ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്ത ചിന്തകൾ

Wednesday, February 14, 2018

മറന്നതല്ല

ഉഷ(സ്സു) വന്നു, സരസ്വതി പോയി, കവിത വറ്റി, ഭാവന പണ്ടേ പിണങ്ങി, സന്ധ്യ മയങ്ങി എന്നൊക്കെ വാലന്റൈൻസ് ഡേയ്ക്ക് എഴുതിവച്ചാൽ ജീവിതം ധന്യമാവുന്നതിനു പകരം സ്വയം ദിവ്യനായിത്തീരാൻ സാദ്ധ്യത എന്നാണ് വാരഫലം. അതിനാൽ പഞ്ചചാമരം വീശട്ടെ.

ഇരുന്നു മെല്ലെ കേൾക്കനീ, കരത്തിലില്ല കാവ്യവും
ചുവന്ന റോസുപുഷ്പവും മദം നിറഞ്ഞ വീഞ്ഞുമേ!
മറന്നതല്ല, തീർച്ചയാണിതൊക്കെ ഞാൻ മറക്കുമോ:
പകർന്നു തന്ന രാഗവും പടർന്നുയർന്നമോദവും.

Labels: ,

Saturday, January 27, 2018

പുസ്തകങ്ങൾ: അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം

ഗ്രേസിയുടെ ആദ്യ കഥാസമാഹാരം ‘പടിയിറങ്ങിപ്പോയ പാർവതി’ പുറത്തുവന്നത് 1991-ലാണ്. വായനമുറ്റിയിട്ടില്ലാത്ത കാലമായിരുന്നു അത്. 1995 മുതൽ 2000 വരെയൊക്കെ കഥാകഥനത്തിൽ ഗ്രേസിയുടെ സുവർണ്ണകാലമായിരുന്നു എന്നു കരുതണം. ഇക്കാലത്ത് വായന കുറഞ്ഞെങ്കിലും തീരെ ഇല്ലാതായിരുന്നില്ല. എന്നിട്ടും ഗ്രേസിയുടെ ഒരു കൃതിപോലും വായിച്ചതായി ഓർക്കാൻ കഴിയുന്നില്ല.

‘അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം’ 2015-ൽ പ്രസിദ്ധപ്പെടുത്തിയ ഗ്രേസിയുടെ ഓർമ്മക്കുറിപ്പുകളാണ്. ഒരു ബിസിനസ് യാത്രയ്ക്കിടയിലാണ് ഈ പുസ്തകം വായിക്കുന്നത്. (വരികൾക്കിടയിൽ വായിക്കരുത്!) എൺപത്തെട്ടു പേജേയുള്ളൂ എന്നതായിരുന്നു മാനദണ്ഡം. മുഖവുര, ആമുഖം, പഠനം, ആസ്വാദനം തുടങ്ങിയ മറ്റു ഗിമ്മിക്കുകളൊന്നും ഇല്ലെന്നതും ആശ്വാസം നൽകി.

‘ഹൃദയം പോലെ ഒരു ത്രികോണം’ ആണ് പുസ്തകത്തിലെ ആദ്യ ഓർമ്മ. എഴുത്തുകാർക്ക് ഓർമ്മകൾ ഉണ്ടാവാം, അവ ചേർത്തുവച്ച് ഓർമ്മക്കുറിപ്പുകൾ എന്നപേരിൽ പുസ്തകമാക്കാം. ഇത് പ്രസിദ്ധീകരിക്കുമ്പോൾ വർഷം 2015 ആയി എന്ന് ഗ്രേസി ഓർക്കുന്നത് നന്നായിരുന്നു. താനൊരു എഴുത്തുകാരിയാണെന്നതിലൂടെ ആർജ്ജിക്കുന്ന ആത്മവിശ്വാസം നന്നായിപ്രയോഗിച്ചിട്ടുണ്ട് കുറിപ്പിനാധാരമായ അനുഭവത്തിൽ. നാല്പതു വയസ്സു കഴിഞ്ഞവർ ഈ കുറിപ്പ് വായിക്കാതിരിക്കുകയാവും ഭേദം.

പുസ്തകത്തിന്റെ പേര് പേറുന്ന ‘അപഥ സഞ്ചാരികൾക്ക് ഒരു കൈപ്പുസ്തകം’ ആണ് രണ്ടാം കുറിപ്പ്. മലയാളിയുടെ മനസ്സിനെ നന്നേ വായിച്ചിട്ടുള്ളത് കൊണ്ടാവണം പുസ്തകത്തിന് ഈ പേരുതന്നെ കൊടുക്കാൻ കാരണം. ഒരുതരം ക്ലിക് ബെയ്‌റ്റ്. മാർക്കറ്റിങ്ങിന്റെ കുതന്ത്രത്തിൽ തനിക്കു പങ്കില്ല എന്നു വിളിച്ചുപറഞ്ഞു കൈയൊഴിയുന്ന വരികൾ ഈ കുറിപ്പിൽ കരുത്തിവയ്ക്കാൻ എഴുത്തുകാരി മറക്കുന്നില്ല. “ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ചികഞ്ഞപ്പോഴാണ് അപഥത്തിന് പഴകിയുറച്ച അർഥം മാത്രമല്ല ഉള്ളതെന്നു കണ്ടെത്തിയത്. ആരും നടക്കാത്ത വഴി എന്നും വ്യാഖ്യാനിക്കാവുന്നതാണ്.” ഗ്രേസിയുടെ ഭാഷ ഇവിടെ സ്വാഭാവികത ഉപേക്ഷിച്ച് കപടമെന്നു തോന്നുന്ന കാല്പനികഭാവം കൈക്കൊള്ളുന്നുണ്ട്. “എന്റെ ഫോൺ ജലതരംഗമുതിർത്തു” എന്നും “ചൂണ്ടുവിരൽ സ്പർശം കൊണ്ട് ഞാൻ ഫോൺ ഒരചേതനവസ്തുവാക്കി” എന്നുമൊക്കെ പറയുമ്പോൾ ചിലപ്പോൾ ഈ ഭാവം വേലി പൊളിച്ചു പുറത്തു പോകുന്നുമുണ്ട്. “ബുദ്ധിജീവികളായ പുരുഷന്മാർപോലും പെണ്ണ്, കള്ള്, പണം, പെരുമ എന്നിവയിലെല്ലാറ്റിലുമോ ഏതെങ്കിലും ചിലതിലോ അഭിരമിക്കുന്നുവല്ലോ” എന്നോർത്ത് നെടുവീർപ്പിടുന്നതാണ് കുറിപ്പിന്റെ അവസാനവാക്കായി ഗ്രേസി ഓർത്തെടുക്കുന്നത്. നാലഞ്ചുവർഷം ഡ്രാഫ്റ്റിൽ കിടന്നത് കാലാന്തരങ്ങൾ കടന്നതറിയാതെ ചിലർ പോസ്റ്റ് ആക്കുന്ന പോലെ, ആദികൗമാരത്തിലെപ്പോഴോ തികട്ടിവന്ന വ്യർത്ഥവ്യഥകൾ ഈ ഓർമ്മക്കുറിപ്പിലേയ്ക്ക് വാക്കുകളായി ഒഴുകിയതാവാം. വായനക്കാരായ നമ്മളല്ലേ ക്ഷമിക്കേണ്ടത്?

തന്നേക്കാൾ പ്രായം കുറഞ്ഞ എഴുത്തുകാരിക്കു കിട്ടിയ “തകരച്ചന്തത്തിൽ മുളച്ച പുകഴ്‌ത്തൽ കത്തുകൾ” ഗ്രേസിയെ അന്തം വിടുവിക്കുകയും ഇത്രയും പ്രശംസനീയമായ കഥ തന്റെ കഥയുടെ കോപ്പിയാകാതെ വരാൻ തരമില്ല എന്നു വിശ്വസിക്കുകയും ചെയ്യുന്നു ‘പുതിയ മുഖം’ എന്ന കുറിപ്പിലൂടെ. ഈ വേദനയിൽ ഉഴറുകയാണ് എഴുത്തുകാരി. കഥയുടെ മാതൃത്വം കിട്ടാതെ വന്നപ്പോൾ കുറ്റം പത്രാധിപരിൽ കെട്ടിവച്ച് ലോകം ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ആശങ്കിച്ചവസാനിക്കുന്നു എഴുത്തുകാരിയുടെ സ്മരണ.

കെ. പി. അപ്പനെപ്പറ്റിയാണ് (ഗ്രേസിയുടെ വാക്കുകളിൽ “അപ്പൻ സാറിനെ”) ‘അദൃശ്യ സാന്ത്വനം’ എന്ന ലേഖനം. “ലാളിത്യത്തിലും വിശുദ്ധിയിലും പുലരുന്ന ഒരു ജീവിതത്തെപ്പോലും അർബുദം വിഴുങ്ങുമെന്നറിഞ്ഞ് ഞാൻ ചകിതയായി” എന്നുകണ്ട് ഈയുള്ളവൻ ഓടിപ്പോയി ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ചകിതയായതിന് പഴകിയുറച്ചതല്ലാത്ത അർത്ഥം വല്ലതുമുണ്ടോ എന്നു ചികഞ്ഞു (സത്യം!). അതികഠിനമായ നിരാശയാണ് ഫലം. എന്താ ഈ കലാകാരന്മാർ ഇങ്ങനെ? (“ഒരു നിരൂപകന് അവശ്യം വേണ്ട ഗുണമാണ് സഹൃദയത്വം” എന്ന് ഗ്രേസി തന്റെ നിരൂപകന്മാരെ ഓർമ്മപ്പെടുത്തുന്നു. എന്റെ ഈ പോസ്റ്റ് നിരൂപണമല്ല, എനിക്കീപ്പറഞ്ഞ സഹൃദയത്വം എന്ന സംഗതിയുമില്ല.)

ഇതൊക്കെ വായിക്കാൻ ഞാൻ എന്തപരാധമാണ് ചെയ്തത് എന്നു ചോദിച്ചുപോകും ‘ശാഗ്പാനി’ വായിച്ചുതീരുമ്പോൾ. മലയാളത്തിനു ലഭിച്ച പുതിയ വാക്കായ ശാഗ്പാനിയുടെ ചരിത്രമാണ് ഗ്രേസി ഓർത്തെടുക്കുന്നത്. ചുറ്റും കാണുന്നവരെ കഥാപാത്രങ്ങളാക്കി രചനകളൊരുക്കാനും അവ അമൂല്യമാണെന്ന് കരുതാനും അവയെ പശ്ചാത്തലമാക്കി കുറിപ്പുകളെഴുതി കൊരുത്തെടുത്ത് പുസ്തകമാക്കാനും ആർക്കും വിലക്കില്ല. ഈ സ്വാതന്ത്ര്യത്തിലൊരല്പം തിരിച്ചുകാണിച്ചാലോ? ഗ്രേസിയുടെ വക പുച്ഛവും പരിഹാസവും.

ഈ കുറിപ്പുകളിൽ ഏതെങ്കിലും ഒന്നു മാത്രമേ നിങ്ങൾ വായിക്കുന്നുള്ളൂവെങ്കിൽ ‘ഞരമ്പുരോഗി’ വായിക്കുക. ‘ഹൃദയം പോലെ ഒരു ത്രികോണം’ എന്ന പോലെ പൈങ്കിളിയായി തുടങ്ങി, എന്നാൽ അതിൽ നിന്നും വേറിട്ട്, ശക്തവും ധീരവുമായി, ദുര്‍ഭാഷണത്തേയും അധിക്ഷേപത്തേയും സ്ത്രീനിന്ദയേയും നേരിട്ട ഓർമ്മയാണ് ‘ഞരമ്പുരോഗി’ എന്ന കുറിപ്പിൽ. ഇതിനോടൊപ്പം ചേർത്തു വായിക്കാവുന്ന അനുഭവമാണ് ‘കണ്ണാടിയിലെ പെണ്ണ്’ പറയുന്നത്. പല വിധത്തിലും സർവ്വസാധാരണമായ ഒരനുഭവം. വേണ്ടവിധത്തിൽ വേണ്ടസമയത്ത് പ്രതികരിക്കാതെ പിന്നീട് നിരാശപ്പെടുന്നതും സംഭവം “റീപ്ലെ” ചെയ്ത് ഇങ്ങനെയൊക്കെ ആകാമായിരുന്നു എന്ന് വിചാരിച്ചു കൂട്ടുന്നതിലും നമ്മളാരും പിന്നിലല്ല. ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീയനുഭവങ്ങളിലൊന്നിനെ മനുഷ്യപ്പറ്റുള്ളവരിൽ രക്തം തിളപ്പിക്കുമാറ് പറഞ്ഞൊരുക്കുന്നു ‘കണ്ണാടിയിലെ പെണ്ണ്.’

