ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, May 13, 2008

മറ്റേ അച്ഛന്‍

പ്രിയപ്പെട്ട ഡോക്റ്റര്‍,

സ്ത്രീകളുടെ മനസ്സു് ഒരു പ്രഹേളികയാണെന്നു മനസ്സിലായിത്തുടങ്ങിയതു് ഒമ്പതാം ക്ലാസുമുതലാണു്. സരസ്വതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും മനോരമ കടം വാങ്ങി ബാറ്റണ്‍‍ബോസ്/വേളൂര്‍ പി. കെ. രാമചന്ദ്രന്‍ നോവലുകള്‍ക്കൊപ്പം താങ്കളുടെ മനശ്ശാസ്ത്ര പംക്തിയും സ്ഥിരമായി വായിച്ചുതുടങ്ങുന്നതും ഒമ്പതാം ക്ലാസില്‍ വച്ചുതന്നെ. ഒരു മനശ്ശാസ്ത്രജ്ഞനാവുക എന്നതായിരുന്നു അന്നുമുതല്‍ എന്‍റെ ആഗ്രഹം. പിടികിട്ടാതെ വരുന്ന പല സങ്കീര്‍ണ്ണപ്രശ്നങ്ങളും, പ്രശ്നഹേതുക്കളായ അവളുമാരെയൊക്കെ പിടിച്ചുകിടത്തി ഒരു മനോവായന നടത്തിയാല്‍ തീരുന്നതേയുള്ളൂ എന്ന തിരിച്ചറിവായിരുന്നു എന്‍റെ അത്യാഗ്രഹത്തിന്‍റെ മൂലകാരണം.

കാലം കഴിയവേ, പെണ്‍‍മനസ്സിനെ വായിച്ചെടുക്കാമെന്ന അമിതാഗ്രഹമൊക്കെയുപേക്ഷിച്ചു് ഞാനൊരു എഞ്ചിനീയറായിത്തീരുകയും അതു കാര്യമാക്കാതെ കല്യാണം കഴിക്കുകയും ചെയ്തു. താങ്കള്‍ കൈകാര്യം ചെയ്യുന്ന ‘ഡോക്റ്ററോടു ചോദിക്കൂ’ എന്ന പംക്തി, ഭാര്യ കാണാതെയാണെങ്കിലും, ഇപ്പോഴും മുടങ്ങാതെ ഞാന്‍ വായിക്കാറുണ്ടു്. (അതിനു വേണ്ടിക്കൂടിയാണു് ഞാന്‍ തന്നെ മുന്‍‍കൈയെടുത്തു് ഈ മാസിക വരുത്തിത്തുടങ്ങിയതു് എന്ന കാര്യം ഭാര്യയ്ക്കറിയില്ല.)

ഇനി കാര്യത്തിലേയ്ക്കു വരാം. കഴിഞ്ഞ ഒന്നരമാസമായി എന്നെ അലട്ടുന്ന പ്രശ്നത്തിനു് താങ്കളുടെ പംക്തിയിലൂടെ മറുപടി കിട്ടാനാണു് ഈ കത്തയയ്ക്കുന്നതു്. ദയവായി എന്‍റെ പേരും സ്ഥലവും വെളിപ്പെടുത്തരുതു്. ഇനിഷ്യലും സ്ഥലപ്പേരും പോലും വയ്ക്കരുതു്, പ്ലീസ്. താങ്കളുടെ മാസിക വായിക്കാത്തവരായോ ഈ കഥ അറിയാത്തവരായോ ഇപ്രദേശത്തു് അധികം പെണ്ണുങ്ങളില്ല.

കാറ്റും മഴയും മാറാതെ നിന്ന വൈകുന്നേരങ്ങളിലൊന്നില്‍ ഓഫീസില്‍ നിന്നെത്തി വാതില്‍ തുറന്നു് അകത്തുകടന്ന എന്നെക്കണ്ടിട്ടു് മൂന്നരവയസ്സുകാരന്‍ വിളിച്ചു പറയുകയാണു്, “അമ്മാ, മറ്റേ അച്ഛയല്ല, ഓഫിസി പോണ അച്ഛ വന്നു!”

സത്യം പറഞ്ഞാല്‍, ഇതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കു് ആദ്യമൊന്നും തോന്നിയതേയില്ല. “ഓഫിസി പോയ അച്ഛ വന്നു” എന്നാണു് ഞാന്‍ കേട്ടതു തന്നെ. പിന്നീടുള്ള ദിവസങ്ങളിലാണു്, “ഓഫീസി പോയ അച്ഛ” എന്നല്ല മകന്‍ പറയുന്നതെന്നും “ഓഫീസി പോണ അച്ഛ” എന്നാണെന്നും ഞാന്‍ മനസ്സിലാക്കുന്നതു്. ഈ തിരിച്ചറിവിനു ശേഷവും, ഓഫീസില്‍ നിന്നും വന്നു കയറുമ്പോള്‍ മകന്‍ പറയുന്ന അസംഖ്യം കഥകളിലൊന്നിന്‍റെ തുടക്കം എന്നു മാത്രമേ ഞാനിതിനെ കരുതിയുള്ളൂ. എന്നാല്‍ പിന്നീടു് മകനുമായുള്ള ഇടപഴകലുകളില്‍ “മറ്റേ അച്ഛന്‍റെ” സ്വാധീനം കൂടി വരുന്നതു് എന്നില്‍ ആശങ്ക ഉണര്‍ത്തി.

ഡോക്റ്ററുടെ അറിവിലേയ്ക്കും പൂര്‍ണ്ണമായ രോഗനിര്‍ണ്ണയത്തിനുമായി മകനുമായി മറ്റേ അച്ഛന്‍ സംബന്ധിയായി നടന്ന സംഭാഷണങ്ങളുടെ മൂന്നു് ഉദാഹരണങ്ങള്‍ കൊടുക്കുന്നു.

ഞാന്‍: “മോനേ, നിനക്കു് അമ്മയെയാണോ ഇഷ്ടം, അച്ഛനെയാണോ ഇഷ്ടം?”
മകന്‍: “അമ്മേ ആണിസ്ടം.”
ഞാന്‍: “ഓക്കേ, അമ്മ കഴിഞ്ഞാല്‍ പിന്നെ ആരെയാണിഷ്ടം?”
മകന്‍: “ഓക്കേ, ബൈ ബൈ!”
ഞാന്‍: “അതല്ല, മോനേ... അച്ഛനെ ഇഷ്ടമല്ലേ?”
മകന്‍: “മറ്റേ അച്ഛനെ ഇസ്ടം.”

* * *

ഞാന്‍: മോനും, അമ്മയും, അച്ഛനും കൂടി ഇന്നു് എവിടെ പോവും?
മകന്‍: മോനും, അമ്മയും, മറ്റേ അച്ഛയും ഇന്നു് കടേ പോവും. അമ്മയ്ക്കു് മറ്റേ അച്ഛ ഡ്രസ് വാങ്ങിയ്ക്കും.

* * *

ഞാന്‍: മോനേ, അച്ഛന്‍റെ കമ്പ്യൂട്ടറില്‍ തൊടല്ലേ. കമ്പ്യൂട്ടര്‍ ചീത്തയായാല്‍ ഓഫീസില്‍ പോകുമ്പോ അച്ഛനു് അടി കിട്ടും.
മകന്‍: മറ്റേ അച്ഛേടെ കമ്പ്യൂത്തലില് തൊടട്ടാ?
ഞാന്‍: നിന്‍റെയൊരു മറ്റേ അച്ഛന്‍. മറ്റേ അച്ഛന്‍ എങ്ങനെയിരിക്കും?
മകന്‍: (കസേരയില്‍ ഇരിക്കുന്നതുപോലെ കാണിച്ചിട്ടു്) മറ്റേ അച്ഛ ഇങ്ങനെയിരിക്കും.

* * *

മറ്റേ അച്ഛനെപ്പറ്റി മകനില്‍ നിന്നു തന്നെ കൂടുതല്‍ അറിയാം എന്നു് എനിക്കു് പ്രതീക്ഷയില്ല ഡോക്റ്റര്‍. ഇതൊക്കെ കേട്ടിട്ടു് അവസാനം ഒരു സമാധാനവുമില്ലാതെ ഞാന്‍ ഭാര്യയോടു് തന്നെ ഈ മറ്റേ അച്ഛനെപ്പറ്റി ചോദിച്ചു. ഈയിടെയായി മകനു് കഥയുണ്ടാക്കിപ്പറച്ചില്‍ കൂടുതലാണെന്നായിരുന്നു ഭാര്യയുടെ വളരെ സാ-മട്ടിലുള്ള മറുപടി. ബെഡ് റൂമില്‍ സിംഹവും മകനും കൂടി കളിച്ചെന്നും അടികൂടി സിംഹത്തിനെ ശരിയാക്കിയെന്നും ഇടയ്ക്കു പറയും പോലും. ഈവിധം ഇമാജിനറി സംഭവങ്ങള്‍ പറയലാണു് ഇപ്പോഴത്തെ മെയ്ന്‍ പരിപാടിയത്രേ.

ഈ കഥകളൊന്നും മകന്‍ എന്നോടു പറയുന്നില്ലല്ലോ എന്നു ഞാന്‍ പറഞ്ഞു നോക്കി. ഇതൊക്കെ എന്നോടും പറയാറുണ്ടായിരുന്നെന്നും ഇതൊന്നും പറഞ്ഞാല്‍ അച്ഛന്‍ മൈന്‍ഡു ചെയ്യില്ല എന്നു മനസ്സിലാക്കിയാവണം അച്ഛന്‍ നല്ലവണ്ണം മൈന്‍ഡു ചെയ്യുന്ന ഒരു കഥ കണ്ടു പിടിച്ചതെന്നുമാണു് ഭാര്യയുടെ വിശദീകരണം.

