ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Wednesday, June 15, 2011

വേണമെങ്കിൽ

എന്റെ ഒരു സുഹൃത്തിന്റെ കഥയാണു്‌. (ചില പ്രസിദ്ധീകരണങ്ങളിലെ ഡോക്റ്ററോടു ചോദിക്കാം പം‍ക്തിയിലെ "സുഹൃത്തു്‌" ആയ "ഞാൻ" അല്ല, എന്റെ സുഹൃത്തിന്റെ കഥ തന്നെയാണു്‌.)

കണ്ണൂർ സ്വദേശിയായ ടിയാൻ ഏതു വാചകത്തോടും ചേർക്കാൻ പറ്റുമെങ്കിൽ 'വേണമെങ്കിൽ' എന്ന വാക്കു്‌ ചേർത്തേ ഉപയോഗിക്കൂ. അദ്ദേഹം ഉപയോഗിച്ച ചില സാമ്പിൾ വാചങ്ങളിതാ:

പ്രയോഗം: "നാളെ വേണമെങ്കിൽ നമുക്കെല്ലാർക്കും കൂടി എന്റെ വീട്ടിൽ കൂടാം."
പരിഭാഷ: "തീർച്ചയായും നിങ്ങളെല്ലാവരും നാളെ എന്റെ വീട്ടിൽ വരണം."

പ്രയോഗം: "വേഗസിൽ പോകാൻ വേണമെങ്കിൽ ഞാനും വരാം."
പരിഭാഷ: "വേഗസിൽ പോകാൻ ഞാൻ വളരെ നാളായി ആഗ്രഹിക്കുന്നു, നിങ്ങൾ പോകുന്ന സ്ഥിതിക്കു്‌ ഞാൻ എന്തായാലും വരും."

പ്രയോഗം: "ക്രിക്കറ്റു കാണാൻ വേണമെങ്കിൽ ഞാൻ അങ്ങോട്ടു വരാം."
പരിഭാഷ: "എന്റെ വീട്ടിൽ ക്രിക്കറ്റു കാണാൻ നിർവ്വാഹമില്ലാത്തതിനാൽ ഞാൻ തീർച്ചയായും അങ്ങോട്ടു വരും."

ഇദ്ദേഹം പറയുന്നതു്‌ ഇതു്‌ കണ്ണൂർ ഭാഗത്തെ ഒരു 'സാധാരണ' പ്രയോഗമാണെന്നാണു്‌. കണ്ണൂർ സ്വദേശികളായ മറ്റാരിലും ഈ അസുഖം കാണാത്തതിനാൽ ഇതൊരു പ്രാദേശിക രോഗലക്ഷണം മാത്രമാണെന്നു കരുതി സമാധാനിക്കുകയാണു്‌ കഥാപുരുഷന്റെ സുഹൃദ്‍വലയത്തിലുള്ളവർ.

ഇങ്ങനെയിരിക്കെയാണു്‌ ഒരു ഇന്ത്യക്കാരൻ സഹപ്രവർത്തകന്റെ രംഗപ്രവേശം. നാട്ടിൽ നിന്നും ഈയിടെ ഇവിടെ എത്തിപ്പെട്ടതാണു്‌ കക്ഷി. അദ്ദേഹത്തിന്റെ വിനോദം "If you want me to do it, I will" എന്നു പ്രസ്താവിക്കുകയാണു്‌. എന്റെ ആവശ്യമാണു നിറവേറ്റേണ്ടതെങ്കിൽ ഇപ്പറയുന്നതു്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇദ്ദേഹത്തിന്റെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ നാമാരെങ്കിലും അദ്ദേഹം ശ്രമിച്ചിട്ടില്ലാത്ത ഒരു വഴി നിർദ്ദേശിക്കുന്നു എന്നു വയ്ക്കുക. എന്നാലും അദ്ദേഹത്തിന്റെ പ്രതികരണം "If you want me to do it, I will" എന്നാവും.

സഹപ്രവർത്തകൻ: "Hey I am trying to get hold of this guy. He is not responding to emails, or IM. Tried calling him, no avail."
ഞാൻ: "Did you look up where his office is? May be you can go to his office and talk with him?"
സഹപ്രവർത്തകൻ: "If you want me to do it, I will..."
ഞാൻ: "What? I thought *you* want to get hold of him, not me!"

Labels: ,

Friday, April 01, 2011

ബട്ടർഫിംഗേഴ്സ്

ഇന്ത്യാ-പാകിസ്താൻ ക്രിക്കറ്റ് ലോകകപ്പു്‌ സെമി-ഫൈനൽ മത്സരത്തിൽ മൂന്നാം തവണയും സചിന്റെ ക്യാച്ച് നിലത്തിട്ടപ്പോൾ കമന്റേറ്ററായ റമീസ് രാജ നിരാശയോടെയാണെങ്കിലും സാഹചര്യത്തിന്റെ ലാഘവം വിടാതെ സഹകമന്റേറ്ററായ മഞ്ജ്‍രേക്കറോടു ചോദിക്കുന്നു:

"ഇദ്ദേഹം ഇന്നെന്താണാവോ പ്രാതലിനു്‌ കഴിച്ചതു്‌!"

ഇന്നു്‌ കണികണ്ടതാരെയെന്നൊക്കെ ചോദിക്കുന്നതുപോലെയുള്ള ചോദ്യത്തിനു്‌ തമാശയെന്തെന്നു കെട്ടുകേൾവിപോലുമില്ലാത്ത മഞ്ജ്‍രേക്കറുടെ മറുപടി:

"യോഗർട്ട് ആവാനാണു സാദ്ധ്യത. ഇന്ത്യൻ കളിക്കാർ കളിക്കുമുമ്പു്‌ യോഗർട്ട് കഴിക്കുക പതിവാണു്‌."

ഇത്രയും പറഞ്ഞിട്ടും മതിവരാതെ കളിക്കാരുടെ ആഹാരശീലാദികളെപ്പറ്റി വർണ്ണിക്കാനൊരുമ്പെട്ടിരുന്ന മഞ്ജ്‍രേക്കറെ ദയനീയമായി നോക്കിയിട്ടു്‌ റമീസിന്റെ അവസാനശ്രമം:

"പാകിസ്താൻ കളിക്കാർ ഇന്നു്‌ ബട്ടർ കഴിച്ചിരിക്കാനാണു സാദ്ധ്യത."

ഇതു പറഞ്ഞശേഷം അദ്ദേഹം ഒന്നു നിറുത്തി. മഞ്ജ്‍രേക്കറിൽ നിന്നും ഒരു പുഞ്ചിരിപോലും പ്രതീക്ഷിക്കേണ്ടന്നു മനസ്സിലാക്കിയ റമീസിന്റെ അന്തിമവിലാപം:

"ബട്ടർ കഴിച്ചവർ... അതാവണം അവർക്കു്‌ ബട്ടർഫിംഗേഴ്സ്..."

(വായനക്കാർക്കിടയിലെ മഞ്ജ്‍രേക്കർമാർക്കുവേണ്ടി: ബട്ടർഫിംഗേഴ്സ് ഉള്ള കളിക്കാർ എന്നാൽ വിരലുക്കൾക്കുറപ്പില്ലാത്തവർ, എളുപ്പം ക്യാച്ചു വിടുന്നവർ എന്നു സാരം.)

Labels:

Sunday, March 27, 2011

ക്രിക്കറ്റ് ബോൾ

"SG-യുടെ ക്രിക്കറ്റ് ബോൾ ഉണ്ടോ?"

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്പോർട്സ്ഗുഡ്സ് കടയിലെ സെയിൽസ്‍മാനോടു്‌ ഞാൻ ആരാഞ്ഞു.

എന്റെ നിറയൗവനവും തികഞ്ഞ സ്പോർട്സ്‍മാൻ ഭാവവും കണ്ടാവണം, അദ്ദേഹം താല്പര്യമില്ലായ്മയും പുച്ഛവും സമാസമം ചേർത്തു്‌ അല്പം പരുക്കനായിത്തന്നെ ചോദിച്ചു: "നിങ്ങൾക്കെന്തിനാ SG-ബോൾ?"

ഒന്നന്ധാളിച്ചുപോയ എന്നെ നോക്കി അദ്ദേഹം തുടർന്നു: "ബിഡിഎം നല്ല ബോളാണു്‌. വില മൂന്നിലൊന്നേയുള്ളൂ. അതു പോരേ?"

"അല്ല ചേട്ടാ, ബിഡിഎം പോര. SG-ക്ലബ് തന്നെ വേണം," ഞാൻ മാപ്പപേക്ഷിക്കുന്ന രീതിയിൽ മറുപടി പറഞ്ഞു.

