ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, July 24, 2026

𝑇ℎ𝑒𝑛 𝑡ℎ𝑒𝑦 𝑐𝑎𝑚𝑒 𝑓𝑜𝑟 𝑚𝑒

സ്ഥിതിസ്സമത്വവാദിയല്ല, ജൂതവർഗ്ഗമല്ല ഞാൻ
കടുത്തവേല ചെയ്തിടുന്ന 'കൂലി'യൊട്ടുമല്ല ഞാൻ
ഇവർക്കു പീഡയേറ്റനാളനങ്ങിയില്ല തീർച്ച, ഞാ-
നെനിക്കു കഷ്ടകാലമായ്, തുണയ്ക്കൊരാളുമില്ലയോ?

(പഞ്ചചാമരം)

Labels: ,

Saturday, July 18, 2026

കേമൻ സതീശൻ!

വി. ഡി. സതീശൻ പതിനഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് പ്രീഡിഗ്രിക്ക് ചേർന്നു എന്ന വാദം അസാദ്ധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല.

അക്കാലത്ത് സ്കൂളിൽ ചേർക്കുമ്പോൾ ജനനത്തീയതി ഏപ്രിൽ അല്ലെങ്കിൽ മേയ് മാസത്തിലേക്ക് മാറ്റി രേഖപ്പെടുത്തുന്നത് അസാധാരണമല്ലായിരുന്നു. ഒന്നാം ക്ലാസിൽ പ്രവേശിക്കാൻ മേയ് 31-നകം അഞ്ച് വയസ്സ് തികഞ്ഞിരിക്കണം എന്ന നിബന്ധന പാലിക്കാൻ (എന്റേതുൾപ്പെടേ) ജനനത്തീയതി തിരുത്തി രേഖപ്പെടുത്തിയിരുന്നു.

അതുകൊണ്ട്, വി. ഡി. സതീശന്റെ യഥാർത്ഥ ജനനത്തീയതി ജൂൺ മാസത്തിനുശേഷമുള്ള ഏതെങ്കിലും മാസത്തിലായിരിക്കാം എന്ന സാദ്ധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ ഔദ്യോഗിക രേഖകൾ പ്രകാരം അദ്ദേഹത്തിന് പതിനഞ്ച് വയസ്സ് കഴിഞ്ഞതായി കാണിച്ചാലും, യഥാർത്ഥ പതിനഞ്ചാം ജന്മദിനം പ്രീഡിഗ്രി ക്ലാസുകൾ ആരംഭിച്ചതിന് ശേഷമായിരിക്കാം വന്നത്.

പക്ഷേ, ശ്ലോകമെഴുതുന്നവന് എന്ത് സംക്രാന്തി!
അഞ്ചാംവയസ്സിൽ ചെവികുത്തി, പയ്യ-
ന്നേഴാംവയസ്സി, ല്ലെഴുതാൻ പഠിച്ചൂ!
പത്താംവയസ്സിൽ നുണയും ഹൃദിസ്ഥം,
പ്രീഡിഗ്രി ചേരും പതിനാലിലല്ലോ!

(ഇന്ദ്രവജ്ര)

Labels: ,

Wednesday, July 08, 2026

ആഗ്രഹം

വെറുപ്പുവിറ്റു ജീവിതം കഴിച്ചിടും നരാധമർ
വെറുത്തു പോകുവോളമുഗ്ര ഗോളുകൾ പിറക്കണം
നിറം കറുത്തുപോകയാൽത്തെറിക്കു പാത്രമായവർ
പുറത്തെടുത്ത പാടവപ്രഭാംശുവിൽത്തിളങ്ങണം!

(പഞ്ചചാമരം)

Labels: ,

Saturday, July 04, 2026

മെസി

ഇന്നലത്തെ കളി കണ്ടതോടെ ഉറപ്പിച്ചു: ഇത് ഇനിയും പോസ്റ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ "കവിത" എഴുതാൻ പറ്റിയില്ലെങ്കിലോ?
ബീനയ്ക്കു കമ്പമതിശോഭയെഴുന്ന വേഷം
ഷീനയ്ക്കു വേണ്ടതു പണം, സുനിതയ്ക്കു പേരും.
റ്റീനയ്ക്കു കീർത്തി, മിശിഹാമെസി വാഴുമർജ്ജ-
ന്റീനയ്ക്കു മോഹമൊഴിയാ മിഴി ലോകകപ്പിൽ!

(വൃത്തം: വസന്തതിലകം)

Labels: ,

Monday, May 18, 2026

മനുഷ്യനും ദൈവങ്ങളും

ഹതാശനാം രമേശനും നിരാശനായ വേണുവും
സതീശനാൽപ്പഠിച്ച പാഠമെന്തതെന്നു ചൊല്ലുമോ?
സദാ വിളങ്ങിയഗ്നിയായ്പ്പടർന്ന ദേവനായകർ-
ക്കതും മനുഷ്യനാലഹോ പരാജയം സുനിശ്ചിതം!

(വൃത്തം: പഞ്ചചാമരം. ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും.)

അല്പം ക്രിപ്റ്റിക് ആയതുകൊണ്ട് വിശദീകരണം വേണ്ടിവരും! 😀

രമേശൻ = രമയുടെ ഭർത്താവ്, വിഷ്ണു.
വേണുഗോപാൽ = കൃഷ്ണൻ, വിഷ്ണുവിന്റെ അവതാരം.
സതീശൻ = സതി (സാധ്വിയായ സ്ത്രീ) യുടെ ഭർത്താവ് (സാധാരണ മനുഷ്യൻ).

Labels: ,

Sunday, May 10, 2026

ആർസിയുടെ യോഗം

കേസിയും വീഡിയും കേമരായ്ത്തീരവേ
ആർസിതന്നാർത്തി തീർന്നാർസനിക് മോന്തുമോ?
കേസരീയോഗവും രാശിയും ചേർന്നു വ-
ന്നീസിയായ് കേരളം വാഴുമാറാവുമോ?

(വൃത്തം: സ്രഗ്വിണി, സ്രഗ്വിണിക്കോ ഗണം നാലു രം താനതും)

Labels: ,

Thursday, April 30, 2026

ആൽ ഗോറും ഹിലാരി ക്ലിന്റനും

മൂന്നു മേയ് രാത്രിതൻ മൂകയാമങ്ങളിൽ
കേസിയും വീഡിയും ചെയ്‌വതെന്താവണം?
ഗോറിനെപ്പോലൊരാൾ ബോറനായ് മാറുമോ,
ക്ലിന്റനായ് മറ്റെയാൾ സ്വപ്നവും കാണുമോ?

(വൃത്തം: സ്രഗ്വിണി, സ്രഗ്വിണിക്കോ ഗണം നാലു രം താനതും)

Labels: ,

Sunday, March 01, 2026

സഞ്ജു സാംസൺ

ശല്യ നായകനുരച്ച വാക്കുകൾ*
പുല്ലുപോലെ കരുതിക്കളിച്ചവൻ
മഞ്ഞണിഞ്ഞ നിശയിൽക്കരുത്തനായ്
സഞ്ജു സാംസ, ണവനാണു വല്ലഭൻ!
* Link

(വൃത്തം: രഥോദ്ധത)

Labels: ,

Saturday, February 28, 2026

ഹൃദിസ്ഥമീശ്വരം ത്യക്ത്വാ

ചങ്കിൽപ്പടച്ചോൻ കുടികെട്ടിയാലും
ബിംബം നമിക്കാനുഴലുന്നു, ലോകർ!
കൈപ്പിന്നിലൊട്ടും ചെറുവറ്റു നക്കാൻ
കയ്യും കമഴ്ത്തിക്കളയുന്നു ഭോജ്യം!

(വൃത്തം: ഇന്ദ്രവജ്ര)

സംസ്കൃതത്തിൽ ശ്ലോകം ഈ മാതിരിയെന്ന് ChatGPT:
ഹൃദിസ്ഥമീശ്വരം ത്യക്ത്വാ
ബഹിഃപൂജാം കരോതി യഃ
കരസ്ഥം പായസം ത്യക്ത്വാ
ലിഹദ്വൈ കൂർപരം സ്വകം

(വൃത്തം: പത്ഥ്യാവക്ത്രം)

Labels: , , ,

Saturday, February 14, 2026

പുതിയ കടമ്പകൾ

(‘കടമ്പകൾ’ എന്നപേരിൽ 2009-ലും ‘വീണ്ടും കടമ്പകൾ’ എന്ന തലക്കെട്ടോടെ 2020-ലും സമ്മത വൃത്തത്തിൽ ശ്ലോകങ്ങൾ എഴുതിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ ‘പുതിയ കടമ്പകൾ.’ ഇതും സമ്മത വൃത്തത്തിൽത്തന്നെ. Happy Valentine’s Day!)
കുസുമമേകിയാൽ പുത്രി വാങ്ങിടും
കസവു നല്കിലും കിം ഫലം, പ്രിയേ!
കനകവും, മുദാ, മോൾ കവർന്നിടും
കനവു ചേർത്ത നൽ മദ്യമേ, തുണ!

Labels: ,

Friday, December 19, 2025

ഉൾത്താരു കത്തുന്നു മേ!

ഇന്നത്തെക്കാലത്ത് സ്രഗ്വിണി വൃത്തത്തിൽ എഴുതാൻ പഠിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു ശ്ലോകം:
താരരാ താരരാ രണ്ടു നേരം വരാൻ
രം ഗണം നാലുപേർ വേണമെല്ലായ്പ്പൊഴും:
പോറ്റിയേ കേറ്റിയേ ചേർത്തു കൊണ്ടുള്ളൊരാ
വാർത്തകേൾക്കുമ്പൊഴുൾത്താരു കത്തുന്നു മേ!

(നടുവത്തച്ഛൻ നമ്പൂതിരിയുടെ ഭഗവദ്ദൂത്‌ നാടകം കൃതിയിൽ നിന്നാണ് "ഉൾത്താരു കത്തുന്നു മേ" പ്രശസ്തിയാർജ്ജിച്ചത്. ഉൾത്താരു കത്തുന്നു മേ എന്ന അക്ഷരങ്ങളിൽ അവസാനിക്കുന്ന രീതിയിൽ [ഉദാഹരണത്തിന്: സമസ്യാപൂരണം] ഒമ്പത് വൃത്തങ്ങളിൽ ശ്ലോകാമെഴുതാം.)
  1. കുമാരി (11 അക്ഷരം, "ഉൾത്താരു കത്തുന്നു മേ!" 5-11 വരെ)
  2. സ്രഗ്വിണി (12 അക്ഷരം, 6-12 വരെ)
  3. ഉർവ്വശി (13 അക്ഷരം, 7-13 വരെ)
  4. ക്ഷമ (13 അക്ഷരം, 7-13 വരെ)
  5. ചന്ദ്രരേഖ (15 അക്ഷരം, 9-15 വരെ)
  6. അലസ (18 അക്ഷരം, 12-18 വരെ)
  7. ശാർദ്ദൂലവിക്രീഡിതം (19 അക്ഷരം, 13-19 വരെ)
  8. മത്തേഭവിക്രീഡിതം (20 അക്ഷരം, 14-20 വരെ)
  9. വിലാസിനി (24 അക്ഷരം, 18-24 വരെ)
(വൃത്തം: സ്രഗ്വിണി)

Labels: ,

Tuesday, November 11, 2025

കൂടും തോറും കൂടും!

വീര്യം കൂടും മദ്യം, കണ്ടിട്ടും കാണാതാവും കണ്ണും,
കാര്യം കേൾക്കാക്കാതും, നിത്യം വന്നീടുന്നോർമ്മത്തെറ്റും
ചേരുംനേരം ദാമ്പത്യം തല്ലിത്തീരാതാകും, കേൾക്കൂ:
നേരാംരാഗം കൊല്ലം കൂടും തോറും കൂടും, കട്ടായം!

വൃത്തം: കാമക്രീഡ

Labels: ,

Tuesday, September 23, 2025

വീണപൂവിന്റെ ഗതി

As Kumaran Asan, the great poet, reformer, and philosopher once wrote in Chinthavishtayaya Seetha:
ബന്ധുരമാകും ചിന്തകളാലേ
സന്ധ്യയിലന്നും സീതവിതുമ്പീ,
'വിഷ്ട'യുടർത്ഥം തേടിയലഞ്ഞൂ
ദുഷ്ടതയേറും പണ്ഡിതവർഗ്ഗം!

"Seetha did not merely dwell on her plight; she gazed, and beheld the endless vista of possibilities!"

(കുമാരനാശാൻ ആദ്യമായി ചമ്പകമാലയിൽ എഴുതിയ ശ്ലോകമാണിത്. ചിന്താ-വിഷ്ട-യായ സീതയിൽ നിന്നും.)

* * * * * *

ദാദാ സാഹേബ് ഫാൽക്കേ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ കുമാരനാശാന്റേത് എന്നപേരിൽ പറഞ്ഞ വരികൾ
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിതു
  1. ഈ വരികൾ വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ ഇല്ല.
  2. ഈ വരികൾക്ക് വൃത്തവും ചതുരവും ഒന്നുമില്ല. വീണപൂവ് വസന്തതിലകത്തിൽ ആണ് എഴുതിയിരിക്കുന്നത്.
ഇനി,

"This flower did not merely fall into the dust, it lived a life of beauty."

'ചിതയിലാഴ്ന്നു പോയതുമല്ലോ' എന്ന വരികളുടെ ഈ പരിഭാഷ അത്ര നന്നായുമില്ല.

Labels: , , , , ,

Saturday, September 20, 2025

കഞ്ഞിക്കഥകൾ

കഞ്ഞിയെപ്പറ്റി വൃത്തത്തിൽ പറയാത്തവരാരുണ്ട്?
മണിയേഴുകഴിഞ്ഞു മോശമി-
പ്പണിപാൽക്കഞ്ഞി തണുത്തുചീത്തയായ്

എന്ന് വിയോഗിനി വൃത്തത്തിൽ ഉള്ളൂരും
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?

എന്ന് വസന്തതിലകം വൃത്തത്തിൽ ഉമേഷും പറഞ്ഞിട്ടുള്ളത് ഓർക്കുമല്ലോ.

ഉദ്ദണ്ഡശാസ്ത്രികൾ കഞ്ഞി സുന്ദരിയെപ്പോലെയാണെന്നു പറഞ്ഞതും മറക്കുന്നില്ല.

അതിനിടയിലാണ് നാടൻ ശീലുകളിൽ അഭിരമിച്ചിരുന്ന ശ്രീമാൻ Anjit Unni ഈയിടെ വൃത്തകുതുകിയായിച്ചമഞ്ഞത്. അദ്ദേഹം ഒരു പോസ്റ്റിൽ കഞ്ഞിസംബന്ധിയായ കമന്റിടുകയും സാന്ദ്രമായ പ്രോത്സാഹനം നല്കുന്നതിന്റെ ഭാഗമായി "കഞ്ഞീ കഞ്ഞീന്ന് പറഞ്ഞാൽ പോരാ. വൃത്തമൊക്കണം" എന്ന് ഈയുള്ളവൻ അഭിപ്രായപ്പെടുകയും ചെയ്തത്.

ഒട്ടും വൈകാതെവന്നൂ, അൻജിത്തിന്റെ കാവ്യം:
കലമതിലെജലമഖിലമതിലമരുമരിയും
അരിയചെറുപയറുതൻവറവുമൊരുമുളകും
അടപടലമുടലുടയും ചുട്ട പപ്പടവും
മൂപ്പിച്ചോരുള്ളിയിൽ തീർത്ത ചമ്മന്തിയു
അന്തിയ്ക്ക് മോന്തുവാൻ കഞ്ഞിയത്യുത്തമം.

ഒന്നാമതായി, ശ്ലോകം എന്നത് സാധാരണ നാല് വരിയാണ്. (അഞ്ചുവരിയുള്ള ഈ ശ്ലോകം വൃത്തത്തിൽ ഒപ്പിക്കാൻ നോക്കിയപ്പോൾ ഇത് സൌകര്യമായി. ഒരുവരി ഉപേക്ഷിക്കാമല്ലോ.)

രണ്ടാമതായി, വരികളിൽ മുഴുവൻ ലഘുക്കളുടെ (ഹ്രസ്വാക്ഷരങ്ങളുടെ) സമ്മേളനം. പതിനെട്ട് അക്ഷരമുള്ള ആദ്യവരിയിൽ അവസാന അക്ഷരമൊഴികെ പതിനേഴ് അക്ഷരവും ലഘു. ഇങ്ങനെ ഹ്രസ്വാക്ഷരങ്ങളുടെ ആധിക്യത്തിലല്ല നാം പൊതുവേ പറയുകയും പാടുകയും ചെയ്യുന്നത്. അതിനാൽ തന്നെ ലഘുക്കൾ അധികമായി ആവശ്യമായുള്ള വൃത്തങ്ങളിൽ ശ്ലോകം എഴുതുമ്പോൾ വൃത്തമൊപ്പിക്കാൻ വേണ്ടി നമ്മൾ മലയാളത്തിൽ അധികം പ്രയോഗത്തിലില്ലാത്ത വാക്കുകൾ തപ്പിയെടുത്ത് ഉപയോഗിക്കേണ്ടി വരുന്നു. പ്രയോഗങ്ങൾ മാറ്റേണ്ടിവരുന്നു. അപ്പോൾ Lathish Krishnan പറഞ്ഞതുപോലെ വായിക്കാൻ തന്നെ സമയമെടുക്കും!

ഉദാഹരണമായി, കലത്തിലെ എന്ന് എഴുതിയാൽ ല ഗുരുവാകും (ഇത് എങ്ങനെയെന്ന് അറിയാൻ ശ്ലോകരചനാ സഹായി വായിക്കുക) എന്നതിനാൽ സർവ്വതും ലഘുവാക്കാൻ കലമതിലെ എന്ന് എഴുതും. ഒരു വരിയ്ക്ക് പതിനാറും പതിനെട്ടും അക്ഷരങ്ങൾ വേണ്ടി വരുന്നതിനാൽ ജലത്തിൽ കിടക്കുന്ന അരി, ജലമഖിലം അതിൽ അമരുന്ന അരിയാവും. മൂന്നാംവരിയിലെത്തിയപ്പോൾ "ചുട്ട പപ്പടവും എന്നിടത്ത് ഒരു വൃത്തി പോരായ്ക തോന്നുന്നുണ്ട്" എന്ന് അൻജിത്ത് സമ്മതിക്കുന്നുണ്ട്. ഈ തോന്നലിനുള്ള കാരണം "ചുട്ട പപ്പടവും" എന്ന ഭാഗത്ത് ലഘുപ്രധാനമായ രചനാസാങ്കേതങ്ങളിൽ നിന്നും വ്യതിചലിച്ച് അൻജിത്ത് ഗുരുക്കളെ ഉപയോഗിച്ചു തുടങ്ങിയതാണ്. പക്ഷേ, അപ്പോൾ വൃത്തം തെറ്റുമല്ലോ. നാലും അഞ്ചും വരികളിൽ പിന്നെ ഒന്നും നോക്കാതെ, ഇന്നത്തെ മലയാളം പോലെ, ലഘു/ഗുരു പ്രളയമായിരുന്നു. അതിനാൽ ആ വരികൾ വായിച്ചെടുക്കാൻ അധികം പ്രയാസപ്പെടേണ്ടി വരുന്നില്ല.

അടുത്തപടി അൻജിത്തിന്റെ വാക്കുകളെ പരമാവധി പുനരുപയോഗം നടത്തി ഏതെങ്കിലും വൃത്തത്തിലാക്കാമോ എന്ന് നോക്കലാണ്. അങ്ങനെയാണ് പരിമളം എന്ന വൃത്തം കണ്ണിൽപ്പെടുന്നത്. പതിനാറക്ഷരമുള്ള പരിമളം വൃത്തത്തിൽ ആദ്യ പതിനഞ്ച് അക്ഷങ്ങളും ലഘു (ഹ്രസ്വം) ആണ്. ഈ പരിമിതാവസ്ഥ കാരണം ചുട്ടപപ്പടം, മൂപ്പിച്ച, ചമ്മന്തി, മോന്തുവാൻ അത്യുത്തമം എന്നീ വാക്കുകളൊന്നും പരിമളം വൃത്തത്തിലുള്ള ശ്ലോകത്തിൽ ഉപയോഗിക്കാനേ പറ്റില്ല. പപ്പടം വേണമെങ്കിൽ 'പ' ഒരു വരിയിലും 'പ്പട' അതിനടുത്ത വരിയിലുമൊക്കെയാക്കി കൊള്ളിക്കാം. എന്നാലും എളുപ്പമല്ല. അപ്പോൾ പിന്നെ ഒന്ന് ഉടച്ചുവാർക്കേണ്ടി വന്നു:
കലമതിലെ ജലധരയിലമരുമരിയും
ചെറുപയറുവറവു, മെരിയുമൊരു മുളകും
ഉടലുടയുമൊരു തലിതതകിടു സഹിതം
ദിനമൊടുവിലിദമദനമൊരധികസുഖം!

ഇങ്ങനെ എഴുതുമ്പോഴാണ് അടിക്കുറിപ്പുകൾ വേണ്ടി വരുന്നത്. അടിക്കുറിപ്പുകളില്ലാതെ എഴുതിയ കാര്യം ആൾക്കാർക്ക് മനസ്സിലാവില്ല. ശ്ലോകം ജനകീയമാകാതിരിക്കാനുള്ള പ്രധാനകാരണവും ഇതുതന്നെ.

തലിത - വറുത്തത്
തകിട് - Disk (പപ്പടം ഒരു ഡിസ്ക് പോലെ ആണല്ലോ! :))
ദിനമൊടുവിൽ - ദിവസത്തിന്റെ അവസാനം, അന്തിയിൽ
ഇദം - ഇപ്രകാരം
അദനം - ഭക്ഷണം

അതാ പറയുന്നത്, ഒരിക്കലും പരിമളം വൃത്തത്തിൽ എഴുതരുതെന്ന്. കൂട്ടത്തിൽ പറയട്ടേ, പരിമളം വൃത്തത്തിന്റെ വിക്കി ലിങ്കിൽ വൃത്തലക്ഷണം തെറ്റിയാണ് കൊടുത്തിട്ടുള്ളത്. വിക്കിയിൽ "ഭം സനനഭഗം ഗമിഹ വരികിലോ പരിണാമം" എന്നാണ്, ഇത് പരിണാമം എന്ന വൃത്തത്തിന്റെ ലക്ഷണമാണ്. പരിമളം വൃത്തലക്ഷണം "നനനനന ഗുരുവതു പരിമളമാം" എന്നാണ്.

അപ്പോൾ, അന്തിയ്ക്ക് അത്യുത്തമമായ കഞ്ഞി പരിമളത്തോടെ മോന്തുവാൻ എല്ലാവർക്കും ആശംസകൾ!

Labels: ,

Thursday, September 18, 2025

കൈപ്പുണ്യമല്ല പാചകം

ഇത്തവണ കുറച്ചധികം മുന്തിരി ഉണ്ടായതുകാരണം വൈൻ ഉണ്ടാക്കാൻ തീരുമാനിച്ചു. പാചകവിധികൾ തപ്പിനോക്കുമ്പോൾ പലതും പിടിപ്പതു പണിയുള്ളവ. ഗത്യന്തരമില്ലാതെ, ലക്ഷ്മി നായരുടെ വീഡിയോ മ്യൂട്ട് ചെയ്ത് കണ്ടു. ഏറ്റവും പണി കുറവുള്ള ഏർപ്പാട്. ലോംഗ് സ്റ്റോറി ഷോർട്ട്, ലഹരി തുളുമ്പുന്ന വീഞ്ഞ്‌ റെഡി. ഒന്നുരുചിച്ചു നോക്കിയിട്ട് സ്വയംതോളത്തു തട്ടി "കൈപ്പുണ്യമല്ല പാചകം" എന്നു മനസ്സിൽപ്പറഞ്ഞു. മനസ്സിൽപ്പാതി പറഞ്ഞാൽ ശ്ലോകത്തിൽ മുഴുവൻ പറയണമല്ലോ. ഹരിച്ചും ഗുണിച്ചും നോക്കിയപ്പോൾ നാരാചിക എന്ന വൃത്തത്തിൽ കൊള്ളും കൈപ്പുണ്യമല്ല പാചകം എന്ന അക്ഷരക്കൂട്ടം.

നാരാചിക എന്നാൽ നാരാചി ആണു പോലും. നാരാചി എന്നാലോ സ്വർണ്ണം തൂക്കുന്ന ത്രാസ്സ്. The wine is worth its weight in gold എന്നുകൂടി പറഞ്ഞുവച്ചാൽ എല്ലാം തികഞ്ഞു.
പാകത്തിലുപ്പു തൂവണം,
വേഗത്തിലങ്ങു തീർക്കണം
ഈ രണ്ടുമെന്നുമോർക്കണം:
കൈപ്പുണ്യമല്ല പാചകം!

വൃത്തം: നാരാചിക
ലക്ഷണം: നാരാചികാ ത രം ല ഗം

Labels: ,

Friday, September 05, 2025

ഏതു മൂഡ്?

ഇതേതു മൂഡെന്ന ചോദ്യത്തിനൊപ്പം
നതാംഗിമാർ തീർത്തിടും ദൃശ്യസദ്യ
അതാണുപോലിൻസ്റ്റയിൽ വൈറലിപ്പോൾ
ഹതാശനാവില്ല, യീയോണവും ഞാൻ!

(വൃത്തം: കേരളി. ലക്ഷണം: ജതം തഗം ഗം വരും കേരളിക്ക്. കേരളി വൃത്തത്തിൽ ഇതിനുമുമ്പ് ആരെങ്കിലും ശ്ലോകം രചിച്ചിട്ടുണ്ടോ എന്ന് അറിയില്ല. വൃത്തമഞ്ജരിയിൽ ഉദാഹരണങ്ങൾ ഒന്നുമില്ല.)

Labels: ,

Tuesday, September 02, 2025

നടുപ്പേജു കീറി

സിതാരാ കൃഷ്ണകുമാറും Dabzee-യും ചേർന്ന് 11 പ്രാവശ്യം നടുപ്പേജു കീറിയകാര്യം ഇൻസ്റ്റവഴി നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.

ഒറിജിനൽ വരികൾ പകുതിയും വാക്കുകൾ കൊണ്ടുള്ള കളിയാണ് (wordplay). അതല്ല കാര്യം. ഇൻസ്റ്റയിലെ കമന്റുകളാണ് ഹൈലൈറ്റ്.

ചില സാമ്പിളുകൾ:
"കീറിയത് കീറി... രണ്ടുപേരും കൂടി പുതിയ ബുക്ക്‌ മേടിച്ച് ബാക്കി വരി എഴുതാൻ നോക്ക്..."
"ഇതിലും എത്രയോ ഭേദം ആയിരുന്നു നിറം സിനിമയിലെ പ്രകാശ്, പേജ് പറന്നു പോയിട്ടും അയാള് മൂളി അഡ്ജസ്റ്റ് ചെയ്തു പരാതി ഒന്നും പറഞ്ഞു നടന്നില്ല."

ഇത്രയുമായ സ്ഥിതിക്ക് ഒരു ശ്ലോകം നിർബന്ധമാണ്.
നടുപ്പേജു കീറിപ്പറക്കുന്നനേരം
നടുക്കം നടിക്കാതെ പാടിത്തകർത്തൂ
മിടുക്കൻ കിടാങ്ങൾ മടിക്കാതെയെത്തീ
കിടുക്കം കമന്റാൽ ചിരിപ്പിച്ചു കൊല്ലാൻ!

(വൃത്തം: ഭുജംഗപ്രയാതം. ലക്ഷണം: യകാരങ്ങൾ നാലോ ഭുജംഗപ്രയാതം)

Labels: ,

Monday, September 01, 2025

ലോകഃ

മലയാളത്തിൽ/സംസ്കൃതത്തിൽ ലോകഃ എന്ന് എഴുതുന്നത് ഇംഗ്ലീഷിൽ ആക്കുമ്പോൾ Lokah എന്നുമാത്രം മതി, അതുകഴിഞ്ഞുള്ള colon (:) ആവശ്യമില്ല. മലയാളത്തിൽ അപൂര്‍ണവിരാമമോ (:) വിസ്സർഗ്ഗമോ (ഃ) ഉപയോഗിക്കാം. രണ്ടും രണ്ടുകാര്യങ്ങളാണ് അർത്ഥമാക്കുന്നത് എന്നുമാത്രം.

റിവ്യൂ എഴുതി വച്ചിട്ടാണ് ലോകഃ കാണാൻ പോയത്. കണ്ടുകഴിഞ്ഞപ്പോൾ എഴുതിവച്ച അഭിപ്രായമായിരുന്നില്ല. അതിനാൽ രണ്ടാമത് വീണ്ടും എഴുതി. മകളുടെ അഭിപ്രായപ്രകാരം ആക്ടീവ് എൻഡോഴ്സ്മെന്റ് തന്നെ ആയിക്കോട്ടേ എന്നുവച്ചു.

കാണുംമുമ്പ് എഴുതിയത്:
മിണ്ടാതെ കണ്ടാൽ സുകൃതം ലഭിക്കും
മിണ്ടിപ്പറഞ്ഞാലടിയും സമൃദ്ധം!
ലോകാവസാനം വരെയും ജപിക്കാം:
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!

കണ്ടുകഴിഞ്ഞ് എഴുതിയത്:
നീലാംബരത്തോളമുയർന്നു പൊങ്ങീ
നീലീതരംഗം വിപിനാഗ്നി പോലേ
ഈ ലോകമാകെപ്പടരുന്നു ശീഘ്രം
മാലോകരേ, കാണുക ചന്ദ്രലോകം!

(രണ്ടു ശ്ലോകങ്ങളും ഇന്ദ്രവജ്രയിൽ)

Labels: , ,

Sunday, August 31, 2025

ഫലമുഖിയും ടിട്ടിഭനടനവും

നാലഞ്ചു ദിവസം മുമ്പ് ശ്രീമാൻ Anjit Unni അതികഠിനമായ പ്രയാസങ്ങളെ തരണം ചെയ്ത് ഓണസദ്യ തയ്യാറാക്കിയതായി പ്രഖ്യാപിച്ചിരുന്നു. താൻ സാധാരണ ആശ്രയിക്കാറുള്ള നാടൻ ശീലുകളിൽ നിന്നും മാറ്റിപ്പിടിച്ച് സ്വയം കണ്ടുപിടിച്ച ടിട്ടിഭനടനം എന്ന വൃത്തത്തിൽ സദ്യയുണ്ടാക്കുന്ന രീതി അദ്ദേഹം ഒരു ശ്ലോകമായി അവതരിപ്പിക്കുകയായിരുന്നു.

ശ്ലോകങ്ങളെപ്പറ്റി പര്യവേഷണം നടത്തുന്ന ചില യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ (കേരള, UT, UPenn) പ്രസ്തുത ശ്ലോകവും അതിന് അൻജിത് നൽകിയിരിക്കുന്ന ലക്ഷണവും പഠിച്ച് അഭിപ്രായം പറയണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. ജീവിതം ഭാഷാഗവേഷണത്തിന് ഉഴിഞ്ഞുവച്ചിരിക്കുന്ന എനിക്ക് ഈ ദൌത്യം ഏറ്റെടുക്കുന്നതിൽ സന്തോഷമേയുണ്ടായിരുന്നുള്ളൂ.

ശ്ലോകങ്ങൾ ആധികാരികമാക്കാനുള്ള ആദ്യപടി വിക്കിപ്പീഡിയയിലോ, അതുമല്ലെങ്കിൽ കുറഞ്ഞപക്ഷം വൃത്തമഞ്ജരി എന്നൊരു പഴയപുസ്തകത്തിലോ പേരും ലക്ഷണവും (നിർബന്ധം) ഉദാഹരണവും (നിർബന്ധമല്ല) രജിസ്റ്റർ ചെയ്യുക എന്നതാണ്. ടിട്ടിഭനടനം ഇതുവരെ വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും ചേർത്തിട്ടില്ല. (ഇതിന് അപൂർവ്വം ചില അപവാദങ്ങളുണ്ട്. ഈ ലേഖകൻ തയ്യാറാക്കിയ ദിവ്യ എന്ന വൃത്തം നോക്കുക.)

ഇനി, പൊതുവായി വൃത്തനിർമ്മാതാക്കളും ശ്ലോകരചയിതാക്കളും പിന്തുടർന്നു വരുന്ന സമ്പ്രദായങ്ങളുണ്ട്. മറ്റേതു നിബന്ധനകളിൽ വെള്ളം ചേർത്താലും ചില ലോകാചാരങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാൻ വൃത്ത/ശ്ലോകാദികളുടെ താക്കോൽസൂക്ഷിപ്പുകാരായ എന്നെപ്പോലെയുള്ള പൂര്‍വ്വാചാരശ്രദ്ധക്കാർക്ക് പറ്റില്ല എന്ന് പറയേണ്ടതില്ലല്ലോ. മാറ്റാൻ അനുവദിക്കാത്ത ആചാരങ്ങളിലൊന്നാണ് വൃത്തലക്ഷണം പറയുന്നത് ആ വൃത്തത്തിൽ തന്നെ ആവണം എന്നത്. ഉദാഹരണമായി, പാവങ്ങളുടെ ശാർദ്ദൂലവിക്രീഡിതമായി 2024 മുതൽ അറിയപ്പെടുന്ന ഇന്ദ്രവജ എന്ന വൃത്തത്തിന്റെ ലക്ഷണം (കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം) ഇന്ദ്രവജ്രയിലാണ് പറയുന്നത്.

അങ്ങനെ വരുമ്പോൾ ടിട്ടിഭനടനം എന്ന വൃത്തലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറയേണ്ടത്.

അൻജിത് ടിട്ടിഭനടനത്തിന്റെ ലക്ഷണമായി പറയുന്നത്:
ഇട്ടു കഷ്ടപെട്ടുത്തും പോൽ
ട്ടകാരം തോന്നും പോലെ ചേർക്കുകിൽ
കിട്ടും പലമാതിരിയത്
ടിട്ടിഭനടനമായിടും

ഇതിൽ കഷ്ടപ്പെടുത്തുംപോൽ ട്ട-കാരം ചേർത്തിട്ടുള്ളതിനാൽ ടിട്ടിഭനടനം ലക്ഷണം ടിട്ടിഭനടനത്തിൽ ആണ് പറഞ്ഞിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ല.

ഇനിയാണ് വിഷമകരമായ മൂന്നാം ടെസ്റ്റ്. ടിട്ടിഭനടനം വൃത്തത്തിൽ എഴുതിയ ശ്ലോകങ്ങളെ ഗണംതിരിച്ചോ പാടിമറിച്ചോ ടിട്ടിഭനടനമാണെന്ന് എങ്ങനെ മനസ്സിലാക്കാം?

ഉദാഹരണമായി, ഇതാ ഒരു ശ്ലോകം:
ഞെട്ടി, കഷ്ടതയധികവും
കിട്ടുമാറു വരിനിറയേ
"ഇട്ട" ചേർക്കുക കവിവരേ-
ചുട്ട ടിട്ടിഭനടനമായ്!

ടിട്ടിഭനടനത്തിന്റെ ലക്ഷണങ്ങൾ ഉള്ളതിനാൽ സ്വാഭാവികമായും ഞാനെഴുതിയ ഈ വരികൾ ടിട്ടിഭനടനമാണോ എന്ന് പണ്ഠിതരും പഠിതാക്കളും ഒരുപോലെ സംശയിച്ചു പോകും. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഈ വരികൾ ഫലമുഖി എന്ന വൃത്തത്തിലാണ്. ലക്ഷണം: രംനസം ഫലമുഖിയതാം. ഫലമുഖിക്ക് വിക്കിപ്പീഡിയയിലും വൃത്തമഞ്ജരിയിലും അംഗത്വമുണ്ട്. വൃത്തലക്ഷണം ഫലമുഖിയിൽ തന്നെയാണ്. ഫലമുഖിയിൽ എഴുതിയ ശ്ലോകങ്ങളെ ഏതു പാതിരാത്രിയിലും സംശയമില്ലാതെ തിരിച്ചറിയാം.

ചുരുക്കത്തിൽ, ടിട്ടിഭനടനം അംഗീകരിക്കപ്പെടണമെങ്കിൽ അൻജിത് ഇനിയും പരിശ്രമിക്കണം എന്നുപറഞ്ഞുകൊണ്ട് ഈ റിപ്പോർട്ട് അക്കാദമികലോകത്തിന് സമർപ്പിക്കുന്നു.

Labels: , , ,

Saturday, August 30, 2025

താമരക്കിളിപ്പാട്ടുകൾ

അങ്ങനെയിരിക്കുമ്പോഴാണ് മൂന്നാംപക്കം എന്ന സിനിമയിലെ താമരക്കിളിയെ ചിത്രയും എംജി ശ്രീകുമാറും രണ്ടുരീതിയിലാണ് പാടിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നത്.
തൈതൈയെടുത്തും നിരയൊത്തു നിന്നും
കണ്ടങ്ങളിൽ നെൽച്ചെടിവച്ചു കൂട്ടർ
"തെയ് തെയ്" ന്നു പാടാൻ മടിയായ ചിത്രാ-
"തൈ തൈ" ന്നു പാടിക്കിളിയെപ്പറത്തീ!

(വൃത്തം: ഇന്ദ്രവജ്ര. കേൾ, ഇന്ദ്രവജ്രയ്ക്കു തതം ജഗംഗം)

Labels: , ,