ശ്രീ. സന്തോഷ് തോട്ടിങ്ങലിന്‍റെ പേരുവച്ചു് നവംബർ മാസം ജനപഥത്തിൽ അച്ചടിച്ചുവന്ന യൂണികോഡ്: മലയാളത്തിന് സംഭവിക്കുന്നതെന്ത്? എന്ന ലേഖനത്തിലെ വളരെച്ചെറിയ ഒരു ഖണ്ഡികയാണു് ഈ പോസ്റ്റിനു് ആധാരം.

ലേഖനത്തിന്‍റെ മറ്റുഭാഗങ്ങളെപ്പറ്റി അഭിപ്രായം പറയാതെ ഇക്കാര്യം മാത്രം പറയുന്നതു് ഈ ഖണ്ഡികയിൽ മൈക്രോസോഫ്റ്റ് വിരോധം മൂലം സംഭവിച്ചുപോയ ചില തെറ്റുകൾ ചൂണ്ടിക്കാട്ടാനാണു്. (കുത്തക ഫോണ്ട്, മോശപ്പെട്ട ഫോണ്ട്, മൈക്രോസോഫ്റ്റ് പ്രതിനിധികൾ, എന്നൊക്കെ പെരുപ്പിച്ചു് പറഞ്ഞു് വായനക്കാരനെ ഇക്കിളിയിടാൻ ലേഖനം ഉപകരിക്കുന്നുണ്ടു് എന്നു മാത്രം പറഞ്ഞു വയ്ക്കുന്നു.)
ഒന്നാമതു്, കാർത്തിക ഫോണ്ടുപയോഗിച്ചു് ന്‍റ എന്നെഴുതിയാൽ ന്റ എന്നേ കാണുള്ളൂ എന്നതു് തെറ്റു്. അറ്റോമിക് ചില്ലിനു മുമ്പുള്ള (ലേഖകൻ പറയുന്ന 5.1 പതിപ്പിനു മുമ്പുള്ള) ഈ സ്ക്രീന്‍ ഷോട്ട് നോക്കുക.

രണ്ടാമതു്, പ്രസ്തുത യൂണികോഡ് മീറ്റിംഗിൽ മൈക്രോസോഫ്റ്റ് ‘പ്രതിനിധികൾ’ ഉണ്ടായിരുന്നില്ല. മൈക്രോസോഫ്റ്റിനെ പ്രതിനിധീകരിച്ചു് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മൂന്നാമതു്, “അവരുടെ ഫോണ്ട് നിലവിൽ ന്‍റ എന്നെഴുതിയാൽ ന്റ എന്നു കാണിക്കുന്നതുകൊണ്ടു്” എന്ന നിരീക്ഷണം ശരിയല്ല (എന്നു് മുകളിൽ കണ്ടതാണല്ലോ).
നാലാമതു്, മുകളിൽപ്പറഞ്ഞ പ്രകാരം മൈക്രോസോഫ്റ്റ് പ്രതിനിധികൾ ആവശ്യപ്പെടുകയും യൂണികോഡ് അതങ്ങു് അംഗീകരിക്കുകയും ചെയ്തതല്ല. [എഡിറ്റ്: ഇനി പറയുന്ന വാചകം ശരിയല്ല. യൂണികോഡ് മീറ്റിംഗില്‍ വോട്ടെടുപ്പു് ഉണ്ടായിട്ടില്ല. സമവായത്തിലൂടെയാണു് തീരുമാനമായതു്.] ഒന്നിനെതിരേ മൂന്നു വോട്ടുകൾക്കാണു് ൻ + ് + റ എന്നതു് അംഗീകരിക്കപ്പെട്ടതു്. അതിൽത്തന്നെ ആദ്യ രണ്ടു വോട്ടുകൾ മൈക്രോസോഫ്റ്റിന്‍റേതായിരുന്നില്ല.
അഞ്ചാമതു്, “എന്നാണു് അറിയാന്‍ കഴിഞ്ഞതു്” എന്നതു് രസകരമായ രക്ഷാകവാടമാണു്. അതായതു് “ഞാൻ അന്വേഷിച്ചുമനസ്സിലാക്കിയിടത്തോളം” എന്നു് വായനക്കാർ അനുമാനിക്കുക. “അന്വേഷിക്കാതെ ഊഹിച്ചിടത്തോളം” എന്നു് അനുമാനിക്കാതിരിക്കുക.
പത്തു വാചകങ്ങൾ പോലും തികച്ചില്ലാത്ത ഒരു ഖണ്ഡികയിലാണു് നാലോളം ഫാക്ച്വൽ തകരാറുകൾ നിറഞ്ഞു നിൽക്കുന്നതു്. ഇപ്പറഞ്ഞ യൂണികോഡ് മീറ്റിംഗിൽ പങ്കെടുത്തിട്ടൊന്നുമല്ല ഞാനും ഇക്കാര്യം എഴുതി വിടുന്നതു്. എന്നാൽ എനിക്കു് “ആധികാരികമായി അറിയാൻ കഴിഞ്ഞതു്” ഇപ്രകാരമാണു്.
(കുറിപ്പു്: ഞാൻ മൈക്രോസോഫ്റ്റ് ജീവനക്കാരനല്ല; മൈക്രോസോഫ്റ്റിനെ പ്രതിനിധാനം ചെയ്യുന്നുമില്ല.)