ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, April 03, 2008

ഇടപെടലിന്‍റെ രാഷ്ട്രീയം

മനുഷ്യന്‍ സമൂഹജീവിയാവുകയും ബ്ലോഗുകള്‍ സാമൂഹിക ശൃംഘലയുടെ ഭാഗമാവുകയും ചെയ്യുന്നതിനാല്‍ ബ്ലോഗുലോകം ഭൂലോകത്തിന്‍റെ പരിച്ഛേദമാവാതെ തരമില്ലല്ലോ. ഭൂലോകത്തിലേക്കാള്‍ കൂടുതലായി, ഒരു പക്ഷേ, സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനുള്ള അവസരം ബ്ലോഗുലോകത്തിലാണുള്ളതു്. ഈ ആധിക്യമാവണം, അമ്മയെത്തല്ലിയാലും രണ്ടുപക്ഷം എന്ന മുറവിളി ഭൂലോകത്തിലേക്കാള്‍ ബ്ലോഗുലോകത്തില്‍ മുഴങ്ങി നില്‍ക്കുന്നതു് ഒരു കാരണം. പ്രശ്നപൂര്‍ണ്ണമായ ബ്ലോഗുലോകത്തിലെ സഹവാസികള്‍ക്കു് (അതു് ബ്ലോഗെഴുത്തുകാരോ വായനക്കാരോ ആവട്ടെ) ആശയങ്ങളുടേയും പ്രവര്‍ത്തനങ്ങളുടേയും അനുയായികള്‍ എന്ന നിലയില്‍ ഇടപെടലിനുള്ള അവസരങ്ങള്‍ അധികമായതിനാല്‍ കറുപ്പും വെളുപ്പുമെന്ന രണ്ടുപക്ഷത്തില്‍ തന്നെയുള്ള തീക്ഷ്ണതയുടെ ഏറ്റക്കുറച്ചിലുകളാണു് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം.

പ്രശ്നം എന്ന വാക്കുകൊണ്ടു് എന്താണുദ്ദേശിക്കുന്നതു് എന്നു പറയാം. വാച്യാര്‍ത്ഥത്തിലെടുത്താല്‍, ഇതു് യാഹൂ, കൌമുദി തുടങ്ങിയ സംഭവങ്ങളെ ചുറ്റിപ്പറ്റിയുണ്ടായ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലായ്പ്പോഴും ‘പ്രശ്നം’ എന്നതു് ബ്ലോഗും ബ്ലോഗിതര മാദ്ധ്യമങ്ങളുമായുള്ള ‘യുദ്ധ’മാണെന്നു കരുതരുതു്. ഉദാഹരണമായി, യൂണികോഡു ചര്‍ച്ച, ഭാരതീയ സംസ്കാരം വിഷയീകൃതമാവുമ്പോഴുണ്ടാവുന്ന തര്‍ക്കങ്ങള്‍ (1, 2), വായനലിസ്റ്റിന്‍റെ കോട്ടങ്ങളും നേട്ടങ്ങളും എന്ന വിഷയം, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ തുടങ്ങിയവയും പ്രശ്നം എന്ന ചെറുവാക്കിന്‍റെ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തണം.

ഓരോ പ്രശ്നവും ഓരോ സമരമാണു്. സമരത്തിനു് നേതാക്കളും അനുയായികളും ലക്ഷ്യവും മാര്‍ഗ്ഗവും വേണം. സാധാരണഗതിയില്‍ ലക്ഷ്യവും മാര്‍ഗ്ഗവും തെരഞ്ഞെടുക്കുന്നതു് നേതാവോ നേതാക്കന്മാരോ ആയിരിക്കും. ബ്ലോഗുലോകത്തില്‍ ആരാണു് നേതാവിനെ തെരഞ്ഞെടുക്കുന്നതു്? ആര്‍ക്കാണു് അനുയായിയായി വേഷം കെട്ടേണ്ടി വരുന്നതു്? പല ചര്‍ച്ചകളിലും പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടതു പോലെ, എല്ലാവര്‍ക്കും എല്ലാ പ്രശ്നത്തിലും നേതാവാവാന്‍ കഴിയില്ല. എല്ലാവര്‍ക്കും എല്ലാ പ്രശ്നത്തിലും അനുയായി ആവാനും കഴിയില്ല. തുല്യസാദ്ധ്യതയുള്ള ഗണത്തില്‍ നിന്നും പ്രശ്നാധിഷ്ഠിതമായി നേതാവോ നേതാക്കളോ ഉയര്‍ന്നു വരുന്നു. ഇതു് ഭൂലോകത്തിലുള്ള അംഗീകൃത വ്യവസ്ഥയില്‍ നിന്നും വ്യത്യസ്ഥമാണു്. അമാനുഷവും അതിമാനുഷവുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നവരെ നേതാവായി നെഞ്ചേറ്റി നടക്കുവാന്‍ ആളുകള്‍ക്കു് വൈമനസ്യമില്ല. സമൂഹത്തിന്‍റെ അടിസ്ഥാന നിലയിലുള്ള പ്രവര്‍ത്തന പരിചയം മൂലം ഉയര്‍ന്നുവന്ന നേതാവിനേയും ആള്‍ക്കാര്‍ അംഗീകരിക്കും. എന്നാല്‍ എല്ലാരും തുല്യരായ നാഥനില്ലാക്കളരിയില്‍ നിന്നും നേതൃസ്ഥാനത്തേയ്ക്കുള്ള ഒരാളുടെ പെട്ടന്നുള്ള വളര്‍ച്ചയാണു് അനുയായികളാവാന്‍ വിധിക്കപ്പെട്ടവരെ മോശം അനുയായികളാക്കുന്നതു്. നേതാവാവാന്‍ ജന്മവാസനയും പരിശീലനവും വേണമെന്നതു പോലെ, നല്ലൊരു അനുയായിയാവാനും പരിശീലനവും ക്ഷമയും ആവശ്യമാണു്. വിധി വശാല്‍ അനുയായിയായിത്തീര്‍ന്നവരെ പല തട്ടില്‍ അടുക്കുക എന്ന ക്രൂരകൃത്യമാണു് നിങ്ങളുടെ മൌനാനുവാദത്തോടെ ഞാന്‍ നിര്‍വ്വഹിക്കാന്‍ പോകുന്നതു്.

(എന്തിനീ ചെയ്തി എന്നു ചോദിക്കുന്നവര്‍ക്കു വേണ്ടി: ചില ജനിതകഗുണങ്ങളാല്‍ നമ്മളില്‍ പലര്‍ക്കും അനുയായികളാവാനാണു് യോഗം. അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഒരു സ്വയം വിലയിരുത്തലിലൂടെ താന്‍ ഓരോ പ്രശ്നത്തിലും ഏതു തട്ടില്‍ നില്‍ക്കുന്നു എന്നു് തിരിച്ചറിയുന്നതു് നമ്മുടെ സമയ/ഊര്‍ജ്ജ ലാഭത്തിനു് ആവശ്യമാണു്. അതുമൂലം നമുക്കു് പലപ്പോഴും ലക്ഷ്യബോധമുള്ള അനുയായികളാവാനും സാധിക്കും. ഇവിടെ ഒരു കാര്യം കൂടി ഓര്‍മ്മിക്കുന്നതു് നല്ലതാണു്: എല്ലാ പ്രശ്നങ്ങള്‍ക്കും നമുക്കു് ഒരേ വേഷം തന്നെ അഭിനയിക്കാന്‍ സാദ്ധ്യമല്ല. അഭിനയിക്കുന്ന വേഷത്തില്‍ ഭരത് അവാര്‍ഡാവട്ടെ, നമ്മുടെ ലക്ഷ്യം.)

ഇടപെടലുകാര്‍ മൂന്നു വിധമാണു്. ഇടപെടാത്ത ഒരു വിഭാഗത്തെ കൂടി അതോടൊപ്പം ചേര്‍ത്തു് നാലുവിധമാക്കിയാല്‍ ബ്ലോഗ് എന്ന മാദ്ധ്യമവുമായി സം‌വദിക്കുന്ന എല്ലാരുമായിക്കഴിഞ്ഞു.

ഏകാകി: ഉറ്റവരും ഉടയവരും ഇല്ലാത്ത ബ്ലോഗര്‍ എന്ന അര്‍ത്ഥത്തിലല്ല ഏകാകി എന്നു് ഈ മാന്യദേഹത്തെ വിളിക്കുന്നതു്. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നും അകന്നു കഴിയാന്‍ ഇദ്ദേഹം ഇഷ്ടപ്പെടുന്നു. ബ്ലോഗുലോകത്തില്‍ തനിക്കു ചുറ്റും എന്തു സംഭവിക്കുന്നു എന്നതു് ഈ ബ്ലോഗറിനു് പ്രശ്നമല്ല. തന്നെ നേരിട്ടു് ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ മാത്രമേ ഈ വ്യക്തി തന്‍റെ ഇടപെടലുകള്‍ കൊണ്ടു് ആ പ്രശ്നത്തെ ധന്യമാക്കുകയുള്ളൂ. അഭിപ്രായമില്ലാത്ത അഥവാ അഭിപ്രായം പ്രകടിപ്പിക്കാത്തെ ഇയാളെ സ്വതന്ത്ര ചിന്താഗതിയുടെ പ്രായോജകരുടെ കൂട്ടത്തില്‍ പെടുത്തുവാനും ദൃക്‍സാക്ഷിയാണോ (അടുത്ത വിഭാഗം കാണുക) എന്നു സംശയിക്കപ്പെടാനും സാദ്ധ്യതയേറെയാണു്. ഒരു കണക്കില്‍ നോക്കിയാല്‍ പ്രശ്നമെന്താണെന്നോ നേതാവാരെന്നോ പോലും അറിയാത്ത ഇയാളെ അനുയായി എന്നു വിളിക്കുന്നതു പോലും സാങ്കേതികമായി ശരിയല്ല.

ദൃക്‍സാക്ഷി: ഏകാകിയുമായി ഈ സുന്ദരവ്യക്തിത്വത്തിനുള്ള പ്രധാന വ്യത്യാസം, ഈ കൂട്ടത്തില്‍ പെടുന്നയാള്‍ കളി നടക്കുമ്പോള്‍ ഗ്യാലറിയിലുണ്ടാവുമെന്നതാണു്. പ്രശ്നത്തിന്‍റെ നീക്കുപോക്കുകള്‍ സ്ഥിരവും സമഗ്രവുമായി പിന്തുടരുമെങ്കിലും ഇയാള്‍ കമാന്നൊരക്ഷരം മിണ്ടുകയില്ല. എന്നുമാത്രമല്ല, ഒന്നും മിണ്ടാതിരിക്കുവാന്‍ ഇദ്ദേഹം പലപ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യും. ‘എനിക്ക് മറുപടി പറയാന്‍ കൈ തരിച്ചു വരുന്നു’ എന്നൊക്കെ ആത്മഗതം ചെയ്യുമെങ്കിലും അത്തരം ധീരതയൊന്നും ദൃക്‍സാക്ഷിയില്‍ നിന്നും പ്രതീക്ഷിച്ചുകൂട. ഇയാളുടെ വികാരവിചാരങ്ങള്‍ നേതാവിനു് അനുകൂലമായാലും പ്രതികൂലമായാലും അതു പുറത്തറിയാത്ത സ്ഥിതിക്കും ഒരു മാപ്പുസാക്ഷിയായി മാറാന്‍ ദൃക്‍സാക്ഷിക്കു് താല്പര്യമില്ലാത്തതിനാലും നേതാക്കന്മാര്‍ ഇക്കൂട്ടരില്‍ യാതൊരു താല്പര്യവും കാണിക്കാറില്ല.

പങ്കാളി: പ്രശ്നപരിഹാരത്തിനായി നേതാവോ നേതാക്കളോ പിന്തുടരുന്ന പാതയെ അനുകൂലിച്ചോ എതിര്‍ത്തോ പങ്കെടുക്കുന്നയാളാണ് പങ്കാളി. സമയോചിതമോ ചിലപ്പോള്‍ അല്ലാത്തതോ ആയ അഭിപ്രായപ്രകടനങ്ങളിലൂടെ നേതാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ വേണ്ടി സ്വന്തം സമയം നഷ്ടപ്പെടുത്താന്‍ പങ്കാളിക്കു് മടിയില്ല. ഇങ്ങനെയുള്ളവരെ (അവര്‍ അനുകൂലിക്കുന്നവരാണെങ്കിലും എതിര്‍ക്കുന്നവരാണെങ്കിലും) നേതാക്കന്മാര്‍ക്കു് ഇഷ്ടമായിരിക്കും. അനുകൂലിക്കുന്നവര്‍ നേതാവിനെ പിന്താങ്ങാനായി തന്‍റെ കഴിവു് വിനിയോഗിക്കും. എതിര്‍ക്കുന്നവനാണെങ്കില്‍, തന്‍റെ വശത്തേയ്ക്കു് ഇയാളെ മാറ്റിയെടുക്കണമെന്ന ആഗ്രഹവും മാറ്റിയെടുക്കാമെന്ന പ്രതീക്ഷയും ഏതൊരു നേതാവിനുമുണ്ടാവുകയും ചെയ്യും. ബ്ലോഗുലോകത്തില്‍ അഭിപ്രായം പറയുന്ന മഹാഭൂരിപക്ഷവും പങ്കാളി എന്ന വേഷമാണു് കെട്ടിയാടുന്നതു്.

തേരാളി: തന്‍റെ സമയത്തിന്‍റെ ഏറിയ പങ്കും പ്രശ്നത്തിലിടപെടാനും നേതാവിനെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സഹായിക്കാന്‍ സദാ സന്നദ്ധനുമാവുന്നവനെ നമുക്കു തേരാളി എന്നു വിളിക്കാം. ലക്ഷ്യം നേടുന്നതുവരെ ഇയാള്‍ക്ക് ഊണിലും ഉറക്കത്തിലും ഒന്നു മാത്രമാവും ചിന്ത. നേതാവിന്‍റെ അനുകൂലികളെ യോജിപ്പിച്ചു നിര്‍ത്താനും എതിരാളികള്‍ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ മെനയാനും ഇദ്ദേഹം തയ്യാര്‍. തേരാളി നേതാവിന്‍റെ എതിരാളിയാണെങ്കിലോ? അപ്പോള്‍ പ്രശ്നാനുകൂലികളെ എതിരാളികളാക്കാനും നേതാവിനെ വിലയിടിച്ചു കാണിക്കാനും തേരാളി തയ്യാറാവും. എല്ലാ പ്രശ്നങ്ങളിലും സജീവസാന്നിദ്ധ്യമാവണമെങ്കില്‍ ഒരുപാടു സമയം വിനിയോഗിക്കണമെന്നതിനാല്‍ ഗുണമേന്മയുള്ള തേരാളികളെ കണ്ടുമുട്ടാന്‍ പ്രയാസമാണു്. ഇക്കൂട്ടരില്‍ തന്നെ, സ്വന്തം നേതാവിനോ, പ്രശ്നത്തിനോ വേണ്ടി എന്തു ത്യാഗവും ചെയ്യാനും ഏതറ്റം വരെ പോകാനും തയ്യാറായ വില്ലാളികളുമുണ്ടാവും. അനുകൂലമായാലും പ്രതികൂലമായാലും വില്ലാളികളെ അവര്‍ വിശ്വസിക്കുന്നതിന്‍റെ മറുവശം ബോദ്ധ്യപ്പെടുത്തുക ശ്രമകരമായ സംഗതിയാവും. ഇത്തരത്തിലുള്ള അനുയായികള്‍ വളരെ അപൂര്‍വ്വമാണെന്നു മാത്രമല്ല, പലപ്പോഴും ഇക്കൂട്ടരെ നേതാക്കന്മാരായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ടു്. നേതാക്കന്മാര്‍ തങ്ങളെ അനുകൂലിക്കുന്ന തേരാളികളേയും വില്ലാളികളേയും അതിരറ്റു സം‍രക്ഷിക്കുകയും തങ്ങളെ എതിര്‍ക്കുന്നവരുടെ തോല്‍വിക്കായി പ്രയത്നിക്കുകയും ചെയ്യുക സ്വാഭാവികമാണല്ലോ.

ഓരോ പ്രശ്നത്തിലും നിങ്ങളുടെ വേഷം മനസ്സിലായ സ്ഥിതിയ്ക്കു് ഇടപെടലുകള്‍ തുടര്‍ന്നോളൂ!

Labels:

16 Comments:

  1. Blogger Umesh::ഉമേഷ് Wrote:

    ഈ പോസ്റ്റിന്റെ ഉദ്ദേശ്യം മനസ്സിലായില്ല.

    April 03, 2008 11:46 PM  
  2. Blogger ഗുപ്തന്‍ Wrote:

    ഈ ലേബലൊന്നും ഒട്ടിക്കാതെ നിലപാടെടുക്കാന്‍ പറ്റില്ല എന്നൊരു ധ്വനി ഉള്ളതുപോലെ. ശരിയല്ല.

    April 04, 2008 7:32 AM  
  3. Blogger ഹരിത് Wrote:

    ഇനിയും വിഭാഗങ്ങളുണ്ടു്:
    1. ശകുനി.
    2. വിദുരര്‍.
    3. വെളിച്ചപ്പാട്
    4. ശങ്കരന്‍ നമ്പൂതിരി ( സ്ഥലത്തെ പ്രധാന എതിരന്‍)
    5. പാഞ്ചാലി

    ലിസ്റ്റ് വീണ്ടും കൂട്ടാം.

    Fri Apr 04, 08:43:00 AM 2008

    April 04, 2008 8:44 AM  
  4. Blogger Santhosh Wrote:

    ഉമേഷ്: ഓരോ ആശയവും ബ്ലോഗെഴുത്തുകാരും വായനക്കാരും ആഘോഷിക്കുന്നതെങ്ങനെ എന്നതാണു് പ്രസക്തവിഷയം. കൊള്ളാം/കൊള്ളില്ല എന്നു പറഞ്ഞു പോകുന്നവരും ആക്റ്റിവിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം അവരുടെ നിലപാടിലല്ല, നിലപാടിലെ തീക്ഷ്ണതയിലാണു്.

    ഗുപ്തന്‍: ലേബലൊട്ടിച്ച ശേഷമല്ല നിലപാടെടുക്കുന്നതു്.

    ഹരിത്: ഇടപെടലുകാരിലെ വിവിധ സ്വഭാവത്തെയല്ല, അവരിലെ വിഷയത്തോടുള്ള തീക്ഷ്ണത മാത്രമേ നോക്കിയിരുന്നുള്ളൂ.