എഴുത്തുകാരും സിനിമാക്കാരും (മലയാളക്കരയിലെ സെലിബ്രിറ്റികൾ) സ്വയം സാംസ്കാരിക നായകന്മാരും നായികകളുമായി സങ്കല്പിച്ച് സാമൂഹ്യ പുനരുദ്ധാരണം നടത്തുന്നത് പതിവാണല്ലോ. ഉപദേശങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുമെന്നല്ലാതെ സ്വജീവിതത്തിൽ പകർത്തുന്നവർ തുലോം കുറവാണെന്ന് ആരാധനാന്ധത ബാധിച്ചവർക്കൊഴികെ മറ്റെല്ലാർക്കും ബോദ്ധ്യവുമുണ്ട്. ബോധിച്ചുറച്ചതെന്ന് നാം (കേൾവിക്കാരും വായനക്കാരും) കരുതുന്ന ആദർശപ്രഖ്യാപനങ്ങൾ പ്രസരിപ്പിക്കുമ്പോഴും അവ സ്വജീവിതത്തിലുണ്ടാക്കിയേക്കാവുന്ന “പൊല്ലാപ്പു”കളെ ജീവസഹജമായ സ്വാർത്ഥത എന്ന ഒഴിവുകഴിവിന്റെ മിഠായിപ്പൊതിയിൽ ഒളിപ്പിച്ചു ‘അനാമികയുടെ കഥ’ എന്ന കുറിപ്പിലൂടെ വിൽക്കാൻ കാട്ടുന്ന വിരുത് ശ്രദ്ധേയം തന്നെ.

മനുഷ്യ സഹജമായ വികാരങ്ങളെ മറയില്ലാതെ കാണിക്കുന്നു, ‘ഒരു യക്ഷിക്കഥ.’ വെട്ടി നേടാനും പരിഹസിക്കാനും ധൈഷണിക മുൻതൂക്കം ഭാവിക്കാനും എഴുത്തുകാർക്ക് ഒരു മടിയുമില്ല. എന്നു മാത്രമല്ല, അതൊക്കെ നോർമലൈസ് ചെയ്യാനുള്ള വ്യഗ്രതയിൽ “എനിക്ക് ഉള്ളത് ഉള്ളതുപോലെ പറയാൻ മടിയില്ല” എന്ന് ധ്വനിപ്പിക്കുകയും ചെയ്യും (അതായത്, വായനക്കാരായ നമുക്കാണ് പ്രശ്നം മുഴുവൻ!). ഈ കുറിപ്പിൽ ഗ്രേസി താനെഴുതിയ ഒരു കഥയുടെ വൃത്താന്തം പറയുന്നുണ്ട്. മറ്റൊന്നും വായിച്ചില്ലെങ്കിലും ‘ദേവീ മാഹാത്മ്യം’ എന്ന കഥ വായിക്കണമെന്ന ആഗ്രഹം ജനിപ്പിക്കാൻ കുറിപ്പിന് കഴിഞ്ഞു. ഗ്രേസിയുടെ കഥകൾ ചിലതെങ്കിലും തിരഞ്ഞുപിടിച്ച് വായിക്കണം.

‘സായാഹ്നസഞ്ചാരം’, ‘അധീരയുടെ ആത്മഭാഷണങ്ങൾ’ എന്നിവ വായിക്കുമ്പോൾ ഇവയൊക്കെയും ആത്മകഥയിൽ നിന്നും വെട്ടിമാറ്റിയ ഏടുകളല്ലേ എന്ന സംശയം ബലപ്പെടും. ഇവയിൽ നിന്നൊക്കെ എന്താണ് കൊള്ളേണ്ടത് എന്താണ് തള്ളേണ്ടത് എന്ന സംശയമാണ് വായിച്ചു തീരുമ്പോൾ ഉണ്ടാവുക. ആത്മപ്രശംസയാണ് അജണ്ട എന്ന് മനസ്സിലാക്കിയാൽ പിന്നെ ഈ സന്ദേഹം ഇല്ലാതാവും.

ഇരുപത്താറ് കുറിപ്പുകളുടെ ആകെത്തുകയാണ് പുസ്തകം. അവയിൽ ചിലതിനെപ്പറ്റി മാത്രമേ ഞാൻ മുകളിൽ പരാമർശിച്ചിട്ടുള്ളൂ. പിന്നീടുള്ള മിക്കതിനും യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലെന്നു മാത്രമല്ല, പല കുറിപ്പുകളും ഉപരിപ്ലവവും ഉടലാകമാനം പിന്തിരിപ്പനുമാണ്. ഇത്തരം കുറിപ്പുകൾ നാഴികയ്ക്ക് നാൽപ്പത് വട്ടം പലരുടെവകയായും ഫെയ്സ്ബുക്കിൽ കാണാറുണ്ട്. ദോഷം പറയരുതല്ലോ, കഥപോലെ വായിച്ചു പോകാവുന്നവയും അച്ചടക്കത്തോടെ എഴുതിയിരിക്കുന്നവയുമായ രണ്ടുമൂന്നു ഓർമ്മകളുണ്ട് പുസ്തകത്തിൽ. ബാക്കിയുള്ളവയിൽ ‘എടുക്കാത്ത നാണയം’ മമ്മൂട്ടിയുടെ അഭിനയത്തെ സംബന്ധിച്ച വിമർശനമാണെഞിലും കാമ്പില്ലാത്തതിനാൽ കാര്യമാക്കാനില്ല. ‘കഥ നന്നാക്കാനുണ്ടോ?’ എന്നത് കഥയെഴുതേണ്ടുന്ന സമയത്ത് അതിനു പകരം താൻ ചെയ്ത പരിത്യാഗങ്ങളുടെ പായ്യാരം പറച്ചിലാണ്.

“ഒരു ചെറിയ ജീവിതത്തിന്റെ ശിരോ രേഖകൾ” എന്ന പേരിൽ ഗ്രേസിയുടെ ആത്മകഥ ഉണ്ടു പോലും. ഈ ഓർമ്മക്കുറിപ്പുകളുടെ രീതിവച്ച് ആ ആത്മകഥ വായിക്കാൻ ഒരു സാദ്ധ്യതയും ഞാൻ കാണുന്നില്ല. ഒരുപക്ഷേ, ആത്മകഥയിൽ “ആത്മ കഥാംശം” കൂട്ടിയതു കാരണം പ്രസാധകൻ വെട്ടിനിരത്തിയത് ബാക്കിവന്നതാവാം ഓർമ്മക്കുറിപ്പായത് എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. (പഠിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടാഴ്ച ക്ലാസ് കട്ട് ചെയ്ത് ‘ആൾക്കൂട്ടം’ വായിച്ചയാളാണ്. ചെറുകാടിന്റെ ആത്മകഥയൊക്കെ വായിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. എന്നിട്ടും!) പഞ്ചസാര മണലുറങ്ങുന്ന മെക്സിക്കൻ കടൽത്തീരത്ത് ആട്ടു മഞ്ചലിൽ ചായയും ബിസ്കറ്റുമൊപ്പം ഗ്രേസിയുടെ ആത്മകഥ വായിക്കുന്നൊ അതോ ഇങ്ങു സീയാറ്റിലിൽ കേരള അസോസിയേഷൻ പരിപാടി നടക്കുന്ന ഹോളിൽ കാലും കയ്യും കെട്ടിയിട്ട് സ്റ്റീവൻ സ്മിത്തിന്റെ ഒരു ഇന്നിംഗ്‌സ് മുഴുവൻ കാണുന്നോ എന്നു ചോദിച്ചാൽ ഞാൻ ഒരു വേള ഈ അഭിപ്രായം മാറ്റിയേക്കും; ഉറപ്പില്ല.

