ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, September 19, 2007

ഭാഷയുടെ അപൂര്‍ണ്ണത

ഒരേ ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ പോലും ആശയവിനിമയം നടത്തുമ്പോള്‍ വരാവുന്ന പാകപ്പിഴകളെപ്പറ്റി കവി പാടിയിട്ടുണ്ടല്ലോ. ഭാഷ കണ്ടു പിടിച്ചവരെ പുലഭ്യം പറയുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഭാഷാരഹിതമായ ലോകം കൂടുതല്‍ സുന്ദരമായിരിക്കുമോ എന്നു സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും. പുഷ്പകവിമാനം എന്ന സിനിമ നാം എത്രകണ്ട് ആസ്വദിച്ചു എന്നതാവരുത് ഈ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ മാനദണ്ഡമാവേണ്ടുന്നത്. നിശ്ശബ്ദതയെ പൂജിക്കുന്നവര്‍ പൂജ കഴിഞ്ഞ് ഉത്തരം നല്‍കിയാല്‍ മതിയാവും.

ജന്തുക്കള്‍ക്കും ഭാഷയുണ്ടെന്ന പ്രസ്താവന ഏറെ ചിന്തിപ്പിച്ചിട്ടുള്ള ഒന്നാണ്. ജന്തുക്കള്‍ക്ക് ഭാഷയുണ്ടെങ്കില്‍ ആ ഭാഷയെ, അവ അധിവസിക്കുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും എത്രമാത്രം സ്വാധീനിക്കുന്നു? നാടന്‍ പോത്തും കാട്ടുപോത്തും ‘ഒരേ ഭാഷ’യിലാണോ സം‌വദിക്കുക? ആഫ്രിക്കന്‍ ആനയും ബീഹാറീ ആനയും തമ്മില്‍ ഏതു ഭാഷയില്‍ അടക്കം പറയും?

ശബ്ദോന്മുഖമായ ഭാഷയിലാണ് മനുഷ്യരൊഴികെയുള്ള ജീവികള്‍ കൂടുതലും സം‌വദിക്കുന്നത് എന്നാണ് എന്‍റെ കണ്ടെത്തല്‍. പൂവന്‍ കോഴിയും പിടക്കോഴിയും തമ്മില്‍ കണ്ണും കണ്ണും നോക്കി കഥകള്‍ കൈമാറുന്നത് കണ്ടിട്ടില്ല എന്നത് ശാസ്ത്രീയമായ തെളിവായി അംഗീകരിക്കാന്‍ പ്രയാസമില്ലല്ലോ!

ശബ്ദഭാഷ വൈവിധ്യമാര്‍ന്നതായ സ്ഥിതിക്ക് ആംഗ്യഭാഷയെങ്കിലും ഏകീകൃതമാവണമല്ലോ. അല്ലെന്നതാണ് സത്യം. അതിനാലാണ് ക്യാനഡയിലെയും ഐസ്‍ലാന്‍റിലെയും കരടികള്‍ക്ക് തമ്മില്‍ത്തമ്മില്‍ കൂട്ടുകൂടാനറിയാത്തത്. അതുകൊണ്ടാണ് മലയാളികള്‍ ആലിംഗനം ചെയ്യാത്തത്! പറയാനും എഴുതാനും ഉപയോഗിക്കുന്ന മറ്റുഭാഷകളെപ്പോലെ ആംഗ്യഭാഷയും കാല, ദേശ, സംസ്കാരങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

ഒന്നുരണ്ട് ഉദാഹരണം വഴി ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം.

ഭരതം എന്ന സിനിമയില്‍ കഥാപാത്രത്തോടും കഥാസന്ദര്‍ഭത്തോടും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന ആ അഭിനയമുഹൂര്‍ത്തം ഓര്‍ക്കുന്നില്ലേ? മോഹന്‍‍ലാല്‍ പാടാനൊരുങ്ങുമ്പോഴുള്ള ഉര്‍വ്വശിയുടെ ‘ഥംപ്സ് അപ്’ ആംഗ്യം?


ചിത്രം: ഥംപ്സ് അപ് (കടപ്പാട്: മൈക്രോസോഫ്റ്റ് ക്ലിപ്‍ആര്‍ട് ഗ്യാലറി)

ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഓസ്റ്റ്രേലിയക്കാരന്‍, ഉര്‍വ്വശിക്കെന്താണ് മോഹന്‍‍ലാലിനോടിത്ര ദേഷ്യം എന്നു തോന്നിയാല്‍ അത്ഭുതപ്പെടരുത് (ഓസ്റ്റ്രേലിയക്കാര്‍ക്ക് ‘ഥംപ്സ് അപ്’ ഒരു റൂഡ് സൈന്‍ ആണ്). ‘നടക്കില്ല മോനേ!’ എന്ന അര്‍ഥത്തില്‍ നാം (ഇന്ത്യാക്കാര്‍) ‘ഥംപ്സ് അപ്’ ആംഗ്യം കാണിക്കുന്നതിനോടൊപ്പം തള്ളവിരല്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും ആട്ടുന്നതും ഓര്‍ക്കുക. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഈ ആംഗ്യം കാണിക്കുന്നത് ആരോഗ്യത്തിന് നല്ലതാവണമെന്നില്ല.

നാം പലപ്പോഴും കാണിക്കുന്ന മറ്റൊരാംഗ്യമാണല്ലോ ഓ. കെ. ആംഗ്യം (OK sign). യു. എസിലും ക്യാനഡയിലും ഇത് സമ്മതത്തിന്‍റെ ചിഹ്നമാണെങ്കില്‍, ജപ്പാന്‍കാര്‍ക്ക് ഇത് പണത്തെ സൂചിപ്പിക്കുന്നു. ഡെന്മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ അധിക്ഷേപിക്കാന്‍ ഇങ്ങനെ കാട്ടിയാല്‍ മതി. ഫ്രാന്‍സുകാരാവട്ടെ, ഇതിനെ പൂജ്യമായി (zero) കാണുന്നു. എന്നാല്‍ പരാഗ്വേ, സ്പെയിന്‍, ഗ്രീസ്, ബലാറസ്, ഗ്വാറ്റിമാല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഓ. കെ. ആംഗ്യം കാണിക്കുന്നവന്‍റെ അടപ്പൂരും!

ജീവന്‍റെ നിലനില്പിനാവശ്യമായ കാര്യം സാധിച്ചെടുക്കണമെന്ന് മറ്റൊരാളിനെ അറിയിക്കാന്‍ ഭാഷ വേണമെന്നില്ല. അതില്‍ കവിഞ്ഞ എന്തു കാര്യത്തിനും ഭാഷയില്ലാതെ തരമില്ല എന്നു മനസ്സിലായില്ലേ? ഇല്ലെങ്കില്‍ എന്‍റെ കുറ്റമല്ല. മലയാള ഭാഷയുണ്ടാക്കിയവരെ ദ്രോഹികള്‍ എന്നു വിളിക്കുക.

Labels: ,

8 Comments:

  1. Blogger ശ്രീ Wrote:

    നല്ല ലേഖനം

    അപ്പോ ഓരോ സ്ഥലത്തു പോയി ആംഗ്യം കാണിക്കുമ്പോള്‍‌ ശ്രദ്ധിക്കണമല്ലേ...?
    :)

    September 19, 2007 8:21 PM  
  2. Blogger സു | Su Wrote:

    ആംഗ്യഭാഷ മാത്രം പോര. പറയാനൊരു ഭാഷ വേണം എന്നു മാത്രമല്ല, പല ഭാഷകളും അറിഞ്ഞിരിക്കണം എന്നാണെന്റെ അഭിപ്രായം. ആംഗ്യഭാഷകൊണ്ട് മാത്രം കാര്യം നടക്കില്ല. നമുക്ക് ആംഗ്യം കാണിക്കാന്‍ അറിയാമെങ്കിലും, ലേഖനത്തില്‍ ഉള്ളതുപോലെ, കാണുന്നയാളുടെ മനസ്സിലാക്കല്‍, ശരിക്ക് ആവണം എന്നില്ലല്ലോ.

    September 19, 2007 11:26 PM  
  3. Blogger keralafarmer Wrote:

    ഏത്ത്‌ ആംഗ്യവും, ശബ്ദവും, ഏഴുത്തും മറ്റും എന്റെ ഭാഷ (ഏതൊ ആയിക്കോടെ) യിലേയ്ക്ക്‌ മാറ്റുവാന്‍ പ്രപ്തമായിക്കൊണ്ടിരിക്കുന്ന ഇന്റെര്‍നെറ്റ് ഭാഷ ഒന്നായി മാറിയാലോ?

    September 20, 2007 4:42 AM  
  4. Blogger ഉപാസന || Upasana Wrote:

    “ ഭരതം എന്ന സിനിമയില്‍ കഥാപാത്രത്തോടും കഥാസന്ദര്‍ഭത്തോടും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന ആ അഭിനയമുഹൂര്‍ത്തം ഓര്‍ക്കുന്നില്ലേ? മോഹന്‍‍ലാല്‍ പാടാനൊരുങ്ങുമ്പോഴുള്ള ഉര്‍വ്വശിയുടെ ‘ഥംപ്സ് അപ്’ ആംഗ്യം? “

    ഈ ഒരൊറ്റ വാക്യമാണ് ഇതിന്റെ ഹൈലൈറ്റ് എന്ന് ഞാന്‍ പറയും.

    സിബിമലയിലിന്‍ പറ്റിയ ഒരു മണ്ടത്തരം ആണ് ആ ആക്ഷന്‍. ക്ലാസ്സികല്‍ ആയ ഒരു ചുറ്റുപാടിന് ഒട്ടും യോജിക്കാത്ത ഒരു അടയാളം.
    :)
    ഉപാസന

    ഓ. ടോ: ലേഖനം നല്ല നിലവാരം പുലര്‍ത്തി.

    September 20, 2007 4:43 AM  
  5. Blogger മൂര്‍ത്തി Wrote:

    നന്നായിട്ടുണ്ട്..

    September 20, 2007 9:34 AM  
  6. Blogger myexperimentsandme Wrote:

    നല്ല ലേഖനം.

    ഭരതത്തിലെ ആ “ത്ത്‌ഥം‌സ് അപ്” അപ്പോള്‍ പലര്‍ക്കും അരോചകമായി തോന്നിയിരുന്നു അല്ലേ...

    ജപ്പാനില്‍ ഓക്കേ സൈന്‍ കാണിച്ചാല്‍ കാശ് കിട്ടുമെന്നൊക്കെ നേരത്തെ പറയേണ്ടതല്ലായിരുന്നോ :)

    നമ്മള്‍ മലയാളികളുടെ ഫേമസ് ആംഗ്യമുണ്ടല്ലോ-തലയാട്ടല്‍. ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും-മൊത്തം കണ്‍ഫ്യൂഷന്‍.

    നേരാംവണ്ണം ഉപയോഗിക്കാന്‍ പറ്റുകയാണെങ്കില്‍ വായ്‌മൊഴി/വരമൊഴി തന്നെ നല്ലത്. അല്ലെങ്കില്‍ കാശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാനിരിക്കുമ്പോള്‍ കാശ്മീര്‍ മൊത്തത്തില്‍ ഞങ്ങളെടുത്തോട്ടെ എന്ന് പാക്കിസ്ഥാന്‍ ചോദിക്കുമ്പോള്‍ ഇന്ത്യ തലയാട്ടും. ഏതാട്ടലാണ് യേസ്, ഏതാണ് നോ എന്നറിയാന്‍ വയ്യാതെ ഇന്ത്യ യേസ് പറഞ്ഞു എന്നും പറഞ്ഞ് പോക്കുള്‍പ്പടെ പാക്ക് മൊത്തം കാശ്മീരും പോക്കറ്റിലാക്കും :)

    September 20, 2007 12:24 PM  
  7. Blogger Umesh::ഉമേഷ് Wrote:

    വക്കാരീ, ഹ്രീഹ്ലാദം/ജഞ്ജലിപ്പു് ഇവയിലൊന്നു പറഞ്ഞാല്‍ പോരേ?

    കൊള്ളാം, സന്തോഷ്!

    September 20, 2007 6:54 PM  
  8. Blogger ജ്യോതിര്‍മയി /ज्योतिर्मयी Wrote:

    തംസ് അപ്പിന്റെ അടിമകളായതുകൊണ്ടാണോ ഉര്‍വശികാണിച്ച ഭാഷയെ അങ്ങനെ വായിച്ചത്?

    തംസപ്പു കണ്ടുപോലുമില്ലാതിരുന്ന ഞാന്‍ അന്നു കരുതിയത്, ഉര്‍വശി ആ ആംഗ്യത്തിലൂടെ

    “(കാര്യങ്ങളുടെ)കൈവിട്ടുപോവല്ലേ (പ്രിയനേ), കണ്ട്രോള്‍ പോവല്ലേ (ചേട്ടാ,) മുറുക്കിപ്പിടിക്കൂ..(മനസ്സിനെ)” എന്നാണു പറയുന്നതെന്നാ.

    (അക്ഷരങ്ങളെ വേലികെട്ടാന്‍ ഉപയോഗിയ്ക്കരുത്, വേര്‍ഡ് വെരി എടുത്തുമാറ്റാന്‍ വൈകി :)

    September 21, 2007 11:15 PM  

Post a Comment

<< Home