ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, March 24, 2009

സ്പീക്കര്‍ ഫോണ്‍

“അമ്മേ, ദീപുവിന്‍റെ കല്യാണത്തിനു പോയോ?”
“ഗോപൂം പെണ്ണും ഈ വഴി വന്നതു കൊണ്ടു് പോവാന്‍ പറ്റി!”
“കല്യാണം എങ്ങനെ?”
“പെണ്ണു് കൊള്ളാം. നല്ല സ്വഭാവക്കാരാണെന്ന് തോന്നുന്നു. എന്തരോ വരട്ടു്!”
“പെണ്ണും കൊള്ളാം വീട്ടുകാരും കൊള്ളാം. പിന്നെന്താണു് ഒരു ‘എന്തരോ വരട്ടു്’?”

(നിശ്ശബ്ദത)

“ഹലോ?”
“അല്ല, അവളു മകവും അവന്‍ നിന്‍റെ പോലെ വിശാഖവുമാണു്...”
“അതിനു്?”
“നീ കെട്ടണോന്നും പറഞ്ഞു നടന്ന പെണ്ണില്ലേ? അവള്‍ടെ നാളും മകമാരുന്നു്. അതല്ലീ ഞാന്‍ അന്നു് വേണ്ടാന്നു് ശഠിച്ചതു്?”

(ഞാന്‍ അല്പം പരുങ്ങിയിട്ടു്)
“ഹലോ, ഇതു് സ്പീക്കര്‍ ഫോണിലാണു്...”
“ഏ? ഫോണാ? നീ ഫോണ്‍ ചെയ്തോണ്ടിരുന്ന പെണ്ണല്ല. മറ്റേ പെണ്ണു്. മകം...”
“എന്നാല്‍ ശരി. പിന്നെ വിളിക്കാം!”

ഞാന്‍: “ദീപൂന്‍റെ കല്യാണത്തിനു് അമ്മ പോയിരുന്നൂന്നു്!”
ഭാര്യ: “സ്പീക്കര്‍ ഫോണിലായിരുന്നല്ലോ. ഞാന്‍ കേട്ടു.”

വാല്‍ക്കഷണം:
അമ്മ പേറ്റു നോവറിയണം
മക്കള്‍ പോറ്റുനോവറിയണം
(കുഞ്ഞുണ്ണി)

Labels:

Sunday, March 22, 2009

കടമ്പകള്‍

മകനുറങ്ങണം ജോലിതീരണം
മലര്‍മിഴിക്കഹോ മൂഡുമാറണം
അതുകഴിഞ്ഞിടില്‍ സ്നേഹനാടകം
മിഥുനകേളിയില്‍ വിഘ്നമെത്രയോ!

[വൃത്തം: സമ്മത. ലക്ഷണം: നരരലംഗവും സമ്മതാഭിധം. ഹരിവരാസനം സമ്മത വൃത്തത്തിലാണു്.]

Labels: ,

Wednesday, March 18, 2009

ഭാരവാഹികളെ ആവശ്യമുണ്ടു്

ഞങ്ങളുടെ മലയാളി സമാജം പുതിയ ഭാരവാഹികളെ തേടുന്നു. ഈ ഏരിയയില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കു് അപേക്ഷിക്കാം. മലയാളി അസ്സോസ്സിയേഷനുകളില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കു് മുന്‍‍ഗണനയുണ്ടു്.

പ്രസിഡന്‍റ്, സെക്രട്ടറി പദവികളിലേയ്ക്കാണു് തല്കാലം അപേക്ഷകള്‍ സ്വീകരിക്കുന്നതെങ്കിലും വൈസ് പ്രസിഡന്‍റ് തുടങ്ങിയ മറ്റു നിസ്സാരപദവികളിലേയ്ക്കും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്‍റ് ക്രിസ്ത്യാനിയും സെക്രട്ടറി ഹിന്ദുവുമായിരുന്നതിനാല്‍ 2009-ല്‍ ഹിന്ദുക്കള്‍ക്കു മാത്രമേ പ്രസിഡന്‍റായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. സെക്രട്ടറിയായി മത്സരിക്കുന്നയാള്‍ ക്രിസ്ത്യാനി ആയിരിക്കണമെന്നും നിര്‍ബന്ധമാണു്. (ഗണ്യമായ മുസ്ലിം അംഗബലം ഇല്ലാത്ത അസ്സോസ്സിയേഷനാകയാല്‍ മുസ്ലിം സം‌വരണം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.)

മത്സരിക്കാനാഗ്രഹിക്കുന്നവര്‍ ഏതെങ്കിലും മുന്‍‍കാല പ്രസിഡന്‍റിന്‍റേയോ സെക്രട്ടറിയുടേയോ പിന്തുണ നേടിയ ശേഷം, ഉടന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണു്.

പി. എസ്: അസ്സോസ്സിയേഷന്‍ ഭരണഘടനയില്‍ സം‌വരണക്കാര്യം പറയുന്നില്ല എന്നതിനാല്‍ അക്കാര്യം പബ്ലിക്കായി അസ്സോസ്സിയേഷന്‍റെ വെബ്സൈറ്റില്‍ ഇടാന്‍ ബുദ്ധിമുട്ടുണ്ടു്. സഹകരിക്കുമല്ലോ.

നന്ദി.

Labels: