ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, December 08, 2024

മതിലുകൾക്കപ്പുറം: ഒരു ആസ്വാദനം

(ഡോ. പ്രമോദ് പയ്യന്നൂരിന്റെ രംഗസൃഷ്ടിയിലും സംവിധാനത്തിലും സീയാറ്റിലിൽ അവതരിപ്പിച്ച മതിലുകൾക്കപ്പുറം എന്ന നാടകത്തിന്റെ ആസ്വാദനം)

പതിറ്റാണ്ടുകളായി സാഹിത്യകുതുകികളുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ, വ്യത്യസ്തവും എന്നാൽ കാലഘട്ടത്തിന്റെ രാഷ്ട്രീയമാനങ്ങളാൽ പരസ്പരാധിഷ്ഠിതവുമായ ബഷീർ കൃതികളാണ് ‘മതിലുകൾക്കപ്പുറം’ എന്ന നാടകത്തിന് ആധാരം. ആത്മകഥാധിഷ്ഠിതവും കൊളോണിയൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതുമായ ‘മതിലുകൾ,’ പ്രണയം കൊതിക്കുന്ന മനസ്സിന്റെ ഗഹനതയിലേക്ക് അന്വേഷണം നടത്തുന്ന ‘പ്രേമലേഖനം,’ മാതൃസ്നേഹത്തിന്റേയും സ്വാതന്ത്ര്യവാഞ്ഛയുടേയും കഥയായ ‘അമ്മ,’ തടവറയ്ക്കുള്ളിലെ ജീവിതം പകർത്തുന്ന ‘ഒരു ജയിൽപ്പുള്ളിയുടെ ചിത്രം’ എന്നിവയാണ് ആ കൃതികൾ. ബഷീർക്കഥകളെ അവലംബിച്ച് അവതരിപ്പിക്കപ്പെട്ട കലാസൃഷ്ടി എന്നതിലുപരി, ബഷീറിന്റെ സമാനതകളില്ലാത്ത രചനാവൈഭവത്തിനാൽ മനുഷ്യമനസ്സിന്റെ ഉൾവഴികളിലേയ്ക്ക് കൊളുത്തിവച്ച കൈവിളക്കുകളെ ഒരുമിച്ചുചേർത്ത് ബഷീറിയൻ ജീവിതദർശനങ്ങളിലും സൂഫിചിന്തകളിലും മാറ്റുരച്ച് പ്രോജ്ജ്വലമാക്കിയ നാടകമാണ് ‘മതിലുകൾക്കപ്പുറം.’

ബഹുലപ്രവീണമായ സ്റ്റേജ് നിർമ്മിതിയുടേയും അനായാസമായ രംഗസംക്രമത്തിന്റേയും പിൻബലത്താൽ പ്രേമം, പ്രതീക്ഷ, നിരാശ, സഖാത്വം, തന്നോടും സമൂഹത്തോടുമുള്ള കലഹം, കാല്പനികത്വത്തിൽ മറച്ചുപിടിച്ച ഭ്രമാത്മകത എന്നിവയെ ലളിതമായി വിളക്കിച്ചേർക്കുന്ന ആഖ്യാനരീതിയാണ് ‘മതിലുകൾക്കപ്പുറം’ കാണിച്ചുതരുന്നത്. ഏച്ചുകെട്ടനുഭവിക്കാതെ മുന്നിൽ നിറയുന്ന രംഗങ്ങളിൽ ബഷീറിയൻ ലോകങ്ങളിലേയ്ക്കുള്ള കൂടുമാറ്റം നാം അനുഭവിക്കുന്നു, കൂടെ ആ ലോകങ്ങളിൽ നിറയുന്ന ഭാവങ്ങളും—ബന്ധങ്ങളുടെ ക്ഷണികതയും ശക്തിയും, ബന്ധങ്ങൾക്കായുള്ള പ്രതീക്ഷയും കാത്തിരിപ്പും, നൈമിഷിക മോഹങ്ങളും സ്ഥായിയായ മോഹഭംഗങ്ങളും—നമ്മളിൽ അധിനിവേശിക്കുന്നു. ബഷീർ എന്ന തിളക്കമാർന്ന നക്ഷത്രത്തിനു ചുറ്റും തങ്ങളുടേതായ രീതിയിൽ ശോഭ പടർത്തുവാനും ആ പ്രഭാപൂരത്തെ ഒരു പ്രിസത്തിലൂടെയെന്നവണ്ണം ഏകോപിച്ചൊരുമിപ്പിക്കാനും ഏകാഗ്രതയോടെ തയ്യാറാക്കിയ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്.

വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിക്കുക എളുപ്പമല്ല. മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് സൈഗളിനേയും പങ്കജ് മല്ലിക്കിനേയും ആസ്വദിച്ചിരുന്ന ബേപ്പൂർ സുൽത്താന്റെ രൂപം ഒരുവശത്ത്. മതിലുകൾ എന്ന സിനിമാഖ്യാനത്തിലെ മമ്മൂട്ടി മറുവശത്ത്. ഇങ്ങനെ പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്ഠമായ ചരിത്രബാദ്ധ്യതകളുമായാണ് കിരൺ ജെയിംസ് തന്ത്രപൂർവ്വം സന്ധിചെയ്യുന്നതും അതിൽ ഒരു പരിധിവരെ വിജയിക്കുന്നതും. ജയിൽപ്പുള്ളികളായി രംഗത്തുവന്ന ലാരിനോവ്, ലതീഷ് കൃഷ്ണൻ എന്നിവരും നാടകഭാഷ മനസ്സിലാക്കി തങ്ങളുടെ റോളുകൾ സവിശേഷമായി ചെയ്തു. തടവറയ്ക്കുള്ളിലെ ജീവിതം, പ്രത്യേകിച്ചും അതിൽ നിറയുന്ന സൌഹൃദം, പ്രത്യാശ എന്നിവ കിരൺ, ലാരിനോവ്, ലതീഷ് എന്നീ മൂവരും ചേർന്നുവരുന്ന രംഗങ്ങളെ ഹൃദ്യമായ കാഴ്ചാനുഭവമാക്കിത്തീർത്തു. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ കാരണം ആദ്യമായി അടിയും ഇടിയും അനുഭവിച്ച അനേകം ചെറുപ്പക്കാരായ സ്വാതന്ത്ര്യസമരപ്രവർത്തകരുടെ അമ്മമാരിൽ ഒരാളായി—ബഷീറിന്റെ അമ്മയായി—പ്രകാശകേന്ദ്രത്തിൽ നിന്നും ഒരു പക്ഷേ മനഃപൂർവ്വമായിത്തന്നെ മാറിനിന്നുകൊണ്ട്, അക്കാലത്തെ അമ്മമാരുടെ മനസ്സിലേയ്ക്കൊരു ചിരാത് പിടിച്ചുതരുന്നത് ജീന ഡിക്രൂസ് ആണ്. ഭീകരതയുടെ നർത്തനവേദിയാണ് നമ്മുടെ രാജ്യമെന്നും ഇവിടെ പൌരന്‍മാരില്ല, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും മാത്രമേയുള്ളൂ എന്നും ബഷീർ വിലപിച്ചിരുന്നു. ജയിൽപരിസരപശ്ചാത്തലത്തിൽ മറയില്ലാത്ത ക്രൂരതയുടെ ഉദാഹരണങ്ങൾ (സജിത്ത് കെ. പി. യുടെ കുശാണ്ടൻ വാർഡർ) നമ്മെ കാണിക്കുമ്പോഴും അദൃശ്യമായ ഭരണകൂടങ്ങളിലല്ല, മാംസമജ്ജാദികളാൽത്തീർത്ത മനുഷ്യരിലാണ് (ഹരി ദേവിന്റെ സരസികനും ആർദ്രഹൃദയനുമായ അനിയൻ ജയിലർ) രൌദ്രദയാദികൾ വിളയാടുന്നത് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

‘മതിലുകളി’ൽ നിന്നും ‘മതിലുകൾക്കപ്പുറ’മെത്തുമ്പോൾ മതിലുകളാൽ മറച്ചുവച്ച, അശരീരി മാത്രമായിരുന്ന നാരായണി രംഗത്ത് എത്താതെവയ്യല്ലോ. ‘മതിലുകൾക്കപ്പുറം’ നാടകത്തിന്റെ ഘടനാചാതുര്യം തിളങ്ങിനിൽക്കുന്നത് സുകുമാരരൂപമാർന്ന് രംഗം നിറയുന്ന നാരായണിയുടെ ആവിഷ്കാരനിപുണതയിലാണ്. കഥയിൽ ഒരു പ്രതീകമായി മതിലിനു മുകളിലുയരുന്ന ചുള്ളിക്കമ്പിൽ നിന്നും വേറിട്ട്, പ്രണയം കൊതിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും ചെയ്യുന്ന നാരായണി നാടകത്തിൽ വരുന്നു. ബഷീർ കൃതികളുടെ മിശ്രണാഘോഷം എന്ന നിലയിൽ നിന്നും സ്വതന്ത്രമായി നിലനില്പുള്ള കലോപഹാരമായി ‘മതിലുകൾക്കപ്പുറ’ത്തെ മാറ്റിയത് നാരായണിക്ക് വേഷവും വികാരവും നല്കിയ ലീസ മാത്യുവാണ്. അതുകൊണ്ടാണ് ലീസയുടെ അഭിനയം വിശേഷവിധിയായ പരാമർശനത്തിന് സർവ്വഥാ യോഗ്യമാകുന്നത്.

നാടകസംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനും എഴുത്തുകാരനുമാണ്. പഠനകാലം മുതൽ പരീക്ഷണാത്മക നാടകങ്ങളിൽ തന്റെ വിരലടയാളം പതിപ്പിക്കാൻ പ്രമോദിന് കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത സാഹിത്യകൃതികൾ നാടകമായി മാറ്റുന്നതിൽ അതീവശ്രദ്ധാലുവായ പ്രമോദ്, എം. ടി. വാസുദേവൻ നായർ, ഒ. വി. വിജയൻ, പദ്മരാജൻ, കാമ്യു, ചെക്കോവ്, ഷേക്സ്പിയർ എന്നിവരുടെ കൃതികൾ രംഗത്തെത്തിച്ചിട്ടുണ്ട്. ഇത്രയും പറഞ്ഞത് ‘മതിലുകൾക്കപ്പുറം’ എന്ന നാടകം ചിന്തയെന്യേ ചെയ്തുവച്ച അനുരൂപീകരണമല്ല എന്നു സ്ഥാപിക്കാനാണ്. പലവഴി പരന്നൊഴുകിയ ബഷീറിയൻ ആഖ്യാനസഞ്ചയങ്ങളെ പരസ്പരാശ്രയത്വം ചേർത്ത് സാർവ്വത്രികവും സാർവ്വകാലീനവുമായ കലാസൃഷ്ടിയാക്കുന്നതിൽ സംവിധായകൻ നിശ്ചയമായും വിജയിച്ചിരിക്കുന്നു. ബഷീറിന്റെ സ്വനഗ്രാഹിയിൽ അശരീരിയായിപ്പാടിയ ‘സോജാ രാജകുമാരീ...’ എന്ന സൈഗൾ ഗാനം, വശ്യമനോഹരമായ ദൃശ്യാവതരണം വഴി ഉപരിപ്ലവമായ കാല്പനികതയിൽ മാത്രം അഭിരമിപ്പിക്കാതെ ഉന്മത്തമനസ്സിന്റെ അലസപര്യടനമായി രൂപമാറ്റം വരുത്തി കാഴ്ചക്കാരിലെത്തിക്കാൻ പ്രമോദിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നാടകഗ്രാഹ്യത്തിന്റെ ചെറിയൊരുദാഹരണം മാത്രമാണ്. (ഈ രംഗം യാഥാർത്ഥ്യമാക്കുന്നതിൽ നർത്തകികളായ ശില്പ ചന്ദ്രൻ അരുൺ വിജയ്, ഗീതാഞ്ജലി വിശാൽ എന്നിവർ വഹിച്ച പങ്ക് മറക്കുന്നില്ല.) സൃഷ്ടിപരമായ ഇത്തരം തിരഞ്ഞെടുപ്പുകൾ നാടകത്തിന്റെ ആശയഗഹനതയുമായി പൊരുത്തപ്പെടുന്ന ദൃശ്യവും ശ്രാവ്യവുമായ താളം സൃഷ്ടിച്ച് ‘മതിലുകൾക്കപ്പുറം’ ഒരു ആസ്വാദ്യവിരുന്നാക്കി മാറ്റുന്നു.