    April 04, 2008 8:48 AM  
  5. Blogger ഗുപ്തന്‍ Wrote:

    അതല്ല ഞാന്‍ ഉദ്ദേശിച്ചത്. എല്ലാവരുടെയും നിലപാടുകളെ നേതാവ് അനുയായി ഏകാകി പിന്നെ മൂന്നുതരം എന്നൊന്നും തിരിക്കാനാവില്ലെന്നാണ്.

    ലേബലൊട്ടിക്കാന്‍ മെനക്കെട്ടിരുന്നാല്‍ സമയം പാഴാവുമെന്ന് :)

    April 04, 2008 8:51 AM  
  6. Blogger Santhosh Wrote:

    നേതാവു്, അനുയായി എന്നൊക്കെ ലേബലൊട്ടിക്കുന്നതു് പ്രസ്തുത വിഷയത്തില്‍ താല്പര്യമുള്ളവരാണു് (vested interest). അതിനു് സമയം മിനക്കെടുത്താനില്ലാത്തവരല്ല.

    താങ്കള്‍ ഒരു ബിസിനസ് നടത്തുന്നു എന്നു വയ്ക്കുക. താങ്കളില്‍ നിന്നു സാധനമോ സേവനമോ കൈപ്പറ്റുന്നവരില്‍ ആണെത്ര, പെണ്ണെത്ര, വീണ്ടും വീണ്ടും വാങ്ങുന്നവരെത്ര, അവരുടെ പ്രായമെത്ര എന്നൊക്കെ കണക്കുണ്ടാക്കാന്‍ താങ്കള്‍ക്കു താല്പര്യമുണ്ടാവും. എന്നാല്‍ താങ്കളുടെ ബിസിനസില്‍ താല്പര്യമില്ലാത്തവര്‍ക്കോ താങ്കളുടെ ഉപഭോക്താവിനോ ആ താല്പര്യമുണ്ടാവണമെന്നില്ല.

    സ്വയം റോള്‍ ഡിഫൈന്‍ ചെയ്യുക എന്നാല്‍ താങ്കള്‍ ഒരുവിഷയത്തിനെപ്പറ്റിയുള്ള ചര്‍ച്ചയിലോ പ്രവര്‍ത്തനത്തിലോ എത്രമാത്രം സമയവും ഊര്‍ജ്ജവും ചെലവാക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ ഒരു എസ്റ്റിമേയ്റ്റാണു്.

    April 04, 2008 9:06 AM  
  7. Blogger ഗുപ്തന്‍ Wrote:

    ഇടപെടലില്‍ ഒരു ഇന്‍ഡിവിജ്വലിസ്റ്റിക് പെഴ്സ്പെക്റ്റീവിനുള്ള സാധ്യതയെ നിരാകരിക്കുന്നു എന്നതാണ് സന്തോഷേട്ടാ എന്റെവിയോജിപ്പ്. ഡൈനമിസം മനസ്സിലാകാഞ്ഞിട്ടല്ല. :)

    April 04, 2008 9:10 AM  
  8. Blogger സു | Su Wrote:

    ഏകാകി
    പങ്കാളി
    ദൃക്‌സാക്ഷി
    തേരാളി
    എതിരാളി. ;)

    April 04, 2008 9:18 AM  
  9. Blogger Inji Pennu Wrote:

    ഇന്‍ഡിവിജ്വലിസ്റ്റിക് പെഴ്സ്പെക്റ്റീവാണല്ലോ എല്ലാവരും ബ്ലോഗില്‍ എടുക്കുന്നത് ഗുപ്തരേ. അത് ചിലപ്പൊ അവരുടെ റോളുകള്‍ ഏകാകിയും പങ്കാളിയും ഒക്കെയാവും എന്നാണല്ലോ ലേഖനത്തില്‍ പറയുന്നത്.

    എന്റെ നോട്ടത്തില്‍ നേതാവ് പോലെ ഒരാള്‍ ബ്ലോഗിലെ പ്രശ്നങ്ങളില്‍ ഇല്ല എന്നാണ്. എല്ലാവരും പങ്കളികളാണ്, അവരുടെ പാര്‍ട്ടിസിപ്പിഷേന്‍ പെര്‍സന്റേജ് മാത്രമാണ് കൂടിയും കുറഞ്ഞും ഇരിക്കുന്നതും. നേതാവ് എന്ന് പറയുന്നത് പ്രശ്നബാധിതരായിരിക്കാനാണ് ചാന്‍സ്.