Labels:

Saturday, December 30, 2017

2017 റിവ്യൂ

2017-ൽ രണ്ടു മലയാള സിനിമകൾ കണ്ടു. തീയേറ്ററിൽ പോയി ഒന്നും (ടേക്ക് ഓഫ്) വീട്ടിലിരുന്ന് ഒന്നും (ശവം). രണ്ടും ഭാഗ്യത്തിന് പകുതിവച്ചു നിർത്തിയില്ല. ഇതിനു പുറമേ രണ്ടോ മൂന്നോ ഇംഗ്ലീഷ് ചിത്രങ്ങൾ കുട്ടികളോടൊപ്പവും കണ്ടു. തൂവാനത്തുമ്പികൾ ഈ വർഷവും കാണാൻ പറ്റിയില്ല. സീയാറ്റിലിൽ മലയാള സിനിമ വരുന്ന തീയേറ്റർ അടച്ചുപൂട്ടുകയാണെന്നൊരു ശ്രുതിയുണ്ട്. അതിനാൽ 2018 പ്രതീക്ഷ നൽകുന്നുണ്ട്. 2018-ൽ വീട്ടിലിരുന്ന് അഞ്ചു സിനിമയെങ്കിലും കാണണം. (“കാണും!” എന്നൊരശരീരി കേൾക്കുന്നു!)

പന്ത്രണ്ട് പുസ്തകങ്ങൾ വായിക്കണമെന്നുണ്ടായിരുന്നെങ്കിലും വായന അഞ്ചോളം പുസ്തകങ്ങളിലൊതുങ്ങി. ചുവന്ന ബാഡ്ജ് സഹിതം വായിക്കാനാഗ്രഹിച്ച ചില പുസ്തകങ്ങൾ കയ്യിൽ കിട്ടിയെങ്കിലും വായന കൂടെവന്നില്ല. 2018-ൽ “പന്ത്രണ്ട് പുസ്തകങ്ങളെങ്കിലും” എന്ന് ലക്ഷ്യം പുതുക്കുന്നു. ഇടയ്ക്ക് ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കാനെടുത്തത് അബദ്ധമായി; വായനയുടെ ഫ്ലോ പോയി.

ശ്ലോകരചനാ ക്ലാസു നടത്തി (ഇത് ഇനി പറയില്ല, സത്യം!). പങ്കെടുത്തവർ പല നല്ല ശ്ലോകങ്ങളുമെഴുതി. ക്ലാസിനു വേണ്ടി ഉദാഹരണങ്ങളായും തിരുത്തലുകളായും ചില ശ്ലോകങ്ങൾ രചിച്ചു.

ഈ വർഷം ഏകദേശം 6000 ഫോട്ടോകൾ എടുത്തു. ഇഷ്ടപ്പെട്ടത് എന്നു പറയാവുന്ന ഇരുപതോളം എണ്ണം. 2018-ൽ ഇഷ്ടപ്പെടുന്നവ 25 എത്തിക്കാം എന്നാണ് വിചാരം.

ക്രിക്കറ്റ് കാണലും കളിക്കലും മാറ്റമില്ലാതെ തുടർന്നു. ക്ലബ് നാലു ടീമായി വളർന്നതിൽ ചെറിയ പങ്കുവഹിച്ചു. ക്ലബ്ബിന്റെ കൂടിച്ചേരലുകളിൽ അമ്മാവൻ സിൻഡ്രോം പുറത്തുവരാതിരിക്കാൻ കഷ്ടപ്പെട്ടു.

എഴുപത്തഞ്ചോളം പാർട്ടികളിലായി മുപ്പതിലധികം തരം ലഹരിപാനീയങ്ങൾ പരീക്ഷിച്ചു. ഇഷ്ടപ്പെടാത്തവ ഒഴുക്കിക്കളയാൻ ഒരു മടിയും കാണിച്ചില്ല. 2018-ൽ ഇത് മെച്ചപ്പെടാനേ തരമുള്ളൂ. (മദ്യപ്പടങ്ങൾ മിക്കവയും ഇൻസ്റ്റഗ്രാമിലേയ്ക്കു മാറ്റി.)

എല്ലാ വർഷാവസാനവും തോന്നുന്നതു തന്നെ ഇപ്പോഴും: “ഈ വർഷം പെട്ടെന്ന് പോയതു പോലെ. എന്തരോ ആവട്ട്, പുല്ല്.”

Labels: ,

Tuesday, December 26, 2017

സിനിമ: ശവം

“വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന പുള്ളിമാൻ കുട്ടികൾ പോലെ” എന്ന പാട്ടിന്റെ അറുപതാം വാർഷികം ആഘോഷിച്ചിരിക്കേയാണ് ഒരു സിനിമ കണ്ടാലോ എന്ന നിർദ്ദേശം വന്നത്.

ശവം എന്ന സിനിമ തുടങ്ങിയതു മുതൽ കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയായിരുന്നു മനസ്സിൽ. നാടിന്റെ പരിച്ഛേദം തന്നെയാണ് ഏതു മരണവീട്ടിലും. മരണപ്പെട്ടയാൾ, ചില്ലറ അപദാനങ്ങൾ, ആരുടേയോ കുറ്റങ്ങൾ, ചെറുതും വലുതുമായ വാർത്തകൾ, കുശുമ്പുകൾ അങ്ങനെ എല്ലാം. ഇപ്പറഞ്ഞതെല്ലാം അടുക്കിയവതരിപ്പിക്കുന്നു; ശവം. കാപട്യത്തോടെയെങ്കിലും ഉപചാരപൂര്‍വ്വം പെരുമാറണമെന്ന് കടമ്മനിട്ട പറയുമ്പോൾ പല മരണവീട്ടിലും, തോമാച്ചന്റെ വീട്ടിലുൾപ്പെടെ, കവിഭാവനപോലെയല്ല കാര്യങ്ങൾ എന്നതാണ് സത്യം.

രണ്ടു കാര്യങ്ങൾ: ക്യാമറ അല്പം കൂടി സീരിയസ്സായി കൈകാര്യം ചെയ്യാമായിരുന്നു. അവസാനരംഗമൊഴികെ മറ്റെല്ലാം ഒറ്റലെൻസിൽ, ഒരു ഫോക്കൽ ലെംഗ്‌തിൽ ചിത്രീകരിച്ചപോലെ തോന്നി. അവിടവിടെ അവിദഗ്ദ്ധത തുളുമ്പുന്നു (ഈ ട്രീറ്റ്‌മെന്റ് മനഃപൂർവ്വമാണോ എന്നറിയില്ല). മരണവീട്ടിലെ ഏറിയും താണുമുള്ള കരച്ചിൽ മുഴച്ചുനിൽക്കാതെ അവതരിപ്പിക്കുന്നതിന് ശ്രമിച്ചതായി തോന്നുന്നില്ല. പലപ്പോഴും കരച്ചിലിന്റെ ടോൺ സെലക്ഷൻ ഡിസ്ട്രാക്ഷനായി മാറുന്നുമുണ്ട്. ഒരു രണ്ടാം കാഴ്ചയിൽ ഇവ പ്രശ്നങ്ങളായി തോന്നാതിരിക്കാനും മതി.

ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക്: ശവം നെറ്റ്‌ഫ്ലിക്സിൽ ഉണ്ട്.

Labels:

Tuesday, September 19, 2017

രഥോദ്ധതയും മഞ്ജുഭാഷിണിയും

ശ്ലോകരചനയെപ്പറ്റിയുള്ള കഴിഞ്ഞ പോസ്റ്റിൽ, മഞ്ജുഭാഷിണി വൃത്തത്തിൽ ശ്ലോകമെഴുതിയ Dhanesh Nair-നെ അഭിനന്ദിച്ചുകൊണ്ട്, മഞ്ജുഭാഷിണി എഴുതാൻ ബുദ്ധിമുട്ടുള്ള വൃത്തമാണെന്നും എഴുതാൻ എളുപ്പമായ രഥോദ്ധതയിൽ എഴുതി ആദിയിൽ രണ്ടു ലഘു ചേർത്താൽ മഞ്ജുഭാഷിണിയാകും എന്നും ഗുഗ്ഗുരു Umesh P Narendran കമന്റിട്ടിരുന്നു.

അതായത്,

തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍

എന്ന രഥോദ്ധത വൃത്തത്തിലുള്ള വരികളുടെ തുടക്കത്തിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി വൃത്തത്തിലാകുമെന്ന്.

അടി തന്നതില്ല പരനുള്ളുകാട്ടുവാ-
നുടനൊന്നുമേ നരനുപായമീശ്വരന്‍

(വരികളെ നശിപ്പിച്ചു, അല്ലേ?)

പ്രൂഫ് ഒഫ് കൺസപ്റ്റ് എന്ന നിലയിൽ 2006-ൽ ഞാൻ രഥോദ്ധതയിൽ എഴുതിയ ഒരു ശ്ലോകം ആദ്യം രണ്ടു ലഘു ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിക്കാണിക്കുകയും ചെയ്തു:

രഥോദ്ധതയിൽ എഴുതിയത്:

അന്നെനിക്കുരുകുമോര്‍മ്മയാണു നീ,
എന്‍ പ്രഭാത, മതിരറ്റ മോഹവും.
ഇന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
നീ വെറും പഴയ മൌന നൊമ്പരം!

എല്ലാ പാദത്തിലും ആദിയിൽ രണ്ടു ലഘുക്കൾ ചേർത്ത് ഉമേഷ് മഞ്ജുഭാഷിണിയിലാക്കിയത്:

സഖി, യന്നെനിക്കുരുകുമോര്‍മ്മയാണു നീ,
​വ്യഥ ​തൻ പ്രഭാത, മതിരറ്റ മോഹവും. ​
ക്ഷിതി ചേർ​ന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
​ സതി ​നീ വെറും പഴയ മൌന നൊമ്പരം!

“ഉരുകുമോർമ്മ” ശ്ലോകത്തിനു ഉമേഷ് 2006-ൽ തന്നെ രഥോദ്ധതയിൽ ഒരു മറുപടി എഴുതിയിരുന്നു. ആ ശ്ലോകം ഇതാണ്:

നിന്റെ വീഥിയില്‍ നിഴല്‍ പരത്തിടാന്‍
പൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
പണ്ടു ഞാനൊരു നിമിത്തമായി പോ-
ലെന്നതാണു മമ ചാരിതാര്‍ത്ഥ്യവും!

ആ മറുപടിയെ മഞ്ജുഭാഷിണിയിലാക്കിയാലോ എന്ന പൂതിയാൽ ഞാൻ ശ്രമിച്ചതാണിത്:

കരിപോലെ വീഥിയില്‍ നിഴല്‍ പരത്തിടാ-
നെരിപൊള്ളുമുള്ളിനു കുളിര്‍മ്മയേകിടാന്‍
ഹത! പണ്ടു ഞാനൊരു നിമിത്തമായി പോ-
ലതു തന്നെയാണു മമ ചാരിതാര്‍ത്ഥ്യവും!

രഥോദ്ധതയും മഞ്ജുഭാഷിണിയും തമ്മിലുള്ള ഈ ബന്ധം ഇതു വരെ ശ്രദ്ധിച്ചിരുന്നില്ല. Pretty cool!

Labels: ,

Friday, September 15, 2017

ശ്ലോകരചനാ ശില്പശാല: ആരെങ്കിലും ശ്ലോകം രചിച്ചോ?

tl;dr;
- ശില്പശാലയിൽ പങ്കെടുത്ത പലരും ഇതിനോടകം അവരുടെ പ്രഥമ ശ്ലോകം എഴുതിക്കഴിഞ്ഞു. ശ്ലോകങ്ങൾ താഴെക്കൊടുത്തിട്ടുണ്ട്.
- ശ്ലോക ക്ലാസിനു വേണ്ടി തയ്യാറാക്കിയ പാഠപുസ്തകം: http://bit.ly/2v28I7Q

വിശദ വിവരങ്ങൾ

ഒരു ഫോട്ടോയും അതിനു യോജിക്കുന്ന ശ്ലോകവും പോസ്റ്റു ചെയ്യുക എന്ന നിബന്ധനയോടെ #വാക്‌ചിത്രം എന്നൊരു പിരമിഡ് സ്കീം കഴിഞ്ഞവർഷം തുടങ്ങിവച്ചകാര്യം ഇതിനോടകം ഒന്നുരണ്ടു പോസ്റ്റുകളിൽ ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. (ഇനിയും എന്നെക്കൊണ്ട് പറയിപ്പിക്കരുത്!) അതിനുശേഷം, ശ്ലോകമെഴുത്തു വിദ്യ പഠിക്കാൻ സീയാറ്റിൽ നിവാസികൾക്ക് ആർക്കെങ്കിലും താല്പര്യമുണ്ടോ എന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഞാൻ ചോദിച്ചിരുന്നു. താല്പര്യക്കാരുണ്ടെങ്കിൽ ഒരു ശ്ലോകരചനാശില്പശാല സംഘടിപ്പിക്കാനായിരുന്നു പരിപാടി. പ്രതീക്ഷകൾക്കുമുപരി പതിനഞ്ചിൽപ്പരം ആൾക്കാർ ഉത്സാഹം കാണിച്ചപ്പോൾ തയ്യാറെടുക്കാതെ തരമില്ലെന്നായി.

ശില്പശാലയ്ക്കുവേണ്ടി തയ്യാറാക്കിയ “പാഠ പുസ്തകം” ഇവിടെ: http://bit.ly/2v28I7Q

ജൂലൈ അവസാനം ശില്പശാല നടന്നു. പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പലർക്കും അന്ന് മറ്റസൗകര്യങ്ങൾ നിമിത്തം എത്തിച്ചേരാനായില്ല. എന്നാൽ പങ്കെടുത്തവരെയും പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവരേയും ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പരിശീലനവും അഭ്യാസവും തുടർന്ന് നടക്കുന്നുണ്ടായിരുന്നു.

പരിശീലനം ആരംഭിക്കാൻ തിരഞ്ഞെടുത്തത് ചമ്പകമാല എന്ന വൃത്തമാണ്. പരിശീലനത്തിൽ പങ്കെടുത്തവർ അധികം ഈ വൃത്തത്തെപ്പറ്റി മുമ്പ് കേട്ടിരുന്നില്ലെങ്കിലും “ആരട വീരാ പോരിനു വാടാ” എന്ന രീതിയിൽ തുടക്കക്കാർക്ക് ശ്ലോകം ചമയ്ക്കാൻ പറ്റിയ വൃത്തമാണ് ചമ്പകമാല.

വൃത്തലക്ഷണം ഭംമസം കേൾ ചമ്പകമാല. -UU (ഭഗണം), --- (മഗണം), UU- (സഗണം), പിന്നെ ഗുരു. ഒരു വരിയിൽ പത്തക്ഷരം. അഞ്ചാം അക്ഷരം കഴിഞ്ഞാൽ നിറുത്ത് ഉണ്ടെങ്കിൽ കേമം.

താഴെ പറയുന്ന ശ്ലോകങ്ങൾ ശില്പശാലയിൽ പങ്കെടുത്തവരുടെ ആദ്യ ശ്ലോകരചനകളാണ്. ഇവയെല്ലാം തന്നെ വൃത്തമൊത്തവയുമാണ്. ഈ ശ്ലോകങ്ങളിൽ ഭാഷാപരമായി കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് തോന്നുന്നെങ്കിൽ തുടക്കക്കാർക്കു നൽകുന്ന പരിഗണന നൽകി ചൂണ്ടിക്കാണിക്കാൻ താല്പര്യപ്പെടുന്നു. വിമർശനങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജനപ്പെടും വിധം സൂക്ഷ്മമാക്കാൻ ശ്രമിക്കുമല്ലോ. ചെറിയ അഭിനന്ദനങ്ങൾ പോലും ശ്ലോകരചയിതാക്കളെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കും.

ഇനി രചനകളിലേയ്ക്ക്.

ആദ്യം ചമ്പകമാല പയറ്റി നോക്കിയത് സൂനജയാണ്. വരികൾ ലേശം മിനുക്കി, പ്രാസം കൂടി ചേർത്ത രണ്ടാം പതിപ്പ് ഇങ്ങനെ:

കോപ്പിയടിക്കാനുള്ളൊരു തുണ്ടും
കാപ്പികുടിക്കും കണ്ണടമാഷും
അപ്പടിയാണീ, യമ്പതുമാർക്കും
തപ്പലതില്ലാ, തങ്ങനെ നേടി!

പണ്ടൊരു പഠിപ്പിസ്റ്റായിരുന്നു എന്നു തോന്നുന്നു. അതിന്റെ കുറ്റബോധം നല്ലവണ്ണം ശ്ലോകത്തിൽ കാണാനുണ്ട്.

മനേഷ് വകയായിരുന്നു അടുത്ത പൂരണം. സൂനജയ്ക്ക് തുണ്ടുവച്ചു മാർക്കുവാങ്ങാമെങ്കിൽ എങ്ങനെ തുണ്ടു വയ്ക്കണം എന്നതിന്റെ വിശദീകരണമാണ് മനേഷ് ശ്ലോകത്തിലാക്കിയത്:

ബുക്കു തുറന്നൂ പേപ്പറു കീറി,
പേനയെടുത്തൂ ക്യാപ്പു തുറന്നൂ;
കോപ്പിയെടുത്തൂ തുണ്ടുചുരുട്ടി,
തുണ്ടുതുറന്നൂ കോപ്പിയടിച്ചൂ!

കോപ്പിയടി ഒരു പ്രമുഖപ്രദിപാദ്യമായിത്തീരുമോ എന്നു ശങ്കിച്ചിരിക്കുമ്പോൾ അതാ വരുന്നു അനീഷ് വക അടുത്ത പൂരണം. എയർപോർട്ടിൽ നിന്നും ഭാര്യയുടെ മാതാപിതാക്കളെ വീട്ടിലേയ്ക്കു കൊണ്ടു വരുന്ന വഴി മനസ്സിൽ തികട്ടി വന്ന വിവിധവികാരങ്ങളെ തൂലികത്തുമ്പിലേയ്ക്കാവാഹിച്ച പാവം മാനവഹൃദയം ഈ വരികളിൽ തെളിഞ്ഞുകാണാം:

പച്ചില തിന്നും മാതുലനെത്തി,
കഞ്ഞികുടിക്കാൻ യോഗമെനിക്കും!
ബന്ധിതനാകും പാതകിപോലും
ചിക്കനുമൊപ്പം പത്തിരി തിന്നും!

