ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, January 09, 2008

മിസ്ഡ് കോള്‍

“ഹലോ, 329 xxxx അല്ലേ?” ഞാന്‍ ആരാഞ്ഞു.
“അതെ!” മറുതലയ്ക്കല്‍ നിന്നും സ്ത്രീശബ്ദം.
“എന്‍റെ പേര് സന്തോഷ്. കുറച്ചു നേരം മുമ്പ് ഈ നമ്പറില്‍ നിന്ന് എന്‍റെ മൊബൈല്‍ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കണ്ടു?”
(മകന്‍ സതീശനോടാവണം) “എടാ സതീശോ, ദേണ്ട നോക്കടാ, ആരാണ്ടാ വിളിച്ച് എന്താണ്ടാ പറേണ്!”
“ഹലോ,” സതീശന്‍ ഫോണെടുത്തു.
“ഹലോ, എന്‍റെ പേര് സന്തോഷ്. കുറച്ചു നേരം മുമ്പ് ഈ നമ്പറില്‍ നിന്ന് എന്‍റെ മൊബൈല്‍ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കണ്ടു. തെറ്റിദ്ധരിക്കരുത്, ഇത്രമാത്രമേ ഞാന്‍ അമ്മയോടും പറഞ്ഞിട്ടുള്ളൂ.”

* * *

“ഹലോ സുരേഷ് ചേട്ടനാണോ?” മറുതലയ്ക്കല്‍ നിന്നും ഹലോ കേട്ടയുടനെ ഞാന്‍ ചോദിച്ചു.
“അല്ല, രാമചന്ദ്രനാണ്.”
“ക്ഷമിക്കണം, റോംഗ് നമ്പര്‍.”
“ഇതാരാണ്? ആരെയാണ് വേണ്ടത്?”

റോംഗ് നമ്പര്‍ കറക്കി വിളിക്കുന്നവരോടും സംസാരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുണ്ടെന്നത് പുതിയ അറിവ്‍!

* * *

“വണ്ടി ഇന്നലെ കൊല്ലത്തിനു പോയിരുന്നോ?” ഫോണെടുത്തയുടന്‍ വന്നൂ, മറുവശത്തു നിന്നു ചോദ്യം.
“ഇല്ല, കൊല്ലത്തിനു പോയില്ലല്ലോ.” ഞാന്‍ പറഞ്ഞു.
“അതു വെറുതേ, ഞാന്‍ പാരിപ്പള്ളിയില്‍ വച്ച് കണ്ടല്ലോ!”
“ഓ, അതോ? ഇന്നലെ ചാത്തന്നൂര്‍ പോയിരുന്നു.” വീട്ടാവശ്യത്തിനുള്ള ചില ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ ചാത്തന്നൂരുള്ള ഒരു ഹാര്‍ഡ്‍വെയര്‍ കടയില്‍ പോയത് ശരിയാണ്.
“അതു പറ! ലോഡ് കിട്ടിയോ?”
“വാങ്ങാന്‍ പോയതെല്ലാം കിട്ടിയില്ല. പക്ഷേ ബാക്കിയുള്ളത് അവര്‍ കൊണ്ടു വന്നു തരും.”
“അപ്പോള്‍ എന്‍റെ കാശ്?”
“ങേ? എന്തു കാശ്? ഇത് ആരാണ്?”
“ഇത് 265 xxxx അല്ലേ?”
“അല്ല, ഇത് 268 xxxx ആണ്.”

* * *

“എടാ, നീ പോയില്ലേ?” ഫോണെടുത്ത് ഹലോ പറഞ്ഞയുടന്‍ ചോദ്യം വന്നു.
“ഇല്ല, ഞാന്‍ അടുത്തയാഴ്ചയാ പോകുന്നത്.”
“ഞാനിപ്പോള്‍ വന്നാല്‍ നീ അവിടെ കാണുമോ?”
ഇത്രയുമായപ്പോള്‍ എനിക്കൊരു സംശയം: “ഡേയ്, നീ വിനോദാഡേയ്?” ഞാന്‍ ആരാഞ്ഞു.
“നിനക്കെന്നെ മനസ്സിലായില്ലേടാ പട്ടീ?” അടുത്ത ബന്ധുവാണെങ്കിലും ഇതുവരെ ശത്രുതയൊന്നുമില്ലാതെ കഴിഞ്ഞിരുന്ന വിനോദില്‍ നിന്നും ഇങ്ങനെ ഒന്നു പ്രതീക്ഷിക്കാത്തതിനാല്‍ ഞാനല്പം വിഷണ്ണനായ് ചമഞ്ഞു.
“എനിക്കു നിന്നെ മനസ്സിലായി, പക്ഷേ നിനക്ക് എന്നെ മനസ്സിലായോ എന്ന് സംശയം...”
ഒരു നിമിഷം നിശ്ശബ്ദത. അതിനു ശേഷം വന്നു മറുപടി: “അണ്ണാ, അണ്ണനായിരുന്നാണ്ണാ? അണ്ണന്‍റേം അഭിലാഷിന്‍റേം ഒച്ച ഒരുപോലിരുക്കുന്നണ്ണാ!”

