ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, October 28, 2009

അച്ചുവിനു് അഞ്ചു് വയസ്സു്



ഈയിടെ അച്ചു മനസ്സിലാക്കിയ സത്യങ്ങളിലൊന്നു്:

അച്ഛമ്മയുടെ (അച്ഛന്‍റെ അമ്മ) വീട്ടിൽ insects ഉള്ളതു കാരണം അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിൽ നിൽക്കുന്നതാണു് ഇഷ്ടം. (പരിഭാഷ: അമ്മൂമ്മ ഇടയ്ക്കിടയ്ക്കു് ഓരോന്നു് വാങ്ങിക്കൊടുക്കുന്നതു കാരണം അമ്മൂമ്മയുടെ വീട്ടിൽ നിൽക്കാനാണു് താല്പര്യം.)
ഈയിടെ അച്ഛമ്മയും അമ്മൂമ്മയും നടത്തിയ സം‌യുക്ത പ്രസ്താവനകളിലൊന്നു്:
കൊച്ചൊരു പൂച്ചക്കുട്ടികണക്കാ-
ണിച്ചിരി പോലും മേനിയുമില്ല:
പച്ചിലതിന്നിട്ടാവണ; മെന്നാ-
ലച്ചുവിനഞ്ചായെന്നതു സത്യം!

അച്ചുവിന്‍റെ അമ്മയും അച്ഛനും പണ്ടേ മനസ്സിലാക്കിയ സത്യങ്ങളിൽ ചിലതു്:
  • ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കാൻ പാടില്ല.
  • അച്ചുവിന്‍റെ ‘മേനി’ക്കു് പ്രശ്നമേതുമില്ല. ആരോഗ്യവും മെലിഞ്ഞ ശരീരപ്രകൃതിയും തമ്മിൽ ബന്ധമില്ലല്ലോ.
  • അച്ചു ‘പച്ചില’ മാത്രമല്ല തിന്നുന്നതു്.
(ഈ വിഷയത്തിലുള്ള മുൻകാല പോസ്റ്റുകൾ ഇവിടേയും ഇവിടേയും. മുകളിലുള്ള ശ്ലോകം ചമ്പകമാല വൃത്തത്തിലാണു്.)

Labels: , , , ,

Wednesday, October 14, 2009

സഹായം

വഴിയേ പോകുന്ന വയ്യാവേലികൾ ചാടിമറിഞ്ഞു വന്നു് സഹായിക്കട്ടേയെന്നു ചോദിക്കുമ്പോൾ വേണ്ടെന്നു പറയണം എന്നു് പലപ്രാവശ്യം മനസ്സിലാലോചിച്ചിട്ടുള്ളതാണു്.

എന്നാലും നിത്യവിശുദ്ധനും പരമകാരുണ്യവാനുമായ ഔട്‍ലുക് വന്നു് ഒരു മഹാകാര്യം പറഞ്ഞിട്ടു്, അക്കാര്യം സഹായകരമാണോ എന്നു ചോദിച്ചപ്പോൾ, നമ്മളായി പ്രതികരിക്കാതിരുന്നാലെങ്ങനെ?



പ്രതികരണത്തിനു പിന്നിലൊരു രാഷ്ട്രീയമുള്ളതു കൊണ്ടാണു്, ‘ഈ ഇൻഫമേഷൻ സഹായകരമായിരുന്നോ?’ ഈ ലളിതമായ ചോദ്യത്തിനു മുന്നിൽ നിർന്നിമേഷം നോക്കി നിൽക്കാതെ, ഈ ഇൻഫമേഷൻ എനിക്ക് ഒട്ടും ഉപകാരപ്രദമായില്ല എന്നു പറയാമെന്നു വച്ചു് Was this information helpful? എന്ന നീല ലിങ്കിൽ ക്ലിക് ചെയ്തതു്. അപ്പോഴോ?



ഔട്‍ലുക് മുകളിൽ പകർന്നുതന്ന അറിവിന്‍റെ തേൻകണം ഉപയോക്താവിനു് ഉപകാരപ്രദമായിരുന്നു എന്നു വയ്ക്കുക. അങ്ങനെയാണെങ്കിൽ നേരമില്ലാത്ത നേരത്തു് ലിങ്കുകളിൽ ക്ലിക്കി മൈക്രോസോഫ്റ്റിന്‍റെ കസ്റ്റമർ എക്സ്പീരിയൻസ് ഇം‍പ്രൂവ്മെന്‍റ് പ്രോഗ്രാമിൽ പങ്കെടുത്തു് മെഡൽ വാങ്ങാൻ നിൽക്കുമോ അതോ അവന്‍റെ പാട്ടു നോക്കിപ്പോവുമോ?

പറഞ്ഞുവരുന്നതു്, രണ്ടാമതു കണ്ട ഡയലോഗിലെ ഓപ്ഷനുകളെല്ലാം അനാവശ്യമാണു് എന്നാണു്.

ആദ്യത്തെ മെസേജ്ബോക്സ് കണ്ടിട്ടു്, ഒടുക്കത്തെ ഉപകാരമാണല്ലോ ഔട്‍ലുക് ചെയ്യുന്നതു് എന്നു കരുതി ലിങ്കിൽ ക്ലിക് ചെയ്തു് വന്നാൽ മാത്രമേ രണ്ടാമത്തെ ഡയലോഗിൽ ആരെങ്കിലും Yes ക്ലിക് ചെയ്യുകയുള്ളൂ. അതിനുള്ള സാദ്ധ്യത തുച്ഛമാണെന്നു് നേരത്തേ പറഞ്ഞല്ലോ. ഇത്രയുമായ സ്ഥിതിക്കു് Cancel പറഞ്ഞു പിരിഞ്ഞു പോകുമെന്നു കരുതുന്നതും മൂഢത്തരമാണു്. ഇത്രടം വരെ എത്തിയവരിൽ ബഹുഭൂരിപക്ഷവും No എന്നു ഉറപ്പിച്ചു പറയാൻ തന്നെ വന്നവരാണു് എന്നു് കരുതുന്നതിൽ തെറ്റില്ല.

മൈക്രോസോഫ്റ്റിനു് (ഔട്‍ലുക് റ്റീമിനും ‘കസ്റ്റമർ എക്സ്പീരിയൻസ് ഇം‍പ്രൂവ്മെന്‍റ് പ്രോഗ്രാം’ പ്രോഗാം മാനേയ്ജർക്കും) ഇതാ ഫ്രീയായിട്ടു് ഒരു നിർദ്ദേശം (അടുത്ത നിർദ്ദേശം മുതല്‍ ചാർജ് ചെയ്തു തുടങ്ങുമേ!):

Was this information helful? എന്നതു മാറ്റി Tell us if this information is not helpful എന്നാക്കുക. ക്ലിക് ചെയ്യുമ്പോൾ വരുന്ന ഡയലോഗിൽ നിന്നും Yes എന്ന ഓപ്ഷൻ എടുത്തു മാറ്റുക. ആ ഡയലോഗിൽ തന്നെ Thank you എന്ന രണ്ടു വാക്കു കൂടി ചേർക്കുക. നന്ദി.

Labels:

Wednesday, October 07, 2009

ഇങ്ങനേയും മനുഷ്യർ!

മൈക്രോസോഫ്റ്റിലെ ജോലിയുപേക്ഷിച്ചു് ഞാൻ മറ്റൊരു സ്ഥാപനത്തിലെത്തിയ കാര്യം ഏകദേശം മൂന്നുമാസം മുമ്പു് എഴുതിയിരുന്നു. പുതിയ ജോലിയുടെ തിരക്കിൽ, കൂടുതൽ സമയവും ഊർജ്ജവും ആവശ്യമുള്ള ബ്ലോഗെഴുത്തിനേക്കാൾ ഫേയ്സ്ബുക്കും റ്റ്വിറ്ററും തരുന്ന യത്നരഹിതമായ സുഖം എനിക്കു് നിഷേധിക്കാവുന്നതിലുമപ്പുറമായിരുന്നു.

ഈ സമയംതന്നെ ബ്ലോഗെഴുത്തിനൊപ്പമോ അതിലേറെയോ സമയം ആവശ്യമുള്ള ബ്ലോഗുവായനയും ഏതാണ്ടു് നിലച്ചിരുന്നു. ഇതിനെല്ലാം സമയമില്ലായ്മയെ പഴിചാരാമെങ്കിലും, വേണമെങ്കിൽ അല്പം സമയം ഉണ്ടാക്കി ഇതൊക്കെ തുടരാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്താണു് ഇപ്പോഴൊന്നും എഴുതാത്തതു് എന്നു് പണ്ടൊരിക്കൽ ഒരു ആദ്യകാല ബ്ലോഗറോടു് ചോദിച്ചപ്പോൾ, ബ്ലോഗും കഴിഞ്ഞു് അടുത്ത സാങ്കേതികവിദ്യയുടെ ഉദയം കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ആ മറുപടി എന്‍റേതാക്കിയാണു് ഇത്രനാളും ഞാനും ബ്ലോഗിൽ നിന്നും അകന്നുനിന്നതു്.

എഴുതാനൊന്നുമില്ലാതിരിക്കുമ്പോഴും ഉമേഷിന്‍റെ ബ്ലോഗു വായിച്ചാൽ എന്തെങ്കിലും എഴുതാൻ തോന്നുക സ്വാഭാവികമാണു്. ഗുരുകുലത്തിൽ പുതിയ സമസ്യ പ്രസിദ്ധം ചെയ്തുകഴിഞ്ഞു്, ഒരാഴ്ചയെങ്കിലും കഴിഞ്ഞാണു് പൂരണങ്ങൾ വായിക്കാൻ സമയമുണ്ടായതു്. അപ്പോൾ ഒരു പൂതി. ഒരു പൂരണം ശ്രമിച്ചാലോ?

ഭാര്യയെ കളിയാക്കാം എന്നു കരുതിയെങ്കിലും പുത്രകളത്രാദികൾ സ്ഥലത്തില്ലാത്തതിനാൽ ആ കടുംകൈ വേണ്ടെന്നു വച്ചു. എന്നാൽപ്പിന്നെ “ഇങ്ങനേയും ഇടിവെട്ടു സാധനമോ!” എന്നുപറയിപ്പിക്കുന്ന ഒരു ലോക്കൽ മഹാനെപ്പറ്റിയാവാമെന്നു വച്ചു. പിന്നെയുമാലോചിച്ചപ്പോൾ സ്വയം പൊങ്ങച്ചമെഴുതുന്നതാണു് ശരീരത്തിനു നല്ലതെന്ന ബോധോദയമുണ്ടായതു്.

അങ്ങനെ എഴുതിയ സമസ്യാപൂരണമാണിതു്. പലർക്കും മനസ്സിലാവണമെങ്കിൽ ലിങ്കുകൾ നിർബന്ധം. അതിനാൽ അതും ചേർക്കുകയാണു്:

ബിംഗാ’ണു പഥ്യ, മെഴുതും വരി, ‘യോപ്പ’ണല്ല;
പോക്കറ്റിലുള്ളതു പുരാതന ‘ടൂ-ജി’ ഫോണും!
ഓർക്കുട്ടിലില്ല; പല മീറ്റുമറിഞ്ഞുമില്ലാ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ പ്രോഡക്റ്റ് നന്നാവണമെന്ന താല്പര്യമുണ്ടായിരുന്നതിനാൽ സേർചിനു് ബിംഗ് (മുമ്പ് ലൈവ്) ആയിരുന്നു ഉപയോഗിച്ചിരുന്നതു്. ഇപ്പോൾ സേർചിനായി ഉപയോഗിക്കുന്നതു് Blind Search ആണു്. വായനകുറഞ്ഞതോടേ ബ്ലോഗിലെ അടിയും പിടിയും ഒന്നും അറിയുന്നില്ല. മാതൃഭൂമിയുടെ ‘വസ്തുതാപരമായ പിശകുകളും’ രാജേഷിന്‍റെ fa-യും, ജ്യോനവന്‍റെ ദേഹവിയോഗവും മാത്രമായി അടുത്തകാലത്തു് വായിച്ചെന്നു പറയാവുന്നവ.

ഇപ്പോൾ മനസ്സിലായില്ലേ, ഇന്നും ഇതുപോലുള്ള മനുഷ്യരുണ്ടെന്നു്?

(വസന്തതിലകം)

Labels: , , ,