ഇതിന് മറുപടിപോലെ ഒരു ശ്ലോകമെഴുതാതിരിക്കാൻ സൂനജയ്ക്ക് കഴിഞ്ഞില്ല. തമിഴ് നാട്ടിൽ പച്ചക്കറികൾ തിന്നു ജീവിച്ച ബാല്യം സൂനജ അയവിറക്കി:

നിശ്ചയമായും നിങ്ങളറിഞ്ഞോ
പച്ചില തിന്നാൽ 'വാള'തു സൂക്ഷം!
ആരിതുകേൾക്കാ, നാരൊടുചൊല്ലാൻ
പാരിതിലെന്റേ ദുർഗ്ഗതി, സത്യം!

ജീവിതാനുഭവങ്ങളെ തീക്ഷ്ണതയോടെ അവതരിപ്പ് കയ്യടി നേടുന്ന സതീർത്ഥ്യരെ ഈർഷ്യയോടെ നോക്കി ധനേഷ് ഒരു കഥാസന്ദർഭം ശ്ലോകമാക്കി:

പന്തള മന്നന്നുൾക്കനമോടേ
താരകനോടായിട്ടുരിയാടീ:
"വേദനയേറും കാമിനി ഭാവം
മോഹമിതേറ്റം , സന്തതിയേകൂ"

കല ജീവിതം തന്നെ എന്നു പറഞ്ഞു കൊണ്ട്, സുജിത് തന്റെ സ്ഥായീഭാവമായ “പിടിക്കപ്പെട്ട കള്ളന്റെ” വിഷമങ്ങൾ പങ്കുവച്ചു:

“അമ്പട കള്ളാ, യെങ്ങനെ കേറീ-
യമ്പിനു പോലും ഭേദ്യമപൂർവ്വം?”
“റോഡിനു സൈഡി, ല്ലുള്ളൊരു കമ്പിൽ
ആടിയ ശേഷം ചാടിമറിഞ്ഞു!”

കള്ളന്റെ കഥയുമായി താദാമ്യം പ്രാപിച്ചതിനാലാണോ എന്തോ, ബിപിൻ ഒരു കമ്പ്യൂട്ടർ എഞ്ചിനീയറുടെ ദുരവസ്ഥ വിവരിച്ചു.

വാനു പിടിച്ചും കാറു പിടിച്ചും
ഓടിയണഞ്ഞൂ; ജോലി തുടങ്ങീ
ആഞ്ഞു തൊഴിച്ചൂ, കീയുകളാടീ
താകിട തിത്തോം തക്കിട തിത്തോം!

ശ്ലോകങ്ങൾ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന വാട്‌സാപ്പ് നോക്കിയിരുന്ന എന്നെയാണോ അതോ കമ്പ്യൂട്ടറിൽ കളിച്ചിരുന്ന മകനെയാണോ ഉദ്ദേശിച്ചതെന്നറിയില്ല; “പുത്രാ” എന്ന വിളി കേട്ടു തിരിഞ്ഞപ്പോൾ ദിവ്യയാണ്.

വന്നിടു പുത്രാ തിന്നുക മീനും
ആവി പറക്കും ചോറതിനൊപ്പം
ഇങ്ങു വിളിച്ചാലങ്ങതു പോവും
എന്തൊരു കഷ്ടം സന്തതിമൂലം

“ഇങ്ങു വിളിച്ചാലങ്ങതു പോവും” എന്നു കൂടി കേട്ടപ്പോൾ എന്നെത്തന്നെ എന്നുറപ്പിച്ചെങ്കിലും “എന്തൊരു കഷ്ടം സന്തതിമൂലം” എന്നവരി വലിയ ആശ്വാസമായി.

ശ്ലോകങ്ങൾ എഴുത്തു നടക്കുമ്പോൾ തന്നെ, ഉപേന്ദ്രവജ്രയിലുള്ള ഒരു സമസ്യാപൂരണവും അഭ്യാസമായി നൽകിയിരുന്നു. പണ്ട് ഗുരുകുലം ബ്ലോഗിൽ കാര്യമായി ആഘോഷിച്ച “വെളുത്തുപോമെന്നിഹ തോന്നിടുന്നു” (http://malayalam.usvishakh.net/blog/archives/218) എന്നതാണ് സമസ്യയായി കൊടുത്തത്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സമസ്യയാണ്. ഇത് ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പൂരിപ്പിക്കാം. ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്നുവരുമ്പോഴാണ് ഉപജാതിയാവുന്നത്.

11 അക്ഷരം ഒരു വരിയിൽ.

ഇന്ദ്രവജ്ര: ത ത ജ ഗ ഗ
ഉപേന്ദ്രവജ്ര: ജ ത ജ ഗ ഗ

അനീഷ് മാത്രമേ ഈ സമസ്യ പൂരിപ്പിച്ചുള്ളൂ.

കറുത്ത വെള്ളിക്കു കടയ്ക്കു മുന്നേ-
യിടിച്ചു തള്ളിക്കയറീ കുടുംബം
നിരർത്ഥമാം വസ്തുവെടുത്തു, ബാങ്കും
വെളുത്തു പോമെന്നിഹ തോന്നിടുന്നു.

ബ്ലാക് ഫ്രൈഡേ വരുന്നതിനു മുമ്പു തന്നെ തന്റെ “extended family" വാങ്ങിക്കൂട്ടാൻ സാദ്ധ്യതയുള്ള നിരർത്ഥമാം വസ്തുക്കളെയോർത്തുള്ള അനീഷിന്റെ മുതലക്കണ്ണീർ നോക്കൂ!

(പണ്ടു കാലത്തെപ്പോലെ തന്നെ ഇന്നത്തെ വിദ്യാർത്ഥികളും “അദ്ധ്യാപകനെ” അനുസരിക്കുന്നതിൽ വലിയ ആനന്ദം കാണുന്നവരല്ലായ്കയാൽ, ധനേഷ് നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി തന്റെ ആദ്യ ശ്ലോകത്തിനു വേണ്ടി മഞ്ജുഭാഷിണി വൃത്തം സ്വീകരിച്ചു. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി എന്നാണ് മഞ്ജുഭാഷിണിയുടെ ലക്ഷണം. അതായത്, UU- (സ ഗണം) U-U (ജ ഗണം), UU- (സ ഗണം) U-U (ജ ഗണം), പിന്നെ ഗുരു. അല്പം മിനുക്കിയെടുത്ത ധനേഷിന്റെ വരികൾ മഞ്ജുഭാഷിണിയിൽ ഇങ്ങനെ:

ഇറയത്തിതായൊരിരുളിന്റെ താരകം
വിരഹാർദ്ര സന്ധ്യയെ വശീകരിച്ചിടാൻ
ഇതളൂർന്നു പാടെ നിറമങ്ങിയെങ്കിലു-
മലയുന്നൊരീ പഥികൻ തൻ പ്രതീക്ഷനീ!

കൂട്ടത്തിൽ മറ്റാരും മഞ്ജുഭാഷിണി സാഹസത്തിനു പിന്നീട് മുതിർന്നിട്ടില്ല.)

ഇത്രയുമാണ് ഇതുവരെയുള്ള വൃത്താന്തം. ഇതൊക്കെക്കേട്ടിട്ട് ചെറുതായി ഒരു താല്പര്യം തോന്നുന്നുണ്ടോ? എന്നാൽ ഇനിയും വൈകിയിട്ടില്ല. ശ്ലോകരചനാ സംരംഭം തുടർന്നും മുന്നോട്ടു കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ട്.

Labels: ,

Sunday, April 16, 2017

സിനിമ: ടേക്ക് ഓഫ്

ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി നോവൽ, സിനിമ തുടങ്ങിയ വിനോദോപാധികൾ നിർമ്മിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. സത്യത്തിൽ സംഭവിച്ച കാര്യങ്ങളിൽ (പ്രത്യേകിച്ചും അനന്തരഫലത്തിൽ) ക്രിയാത്മകതയ്ക്ക് അധികം സ്ഥാനമില്ല. എന്നാൽ സംഭവത്തിന്റെ പുനരവതരണത്തിൽ ഭാവനയുടെ സ്വാതന്ത്ര്യം ഉപയോഗിക്കാതെവന്നാൽ സൃഷ്ടി ചരിത്രപുസ്തകമോ ഡോക്യുമെന്ററിയോ ആയിപ്പോവുകയും ചെയ്യും. ചരിത്ര സത്യത്തോടു നീതിപുലർത്തുമ്പോൾത്തന്നെ സർഗ്ഗാത്മകമായി കഥയുടെ ചുരുളഴിക്കുക. ചുരുക്കത്തിൽ, ഈ രണ്ടുഭാഗത്ത് എവിടെ “പിഴച്ചാലും” സിനിമയ്ക്കെതിരേയുള്ള ദോഷവർണ്ണനകൾ ഉയർന്നുവരും.

ടേക്ക് ഓഫിനോടുള്ള എന്റെ പരാതി ഈ രണ്ടുഭാഗത്തുമാണ്. ഇറാഖിലകപ്പെട്ട നേഴ്സുമാരെ രക്ഷിച്ചെടുക്കുന്ന കഥ മറ്റ് ഉപകഥകളൊഴിവാക്കി അവതരിപ്പിക്കാവുന്നതേയുള്ളൂ. ഇവർ, എല്ലാം അറിഞ്ഞിട്ട് എന്തിന് ഇറാഖിലേയ്ക്ക് പോയി എന്നത് സമർത്ഥിക്കാൻ ഏകദേശം ഒരു മണിക്കൂർ ചിലവാക്കിയിട്ടുണ്ട്. അതിനുവേണ്ടി ദുർബ്ബലബന്ധങ്ങളാൽ കുറേപ്പേരെ നിരത്തിവച്ചു. അതിൽ രണ്ടുപേരെ കല്യാണം കഴിപ്പിച്ചു. ഇത് സിനിമയിലെ വലിയ മുഹൂർത്തമാണ്--ബന്ധങ്ങൾക്ക് വലിയ വിലയൊന്നും കല്പിക്കാതെ മൂന്നുപതിറ്റാണ്ടെങ്കിലും “സ്വന്തം കാലിൽ” നിന്ന നായിക, അഞ്ചാറുമാസത്തിനിടയിൽ ഭർത്താവിനു വേണ്ടി എന്തും ചെയ്യും എന്ന് ഒരു നേരിൽക്കാഴ്ചയിലൂടെയും രണ്ടു ഫോൺ വിളികളിലൂടെയും മനസ്സിലാക്കി, മേലധികാരികളെ വരെ ധിക്കരിക്കുന്ന ഇന്ത്യൻ അംബാസഡറാണ് കളിയിലെ കേമൻ.

ഈ സംഭവത്തിൽ നിന്നും ഒരു നായികയെ ഒരുക്കിയെടുത്തതും അവൾ മൂലം (പലപ്പോഴും നേരിട്ട്, ഒരിക്കൽ നായികനിമിത്തമായി കഥയിലെത്തിയ കുട്ടികാരണം) മരണവൃത്തത്തിൽ നിന്നും മടങ്ങിവന്നതും അവതരിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ അഗ്നിപരീക്ഷ നേരിടേണ്ടിവന്നവരുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും മനോബലവും ജീവിതതൃഷ്ണയും കുറച്ചുകാണുകയാണ് ചെയ്യുന്നത്. പിന്നെ ഇക്കാണിച്ചതൊക്കെയായിരുന്നു ഈ സിനിമയിലെ ധ്യാനമനനങ്ങളുടെ ആകെത്തുക എന്നുപറഞ്ഞാൽ സുല്ല് എന്നേ പറയാനുള്ളൂ.

എന്നാലും ദ്വയാർത്ഥപ്രയോഗങ്ങളിലാതെ, എല്ലാം തികഞ്ഞ നായകനോ നായികയോ ഇല്ലാതെ, രണ്ടുമണിക്കൂറിലധികം നീളമുള്ള ഒരു മലയാള സിനിമ കാണാൻ പറ്റുക എന്നത് ഇക്കാലത്ത് ചില്ലറക്കാര്യമല്ല. തീയേറ്ററിൽ ആകെ എട്ടുപേരേ ഉണ്ടായിരുന്നു എന്നതിനാൽ അച്ചുവിന് യഥേഷ്ടം ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുണ്ടായി. സിറിയയെപ്പറ്റിയും മറ്റും അവനിൽ അല്പം കൂടി ആകാംക്ഷ ഉണ്ടായി വന്നതും വലിയ കാര്യം തന്നെ. സമീര, ഷഹീദിനെ അങ്കിൾ ആയി ഇബ്രുവിനു പരിചയപ്പെടുത്തിയപ്പോൾ അച്ചു പറയുന്നുണ്ടായിരുന്നു: #sadlife. ശോകം നിറഞ്ഞ ഒരു കൂട്ടം ജീവിതങ്ങളെ ഓർമ്മപ്പെടുത്തിയതുതന്നെയാണ് സിനിമയുടെ ഏകനേട്ടം.

Labels: