ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, June 30, 2009

ഗുഡ് ബൈ, മൈക്രോസോഫ്റ്റ്

2006 ജനുവരിയിൽ ബ്ലോഗിംഗ് തുടങ്ങിയ ശേഷം മാസത്തിൽ ഒരു പോസ്റ്റെങ്കിലും എഴുതുക എന്നതു് ഒരു പതിവാക്കിയിരുന്നു. ഇന്നൊരു പോസ്റ്റിട്ടില്ലെങ്കിൽ ആ പതിവു് മുടങ്ങും. അതിനാൽ പിന്നീടു് വിശദമായി എഴുതാം എന്നു കരുതിയിരുന്ന ഒരു വ്യക്തി വിശേഷം എഴുതുന്നു.

പത്തു വർഷത്തിലധികമായി ജോലി ചെയ്യുന്ന മൈക്രോസോഫ്റ്റിനോടു് ഞാൻ വിടപറയുകയാണു്. ഇക്കഴിഞ്ഞ മെയ് മാസമാദ്യം എന്‍റെ ഗ്രൂപ്പ് ഇല്ലാതാക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിക്കുകയായിരുന്നു. ജൂലൈ 4 ആയിരിക്കും മൈക്രോസോഫ്റ്റിലെ എന്‍റെ അവസാനത്തെ ഔദ്യോഗിക ദിവസം.

റെഡ്മൺഡിൽ തന്നെയുള്ള ഒരു ചെറിയ സ്റ്റാർടപ് കമ്പനിയാണു് എന്‍റെ അടുത്ത ജോലിദാതാവു്. പല പ്രോജക്റ്റുകളിലും ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടതുണ്ടു് എന്നതിനാൽ തുടർന്നും മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.

എന്‍റെ അറിവിൽ ഏകദേശം മുന്നൂറ്റമ്പതോളം മലയാളികൾ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ മലയാളം ബ്ലോഗു ചെയ്യുന്നവർ നാലു പേർ മാത്രമാണു്. അവരാകട്ടെ, തങ്ങൾ മൈക്രോസോഫ്റ്റ് മലയാളികളാണെന്നു് വെളിപ്പെടുത്തിയിട്ടുമില്ല. ഇതു പറയാൻ കാരണമുണ്ടു്. മൈക്രോസോഫ്റ്റ് മലയാളം കമ്പ്യൂട്ടിംഗ് രംഗത്തു നടത്തുന്ന പ്രവർത്തനങ്ങളെ ഉപഭോക്താക്കളിലെത്തിക്കാൻ അവരിലാരെങ്കിലും തുടർന്നും ശ്രമിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു. കമ്പനിയുടെ ഈ രംഗത്തുള്ള പുതിയ സം‍രംഭങ്ങൾ മനസ്സിലാക്കാൻ എനിക്ക് ഇനി അധികം അവസരം ലഭിക്കില്ലെങ്കിലും ഇന്‍റർനാഷണലൈസേയ്ഷൻ റ്റീമുകളിൽ ജോലി ചെയ്യുന്ന ഒട്ടുമുക്കാലും പേരെ പരിചയമുള്ളതിനാൽ ബഗ് റിപ്പോർട്ടുകളും മറ്റും ശരിയായ റ്റീമുകളിലെത്തിക്കാൻ എനിക്കു കഴിഞ്ഞെന്നു വരും. അത്തരം കാര്യങ്ങൾക്കു് ഇനിയും എന്‍റെ സഹായമുണ്ടാവും.

മൈക്രോസോഫ്റ്റിൽ ഏഴു വർഷം തികഞ്ഞപ്പോൾ ഞാൻ ഒരു കുറിപ്പു് എഴുതിയിരുന്നു. അതിൽ പറഞ്ഞതു പോലെ ഒരു പക്ഷേ, ഞാൻ ഏറ്റവും നഷ്ടപ്പെടുന്നതു് ചുറ്റുമുണ്ടായിരുന്ന സഹപ്രവർത്തകരുടെ സർഗ്ഗപ്രതിഭ തന്നെയാവും. അവരുടെ കണ്ണിൽ നിന്നു് വിട്ടു് അധികം ദൂരത്തേയ്ക്കു പോകുന്നില്ല എന്നതും പുതിയ കമ്പനിയിൽ ഭൂരിപക്ഷവും മുൻ-മൈക്രോസോഫ്റ്റുകാരാണെന്നതും ഏറെ ആശ്വാസകരമാണു്.

Labels: ,