ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, March 22, 2009

കടമ്പകള്‍

മകനുറങ്ങണം ജോലിതീരണം
മലര്‍മിഴിക്കഹോ മൂഡുമാറണം
അതുകഴിഞ്ഞിടില്‍ സ്നേഹനാടകം
മിഥുനകേളിയില്‍ വിഘ്നമെത്രയോ!

[വൃത്തം: സമ്മത. ലക്ഷണം: നരരലംഗവും സമ്മതാഭിധം. ഹരിവരാസനം സമ്മത വൃത്തത്തിലാണു്.]

Labels: ,

35 Comments:

  1. Blogger Pramod.KM Wrote:

    കെണിയൊരുക്കണം കാത്തിരിക്കണം
    പണമിറക്കണം പെണ്ണു വീഴുവാന്‍
    പ്രണയഭാജനം സമ്മതിക്കണം
    പണികുറേ!,പുവര്‍ മല്ലുബാച്ചികള്‍:)

    March 23, 2009 1:39 AM  
  2. Blogger Pramod.KM Wrote:

    മകനുറങ്ങിയാല്‍ പണികള്‍ തീരുകില്‍
    മലര്‍മിഴിക്കഹോ മനസുമാറുകില്‍
    മതിവരും വരെ പ്രണയനാടകം
    മിഥുനകേളികള്‍! ഇതു സുഖാവഹം:)
    (വൃത്തം:സുഖാവഹം)

    March 23, 2009 2:15 AM  
  3. Blogger നരിക്കുന്നൻ Wrote:

    കവിതയും കമന്റുകളും ഒന്നിനൊന്ന് മെച്ചം. കവിതക്കിടയിൽ മലയാളം തന്നെ എഴുതുമ്പോൾ ഒരു സുഖം തോന്നും. ‘മൂഡ്‘ ഒഴിവാക്കാമായിരുന്നു.

    ആശംസകൾ!

    March 23, 2009 2:25 AM  
  4. Blogger Babu Kalyanam Wrote:

    ;-)

    March 23, 2009 9:22 AM  
  5. Blogger Santhosh Wrote:

    “മിഥുനകേളികള്‍! ഇതു സുഖാവഹം” എന്നതു് “മിഥുനകേളികളിതു സുഖാവഹം” എന്നെഴുതുമ്പോള്‍ വൃത്തം മാറുമല്ലോ പ്രമോദേ. ചില്ലിനു ശേഷം സ്വരമാണു വരുന്നതെങ്കില്‍ വൃത്തമൊപ്പിക്കാന്‍ പിരിച്ചെഴുത്തു് അനുവദിക്കില്ല. :)

    ശ്ലോകം രണ്ടും കലക്കന്‍!

    നരിക്കുന്നന്‍: മൂഡിനു പകരം രാശി എന്ന വാക്കാണു് ആദ്യം മനസ്സില്‍ വന്നതു്. ‘എന്തു രാശി’ എന്നാരെങ്കിലും കരുതിയാലോ എന്നു വിചാരിച്ചു് മൂഡാക്കിയതാണു്.

    March 23, 2009 9:34 AM  
  6. Blogger നിരക്ഷരൻ Wrote:

    ഇതൊക്കെ അരമന രഹസ്യമല്ലേ ? ഇങ്ങനെ വിളിച്ച് കൂവാമോ ? :) :) :)

    ഉഗ്രനായിട്ടുണ്ട്.

    March 23, 2009 10:49 AM  
  7. Blogger അയല്‍ക്കാരന്‍ Wrote:

    അണിഞ്ഞൊരുങ്ങണം പെണ്ണുകാണണം
    അതിലൊരുത്തിശരി തലകുലുക്കണം
    അഗ്നിസാക്ഷിയായ്പിന്നെത്താലി കെട്ടണം
    അകലെയാണഹോ മല്‍ നല്ലനാളുകള്‍

    March 23, 2009 4:47 PM  
  8. Blogger Santhosh Wrote:

    അയല്‍ക്കാരനെ ഒന്നു വൃത്തത്തിലാക്കിയപ്പോള്‍ ഇങ്ങനെ:

    അരമുറുക്കണം പെണ്ണുകാണണം
    അതിലൊരുത്തിയോ സമ്മതിക്കണം
    അവളെവേള്‍ക്കണം അഗ്നിമുന്നിലായ്
    അകലെയാണെന്‍റേ നല്ലനാളുകള്‍!

    അവസാന വരി ഇങ്ങനേയും പറയാം:

    അനുഭവിക്കണം പിന്നെയെന്നുമേ!

    ഇതിലും നല്ലതു വേണമെങ്കില്‍ ഉമേഷിനേയോ പ്രമോദിനേയോ വിളിക്കുക. :)

    March 23, 2009 5:08 PM  
  9. Blogger അനിയന്‍കുട്ടി | aniyankutti Wrote:

    ആഹ! കിടു! :)

    March 23, 2009 8:59 PM  
  10. Blogger Umesh::ഉമേഷ് Wrote:

    സന്തോഷേ,

    പ്രമോദിനെ തിരുത്തിയ പ്രശ്നം സന്തോഷിന്റെ ശ്ലോകത്തിലുമുണ്ടല്ലോ. അയൽക്കാരനെ തിരുത്തിയ “അവളെ വേൾക്കണം അഗ്നി മുന്നിലായ്” എന്നിടത്തു്. അഗ്നിക്കു പകരം വഹ്നിയോ മറ്റോ ആയാൽ കുഴപ്പമില്ല :)

    സന്തോഷ് ഈയിടെയായി വെണ്മണിയുടെ വഴിയ്ക്കാണല്ലോ. പ്രണയദിനം എന്ന പോസ്റ്റിലെ “അഖണ്ഡമായ്...” എന്ന ശ്ലോകത്തിനു് “നിർത്താതെ പൊങ്ങിയും താണും സുഖിച്ചും ഇടയ്ക്കിടെ അല്പം ബുദ്ധിമുട്ടിയും എന്നെ സഹിച്ച എന്റെ പ്രേമഭാജനമേ, വരൂ, നമുക്കു പ്രണയദിനം ആഘോഷിക്കാം” എന്നു് ഒരു സുഹൃത്തു് അർത്ഥം കണ്ടതു് യാദൃച്ഛികമല്ലെന്നു വരുമോ? :)

    March 23, 2009 10:59 PM  
  11. Blogger Pramod.KM Wrote:

    ഹഹ.ഉമേഷേട്ടന്‍ തകര്‍ത്തു:)

    March 23, 2009 11:14 PM  
  12. Blogger Santhosh Wrote:

    അതുശരിയാണല്ലോ ഉമേഷേ. അയല്‍ക്കാരാ, അഗ്നിമാറ്റി വഹ്നി ആക്കുക.

    വെണ്മണിപ്രശ്നം: സുഹൃത്തല്ലേ വെണ്മണിവഴിക്കു പോയതു് എന്നൊരാശങ്ക. :)

    March 23, 2009 11:14 PM  
  13. Blogger Eccentric Wrote:

    kidilam :)

    March 23, 2009 11:22 PM  
  14. Blogger Umesh::ഉമേഷ് Wrote:

    "മിഥുനകേളിയിൽ വിഘ്നമെത്രയോ” എന്നതിൽ ൽ-നെ ഉറപ്പിച്ചു ഗുരുവാക്കുന്നതിനെയാണു് മധുരാജ് ഇവിടെ ആധ്മാനം ചെയ്യുക എന്നു പറഞ്ഞതു്.

    സന്തോഷിനു്:
    സുതനുറങ്ങണം, ജോലി തീർക്കണം,
    സുതനു മുഗ്ദ്ധയായ് മുന്നിലെത്തണം,
    അതു കഴിഞ്ഞു പിന്നൊട്ടു കൊഞ്ചണം;
    മിഥുനകേളി തൻ വിഘ്നമെത്രയോ!

    അയൽക്കാരനു്:
    മുഖമൊരുക്കണം, പെണ്ണു കാണണം,
    ഒരുവളെങ്കിലും സമ്മതിക്കണം,
    മുഴുവനൊക്കണം, താലി കെട്ടണം
    അകലെയാണു മത്പ്രേമനാളുകൾ!

    March 23, 2009 11:30 PM  
  15. Blogger Pramod.KM Wrote:

    മിഥുനകേളി ത‘ൻ’ വിഘ്നമെത്രയോ!" ഇതിലും ആധ്മാനം പ്രശ്നിക്കുന്നല്ലോ.

    March 23, 2009 11:40 PM  
  16. Blogger Umesh::ഉമേഷ് Wrote:

    ഇല്ല പ്രമോദേ. “തൻ വിഘ്നം” എന്നതിലെ ചില്ലു് എപ്പോഴും ഉറച്ചു തന്നെയാണു്.

    അയൽക്കാരനു കൊടുത്ത ശ്ലോകത്തിലെ ഒന്നിലെയും മൂന്നിലെയും അവസാനത്തിലെ അനുസ്വാരങ്ങൾ സ്വരങ്ങളോടു ചേരും എന്നൊരു പ്രശ്നമുണ്ടു്. വരിയുടെ അവസാനമായതുകൊണ്ടു് വേണമെങ്കിൽ ആവാം എന്നു പറഞ്ഞാലും അതു വൈകല്യം തന്നെ.

    March 23, 2009 11:49 PM  
  17. Blogger Santhosh Wrote:

    തിരുത്തലുകള്‍ക്കു് നന്ദി, ഉമേഷ്.

    March 24, 2009 7:50 AM  
  18. Anonymous Anonymous Wrote:

    >>സ്നേഹനാടകം

    ഇതെല്ലാം ഒരു ബുദ്ധിമുട്ടായി തുടങ്ങിയോ? :-)

    March 24, 2009 10:01 AM  
  19. Blogger ഹരിത് Wrote:

    ഇവന്മാര്‍ക്കു വേറേ പണിയൊന്നുമില്ലേ എന്‍റെ വെണ്മണിക്കാവിലമ്മേ!!!!

    :)

    March 24, 2009 10:41 AM  
  20. Blogger അയല്‍ക്കാരന്‍ Wrote:

    ഉമേഷ്, സന്തോഷ്: കവിത വൃത്തത്തിലാക്കിത്തന്നവര്‍ക്ക് നന്ദി.

    ഓ.ടോ: നാലാളു കൂടുന്ന ബ്ലോഗില്‍ വന്ന് ഒരാവശ്യം പറയുമ്പോള്‍ ജീവിതം ഒന്നു വൃത്തമെത്തിക്കാന്‍ ആരെങ്കിലും സഹായിക്കും എന്നു കരുതി. നോ രക്ഷ.

    March 24, 2009 5:20 PM  
  21. Blogger പാഞ്ചാലി Wrote:

    ആദ്യവായനയില്‍ അയല്‍ക്കാരന്റെ ശ്ലോകം ബാബു കല്യാണമെഴുതിയതാണെന്ന് എങ്ങിനെയോ തെറ്റിദ്ധരിച്ചു പോയിരുന്നു. അതിനാല്‍ ബാബുവിന്റെ നാലഞ്ചുകൊല്ലം കഴിഞ്ഞുള്ള ഒരു പരിദേവനം സങ്കല്‍പ്പിക്കുകയും ചെയ്തിരുന്നു.

    ഭൈമി ശയ്യയില്‍ നിദ്ര പൂകണം
    സുതനു തന്‍പ്രിയ ചാനല്‍ വയ്ക്കണം
    അതിനനന്തരം ബ്ലോഗര്‍ നോക്കണം
    വിഘ്നമെത്രയോ ബ്ലോഗുചെയ്യുവാന്‍!
    :(

    (സന്തോഷും ഉമേഷും വന്ന് തിരുത്തി ഒരു വഴിക്കാക്കിത്തരുമെന്ന് കരുതി, ചാള്‍സ് ശോഭ്‌രാജില്‍ നിന്നും ധൈര്യം കടമെടുത്ത്, പോസ്റ്റുന്നു!)

    പിന്നെയാണ് അയല്‍ക്കാരന്റെ അവസാനത്തെ കമന്റ് കണ്ടത്. അപ്പോള്‍ മനസ്സിലായി ബാബൂനേയും അയല്‍ക്കാരനേയും ഒരു വണ്ടിയില്‍ തന്നെ കെട്ടാമെന്ന്!
    :)

    March 24, 2009 8:32 PM  
  22. Blogger Umesh::ഉമേഷ് Wrote:

    പാഞ്ചാലീ,

    ഭൈമി എന്നു പറഞ്ഞതു് ആരെയാണു്? ഭാര്യയോ വേറേ ആരെങ്കിലുമോ? സുതനു = സുന്ദരി, ഭാര്യ തന്നെ, അല്ലേ?

    March 24, 2009 9:09 PM  
  23. Blogger പാഞ്ചാലി Wrote:

    സുതന്‍ എന്നതിന് പുത്രന്‍ എന്ന് അര്‍ത്ഥമില്ലേ ഉമേഷെ?
    (പൊട്ടത്തരമായോ?)

    March 24, 2009 9:11 PM  
  24. Blogger പാഞ്ചാലി Wrote:

    സുതന്‍-പുത്രന്‍, സൂതന്‍-തേരാളി എന്ന് പണ്ട് കാണാപ്പാഠം പഠിച്ചത് തെറ്റിയോ????

    March 24, 2009 9:18 PM  
  25. Blogger Umesh::ഉമേഷ് Wrote:

    സുതരുറങ്ങണം, ശയ്യ പൂകണം,
    മിഥുനകേളിയൊട്ടൊന്നു തീർക്കണം,
    അവളെയൊന്നുറക്കീട്ടു പോരണം,
    കഠിനമാണഹോ ബ്ലോഗു ചെയ്യുവാൻ!

    പാഞ്ചാലി എഴുതുമ്പോൾ ‘അവളെ’ എന്നതു് ‘അവനെ’ എന്നാക്കിക്കൊള്ളൂ :)

    March 24, 2009 9:18 PM  
  26. Blogger Umesh::ഉമേഷ് Wrote:

    ഓ, സുതനു്. ശരി തന്നെ. ഭാര്യ ഉറങ്ങിയിട്ടും മകൻ ചാനൽ കണ്ടുകൊണ്ടിരിക്കുകയാണോ?

    March 24, 2009 9:19 PM  
  27. Blogger പാഞ്ചാലി Wrote:

    ബാബു കല്യാണത്തിന്റെയല്ലേ, കുട്ടന്‍ വല്ല കുഞ്ഞിക്കണക്കും നോക്കിയിരുന്നതായിരിക്കും എന്നു കരുതി!

    March 24, 2009 9:22 PM  
  28. Blogger Santhosh Wrote:

    പാഞ്ചാലീ, ഇങ്ങനെയായാലോ?

    ഗൃഹിണി ശയ്യയില്‍ നിദ്ര പൂകണം
    സുതനു മാത്രമായ് ചാനല്‍ വയ്ക്കണം
    അതിനനന്തരം ബ്ലോഗര്‍ നോക്കണം
    കഠിനമാണഹോ ബ്ലോഗുചെയ്യുവാന്‍!

    (ഇനി ഉമേഷിനു് ഇതും തിരുത്തേണ്ടി വരുമല്ലോ!)

    March 24, 2009 10:29 PM  
  29. Blogger പാഞ്ചാലി Wrote:

    എനിക്കു പണ്ടേ സമ്മതം സന്തോഷേ. :)(നിങ്ങള്‍ക്കെല്ലാം സമ്മതമാണേല്‍ എനിക്കും സമ്മതം-എന്ന മട്ട്.)

    വേണ്ടാ വേണ്ടാ! ഇതു ശരിയാകില്ല! കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ! എന്നൊക്കെ കരുതി കമന്റ് എഴുതാതിരിക്കുകയായിരുന്നു. വരുന്നതു വരട്ടെ എന്നു കരുതി എഴുതിക്കഴിഞ്ഞയുടനെ തന്നെ ഉമേഷിന്റെ “സുതനു” കമന്റു വന്നതുകണ്ട് കസേരയില്‍ നിന്നു താഴെപ്പോയില്ലേന്നെയുള്ളൂ!
    (ഗുരുവും ലഘുവും ഗണവും ഒക്കെ മറന്നതിനാല്‍ “ഹരിവരാസനം” റ്റ്യൂണൊപ്പിച്ചങ്ങെഴുതി നോക്കിയതാണ്.)
    :)

    March 24, 2009 11:02 PM  
  30. Blogger Zebu Bull::മാണിക്കൻ Wrote:

    കറികള്‍ വയ്ക്കണം, മദ്യപിക്കണം
    പഴയ ചോറിനെ തപ്തമാക്കണം
    വയറെരിഞ്ഞതിന്‍ തീയണയ്ക്കണം
    കഴുകിവയ്ക്കണം തിന്ന വസ്തികള്‍

    ഒരു കുടന്നയില്‍ സ്വാമി പോരണം
    മറു കുടന്നയില്‍ ബീഡി ചോരണം
    നിറയെയൊരുകവിള്‍ പുകയെടുക്കണം
    അതുകഴിഞ്ഞുടന്‍ ബ്ലോഗു ചെയ്യണം.

    March 25, 2009 10:28 AM  
  31. Blogger Santhosh Wrote:

    അര്‍ത്ഥമെന്താണെന്നു് ചോദിക്കരുതു്. മാണിക്കന്‍റെ വാക്കുകള്‍ കഴിവതും reuse ചെയ്തു് ഇങ്ങനെ ആക്കി:

    കറികള്‍ വയ്ക്കണം, മദ്യപിക്കണം
    പഴയ ഭക്ഷണം തപ്തമാക്കണം
    വയറെരിഞ്ഞതിന്‍ തീയണയ്ക്കണം
    കഴുകിവയ്ക്കണം തിന്ന വസ്തികള്‍

    ഒരു കുടന്നയില്‍ സ്വാമി പോരണം
    മറു കുടന്നയില്‍ ബീഡി ചോരണം
    കതകടച്ചു താന്‍ ധൂമമുണ്ണണം
    അതുകഴിഞ്ഞുടന്‍ ബ്ലോഗു ചെയ്യണം.

    (ഏഴും എട്ടും വരികള്‍ ഒട്ടിച്ചേരില്ല എന്നു കരുതുക.)

    March 25, 2009 1:07 PM  
  32. Blogger Zebu Bull::മാണിക്കൻ Wrote:

    ഹഹഹ, സന്തോഷേ, ഞാന്‍ വെറുതെ ആവേശം മൂത്ത് കവച്ചതല്ലേ, അതില്‍ അര്‍ത്ഥമൊന്നും നോക്കണ്ടാ. ഒരു "താമസാ വാരാ കുര്‍‌വണാ"സ്റ്റയിലില്‍ എഴുതിയതാണ്‌. കവികള്‍ സ്വന്തം കവിത വ്യാഖ്യാനിക്കരുത്‌ എന്നാണെങ്കിലും...

    ടിപ്പണി
    --------
    വസ്തി - ഒരു തരം പ്ലേറ്റ്
    സ്വാമി - കഞ്ചാവ് (കഞ്ചാവ് ഒരു കൈയിലും, ബീഡിയിലെ ഒറിജിനല്‍ ചുക്ക മറ്റേ കൈയിലും എന്നൊക്കെയായിരുന്നു എന്റെ വികലഭാവനയില്‍ :-)

    March 25, 2009 3:08 PM  
  33. Blogger Calvin H Wrote:

    സ്വൈപ് ചെയ്യണം ടെസ്റ്റെടുക്കണം
    മൗസെടുക്കണം ബ്രൗസ് ചെയ്യണം
    കോഡു ചെയ്യണം ടെസ്റ്റ് ചെയ്യണം
    കഠിനമാണു ലൈഫ് ഐടി ഫീല്‍ഡിതില്‍
    ;)

    March 29, 2009 5:51 PM  
  34. Anonymous Anonymous Wrote:

    ഫ്രിഡ്ജ്‌ തുറക്കണം കറി എടുക്കണം
    മണത്തു നോക്കണം ടേസ്റ്റ് അറിയുവാന്‍
    പ്ലേറ്റ് എടുക്കണം വേറെ കൂട്ടുകള്‍
    മിക്സ് ചെയ്യണം , കണവനോടിത് മറച്ചു വെയ്കണം
    എന്ത് തോന്തരം കാന്ത! ജീവിതം

    April 03, 2009 1:27 PM  
  35. Blogger തറവാടി Wrote:

    ഹും ഹും ...;)

    April 04, 2009 1:41 AM  

Post a Comment

<< Home