ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, December 25, 2008

വിക്കിപ്പീഡിയയുടെ ആധികാരികത

മലയാളം വിക്കിപ്പീഡിയയില്‍ റബറിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതെന്തുകൊണ്ടു് എന്നു വിവരിക്കുന്ന പോസ്റ്റിനു കമന്‍റായി ഞാന്‍ എന്ന ബ്ലോഗര്‍ ഇങ്ങനെ പറയുന്നു:

വിക്കിപ്പീഡിയയിലെ ആര്‍ട്ടിക്കിളുകള്‍ ഒരു കാരണവ[ശാ]ലും തൊടരുത് എന്നാണ് എന്റെ അടുത്ത് ഗൈഡ് പറഞ്ഞിട്ടുള്ളത് (പൊതുവെ അദ്ധ്യാപകര്‍ അതിന് അനുകൂലമായി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല). വിക്കിപ്പീഡിയയുടെ വിലയിടിച്ചു കാണിക്കുകയല്ല ഞാന്‍. പിഎച്ച്‌ഡി മുതലായ ഗവേഷണ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിക്കി കണ്ടന്റ് സാധാരണ ഗതിയില്‍ ആള്‍ക്കാര്‍ ഉപയോഗിക്കാറില്ല.
എത്ര സത്യം! ഇതു് പല യൂണിവേഴ്സിറ്റികളുടേയും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ നയമാണിതു്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്നു് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിനു് അവസാനവാക്കെന്നു് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായതു് എന്ന വിഷയത്തില്‍ നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ടു് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്നു് കണ്ടെത്തുകയുണ്ടായെന്നു് മുമ്പൊരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പലപ്പോഴും ‘വിക്കിപ്പീഡിയയ്ക്കെന്താണു് കുഴപ്പം?’ എന്നു ചോദിക്കാന്‍ തോന്നുമെങ്കിലും മുകളില്‍ സൂചിപ്പിച്ച പോസ്റ്റു് ‘എന്താണു കുഴപ്പം’ എന്ന ചോദ്യത്തിനു് തൃപ്തികരമാം വിധം ഉത്തരം നല്‍കുന്നതാണു്. മലയാളം വിക്കിപ്രവര്‍ത്തകരെപ്പോലെ ഗുണനിയന്ത്രണ നിഷ്കര്‍ഷ മറ്റുഭാഷാ വിക്കികളുടെ പരിപാലകര്‍‍ പാലിക്കും എന്നതിനു് യാതൊരുറപ്പുമില്ല. (മലയാളം വിക്കി കുറ്റമറ്റതാണെന്നോ അല്ലെന്നോ പറയാന്‍ പരിചയക്കുറവു മൂലം എനിക്കാവുന്നില്ല. ഞാന്‍ വായിച്ചിട്ടുള്ള മിക്ക മലയാളം വിക്കി ലേഖനങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണു്.)

അക്കാദമിക് പേപ്പറുകളില്‍ വിക്കിപ്പീഡിയ ലേഖനങ്ങള്‍ ഉദ്ധരിക്കുന്നതു് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കു് വിരുദ്ധമാണെങ്കിലും കൃത്യമായ റെഫറന്‍സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന വിക്കിപ്പീഡിയ ലേഖനങ്ങളിലെ ആശയങ്ങള്‍ അക്കാദമിക് പേപ്പറുകളില്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടു്.

ഒരു ഉദാഹരണം പറയാം. അക്കൌണ്ടിംഗ് വിഷയത്തിന്‍റെ ആമുഖമായി ബാലന്‍സ് ഷീറ്റ്, ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ്, ക്യാഷ്ഫ്ലോ സ്റ്റേയ്റ്റ്മെന്‍റ്, തുടങ്ങിയ എന്താണു് എന്നു് വിശദീകരിക്കുന്ന ഒരു പേപ്പര്‍ എഴുതേണ്ടിവന്നു. ഇന്‍കം സ്റ്റേയ്റ്റ്മെന്‍റ് എന്നു് വിക്കിയില്‍ തിരഞ്ഞാല്‍ ഈ പേയ്ജ് ആണു് നമുക്കു് ലഭിക്കുക. പേപ്പറില്‍ ഉപയോഗിക്കാന്‍ പറ്റിയ വാചകമാണിതു്:
The Income statement must indicate how revenue is transformed into net income. The purpose of the income statement is to show managers and investors whether the company made or lost money during the period being reported.
എന്നാല്‍ ഇതു് വിക്കിപ്പീഡിയയില്‍ നിന്നും എടുത്തതാണെന്നു് പറഞ്ഞു് പേപ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ ലേഖനത്തിന്‍റെ റെഫറന്‍സ് സെക്ഷനില്‍,
Harry I. Wolk, James L. Dodd, Michael G. Tearney. Accounting Theory: Conceptual Issues in a Political and Economic Environment (2004). ISBN 0324186231.
എന്ന പുസ്തകത്തെ പരാമര്‍ശിച്ചിരിക്കുന്നതു് ശ്രദ്ധിക്കുക. അധികം തിരക്കില്ലാത്ത വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ പുസ്തകം വായിച്ചു നോക്കാം. അല്ലെങ്കിലോ, ഈ പുസ്തകത്തിന്‍റെ ISBN നമ്പര്‍ 0324186231 ഉപയോഗിച്ചു് ആമസോണില്‍ സേര്‍ചു ചെയ്യുക. നമുക്കു് ഈ ലിങ്ക് ലഭിക്കും. ഇനി, ആമസോണിന്‍റെ Look Inside ഫീച്ചര്‍ ഉപയോഗിച്ചു് പുസ്തകത്തിന്‍റെ റ്റേയ്ബിള്‍ ഓഫ് കണ്ടന്‍റ്സില്‍ നിന്നും ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ് എന്ന ചാപ്റ്റര്‍ പേയ്ജ് 381-ല്‍ ആണു് ആരംഭിക്കുന്നതു് എന്നു് മനസ്സിലാക്കാം. മുകളില്‍ സൂചിപ്പിച്ച വാചകം
ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റിന്‍റെ നിര്‍വ്വചനത്തിന്‍റെ കൂട്ടത്തില്‍ വരുന്നതാകയാല്‍, അതു് മിക്കവാറും പേയ്ജ് 382-ല്‍ ആണെന്നു് ഏകദേശം കൃത്യമായിത്തന്നെ ഊഹിക്കാം! ഇത്രയുമായാല്‍, വിക്കിപ്പീഡിയയില്‍ നിന്നും നിങ്ങള്‍ അടിച്ചുമാറ്റിയ വാചകം Wolk, Dodd, Tearney എന്നിവരുടെ Accounting Theory: Conceptual Issues in a Political and Economic Environment (2004) എന്ന പുസ്തകത്തിലെ മുന്നൂറ്റി എണ്‍പത്തിരണ്ടാം പേയ്ജിലാണെന്നു് നിങ്ങള്‍ക്കു് ഏതു പേപ്പറിലും വച്ചു കാച്ചാവുന്നതേയുള്ളൂ.

യൂണിവേഴ്സിറ്റി/അക്കാദമിക് ചട്ടങ്ങള്‍ ലംഘിക്കാതെ വിക്കിപ്പീഡിയ റെഫറന്‍സായി ഉപയോഗിക്കണമെങ്കില്‍, പക്ഷേ, ലേഖനങ്ങള്‍ വിശ്വസ്തവും ആധികാരികവുമായ റെഫറന്‍സ് നല്‍കി തയ്യാറാക്കിയതാവണം. മൈക്രോസോഫ്റ്റും മനോരമയും ചേര്‍ന്നു് മലയാളം വിക്കി ഹൈജാക് ചെയ്യുന്നു എന്നു പറയുന്നവരുണ്ടെങ്കില്‍, അവര്‍ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തതും ഇതുതന്നെ.

താന്‍ സ്വന്തമായ റിസേര്‍ചിലൂടെ കണ്ടെത്തിയ വസ്തുതകള്‍ക്കു് ആധികാരികത വരുത്താന്‍ എന്താണു വഴി? Peer review സം‌വിധാനം നിലവിലുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുകയാണു് ഏറ്റവും എളുപ്പ വഴി. റബര്‍ സംബന്ധിയായ പുതിയ അറിവുകളും സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധപ്പെടുത്താന്‍ ഇന്ത്യ റബര്‍ ജേണല്‍, The India Market Journal, യൂറോപ്യന്‍ റബര്‍ ജേണല്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണു്. തന്‍റെ കണ്ടുപിടുത്തങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഉപയോഗപ്രദമായി വരണമെന്നുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കു പിറകേ വച്ചുപിടിക്കാതെ ഈവഴി വല്ലതും സ്വീകരിക്കുകയാവും ഉത്തമം.

Labels: , ,

Wednesday, December 10, 2008

അവധിയ്ക്കു പോകുമ്പോള്‍

അവധിയ്ക്കു് നാട്ടില്‍ പോകുന്ന സുഹൃത്തിനെ ‘സഹായിക്കലാ’യിരുന്നു ഞായറാഴ്ച പണി. നാട്ടില്‍ പോകാനിരിക്കുന്നയാളിനെ ഇത്ര സഹായിക്കാനെന്തിരിക്കുന്നു എന്നാവും, അല്ലേ? ഏതോ സിനിമയില്‍ ആരോ പറയുമ്പോലെ (ഇപ്പോള്‍ വന്നുവന്നു് സിനിമയില്‍ പറയാത്ത കാര്യമില്ല) “ഇപ്പോഴത്തെ നാട്ടില്‍ പോക്കല്ലേ നാട്ടില്‍ പോക്കു്? പണ്ടൊക്കെ എന്തു് നാട്ടില്‍ പോക്കു്!”

പ്രീ-ഡിഗ്രിക്കാലം. നാലാഞ്ചിറ നിന്നും കിളിമാനൂര്‍ വഴി കൊട്ടാരക്കര പോകുന്ന ഒരു ഫാസ്റ്റ് പാസഞ്ചറില്‍ ചാടിക്കയറി. ആള്‍ത്തിരക്കു കാരണം മരുതൂര്‍ കഴിഞ്ഞാണു് കണ്‍‍ഡക്റ്റര്‍ റ്റിക്കറ്റു ചോദിച്ചു വന്നതു്. പതിവുപോലെ പോക്കറ്റില്‍ കയ്യിട്ട ഞാന്‍ ഞെട്ടി: അഞ്ചു നായാപ്പൈസയില്ല.

ഉള്ള രൂപയെല്ലാം പോക്കറ്റിലിട്ടാണു് നടപ്പു്. മൂക്കിനു കീഴില്‍ നിന്നും ആരും പോക്കറ്റടിച്ചതല്ല. പിന്നെന്തു സംഭവിച്ചു? ആലോചിച്ചു നോക്കി. നാട്ടില്‍ പോകാനായി ഇറങ്ങി പകുതി വഴിയെത്തിയപ്പോഴാണു് ഷര്‍ട്ടില്‍ മുഴുവന്‍ അഴുക്കാണെന്നു മനസ്സിലായതു്. തിരികെ കയറിപ്പോയി ഷര്‍ട്ടു മാറി വന്നു. പക്ഷേ, രൂപ പുതിയ ഷര്‍ട്ടിന്‍റെ പോക്കറ്റിലാക്കാന്‍ മറന്നു പോയി.

ഇത്ര നിസ്സാരമായിരുന്നു വീട്ടില്‍ പോക്കു്. വീട്ടില്‍ പോകാന്‍ തോന്നിയാല്‍ വീട്ടില്‍ പോകും, അത്ര തന്നെ.

ബാംഗ്ലൂരില്‍ നിന്നുള്ള വീട്ടില്‍ പോക്കു് ഇത്രത്തോളം നിസ്സാരമായിരുന്നില്ലെങ്കിലും അതും ലളിതമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുരുഗേഷ്പാളയയ്ക്കു പോണോ തീവണ്ടി പിടിക്കണോ എന്ന ചോദ്യത്തോളം ലളിതം.

എന്നാലിന്നോ? ഒരു മാസമെങ്കിലും അവധിയില്ലാതെ എന്തു നാട്ടില്‍ പോക്കു്? അവധി കിട്ടിയാല്‍ ആദ്യപടിയായി. പിന്നെ ചെയ്തു തീര്‍ക്കേണ്ടുന്ന കാര്യങ്ങള്‍ ഒന്നൊന്നായി എഴുതിവച്ചു് ചെക്കു ചെയ്തു മാറ്റുക. ഒരു സാധാരണക്കാരന്‍റെ നാട്ടില്‍പോക്കു ലിസ്റ്റ് നമുക്കൊന്നു പരിശോധിക്കാം:

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി സാധനങ്ങള്‍/സമ്മാനങ്ങള്‍ വാങ്ങുക, ബില്ലുകള്‍ ഓട്ടോമാറ്റിക് പേയ്മെന്‍റാക്കുക, ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ക്രെഡിറ്റ്കാര്‍ഡ് കമ്പനിയെ വിളിച്ചു് വിദേശവിനിമയം പ്രതീക്ഷിക്കുന്നുണ്ടെന്നു പറയുക, ഓഫീസ് കമ്പ്യൂട്ടറിന്‍റെ പാസ്‍വേഡ് മാറ്റുക (നാട്ടില്‍ നിന്നും ഓഫീസ് മെയിലുകള്‍ നോക്കുന്ന സ്വഭാവമുണ്ടെങ്കില്‍ അവധിയ്ക്കിടയില്‍ പാസ്‍വേഡ് എക്സ്പെയര്‍ ചെയ്യാതിരിക്കണമല്ലോ), വീടു് കൊടുങ്കാറ്റു്, പേമാരി, കൊടും‍തണുപ്പു് തുടങ്ങിയവയ്ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പറ്റും വിധം കാലാവസ്ഥാ പ്രൂഫ് ആക്കുക, സ്വാഭാവിക രോഗപ്രതിരോധശേഷി കുറഞ്ഞിട്ടുണ്ടെങ്കില്‍ ആവശ്യമായ പ്രതിരോധകുത്തിവയ്പുകള്‍ എടുക്കുക, റെഫ്രിജെറേയ്റ്റര്‍ കാലിയാക്കുക, ഓട്ടോ ഇന്‍ഷുറന്‍സ് താല്കാലികമായി നിറുത്തിവയ്ക്കുക, സെല്‍ഫോണ്‍ കവറേയ്ജ് അനുയോജ്യമായ രീതിയില്‍ മാറ്റുക, വീടിന്‍റെ ഹീറ്റര്‍/ഏ.സി. (ഏതാണെന്നുവച്ചാല്‍ അതു്) താപനില സെറ്റു ചെയ്യുക, റ്റോയ്‍ലറ്റ് വൃത്തിയാക്കി ലിഡ് ഉയര്‍ത്തിവയ്ക്കുക, പോസ്റ്റല്‍ മെയില്‍ ഹോള്‍ഡു ചെയ്യിക്കുക, ന്യൂസ് പേപ്പര്‍ താല്ക്കാലികമായി നിറുത്തുക, പൈപ്പു വെള്ളം അടയ്ക്കുക, വാട്ടര്‍ ഹീറ്റര്‍ ഓഫാക്കുക, ബായ്ക്കപ് ചെയ്തശേഷം കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്യുക. ബായ്ക്കപ്പ് സുഹൃത്തിന്‍റെ വീട്ടില്‍ വയ്ക്കുക, ആഭരണങ്ങള്‍, സേര്‍ട്ടിഫികറ്റുകള്‍ എന്നിവയുണ്ടെങ്കില്‍ സേയ്ഫ് ഡെപോസിറ്റ് ലോക്കറില്‍ വയ്ക്കുക, റ്റീവി, കോഫീ മേക്കര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ പ്ലഗില്‍ നിന്നും ഊരിയിടുക, ഗാര്‍ബേയ്ജ് ബിന്‍, റീസൈക്കിള്‍ ബിന്‍, യാര്‍ഡ് വേയ്സ്റ്റ് ബിന്‍ എന്നിവയുണ്ടെങ്കില്‍ കാലിയാക്കി ഒതുക്കിവയ്ക്കുക, സെക്യൂരിറ്റി സിസ്റ്റം ഉണ്ടെങ്കില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ഒരു സുഹൃത്തിനെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക, ലൈറ്റ് റ്റൈമറുകള്‍ ഉപയോഗിച്ചു് സന്ധ്യമുതല്‍ ഒമ്പതുമണിവരെയെങ്കിലും വീടിനകത്തെ ഒന്നുരണ്ടു ലൈറ്റുകള്‍ ദിവസവും ഓണാക്കാനുള്ള ഏര്‍പ്പാടാക്കുക, പാസ്പോര്‍ട്ട്/വിസ എന്നിവ കാലാവധി കഴിയാത്തതാണെന്നു് ഉറപ്പുവരുത്തുക, സുഹൃത്തുക്കളെ വിളിച്ചു് ഈ ലിസ്റ്റ് വായിച്ചു കേള്‍പ്പിച്ച ശേഷം എന്തെങ്കിലും വിട്ടുപോയോ എന്നു ചോദിക്കുന്ന ജോലി ഭാര്യയെ ഏല്‍‍പ്പിക്കുക, ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവയും അല്ലാത്തവയും ചെയ്തെന്നു് വീണ്ടും വീണ്ടും ഉറപ്പുവരുത്തുക, എന്നിട്ടും തൃപ്തിവരുന്നില്ലെങ്കില്‍ പോക്കുതന്നെ വേണ്ടെന്നുവയ്ക്കുക...

ഒരു ഫ്ലാഷ്ബായ്ക് കൂടി: മറ്റേമ്മ എന്നു് ഞങ്ങള്‍ വിളിക്കുന്ന അമ്മയുടെ അമ്മ, ശബരിമലയില്‍ പോകാന്‍ ഇരുമുടിയുമെടുത്തു് നില്‍ക്കുകയാണു്. നാമജപവും അയ്യപ്പസ്തോത്രവുമായി ഭക്തിസാന്ദ്രമായ അന്തരീക്ഷം. “സാമിയേ, അയ്യപ്പാ” എന്നിങ്ങനെ സാധാരണ ചോദ്യോത്തരശൈലിയിലുള്ള ശരണം വിളിയ്ക്കു് തല്ക്കാലവിരാമം വരുത്തുന്നതു്, “സ്വാമിയേ....യ്” എന്ന നീട്ടിയുള്ള വിളിയും അതിനു “ശരണമയ്യ...പ്പാ” എന്ന മറുവിളിയുമായാണു്. അങ്ങനെ, വീട്ടില്‍ നിന്നു് ഇറങ്ങും മുമ്പുള്ള ശരണംവിളി എന്ന നിലയില്‍ ബാബുവണ്ണന്‍ വിളിച്ചു:

“സ്വാമിയേ....യ്”

അതിനു മറുപടിയായി, ഞങ്ങള്‍ക്കൊരവസരം വരുന്നതിനു മുമ്പേ മറ്റേമ്മയുടെ വിളി:

“കോഴിയയെയടച്ചോടേ...യ്?”

യാത്രയ്ക്കു പോകും മുമ്പു് മനസ്സില്‍ കൂടി കടന്നു പോകുന്ന ഒരായിരം ചെക്കുലിസ്റ്റുകളിലൊന്നില്‍ ചെക്കുമാര്‍ക്കു കാണാത്തതിനെത്തുടര്‍ന്നുണ്ടായ പരവേശമായിരുന്നു അതെന്നു് എത്രപേര്‍ക്കു മനസ്സിലായിക്കാണും!

Labels:

Friday, November 14, 2008

വെയില്‍മഴയും കുറുക്കന്മാരും

ജോലി ചെയ്യാതെ വെറുതേയിരിക്കാന്‍ പറ്റിയ രീതിയിലാണു് എന്‍റെ ഓഫീസ് മുറിയുടെ സ്ഥാനം. ഒന്നാം നിലയില്‍ ബില്‍ഡിംഗ് ലോബിയോടു് ചേര്‍ന്നു്. വലിയ ചില്ലുജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ ഓഫീസില്‍ വരുന്നവരേയും പോകുന്നവരേയും കാണാം. അങ്ങനെ പുറത്തേയ്ക്കു നോക്കിയിരുന്നപ്പൊഴോ, അതാ, വെയിലും മഴയും ഒരുമിച്ചു്!

മഴയും വെയിലുമുള്ളപ്പോള്‍ കുറുക്കന്‍റെ കല്യാണമാണെന്നു് അറിയാത്തവരാരുണ്ട്‌? മലയാളികളില്‍ ആരുമില്ല എന്നാണോ ഉത്തരം പറയാന്‍ പോകുന്നത്‌? എന്നാല്‍ കേട്ടോളൂ, ഇക്കഥ ലോകത്തിന്‍റെ പലേടങ്ങളിലും നിലവിലുണ്ടു്.

വെയിലുള്ളപ്പോഴുണ്ടാവുന്ന മഴയെ പല രാജ്യക്കാരും സണ്‍ഷവര്‍ എന്നാണു് വിളിക്കുക. സൂത്രക്കാരായതും അല്ലാത്തതുമായ ജന്തുക്കള്‍ കല്യാണം കഴിക്കുന്ന സമയമാണിതെന്നാണു് പലദേശങ്ങളിലേയും നാടോടിക്കഥകള്‍ പറയുന്നതു്. വെയില്‍മഴ വരുമ്പോള്‍ കുറുക്കന്മാരെ (fox) കല്യാണം കഴിപ്പിക്കുന്ന രാജ്യക്കാര്‍ അനവധിയാണു്.

അനുഷ്ഠാനരീതി എന്ന നിലയിലല്ലാതെ, ഭാഷാപ്രയോഗമായതിനാല്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തേയ്ക്കു് വളര്‍ന്നു പടരുക എന്ന സവിശേഷതയാലാവാം കുറുക്കന്‍റെ കല്യാണത്തിനു് സാര്‍വ്വലൌകികത ലഭിച്ചിട്ടുണ്ടാവുക. അതിനാല്‍ത്തന്നെ ഓരോ രാജ്യത്തും ഈ പ്രയോഗം നിലവിലുള്ളതു് ഏതു് ഭാഷയിലാണു് എന്ന വസ്തുതയ്ക്കു് പ്രാധാന്യമുണ്ടു്.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമല്ല, ബംഗാളുള്‍പ്പടെ പലേടത്തും കുറുക്കക്കല്യാണത്തിന്‍റെ മുഹൂര്‍ത്തം വെയില്‍മഴ സമയം തന്നെ. കിറ്റ്സ്നേ എന്നു പേരുള്ള ജപ്പാന്‍ കുറുക്കന്‍ ആളു ചില്ലറക്കാരനല്ല. കല്യാണസമയം പതിവുപോലെ വെയിലും മഴയുമുള്ളപ്പോള്‍. അര്‍മീനിയയിലും (ഭാഷ: അര്‍മീനിയന്‍) ബള്‍ഗേറിയയിലും (ബള്‍ഗേറിയന്‍) കാലബ്രിയയിലും ഇറ്റലിയിലും (രണ്ടും ഇറ്റാലിയന്‍) ഫിന്‍ലാന്‍ഡിലും (ഫിന്നിഷ്) വെയില്‍മഴ കാണുമ്പോള്‍ കുറുക്കന്മാരെ ഓര്‍ക്കുന്നവരുണ്ടു്.

വെയിലും മഴയുമുള്ളപ്പോള്‍ കല്യാണം കഴിക്കുന്ന മറ്റു ജീവജാലങ്ങളില്‍ ദക്ഷിണാഫ്രിക്കയിലെയും (ഇംഗ്ലീഷ്) ക്രൊയേഷ്യയിലേയും (ക്രൊയേഷ്യന്‍) കുരങ്ങന്മാരും കുറുനരികളുമുണ്ടു്. അവരോടൊപ്പം കൂടുന്നവരില്‍, അറബിനാട്ടിലേയും (അറബിക്) ഫിന്‍ലാന്‍ഡിലേയും എലികളും ബള്‍ഗേറിയന്‍ കരടികളും കൊറിയയിലേയും (കൊറിയന്‍) ഉഗാണ്ടയിലേയും (റുറ്റൂറോ) കടുവകളും ആഫ്രിക്കന്‍ (സുളു) പുള്ളിപ്പുലികളും ഇറാന്‍ (അരാമിക്) പ്രദേശങ്ങളിലെ ചെന്നായ്ക്കളും സ്വഹീലി ഭാഷ സംസാരിക്കുന്ന ആഫ്രിക്കന്‍ പ്രദേശങ്ങളിലെ ആനകളും സിംഹങ്ങളും ഉള്‍പ്പെടും.

മൃഗങ്ങള്‍ മാത്രമല്ല ഈ നല്ല അവസരം വിനിയോഗിക്കുന്നതു്. ഫിലിപ്പൈന്‍സിലെ (ഫിലിപ്പിനോ) കുട്ടിച്ചാത്തനും (elf) റ്റിക്ബലാങും സ്പെയിനിലേയും പോര്‍റ്റൊ റികോയിലേയും (സ്പാനിഷ്) ദുര്‍മന്ത്രവാദിനികളും ഗ്രീസിലെ (ഗ്രീക്ക്) പാവപ്പെട്ടവരും അബ്‌ഖാസിയയിലെയും (അബ്‌ഖാസ്) വാനുവാറ്റുവിലേയും റ്റര്‍കിയിലേയും (ബിസ്‍ലാമ ഭാഷ) പിശാചുകളും (devils) ഇങ്ങനെ പുതുജീവിതം തുടങ്ങുന്നവരത്രേ. 'ഞങ്ങള്‍ക്കും വേണ്ടേ ഒരു ജീവിതം' എന്നു ചോദിച്ചുകൊണ്ടു് അര്‍ജന്‍റീനയിലേയും ഉറുഗ്വേയിലേയും (സ്പാനിഷ്) വൃദ്ധകളും ഈ സമയത്തു് കല്യാണം കഴിക്കാറുണ്ടെന്നാണു് വിശ്വാസം.

നമ്മുടേതു മാത്രമെന്നു കരുതിയ മറ്റൊരു പ്രയോഗം കൂടി ലോകത്തങ്ങോളമിങ്ങോളമുള്ളതാണെന്നു വന്നിരിക്കുന്നു. ഗ്ലോബലൈസേയ്ഷന്‍റെ ഓരോ മറിമായങ്ങളേ!

Labels: ,

Wednesday, November 05, 2008

വിഷ്വല്‍ സ്റ്റുഡിയോ മലയാളം CLIP

വിഷ്വല്‍ സ്റ്റുഡിയോ 2008 മലയാളം റ്റൂള്‍റ്റിപുകള്‍ കാണിക്കാനുതകുന്ന ക്യാപ്ഷന്‍സ് ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് (CLIP) പുറത്തിറങ്ങി. ഒന്നാം വേര്‍ഷനില്‍ ഭാഗികമായ ലോകലൈസേയ്ഷന്‍ ആണു് ലഭ്യമാവുക. വിദ്യാര്‍ത്ഥികളേയും സോഫ്റ്റ്‍വെയര്‍ ഡെവലപ്മെന്‍റ് തുടങ്ങുന്നവരേയും ഉദ്ദേശിച്ചുള്ളതാണു് ഈ പായ്ക്ക്. വിഷ്വല്‍ സ്റ്റുഡിയോയുടെ പൂര്‍ണ്ണമായ ഭാഷാ വേര്‍ഷന്‍ ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി CLIP-നെ കാണാം.

സെന്‍റ്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ ഒരു സംഘമാണു് മലയാളം ലോകലൈസേയ്ഷന്‍ സാക്ഷാത്കരിച്ചതു്. ഈ പായ്ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡു ചെയ്യാം.

Labels: ,

Wednesday, October 22, 2008

ഫോട്ടോഗ്രാഫിക് ഓര്‍മ്മ

കുറേക്കാലം നാട്ടില്‍ നിന്നു മാറി നില്‍ക്കുന്നവര്‍ക്കു് നാട്ടിലെത്തുമ്പോള്‍ നൊസ്റ്റാള്‍ജിയയുടെ അസുഖം ഉണ്ടാകുന്നതു് സാധാരണയാണല്ലോ. ബൈക്കോടിക്കണം, കേയെസ്സാര്‍റ്റീസീ ബസ്സില്‍ യാത്ര ചെയ്യണം, രവിയണ്ണന്‍റെ കടയില്‍ തയ്ച്ചെടുത്ത ഉടുപ്പിടണം, കുട്ടനാശാനെക്കൊണ്ടു് മുടിവെട്ടിപ്പിക്കണം, പാടത്തെ ചെളിയില്‍ ചവുട്ടി നടക്കണം, പണ്ടു തെക്കുവടക്കു നടക്കുമ്പോള്‍ മൈന്‍ഡു ചെയ്യാതിരുന്ന ഹിന്ദിറ്റീച്ചറെക്കാണുമ്പോള്‍ താണുവണങ്ങി ബഹുമാനിക്കണം, പഠിച്ച പ്രൈമറി സ്കൂളിന്‍റെ മുറ്റത്തു ചെന്നു നിന്നിട്ടു്, ‘ഇവിടെയായിരുന്നു തുടക്കം’എന്നതിശയിക്കണം തുടങ്ങിയ സാദാ ആഗ്രഹങ്ങള്‍ക്കുപരി മറ്റൊരു അത്യാഗ്രഹം കൂടി മനസ്സില്‍ വച്ചാണു് ഏകദേശം ഒമ്പതുവര്‍ഷങ്ങള്‍ക്കു മുമ്പു് ഞാന്‍ തിരുവനന്തപുരത്തു് പറന്നിറങ്ങിയതു്.

അമേരിക്കയില്‍ വന്ന ആദ്യകാലത്തു് ഏതൊരു കെട്ടിടം കണ്ടാലും അതിനുമുന്നില്‍ ഞെളിഞ്ഞു നിന്നു പടമെടുക്കുക എന്നതു് മറ്റുപലരേയും പോലെ എന്‍റേയും ബലഹീനതകളില്‍ ഒന്നായിരുന്നു. നാട്ടിലുള്ളവര്‍ക്കുകൂടി പരിചിതമായ സ്ഥലമോ സ്ഥാപനമോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. വേള്‍ഡ് റ്റ്രേഡ് സെന്‍റര്‍, വൈറ്റ് ഹൌസ്, നയാഗ്രാ വെള്ളച്ചാട്ടം എന്നിവയുടെയൊക്കെ അറ്റത്തു ചെന്നു നിന്നു് പടം പിടിച്ചു് പടം പിടിച്ചാണു് ആരംഭിച്ചതെങ്കിലും അതൊരു ജ്വരമായി മാറുമെന്നു കരുതിയിരുന്നില്ല. എഡിസന്‍, ഗ്രഹാം ബെല്‍ എന്നിവരുടെ പരീക്ഷണശാലകളിലൂടെ, അറ്റ്ലാന്‍റിക് സിറ്റിയിലെ റ്റാജ്മഹല്‍ കസീനോയിലൂടെ, ഹാര്‍വേഡ്, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റികളിലെത്തിയപ്പോഴാണു് ഐഡിയ ഉദിക്കുന്നതു്. അഥവാ, അത്രയും താമസിച്ചേ ഐഡിയ ഉദിച്ചുള്ളൂ: എന്തുകൊണ്ടു് കേരള യൂണിവേഴിസ്റ്റി കെട്ടിടത്തിനു മുന്നില്‍ നില്‍ക്കുന്ന പടം ആയിക്കൂട?

ഒരുവട്ടം കൂടി ഓര്‍മ്മകള്‍ നിറയുന്ന കലാലയ തിരുമുറ്റങ്ങളില്‍ തിരുച്ചുപോയി അവിടെ നിന്നു് ഫോട്ടോ എടുക്കണം എന്നു് ഓയെന്‍‍വിക്ക് തോന്നിയ അതേ മോഹം തന്നെയാണു് എനിക്കുമുണ്ടായിരുന്നതു്. പല രൂപത്തില്‍, പല ഭാവത്തില്‍. ഒരു കാല്‍ മടക്കി തൂണില്‍ ചാരി നിന്നു് അകലേയ്ക്കു നോക്കുന്ന പോസ്, കൈവരിയില്‍ കയറിയിരുന്നു വിദൂരതയില്‍ കണ്ണുനട്ടു് ചിന്തിക്കുന്ന പോസ്, നീണ്ട ഇടനാഴിയിലൂടെ ഒറ്റയ്ക്കു ക്യാമറയ്ക്കു പുറം തിരിഞ്ഞു് നടക്കുന്ന പോസ്, രാജാരവിവര്‍മ്മ ബോയ്സ് ഹൈസ്കൂള്‍ എന്നും മാര്‍ ഈവാനിയോസ് കോളജ് എന്നും എഴുതിവച്ചിരിക്കുന്നതു കൂടി ഫ്രെയിമില്‍ വരത്തക്ക വിധത്തിലുള്ള പോസ്...

നാട്ടിലുണ്ടായിരുന്ന കാലത്തൊന്നും തോന്നാതിരുന്ന ആഗ്രഹമാണിതു്. ഫീസടയ്ക്കാനും, അടച്ച ഫീസിലെ തെറ്റു തിരുത്താനും, ഹോള്‍റ്റിക്കറ്റു വാങ്ങാനും, ഡിഗ്രി സേര്‍ട്ടിഫിക്കറ്റിന്‍റെ ഡ്യൂപ്ലിക്യേറ്റും റ്റ്രിപ്ലിക്യേറ്റും സംഘടിപ്പിക്കാനും, വെറുതേ ചെന്നിരിക്കാനും, തുടങ്ങി എത്രയോ തവണ പോയിട്ടും ഇന്നേ വരെ യൂണിവേഴ്സിറ്റിയുടെ ഫോട്ടോ എടുത്തിട്ടില്ല. ഇനി പടമെടുക്കണമെന്നു തോന്നിയിരുന്നെങ്കില്‍ത്തന്നെ, കയ്യില്‍ ക്യാമറയില്ലായിരുന്നു. ആയുധം കയ്യിലില്ലാത്തോന്‍, അങ്കക്കളത്തിലാണെങ്കിലും, അടരാടുന്നതെങ്ങനെ?

ഒരു ഞായറായാഴ്ച വൈകുന്നേരം ഒരുങ്ങിക്കെട്ടി കേരള യൂണിവേഴ്സിറ്റിയുടെ പാളയം ക്യാമ്പനിനു മുന്നില്‍ ചെന്നിറങ്ങി. തിരക്കില്ലാതെ സൌകര്യപ്രദമായി പടമെടുക്കാനാണു് ഞായറായാഴ്ച തെരഞ്ഞെടുത്തതു്. സന്ധ്യമയങ്ങും നേരം. നഗരച്ചന്ത, പക്ഷേ, പിരിയാറായിട്ടില്ല. ഗേയ്റ്റ് കടന്നു് ഇടതു വശത്തേയ്ക്കു് മാറി നിന്നു്, അന്തിവെയിലില്‍ കുളിച്ചു നില്‍ക്കുന്ന യൂണിവേഴ്സിറ്റി കെട്ടിടത്തിന്‍റെ പൌഢഭംഗി ക്യാമറയിലേയ്ക്കു് ആവാഹിച്ചു തുടങ്ങിയതും ഒരു മൊരടന്‍ അലര്‍ച്ച കാതുകളില്‍ വന്നു പതിച്ചു:

“ടേയ്... നിര്‍ത്തടേയ്‌!”

എന്നോടായിരിക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ തിരിഞ്ഞു നോക്കാന്‍ മെനക്കെട്ടില്ല. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ല. വ്യൂഫൈന്‍ഡറിലൂടെ നോക്കിയുറപ്പിച്ചു് ആവശ്യമുള്ള ഭാഗങ്ങളെല്ലാം പടത്തില്‍ വരുമെന്നുറപ്പാക്കി ക്ലിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാരെങ്കിലും ‘എടേ പോടേ’ വിളിക്കു വിളികേള്‍ക്കുമോ?

“ടേയ്... നെനക്കു് കേക്കാന്‍ വയ്യേടേയ്? ഇവ്ട ഫോട്ടോ എടുത്തൂടന്നു് എഴ്ത്യേക്കണതു് നെനക്കു് കണ്ടൂടേടേയ്? ടേയ്, ടേയ്, ടേയ്!”

ഞാന്‍ തിരിഞ്ഞു നോക്കി. അതാ, യൂണിവേഴ്സിറ്റി മുറ്റത്തൊരു സെക്യൂരിറ്റി ഗാര്‍ഡ്.

“എന്താ, എന്താ ഞാന്‍ പടമെടുത്താലു്” എന്നു് നാഗവല്ലി സ്റ്റൈലില്‍ ചോദിക്കാനൊരുങ്ങിയതാണു്. എന്നാല്‍ ആവേശം അടക്കി, ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു: “അതൊക്കെ ഓരോ അനാവശ്യ നിയന്ത്രണങ്ങളല്ലേ? ഒരു ഫോട്ടോ എടുത്തെന്നു വച്ചു് എന്താവാനാ?”
“എന്തായാലും ഇവിടെ പടമെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല.” സെക്യൂരിറ്റി ഗാര്‍ഡ് വിട്ടുതരുന്നില്ല.
“ചേട്ടന്‍ ഇങ്ങനെ ചൂടായാലോ? പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ലല്ലോ.” ഞാന്‍ സോപ്പിടലിന്‍റെ വഴിയിലായി.
“ചേട്ടനാ? നെനക്കൊക്കെ തോന്നുമ്പം തരാതരം പോലെ വിളിക്കാനൊരു പേരാണല്ലു് ചേട്ടാന്നു്. ഒന്നു് പോടാ വെറുതെ.”

അതു ന്യായം. അദ്ദേഹത്തിനു് കുറഞ്ഞതു് ഒരു അമ്പതു വയസ്സു തോന്നിക്കും. അമ്പതുകാരനെ ചേട്ടാന്നു വിളിക്കുന്നതു് ഫീല്‍ ചെയ്യത്തക്ക വിധമുള്ള അപരാധമാണു് എന്നു ഞാന്‍ മനസ്സിലാക്കി.

ഏതായാലും ഇനി അധികം നിന്നാല്‍ പന്തികേടാവുമെന്നു മനസ്സിലായി. പതിയെ മുങ്ങുകതന്നെ. അതിനിടയില്‍ ‘ഗാര്‍ഡ് ചേട്ടന്‍റെ’ ഒരു സഹായി കൂടി എത്തിച്ചേര്‍ന്നു. ചേട്ടന്‍ സഹായിയോടു് കാര്യങ്ങളുടെ കിടപ്പു് ധരിപ്പിച്ചു. സഹായി എന്നോടു വന്നു പറഞ്ഞു:

“നിങ്ങള്‍ ഗേറ്റിനു പൊറത്തു പോണം. ഞങ്ങക്കു് വേറേ പണീണ്ടു്.”

പിന്നൊന്നും ആലോചിച്ചില്ല. ഞാന്‍ തിരിച്ചു് ഒരു നടത്തമല്ലായിരുന്നോ! നാളിതുവരെ ആള്‍ക്കാര്‍ കൈവയ്ക്കാത്ത തങ്കപ്പെട്ട ശരീരമാണു്. ഒരു പടത്തിനു വേണ്ടി എന്തിനു ആ റെക്കോഡ് തിരുത്തണം? പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നു് പടം പിടിക്കണമെന്ന മോഹം തല്ക്കാലം ഉപേക്ഷിച്ചു തടികേടാക്കാതെ മടങ്ങുകതന്നെ.

ഈ സംഭവത്തിനു ശേഷം, കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കണ്ട ഒരു ഈ-മെയില്‍ അഡ്രസ്സിലേയ്ക്കു് ഞാനൊരു കത്തെഴുതി. പഠിച്ച യൂണിവേഴ്സിറ്റിയുടെ മുന്നില്‍ നിന്നും പടമെടുക്കണമെന്നതു് ഏതൊരു വിദ്യാര്‍ത്ഥിയുടേയും ആഗ്രഹമാണെന്നും അതിനാല്‍ കെട്ടിടങ്ങളുടെ പടമെടുക്കരുതു് എന്ന നിര്‍ദ്ദേശം പിന്‍‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ കത്തു്. കത്തിനു യഥാസമയം മറുപടി വന്നു. തല്ക്കാലം നിര്‍ദ്ദേശം പിന്‍‍വലിക്കാന്‍ ഉദ്ദേശമില്ലെന്നും എന്നാല്‍ യൂണിവേഴ്സിറ്റി കെട്ടിടങ്ങളുടെ ഫോട്ടോ ലഭ്യമാക്കാന്‍ ഉടന്‍ നടപടി എടുക്കുന്നുണ്ടു് എന്നു കാണിച്ചുമായിരുന്നു മറുപടി.

ചില ചില്ലറ തിരക്കുകളില്‍ കുടുങ്ങിപ്പോയതിനാല്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ നാളിന്നേവരെ ഈ സംഭവം ഫോളോ-അപ് ചെയ്യാന്‍ സാധിച്ചില്ല. (സോറി!) കേരള യൂണിവേഴ്സിറ്റി തന്ന ഉറപ്പു് പാലിച്ചിട്ടുണ്ടു് എന്നു് നിങ്ങളെ അറിയിക്കാന്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കു് അതിയായ സന്തോഷമുണ്ടു്. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പോയാല്‍, ഫോട്ടോ ഗ്യാലറിയാണു് മറ്റെന്തിനേക്കാളും മുന്നേ ഇപ്പോള്‍ നമ്മുടെ കണ്ണില്‍ പെടുന്നതു്.


(ഫോട്ടോ: കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹോം പേയ്ജ്. കടപ്പാടു്: കേരള യൂണിവേഴ്സിറ്റി)

യൂണിവേഴ്സിറ്റി ഡിപാര്‍ട്മെന്‍റുകളുടെ ഹൈ-റെസല്യൂഷന്‍ പടം എന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നം സാദ്ധ്യമാക്കിയ കേരള യൂണിവേഴ്സിറ്റിയെ എത്ര അഭിനന്ദിച്ചാലാണു് മതിയാവുക? പടങ്ങളെടുക്കാന്‍ ശ്രമിച്ചു് ജീവനും കൊണ്ടോടിയിട്ടുള്ള എന്നെപ്പോലെയുള്ളവര്‍ മാത്രമല്ല, വിദ്യാലയ കെട്ടിടങ്ങളുടെ പടങ്ങളില്‍ താല്പര്യമുള്ള വരുംതലമുറയും കേരള യൂണിവേഴ്സിറ്റിയോടു് എന്നെന്നും കടപ്പെട്ടിരിക്കും. ഈ പടങ്ങള്‍ യഥേഷ്ടം ഡൌണ്‍ലോഡു ചെയ്യാന്‍ അനുവദിക്കുവഴി, കേരള യൂണിവേഴ്സിറ്റി തങ്ങളുടെ വിശാലമനസ്കതയും ഓപണ്‍ സോഴ്സിനോടുള്ള അനുഭാവവും തെളിയിച്ചു കഴിഞ്ഞു. വിദൂരദേശങ്ങളിലിരുന്നുകൊണ്ടു് യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്പോന്‍റന്‍സ് വഴി പഠിച്ചവര്‍ക്കു്, അവര്‍ ഒരിക്കല്‍ പോലും തിരുവനന്തപുരം സന്ദര്‍ശിച്ചിട്ടില്ലെങ്കിലും, ഈ ഫോട്ടോകള്‍ ഡിജിറ്റലി മാറ്റി താന്താങ്ങളുടെ ഡിപാര്‍ട്മെന്‍റിന്‍റെ മുന്നിലും വരാന്തയിലും മറ്റും നില്‍ക്കുന്ന പടമുണ്ടാക്കുക എന്നതു് ഇപ്പോള്‍ സാദ്ധ്യമായിരിക്കുന്നു. ഈ മാറ്റത്തിനു വഴിയൊരുക്കുക വഴി ഒമ്പതു കൊല്ലങ്ങള്‍ കൊണ്ടു് കേരളത്തിലെ മറ്റേതു സ്വയംഭരണ സ്ഥാപനത്തേക്കാളും അഭിമാനാര്‍ഹമായ നേട്ടമാണു് കേരള യൂണിവേഴ്സിറ്റിയ്ക്കുണ്ടായിരിക്കുന്നതു് എന്നതില്‍ രണ്ടഭിപ്രായമില്ല. എല്ലാം തുടങ്ങി വച്ചതു് ഈയുള്ളവന്‍റെ ഫോട്ടോഗ്രഫി ശ്രമമാണെന്നതു് ഈ മുന്നേറ്റത്തിനു് രത്നശോഭയേകുന്നു.

വരും കാലങ്ങളിലും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു് സമൂലപരിവര്‍ത്തനങ്ങള്‍ക്കു് നാന്ദികുറിച്ചേക്കാവുന്ന, ചെറുതെങ്കിലും പ്രാധാന്യമേറിയ ഇത്തരം ഇടപെടലുകള്‍ നടത്താനുള്ള എന്‍റെ സന്നദ്ധതയ്ക്കുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടു് ഈ കുറിപ്പു് അവസാനിപ്പിക്കുന്നു.

(എന്‍. ബി. കുമാറിന്‍റെ യൂണിവേഴ്സിറ്റി കോളേജ് എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന ഒരനുഭവം.)

Labels: ,

Tuesday, September 23, 2008

സമാധാനം, പ്രിയേ!

നിങ്ങളെന്തിനാ ഇല്ലാത്ത സമയം ഉണ്ടാക്കി ഇങ്ങനെ ബ്ലോഗെഴുതുന്നതു് എന്നു് ഭാര്യയുടെ സംശയം. ഞാനങ്ങനെ ഇല്ലാത്ത സമയം ഉണ്ടാക്കുന്നില്ലല്ലോ എന്നു് എന്‍റെ ഉത്തരം. എന്തായാലും ചീട്ടുകളിച്ചു കളയുന്ന സമയം വല്ലതും രണ്ടക്ഷരം എഴുതുന്നതു് നല്ലതു തന്നെ എന്നു് ഭാര്യ. ഇതെഴുതിയിട്ടും ചീട്ടുകളി കുറയാത്തതില്‍ എനിക്കു് സന്തോഷം.

ഇതൊക്കെ ആരേലും വായിക്കുന്നുണ്ടോ എന്നു് ഭാര്യയ്ക്കു് സംശയം. അവളുടെ ഒടുക്കത്തെ സംശയം എന്നു് എന്‍റെ ആത്മഗതം.

ഹിറ്റ് കൌണ്ടര്‍ നോക്കി സായൂജ്യമടയൂ എന്നു് എന്‍റെ ഉപദേശം. പത്തുനൂറു് പേരു് ഇതുവഴികറങ്ങുന്നുണ്ടല്ലോ എന്നു് ഭാര്യയുടെ കമന്‍റ്. കമന്‍റില്ലെങ്കിലെന്താ ഹിറ്റുണ്ടല്ലോ എന്നു് എന്‍റെ കമന്‍റ്.

ആശ്വാസം അധികം നീളുന്നില്ലല്ലോ എന്നു് എനിക്കു് സങ്കടം. അവിനാശം അതിനാശമായി എന്നു് എനിക്കൊരു തോന്നല്‍. HITS എന്നാല്‍ How Idiots Track Success എന്നു് അദ്ദേഹത്തിന്‍റെ വെളിപാടു്.

സമാധാനത്തോടെയിരുന്ന എനിക്ക് ഹിറ്റിലുള്ള വിശ്വാസം പോയി എന്നതു് നിസ്തര്‍ക്കം. സമാധാനമില്ലാതിരുന്ന ഭാര്യയ്ക്ക് ആശ്വാസമായി എന്നതു് സംശയരഹിതം. അശ്രീകരം അവിനാശിന് സമാധാനമായി കാണും എന്നതു് മല്ലൂഹം മദൂഹം.

Labels:

Friday, September 12, 2008

വിജയരഹസ്യം

വെള്ളിയാഴ്ച രാവിലെ ഓഫീസിലിരിക്കുമ്പോള്‍ സുഹൃത്തിന്‍റെ ഫോണ്‍: “ഇന്നു് വൈകുന്നേരം അവിടെ കൂടാം!”
“അതിനെന്താ, അങ്ങനെയാവാം,” കൂടുതലാലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു.
“വല്ലതും കഴിക്കാന്‍ കാണുമോ?” അദ്ദേഹത്തിനു് ആശങ്ക.
“എന്താ വേണ്ടതു്? അല്പസൊല്പം വീട്ടില്‍ കാണും. തികഞ്ഞില്ലെങ്കില്‍ വാങ്ങിയാല്‍ പോരേ? വേണ്ടതെന്താണെന്നു പറ, ഞാന്‍ വാങ്ങിവച്ചേക്കാം!”
“അതല്ല, ഭക്ഷണമുണ്ടാവുമോ എന്നാണു് ചോദിക്കുന്നതു്.”
“ഓ! അതു് ഭാര്യയോടു ചോദിക്കട്ടെ!”

ഭാര്യയുടെ അനുവാദം ചോദിക്കാതെ ഉത്തരവാദിത്തങ്ങളും പൊല്ലാപ്പുകളും വലിച്ചു് തലയില്‍ വച്ചിട്ടു് കുടുംബകലഹമില്ലാതെ എങ്ങനെ രക്ഷപ്പെടുന്നു എന്ന ചോദ്യം എന്‍റെ പല സുഹൃത്തുക്കളും എന്നോടു ചോദിച്ചിട്ടുണ്ടു്. ആ ചോദ്യത്തില്‍ രണ്ടു് factual errors ഉണ്ടു്.

 1. പൊതുവേ റിസ്ക് എടുക്കാന്‍ മടിയുള്ളയാളാണു് ഞാന്‍. അതിനാല്‍ തന്നെ, പൊല്ലാപ്പാണെന്നുറപ്പായാല്‍ ഞാന്‍ അതെടുത്തു് തലയില്‍ വയ്ക്കാറില്ല. (നിങ്ങള്‍ ആലോചിക്കുന്നതെന്തെന്നു മനസ്സിലായി: ഒരബദ്ധം ആര്‍ക്കും പറ്റില്ലേ!)

 2. കുടുംബകലഹമില്ലാതെ രക്ഷപ്പെടുന്നു എന്നതു് നിങ്ങളുടെ അനുമാനം മാത്രമാണു്.
എന്തായാലും ചോദിച്ച സ്ഥിതിക്കു് പറഞ്ഞേക്കാം. ഇനി ആരെങ്കിലും ചോദിച്ചാല്‍ ഈ പോസ്റ്റിലേയ്ക്കൊരു ലിങ്ക് കൊടുത്താല്‍ മതിയല്ലോ.

ഗ്രെയ്സ് ഹോപര്‍ എന്ന പേരു് ചിലര്‍ക്കെങ്കിലും പരിചിതമായിരിക്കും. അമേരിക്കന്‍ നേവല്‍ ഓഫീസറായിരുന്ന ഗ്രെയ്സ് അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റു കൂടി ആയിരുന്നു. അമേരിക്കന്‍ നേവിയില്‍ ജോലി, കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റ് എന്നിങ്ങനെയൊക്കെ ആയിട്ടും ഗ്രെയ്സ് നല്ല വിവരമുള്ള കൂട്ടത്തിലായിരുന്നു. എപ്പൊഴോ ഒരു ഉള്‍വിളിയുണ്ടായപ്പോള്‍ ഗ്രെയ്സ് ഇങ്ങനെ പറയുകയുണ്ടായി:

It's easier to ask forgiveness than it is to get permission.
ആകസ്മികമായി ഇതു വായിക്കാനിടയായപ്പോള്‍ ഞാന്‍ ആനന്ദചിത്തനായിച്ചമഞ്ഞു. ഇതു തന്നെയായിരുന്നല്ലോ ഗ്രെയ്സേ ഞാന്‍ നോക്കി നടന്ന വാചകം! അന്നുമുതല്‍ ഞാന്‍ അനുവാദം ചോദിക്കല്‍ നിറുത്തി മാപ്പിരന്നു തുടങ്ങി.

എന്നാല്‍ ഗ്രെയ്സിനു തെറ്റിയെന്നും ഇതു പറയുന്നതുപോലെ അത്ര എളുപ്പപ്പണിയല്ലെന്നും മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. മാപ്പു് കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം എന്നതിനെപ്പറ്റി ഗ്രെയ്സിന്‍റെ സ്റ്റ്രാറ്റജിയില്‍ ഒന്നും പറയുന്നില്ല. ഇതു നടക്കുന്നകാര്യമല്ല എന്നു ഗ്രെയ്സിനോടു പറയാമെന്നുവച്ചാല്‍ 1992-ല്‍, ഞാന്‍ മാപ്പിരന്നു തുടങ്ങുന്നതിനും ഒന്‍‍പതു വര്‍ഷം മുമ്പു്, ഗ്രെയ്സ് ചോദ്യങ്ങളില്ലാത്തെ ലോകത്തിലേയ്ക്കു് യാത്രയാവുകയും ചെയ്തു.

ഇനിയെന്താണു വഴി? ഈ ക്വട്ടേഷന്‍ ഓപണ്‍ സോഴ്സായതു ഭാഗ്യം! നമുക്കു വേണ്ടുന്ന രീതിയില്‍ തിരുത്തി ഉപയോഗിക്കാമല്ലോ. ഇതൊക്കെ തിരുത്തുന്നതിനാവശ്യമായ റ്റെക്നോളജി എന്‍റെ കൈവശമുണ്ടുതാനും. പിന്നൊന്നുമാലോചിച്ചില്ല:

90% of the time it's easier to ask forgiveness than it is to get permission. The key to success is determining where the other 10% is.
എന്നങ്ങു തിരുത്തി. സ്വയം നിര്‍മ്മിച്ച ഈ പെരുമാറ്റച്ചട്ടം ഉപയോഗിച്ചുതുടങ്ങിയതിനു ശേഷം എനിക്കു വച്ചടിവച്ചടി വിജയമല്ലേ! നിങ്ങളും ഈ വിജയരഹസ്യം (സ്വന്തം വീട്ടില്‍) പരീക്ഷിച്ചു നോക്കൂ.

Labels: ,

Tuesday, August 26, 2008

റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറം

വിന്‍ഡോസ് ലൈവ്, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകള്‍ക്കു വേണ്ടി സ്വീകരിച്ചിരിക്കുന്ന മലയാള പദങ്ങള്‍ അനുയോജ്യമായവയാണോ എന്നു് നിങ്ങളുടെ അഭിപ്രായമാരായുന്നു.

നിങ്ങള്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

 1. വിന്‍‍ഡോസ് ലൈവിന്‍റെ റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറം സൈറ്റ് സന്ദര്‍ശിച്ചു് നിങ്ങളുടെ ഹോട്മെയിലോ മറ്റേതെങ്കിലും ലൈവ്-ഐഡിയോ (ജി-മെയില്‍, യാഹൂ മെയില്‍ എന്നിവ ലൈവ് ഐഡി ആയി ഉപയോഗിക്കാം) ഉപയോഗിച്ചു് ലോഗിന്‍ ചെയ്യുക.
 2. ഗ്ലോസറി എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യുക.
 3. നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ Suggest Translation or Vote എന്ന ലിങ്കില്‍ ക്ലിക്കു ചെയ്തു്, റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അവ സമര്‍പ്പിക്കാം.
മലയാളത്തിനു പുറമേ, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, തമിഴു്, തെലുങ്കു് എന്നീ ഭാഷകളിലും ഇത്തരം വിന്‍‍ഡോസ് ലൈവിന്‍റെ റ്റെര്‍മിനോളജി കമ്യൂണിറ്റി ഫോറങ്ങളുണ്ടു്.

Labels: ,

Monday, August 04, 2008

താങ്കളുടെ ഇഷ്ടം

ഞാന്‍: “ഹലോ, ഞാന്‍ വിളിച്ചതു് എനിക്കു തരാനുള്ള പണത്തെപ്പറ്റി വീണ്ടും ഓര്‍മ്മിപ്പിക്കാനാണു്!”

സുഹൃത്തു്: “ഓര്‍മ്മയുണ്ടു്, ഓര്‍മ്മയുണ്ടു്. അതു് ക്യാഷായിട്ടു വേണോ, അതോ ചെക്കു മതിയോ?”

ഞാന്‍: “മുമ്പു സൂചിപ്പിച്ചിരുന്നു... താങ്കളുടെ ഇഷ്ടം പോലെ. എങ്ങനെ ആയാലും വിരോധമില്ല.”

സുഹൃത്തു്: “എനിക്കു പ്രത്യേകിച്ചു പ്രിഫറന്‍സ് ഇല്ല. അതിനാല്‍ താങ്കളുടെ ഇഷ്ടം എന്താണെന്നു പറയൂ!”

ഞാന്‍: “ഞാന്‍ പറഞ്ഞല്ലോ. താങ്കള്‍ക്കു് സൌകര്യമേതാണെന്നു വച്ചാല്‍ അങ്ങനെ!”

സുഹൃത്തു്: “എന്നാലും പറയൂ. ഏതാണു് പ്രിഫറന്‍സ്?”

ഞാന്‍: “ഡിമാന്‍ഡ് ഡ്രാഫ്റ്റോ മണി ഓര്‍ഡറോ ആയിരുന്നു എനിക്കു സൌകര്യം. ഇനി ക്യാഷായിട്ടാണെങ്കില്‍ എല്ലാം നൂറിന്‍റേതു മതി. അതല്ല ചെക്കാണയയ്ക്കുന്നതെങ്കില്‍ കമ്മീഷന്‍ കൂടി ചേര്‍ക്കണേ.”

Labels: ,

Tuesday, July 29, 2008

അനിയന്മാരില്‍ നിന്നു് പഠിക്കേണ്ടതു്

നിങ്ങളുടെ ചെറുഗ്രാമത്തിലെ പഠന സംബന്ധമായ എല്ലാ റെക്കോഡുകളും തകര്‍ത്താണു് നിങ്ങളുടെ വിദ്യാഭ്യാസം മുന്നേറിക്കൊണ്ടിരിക്കുന്നതെന്നു് ബാര്‍ബര്‍ കുട്ടപ്പേണ്ണന്‍ നിങ്ങളെ കാണുമ്പോഴൊക്കെ പറയാറുണ്ടെന്നു വിചാരിക്കുക. പത്താം തരത്തില്‍, തൊട്ടടുത്ത എതിരാളി 1960-കളില്‍ സൃഷ്ടിച്ച 357 മാര്‍ക്ക് എന്ന നിങ്ങളുടെ പഞ്ചായത്തു് റെക്കോഡ് എത്ര ആയാസ രഹിതമായാണു് നിങ്ങള്‍ തകര്‍ത്തതു് എന്നു് അഭിമാനപൂര്‍വം നിങ്ങളെ ഓര്‍മിപ്പിച്ചതു് ആ റെക്കോഡിനുടമായിരുന്ന ശ്രീമാന്‍ പീതാംബരന്‍ മാമന്‍ തന്നെയാണെനും വിചാരിക്കുക. ഇത്രയും സങ്കല്പിക്കാനായാല്‍, നിങ്ങളുടെ ട്രാക്ക് റെക്കോഡ് കണ്ടു് അന്തം‍വിട്ട ആ നാട്ടിലെ കുഞ്ഞുപൈതങ്ങളുടെ മാതാപിതാക്കള്‍, തങ്ങളുടെ കുട്ടികള്‍ക്കു കൂടി ആ പഠന രീതി സ്വായത്തമാക്കാന്‍ എത്രയെത്രെ സന്ധ്യകളില്‍ നിങ്ങളുടെ വീട്ടില്‍ കയറിയിറങ്ങുന്ന കാര്യവും നിസ്സാരമായി സങ്കല്പിക്കാവുന്നതേയുള്ളൂ!

വന്നവരോടെല്ലാം നിങ്ങള്‍ ഉപദേശിക്കുകയാണു്: “കുഞ്ഞുങ്ങളേ, എന്‍റെ ഈ വിജയത്തിനു പിന്നില്‍ മന്ത്രമോ തന്ത്രമോ ഒന്നുമില്ല. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ. പഠനത്തിന് ആരോഗ്യമുള്ള മനസ്സു് അത്യാവശ്യമാണ്. അതിനാല്‍, എല്ലിങ്കൂടുപോലിരിക്കുന്ന ഞാന്‍ ആരോഗ്യം നേടുവാന്‍ ഒരു സിമ്പിള്‍ റ്റെക്നിക് ഉപയോഗിക്കുന്നു. ഒരു മണിക്കൂര്‍ പഠനം കഴിഞ്ഞാല്‍ അര മണിക്കൂര്‍ കളി. ദാറ്റ്സ് ഓള്‍!”

നിങ്ങളുടെ ഉപദേശം അറിവില്ലാപ്പൈതങ്ങള്‍ക്കു് വേദവാക്യമായിരുന്നെങ്കിലും പൈതങ്ങളുടെ അമ്മമാര്‍ക്കു് സ്വീകാര്യമായിരുന്നില്ലെന്നതിനാല്‍ അവര്‍ തങ്ങളുടെ കുട്ടികളെ “ഓരോ ഒരു മണിക്കൂര്‍ പഠനത്തിനും അര മണിക്കൂര്‍ കളി” എന്ന ശീലം ശീലിപ്പിച്ചില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ.

“ഒരു മണിക്കൂര്‍ പഠനം അര മണിക്കൂര്‍ കളി” എന്ന നിങ്ങളുടെ മന്ത്രം നടപ്പാക്കാന്‍ കൂട്ടാക്കാതിരുന്ന മറ്റൊരു മൂരാച്ചി നിങ്ങളുടെ അനിയനാവാനാണു് സാധ്യത. നിങ്ങള്‍ അനിയനെ പലവുരു ഉപദേശിച്ചു് നന്നാക്കാന്‍ ശ്രമിക്കും. എന്നാല്‍, ഒരു സ്ഥലത്തു അടങ്ങിയൊതുങ്ങിയിരുന്നു് പഠിച്ചാല്‍ മനസ്സു് മുരടിച്ചുപോകുമെന്നും, പഠനത്തില്‍ താല്പര്യം കുറയുമെന്നും മറ്റുമുള്ള നിങ്ങളുടെ ആധികാരികമായ വാദങ്ങള്‍ക്കു് അനിയന്‍ പുല്ലുവില പോലും കല്പിക്കുന്നില്ല. എന്നു മാത്രമല്ല, പ്രീ-ഡിഗ്രിക്ക് ആദ്യവര്‍ഷം ‘കിട്ടാതിരുന്ന’ ഇംഗ്ലീഷ് എഴുതി ജയിക്കാന്‍ അനിയന്‍റെ പഠന രീതി പ്രയോഗിച്ചു നോക്കാന്‍ അനിയന്‍ നിങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു.

അത്രമാത്രമേ സംഭവിച്ചിട്ടുള്ളൂവെങ്കില്‍ നിങ്ങള്‍ സഹിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാതിരുന്നപോലെയും അനിയന്‍ പ്രതീക്ഷിച്ചതു പോലെയും നിങ്ങളുടെ പത്താം ക്ലാസിലെ മാര്‍ക്കിന്‍റെ റെക്കോഡ്, അനിയന്‍ വെറുതേ ഭേദിക്കുക മാത്രമായിരുന്നില്ല, തകര്‍ത്തു് തരിപ്പണമാക്കുകയായിരുന്നു. അന്നു നിങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്കു് നിങ്ങളേക്കാള്‍ വിവരമുണ്ടവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

ഇനി നിങ്ങള്‍ക്കു് മറ്റൊരനിയനും കൂടി ഉണ്ടെന്നു സങ്കല്പിക്കുക. ആറാം തരമോ ഏഴാം തരമോ കഴിഞ്ഞു നില്‍ക്കുന്ന ഒരു മദ്ധ്യവേനലവധിക്കാണു് ക്രിക്കറ്റ് ഒരു കായിക വിനോദം എന്ന രീതിയില്‍ നിങ്ങള്‍ അനിയന്മാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതു്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ പടിപടിയായി വളര്‍ന്നു് സ്കൂള്‍ ടീമിന്‍റെ ഓപ്പണറും ഒരു പാര്‍ട്-ടൈം സ്പിന്നറുമായി മാറിയതു് വളരെപ്പെട്ടന്നായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ടീമിന്‍റെ ഭാഗമായി വീട്ടുകാരറിയാതെ ഉപജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, മത്സരം തോറ്റെങ്കിലും രണ്ടു് ഫോറുകളുടെ സഹായത്തോടെ പന്ത്രണ്ടു് റണ്‍സ് അടിച്ചവിവരം അനിയന്മാരോടു് പറയാനാവാതെ നിങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടു് എന്നു സങ്കല്പിക്കാന്‍ പ്രയാസമുണ്ടോ? (അനിയന്മാരോടു പറഞ്ഞാല്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്നു് ഭീഷണിപ്പെടുത്തി അവന്മാര്‍ എന്തൊക്കെ നേടിയെടുക്കില്ല!). പക്ഷേ, നിങ്ങളുടെ ഈ അമാനുഷികത അധികനാള്‍ നീണ്ടുനില്‍ക്കുന്നില്ല. നിങ്ങളുടെ ഇന്‍‍സ്വിംഗിംഗ് യോര്‍ക്കറുകള്‍ ലോംഗോഫ് ബൌണ്ടറിയിലേയ്ക്കും, റിബ്കേയ്ജ് ലാക്കാക്കി നിങ്ങളെറിയുന്ന ബൌണ്‍സറുകള്‍ മിഡ്‍വിക്കറ്റിനു മുകളിലൂടെ ദേവകിയമ്മയുടെ പുരയിടത്തിലേയ്ക്കും പറക്കാന്‍ തുടങ്ങിയതോടെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നു: ഇളയവനാണെന്നു പറഞ്ഞിട്ടു കാര്യമില്ല, “ഹി ഓണ്‍സ് യുവര്‍ ബൌളിംഗ്.”

അതായതു്, അനിയന്‍ എതിര്‍ ടീമിലായിരിക്കുന്നിടത്തോളം കാലം ഇനിയും നിങ്ങള്‍ ഈ കളി തുടരുന്നതിലര്‍ത്ഥമില്ല. അങ്ങനെ ഒരേ ടീമിന്‍റെ ഭാഗമായി നിങ്ങള്‍ കുറച്ചു നാള്‍ കൂടി ക്രിക്കറ്റ് കളിക്കുന്നു. പബ്ലിക്കായി നിങ്ങളുടെ റ്റെക്നികുകളിലെ കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ പെട്ടി മടക്കാന്‍ തീരുമാനിക്കുന്നു. ഒരിക്കല്‍ മറന്നു പോയ കാര്യം നിങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുന്നു: അനിയന്മാര്‍ പ്രായത്തില്‍ കുറവുള്ളവരാണെങ്കിലും, അവരില്‍ ചിലര്‍ക്ക് നിങ്ങളേക്കാള്‍ നന്നായി ക്രിക്കറ്റ് കളിക്കാന്‍ അറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സത്യമല്ലേ?

Labels:

Sunday, July 27, 2008

പൊട്ടി പുറത്തു്

(സ്ഥിരം വായനക്കാര്‍ക്കു് ഒരു പക്ഷേ നിഷ്പ്രയോജനമായേക്കാവുന്ന പോസ്റ്റാണിതു്.)

ഓരോ വര്‍ഷവും അതാതു വര്‍ഷത്തെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചു് അറ്റകുറ്റപ്പണികളെല്ലാം ഒറ്റപ്പോസ്റ്റില്‍ ഒതുക്കാനുള്ള ശ്രമമാണിതു്. ഇനി മുതല്‍ എല്ലാ കര്‍ക്കടക മാസവും ഇത്തരം വൃത്തിയാക്കലുകള്‍ പ്രതീക്ഷിക്കാം. ഈ സം‍രംഭത്തിന്‍റെ ആദ്യപടിയായി ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളിലേയും ലിങ്കുകളാണു് ഇവിടെ പരിശോധനാവിധേയമാക്കിയതു്. പ്രശ്നമുള്ള ലിങ്കുകള്‍ മാത്രമേ താഴെപ്പറയുന്നുള്ളൂ.
 1. എനിക്കു് ഇന്നും പ്രിയപ്പെട്ട എന്‍റെ പോസ്റ്റുകളിലൊന്നു്, മഴയുടെ സൌന്ദര്യം ആണു്. മലയാളം എഴുതാന്‍ പഠിച്ച കാലത്തു് ബുദ്ധിമുട്ടി സൗന്ദര്യം എന്നെഴുതിപ്പിടിപ്പിച്ചതോര്‍മ്മയുണ്ടു്. ഇന്ദുലേഖയിലെ ആഹാ...മഴ എന്ന ലിങ്ക് ഇപ്പോഴില്ല. ഇന്ദുലേഖ സൈറ്റില്‍ എവിടെയെങ്കിലും ഉണ്ടോ എന്നറിയാനും നിവൃത്തിയില്ല, മഴരാഗം എന്ന ഈ പേയ്ജ് പ്രതീക്ഷ തരുന്നുണ്ടെങ്കിലും.

 2. അടയാളമൂര്‍ത്തി പറഞ്ഞുതന്നത് എന്ന ലേഖനം IIT-പ്പയ്യന്മാര്‍ ഉണ്ടാക്കിയ ‘പരിത്രാണ’ എന്ന പാര്‍ട്ടിയെ പരിചയപ്പെടുത്തി. അവര്‍ ഇപ്പോള്‍ ‘ലോക് പരിത്രാണ്‍’ എന്നാണു് അറിയപ്പെടുന്നതു്. പോസ്റ്റില്‍ ലിങ്കു ചെയ്തിരിക്കുന്ന ഇകണോമിക് റ്റൈംസിലെ വാര്‍ത്ത ഇപ്പോള്‍ കാണാനില്ല. റ്റൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഇവിടെ.

 3. അതിവേഗം ബഹുദൂരം എന്ന പോസ്റ്റിലെ India Rising എന്ന ലേഖനത്തിന്‍റെ പുതിയ ലിങ്ക് ഇതാണു്.

 4. ലൂസ് ചേയ്ഞ്ച് എന്ന ലേഖനത്തിലെ വിഡിയോ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. ഇതാണു് പുതിയ ലിങ്ക്.

 5. വിരാജിനൊപ്പം, തളരാതെ എന്ന ലേഖനത്തില്‍ പറഞ്ഞിരുന്ന വിരാജിനെ ഓര്‍ക്കുന്നുവോ? ആ ലേഖനത്തിലെ ഈ ലിങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. വിരാജ് എന്ന കൊച്ചുമിടുക്കന്‍ സുഖമായിരിക്കുന്നു എന്നറിയിക്കാന്‍ സന്തോഷമുണ്ടു്.

 6. മിറവേള്‍ഡ് റ്റിവി എന്ന പോസ്റ്റില്‍ വിവരിക്കുന്ന ആപ്ലികേയ്ഷന്‍ ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ല. ഈ ലിങ്കു പ്രകാരം അവര്‍ ചില കോപിറൈറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു്.

 7. പഴയലിപി എന്‍റെ പുതിയ ലിപി എന്ന പ്രതിഷേധപ്പോസ്റ്റില്‍ നിന്നും ലിങ്കു ചെയ്തിരുന്ന കെ. സന്തോഷ് കുമാറിന്‍റെ വകയായി saturdaydigest.com എന്ന സൈറ്റില്‍ വന്ന ലേഖനം ഇപ്പോള്‍ കാണാനില്ല. ആ ലേഖനത്തിന്‍റെ കോപ്പി കൈപ്പള്ളി ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

 8. ഫൊക്കാന പിളര്‍ന്നു് ഫോമ ഉണ്ടായതോടെ ചിലരുടെ അധികാരക്കൊതി മാത്രമല്ല അവസാനിച്ചതു്; ഫൊക്കാന വീണ്ടും എന്ന ലേഖനത്തില്‍ നിന്നും ഫൊക്കാനയുടെ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുന്ന ലിങ്കു നല്‍കിയിരുന്നതും പ്രവര്‍ത്തിക്കാതായി. പുതിയ ഭാരവാഹികളെക്കണ്ടു് സായൂജ്യമടയാന്‍ ഇനിമേല്‍ ഈ ലിങ്കാണു് ഉപയോഗിക്കേണ്ടതു്. ഫൊക്കാനയുടെ ഫ്ലോറിഡ കണ്‍‍വെന്‍ഷനെപ്പറ്റിയറിയാന്‍ ഇപ്പോള്‍ ചരിത്രപേയ്ജ് നിലവിലില്ല. പങ്കെടുത്ത ആരോടെങ്കിലും ചോദിക്കുകയേ നിവൃത്തിയുള്ളൂ.

ബോണസ് ലിങ്കുകള്‍
 1. ഗൂഢവാക്കുകളായി മലയാളം വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടു നാളേറെയായി. ഗൂഢവാക്കുകള്‍ക്കിടയില്‍ ഇടം (space) അനുവദനീയമാണെന്നു് എത്രപേര്‍ക്കറിയാം? അതായതു്, MS-NET 1.0 റിലീസായ 1984 മുതല്‍ ‘ഗൂഢവാചകങ്ങള്‍’ അനുവദനീയമാണു്.

 2. ആരായിത്തീരണം എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ പേരിലൊരു പുസ്തകം പോലുമുണ്ടു്. ജീവിതം കുറേക്കൂടി അയത്നലളിതമായിരുന്നെങ്കില്‍...

Labels: ,

Saturday, July 26, 2008

പുനരുപയോഗം

പറഞ്ഞു വന്നാല്‍ ഞാന്‍ പുനരുപയോഗത്തിന്‍റെ ആളാണു്. ഉപഭോഗവസ്തുക്കള്‍ അവയുടെ ആയുസ്സിന്‍റെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ അനാഥമായി വലിച്ചെറിയാതെ, പുനരുപയോഗം സാധ്യമാക്കുന്ന രീതിയില്‍ വേണം ഉപേക്ഷിക്കാനെന്നും വാദിക്കുന്നവരുടെ മുന്‍‍പന്തിയില്‍ ഞാനുമുണ്ടു്.

സഹിക്കവയ്യാണ്ടാണു് കഴിഞ്ഞയാഴ്ച കടയില്‍ പോയി ഒരു പുതിയ ചായയരിപ്പ വാങ്ങിയത്. എത്രനാളെന്നു കരുതിയാ തുളവീണ ചായയരിപ്പയിലൂടെ ചായക്കപ്പിലെത്തുന്ന തേയിലക്കൊത്ത് വലിച്ചു കുടിക്കുന്നത്? ഇന്നും തേയിലക്കൊത്തുതന്നെ പ്രാതല്‍. അതിനാല്‍, പ്രിയതമേ, ഇനിയെങ്കിലും പഴയതു് ചവറ്റുകൊട്ടയിലിട്ടിട്ടു് പുതിയ ചായയരിപ്പ ഉപയോഗിച്ചുതുടങ്ങിയാല്‍ ഉപകാരമായിരുന്നു. നന്ദി, നമസ്കാരം!

Labels: ,

Wednesday, July 02, 2008

ഭൂമി ഇങ്ങനെയല്ല(ചിത്രത്തിനു് odt.org-നോടു് കടപ്പാടു്)

ങേ, ഇതെന്തൊരു ഭൂമി? ഭൂമി ഇങ്ങനെയല്ല. ഭൂമി ഇപ്രകാരം കീഴ്മേല്‍ മറിഞ്ഞിരുന്നാല്‍ ഇവിടെ ജീവിക്കുന്നവര്‍ക്കു് ആകെ ചിത്തഭ്രമം വരും. ഇതു് ഒരു വന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നതു് നിസ്തര്‍ക്കമല്ലേ? വരൂ, നമുക്കു സമരം ചെയ്യാം. എന്നുമാത്രമോ, വരും തലമുറ ഈ തെറ്റുകള്‍ കണ്ടുപഠിക്കാതിരിക്കാന്‍ നമുക്കു് അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാം.

Labels: ,

Monday, June 23, 2008

മലയാളമെഴുതാന്‍ കീമാന്‍ വെബും

റ്റെക്നികല്‍ കാര്യങ്ങള്‍ എന്തെങ്കിലും ഒരു വരി എഴുതിപ്പോയാല്‍ ഇരുപതു ശതമാനം വായനക്കാരെ (അതായതു് ഒരാള്‍!) നഷ്ടമാവുമെന്നു കൂട്ടിയാല്‍ മതി എന്നു നല്ലപാതി നിര്‍ദ്ദേശിച്ചതനുസരിച്ചാണു് ഈയിടെയായി ഞാന്‍ ആ ദിശയിലേയ്ക്കു തിരിയാത്തതു്. ഉമേഷ് എഴുതിയ കമന്‍റിടാന്‍ ഒരു പുതിയ വഴി എന്ന ലേഖനം വായിച്ചപ്പോള്‍ കമന്‍റായി പറഞ്ഞതിനു പുറമേ, ഇത്രയും കൂടി പറഞ്ഞുവയ്ക്കണമെന്നു തോന്നി.

റ്റ്രാന്‍സ്‍ലിറ്ററേഷന്‍ കീബോഡുകള്‍ക്കു് ഇന്നിക്കാണുന്ന ‘ജനപ്രീതി’ കിട്ടാനുള്ള ഒരു കാരണം റ്റവള്‍റ്റുസോഫ്റ്റ് എന്ന കമ്പനിയുടെ കീമാന്‍ എന്ന ഉല്പന്നമാണു്. ഈ അടുത്തകാലത്തു് വെബ്-മാത്രമായ ഒരു കീമാന്‍ വേര്‍ഷന്‍ റ്റവള്‍റ്റുസോഫ്റ്റ് ലഭ്യമാക്കുകയുണ്ടായി. മലയാളമുള്‍പ്പടെ നാനൂറോളം ഭാഷകള്‍ ഇങ്ങനെ വെബ് ഇന്‍റര്‍ഫേയ്സിലൂടെ ഇപ്പോള്‍ കീമാന്‍ വെബ് എന്ന പേരില്‍ ലഭ്യമാണു്.

കീമാന്‍ വെബിന്‍റെ ബീറ്റ ആര്‍ക്കും സൌജന്യമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഇവിടെ ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഒരു മലയാളം കീബോഡ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടതു് ഇത്രമാത്രം:

 1. ആദ്യമായി ഇവിടെ ചെന്നു് പേരും നാളുമൊക്കെ കൊടുത്തു് ഒരു പുതിയ അകൌണ്ട് തുടങ്ങുക.
 2. അതുകഴിഞ്ഞു്, നിങ്ങളുടെ ഈ-മെയിലിലേയ്ക്കു വരുന്ന ഓഥറൈസേയ്ഷന്‍ കോഡ് ഉപയോഗിച്ചു് നിങ്ങളുടെ സൈറ്റിനുവേണ്ടി കീബോഡ് സംസ്ഥാപിക്കുക.
 3. മലയാളത്തില്‍ മൂന്നുതരം കീബോഡുകള്‍ കീമാന്‍ വെബില്‍ ഉണ്ടു് (Mozhi, Inscript, ISIS). നിങ്ങള്‍ക്കനുയോജ്യമായതു തെരഞ്ഞെടുക്കുക.
 4. കീബോഡിന്‍റെ പ്രദര്‍ശനം തുടങ്ങിയ മറ്റു സെറ്റിംഗുകള്‍ തീരുമാനിക്കുക.
 5. കീമാന്‍ വെബ് തരുന്ന HTML കോഡ്/ജാവാസ്ക്രിപ്റ്റ് കോപി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ കൂട്ടിച്ചേര്‍ക്കുക.
 6. ഇത്രയുമായാല്‍ പിന്നെ നിങ്ങളുടെ ബ്ലോഗിലുള്ള റ്റെക്സ്റ്റ് ഏരിയയ്ക്കടുത്തു് കീമാന്‍ ബട്ടണ്‍ പ്രത്യക്ഷപ്പെടുകയായി.
 7. ഇനി തീരുമാനിക്കേണ്ടതു് ഇത് ഫലപ്രദമായി എങ്ങനെ ബ്ലോഗ്സ്പോട്ട് ബ്ലോഗുകളില്‍ ഉപയോഗിക്കാം എന്നതാണു്. കമന്‍റുകള്‍ ബ്ലോഗര്‍ എന്ന ഡൊമൈന്‍ വഴിയാണു് സ്വീകരിക്കുന്നതെന്നതിനാലും, സാധാരണ ബ്ലോഗ്പോസ്റ്റുകളില്‍ റ്റെക്സ്റ്റ് ഏരിയ (textarea) ഉണ്ടാവില്ല എന്നതിനാലും ഈ സം‌യോജനം ശ്രമകരമാണു്. രണ്ടുവഴികള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു:
  • ഒരു പോസ്റ്റില്‍, കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഉണ്ടാക്കി (താഴെക്കാണുന്ന വിധം), ആ പോസ്റ്റ് കമന്‍റെഴുതാനുള്ളവര്‍ക്കു് എളുപ്പം കാണത്തക്ക വിധം ബ്ലോഗില്‍ സ്ഥിരം ലിങ്കായി സ്ഥാപിക്കുക.
  • കമന്‍റെഴുതാന്‍ തക്ക വലിപ്പത്തില്‍ ഒരു റ്റെക്സ്റ്റ് ഏരിയ ഒരു പുതിയ പേയ്ജ് എലമെന്‍റായി ബ്ലോഗില്‍ ചേര്‍ക്കുക. ഇതായിരിക്കും കമന്‍റെഴുത്തുകാര്‍ക്കു് കൂടുതല്‍ സൌകര്യപ്രദമായ മാര്‍ഗ്ഗം.
 8. പിന്നെ, ഇതുപോലുള്ള മുട്ടുപോക്കു ന്യായങ്ങള്‍ക്കു് ഇടമില്ലാതാവും!
കീമാന്‍ വെബ് ഉപയോഗിക്കുന്ന ഉദാഹരണം (താഴെക്കാണുന്ന റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ അതിന്‍റെ വലതുവശത്തു് കീമാന്‍ വെബ് ബട്ടണുകള്‍ തെളിയുന്നതു് ശ്രദ്ധിക്കുക:റ്റെക്സ്റ്റ് ഏരിയയില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന കീമാന്‍ വെബ് ബട്ടണുകളില്‍ കീബോഡ് ബട്ടണ്‍ ക്ലിക് ചെയ്യുക. അപ്പോള്‍ ഇത്തരം ഒരു കീബോഡ് പ്രത്യക്ഷമാവും. (ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് മൈക്രോസോഫ്റ്റിന്‍റെ മലയാളം കീബോഡ് ഉപയോഗിക്കുന്നവര്‍ക്കു പരിചിതമായ Inscript കീബോഡാണു്. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം റ്റവള്‍റ്റുസോഫ്റ്റ് മൊഴി കീബോഡുകൂടി ചേര്‍ത്തിട്ടുണ്ടു്.)ബാക്കിയുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ഷിഫ്റ്റ് ക്ലിക് ചെയ്താല്‍ മതി.(സ്പഷ്ടമാക്കല്‍: റ്റവള്‍റ്റുസോഫ്റ്റിന്‍റെ ഒരു എക്സിക്യൂട്ടീവുമായി സംസാരിക്കാനും അദ്ദേഹം നല്‍കിയ ഡെമോ കാണാനും എനിക്കു് അവസരമുണ്ടായിട്ടുണ്ടു്. അതല്ലാതെ റ്റവള്‍റ്റുസോഫ്റ്റുമായി മറ്റു ബിസിനസ് ബന്ധമോ കീമാന്‍ വെബിനോടു് പ്രത്യേകാഭിമുഖ്യമോ എനിക്കില്ല.)

ജൂണ്‍ 25: ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം റ്റവള്‍റ്റുസോഫ്റ്റിന്‍റെ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ അവസരമുണ്ടായി. അവര്‍ മലയാളത്തിനു വേണ്ടി മൊഴി കീബോഡു കൂടി ലഭ്യമാക്കിയിട്ടുണ്ടു്. ഈ പോസ്റ്റിലെ റ്റെക്സ്റ്റ് ഏരിയ ഇപ്പോള്‍ മൊഴി കീബോഡാണു് ഉപയോഗിക്കുന്നതു്.

Labels: , ,

ഒരുനാള്‍ ഞാനും

2001-നുശേഷം ഓരോ തവണയും ലൈസന്‍സു പുതുക്കുമ്പോള്‍ ഈ ചോദ്യത്തിനു മുന്നില്‍ രണ്ടു നിമിഷം ആലോചിച്ചു നില്‍ക്കും.

What do you want to do?
License renewal fee: $25
Two-wheeler motorcycle endorsement renewal fee: Add additional $25

[ഈ നാട്ടുകാര്‍ സൈക്കിളിനെ ബൈക്ക് എന്നും, നമ്മള്‍ ബൈക്ക് എന്നു വിളിക്കുന്നവനെ മോട്ടോര്‍ സൈക്കിള്‍ എന്നുമാണു് പറയുന്നതു്.]

അമേരിക്കയില്‍ വച്ചു് അവസാനമായി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതു് 2001-ല്‍. ഇനി ഇവിടെ വച്ചു് ഈ ജന്മം മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ഭാഗ്യമുണ്ടാവുമോ എന്നറിയില്ല. കൊച്ചും തള്ളയും നാട്ടില്‍ പോയ തക്കത്തിനു് ഒരു സുഹൃത്തിനോടു് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ തരുമോ എന്നു ചോദിച്ചപ്പോള്‍ അവരു തിരിച്ചുവന്നിട്ടു ചത്താല്‍ പോരേ എന്നായിരുന്നു മറുപടി.

എന്നാലും രണ്ടുനിമിഷത്തിന്‍റെ ആലോചനയ്ക്കൊടുവില്‍ $50 കൊടുത്തു് ഡ്രൈവിംഗ് ലൈസന്‍സിനോടൊപ്പം മോട്ടോര്‍ സൈക്കിള്‍ എന്‍ഡോഴ്സ്മെന്‍റ് വീണ്ടും പുതുക്കും. ഇനി ഞാനായിട്ടു റെഡിയല്ലായിരുന്നു എന്നു് പറയിക്കരുതല്ലോ!

(നമതിന്‍റെ ബുള്ളറ്റുകളുണ്ട്, വെറും ബൈക്കുകളും എന്ന പോസ്റ്റിനു സമര്‍പ്പണം.)

Labels:

Sunday, June 22, 2008

വരും, വരാതിരിക്കുമോ!

പലര്‍ പറഞ്ഞ ശേഷവും, വിഷാദമോടെയെങ്കിലും
സ്ഥിരം വരുന്ന ചാനല്‍ ‘താരസിംഗറു’ള്ളതാക്കി ഞാന്‍:
ഹരം തരുന്ന പാട്ടുകള്‍, സുഖം തരുന്ന കാഴ്ചയും
വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം!

(കൈരളിയും സൂര്യയുമുപേക്ഷിച്ചു് ഞങ്ങളും ഏഷ്യാനെറ്റിലേയ്ക്കു് ചേക്കേറി. “വരും വരാതിരിക്കുമോ, പ്രതീക്ഷമാത്രമാശ്രയം” എന്ന എവിടെയൊക്കെയോ കേട്ടിട്ടുള്ള സമസ്യയ്ക്കു് ഒരു ശീഘ്രപൂരണമിതാ. വൃത്തം പഞ്ചചാമരം.)

Labels: ,

Tuesday, June 10, 2008

സാധനങ്ങളുടെ കഥ

ഇരുപത്തയ്യായിരവും അതിനുമേലേയും രൂപ കൊടുത്തു് ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളുമുള്ള എനിക്ക് നൂറു ഡോളറില്‍ കൂടുതല്‍ തുക നല്‍കി യു. എസ്. ഏ-യില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരു സുഹൃത്തിനെ കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതെ, നിങ്ങള്‍ ഊഹിച്ചതുതന്നെ: എനിക്ക്‌ നേരിട്ടറിയാവുന്ന ഏക ഐഫോണ്‍ ഉടമ തന്നെയാണു് ഈ മാന്യ വ്യക്തി.

നാനൂറ്റി തൊണ്ണൂറ്റൊമ്പതു് ഡോളറും റ്റാക്സും എണ്ണിക്കൊടുത്തു്, രണ്ടുവര്‍ഷത്തെ ഉടമ്പടിയും ഒപ്പുവച്ചു്, കഷ്ടി ഒരു വര്‍ഷം മുമ്പു് ഐഫോണ്‍ ഒന്നാം വേര്‍ഷന്‍ സ്വന്തമാക്കിയവനു്, വമ്പിച്ച വിലക്കുറവില്‍ (വെറും നൂറ്റി തൊണ്ണൂറ്റി ഒമ്പതു ഡോളര്‍ മാത്രം) 3G, GPS തുടങ്ങിയ ‘ആധുനിക’ സങ്കേതങ്ങളുമായി ഇറങ്ങുന്ന രണ്ടാം പതിപ്പിന്‍റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സങ്കടവും ദേഷ്യവുമൊക്കെ ഒന്നിച്ചു തോന്നേണ്ടതാണു്. എന്നാല്‍ ആപ്പിളിന്‍റെ ഫാന്‍ബോയ് ആയ സുഹൃത്തിനാണെങ്കിലോ, ഇതും ആഘോഷനിമിഷം!

ഈ വാര്‍ത്തയ്ക്കിടയില്‍ പ്രസ്താവ്യമായ സംഗതിയെന്താണുണ്ടായതെന്നുവച്ചാല്‍, ‘സാധനങ്ങളുടെ കഥ’ (The Story of Stuff) ഒന്നുകൂടി കാണാന്‍ തരമായി. തിരക്കേറിയ ജീവിതമാണെന്നറിയാം. എന്നാലും ഇരുപതുമിനിറ്റു് മാറ്റിവച്ചു് ഇതൊന്നു കണ്ടുനോക്കൂ.

Labels: ,

Tuesday, June 03, 2008

Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com

To steal copyrighted blog articles and photos and making a quick buck out of it is cheeky at best, but unlawful to begin with. Then to pretend that you have all the right to steal when get caught red-handed is plain dumb. To abuse, threaten, and stalk those who complained is telling the world that you are f***ing retarded.

The pathetic minds at work at kerals.com have demonstrated all these unenviable qualities, least desired in any professional setup, in less than a week's time.

I protest against kerals.com’s illegal and criminal activities against Malayalam bloggers and demand that they unconditionally apologize to the bloggers affected by their disgusting misconduct and provide proper compensation where applicable to avoid copyright violations.

നാലാംകിട സിനിമകളില്‍ക്കാണുന്ന രീതിയിലുള്ള ഭീഷണിയും കുനഷ്ടു തന്ത്രങ്ങളുമായി കേരള്‍സ്.കോം എന്ന പുതിയ അവതാരം മലയാളം ബ്ലോഗുകളുടെ ചോരകുടിക്കാനിറങ്ങിയിരിക്കുന്നു. സംസ്കാരവും മര്യാദയും ലവലേശമില്ലെന്നു ആരോടെങ്കിലും പറയാന്‍ മുട്ടിയിരിക്കുന്ന പോലെയുള്ള ഇടപെടലുകള്‍. നിയമവാഴ്ചയ്ക്കു പുല്ലുവില കല്പിക്കുന്ന ജല്പനങ്ങള്‍. കട്ടെടുത്തതു മാറ്റണമെന്നു പറയുമ്പോള്‍ തെറിയഭിഷേകവും ദേഹോപദ്രവഭീഷണിയും. കീരിക്കാടന്‍ ജോസും കൂട്ടരും ചേര്‍ന്നു് ഒരു വെബ് സൈറ്റു നടത്തിയാലെങ്ങനെയിരിക്കും? അതിലും പരിതാപകരം.

കേരള്‍സ്.കോമിന്‍റെ നിയമവിരുദ്ധവും കുറ്റകരവുമായ ചെയ്തികളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പീഡനത്തിനു വിധേയരായ ബ്ലോഗര്‍മാരോടു് നിരുപാധികം മാപ്പുപറയാനും തങ്ങള്‍ ഉപയോഗിച്ച ബ്ലോഗു പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും ഉടമസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം ന്യായമായ പ്രതിഫലം നല്‍കാനും കേരള്‍സ്.കോം തയ്യാറാവണം.

Labels: ,

Thursday, May 22, 2008

കൊല്ലങ്കോട്ടമ്മ

(സ്ത്രീ എഴുത്തുകാരെ ആഘോഷിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടി എഴുതിയതു്.)

പത്തുപേരുള്ള എന്‍റെ റ്റീമില്‍ മാനേയ്ജരുള്‍പ്പെടെ എട്ടുപേരും പെണ്ണുങ്ങളാണു്. റഷ്യക്കാരന്‍ ഇവാനും ഞാനുമാണു് ആണായ്പ്പിറന്നവര്‍. രണ്ടുപെണ്ണുങ്ങള്‍ ഒത്തുചേര്‍ന്നാലുള്ള അവസ്ഥാവിശേഷത്തെപ്പറ്റി കവികള്‍ പലരും തങ്ങള്‍ക്കാവും വിധം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതു വായിച്ച അനുഭവം വച്ചു് എട്ടു പെണ്ണുങ്ങള്‍ റ്റീം മീറ്റിങ്ങില്‍ ഒത്തു ചേരുന്നതിനെപ്പറ്റി നിങ്ങള്‍ക്കു് വല്ലതും ആലോചിച്ചു കൂട്ടാന്‍ കഴിയുന്നുണ്ടോ?

അങ്ങനെയൊരു ദുരന്തം ആലോചിക്കാനാവുന്നില്ലെങ്കില്‍ വെറുതേ വിഷമിക്കേണ്ട. ‘രണ്ടു്’, ‘നാലു്’ എന്നീ സംഖ്യകളുള്‍പ്പെടുന്നതും ‘ചേരും’, ‘ചേരില്ല’ എന്നീ ക്രിയാരൂപങ്ങളടങ്ങുന്നതുമായ ഒരു ചൊല്ലു് മലയാളക്കരയിലെന്നപോലെ റഷ്യയിലും നിലവിലുണ്ടു് എന്നു തിരിച്ചറിഞ്ഞ ഇവാനും ഞാനും റ്റീം മീറ്റിംഗുകള്‍ ഹൈജാക് ചെയ്തു് രക്ഷപ്പെട്ടു പോരുകയാണു് പതിവു്.

എന്നാലും സൂര്യനു കീഴിലുള്ള സകലമാന സംഗതികളേയും കുറിച്ചു് ഈ-മെയിലയച്ചു രസിക്കുക എന്നതു് ഈ തരുണീമണികളുടെ വിനോദമാണു്. അതു വായിക്കുകയും അവയ്ക്കു അപ്പപ്പോള്‍ മറുപടി പറയുകയും ചെയ്തില്ലെങ്കില്‍ ഇതേ കാര്യങ്ങള്‍ റ്റീം മീറ്റിംഗില്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന ഭയത്താല്‍ ഇവാനും ഞാനും ഞങ്ങളാല്‍ കഴിയുന്ന വിധം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ അറിവു സമ്പാദിക്കാറാണു് പതിവു്.

ചുരുക്കത്തില്‍, പെണ്ണെഴുത്തു വായിക്കുന്നതു് എന്‍റെ ദിനചര്യയിലെ പ്രധാന ഇനമാണെന്നു സാരം. ആ ധൈര്യത്തിലാണു് പെണ്ണെഴുതുന്ന പെണ്ണെഴുത്തു് മഹാമഹം ആഘോഷിക്കാന്‍ കൂടിയാലോ എന്നു മോഹമുദിച്ചതു്.

പിന്നെ ഒട്ടുമാലോചിച്ചില്ല. കയ്യിലുള്ള പുസ്തകങ്ങളില്‍ സ്ത്രീകള്‍ എഴുതിയവ കണ്ടുപിടിക്കലായി ആദ്യപടി. ഇപ്പോള്‍ എന്‍റെ കൈവശമുള്ള നൂറ്റിയാറു് മലയാള പുസ്തകങ്ങളില്‍ വെറും അഞ്ചെണ്ണം മാത്രമേ സ്ത്രീരചനകളായുള്ളൂ എന്നതു് എന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. ആ പുസ്തകങ്ങള്‍ ഇവയാണു്:
 1. എന്‍റെ കഥ (മാധവിക്കുട്ടി)

 2. നീര്‍മാതളം പൂത്തകാലം (മാധവിക്കുട്ടി)

 3. കൊല്ലങ്കോട്ടമ്മ (കെ. ഓമന അമ്മ)

 4. തിരുവാതിരയും സ്ത്രീകളുടെ മറ്റ് വ്രതാനുഷ്ഠാനങ്ങളും (ദ്രൌപതി ജി. നായര്‍)

 5. സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം (ഡോ. രാധിക സി. നായര്‍)
ഇതില്‍ ആദ്യരണ്ടു കൃതികളെപ്പറ്റിയും എന്തെഴുതിയാലും അധികമാവില്ല. നാലാമത്തെ പുസ്തകം എന്നെ സ്വാധീനിച്ച കൃതികളില്‍ പെടുന്നില്ല. അഞ്ചാമത്തേതാവട്ടെ, അക്കാഡമിക് താല്പര്യത്തിനുമേല്‍ വാങ്ങിയതാണു്. അതൊരു ഗംഭീരപുസ്തകമാണെന്ന അഭിപ്രായം രചയിതാവിനുപോലുമില്ല. (“സമകാലിക സാഹിത്യ സിദ്ധാന്തത്തിന്‍റെയും വിമര്‍ശനപദ്ധതികളുടെയും രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന പുസ്തകമല്ല ഇതു്” - രണ്ടാം പതിപ്പിന്‍റെ ആമുഖമായി ഡോ. രാധിക പറയുന്നു.)

കെ. ഓമന അമ്മ എഴുതിയ കൊല്ലങ്കോട്ടമ്മ എന്ന പുസ്തകത്തെപ്പറ്റിയാണു് ഈ കുറിപ്പു്. ഡോ. രാധിക പറയുന്ന ഭാഷയില്‍ പറഞ്ഞാല്‍, പുസ്തകത്തിന്‍റെ രീതിശസ്ത്രവും ദാര്‍ശനികതലവും പരിപൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന ഒരു നിരൂപണമോ ആസ്വാദനമോ അല്ല ഈ ലേഖനം. കുറഞ്ഞ വാചകങ്ങളിലുള്ള ഒരു പുസ്തകപരിചയം മാത്രം.

ഈ പുസ്തകം എന്നെ വളരെയധികം സ്വാധീനിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് വെറും ഭംഗിവാക്കാവും. എന്നാലും കൊല്ലങ്കോട്ടമ്മയ്ക്കു് ഒരു ഭക്ത സമര്‍പ്പിച്ച സ്തുതിമാലയിലുള്ള ചില മുത്തുകളെ കണ്ടില്ലെന്നു നടിക്കുകവയ്യ. സമകാലീന മലയാളത്തിനു് അധികം പരിചിതമല്ലാത്ത ശാഖയില്‍ കൈവച്ചു വിജയിപ്പിച്ച, ഭക്തി അലര്‍ജിയായിട്ടുള്ളവര്‍ക്കുപോലും സാഹിത്യകൃതി എന്ന നിലയില്‍ വായിച്ചുരസിക്കാന്‍ പറ്റിയ വിധത്തില്‍ വരികള്‍ പടുത്ത, കവയിത്രിയുടെ കയ്യടക്കവും കരവിരുതും ശ്ലാഘനീയമാണു്. കവയിത്രിയുടെ അനുവാദത്തോടെ പകര്‍ത്തുന്ന ഈ വരികള്‍, ഭക്താന്ധതമൂലമുള്ള സാധാരണ സ്തുതിഗീതങ്ങളുടെ ശേഖരമല്ല ഈ പുസ്തകമെന്നതു് വിളിച്ചുപറയുന്നു.

അദ്ധ്യാത്മജ്ഞാനപ്രകാശമേകീടുമൊ-
രഗ്നിസമുത്ഭവതേജഃപുഞ്ജം
അദ്വൈതസിദ്ധാന്തമുദ്ഘോഷണോത്മക
മദ്വിതീയത്തിലും ദ്വിത്വഭാവം
ഏകചക്രസ്ഥിതഭാവ ഭദ്രാംബികേ!
മോഹമഹാമായാദ്വന്ദ്വഭാവം
അര്‍ദ്ധവൃത്തോജ്വലാകാരസമന്വയ-
വര്‍ദ്ധിതതേജസ്സം‌യുക്തരൂപം.

* * *

ചണ്ഡമുണ്ഡാസുരരെ രെണേകൊന്നൊരു
ചണ്ഡികേ! ഭണ്ഡാസുരേന്ദ്രസുഷൂദിനീ!
ചണ്ഡകിരണസമാനസുശോഭിത-
കുണ്ഡലാലംകൃതേ! ബ്രഹ്മാണ്ഡ നന്ദിതേ!

* * *

മണ്‍‍വെട്ടി, കൂന്താലിയേന്തിയനേകം പേര്‍
മണ്‍‍വെട്ടിമാറ്റാന്‍ ശ്രമിക്കയായി
അത്യഘോരശ്രമമെത്രതുടര്‍ന്നിട്ടും
വെട്ടിമാറ്റാനാര്‍ക്കും ശക്തിപോര.
കൂരിരുട്ടിന്‍റെ കരിം‍പുതപ്പൊട്ടൊരു
കാരിരുമ്പാണോ കരിമ്പാറയോ?
പാരിലെഭാരം ഘനീഭൂതമായി ഭീ-
മാകാരമായി ഭവിച്ചതാണോ?

* * *
മ്പ എന്ന അക്ഷരം ആവര്‍ത്തിക്കുന്ന വരികള്‍ എനിക്കു് എപ്പോഴും ഹൃദ്യമാണു്. “മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല” ഓര്‍ത്തുപോവും, അവ കാണുമ്പോള്‍:

ഒമ്പതാമുത്സവം വണ്ടിയോട്ടം, അന്നു
വെമ്പലോടമ്പലം ചുറ്റുമോട്ടം
നൊമ്പരമേകുന്ന കുത്തിയോട്ടം, ബാല-
രമ്പലം ചുറ്റി വരുന്നൊരോട്ടം.

* * *

പ്രകൃതി കവിതയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണു്. ഇത്തരം വരികള്‍ക്കു് യാതൊരു പഞ്ഞവുമില്ല:

മാരിചൊരിയുന്നപോലെ തെരുതെരെ
വാരിക്കൊടുക്കുമനുഗ്രഹങ്ങള്‍
വാരിധിയില്‍ തിരമാലകളെന്നപോല്‍
നാരിമാര്‍ക്കുള്ളിലാമോദമുണ്ടാം.

* * *

ദാരികന്‍ ബ്രഹ്മാവിനോടു് വരം ചോദിക്കുന്നതും ബ്രഹ്മാവു നിരസിക്കുന്നതും രണ്ടു വരിയില്‍ ഇതാ:

ചാകാതിരിക്കാന്‍ വരം വേണമെന്നവന്‍,
ആകാത്ത കാര്യമാണെന്നു ബ്രഹ്മന്‍!

എന്നാല്‍ പിന്നെ ഈവിധം ആവാമെന്നു് ദാരികന്‍:

ദേവനോ മര്‍ത്ത്യനോ ദാനവനോ, യെന്‍റെ
ദേഹ വിനാശം വരുത്തരുതേ
സ്ത്രീജനമാകിലോ കുറ്റമില്ല, കാര്യം
സ്ത്രീ, ഒരശക്ത, യബലയല്ലോ!

എന്നിട്ടോ, അവസാനം സ്ത്രീയുടെ കയ്യാല്‍ത്തന്നെ അന്ത്യവും വന്നുപെട്ടു!

* * *

പൊങ്കാലയ്ക്കു തീകൂട്ടിയാല്‍ തന്നെ:

ഉള്ളിലഹംഭാവമെള്ളോളമില്ലാതെ
ഉള്ളവയെല്ലാം ജ്വലിച്ചു തീരും
ഉള്ളിന്‍റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്നോരു
മുള്ളുകളെല്ലാമെരിഞ്ഞു വീഴും

നല്ല ഗുണങ്ങളും നന്മനോഭാവവും
നല്ലമണമായൊഴുകുമെങ്ങും.

* * *

കണ്ണടച്ചാലും തുറന്നാലുമമ്മയെന്‍
കണ്ണില്‍ വിഷുക്കണിയായ് വരണേ!

എന്നു വായിക്കുമ്പോള്‍ ആര്‍ക്കാണു് സ്വന്തം അമ്മയെ ഓര്‍മ്മവരാത്തതു്!

പുസ്തകം: കൊല്ലങ്കോട്ടമ്മ
പബ്ലിഷേഴ്സ്: സാകേതം, തിരുവനന്തപുരം
വില: 30 രൂപ

കുറിപ്പുകള്‍:
 1. കൊല്ലങ്കോടു് ഭദ്രകാളി അമ്പലം (മുന്നറിയിപ്പു്: ഓഡിയോ ഉള്ള ലിങ്ക്) കന്യാകുമാരി ജില്ലയില്‍ കേരളത്തിന്‍റെ അതിര്‍ത്തിക്കടുത്താണു്.

 2. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ‘ഭക്തപ്രിയ’, ശബരിമല ദേവസ്വത്തിന്‍റെ ‘സന്നിധാനം’ എന്നീ മാസികകള്‍ ഓമന അമ്മയുടെ കവിതകള്‍ സ്ഥിരമായി പ്രസിദ്ധീകരിക്കാറുണ്ടു്. സഞ്ചാരസാഹിത്യമാണു് ഓമന അമ്മയുടെ മറ്റൊരു ഇഷ്ടവിഷയം.

Labels: ,

Wednesday, May 21, 2008

ഫിസിക്കല്‍ ആക്റ്റിവിറ്റി

കഴിഞ്ഞ ശനിയാഴ്ച വീണ്ടും ലങ്ക കിലുങ്ങി.

(ലിങ്കുകള്‍ തോറും പാറി നടന്നു് അറിവു സമ്പാദിക്കാന്‍ മടിയുള്ളവര്‍ക്കു് ഇതാ ഗുളികരൂപം. മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിച്ചവര്‍ ഈ ഗുളികരൂപം വായിക്കണമെന്നില്ല.

പണ്ടൊരിക്കല്‍ പളുങ്കു് എന്ന സിനിമയുടെ പ്രസക്തഭാഗങ്ങള്‍ റ്റി. വി.യില്‍ കണ്ടുകൊണ്ടിരുന്ന ഞാന്‍, “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?” എന്നു നായിക നായകനോടു ചോദിക്കുന്നതു കേട്ടു
ഞെട്ടുകയും, നായിക പറഞ്ഞതു് കുടുംബ പ്രവര്‍ത്തനം എന്നല്ല, കുടുംബ പ്രാര്‍ത്ഥന എന്നായിരുന്നുവെന്നു് പിന്നീടു് മനസ്സിലാക്കുകയുമുണ്ടായി. ഈ അസുഖത്തിനു് ഇംഗ്ലീഷു ഭാഷയില്‍ Mondegreen എന്നാണു് പറയുന്നതെന്നു് പറഞ്ഞുതന്നതു് രാജേഷ് വര്‍മ്മയാണു്. Mondegreen എന്നതിന്‍റെ മലയാള പരിഭാഷയായി രാജേഷിന്‍റെ സംഭാവനയാണു് “ലങ്ക കിലുങ്ങുക”.)

കേരളത്തിലെ ചില സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, സീയാറ്റില്‍ മലയാളികളില്‍ പ്രമുഖരായ സന്തോഷ് നായരും സന്തോഷ് പടിയത്തും സന്തോഷ് മാത്യുവും, പിന്നെ, ഈയുള്ളവനും (എന്തൊരു വിനയം!) ജനക്കൂട്ടങ്ങളെ ഒഴിവാക്കി ജീവിച്ചുവരികയായിരുന്നെങ്കിലും സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ നിന്നും പുറത്തുവന്ന ദിവസമായതിനാലും നാട്ടില്‍ നിന്നും അമേരിക്കയ്ക്കു വന്നു ബോറടിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ അച്ഛനമ്മമാര്‍ക്കു “എല്ലാരേയും കാണണമെന്നു” വാശിയായതിനാലും, ഈ സീസണിലെ ആദ്യത്തെ പുറം‍ലോക പാര്‍ട്ടിയായതിനാലുമാണു് ഇക്കഴിഞ്ഞ ശനിയാഴ്ച ഭാര്യയും മകനും ഞാനും യഥാസമയം പാര്‍ക്കിലെത്തി ഗോവിന്ദിന്‍റെ ഒന്നാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കുകൊണ്ടതു്.

സുഹൃത്തുക്കളോടു് ഉപചാരവാക്കുകളൊക്കെപ്പറഞ്ഞു് കട്‍ലറ്റും മറ്റു ചെറുതീറ്റസാധനങ്ങളുമിരിക്കുന്ന മേശനോക്കി പായവേ, ഒരു വശത്തുനിന്നു് കയ്യിലൊരു പിടിവീണു.

“എടോ, എങ്ങോട്ടാ ഈ ഓടുന്നേ?” സുഹൃത്തായ ഹരിയുടെ അച്ഛനാണു്.

“കഴിഞ്ഞ പ്രാവശ്യം കണ്ടതില്‍ നിന്നും വല്ലാതായല്ലോ!” ഭാര്യ സാധാരണ പറയാറുള്ള വാചകങ്ങള്‍ ഞാന്‍ കടമെടുത്തു.

“എടോ, I am 68. Do you think I will get better as I get older?”
“അച്ഛാ, ഇവര്‍ക്കൊക്കെ മലയാളം മനസ്സിലാവും, ട്ടോ!” ഹരി ഇടപെട്ടു.
“നീ പോടാ!”

ഇതൊക്കെ കേട്ടുകൊണ്ടു് ജോജോയും സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.

ഹരിയുടെ അച്ഛന്‍ തുടരുകയാണു്: “സന്തോഷിന്‍റെ മുടിയൊക്കെ അങ്ങുമിങ്ങും നരച്ചു തുടങ്ങിയല്ലോ... ഫിസിക്കല്‍ ആക്റ്റിവിറ്റിക്ക് കുറവുണ്ടൊ?” ചോദ്യം ചോദിച്ചു കഴിഞ്ഞു് ഒരു കള്ളച്ചിരിയും.

ഞാന്‍ ഒന്നു പരുങ്ങി. അച്ഛന്‍റെ പ്രായമുള്ള മാന്യ ദേഹമാണു്. ഇദ്ദേഹത്തോടു് എങ്ങനെയാണു് ഈ ചോദ്യത്തിനുത്തരം പറയുക. ഞാന്‍ സുഹൃത്തിനെ നോക്കി. പിന്നെ ഹരിയുടെ അച്ഛനെ നോക്കി. അതു കഴിഞ്ഞു് ചുറ്റും നോക്കി. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:

“ഏയ്, അങ്ങനെയൊന്നുമില്ല!”

ഹരിയുടെ അച്ഛനുണ്ടോ വിടുന്നു: “എന്നു വച്ചാല്‍?”

ഇനിയും മടിച്ചു നിന്നിട്ടു കാര്യമില്ല. എന്തും വരട്ടെയെന്നുവച്ചു ഞാന്‍ പറഞ്ഞു: “ഇല്ല!”

“എടോ താനൊക്കെ ഇങ്ങനെ തുടങ്ങിയാലെങ്ങനാ? വീട്ടിലൊരുത്തനുണ്ടു്, അവനോടു പറഞ്ഞിട്ടും ഒരു കാര്യവുമില്ല...”

“കഴിക്കാനെടുത്തിട്ടു വരാം,” സംഭാഷണം കേട്ടുകൊണ്ടിരുന്ന സുഹൃത്തിനെ ഒരു വിധത്തില്‍ ഞാന്‍ അവിടുന്നു മാറ്റി നിറുത്തി ചോദിച്ചു:
“ജോജോ, മേനോന്‍ സാറു് എന്തിനാ എന്‍റെ ഫിസിക്കല്‍ ആക്റ്റിവിറ്റിയെപ്പറ്റി ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കുന്നതു്? ഹരിയോടു പറഞ്ഞിട്ടു കാര്യമില്ല പോലും!”

“എന്തു ഫിസിക്കല്‍ ആക്റ്റിവിറ്റി? സന്തോഷ് ഫിസിക്കല്‍ ചെക്കപ്പിനു് പോകാറുണ്ടോ എന്നല്ലേ സാറു് ചോദിച്ചതു്?”

Labels:

Tuesday, May 13, 2008

മറ്റേ അച്ഛന്‍

പ്രിയപ്പെട്ട ഡോക്റ്റര്‍,

സ്ത്രീകളുടെ മനസ്സു് ഒരു പ്രഹേളികയാണെന്നു മനസ്സിലായിത്തുടങ്ങിയതു് ഒമ്പതാം ക്ലാസുമുതലാണു്. സരസ്വതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും മനോരമ കടം വാങ്ങി ബാറ്റണ്‍‍ബോസ്/വേളൂര്‍ പി. കെ. രാമചന്ദ്രന്‍ നോവലുകള്‍ക്കൊപ്പം താങ്കളുടെ മനശ്ശാസ്ത്ര പംക്തിയും സ്ഥിരമായി വായിച്ചുതുടങ്ങുന്നതും ഒമ്പതാം ക്ലാസില്‍ വച്ചുതന്നെ. ഒരു മനശ്ശാസ്ത്രജ്ഞനാവുക എന്നതായിരുന്നു അന്നുമുതല്‍ എന്‍റെ ആഗ്രഹം. പിടികിട്ടാതെ വരുന്ന പല സങ്കീര്‍ണ്ണപ്രശ്നങ്ങളും, പ്രശ്നഹേതുക്കളായ അവളുമാരെയൊക്കെ പിടിച്ചുകിടത്തി ഒരു മനോവായന നടത്തിയാല്‍ തീരുന്നതേയുള്ളൂ എന്ന തിരിച്ചറിവായിരുന്നു എന്‍റെ അത്യാഗ്രഹത്തിന്‍റെ മൂലകാരണം.

കാലം കഴിയവേ, പെണ്‍‍മനസ്സിനെ വായിച്ചെടുക്കാമെന്ന അമിതാഗ്രഹമൊക്കെയുപേക്ഷിച്ചു് ഞാനൊരു എഞ്ചിനീയറായിത്തീരുകയും അതു കാര്യമാക്കാതെ കല്യാണം കഴിക്കുകയും ചെയ്തു. താങ്കള്‍ കൈകാര്യം ചെയ്യുന്ന ‘ഡോക്റ്ററോടു ചോദിക്കൂ’ എന്ന പംക്തി, ഭാര്യ കാണാതെയാണെങ്കിലും, ഇപ്പോഴും മുടങ്ങാതെ ഞാന്‍ വായിക്കാറുണ്ടു്. (അതിനു വേണ്ടിക്കൂടിയാണു് ഞാന്‍ തന്നെ മുന്‍‍കൈയെടുത്തു് ഈ മാസിക വരുത്തിത്തുടങ്ങിയതു് എന്ന കാര്യം ഭാര്യയ്ക്കറിയില്ല.)

ഇനി കാര്യത്തിലേയ്ക്കു വരാം. കഴിഞ്ഞ ഒന്നരമാസമായി എന്നെ അലട്ടുന്ന പ്രശ്നത്തിനു് താങ്കളുടെ പംക്തിയിലൂടെ മറുപടി കിട്ടാനാണു് ഈ കത്തയയ്ക്കുന്നതു്. ദയവായി എന്‍റെ പേരും സ്ഥലവും വെളിപ്പെടുത്തരുതു്. ഇനിഷ്യലും സ്ഥലപ്പേരും പോലും വയ്ക്കരുതു്, പ്ലീസ്. താങ്കളുടെ മാസിക വായിക്കാത്തവരായോ ഈ കഥ അറിയാത്തവരായോ ഇപ്രദേശത്തു് അധികം പെണ്ണുങ്ങളില്ല.

കാറ്റും മഴയും മാറാതെ നിന്ന വൈകുന്നേരങ്ങളിലൊന്നില്‍ ഓഫീസില്‍ നിന്നെത്തി വാതില്‍ തുറന്നു് അകത്തുകടന്ന എന്നെക്കണ്ടിട്ടു് മൂന്നരവയസ്സുകാരന്‍ വിളിച്ചു പറയുകയാണു്, “അമ്മാ, മറ്റേ അച്ഛയല്ല, ഓഫിസി പോണ അച്ഛ വന്നു!”

സത്യം പറഞ്ഞാല്‍, ഇതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കു് ആദ്യമൊന്നും തോന്നിയതേയില്ല. “ഓഫിസി പോയ അച്ഛ വന്നു” എന്നാണു് ഞാന്‍ കേട്ടതു തന്നെ. പിന്നീടുള്ള ദിവസങ്ങളിലാണു്, “ഓഫീസി പോയ അച്ഛ” എന്നല്ല മകന്‍ പറയുന്നതെന്നും “ഓഫീസി പോണ അച്ഛ” എന്നാണെന്നും ഞാന്‍ മനസ്സിലാക്കുന്നതു്. ഈ തിരിച്ചറിവിനു ശേഷവും, ഓഫീസില്‍ നിന്നും വന്നു കയറുമ്പോള്‍ മകന്‍ പറയുന്ന അസംഖ്യം കഥകളിലൊന്നിന്‍റെ തുടക്കം എന്നു മാത്രമേ ഞാനിതിനെ കരുതിയുള്ളൂ. എന്നാല്‍ പിന്നീടു് മകനുമായുള്ള ഇടപഴകലുകളില്‍ “മറ്റേ അച്ഛന്‍റെ” സ്വാധീനം കൂടി വരുന്നതു് എന്നില്‍ ആശങ്ക ഉണര്‍ത്തി.

ഡോക്റ്ററുടെ അറിവിലേയ്ക്കും പൂര്‍ണ്ണമായ രോഗനിര്‍ണ്ണയത്തിനുമായി മകനുമായി മറ്റേ അച്ഛന്‍ സംബന്ധിയായി നടന്ന സംഭാഷണങ്ങളുടെ മൂന്നു് ഉദാഹരണങ്ങള്‍ കൊടുക്കുന്നു.

ഞാന്‍: “മോനേ, നിനക്കു് അമ്മയെയാണോ ഇഷ്ടം, അച്ഛനെയാണോ ഇഷ്ടം?”
മകന്‍: “അമ്മേ ആണിസ്ടം.”
ഞാന്‍: “ഓക്കേ, അമ്മ കഴിഞ്ഞാല്‍ പിന്നെ ആരെയാണിഷ്ടം?”
മകന്‍: “ഓക്കേ, ബൈ ബൈ!”
ഞാന്‍: “അതല്ല, മോനേ... അച്ഛനെ ഇഷ്ടമല്ലേ?”
മകന്‍: “മറ്റേ അച്ഛനെ ഇസ്ടം.”

* * *

ഞാന്‍: മോനും, അമ്മയും, അച്ഛനും കൂടി ഇന്നു് എവിടെ പോവും?
മകന്‍: മോനും, അമ്മയും, മറ്റേ അച്ഛയും ഇന്നു് കടേ പോവും. അമ്മയ്ക്കു് മറ്റേ അച്ഛ ഡ്രസ് വാങ്ങിയ്ക്കും.

* * *

ഞാന്‍: മോനേ, അച്ഛന്‍റെ കമ്പ്യൂട്ടറില്‍ തൊടല്ലേ. കമ്പ്യൂട്ടര്‍ ചീത്തയായാല്‍ ഓഫീസില്‍ പോകുമ്പോ അച്ഛനു് അടി കിട്ടും.
മകന്‍: മറ്റേ അച്ഛേടെ കമ്പ്യൂത്തലില് തൊടട്ടാ?
ഞാന്‍: നിന്‍റെയൊരു മറ്റേ അച്ഛന്‍. മറ്റേ അച്ഛന്‍ എങ്ങനെയിരിക്കും?
മകന്‍: (കസേരയില്‍ ഇരിക്കുന്നതുപോലെ കാണിച്ചിട്ടു്) മറ്റേ അച്ഛ ഇങ്ങനെയിരിക്കും.