"കളിക്കാനാണോ?" അൾട്രാ ഷോർട്ട്സ്ലീവ് ഷർട്ടിനു വെളിയിലുള്ള എന്റെ ബൈസപ്സ് ബ്രേക്കിയൈ മസിൽ അദ്ദേഹം കണ്ടിട്ടുണ്ടാവണം, തീർച്ച.

"കളിക്കാനല്ല, കാറ്റുകൊള്ളാനാണു്‌," എന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും, ഭവ്യത വിടാതെ ഞാൻ "അതെ" എന്നു്‌ ഉണർത്തിച്ചു. ആവശ്യക്കാരൻ ഞാനാണല്ലോ!

"നിങ്ങൾ ബൗളറാണോ ബാറ്റ്സ്മാനാണോ? രണ്ടായാലും ബിഡിഎം ആയിരിക്കും നല്ലതു്‌. SG-യുടെ സീം അൺ‍ഈവൻ ആണു്‌." സെയിൽസ്‍മാൻ SG വിൽക്കാൻ ഒരുക്കമല്ല.

"ആക്ച്വലി, എനിക്കു്‌ ബിഡിഎം വേണ്ട. SG മതി. SG എടുക്കാമോ?" ഞാൻ വീണ്ടും എന്റെ ആവശ്യം ഉണർത്തിച്ചു.

"അതല്ലേ സാറേ പറഞ്ഞതു്‌, SG സ്റ്റോക്കില്ല. ബിഡിഎം ആണെങ്കിൽ എടുക്കാം!"



(ഈ ചിത്രം കണ്ടപ്പോൾ ഓർമ്മ വന്നതു്‌.)

Labels: ,

Monday, March 07, 2011

അയ്യേ 6!

ബഹുമാന്യരായ മലയാളി മഹാജനങ്ങളേ,

ഫയർഫോക്സ്, ക്രോം, സഫാരി, ഇന്റർനെറ്റ് എക്സ്പ്ലോറർ എട്ടോ ഒമ്പതോ, ഏതു വേണമെങ്കിലും ഉപയോഗിക്കൂ, ഇന്റർനെറ്റ് എക്സ്പ്ലോറർ 6 ഉപയോഗിക്കുന്നു എന്നു മാത്രം പറയല്ലേ; പ്ലീസ്!

ഇന്ത്യക്കാർ വിചാരിച്ചാൽ ഈ രോഗശമനം എളുപ്പമാക്കാം.

Labels:

Wednesday, February 23, 2011

ലെഗ് സ്റ്റം‍പ്

പതിവിലും ധൃതിയിൽ ബാറ്റിംഗ് ക്രീസിലേയ്ക്കു നടക്കുമ്പോൾ ഞാൻ അമിത്തിനോടു്‌ മിണ്ടിയതേയില്ല. സ്ഥിരമുള്ള “ബെസ്റ്റ് ഓഫ് ലക്” പോലും വിഷ് ചെയ്യാവുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. രാത്രിമഴയിൽ നനഞ്ഞുകിടക്കുന്ന മാറ്റിൽ നിന്നും മുഖത്തോളമുയരത്തിൽ പൊന്തിവരുന്ന ബോൾ എന്റെ ചിന്തകളിൽ നിറഞ്ഞു. ടോസ് കിട്ടിയപ്പോൾ ആദ്യം ബൌൾ ചെയ്യാമന്നു പറഞ്ഞതു്‌ ഞാനും ബൌളറായ വാസുവും മാത്രം. പ്രശാന്തിനും രാജേഷിനും പോലും അതിരാവിലെ പിച്ചിൽ നിന്നും കിട്ടുന്ന ജീവൻ മുതലാക്കാൻ താല്പര്യമുണ്ടായിരുന്നില്ല.

ആറരയടിയോളമെങ്കിലും ഉയരമുള്ള അജേന്ദ്ര, കേട്ടിടത്തോളം ലീഗിലെ ഏറ്റവും വേഗതയുള്ള ബൌളറാണു്. ഓഫ് സ്റ്റംപിൽ നിന്നും പുറത്തേയ്ക്കു് സ്വിംഗ് ചെയ്യുന്നവയാണു് അജേന്ദ്രയുടെ സ്റ്റോക് ബോളുകൾ. സ്ലോ ബൌൺസറുകൾക്കു പുറമേ ഓഫ് സ്റ്റം‍പിൽ നിന്നോ അല്പം പുറത്തുനിന്നോ റിബ്കേയ്ജ് ഉയരത്തിൽ അകത്തേയ്ക്കു് തിരിഞ്ഞുവരുന്നവ സർപ്രൈസ് ആയുധമായി അജേന്ദ്ര ഉപയോഗിക്കാറുണ്ടത്രേ.

നിത്യോപയോഗം കൊണ്ടു് നശിച്ചുതുടങ്ങിയിരുന്ന ബാറ്റിംഗ് ഗ്ലൗസ് വലിച്ചിടുമ്പോൾ പ്രശാന്ത് പതിവുപോലെ പറഞ്ഞു: “We need you to play through the innings...” ഞാൻ വെറുതേ ചിരിച്ചു. ഫസ്റ്റ് ഡൌൺ ഇറങ്ങുന്ന റിതേഷ് വാം അപ്പ് തുടങ്ങുന്നു. ഓപ്പണേഴ്സിൽ അത്രവിശ്വാസം പോരാത്തപോലെ. എന്നാലും ഔപചാരികതപോലെ റിതേഷ് കൂട്ടിച്ചേർത്തു: “Yea dude, hold one end together!” സുഭാഷ് കളി നിറുത്തിയതിൽ പിന്നെ ഞാനാണു് സ്ഥിരം ഓപ്പണർ. കളിയിലെ ആദ്യപന്തു് ഫേയ്സ് ചെയ്യുന്നവൻ. കണ്ണുകൾ വീണ്ടും അജേന്ദ്രയിലേയ്ക്ക് മടങ്ങി.

ക്രിക്കറ്റുകളി കണ്ടുകണ്ടാവണം, ക്രീസിലെത്തുമ്പോൾ വ്രതാനുഷ്ഠാനം പോലെ ഞാനും ചില ചേഷ്ടകൾ കാണിക്കാറുണ്ടു്. നിത്യാഭ്യാസം കാരണം നിറുത്താൻ വയ്യാത്തവ. ഗ്ലൗസ് ഒന്നു്‌ കൂടി ഊരി തിരിച്ചിടുക, ബാറ്റു നിലത്തൂന്നി രണ്ടുമൂന്നു്‌ പ്രാവശ്യം സ്ക്വാട്ട് ചെയ്യുക തുടങ്ങിയ നിർദ്ദോഷമായ കാര്യങ്ങൾ. അതും കഴിഞ്ഞു്‌, അമ്പയറുടെ ശ്രദ്ധകിട്ടിയാൽ ഗാർഡ് എടുക്കണം. ഞാൻ പൊതുവേ മിഡിൽ സ്റ്റം‍പ് ഗാർഡ് എടുക്കുന്ന കൂട്ടത്തിലായിരുന്നു. കഴിഞ്ഞ സീസണിൽ ഒരു പ്രാവശ്യം റൗണ്ട്-ദ-ലെഗ്സ് ബൗൾഡ് ആയതു കാരണം ഇപ്പോൾ ലെഗ്‍സ്റ്റം‍പ് ഗാർഡാണു്‌ പതിവു്‌.

ഗാർഡ് മാർക്ക് ചെയ്തു്‌ അജേന്ദ്രയെ ഒന്നു കൂടി ഏറുകണ്ണിട്ടു നോക്കി. ക്രിക്കറ്റ് ചിലപ്പോൾ ചെസ് കളിപോലെയാണെന്നു്‌ തോന്നാറുണ്ടു്‌. കണക്കുകൂട്ടി, എതിരാളിയുടെ നീക്കത്തെ മുൻ‍കൂട്ടിക്കണ്ടു്‌ കളിക്കേണ്ടുന്ന കളി. അജേന്ദ്ര ഓഫിൽ ആളെക്കൂട്ടുകയാണു്‌. ഒരു സ്ലിപ്, ബാക്‍വേഡ് പോയിന്റ്, വൈഡിഷ് കവർ, മിഡ് ഓൺ.

ഫീൽഡർമാരുടെ പൊസിഷൻ നോക്കി, ഞാനും ചൊലതൊക്കെ കരുതി വച്ചു. പന്തു്‌ ഓഫിലാണു്‌. അതും ബാക്-ഓഫ്-ലെംഗ്ത്. അജേന്ദ്രയുടെ സ്വാഭാവിക ആംഗിൾ കാരണം, ഓഫ് സ്റ്റം‍പിൽ ആണെങ്കിൽ കൂടി വെറുതേ വിടാം. പിച്ചിനു്‌ ബൗൺസുള്ളതിനാൽ ഗുഡ് ലെംഗ്ത് ബോൾ പോലും വിക്കറ്റിനു മുകളിലൂടെ പോകും. ഓപ്ഷനുകൾ അനവധി. ഞാൻ പതിയെ മനസ്സിൽ പറഞ്ഞു: "കൃഷ്ണാ, ഗുരുവായൂരപ്പാ!"

അജേന്ദ്ര ഓടിയടുക്കുന്നു. ഞാൻ റിലീസ് പോയിന്റിലേയ്ക്കു്‌ ഉറ്റു നോക്കി. പന്തു്‌ പ്രതീക്ഷിച്ചതിനു വിരുദ്ധമായി ലെഗ്‍സ്റ്റം‍പിലാണു്‌. ഇടതുകാലിൽ പിവട്ടു ചെയ്തിട്ടു്‌ ഇവനെ ഫ്ലിക്ക് ചെയ്തു വിടണോ? അതോ, ആദ്യ ബോളിൽതന്നെ കളിക്കാൻ അതൊരു റിസ്കി ഷോട്ടാണോ?

Labels:

Wednesday, February 16, 2011

മിണ്ടാത്തതെന്തേ?

(വാലന്റൈൻസ് ഡേയ്ക്കു്‌ ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കൊടുത്തിട്ടു്‌, ആനന്ദാതിരേകത്താൽ ശബ്ദമിറങ്ങിപ്പോയി നിൽക്കുന്ന ഭാര്യയോടും, വാലന്റൈൻസ് ഡേയ്ക്കു്‌ ചുവന്ന റോസും ഹൃദയാകൃതിയിലുള്ള കടും ചോക്ലേറ്റുകളും കിട്ടാത്തതിനാൽ പിണങ്ങിനിൽക്കുന്ന ഭാര്യയോടും ചോദിക്കാൻ പറ്റിയ വാചകം.)
ഒന്നും
മിണ്ടാൻ
വയ്യേ
ഭാര്യേ?

(സൗകര്യ പൂർവ്വം ഈ വാചകം സ്ത്രീ എന്ന പേരിലുള്ള വൃത്തത്തിലാണു്‌ ചമച്ചിരിക്കുന്നതു്‌. ലക്ഷണം: രണ്ടും ഗംതാൻ സ്ത്രീയാം വൃത്തം.)

Labels: , ,

Monday, February 14, 2011

പാടില്ല, പാടില്ല, നമ്മേ നമ്മൾ...

പുസ്തകത്താളിനിടയിലെവിടെയെങ്കിലും മയിൽ‍പീലി പോയിട്ടു്‌, ഒരു സുമത്താളോ നഖക്ഷതമോ, എന്തിനു്‌, മഷിത്തുള്ളിയോ കണ്ടാൽ പോലും പ്രേമത്തിൽ പെട്ടുപോയിട്ടില്ലെന്നുറപ്പു വരുത്തുന്ന മാതാപിതാക്കളുള്ള ഒരു തലമുറയുണ്ടായിരുന്നു മലയാളത്തിൽ. ഇന്നാവട്ടെ, മകനു്‌ സ്കൂളിൽ കൊടുത്തുവിട്ട ബാഗിനുള്ളിൽ സകലമാന പെൺ‍തരികൾക്കുമുള്ള പ്രണയദിനസമ്മാനവുമുണ്ടായിരുന്നു—അതൊരുക്കിയതാവട്ടെ, സ്വന്തം അമ്മയും!
വന്നിഷ്ടമിയന്നെൻ പ്രിയസീമന്തിനി വീണ്ടും
നന്നായനുരാഗം പകരും മാദകനേരം,
അന്നേരമിടങ്കണ്ണുതിരിച്ചാൻ, മകനോതി:
"മുന്നേയറിയൂ, യിന്നു 'ലവേഴ്സിൻ ദിന'മല്ലേ?"

(ഈ ശ്ലോകം മദനാർത്ത വൃത്തത്തിലാണു്‌. എന്റെ പഴയ ശ്ലോകങ്ങൾ പരിശോധിച്ചാൽ ശ്ലോകവും വൃത്തവും തമ്മിലുള്ള ബന്ധം വ്യക്തമാവും.)

Labels: , ,

Monday, January 31, 2011

ചെരിപ്പു വീശും പെൺമണികൾ

പൊതുവേദികളിലും മറ്റും ധാരാളിത്തത്തോടെ ഉപയോഗിക്കുന്ന പോപുലർസ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു പ്രശ്നം അതിന്റെ അവിശ്വസനീയതയാണു്‌. ഈ അവിശ്വസനീയത തന്നെയാണു്‌ അതിന്റെ ഗുണവും. കേൾവിക്കാരിൽ "വൗ!" എന്നൊരാത്തനാദം പുറപ്പെടുവിക്കാനായാൽ പറയുന്ന വിഷയത്തിന്റെ "കേൾക്കബിലിറ്റി"യും ആളുകളെ "പിടിച്ചിരുത്തബിലിറ്റി"യും കൂടുമെന്നുറപ്പല്ലേ? അവിശ്വസനീയതയിൽ തുടങ്ങി, പിന്നീടു്‌ പതിയെ, "ശരിയായിരിക്കും അല്ലേ? അല്ലാതെപിന്നെ ഈ കണക്കൊക്കെ ചുമ്മാ ഉണ്ടാക്കിയെടുക്കാൻ പറ്റുമോ?" എന്ന ചിന്ത കേൾവിക്കാരിലുറപ്പിച്ചാൽ, പറയുന്ന കാര്യത്തിനു്‌ വിശ്വസനീയത ലഭിക്കാനാണോ പാടു്‌?

വിൻഡോസ്-7 ഫോണിൽ Amazing Facts എന്നൊരു ആപ്ലികേയ്ഷൻ ലഭിക്കും. നമ്മെ അമേയ്സ് ചെയ്യുന്ന ഒന്നും അറിയാനുള്ള അവസരം വിട്ടുകളയരുതെന്നു്‌ 18 വർഷം മുമ്പു്‌ (ഇപ്പോൾ അപ്രസക്തവും വിവരണാതീതവുമായ മറ്റൊരു കോൺറ്റെക്സ്റ്റിൽ) ശ്രീമാൻ കോരസാർ പറഞ്ഞതു്‌ മറന്നിട്ടില്ലാത്തതിനാൽ, Amazing Facts കണ്ടയുടനെ, ഡൗൺലോഡ് ചെയ്തു്‌ ഉപയോഗമാരംഭിച്ചു.

Amazing Fact 35 of 5001 എത്തിയപ്പോൾ ഞാൻ വൗ! പറഞ്ഞുപോയി. അതിനുമുമ്പു്‌ എന്നെക്കൊണ്ടു്‌ പറയിപ്പിക്കണമെന്നു്‌ ആപ്ലികേയ്ഷൻ നിർമ്മാതാക്കളായ XiMAD-നു്‌ ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ഞാൻ വഴങ്ങിയിരുന്നില്ല. ഫാക്റ്റ് 35 ഇതായിരുന്നു:

"40% of women have hurled footwear at a man."

ഞാൻ സകല ഭരദേവതകളേയും (അധികം പേരില്ല) മനസ്സിൽധ്യാനിച്ചു്‌, ഭാര്യയെ വിളിച്ചു:

"എടീ, നിന്റെ അമ്മ ആളു്‌ തരക്കേടില്ലല്ലോ!"

"അതു്‌ ഇപ്പോഴാണോ മനസ്സിലായതു്‌?"

"അല്ല, ഇപ്പോഴല്ല. എന്നാലും ചെരിപ്പെറിയുക എന്നൊക്കെപ്പറഞ്ഞാൽ?"

"ചെരിപ്പെറിയുകയോ? മനസ്സിലായില്ല."

"നീ എനിക്കെതിരെ ചെരിപ്പു്‌ ഒരു ആയുധമായി പ്രയോഗിച്ചിട്ടില്ല. ഉണ്ടോ?"

"ചോദ്യങ്ങൾ ഒഴിവാക്കി കാര്യം പറഞ്ഞിരുന്നെങ്കിൽ ഉപകാരമായേനെ! നിങ്ങൾക്കു്‌ എലവേറ്റർ പിച്ച് ബാധകമല്ലേ?"

