ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, September 28, 2007

കൂള്‍ ഹോട്മെയില്‍

ഹോട്മെയില്‍ കൂടുതല്‍ ഭാരതീയമാവുന്നു. കൂള്‍ഹോട്മെയില്‍.കോമില്‍ നിന്നും 250-ല്‍ പരം പുതിയതരം ഹോട്മെയില്‍ വിലാസങ്ങള്‍ തെരഞ്ഞെടുക്കാം. ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരുമൊക്കെ ഥീമായി വരുന്നുണ്ടെങ്കിലും കേരളത്തിന് അവഗണ തന്നെ! താരങ്ങളുടെ കൂട്ടത്തില്‍ അമിതാബും ധോനിയും രജനിയും സചിനുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീശാന്തും ഭാവനയുമില്ല.

മുഖ്യമന്ത്രിയുടെ പിടിപ്പുകേട്, അല്ലാതെന്ത്?

Labels:

Monday, September 24, 2007

ഒറ്റയ്ക്കാവുമ്പോള്‍

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ഭയമാണ്. ഇരുണ്ട മുറികളിലെ നിശ്ശബ്ദതകളില്‍ എന്നെ കീഴ്പെടുത്താന്‍ പ്രേതങ്ങള്‍ ഒരുങ്ങുന്നുണ്ടാവാം. പഴുക്കടയ്ക്കാഭരണിയില്‍ കയ്യിടുമ്പോള്‍ തലയ്ക്കുമുകളില്‍ വവ്വാല്‍ക്കുഞ്ഞുങ്ങള്‍ പറന്നുമാറും. ചിലന്തിവലകള്‍ക്കും കൂറക്കൂട്ടങ്ങള്‍ക്കുമിടയില്‍ പഴയലിപികള്‍ നിറഞ്ഞുനില്‍ക്കും.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് വേദനയാണ്. ഉരുണ്ടു കൂടുന്ന സൂചിക്കുത്തുകള്‍ ഇടതു നെഞ്ചില്‍ ചേക്കേറുന്നു. സൌഹൃദഭാവം പൂണ്ടുവരുന്ന ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഞാന്‍ അടിമപ്പെടുന്നു.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ചീത്തകൂട്ടുകെട്ടുകളാണ്. പോളിഷ് പ്രോവെര്‍ബുകളും എന്‍. എന്‍. പിള്ളയും അബു നുവാസും എന്‍റെ മനസ്സിനെ പങ്കിലമാക്കുന്നു. ക്രീഡവര്‍ണ്ണനകളുടെ പേജുകള്‍ക്ക് എന്നെ നിത്യപരിചയമാണ്.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് ഉല്‍ക്കണ്ഠയാണ്. വേദനിപ്പിച്ചവരും വേദനിപ്പിക്കാനുള്ളവരും തമ്മിലുള്ള വടം വലിയില്‍ തോറ്റതാരാണെന്നറിയാനുള്ള ഉല്‍ക്കണ്ഠ. പറങ്കിമാവിന്‍ ചുവട്ടിലെ കരിയിലക്കൂട്ടങ്ങള്‍ക്ക് വേലി തീര്‍ക്കാനാവുന്നില്ലല്ലോ എന്ന ഉല്‍ക്കണ്ഠ.

ഒറ്റയ്ക്കാവുമ്പോള്‍ എന്‍റെ രാത്രികള്‍ക്ക് കൂടുതല്‍ കറുപ്പാണ്. സമയം തെറ്റിയെത്തുന്ന താരവും തിങ്കളും എന്നോട് അനീതി കാട്ടുന്നല്ലോ.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് നിറകണ്ണുകളാണ്. ഓര്‍മ്മകളുടെ ഓണമാണ് പിന്നെ. പുറത്ത് സൂര്യന്‍ കത്തിക്കാളുന്ന ശനിയാഴ്ചകളില്‍ ഉത്തരമറിയാത്ത ത്രികോണമിതി പ്രശ്നങ്ങള്‍ക്ക് ചങ്ങമ്പുഴക്കവിതയായിരുന്നല്ലോ കൂട്ടുവന്നത്.

