്. ക്യാന്‍ വി ഗെറ്റ് സം‍വണ്‍ ഓണ്‍ ദ ലൈന്‍?”

അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് നമ്മള്‍ കോക്രിയേയ്റ്റ്‍ഇന്‍സ്റ്റന്‍സ് എന്ന് പറയുമ്പോള്‍ മറ്റവന്‍ കാക്കറമൂക്കറ എന്ന് കേള്‍ക്കുന്നത്.

ഇത്തരം സംഭാഷണങ്ങളൊക്കെ പലപ്പോഴും മൈക്രോസോഫ്റ്റും ഇതര കമ്പനികളും റെഖോഡ് ചെയ്യാറുണ്ട്. ട്രെയിനിംഗിനു വേണ്ടിയും മറ്റും. പിന്നെ ഉപയോക്താക്കളോട് മര്യാദവിട്ട് സംസാരിക്കുകയോ മറ്റോ ചെയ്താല്‍ ജീവനക്കാരനെ പുറത്താക്കി കമ്പനിയുടെ മാനം രക്ഷിക്കാനും.

Labels:

Saturday, August 26, 2006

സ്വയംകൃതാനര്‍ഥം

ഡാരില്‍ ഹെയര്‍ എന്ന ക്രിക്കറ്റ് അമ്പയര്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരത്തിനിടയ്ക്ക് പാകിസ്ഥാന്‍ ടീമംഗമോ ടീമംഗങ്ങളോ പന്ത് തങ്ങള്‍ളുടെ ബൌളിംഗിന് ഉതകുന്നവിധം രൂപമാറ്റം വരുത്തി എന്നാണ് ഹെയറിന്‍റെ കണ്ടുപിടുത്തം. ഇതേത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്യാമ്പ് പ്രതിഷേധത്തിന്‍റെ രീതികള്‍ ചര്‍ച്ചചെയ്യുകയും ചായസമയത്തിനു ശേഷം ഫീല്‍ഡിലെത്താന്‍ മുക്കാന്‍ മണിക്കൂറുകളോളം വൈകുകയും ചെയ്തു. സമയത്തിന് ഹാജരായില്ല എന്ന കുറ്റത്തിന് ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിച്ചു.

ഒരേ സമയം വിശ്വസനീയവും അവിശ്വസനീയവുമായ കുറ്റാരോപണം തന്നെ. കുറ്റം ആരുടേതാണെന്ന് പറയാനാവാത്ത വിധം പാപക്കറപുരണ്ട കയ്യുകളാണ് ഡാരില്‍ ഹെയറിന്‍റെയും പാകിസ്ഥാന്‍റെയും.

വിവാദങ്ങളുടെ സഹചാരിയാണ് ഡാരില്‍ ഹെയര്‍ എന്നു പറയാം. 1995-ല്‍ മുരളീധരനെ ബൌളിംഗ് അറ്റത്തുനിന്ന് നോബോള്‍ വിളിച്ചതാണ് ഹെയറിന്‍റെ റെസുമെയിലെ ആനക്കാര്യം. വെള്ളക്കാരല്ലാത്ത ടീമുകള്‍ക്കെതിരെയാണ് പലപ്പോഴും ഹെയര്‍ ഉറഞ്ഞു തുള്ളിയിട്ടുള്ളത്. അതില്‍ത്തന്നെ കൂടുതലും പാകിസ്ഥാനെതിരെയും.

ഫീല്‍ഡിലെത്താന്‍ പാകിസ്ഥാന്‍ ടീം വൈകിയതിന്‍റെ പേരില്‍ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതായി പ്രഖ്യാപിച്ചതില്‍ ഹെയര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാല്‍ പാകിസ്ഥാന്‍ ടീം കുറ്റം ചെയ്തെന്ന് പറഞ്ഞ് പെനാല്‍റ്റി വിധിക്കുകയും കളി തുടരാന്‍ പകരമൊരു ബോള്‍ തെരഞ്ഞെടുക്കാന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് അവസരമൊരുക്കുകയും ചെയ്തതാണ് വിവാദത്തിനടിസ്ഥാനം. പന്ത് രൂപമറ്റം വരുത്തുന്ന ദൃശ്യങ്ങള്‍ മത്സരം സം‍പ്രേഷണം ചെയ്ത സ്കൈ റ്റി. വി. യുടെ ഇരുപത്താറ് ക്യാമറകളില്‍ ഒന്നു പോലും പകര്‍ത്തിയിട്ടില്ല. കള്ളനെന്ന് പറഞ്ഞ് കയ്യോടെ പിടിച്ചെങ്കിലും തൊണ്ടിയും തെളിവുമില്ലാത്ത പോലെയായി കാര്യങ്ങള്‍.

ഇനി തങ്ങള്‍ പങ്കെടുക്കുന്ന കളികളില്‍ ഹെയര്‍ അമ്പയറാവേണ്ട എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോഡ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിനെ അറിയിച്ചു. മുന്‍‍കാലങ്ങളിലും പാകിസ്ഥാനില്‍ നിന്നും ഇത്തരം ഉമ്മാക്കി കാണിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ഐ. സി. സി. യുടെ സമ്മര്‍ദ്ദത്തിന് പാകിസ്ഥാന്‍ എളുപ്പം വഴങ്ങിക്കൊടുക്കില്ല എന്ന സൂചന വ്യക്തമായിരുന്നു. ബംഗ്ലാദേശും പാകിസ്ഥാന്‍റെ പാത പിന്തുടര്‍ന്നതോടെ, കാര്യങ്ങളുടെ അത്ര സുഖകരമല്ലാത്ത പോക്ക് കണ്ട് ഒരു മുന്‍ അഭിഭാഷകന്‍ കൂടിയായ ഹെയര്‍ തന്‍റെ വക്കീല്‍ ബുദ്ധി പ്രയോഗിക്കാന്‍ തീരുമാനിച്ചു. രായ്ക്കുരാമാനം താന്‍ ‘വിരമിച്ചു കൊള്ളാ’മെന്നും അതുമൂലമുണ്ടാകുന്ന സ്ഥിരവരുമാനമില്ലായ്മയ്ക്കു പകരമായി അഞ്ചുലക്ഷം അമേരിക്കന്‍ ഡോളര്‍ തന്‍റെ അക്കൌണ്ടിലേയ്ക്ക് മാറ്റണമെന്നും ഹെയര്‍ ഐ. സി. സി.-യോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഓസ്റ്റ്റേലിയയില്‍ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് മൂന്നു വര്‍ഷം മുമ്പ് കുടിയേറിയെങ്കിലും ഇംഗ്ലീഷുകാരന്‍റെ കുരുട്ടുബുദ്ധി ഹെയറിന് കിട്ടിയിട്ടില്ല എന്നതിന് തെളിവായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍. ഇംഗ്ലണ്ടുകാരനായ ഐ. സി. സി. ചീഫ് എക്സക്യുട്ടിവ് മാല്‍കം സ്പീഡ്, ഹെയര്‍ അയച്ച ഈ-മെയില്‍ പരസ്യപ്പെടുത്തുക വഴി ഹെയറിന്‍റെ അമ്പയറിംഗ് ഭാവിയെ കുളിപ്പിച്ചു കിടത്തി എന്നു തന്നെ പറയാം. അങ്ങനെ സംഭവിച്ചാല്‍, അത് ക്രിക്കറ്റിന്‍റെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളിലൊന്നായിക്കാണാന്‍ രണ്ടുവട്ടമാലോചിക്കേണ്ടതില്ല.

ഇവിടെയാണ് നട്ടെല്ലിനുറപ്പുള്ള അര്‍ജ്ജുന രണതുംഗ നമ്മുടെ ആരാധനാ പാത്രമാകുന്നത്. തന്‍റെ ടീമിനുവേണ്ടിയും അതിലുപരി രാജ്യത്തിന്‍റെ അന്തസ്സിനു വേണ്ടിയും നിലകൊള്ളുകയും വെള്ളക്കാരന്‍റെ ധാര്‍ഷ്ട്യത്തെ, തന്‍റേടത്തോടെയും അവജ്ഞയോടെയും നേരിട്ടിട്ടുള്ള മറ്റൊരു ഏഷ്യന്‍ കളിക്കാരന്‍ ഉണ്ടെന്ന് തോന്നുന്നില്ല. “സംസ്കാരമില്ലാത്തവര്‍” എന്ന് പറഞ്ഞ് ശ്രീലങ്കക്കാരെ മുഴുവന്‍ അടച്ചാക്ഷേപിച്ച ഓസ്റ്റ്റേലിയന്‍ റിപ്പോര്‍ട്ടറോട്, “ശ്രീലങ്കന്‍ ചരിത്രം എല്ലാര്‍ക്കുമറിയാം. ഓസ്റ്റ്റേലിയക്കാര്‍ എവിടുന്നു വന്നു എന്നും എല്ലാര്‍ക്കുമറിയാം.” എന്നായിരുന്നു രണതുംഗയുടെ മറുപടി. [ഉദ്ധരിക്കുന്നത് ഓര്‍മയില്‍ നിന്ന്.]

ഷെയ്ന്‍ വോണിന്‍റെയും മക്ഗ്രാതിന്‍റെയും വിടുവായിത്തത്തിന് ബാറ്റുകൊണ്ട് മറുപടിപറയുന്ന ചുണക്കുട്ടന്മാര്‍ക്ക് പഞ്ഞമൊന്നുമില്ല. എന്നാലും മുഖാമുഖം നിന്ന് രണ്ട് നല്ലവര്‍ത്തമാനം പറഞ്ഞു കൊടുക്കുന്ന ഗാംഗുലിയെയും രാംനരേഷ് സര്‍വാനെയും നമുക്കു നഷ്ടപ്പെടാതിരിക്കുക.

Labels:

Friday, August 18, 2006

ഓണം വരുന്നു*

ചെത്തിപ്പൂവിന്‍ കുല പൂത്തു മറിയുന്നു
തുമ്പതന്‍ നെഞ്ചകം തുള്ളിത്തുടിക്കുന്നു
പാഴ്ചെടി പോലുമേ പൂവുമായെത്തുന്നു
പാലയും പിച്ചിയും സ്വാഗതമോതുന്നു
പൂവിളികേട്ടു പുലരിയുണരുന്നു
പൂവമ്പന്‍ പ്രേമത്തിന്‍ തേരു തെളിക്കുന്നു
മുറ്റത്തു പൂക്കളമെങ്ങും നിറയുന്നു
മന്ദാരപ്പൂക്കളും മുന്നില്‍ തെളിയുന്നു
പാടത്തു പക്ഷികള്‍ കീര്‍ത്തനമോതുന്നു
പാര്‍ത്തലം തന്നെയും കോരിത്തരിക്കുന്നു
തത്തയും മൈനയുമോടിയെത്തീടുന്നു
തത്തിക്കളിച്ചു കതിരുമായ് പൊങ്ങുന്നു
വാരിവാഹങ്ങള്‍ മറഞ്ഞു തുടങ്ങുന്നു
വാസവന്‍ തന്നുടെയാജ്ഞകേട്ടെന്നപോല്‍
കസ്തൂരി ഗന്ധം പൊഴിച്ചുകൊണ്ടെന്‍ മുന്നില്‍
ശ്രാവണ സന്ധ്യയുമോടിയെത്തീടുന്നു
വിണ്ണിലായ് താരകള്‍ നീണ്ടു നിരക്കുന്നു
തല്ലജവല്ലിയെ താലോലിച്ചാര്‍ക്കുന്നു
മാരുതീ താതനും കള്ളക്കഥയുമായ്
മന്ദമായ് വന്നു തഴുകിയുറക്കുന്നു.

*പതിനാറ് വര്‍ഷം മുമ്പ് ഓണം വന്നപ്പോള്‍

Labels:

Tuesday, August 15, 2006

വിന്‍ഡോസ് ലൈവ് റൈറ്റര്‍

ബ്ലോഗുകള്‍ എഴുതാനും പോസ്റ്റുചെയ്യാനും ഇപ്പോള്‍ അനവധി മാര്‍ഗങ്ങളുണ്ട്. നോട്ട്‍പാഡില്‍ എഴുതിയശേഷം അതില്‍ നിന്ന് കോപ്പി ചെയ്ത് ബ്ലോഗില്‍ പേയ്സ്റ്റ് ചെയ്യുകയാണ് ഞാന്‍ സാധാരണ ചെയ്യാറ്. എഴുതിയ ലേഖനം നോട്ട്‍പാഡില്‍ യൂണികോഡായി സം‍രക്ഷിക്കാമെന്ന മെച്ചവുമുണ്ട്. അടുത്തിടയായി, മൈക്രോസോഫ്റ്റ് വേഡില്‍ നിന്നും നേരിട്ട് ബ്ലോഗു പബ്ലിഷ് ചെയ്യാനനുവദിക്കുന്ന ഒരു പ്ലഗിന്‍ കാണാനിടയായി. മലയാളം എഴുതാന്‍ വേഡ് ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചില അപാതകള്‍ ഉള്ളതിനാല്‍, ഞാന്‍ അത് ഉപയോഗിച്ച് നോക്കിയിട്ടില്ല. അപ്പോഴാണ് വിന്‍ഡോസ് ലൈവ് റ്റീം വിന്‍ഡോസ് ലൈവ് റൈറ്റര്‍ റിലീസ് ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.

വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഉപയോഗിച്ച് ബ്ലോഗ് പബ്ലിഷ് ചെയ്യാം എന്നു മാത്രമല്ല, ബ്ലോഗ്സ്പോട്ട് ഉള്‍പ്പടെയുള്ള ബ്ലോഗിംഗ് സര്‍വീസുകളുപയോഗിക്കുന്നവര്‍ക്കുപോലും റ്റെം‍പ്ലേയ്റ്റുകളും ക്രമീകരണങ്ങളും മറ്റും മാറ്റിയും മറിച്ചും പലവിധമുള്ള പരീക്ഷണങ്ങളും നടത്താവുന്നതാണ്. ബീറ്റ (ബേറ്റ) എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ക്ക് വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Labels: ,

Monday, August 07, 2006

കുത്തും കോമയും

പണ്ട് പണ്ട്, എന്നു വച്ചാല്‍ വളരെപ്പണ്ട്, കൃത്യമായിപ്പറഞ്ഞാല്‍ എന്തായിരിക്കണം ഓഫ് എന്ന് ബൂലോകര്‍ തിരിച്ചറിഞ്ഞിട്ടില്ലാതിരുന്ന കാലത്ത്, ബൌദ്ധിക സം‌വാദങ്ങള്‍ക്ക് പേരുകേട്ട മിടുക്കനായ ഒരു ബ്ലോഗര്‍ക്ക് ഓഫ് റ്റോപിക് ആയി ഒരു സംശയമുദിച്ചു. അന്ന് നിലവിലുണ്ടായിരുന്ന സാമാന്യ തത്വമനുസരിച്ച് അദ്ദേഹം അത് “ഓ.ടോ:” എന്ന രണ്ടക്ഷരം മുന്നില്‍ പിടിപ്പിച്ച് ആദ്യം കണ്ട ബ്ലോഗില്‍ക്കയറി കമന്‍റു വര്‍ഷം നടത്തി. (അതാണല്ലോ ഈ ഓഫ് റ്റോപിക്കിന്‍റെ ഗുണം. ഏത് ബ്ലോഗിലും ധൈര്യമായി കടന്നു ചെല്ലാം. മര്യാദരാമന്മാര്‍, ഓട്ടോ എന്നോ ഓഫ് എന്നോ ചില്ലറയായോ, ഇനി സമയമേറെയുള്ളവര്‍, ഓഫ് റ്റോപിക് എന്ന് മൊത്തമായോ മുന്നില്‍ പിടിപ്പിക്കാറുണ്ടെന്ന് മാത്രം. ഇന്നലെ കിട്ടിയ വാര്‍ത്ത: മിക്ക ബ്ലോഗര്‍മാരും വായനക്കാരും സമയം ഒട്ടും ഇല്ലാത്തവരാണത്രേ.)

ഏതായാലും ചോദ്യം ഇതായിരുന്നു:
ഓ.ടോ: ഈ കോമ (,) എന്ന സാധനം ഇംഗ്ലീഷുകാരനാണോ? അതോ മലയാളത്തിലും‍ ഇത് പണ്ടേ ഉള്ളതാണോ? [ലിങ്ക്]

[ഹൊ, ഈ ചോദ്യം ഒന്ന് തപ്പിയെടുക്കാന്‍ ഞാന്‍ പെട്ട പാട്... ഈ ഉപദേശമൊന്നും ഒട്ടും ഫലിച്ചില്ല.]

ഞാന്‍ “ഐ ഷാല്‍” വിളിച്ചു.

റ്റീം ഗെയിമുകളായ വോളീബോള്‍, ക്രിക്കറ്റ് എന്നിവയൊക്കെ കളിക്കുന്നവര്‍ക്കും കളിച്ചിട്ടുള്ളവര്‍ക്കും കണ്ടിട്ടുള്ളവര്‍ക്കും “ഐ ഷാല്‍” എന്നതിന്‍റെ അര്‍ഥം വിശദീകരിച്ചു കൊടുക്കേണ്ട കാര്യമില്ല. അങ്ങനെ അല്ലാത്തവര്‍ ശ്രദ്ധിക്കുക. ആകാശത്തേയ്ക്കുയര്‍ന്ന പന്ത് പിടിക്കാന്‍ നിന്നോടൊപ്പം ഞാനുമുണ്ടെടാ എന്ന രീതിയില്‍ നമ്മുടെ ഒരു റ്റീംമേയ്റ്റ് ഓടി വരുന്നു എന്ന് കരുതുക. ആ സന്ദര്‍ഭത്തില്‍ “ഞാനെടുക്കണോ അതോ നീയെടുക്കുമോ” എന്നൊക്കെ കൊച്ചു വര്‍ത്താനം ചോദിക്കാന്‍ സമയമില്ലല്ലോ. അപ്പോള്‍, മറ്റുമാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍, കുറുപ്പിന്‍റെ ഉറപ്പുപോലെ, പകുതിമനസ്സാലേ, നാം മറ്റവന് കൊടുക്കുന്ന ഉറപ്പാണ് “ഐ ഷാല്‍”. എന്നു വച്ചാല്‍ നീ മാറി നില്‍ക്ക്, ഇവനെ ഞാന്‍ കൈകാര്യം ചെയ്തോളാമെന്നര്‍ഥം. ഇവന്‍റെ പൂര്‍ണരൂപം “ഐ ഷാല്‍ ട്രൈ റ്റു റ്റേയ്ക് ഇറ്റ്, ലീവ് ദിസ് റ്റു മി” എന്നാകുന്നു.

ഈ ചോദ്യത്തിനെ ആധികാരികമായി കൈകാര്യം ചെയ്യാനായി ശ്രീ. കുട്ടികൃഷ്ണമാരാരുടെ “മലയാള ശൈലി” എന്ന പുസ്തകം തുറന്നു വച്ചു. പണ്ട് വായിച്ച ഓര്‍മയില്‍ നിന്നും, കുത്തിനെയും കോമയെയും പറ്റി ഈ പുസ്തകത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. വിഷയാനുക്രമം നോക്കിയ ഞാന്‍ ആഹ്ലാദചിത്തനായിച്ചമഞ്ഞു:

എട്ടാമധ്യായം: വിരാമ ചിഹ്നങ്ങള്‍ (പേജ് 126 മുതല്‍ 145 വരെ).

അയ്യോ, ചതിയായോ! “ഐ ഷാല്‍” എന്ന് പറഞ്ഞത് “ഐ ഷാല്‍ നോട്ട്” എന്നാക്കിയാലോ? അധികം തലപുണ്ണാക്കുന്നതിനു മുമ്പ്, ഇരുപത്തൊന്നു മിനുട്ടുകള്‍ മാത്രം കഴിയവേ, അതാ വന്നു ഉത്തരം:
കോമ നമുക്കു പണ്ടില്ലായിരുന്നു ശ്രീജിത്തേ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കൂടെ കിട്ടിയതാണു്. [ലിങ്ക്]

ഏതായാലും നനഞ്ഞു, ഇനി കുളിച്ചിട്ട് കേറാം എന്നോര്‍ത്ത് ഞാന്‍ എട്ടാമധ്യായം വായിച്ചു തീര്‍ത്തു. വിരാമചിഹ്നങ്ങളെക്കുറിച്ചുള്ള കുട്ടികൃഷ്ണമാരാരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പകര്‍ത്തിവയ്ക്കാനുദ്ദേശിച്ചുള്ളതല്ല ഈ പോസ്റ്റ് എന്നതിനാല്‍, രസാവഹമായിത്തോന്നിയ തുടക്കം മാത്രം ഉദ്ധരിക്കുന്നു:
വിരാമചിഹ്നങ്ങളെസ്സംബന്ധിച്ച ഈ അധ്യായം തുടങ്ങുമ്പോള്‍, എഴുത്തച്ഛന്‍പാട്ടുപുസ്തകങ്ങളുടെ പഴയ ചില പതിപ്പുകളും മറ്റുമാണ് എന്‍റെ ഓര്‍മ്മയില്‍ വരുന്നത്: പദങ്ങള്‍ക്കിടയില്‍ ഒരകലവുമില്ലാതെ, വരിയെല്ലാം നിരത്തിച്ചേര്‍ത്തു ശീലുകള്‍ തീരുന്നേടത്തു വാക്യം വിരമിച്ചാലും ഇല്ലെങ്കിലും-പദസന്ധിയുണ്ടെങ്കില്‍ക്കൂടി-ഓരോ നക്ഷത്രപ്പുള്ളി (*) യുമിട്ട് അച്ചടിച്ചു തള്ളിയിരുന്ന ആ കോപ്പികള്‍, ആ സമ്പ്രദായം വിട്ടു പദം തിരിയ്ക്കലും വരി തിരിയ്ക്കലും ഇടയ്ക്കു ചില വിരാമചിഹ്നങ്ങള്‍ ചേര്‍ക്കലുമായി അച്ചടി പരിഷ്കരിച്ച് പരിഷ്കരിച്ച്, ഇപ്പോള്‍ കുറേ ബിന്ദു പംക്തിയും കുറേ പ്രശ്നാശ്ചര്യചിഹ്നങ്ങളും (.........! ! ??) ചില നക്ഷത്രപ്പുള്ളിവരികളും, അവയ്ക്കെല്ലാമിടയില്‍ കുറേ വാക്കുകളുമായി അച്ചടിക്കപ്പെട്ടതാണ് ഒന്നാംതരം കവിത എന്ന നിലയിലെത്തിയിരിക്കുന്നു.

ഇത് വായിച്ചപ്പോള്‍ പദ്യങ്ങളില്‍ ചിഹ്നങ്ങളിടുന്നതു സംബന്ധിച്ചുണ്ടായ ഒരു സംശത്തിന് ഉമേഷ് ഇങ്ങനെ പറഞ്ഞിരുന്നത് ഓര്‍മ വന്നു:
പണ്ടുള്ള കൃതികളില്‍ പദ്യത്തില്‍ ചിഹ്നങ്ങള്‍ കുറവായിരുന്നു. രണ്ടു വരി കഴിയുമ്പോള്‍ ഒരു . നാലു വരി കഴിയുമ്പോള്‍ . വരി തീര്‍ന്നതവിടെ എന്നറിയാനുള്ള ഈ ചിഹ്നങ്ങളല്ലാതെ മറ്റുള്ളവ കുറവായിരുന്നു. [ലിങ്ക്]

സത്യത്തില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചത്, ഇന്ന് മലയാളം ബ്ലോഗുകളില്‍ കാണുന്ന ചില ചിഹ്നപ്രയോഗ വൈകല്യങ്ങളെക്കുറിച്ചാണ്. മലയാളം അധ്യാപകനില്‍ നിന്നും എനിക്ക് കിട്ടിയ ഉപദേശം കഴിവതും ഞാന്‍ പിന്തുടരാറുണ്ട്. അതുകൊണ്ടുതന്നെ, അസ്ഥാനത്തും സ്ഥാനം മാറിയും മറ്റുമിടുന്ന കുത്തും കോമയും മറ്റും കണ്ടാല്‍, ഇടശ്ശേരിയുടെ വരികള്‍ ഓര്‍ത്തിട്ടാവണം, എനിക്ക് പലപ്പോഴും ഒന്ന് കമന്‍റാന്‍ തോന്നും.
ഉപദേശത്തെ ശ്രദ്ധാപൂര്‍വമേ കൈക്കൊള്‍വൂ നാം
അപഥങ്ങളില്‍ വീഴുമന്യര്‍ക്കായ് സമ്മാനിക്കാന്‍!

പലപ്പോഴും കമന്‍റാനുള്ള അഭിവാഞ്ഛ ഞാന്‍ അടക്കി വയ്ക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല. “ഓ, എല്ലാമറിയുന്നവന്‍ വന്നേക്കുന്നു, എന്നെ നന്നാക്കാന്‍” എന്ന് ആര്‍ക്കും തോന്നരുതല്ലോ. ഒന്നുരണ്ടു തവണയേ ഞാന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളൂ, പറഞ്ഞപ്പോഴെല്ലാം വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് എഴുത്തുകാരില്‍ നിന്നുണ്ടായത് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

സാമ്പിള്‍ വെടിക്കെട്ടുകള്‍:
  1. കുത്ത്, കോമ, ചോദ്യ ചിഹ്നം, മറ്റ് കോപ്രായങ്ങള്‍ എന്നിവയില്‍ ഒട്ട് ശ്രദ്ധ വയ്ക്കുക. [ലിങ്ക്]

  2. വായനയ്ക്ക് ആകെയുള്ള ഒരു ഡിസ്ട്രാക്ഷന്‍, അമിതമായി ഉപയോഗിച്ചിരിക്കുന്ന അതിശയചിഹ്നങ്ങളാണ്. [ലിങ്ക്]
കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ അനവധി പുതിയ ബ്ലോഗുകള്‍ ഉണ്ടായതില്‍ പലതിലും ഇത്തരം “വൈകല്യങ്ങളുടെ ആഴവും വ്യാപ്തിയും” ഏറിവരുന്നതിനാലും ഇത്തരം സൂക്ഷ്മവശങ്ങള്‍ അപ്പപ്പോള്‍ ചൂണ്ടിക്കാണിക്കുക പ്രായോഗികമല്ലാത്തതിനാലും ഇതേക്കുറിച്ച് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന് കരുതിയിരിക്കേയാണ് കോമയെപ്പറ്റിയുള്ള ചോദ്യം കണ്ടതും അതിലേയ്ക്ക് ശ്രദ്ധ മാറുകയും ചെയ്തത്. ഇനി അധികം കാടുകയറാതെ പറയാനുള്ളത് പറഞ്ഞിട്ട് പോയേക്കാം.

വിരാമചിഹ്നങ്ങള്‍
അല്പവിരാമം (കോമ), അര്‍ധവിരാമം (സെമിക്കോളന്‍), അപൂര്‍ണവിരാമം (കോളന്‍), പൂര്‍ണ വിരാമം (കുത്ത്) എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന വിരാമ (നിര്‍ത്തല്‍) ചിഹ്നങ്ങള്‍. ഇവയ്ക്കും ഈ ചിഹ്നങ്ങള്‍ക്ക് തൊട്ടു മുമ്പില്‍ വരുന്ന അക്ഷരത്തിനുമിടയ്ക്ക് അകലം (സ്പെയ്സ്) പാടില്ല. ഈ ചിഹ്നങ്ങള്‍ കഴിഞ്ഞാല്‍ സിംഗിള്‍ സ്പെയ്സ് വേണം താനും. പദങ്ങളെയോ മറ്റോ ചുരുക്കിയെഴുതാനായി പൂര്‍ണ വിരാമം ഉപയോഗിക്കുമ്പോഴും ഈ നിയമം ബാധകമാണ്. (പൂര്‍ണ വിരാമം കഴിഞ്ഞ് രണ്ട് സ്പെയ്സ് ആകാം/വേണം എന്ന് വാദിക്കുന്നവര്‍ ഉണ്ട്. പല എഡിറ്റിംഗ് സോഫ്റ്റ്വെയറുകളും ഇത് അംഗീകരിക്കുന്നുമുണ്ട്.)

ഉദാഹരണങ്ങള്‍:
ഒരു സംശയമുദിച്ചു . (തെറ്റ്)
ഒരു സംശയമുദിച്ചു. (ശരി)
പണ്ട് പണ്ട് , വളരെപ്പണ്ട് (തെറ്റ്)
പണ്ട് പണ്ട്,വളരെപ്പണ്ട് (തെറ്റ്)
പണ്ട് പണ്ട്, വളരെപ്പണ്ട് (ശരി)
ഓഫ് ടോപിക് എന്നത് ചുരുക്കി ഓ.ടോ. (തെറ്റ്)
ഓഫ് ടോപിക് എന്നത് ചുരുക്കി ഓ. ടോ. (ശരി)

ആശ്ചര്യചിഹ്നം
വളരെ ലളിതം, അമിതമായ ആശ്ചര്യചിഹ്ന പ്രയോഗം ഒഴിവാക്കുക.

ഉദാഹരണം:
എന്‍റെ ചങ്കൊന്നു കാളി! അവന്‍ മുന്നില്‍ നില്‍ക്കുന്നു! ഞാന്‍ തിരിഞ്ഞോടി! അവന്‍ പുറകേ വരരുതേയെന്ന് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു!

കുട്ടികൃഷ്ണമാരാരുടെ വാക്കുകളില്‍, വിസ്മയം, വിഷാദം, ആഹ്ലാദം, പ്രാര്‍ഥന, നിന്ദ, പരിഹാസം മുതലായ ഭാവങ്ങള്‍ക്കുപയോഗിക്കുന്ന ചിഹ്നമാണ് ആശ്ചര്യചിഹ്നം അഥവാ സ്തോഭചിഹ്നം. ഇത് രണ്ടും നാലും നിരത്തി പ്രയോഗിക്കുന്നതും നിഷ്പ്രയോജനമത്രേ.

ഉദാഹരണം:
ഹൊ, എന്തൊരു ചൂട്!!! (അനാവശ്യം)
ഹൊ, എന്തൊരു ചൂട്! (ശരി)

ഇല്ലിപ്സിസ്
വാക്കുകളുടെ അഭാവമോ, വാചകത്തിന്‍റെ നിര്‍ത്തലോ സൂചിപ്പിക്കുന്ന ഇല്ലിപ്സിസ് (ellipsis) മൂന്ന് പൂര്‍ണ വിരാമങ്ങളുടെ സഞ്ചയമാണ്. ചിലര്‍ രണ്ട് പൂര്‍ണ വിരാമങ്ങള്‍ മാത്രമുപയോഗിക്കുന്നു. ചിലരാകട്ടെ മൂന്നില്‍ കൂടുതലും.

ഉദാഹരണങ്ങള്‍:
ശബ്ദം കൂടി വരുന്നുണ്ടോ.... (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ.. (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ ... (തെറ്റ്)
ശബ്ദം കൂടി വരുന്നുണ്ടോ... (ശരി)

ഉദ്ധാരണചിഹ്നങ്ങള്‍
ഒറ്റയായും ഇരട്ടയായുമുള്ള ഉദ്ധാരണചിഹ്നങ്ങളുടെ ഉപയോഗത്തില്‍ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്. ഒന്നാമത്തേത്, ഒറ്റയായാലും ഇരട്ടയായാലും തുടക്കത്തിലുള്ള ചിഹ്നത്തിനു ശേഷവും അവസാനിക്കുന്ന ചിഹ്നത്തിനു മുമ്പിലും അകലം ഇടുന്നു എന്നതാണ്. ഈ സ്പെയ്സ് അനാവശ്യമാകയാല്‍ ഒഴിവാക്കേണ്ടതാണ്.

ഉദാഹരണം:
“ ഉണരുക നീയെന്‍ കുഞ്ഞേ!” (തെറ്റ്)
“ഉണരുക നീയെന്‍ കുഞ്ഞേ! ” (തെറ്റ്)
“ഉണരുക നീയെന്‍ കുഞ്ഞേ!” (ശരി)

രണ്ടാമത് കാണുന്ന പ്രശ്നം, വിരാമചിഹ്നങ്ങള്‍ ഉദ്ധരണിക്ക് പുറത്തേയ്ക്ക് കൊണ്ടുപോകുന്നതാണ്.

ഉദാഹരണം:
“ദാ പേന”, ആരോ അവനോടു മന്ത്രിച്ചു. (തെറ്റ്)
“ദാ പേന,” ആരോ അവനോടു മന്ത്രിച്ചു. (ശരി)

അടുത്തത് ഇന്ന് ബൂലോഗത്തില്‍ കാണുന്ന ഏറ്റവും സാധാരണമായ നോട്ടപ്പിശകാണ്. ഇതിന് എഴുത്തുകാരേക്കാള്‍ അവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറിനെയാണ് കുറ്റം പറയേണ്ടത്. അടയുന്ന ഒറ്റയും ഇരട്ടയുമായ ഉദ്ധാരണചിഹ്നങ്ങള്‍ക്കു പകരം (”, ’), തുറക്കുന്ന ഉദ്ധാരണചിഹ്നങ്ങള്‍ (“, ‘)വന്നുപെടുന്നതാണിത്. ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ഈ പിശക് കമന്‍റുകളിലും മറ്റും ധാരാളമായി കാണാം.

ഉദാഹരണം:
“അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല.“ (തെറ്റ്)
“അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല.” (ശരി)
സംഗതി ‘ലൈവ്‘ ആണ്. (തെറ്റ്)
സംഗതി ‘ലൈവ്’ ആണ്. (ശരി)

നിങ്ങള്‍ പോസ്റ്റു ചെയ്യുമ്പോള്‍ അടയുന്ന ഉദ്ധാരണചിഹ്നങ്ങള്‍ക്കു പകരം തുറക്കുന്ന ഉദ്ധാരണചിഹ്നങ്ങളാണ് വരുന്നതെങ്കില്‍, ഒരിക്കല്‍ക്കൂടി (അല്ലെങ്കില്‍ അടയുന്ന ഉദ്ധാരണചിഹ്നങ്ങള്‍ പ്രത്യക്ഷമാകുന്നതുവരെ) ആ കീ അമര്‍ത്തുക. അതിനുശേഷം അധികമായി പ്രത്യക്ഷമായ ചിഹ്നങ്ങള്‍ ഡിലീറ്റു ചെയ്തുകളഞ്ഞാല്‍ മതി.

വിസര്‍ഗം
വിസര്‍ഗത്തിനു (ഃ) പകരം കോളന്‍റെ (:) ഉപയോഗം ഇടയ്ക്കിടെ കാണാറുണ്ട്.

ഉദാഹരണം:
ദു:ഖം (തെറ്റ്)
ദുഃഖം (ശരി)

നെടുവര
ഒരു വാക്യത്തിനകത്ത് ആ വാക്യത്തോട് ബന്ധമുള്ള മറ്റൊരു വാക്യം വന്നാല്‍ ഇവയെ വേര്‍തിരിക്കുന്നതിന് നെടുവരകള്‍ ഉപയോഗിക്കാം. ബ്ലോഗര്‍മാര്‍ ഈ സമ്പ്രദായം അധികം ഉപയോഗിച്ചു കണ്ടിട്ടില്ല. നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല.

ഉദാഹരണം:
നെടുവരകള്‍ക്ക് - അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക് -അവ ഇണകളായാണ് വരിക- മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക - മുമ്പും ശേഷവും അകലം പാടില്ല. (തെറ്റ്)
നെടുവരകള്‍ക്ക്-അവ ഇണകളായാണ് വരിക-മുമ്പും ശേഷവും അകലം പാടില്ല. (ശരി)

വലയചിഹ്നങ്ങള്‍
തുടക്കത്തിലുള്ള വലയചിഹ്നത്തിനു ശേഷവും അവസാനിക്കുന്ന വലയചിഹ്നത്തിനു മുമ്പിലും അകലം ഇടാന്‍ പാടില്ല. എന്നാല്‍ തുടക്കത്തിലുള്ള വലയചിഹ്നത്തിനു മുമ്പും അവസാനിക്കുന്ന വലയചിഹ്നത്തിനു ശേഷവും അകലം വേണം താനും.

ഉദാഹരണം:
നിങ്ങള്‍ അയാളെ(പ്രതിയെ)കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ ( പ്രതിയെ) കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ (പ്രതിയെ ) കണ്ടോ? (തെറ്റ്)
നിങ്ങള്‍ അയാളെ (പ്രതിയെ) കണ്ടോ? (ശരി)

വലയചിഹ്നവും വിരാമചിഹ്നവും ഒരുമിച്ച് വരുമ്പോള്‍ എവിടെ വിരാമചിഹ്നം ഇടണം എന്ന് ചില സന്ദേഹങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഒരു വാചകം മുഴുവന്‍ വലയചിഹ്നത്തിനകത്താണെങ്കില്‍ ആ വാചകാന്ത്യത്തിലെ വിരാമചിഹ്നവും വലയത്തിനകത്താവണം. വാചകത്തിലെ അവസാനഭാഗം മാത്രമാണ് വലയചിഹ്നത്തിനകത്തെങ്കില്‍, വിരാമചിഹ്നം വലയത്തിന് പുറത്താവണം.

ഉദാഹരണങ്ങള്‍:
രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്ന് പറയുന്ന ഒരു കഥ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്). (തെറ്റ്)
രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്ന് പറയുന്ന ഒരു കഥ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) (ശരി)

ഇതാണ് സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍.) (തെറ്റ്)
ഇതാണ് സര്‍പ്പിണിയുടെ ത്ര്യക്ഷരഗണങ്ങളുടെ ലക്ഷണം (ഗണങ്ങള്‍ക്കാദി ഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍). (ശരി)

ഏതായാലും ഇത്രയും പറഞ്ഞസ്ഥിതിക്ക് സാമാന്യമായി കാണപ്പെടുന്ന മറ്റുരണ്ടു ന്യൂനതകള്‍ കൂടി ശ്രദ്ധയില്‍ പെടുത്താം.

അക്ഷരത്തെറ്റുകള്‍
ധാരാളമായി കാണുന്ന അക്ഷരത്തെറ്റുകളാണ് മറ്റൊരു കല്ലുകടി. അക്ഷരത്തെറ്റുകള്‍ക്കു കാരണം രണ്ടാണ്. പലപ്പോഴും ഒരു വാക്കോ ചിഹ്നമോ എങ്ങനെ കൃത്യമായി എഴുതും എന്നറിയില്ലാത്തതിനാലാണ് തെറ്റുകള്‍ വരുത്തുന്നത്. ഈ വിഭാഗത്തില്‍ വരുന്ന വാക്കുകളാണ് ഹൃദയം, അച്ഛന്‍ തുടങ്ങിയവ. ഇതും ഇതും ഈ പ്രശ്നം ഒരു പരിധിവരെ ഇല്ലാതാക്കും എന്ന് കരുതുന്നു. എന്നാല്‍ ചിലപ്പോഴാകട്ടെ, പദങ്ങളോടുള്ള പരിചയക്കുറവും അക്ഷരത്തെറ്റിന് കാരണമാവുന്നു. മേഖം, മയൂഘം എന്നൊക്കെയെഴുതുന്നത് അക്കാരണത്താലാണ്.

ഖണ്ഡിക തിരിക്കല്‍
വായനയ്ക്ക് അവശ്യം വേണ്ടുന്ന ഒന്നാണ് സമാനാശയങ്ങളോ സംഭവമോ വിവരിക്കുന്ന വാചകങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു ഖണ്ഡികയാക്കല്‍. ഇങ്ങനെ ചെയ്യുന്നതുവഴി വായനസുഖം കൂടും. വായനക്കാരന്‍റെ കണ്ണിനും ആനന്ദമുണ്ടാവും. മനസ്സിന് ഏകാഗ്രത കിട്ടും. ചില ആശയങ്ങളോ മറ്റോ വ്യക്തമാവാതെ പുനര്‍വായന വേണ്ടി വരുമ്പോള്‍ തൊട്ടു മുന്നിലെ പ്രായോഗിക തുടക്കമായ ഖണ്ഡികയുടെ തുടക്കത്തിലേയ്ക്ക് വായനക്കാരന് അനായാസം പോകാം.

ഇതൊക്കെ ഒറ്റനോട്ടത്തില്‍ കണ്ട ചില പ്രശ്നങ്ങളാണ്. ഇനിയും ഇത്തരം വല്ലതും കാണുമ്പോഴോ ആരെങ്കിലും ചൂണ്ടിക്കാണിച്ചാലോ ഈ പട്ടികയിലേയ്ക്ക് ചേര്‍ക്കാം. ഈ ലേഖനത്തിലെ തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. നല്ല മലയാളം എഴുതുന്നതോടൊപ്പം നല്ല രീതിയില്‍ എഴുതുന്നതും എഴുത്തിന്‍റെ ഭംഗി കൂട്ടുകയേയുള്ളൂ.

Labels: ,

Tuesday, August 01, 2006

നക്ഷത്രമെണ്ണുമ്പോള്‍

യു. എസ്. ഏ-യില്‍ പലേടങ്ങളിലും ജനങ്ങള്‍ കഠിനമായ ചൂടിനാല്‍ വലഞ്ഞുകൊണ്ടിരിക്കയാണല്ലോ. വര്‍ഷങ്ങള്‍ക്കു ശേഷം, അക്ഷരാര്‍ഥത്തില്‍, നക്ഷത്രമെണ്ണാന്‍ വീണ്ടും അവസരമായതും ഈ ചൂടുതന്നെ.

“ദാ, ആ തിളങ്ങി നില്‍ക്കുന്നത് എന്താണെന്ന് പറയാമോ?” പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്ക് ചൂണ്ടി സുഹൃത്ത് ജയേഷ് ചോദിച്ചു.
“ഏത് നക്ഷത്രമാണത്?” ഞങ്ങള്‍ അത്ഭുതം കൂറി.
“അത് നക്ഷത്രമല്ല, അതാണ് വ്യാഴം,” വീടിനകത്തെ ചൂട് സഹിക്കവയ്യാതെ പുറത്ത് ഒത്തുകൂടിയിക്കുകയായിരുന്ന ഞങ്ങള്‍ തലയുയര്‍ത്തി, അകലെക്കാണുന്ന വൃക്ഷത്തലപ്പുകള്‍ക്ക് മുകളിലൂടെ വ്യാഴത്തിനെ കണ്ടു.
“സമ്മറില്‍ ഏറ്റവും നന്നായി കാണാന്‍ പറ്റുന്ന ഗ്രഹമാണ് വ്യാഴം,” ജയേഷ് തുടര്‍ന്നു.

ഞങ്ങളുടെ താല്പര്യം കണ്ടിട്ട് ജയേഷിനും ഉത്സാഹമായി.

ഉത്തരാര്‍ധഗോളത്തില്‍ (Northern Hemisphere) ജീവിക്കുന്നവര്‍ക്ക് തെളിഞ്ഞ ആകാശത്തില്‍ നോക്കിയാല്‍ കണ്ടുപിടിക്കാന്‍ അധികം പ്രയാസമില്ലാത്ത, ഒരിക്കലും അസ്തമിക്കാത്ത, ഒരു നക്ഷത്രകൂട്ടമുണ്ട്. ബിഗ് ഡിപ്പര്‍ എന്നാണ് ഇതിന്‍റെ പേര്. സത്യത്തില്‍, ബിഗ് ഡിപ്പര്‍ ഒരു നക്ഷത്രക്കൂട്ടമല്ല (constellation). അത് ബിഗ് ബെയര്‍ അഥവാ അഴ്സ മേജര്‍ (Ursa Major - സപ്തര്‍ഷിമണ്ഡലം) എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടത്തിന്‍റെ ഒരു ഭാഗം മാത്രമാണ് (asterism).



ചിത്രത്തില്‍ കാണുന്നതുപോലെ, ഒരു പ്രത്യേക ആകൃതിയില്‍ കൂടി നില്‍ക്കുന്ന ഏഴ് നക്ഷത്രങ്ങളെ ഒരുമിച്ചു ചേര്‍ത്താണ് ബിഗ് ഡിപ്പര്‍ എന്ന് വിളിക്കുന്നത്. ബിഗ് ഡിപ്പറിന്‍റെ ഒരറ്റത്തുള്ള രണ്ട് നക്ഷത്രങ്ങളായ മെറെക്, ധൂബേ എന്നിവയെ ചൂണ്ടു നക്ഷത്രങ്ങള്‍ (pointer stars) എന്നാണ് വിളിക്കുക. ഇവ നില്‍ക്കുന്ന ദിശ പിന്തുടര്‍ന്നാല്‍ ഉത്തര ധ്രുവത്തിനു നേര്‍ മുകളില്‍ നില്‍ക്കുന്ന പൊളാറിസ് (North Star - ധ്രുവ നക്ഷത്രം) കണ്ടുപിടിക്കാം എന്നതിനാലാണ് ഈ വിളിപ്പേര്. ഉത്തരാര്‍ധഗോളത്തില്‍, പൊളാറിസ് നോക്കിയാണ് നമ്മുടെ പൂര്‍വികര്‍ ദിശ നിര്‍ണയിച്ചിരുന്നത്. പൊളാറിസ് അത്ര തെളിച്ചമുള്ള നക്ഷത്രമല്ലാത്തതിനാലാണ് പൊളാറിസിനെ കണ്ടെത്താനായി ബിഗ് ഡിപ്പറിനെ ആശ്രയിച്ചിരുന്നത്. പൊളാറിസ്, അതിന്‍റെ സ്ഥാനത്തിന്‍റെ പ്രത്യേകതയാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചലനമറ്റു നില്‍ക്കുന്നതായി തോന്നും. മറ്റു നക്ഷത്രങ്ങള്‍ പൊളാറിസിനു ചുറ്റും കറങ്ങുതയായും തോന്നും. അതിനാല്‍ ഈ നക്ഷത്രത്തിന് ദിശാനിര്‍ണയത്തിലും ജ്യോതിശാസ്ത്രത്തിലും മറ്റും വളരെ പ്രാധാന്യമുണ്ട്.

ഭാരതത്തില്‍ ഈ ഏഴ് നക്ഷത്രങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്‌ “സപ്തര്‍ഷികള്‍” എന്ന പേരിലാണ്. മരീചി (Alkaid), വസിഷ്ഠന്‍ (Mizar), അംഗിരസ്സ് (Alioth), അത്രി (Megrez), പുലസ്ത്യന്‍ (Phecda), പുലാഹന്‍ (Merak)‍, കൃതന്‍ (Dhube). [നന്ദി, ബിരിയാണിക്കുട്ടി.]

പൊളാറിസ് ഉത്തരധ്രുവത്തിന്‍റെ ഒത്തമുകളിലല്ല എന്നതാണ് സത്യം. ഇപ്പോള്‍ പൊളാറിസ് ഭ്രമണ ചക്രത്തില്‍ നിന്നും 0.7 ഡിഗ്രി മാറിയാണ് നില്‍ക്കുന്നത് (0.7 ഡിഗ്രി എന്നത് പലപ്പോഴും തഴപ്പെടാന്‍ തക്കതായ അളവാണെങ്കിലും, ഇത് ഏകദേശം ചന്ദ്രന്‍റെ വ്യാസത്തിന്‍റെ ഒന്നര മടങ്ങ് വ്യത്യാസമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്). 2010 ആകുമ്പോള്‍ ഈ വ്യത്യാസം 0.5 ഡിഗ്രി ആയി കുറയും.

പൊളാറിസ് വളരെ അടുത്തു നിലകൊള്ളുന്ന മൂന്ന് നക്ഷത്രങ്ങളില്‍ ഒന്നാണ്. വേഗ, ത്യൂബന്‍ എന്നിവയാണ് ഈ മൂവര്‍ സംഘത്തിലെ മറ്റംഗങ്ങള്‍. ഭൂമിയുടെ ഭ്രമണ ചക്രത്തിന്‍റെ ദിശയില്‍ കാലക്രമേണയുണ്ടാവുന്ന നേരിയ വ്യതിയാനം നിമിത്തം (precession of the equinox), 26000 വര്‍ഷത്തിലൊരിക്കല്‍ നോര്‍ത് സ്റ്റാര്‍ മാറിക്കൊണ്ടിരിക്കും. വേഗ ആയിരുന്നു പൊളാറിസിനു മുമ്പ് നോര്‍ത് സ്റ്റാര്‍ പദവി അലങ്കരിച്ചിരുന്നത്. പല നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ പൊളാറിസ് ത്യൂബന് വഴിമാറും. കൂടുതല്‍ അറിയാന്‍, വിഷുവങ്ങളെക്കുറിച്ച് ഷിജു എഴുതിയ ഈ ലേഖനം കാണുക.

പൊളാറിസ് ഉപയോഗിച്ച് പ്രാദേശിക സമയം കണ്ടു പിടിക്കുന്ന വിധം
പൊളാറിസ് കേന്ദ്രമായി വരുന്ന ഇരുപത്തിനാലുമണിക്കൂര്‍ ക്ലോക്ക് സങ്കല്പിക്കുക. ഈ ക്ലോക്കില്‍ മണിക്കൂറുകള്‍ ഘടികാര ദിശയ്ക്ക് എതിരായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കുമല്ലോ. ബിഗ് ഡിപ്പറിന്‍റെ ചൂണ്ടു നക്ഷത്രങ്ങള്‍ മണിക്കൂര്‍ സൂചിയായും സങ്കല്പിക്കുക.



മാര്‍ച്ച് ആറിനു ശേഷമുള്ള ഒരു മാസം, മണിക്കൂര്‍ സൂചി എത്രയാണോ കാണിക്കുന്നത്, അത് തന്നെയാണ് പ്രാദേശിക സമയം. മറ്റു ദിവസങ്ങളില്‍, സമയം കണ്ടുപിടിക്കുന്നത് ഇപ്രകാരമാണ്:

പ്രാദേശിക സമയം = മാര്‍ച്ച് ആറിനു ശേഷം എത്രമാസങ്ങള്‍ കടന്നു പോയോ, ആ സംഖ്യയെ രണ്ടു കൊണ്ട് ഗുണിച്ചിട്ട്, മുന്‍ സൂചിപ്പിച്ച ക്ലോക്കിലെ സമയത്തില്‍ നിന്നും അത് കുറയ്ക്കുക.

പൊളാറിസ് ഉപയോഗിച്ച് മാസം കണ്ടു പിടിക്കാം
പ്രാദേശിക സമയം കണ്ടുപിടിക്കുന്നതിലും ഇതിലും എളുപ്പമാണ് പൊളാറിസ് ഉപയോഗിച്ച് മാസം കണ്ടുപിടിക്കാന്‍: അര്‍ധരാത്രിയില്‍ ബിഗ് ഡിപ്പറിന്‍റെയും നോര്‍ത് സ്റ്റാറിന്‍റെയും സ്ഥാനമനുസരിച്ച് ഏത് മാസമാണെന്ന് കണക്കാക്കാം. ചിത്രം നോക്കൂ.



പൊളാറിസ് ഉപയോഗിച്ച് ഇങ്ങനെ മാസവും സമയവും കണ്ടു പിടിക്കാന്‍ പരിശീലനം കൊണ്ട് സാധ്യമാകും. മാസം നിര്‍ണയിക്കുവാന്‍ സമയം അറിയണമെന്നതിനാലും സമയം അറിയാന്‍ മാസം അറിയേണ്ടതിനാലും, മാസവും സമയവുമറിയാത്ത സഞ്ചാരികള്‍ ഗതികിട്ടാതെ അലഞ്ഞു കാണണം.

പൊളാറിസ് ഉപയോഗിച്ച് അക്ഷാംശം കണക്കാക്കാം
പൊളാറിസ് ഉപയോഗിച്ച് ഒരു സ്ഥലത്തിന്‍റെ അക്ഷാംശം കണക്കാക്കുന്നതെങ്ങനെ എന്നു കൂടി പറഞ്ഞിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. നിങ്ങള്‍ നില്‍ക്കുന്നയിടത്തു നിന്നും പൊളാറിസും ചക്രവാളവും ചേര്‍ന്നൊരുക്കുന്ന കോണ്‍ (angle) ആണ് നിങ്ങള്‍ നില്‍ക്കുന്നിടത്തെ അക്ഷാംശം. സീയാറ്റിലില്‍ ഇത് ഏകദേശം 47 ഡിഗ്രിയും തിരുവനന്തപുരത്ത് ഏകദേശം 8 ഡിഗ്രിയുമാണ്. കേരളത്തില്‍ പൊളാറിസിനെ കാണണമെങ്കില്‍ മലമുകളിലോ കടല്‍ക്കരയിലോ പോകേണ്ടി വരുമെന്നര്‍ഥം.



നിങ്ങള്‍ക്കറിയാമോ?
  1. ദക്ഷിണാര്‍ധഗോളത്തില്‍ നിന്നും പൊളാറിസിനെ കാണാന്‍ കഴിയാത്തതിനാല്‍ സതേണ്‍ ക്രോസ് (ക്രക്സ്) എന്ന നാല്‍വര്‍സംഘ നക്ഷത്രക്കൂട്ടമാണ് ദിശാനിര്‍ണയത്തിന് ആശ്രയം.

  2. ബിഗ് ഡിപ്പറിന്‍റെ വാലറ്റു നിന്നും രണ്ടാമനായ മിസ്സാറിനെ സൂക്ഷിച്ചു നോക്കൂ. രണ്ട് നക്ഷത്രങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല കാഴ്ചയുണ്ടെന്നര്‍ഥം. (പണ്ടുകാലത്ത് സൈന്യത്തില്‍ ചേര്‍ക്കുന്നതിനുമുമ്പ് കണ്ണ് പരിശോധനയ്ക്ക് ഈ വിദ്യ ഉപയോഗിച്ചിരുന്നുവത്രേ!) മിസ്സാറിന്‍റെ (വസിഷ്ഠന്‍) അടുത്തു നില്‍ക്കുന്ന ഈ കുഞ്ഞു നക്ഷത്രത്തിനെ Alcor (അരുന്ധതി) എന്നാണ് വിളിക്കുക. പുരാണത്തിലും വസിഷ്ഠ മുനിയുടെ ഭാര്യയാണല്ലോ അരുന്ധതീ ദേവി. [നന്ദി, ഷിജു.]

  3. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഏറ്റവും അകലെയുള്ള വസ്തു M31 എന്ന് വിളിക്കപ്പെടുന്ന ആന്‍ഡ്രോമെഡ ഗ്യാലക്സി ആണ്. ഇത് ഇരുപത് ലക്ഷം പ്രകാശവര്‍ഷം അകലെയാണ്. കേരളത്തില്‍ നിന്നും ആന്‍ഡ്രോമെഡ ഗ്യാലക്സിയെ കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് കരുതപ്പെടുന്നു.
ഇത്രയും അറിഞ്ഞപ്പോളാണ്, ഇനിയുമെത്രയോ അറിയാനുണ്ടെന്നു മനസ്സിലായത്. ഒന്നു നടുങ്ങി ഞാന്‍. ആ നടുക്കം തന്നെ മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും!

Labels: ,