ബെത്‌ലഹേം കുടുംബ യൂണിറ്റ്
ഹൈസ്കൂളിൽ എത്തുമ്പോഴാണ് കളികൾ വേറേ ലെവൽ ആവുന്നത്.
കിളിത്തട്ടുകളിയും കബഡിയും ഖോഖോയും വിട്ട് ക്രിക്കറ്റും ഫുട്ബോളും ജീവിതത്തിൽ സ്ഥിരം സ്ഥാനം പിടിക്കുന്നത് എട്ടാം ക്ലാസിലെത്തിയപ്പോഴാണ്. റബർബോൾ, മടൽ, തടിബാറ്റ്, ഓണപ്പന്ത് തുടങ്ങിയ ചമയോപകരണങ്ങൾക്ക് പകരം ക്രിക്കറ്റ് ബാറ്റും ലെതർബോളും സ്റ്റമ്പും ഫുട്ബോളുമൊക്കെയായി. PT എന്നാൽ “എല്ലാരും പുസ്തകം എടുത്ത് നിശ്ശബ്ദമായി വായിച്ചോളൂ” എന്നതിൽനിന്നും കളിക്കോപ്പുകൾ ഓഫീസ് റൂമിൽ നിന്നും “ചെക്ക് ഔട്ട്” ചെയ്യാമെന്നായതോടെ ചെളിയും പൊടിയും, ഇത്തിരി മുറിവും ചതവും ഒക്കെ പറ്റി വീട്ടിലെത്തിയാൽ പ്രശ്നമല്ല എന്ന നിലവന്നു.
ടെലിവിഷൻ വന്നതോടെ ക്രിക്കറ്റ് നമ്മുടെ പ്രധാന കാഴ്ചയായി മാറി. സന്തോഷ് ട്രോഫിയും നെഹ്രുക്കപ്പും, പാതിരാത്രികളിൽ ഉണർന്നിരുന്നു വേൾഡ് കപ്പും കാണുകയും കാണിക്കുകയും ചെയ്തിരുന്ന അച്ഛന്, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന കളി കാണാൻ ഒരു താല്പര്യവുമുണ്ടായില്ല. 15 ഓവറിൽ അമ്പതോ 20 ഓവറിൽ എഴുപതോ ആണ് സ്കോർ എങ്കിൽ "ഇന്ന് 175 കടക്കില്ല" എന്ന റിവ്യൂ നല്കാൻ അച്ഛൻ മടികാണിച്ചിരുന്നില്ല. ഒരുദിവസം ന്യൂസിലാന്റിനെതിരേ ഒരു കളി മുഴുവൻ കണ്ടിട്ട്, "ഈ മനോജ് പ്രഭാകരൻ കഴിഞ്ഞേ മറ്റൊരു കളിക്കാരനുള്ളൂ!" എന്നദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. പിന്നീടൊരിക്കലും ആ അഭിപ്രായം മാറ്റാൻ അച്ഛൻ കൂട്ടാക്കിയില്ല.
അച്ഛന്റെ ക്രിക്കറ്റ് റിവ്യൂ പോലെയാണ് എന്റെ സിനിമാ റിവ്യൂ.
വർഷങ്ങളോളം ‘ഓം ശാന്തി ഓശാന’യോളം വരുന്ന ഒരു പടമില്ല എന്ന് ഞാൻ വിശ്വസിക്കുകയും പലയാവർത്തി പലരോടും പറയുകയും ഫേസ്ബുക്കിലും മറ്റും ഒന്നിലധികം തവണ എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2019-ൽ ‘തൂവാനത്തുമ്പികൾ’ കാണുകയും 2024-ൽ ‘ആടുജീവിത’ത്തിന് സിനിമകാണാതെയുള്ള കുറിപ്പ് എഴുതുകയും ചെയ്തതോടെ ‘പഠിച്ചിട്ട് പറയൂ’ എന്നതിന് മറ്റുള്ളവരെ ഉപദേശിക്കാൻ മാത്രമല്ല ഉപയോഗം എന്ന തിരിച്ചറിവിൽ ഞാൻ എത്തിപ്പെട്ടു. അങ്ങനെയാണ് ‘റൈഫിൾ ക്ലബ്’ മലയാളത്തിലെ എക്കാലത്തേയും നല്ല പടമായി ഞാൻ പഠിച്ചിട്ട് വിലയിരുത്തിയത്.
അപ്പോഴാണ് സിനിമയെ കുറച്ചുകൂടി ആഴത്തിൽ വായിച്ചും പഠിച്ചും റിവ്യൂ ചെയ്യുന്ന സുരേഷും രാജീവും ബൈസ്റ്റാൻഡറും പിന്നെ നിരവധിപേരും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ഫീൽ ഗുഡ് സിനിമയെപ്പറ്റി എഴുതിക്കാണുന്നത്.
(വായനക്കാർക്കുള്ള മുന്നറിയിപ്പ്: സിനിമയുടെ വിശദാംശങ്ങളിൽ ചിലത് താഴെപ്പറയുന്നുണ്ട്.)
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആദ്യ കാഴ്ചയിൽ ഊഷ്മളതയും നൊസ്റ്റാൾജിയയും നിറഞ്ഞ ഒരു പ്രണയകഥയായി തോന്നാം. എന്നാൽ സുഖകരമായ ആ പുറന്തോടിനുള്ളിൽ ആഴമുള്ള ഒരു ചോദ്യം സിനിമ മുന്നോട്ടുവയ്ക്കുന്നു: ഒരാൾ എങ്ങനെ അർത്ഥപൂർണ്ണമായി ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം യഥാർത്ഥത്തിൽ ആരുടേതാണ്?
എല്ലാവരാലും സ്നേഹിക്കപ്പെട്ടാണ് ആഷ്‌ലി ജീവിച്ചുവരുന്നത്. എന്നാൽ അവളുടെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കുന്നത് അവളുടെ അമ്മയും അനിയനും അമ്മാവനും ജസ്റ്റിനും, എന്തിന്, കുഞ്ഞാന്റിയുമൊക്കെയാണ്. തിടുക്കത്തിൽ നിർമ്മിച്ചെടുത്തെന്ന് തോന്നുന്ന കഥാന്ത്യത്തിൽ, ആഷ്‌ലിയുടെ പ്രണയം വിജയിച്ചതിനേക്കാൾ പ്രധാനമാണ് അവൾ സ്വന്തം ജീവിതത്തിന്റെ തീരുമാനാധികാരം നേടിയെടുക്കുന്നത്.
ആഷ്‌ലിയുടെ അമ്മയെ മനസ്സിലാക്കാതെ ഈ സംഘർഷം പൂർണ്ണമായി മനസ്സിലാക്കാനാവില്ല.
ഭർത്താവിന്റെ മദ്യപാനവും ഉത്തരവാദിത്തമില്ലായ്മയും കാരണം കുടുംബത്തിന്റെ മുഴുവൻ ഭാരവും ഏറ്റെടുക്കേണ്ടിവന്ന ഒരു സ്ത്രീയാണ് ആഷ്‌ലിയുടെ അമ്മ. ആ പശ്ചാത്തലത്തിൽ നിന്നാണ് അവരുടെ ലോകദർശനം രൂപപ്പെടുന്നത്: ജീവിതഭദ്രത ഭംഗുരവും പ്രണയം വിശ്വാസയോഗ്യമല്ലാത്തതും ത്യാഗം അനിവാര്യവും ആണെന്ന് അവർ സിദ്ധാന്തിക്കുന്നു. ആഷ്‌ലി-ജസ്റ്റിൻ പ്രണയം ഈ അടിത്തറകളെ ഒറ്റയടിക്ക് തുരങ്കം വയ്ക്കുന്നു. ആഷ്‌ലിയുടെ അമ്മ കാണുന്നത് ഒരു ‘തെറ്റായ ബന്ധം’ മാത്രമല്ല: കുടുംബത്തെ രക്ഷിക്കാനായി വർഷങ്ങളായി താൻ പണിതുവച്ച പദ്ധതിയുടെ തകർച്ചയാണ്. സ്വന്തം സ്വപ്നങ്ങൾക്കല്ല, താൻ പണിതെടുത്ത ജീവിതഭദ്രതയ്ക്കുവേണ്ടിയാണ് ആ അമ്മ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ചത്. ഒരിക്കൽ താൻ ചെയ്ത ത്യാഗത്തിന്റെ തുടർച്ച മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന മാതാപിതാക്കളുടെ, അത് കിട്ടാതെ പോകുമോ എന്ന ഭയത്തിന്റെ, വേദനാജനകമായ ചിത്രമാണ് ആ കഥാപാത്രം. അതിനാൽ, ആഷ്‌ലിയുടെ അമ്മയെ നിയന്ത്രണസ്വഭാവമുള്ള, മകളുടെ പ്രണയത്തിനെതിരായ ദുഷ്ടപാത്രമായി മാത്രം കാണുന്നത് സൂക്ഷ്മമായ പാത്രസൃഷ്ടിയെ മനസ്സിലാകാത്തതിനു തുല്യമായിരിക്കും.
അതേ നാണയത്തിന്റെ മറുവശത്താണ് ജസ്റ്റിൻ.
മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കുടുംബത്തെ നോക്കുന്നതിലും എല്ലാവർക്കും ഉപകാരപ്പെടുന്നതിലുമാണ് അയാളുടെ വ്യക്തിത്വം കേന്ദ്രീകരിച്ചിരിക്കുന്നത്. ആദ്യപ്രണയത്തിനു ശേഷമാണ് ഈ സ്വഭാവരൂപാന്തരം ഉണ്ടായതെന്നൊരു സൂചന സിനിമ നൽകുന്നുണ്ട്. മുപ്പതുകളുടെ പകുതിയിൽ എത്തുമ്പോഴുണ്ടാകുന്ന പുതിയ പ്രണയം അയാളോട് ആവശ്യപ്പെടുന്നത് തികച്ചും വിപരീതമായ രീതിയാണ്: സ്വന്തം സന്തോഷം ആഗ്രഹിക്കുക. ഈ ദ്വന്ദവ്യക്തിത്വ സംഘർഷമാണ് ആഷ്‌ലിയുടെ കാര്യത്തിൽ അവൾക്കുവേണ്ടി “ശരിയായ” തീരുമാനം എടുക്കാൻ ജസ്റ്റിനെ സമ്മർദ്ദത്തിലാക്കുന്നത്. അമ്മ നിർബന്ധിച്ച് ചെയ്യുന്നതും ജസ്റ്റിൻ സ്നേഹത്തിന്റെ പേരിൽ ചെയ്യുന്നതും ഒരേ പ്രവൃത്തിയാണ്.
അമ്മയും ജസ്റ്റിനും തമ്മിൽ വ്യത്യാസമേതുമില്ല. അവരുടെ സ്നേഹത്തിന്റെ ഭാഷ മാത്രം വ്യത്യസ്തമാണ്.
ഇരുവരും ആഷ്‌ലിയെ സ്നേഹിക്കുന്നു; ഇരുവരും അവൾക്കുവേണ്ടി ‘നല്ല തീരുമാനങ്ങൾ’ എടുക്കുന്നു. അമ്മയ്ക്ക് അത് കുടുംബത്തെ രക്ഷിക്കാനാണെങ്കിൽ ജസ്റ്റിന് അത് ആഷ്‌ലിയുടെ ഭാവി രക്ഷിക്കാനാണ്. ഫലം ഒന്നു തന്നെ. പക്ഷേ ആഷ്‌ലിയ്ക്ക് എന്താണ് വേണ്ടത്?
“I love you, therefore you should choose me” എന്നതും “I love you, therefore you should be free to choose” എന്നതും രണ്ടാണെന്ന് ജസ്റ്റിൻ മനസ്സിലാക്കി എന്ന് സിനിമ പറയുന്നില്ല. സ്നേഹത്തിന്റെ ഈ രണ്ട് രൂപങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് സിനിമയുടെ ഏറ്റവും രസകരമായ space. ആഷ്‌ലിയുടെ കുടുംബത്തെ തോൽപ്പിച്ചല്ല ജസ്റ്റിൻ ആഷ്‌ലിയെ സ്വന്തമാക്കുന്നത്. അവളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനം അറിഞ്ഞോ അറിയാതെയോ അവളുടെ കൈകളിൽ തന്നെ തിരികെ ഏൽപ്പിച്ചാണ്.
ഈ ആശയത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യരൂപം ഒരുപക്ഷേ ആ ചുവന്ന Ford Ikon തന്നെയാണ്. ആഷ്‌ലി-ജസ്റ്റിൻ ബന്ധത്തിന്റെ എല്ലാ പ്രധാന വഴിത്തിരിവുകളിലും ഒരു നിശ്ശബ്ദ സാക്ഷിയെപ്പോലെ കൂടെയുണ്ടാകുന്ന കാർ. യാത്രയുടെയും സ്വാതന്ത്ര്യത്തിന്റെയും, ഒടുവിൽ ഒരുമിച്ചുള്ള ജീവിതത്തിന്റേയും പ്രതീകം. സിനിമയുടെ സാരമൊക്കെയും ഒരു കാറിന്റെ ഓർമ്മയിൽ സൂക്ഷിച്ചുവച്ചതുപോലെ.
തിടുക്കത്തിൽ അവസാനിപ്പിച്ചുവെന്ന തോന്നലുണ്ടാക്കുന്ന കഥാന്ത്യം എന്ന് മുമ്പ് പറഞ്ഞല്ലോ. അത് ഒന്നുകൂടി വിശദമായി പറയാം. ദുരിതവേദനകളിലൂടെ കടന്നുപോയ രണ്ടു പേർ ഒടുവിൽ ഒരു ചെറിയ സംഭാഷണത്തിനുശേഷം വീണ്ടും ഒന്നിക്കുന്നത് മനോഹരമാണ്.
ഈ സംഭാഷണം ഓർമ്മയുണ്ടോ?
അവൾ: “ഞാൻ ഇപ്പോഴും ഓർക്കും. ഓരോ മുഖം കാണുമ്പോഴും ഓർക്കും!”
അവൻ: “മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ? അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങു മറക്കും.”
അവൾ: “മറക്കുമായിരിക്കും, അല്ലേ?”
അവൻ: “പിന്നെ മറക്കാതേ!”
അവൾ: “പക്ഷേ, എനിക്ക് മറക്കണ്ട!”
ഒരു സാധാരണ പ്രണയസംഭാഷണത്തെ, പറയാത്തതിന്റെ ഭാരത്തിലൂടെ, മറ്റൊരു ഉയരത്തിലേക്ക് കൊണ്ടുപോകുന്ന പദ്മരാജന്റെ മായാജാലം.
ആഷ്‌ലിയും ജസ്റ്റിനും ഇങ്ങനെ പറയുന്നത് നിങ്ങൾക്ക് സങ്കല്പിക്കാമോ?
ആഷ്‌ലി: “എന്തിനാണ് എന്നെ പോകാൻ അനുവദിച്ചത്?”
ജസ്റ്റിൻ: “ഞാൻ നിന്നെ സ്നേഹിച്ചു. സ്നേഹിക്കുക എന്നാൽ നിന്റെ നന്മ ആഗ്രഹിക്കുക എന്നാണ്. നിന്റെ ജീവിതം നീ നിനക്കായി ജീവിക്കണം!”
ആഷ്‌ലി: “അല്ല, ജസ്റ്റിൻ. നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ, ഞാൻ ആരെ സ്നേഹിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം നീ എനിക്കു വിട്ടുതരേണ്ടതായിരുന്നു. നിന്നെ തിരഞ്ഞെടുക്കാൻ ഞാൻ തയ്യാറാണെന്ന് നീ വിശ്വസിക്കണമായിരുന്നു!”
ഇതൊരു പ്രണയകഥ മാത്രമല്ല. മറ്റുള്ളവർ തീരുമാനിച്ച ജീവിതത്തിൽ നിന്ന് സ്വന്തം ജീവിതത്തിന്റെ തീരുമാനാധികാരം ഏറ്റെടുക്കുന്ന ആഷ്‌ലിയുടെ യാത്ര കൂടിയാണ്. ഒരാളെ സ്നേഹിക്കുകയെന്നാൽ അയാൾക്കുവേണ്ടി കാര്യങ്ങൾ തീരുമാനിക്കുകയല്ല; സ്വജീവിതത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശം അയാൾക്ക് വിട്ടുകൊടുക്കുക എന്നതാണ്.
അതാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ ഉള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഏറ്റവും മനോഹരമായ പ്രണയകഥ.

Labels: സിനിമ
0 Comments:
Post a Comment
<< Home