ഒറ്റയ്ക്കാവുമ്പോള്‍ എനിക്ക് നിരാശയാണ്. മുപ്പത്തിമൂന്നു കൊല്ലം കൊണ്ടു വാങ്ങിക്കൂട്ടിയ മൂന്ന് അടിയും മൂന്നുകൊല്ലം കൊണ്ട് വിറ്റുതുലച്ച മുപ്പതോളം അടിയും പിച്ചും നുള്ളും ഒരുമിച്ച് ചേര്‍ത്തുവച്ചു വരച്ച ഗ്രാഫ് താഴേയ്ക്കുതന്നെ പോകുന്നു. ഇനി ഉയര്‍ച്ചയില്ലാത്തപോല്‍. കാലം-7, ഞാന്‍-1.

ഒറ്റയ്ക്കാവുമ്പോള്‍, പക്ഷേ, എനിക്ക് സ്നേഹവുമാണ്. കേള്‍ക്കേണ്ടവര്‍ കേള്‍ക്കാനില്ലാത്തപ്പോഴാണല്ലോ സ്നേഹവാക്കുകള്‍ പറയാന്‍ തോന്നുന്നത്!

Labels:

Wednesday, September 19, 2007

ഭാഷയുടെ അപൂര്‍ണ്ണത

ഒരേ ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ പോലും ആശയവിനിമയം നടത്തുമ്പോള്‍ വരാവുന്ന പാകപ്പിഴകളെപ്പറ്റി കവി പാടിയിട്ടുണ്ടല്ലോ. ഭാഷ കണ്ടു പിടിച്ചവരെ പുലഭ്യം പറയുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഭാഷാരഹിതമായ ലോകം കൂടുതല്‍ സുന്ദരമായിരിക്കുമോ എന്നു സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും. പുഷ്പകവിമാനം എന്ന സിനിമ നാം എത്രകണ്ട് ആസ്വദിച്ചു എന്നതാവരുത് ഈ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ മാനദണ്ഡമാവേണ്ടുന്നത്. നിശ്ശബ്ദതയെ പൂജിക്കുന്നവര്‍ പൂജ കഴിഞ്ഞ് ഉത്തരം നല്‍കിയാല്‍ മതിയാവും.

ജന്തുക്കള്‍ക്കും ഭാഷയുണ്ടെന്ന പ്രസ്താവന ഏറെ ചിന്തിപ്പിച്ചിട്ടുള്ള ഒന്നാണ്. ജന്തുക്കള്‍ക്ക് ഭാഷയുണ്ടെങ്കില്‍ ആ ഭാഷയെ, അവ അധിവസിക്കുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും എത്രമാത്രം സ്വാധീനിക്കുന്നു? നാടന്‍ പോത്തും കാട്ടുപോത്തും ‘ഒരേ ഭാഷ’യിലാണോ സം‌വദിക്കുക? ആഫ്രിക്കന്‍ ആനയും ബീഹാറീ ആനയും തമ്മില്‍ ഏതു ഭാഷയില്‍ അടക്കം പറയും?

ശബ്ദോന്മുഖമായ ഭാഷയിലാണ് മനുഷ്യരൊഴികെയുള്ള ജീവികള്‍ കൂടുതലും സം‌വദിക്കുന്നത് എന്നാണ് എന്‍റെ കണ്ടെത്തല്‍. പൂവന്‍ കോഴിയും പിടക്കോഴിയും തമ്മില്‍ കണ്ണും കണ്ണും നോക്കി കഥകള്‍ കൈമാറുന്നത് കണ്ടിട്ടില്ല എന്നത് ശാസ്ത്രീയമായ തെളിവായി അംഗീകരിക്കാന്‍ പ്രയാസമില്ലല്ലോ!

ശബ്ദഭാഷ വൈവിധ്യമാര്‍ന്നതായ സ്ഥിതിക്ക് ആംഗ്യഭാഷയെങ്കിലും ഏകീകൃതമാവണമല്ലോ. അല്ലെന്നതാണ് സത്യം. അതിനാലാണ് ക്യാനഡയിലെയും ഐസ്‍ലാന്‍റിലെയും കരടികള്‍ക്ക് തമ്മില്‍ത്തമ്മില്‍ കൂട്ടുകൂടാനറിയാത്തത്. അതുകൊണ്ടാണ് മലയാളികള്‍ ആലിംഗനം ചെയ്യാത്തത്! പറയാനും എഴുതാനും ഉപയോഗിക്കുന്ന മറ്റുഭാഷകളെപ്പോലെ ആംഗ്യഭാഷയും കാല, ദേശ, സംസ്കാരങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

ഒന്നുരണ്ട് ഉദാഹരണം വഴി ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം.

ഭരതം എന്ന സിനിമയില്‍ കഥാപാത്രത്തോടും കഥാസന്ദര്‍ഭത്തോടും യോജിക്കാതെ വേറിട്ടുനില്‍ക്കുന്ന ആ അഭിനയമുഹൂര്‍ത്തം ഓര്‍ക്കുന്നില്ലേ? മോഹന്‍‍ലാല്‍ പാടാനൊരുങ്ങുമ്പോഴുള്ള ഉര്‍വ്വശിയുടെ ‘ഥംപ്സ് അപ്’ ആംഗ്യം?


ചിത്രം: ഥംപ്സ് അപ് (കടപ്പാട്: മൈക്രോസോഫ്റ്റ് ക്ലിപ്‍ആര്‍ട് ഗ്യാലറി)

ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഓസ്റ്റ്രേലിയക്കാരന്‍, ഉര്‍വ്വശിക്കെന്താണ് മോഹന്‍‍ലാലിനോടിത്ര ദേഷ്യം എന്നു തോന്നിയാല്‍ അത്ഭുതപ്പെടരുത് (ഓസ്റ്റ്രേലിയക്കാര്‍ക്ക് ‘ഥംപ്സ് അപ്’ ഒരു റൂഡ് സൈന്‍ ആണ്). ‘നടക്കില്ല മോനേ!’ എന്ന അര്‍ഥത്തില്‍ നാം (ഇന്ത്യാക്കാര്‍) ‘ഥംപ്സ് അപ്’ ആംഗ്യം കാണിക്കുന്നതിനോടൊപ്പം തള്ളവിരല്‍ ഇടത്തേയ്ക്കും വലത്തേയ്ക്കും ആട്ടുന്നതും ഓര്‍ക്കുക. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഈ ആംഗ്യം കാണിക്കുന്നത് ആരോഗ്യത്തിന് നല്ലതാവണമെന്നില്ല.

നാം പലപ്പോഴും കാണിക്കുന്ന മറ്റൊരാംഗ്യമാണല്ലോ ഓ. കെ. ആംഗ്യം (OK sign). യു. എസിലും ക്യാനഡയിലും ഇത് സമ്മതത്തിന്‍റെ ചിഹ്നമാണെങ്കില്‍, ജപ്പാന്‍കാര്‍ക്ക് ഇത് പണത്തെ സൂചിപ്പിക്കുന്നു. ഡെന്മാര്‍ക്ക്, നോര്‍വേ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ അധിക്ഷേപിക്കാന്‍ ഇങ്ങനെ കാട്ടിയാല്‍ മതി. ഫ്രാന്‍സുകാരാവട്ടെ, ഇതിനെ പൂജ്യമായി (zero) കാണുന്നു. എന്നാല്‍ പരാഗ്വേ, സ്പെയിന്‍, ഗ്രീസ്, ബലാറസ്, ഗ്വാറ്റിമാല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഓ. കെ. ആംഗ്യം കാണിക്കുന്നവന്‍റെ അടപ്പൂരും!

ജീവന്‍റെ നിലനില്പിനാവശ്യമായ കാര്യം സാധിച്ചെടുക്കണമെന്ന് മറ്റൊരാളിനെ അറിയിക്കാന്‍ ഭാഷ വേണമെന്നില്ല. അതില്‍ കവിഞ്ഞ എന്തു കാര്യത്തിനും ഭാഷയില്ലാതെ തരമില്ല എന്നു മനസ്സിലായില്ലേ? ഇല്ലെങ്കില്‍ എന്‍റെ കുറ്റമല്ല. മലയാള ഭാഷയുണ്ടാക്കിയവരെ ദ്രോഹികള്‍ എന്നു വിളിക്കുക.

Labels: ,

Tuesday, September 18, 2007

ബോംബേ വിളിക്കുന്നു


രംഗം ഒന്ന്

‘സാര്‍, ഇന്ത്യയിലേയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടോ?’ ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും തമിഴ് ചുവയുള്ള ഇംഗ്ലീഷിലുള്ള ചോദ്യം.
‘അതെന്ത് ചോദ്യമാണ്? പിന്നില്ലാതേ!’ ഞാന്‍ പ്രതിവചിച്ചു.

