ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, September 20, 2025

കഞ്ഞിക്കഥകൾ

കഞ്ഞിയെപ്പറ്റി വൃത്തത്തിൽ പറയാത്തവരാരുണ്ട്?
മണിയേഴുകഴിഞ്ഞു മോശമി-
പ്പണിപാൽക്കഞ്ഞി തണുത്തുചീത്തയായ്

എന്ന് വിയോഗിനി വൃത്തത്തിൽ ഉള്ളൂരും
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?

എന്ന് വസന്തതിലകം വൃത്തത്തിൽ ഉമേഷും പറഞ്ഞിട്ടുള്ളത് ഓർക്കുമല്ലോ.

ഉദ്ദണ്ഡശാസ്ത്രികൾ കഞ്ഞി സുന്ദരിയെപ്പോലെയാണെന്നു പറഞ്ഞതും മറക്കുന്നില്ല.

അതിനിടയിലാണ് നാടൻ ശീലുകളിൽ അഭിരമിച്ചിരുന്ന ശ്രീമാൻ Anjit Unni ഈയിടെ വൃത്തകുതുകിയായിച്ചമഞ്ഞത്. അദ്ദേഹം ഒരു പോസ്റ്റിൽ കഞ്ഞിസംബന്ധിയായ കമന്റിടുകയും സാന്ദ്രമായ പ്രോത്സാഹനം നല്കുന്നതിന്റെ ഭാഗമായി "കഞ്ഞീ കഞ്ഞീന്ന് പറഞ്ഞാൽ പോരാ. വൃത്തമൊക്കണം" എന്ന് ഈയുള്ളവൻ അഭിപ്രായപ്പെടുകയും ചെയ്തത്.

ഒട്ടും വൈകാതെവന്നൂ, അൻജിത്തിന്റെ കാവ്യം:
കലമതിലെജലമഖിലമതിലമരുമരിയും
അരിയചെറുപയറുതൻവറവുമൊരുമുളകും
അടപടലമുടലുടയും ചുട്ട പപ്പടവും
മൂപ്പിച്ചോരുള്ളിയിൽ തീർത്ത ചമ്മന്തിയു
അന്തിയ്ക്ക് മോന്തുവാൻ കഞ്ഞിയത്യുത്തമം.

ഒന്നാമതായി, ശ്ലോകം എന്നത് സാധാരണ നാല് വരിയാണ്. (അഞ്ചുവരിയുള്ള ഈ ശ്ലോകം വൃത്തത്തിൽ ഒപ്പിക്കാൻ നോക്കിയപ്പോൾ ഇത് സൌകര്യമായി. ഒരുവരി ഉപേക്ഷിക്കാമല്ലോ.)

രണ്ടാമതായി, വരികളിൽ മുഴുവൻ ലഘുക്കളുടെ (ഹ്രസ്വാക്ഷരങ്ങളുടെ) സമ്മേളനം. പതിനെട്ട് അക്ഷരമുള്ള ആദ്യവരിയിൽ അവസാന അക്ഷരമൊഴികെ പതിനേഴ് അക്ഷരവും ലഘു. ഇങ്ങനെ ഹ്രസ്വാക്ഷരങ്ങളുടെ ആധിക്യത്തിലല്ല നാം പൊതുവേ പറയുകയും പാടുകയും ചെയ്യുന്നത്. അതിനാൽ തന്നെ ലഘുക്കൾ അധികമായി ആവശ്യമായുള്ള വൃത്തങ്ങളിൽ ശ്ലോകം എഴുതുമ്പോൾ വൃത്തമൊപ്പിക്കാൻ വേണ്ടി നമ്മൾ മലയാളത്തിൽ അധികം പ്രയോഗത്തിലില്ലാത്ത വാക്കുകൾ തപ്പിയെടുത്ത് ഉപയോഗിക്കേണ്ടി വരുന്നു. പ്രയോഗങ്ങൾ മാറ്റേണ്ടിവരുന്നു. അപ്പോൾ Lathish Krishnan പറഞ്ഞതുപോലെ വായിക്കാൻ തന്നെ സമയമെടുക്കും!

ഉദാഹരണമായി, കലത്തിലെ എന്ന് എഴുതിയാൽ ല ഗുരുവാകും (ഇത് എങ്ങനെയെന്ന് അറിയാൻ ശ്ലോകരചനാ സഹായി വായിക്കുക) എന്നതിനാൽ സർവ്വതും ലഘുവാക്കാൻ കലമതിലെ എന്ന് എഴുതും. ഒരു വരിയ്ക്ക് പതിനാറും പതിനെട്ടും അക്ഷരങ്ങൾ വേണ്ടി വരുന്നതിനാൽ ജലത്തിൽ കിടക്കുന്ന അരി, ജലമഖിലം അതിൽ അമരുന്ന അരിയാവും. മൂന്നാംവരിയിലെത്തിയപ്പോൾ "ചുട്ട പപ്പടവും എന്നിടത്ത് ഒരു വൃത്തി പോരായ്ക തോന്നുന്നുണ്ട്" എന്ന് അൻജിത്ത് സമ്മതിക്കുന്നുണ്ട്. ഈ തോന്നലിനുള്ള കാരണം "ചുട്ട പപ്പടവും" എന്ന ഭാഗത്ത് ലഘുപ്രധാനമായ രചനാസാങ്കേതങ്ങളിൽ നിന്നും വ്യതിചലിച്ച് അൻജിത്ത് ഗുരുക്കളെ ഉപയോഗിച്ചു തുടങ്ങിയതാണ്. പക്ഷേ, അപ്പോൾ വൃത്തം തെറ്റുമല്ലോ. നാലും അഞ്ചും വരികളിൽ പിന്നെ ഒന്നും നോക്കാതെ, ഇന്നത്തെ മലയാളം പോലെ, ലഘു/ഗുരു പ്രളയമായിരുന്നു. അതിനാൽ ആ വരികൾ വായിച്ചെടുക്കാൻ അധികം പ്രയാസപ്പെടേണ്ടി വരുന്നില്ല.

അടുത്തപടി അൻജിത്തിന്റെ വാക്കുകളെ പരമാവധി പുനരുപയോഗം നടത്തി ഏതെങ്കിലും വൃത്തത്തിലാക്കാമോ എന്ന് നോക്കലാണ്. അങ്ങനെയാണ് പരിമളം എന്ന വൃത്തം കണ്ണിൽപ്പെടുന്നത്. പതിനാറക്ഷരമുള്ള പരിമളം വൃത്തത്തിൽ ആദ്യ പതിനഞ്ച് അക്ഷങ്ങളും ലഘു (ഹ്രസ്വം) ആണ്. ഈ പരിമിതാവസ്ഥ കാരണം ചുട്ടപപ്പടം, മൂപ്പിച്ച, ചമ്മന്തി, മോന്തുവാൻ അത്യുത്തമം എന്നീ വാക്കുകളൊന്നും പരിമളം വൃത്തത്തിലുള്ള ശ്ലോകത്തിൽ ഉപയോഗിക്കാനേ പറ്റില്ല. പപ്പടം വേണമെങ്കിൽ 'പ' ഒരു വരിയിലും 'പ്പട' അതിനടുത്ത വരിയിലുമൊക്കെയാക്കി കൊള്ളിക്കാം. എന്നാലും എളുപ്പമല്ല. അപ്പോൾ പിന്നെ ഒന്ന് ഉടച്ചുവാർക്കേണ്ടി വന്നു:
കലമതിലെ ജലധരയിലമരുമരിയും
ചെറുപയറുവറവു, മെരിയുമൊരു മുളകും
ഉടലുടയുമൊരു തലിതതകിടു സഹിതം
ദിനമൊടുവിലിദമദനമൊരധികസുഖം!

ഇങ്ങനെ എഴുതുമ്പോഴാണ് അടിക്കുറിപ്പുകൾ വേണ്ടി വരുന്നത്. അടിക്കുറിപ്പുകളില്ലാതെ എഴുതിയ കാര്യം ആൾക്കാർക്ക് മനസ്സിലാവില്ല. ശ്ലോകം ജനകീയമാകാതിരിക്കാനുള്ള പ്രധാനകാരണവും ഇതുതന്നെ.

തലിത - വറുത്തത്
തകിട് - Disk (പപ്പടം ഒരു ഡിസ്ക് പോലെ ആണല്ലോ! :))
ദിനമൊടുവിൽ - ദിവസത്തിന്റെ അവസാനം, അന്തിയിൽ
ഇദം - ഇപ്രകാരം
അദനം - ഭക്ഷണം

അതാ പറയുന്നത്, ഒരിക്കലും പരിമളം വൃത്തത്തിൽ എഴുതരുതെന്ന്. കൂട്ടത്തിൽ പറയട്ടേ, പരിമളം വൃത്തത്തിന്റെ വിക്കി ലിങ്കിൽ വൃത്തലക്ഷണം തെറ്റിയാണ് കൊടുത്തിട്ടുള്ളത്. വിക്കിയിൽ "ഭം സനനഭഗം ഗമിഹ വരികിലോ പരിണാമം" എന്നാണ്, ഇത് പരിണാമം എന്ന വൃത്തത്തിന്റെ ലക്ഷണമാണ്. പരിമളം വൃത്തലക്ഷണം "നനനനന ഗുരുവതു പരിമളമാം" എന്നാണ്.

അപ്പോൾ, അന്തിയ്ക്ക് അത്യുത്തമമായ കഞ്ഞി പരിമളത്തോടെ മോന്തുവാൻ എല്ലാവർക്കും ആശംസകൾ!

Labels: ,

0 Comments:

Post a Comment

<< Home