സര്‍, ഭാര്യ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടു്? സംശയരോഗി എന്നു മുദ്രകുത്തപ്പെടാതെ, ഭാര്യയെ തല്ലാതെ, വീട്ടില്‍ രഹസ്യമായി വീഡിയോ ക്യാമറ സ്ഥാപിക്കാതെ, കോയമ്പത്തൂര്‍ പോകുന്നെന്നും പറഞ്ഞു് (അല്ല, കാലിഫോര്‍ണിയയില്‍ പോകുന്നെന്നും പറഞ്ഞു്) അവിടെ പോകാതെ വീട്ടുപരിസരത്തു് ഒളിച്ചിരിക്കാതെ, ഈ പ്രശ്നത്തിന്‍റെ കുരുക്കഴിക്കുന്നതെങ്ങനെയാണു് ഡോക്റ്റര്‍? അങ്ങയുടെ വിലയേറിയ മറുപടി അടുത്തമാസം പ്രസിദ്ധീകരിക്കണമെന്നു് അപേക്ഷിച്ചുകൊണ്ടു് നിറുത്തുന്നു.

Labels:

12 Comments:

  1. Blogger Inji Pennu Wrote:

    പോസ്റ്റിന്റെ ലേബല്‍ മാറിപ്പോയോ? വൈയക്തികം അല്ലേ? (വളരെ നിഷ്കളങ്കമായ ചോദ്യമാണ്, തെറ്റിദ്ധരിക്കരുത്) :)

    May 13, 2008 5:01 PM  
  2. Blogger Santhosh Wrote:

    തെറ്റിദ്ധരിക്കുന്നില്ല. വൈയക്തികം എന്ന ലേബലിടാന്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ടു്. :)

    May 13, 2008 5:13 PM  
  3. Blogger സു | Su Wrote:

    ഹിഹി. ഒരു കൂട്ടുകാരന് ഇങ്ങനെയൊരു പ്രശ്നം ഉണ്ട് എന്നെഴുതാത്തത് തന്നെ ഭാഗ്യം. ;) ഇതിന്റെ മറുപടി എഴുതണമെന്നുണ്ട് സന്തോഷ്. പക്ഷെ ഒരു മൂഡില്ല.

    May 13, 2008 6:05 PM  
  4. Blogger തറവാടി Wrote:

    ഉം ഉം മനസ്സിലായി , രസികന്‍ ;)

    May 13, 2008 7:14 PM  
  5. Blogger ഹരിത് Wrote:

    ഇതൊരു വമ്പിച്ച പ്രശ്നമാണല്ലോ! രക്ഷിക്കൂ ഡോക്ടര്‍, പ്ലീസ്.

    OT: എന്തിനാ ഈ വേഡ് വെരി എന്ന മാരണം?

    May 13, 2008 8:33 PM  
  6. Blogger മുല്ലപ്പൂ Wrote:

    ഈ കത്തിനു മറുപടി കിട്ടുമ്പോ ഒരു കോപ്പി എനിക്കും.
    "ഈ അച്ചയെ" തേടി നടക്കുന്ന ഒരാളെ എനിക്കും അറിയാം. ;)
    (ചിരിച്ചു മതിയായി )

    May 14, 2008 12:42 AM  
  7. Blogger നവരുചിയന്‍ Wrote:

    ഇതിന് ഒരു പരിഹാരം- നമുടെ മറ്റെ മോനോട്‌ ചോദിക്ക്

    May 14, 2008 4:56 AM  
  8. Blogger ചീര I Cheera Wrote:

    ഹി,ഹി... ശരിയ്ക്കും ചിരിപ്പിച്ചു!
    :))

    May 14, 2008 5:09 AM  
  9. Blogger പൈങ്ങോടന്‍ Wrote:

    മറ്റേ ഫാര്യയുടെ മറ്റേ മോനോട് ചോദിച്ചാ മറ്റേ അച്ഛനെക്കുറിച്ച് എന്തേലും വിവരം കിട്ടാതിരിക്കില്ല

    May 14, 2008 10:15 AM  
  10. Anonymous Anonymous Wrote:

    പ്രിയ സന്തോഷ്,
    കാര്യങ്ങള്‍ വിശദമായി എഴുതിയതിനു നന്ദി. ഇതിന്‍റെ പരിഹാരം ഒരു കത്തിലൂടെ തരാന്‍ ബുദ്ധിമുട്ടാണ്. വീടിന്‍റെ അഡ്രസ്സ് ഉടനെ എന്നെ അറിയിക്കുക.

    May 14, 2008 10:55 AM  
  11. Blogger ആഷ | Asha Wrote:

    എന്നിട്ട് മറ്റേ അച്ചയെ കണ്ടുകിട്ടിയോ?

    May 21, 2008 10:08 PM  
  12. Anonymous Anonymous Wrote:

    ആഷചേച്ചി ഡോക്ടറുടെ മറുപടി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് തോന്നുന്നു. അവിടെയും എന്തെകിലും ഇതുപോലത്തെ പ്രശ്നം?

    May 28, 2008 1:39 PM  

Post a Comment

<< Home