ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, January 02, 2026

കളരിവിളക്ക് തെളിഞ്ഞതാണോ

ഹോം ഡിപ്പോയിലേയ്ക്ക് ഡ്രൈവ് ചെയ്തപ്പോൾ കളരിവിളക്ക് തെളിഞ്ഞതാണോ എന്നപാട്ട് പ്ലേലിസ്റ്റിൽ നിന്നും പാടിത്തുടങ്ങി. 1989 മുതൽ ഈ പാട്ട് കേട്ടുതുടങ്ങിയതാണെങ്കിലും കഴിഞ്ഞ മുപ്പത്തഞ്ചുവർഷം ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു!

കളരിവിളക്ക്, കുന്നത്ത്, ശംഖ്, മാറത്ത്, എന്നിങ്ങനെ സംവൃതോകാരത്തിൽ അവസാനിക്കുന്ന നാലുവാക്കുകൾ വരികളിൽ ഉണ്ടെങ്കിലും കെ എസ് ചിത്ര കളരിവിളക്ക് മാത്രമേ സംവൃതോകാരത്തിൽ ഉച്ചരിക്കുന്നുള്ളൂ. മറ്റുവാക്കുകൾ യഥാക്രമം കുന്നത്തു, ശംഖു, മാറത്തു എന്നിങ്ങനെ ഉകാരത്തിൽ അവസാനിക്കുന്നതായി ഉച്ചരിക്കുന്നത് വളരെ വ്യക്തമായി കേൾക്കാം!

ഫ്ലവേഴ്സ് ടോപ്പ് സിംഗറിൽ അമൃതവർഷിണി പാടുമ്പോൾ ശംഖു മാത്രമേ ഉകാരത്തിൽ അവസാനിക്കുന്നുള്ളൂ.

എന്താവും ഇതിന് കാരണം?

ഇതിന്റെ കാരണമെന്താവും എന്ന ജിജ്ഞാസയ്ക്കു പുറമേ, പെട്ടെന്ന് ഓർമ്മവന്നത് m3db-യെയാണ്. അവർ ഈ സൂക്ഷ്‌മഭേദം കണക്കിലെടുത്തിട്ടുണ്ടാവുമോ എന്ന കൌതുകം. മലയാളസിനിമാപ്പാട്ടുകളുടെ വരികൾ തിരയുമ്പോൾ ഞാൻ എപ്പോഴും m3db-യെയാണ് ആശ്രയിക്കാറ്. ശരിയായ വരികൾ പ്രസിദ്ധീകരിക്കുന്നതിൽ അവർ കാണിക്കുന്ന ജാഗ്രത അതീവശ്രദ്ധേയമാണ് എന്നതു തന്നെ കാരണം. എന്റെ പ്രതീക്ഷ തെറ്റിയില്ല: m3db-ഈ വരികൾ ചിത്ര പാടിയതുപോലെതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു.

എന്നാലും എന്താവും ചിത്ര കളരിവിളക്കു എന്ന് പാടാത്തത്? അല്ലെങ്കിൽ അമൃതവർഷിണി ശംഖ് എന്ന് പാടാത്തത്? 😀

(പരിചയക്കാരിൽച്ചിലർ m3db-യുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നതായി കണ്ടു. m3db-യ്ക്കും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ആശംസകൾ!)

Labels: ,

Sunday, December 21, 2025

ശ്രീനിവാസൻ

ഞാൻ സിനിമകാണൽ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്.

ഇത് നാലാളുകേൾക്കെ പറയുമ്പോഴൊക്കെ "സിനിമ കാണാത്ത ആൾക്കാറുണ്ടോ? പകുതി ജീവിതം വ്യർത്ഥമായി!" എന്ന് അതിശയപ്പെടുന്ന ഒരുപാടുപേർ എന്റെ സുഹൃദ്‌വലയത്തിൽത്തന്നെയുണ്ട്.

എന്നാലും,

ഏതൊക്കെയാണ് ഇക്കാലത്തെ നല്ല മലയാളം പാട്ടുകൾ? ഓലി പോപ്പ് ഇനിയൊരു ടെസ്റ്റ് കളിക്കുമോ? നിങ്ങൾ ദിവസവും എത്ര സ്റ്റെപ്സ് നടക്കും? മദർ മേരി കംസ് റ്റു മി വായിച്ചുവോ? എന്നീ ചോദ്യങ്ങൾക്ക് ഉദ്ദേശിക്കുന്ന ഉത്തരം കിട്ടിയില്ലെങ്കിലും പകുതി ജീവിതം വ്യർത്ഥമായി എന്ന് നിങ്ങൾ ആകുലപ്പെടാൻ വഴിയില്ല എന്നാണ് എന്റെ തോന്നൽ. (Listening to music, following sports, watching movies, going for walks, and reading are among the most common leisure activities.)

സിനിമ കണ്ടുകഴിഞ്ഞാൽ എന്തെങ്കിലും രണ്ടുവാക്ക് ആസ്വാദനമെന്ന പേരിൽ എഴുതുമെന്നതിനാൽ സിനിമ കാണാൻ പോകുമ്പോൾ എന്നെ കൂടെക്കൂട്ടാൻ അധികമാരും ശ്രമിക്കാറില്ല. "ഒരു പ്രത്യേക ജീവിതാല്ലേ?"

പറഞ്ഞുവന്നത്,

മറ്റു പല മലയാളികളേയും പോലെ, പ്രശസ്തമായ സിനിമാസംഭാഷണങ്ങൾ സ്ഥിരമായി വാചകങ്ങളിൽ ഉപയോഗിക്കുമെന്നതിനാൽ നേരിട്ടു സംവദിക്കുന്ന ഒരാൾക്ക് ഞാൻ കഥയറിയാതെയാണ് ആട്ടം കാണുന്നതെന്ന് തോന്നാറില്ല. പലപ്പോഴും ഈ വാചകങ്ങൾ ആര്, ഏതു സിനിമയിൽ, ഏതു സന്ദർഭത്തിൽ പറഞ്ഞതാണെന്ന് അറിയാതെയാണ് ഞാൻ പറയുന്നത്. നടൻ ശ്രീനിവാസന്റെ മരണാനന്തരംവന്ന അനുശോചനക്കുറിപ്പുകൾ കണ്ടപ്പോഴാണ് ഈ വാചകങ്ങളിൽപ്പലതും അദ്ദേഹം എഴുതിയതോ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പറഞ്ഞതോ ആണെന്ന് മനസ്സിലാക്കുന്നത്.

ഒരു ഗ്ലാസ്‌ ബ്രാൻഡി, അത്ര കാറ്റ്‌ എനിക്ക് ആവശ്യമില്ല, സമാധാനമുള്ള ദാമ്പത്യജീവിതത്തിന് അനുസരണാശീലം വളരെ നല്ലതാണ്, ഇത്രേം ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, തേങ്ങയുടയ്ക്ക് സാമീ, എന്റെ മുന്നിലോ ബാലാ, ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കെടോ, പോളണ്ടിനെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്, ദാസാ ഓരോന്നിനും അതിന്റെതായ സമയമുണ്ട് മോനേ, ഏതാ ഈ അലവലാതി, നമ്മൾ എങ്ങിനെ തോറ്റുവെന്ന് ലളിതമായി ഒന്നു പറയാമോ, പവനായി ശവമായി, അയ്യോ അച്ഛാ പോകല്ലേ, എന്റെ തല എന്റെ ഫുൾ ഫിഗർ എന്നിങ്ങനെ സന്ദർഭമനുസരിച്ച് പറയാറുള്ള വാചകങ്ങൾ (പലതും ഓർമ്മയിൽ നിന്ന് എഴുതുന്നതാണ്, പദാനുപദം ശരിയായിക്കൊള്ളണമെന്നില്ല) ശ്രീനിവാസന്റേതായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്.

പ്രതിഭാധനനായിരുന്ന ശ്രീനിവാസന് ആദരാഞ്ജലി!

Labels:

Tuesday, September 23, 2025

വീണപൂവിന്റെ ഗതി

As Kumaran Asan, the great poet, reformer, and philosopher once wrote in Chinthavishtayaya Seetha:
ബന്ധുരമാകും ചിന്തകളാലേ
സന്ധ്യയിലന്നും സീതവിതുമ്പീ,
'വിഷ്ട'യുടർത്ഥം തേടിയലഞ്ഞൂ
ദുഷ്ടതയേറും പണ്ഡിതവർഗ്ഗം!

"Seetha did not merely dwell on her plight; she gazed, and beheld the endless vista of possibilities!"

(കുമാരനാശാൻ ആദ്യമായി ചമ്പകമാലയിൽ എഴുതിയ ശ്ലോകമാണിത്. ചിന്താ-വിഷ്ട-യായ സീതയിൽ നിന്നും.)

* * * * * *

ദാദാ സാഹേബ് ഫാൽക്കേ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ കുമാരനാശാന്റേത് എന്നപേരിൽ പറഞ്ഞ വരികൾ
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിതു
  1. ഈ വരികൾ വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ ഇല്ല.
  2. ഈ വരികൾക്ക് വൃത്തവും ചതുരവും ഒന്നുമില്ല. വീണപൂവ് വസന്തതിലകത്തിൽ ആണ് എഴുതിയിരിക്കുന്നത്.
ഇനി,

"This flower did not merely fall into the dust, it lived a life of beauty."

'ചിതയിലാഴ്ന്നു പോയതുമല്ലോ' എന്ന വരികളുടെ ഈ പരിഭാഷ അത്ര നന്നായുമില്ല.

Labels: , , , , ,

Monday, September 01, 2025

ലോകഃ

മലയാളത്തിൽ/സംസ്കൃതത്തിൽ ലോകഃ എന്ന് എഴുതുന്നത് ഇംഗ്ലീഷിൽ ആക്കുമ്പോൾ Lokah എന്നുമാത്രം മതി, അതുകഴിഞ്ഞുള്ള colon (:) ആവശ്യമില്ല. മലയാളത്തിൽ അപൂര്‍ണവിരാമമോ (:) വിസ്സർഗ്ഗമോ (ഃ) ഉപയോഗിക്കാം. രണ്ടും രണ്ടുകാര്യങ്ങളാണ് അർത്ഥമാക്കുന്നത് എന്നുമാത്രം.

റിവ്യൂ എഴുതി വച്ചിട്ടാണ് ലോകഃ കാണാൻ പോയത്. കണ്ടുകഴിഞ്ഞപ്പോൾ എഴുതിവച്ച അഭിപ്രായമായിരുന്നില്ല. അതിനാൽ രണ്ടാമത് വീണ്ടും എഴുതി. മകളുടെ അഭിപ്രായപ്രകാരം ആക്ടീവ് എൻഡോഴ്സ്മെന്റ് തന്നെ ആയിക്കോട്ടേ എന്നുവച്ചു.

കാണുംമുമ്പ് എഴുതിയത്:
മിണ്ടാതെ കണ്ടാൽ സുകൃതം ലഭിക്കും
മിണ്ടിപ്പറഞ്ഞാലടിയും സമൃദ്ധം!
ലോകാവസാനം വരെയും ജപിക്കാം:
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!

കണ്ടുകഴിഞ്ഞ് എഴുതിയത്:
നീലാംബരത്തോളമുയർന്നു പൊങ്ങീ
നീലീതരംഗം വിപിനാഗ്നി പോലേ
ഈ ലോകമാകെപ്പടരുന്നു ശീഘ്രം
മാലോകരേ, കാണുക ചന്ദ്രലോകം!

(രണ്ടു ശ്ലോകങ്ങളും ഇന്ദ്രവജ്രയിൽ)

Labels: , ,

Saturday, August 30, 2025

താമരക്കിളിപ്പാട്ടുകൾ

അങ്ങനെയിരിക്കുമ്പോഴാണ് മൂന്നാംപക്കം എന്ന സിനിമയിലെ താമരക്കിളിയെ ചിത്രയും എംജി ശ്രീകുമാറും രണ്ടുരീതിയിലാണ് പാടിക്കുന്നത് എന്ന് ശ്രദ്ധിക്കുന്നത്.
തൈതൈയെടുത്തും നിരയൊത്തു നിന്നും
കണ്ടങ്ങളിൽ നെൽച്ചെടിവച്ചു കൂട്ടർ
"തെയ് തെയ്" ന്നു പാടാൻ മടിയായ ചിത്രാ-
"തൈ തൈ" ന്നു പാടിക്കിളിയെപ്പറത്തീ!

(വൃത്തം: ഇന്ദ്രവജ്ര. കേൾ, ഇന്ദ്രവജ്രയ്ക്കു തതം ജഗംഗം)

Labels: , ,

Friday, August 29, 2025

വ്യസനസമേതം ബന്ധുമിത്രാദികൾ

വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമ കണ്ടു. നിങ്ങളും കാണണം.

ചിന്തോദ്ദീപനമായ രീതിയിൽ, ഇരുണ്ടതും അസ്വസ്ഥതയുളവാക്കുന്നതുമായ പ്രഹസനം സാമൂഹ്യപരിശോധനയ്ക്കുള്ള ഉപാധിയായി ഉപയോഗിക്കുന്ന സിനിമയാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അതിഭാവുകത്വം നിറഞ്ഞ നാടകരീതികളിലേയ്ക്കോ ഉപദേശപരമായ സന്ദേശങ്ങളിലേയ്ക്കോ തിരിയാതെ ഈ ചിത്രം മരണത്തെ നേരിടുന്ന (ചിലപ്പോൾ മരണത്തെ ഉപയോഗിക്കുന്ന) മനുഷ്യരുടെ സമീപനത്തെ തീവ്രമായി ചിത്രീകരിക്കുന്നു. ആൾപ്പെരുമാറ്റങ്ങളിലെ അസംബന്ധതയെക്കുറിച്ചുള്ള തത്വചിന്താപരമായ മൃദുസ്വനങ്ങൾ, നൈപുണ്യമുള്ള കഥാസൂത്രണം, സാമൂഹ്യനിയമങ്ങളോടുള്ള വശപ്പെടലും പര്യാലോചനയും എന്നിവ ഈ സിനിമയെ ആൾക്കൂട്ടാത്മപരിശോധനയ്ക്ക് അനുയോജ്യമാക്കുന്നു. ഇന്ത്യൻ സിനിമാപശ്ചാത്തലത്തിൽ മലയാള സിനിമയുടെ നില ഇനിയും ആഴത്തിലുറപ്പിക്കുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ, ചിരിയ്ക്കുപരി മനുഷ്യജീവിതത്തിൽ നിശ്ശബ്ദമായി പ്രതിദ്ധ്വനിക്കുന്ന ബൌദ്ധികമാനങ്ങൾ കണ്ടെത്താൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പുരോഗമനകലാസൃഷ്ടികളുടെ ഭാഗമായി കാണേണ്ടതുണ്ട്.

(വല്ലപ്പോഴും സിനിമകാണുന്നതിന്റെ അസ്കിതയായി കണ്ടാൽ മതി!)

Labels:

Tuesday, August 26, 2025

തേയ്ക്കപ്പെട്ടവൾ

വർമ്മ, നായർ, മേനോൻ ഇതുവിട്ട് മറ്റൊരു മലയാളിപ്പേരും കേട്ടിട്ടില്ലാത്ത സംവിധായകൻ തുഷാർ ജലോട്ട ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം ബോംബെ അധോലോകത്തിൽ പരക്കെ അറിയപ്പെടുന്ന തന്റെ സുഹൃത്തായ ഹരികൃഷ്ണനെ വിളിച്ചു. ഹരികൃഷ്ണൻ തന്റെ വലംകൈയും മുൻകോപിയുമായ ലൂക്കയെ വിളിച്ചു. നിഹാരികയുമായി അടിവച്ചുകഴിഞ്ഞിട്ട് നിൽക്കുമ്പോഴാണ് ഹരികൃഷ്ണന്റെ വിളി.
"ലൂക്കച്ചേട്ടാ, കേരള കന്യയ്ക്കിടുവാനായ്
കേൾക്കാനിഷ്ടം പേരു തരാമോ? ധൃതിയുണ്ടേ!"
"ഓർക്കാനൊട്ടും പാടു പെടാതേയെഴുതിക്കോ:
തേയ്ക്കപ്പെട്ടസ്സുന്ദരി ദാമോദര പിള്ളൈ!"

ജലോട്ട ഹാപ്പിയാണ്!

(വൃത്തം: മത്തമയൂരം. ലക്ഷണം: നാലിൽ ഛിന്നം മത്യസഗം മത്തമയൂരം)

Labels: , ,

Thursday, March 28, 2024

ആടുജീവിതം

ഒരു വ്യാഴവട്ടത്തിലധികം കാലം ആടുജീവിതത്തിന്റെ കഥയുമായി സർവ്വോന്മേഷത്തേയും പരിഖണ്ഡനം ചെയ്യുന്ന തമസ്സിലകപ്പെടുന്നവണ്ണം വെമ്പൽപ്പെടുമാറുമട്ടിൽ ഒരാൾ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി എന്നുകേട്ടപ്പോൾ സിനിമാബ്ഭ്രാന്തനല്ലാത്ത ഈയുള്ളവൻ പോലും ലേശം സംഭ്രമചിത്തനായിച്ചമഞ്ഞു.

അന്യഭാഷകളിൽപ്പോലും അനന്യസാധാരണമായ അവഗാഹമുള്ള, അധോലോകനായകസങ്കല്പത്തിന് അന്യൂനമായ മാനങ്ങൾ നെയ്തുകൂട്ടിയ നായകൻ തന്റെ ചാരുത്വത്തോടു കൂടിയ മുഖത്തിനു നാസികയുടെ അധോഭാഗത്തായി വക്രത്വവും വാമനേത്രത്തിനു നിർജ്ജീവത്വവും ഒക്കെ നൽകുന്നത് ജീവൻ തുടിക്കുന്ന പോസ്റ്ററുകളിൽക്കണ്ട് ഞാൻ ഉല്ലസിച്ചു.

ചിത്രം കണ്ടിറങ്ങിയവർ, "ചുമരിൽ പ്രതിഷ്ഠമായ മങ്ങിയ ചിരാതിനാൽ ഗോചരമായ ജീവിതത്തിലേയ്ക്ക് തിരിച്ചുവച്ച ഒരേട്" എന്ന് പ്രസ്തുത നിർമ്മിതിയെ പുകഴുത്തുന്നത് കാണുമാറായി. എന്റെ മുന്നിൽക്കാണായിവന്ന ആസ്വാദനക്കുറിപ്പുകൾ വല്ല യക്ഷിയുടേയും മായാവൈഭവമാണോ അതോ ഏതോ ദുർദ്ദേവതയുടെ ചേഷ്ടയോ അതോ കേവലസത്യമോ എന്നൊക്കെ വിചാരപ്പെട്ടശേഷം, "കഠിനവ്യഥകളുടെ കരിങ്കാലം കടന്നു" എന്ന മൃദുവചനമാണ് മയക്കത്തിൽ നിന്നും ഈയുള്ളവന് ഉണരുവാനുള്ള പ്രചോദനമായിത്തീർന്നത്.

(കൂട്ടത്തിൽപ്പറയട്ടെ, ആടു് എന്ന പദത്തിന്റെ അവസാനത്തിൽ കാണുന്ന സംവൃതം ട-കാരത്തിന്റെ ഉച്ചാരണം സ്പഷ്ടമാക്കാൻമാത്രം ഉച്ചരിക്കുന്നതാണ്. ജീവിതം എന്ന പദവുമായി ചേരുമ്പോൾ ആടുജീവിതം എന്നുതന്നെ എഴുതണം, ആട് ജീവിതം പോരാ. ഇത് സത്യമല്ലെങ്കിൽ ആരെങ്കിലും തിരുത്തണേ!)

Labels:

Sunday, August 29, 2021

Home

മകനെ മകനായിക്കാണാതെ റൈറ്റർ/ഡയറക്ടർ ആയി ആദരിക്കുക മാത്രം ചെയ്താൽ മകൻ അച്ഛനെ അച്ഛനായിക്കാണാതെ ആ വ്യക്തിയിൽ അന്യാദൃശപ്രതിഭയെ തിരയും.

മലയാളികൾ മലയാളം വാക്കുകൾ തന്നെ നേരേ ചൊവ്വേ പറയുന്നില്ല, പിന്നെയാണ് extraordinary എന്നത് ഒറ്റവാക്കാണെന്നും അതു ഉച്ചരിക്കേണ്ടത് സിനിമയിൽ പറയുന്നതു പോലെ അല്ല എന്നും പറയുന്നത്.

ആരും അങ്ങനെ അഭിനയത്തിന്റെ മറുകരയൊന്നും താണ്ടിയില്ല. ഇനി വല്ലതും പറയാനാണെങ്കിൽ ആ ഇളയ ചെക്കനും മഞ്ജു പിള്ളയും നന്നായിട്ടുണ്ട്.

എന്റെ മഞ്ഞ ഷർട്ട് കണ്ടോ എന്നു ചോദിക്കുമ്പോൾ ദോശ കഴിച്ചിട്ട് പോകുന്നത് കണ്ടു എന്നു പറയുന്നത് ഞാൻ ഇടയ്ക്കിടയ്ക്ക് പറയുന്ന വാചകമാണ്. തലയിൽ ഒരു തോർത്തും കെട്ടി മുൻ വാതിലിലൂടെ പുറത്തേയ്ക്ക് പോകുന്നത് കണ്ടു എന്നാണ് എന്റെ വേർഷൻ. കൂടെ പടം കണ്ടുകൊണ്ടിരുന്ന രണ്ടു പിള്ളേരും അതുകേട്ട് ചിരിച്ചുമറിഞ്ഞു എന്നത് ആശാവഹമാണ്. പിന്നെ വേറേ ഏതോ വാചകം കേട്ടപ്പോൾ മകൾ എന്നെ ചൂണ്ടിക്കാണിച്ചു. സംഭവം ഏതാണെന്ന് മറന്നുപോയി.

2 out of 5. വീണ്ടും കാണുന്നുണ്ടെങ്കിൽ പിള്ളേരെ കൂട്ടേണ്ട. എന്തിനാ അവരെ വെറുപ്പിക്കുന്നത്?

Labels:

Sunday, January 26, 2020

അഞ്ചാം പാതിര

(അഞ്ചാം പാതിര ഓടിക്കൊണ്ടിരിക്കുന്ന ഒരു തീയേറ്ററിലിരുന്ന് ബാക്ഗ്രൌണ്ട് മ്യൂസിക് കേട്ട് വിറച്ചുകൊണ്ട് ക്യാമറാപേഴ്സൺ ദിവ്യയോടൊപ്പം റിപ്പോർട്ടർ ഞാൻ. സ്പോയിലേഴ്സ് ഉണ്ട്, സിനിമ കാണാൺ ആഗ്രഹിക്കുന്നവർ തുടർന്നു വായിക്കരുത്.)

അഞ്ചാം പാതിര മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലർ ആണെന്നും മറ്റും കേട്ടാണ് രണ്ടു കൊല്ലത്തിനുശേഷം തീയേറ്ററിൽ പോയി സിനിമ കാണാമെന്നു വച്ചത്. ലക്ഷണമൊത്തതാണോ അല്ലയോ എന്നൊന്നും പറയാൻ ഞാൻ ആളല്ല. പൊതുവേ സിനിമ കാണാത്ത ഒരാൾ സിനിമയ്ക്ക് മാർക്കിടുന്നതിൽ അപാകതയുണ്ടല്ലോ. ഞാൻ കഴിഞ്ഞ കുറേ വർഷങ്ങളിൽ കണ്ടിട്ടുള്ള മലയാളസിനിമകൾ വച്ചുനോക്കിയാൽ ഇത് മികച്ചതുതന്നെ. ആദ്യമായാണ് ജിനു ജോസഫ് അഭിനയിച്ച ഒരു പടം ഞാൻ കാണുന്നത്. ആള് കൊള്ളാമല്ലോ എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ ആള് എല്ലാ പടത്തിലും ഇങ്ങനെയാണ് അഭിനയിക്കുന്നത് എന്നായിരുന്നു മറുപടി. (എന്റെ qualification പറഞ്ഞില്ല എന്നു പറയരുത്. സിദ്ദിഖ് പറഞ്ഞതിൽ കാര്യമില്ലാതില്ല എന്നു നിങ്ങൾക്ക് തോന്നിയാൽ അത്ഭുതമില്ല.)

ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് എന്റെ "കർത്തവ്യ"ത്തിലേയ്ക്ക് കടക്കുന്നു. എന്റെ ആസ്വാദനത്തിന് വിലങ്ങായിനിന്ന ചില കാര്യങ്ങൾ:

നായകനും വില്ലനും (കില്ലറും) പരസ്പരം വേട്ടയാടുന്നില്ല. നായകൻ "ഇനി ഇപ്പണിക്ക് ഞാനില്ല" എന്നു പറഞ്ഞാലും വില്ലനോ കഥാഗതിക്കോ ഒരു ചുക്കും സംഭവിക്കുന്നില്ല. താൻ കളിനിറുത്തിയാൽ തന്റെ തല(യും) പോകും എന്നു വരുമ്പോഴാണല്ലോ കളി കാര്യമാകുന്നത്. നായകന്റെ വീട്ടിലേയ്ക്ക് ഒരു സമ്മാനമയയ്ക്കുന്നതിൽ പ്രത്യേകിച്ച് ഭീഷണിയൊന്നുമില്ല (സംഭവം വിചാരിച്ചത്ര "പേഴ്സണൽ" ആവുന്നില്ല). There is nothing at stake for the hero other than a potential job offer. In fact he is too invested in the issue for the wrong reason, which is a red herring (no pun intended) for the profession (or any profession, for that matter).

സീരിയൽ കില്ലറിന്റെ പ്രചോദനം ശ്രദ്ധേയമല്ല. പ്രചോദനം അധികം ശ്രദ്ധേയമാവണമെന്നില്ല എന്ന് ഇന്ദ്രൻസിനെ കൊണ്ട് പറയിക്കുന്നുണ്ട്. വില്ലന്റെ ബൌദ്ധികവിചാരങ്ങൾ പ്രേക്ഷകരിൽനിന്നും അകറ്റി നിറുത്തുകവഴി സിനിമയ്ക്ക് കൈയൊതുക്കമുണ്ടായി എന്നത് സത്യമാണ്. എന്നാലും ആവറേജ് കഥയിൽ നിന്നും ഉയർന്നുനിൽക്കാൻ ഇക്കഥയ്ക്ക് കഴിയാതിരുന്നതിന് "നല്ല നിലയിലെത്തപ്പെട്ട" സഹോദരങ്ങൾ ചാകാൻ വേണ്ടി കൊല്ലാനിറങ്ങിയത് അവിശ്വസനീയമാവുമ്പോഴാണ്.

കൊല്ലപ്പെടാൻ തയ്യാറായി നിലക്കുന്ന കേരളപോലീസിന് ഒരു വിറളിയുമില്ല. നായകനില്ലാത്ത വിറളി അവരിൽ ചിലർക്കെങ്കിലും ഉണ്ടാകും എന്നു നമ്മൾ കരുതും. പക്ഷേ, എവിടെ? ചാകാൻ റെഡിയായി നിലക്കുന്ന അനിലേട്ടൻ പോലും വന്ന് കൊന്നിട്ടു പോടേ, ഇവിടെ മനുഷ്യർക്ക് വേറെ പണിയുണ്ട് എന്ന മട്ടിലാണിരുപ്പ്. ഓരോ കൊലയും കൂടുതൽ ഭീതി വിതയ്ക്കണം. ഇത് ഉള്ളി സുര പറയുന്നതു പോലെ ഒരേ ചങ്ങലയുടെ ആവർത്തന വിരസത തന്നെ. ഇനി സിഗ്നേച്ചർ കൊലയാളികൾ കൊല്ലുന്ന രീതിയൊന്നും മാറ്റില്ല എന്നുതന്നെ വയ്ക്കുക. മറ്റെന്തെല്ലാം അപ്രതീക്ഷിതമാറ്റങ്ങൾ ഓരോ കൊലയിലും കൊണ്ടുവരാം. അതിനൊന്നും കഥയിൽ സ്ഥാനമില്ല. പ്രേക്ഷകർക്ക് അടുത്തതാര് എന്ന ചോദ്യമേയുള്ളൂ. നായകനേയോ അന്വേഷണക്കാരേയോ ബാധിക്കാതെ ഇനിയും രണ്ടു കൊലകൾ വരും എന്ന് പ്രേക്ഷകർക്ക് അറിയാം. ആ ഹാക്കറെ കൊന്നിരുന്നെങ്കിൽ കഥ വഴിവച്ചുപേക്ഷിച്ച് അടുത്ത പടം പിടിക്കാമായിരുന്നു.

അപ്പോൾ ശരി. ഇനി 2022-ൽ കാണാം.

PS: By the way, ഉണ്ണിമായ പ്രസാദിന്റെ DSP is way better than മഞ്ജു വാര്യരുടെ Sreebala, IPS. (അതേ, വേട്ടയും കാണേണ്ടി വന്നു.)

Labels:

Wednesday, April 03, 2019

L ആയ ഏട്ടൻ

കഥാകൃത്ത്

ഏതെങ്കിലും പേടിസ്വപ്നം കണ്ട് രാവിലെ മൂന്നുമണിക്ക് ഞെട്ടിയുണർന്നിട്ട് പിന്നെ ഉറങ്ങാൻ കഴിയാതെ മണിക്കൂറുകൾ തള്ളിനീക്കുമ്പൊഴോ, അലസമായി ഷവറിൽ നിൽക്കുമ്പോഴോ ആണ് എഡിറ്റിംഗ് ആവശ്യമില്ലാത്ത വിധം ശുദ്ധഗദ്യം അനർഗ്ഗളമായി ഒഴുകി വരുന്നത്. മറക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ചാൽ പോലും പിന്നീട് അവയെല്ലാം മറന്നുപോകുകയും ചെയ്യും. പുകച്ചിട്ടും കുടിച്ചിട്ടും എഴുതാമെന്നു വച്ചാൽ ലഹരിപ്പുറത്ത് പേനയും പേപ്പറും കണ്ടെത്തി എഴുതിത്തുടങ്ങാൻ ആർക്കുനേരം? പുകയ്ക്കേണ്ടത് പുകച്ചിട്ട് പേനയുന്തിയാൽ മാസ് എന്റെർറ്റെയ്നർ സിനിമയുടെ കഥയും തിരക്കഥയും എഴുതാമെന്നു മനസ്സിലായി. സ്റ്റോക്ക് തീർന്നതിനാലാവണം കഥ ലാദവധം വരെ എത്താതിരുന്നത്. (അച്ഛന്റെ ചിത മകളെക്കൊണ്ട് കത്തിക്കാമെന്ന് കഥയിൽ എഴുതിച്ചേർത്തത് സ്ത്രീപക്ഷവാദിയായ സംവിധായകന്റെ നിർബന്ധം മൂലമാവാനാണ് സാദ്ധ്യത.)

സംവിധായകൻ

അഞ്ചാറു വർഷം മുമ്പുവരെയൊക്കെയുള്ള എന്റെ എഴുത്തുകളിൽ (ചിലപ്പോൾ പ്രവൃത്തിയിലും) അവിടവിടെയായി സ്ത്രീവിരുദ്ധത കണ്ടെടുക്കാൻ പ്രയാസമുണ്ടായിരുന്നില്ല. സാഹചര്യങ്ങളുടേയും സ്വയം തെരഞ്ഞെടുത്ത വിചിത്രമായ മാതൃകകളുടേയും സ്വാധീനത്താലായിരുന്നു എന്നൊക്കെ കാരണം കണ്ടെത്താമെങ്കിലും ആവക ന്യായീകരണത്തിനു ശ്രമിക്കുന്നില്ല. Context-ൽ നിന്നും അടർത്തിമാറ്റി നോക്കിയാൽ അന്നത്തെ പലനിലപാടുകളും വിചിത്രങ്ങളുമായിരുന്നു. മാറിവരുന്ന ലോകക്രമത്തിൽ സ്വയം വിലയിരുത്താനും പഴയതിലും പുരോഗമനപരമായ വീക്ഷണങ്ങൾ സ്വീകരിക്കാനും ഞാൻ മടികാണിച്ചിട്ടില്ല. എന്നുവച്ച് സാധാരണയിൽ നിന്നും വ്യത്യസ്തമായ ചെവിവലിപ്പമുള്ളവന് കേൾവി കൂടുതലാണെന്നോ കുറവാണെന്നോ ചാർത്തിത്തരുന്ന ലേബലുകളെ തിരസ്കരിക്കാൻ ചെവി ചെത്തിച്ചെറുതാക്കിയോ പരത്തിനീട്ടിയോ കൂട്ടത്തിൽ കൂടാൻ ശ്രമിച്ചുമില്ല. Local explanation-നെ (as used in Model Explainability) സ്വാധീനിക്കാനെന്നപോലെ വാലു മുറിച്ചുകളഞ്ഞ് കാഴ്ചയിൽ ‘നല്ലപിള്ള’ ചമയാനും നിന്നില്ല. ഇത് എന്റെമാത്രം കാര്യമല്ല. പരിചയമുള്ളവരിൽ, വിരലിലെണ്ണാവുന്ന തീവ്രവലതുപക്ഷമൊഴികെ, മറ്റാരും inclusive ചിന്താഗതി വെടിഞ്ഞ് പിറകോട്ടുനടന്നതായി കണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ നിന്നാണ് ചോരത്തിളപ്പുള്ള യുവതുർക്കിയിൽ നിന്നും (പ്രതിച്ഛായ മാത്രം) വഴുവഴുപ്പാർന്ന വരാൽമത്സ്യത്തിലേയ്ക്കുള്ള സംവിധായകന്റെ ചുവടുമാറ്റം വീക്ഷിക്കേണ്ടത്. കഥാകൃത്ത് രണ്ടുപക്ഷങ്ങളേയും സമദൂരത്തിൽ തള്ളിപ്പറഞ്ഞ് മൂന്നാമത്തേതിനു പാതതെളിക്കുമ്പോൾ സംവിധായകനാവട്ടേ, ലഭ്യമായ മൂരിക്കാളകളിലൊന്നിനെ നുകത്തിൽക്കെട്ടി ബദൽമാഫിയ വിതയ്ക്കാൻ വയലൊരുക്കുകയാവണം.

നടൻ

മണിയൻ മാമൻ ഒരു ഇലക്ട്രീഷ്യനായിരുന്നു. അക്കാലത്ത് എന്റെ നാട്ടിൽ നിർമ്മിച്ച പല വീടുകളിലേയും വയറിംഗ് പണി മണിയൻ മാമൻ വകയാണ്. മണിയൻ മാമനെ വയറിംഗിനു വിളിക്കാതിരുന്നാൽ മാമൻ അടിച്ചു പൂസായി നേരിട്ടു ചെന്നു വീട്ടുകാരനോടു ചോദിക്കും: “നിനക്കെന്താടാ പട്ടീ എന്നെക്കൊണ്ട് ഒണ്ടാക്കിയാൽ?” സന്ധ്യനേരത്തെ തെറിപ്പൂരം ഒഴിവാക്കാനാണ് പലരും മണിയൻ മാമനെത്തന്നെ വയറിംഗ് ഏൽപ്പിക്കുന്നത്. ഓരോ വീടു വയറിംഗ് കഴിയുമ്പോഴും മാമൻ തന്റെ ‘വർക്കി’നെപ്പറ്റി കള്ളുഷാപ്പിലിരുന്ന് പൊങ്ങച്ചം പറയും. പിന്നെ ഷാപ്പിൽ നിന്നും പുറത്തിറങ്ങി നാട്ടുകാരോടൊക്കെ പൊങ്ങച്ചം പറയും. സ്വിച്ചിട്ടാൽ ലൈറ്റ് കത്തുന്ന പണിയാണ് ചെയ്തുകൂട്ടുന്നതെങ്കിലും തന്നിലും വലിയ ആർട്ടിസ്റ്റ് ഇല്ല എന്ന് മണിയൻ മാമനും ആ നാട്ടിലെ കുറേപ്പേരും വിശ്വസിച്ചുകൊണ്ടേയിരുന്നു.

Labels:

Friday, January 11, 2019

തൂവാനത്തുമ്പികൾ: ഒരു നിസ്സംഗ കാഴ്ച

(തൂവാനത്തുമ്പികളെയോർത്ത് കോൾമയിർ കൊള്ളുന്നവർ തുടർന്ന് വായിക്കരുത്.)

പന്ത്രണ്ടു വയസ്സു തികയാത്തവർക്കും നാല്പതിനും അമ്പത്തഞ്ചിനും ഇടയ്ക്കു പ്രായമുള്ളവർക്കും വേണ്ടിയാണ് സത്യൻ അന്തിക്കാട് സിനിമയെടുക്കുന്നത്. ഇതിനിടയിൽ രണ്ടു പ്രേക്ഷകസെഗ്മന്റുകളുണ്ട്: പതിമൂന്നു മുതൽ ഇരുപത്തഞ്ചു വയസ്സു വരെ പ്രായമുള്ള ‘യുവാക്കൾ’ ഒരു കൂട്ടം. ഇരുപത്താറിനു മേൽ നാല്പതിൽത്താഴെ കഴിയുന്നവർ: യുവത്വം കഴിഞ്ഞു; എന്നാൽ അന്തിക്കാട് വരെ എത്തിയിട്ടില്ലാത്തവർ.

പക്ഷേ അവരല്ല ഇന്നത്തെ ചിന്താവിഷയം.

യുവാക്കൾക്കുവേണ്ടി എടുത്ത സിനിമകളുടെ പേരിലാണ് പദ്മരാജനെന്ന അനുഗ്രഹീതകലാകാരൻ പരക്കെ ആഘോഷിക്കപ്പെടുന്നത്. ആ സിനിമകളിൽത്തന്നെ മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയകഥകളിലൊന്നത്രേ തൂവാനത്തുമ്പികൾ. ആകപ്പാടെ ഒരു സംഭാഷണശലകം എടുത്തുവച്ചാണ് ആസ്വാദകലക്ഷങ്ങളുടെ നിരൂപണാതിസാരം എന്നുമാത്രം.

ഒന്നാലോചിച്ചു നോക്കൂ: നിങ്ങൾ നാട്ടിൻ പുറത്തെ ഒരു വിദ്യാലയത്തിലാണ്. വീട്ടിൽ വലിയ സ്വാതന്ത്ര്യമൊന്നുമില്ല. സന്ധ്യയ്ക്ക് മുമ്പ് ഹാജർവച്ച്  പഠിക്കുന്നതായി അഭിനയിച്ചോളണം. ചിത്രഗീതം വേണമെങ്കിൽ കാണാം, ചിത്രഹാർ നിഷിദ്ധം. ക്ലാസിലുള്ള പെൺകുട്ടികളെയൊക്കെ കോഴ്സ് കഴിയാറാവുമ്പോഴാണ് നിങ്ങൾ ശ്രദ്ധിക്കുന്നത് തന്നെ. അതിലൊരുവളിൽ നിങ്ങൾ ആകൃഷ്ടനാവുന്നു.

ഒരു ദിവസം കോളജിന്റെ പടികൾ കയറവേ അവളുടെ കയ്യിൽ നിന്നും ഒരു പുസ്തകം താഴെവീഴുന്നു. ഏതോ വിധിവെപരീത്യത്താൽ നിങ്ങൾ അവിടെയുണ്ട്. പുസ്തകം നിലത്തുനിന്നെടുത്ത് കൊടുക്കുന്നതിനിടയിൽ പുസ്തകത്താളുകൾക്കിടയിൽ വച്ചിരുന്ന മയിൽപ്പീലി (അതൊക്കെയാണല്ലോ പതിവ്) നിങ്ങൾ അവളുടെ അനുവാദമില്ലാതെ അപഹരിക്കുന്നു. ഈ മോഷണം തടയാൻ അവൾക്കാകുന്നില്ല. അതിനാൽ അവൾ അത് കണ്ടില്ലെന്ന് നടിക്കുന്നു.

അന്നുമുതൽ നിങ്ങളുടെ സ്വപ്നങ്ങൾ വർണ്ണാഭമാവുന്നു. അവളും വല്ലപ്പോഴും നിങ്ങളെ നോക്കുന്നുണ്ട്. അവൾക്ക് നിങ്ങളോട് പ്രേമം ആണെന്ന് നിങ്ങൾ കൂട്ടുകാരനോട് ആണയിട്ടു പറയുന്നു. ദിവസങ്ങൾക്കുശേഷം മയിൽപ്പീലി മടക്കിനൽകുമ്പോൾ അവൾ വേണ്ടെന്നു ശഠിക്കുന്നു. അവൾക്ക് നിങ്ങളോട് പ്രേമം ആണെന്ന് നിങ്ങൾ കൂട്ടുകാരനോട് വീണ്ടും പറയുന്നു. നിങ്ങൾക്കും ആദ്യമായാണ് ഒരു പെണ്ണിനോട് ഇങ്ങനെയൊരു വികാരം തോന്നുന്നതെന്നും അവളോടൊപ്പമല്ലെങ്കിൽ ജീവിതമില്ലെന്നും നിങ്ങൾ ഉറപ്പിക്കുന്നു. മൂന്നുനാലു മാസങ്ങൾ കഴിഞ്ഞുപോകുന്നു.

ഡിഗ്രിപ്പരീക്ഷകഴിഞ്ഞ് അവൾ അവളുടെ വഴിക്കും നിങ്ങൾ നിങ്ങളുടെ വഴിക്കും പോകുന്നു. സന്ധ്യകഴിഞ്ഞനേരത്തുപോലും അമ്പലക്കോണിലിരിക്കാനും നിലാവുദിക്കുന്ന വൈകുന്നേരങ്ങളിൽ വയലിറമ്പിലൂടെ വെറുതേ നടക്കാനും ഇപ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഇടവപ്പാതിയെത്തുമ്പോൾ നിങ്ങൾ മഴകണ്ടിരിക്കും. പഠിക്കാനൊന്നുമില്ല. മഴയുടെ ശബ്ദവും മഴക്കാറ്റിന്റെ തണുപ്പുമേൽക്കാൻ വേണ്ടി, രാത്രിയേറെയെത്തിയാലും ജന്നൽ തുറന്നിടാൻ നിങ്ങൾ മടിക്കുന്നില്ല. അവളുടെ ഓർമ്മകൾ മനസ്സിലേയ്ക്കുകൊണ്ടുവരാൻ പറ്റിയ അന്തരീക്ഷം വേറേയില്ലല്ലോ. ഉത്തരാസ്വയംവരം കഥകളിയൊന്നും കാണുവാൻ പോകാനുള്ള സെറ്റപ്പില്ലെങ്കിലും ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ നിങ്ങൾ അർജ്ജുനനും അവൾ ഉത്തരയുമായി മാറുന്നു.

നാളുകൾ കഴിയുമ്പോൾ നിങ്ങൾ PSC, ബാങ്ക് ടെസ്റ്റ് തുടങ്ങിയവയൊക്കെ എഴുതി യാഥാർത്ഥ്യത്തിലേയ്ക്ക് മടങ്ങിവരാനൊരു ശ്രമം നടത്തും. അതിനിടയിൽ അവളെവിടെ, നിങ്ങളുടെ അനശ്വര പ്രണയമെവിടെ? അവളെമറക്കാൻ ശ്രമിച്ചുവരവേ തുലാവർഷം പെയ്തിറങ്ങും.

ഇടിവെട്ടി മഴപെയ്യുന്ന രാവുകളിലൊന്നിൽ അവളുടെ ഓർമ്മകൾ പാടേ പിഴുതെറിയുന്നതിന്റെ മുന്നോടിയായി ജനലരികിലിരുന്ന് നിങ്ങൾ അവളോട് സംവദിക്കും:

അവൾ: “ഞാൻ ഇപ്പോഴും ഓർക്കും. ഓരോ മുഖം കാണുമ്പോഴും ഓർക്കും!”
നിങ്ങൾ: “മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ? അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങു മറക്കും.”
അവൾ: “മറക്കുമായിരിക്കും, അല്ലേ?”
നിങ്ങൾ: “പിന്നെ മറക്കാതേ!”

സംഭാഷണം ഇവിടെ നിൽക്കും. ഇനിയുള്ളത് അവൾ പറയുന്നതല്ല. അവൾ പറയുന്നതായി നിങ്ങൾക്ക് തോന്നുന്നതാണ്.

അവൾ: “പക്ഷേ, എനിക്ക് മറക്കണ്ട!”

ഇത്രേയുള്ളൂ തൂവാനത്തുമ്പികൾ.

ഈ സിനിമയിൽ കാണിക്കുന്ന മഴയ്ക്ക് ഭാവങ്ങളൊന്നുമില്ല. പാടിപ്പുകഴ്ത്തുന്നവരെല്ലാം കൂടി മഴയെ സഹനടിയാക്കിയതാണ്. സൂക്ഷ്മമായി നോക്കിയാൽ പെണ്ണിനൊപ്പമല്ല--ക്ലാരയ്ക്കൊപ്പമല്ല--സിനിമയിൽ മഴവരുന്നത്. നിരൂപകവ്യാഘ്രങ്ങൾ ആക്രോശിച്ചപോലെ പെണ്ണിന്റെ പ്രേമത്തിനൊപ്പവുമല്ല. പെണ്ണിനോടടുത്തിടപഴകുമ്പോഴുണ്ടാവുന്ന വിഭ്രമമാണ് ഈ സിനിമയിലെ മഴ. അതിന് പെൺസാമീപ്യം വേണ്ട. “ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്നു തുടങ്ങുന്ന കത്തെഴുതിയാലും മതി. ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്ണിന്റെ തിളങ്ങുന്ന കണ്ണുകൾ മനസ്സിൽ കണ്ട് പ്രേമം തോന്നി മഴപെയ്തു എന്നു വേണമെങ്കിൽ വിശ്വസിക്കണമെങ്കിൽ കൂടിയതരം ലഹരിസേവിക്കണം. അല്ലെങ്കിൽ നിങ്ങൾ (മുകളിൽ പറഞ്ഞപോലെ) യുവാവായിരിക്കണം. കോളജിൽ പോയി മൂലക്കുരു സൃഷ്ടിക്കുമ്പോഴും ജയകൃഷ്ണന്റെ വിഭ്രമം നമ്മൾ കാണുന്നു. സത്യത്തിൽ ഇവിടേയും മഴപെയ്യേണ്ടതാണ്, അന്ന് പമ്പുസെറ്റ് വടകയ്ക്ക് കിട്ടിയില്ലെന്നേയുള്ളൂ.

പിന്നെ ക്ലാര. സുമലതയല്ലാത്തൊരു ക്ലാരയെ സങ്കൽപ്പിച്ചു നോക്കൂ (കാർത്തികയോ മറ്റോ). ക്ലാര ആദ്യമായും അവസാനമായും ഒരു സേഡിസ്റ്റ് ആണ്. സിനിമയിൽ ക്ലാരയുടേതായി നമ്മളെക്കാണിക്കുന്ന ബ്രില്യൻസ്(!) ഒരു ആവരണം മാത്രം. താൻ രക്ഷപ്പെടുന്നതിന്റെ തെളിവുകൾ അപ്പപ്പോൾ വേണ്ടപ്പെട്ടവരെ അറിയിച്ചാഹ്ളാദിക്കാൻ അവൾ മറക്കുന്നില്ല. ആത്മഹർഷം ക്ലാര വ്യക്തമാക്കുന്നുണ്ട് എന്നത് സംവിധായകന്റെ വിജയമായിക്കാണാം. ഒറ്റപ്പാലത്തുനിന്ന് ട്രെയിൻ നീങ്ങുമ്പോൾ അവളുടെ മുഖം നിങ്ങൾപോലുമറിയാതെ അവസാനമായി ഒരുവട്ടം നിങ്ങൾക്ക് കാട്ടിത്തരുന്നുണ്ട്.

ജയകൃഷ്ണന്റെ ദ്വന്ദവ്യക്തിത്വത്തിനൊന്നും ഒരു ലോജിക്കുമില്ല. നോവൽ സിനിമയാക്കിയപ്പോൾ പറ്റിയതാണ്, സാരമില്ല. സിനിമയിൽ ലോജിക് വേണമെന്നില്ല. പക്ഷേ ഇതൊക്കെപ്പറഞ്ഞാണ് ഫാൻസ് ആഘോഷിക്കുന്നതെന്നോർക്കണം. കഥാന്ത്യം വരെ അയാൾ സ്വവർഗ്ഗാനുരാഗിയാണെന്ന് തോന്നാതിരിക്കാൻ കാരണമൊന്നുമില്ല. ജയകൃഷ്ണൻ വലിയ ആദർശവാനാണ്. ഒരു ആദർശം മാത്രം: ആദ്യമായി ഭോഗിച്ചവളെ കല്യാണം കഴിക്കും. വേറേ ആദർശവുമില്ല, ഇപ്പറഞ്ഞ ആദർശത്തിനു കാരണവുമില്ല. ഒരിക്കലും ഒരു കാര്യത്തിനും സ്വന്തമായി അഭിപ്രായം പോലുമില്ല.

രാധയാവട്ടെ ബുദ്ധിയും ബോധവുമുള്ളമട്ടിൽ രംഗപ്രവേശം ചെയ്ത് തീനാളത്തിലാകൃഷ്ടയായ ശലഭംകണക്കേ എരിയാൻ തയ്യാറാവുന്നു. തീനാളത്തിന് ഒരു മോടിയൊക്കെയുണ്ട്. എരിഞ്ഞതാവട്ടെ, വെറും ബീഡിത്തുമ്പിലായിപ്പോയി. അവൾക്കു പ്രേമവും മണ്ണാങ്കട്ടയുമൊന്നുമില്ല. കുറ്റബോധമാണെന്നാണ് വയ്പ്. വീട്ടുകാരെ ധിക്കരിക്കുന്ന രാധയ്ക്ക് മറ്റൊരു സ്ത്രീയെ മനസ്സിൽ വച്ചുനടക്കുന്നവനെ കല്യാണം കഴിക്കാൻ ഒരു മടിയുമില്ല, എന്നാൽ അതിനൊട്ടു കാരണവുമില്ല.

ആകെമൊത്തം അബ്സേഡ് ആയ കഥ. ഞാൻ വിചാരിച്ചു സിനിമയാക്കുമ്പോഴെങ്കിലും ഉദകപ്പോള വെടിപ്പാക്കിയെടുക്കുമെന്ന്. എവിടെ!

ഇരുപത്തഞ്ചു വയസ്സുകഴിഞ്ഞ് ഈ സിനിമയൊക്കെ ആഘോഷിച്ചൂ നടക്കുന്നവർ സ്നേഹം, പ്രണയം എന്നൊക്കെയുള്ള വാക്കുകൾ കേട്ടിരിക്കും എന്നല്ലാതെ അതിനെപ്പറ്റി ഒരു സങ്കൽപ്പരൂപവും ഇല്ലാത്തവരായിരിക്കണം.

Labels:

Tuesday, December 26, 2017

സിനിമ: ശവം

“വെള്ളിനിലാവത്തു തുള്ളിക്കളിക്കുന്ന പുള്ളിമാൻ കുട്ടികൾ പോലെ” എന്ന പാട്ടിന്റെ അറുപതാം വാർഷികം ആഘോഷിച്ചിരിക്കേയാണ് ഒരു സിനിമ കണ്ടാലോ എന്ന നിർദ്ദേശം വന്നത്.

ശവം എന്ന സിനിമ തുടങ്ങിയതു മുതൽ കടമ്മനിട്ടയുടെ ചാക്കാല എന്ന കവിതയായിരുന്നു മനസ്സിൽ. നാടിന്റെ പരിച്ഛേദം തന്നെയാണ് ഏതു മരണവീട്ടിലും. മരണപ്പെട്ടയാൾ, ചില്ലറ അപദാനങ്ങൾ, ആരുടേയോ കുറ്റങ്ങൾ, ചെറുതും വലുതുമായ വാർത്തകൾ, കുശുമ്പുകൾ അങ്ങനെ എല്ലാം. ഇപ്പറഞ്ഞതെല്ലാം അടുക്കിയവതരിപ്പിക്കുന്നു; ശവം. കാപട്യത്തോടെയെങ്കിലും ഉപചാരപൂർവ്വം പെരുമാറണമെന്ന് കടമ്മനിട്ട പറയുമ്പോൾ പല മരണവീട്ടിലും, തോമാച്ചന്റെ വീട്ടിലുൾപ്പെടെ, കവിഭാവനപോലെയല്ല കാര്യങ്ങൾ എന്നതാണ് സത്യം.

രണ്ടു കാര്യങ്ങൾ: ക്യാമറ അല്പം കൂടി സീരിയസ്സായി കൈകാര്യം ചെയ്യാമായിരുന്നു. അവസാനരംഗമൊഴികെ മറ്റെല്ലാം ഒറ്റലെൻസിൽ, ഒരു ഫോക്കൽ ലെംഗ്‌തിൽ ചിത്രീകരിച്ചപോലെ തോന്നി. അവിടവിടെ അവിദഗ്ദ്ധത തുളുമ്പുന്നു (ഈ ട്രീറ്റ്‌മെന്റ് മനഃപൂർവ്വമാണോ എന്നറിയില്ല). മരണവീട്ടിലെ ഏറിയും താണുമുള്ള കരച്ചിൽ മുഴച്ചുനിൽക്കാതെ അവതരിപ്പിക്കുന്നതിന് ശ്രമിച്ചതായി തോന്നുന്നില്ല. പലപ്പോഴും കരച്ചിലിന്റെ ടോൺ സെലക്ഷൻ ഡിസ്ട്രാക്ഷനായി മാറുന്നുമുണ്ട്. ഒരു രണ്ടാം കാഴ്ചയിൽ ഇവ പ്രശ്നങ്ങളായി തോന്നാതിരിക്കാനും മതി.

ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക്: ശവം നെറ്റ്‌ഫ്ലിക്സിൽ ഉണ്ട്.

Labels:

Sunday, April 16, 2017

സിനിമ: ടേക്ക് ഓഫ്

ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി നോവൽ, സിനിമ തുടങ്ങിയ വിനോദോപാധികൾ നിർമ്മിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. സത്യത്തിൽ സംഭവിച്ച കാര്യങ്ങളിൽ (പ്രത്യേകിച്ചും അനന്തരഫലത്തിൽ) ക്രിയാത്മകതയ്ക്ക് അധികം സ്ഥാനമില്ല. എന്നാൽ സംഭവത്തിന്റെ പുനരവതരണത്തിൽ ഭാവനയുടെ സ്വാതന്ത്ര്യം ഉപയോഗിക്കാതെവന്നാൽ സൃഷ്ടി ചരിത്രപുസ്തകമോ ഡോക്യുമെന്ററിയോ ആയിപ്പോവുകയും ചെയ്യും. ചരിത്ര സത്യത്തോടു നീതിപുലർത്തുമ്പോൾത്തന്നെ സർഗ്ഗാത്മകമായി കഥയുടെ ചുരുളഴിക്കുക. ചുരുക്കത്തിൽ, ഈ രണ്ടുഭാഗത്ത് എവിടെ “പിഴച്ചാലും” സിനിമയ്ക്കെതിരേയുള്ള ദോഷവർണ്ണനകൾ ഉയർന്നുവരും.

ടേക്ക് ഓഫിനോടുള്ള എന്റെ പരാതി ഈ രണ്ടുഭാഗത്തുമാണ്. ഇറാഖിലകപ്പെട്ട നേഴ്സുമാരെ രക്ഷിച്ചെടുക്കുന്ന കഥ മറ്റ് ഉപകഥകളൊഴിവാക്കി അവതരിപ്പിക്കാവുന്നതേയുള്ളൂ. ഇവർ, എല്ലാം അറിഞ്ഞിട്ട് എന്തിന് ഇറാഖിലേയ്ക്ക് പോയി എന്നത് സമർത്ഥിക്കാൻ ഏകദേശം ഒരു മണിക്കൂർ ചിലവാക്കിയിട്ടുണ്ട്. അതിനുവേണ്ടി ദുർബ്ബലബന്ധങ്ങളാൽ കുറേപ്പേരെ നിരത്തിവച്ചു. അതിൽ രണ്ടുപേരെ കല്യാണം കഴിപ്പിച്ചു. ഇത് സിനിമയിലെ വലിയ മുഹൂർത്തമാണ്--ബന്ധങ്ങൾക്ക് വലിയ വിലയൊന്നും കല്പിക്കാതെ മൂന്നുപതിറ്റാണ്ടെങ്കിലും “സ്വന്തം കാലിൽ” നിന്ന നായിക, അഞ്ചാറുമാസത്തിനിടയിൽ ഭർത്താവിനു വേണ്ടി എന്തും ചെയ്യും എന്ന് ഒരു നേരിൽക്കാഴ്ചയിലൂടെയും രണ്ടു ഫോൺ വിളികളിലൂടെയും മനസ്സിലാക്കി, മേലധികാരികളെ വരെ ധിക്കരിക്കുന്ന ഇന്ത്യൻ അംബാസഡറാണ് കളിയിലെ കേമൻ.

ഈ സംഭവത്തിൽ നിന്നും ഒരു നായികയെ ഒരുക്കിയെടുത്തതും അവൾ മൂലം (പലപ്പോഴും നേരിട്ട്, ഒരിക്കൽ നായികനിമിത്തമായി കഥയിലെത്തിയ കുട്ടികാരണം) മരണവൃത്തത്തിൽ നിന്നും മടങ്ങിവന്നതും അവതരിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ അഗ്നിപരീക്ഷ നേരിടേണ്ടിവന്നവരുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും മനോബലവും ജീവിതതൃഷ്ണയും കുറച്ചുകാണുകയാണ് ചെയ്യുന്നത്. പിന്നെ ഇക്കാണിച്ചതൊക്കെയായിരുന്നു ഈ സിനിമയിലെ ധ്യാനമനനങ്ങളുടെ ആകെത്തുക എന്നുപറഞ്ഞാൽ സുല്ല് എന്നേ പറയാനുള്ളൂ.

എന്നാലും ദ്വയാർത്ഥപ്രയോഗങ്ങളിലാതെ, എല്ലാം തികഞ്ഞ നായകനോ നായികയോ ഇല്ലാതെ, രണ്ടുമണിക്കൂറിലധികം നീളമുള്ള ഒരു മലയാള സിനിമ കാണാൻ പറ്റുക എന്നത് ഇക്കാലത്ത് ചില്ലറക്കാര്യമല്ല. തീയേറ്ററിൽ ആകെ എട്ടുപേരേ ഉണ്ടായിരുന്നു എന്നതിനാൽ അച്ചുവിന് യഥേഷ്ടം ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമുണ്ടായി. സിറിയയെപ്പറ്റിയും മറ്റും അവനിൽ അല്പം കൂടി ആകാംക്ഷ ഉണ്ടായി വന്നതും വലിയ കാര്യം തന്നെ. സമീര, ഷഹീദിനെ അങ്കിൾ ആയി ഇബ്രുവിനു പരിചയപ്പെടുത്തിയപ്പോൾ അച്ചു പറയുന്നുണ്ടായിരുന്നു: #sadlife. ശോകം നിറഞ്ഞ ഒരു കൂട്ടം ജീവിതങ്ങളെ ഓർമ്മപ്പെടുത്തിയതുതന്നെയാണ് സിനിമയുടെ ഏകനേട്ടം.

Labels:

Monday, January 31, 2011

ചെരിപ്പു വീശും പെൺമണികൾ

പൊതുവേദികളിലും മറ്റും ധാരാളിത്തത്തോടെ ഉപയോഗിക്കുന്ന പോപുലർസ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു പ്രശ്നം അതിന്റെ അവിശ്വസനീയതയാണു്‌. ഈ അവിശ്വസനീയത തന്നെയാണു്‌ അതിന്റെ ഗുണവും. കേൾവിക്കാരിൽ "വൗ!" എന്നൊരാത്തനാദം പുറപ്പെടുവിക്കാനായാൽ പറയുന്ന വിഷയത്തിന്റെ "കേൾക്കബിലിറ്റി"യും ആളുകളെ "പിടിച്ചിരുത്തബിലിറ്റി"യും കൂടുമെന്നുറപ്പല്ലേ? അവിശ്വസനീയതയിൽ തുടങ്ങി, പിന്നീടു്‌ പതിയെ, "ശരിയായിരിക്കും അല്ലേ? അല്ലാതെപിന്നെ ഈ കണക്കൊക്കെ ചുമ്മാ ഉണ്ടാക്കിയെടുക്കാൻ പറ്റുമോ?" എന്ന ചിന്ത കേൾവിക്കാരിലുറപ്പിച്ചാൽ, പറയുന്ന കാര്യത്തിനു്‌ വിശ്വസനീയത ലഭിക്കാനാണോ പാടു്‌?

വിൻഡോസ്-7 ഫോണിൽ Amazing Facts എന്നൊരു ആപ്ലികേയ്ഷൻ ലഭിക്കും. നമ്മെ അമേയ്സ് ചെയ്യുന്ന ഒന്നും അറിയാനുള്ള അവസരം വിട്ടുകളയരുതെന്നു്‌ 18 വർഷം മുമ്പു്‌ (ഇപ്പോൾ അപ്രസക്തവും വിവരണാതീതവുമായ മറ്റൊരു കോൺറ്റെക്സ്റ്റിൽ) ശ്രീമാൻ കോരസാർ പറഞ്ഞതു്‌ മറന്നിട്ടില്ലാത്തതിനാൽ, Amazing Facts കണ്ടയുടനെ, ഡൗൺലോഡ് ചെയ്തു്‌ ഉപയോഗമാരംഭിച്ചു.

Amazing Fact 35 of 5001 എത്തിയപ്പോൾ ഞാൻ വൗ! പറഞ്ഞുപോയി. അതിനുമുമ്പു്‌ എന്നെക്കൊണ്ടു്‌ പറയിപ്പിക്കണമെന്നു്‌ ആപ്ലികേയ്ഷൻ നിർമ്മാതാക്കളായ XiMAD-നു്‌ ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ഞാൻ വഴങ്ങിയിരുന്നില്ല. ഫാക്റ്റ് 35 ഇതായിരുന്നു:

"40% of women have hurled footwear at a man."

ഞാൻ സകല ഭരദേവതകളേയും (അധികം പേരില്ല) മനസ്സിൽധ്യാനിച്ചു്‌, ഭാര്യയെ വിളിച്ചു:

"എടീ, നിന്റെ അമ്മ ആളു്‌ തരക്കേടില്ലല്ലോ!"

"അതു്‌ ഇപ്പോഴാണോ മനസ്സിലായതു്‌?"

"അല്ല, ഇപ്പോഴല്ല. എന്നാലും ചെരിപ്പെറിയുക എന്നൊക്കെപ്പറഞ്ഞാൽ?"

"ചെരിപ്പെറിയുകയോ? മനസ്സിലായില്ല."

"നീ എനിക്കെതിരെ ചെരിപ്പു്‌ ഒരു ആയുധമായി പ്രയോഗിച്ചിട്ടില്ല. ഉണ്ടോ?"

"ചോദ്യങ്ങൾ ഒഴിവാക്കി കാര്യം പറഞ്ഞിരുന്നെങ്കിൽ ഉപകാരമായേനെ! നിങ്ങൾക്കു്‌ എലവേറ്റർ പിച്ച് ബാധകമല്ലേ?"

"എന്നാൽ പറയാം. 5-ൽ 2 പെണ്ണുങ്ങൾ ആണുങ്ങൾക്കു നേരേ ചെരിപ്പു വീശിയിട്ടുണ്ടെന്നാണു്‌ കണക്കു്‌. എന്റെ അറിവിൽ നീയോ, എന്റെ അമ്മയോ, മറ്റേമ്മയോ ഈ കൃത്യം നിർവ്വഹിച്ചതായി അറിവില്ല. പിന്നെ മനസ്സിൽ വന്ന ആദ്യത്തെ അഞ്ചു വനിതകളിൽ ബാക്കിയുള്ളതു്‌ നിന്റെ അമ്മയും എന്റെ കുഞ്ഞമ്മയുമാണു്‌..."

വലിയൊരു തമാശക്കാരൻ എന്ന മട്ടിൽ ഭാര്യ എന്നെയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: "നിങ്ങളുടെ കുഞ്ഞമ്മ അങ്ങനെ ചെയ്തിട്ടുണ്ടെന്നു്‌ വിചാരിച്ചാൽ പോലും കണക്കു ശരിയാവില്ലല്ലോ. ചിലപ്പോൾ 50-ൽ 2 പെണ്ണുങ്ങൾ എന്നതു്‌ 5-ൽ 2 എന്നായിപ്പോയതാവും."

ഇനി പറഞ്ഞു വന്ന കാര്യം പറയാം. ബെസ്റ്റ് ആക്റ്റർ എന്ന മലയാള സിനിമയിൽ കേട്ടാൽ വിശ്വസിച്ചുപോകുന്ന ഒരു ശതമാനക്കണക്കു്‌ പറയുന്നുണ്ടു്‌. 95% പേർക്കും സിനിമയിൽ അഭിനയിക്കണമെന്നു്‌ ആഗ്രഹമുണ്ടത്രേ (കേരളത്തിലെയാണോ അതോ ലോകത്തിലെയാണോ എന്നു്‌ പറച്ചിലിൽ നിന്നും വ്യക്തമല്ല). പക്ഷേ ആരും പുറത്തു പറയില്ല പോലും.

ഇതു കേട്ടപാടെ ഞാനൊരു ഞെട്ടു ഞെട്ടി. മറ്റൊന്നും കൊണ്ടല്ല, ഏതുനിമിഷവും അന്യം നിന്നു പോകാവുന്ന, ബാക്കിയുള്ള, 5%-ന്റെ പ്രതിനിധിയാണല്ലോ ഞാൻ എന്നൊർത്തിട്ടു്‌. "എന്റെ അറിവിലുള്ള ആർക്കും ഇങ്ങനെയൊരസുഖം ഉള്ളതായി അറിയില്ലല്ലോ" എന്നുപറയാമെന്നു വച്ചാൽ "ആരും പുറത്തുപറയാത്ത" വികാരമായതുകൊണ്ടു്‌ ആ വഴിക്കു ചിന്തിക്കുകയേ വേണ്ട. എന്നാലും ഈ കണക്കു്‌ വെള്ളം തൊടാതെ വിഴുങ്ങണമെങ്കിൽ, എന്റെ അമ്മയുമമ്മായിയമ്മയും, അനിയന്മാരും അളിയന്മാരും, അവരുടെ ഭാര്യമാരും സിനിമയിലഭിനയിക്കാൻ ആഗ്രഹമുണ്ടായിട്ടു്‌ പുറത്തു പറയാതെ നടക്കുന്നവരായിരിക്കണം.

ഈ സിനിമക്കാരുടെ ഒരു കാര്യമേ! എല്ലാവരും അവരെപ്പോലെയാവാൻ ശ്രമിക്കുകയാണെന്നു്‌ കരുതി നടക്കുന്ന പാവങ്ങൾ!

സിനിമാഭിനയം എന്നതൊഴിവാക്കി, അല്പം ഭേദഗതിയോടെ, 95% പേരും പ്രശസ്തരാവണമെന്നു്‌ (നാലാളറിഞ്ഞാൾ കൊള്ളാമെന്നു്‌) ആഗ്രഹിച്ചു നടക്കുന്നവരാണെന്നെങ്ങാനും കാച്ചിയിരുന്നെങ്കിൽ ഈ പോസ്റ്റ് തന്നെ വേണ്ടി വരുമായിരുന്നില്ല. വൗ! എന്നൊരാർത്തനാദത്തോടെ ഞാനതങ്ങു്‌ വെള്ളം തൊടാതെ വിഴുങ്ങിയേനെ.

Labels: ,

Sunday, March 25, 2007

രാജാ (ഗോസ്നെല്‍) കയ്യേ വച്ചാ

ആയാസരഹിതമായി ബര്‍മ്യൂഡയെത്തകര്‍ത്ത് ബംഗ്ലാദേശ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സൂപ്പര്‍-8 മോഹങ്ങള്‍ പൂര്‍ണ്ണമായും തല്ലിക്കെടുത്തിയതിന്‍റെ സങ്കടം, ട്രൈഗ്ലിസറൈഡിന്‍റെ അതിപ്രസരം കാരണം, നമ്മുടെ മനസ്സിനിണങ്ങും വിധം തീര്‍ക്കുന്നത് അസാധ്യമാണെന്ന തിരിച്ചറിവാണ് അപകടം പിടിച്ചതെങ്കിലും സാധ്യമായ മറ്റൊരു രീതിക്ക് എന്നെ പ്രേരിപ്പിച്ചത്.

ദത്തെടുത്ത ആറു കുട്ടികളുള്‍പ്പെടെ പത്തു മക്കളുടെ അമ്മയായ ഹെലനും (റെനേ റുസ്സോ) സ്വന്തമായി എട്ടുമക്കളുള്ള ഫ്രാങ്കും (ഡെന്നിസ് ക്വയ്ഡ്) അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുന്നു. ഹെലനും ഫ്രാങ്കും സ്കൂള്‍ കാലം മുതല്‍ ആകൃഷ്ടരായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്കായെങ്കിലും ഇത് സ്വപ്നതുല്യമായ പുനസ്സമാഗമവേളയാണ്. ഹെലന്‍റെ ഭര്‍ത്താവും ഫ്രാങ്കിന്‍റെ ഭാര്യയും മരണപ്പെട്ടിട്ട് മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

ഹെലനും ഫ്രാങ്കും കല്യാണം കഴിച്ച്, പതിനെട്ടു കുട്ടികളുമായി ഒരുമിച്ചു ജീവിക്കാനാരംഭിക്കുന്ന കഥ പറയുകയാണ് Yours, Mine & Ours എന്ന സിനിമ. 2005-ല്‍ റിലീസായ ഈ സിനിമയുടെ നിരൂപണമൊന്നും വായിക്കാതെ സിനിമ കാണാനിരുന്നത് എന്‍റെ തെറ്റ്.

സിനിമ തുടങ്ങി 15:37 മിനിട്ട് ആയപ്പോഴുള്ള ഈ സംഭാഷണമൊഴികെ മറ്റു സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒരു ചെറു പുഞ്ചിരി പോലും ഉണ്ടാക്കാന്‍ വിഷമിക്കുന്നതരത്തിലുള്ളവയാണ്:

ഫ്രാങ്ക്: “I was up all night, I was Googling her!”
ഡാരല്‍ (സുഹൃത്ത്): “Jeez, Frank, you Googled another man's wife?”
ഫ്രാങ്ക്: “Yeah, what do you think that means?”
ഡാരല്‍: “I don't know. Something dirty?”

രാജാ ഗോസ്നെലിന്‍റെ സം‌വിധാനം കുറ്റമില്ലാത്തതാണ്. പക്ഷേ, കഥയും തിരക്കഥയും സിനിമയെ നശിപ്പിച്ചു. കൈരളി റ്റി. വി.-യില്‍ സൂം ഇന്‍ (Zoom In) എന്ന പരിപാടിയുടെ പരസ്യമായി ശരത് ദാസ്, ‘നല്ല കഥയ്ക്കാണിവിടെ പഞ്ഞം’ എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. എന്നാലും ശരത് പറയുന്നതിലും കാര്യമുണ്ടെന്ന് ഇപ്പൊഴാ മനസ്സിലായത്!

വിഷമം മാറാനെന്തുണ്ടു വഴി? സുഹൃത്ത് ദേവപ്രസാദ് പറയുന്നതു പോലെ, “കിലുക്കം ഒന്നൂടെ കണ്ടാലോ!”

സിനിമ: Yours, Mine & Ours
സം‌വിധായകന്‍: രാജാ ഗോസ്നെല്‍
ശുപാര്‍ശ: കണ്ടേക്കല്ലേ!

Labels:

Monday, February 05, 2007

കുടുംബ പ്രവര്‍ത്തനം

ലോകത്തിന്‍റെ ഒരു മൂലയില്‍ വസിക്കുന്ന പ്രവാസിയായതിനാല്‍ പതിനഞ്ചോ അതിലധികമോ വരുന്ന മലയാളം ചാനലുകള്‍ കാണാനുള്ള ഭാഗ്യം എന്‍റെ നല്ലപാതിക്ക് ഇല്ല. മുജ്ജന്മ സുകൃതത്തിന്‍റെ സ്റ്റോക്ക് എന്നെക്കെട്ടിയ വകയില്‍ തീര്‍ന്നു പോയതിനാലും കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അധികം സുകൃതം ചെയ്തിട്ടില്ലാത്തതിനാലും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ചാനലുകളായ കൈരളിയും സൂര്യയും മാത്രമാണ് നമ്മുടെ മലയാളം ദൂരദര്‍ശനമോഹങ്ങളെ ചെറുതായെങ്കിലും പൂവണിയിക്കുന്നത്.

ചൊറിഞ്ഞു കേറുന്ന പരിപാടികളുടെ ആധിക്യം കാരണം (ഉദാ: 1, 2), ന്യൂസിനും ക്രിക്കറ്റുകളിയുടെ തുണ്ടുകള്‍ കാണുന്നതിനും മാത്രമാണ് ഞാന്‍ ഇവയെ ആശ്രയിക്കാറ്. മറ്റെല്ലാ വീടുകളിലേയും പോലെ, ഒന്നും കണ്ടില്ലെങ്കിലും റ്റി. വി. ഓണ്‍ ആയിരിക്കണമെന്ന തത്വം കൃത്യമായി പാലിക്കുന്ന കൂട്ടരായതിനാല്‍ കൌതുകം ജനിപ്പിക്കുന്ന മറ്റുപരിപാടികളൊക്കെ കണ്ടു കഴിയുമ്പോള്‍ യാന്ത്രികമായി റ്റി. വി. ചാനല്‍ എണ്ണൂറോ എണ്ണൂറ്റിയൊന്നോ (സൂര്യയോ കൈരളിയോ) ആയി മാറും.

അങ്ങനെയുള്ള വൈകുന്നേരങ്ങളിലൊന്നിലാണ് ഞാന്‍ പളുങ്ക് എന്ന സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കാണുന്നത്.

അവതാരിക: “തൊട്ടതെല്ലാം പൊന്നാക്കുന്ന, മലയാള സിനിമാ സം‌വിധായകരില്‍ അഗ്രഗണ്യനായ ബ്ലസ്സി...”
ഞാന്‍: “ഓ, പിന്നേയ്... (ഭാര്യയോട്) എടീ, അഗ്രഗണ്യന്‍ എന്ന വാക്കിന്‍റെ അര്‍ഥമെന്താണെന്ന് നിനക്കറിയാമോ?”
ദിവ്യ: “പ്രധാനപ്പെട്ടവന്‍? മുന്‍‍നിരയിലുള്ളവന്‍? അങ്ങേയറ്റത്തവന്‍?”
ഞാന്‍: “ഏറ്റവും നല്ലവന്‍, വഴികാട്ടുന്നവന്‍, നേതൃത്വം നല്‍കുന്നവന്‍, സര്‍വശ്രേഷ്ഠന്‍, പ്രഥമഗണനീയന്‍, പൂജ്യസ്ഥാനീയന്‍, മേന്മയും തികവും ഔന്നത്യവും വൈശിഷ്ട്യവും കുലീനതയും നിറഞ്ഞവന്‍...”
ദിവ്യ: “പാവങ്ങളല്ലേ... ജീവിച്ചു പോട്ടെ. ഇന്ന് വേറേയാരേയും കിട്ടിയില്ലേ കുതിരകേറാന്‍?”

ഇതൊന്നും വകവയ്ക്കാതെ, റ്റി. വി.-ക്കാരി കസര്‍ത്തു തുടരുകയാണ്. ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചില ഭാഗങ്ങള്‍ കാണിക്കുന്നുമുണ്ട്. പകുതി ശ്രദ്ധ റ്റി. വി. യിലാക്കി, ഞാന്‍ ക്രിക്ഇന്‍ഫോയില്‍ സ്കോട്‍ലന്‍ഡ് അയര്‍ലന്‍ഡിനെ തോല്പിച്ച വാര്‍ത്ത വായിക്കാനിരുന്നു. പെട്ടന്നാണ് മമ്മൂട്ടിയും നായികയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കുന്നത്:

നായിക: “ഈ വീട്ടില്‍ ഇന്നേ വരെ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ?”*

ഞാന്‍ കാതുകൂർപ്പിച്ചു. എന്തായിരിക്കും നായിക ഉദ്ദേശിച്ച ഈ ‘കുടുംബ പ്രവര്‍ത്തനം’?

റ്റി. വി. യില്‍ നോക്കിയപ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുന്നു, നായിക തറയില്‍ പായ് വിരിച്ച് അതിലും. മുകളില്‍ പറഞ്ഞ ചോദ്യം ചോദിക്കാന്‍ പറ്റിയ സെറ്റപ്പ്.

ഞാന്‍ (ദിവ്യയോട്): “ഇന്നേ വരെ ഈ വീട്ടില്‍ എന്ത് നടന്നിട്ടുണ്ടോന്ന്?”
ദിവ്യ: “ആ... എന്തോ കുടുംബ...”

ഞാന്‍ മീഡിയാ സെന്‍റര്‍ റീവൈന്‍ഡ് ചെയ്തു. (ഷെയിം‍ലെസ് പ്ലഗ് എന്നതിന്‍റെ മലയാളം എന്താണാവോ: നാണമില്ലാത്ത പരസ്യം എന്നാണോ?) വീണ്ടും കേട്ടു നോക്കി.

ഞാന്‍: “കൊള്ളാം, വീട്ടില്‍ കുടുംബ പ്രവര്‍ത്തനം നടന്നിട്ടുണ്ടോന്ന്! നായിക ഇങ്ങനെ നേരേ വാ എന്ന രീതിയില്‍ ഭര്‍ത്താവിനോട് ‘പ്രവര്‍ത്തനമില്ലായ്മ’യെപ്പറ്റി പരാതി പറയുന്നതു എനിക്കിഷ്ടപ്പെട്ടു. ബ്ലസ്സി സം‌വിധായകരിലെ അഗ്രഗണ്യപദവിക്ക് അർഹൻ തന്നെ!

“ആ റിമോട്ടിങ്ങു തന്നേ, ഞാന്‍ ഒന്നു കൂടെ കേള്‍ക്കട്ടെ.”

സീന്‍ റീവൈന്‍ഡാകുന്നു. ജൂറി പുറത്ത്: “അതേ, ആ ചെവി ഒന്ന് ഡോക്ടറെക്കാണിക്കുമോ? അവള്‍ ചോദിച്ചത്, ‘ഈ വീട്ടില്‍ കുടുംബപ്രാര്‍ഥന നടന്നിട്ടുണ്ടോ’ എന്നാണ്!”

[*ഇതെഴുതുന്നതിനു മുമ്പ് നായികയുടെ ചോദ്യവും അതിനു മമ്മൂട്ടി നല്‍കുന്ന ഉത്തരവും ഒരിക്കല്‍ കൂടി കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.]

Labels: ,

Wednesday, May 10, 2006

എന്നാലും എന്‍റെ സ്പീല്‍ബര്‍ഗ്ഗേ!

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്‍റെ പടമല്ലേ, അയ്യേ, കണ്ടിട്ടില്ലേന്ന് പ്രായമേറെച്ചെല്ലുമ്പോള്‍ ആരെങ്കിലും ചോദിച്ചാലോ എന്നു കരുതിയാണ്, അദ്ദ്യേം 2004-ല്‍ പടച്ച ‘ദ റ്റെര്‍മിനല്‍’ എന്ന സിനിമ, ഇല്ലാത്ത നേരം ഉണ്ടാക്കി, കാണാനിരുന്നത്.

സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ എട്ട് മിനിട്ട് എന്നു കണ്ട് ഞെട്ടിയെങ്കിലും, സ്പീല്‍ബര്‍ഗ്ഗിന്‍റെ മാന്ത്രികത ഇന്നെങ്കിലും പുറത്തു വരുമെന്ന് വിശ്വസിച്ച് നീളം സഹിക്കാമെന്നു വച്ചു. നായിക, കൊല്ലങ്ങള്‍ക്കുമുമ്പ് നല്ലകാലം കഴിഞ്ഞുപോയ കാറ്ററീന്‍ സീറ്റ ജോണ്‍സ്. മൈക്കല്‍ ഡഗ്ലസിനെക്കെട്ടി തടിച്ചിയായ ശേഷം അവളുടെ അഭിനയശേഷിയില്‍ എനിക്ക് വിശ്വാസമില്ലാതായിത്തുടങ്ങിയിരുന്നു (അവളിനി എങ്ങനെ ജീവിക്കുമോ ആവോ?). നായകനാണെങ്കില്‍ റ്റോം ഹാങ്ക്സും. തെറ്റില്ലാതെ അഭിനയക്കുന്ന ഈ മാന്യന്‍, കഴിഞ്ഞ കുറേക്കാലമായി തല്ലിപ്പൊളിപ്പടങ്ങള്‍ അടങ്കലെടുത്തിരിക്കുന്ന വ്യക്തിയാണ്. എന്നാലും സ്പീല്‍ബര്‍ഗ്ഗല്ലേ, ക്രിയേറ്റിവിറ്റിയുടെ സ്പാര്‍ക്കല്ലേ, കുന്തമല്ലേ, കുടച്ചക്രമല്ലേ, എന്നൊക്കെപ്പറഞ്ഞ് ഒരു ധൈര്യത്തില്‍ പടം കാണല്‍ ആരംഭിച്ചു.

തുടക്കം തെറ്റില്ലല്ലോ. റ്റോം ഹാങ്ക്സ്, മാനറിസങ്ങള്‍ മാറ്റിവച്ച് അല്പാല്പമായി തിളങ്ങാന്‍ തുടങ്ങുന്നു. ‘യാരടേ എവള്’ എന്ന് ചോദിപ്പിക്കുമാറ്, സ്ലിം ബ്യൂട്ടിയായി കാറ്ററീന്‍ സീറ്റ ജോണ്‍സും സ്റ്റേജില്‍. അല്പം തമാശയും അടക്കമുള്ള റൊമാന്‍സുമായി പടം മുന്നേറുന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, പടത്തിന്‍റെ നിലവാരം മൈക്രോസൊഫ്റ്റിന്‍റെ സ്റ്റോക്ക് പോലെ താഴോട്ടുള്ള പ്രയാണം ആരംഭിച്ചു. നായകനും നായികയും, സം‌വിധായകന്‍റെ വരുതിയില്‍ നില്‍ക്കാതെ എങ്ങോട്ടോ പോകുന്നു. സീന്‍ റ്റോണുകള്‍ അടിക്കടി മാറി കണ്ണിന് ആയാസമുണ്ടാവുന്ന വിധമാവുന്നു. ഡയലോഗുകള്‍ കൃത്രിമമാവുന്നു. സീനുകള്‍ ഏച്ചുകെട്ടിയപോലെ മുഴച്ചിരിക്കുന്നു. റ്റോം ഹാങ്ക്‍സ് നെറ്റി ചുഴിക്കുന്നു. കാറ്ററീന്‍ സീറ്റ ജോണ്‍സ് ചുണ്ടറ്റം മുകളിലേയ്ക്കാക്കി മലര്‍ത്തിയിട്ട റ പോലെ പിടിച്ച് ചിരിച്ചെന്നു വരുത്തുന്നു. എല്ലാം കഴിഞ്ഞ് കൈമാക്സ് അതിലും വിചിത്രം. കൂടുതല്‍ പറയുന്നില്ല.

പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്ത്, മോഹന്‍ലാലും സ്വപ്നയും അഭിനയിച്ച ‘കടത്തനാടന്‍ അമ്പാടി’ കാണണോ, സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗ് സം‌വിധാനം ചെയ്ത്, റ്റോം ഹാങ്ക്സും കാറ്ററീന്‍ സീറ്റ ജോണ്‍സും അഭിനയിച്ച ‘ദ റ്റെര്‍മിനല്‍’ കാണണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അറച്ചു നില്‍ക്കാതെ, മടിച്ചു നില്‍ക്കാതെ പറഞ്ഞോളൂ, ‘കടത്തനാടന്‍ അമ്പാടി’ കാണണമെന്ന്: ഒന്നുമില്ലെങ്കിലും പാട്ടെങ്കിലും ഫോര്‍വേഡ് ചെയ്യാമല്ലോ.

Labels:

Tuesday, March 07, 2006

റണ്‍ ലോലാ റണ്‍

കുറച്ചുനാള്‍ മുമ്പു മനോജ് ശുപാര്‍ശചെയ്തതാണെങ്കിലും റണ്‍ ലോലാ റണ്‍ കാണാന്‍ തരമായതിന്നാണ്.

കഥപറയുന്നില്ല. ഇത്രയും പറഞ്ഞുവയ്ക്കാം: ഇരുപത് മിനുട്ട് നേരത്തെ സംഭവങ്ങളാണ് പ്രതിപാദ്യ വിഷയം. ഒരു ചെറിയ-വളരെ ചെറിയ-സംഭവം കഥാഗതിയെ (ജീവിതത്തെ) എങ്ങനെ ബാധിക്കാം എന്നു പല രീതിയില്‍ വരച്ചുകാട്ടുകയാണ് ഈ സിനിമ.

മമെന്‍റോ (ഇംഗ്ലീഷ് ഗജനി), സ്ലൈഡിംഗ് ഡോഴ്സ് (ഇതാണ് തമിഴിലെ‍ 12B എന്ന് പ്രാപ്ര) എന്നിവയെപ്പോലെ കഥയിലെ വ്യത്യസ്തതമൂലം മറ്റുസിനിമകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു റണ്‍ ലോലാ റണ്‍.

റിലീസ്: 1998
ഭാഷ: ജര്‍മന്‍
സം‍വിധായകന്‍: ടോം റ്റൈക്വെര്‍

വിഭാഗം: കുറിപ്പുകള്‍

Labels:

Tuesday, February 21, 2006

ഖ്യൂരിയസ് ജോര്‍ജ്

അച്ചുവും ദിവ്യയും കൂടി ഇന്നലെ ഖ്യൂരിയസ് ജോര്‍ജ് കാണാന്‍ പോയി. അച്ചു നല്ല ഉറക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അച്ചുവിന്‍റെ അമ്മയ്ക്ക് പടം ക്ഷ പിടിച്ചുപോലും. കൊച്ചുങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉണ്ടാകാന്‍ പോകുന്നവര്‍ക്കും ഉണ്ടാക്കാന്‍ പദ്ധതിയിടുന്നവര്‍ക്കും കാണാന്‍ കൊള്ളാമത്രേ.

Labels: ,