    ഇതൊന്നുമല്ലാത തന്നെ തനിമലയാളം ഉണ്ടാക്കുക, പിന്മൊഴി, മറുമൊഴി ഇങ്ങിനെയുള്ള സംരഭങ്ങളും മലയാളം ബ്ലോഗിന്റെ പ്രശ്നങ്ങള്‍ തന്നെയായിരുന്നു. ഇതിനൊക്കെ മുന്നിട്ട് ഇറങ്ങിയവരും ടീം ആയവരും ഒക്കെയുണ്ട്. പ്രശ്നം പറയുമ്പോ അതും ഉള്‍പ്പെടുത്തണം ല്ലേ?

    (ദേവേട്ടന്‍ മുന്‍പ് ബ്ലോഗ് സീരിസ് എന്ന് എഴുതുന്നതുപോലെ എഴുതിയേക്കുന്നു.)

    April 04, 2008 3:05 PM  
  10. Blogger ഗുപ്തന്‍ Wrote:

    വിഷയങ്ങളില്‍ ഓരോരുത്തരും സ്വന്തം റോള്‍ ഡിഫൈന്‍ ചെയ്യുന്നത് മുന്‍പിലോ പിന്‍പിലോ ഒപ്പമോ ഉള്ള വ്യക്തികളെ (നേതാവ് - അനുയായി) പരിഗണിച്ചാണെന്ന (in refrence to them എന്നാണുദ്ദേശിക്കുന്നത്) സൂചനയെ ആണ് ഇഞ്ചി ഞാന്‍ എതിര്‍ക്കുന്നത്.

    നേതാവ് അനുയായി awareness ഇല്ലാതെതന്നെ (അതുണ്ടാക്കാതെയും) ചിലവിഷയങ്ങളില്‍ തന്റേതുമാത്രമായ നിലപാടുകള്‍ വ്യക്തമായും പ്രത്യക്ഷമായും പുലര്‍ത്തുന്നവര്‍ ഉണ്ട്.

    ഉദാഹരണം പറയുന്നത് ശരിയാണോ എന്ന് സംശയം. എന്കിലും... ഹരികുമാര്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് പറഞ്ഞ ആളാണ് പ്രോഫെറ്റ് ഓഫ് ഫ്രിവൊലിറ്റി എന്ന യൂസര്‍. മറ്റൊരാളെയും അദ്ദേഹം പിന്തുണക്കുന്നതായി തോന്നിയില്ല. ഇടപെടലുകളില്‍ നിന്നും അദ്ദേഹത്തിന്റെ ബ്ലോഗ് വിനിമയങ്ങളില്‍ നിന്നും എനിക്കുകിട്ടിയ ധാരണ ആളിന് ബ്ലോഗ് ഉപയോക്താക്കളുടെ ഇടയില്‍ പരിചയങ്ങള്‍ പോലും ഉണ്ടാവാനിടയില്ലെന്നാണ്. തെറ്റാവാം. പക്ഷെ സംവാദത്തില്‍ ഒരിടത്തും അദ്ദേഹത്തെ ആരും പിന്തുണക്കുന്നതോ മറ്റാര്‍ക്കെങ്കിലും ഹരികുമാറിനോടുള്ള പ്രശ്നങ്ങളില്‍ പ്രതികരിക്കുന്നതോ കണ്ടില്ല. ഹരികുമാറും അദ്ദേഹവും തമ്മില്‍ തത്വശാസ്ത്രസംബന്ധിയായ ചിലവിഷയങ്ങളില്‍ ചില തര്‍ക്കങ്ങള്‍ നടന്നതായിരുന്നു അവര്‍ തമ്മിലുള്ള വിഷയം. ഒടുവില്‍ പ്രതിഷേധം വലിയ ബഹളമായപ്പോഴേക്കും മടുത്ത് പിന്‍‌വാങ്ങുകയും ചെയ്തു.

    മെര്‍ക്കുഷ്യോ-ഗുപ്തന്‍- പ്രോഫെറ്റ് ഇവര്‍ മൂന്നുപേരും പരസ്പരം അപ്രീഷിയേറ്റ് ചെയ്യുന്ന കമന്റ്സ് ഇട്ടിട്ടുണ്ട്. മെര്‍ക്കൂഷ്യോയുടെ ബ്ലോഗില്‍ . പക്ഷെ അതൊരിക്കലും ഒരു മോട്ടിവേഷനല്‍ ഫാക്റ്റര്‍ ആയിരുന്നില്ല.

    അത്ര നിര്‍മമമായി എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടോടെ ഒരു ഒരു പ്രശ്നത്തെ സമീപിക്കുന്നവര്‍ വിരളമായിരിക്കാം. പക്ഷെ അങ്ങനെയുള്ളവര്‍ ഉണ്ട്.

    (ഉദാഹരണം വലിയ ഗൌരവമായി എടുക്കണ്ട. ഒരു ഏകദേശധാരണക്കായി പറഞ്ഞു എന്നേയുള്ളൂ. ബ്ലോഗ് പോലെ ഒരു മീഡിയത്തില്‍ സാമൂഹികമായ ഇടപെടല്‍ കോര്‍പറേറ്റ് ലോകത്ത് നടക്കുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായ തലത്തില്‍ നടക്കാം എന്നു ചിന്തിക്കുന്നു ഞാന്‍. അതിന്റെ സാധ്യതകളെക്കുറിച്ച് എനിക്കും കാറ്റഗോറിക്കലായ ധാരണകള്‍ ഇല്ല. ഇവിടെ നല്ല ചര്‍ച്ച വന്നാല്‍ വ്യക്തത ഉണ്ടാകും എന്ന പ്രതീക്ഷ ഉണ്ട്.)

    April 04, 2008 3:42 PM  
  11. Blogger Santhosh Wrote:

    ഗുപ്തന്‍, ഈ ഉദാഹരണത്തില്‍ താങ്കള്‍ എന്തുകൊണ്ടു് പ്രോഫെറ്റ് ഓഫ് ഫ്രിവൊലിറ്റി എന്ന യൂസറിനെ നേതൃസ്വഭാവമുള്ള അഭിപ്രായത്തിന്‍റെ ഉടമയായി കാണുന്നില്ല എന്നറിയാന്‍ താല്പര്യമുണ്ടു്.

    ആ അഭിപ്രായം (അതു് എന്തോ ആവട്ടേ), ആലോചിച്ചുറച്ചതും അടിസ്ഥാനമുള്ളതും സ്ഥാനത്തുള്ളതും പ്രാവര്‍ത്തികമാക്കാവുന്നതുമാണെങ്കില്‍ ആരോടും ചോദിക്കാതെ, ആരും തെരഞ്ഞെടുക്കാതെ പ്രോഫെറ്റ് ഓഫ് ഫ്രിവൊലിറ്റി നേതൃരംഗത്താവുന്നു എന്നതായിരുന്നു എന്‍റെ നിഗമനം. പിന്നീടു് വരുന്നവര്‍ ഈ അഭിപ്രായത്തേക്കാള്‍ ‘ഗുണമുള്ള’ മറ്റൊരഭിപ്രായം ഉരുത്തിരിഞ്ഞു വരുന്നതുവരെ, അനുയായികളായിത്തിരിഞ്ഞു് ആ അഭിപ്രായം/നിര്‍ദ്ദേശം/മാര്‍ഗ്ഗം ചര്‍ച്ചചെയ്യുകയാണു് ചെയ്യുക. ആ ചര്‍ച്ചയിലാണു് അനുകൂലികളും പ്രതികൂലികളുമായ അനുയായികളുടെ വേഷം പ്രസക്തമാവുന്നതു്.

    എല്ലാ ചര്‍ച്ചകളിലും ഇങ്ങനെ നേതാവു് അനുയായി റോളുകള്‍ പ്രകടമാവണമെന്നില്ല എന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു.

    April 04, 2008 4:57 PM  
  12. Blogger ഗുപ്തന്‍ Wrote:

    Just for the simple reason that the term 'leader' is functional. It works only in relation with the others while such relation may neither be part of the self-awareness of the person in question nor relevant to the defining motivations of his involvement.

    I will admit that he is a potential leader; but that is inconsequential. Inconsequential because, just every contributor in a given situation is a potential leader.

    Sorry for writing it in English. :( I am too sleepy to force this into malayalam

    April 04, 2008 5:19 PM  
  13. Blogger ഹരിത് Wrote:

    ഗുപ്ത - സന്തോഷ സംവാദം വായിച്ചു്, ഗുപ്തമായ ഒരു സന്തോഷം!!!!

    April 04, 2008 9:12 PM  
  14. Blogger Inji Pennu Wrote:

    ന്റെ ബുധികുറവാണോ എന്നറിയില്ല, എന്നാലും ഗുപ്തര് പറയുന്നത് എനിക്ക് വീണ്ടും അതൊരു പങ്കാളി ഡെഫനിഷനിലേക്കാണ് പോകുന്നത്. ആരേയും പിന്തുണയ്ക്കണമെന്നോ മറ്റോ ഇല്ലല്ലോ ഒരു പ്രശ്നത്തിന്റെ അഭിപ്രായത്തിനു? പ്രശ്നത്തെ മാത്രമാണാല്ലോ കാണേണ്ടത്? അല്ലാതെ ഇന്നവര്‍ നിന്നതുകൊണ്ട് ഞാനും അഭിപ്രായം പറയാം എന്നല്ലല്ലോ?
    പ്രശ്നത്തില്‍ എങ്ങിനെ ഇടപെട്ടു എന്നാണ് ഇവിടെ ഞാന്‍ വായിച്ചോക്കീട്ട് വീണ്ടും മനസ്സിലാവുന്നത്. അത് സ്വന്തമായോ കൂട്ടം ചേര്‍ന്നോ പങ്കാളി എന്ന ലേബല്‍ തന്ന്യാണ്? ല്ലേ?
    ഒരാള്‍ ഒറ്റയ്ക്ക് ജനിക്കുന്നോ ജീവിക്കുന്നോ ഇല്ലല്ലോ?