നാട്ടിലേയ്ക്കുള്ള ഫോണ്‍ വിളി ഇവിടെ വലിയൊരു ബിസിനസ്സാണ്. ചെലവു കുറഞ്ഞതും നിലവാരം കൂടിയതും എന്ന ലേബലോടെ പുതിയപുതിയ ഫോണ്‍ സര്‍വീസുകളുടെ പ്രതിനിധികളില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് കോളുകള്‍ സര്‍വ്വസാധാരണം.

ഇത്തവണ ഇന്ത്യക്കാരനാണ് വിളിക്കുന്നത് എന്നതിനാല്‍, സാധാരണ ചെയ്യാറുള്ളതുപോലെ ഒന്നും തിരിച്ചു പറയാതെ, ഉടന്‍ ഫോണ്‍ വയ്ക്കാന്‍ തോന്നിയില്ല. സംസാരത്തില്‍ ചെറിയൊരു ഡ്രാഗ് ഉള്ളതിനാല്‍ നാട്ടില്‍ നിന്നാണ് വിളിയെന്ന് വ്യക്തം. രാത്രി പകലാക്കി അധ്വാനം ചെയ്യുന്ന സ്വന്തം രാജ്യക്കാരനോട് അല്പം മാന്യതയാവുന്നതില്‍ തെറ്റില്ലല്ലോ.

‘സാര്‍, എന്‍റെ പേര് സ്മിത്ത്. ഫോണ്‍ ചെയ്യാന്‍ നമ്മുടെ സര്‍വ്വീസ് ഉപയോഗിക്കൂ! ഇതിന് വില കുറവാണെന്ന് മാത്രമല്ല, നല്ല ക്വാളിറ്റിയുമുണ്ട്.’
‘സ്മിത്തോ? നിങ്ങള്‍ പേരുമാറ്റിയോ?’ സ്മിത്ത് എന്ന പേരില്‍ ഒരു തമിഴന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന ധൈര്യത്തിലാണു ഞാന്‍.
‘ഇല്ലല്ലോ. എന്‍റെ പേര് സ്മിത്ത് എന്നാണ്. ഞാന്‍ ന്യൂജേര്‍സിയില്‍ നിന്നാണ് വിളിക്കുന്നത്.’

ഒരുവിധത്തില്‍ ആ കോള്‍ അവസാനിപ്പിച്ചു. ഇതൊക്കെ മനസ്സിലാവുന്നവരുടെ അടുത്തെങ്കിലും മദ്രാസില്‍ നിന്നോ മറ്റോ വിളിക്കുന്ന അറുമുഖത്തിന് ന്യൂജേഴ്സിയിലെ സ്മിത്താവാതിരുന്നുകൂടേ എന്ന് മനസ്സിലോര്‍ത്തു.

രംഗം രണ്ട്

‘സാര്‍, ഇന്ത്യയിലേയ്ക്ക് വിളിക്കാന്‍ ഇതാ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം,’ ചുറു ചുറുക്കുള്ള നല്ല ഇംഗ്ലീഷില്‍ വടക്കേ ഇന്ത്യക്കാരി മൊഴിയുന്നു.
‘നീയാര്, കാത്‍ലീനോ, ജെനിഫറോ?’ അല്പം പരിഹാസം ചേര്‍ത്ത് ഞാന്‍ ചോദിച്ചു.
‘അല്ല സര്‍, ഞാന്‍ ഹീന, ബോംബേയില്‍ നിന്ന് വിളിക്കുന്നു...’

കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്നത് സന്തോഷജനകം തന്നെ. താന്‍ അമേരിക്കന്‍ ഐക്യനാടുകളിലെവിടെയോ ഇരിക്കുന്ന ജെനിഫറാണെന്ന് അവള്‍ കള്ളം പറയുന്നില്ലല്ലോ!

രംഗം മൂന്ന്

‘സാറുണ്ടോ?’ നല്ല പച്ചമലയാളത്തിലുള്ള പെണ്‍ശബ്ദം.
‘സാര്‍ നാട്ടില്‍ വിളിക്കാന്‍ ഏതു സര്‍വീസാണ് ഉപയോഗിക്കുന്നത്?’
‘അയ്യോ, സാറിവിടെ ഇല്ലല്ലോ. ഞാന്‍ വെറും വേലക്കാരന്‍!’
‘സാറെവിടെപ്പോയി?’
‘സാറും കൊച്ചമ്മയും കൂടി കറങ്ങാന്‍ പോയിരിക്കുന്നു. തിരിച്ചു വരുമ്പോഴേയ്ക്കും കഞ്ഞീം കറീം ഉണ്ടാക്കി വയ്ക്കണം...’

സംഭാഷണം അവിടെ വച്ച് കഴിയുമെന്ന് ഞാന്‍ വിചാരിച്ചു.

‘ഇന്നെന്താ കൂട്ടാന്‍ വയ്ക്കുന്നത്?’ അവള്‍ ചിരിക്കുന്നു.

ഞാന്‍ ചുറ്റും നോക്കി. അകലെ മൂലയില്‍ കുറേ ബീന്‍സ് ഇരിക്കുന്നു.

‘ബീന്‍സ് തോരന്‍,’ എന്‍റെ മറുപടി.
‘അയ്യേ, വലിയ വേലക്കാരനായിട്ട് ബീന്‍സ് തോരനാണോ സാറിന് വച്ചു കൊടുക്കുന്നത്?’
‘ശരി, ഒരുപാട് ജോലി ബാക്കി കിടക്കുന്നു. സാര്‍ വരുമ്പോള്‍ വിളിക്കൂ!’ ഇനിയും ഇതിങ്ങനെ നീളുന്നത് ഭംഗിയല്ലെന്നു കണ്ട് സംഭാഷണം അവസാനിപ്പിച്ചു.

* * *

ഡിഷ് നെറ്റ്‍വര്‍ക്കിലെ പ്രോഗ്രാമുകള്‍ കാണുന്നവര്‍ തീര്‍ച്ചയായും കാണേണ്ടുന്ന ലിങ്ക് ചാനലിനെപ്പറ്റി മുമ്പ് ഈ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ അവശ്യം കാണേണ്ടുന്ന മറ്റൊരു ചാനലാണ് ഫ്രീ സ്പീച് ചാനല്‍ (9415). ഫ്രീ സ്പീച് ചാനലില്‍ കണ്ട ബോംബേ കോളിംഗ് എന്ന ഡോക്യുമെന്‍ററി, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകളുടെ നാഡിമിടിപ്പ് അറിയാന്‍ സഹായകമാം വിധം അതിമനോഹരമാണ്. നല്ല ഡോക്യുമെന്‍ററിക്കുള്ള നിരവധി അവാര്‍ഡുകള്‍, ക്യാനഡ നാഷണല്‍ ഫിലിം ബോഡ് നിര്‍മ്മിച്ച ബോംബേ കോളിംഗ് ഇതിനോടകം നേടിയിരിക്കുന്നു.

ഇന്ത്യയില്‍ നിന്നു വരുന്ന ഇത്തരം കോളുകളോട് ഇന്ത്യക്കാര്‍ക്കെങ്കിലും കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ സമീപനം ഉണ്ടാവാന്‍ ഈ ഡോക്യുമെന്‍ററി സഹായിക്കും. കണ്ടു നോക്കൂ.

Labels: ,

Sunday, September 09, 2007

ചായയുടെ പാചകക്രമം

ബ്ലോഗ് എന്ന അതീവ നൂതനമായ മാധ്യമത്തിലൂടെപ്പോലും വിവരിക്കാനും വിശദമാക്കാനും പ്രയാസമേറിയ ഒരു ‘പ്രത്യേക രാഷ്ട്രീയ സാഹചര്യം’ ഈ അടുത്ത കാലത്ത് ഈയുള്ളവന്‍റെ ഗൃഹത്തില്‍ സംജാതമായി. അതേത്തുടര്‍ന്ന്, വളരെക്കാലത്തിനു ശേഷം സ്വന്തമായി, പരസ്സഹായമില്ലാതെ, ചായയിടേണ്ടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി.