* * *

മറ്റേ അച്ഛനെപ്പറ്റി മകനില്‍ നിന്നു തന്നെ കൂടുതല്‍ അറിയാം എന്നു് എനിക്കു് പ്രതീക്ഷയില്ല ഡോക്റ്റര്‍. ഇതൊക്കെ കേട്ടിട്ടു് അവസാനം ഒരു സമാധാനവുമില്ലാതെ ഞാന്‍ ഭാര്യയോടു് തന്നെ ഈ മറ്റേ അച്ഛനെപ്പറ്റി ചോദിച്ചു. ഈയിടെയായി മകനു് കഥയുണ്ടാക്കിപ്പറച്ചില്‍ കൂടുതലാണെന്നായിരുന്നു ഭാര്യയുടെ വളരെ സാ-മട്ടിലുള്ള മറുപടി. ബെഡ് റൂമില്‍ സിംഹവും മകനും കൂടി കളിച്ചെന്നും അടികൂടി സിംഹത്തിനെ ശരിയാക്കിയെന്നും ഇടയ്ക്കു പറയും പോലും. ഈവിധം ഇമാജിനറി സംഭവങ്ങള്‍ പറയലാണു് ഇപ്പോഴത്തെ മെയ്ന്‍ പരിപാടിയത്രേ.

ഈ കഥകളൊന്നും മകന്‍ എന്നോടു പറയുന്നില്ലല്ലോ എന്നു ഞാന്‍ പറഞ്ഞു നോക്കി. ഇതൊക്കെ എന്നോടും പറയാറുണ്ടായിരുന്നെന്നും ഇതൊന്നും പറഞ്ഞാല്‍ അച്ഛന്‍ മൈന്‍ഡു ചെയ്യില്ല എന്നു മനസ്സിലാക്കിയാവണം അച്ഛന്‍ നല്ലവണ്ണം മൈന്‍ഡു ചെയ്യുന്ന ഒരു കഥ കണ്ടു പിടിച്ചതെന്നുമാണു് ഭാര്യയുടെ വിശദീകരണം.

സര്‍, ഭാര്യ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടു്? സംശയരോഗി എന്നു മുദ്രകുത്തപ്പെടാതെ, ഭാര്യയെ തല്ലാതെ, വീട്ടില്‍ രഹസ്യമായി വീഡിയോ ക്യാമറ സ്ഥാപിക്കാതെ, കോയമ്പത്തൂര്‍ പോകുന്നെന്നും പറഞ്ഞു് (അല്ല, കാലിഫോര്‍ണിയയില്‍ പോകുന്നെന്നും പറഞ്ഞു്) അവിടെ പോകാതെ വീട്ടുപരിസരത്തു് ഒളിച്ചിരിക്കാതെ, ഈ പ്രശ്നത്തിന്‍റെ കുരുക്കഴിക്കുന്നതെങ്ങനെയാണു് ഡോക്റ്റര്‍? അങ്ങയുടെ വിലയേറിയ മറുപടി അടുത്തമാസം പ്രസിദ്ധീകരിക്കണമെന്നു് അപേക്ഷിച്ചുകൊണ്ടു് നിറുത്തുന്നു.

Labels:

Monday, May 12, 2008

2000000 മിനിറ്റുകള്‍

സാമ്പത്തികരംഗത്തു് വടക്കേ അമേരിക്കയുടെ ക്ഷയവും ഉന്നതവിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കുതിപ്പും മിശ്രപ്രതികരണമാണു് സാധാരണ അമേരിക്കക്കാരില്‍ ഉണ്ടാക്കുന്നതു്. ഇരുപതു ലക്ഷം (രണ്ടു മില്യന്‍) മിനിറ്റുകള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഏതാണ്ടു് അതേ സമയം തന്നെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ആര്‍ജ്ജിതവിജ്ഞാനത്തിലുള്ള അന്തരം കാട്ടിത്തരുകയും അതുവഴി ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വെല്ലുവിളികള്‍ക്കു് വടക്കേ അമേരിക്കന്‍ യുവത്വം തയ്യാറല്ലെന്നും കാട്ടുകയാണു് 2000000 മിനിറ്റുകള്‍ (Two Million Minutes) എന്ന ഡോക്യുമെന്‍ററി ചെയ്യുന്നതു്.

ഇതൊക്കെ പറയുന്നതു കേട്ടാല്‍ തോന്നും ഡോക്യുമന്‍ററി കണ്ടിട്ടാണു് ഞാന്‍ ഇതൊക്കെ എഴുതിയതെന്നു്. അല്ലേയല്ല! സീയാറ്റില്‍ പബ്ലിക് റേഡിയോയില്‍ ഇന്നുരാവിലെ ഒമ്പതുമണിക്കു കേട്ട ‘വീക് ഡേ’ എന്ന പരിപാടിയില്‍ നിന്നാണു് ഈ വിവരം. ഒമ്പതു മുതല്‍ പത്തുമണിവരെയാണു് ‘വീക് ഡേ’. പത്തുമണി കഴിഞ്ഞതും ഇന്നത്തെ പരിപാടി കേട്ടോ എന്നു ചോദിച്ചു് രണ്ടു മൂന്നു സുഹൃത്തുക്കളുടെ മെയില്‍ പ്രതികരണങ്ങളുമുണ്ടായി.

‘2000000 മിനിറ്റുകളു’ടെ എക്സക്യുട്ടിവ് പ്രൊഡ്യൂസര്‍ ബോബ് കോം‍പ്റ്റനുമായി സ്റ്റീവ് ഷേര്‍ നടത്തിയ ഇന്‍റര്‍വ്യൂ ആയിരുന്നു ഇന്നത്തെ ‘വീക് ഡേ’-യില്‍. ബാംഗ്ലൂരില്‍ നിന്നുള്ള അപൂര്‍വ ഉപ്പാലയും (Apoorva Uppala) ഇന്‍‍ഡിയാനയിലെ വിദ്യാര്‍ത്ഥിയായ നീല്‍ എറന്‍ഡും (Neil Ahrendt) പങ്കെടുക്കുന്നുണ്ടു്.

ബോബ് കോം‍പ്റ്റന്‍റെ വാക്കുകള്‍:
America fundamentally has a cultural challenge. The cultures in India and China [...] revere and reward and recognize intellectual and academic achievements. In America, we revere and reward and recognize athletic and extra-curricular achievement. [...] One thing we need to do as a nation is to look at our culture and is our culture right for the twenty first century going up against two countries that are each four times larger than us where the students, parents, and community and nation revere and recognize academic and intellectual achievement particularly in science and mathematics.

I thought the movie was a pretty accurate portrayal of what [you know] an average Indian student's life is like. [...] it did a fair amount of justice in 54 minutes എന്നു് അപൂര്‍വയും, as far as how the film portrayed me, you know, I have no complaints. It was pretty accurate in terms of how my life went, in terms of how much effort I put in school and what I did in my free time എന്നു നീലും സാക്ഷ്യപ്പെടുത്തുന്നുണ്ടു്.

പ്രതികരണങ്ങള്‍ ഇങ്ങനെ പോയി:

ജയേഷ്: വിധി പറയാന്‍ ഞാനില്ല, എന്നാലും ഇതു് രസകരമായിരിക്കുന്നു. ഇതു കേള്‍ക്കാന്‍ മറക്കരുതു്.

വിനു: എട്ടുമുതല്‍ അഞ്ചുവരെയാണു് ക്ലാസ് എന്നൊക്കെപ്പറയുന്ന തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടു്.

ആഷ്‍ലി: റ്റ്യൂഷന്‍ സമയം കൂടി കണക്കാക്കിയാല്‍ അതൊരു തെറ്റാണോ? ഒമ്പതിലും പത്തിലും പഠിക്കുമ്പോള്‍ എന്‍റെ പഠനസമയം അതിലും കൂടുതലായിരുന്നു.

മനോജ്: ഇന്ത്യയിലേയും ചൈനയിലേയും വിദ്യാഭ്യാസം കാണാപ്പാഠം പഠിക്കലാണെന്ന പൊതു വിശ്വാസത്തിനു അറുതിവരും, അവ ‘Well-rounded’ ആയ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനുതകുന്നതല്ലെന്നുള്ള വാദം പൊളിയും.

ഗിരി: എന്നാലും രണ്ടു വിദ്യാര്‍ത്ഥികളെ മാത്രമുപയോഗിച്ചുള്ള പഠനത്തിന്‍റെ സത്യാവസ്ഥ സംശയിക്കേണ്ടിയിരിക്കുന്നു.

മനോജ്: ഒരു എന്നാലുമില്ല. “linear interpolation: law of large numbers at work.”

പറയേണ്ടുന്ന കാര്യത്തെ പൊലിപ്പിച്ചുറപ്പിക്കാനുതകുന്ന ചില സാരമല്ലാത്ത തെറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഇന്ത്യയുടെ വിദ്യാഭ്യാസരീതിയേയും അതിനു സമൂഹം നല്‍കുന്ന പ്രാധാന്യത്തേയും എടുത്തുകാണിക്കാനും അതുവഴി സാധാരണ അമേരിക്കക്കാരന്‍റെ മനസ്സില്‍ കൂടുതല്‍ ഭയവും അരക്ഷിതാവസ്ഥയും തള്ളിവിടാനും ഈ ഡോക്യുമെന്‍ററി സഹായിക്കേണ്ടതാണു്. ഇന്‍റര്‍വ്യൂ കേട്ടു നോക്കൂ!

Labels:

Tuesday, April 29, 2008

അക്കക്രമീകരണം മലയാളത്തില്‍

ഓഫീസില്‍ നിന്നിറങ്ങാറാവുമ്പോള്‍ വീട്ടില്‍ നിന്നും ഫോണ്‍ വിളി വന്നാല്‍ ഒന്നുറപ്പിക്കാം: ഇന്നും ഇന്ത്യന്‍ സ്റ്റോറില്‍ നിന്നും എന്തോ വാങ്ങാനുണ്ടു്!

“എന്താ?” ഞാന്‍ സ്നേഹത്തോടെ ആരായും.
“തിരിച്ചു വരുന്ന വഴിയ്ക്കു് ഇന്ത്യന്‍ സ്റ്റോറില്‍ ഒന്നു കേറാമോ?”
“തീര്‍ച്ചയായും. ഇന്നു കണ്ടില്ലല്ലോ എന്നു് കടക്കാരനു തോന്നരുതല്ലോ!”
“ഓ, തമാശ കളഞ്ഞിട്ടു് ഇതൊന്നു എഴുതി എടുക്കൂ.”
“പറഞ്ഞോളൂ...”

സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ സാധനത്തിലൊതുങ്ങുന്ന ലിസ്റ്റു് നീണ്ടു നീണ്ടു പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: “അതൊരു മെയിലായിട്ടു് അയച്ചു തന്നാല്‍ മതി.”

മലയാളത്തില്‍ വന്ന ലിസ്റ്റിന്‍റെ നീളം കണ്ടു് ഒന്നു ഞെട്ടിയ ശേഷം, മൊത്തം എത്ര സാധനം ഉണ്ടെന്നറിയാന്‍ ലിസ്റ്റെടുത്തു് വേഡിലിട്ടൂ് ഓട്ടോമാറ്റിക് നമ്പറിംഗ് (സ്വയപ്രേരിത അക്കക്രമീകരണം?) ഇട്ടു നോക്കി. ഒന്നും രണ്ടുമല്ല, 11 ഐറ്റംസ്‌!

ലിസ്റ്റു കണ്ടപ്പോഴാണു് പലപ്പോഴും തോന്നിയിട്ടുള്ള, എന്നാല്‍ ഇതുവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടാതിരുന്ന, ഒരു കാര്യം ശ്രദ്ധിച്ചതു്: മലയാളം ലിസ്റ്റായിരുന്നിട്ടു കൂടി അക്കക്രമീകരണത്തിനു് അറബിക് അക്കങ്ങള്‍ (1, 2, 3, തുടങ്ങിയവ) ആണു് ഉപയോഗിച്ചിരിക്കുന്നതു്.എന്തായിരിക്കും ഇതിന്‍റെ കാരണം? ഒരു പക്ഷേ, ഇതു് വേഡിന്‍റെ ലീലാവിലാസമാവാമെന്നു ശങ്കിച്ചു്, പണ്ടു ചെയ്തതുപോലെ വേഡിന്‍റെ കീബോഡ് മലയാളമാക്കി നോക്കി.എന്നിട്ടുണ്ടോ വല്ല മാറ്റവും?

ഈ പരീക്ഷണത്തില്‍ നിന്നും അക്കക്രമീകരണത്തിനുപയോഗിക്കുന്ന അക്കങ്ങള്‍ ഏതുരീതിയിലുള്ളതാവണമെന്ന തീരുമാനത്തില്‍ വേഡിനു വലിയ പങ്കില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ പിന്നെ ഇതു നിയന്ത്രിക്കുന്നതു് വിന്‍ഡോസ് തന്നെയാവും. “നമുക്കു കണ്ടുപിടിക്കാം” എന്ന പഴയ മൂന്നാം ക്ലാസ് സയന്‍സ് പുസ്തകത്തിലെ വാചകം വീണ്ടും ഓര്‍ത്തു. എന്നാല്‍ പിന്നെ, കണ്ടുപിടിച്ചു കളയാം.

വിന്‍‍ഡോസില്‍, യൂസര്‍ ലൊകായ്ല്‍ (user locale) സെറ്റിംഗ് ആണു് സമയത്തിനും തീയതിക്കും അക്കക്രമീകരണങ്ങള്‍ക്കും നാണയമൂല്യത്തിനും മറ്റും മറ്റും എന്തൊക്കെ രീതികള്‍ ഉപയോഗിക്കണം എന്നു തീരുമാനിക്കുന്നതു്.

The user locale determines which default settings a user wants to use for formatting dates, times, currency, and large numbers. The user locale is not the language. The only influence the user locale has on the language is on the names of the days and months. For example, if you use the long date format to display "November 25, 1998," the "November" string will change based on the user locale.

- MSDN KB Article

ആഹാ! അപ്പോള്‍ അവനാണു വില്ലന്‍. എന്നാല്‍ പിന്നെ യൂസര്‍ ലൊകായ്ല്‍ മാറ്റി നോക്കാം എന്നു കരുതിയതും, ഫോണ്‍ വന്നല്ലോ!

“ഹലോ കടയിലെത്തിയോ? ഒരു സാധനം കൂടി വാങ്ങാനുണ്ടു്.”
“അതേ, ഞാന്‍ കുറച്ചു കഴിഞ്ഞേ ഇറങ്ങുകയുള്ളൂ. കടയിലെത്തുമ്പോള്‍ വിളിക്കാം.”
“ഉടനേ ഇറങ്ങുന്നെന്നു പറഞ്ഞതാണല്ലോ. ആശാരിപ്പണിയാണോ?”
“ഹേയ് അല്ല. കസ്റ്റമര്‍ എസ്കലേയ്ഷന്‍ കേയ്സാണു്. വീപി ഇന്‍‍വോള്‍വ്ഡ്, ഹൈ വിസിബിലിറ്റി.”
“ഇന്നു വരുന്നില്ലേ?”
“കോണ്‍ഫറന്‍സ് കോള്‍ നടക്കുന്നു. എന്നാലും ഞാന്‍ പെട്ടെന്നു് ഇറങ്ങാന്‍ നോക്കാം!”

അങ്ങനെ, സംഭാഷണം ഒരു വഴിക്കാക്കി, ഞാന്‍ വീണ്ടും സ്വയപ്രേരിത അക്കക്രമീകരണം മലയാളത്തിലാക്കാനുള്ള പ്രവൃത്തി തുടര്‍ന്നു.

Control Panel തുറന്നു്, Clock, Language, and Region എന്ന വിഭാഗത്തില്‍ നിന്നും Change Keyboards or other input methods എന്ന ലിങ്കില്‍ ക്ലിക് ചെയ്തു. അപ്പോള്‍ Regional and Language Options എന്ന ഡയലോഗ് പൊന്തി വന്നു. നേരേ Formats എന്ന റ്റാബിലേയ്ക്കു വിട്ടു. അവിടെ Current format ആയി ഉണ്ടായിരുന്ന English (United States) മാറ്റി Malayalam (India) ആക്കി.

(വിന്‍‍ഡോസ് XP ആണു് ഉപയോഗിക്കുന്നതെങ്കില്‍, Control Panel-ല്‍ നിന്നും Regional and Language Options എടുക്കുക. Regional Options റ്റാബില്‍ ഫോര്‍മാറ്റ് Malayalam (India) ആക്കുക.)അതിനു ശേഷം വീണ്ടും പഴയ ലിസ്റ്റു നോക്കാന്‍ ചെന്നു. ഒരു വ്യത്യാസവുമില്ല!ശ്ശെടാ, ഇതെന്തൊരു മറിമായം? അപ്പോഴാണു് മറ്റൊരു സൂത്രപ്പണിയെപ്പറ്റി ഓര്‍മ്മ വന്നതു്. ഒരു ചെറിയ കാര്യം കൂടി ചെയ്യാനുണ്ടു്. വീണ്ടും Regional and Language Options ഡയലോഗ് എടുത്തു് Formats റ്റാബിലേയ്ക്കു പോയി. അവിടെ ഇപ്പോള്‍ Current format Malayalam (India) ആണു്. ഈ ഡയലോഗിലുള്ള Customize this format... എന്ന ബട്ടണ്‍ അമര്‍ത്തി. തുടര്‍ന്നു വന്ന ഡയലോഗില്‍ Numbers റ്റാബില്‍ Use native digits എന്നതിന്‍റെ സെറ്റിംഗ് Never എന്നതില്‍ നിന്നും National എന്നാക്കി മാറ്റി.വീണ്ടും പഴയ ലിസ്റ്റിലേയ്ക്കു്. ഹായ്, ഹായ്!ഓട്ടോമാറ്റിക് നമ്പരുകള്‍ മാത്രമല്ല, സകല അക്കങ്ങളും മാറ്റി വേഡ് പ്രത്യക്ഷമായിരിക്കുന്നു. ചിത്രത്തില്‍ നോക്കിയാല്‍, ഫോണ്ട് വലിപ്പം, പേയ്ജ് എണ്ണം, വാക്കുകളുടെ എണ്ണം, സൂം ശതമാനം, ഡോക്യുമെന്‍റിന്‍റെ പേരിലെ അക്കം എന്നിവയെല്ലാം മലയാളത്തിലായതായി കാണാം. വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെ. ഈ മാറ്റം നടത്തിയാല്‍, വേഡു മാത്രമല്ല, അക്കങ്ങള്‍ കാണിക്കുന്ന മിക്ക പ്രോഗ്രാമുകളും സകല അക്കങ്ങളും ഈ രീതിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രമിച്ചു നോക്കൂ!

(പിന്‍‍കുറിപ്പു്: ഈ പരീക്ഷണം നടത്തിയതിന്‍റെ ഫലമായാണു് ഞാന്‍ ഈ ബഗ്ഗ് ശ്രദ്ധിക്കുന്നതു്.)

Labels: , ,

Monday, April 21, 2008

കഥ പറയുന്ന മറുപടികള്‍

ജെ. ലളിതാംബിക ഐ. എ. എസ്-നെക്കുറിച്ചു് ഞാനൊരു കഥ കേട്ടിട്ടുണ്ടു്. പ്രീ-ഡിഗ്രിക്കു സഹപാഠിയായിരുന്ന ഒരു ഐ. എ. എസ് മോഹിയാണു് ഈ കഥ എന്നോടു പറഞ്ഞതു്.

ഐ. എ. എസ് ഇന്‍റര്‍വ്യൂവില്‍ ബോഡ് മെംബര്‍മാരിലൊരാള്‍ ലളിതാംബികയോടു് ജി. ശങ്കരക്കുറുപ്പിന്‍റെ ഒരു കവിത ചൊല്ലാമോ എന്നു ചോദിച്ചത്രേ. അതിനു മറുപടിയായി ലളിതാംബിക “ജി. ശങ്കരക്കുറുപ്പിന്‍റെ ഏതു കവിത വേണം?” എന്നു ചോദിച്ചുവെന്നും ബോഡ് മെംബര്‍ ആവശ്യപ്പെട്ട കവിത തന്നെ ചൊല്ലിക്കേള്‍പ്പിച്ചെന്നുമാണു് കഥ. (കഥയില്‍ സത്യമുണ്ടെന്നു് ഇവിടെ പറയുന്നു.)

ജി. ശങ്കരക്കുറുപ്പിന്‍റെ സകല കവിതകളും മനഃപാഠമായതിനാലാണു് ജെ. ലളിതാംബിക അങ്ങനെയൊരു മറുചോദ്യമെറിഞ്ഞതെന്നു് ഞാന്‍ വിശ്വസിക്കുന്നില്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണു് ഇത്തരത്തിലുള്ള മറു ചോദ്യങ്ങള്‍. അതുവഴി ചോദ്യകര്‍ത്താവിനെ (പലപ്പോഴും താനുദ്ദേശിക്കുന്ന) മറ്റൊരു പാതയിലേയ്ക്കു് നയിക്കാന്‍ ഉദ്യോഗാര്‍ത്ഥിക്കാവും. ആത്മവിശ്വാസത്തിലുപരി, തദ്വിഷയത്തില്‍ സമീപകാലത്തു നടന്ന സംഭവമോ സംഭവങ്ങളോ സൂചിതവിഷയങ്ങളാക്കുന്നതു് ഉദ്യോഗാര്‍ത്ഥിയുടെ വിഷയത്തിലുള്ള താല്പര്യത്തെ കാണിക്കാന്‍ സഹായിക്കുകയും ചെയ്യും.

ആത്മവിശ്വാസവും ധാര്‍ഷ്ട്യവും തമ്മിലുള്ള അന്തരം പലപ്പോഴും വളരെ നേര്‍ത്തതാകയാല്‍ ഇങ്ങനെയുള്ള മറുപടികള്‍ പറഞ്ഞാല്‍ ജോലി കിട്ടാതിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നു കരുതി‍ ആത്മവിശ്വസം പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ പോലും അത് അടക്കിവയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ടു്. എന്നാലും ഉദ്യോഗാര്‍ത്ഥികള്‍ ഇങ്ങനെ ആത്മവിശ്വാസം കാട്ടുന്നതു് എനിക്കിഷ്ടമാണു്. വര്‍ഷങ്ങള്‍ക്കു മുമ്പു് ഒരു ഇന്‍റര്‍വ്യൂവില്‍ ഞാന്‍ ഒരു ഉദ്യോഗാര്‍ത്ഥിയോടു ചോദിച്ചു: “What are the advantages of DLL Surrogates?”

“Would you like me to start with the advantages or shall I take a stab at the disadvantages first?” എന്ന മറുപടി എനിക്കിഷ്ടമായി. DLL Surrogates ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ടു് MSDN മാഗസിനില്‍ ഒരു ലേഖനം വന്നിട്ടു് അധികനാളായിരുന്നില്ല എന്നതാണു് ഈ മറുപടിയുടെ പിന്നിലെ കഥ.

ഓഫീസ് ലൈവ് റ്റീമിലേയ്ക്കു് എന്നെ ഇന്‍റര്‍വ്യൂ ചെയ്ത ഗ്വിനെത് മാര്‍ഷല്‍ എന്നോടു ചോദിച്ച ചോദ്യങ്ങളിലൊന്നിതാണു്: “What can you tell me about the Turkish-i?”

Sometimes, you've just got to say, “I don't give a flying %#@& about the Turkish 'i' today!” എന്നൊക്കെ മിനി-മൈക്രോസോഫ്റ്റ് പറയുമെങ്കിലും, വഴിയേ പോകുന്ന ആരെങ്കിലും റ്റര്‍ക്കിക്കോഴിയെപ്പറ്റി പറഞ്ഞാലും അതു് Turkish-i-യെപ്പറ്റിയാണോ എന്നു് ഇന്‍റര്‍നാഷണലൈസേയ്ഷനില്‍ ജോലി ചെയ്യുന്ന ആരും സംശയിക്കുക സ്വാഭാവികം. അങ്ങനെയാണു് ഈ വാര്‍ത്ത ഞാന്‍ വായിക്കുന്നതു തന്നെ.

[...] instead of writing the word “sıkısınca” he wrote “sikisince.” Ramazan wanted to write “You change the topic every time you run out of arguments” (sounds familiar enough) but what Emine read was, “You change the topic every time they are f***ing you” (sounds familiar too.)

സെല്‍ഫോണ്‍ SMS സോഫ്റ്റ്‍വെയറില്‍ Turkish-i ഇല്ലാതെ പോയതുമൂലമുണ്ടായ ദുരന്തം!

ഇനിയാരെങ്കിലും എന്നോടു് “What can you tell me about the Turkish-i?” എന്നു ചോദിച്ചാല്‍, ആ ജോലി കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഞാന്‍ പറയാന്‍ പോകുന്ന മറുപടി ഇതാവും: “I know it can kill people.”

Labels:

Wednesday, April 16, 2008

അവാര്‍ഡ്

(കരഘോഷം)

താങ്ക്യൂ, താങ്ക്യൂ!

(വീണ്ടും കരഘോഷം)[...] ഈ അവാര്‍ഡിനു് അര്‍ഹമാകാന്‍ എനിക്കു് അവസരം നല്‍കിയ എന്‍റെ റ്റീം ക്യാപ്റ്റനു് ഞാന്‍ നന്ദി പറയുന്നു. എന്നെ ഓപണറാക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ധീരോദാത്തവും അഭിനന്ദനീയവും സമയോചിതവുമായിരുന്നു.

വിജയം നേടുന്ന ഏതൊരു പുരുഷനു പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു് എത്ര ശരിയാണു്! ഈ നേട്ടത്തിനു പിന്നില്‍ എന്‍റെ ഭാര്യയ്ക്കും മകനുമുള്ള പങ്കു് വിസ്മരിക്കാനാവില്ല. വേറേ പണിയുള്ളതിനാല്‍ അവര്‍ക്കും ഈ അവാര്‍ഡു ദാനത്തിനു് എത്തിച്ചേരാനായിട്ടില്ല. എന്നാലും അവരോടുമുള്ള നന്ദിയും കടപ്പാടും ഞാന്‍ രേഖപ്പെടുത്തുന്നു. [...]

(വീണ്ടും കരഘോഷം)

പത്രലേഖകന്‍: അങ്ങയുടെ നേട്ടത്തിനു പിന്നില്‍ ഭാര്യയും മകനുമാണു് എന്നു പറഞ്ഞതു് വിശദീകരിക്കാമോ?
അവാര്‍ഡ് ജേതാവു്: തീര്‍ച്ചയായും. ഈ ലീഗ് നടന്ന സമയം അവര്‍ രണ്ടു പേരും നാട്ടിലായിരുന്നു.
പത്രലേഖകന്‍: എന്നു വച്ചാല്‍? അവരുടെ ശല്യമില്ലായിരുന്നു എന്നാണോ?
അവാര്‍ഡ് ജേതാവു്: ഹ ഹ ഹ...

* * *

ഭാര്യ: ഇതെന്തിനാ രാത്രി ഇങ്ങനെ കിടന്നു് അട്ടഹസിക്കുന്നതു്?
ഞാന്‍: അല്ല, ഈ ഇന്‍റര്‍വ്യൂവറിന്‍റെ...
ഭാര്യ: ഇന്‍റര്‍വ്യൂ? പാതിരാത്രി പിച്ചു പേയും പറയാതെ ഉറങ്ങാന്‍ നോക്കു് മനുഷ്യാ!

Labels: ,

Monday, April 14, 2008

പോട്‍ലക്

A potluck is a gathering of people where each person is expected to bring a dish of food to be shared among the group.
- Wikipedia

ഭാര്യ: ഞാന്‍ റീനയെ വിളിക്കാന്‍ പോകുന്നു. പോള്‍ വീട്ടിലുണ്ടോ എന്നു ചോദിക്കാന്‍ പറഞ്ഞതെന്തിനാ? പോളിനോടു് വല്ലതും പറയാനുണ്ടോ?
ഭര്‍ത്താവ്‍: ഒന്നും പറയാനില്ല. ഇന്നു് അവര്‍ കൊണ്ടുവരുന്ന മീങ്കറി കഴിക്കണോന്നു് തീരുമാനിക്കാനാ... പോളുണ്ടാക്കിയതാണെങ്കില്‍ അടിപൊളിയായിരിക്കും.
ഭാര്യ: അപ്പോ ധന്യേ വിളിക്കുമ്പോള്‍ രാജ് മുഴുവന്‍ സമയവും വീട്ടിലുണ്ടാരുന്നോ എന്നു ചോദിക്കുന്നതോ? അവള്‍ നന്നായി പാചകം ചെയ്യുന്നതല്ലേ?
ഭര്‍ത്താവ്: അതു തന്നെ കാര്യം. ഇന്നു് കണവന്‍ പാചകം ഏറ്റെടുത്തോന്നറിയാനാ. അവനാണു് പാചകമെങ്കില്‍ അവിയല്‍ എടുക്കാതെ കഴിക്കാം!

(കുറിപ്പു്: ഞാന്‍ പാചകം ചെയ്യാറില്ല. എന്നു വച്ചു് പാചകം ചെയ്യുന്ന പുരുഷന്മാരോടു് എനിക്കു് അസൂയ, ആദരവു്, വെറുപ്പു്, മതിപ്പു് എന്നീ വികാരങ്ങളും തോന്നാറില്ല. എന്നാലും പോട്‍ലക് ഉള്ള ദിവസങ്ങളില്‍ ഭാര്യമാരെ വിശ്രമിക്കാനനുവദിച്ചു് വായില്‍ വയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്ന പുരുഷന്മാരോടു് എനിക്കു വലിയ മതിപ്പില്ല.)

Labels:

Friday, April 11, 2008

ബ്ലോഗര്‍ കമന്‍റ് ഫോളോ അപ്

ബ്ലോഗറിലേയ്ക്കു/ഗൂഗിളിലേയ്ക്കു ലോഗിന്‍ ചെയ്യാതെ കമന്‍റിടാനെത്തിയാല്‍ നിങ്ങള്‍ക്കു് ഫോളോ അപ് ഈ-മെയിലിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കില്ല. പലരും ഇതിനു പ്രതിവിധിയായി ആദ്യം Google/Blogger ഐഡന്‍റിറ്റി ഉപയോഗിച്ചു് ഒരു കമന്‍റിടുകയും പിന്നീടു് ഈ-മെയിലില്‍ കമന്‍റുകള്‍ കിട്ടാനുള്ള ചെക്ബോക്സ് ചെക്കു ചെയ്തുകൊണ്ടു് രണ്ടാമതൊരു ‘ശൂന്യകമന്‍റ്’ ഇടുകയും ചെയ്യുന്നു.

ഇങ്ങനെ രണ്ടു കമന്‍റുകള്‍ ഒഴിവാക്കാനായി ഇത്തരം അവസരത്തില്‍ ഞാന്‍ ചെയ്യുന്നതു് ഇതാണു്:

കമന്‍റ് റ്റൈപ്പു ചെയ്ത ശേഷം പബ്ലിഷ് ചെയ്യുന്നതിനു പകരം പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങള്‍ക്കു് കമന്‍റ് പ്രിവ്യൂ ദൃശ്യമാവും.ഇപ്പോള്‍ പബ്ലിഷ് അമര്‍ത്തുന്നതിനു പകരം, പഴയ കമന്‍റു വിന്‍ഡോ നോക്കിയാല്‍ നിങ്ങള്‍ ലോഗിന്‍ ആയതായിക്കാണാം. ഇനി, ഈ-മെയില്‍ ഫോളോ അപിനുള്ള ചെക്ബോക്സ് ചെക്കു ചെയ്ത ശേഷം കമന്‍റ് പബ്ലിഷ് ചെയ്യാം.എന്നാല്‍ പിന്നെ, ഒരു ഈ-മെയില്‍ ഫീല്‍ഡുകൂടി ഈ യൂസര്‍ ഇന്‍റര്‍ഫേയ്സില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്നു ചോദിക്കുന്നവരുണ്ടാവാം. ഈ പ്രശ്നം, പക്ഷേ, ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കുന്നതു് ശ്രമകരമാണു്.

Labels: , ,

Sunday, April 06, 2008

ഫൊക്കാന വീണ്ടും

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത് അമേരിക്ക (FOKANA) യുമായി ഇടപഴകിയപ്പൊഴൊന്നും എനിക്കു് നല്ല അനുഭവമുണ്ടായിട്ടില്ല. പണ്ടുമില്ല, ഇപ്പൊഴുമില്ല.

2000-ലെ ഫൊക്കാന കണ്‍‍വെന്‍ഷനില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം ഇവിടെ വിവരിച്ചിട്ടുണ്ടു്.

2001-ല്‍ കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടന്‍റെ ഭാരവാഹിയായിരിക്കേയാണു് ഞാന്‍ ഫൊക്കാനയെ പിന്നീടു കണ്ടുമുട്ടുന്നതു്. ഫൊക്കാനയില്‍ ‘മെംബര്‍ അസ്സോസിയേഷന്‍’ ആവാന്‍ നൂറു ഡോളര്‍ ആണു് ഫീസ് ആയി നല്‍കേണ്ടുന്നതു്. ഈ തുക നല്‍കുന്നതിനു മുമ്പു്, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒന്നറിയാമല്ലോ എന്നു കരുതി ഫൊക്കാനാ ജെനറല്‍ സെക്രട്ടറിയെ ഫോണ്‍ ചെയ്തു. (ആളിന്‍റെ പേരും സ്ഥലവും മറന്നു പോയി.)

ഞാന്‍ ആരാണെന്നു പരിചയപ്പെടുത്തിയ ശേഷം, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടെന്നും, മെംബര്‍ അസ്സോസിയേഷനുകള്‍ക്കു് ഫൊക്കാനയില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം എന്നറിഞ്ഞാല്‍ കൊള്ളാമെന്നും അദ്ദേഹത്തോടു് പറഞ്ഞു.

‘ഫൊക്കാനയുടെ ന്യൂസ് ലെറ്റര്‍ കിട്ടുന്നില്ലേ?’ അദ്ദേഹം ആരാഞ്ഞു.
‘ഇല്ല.’
‘ഇനി മുതല്‍ അയച്ചു തരാം. അതില്‍ ഫൊക്കാനയെപ്പറ്റിയും അതിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പറയുന്നുണ്ടു്. അഡ്രസ് പറയൂ.’

ഞാന്‍ അഡ്രസ് പറഞ്ഞു തുടങ്ങി. പേരും സ്റ്റ്രീറ്റും പറഞ്ഞു കഴിഞ്ഞ് അപാര്‍ട്മെന്‍റ് നമ്പര്‍ പറഞ്ഞപ്പോള്‍ അതു് തടസ്സപ്പെടുത്തിക്കൊണ്ടു് ഫൊക്കാന ഭാരവാഹി പറഞ്ഞു:
‘അപ്പാര്‍ട്ടുമെന്‍റിലാണോ, വീടില്ലേ? ഞങ്ങളു് അപ്പാര്‍ട്ടുമെന്‍റിലുള്ളവര്‍ക്കു് ന്യൂസ് ലെറ്റര്‍ അയയ്ക്കാറില്ല.’
‘അങ്ങനെയാണോ? അതെന്താ?’
‘അപ്പാര്‍ട്ടുമെന്‍റിലുള്ളവര്‍ ഇടയ്ക്കിടയ്ക്കു് താമസം മാറും. അപ്പോഴൊക്കെ അഡ്രസ് അപ്ഡേറ്റ് ചെയ്യാന്‍ ആര്‍ക്കാ നേരം?’

അല്പം കല്ലുകടി തോന്നിയെങ്കിലും ഫൊക്കാനയില്‍ അംഗമായി തുടരാനുള്ള നൂറു ഡോളര്‍ അയച്ചു കൊടുത്തു. കാരണം അതു് എന്‍റെ തീരുമാനമല്ല; അസ്സോസിയേഷന്‍റെ തീരുമാനമാണല്ലോ.

മൂന്നാമതായി, കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍, എറണാകുളം ചെല്ലാനം വില്ലേയ്ജില്‍ സുനാമിമൂലം വീടു നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്കു വേണ്ടി വീടുവച്ചു കൊടുക്കുവാന്‍ ധനസമാഹരണം നടത്തിയിരുന്നു. ആ പണം, പരസ്യവും പത്രസമ്മേളനവും ആളാകലുമില്ലാതെ വീടു വയ്പിന്‍റെ മേല്‍നോട്ടക്കാര്‍ക്ക് എത്തിക്കാനൊരുങ്ങിയപ്പോളതാ ഫൊക്കാന രംഗത്തു വരുന്നു. സുനാമിമൂലം വീടു നഷ്ടപ്പെട്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഫൊക്കാനയ്ക്കു് ബൃഹത്തായ പദ്ധതിയുണ്ടെന്നും അവരോടൊപ്പം ചേര്‍ന്നാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാമെന്നും അവര്‍ ഉറപ്പു തരുന്നു. എന്നിട്ടെന്തായി? യാതൊരു ‘ബൃഹദ്പദ്ധതി’യുമില്ലാതെ, കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ കൊടുത്ത തുകമാത്രം ആഘോഷത്തോടും പരസ്യഘോഷങ്ങളോടും കൂടി സംഭാവനചെയ്യുന്നു. പിന്നീടു് ഇക്കൂട്ടര്‍ ആ വഴിക്കു് തിരിഞ്ഞു നോക്കിയോ എന്നു എനിക്കുറപ്പില്ല.

ഫൊക്കാനക്കാര്‍ തങ്ങള്‍ സ്വരൂപിച്ചയച്ചെന്നു പറഞ്ഞ ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ ഗതി ഇവിടെ വായിച്ചിട്ടുണ്ടാവുമല്ലോ. എന്തൊരു പരസ്യകോലാഹലമായിരുന്നു അതിനും!

എല്ലാം പഴയ കഥ. അങ്ങനെയിരിക്കുമ്പോഴാണു് ഈ മാര്‍ച്ച് ആറാം തീയതി ഫൊക്കാന പ്രസിഡന്‍റ് ശശിധരന്‍ നായരില്‍ നിന്നും എനിക്കൊരു ഈ-മെയില്‍ കിട്ടുന്നതു്.

2000-ലെ ഫൊക്കാന കണ്‍‍വെന്‍ഷനിലെ എന്‍റെ അനുഭവം വായിച്ചെന്നും അതില്‍ ഖേദമുണ്ടെന്നും എന്നാല്‍, ഫൊക്കാനയുടെ പതിമൂന്നാം ജൂബിലി ആഘോഷിക്കുന്ന സമയമായതിനാല്‍ ധാരാളം പേര്‍ ഓണ്‍ലൈന്‍ രെജിസ്റ്റ്രേഷന്‍ നടത്തുന്ന സമയത്തു്, ഗൂഗിളിലും മറ്റു സേര്‍ച് എന്‍‍ജിനുകളിലും ഫൊക്കാന എന്നു് സേര്‍ച് ചെയ്യുമ്പോള്‍ ഒന്നാമതായി കിട്ടുന്ന ലിങ്ക് എന്‍റെ അനുഭവം വിവരിക്കുന്ന പേയ്ജായതിനാല്‍ അതു് നീക്കാം ചെയ്യാമോ എന്നുമായിരുന്നു ഈ-മെയിലിന്‍റെ ഉള്ളടക്കം.

ഇതു് എനിക്കു് നേരിട്ടുണ്ടായ അനുഭവമാണെന്നും എനിക്കുണ്ടായ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പ്രയാസമാണെന്നും ഞാന്‍ സൂചിപ്പിച്ചു. ഫൊക്കാനയ്ക്കുള്ള ഇത്തരമൊരു ഇമേയ്ജ് മാറ്റുവാന്‍ പുതിയ ഭാരവാഹികള്‍ക്കാവട്ടെ എന്നും ഞാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏറെ ആലോചനയ്ക്കുശേഷം ആ പേയ്ജ് മാറ്റാമെന്നും ഞാന്‍ ശശിധരന്‍ നായര്‍ക്ക് എഴുതി.

അതേത്തുടര്‍ന്നു്, രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ FOKANA NEWS എന്ന പേരില്‍ ഫൊക്കാന കണ്‍‍വെന്‍ഷനെപ്പറ്റി വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഈ-മെയിലായി കിട്ടിത്തുടങ്ങി. ഒരാളുടേതൊഴികെയുള്ള എല്ലാ ഈ-മെയിലും bcc-യില്‍ ആയതിനാല്‍, ഇതു് വലിയ പ്രശ്നം സൃഷ്ടിച്ചില്ല.അങ്ങനേയിരിക്കേയാണു്, ഏപ്രില്‍ 3-നു് FOKANA NEWS 7 എന്ന ഈ-മെയിലെത്തിയതു്. ഇത്തവണ, മെയില്‍ ഐഡികള്‍ bcc-യില്‍ വയ്ക്കുന്നതിനു പകരം 401 ഈ-മെയിലുകളും To ഫീല്‍ഡില്‍ തന്നെയാണുണ്ടായിരുന്നതു്. നമുക്കു് ഒട്ടും താല്പര്യമില്ലാത്ത ഒരു ഗ്രൂപ്പില്‍ നമ്മുടെ ഈ-മെയില്‍ ഐഡി പുറത്താക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷിച്ചതു പോലെ, കുറച്ചുപേര്‍ (ശശിധരന്‍ നായരുടെ അനുകൂലികളും എതിരാളികളും) അങ്ങോട്ടുമിങ്ങോട്ടും മെയില്‍ യുദ്ധം ആരംഭിച്ചു.

എന്‍റെ ഈ-മെയില്‍ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന പാലിക്കാതെ വീണ്ടും മെയിലയയ്ക്കരുതു് എന്നു പറഞ്ഞപ്പോള്‍ ശശിധരന്‍ നായരുടെ ചുവന്ന വലിയ അക്ഷരത്തിലുള്ള മറുപടി:My eyes are perfectly OK. You don't have to shout at me in large red color. എന്നു പ്രതികരിച്ച എനിക്കു കിട്ടിയ മറുപടി:ഞാനാരാണു് എന്ന ചോദ്യത്തിനു് എമിലി ഡിക്കിന്‍സന്‍ പറഞ്ഞ ഈ വാക്കുകളല്ലാതെ മറ്റൊന്നും എനിക്കു് മറുപടിയായി മനസ്സില്‍ വരുന്നില്ല:

I'm nobody! Who are you?
Are you nobody, too?
Then there's a pair of us — don't tell!

ഇതിനിടയില്‍ ശശിധരന്‍ നായര്‍ക്കു് അനുകൂലമായും പ്രതികൂലമായും ‘എന്നെ ഈ ലിസ്റ്റില്‍ നിന്നും മാറ്റണേ’ എന്നു പറഞ്ഞുകൊണ്ടും ഒക്കെ ഈ-മെയിലുകള്‍ ഇപ്പോഴും പാറി നടക്കുന്നു. ആയിരത്തിലധികം മലയാളി കുടുംബങ്ങളുള്ള സീയാറ്റിലില്‍ നിന്നും 2006-ല്‍ ഫ്ലോറിഡയില്‍ നടന്ന ഫൊക്കാന കണ്‍‍വെന്‍ഷനു പങ്കെടുത്ത കുടുംബങ്ങളുടെ എണ്ണം മുപ്പത്തേഴാണു്. ഈ കണക്കിനു പ്രാതിനിധ്യ സ്വഭാവമുണ്ടെങ്കില്‍ ഫൊക്കാനയുടെ ഈ-മെയില്‍ കിട്ടിയ 401 പേരില്‍ ആ സംഘടനയെക്കുറിച്ചു താല്പര്യമുള്ളവര്‍ പതിനഞ്ചോളം പേര്‍ മാത്രമാനെന്നു കരുതേണ്ടി വരും. എന്നുവച്ചാല്‍ 401-ല്‍ 386 പേര്‍ക്കു് മറ്റെന്തോ വരാനിരുന്നതാണു്; അതു് ഇങ്ങനെ കുറേ ചവറു മെയിലുകളില്‍ ഒതുങ്ങിയെന്നു കരുതാം.

Labels: ,

Thursday, April 03, 2008

ഇടപെടലിന്‍റെ രാഷ്ട്രീയം

മനുഷ്യന്‍ സമൂഹജീവിയാവുകയും ബ്ലോഗുകള്‍ സാമൂഹിക ശൃംഘലയുടെ ഭാഗമാവുകയും ചെയ്യുന്നതിനാല്‍ ബ്ലോഗുലോകം ഭൂലോകത്തിന്‍റെ പരിച്ഛേദമാവാതെ തരമില്ലല്ലോ. ഭൂലോകത്തിലേക്കാള്‍ കൂടുതലായി, ഒരു പക്ഷേ, സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനുള്ള അവസരം ബ്ലോഗുലോകത്തിലാണുള്ളതു്. ഈ ആധിക്യമാവണം, അമ്മയെത്തല്ലിയാലും രണ്ടുപക്ഷം എന്ന മുറവിളി ഭൂലോകത്തിലേക്കാള്‍ ബ്ലോഗുലോകത്തില്‍ മുഴങ്ങി നില്‍ക്കുന്നതു് ഒരു കാരണം. പ്രശ്നപൂര്‍ണ്ണമായ ബ്ലോഗുലോകത്തിലെ സഹവാസികള്‍ക്കു് (അതു് ബ്ലോഗെഴുത്തുകാരോ വായനക്കാരോ ആവട്ടെ) ആശയങ്ങളുടേയും പ്രവര്‍ത്തനങ്ങളുടേയും അനുയായികള്‍ എന്ന നിലയില്‍ ഇടപെടലിനുള്ള അവസരങ്ങള്‍ അധികമായതിനാല്‍ കറുപ്പും വെളുപ്പുമെന്ന രണ്ടുപക്ഷത്തില്‍ തന്നെയുള്ള തീക്ഷ്ണതയുടെ ഏറ്റക്കുറച്ചിലുകളാണു് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം.

പ്രശ്നം എന്ന വാക്കുകൊണ്ടു് എന്താണുദ്ദേശിക്കുന്നതു് എന്നു പറയാം. വാച്യാര്‍ത്ഥത്തിലെടുത്താല്‍, ഇതു് യാഹൂ, കൌമുദി തുടങ്ങിയ സംഭവങ്ങളെ ചുറ്റിപ്പറ്റിയുണ്ടായ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലായ്പ്പോഴും ‘പ്രശ്നം’ എന്നതു് ബ്ലോഗും ബ്ലോഗിതര മാദ്ധ്യമങ്ങളുമായുള്ള ‘യുദ്ധ’മാണെന്നു കരുതരുതു്. ഉദാഹരണമായി, യൂണികോഡു ചര്‍ച്ച, ഭാരതീയ സംസ്കാരം വിഷയീകൃതമാവുമ്പോഴുണ്ടാവുന്ന തര്‍ക്കങ്ങള്‍ (1, 2), വായനലിസ്റ്റിന്‍റെ കോട്ടങ്ങളും നേട്ടങ്ങളും എന്ന വിഷയം, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ തുടങ്ങിയവയും പ്രശ്നം എന്ന ചെറുവാക്കിന്‍റെ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തണം.