    April 05, 2008 9:59 AM  
  15. Blogger Santhosh Wrote:

    I will admit that he is a potential leader

    അതു തന്നെയാണു് പറഞ്ഞതു്, മിക്ക പ്രശ്നത്തിലും അഭിപ്രായം പറയുന്നവര്‍ക്കു് തുടക്കത്തില്‍ തുല്യപങ്കാളിത്തമുണ്ടാവുമെന്നും, നേതൃഗുണമുള്ള അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ മൂലമോ അറ്റുമല്ലെങ്കില്‍ അങ്ങനെയുള്ള അഭിപ്രായനിര്‍ദ്ദേശങ്ങള്‍ക്കു വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുന്നതു വഴിയോ അവര്‍ പങ്കാളി എന്ന വേഷത്തില്‍ നിന്നും ഇതരവേഷങ്ങളിലേയ്ക്കു് ചേക്കേറുന്നതു്.

    അതുകൊണ്ടുതന്നെ potential leader-നു് പ്രസക്തി ഇല്ല എന്നു പറയാനാവില്ല. അയാള്‍ ഒന്നുകില്‍ നേതാവാവുന്നു (അതായതു് അയാളുടെ വികാരവിചാരധാര മറ്റനുയായികള്‍--തുടര്‍ന്നു് പ്രശ്നത്തില്‍ പങ്കെടുക്കുന്നവര്‍--ആഘോഷിക്കുന്നു). അല്ലെങ്കില്‍ അയാള്‍ സ്വന്തം ആശയത്തിന്‍റെ വക്താവായോ മറ്റു മെച്ചപ്പെട്ട ആശയങ്ങളുടെ പങ്കാളി/തേരാളി വേഷാത്തിലേയ്ക്കോ മാറുന്നു. ആക്റ്റീവായി പങ്കെടുക്കാനുള്ള അസൌകര്യമുണ്ടായാല്‍ അയാള്‍ ദൃക്‍സാക്ഷിയായും മാറിയേക്കാം.

    ഇവിടെയൊന്നും അയാള്‍ എന്താണു് പറയുന്നത്‌ എന്നതല്ല ചര്‍ച്ചാവിഷയം. ഇടപെടല്‍ എങ്ങനെ എന്നതാണു് പരിശോധിക്കുന്നതു്.

    April 05, 2008 10:43 AM  
  16. Blogger ഗുപ്തന്‍ Wrote:

    Inji,
    My problem is exclusively his own self-awareness as an active agent in a given situation.

    Santhoshetta,
    My objection is entirely based on the concept that a person's involvement in a given social situation -crisis or whatever- should be defined primarily and principally by his own self-awareness and motivations.

    It is possible, and often happens, that a casual contribution, say a passing remark in the context of a controversy, could be taken as a 'lead' by others who participate in the same issue. As a result a person who was and meant to be a non-entity becomes an 'actual' leader (not just potential) -- exclusively by third person interpretation and re-application of his perspective. This can happen even without knowledge of the person who makes that casual contribution. And sometimes it could be misleading if not dangerous to call such a person a leader.

    Mr.X happens to see the blog-post B placed by the blog-user A. Mr X has an exclusively personal difficulty with blog-user[and not with post B]. He makes a critical comment on the post and goes his way. Mr Y, who comes there has a real issue-based problem with post B [and nothing against blog-user A] and he decides to make use of the comment by Mr X to criticize the post. In this case, I hope you agree with me that it is Mr Y [and not Mr.X], the real leader. Because it is the motivation and self-definition that makes a leader. (Yet Y, as he us using the ideas of X, may not call himself a leader)

    So my idea now stands here. It is safer to speak about lead ideas and their developers and propagators than about leaders and followers. Its more so in web transactions because a given contribution (an idea, initiative) could be far more collective than original/personal than it seems at the outset.

    And in any given situation every single person could be a contributor [original], developer or propagator [more often all at the same time] depending on the amount of creative/original content of his/her intervention and its positive motivation.

    An additional point. Defining self as leader, follower and so on has implications of loyalty, group formation etc. I don’t deem it desirable.

    Sorry about the length and the language.

    April 05, 2008 12:05 PM  

Post a Comment

<< Home