"എന്നാൽ പറയാം. 5-ൽ 2 പെണ്ണുങ്ങൾ ആണുങ്ങൾക്കു നേരേ ചെരിപ്പു വീശിയിട്ടുണ്ടെന്നാണു്‌ കണക്കു്‌. എന്റെ അറിവിൽ നീയോ, എന്റെ അമ്മയോ, മറ്റേമ്മയോ ഈ കൃത്യം നിർവ്വഹിച്ചതായി അറിവില്ല. പിന്നെ മനസ്സിൽ വന്ന ആദ്യത്തെ അഞ്ചു വനിതകളിൽ ബാക്കിയുള്ളതു്‌ നിന്റെ അമ്മയും എന്റെ കുഞ്ഞമ്മയുമാണു്‌..."

വലിയൊരു തമാശക്കാരൻ എന്ന മട്ടിൽ ഭാര്യ എന്നെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: "നിങ്ങളുടെ കുഞ്ഞമ്മ അങ്ങനെ ചെയ്തിട്ടുണ്ടെന്നു്‌ വിചാരിച്ചാൽ പോലും കണക്കു ശരിയാവില്ലല്ലോ. ചിലപ്പോൾ 50-ൽ 2 പെണ്ണുങ്ങൾ എന്നതു്‌ 5-ൽ 2 എന്നായിപ്പോയതാവും."

ഇനി പറഞ്ഞു വന്ന കാര്യം പറയാം. ബെസ്റ്റ് ആക്റ്റർ എന്ന മലയാള സിനിമയിൽ കേട്ടാൽ വിശ്വസിച്ചുപോകുന്ന ഒരു ശതമാനക്കണക്കു്‌ പറയുന്നുണ്ടു്‌. 95% പേർക്കും സിനിമയിൽ അഭിനയിക്കണമെന്നു്‌ ആഗ്രഹമുണ്ടത്രേ (കേരളത്തിലെയാണോ അതോ ലോകത്തിലെയാണോ എന്നു്‌ പറച്ചിലിൽ നിന്നും വ്യക്തമല്ല). പക്ഷേ ആരും പുറത്തു പറയില്ല പോലും.

ഇതു കേട്ടപാടെ ഞാനൊരു ഞെട്ടു ഞെട്ടി. മറ്റൊന്നും കൊണ്ടല്ല, ഏതുനിമിഷവും അന്യം നിന്നു പോകാവുന്ന, ബാക്കിയുള്ള, 5%-ന്റെ പ്രതിനിധിയാണല്ലോ ഞാൻ എന്നൊർത്തിട്ടു്‌. "എന്റെ അറിവിലുള്ള ആർക്കും ഇങ്ങനെയൊരസുഖം ഉള്ളതായി അറിയില്ലല്ലോ" എന്നുപറയാമെന്നു വച്ചാൽ "ആരും പുറത്തുപറയാത്ത" വികാരമായതുകൊണ്ടു്‌ ആ വഴിക്കു ചിന്തിക്കുകയേ വേണ്ട. എന്നാലും ഈ കണക്കു്‌ വെള്ളം തൊടാതെ വിഴുങ്ങണമെങ്കിൽ, എന്റെ അമ്മയുമമ്മായിയമ്മയും, അനിയന്മാരും അളിയന്മാരും, അവരുടെ ഭാര്യമാരും സിനിമയിലഭിനയിക്കാൻ ആഗ്രഹമുണ്ടായിട്ടു്‌ പുറത്തു പറയാതെ നടക്കുന്നവരായിരിക്കണം.

ഈ സിനിമക്കാരുടെ ഒരു കാര്യമേ! എല്ലാവരും അവരെപ്പോലെയാവാൻ ശ്രമിക്കുകയാണെന്നു്‌ കരുതി നടക്കുന്ന പാവങ്ങൾ!

സിനിമാഭിനയം എന്നതൊഴിവാക്കി, അല്പം ഭേദഗതിയോടെ, 95% പേരും പ്രശസ്തരാവണമെന്നു്‌ (നാലാളറിഞ്ഞാൾ കൊള്ളാമെന്നു്‌) ആഗ്രഹിച്ചു നടക്കുന്നവരാണെന്നെങ്ങാനും കാച്ചിയിരുന്നെങ്കിൽ ഈ പോസ്റ്റ് തന്നെ വേണ്ടി വരുമായിരുന്നില്ല. വൗ! എന്നൊരാർത്തനാദത്തോടെ ഞാനതങ്ങു്‌ വെള്ളം തൊടാതെ വിഴുങ്ങിയേനെ.

Labels: ,

Friday, January 28, 2011

മൂന്ന് മിനിറ്റ്

പകലന്തിയോളം പണിയെടുത്തു്‌ ഏഴെട്ടു മണിയാവുമ്പോൾ വീടുപറ്റുന്ന നേരത്താണു്‌ സകലമാന റ്റെലിമാർക്കറ്റർമാർക്കും നമ്മോടു്‌ സംസാരിക്കാൻ പൂതിയുണ്ടാവുന്നതു്‌.

പണ്ടൊക്കെ, എന്നു വച്ചാൽ അച്ചുവിനു്‌ പറഞ്ഞാൽ മനസ്സിലാവാതിരുന്ന പ്രായത്തിൽ, ഇത്തരം കോളുകളാണെങ്കിൽ, ഫോണെടുത്തു്‌ വായിൽത്തോന്നുന്ന വികടത്തരം പുലമ്പാറുണ്ടായിരുന്നു. തന്തയും തള്ളയും ചെയ്യുന്നതെല്ലാം അതേപടി അനുകരിക്കാൻ അവസരം പാർത്തുനടക്കുകയാണു്‌ അച്ചു എന്നതിനാൽ അധികം ക്രീയേറ്റീവ് ആവാൻ ഇക്കാലത്തു്‌ അവസരം ലഭിക്കാറില്ല.

അങ്ങനെയിരിക്കെ, അച്ചുവും അവന്റെ അമ്മയും സ്ഥലത്തില്ലാതിരുന്ന ഒരു വൈകുന്നേരം അല്പനേരം റ്റീവി കണ്ടിരിക്കാമെന്നു വിചാരിക്കേ, അതാ വരുന്നു, ഖസ്റ്റമേഴ്സിനു്‌ കസ്റ്റമേഴ്സിനു്‌ പുതിയ സർവീസുകളുമായി യു. എസ്. ബാങ്കിന്റെ ഫോൺ വിളി.

"ഹൗ ആർ യു ഡൂയിംഗ് സർ?"

ഒന്നാലോചിച്ചിട്ടു്‌ ഞാൻ പറഞ്ഞു, "വെൽ, ഖൺസിഡറിംഗ് കൺസിഡറിംഗ് ദ സർകംസ്റ്റാൻസസ്, ഐ ഥിങ്ക് തിങ്ക് ഐ ആം ഡൂയിംഗ് പ്രെറ്റി ഓകെ, ഹിയർ!"

മറുവശത്തു നിന്നും കഥക്കൂട്ടിന്റെ കെട്ടഴിച്ചു തുടങ്ങവേ, ഞാൻ ഇടയ്ക്കു കയറിപ്പറഞ്ഞു: "ബട്ട് ഐ ഹഫ് റ്റു റ്റെൽ യു ദാറ്റ് ദിസ് ഈസ് നോട്ട് എ ഗുഡ് റ്റൈം റ്റു റ്റോക്!"

"ഓ, ഐ ആം സോറി ഇഫ് യു വെയർ ഇൻ ദ മിഡിൽ ഓഫ് സംഥിങ് സംതിങ്!" റ്റെലിമാർക്കറ്റർ ക്ഷമചോദിക്കുന്നതായി നടിച്ചു.

"യെസ്, ഐ ആം ഇൻ ദ മിഡിൽ ഓഫ് ഹാവിങ് സെക്സ് വിത് മൈ വൈഫ്..." ഞാൻ സ്വരപ്പതർച്ചയില്ലാതെ പറഞ്ഞൊപ്പിച്ചു.

"സർ, വെൽ, ഐ വിൽ കോൾ ബാക് ഇൻ ത്രീ മിനിറ്റ്സ്, ദെൻ?"

അദ്ദേഹത്തിന്റെ മറുപടിയുടെ ഗൂഢാർത്ഥങ്ങൾ മനസ്സിലാക്കിയെടുക്കുമ്പോൾ വളരെ വൈകിപ്പോയി. അപ്പോഴേയ്ക്കും ഡിസ്ഖണക്റ്റ് ഡിസ്കണക്റ്റ് റ്റോൺ പുറപ്പെടുവിച്ചു്‌ ഫോൺ എന്റെ ദുഃഖാചരണത്തിൽ പങ്കുചേർന്നിരുന്നു.

Labels: ,