ഓരോ പ്രശ്നവും ഓരോ സമരമാണു്. സമരത്തിനു് നേതാക്കളും അനുയായികളും ലക്ഷ്യവും മാര്‍ഗ്ഗവും വേണം. സാധാരണഗതിയില്‍ ലക്ഷ്യവും മാര്‍ഗ്ഗവും തെരഞ്ഞെടുക്കുന്നതു് നേതാവോ നേതാക്കന്മാരോ ആയിരിക്കും. ബ്ലോഗുലോകത്തില്‍ ആരാണു് നേതാവിനെ തെരഞ്ഞെടുക്കുന്നതു്? ആര്‍ക്കാണു് അനുയായിയായി വേഷം കെട്ടേണ്ടി വരുന്നതു്? പല ചര്‍ച്ചകളിലും പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടതു പോലെ, എല്ലാവര്‍ക്കും എല്ലാ പ്രശ്നത്തിലും നേതാവാവാന്‍ കഴിയില്ല. എല്ലാവര്‍ക്കും എല്ലാ പ്രശ്നത്തിലും അനുയായി ആവാനും കഴിയില്ല. തുല്യസാദ്ധ്യതയുള്ള ഗണത്തില്‍ നിന്നും പ്രശ്നാധിഷ്ഠിതമായി നേതാവോ നേതാക്കളോ ഉയര്‍ന്നു വരുന്നു. ഇതു് ഭൂലോകത്തിലുള്ള അംഗീകൃത വ്യവസ്ഥയില്‍ നിന്നും വ്യത്യസ്ഥമാണു്. അമാനുഷവും അതിമാനുഷവുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നവരെ നേതാവായി നെഞ്ചേറ്റി നടക്കുവാന്‍ ആളുകള്‍ക്കു് വൈമനസ്യമില്ല. സമൂഹത്തിന്‍റെ അടിസ്ഥാന നിലയിലുള്ള പ്രവര്‍ത്തന പരിചയം മൂലം ഉയര്‍ന്നുവന്ന നേതാവിനേയും ആള്‍ക്കാര്‍ അംഗീകരിക്കും. എന്നാല്‍ എല്ലാരും തുല്യരായ നാഥനില്ലാക്കളരിയില്‍ നിന്നും നേതൃസ്ഥാനത്തേയ്ക്കുള്ള ഒരാളുടെ പെട്ടന്നുള്ള വളര്‍ച്ചയാണു് അനുയായികളാവാന്‍ വിധിക്കപ്പെട്ടവരെ മോശം അനുയായികളാക്കുന്നതു്. നേതാവാവാന്‍ ജന്മവാസനയും പരിശീലനവും വേണമെന്നതു പോലെ, നല്ലൊരു അനുയായിയാവാനും പരിശീലനവും ക്ഷമയും ആവശ്യമാണു്. വിധി വശാല്‍ അനുയായിയായിത്തീര്‍ന്നവരെ പല തട്ടില്‍ അടുക്കുക എന്ന ക്രൂരകൃത്യമാണു് നിങ്ങളുടെ മൌനാനുവാദത്തോടെ ഞാന്‍ നിര്‍വ്വഹിക്കാന്‍ പോകുന്നതു്.

(എന്തിനീ ചെയ്തി എന്നു ചോദിക്കുന്നവര്‍ക്കു വേണ്ടി: ചില ജനിതകഗുണങ്ങളാല്‍ നമ്മളില്‍ പലര്‍ക്കും അനുയായികളാവാനാണു് യോഗം. അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഒരു സ്വയം വിലയിരുത്തലിലൂടെ താന്‍ ഓരോ പ്രശ്നത്തിലും ഏതു തട്ടില്‍ നില്‍ക്കുന്നു എന്നു് തിരിച്ചറിയുന്നതു് നമ്മുടെ സമയ/ഊര്‍ജ്ജ ലാഭത്തിനു് ആവശ്യമാണു്. അതുമൂലം നമുക്കു് പലപ്പോഴും ലക്ഷ്യബോധമുള്ള അനുയായികളാവാനും സാധിക്കും. ഇവിടെ ഒരു കാര്യം കൂടി ഓര്‍മ്മിക്കുന്നതു് നല്ലതാണു്: എല്ലാ പ്രശ്നങ്ങള്‍ക്കും നമുക്കു് ഒരേ വേഷം തന്നെ അഭിനയിക്കാന്‍ സാദ്ധ്യമല്ല. അഭിനയിക്കുന്ന വേഷത്തില്‍ ഭരത് അവാര്‍ഡാവട്ടെ, നമ്മുടെ ലക്ഷ്യം.)

ഇടപെടലുകാര്‍ മൂന്നു വിധമാണു്. ഇടപെടാത്ത ഒരു വിഭാഗത്തെ കൂടി അതോടൊപ്പം ചേര്‍ത്തു് നാലുവിധമാക്കിയാല്‍ ബ്ലോഗ് എന്ന മാദ്ധ്യമവുമായി സം‌വദിക്കുന്ന എല്ലാരുമായിക്കഴിഞ്ഞു.

ഏകാകി: ഉറ്റവരും ഉടയവരും ഇല്ലാത്ത ബ്ലോഗര്‍ എന്ന അര്‍ത്ഥത്തിലല്ല ഏകാകി എന്നു് ഈ മാന്യദേഹത്തെ വിളിക്കുന്നതു്. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നും അകന്നു കഴിയാന്‍ ഇദ്ദേഹം ഇഷ്ടപ്പെടുന്നു. ബ്ലോഗുലോകത്തില്‍ തനിക്കു ചുറ്റും എന്തു സംഭവിക്കുന്നു എന്നതു് ഈ ബ്ലോഗറിനു് പ്രശ്നമല്ല. തന്നെ നേരിട്ടു് ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ മാത്രമേ ഈ വ്യക്തി തന്‍റെ ഇടപെടലുകള്‍ കൊണ്ടു് ആ പ്രശ്നത്തെ ധന്യമാക്കുകയുള്ളൂ. അഭിപ്രായമില്ലാത്ത അഥവാ അഭിപ്രായം പ്രകടിപ്പിക്കാത്തെ ഇയാളെ സ്വതന്ത്ര ചിന്താഗതിയുടെ പ്രായോജകരുടെ കൂട്ടത്തില്‍ പെടുത്തുവാനും ദൃക്‍സാക്ഷിയാണോ (അടുത്ത വിഭാഗം കാണുക) എന്നു സംശയിക്കപ്പെടാനും സാദ്ധ്യതയേറെയാണു്. ഒരു കണക്കില്‍ നോക്കിയാല്‍ പ്രശ്നമെന്താണെന്നോ നേതാവാരെന്നോ പോലും അറിയാത്ത ഇയാളെ അനുയായി എന്നു വിളിക്കുന്നതു പോലും സാങ്കേതികമായി ശരിയല്ല.

ദൃക്‍സാക്ഷി: ഏകാകിയുമായി ഈ സുന്ദരവ്യക്തിത്വത്തിനുള്ള പ്രധാന വ്യത്യാസം, ഈ കൂട്ടത്തില്‍ പെടുന്നയാള്‍ കളി നടക്കുമ്പോള്‍ ഗ്യാലറിയിലുണ്ടാവുമെന്നതാണു്. പ്രശ്നത്തിന്‍റെ നീക്കുപോക്കുകള്‍ സ്ഥിരവും സമഗ്രവുമായി പിന്തുടരുമെങ്കിലും ഇയാള്‍ കമാന്നൊരക്ഷരം മിണ്ടുകയില്ല. എന്നുമാത്രമല്ല, ഒന്നും മിണ്ടാതിരിക്കുവാന്‍ ഇദ്ദേഹം പലപ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യും. ‘എനിക്ക് മറുപടി പറയാന്‍ കൈ തരിച്ചു വരുന്നു’ എന്നൊക്കെ ആത്മഗതം ചെയ്യുമെങ്കിലും അത്തരം ധീരതയൊന്നും ദൃക്‍സാക്ഷിയില്‍ നിന്നും പ്രതീക്ഷിച്ചുകൂട. ഇയാളുടെ വികാരവിചാരങ്ങള്‍ നേതാവിനു് അനുകൂലമായാലും പ്രതികൂലമായാലും അതു പുറത്തറിയാത്ത സ്ഥിതിക്കും ഒരു മാപ്പുസാക്ഷിയായി മാറാന്‍ ദൃക്‍സാക്ഷിക്കു് താല്പര്യമില്ലാത്തതിനാലും നേതാക്കന്മാര്‍ ഇക്കൂട്ടരില്‍ യാതൊരു താല്പര്യവും കാണിക്കാറില്ല.

പങ്കാളി: പ്രശ്നപരിഹാരത്തിനായി നേതാവോ നേതാക്കളോ പിന്തുടരുന്ന പാതയെ അനുകൂലിച്ചോ എതിര്‍ത്തോ പങ്കെടുക്കുന്നയാളാണ് പങ്കാളി. സമയോചിതമോ ചിലപ്പോള്‍ അല്ലാത്തതോ ആയ അഭിപ്രായപ്രകടനങ്ങളിലൂടെ നേതാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ വേണ്ടി സ്വന്തം സമയം നഷ്ടപ്പെടുത്താന്‍ പങ്കാളിക്കു് മടിയില്ല. ഇങ്ങനെയുള്ളവരെ (അവര്‍ അനുകൂലിക്കുന്നവരാണെങ്കിലും എതിര്‍ക്കുന്നവരാണെങ്കിലും) നേതാക്കന്മാര്‍ക്കു് ഇഷ്ടമായിരിക്കും. അനുകൂലിക്കുന്നവര്‍ നേതാവിനെ പിന്താങ്ങാനായി തന്‍റെ കഴിവു് വിനിയോഗിക്കും. എതിര്‍ക്കുന്നവനാണെങ്കില്‍, തന്‍റെ വശത്തേയ്ക്കു് ഇയാളെ മാറ്റിയെടുക്കണമെന്ന ആഗ്രഹവും മാറ്റിയെടുക്കാമെന്ന പ്രതീക്ഷയും ഏതൊരു നേതാവിനുമുണ്ടാവുകയും ചെയ്യും. ബ്ലോഗുലോകത്തില്‍ അഭിപ്രായം പറയുന്ന മഹാഭൂരിപക്ഷവും പങ്കാളി എന്ന വേഷമാണു് കെട്ടിയാടുന്നതു്.

തേരാളി: തന്‍റെ സമയത്തിന്‍റെ ഏറിയ പങ്കും പ്രശ്നത്തിലിടപെടാനും നേതാവിനെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സഹായിക്കാന്‍ സദാ സന്നദ്ധനുമാവുന്നവനെ നമുക്കു തേരാളി എന്നു വിളിക്കാം. ലക്ഷ്യം നേടുന്നതുവരെ ഇയാള്‍ക്ക് ഊണിലും ഉറക്കത്തിലും ഒന്നു മാത്രമാവും ചിന്ത. നേതാവിന്‍റെ അനുകൂലികളെ യോജിപ്പിച്ചു നിര്‍ത്താനും എതിരാളികള്‍ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ മെനയാനും ഇദ്ദേഹം തയ്യാര്‍. തേരാളി നേതാവിന്‍റെ എതിരാളിയാണെങ്കിലോ? അപ്പോള്‍ പ്രശ്നാനുകൂലികളെ എതിരാളികളാക്കാനും നേതാവിനെ വിലയിടിച്ചു കാണിക്കാനും തേരാളി തയ്യാറാവും. എല്ലാ പ്രശ്നങ്ങളിലും സജീവസാന്നിദ്ധ്യമാവണമെങ്കില്‍ ഒരുപാടു സമയം വിനിയോഗിക്കണമെന്നതിനാല്‍ ഗുണമേന്മയുള്ള തേരാളികളെ കണ്ടുമുട്ടാന്‍ പ്രയാസമാണു്. ഇക്കൂട്ടരില്‍ തന്നെ, സ്വന്തം നേതാവിനോ, പ്രശ്നത്തിനോ വേണ്ടി എന്തു ത്യാഗവും ചെയ്യാനും ഏതറ്റം വരെ പോകാനും തയ്യാറായ വില്ലാളികളുമുണ്ടാവും. അനുകൂലമായാലും പ്രതികൂലമായാലും വില്ലാളികളെ അവര്‍ വിശ്വസിക്കുന്നതിന്‍റെ മറുവശം ബോദ്ധ്യപ്പെടുത്തുക ശ്രമകരമായ സംഗതിയാവും. ഇത്തരത്തിലുള്ള അനുയായികള്‍ വളരെ അപൂര്‍വ്വമാണെന്നു മാത്രമല്ല, പലപ്പോഴും ഇക്കൂട്ടരെ നേതാക്കന്മാരായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ടു്. നേതാക്കന്മാര്‍ തങ്ങളെ അനുകൂലിക്കുന്ന തേരാളികളേയും വില്ലാളികളേയും അതിരറ്റു സം‍രക്ഷിക്കുകയും തങ്ങളെ എതിര്‍ക്കുന്നവരുടെ തോല്‍വിക്കായി പ്രയത്നിക്കുകയും ചെയ്യുക സ്വാഭാവികമാണല്ലോ.

ഓരോ പ്രശ്നത്തിലും നിങ്ങളുടെ വേഷം മനസ്സിലായ സ്ഥിതിയ്ക്കു് ഇടപെടലുകള്‍ തുടര്‍ന്നോളൂ!

Labels:

Tuesday, April 01, 2008

വിന്‍ഡോസ് വിസ്ത മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക്

2006 ഫെബ്രുവരിയില്‍ വിന്‍ഡോസ് എക്സ്പി മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് റിലീസ് ചെയ്തതുപോലെ വിന്‍ഡോസ് വിസ്തയ്ക്കുള്ള മലയാളം ലാംഗ്വേജ് ഇന്‍റര്‍ഫേയ്സ് പായ്ക്ക് തയ്യാറായി വരുന്നു. ഇത്തവണ, ബ്ലോഗ് വായനക്കാരുടേയും ബ്ലോഗെഴുത്തുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കായി ഒരു പ്രി-റിലീസ് വേര്‍ഷന്‍ ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടു്.

നിങ്ങള്‍ ചെയ്യേണ്ടതു്:
 1. മുകളില്‍ പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചോ ഈ ലിങ്കില്‍ റൈറ്റ്-ക്ലിക് ചെയ്തോ LIP_ml-IN.mlc ഫയല്‍ സേവ് ചെയ്യുക.

 2. LIP_ml-IN.mlc ഫയലില്‍ ഡബിള്‍ ക്ലിക് ചെയ്തു് മലയാളം ഇന്‍സ്റ്റോള്‍ ചെയ്യുക.

 3. നിങ്ങളുടെ ഫീഡ്ബാക്ക് ഈ പോസ്റ്റില്‍ കമന്‍റായോ ഈമെയില്‍ വഴിയോ എത്രയും വേഗം എന്നെ അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരാഴ്ചയ്ക്കകമെങ്കിലും ലഭ്യമാക്കണേ!

 4. ഇതു് ഔദ്യോഗികമല്ലാത്ത റിലീസാണു്. സ്വന്തം റിസ്കില്‍ മാത്രം ഇന്‍സ്റ്റോള്‍ ചെയ്യുക. ഔദ്യോഗിക റിലീസ് പുറത്തുവരുമ്പോള്‍ ഇതു് അണ്‍‍ഇന്‍സ്റ്റോള്‍ ചെയ്ത ശേഷമേ പുതിയതു് ഇന്‍സ്റ്റോള്‍ ചെയ്യാവൂ.

 5. ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ഡിസ്പ്ലേ ഭാഷ മലയാളമാവാന്‍ കണ്‍‍റ്റ്രോള്‍ പാനലില്‍ ഒരിക്കല്‍ കൂടി സെറ്റുചെയ്ത ശേഷം ലോഗോഫ്/ലോഗോണ്‍ ചെയ്യണം.

Labels:

Monday, March 17, 2008

എലവേറ്റര്‍ പിച്ച്

‘നമ്മുടെ രശ്മിച്ചേച്ചിയില്ലേ?’ ഓഫീസില്‍ നിന്നും നേരത്തേ ചാടി വന്നതിനാല്‍ ബാക്കിയായ ചില ചില്ലറ ജോലികള്‍ ചെയ്തൊതുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവേ നല്ലപാതി ഒരു സംഭാഷണത്തിനു വട്ടം കൂട്ടുകയാണു്.

രശ്മിച്ചേച്ചി ഉണ്ടെന്നു് ഭാര്യയ്ക്കും എനിക്കും അറിയാവുന്ന സംഗതിയാണു്. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിനു മറുപടി നല്‍കുന്നതെങ്ങനെ എന്നതു് നാം എന്തു ചെയ്തു കൊണ്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിനു്, അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണു് ഈ സംഭാഷണമെന്നു കരുതുക. അപ്പോള്‍ എന്‍റെ മറുപടി, ‘ഉണ്ടല്ലോ, രശ്മിച്ചേച്ചിക്കെന്തു പറ്റി?’ എന്ന മറു ചോദ്യവും ആകാംക്ഷാനിര്‍ഭരമായ മുഖഭാവവുമായിരിക്കും. നല്ലൊരു ഗോസിപ്പു കേള്‍ക്കാനുള്ള അവസരം എന്തിനു പാഴാക്കണം!

എന്നാല്‍, ഈ ചോദ്യം തന്നെ, ദ ഡെയ്‍ലി ഷോ വിത് ജോണ്‍ സ്റ്റുവര്‍ട്ട് എന്ന പരിപാടിക്കിടയിലെ പരസ്യ സമയത്തായാലോ?

മിക്കവാറും ‘ഉം’ എന്ന മൂളലാവും പ്രതികരണമായി പുറത്തു വരിക. ആ മൂളലില്‍ ഗോസിപ്പു കേള്‍ക്കാനുള്ള ആകാംക്ഷ ഒളിഞ്ഞിരിപ്പുണ്ടാവുമെങ്കിലും പരസ്യം തീരുന്നതിനുമുമ്പു് പറഞ്ഞു തീര്‍ക്കാനാവുമോ എന്ന ആശങ്കയുമുണ്ടാവും. അതായതു്, പെട്ടെന്നു് പറഞ്ഞു തീര്‍ക്കാമെങ്കില്‍ ആയിക്കോ അല്ലെങ്കില്‍ ആ സംഭാഷണം നമുക്കു് പിന്നീടാവാം എന്നര്‍ത്ഥം.

ഇനി, ചില്ലറ ഓഫീസ് ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവേയാണു് ഈ ചോദ്യമെങ്കില്‍ ഒരു പക്ഷേ നാം മറുപടി പറഞ്ഞില്ലെന്നു വരും. പരിപൂര്‍ണ്ണ നിശ്ശബ്ദത! അതിനര്‍ത്ഥം ‘നമ്മുടെ രശ്മിച്ചേച്ചിയില്ലേ?’ എന്ന ചോദ്യം ഞാന്‍ കേട്ടില്ല എന്നല്ല. സത്യമായും ആ കഥ കേള്‍ക്കാന്‍ ഇപ്പോള്‍ നേരമില്ല എന്നാണു്. അല്ലാതെ ആ കഥ എനിക്കു കേള്‍ക്കുകയേ വേണ്ട എന്നല്ല.

രശ്മിച്ചേച്ചി ഉണ്ടു് എന്ന കാര്യം എനിക്കു് പരിപൂര്‍ണ്ണ ബോദ്ധ്യമുണ്ടെന്നു കരുതുക. എന്നാലും എന്‍റെ മറുപടി ‘ഇല്ല’ എന്നാണെങ്കിലോ? വളരെ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കേണ്ടുന്ന മറുപടിയാണിതു്. ഇതിനു് മൂന്നര്‍ത്ഥങ്ങളാവാം.

ഒന്നാമതു്, ഈപ്പറയുന്ന രശ്മിച്ചേച്ചിയുടെ കഥ എനിക്കു് കേള്‍ക്കാന്‍ താല്പര്യമില്ല. പക്ഷേ, കഥ നാം കേള്‍ക്കണോ വേണ്ടയോ എന്നു് തീരുമാനിക്കുന്നതു് നമ്മളല്ലാത്തതിനാല്‍ ഇവിടെ നമ്മുടെ അഭീഷ്ടപ്രകാരം കാര്യങ്ങള്‍ നീങ്ങുന്നതിനു് 50% സാദ്ധ്യതയേയുള്ളൂ.

രണ്ടാമതു്, കഥ കേള്‍ക്കാന്‍ താല്പര്യമുണ്ടു്, പക്ഷേ, നമുക്കു രണ്ടാള്‍ക്കുമറിയാവുന്നതും എന്നാല്‍ ഇനി തുടര്‍ന്നു ചോദിക്കാന്‍ സാദ്ധ്യതയുള്ളതുമായ ‘രശ്മിച്ചേച്ചിയുടെ അനിയന്‍ രതീഷില്ലേ?’, ‘രതീഷിന്‍റെ ഭാര്യ രമയില്ലേ?’ തുടങ്ങിയ ചോദ്യങ്ങള്‍ ഒഴിവാക്കി, ‘രമയ്ക്ക് ഗര്‍ഭം’ എന്ന കാര്യത്തിലേയ്ക്കു് നേരിട്ടു് കടന്നാല്‍ ഉപകാരമായി എന്നതിന്‍റെ ഹിന്‍റാണു്.

മൂന്നാമതു്, രശ്മിച്ചേച്ചിയുടെ കഥ കേള്‍ക്കാന്‍ താല്പര്യമുണ്ടു്. എന്നാല്‍ അതിലുപരി, ആ കഥ എന്നോടു പറയാന്‍ ഭാര്യയ്ക്കാണു് താല്പര്യം എന്നകാര്യം ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. അതിനാല്‍, ഞാന്‍ ‘ഇല്ല’ എന്നു മറുപടി പറഞ്ഞാല്‍ ഇനി ഏതുരീതിയിലാവും ഈ കഥ അവതരിപ്പിക്കുക എന്നറിയാനുള്ള കൌതുകം. സൂക്ഷിക്കുക, നാം വേണ്ടെന്നു പറഞ്ഞാലും നമ്മോടു് പറയാന്‍ സാദ്ധ്യതയുള്ള കഥകള്‍ക്കു മാത്രം ഈ റ്റെക്നിക് ഉപയോഗിക്കുക.

മറ്റൊരുദാഹരണം പറയാം. ഷെയര്‍പോയ്ന്‍റ് കാര്യം ഏതുവരെയെത്തി എന്നു് എലവേറ്ററില്‍ (ലിഫ്റ്റില്‍) നാലാം നിലയിലേയ്ക്കു് പോകാന്‍ നില്‍ക്കവേ എന്‍റെ ജെനറല്‍ മാനേയ്ജര്‍ എന്നോടു് ചോദിച്ചു എന്നു വിചാരിക്കുക.

പരാമര്‍ശിക്കപ്പെട്ട സംഭവത്തിനു പിന്നാലേ നടക്കാന്‍ തുടങ്ങിയിട്ടു് കുറേ നാളായി. അക്കാര്യത്തില്‍ ജെനറല്‍ മാനേയ്ജര്‍ താല്പര്യം കാണിക്കുന്നു എന്നതു് ഒരേ സമയം നല്ലതും ചീത്തയുമാണു്. (ജെനറല്‍ മാനേയ്ജര്‍ എന്നയാള്‍ എന്‍റെ മാനേയ്ജറിന്‍റെ മാനേയ്ജറിന്‍റെ മാനേയ്ജര്‍ ആണു്.) ‘നാം ഷെയര്‍പോയിന്‍റ് പ്ലാറ്റ്ഫോം ആണല്ലോ ഉപയോഗിക്കുന്നതു്?’ എന്നു് അദ്ദേഹത്തോടു് ചോദിച്ചിട്ടു് അതിനു മറുപടി പ്രതീക്ഷിച്ചു നിന്നാല്‍ എലവേറ്റര്‍ നാലാം നിലയിലെത്തും. അദ്ദേഹം അദ്ദേഹത്തിന്‍റെ പാട്ടിനു പോകും. ജെനറല്‍ മാനേയ്ജറുമായി കാര്യമായി കൊച്ചുവര്‍ത്താനം പറയാനും വിസിബിലിറ്റി നേടിയെടുക്കാനുമുള്ള ശ്രമം പാളും.

ഈ ദുരന്തം ഒഴിവാക്കാനാണു് ഏതു കഥയ്ക്കും ഒരു എലവേറ്റര്‍ പിച്ച് തയ്യാറാക്കി വയ്ക്കണമെന്നു പറയുന്നതു്. നമ്മുടെ എലവേറ്റര്‍ പിച്ച് കേട്ടു് ജെനറല്‍ മാനേയ്ജര്‍ ഇങ്ങോട്ടു ചോദ്യം ചോദിച്ചു തുടങ്ങിയാലോ? എല്ലാം ശുഭപര്യവസായിയായി എന്നു കരുതുക. അപ്പോള്‍ രശ്മിച്ചേച്ചിയുടെ അനിയന്‍ രതീഷിന്‍റെ ഭാര്യ രമ ഗര്‍ഭിണിയായ കഥ വിശദമായി പറയാവുന്നതേയുള്ളൂ.

Labels: