ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Sunday, March 27, 2011

ക്രിക്കറ്റ് ബോൾ

"SG-യുടെ ക്രിക്കറ്റ് ബോൾ ഉണ്ടോ?"

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്പോർട്സ്ഗുഡ്സ് കടയിലെ സെയിൽസ്‍മാനോടു്‌ ഞാൻ ആരാഞ്ഞു.

എന്റെ നിറയൗവനവും തികഞ്ഞ സ്പോർട്സ്‍മാൻ ഭാവവും കണ്ടാവണം, അദ്ദേഹം താല്പര്യമില്ലായ്മയും പുച്ഛവും സമാസമം ചേർത്തു്‌ അല്പം പരുക്കനായിത്തന്നെ ചോദിച്ചു: "നിങ്ങൾക്കെന്തിനാ SG-ബോൾ?"

ഒന്നന്ധാളിച്ചുപോയ എന്നെ നോക്കി അദ്ദേഹം തുടർന്നു: "ബിഡിഎം നല്ല ബോളാണു്‌. വില മൂന്നിലൊന്നേയുള്ളൂ. അതു പോരേ?"

"അല്ല ചേട്ടാ, ബിഡിഎം പോര. SG-ക്ലബ് തന്നെ വേണം," ഞാൻ മാപ്പപേക്ഷിക്കുന്ന രീതിയിൽ മറുപടി പറഞ്ഞു.

"കളിക്കാനാണോ?" അൾട്രാ ഷോർട്ട്സ്ലീവ് ഷർട്ടിനു വെളിയിലുള്ള എന്റെ ബൈസപ്സ് ബ്രേക്കിയൈ മസിൽ അദ്ദേഹം കണ്ടിട്ടുണ്ടാവണം, തീർച്ച.

"കളിക്കാനല്ല, കാറ്റുകൊള്ളാനാണു്‌," എന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും, ഭവ്യത വിടാതെ ഞാൻ "അതെ" എന്നു്‌ ഉണർത്തിച്ചു. ആവശ്യക്കാരൻ ഞാനാണല്ലോ!

"നിങ്ങൾ ബൗളറാണോ ബാറ്റ്സ്മാനാണോ? രണ്ടായാലും ബിഡിഎം ആയിരിക്കും നല്ലതു്‌. SG-യുടെ സീം അൺ‍ഈവൻ ആണു്‌." സെയിൽസ്‍മാൻ SG വിൽക്കാൻ ഒരുക്കമല്ല.

"ആക്ച്വലി, എനിക്കു്‌ ബിഡിഎം വേണ്ട. SG മതി. SG എടുക്കാമോ?" ഞാൻ വീണ്ടും എന്റെ ആവശ്യം ഉണർത്തിച്ചു.

"അതല്ലേ സാറേ പറഞ്ഞതു്‌, SG സ്റ്റോക്കില്ല. ബിഡിഎം ആണെങ്കിൽ എടുക്കാം!"(ഈ ചിത്രം കണ്ടപ്പോൾ ഓർമ്മ വന്നതു്‌.)

Labels: ,

Monday, March 07, 2011

അയ്യേ 6!

ബഹുമാന്യരായ മലയാളി മഹാജനങ്ങളേ,

ഫയർഫോക്സ്, ക്രോം, സഫാരി, ഇന്റർനെറ്റ് എക്സ്പ്ലോറർ എട്ടോ ഒമ്പതോ, ഏതു വേണമെങ്കിലും ഉപയോഗിക്കൂ, ഇന്റർനെറ്റ് എക്സ്പ്ലോറർ 6 ഉപയോഗിക്കുന്നു എന്നു മാത്രം പറയല്ലേ; പ്ലീസ്!

ഇന്ത്യക്കാർ വിചാരിച്ചാൽ ഈ രോഗശമനം എളുപ്പമാക്കാം.

Labels: