ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, July 05, 2007

വര്‍ഷങ്ങള്‍ പോയതറിയുമ്പോള്‍

1992 ജൂലായ് 4 ശനി

മറ്റു പണിയെന്നും കണ്ടെത്താനായില്ല എന്നതുകൊണ്ട് ചന്തയില്‍ പോകേണ്ടി വന്നു. വാളമീന്‍ വാങ്ങി, 8 രൂപയ്ക്ക്. പക്ഷേ, പ്രതീക്ഷിച്ച പ്രതികരണം തന്നെ: മീന്‍ കൊള്ളൂല്ലാ പോലും. തിരക്കുകള്‍ക്കിടയില്‍ മീന്‍ നല്ലതോ ചീത്തയോ എന്ന് പഠിക്കാന്‍ പറ്റീട്ടില്ല എന്ന് മറുപടി.

കിഷോറിന്‍റെ കത്തുവന്നു. പ്രസാദണ്ണന് ഒരു കത്തയച്ചു.

ഉച്ചയ്ക്കു ശേഷം മെച്ചപ്പെട്ട ഉറക്കം കാഴ്ചവച്ചു. അഗാസി-മക്കെന്‍‍റോ കളി കണ്ടു. വൈകുന്നേരം ഷട്ടില്‍ കളിക്കിടയില്‍ അഭിലാഷുമായി ഭീകര സംഘട്ടനം. സ്റ്റാറ്റിസ്റ്റിക്സിന്‍റെ പുസ്തകം കാണുന്നില്ല. തീയിട്ടെന്നാണ് റിപ്പോര്‍ട്ട്.

വൈകുന്നേരത്ത് അപ്പച്ചിയും ഭര്‍ത്താവും വന്നിരുന്നു. അങ്ങേര്‍ക്ക് എന്നെ കണ്ണെടുത്താല്‍ കണ്ടൂട. എനിക്കാണെങ്കില്‍ അതിലൊട്ടു വിഷമവുമില്ല എന്ന കാര്യം പുള്ളിയെ അലോസരപ്പെടുത്തുന്നുണ്ട്.

സ്റ്റെഫി-സെലസ് മത്സരം നടക്കുന്നു. കറണ്ടുകട്ട് 8-8:30 ആയതിനാല്‍ അവസാന നിമിഷങ്ങള്‍ കാണാന്‍ പറ്റിയേക്കും.

2007 ജൂലായ് 4 ബുധന്‍

ചന്തയില്‍ പോയില്ല. ആരുടേയും കത്തു വന്നില്ല, ആര്‍ക്കും കത്തയച്ചുമില്ല. ഉച്ചയ്ക്കുറങ്ങിയില്ല. ആരോടും അടിവച്ചില്ല. ആരും വിരുന്നു വന്നില്ല. കറണ്ടുകട്ടും ഇല്ല.

രാവിലെ 8 മുതല്‍ 11 വരെ ക്രിക്കറ്റ് കളിച്ചു. ഉച്ചയ്ക്ക് ജെസ്റ്റീന്‍-സെറീന മത്സരത്തിന്‍റെയും നാഡാല്‍-സോഡെറിംഗ് മത്സരത്തിന്‍റെയും പ്രധാന ഭാഗങ്ങള്‍ കണ്ടു.

Labels:

20 Comments:

  1. Blogger Inji Pennu Wrote:

    ഒന്നുമില്ലെങ്കിലും എന്തോ ഒരു വല്ലാത്ത ഫീലിങ്ങ് തരുന്നു ഈ പോസ്റ്റ്!

    വയസ്സായപോലെ.:(

    July 05, 2007 1:19 PM  
  2. Blogger myexperimentsandme Wrote:

    "പ്രതീക്ഷിച്ച പ്രതികരണം തന്നെ: മീന്‍ കൊള്ളൂല്ലാ പോലും..."

    വര്‍ഷങ്ങള്‍ പോയിമറയുമ്പോളും, ഉയരങ്ങള്‍ കീഴടക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ ഏകാന്തരാവുന്നു നമ്മളെല്ലാവരും.

    (“വയസ്സായപോലെ”- ഹയ്യടാ, അല്ലെങ്കിലാകാത്തതുപോലെ) :)

    July 05, 2007 2:08 PM  
  3. Blogger Inji Pennu Wrote:

    ഛെ! ഒരു ലൂപ് ഹോളിട്ടിട്ട് പോവാന്‍ പോലും മനുഷ്യന്മാര്‍ സമ്മതിക്കൂല്ലാന്ന് വിചാരിച്ചാല്‍? :)

    July 05, 2007 2:12 PM  
  4. Blogger സു | Su Wrote:

    അന്നത്തേയും ഇന്നത്തേയും ജീവിതം. ജീവിച്ച് തീര്‍ക്കേണ്ടത് നമ്മള്‍ തന്നെ. ഇനി കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പഴയപോലെ ചന്തയ്ക്ക് പോകാം.

    July 06, 2007 1:51 AM  
  5. Blogger പ്രിയംവദ-priyamvada Wrote:

    ishtammayyi

    July 06, 2007 3:25 AM  
  6. Blogger ബിന്ദു Wrote:

    അപ്പച്ചിയുടെ ഭര്‍ത്തവിന്റെ ദേഷ്യത്തിനൊരു കുരുത്തക്കേട്‌ ഒളിച്ചിരിപ്പുണ്ടോ? ;)

    കളഞ്ഞു പോയ ഡയറി തിരിച്ചുകിട്ടി അല്ലേ?

    July 06, 2007 6:06 AM  
  7. Blogger വേണു venu Wrote:

    പുറകോട്ടു നോക്കുമ്പോഴുള്ള സുഖമുള്ള നൊമ്പരങ്ങള്‍‍ തന്നെയല്ലേ ജീവിതത്തിന്‍റെ കരുത്തു്.:)

    July 06, 2007 8:57 AM  
  8. Blogger രാജ് Wrote:

    തൊണ്ണൂറ്റിരണ്ടിലെ തകര്‍പ്പന്‍ യുവാവേ നാട്ടിലേയ്ക്ക് തിരിച്ചു വരൂ, രണ്ട് വാഴ നടൂ, ജീ‍വിതം വീണ്ടും സംഭവബഹുലമാവട്ടെ.

    July 06, 2007 9:04 AM  
  9. Blogger prapra Wrote:

    സ്റ്റെഫിയും, സെലസും (സബാറ്റിനിയും, എന്ന് ഞാന്‍ പറയും) ടെന്നീസ് നിര്‍ത്തിയതോടെ മത്സരവും കാണാറില്ല, എന്നതായിരുന്നു കുറച്ച് കൂടി ഉചിതം. കാലം 92 അല്ലേ?

    July 06, 2007 12:17 PM  
  10. Blogger myexperimentsandme Wrote:

    സബാറ്റിനീന്ന് മാത്രം ഞാന്‍ പറഞ്ഞാലോ പ്രാപ്രാ? :)

    (ഇവിടൊക്കെയുണ്ടോ?)

    (ഈ പോസ്റ്റ് പാളം തെറ്റിയാല്‍ ചീത്ത എന്നെ വിളിച്ചോ-മൂലകാരണം സബാറ്റിനിയാണെന്നോര്‍ത്തുകൊള്ളണമെന്ന് മാത്രം) :)

    July 06, 2007 1:40 PM  
  11. Blogger Inji Pennu Wrote:

    അപ്പൊ ഡ്രൂ ബാരിമോറൊ? ;)

    ഒഹ്, അതാണൊ ടെന്നീസ് നിര്‍ത്തി ഇംഗ്ലീഷ് പടം കാണാന്‍ തുടങ്ങിയത്?

    July 06, 2007 5:12 PM  
  12. Blogger prapra Wrote:

    അങ്ങനെ പറയരുത് വക്കാരീ. എന്റെ മനസ്സ് വേദനിക്കും.

    >>(ഇവിടൊക്കെയുണ്ടോ?)<<
    ബ്ലോഗില്‍ ആണെങ്കില്‍; ഇല്ലായിരുന്നു, ഇപ്പോള്‍ ഉണ്ട്.. മൂന്ന് ആഴ്ചത്തേക്ക് കൂടി.

    ഡ്രൂ ബാരിമൂറിനെ ഈ കേസില്‍ കൊണ്ടു വന്നതിന്റെ കാരണം എന്താണ്‌ ഇഞ്ചീസ്? അവള്‍ ഇപ്പോഴും നമ്മള്‍ക്ക് ബാലതാരം അല്ലേ?

    July 06, 2007 6:32 PM  
  13. Blogger Glocalindia Wrote:

    സന്തോഷേ, പുതിയ ട്രെന്‍‌ഡുണ്ടാക്കല്ലേട്ടോ! സകല ബ്ലോഗര്‍മാരും ഇനി പഴയ ഡയറികള്‍ പൊടിതപ്പിയെടുത്ത് കീച്ചാന്‍ തുടങ്ങും...

    സംഭവബഹുലമായ സംഭവമായിരുന്നു എന്റെ പഴയ ഡയറികള്‍. അവക്കടെ കല്യാണം കഴിഞ്ഞതോടെ “സംഭവം” തീര്‍ന്നു. ജോലി കിട്ടിയതോടെ “ബഹു”വും തീര്‍ന്നു. എന്റെ കല്യാണം കഴിഞ്ഞതോടെ ഇപ്പോള്‍ ഡയറിയില്‍ “ലത” മാത്രം ബാക്കി. ഇനി... അല്ലെങ്കില്‍ വേണ്ട, എന്തിനാ അറം പറ്റുന്നത് എഴുതിപ്പിടിപ്പിക്കുന്നേ, അല്ലേ?

    July 07, 2007 4:25 AM  
  14. Anonymous Anonymous Wrote:

    എറിഞ്ഞു വീഴ്ത്തിയ വിക്കറ്റുകളുടെ കണക്ക് കിട്ടുമായിരുന്നും പോസ്റ്റാക്കാന്‍ പറ്റിയ പ്രണയലേഖനങ്ങളുടെ തുണ്ടുകളും.എന്നാലും നന്നായി ഒന്നും എഴുതിവെയ്ക്കാതിരുന്നത്.
    അക്ഷരങ്ങള്‍ മടക്കിവിളിപ്പിച്ചെന്നെ കരയിച്ചേനെ

    :)

    July 07, 2007 4:48 AM  
  15. Blogger Unknown Wrote:

    സന്തോഷേട്ടാ,
    സന്തോഷം തരുന്ന ഒരു നൊമ്പരം ഇപ്പോള്‍ മനസ്സില്‍.

    ഓടോ: ഡ്രൂ ബാരിമോറിനെ പറ്റി വല്ലതും പറഞ്ഞാല്‍ ഇവിടെ ചോരപ്പുഴ ഒഴുകും. ;-)

    July 08, 2007 11:52 PM  
  16. Blogger അങ്കിള്‍. Wrote:

    സന്തോഷേ ഒരു സഹായാഭ്യര്‍ത്ഥനയാണിത്‌.

    എന്റെ ഈ മെയില്‍ windows live - Hotmail ല്‍ ആണ്‌. PAGEFLAKES എന്ന സോഫ്റ്റ്‌ വെയറിനെ പറ്റി കേട്ടുകാണുമല്ലോ. എനിക്ക്‌ അതില്‍ എന്റെ ഹോട്ട്‌മെയില്‍ അക്കൗണ്ട്‌ configure ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ ഹോട്ട്‌മെയിലിന്റെ POP3 SERVER AND SMTP SERVER ഏതാണെന്നെനിക്കറിയില്ല. ഒന്ന്‌ പറഞ്ഞുതന്ന്‌ സഹായിക്കുമോ?

    എന്റെ വിലാസംഃnpck@hotmail.com

    സമയമുണ്ടെങ്കില്‍ എന്റെ ബ്ലോഗ്‌ കൂടി സന്ദര്‍ശിക്കൂ. ബോറടിക്കില്ല.

    please forgive me for the off topic comment.

    July 12, 2007 2:22 AM  
  17. Blogger Santhosh Wrote:

    ഹോട്മെയിലിന് ഇപ്പോള്‍ POP3 ഓപ്ഷന്‍ ഇല്ല. അങ്കിള്‍ മറ്റേതെങ്കിലും ഇ-മെയില്‍ ഉപയോഗിക്കൂ. ചോദ്യങ്ങള്‍ എന്‍റെ ഇ-മെയിലിലേയ്ക്ക് അയച്ചാല്‍ (പ്രൊഫൈലിലുണ്ട്) ഉപകാരമായിരുന്നു.

    July 16, 2007 9:33 AM  
  18. Blogger അങ്കിള്‍. Wrote:

    നന്ദി സന്തോഷേ.

    ഈമെയില്‍ അയക്കാന്‍ പറ്റുന്നില്ല. പ്രൊഫൈലില്‍ പോയി. EMAIL ഐക്കണില്‍ ക്ലിക്ക്‌ ചെയ്തപ്പോള്‍ എന്റെ യാഹൂമയില്‍ ഓപ്പണ്‍ ചെയ്ത്‌ അതിലെ compose mode ല്‍ നില്‍ക്കുന്നു. പക്ഷേ to അഡ്രസ്‌ ബ്ലാങ്ക്‌ ആണ്‌.

    സന്തോഷിന്റെ email id ഒരിടത്തും കണ്ടില്ല. അതുകൊണ്ടാണ്‌ ഈ സാഹസത്തിന്‌ വീണ്ടും മുതിരുന്നത്‌.

    ദിവ്യക്കും അച്ചുവിനും പ്രത്യേക സ്നേഹാന്വേഷണങ്ങള്‍

    July 16, 2007 10:21 PM  
  19. Blogger myexperimentsandme Wrote:

    അങ്കിളേ, പ്രൊഫൈലില്‍ പോയി ഇമെയില്‍ എന്നെഴുതിയിരിക്കുന്നിടത്ത് മൌസ് പോയിന്റര്‍ വെക്കുമ്പോള്‍ (ക്ലിക്കണ്ട), സ്ക്രീനില്‍ ഇടത് താഴെ ടാസ്ക് ബാറിനു മുകളിലായി സന്തോഷിന്റെ ഇമെയില്‍ അഡ്രസ്സ് തെളിഞ്ഞ് വരും. അത് നോക്കി മെയിലയക്കാന്‍ പറ്റും.

    July 20, 2007 3:42 AM  
  20. Blogger Sreejith K. Wrote:

    സന്തോഷേട്ടാ, അവിടെ ക്രിക്കറ്റ് കളി ഒക്കെ ഉണ്ടല്ലേ. നമുക്കൊരു മാച്ച് കളിക്കണ്ടേ?

    July 20, 2007 12:40 PM  

Post a Comment

<< Home