* * *

ഈ അടുത്ത കാലത്ത് കേരളത്തിലായിരുന്നപ്പോളുണ്ടായ ചില ഫോണ്‍ സംഭാഷണങ്ങളാണിവ. ഫോണ്‍ കോളുകള്‍ വഴി ഈ ലേഖകനു പറ്റിയ ചില അമളികള്‍ ‘എഴുത്തുകാരന്‍റെ സ്വാതന്ത്ര്യം’ എന്ന സൌകര്യം ഉപയോഗിച്ച് ഇവിടെ വെളിപ്പെടുത്തുന്നില്ല. ഒന്നുണ്ട്: മുന്‍‍പരിചയമില്ലാത്തവരോട് സംസാരിക്കുമ്പോള്‍ പോലും ഫോണ്‍ ചെയ്യുന്നയാള്‍ താന്‍ ആരാണെന്നതും തനിക്ക് ആരോടാണ് സംസാരിക്കേണ്ടതെന്നതും വെളിപ്പെടുത്തുന്നതിനു മുമ്പ് സംഭാഷണം ആരംഭിച്ച് അവസാനിപ്പിക്കുന്നതാണ് എന്‍റെ പ്രദേശത്ത് പൊതുവില്‍ കണ്ട രീതി.

Labels: ,

17 Comments:

  1. Blogger ദിലീപ് വിശ്വനാഥ് Wrote:

    അതു തന്നെയാണ് എല്ലാ പ്രദേശങ്ങളിലുമുള്ള രീതി. ഇങ്ങനെ സംസാരിക്കുന്നവരോട് ആരെയാ വേണ്ടത് എന്നു ചോദിക്കുന്ന ശീലം ഞാന്‍ വളര്‍ത്തിയെടുത്തത് ഇതുമൂലം ആണ്.

    January 09, 2008 6:29 PM  
  2. Anonymous Anonymous Wrote:

    വളരെ ശരി :)

    January 09, 2008 7:04 PM  
  3. Blogger പ്രിയ ഉണ്ണികൃഷ്ണന്‍ Wrote:

    ഹലോ, ഇത് റോങ്നമ്പര്‍ ആണൊ?

    അല്ല ഇത് തനിമലയാളം ആണ്

    എന്നാ ശരി, സോറി.ഒന്നു കമന്റാന്‍ വന്നതാ.

    മിസ്ഡ് കോള്‍ നന്നായി ട്ടൊ.

    January 09, 2008 7:10 PM  
  4. Blogger ഹരിത് Wrote:

    ഓര്‍മ്മയുണ്ടോ മോനേ ഈ ശബ്ദം? വന്നു വന്നു ആളെപ്പോലും മനസ്സിലാകാത്ത സ്ഥിതിയായി. എന്റെ മടിയില്‍ കിടന്നു വള്ര്ന്ന കുട്ടിയാ നീ.... എന്നിട്ടിപ്പൊ...

    January 09, 2008 7:46 PM  
  5. Blogger ആഷ | Asha Wrote:

    വളരെ സത്യം.

    January 09, 2008 8:14 PM  
  6. Blogger ക്രിസ്‌വിന്‍ Wrote:

    :)

    January 09, 2008 8:56 PM  
  7. Blogger മാണിക്യം Wrote:

    “എടാ, നീ പോയില്ലേ?” ഫോണെടുത്ത് ഹലോ പറഞ്ഞയുടന്‍ ചോദ്യം വന്നു.
    “ഇല്ല, ഞാന്‍ അടുത്തയാഴ്ചയാ പോകുന്നത്.”
    “ഞാനിപ്പോള്‍ വന്നാല്‍ നീ അവിടെ കാണുമോ?”

    ‘ഇല്ലാ ഞാന്‍ ഒരു അരമണിക്കുറ് മുമ്പേ പോയി’,
    കൊള്ളാം കേട്ടോ..

    January 09, 2008 9:48 PM  
  8. Blogger അരവിന്ദ് :: aravind Wrote:

    ഹഹ സന്തോഷ്‌ജീ രസിച്ചു!

    ഞാന്‍ മുന്‍പ് എഴുതിയതാണോ എന്നറിയില്ല...രാത്രി കറണ്ട് പോയപ്പോ എന്റെ അമ്മ ഇലക്ട്രിസിറ്റി ഓഫീസാണെന്ന് കരുതി ടെലഫോണ്‍ എക്സ്ചേഞ്ചില്‍ വിളിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
    സാര്‍ ഇവിടെ കറണ്ട് പോയല്ലോ എന്ന് പറഞ്ഞപ്പോ അങ്ങേര് ഇവിടേം പോയീ ന്ന് ഇങ്ങോട്ട്.
    എന്തുവാ സാറേ കെ എസ് സി ബി ഇങ്ങനെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അങ്ങേരും കൂടി കെ എസ് സി ബിയെ കുറ്റം പറയാന്‍.
    എപ്പോ കറണ്ട് വരും എന്ന് ചോദിച്ചപ്പോള്‍ , അറിയില്ല, കട്ടാരിക്കും..കെ എസ് സി ബീല് വിളിച്ചു ചോദിച്ചാല്‍ മതി എന്ന് പറഞ്ഞപ്പോളാണ്....

    പണ്ട് ഐ എസ് ഡി വിളിക്കുമ്പോള്‍ എക്‌സ്ചേഞ്ചിലെ ഒരു ചേട്ടന്‍ രണ്ടറ്റത്തെ വിളിക്കാരേയും നടുക്കിരുന്നു കണക്ട് ചെയ്യുന്ന പരിപാടിയാണല്ലോ...അങ്ങനെ വിളിച്ചു കൊണ്ടിരുന്നപ്പോള്‍ ആ ചേട്ടന്‍ ഇടക്ക് കയറി, "അഞ്ച് മിനിട്ട് കൂടി സംസാരിക്കാനേ കഴിയൂ" എന്ന് ഞങ്ങളോട്. ഒന്നുമാലോചിക്കാതെ, ആരാടാ ഈ ****ന്‍ എന്നു ഞാന്‍ മറ്റേത്തലക്കലെ എന്റെ കൂട്ടുകാരനോട് ചോദിച്ചു.
    നടുക്കത്തെ ചേട്ടന്‍ റേയ്സായി, രണ്ട് സെക്കന്റിനകെനിക്ക് ഫോണ്‍ താഴെ വെയ്കേണ്ടി വന്നു. കട്ടത്തെറിയേ!.

    പിന്നെ എന്റെ എവര്‍ടെം ഫേവറിറ്റ്..റാംജിറാവുവില്‍...

    നാടകസമിതിയിലേക്ക് വന്ന ഫോണ്‍ ദേവന്റെ വീട്ടിലെ ജോലിക്കാരന്‍ ‍ഹരിശ്രീ അശോകന്‍ എടുക്കുന്നു.ആ നമ്പര്‍ അടിച്ചാല്‍ ദേവന്റെ വീട്ടിലാണല്ലോ ഫോണടിക്കുക...
    "ഹലോ കാട്ടുകുതിരയുണ്ടോ?
    "കാട്ടുകുതിരയോ? ഇല്ലല്ലോ..വേണങ്കെല്‍ ഒരു സ്കൂട്ടര്‍ തരാം.." എന്നോ മറ്റോ. :-)

    January 09, 2008 10:10 PM  
  9. Blogger Physel Wrote:

    മിസ്ഡ് കോള്‍ മിസ്സാവാതിരുന്നതില്‍ സന്തോഷം! പോസ്റ്റിന്റെ സന്ദേശത്തിന് നൂറില്‍ നൂറ്..

    January 10, 2008 1:19 AM  
  10. Blogger രാജ് Wrote:

    ഒളിഞ്ഞിരിക്കുന്ന ഒരു സന്ദേശമുണ്ട് ;-)

    അനിയന്റെ ശബ്ദം അനുകരിക്കാന്‍ ശ്രമിക്കരുത്, ഹല്ല സന്തോഷ്ജീ സ്വന്തമായി ഒരു ശബ്ദം പോലുമില്ലേ?

    {വാക്യത്തില്‍ പ്രയോഗിക്കുക: ചക്കെന്ന് പറയുമ്പോള്‍ കൊക്കെന്ന് കേള്‍ക്കുക}

    January 10, 2008 1:38 AM  
  11. Blogger അഭിലാഷങ്ങള്‍ Wrote:

    :-)

    പിന്നെ, മുകളില്‍ അരവിന്ദിനെ കണ്ടപ്പഴാ പണ്ട് അരവിന്ദിന്റെ അമ്മയുടെ ഒരു ഫോണ്‍ തമാശ ഓര്‍മ്മവന്നത്.

    അന്ന്,അടുക്കളയിലായിരുന്ന അമ്മ കൈ തുടച്ച്, കണ്ഠം ശുദ്ധിയാക്കി ഓടിവന്ന് ഫോണെടുത്ത് മധുരമായി മൊഴിഞ്ഞത്

    “ഹരോ....ആലാ ?”

    എന്നായിരുന്നു. :-)

    January 10, 2008 3:01 AM  
  12. Blogger സു | Su Wrote:

    ഫോണ്‍ വിളിച്ച് പല അബദ്ധങ്ങളും ഒപ്പിച്ചിട്ട് അവസാനം അതു മറ്റുള്ളവരുടെ തലയില്‍ ഇടുകയാ അല്ലേ? ;)

    January 10, 2008 3:54 AM  
  13. Blogger പൊറാടത്ത് Wrote:

    പണ്ടൊരു സിനിമയുണ്ടായിരുന്നു, റാംജീറാവു സ്പീകിങ്. കണ്ടിട്ടുണ്ടോ?

    January 10, 2008 3:55 AM  
  14. Blogger ജൈമിനി Wrote:

    ഓഫീസിലേക്ക് നേരം വൈകി ബൈക്കോടിച്ചു പോകുന്ന വഴി ഒരു കാള്‍. വണ്ടി നിര്‍ത്തി.
    ഹലോ...
    ഹലോ... കേള്‍ക്കുന്നുണ്ടോ?
    ഉവ്വല്ലോ, ആരാ?
    ഫോണ്‍ കേടായിരുന്നു, ഇപ്പോ ശരിയായേള്ളൂ... ഒന്നു ടെസ്റ്റ് ചെയ്യാന്‍ വിളിച്ചതാ...

    January 10, 2008 9:04 AM  
  15. Blogger മുല്ലപ്പൂ Wrote:

    "ഹലോ"
    "ഹലോ"
    "ആരാ? "
    " ഞാനുദേശിക്കുന്ന ആള്‍ ആണോ ? എന്നാല്‍ പിറന്നാള്‍ ആശംസകള്‍് "

    January 11, 2008 2:56 AM  
  16. Blogger ഏ.ആര്‍. നജീം Wrote:

    ഒരു മിസ്‌ഡ് കോള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളേ... :)
    രസിച്ചുട്ടോ

    January 11, 2008 12:02 PM  
  17. Blogger Santhosh Wrote:

    വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

    വാല്‍മീകീ: എല്ലാ പ്രദേശത്തിലും ഇതാണ് രീതി എന്നത് അതിശയമുണ്ടാക്കുന്ന പുതിയ അറിവാണ്.

    ഗുപ്തന്‍, പ്രിയ, ആഷ, ക്രിസ്‍വിന്‍, മാണിക്യം, ഫൈസല്‍, അഭിലാഷങ്ങള്‍, നജീം: നന്ദി.

    ഹരിത്: ഓര്‍മയുണ്ട്. ഓര്‍മകളുണ്ടായിരിക്കണം.

    അരവിന്ദ്: രസിച്ചു... ഒരു പോസ്റ്റിനുള്ള വഹ ഇങ്ങനെ കമന്‍റെഴുതിക്കളയല്ലേ:)

    പെരിങ്ങോടന്‍: മനഃപൂര്‍വ്വമല്ല. സ്വരം ഏകദേശം ഒരുപോലെയാണെന്നത് വാസ്തവം.

    സു: സത്യമായും അല്ല. എന്നെ വിശ്വസിക്കൂ:)

    പൊറാടത്ത്: റാംജി റാവു സ്പീക്കിംഗ് കണ്ടിട്ടുണ്ട്.

    മിനീസ്: അതുകൊള്ളാമല്ലോ ആ വിദ്യ!

    മുല്ലപ്പൂ: താങ്കളുദ്ദേശിച്ച ആള്‍ തന്നെ. ആശംസയ്ക്കു നന്ദി.

    January 12, 2008 10:17 PM  

Post a Comment

<< Home