പല പാചക സൈറ്റുകളും/ബ്ലോഗുകളും കയറിയിറങ്ങിയെങ്കിലും നല്ല ചായ പോയിട്ട്, വെറും ചായ പോലും (വെറുഞ്ചായയല്ല. നമ്മുടെ നാട്ടില്‍ കട്ടന്‍ ചായയ്ക്ക് വെറുഞ്ചായ എന്ന് പറയാറുണ്ട്) ഉണ്ടാക്കുന്നതെങ്ങനെ എന്ന് കണ്ടെത്താനായില്ല. പല പാചകക്കാരും ചായയിടല്‍ അത്ര വലിയ കാര്യമാണെന്ന് കരുതിയിട്ടില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

ചായയുണ്ടാക്കാനറിയാത്തവര്‍ക്ക് ഇനി നിരാശരാവേണ്ട കാര്യമില്ല. ‘മിനി സ്ക്രീനില്‍ ആദ്യമായി ഇതാ’ എന്നൊക്കെ ചില ചാനലുകാര്‍ അലറും പോലെ, ‘ബ്ലോഗില്‍ ആദ്യമായി’ ഇതാ ചായയുടെ പാചകക്രമം പ്രസിദ്ധീകരിക്കുന്നു. ഭാവി തലമുറ പറയാനിരിക്കുന്ന അസംഖ്യം നന്ദികള്‍ ഞാന്‍ വിനയാന്വിതനായി ഏറ്റുവാങ്ങുകയാണ്.

പച്ചവെള്ളമൊരരത്തുടം പതിയെ വച്ചു തീയടിയിലിട്ടു, പി-
ന്നൊച്ചയോടതു തിളച്ചിടുമ്പൊഴതിലിറ്റു തേയില പകര്‍ത്തണം,
മെച്ചമാം പുതിയ പാലു, മൊട്ടു രുചികിട്ടുവാന്‍ സിതയൊരല്പവും
സ്വച്ഛമിങ്ങനെ പചിക്ക ചായ, യിനി, യിച്ഛയോടതു കുടിക്കുവിന്‍!


അയ്യേ, ചായയില്‍ ഏലയ്ക്ക ഇടേണ്ടേ എന്നൊക്കെ ചോദിക്കുന്നവരോട്: വേണ്ട. ഏലയ്ക്ക, ഇഞ്ചി തുടങ്ങിയവയിട്ട് എത്രയെത്ര കറികളാണ് നാം ഉണ്ടാക്കി വിടുന്നത്? ചായയെയെങ്കിലും വെറുതേ വിട്ടുകൂടേ?

ശ്ലോകം തിരുത്തി വെടിപ്പാക്കിത്തന്ന ഉമേഷ് മറ്റൊരു ചായക്കാര്യം പറയുകയുണ്ടായി (അതും നല്ല ചായയാണ്, കേട്ടോ!). അതിനാലാണ് ‘ഇന്‍റര്‍നെറ്റില്‍ ആദ്യമായി’ എന്നുപയോഗിക്കാതെ ‘ബ്ലോഗില്‍ ആദ്യമായി’ എന്ന് ഉപയോഗിച്ചിരിക്കുന്നത്.

വൃത്തം: കുസുമമഞ്ജരി.

Labels:

Wednesday, September 05, 2007

ഷെയര്‍പോയ്ന്‍റ് ചോദ്യം

മൈക്രോസോഫ്റ്റ് ഷെയര്‍പോയ്ന്‍റ് സെര്‍വര്‍ മൂന്നാം വേര്‍ഷന്‍ (WSS v3) ഇന്ത്യയിലെ ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന ആരെങ്കിലുമുണ്ടോ ബ്ലോഗുവായനക്കാരില്‍?

എങ്കില്‍ അവരോട് രണ്ടു വാക്ക് പറയണമെന്നുണ്ട്!

മൈക്രോസോഫ്റ്റ് ഷെയര്‍പോയ്ന്‍റ് സെര്‍വറിന്‍റെ ഉപയോഗ സാധ്യതയെപ്പറ്റിയും ഇന്ത്യയില്‍ പിന്തുടരുന്ന ചില ലോക്യാല്‍ (locale) രീതിയെപ്പറ്റിയും അറിയണമെന്നുണ്ട്. മൈക്രോസോഫ്റ്റ് (ഇന്ത്യ) ഷെയര്‍പോയ്ന്‍റ് സെര്‍വര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മറ്റു കമ്പനികളിലെ/സ്ഥാപനങ്ങളിലെ ഉപയോഗത്തെപ്പറ്റി അറിയാനാണ് താല്പര്യം. ഈ അറിവ്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് സഹായകരമായിരിക്കും. സഹായമനസ്കര്‍ sanpil അറ്റ് മൈക്രോസോഫ്റ്റ്.കോം എന്ന വിലാസത്തിലേയ്ക്ക് ഒരു മെയിലയയ്ക്കാമോ?

Labels: