തിരശ്ശീല അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ
ആറോ ഏഴോ വയസ്സുമുതൽ പ്രൊഫഷണൽ നാടകങ്ങൾ കണ്ടുതുടങ്ങിയ ഒരാളെന്ന നിലയിൽ, ഒരു നാടകം എന്നെ ചിരിപ്പിച്ചോ കരയിച്ചോ ചിന്തിപ്പിച്ചോ എന്നതിൽ മാത്രം അതിന്റെ വിജയത്തെ തളച്ചിടാനാവില്ലെന്ന ബോദ്ധ്യമാണ് എന്റെ നാടകാസ്വാദനത്തിന്റെ അടിസ്ഥാനപരമായ അളവുകോൽ. ജീവിതസങ്കീർണ്ണതകളിൽ വേരൂന്നിയ സംഘർഷവും അരങ്ങിന്റെ ഭാഷയിൽ രൂപപ്പെടുന്ന സവിശേഷമായ അനുഭവവും തിരശ്ശീല വീണിട്ടും മനസ്സിൽ ശേഷിക്കുന്ന ചോദ്യമോ ദൃശ്യമോ കഥാപാത്രമോ ആണ് എനിക്ക് നല്ല നാടകത്തിന്റെ അടയാളങ്ങൾ. ഈ മാനദണ്ഡങ്ങൾ വെച്ചാണ് സീയാറ്റിലിൽ അവതരിപ്പിക്കപ്പെട്ടെ Departures എന്ന നാടകത്രയത്തിനെ ഞാൻ കണ്ടത്.
നാടകത്രയത്തിലെ Orbit, മത്തായിയുടെ മരണം, The Eternity Line എന്നിവ ഓരോന്നും അതിന്റേതായ പ്രമേയലോകങ്ങളിലേക്കാണ് വാതിൽ തുറക്കുന്നത്. എങ്കിലും, വേർപാടിന്റെയും നഷ്ടത്തിന്റെയും പൂർത്തിയാകാതെ പോയ സ്വപ്നങ്ങളുടെയും മരണത്തിന്റെയും നിഴലുകൾക്കപ്പുറം, മനുഷ്യജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള, ആവർത്തിച്ചു കേൾക്കുന്ന അസ്വസ്ഥചോദ്യം പലവേഷങ്ങളിൽ നമ്മെ പിന്തുടരുന്നു. മൂന്ന് വ്യത്യസ്ത ജീവിതവഴികളിലൂടെ സഞ്ചരിക്കുമ്പോഴും, അവയെ കോർത്തിണക്കുന്ന അദൃശ്യമായൊരു നൂൽ ഈ നാടകങ്ങൾക്കിടയിലൂടെ കടന്നുപോകുന്നു.
ബാല്യകാലസ്വപ്നത്തെ ജീവിതലക്ഷ്യമാക്കി, സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് ബഹിരാകാശദൗത്യത്തിന്റെ അമരത്തെത്തിയ നായികയാണ് Orbit-ൽ. എന്നാൽ ദൗത്യം അപകടത്തിലാകുന്നതോടെ, സ്വപ്നത്തിലേക്കുള്ള പ്രയാണത്തിൽ വഴിയിലുപേക്ഷിച്ച ജീവിതം അവളെ വേട്ടയാടുന്നു: പ്രായം തളർത്തിത്തുടങ്ങിയ അമ്മയ്ക്കൊപ്പം പങ്കിടാതെപോയ കാലം, കാത്തുവെക്കാനാവാതെപോയ സൗഹൃദം, ഹൃദയത്തിൽ ഇടമുണ്ടായിട്ടും ജീവിതത്തിൽ ഇടം നൽകാതെപോയ പ്രണയം. സ്വന്തം നേട്ടങ്ങളുടെ തിളക്കവും പ്രിയപ്പെട്ടവരുടെ നഷ്ടങ്ങളുടെ ആഴവും തൂക്കിനോക്കുമ്പോൾ, ഏതിനാണ് കൂടുതൽ മൂല്യമെന്ന് അവൾക്കുപോലും നിശ്ചയമില്ല. അങ്ങനെ, വിജയം എന്താണെന്ന നിർവചനത്തിനപ്പുറം, അതിന്റെ നെറുകയിലെത്താൻ ജീവിതത്തിൽനിന്ന് എന്തെല്ലാം ബലികഴിക്കേണ്ടിവരുന്നു എന്ന കൂടുതൽ സങ്കീർണ്ണമായ ചോദ്യത്തിലേക്കാണ് നാടകം നമ്മെ നയിക്കുന്നത്.
ഇത്രമേൽ സാദ്ധ്യതകളുള്ള ഒരു പ്രമേയം, പക്ഷേ, അരങ്ങിന്റെ ഭാഷ പൂർണ്ണമായി കണ്ടെത്തുന്നില്ല. കഥാപാത്രത്തിന്റെ ആന്തരികസംഘർഷം സംഭാഷണങ്ങളിലൂടെ വിവരിക്കുന്നതിനപ്പുറം, അഭിനേതാവിന്റെ ശരീരഭാഷയിലൂടെയും രംഗചലനങ്ങളിലൂടെയും നിശ്ശബ്ദതയിലൂടെയും സ്ഥലവിന്യാസത്തിലൂടെയും പ്രേക്ഷകന്റെ അനുഭവമാക്കി മാറ്റേണ്ടതുണ്ട് നാടകം. ആവർത്തനങ്ങളും അനാവശ്യ ദൈർഘ്യവും ആ അനുഭവത്തിന്റെ തീക്ഷ്ണത കെടുത്തുന്നു. നാല്പതു മിനിറ്റിന്റെ സാന്ദ്രതയിൽ പറയാവുന്ന ആശയം ഒരു മണിക്കൂറിലേക്ക് നീളുമ്പോൾ, പ്രമേയത്തിന്റെ നാടകീയമൂർച്ചയ്ക്കാണ് മങ്ങലേൽക്കുന്നത്.
പേടകത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായിക മരിക്കുന്നത് അവളുടെ ജീവിതത്തെ അർത്ഥവത്തായതെന്നോ വ്യർത്ഥമായതെന്നോ സ്ഥാപിക്കുന്നില്ല. മറിച്ച്, ആ രണ്ടു സാദ്ധ്യതകൾക്കുമിടയിൽ പ്രേക്ഷകനെ അനിശ്ചിതത്വത്തിന്റെ അസ്വസ്ഥമായ ഇടത്തിൽ നിർത്തുന്നു. അതാണ് ഈ പ്രമേയത്തിന്റെ ഏറ്റവും വലിയ കലാപരമായ സാദ്ധ്യതയും. കാരണം, ഉത്തരം നൽകാതിരിക്കുന്നതല്ല പരിമിതി; ഉത്തരം തേടുന്ന ചോദ്യം പ്രേക്ഷകന്റെ ഉള്ളിൽ ഉണർത്താനാവാതെ പോകുന്നതാണ്. നല്ലൊരു നാടകം ചോദ്യങ്ങൾ ഉയർത്തുന്നു. മഹത്തായൊരു നാടകം, തിരശ്ശീല വീണിട്ടും അവയ്ക്ക് തിരശ്ശീലയിടാതെ, അവയുമായി പ്രേക്ഷകനെ പിന്തുടരുന്നു.
സീയാറ്റിലിലെ മികച്ച അഭിനയപ്രതിഭകളിൽ ചിലർ ഈ നാടകത്തിലുണ്ട്: വിനീത, മീര, രഞ്ജു എന്നിവർ. പക്ഷേ, മികച്ചൊരു ഓൾഡ് ഫാഷൻഡ് (Old Fashioned) ഉണ്ടാക്കാൻ വിലകൂടിയ ബേർബൺ മാത്രം പോരാ; ഓരോ ചേരുവയും കൃത്യമായ അളവിൽ ചേർന്ന് പരസ്പരപൂരകങ്ങളാകണം. അതുപോലെ, പ്രതിഭാധനരായ അഭിനേതാക്കൾക്കുപോലും ദുർബ്ബലമായ തിരക്കഥയുടെ പരിമിതികളെ എല്ലായ്പ്പോഴും മറികടക്കാനാവില്ല. Orbit പ്രമേയത്തിന്റെ അനന്തസാദ്ധ്യതകളെ പൂർണമായി അരങ്ങിലെത്തിക്കാതെ പോകുമ്പോൾ, അഭിനേതാക്കളുടെ മികവും നാടകത്തിന്റെ ആവിഷ്കാരപരമായ പരിമിതിയും തമ്മിലുള്ള ഈ വൈരുദ്ധ്യം കൂടുതൽ തെളിഞ്ഞുകാണുന്നു.
ഈ നാടകത്രയത്തിൽ കൂടുതൽ പൂർണ്ണമായ നാടകാനുഭവം സമ്മാനിക്കുന്നത് മത്തായിയുടെ മരണം ആണ്. വിജയത്തിന്റെ വില വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ Orbit അളക്കുമ്പോൾ, മത്തായിയുടെ മരണം ആ കണക്കിന്റെ മറുപുറത്തേക്കാണ് കണ്ണോടിക്കുന്നത്. മക്കളുടെ നേട്ടങ്ങൾക്കും അവരുടെ ജീവിതവിജയങ്ങൾക്കും പിന്നിൽ മാതാപിതാക്കൾ നിശ്ശബ്ദമായി സഹിച്ച ത്യാഗങ്ങളും ഏകാന്തതയും നഷ്ടങ്ങളും വിസ്മൃതിയിലാണ്ടുപോകുന്നുണ്ടോ? ഒരു തലമുറയുടെ നേട്ടം മറ്റൊരു തലമുറയുടെ നഷ്ടമായി മാറാമെന്ന വേദനിപ്പിക്കുന്ന തിരിച്ചറിവാണ് ഈ രണ്ടു നാടകങ്ങളെയും അദൃശ്യമായൊരു നൂലിൽ കോർത്തിണക്കുന്നത്. Orbit വിജയത്തിന്റെ വിലയെക്കുറിച്ച് ഉയർത്തിയ ചോദ്യത്തിന്, മത്തായിയുടെ മരണം മറ്റൊരു തലമുറയുടെ മൗനത്തിലൂടെ മറുപടി തേടുന്നു. അവിടെ വിജയം ഒരാളുടെ നേട്ടം മാത്രമല്ല; അതിന്റെ വെളിച്ചത്തിൽ കാണാതെപോകുന്ന മറ്റൊരു ജീവിതത്തിന്റെ നിഴൽ കൂടിയാണ്.
മത്തായിയുടെ മരണം എന്ന നാടകത്തിന്റെ കരുത്ത് അതിന്റെ തിരക്കഥയുടെ മികവാണ്. പ്രമേയത്തെ വാക്കുകൾകൊണ്ട് വിശദീകരിച്ചുതീർക്കാതെ, അതിന്റെ മാനുഷികമായ ആഴങ്ങളിലേക്ക് പ്രേക്ഷകനെ അനായാസം നയിക്കാൻ എഴുത്തിനാകുന്നു. മിഥുനിന്റെയും രാഹുലിന്റെയും അഭിനയമാകട്ടെ, ആ എഴുത്തിന്റെ കരുത്തിനെ പൂർണ്ണതയിലേക്ക് നയിക്കുന്നു. എഴുത്തും അഭിനയവും പരസ്പരം തങ്ങളുടെ മികവ് തെളിയിക്കാൻ മത്സരിക്കാതെ, ഒന്നിന്റെ സാദ്ധ്യതകളെ മറ്റൊന്ന് പൂർത്തിയാക്കുമ്പോഴാണ് നാടകം കേവലാവിഷ്കാരത്തിനപ്പുറം സുഖദാനുഭവമായി മാറുന്നത്. മത്തായിയുടെ മരണം അത്തരം അപൂർവ്വമായൊരു ഐക്യം കൈവരിക്കുന്നു. പ്രമേയത്തിന്റെ വൈകാരികഭാരം പ്രേക്ഷകനിലേക്കെത്തുമ്പോൾ അതിൽ കൃത്രിമത്വത്തിന്റെ ലാഞ്ഛനയില്ല; ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിൽനിന്ന് ഉയർന്നുവരുന്ന വേദനയുടെ നിശ്ശബ്ദമായ ആഴം മാത്രം.
ആദ്യ രണ്ടു നാടകങ്ങളെയും ആശയപരമായ യാത്രയിൽ ബന്ധിപ്പിക്കേണ്ടിയിരുന്നത് The Eternity Line ആയിരുന്നു. ജീവിതത്തിൽനിന്നുള്ള വിടവാങ്ങലിനപ്പുറം ഏതു യാത്രയാണ് കാത്തിരിക്കുന്നത്? ജീവിച്ച ജീവിതത്തെ വിലയിരുത്തുന്ന ഒരിടമുണ്ടെങ്കിൽ, അവിടെ വിജയത്തിന്റെയും പരാജയത്തിന്റെയും നിർവ്വചനങ്ങൾ എന്തായിരിക്കും? ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും മരണത്തിനപ്പുറത്തെ കണക്കുപുസ്തകത്തെക്കുറിച്ചുമുള്ള ഇത്രയേറെ ചോദ്യങ്ങൾ, “നിന്റെ നേട്ടങ്ങളുടെ ത്രാസ് താണിരിക്കുന്നുണ്ടെന്ന് നിനക്കുറപ്പാണോ? (is it worth it?)” എന്ന ഒരൊറ്റ ചോദ്യത്തിൽ ഒതുങ്ങിപ്പോയോ? അതോ, അനന്തമായൊരു ദാർശനികപ്രപഞ്ചത്തിലേക്കു തുറക്കേണ്ടിയിരുന്ന വാതിൽ, ഒരൊറ്റ ചോദ്യത്തിന്റെ ഇടുങ്ങിയ ചട്ടക്കൂടിൽ ഒടുങ്ങിയടങ്ങിയതാണോ?
മരണത്തിനപ്പുറമുള്ള അജ്ഞാതലക്ഷ്യത്തിലേക്കുള്ള യാത്ര സാഹിത്യത്തിന് അപരിചിതമായൊരു സങ്കൽപ്പമല്ല. മഹാഭാരതത്തിലെ മഹാപ്രസ്ഥാനം മുതൽ, Dante-യുടെ Divine Comedy-യിലെ രണ്ടാം ഭാഗമായ Purgatorio-യിൽ ആത്മശുദ്ധീകരണത്തിനായി നടത്തുന്ന പർവ്വതാരോഹണം വരെ, മരണത്തിനപ്പുറത്തെ യാത്രകൾക്ക് സാഹിത്യം പല കാലങ്ങളിൽ പല രൂപങ്ങൾ നൽകിയിട്ടുണ്ട്.
എന്റെ ദ്രുതാന്വേഷണത്തിൽ കണ്ടെത്താനായ കൃതികൾ സൂചിപ്പിക്കുന്നത്, മരണത്തിനപ്പുറമുള്ള യാത്രയെ തീവണ്ടിയാത്രയുടെ രൂപത്തിൽ അവതരിപ്പിക്കുന്നതിൽ മാത്രം പുതുമ അവകാശപ്പെടാനാവില്ലെന്നാണ്. Nathaniel Hawthorne-ന്റെ The Celestial Railroad, Hernán Rivera Letelier-ന്റെ The Trains Go to Purgatory, Louis Rams-ന്റെ Train to Heaven തുടങ്ങിയ കൃതികൾ ഈ രൂപകത്തിന്റെ വ്യത്യസ്ത സാദ്ധ്യതകൾ തേടിയവയാണ്. എന്നാൽ പരിചിതമായൊരു രൂപകം സ്വതവേ കലാപരമായ പരിമിതിയല്ല. അതിനെ എത്രത്തോളം സവിശേഷമായ നാടകാനുഭവമാക്കി മാറ്റുന്നു എന്നതിലാണ് അതിന്റെ പ്രസക്തി.
ഒരു തീവണ്ടിക്ക് മനുഷ്യജീവിതത്തിന്റെ ചെറുപതിപ്പായി മാറാൻ എത്രയോ സാധ്യതകളുണ്ട്. അതിലെ ഓരോ യാത്രക്കാരനും സ്വന്തം ജീവിതത്തിന്റെ കണക്കുപുസ്തകവുമായി യാത്ര ചെയ്യുന്നവരാകാം. പിന്നിട്ട സ്റ്റേഷനുകൾ ഓർമ്മകളുടെയും നഷ്ടങ്ങളുടെയും പശ്ചാത്താപങ്ങളുടെയും ഇടങ്ങളാകാം; മുന്നിലുള്ള സ്റ്റേഷനുകൾ പ്രതീക്ഷയുടെയോ ഭയത്തിന്റെയോ ദുർജ്ഞേയത്തിന്റെയോ പ്രതീകങ്ങളാകാം. ലക്ഷ്യസ്ഥാനം മാത്രമല്ല, യാത്രയുടെ ദിശപോലും അനിശ്ചിതമായിരിക്കുമ്പോൾ, ആ അനിശ്ചിതത്വംതന്നെ നാടകത്തിന്റെ കേന്ദ്രസംഘർഷമായി വളരാം. തീവണ്ടി എവിടേക്കാണ് പോകുന്നതെന്ന ചോദ്യത്തേക്കാൾ, ഓരോ യാത്രക്കാരനും എന്തിനാണ് ഈ യാത്ര ചെയ്യുന്നതെന്ന ചോദ്യം പ്രേക്ഷകനെ അസ്വസ്ഥനാക്കാം.
അവസാനം ഉയരുന്ന “Where am I?” എന്ന ചോദ്യം അപ്പോൾ കേവലം സ്ഥലത്തെക്കുറിച്ചുള്ള അന്വേഷണമായി ഒതുങ്ങുന്നില്ല. താൻ എവിടെയെത്തിയിരിക്കുന്നു എന്നതിനൊപ്പം, എവിടെനിന്നാണ് വന്നത്, എന്തിനാണ് യാത്ര ചെയ്തത്, ഈ യാത്രയ്ക്ക് എന്തെങ്കിലും അർത്ഥമുണ്ടായിരുന്നോ എന്നിങ്ങനെ മനുഷ്യന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന സന്ദർഭമായി അതിന് മാറാനാകും. ആ ചോദ്യത്തിന്റെ ആഴമാണ് നാടകത്തിന്റെ ദാർശനികമായ ഉയരം നിർണ്ണയിക്കുന്നത്.
Orbit വിജയത്തിന്റെ അർത്ഥത്തെക്കുറിച്ച് ഉയർത്തിയ ചോദ്യങ്ങളും മത്തായിയുടെ മരണം മുന്നോട്ടുവച്ച കുടുംബബന്ധങ്ങളുടെയും തലമുറകളുടെയും നഷ്ടങ്ങളും ഒരുമിപ്പിക്കാനുള്ള സാദ്ധ്യത ഈ രൂപകത്തിനുണ്ടായിരുന്നു. പറയാതെപോയ പറച്ചിലുകൾക്ക് ഇടമാകുന്നിടം. എന്നാൽ The Eternity Line ആ സാദ്ധ്യത പൂർണ്ണമായി പ്രയോജനപ്പെടുത്തിയില്ല. അയഞ്ഞ കഥാഘടനയും അതിരുവിട്ട ആഖ്യാനവ്യാപ്തിയും നാടകത്തിന്റെ ഒഴുക്കിന് വിഘാതമായി. കൂടുതൽ മുറുക്കമുള്ള രചനയും കുറഞ്ഞ ദൈർഘ്യവും ഉണ്ടായിരുന്നെങ്കിൽ, ഈ നാടകത്തിന് ത്രയത്തിന്റെ ശക്തമായ സമാപനമാകാമായിരുന്നു. യുവ അഭിനേതാക്കൾ തങ്ങളുടെ വേഷങ്ങൾ ഭംഗിയായി നിർവ്വഹിക്കുന്നുണ്ടെങ്കിലും, അഭിനയമികവിന് മാത്രം ആവിഷ്കാരത്തിന്റെ പരിമിതികളെ മറികടക്കാനാവില്ല. മൂന്ന് നാടകങ്ങളെയും ബന്ധിപ്പിക്കാൻ ഒരു പൊതുപ്രമേയം മാത്രം പോരാ; അവയെ ഒരേ അനുഭവത്തിന്റെ ഭാഗമാക്കുന്ന വ്യക്തമായ നാടകീയദിശയും വേണം. The Eternity Line ആ ദിശയിലേക്ക് നീങ്ങാനുള്ള സാദ്ധ്യത കാണിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
ഈ മൂന്ന് നാടകങ്ങളെ വിലയിരുത്തുമ്പോൾ മലയാള നാടകവേദിയുടെ പാരമ്പര്യം ഓർക്കുന്നത് ഉചിതമായിരിക്കും. കാരണം, ഒരു നാടകത്തിന്റെ വിജയം അതിന്റെ പ്രമേയം എത്രത്തോളം പ്രസക്തമാണെന്നതിൽ മാത്രമല്ല, ആ പ്രമേയത്തെ അരങ്ങിന്റെ ഭാഷയിൽ എത്രത്തോളം ഫലപ്രദമായി രൂപപ്പെടുത്തുന്നു എന്നതിലുമാണ്. തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി സാമൂഹികസംഘർഷത്തെ മനുഷ്യബന്ധങ്ങളിലൂടെ അരങ്ങിലെത്തിച്ചപ്പോൾ, എൻ. കൃഷ്ണപിള്ളയുടെ ഭഗ്നഭവനം പോലുള്ള നാടകങ്ങൾ കുടുംബത്തിനകത്തെ വൈരുദ്ധ്യങ്ങളെയും മനഃസംഘർഷങ്ങളെയും തുറന്നുകാട്ടി. എൻ. എൻ. പിള്ളയുടെ നാടകങ്ങൾ ശക്തമായ നാടകീയസങ്കൽപ്പത്തിന്റെയും അരങ്ങിലെ കൈയടക്കത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ചു. വലിയ സെറ്റുകളോ പ്രണയോപകഥകളോ ഇല്ലാതെയും ആശയം പ്രേക്ഷകനെ പിടിച്ചിരുത്താമെന്നും എൻ. എൻ. പിള്ള നമുക്ക് കാട്ടിത്തന്നു. ഇതുപറയുമ്പോഴും ഈ നാടകത്രയത്തിനായി ഷിബുവും മഞ്ജുവും മറ്റുള്ളവരും ഒരുക്കിയ അരങ്ങുവിന്യാസം ആസ്വാദനാനുഭൂതിയെ സമ്പന്നമാക്കിയെന്നത് എടുത്തുപറയണം.
നമ്മുടെ നാടകപാരമ്പര്യം ഓർക്കുന്നത് ഇന്നത്തെ നാടകങ്ങളെ പഴയവയുമായി താരതമ്യം ചെയ്ത് തള്ളിക്കളയാനല്ല. പ്രമേയത്തിന്റെ പ്രസക്തിക്കൊപ്പം അതിനെ അരങ്ങിന്റെ ഭാഷയിൽ എത്രത്തോളം ഫലപ്രദമായി രൂപപ്പെടുത്തുന്നു എന്നതും ഗൗരവമുള്ളതാണെന്ന് പറഞ്ഞുറപ്പിക്കാനാണ്. പുതിയ പ്രമേയങ്ങളും അവതരണരീതികളും പരീക്ഷിക്കപ്പെടണം; പരാജയപ്പെടാനുള്ള സ്വാതന്ത്ര്യവും കലാകാരന്മാർക്കുണ്ടാകണം. പക്ഷേ, പരീക്ഷണം എന്നത് നാടകത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വങ്ങളിൽനിന്നുള്ള മോചനമല്ല.
ഈ കുറിപ്പ് മൂന്ന് നാടകങ്ങളുടെയും കലാപരമായ സാദ്ധ്യതകളെ നിഷേധിക്കുകയല്ല; അവ എത്രത്തോളം അരങ്ങിൽ സാക്ഷാത്കരിക്കപ്പെട്ടു എന്ന് വിലയിരുത്തുകയാണ്. സീയാറ്റിലിലെ നാടകവേദിയിൽ പ്രതിഭാധനരായ അഭിനേതാക്കളും പരീക്ഷണങ്ങൾക്ക് സന്നദ്ധരായ കലാകാരന്മാരും ആശയങ്ങൾക്ക് അരങ്ങൊരുക്കാൻ കെൽപ്പുള്ള സഹയാത്രികരുമുണ്ട്. എഴുതാനും പാടാനും ആടാനും അണിയറയൊരുക്കാനും കഴിവുള്ള ഈ കലാസമൂഹത്തിൽനിന്ന്, അവരുടെ പ്രതിഭയ്ക്കും പ്രയത്നത്തിനും നീതിപുലർത്തുന്ന നാടകങ്ങൾ പ്രതീക്ഷിക്കുന്നത് വിമർശനമല്ല, വിശ്വാസമാണ്.

0 Comments:
Post a Comment
<< Home