‘മതിലുകൾക്കപ്പുറം’ ഒരു കലാസൃഷ്ടി എന്ന നിലയിൽ വേറിട്ടുനില്ക്കുന്നത് അതിന്റെ സാർവ്വലൗകികതകൊണ്ടു കൂടിയാണ്. ബഷീർകൃതികളുടെ പുനർവായനകൾ അവയുടെ രസികസംഘങ്ങൾ അതീവതാത്പര്യത്തോടെ ആസ്വദിക്കും എന്നത് സത്യമാണ്. അതേസമയം ബഷീറിനെ വായിച്ചിട്ടില്ലാത്തവർപോലും നാടകത്തിലൂടെ അനാവൃതമാവുന്ന കാലാതിവർത്തിയായ സൂക്ഷ്മസത്യങ്ങൾ സ്വായത്തമാക്കും. നാലുകഥകളിലൂടെ സഞ്ചരിക്കുന്ന നാടകം പ്രണയത്തിന്റേയും, സ്നേഹത്തിന്റേയും, വേദനയുടേയും, ക്രൂരതയുടേയും, ഏകാന്തതയുടേയും, കാത്തിരിപ്പിന്റേയും കഥകളെത്ര പറഞ്ഞില്ല! കഥകളും നാടകവും തമ്മിലുള്ള സങ്കീർണ്ണമായ ഈ അന്തർസംവാദം ബഷീർ കാണിച്ചുതന്ന ജീവിതത്തിന്റെ സങ്കീർണ്ണതയെ സൌന്ദര്യത്തോടെയും യാഥാർത്ഥ്യത്തോടെയും പകർത്തുന്നു. ‘മതിലുകളി’ൽ പരസ്പരം കാണാതെ മതിലുകൾക്കിരുപുറവും നിന്ന് ബഷീറും നാരായണിയും നടത്തുന്ന സംഭാഷണങ്ങൾ അന്നുവരെ അടക്കിവയ്ക്കപ്പെട്ട മോഹതൃഷ്ണകൾ അനാവൃതമാക്കാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെട്ടു. കഥയിലൂടെ അനുവാചകർക്ക് കിട്ടിയ വൈകാരികാസ്വാദ്യത ചോർന്നുപോകാതെ മുകളിലേക്ക് ഉയർന്നു പൊങ്ങുന്ന ചുള്ളിക്കമ്പ് നാടകത്തിലും കാമചോദനത്തിന്റെ ദൃശ്യരൂപകമായി നിലനിർത്താനായിട്ടുണ്ട്.

‘മതിലുകൾക്കപ്പുറം’ ആത്യന്തികമായി മറക്കാനാവാത്ത ഒരു നാടകാനുഭവമാണ്. കാഴ്ചക്കാരിൽ തീവ്രമായ ഓർമ്മപ്പെടുത്തലുകൾ ബാക്കി നിർത്തിയാണ് ‘മതിലുകൾക്കപ്പുറം’ തിരശ്ശീല വീഴ്ത്തുന്നത്. കഥകൾ, ജീവിതങ്ങളെപ്പോലെതന്നെ, ഇഴപിരിഞ്ഞ് സ്വതന്ത്രവിഹാരം ചെയ്യുന്ന ഒറ്റനൂലുകളായല്ല, മറിച്ച് പരസ്പരം ബന്ധപ്പെട്ട് ദൃഢതയാർന്നാണ് സമൃദ്ധിയും സമ്പൂർണ്ണതയും നേടുന്നത് എന്നും നാടകം സംവദിക്കുന്നു. ഹൃദയഹാരിയായ കഥാകഥനത്തിന്റെ ചുവന്ന പനീർപുഷ്പം എന്നതിലുപരി, സാധാരണത്വത്തിലും അസാധാരണത്വത്തിലും സൗന്ദര്യവും അർത്ഥവും കണ്ടെത്താനുള്ള അനന്തസാധ്യതകളുടെ ആഘോഷവുമാണ് ഈ നാടകം. ബഷീർകൃതികൾ എങ്ങനെ കാലത്തെയും മാധ്യമങ്ങളേയും കലാരൂപസങ്കല്പങ്ങളേയും അതിജീവിച്ച് നിതാന്തപ്രചോദനവും അനുഭൂതിയും അനുവാചകർക്ക് പകരുന്നു എന്നും മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ നിന്നും എഴുന്നേറ്റ് പടിയിറങ്ങിപ്പോയ ബഷീർ കാലങ്ങൾക്കുശേഷവും മറുവായനകൾ കല്പിക്കുന്ന കൃതികളുടെ സുൽത്താനാകുന്നത് എങ്ങനെയെന്നും കൂടിയാണ് ‘മതിലുകൾക്കപ്പുറം’ നമ്മെ ഓർമ്മിപ്പിക്കുന്നത്.

Labels: ,

Friday, December 02, 2022

വൻമരങ്ങൾ വീഴുമ്പോൾ

ഹിഗ്വിറ്റ എന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് "ആദ്യം" ഓർമ്മവരുന്നത്?

René Higuita 1989 മുതൽ 1999 വരെ കൊളംബിയൻ ഫുട്ബോൾ ടീമംഗമായിരുന്നു. 1990-ൽ ഇറ്റലിയിൽ വച്ചു നടന്ന വേൾഡ് കപ്പിലാണ് അദ്ദേഹം പ്രസിദ്ധനും അതുപോലെ കുപ്രസിദ്ധനും ആവുന്നത്. ഇത്രയും ചരിത്രം NS മാധവന്റെ ഹിഗ്വിറ്റ എന്നപേരിലുള്ള ചെറുകഥ വായിച്ചിട്ടില്ലാത്ത കുറേയേറെ മലയാളികൾക്കും അറിയേണ്ടതാണ്.

1993-ന് മുമ്പായിരുന്നു ഞാൻ ആ കഥ വായിച്ചത്. പത്തുമുപ്പത്‌ കൊല്ലമായി എന്ന്. ഗീവർഗ്ഗീസ് അച്ഛന്റെ ഫുട്ബോൾ ബന്ധം മാറ്റിവച്ചാൽ കഥയ്ക്ക് ഹിഗ്വിറ്റയുമായി എന്തുബന്ധം എന്ന് അന്ന് കുറച്ച് ആലോചിച്ചു കൂട്ടിയിരുന്നു. അച്ചനല്ലേ, അവസരം കാത്തുനിൽക്കുന്ന ഏകാന്തതയല്ലേ, മുന്നിൽ പത്തുപേർ പാഴ് കളി കളിക്കുന്നതുകാണാൻ വിധിക്കപ്പെട്ട് നിസ്സഹായനായി നിൽക്കേണ്ടി വരുന്നവനല്ലേ എന്നൊക്കെ വളരെ straightforward ആയ കാര്യങ്ങൾ ഒരു സുഹൃത്തുമായി സംസാരിച്ചതായി അവ്യക്തമായ ഓർമ്മയുണ്ട്. കളിക്കാരനായിരുന്ന സമയത്ത് അച്ചൻ ഗോളിയല്ല. "The Madman" എന്നുവിളിക്കത്തക്കവണ്ണം eccentric പോലുമല്ല.

അന്നുകാണാത്ത ഹിഡൻ ജെം വല്ലതും ഉണ്ടോ എന്നറിയാൻ ഹിഗ്വിറ്റ ഒരിക്കൽക്കൂടി വായിച്ചു. സിനിമക്കാർക്ക് പിന്നാലേ ഇനി ചെറുകഥാകൃത്തുക്കളും പഠിച്ചിട്ട് വിമർശിക്കാൻ പറയുമായിരുക്കും. എന്നാലും പറയട്ടെ, ആ കഥയ്ക്ക് വേറെ എന്തുപേരിട്ടാലും വലിയ വ്യത്യാസമൊന്നും വരാനില്ല. ഉദാഹരണത്തിന്, "ദൈവഹിതം" എന്ന് പേരിട്ടിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പം?

എഴുത്തുകാരൻ നവംബർ 28-ന് എന്താ പറഞ്ഞതെന്ന് നോക്കാം.
Malayalam cinema has always loved and respected writers. What this venture has done is it has taken away my rights on title of a movie based on my story, which generations have studied in schools. I wish no writer in any language to suffer my plight.

വലിയ പരാതിയൊന്നുമല്ല. "എന്റെ ഹിഗ്വിറ്റ കഥയെ ആസ്പദമാക്കി സിനിമയുണ്ടാക്കുമ്പോൾ ഞാൻ എന്തു പേരിടും" എന്ന നിരാശമാത്രമേ എനിക്ക് വായിക്കാൻ പറ്റിയുള്ളൂ.

ഡിസംബർ 1 ആയപ്പോൾ "സാംസ്കാരികനായകന്മാരെ എക്കാലത്തും സ്നേഹിച്ചും ആദരിച്ചും പോന്ന ചരിത്രമുള്ള" സിനിമാക്കാർ അദ്ദേഹത്തെ ഇങ്ങനെ അറിയിച്ചു:
I have been informed that that the name Higuita will not be used for the movie. I am grateful to Kerala Film Chamber for facilitating this. Thanks for all the support. I wish young director Hemanth Nair and his film all success. May people flock to see Suraj-Dhyaan movie.

പിന്നല്ല. താൻ പോലുമറിയാതെ അദ്ദേഹം നമ്മുടെ സിനിമാക്കാരെ ഒരു പാഠം പഠിപ്പിച്ചു. എഴുത്തുകാരെക്കൊണ്ടല്ലാതെ ആരെക്കൊണ്ടു പറ്റും ഇങ്ങനെയൊക്കെ! മാധവൻ സാർ ജയിക്കട്ടെ.

PS: ഹിഗ്വിറ്റ എന്ന കഥാസമാഹാരത്തിൽ ഹിഗ്വിറ്റ എന്ന കഥയ്ക്കു ശേഷമുള്ള കഥയുടെ പേര് "വൻമരങ്ങൾ വീഴുമ്പോൾ."

Labels:

Thursday, December 17, 2009

മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ

വെറും 140 അക്ഷരങ്ങളിൽ താഴെ ജീവിതം വിവരിക്കാനുതകുന്ന റ്റ്വിറ്റർ എന്ന സർവീസിനെ ആർക്കും പരിചയപ്പെടുത്തേണ്ടുന്ന കാര്യമില്ലല്ലോ. എന്നാൽ കേട്ടോളൂ: റ്റ്വിറ്ററിന്‍റെ മലയാള ഭാഷാവിവേചനത്തിൽ പ്രതിഷേധിച്ചു് ബ്ലോഗുകറുപ്പിക്കേണ്ടുന്ന നേരമായി. എന്താണെന്നോ? 140 അക്ഷരങ്ങൾ എണ്ണിപ്പെറുക്കി മലയാളഭാഷയിൽ റ്റ്വീറ്റു ചെയ്യാൻ ചെന്നു നോക്കൂ. വിവരമറിയും.

140 പോയിട്ടു്, അതിന്‍റെ പകുതി എണ്ണം പോലും അക്ഷരങ്ങളില്ലാത്ത ഒരു വാചകവുമായി റ്റ്വീറ്റാൻ ചെന്നപ്പോൾ റ്റ്വിറ്റർ പറയുകയാണു് ഒരക്ഷരം കൂടുതലാണെന്നു്. ഇതു് പോലീസിനു് എല്ലു കൂടിയതുപോലെയൊന്നുമല്ല. റ്റ്വിറ്റർ പറഞ്ഞാൽ പറഞ്ഞതാണു്. മലയാളികളേ, നമ്മൾ ഇതെങ്ങെനെ സഹിക്കും!

ഹുതാശനശ്ചന്ദനപങ്കശ്ശീതളമായ മനസ്സുകൾക്കുടമകളായ മൂപ്പനേയും മുഗ്ദ്ധസ്സാന്നിദ്ധ്യക്വാണനേയുമ്പോലുള്ള നിരക്ഷരകുക്ഷികളെല്ലാമിക്ഷണമിക്ഷിതിവിട്ടകലേണം.

എന്നതായിരുന്നു റ്റ്വിറ്ററിലൂടെ ഞാൻ ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചതു്. സ്പേയ്സസ് (അകലം), ചില്ലു്, വിരാമ ചിഹ്നം എന്നിവയുൾപ്പടെ വെറും 66 അക്ഷരങ്ങൾ മാത്രമാണു് ഈ വാചകത്തിലുള്ളതു്. എന്നാൽ റ്റ്വിറ്ററിന്‍റെ കണ്ണിൽ ഈ വാചകത്തിൽ 141 ക്യാരക്റ്റേഴ്സ് ഉണ്ടുപോലും. (ചില്ലുകളെ സാധാരണഗതിയിൽ അക്ഷരങ്ങളായി കൂട്ടാറില്ലെങ്കിലും പദപ്രശ്നത്തിൽ ചില്ലിനെ അക്ഷരമാക്കി കണക്കാക്കാറുണ്ടു്.)

എന്താ ഇതിങ്ങിനെ? ലാറ്റിൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഇംഗ്ലീഷുപോലുള്ള ഭാഷകളിൽ ഒരു യൂണികോഡ് ക്യാരക്റ്റർ കോഡ് ഒരു ഗ്ലിഫിനെ പ്രതിനിധാനം ചെയ്യുന്നതിനാൽ 140 അക്ഷരങ്ങളുള്ള വാക്കുകൾക്കും വാചകങ്ങൾക്കും 140 യൂണികോഡ് ക്യാരക്റ്റർ കോഡുകൾ ഉപയോഗിച്ചാൽ മതി. എന്നാൽ, പലപ്പോഴും ഒന്നിലധികം ക്യാരക്റ്ററുകൾ ഉപയോഗിച്ചു് ഒരു ഗ്ലിഫ് നിർമ്മിച്ചെടുക്കുന്ന മലയാളം പോലുള്ള കോം‍പ്ലക്സ് സ്ക്രിപ്റ്റ് ഭാഷകൾക്കു് 140 അക്ഷരമെത്താൻ 200-ഉം 250-ഉം വരെ ക്യാരക്റ്ററുകൾ ഉപയോഗിക്കേണ്ടി വരുന്നു. 66 അക്ഷരങ്ങളുള്ള വാചകമുണ്ടാക്കാൻ 141 യൂണികോഡ് ക്യാരക്റ്റർ കോഡുകൾ ഉപയോഗിക്കേണ്ടി വന്നതാണു് മുഗ്ദ്ധസാന്നിദ്ധ്യക്വാണനുപറ്റിയ തെറ്റു്.

ഉദാഹരണത്തിനു്, മലയാളം പദപ്രശ്നത്തിൽ ഗ്ദ്ധ്യ എന്നത് ഒരു അക്ഷരമായി കണക്കാക്കുമ്പോൾ റ്റ്വിറ്റർ അതിനെ ഏഴക്ഷരമായാണു് എണ്ണുക. ഗ്ദ്ധ്യ എന്ന അക്ഷരമുണ്ടാക്കാൻ ഗ, ്, ദ, ്, ധ, ്, യ എന്നീ ഏഴു യൂണികോഡ് കഥാപാത്രങ്ങൾ രംഗത്തുണ്ടു് എന്നതു തന്നെ കാരണം. ഇതുപോലുള്ള അക്ഷരക്കൂട്ടമങ്ങൊന്നായ് അർത്ഥം ഭേദിച്ചിടുംപടിയോ അല്ലാതെയോ ഉപയോഗിക്കുന്ന മലയാളികളെയാണു് റ്റ്വിറ്ററിന്‍റെ അക്ഷരമെണ്ണൽ വെട്ടിലാക്കുന്നതു്.

ചുരുക്കത്തിൽ, ഓരോ റ്റ്വീറ്റുകളിലും 140 ക്യാരക്റ്റർ അനിവദനീയമാണെങ്കിലും, സാധാരണമലയാളിയ്ക്കു് 50-നും 80-നും ഇടയ്ക്കു അക്ഷരങ്ങൾ മാത്രമേ ഒരു റ്റ്വീറ്റിൽ കൊള്ളിക്കാനാവുന്നുള്ളൂ. അതായതു്, ലാറ്റിൻ സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ ഒരു പ്രാവശ്യം റ്റ്വീറ്റു ചെയ്യുന്നിടത്തു്, കോം‍പ്ലക്സ് സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവർ രണ്ടോ അതിലധികമോ റ്റ്വീറ്റുകൾ ചെയ്യേണ്ടി വരുന്നു. ചില നേരത്തു് (ഇബ്രുവല്ല) എഴുതാനുള്ളതു മുഴുവൻ എഴുതാനാവാതെ വല്ലാത്ത ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന മലയാളി റ്റ്വിറ്റർ ഉപഭോക്താക്കളുടെ എണ്ണം ചില്ലറയല്ല.



(ചിത്രം: ആദിത്യന്‍റെ റ്റ്വീറ്റ്)

ഒരു റ്റ്വീറ്റിൽ പറയാനുള്ള വക പല റ്റ്വീറ്റിലാക്കേണ്ടി വരുമ്പോൾ തന്നെ പറയാനുള്ളതിന്‍റെ പഞ്ഛ് നഷ്ടപ്പെടും. മുമ്പെഴുതിയതിന്‍റെ ബാക്കിയാണു് രണ്ടാമതെഴുതിയത് എന്ന ആമുഖത്തോടെ രണ്ടാമത്തെ റ്റ്വീറ്റ് തുടങ്ങാമെന്നുവച്ചാൽ ആമുഖം പകുതിയിലേറെ സ്ഥലമപഹരിക്കും. ഇതു് ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അവഗണനയല്ലെങ്കിൽ പിന്നെയെന്താണു്?

ഈ ‘കീഴാളൻ’ മനോഭാവം റ്റ്വിറ്ററിൽ മാത്രം ഒതുങ്ങുന്നില്ല. വിൻഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തിൽ ഡയറക്റ്ററികളുണ്ടാക്കാൻ 260 ക്യാരക്റ്റേഴ്സിനു പകരം മലയാളിക്കു ലഭിക്കുന്നതു് 150-ൽപ്പരം അക്ഷരങ്ങൾ മാത്രം. വിൻഡോസിലെ മറ്റുപല ആപ്ലികേയ്ഷനുകളിലും ഫയൽ പേരുകൾക്കും മറ്റും ക്യാരക്റ്റർ പരിധിയുണ്ടു്. എന്തിനു്, ഡൊമൈൻ പേരുകൾക്കുള്ള 63 ക്യാരക്റ്റർ ലിമിറ്റുപോലും മലയാളിക്കു് സ്വന്തമാക്കണമെങ്കിൽ കൂട്ടക്ഷരങ്ങളോ സ്വരചിഹ്നങ്ങളോ ഉപയോഗിക്കാതെ വേണം എന്നതാണു് അവസ്ഥ.

മൈക്രോസോഫ്റ്റ് വേഡ് പോലുള്ള സോഫ്റ്റ്‍വെയറുകൾ അക്ഷരങ്ങളുടെ എണ്ണം തെറ്റായി പറയുന്നതും പ്രശ്നമാണു്. അക്ഷരങ്ങളുടെ എണ്ണത്തിൽ കൃത്യതവേണ്ടുന്ന ഒന്നാണല്ലോ ശ്ലോകനിർമ്മാണം. സമവൃത്തങ്ങളിലുള്ള ശ്ലോകങ്ങളിൽ വരികളിലെ എണ്ണം തുല്യമാവേണ്ടതുണ്ടു്. ഒരു വരിയിൽ വെറും 11 അക്ഷരങ്ങൾ വേണ്ടുന്ന രഥോദ്ധതവൃത്തത്തിലെ ഈ ശ്ലോകത്തിനു് (കുത്തും കോമയുമുൾപ്പടെ 58 അക്ഷരങ്ങൾ) 108 അക്ഷരങ്ങളുണ്ടെന്നാണു് മൈക്രോസോഫ്റ്റ് വേഡ് പറയുന്നതു്. കുറേക്കൂടി പ്രാവർത്തികമായി ചിന്തിച്ചാൽ, മത്സരപ്പരീക്ഷയ്ക്കോ മറ്റോ 1000 അക്ഷരത്തിൽ കുറയാതെ ലേഖനം എഴുതുക എന്ന നിബന്ധനയുണ്ടെന്നു വിചാരിക്കുക. വേഡിൽ എഴുതുന്ന ലേഖനത്തിലെ അക്ഷരങ്ങളുടെ എണ്ണം സ്വയം എണ്ണിനോക്കേണ്ടുന്ന ഗതികേടു വരുന്നു.

ഇക്കാര്യം അധികം പ്രയാസമില്ലാതെ പരിഹരിക്കാവുന്നതേയുള്ളൂ. ക്യാരക്റ്റർ എണ്ണുന്നതിനു പകരം ഖ്ലസ്റ്ററുകൾ എണ്ണുക. ക്യാരക്റ്ററുകളെ സം‌യോജിപ്പിച്ചോ [combined] അടുക്കിയോ [stacked] ഉണ്ടാക്കിയെടുക്കുന്ന ഗ്ലിഫിനെയാണു് ഖ്ലസ്റ്റർ എന്നു വിളിക്കുന്നതു്. ഇപ്പോൾത്തെന്നെ, വിഘടിക്കാനാവാത്ത ഖ്ലസ്റ്ററുകളെ (indivisible clusters) വിൻഡോസ് ആപ്ലികേയ്ഷനുകളെല്ലാം ഒരു entity ആയാണു് കണക്കാക്കുന്നതു്. നോട്പാടിലും വേഡിലും മറ്റും ഇത്തരം ഖ്ലസ്റ്ററുകൾ ഒരുമിച്ചാണു് സെലക്റ്റ് ആവുന്നതു്. Arrow keys ഉപയോഗിച്ചു് navigate ചെയ്താൽ, ഒരു ഖ്ലസ്റ്റർ ചാടിക്കടക്കാൻ ഒരു ഖഴ്സർ നീക്കം (cursor move) മതി. അതായതു്, മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്നെഴുതിയിട്ടു് arrow keys ഉപയോഗിച്ചു് മു മുതൽ ൻ വരെ എത്തിപ്പെടാൻ എട്ടുതവണ ഖഴ്സർ നീക്കിയാൽ മതി. മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്ന വാക്കിനു് 24 അക്ഷരമുണ്ടെന്നതിനു പകരം 8 ഖ്ലസ്റ്റേഴ്സ് ഉണ്ടെന്നു പറഞ്ഞാൽ അതു് മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ എന്ന വാക്കിലെ അക്ഷരങ്ങളുടെ എണ്ണമായി നമുക്കു് കണക്കാക്കാവുന്നതേയുള്ളൂ. (ഈ ഉച്ചാരണമൊക്കെ ശരിയാണോ ഭഗവാനേ! കർമ്മഫലം, അല്ലാതെന്തു്?)

വൃത്തസഹായി അക്ഷരങ്ങളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നുണ്ടു് എന്നതു് അത്ഭുതത്തിനു് വകനൽകേണ്ടുന്ന കാര്യമല്ല. വേഡ് ഒഴികെയുള്ള എഡിറ്റിംഗ് സോഫ്റ്റ്‍വെയറുകൾ ഈ പ്രശ്നം എങ്ങനെയാണു് പരിഹരിച്ചിരിക്കുന്നതു് എന്നറിയാൻ താല്പര്യമുണ്ടു്.

(മുഗ്ദ്ധസാന്നിദ്ധ്യക്വാണൻ ഈ പോസ്റ്റിന്‍റെ ഐശ്വര്യം.)

Labels: , ,

Tuesday, February 24, 2009

ക്വിസ് മത്സരങ്ങളുടെ ഭാവി

പൊതുവിജ്ഞാനത്തിലെ പ്രാവീണ്യം നിര്‍ണ്ണയിക്കുന്ന ക്വിസ് മത്സരങ്ങള്‍ മുന്‍‍കാലങ്ങളിലെ സ്ഥിരം വിനോദോപാധിയായിരുന്നു. പരിഷ്കാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കായ്കയാല്‍ സാധാരണക്കാര്‍ക്കു് ആസ്വാദിക്കാവുന്ന പരിപാടി എന്ന നിലയില്‍ ക്വിസിന്‍റെ ഭാവി ശോഭനമല്ല. മലയാളം റ്റിവി-യില്‍ ഇനിയും ബാക്കിയുള്ള ഇത്തരം ചോദ്യോത്തര കലയെ ചോദ്യങ്ങള്‍ ഏറ്റവും അരസികമായി ചോദിക്കുന്ന ഇന്നത്തെ ക്വിസ് മാസ്റ്റര്‍മാര്‍ തുരത്തിയോടിക്കുന്ന കാലം വിദൂരവുമല്ല. ഒരു കാലത്തു് വളരെ ജനപ്രിയമായിരുന്ന Twenty Questions-നെ അശ്വമേധത്തിലൂടെ നിരപ്പാക്കിയ കഥ ആരും മറന്നിട്ടുണ്ടാവില്ല.

ഇക്കാര്യത്തില്‍ അമൃത റ്റിവിയില്‍ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയിലെ ക്വിസ് നടത്തിപ്പുകാരിയായ രേഖാ മേനോനും ചെറുതല്ലാത്തൊരു പങ്കു വഹിക്കുന്നുണ്ടു്.

(രേഖാ മേനോനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത ഫാമിലി റ്റെലി ക്വിസ് എന്ന പരിപാടി കണ്ടിട്ടു് പറയുന്നതല്ല. ഫാമിലി റ്റെലി ക്വിസിന്‍റെ ഒരു ഭാഗം പോലും ഞാന്‍ കണ്ടിട്ടില്ല. ഇതു് അമൃത റ്റിവിയിലെ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയെ മാത്രം അവലംബിച്ചുള്ളതാണു്.)

ജൂനിയര്‍ ജീനിയസ് പരിപാടിയിലെ രേഖയുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു് എബ്രഹാം ജോസഫും ഡോ. സി. ആര്‍. സോമനും ജെം മാത്യുവും മറ്റും പ്രസിദ്ധമാക്കിയ പഴയകാല മലയാള ക്വിസ് മത്സരങ്ങളാണു്. പൊതുവിജ്ഞാനം ആവശ്യത്തിലേറെ വിളമ്പുന്ന ഈ രീതി “കഴിഞ്ഞ തലമുറയുടെ” മുഖമുദ്രയായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, റീയാലിറ്റി ഷോകള്‍ക്കിടയില്‍ ജനിച്ചു് അതിനിടയില്‍ത്തന്നെ വളരുന്ന ഇന്നത്തെ തലമുറയ്ക്കു് ഈ രീതി യോജിക്കില്ല. എന്‍റര്‍റ്റെയ്ന്മെന്‍റ് വാല്യു ഇല്ലാതെ ‘വെറുതേ’ പൊതുവിജ്ഞാനം മാത്രം വളര്‍ത്താന്‍ ഉപകരിക്കുന്ന ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിട്ടു് പ്രേക്ഷകരായിരിക്കാന്‍ പോലും ആളെക്കിട്ടാന്‍ വിഷമമായിരിക്കും.

ഈയവസരത്തില്‍, ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയുടെ ഒരു ചെറിയ ഭാഗമായാണെങ്കിലും ക്വിസ് പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നോക്കേണ്ടതു് കണ്ടും പഴകിയും ശീലിച്ചു മടുത്ത ഒരു കലയെ പുതിയൊരു തലത്തിലേയ്ക്കുയര്‍ത്താന്‍ ശ്രമിക്കുകയാണു്. എന്നാലിന്നോ? രേഖാ മേനോന്‍ ചോദ്യങ്ങളുമായി വരുമ്പോള്‍ ചാനല്‍ മാറ്റാനുള്ള സമയമായി എന്നു് ബയോളജികല്‍ ക്ലോക് പറഞ്ഞു തുടങ്ങിയിരിക്കുന്നു.

രേഖാ മേനോന്‍ കഴിവുകളുള്ള ആളാണെന്നു് ഏഷ്യാനെറ്റ് സാക്ഷ്യപ്പെടുത്തുന്നതു് വെറുതേയാവില്ല. എന്നാല്‍ ആ കഴിവുകളെല്ലാം തന്‍റെ ചോദ്യരീതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നു് സംശയമാണു്.
A multi faceted personality, Rekha Menon is a noted TV presenter, and the research and anchor for the famous Family Tele Quiz on Asianet for the last eight years. Knowledgeable, witty, and extremely challenging, she is a wizard of a quiz master, who can make you clutch the edges of your seat as you sweat it out to nail biting finishes in the most exciting contests.
ക്വിസ് മത്സരങ്ങള്‍ കുറേക്കൂടി ആകര്‍ഷകവും ജനകീയവുമാക്കാന്‍ എന്താണു് വഴി? ഉമേഷിന്‍റെ ബുദ്ധിപരീക്ഷ എന്ന ബ്ലോഗ് വായിക്കാറില്ലേ? ബുദ്ധിപരീക്ഷയില്‍ താല്പര്യമില്ലാത്തവര്‍ പോലും വായിച്ചുരസിക്കുന്ന രീതിയിലാണു് ഉമേഷ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതു്. ആ വഴി പിന്തുടര്‍ന്നു് കാണികള്‍ക്കു് ചോദ്യത്തിലും ഉത്തരത്തിലും താല്പര്യമില്ലെങ്കില്‍ കൂടി ചോദിക്കുന്ന രീതിയില്‍ താല്പര്യമുണ്ടാക്കിയെടുക്കുക. ചോദ്യങ്ങളില്‍ കുസൃതി ഒളിപ്പിക്കുക. ഉത്തരങ്ങളില്‍ ആകാംക്ഷ നിറയ്ക്കുക. ഇത്രയൊന്നും സാധിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും പൊതുവിജ്ഞാനം എന്ന രീതിയില്‍ നിന്നും നല്ലൊരു ക്വിസ് ചോദ്യമായി രൂപമാറ്റം വരുത്തുക. ഒരു ഉദാഹരണം നോക്കാം:
What company in the USA manufactures the canned meat SPAM?
ഈ ചോദ്യം കേട്ടാല്‍ എത്ര പേര്‍ ഇതിന്‍റെ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കും? ഇനി ഇങ്ങനെയാണെങ്കിലോ?
Hormel Foods Corporation, owns a famous brand of canned meat, which has now acquired more unfortunate connotations in the Information Technology world. What is the brand name?
ഏഷ്യാനെറ്റിന്‍റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ ക്വിസ് മത്സരങ്ങള്‍ കാണികളേയും ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിറുത്തണം. നഖം കടിക്കല്‍ ഉപേക്ഷിച്ചിട്ടു് ഇരുപത്തഞ്ചു വര്‍ഷമെങ്കിലുമായെങ്കിലും ഇന്നത്തെ രീതിയിലുള്ള ചോദ്യോത്തര പരിപാടി മാറിയാല്‍ വീണ്ടും ഈ ദുശ്ശീലം തുടങ്ങുവാന്‍ എനിക്കു് മടിയില്ല. രേഖാ മേനോന്‍ കേള്‍ക്കുന്നുണ്ടോ?

Labels: ,

Wednesday, January 14, 2009

ജനനത്തീയതിയും ജീവിതവിജയവും

‘ഭാഗ്യവന്തം പ്രസൂയേഥാഃ മാ ശൂരം, മാ ച പണ്ഡിതം’ എന്നു പറയുന്നതില്‍ എത്രമാത്രം സത്യമുണ്ടു്? ഭാഗ്യമുള്ളവരെ (ജീവിതവിജയം നേടുന്നവരെ എന്ന അര്‍ത്ഥത്തില്‍) പ്രസവിക്കാന്‍ എന്തെങ്കിലും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ടോ?

പണ്ടൊക്കെ മിക്കവാറും എല്ലാ കുട്ടികളുടേയും പിറന്നാള്‍ ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു. പണ്ടൊക്കെ എന്നു പറഞ്ഞാല്‍ ഏകദേശം ഇരുപതു കൊല്ലം മുമ്പൊക്കെ വരെ.

ജൂലൈ, ഓഗസ്റ്റ്, മാസങ്ങള്‍ പ്രത്യുല്പാദനത്തിനു് അനുയോജ്യമായിരുന്നതു മാത്രമല്ല ഇതിനു കാരണം. ഒന്നാം ക്ലാസില്‍ ചേരുന്നതിനു് ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം എന്ന നിബന്ധനയാണു് കുട്ടികളുടെ ജനനത്തീയതി ജൂണിനു മുമ്പുള്ള മാസങ്ങളില്‍ ഫിക്സ് ചെയ്യാന്‍ മാതാപിതാക്കളെ നിര്‍ബന്ധിതരാക്കിയതു്. പലപ്പോഴും, സ്കൂളില്‍ ചേരുന്നതിനു് ജനന സേര്‍ടിഫികറ്റ് വേണ്ടിയിരുന്നില്ല എന്നതിനാല്‍, അദ്ധ്യാപകര്‍ തന്നെ ജൂണിനു ശേഷം ജനിച്ച, അഞ്ചുവയസ്സു തികയാന്‍ മാസങ്ങള്‍ ബാക്കിയുള്ള, (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്റ്റോബര്‍ മാസങ്ങളില്‍ ജനിച്ച) കുട്ടികളുടെ ജനനത്തീയതി മാറ്റി അവരെ പഠനം ആരംഭിക്കാന്‍ യോഗ്യരാക്കിയിട്ടുണ്ടു്. വേണ്ടത്ര കുട്ടികളില്ലെങ്കില്‍ ഡിവിഷന്‍ നഷ്ടമാവുന്നതുമൂലം സ്ഥലം മാറ്റപ്പെടുകയോ ജോലി നഷ്ടപ്പെടുകയോ സംഭവിക്കും എന്ന സാഹചര്യമുണ്ടെങ്കില്‍ ഇത്തരം തിരുത്തലുകലുകള്‍ പ്രോത്സാഹിക്കപ്പെട്ടിട്ടുമുണ്ടു്.

വിചിത്രമായ മറ്റൊരു സംഗതി, അഞ്ചുവയസ്സു തികഞ്ഞ കുട്ടികളുടെ—അതായതു്, ഏപ്രില്‍, മേയ് മാസങ്ങള്‍ക്കു മുമ്പു് (നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍) ജനിച്ചതും എന്നാല്‍ മുന്‍‍വര്‍ഷത്തില്‍ സ്കൂളില്‍ ചേരാന്‍ സാധിക്കാതിരുന്നതുമായവരുടെ—ജനനത്തീയതി, “ജൂണ്‍ ഒന്നിനു് അഞ്ചുവയസ്സു തികഞ്ഞിരിക്കണം” എന്ന നിബന്ധന തെറ്റായി വ്യാഖ്യാനിച്ചു്, ഏപ്രില്‍/മേയ് മാസങ്ങളിലേയ്ക്കാക്കിയിട്ടുണ്ടു് എന്നതത്രേ.

ഓഗസ്റ്റ് മുപ്പത്തൊന്നു് ആണു് വാഷിം‍ഗ്റ്റണില്‍ സ്കൂളുകളിലെ കട്ട്-ഓഫ് ഡേയ്റ്റ്. ഒക്റ്റോബറില്‍ ജനിച്ച അച്ചുവിനു് ഓഗസ്റ്റ് മുപ്പത്തൊന്നിനു് “പ്രായം തികയാത്തതിനാല്‍” അടുത്ത അദ്ധ്യയന വര്‍ഷം വരെ കാത്തിരിക്കണം. അതുകൊണ്ടു തന്നെ ക്ലാസിലെ മുതിര്‍ന്ന കുട്ടികളിലൊരാളായിരിക്കും അച്ചു. അതിനു് എന്തെങ്കിലും പ്രശ്നമുണ്ടെന്നല്ല. സത്യത്തില്‍ ഞങ്ങള്‍ അതേപ്പറ്റി ആകുലപ്പെട്ടിട്ടില്ല.


(ചിത്രത്തിനു കടപ്പാടു്: ആമസോണ്‍)

അടുത്തകാലത്തു വായിച്ച Quirkology: How We Discover the Big Truths in Small Things എന്ന പുസ്തകത്തിലെ താഴെപ്പറയുന്ന ഖണ്ഡികകളാണു് ഇക്കാര്യങ്ങള്‍ മനസ്സിലേയ്ക്കെത്തിച്ചതു്.
After analyzing the birthdays of approximately 3,000 English professional football players, [Dutch psychologist Ad] Dudink found that twice as many were born between September and November as were born between June and August.

[...] At the time of his analysis in the early 1990s, budding English footballers were eligible to play professionally only if they were at least seventeen years old when the season started, which was in August. Potential players born between September and November would therefore have been born about 10 months older, and more physically mature, than those born between June and August. These extra few months proved to be a real bonus when it came to the strength, endurance, and speed needed to play football, with the result that those born between September and November were more likely to be picked to play at a professional level.

[...] From American Major League baseball to British county cricket, Canadian ice hockey to Brazilian soccer, the month of birth of athletes is related to their sporting success.
ഇത്തരം പഠനങ്ങള്‍ ശാരീരികബലവും വേഗതയും മറ്റും അവശ്യഗുണങ്ങളായി വേണ്ടുന്ന കായികതാരങ്ങള്‍ക്കിടയില്‍ മാത്രമേ നടന്നിട്ടുള്ളതായി കാണുന്നുള്ളൂ എങ്കിലും കായികേതര രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടുന്നവര്‍ക്കും ഇതു് ബാധകമാകാമെന്നു് നിരീക്ഷിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. പത്താം തരത്തില്‍ റാങ്കുവാങ്ങുന്നവരുടേയും മെഡിക്കല്‍/എന്‍‍ജിനീയറിംഗ് അഡ്മിഷന്‍ കിട്ടുന്നവരുടേയും സ്കൂള്‍ കലോത്സവങ്ങളിലെ കലാപ്രതിഭാ/കലാതിലകങ്ങളുടേയും ജനനത്തീയതികള്‍ വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ എന്നു് നമ്മളില്‍ പലരുടേയും മാതാപിതാക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാവാം. ഇന്നത്തെ തലമുറ, ഒരു പക്ഷേ, ആഗ്രഹിക്കുന്നതു്, സ്റ്റാര്‍ സിംഗര്‍ പോലുള്ള റീയാലിറ്റി ഷോ വിജയികളുടേയും സിനിമാക്കാരുടേയും ജനനത്തീയതി പഠനങ്ങളായാല്‍ അദ്ഭുതപ്പെടാനില്ല.

Labels: ,

Thursday, December 25, 2008

വിക്കിപ്പീഡിയയുടെ ആധികാരികത

മലയാളം വിക്കിപ്പീഡിയയില്‍ റബറിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതെന്തുകൊണ്ടു് എന്നു വിവരിക്കുന്ന പോസ്റ്റിനു കമന്‍റായി ഞാന്‍ എന്ന ബ്ലോഗര്‍ ഇങ്ങനെ പറയുന്നു:

വിക്കിപ്പീഡിയയിലെ ആര്‍ട്ടിക്കിളുകള്‍ ഒരു കാരണവ[ശാ]ലും തൊടരുത് എന്നാണ് എന്റെ അടുത്ത് ഗൈഡ് പറഞ്ഞിട്ടുള്ളത് (പൊതുവെ അദ്ധ്യാപകര്‍ അതിന് അനുകൂലമായി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല). വിക്കിപ്പീഡിയയുടെ വിലയിടിച്ചു കാണിക്കുകയല്ല ഞാന്‍. പിഎച്ച്‌ഡി മുതലായ ഗവേഷണ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിക്കി കണ്ടന്റ് സാധാരണ ഗതിയില്‍ ആള്‍ക്കാര്‍ ഉപയോഗിക്കാറില്ല.
എത്ര സത്യം! ഇതു് പല യൂണിവേഴ്സിറ്റികളുടേയും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ നയമാണിതു്. എന്തുമേതും തന്നിഷ്ടം പോലെ എഴുതിപ്പിടിപ്പിക്കാമെന്നു് ആള്‍ക്കാര്‍ ധരിച്ചു വച്ചിരിക്കുന്ന വിക്കിപ്പീഡിയയാണോ, അതോ റെഫറന്‍സിനു് അവസാനവാക്കെന്നു് കരുതപ്പെടുന്ന എന്‍സൈക്ലോപീഡിയ ബ്രിറ്റാനിക്കയാണോ കൂടുതല്‍ കൃത്യമായതു് എന്ന വിഷയത്തില്‍ നേച്ചര്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍, കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഈ രണ്ടു് എന്‍സൈക്ലോപീഡിയകളും ഒരുപോലെയാണെന്നു് കണ്ടെത്തുകയുണ്ടായെന്നു് മുമ്പൊരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പലപ്പോഴും ‘വിക്കിപ്പീഡിയയ്ക്കെന്താണു് കുഴപ്പം?’ എന്നു ചോദിക്കാന്‍ തോന്നുമെങ്കിലും മുകളില്‍ സൂചിപ്പിച്ച പോസ്റ്റു് ‘എന്താണു കുഴപ്പം’ എന്ന ചോദ്യത്തിനു് തൃപ്തികരമാം വിധം ഉത്തരം നല്‍കുന്നതാണു്. മലയാളം വിക്കിപ്രവര്‍ത്തകരെപ്പോലെ ഗുണനിയന്ത്രണ നിഷ്കര്‍ഷ മറ്റുഭാഷാ വിക്കികളുടെ പരിപാലകര്‍‍ പാലിക്കും എന്നതിനു് യാതൊരുറപ്പുമില്ല. (മലയാളം വിക്കി കുറ്റമറ്റതാണെന്നോ അല്ലെന്നോ പറയാന്‍ പരിചയക്കുറവു മൂലം എനിക്കാവുന്നില്ല. ഞാന്‍ വായിച്ചിട്ടുള്ള മിക്ക മലയാളം വിക്കി ലേഖനങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണു്.)

അക്കാദമിക് പേപ്പറുകളില്‍ വിക്കിപ്പീഡിയ ലേഖനങ്ങള്‍ ഉദ്ധരിക്കുന്നതു് യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്കു് വിരുദ്ധമാണെങ്കിലും കൃത്യമായ റെഫറന്‍സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന വിക്കിപ്പീഡിയ ലേഖനങ്ങളിലെ ആശയങ്ങള്‍ അക്കാദമിക് പേപ്പറുകളില്‍ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടു്.

ഒരു ഉദാഹരണം പറയാം. അക്കൌണ്ടിംഗ് വിഷയത്തിന്‍റെ ആമുഖമായി ബാലന്‍സ് ഷീറ്റ്, ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ്, ക്യാഷ്ഫ്ലോ സ്റ്റേയ്റ്റ്മെന്‍റ്, തുടങ്ങിയ എന്താണു് എന്നു് വിശദീകരിക്കുന്ന ഒരു പേപ്പര്‍ എഴുതേണ്ടിവന്നു. ഇന്‍കം സ്റ്റേയ്റ്റ്മെന്‍റ് എന്നു് വിക്കിയില്‍ തിരഞ്ഞാല്‍ ഈ പേയ്ജ് ആണു് നമുക്കു് ലഭിക്കുക. പേപ്പറില്‍ ഉപയോഗിക്കാന്‍ പറ്റിയ വാചകമാണിതു്:
The Income statement must indicate how revenue is transformed into net income. The purpose of the income statement is to show managers and investors whether the company made or lost money during the period being reported.
എന്നാല്‍ ഇതു് വിക്കിപ്പീഡിയയില്‍ നിന്നും എടുത്തതാണെന്നു് പറഞ്ഞു് പേപ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ ലേഖനത്തിന്‍റെ റെഫറന്‍സ് സെക്ഷനില്‍,
Harry I. Wolk, James L. Dodd, Michael G. Tearney. Accounting Theory: Conceptual Issues in a Political and Economic Environment (2004). ISBN 0324186231.
എന്ന പുസ്തകത്തെ പരാമര്‍ശിച്ചിരിക്കുന്നതു് ശ്രദ്ധിക്കുക. അധികം തിരക്കില്ലാത്ത വിദ്യാര്‍ത്ഥിയാണെങ്കില്‍ ഈ പുസ്തകം വായിച്ചു നോക്കാം. അല്ലെങ്കിലോ, ഈ പുസ്തകത്തിന്‍റെ ISBN നമ്പര്‍ 0324186231 ഉപയോഗിച്ചു് ആമസോണില്‍ സേര്‍ചു ചെയ്യുക. നമുക്കു് ഈ ലിങ്ക് ലഭിക്കും. ഇനി, ആമസോണിന്‍റെ Look Inside ഫീച്ചര്‍ ഉപയോഗിച്ചു് പുസ്തകത്തിന്‍റെ റ്റേയ്ബിള്‍ ഓഫ് കണ്ടന്‍റ്സില്‍ നിന്നും ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റ് എന്ന ചാപ്റ്റര്‍ പേയ്ജ് 381-ല്‍ ആണു് ആരംഭിക്കുന്നതു് എന്നു് മനസ്സിലാക്കാം. മുകളില്‍ സൂചിപ്പിച്ച വാചകം
ഇന്‍‍കം സ്റ്റേയ്റ്റ്മെന്‍റിന്‍റെ നിര്‍വ്വചനത്തിന്‍റെ കൂട്ടത്തില്‍ വരുന്നതാകയാല്‍, അതു് മിക്കവാറും പേയ്ജ് 382-ല്‍ ആണെന്നു് ഏകദേശം കൃത്യമായിത്തന്നെ ഊഹിക്കാം! ഇത്രയുമായാല്‍, വിക്കിപ്പീഡിയയില്‍ നിന്നും നിങ്ങള്‍ അടിച്ചുമാറ്റിയ വാചകം Wolk, Dodd, Tearney എന്നിവരുടെ Accounting Theory: Conceptual Issues in a Political and Economic Environment (2004) എന്ന പുസ്തകത്തിലെ മുന്നൂറ്റി എണ്‍പത്തിരണ്ടാം പേയ്ജിലാണെന്നു് നിങ്ങള്‍ക്കു് ഏതു പേപ്പറിലും വച്ചു കാച്ചാവുന്നതേയുള്ളൂ.

യൂണിവേഴ്സിറ്റി/അക്കാദമിക് ചട്ടങ്ങള്‍ ലംഘിക്കാതെ വിക്കിപ്പീഡിയ റെഫറന്‍സായി ഉപയോഗിക്കണമെങ്കില്‍, പക്ഷേ, ലേഖനങ്ങള്‍ വിശ്വസ്തവും ആധികാരികവുമായ റെഫറന്‍സ് നല്‍കി തയ്യാറാക്കിയതാവണം. മൈക്രോസോഫ്റ്റും മനോരമയും ചേര്‍ന്നു് മലയാളം വിക്കി ഹൈജാക് ചെയ്യുന്നു എന്നു പറയുന്നവരുണ്ടെങ്കില്‍, അവര്‍ മനസ്സിലാക്കാന്‍ കൂട്ടാക്കാത്തതും ഇതുതന്നെ.

താന്‍ സ്വന്തമായ റിസേര്‍ചിലൂടെ കണ്ടെത്തിയ വസ്തുതകള്‍ക്കു് ആധികാരികത വരുത്താന്‍ എന്താണു വഴി? Peer review സം‌വിധാനം നിലവിലുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുകയാണു് ഏറ്റവും എളുപ്പ വഴി. റബര്‍ സംബന്ധിയായ പുതിയ അറിവുകളും സ്ഥിതിവിവരക്കണക്കുകളും പ്രസിദ്ധപ്പെടുത്താന്‍ ഇന്ത്യ റബര്‍ ജേണല്‍, The India Market Journal, യൂറോപ്യന്‍ റബര്‍ ജേണല്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണു്. തന്‍റെ കണ്ടുപിടുത്തങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഉപയോഗപ്രദമായി വരണമെന്നുണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കു പിറകേ വച്ചുപിടിക്കാതെ ഈവഴി വല്ലതും സ്വീകരിക്കുകയാവും ഉത്തമം.

Labels: , ,

Friday, November 14, 2008

വെയില്‍മഴയും കുറുക്കന്മാരും

ജോലി ചെയ്യാതെ വെറുതേയിരിക്കാന്‍ പറ്റിയ രീതിയിലാണു് എന്‍റെ ഓഫീസ് മുറിയുടെ സ്ഥാനം. ഒന്നാം നിലയില്‍ ബില്‍ഡിംഗ് ലോബിയോടു് ചേര്‍ന്നു്. വലിയ ചില്ലുജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കിയാല്‍ ഓഫീസില്‍ വരുന്നവരേയും പോകുന്നവരേയും കാണാം. അങ്ങനെ പുറത്തേയ്ക്കു നോക്കിയിരുന്നപ്പൊഴോ, അതാ, വെയിലും മഴയും ഒരുമിച്ചു്!

മഴയും വെയിലുമുള്ളപ്പോള്‍ കുറുക്കന്‍റെ കല്യാണമാണെന്നു് അറിയാത്തവരാരുണ്ട്‌? മലയാളികളില്‍ ആരുമില്ല എന്നാണോ ഉത്തരം പറയാന്‍ പോകുന്നത്‌? എന്നാല്‍ കേട്ടോളൂ, ഇക്കഥ ലോകത്തിന്‍റെ പലേടങ്ങളിലും നിലവിലുണ്ടു്.

വെയിലുള്ളപ്പോഴുണ്ടാവുന്ന മഴയെ പല രാജ്യക്കാരും സണ്‍ഷവര്‍ എന്നാണു് വിളിക്കുക. സൂത്രക്കാരായതും അല്ലാത്തതുമായ ജന്തുക്കള്‍ കല്യാണം കഴിക്കുന്ന സമയമാണിതെന്നാണു് പലദേശങ്ങളിലേയും നാടോടിക്കഥകള്‍ പറയുന്നതു്. വെയില്‍മഴ വരുമ്പോള്‍ കുറുക്കന്മാരെ (fox) കല്യാണം കഴിപ്പിക്കുന്ന രാജ്യക്കാര്‍ അനവധിയാണു്.

അനുഷ്ഠാനരീതി എന്ന നിലയിലല്ലാതെ, ഭാഷാപ്രയോഗമായതിനാല്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തേയ്ക്കു് വളര്‍ന്നു പടരുക എന്ന സവിശേഷതയാലാവാം കുറുക്കന്‍റെ കല്യാണത്തിനു് സാര്‍വ്വലൌകികത ലഭിച്ചിട്ടുണ്ടാവുക. അതിനാല്‍ത്തന്നെ ഓരോ രാജ്യത്തും ഈ പ്രയോഗം നിലവിലുള്ളതു് ഏതു് ഭാഷയിലാണു് എന്ന വസ്തുതയ്ക്കു് പ്രാധാന്യമുണ്ടു്.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമല്ല, ബംഗാളുള്‍പ്പടെ പലേടത്തും കുറുക്കക്കല്യാണത്തിന്‍റെ മുഹൂര്‍ത്തം വെയില്‍മഴ സമയം തന്നെ. കിറ്റ്സ്നേ എന്നു പേരുള്ള ജപ്പാന്‍ കുറുക്കന്‍ ആളു ചില്ലറക്കാരനല്ല. കല്യാണസമയം പതിവുപോലെ വെയിലും മഴയുമുള്ളപ്പോള്‍. അര്‍മീനിയയിലും (ഭാഷ: അര്‍മീനിയന്‍) ബള്‍ഗേറിയയിലും (ബള്‍ഗേറിയന്‍) കാലബ്രിയയിലും ഇറ്റലിയിലും (രണ്ടും ഇറ്റാലിയന്‍) ഫിന്‍ലാന്‍ഡിലും (ഫിന്നിഷ്) വെയില്‍മഴ കാണുമ്പോള്‍ കുറുക്കന്മാരെ ഓര്‍ക്കുന്നവരുണ്ടു്.

വെയിലും മഴയുമുള്ളപ്പോള്‍ കല്യാണം കഴിക്കുന്ന മറ്റു ജീവജാലങ്ങളില്‍ ദക്ഷിണാഫ്രിക്കയിലെയും (ഇംഗ്ലീഷ്) ക്രൊയേഷ്യയിലേയും (ക്രൊയേഷ്യന്‍) കുരങ്ങന്മാരും കുറുനരികളുമുണ്ടു്. അവരോടൊപ്പം കൂടുന്നവരില്‍, അറബിനാട്ടിലേയും (അറബിക്) ഫിന്‍ലാന്‍ഡിലേയും എലികളും ബള്‍ഗേറിയന്‍ കരടികളും കൊറിയയിലേയും (കൊറിയന്‍) ഉഗാണ്ടയിലേയും (റുറ്റൂറോ) കടുവകളും ആഫ്രിക്കന്‍ (സുളു) പുള്ളിപ്പുലികളും ഇറാന്‍ (അരാമിക്) പ്രദേശങ്ങളിലെ ചെന്നായ്ക്കളും സ്വഹീലി ഭാഷ സംസാരിക്കുന്ന ആഫ്രിക്കന്‍ പ്രദേശങ്ങളിലെ ആനകളും സിംഹങ്ങളും ഉള്‍പ്പെടും.

മൃഗങ്ങള്‍ മാത്രമല്ല ഈ നല്ല അവസരം വിനിയോഗിക്കുന്നതു്. ഫിലിപ്പൈന്‍സിലെ (ഫിലിപ്പിനോ) കുട്ടിച്ചാത്തനും (elf) റ്റിക്ബലാങും സ്പെയിനിലേയും പോര്‍റ്റൊ റികോയിലേയും (സ്പാനിഷ്) ദുര്‍മന്ത്രവാദിനികളും ഗ്രീസിലെ (ഗ്രീക്ക്) പാവപ്പെട്ടവരും അബ്‌ഖാസിയയിലെയും (അബ്‌ഖാസ്) വാനുവാറ്റുവിലേയും റ്റര്‍കിയിലേയും (ബിസ്‍ലാമ ഭാഷ) പിശാചുകളും (devils) ഇങ്ങനെ പുതുജീവിതം തുടങ്ങുന്നവരത്രേ. 'ഞങ്ങള്‍ക്കും വേണ്ടേ ഒരു ജീവിതം' എന്നു ചോദിച്ചുകൊണ്ടു് അര്‍ജന്‍റീനയിലേയും ഉറുഗ്വേയിലേയും (സ്പാനിഷ്) വൃദ്ധകളും ഈ സമയത്തു് കല്യാണം കഴിക്കാറുണ്ടെന്നാണു് വിശ്വാസം.

നമ്മുടേതു മാത്രമെന്നു കരുതിയ മറ്റൊരു പ്രയോഗം കൂടി ലോകത്തങ്ങോളമിങ്ങോളമുള്ളതാണെന്നു വന്നിരിക്കുന്നു. ഗ്ലോബലൈസേയ്ഷന്‍റെ ഓരോ മറിമായങ്ങളേ!

Labels: ,

Tuesday, June 10, 2008

സാധനങ്ങളുടെ കഥ

ഇരുപത്തയ്യായിരവും അതിനുമേലേയും രൂപ കൊടുത്തു് ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളുമുള്ള എനിക്ക് നൂറു ഡോളറില്‍ കൂടുതല്‍ തുക നല്‍കി യു. എസ്. ഏ-യില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഒരു സുഹൃത്തിനെ കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതെ, നിങ്ങള്‍ ഊഹിച്ചതുതന്നെ: എനിക്ക്‌ നേരിട്ടറിയാവുന്ന ഏക ഐഫോണ്‍ ഉടമ തന്നെയാണു് ഈ മാന്യ വ്യക്തി.

നാനൂറ്റി തൊണ്ണൂറ്റൊമ്പതു് ഡോളറും റ്റാക്സും എണ്ണിക്കൊടുത്തു്, രണ്ടുവര്‍ഷത്തെ ഉടമ്പടിയും ഒപ്പുവച്ചു്, കഷ്ടി ഒരു വര്‍ഷം മുമ്പു് ഐഫോണ്‍ ഒന്നാം വേര്‍ഷന്‍ സ്വന്തമാക്കിയവനു്, വമ്പിച്ച വിലക്കുറവില്‍ (വെറും നൂറ്റി തൊണ്ണൂറ്റി ഒമ്പതു ഡോളര്‍ മാത്രം) 3G, GPS തുടങ്ങിയ ‘ആധുനിക’ സങ്കേതങ്ങളുമായി ഇറങ്ങുന്ന രണ്ടാം പതിപ്പിന്‍റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സങ്കടവും ദേഷ്യവുമൊക്കെ ഒന്നിച്ചു തോന്നേണ്ടതാണു്. എന്നാല്‍ ആപ്പിളിന്‍റെ ഫാന്‍ബോയ് ആയ സുഹൃത്തിനാണെങ്കിലോ, ഇതും ആഘോഷനിമിഷം!

ഈ വാര്‍ത്തയ്ക്കിടയില്‍ പ്രസ്താവ്യമായ സംഗതിയെന്താണുണ്ടായതെന്നുവച്ചാല്‍, ‘സാധനങ്ങളുടെ കഥ’ (The Story of Stuff) ഒന്നുകൂടി കാണാന്‍ തരമായി. തിരക്കേറിയ ജീവിതമാണെന്നറിയാം. എന്നാലും ഇരുപതുമിനിറ്റു് മാറ്റിവച്ചു് ഇതൊന്നു കണ്ടുനോക്കൂ.

Labels: ,

Monday, May 12, 2008

2000000 മിനിറ്റുകള്‍

സാമ്പത്തികരംഗത്തു് വടക്കേ അമേരിക്കയുടെ ക്ഷയവും ഉന്നതവിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കുതിപ്പും മിശ്രപ്രതികരണമാണു് സാധാരണ അമേരിക്കക്കാരില്‍ ഉണ്ടാക്കുന്നതു്. ഇരുപതു ലക്ഷം (രണ്ടു മില്യന്‍) മിനിറ്റുകള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഏതാണ്ടു് അതേ സമയം തന്നെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ആര്‍ജ്ജിതവിജ്ഞാനത്തിലുള്ള അന്തരം കാട്ടിത്തരുകയും അതുവഴി ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വെല്ലുവിളികള്‍ക്കു് വടക്കേ അമേരിക്കന്‍ യുവത്വം തയ്യാറല്ലെന്നും കാട്ടുകയാണു് 2000000 മിനിറ്റുകള്‍ (Two Million Minutes) എന്ന ഡോക്യുമെന്‍ററി ചെയ്യുന്നതു്.

ഇതൊക്കെ പറയുന്നതു കേട്ടാല്‍ തോന്നും ഡോക്യുമന്‍ററി കണ്ടിട്ടാണു് ഞാന്‍ ഇതൊക്കെ എഴുതിയതെന്നു്. അല്ലേയല്ല! സീയാറ്റില്‍ പബ്ലിക് റേഡിയോയില്‍ ഇന്നുരാവിലെ ഒമ്പതുമണിക്കു കേട്ട ‘വീക് ഡേ’ എന്ന പരിപാടിയില്‍ നിന്നാണു് ഈ വിവരം. ഒമ്പതു മുതല്‍ പത്തുമണിവരെയാണു് ‘വീക് ഡേ’. പത്തുമണി കഴിഞ്ഞതും ഇന്നത്തെ പരിപാടി കേട്ടോ എന്നു ചോദിച്ചു് രണ്ടു മൂന്നു സുഹൃത്തുക്കളുടെ മെയില്‍ പ്രതികരണങ്ങളുമുണ്ടായി.

‘2000000 മിനിറ്റുകളു’ടെ എക്സക്യുട്ടിവ് പ്രൊഡ്യൂസര്‍ ബോബ് കോം‍പ്റ്റനുമായി സ്റ്റീവ് ഷേര്‍ നടത്തിയ ഇന്‍റര്‍വ്യൂ ആയിരുന്നു ഇന്നത്തെ ‘വീക് ഡേ’-യില്‍. ബാംഗ്ലൂരില്‍ നിന്നുള്ള അപൂര്‍വ ഉപ്പാലയും (Apoorva Uppala) ഇന്‍‍ഡിയാനയിലെ വിദ്യാര്‍ത്ഥിയായ നീല്‍ എറന്‍ഡും (Neil Ahrendt) പങ്കെടുക്കുന്നുണ്ടു്.

ബോബ് കോം‍പ്റ്റന്‍റെ വാക്കുകള്‍:
America fundamentally has a cultural challenge. The cultures in India and China [...] revere and reward and recognize intellectual and academic achievements. In America, we revere and reward and recognize athletic and extra-curricular achievement. [...] One thing we need to do as a nation is to look at our culture and is our culture right for the twenty first century going up against two countries that are each four times larger than us where the students, parents, and community and nation revere and recognize academic and intellectual achievement particularly in science and mathematics.

I thought the movie was a pretty accurate portrayal of what [you know] an average Indian student's life is like. [...] it did a fair amount of justice in 54 minutes എന്നു് അപൂര്‍വയും, as far as how the film portrayed me, you know, I have no complaints. It was pretty accurate in terms of how my life went, in terms of how much effort I put in school and what I did in my free time എന്നു നീലും സാക്ഷ്യപ്പെടുത്തുന്നുണ്ടു്.

പ്രതികരണങ്ങള്‍ ഇങ്ങനെ പോയി:

ജയേഷ്: വിധി പറയാന്‍ ഞാനില്ല, എന്നാലും ഇതു് രസകരമായിരിക്കുന്നു. ഇതു കേള്‍ക്കാന്‍ മറക്കരുതു്.

വിനു: എട്ടുമുതല്‍ അഞ്ചുവരെയാണു് ക്ലാസ് എന്നൊക്കെപ്പറയുന്ന തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടു്.

ആഷ്‍ലി: റ്റ്യൂഷന്‍ സമയം കൂടി കണക്കാക്കിയാല്‍ അതൊരു തെറ്റാണോ? ഒമ്പതിലും പത്തിലും പഠിക്കുമ്പോള്‍ എന്‍റെ പഠനസമയം അതിലും കൂടുതലായിരുന്നു.

മനോജ്: ഇന്ത്യയിലേയും ചൈനയിലേയും വിദ്യാഭ്യാസം കാണാപ്പാഠം പഠിക്കലാണെന്ന പൊതു വിശ്വാസത്തിനു അറുതിവരും, അവ ‘Well-rounded’ ആയ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനുതകുന്നതല്ലെന്നുള്ള വാദം പൊളിയും.

ഗിരി: എന്നാലും രണ്ടു വിദ്യാര്‍ത്ഥികളെ മാത്രമുപയോഗിച്ചുള്ള പഠനത്തിന്‍റെ സത്യാവസ്ഥ സംശയിക്കേണ്ടിയിരിക്കുന്നു.

മനോജ്: ഒരു എന്നാലുമില്ല. “linear interpolation: law of large numbers at work.”

പറയേണ്ടുന്ന കാര്യത്തെ പൊലിപ്പിച്ചുറപ്പിക്കാനുതകുന്ന ചില സാരമല്ലാത്ത തെറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഇന്ത്യയുടെ വിദ്യാഭ്യാസരീതിയേയും അതിനു സമൂഹം നല്‍കുന്ന പ്രാധാന്യത്തേയും എടുത്തുകാണിക്കാനും അതുവഴി സാധാരണ അമേരിക്കക്കാരന്‍റെ മനസ്സില്‍ കൂടുതല്‍ ഭയവും അരക്ഷിതാവസ്ഥയും തള്ളിവിടാനും ഈ ഡോക്യുമെന്‍ററി സഹായിക്കേണ്ടതാണു്. ഇന്‍റര്‍വ്യൂ കേട്ടു നോക്കൂ!

Labels:

Thursday, April 03, 2008

ഇടപെടലിന്‍റെ രാഷ്ട്രീയം

മനുഷ്യന്‍ സമൂഹജീവിയാവുകയും ബ്ലോഗുകള്‍ സാമൂഹിക ശൃംഘലയുടെ ഭാഗമാവുകയും ചെയ്യുന്നതിനാല്‍ ബ്ലോഗുലോകം ഭൂലോകത്തിന്‍റെ പരിച്ഛേദമാവാതെ തരമില്ലല്ലോ. ഭൂലോകത്തിലേക്കാള്‍ കൂടുതലായി, ഒരു പക്ഷേ, സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനുള്ള അവസരം ബ്ലോഗുലോകത്തിലാണുള്ളതു്. ഈ ആധിക്യമാവണം, അമ്മയെത്തല്ലിയാലും രണ്ടുപക്ഷം എന്ന മുറവിളി ഭൂലോകത്തിലേക്കാള്‍ ബ്ലോഗുലോകത്തില്‍ മുഴങ്ങി നില്‍ക്കുന്നതു് ഒരു കാരണം. പ്രശ്നപൂര്‍ണ്ണമായ ബ്ലോഗുലോകത്തിലെ സഹവാസികള്‍ക്കു് (അതു് ബ്ലോഗെഴുത്തുകാരോ വായനക്കാരോ ആവട്ടെ) ആശയങ്ങളുടേയും പ്രവര്‍ത്തനങ്ങളുടേയും അനുയായികള്‍ എന്ന നിലയില്‍ ഇടപെടലിനുള്ള അവസരങ്ങള്‍ അധികമായതിനാല്‍ കറുപ്പും വെളുപ്പുമെന്ന രണ്ടുപക്ഷത്തില്‍ തന്നെയുള്ള തീക്ഷ്ണതയുടെ ഏറ്റക്കുറച്ചിലുകളാണു് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം.

പ്രശ്നം എന്ന വാക്കുകൊണ്ടു് എന്താണുദ്ദേശിക്കുന്നതു് എന്നു പറയാം. വാച്യാര്‍ത്ഥത്തിലെടുത്താല്‍, ഇതു് യാഹൂ, കൌമുദി തുടങ്ങിയ സംഭവങ്ങളെ ചുറ്റിപ്പറ്റിയുണ്ടായ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലായ്പ്പോഴും ‘പ്രശ്നം’ എന്നതു് ബ്ലോഗും ബ്ലോഗിതര മാദ്ധ്യമങ്ങളുമായുള്ള ‘യുദ്ധ’മാണെന്നു കരുതരുതു്. ഉദാഹരണമായി, യൂണികോഡു ചര്‍ച്ച, ഭാരതീയ സംസ്കാരം വിഷയീകൃതമാവുമ്പോഴുണ്ടാവുന്ന തര്‍ക്കങ്ങള്‍ (1, 2), വായനലിസ്റ്റിന്‍റെ കോട്ടങ്ങളും നേട്ടങ്ങളും എന്ന വിഷയം, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ തുടങ്ങിയവയും പ്രശ്നം എന്ന ചെറുവാക്കിന്‍റെ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തണം.

ഓരോ പ്രശ്നവും ഓരോ സമരമാണു്. സമരത്തിനു് നേതാക്കളും അനുയായികളും ലക്ഷ്യവും മാര്‍ഗ്ഗവും വേണം. സാധാരണഗതിയില്‍ ലക്ഷ്യവും മാര്‍ഗ്ഗവും തെരഞ്ഞെടുക്കുന്നതു് നേതാവോ നേതാക്കന്മാരോ ആയിരിക്കും. ബ്ലോഗുലോകത്തില്‍ ആരാണു് നേതാവിനെ തെരഞ്ഞെടുക്കുന്നതു്? ആര്‍ക്കാണു് അനുയായിയായി വേഷം കെട്ടേണ്ടി വരുന്നതു്? പല ചര്‍ച്ചകളിലും പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടതു പോലെ, എല്ലാവര്‍ക്കും എല്ലാ പ്രശ്നത്തിലും നേതാവാവാന്‍ കഴിയില്ല. എല്ലാവര്‍ക്കും എല്ലാ പ്രശ്നത്തിലും അനുയായി ആവാനും കഴിയില്ല. തുല്യസാദ്ധ്യതയുള്ള ഗണത്തില്‍ നിന്നും പ്രശ്നാധിഷ്ഠിതമായി നേതാവോ നേതാക്കളോ ഉയര്‍ന്നു വരുന്നു. ഇതു് ഭൂലോകത്തിലുള്ള അംഗീകൃത വ്യവസ്ഥയില്‍ നിന്നും വ്യത്യസ്ഥമാണു്. അമാനുഷവും അതിമാനുഷവുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നവരെ നേതാവായി നെഞ്ചേറ്റി നടക്കുവാന്‍ ആളുകള്‍ക്കു് വൈമനസ്യമില്ല. സമൂഹത്തിന്‍റെ അടിസ്ഥാന നിലയിലുള്ള പ്രവര്‍ത്തന പരിചയം മൂലം ഉയര്‍ന്നുവന്ന നേതാവിനേയും ആള്‍ക്കാര്‍ അംഗീകരിക്കും. എന്നാല്‍ എല്ലാരും തുല്യരായ നാഥനില്ലാക്കളരിയില്‍ നിന്നും നേതൃസ്ഥാനത്തേയ്ക്കുള്ള ഒരാളുടെ പെട്ടന്നുള്ള വളര്‍ച്ചയാണു് അനുയായികളാവാന്‍ വിധിക്കപ്പെട്ടവരെ മോശം അനുയായികളാക്കുന്നതു്. നേതാവാവാന്‍ ജന്മവാസനയും പരിശീലനവും വേണമെന്നതു പോലെ, നല്ലൊരു അനുയായിയാവാനും പരിശീലനവും ക്ഷമയും ആവശ്യമാണു്. വിധി വശാല്‍ അനുയായിയായിത്തീര്‍ന്നവരെ പല തട്ടില്‍ അടുക്കുക എന്ന ക്രൂരകൃത്യമാണു് നിങ്ങളുടെ മൌനാനുവാദത്തോടെ ഞാന്‍ നിര്‍വ്വഹിക്കാന്‍ പോകുന്നതു്.

(എന്തിനീ ചെയ്തി എന്നു ചോദിക്കുന്നവര്‍ക്കു വേണ്ടി: ചില ജനിതകഗുണങ്ങളാല്‍ നമ്മളില്‍ പലര്‍ക്കും അനുയായികളാവാനാണു് യോഗം. അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഒരു സ്വയം വിലയിരുത്തലിലൂടെ താന്‍ ഓരോ പ്രശ്നത്തിലും ഏതു തട്ടില്‍ നില്‍ക്കുന്നു എന്നു് തിരിച്ചറിയുന്നതു് നമ്മുടെ സമയ/ഊര്‍ജ്ജ ലാഭത്തിനു് ആവശ്യമാണു്. അതുമൂലം നമുക്കു് പലപ്പോഴും ലക്ഷ്യബോധമുള്ള അനുയായികളാവാനും സാധിക്കും. ഇവിടെ ഒരു കാര്യം കൂടി ഓര്‍മ്മിക്കുന്നതു് നല്ലതാണു്: എല്ലാ പ്രശ്നങ്ങള്‍ക്കും നമുക്കു് ഒരേ വേഷം തന്നെ അഭിനയിക്കാന്‍ സാദ്ധ്യമല്ല. അഭിനയിക്കുന്ന വേഷത്തില്‍ ഭരത് അവാര്‍ഡാവട്ടെ, നമ്മുടെ ലക്ഷ്യം.)

ഇടപെടലുകാര്‍ മൂന്നു വിധമാണു്. ഇടപെടാത്ത ഒരു വിഭാഗത്തെ കൂടി അതോടൊപ്പം ചേര്‍ത്തു് നാലുവിധമാക്കിയാല്‍ ബ്ലോഗ് എന്ന മാദ്ധ്യമവുമായി സം‌വദിക്കുന്ന എല്ലാരുമായിക്കഴിഞ്ഞു.

ഏകാകി: ഉറ്റവരും ഉടയവരും ഇല്ലാത്ത ബ്ലോഗര്‍ എന്ന അര്‍ത്ഥത്തിലല്ല ഏകാകി എന്നു് ഈ മാന്യദേഹത്തെ വിളിക്കുന്നതു്. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നും അകന്നു കഴിയാന്‍ ഇദ്ദേഹം ഇഷ്ടപ്പെടുന്നു. ബ്ലോഗുലോകത്തില്‍ തനിക്കു ചുറ്റും എന്തു സംഭവിക്കുന്നു എന്നതു് ഈ ബ്ലോഗറിനു് പ്രശ്നമല്ല. തന്നെ നേരിട്ടു് ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ മാത്രമേ ഈ വ്യക്തി തന്‍റെ ഇടപെടലുകള്‍ കൊണ്ടു് ആ പ്രശ്നത്തെ ധന്യമാക്കുകയുള്ളൂ. അഭിപ്രായമില്ലാത്ത അഥവാ അഭിപ്രായം പ്രകടിപ്പിക്കാത്തെ ഇയാളെ സ്വതന്ത്ര ചിന്താഗതിയുടെ പ്രായോജകരുടെ കൂട്ടത്തില്‍ പെടുത്തുവാനും ദൃക്‍സാക്ഷിയാണോ (അടുത്ത വിഭാഗം കാണുക) എന്നു സംശയിക്കപ്പെടാനും സാദ്ധ്യതയേറെയാണു്. ഒരു കണക്കില്‍ നോക്കിയാല്‍ പ്രശ്നമെന്താണെന്നോ നേതാവാരെന്നോ പോലും അറിയാത്ത ഇയാളെ അനുയായി എന്നു വിളിക്കുന്നതു പോലും സാങ്കേതികമായി ശരിയല്ല.

ദൃക്‍സാക്ഷി: ഏകാകിയുമായി ഈ സുന്ദരവ്യക്തിത്വത്തിനുള്ള പ്രധാന വ്യത്യാസം, ഈ കൂട്ടത്തില്‍ പെടുന്നയാള്‍ കളി നടക്കുമ്പോള്‍ ഗ്യാലറിയിലുണ്ടാവുമെന്നതാണു്. പ്രശ്നത്തിന്‍റെ നീക്കുപോക്കുകള്‍ സ്ഥിരവും സമഗ്രവുമായി പിന്തുടരുമെങ്കിലും ഇയാള്‍ കമാന്നൊരക്ഷരം മിണ്ടുകയില്ല. എന്നുമാത്രമല്ല, ഒന്നും മിണ്ടാതിരിക്കുവാന്‍ ഇദ്ദേഹം പലപ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യും. ‘എനിക്ക് മറുപടി പറയാന്‍ കൈ തരിച്ചു വരുന്നു’ എന്നൊക്കെ ആത്മഗതം ചെയ്യുമെങ്കിലും അത്തരം ധീരതയൊന്നും ദൃക്‍സാക്ഷിയില്‍ നിന്നും പ്രതീക്ഷിച്ചുകൂട. ഇയാളുടെ വികാരവിചാരങ്ങള്‍ നേതാവിനു് അനുകൂലമായാലും പ്രതികൂലമായാലും അതു പുറത്തറിയാത്ത സ്ഥിതിക്കും ഒരു മാപ്പുസാക്ഷിയായി മാറാന്‍ ദൃക്‍സാക്ഷിക്കു് താല്പര്യമില്ലാത്തതിനാലും നേതാക്കന്മാര്‍ ഇക്കൂട്ടരില്‍ യാതൊരു താല്പര്യവും കാണിക്കാറില്ല.

പങ്കാളി: പ്രശ്നപരിഹാരത്തിനായി നേതാവോ നേതാക്കളോ പിന്തുടരുന്ന പാതയെ അനുകൂലിച്ചോ എതിര്‍ത്തോ പങ്കെടുക്കുന്നയാളാണ് പങ്കാളി. സമയോചിതമോ ചിലപ്പോള്‍ അല്ലാത്തതോ ആയ അഭിപ്രായപ്രകടനങ്ങളിലൂടെ നേതാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ വേണ്ടി സ്വന്തം സമയം നഷ്ടപ്പെടുത്താന്‍ പങ്കാളിക്കു് മടിയില്ല. ഇങ്ങനെയുള്ളവരെ (അവര്‍ അനുകൂലിക്കുന്നവരാണെങ്കിലും എതിര്‍ക്കുന്നവരാണെങ്കിലും) നേതാക്കന്മാര്‍ക്കു് ഇഷ്ടമായിരിക്കും. അനുകൂലിക്കുന്നവര്‍ നേതാവിനെ പിന്താങ്ങാനായി തന്‍റെ കഴിവു് വിനിയോഗിക്കും. എതിര്‍ക്കുന്നവനാണെങ്കില്‍, തന്‍റെ വശത്തേയ്ക്കു് ഇയാളെ മാറ്റിയെടുക്കണമെന്ന ആഗ്രഹവും മാറ്റിയെടുക്കാമെന്ന പ്രതീക്ഷയും ഏതൊരു നേതാവിനുമുണ്ടാവുകയും ചെയ്യും. ബ്ലോഗുലോകത്തില്‍ അഭിപ്രായം പറയുന്ന മഹാഭൂരിപക്ഷവും പങ്കാളി എന്ന വേഷമാണു് കെട്ടിയാടുന്നതു്.

തേരാളി: തന്‍റെ സമയത്തിന്‍റെ ഏറിയ പങ്കും പ്രശ്നത്തിലിടപെടാനും നേതാവിനെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സഹായിക്കാന്‍ സദാ സന്നദ്ധനുമാവുന്നവനെ നമുക്കു തേരാളി എന്നു വിളിക്കാം. ലക്ഷ്യം നേടുന്നതുവരെ ഇയാള്‍ക്ക് ഊണിലും ഉറക്കത്തിലും ഒന്നു മാത്രമാവും ചിന്ത. നേതാവിന്‍റെ അനുകൂലികളെ യോജിപ്പിച്ചു നിര്‍ത്താനും എതിരാളികള്‍ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ മെനയാനും ഇദ്ദേഹം തയ്യാര്‍. തേരാളി നേതാവിന്‍റെ എതിരാളിയാണെങ്കിലോ? അപ്പോള്‍ പ്രശ്നാനുകൂലികളെ എതിരാളികളാക്കാനും നേതാവിനെ വിലയിടിച്ചു കാണിക്കാനും തേരാളി തയ്യാറാവും. എല്ലാ പ്രശ്നങ്ങളിലും സജീവസാന്നിദ്ധ്യമാവണമെങ്കില്‍ ഒരുപാടു സമയം വിനിയോഗിക്കണമെന്നതിനാല്‍ ഗുണമേന്മയുള്ള തേരാളികളെ കണ്ടുമുട്ടാന്‍ പ്രയാസമാണു്. ഇക്കൂട്ടരില്‍ തന്നെ, സ്വന്തം നേതാവിനോ, പ്രശ്നത്തിനോ വേണ്ടി എന്തു ത്യാഗവും ചെയ്യാനും ഏതറ്റം വരെ പോകാനും തയ്യാറായ വില്ലാളികളുമുണ്ടാവും. അനുകൂലമായാലും പ്രതികൂലമായാലും വില്ലാളികളെ അവര്‍ വിശ്വസിക്കുന്നതിന്‍റെ മറുവശം ബോദ്ധ്യപ്പെടുത്തുക ശ്രമകരമായ സംഗതിയാവും. ഇത്തരത്തിലുള്ള അനുയായികള്‍ വളരെ അപൂര്‍വ്വമാണെന്നു മാത്രമല്ല, പലപ്പോഴും ഇക്കൂട്ടരെ നേതാക്കന്മാരായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ടു്. നേതാക്കന്മാര്‍ തങ്ങളെ അനുകൂലിക്കുന്ന തേരാളികളേയും വില്ലാളികളേയും അതിരറ്റു സം‍രക്ഷിക്കുകയും തങ്ങളെ എതിര്‍ക്കുന്നവരുടെ തോല്‍വിക്കായി പ്രയത്നിക്കുകയും ചെയ്യുക സ്വാഭാവികമാണല്ലോ.

ഓരോ പ്രശ്നത്തിലും നിങ്ങളുടെ വേഷം മനസ്സിലായ സ്ഥിതിയ്ക്കു് ഇടപെടലുകള്‍ തുടര്‍ന്നോളൂ!

Labels:

Monday, March 17, 2008

എലവേറ്റര്‍ പിച്ച്

‘നമ്മുടെ രശ്മിച്ചേച്ചിയില്ലേ?’ ഓഫീസില്‍ നിന്നും നേരത്തേ ചാടി വന്നതിനാല്‍ ബാക്കിയായ ചില ചില്ലറ ജോലികള്‍ ചെയ്തൊതുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവേ നല്ലപാതി ഒരു സംഭാഷണത്തിനു വട്ടം കൂട്ടുകയാണു്.

രശ്മിച്ചേച്ചി ഉണ്ടെന്നു് ഭാര്യയ്ക്കും എനിക്കും അറിയാവുന്ന സംഗതിയാണു്. അതുകൊണ്ടുതന്നെ ഈ ചോദ്യത്തിനു മറുപടി നല്‍കുന്നതെങ്ങനെ എന്നതു് നാം എന്തു ചെയ്തു കൊണ്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിനു്, അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണു് ഈ സംഭാഷണമെന്നു കരുതുക. അപ്പോള്‍ എന്‍റെ മറുപടി, ‘ഉണ്ടല്ലോ, രശ്മിച്ചേച്ചിക്കെന്തു പറ്റി?’ എന്ന മറു ചോദ്യവും ആകാംക്ഷാനിര്‍ഭരമായ മുഖഭാവവുമായിരിക്കും. നല്ലൊരു ഗോസിപ്പു കേള്‍ക്കാനുള്ള അവസരം എന്തിനു പാഴാക്കണം!

എന്നാല്‍, ഈ ചോദ്യം തന്നെ, ദ ഡെയ്‍ലി ഷോ വിത് ജോണ്‍ സ്റ്റുവര്‍ട്ട് എന്ന പരിപാടിക്കിടയിലെ പരസ്യ സമയത്തായാലോ?

മിക്കവാറും ‘ഉം’ എന്ന മൂളലാവും പ്രതികരണമായി പുറത്തു വരിക. ആ മൂളലില്‍ ഗോസിപ്പു കേള്‍ക്കാനുള്ള ആകാംക്ഷ ഒളിഞ്ഞിരിപ്പുണ്ടാവുമെങ്കിലും പരസ്യം തീരുന്നതിനുമുമ്പു് പറഞ്ഞു തീര്‍ക്കാനാവുമോ എന്ന ആശങ്കയുമുണ്ടാവും. അതായതു്, പെട്ടെന്നു് പറഞ്ഞു തീര്‍ക്കാമെങ്കില്‍ ആയിക്കോ അല്ലെങ്കില്‍ ആ സംഭാഷണം നമുക്കു് പിന്നീടാവാം എന്നര്‍ത്ഥം.

ഇനി, ചില്ലറ ഓഫീസ് ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവേയാണു് ഈ ചോദ്യമെങ്കില്‍ ഒരു പക്ഷേ നാം മറുപടി പറഞ്ഞില്ലെന്നു വരും. പരിപൂര്‍ണ്ണ നിശ്ശബ്ദത! അതിനര്‍ത്ഥം ‘നമ്മുടെ രശ്മിച്ചേച്ചിയില്ലേ?’ എന്ന ചോദ്യം ഞാന്‍ കേട്ടില്ല എന്നല്ല. സത്യമായും ആ കഥ കേള്‍ക്കാന്‍ ഇപ്പോള്‍ നേരമില്ല എന്നാണു്. അല്ലാതെ ആ കഥ എനിക്കു കേള്‍ക്കുകയേ വേണ്ട എന്നല്ല.

രശ്മിച്ചേച്ചി ഉണ്ടു് എന്ന കാര്യം എനിക്കു് പരിപൂര്‍ണ്ണ ബോദ്ധ്യമുണ്ടെന്നു കരുതുക. എന്നാലും എന്‍റെ മറുപടി ‘ഇല്ല’ എന്നാണെങ്കിലോ? വളരെ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കേണ്ടുന്ന മറുപടിയാണിതു്. ഇതിനു് മൂന്നര്‍ത്ഥങ്ങളാവാം.

ഒന്നാമതു്, ഈപ്പറയുന്ന രശ്മിച്ചേച്ചിയുടെ കഥ എനിക്കു് കേള്‍ക്കാന്‍ താല്പര്യമില്ല. പക്ഷേ, കഥ നാം കേള്‍ക്കണോ വേണ്ടയോ എന്നു് തീരുമാനിക്കുന്നതു് നമ്മളല്ലാത്തതിനാല്‍ ഇവിടെ നമ്മുടെ അഭീഷ്ടപ്രകാരം കാര്യങ്ങള്‍ നീങ്ങുന്നതിനു് 50% സാദ്ധ്യതയേയുള്ളൂ.

രണ്ടാമതു്, കഥ കേള്‍ക്കാന്‍ താല്പര്യമുണ്ടു്, പക്ഷേ, നമുക്കു രണ്ടാള്‍ക്കുമറിയാവുന്നതും എന്നാല്‍ ഇനി തുടര്‍ന്നു ചോദിക്കാന്‍ സാദ്ധ്യതയുള്ളതുമായ ‘രശ്മിച്ചേച്ചിയുടെ അനിയന്‍ രതീഷില്ലേ?’, ‘രതീഷിന്‍റെ ഭാര്യ രമയില്ലേ?’ തുടങ്ങിയ ചോദ്യങ്ങള്‍ ഒഴിവാക്കി, ‘രമയ്ക്ക് ഗര്‍ഭം’ എന്ന കാര്യത്തിലേയ്ക്കു് നേരിട്ടു് കടന്നാല്‍ ഉപകാരമായി എന്നതിന്‍റെ ഹിന്‍റാണു്.

മൂന്നാമതു്, രശ്മിച്ചേച്ചിയുടെ കഥ കേള്‍ക്കാന്‍ താല്പര്യമുണ്ടു്. എന്നാല്‍ അതിലുപരി, ആ കഥ എന്നോടു പറയാന്‍ ഭാര്യയ്ക്കാണു് താല്പര്യം എന്നകാര്യം ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. അതിനാല്‍, ഞാന്‍ ‘ഇല്ല’ എന്നു മറുപടി പറഞ്ഞാല്‍ ഇനി ഏതുരീതിയിലാവും ഈ കഥ അവതരിപ്പിക്കുക എന്നറിയാനുള്ള കൌതുകം. സൂക്ഷിക്കുക, നാം വേണ്ടെന്നു പറഞ്ഞാലും നമ്മോടു് പറയാന്‍ സാദ്ധ്യതയുള്ള കഥകള്‍ക്കു മാത്രം ഈ റ്റെക്നിക് ഉപയോഗിക്കുക.

മറ്റൊരുദാഹരണം പറയാം. ഷെയര്‍പോയ്ന്‍റ് കാര്യം ഏതുവരെയെത്തി എന്നു് എലവേറ്ററില്‍ (ലിഫ്റ്റില്‍) നാലാം നിലയിലേയ്ക്കു് പോകാന്‍ നില്‍ക്കവേ എന്‍റെ ജെനറല്‍ മാനേയ്ജര്‍ എന്നോടു് ചോദിച്ചു എന്നു വിചാരിക്കുക.

പരാമര്‍ശിക്കപ്പെട്ട സംഭവത്തിനു പിന്നാലേ നടക്കാന്‍ തുടങ്ങിയിട്ടു് കുറേ നാളായി. അക്കാര്യത്തില്‍ ജെനറല്‍ മാനേയ്ജര്‍ താല്പര്യം കാണിക്കുന്നു എന്നതു് ഒരേ സമയം നല്ലതും ചീത്തയുമാണു്. (ജെനറല്‍ മാനേയ്ജര്‍ എന്നയാള്‍ എന്‍റെ മാനേയ്ജറിന്‍റെ മാനേയ്ജറിന്‍റെ മാനേയ്ജര്‍ ആണു്.) ‘നാം ഷെയര്‍പോയിന്‍റ് പ്ലാറ്റ്ഫോം ആണല്ലോ ഉപയോഗിക്കുന്നതു്?’ എന്നു് അദ്ദേഹത്തോടു് ചോദിച്ചിട്ടു് അതിനു മറുപടി പ്രതീക്ഷിച്ചു നിന്നാല്‍ എലവേറ്റര്‍ നാലാം നിലയിലെത്തും. അദ്ദേഹം അദ്ദേഹത്തിന്‍റെ പാട്ടിനു പോകും. ജെനറല്‍ മാനേയ്ജറുമായി കാര്യമായി കൊച്ചുവര്‍ത്താനം പറയാനും വിസിബിലിറ്റി നേടിയെടുക്കാനുമുള്ള ശ്രമം പാളും.

ഈ ദുരന്തം ഒഴിവാക്കാനാണു് ഏതു കഥയ്ക്കും ഒരു എലവേറ്റര്‍ പിച്ച് തയ്യാറാക്കി വയ്ക്കണമെന്നു പറയുന്നതു്. നമ്മുടെ എലവേറ്റര്‍ പിച്ച് കേട്ടു് ജെനറല്‍ മാനേയ്ജര്‍ ഇങ്ങോട്ടു ചോദ്യം ചോദിച്ചു തുടങ്ങിയാലോ? എല്ലാം ശുഭപര്യവസായിയായി എന്നു കരുതുക. അപ്പോള്‍ രശ്മിച്ചേച്ചിയുടെ അനിയന്‍ രതീഷിന്‍റെ ഭാര്യ രമ ഗര്‍ഭിണിയായ കഥ വിശദമായി പറയാവുന്നതേയുള്ളൂ.

Labels:

Wednesday, February 13, 2008

പഴയലിപി എന്റെ പുതിയ ലിപി

സൂക്ഷ്മദൃക്കുകളായ സ്ഥിരം വായനക്കാര്‍ ഇനി മുതല്‍ എന്റെ പോസ്റ്റുകളില്‍ ചില ലിപി വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചെന്നു വരും.

എന്താണെന്നോ?

അവസാനത്തിന്റെ ആരംഭം എന്ന പോസ്റ്റിൽ, “അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള സംശയങ്ങൾ ശക്തമാക്കുന്ന [...] പ്രവണതകൾവഴി വലിയൊരു വായനക്കൂട്ടത്തെ നഷ്ടപ്പെടുത്തുന്നതു് കലാകൌമുദി തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് [...] പരസ്യമായി മാപ്പപേക്ഷിക്കാൻ [കലാകൌമുദിക്കു്] ബുദ്ധിയുദിക്കുമെന്നും” ഞാൻ പ്രത്യാശിച്ചിരുന്നു.

എന്നാല്‍, അതുല്യ റിപ്പോർട്ടു് ചെയ്യുന്നതു പ്രകാരം, “ബ്ലോഗും പ്രിന്റും രണ്ടു് മീഡിയ ആണെന്നും ബ്ലോഗിനെ/ബ്ലോഗേഴ്സിനെ കുറിച്ചു് ശ്രീ ഹരികുമാർ എഴുതിയതിനെ സംബദ്ധിച്ചു് ഒരു മറുകുറിപ്പു്/വിസ്താരം കലാകൌമുദിയിൽ അച്ചടിയ്ക്കണ്ട ആവശ്യമില്ലെന്നും” കലാകൌമുദി പത്രാധിപസമിതി തീരുമാനിച്ചിരിക്കുന്നു. (കലാകൌമുദി ന്യൂസ് എഡിറ്റർ പി. ശശിധരൻ ആണ്, ശശിധരൻ നായർ അല്ല. പത്രങ്ങൾക്കു് തെറ്റിയാലും ബ്ലോഗർമാർക്കു് തെറ്റാന്‍ പാടില്ല!)

അങ്ങേയറ്റം നിർഭാഗ്യകരമായ ഒരു പ്രവണതയാണു് കലാകൌമുദി തുടങ്ങിവച്ചിരിക്കുന്നതു്. ഈ ബ്ലോഗിൽ ഇനിമുതൽ വരാൻ പോകുന്ന ലിപിപരമായ മാറ്റങ്ങൾക്കു് ഈ സംഭവവുമായി ബന്ധമുണ്ടു്. ബന്ധമുണ്ടു് എന്നും മറ്റും പറയുന്നതു് സൂക്ഷിച്ചു വേണം. മാല പൊട്ടിച്ചോടിയ കള്ളനെപ്പിടിച്ചു് ചെള്ളയ്ക്കടിക്കുന്നതിനു പകരം ചന്തിച്ചടിച്ചതു് ശരിയായില്ല എന്ന മട്ടിൽ കൈപ്പള്ളിയുടെ പ്രതിഷേധത്തെപ്പറ്റി ആറുവര്‍ഷമായി ആരോഗ്യകരമായ ബ്ലോഗിംഗിലേർപ്പെട്ടിരിക്കുന്ന കെ. സന്തോഷ് കുമാർ എഴുതിക്കണ്ടു. ഇതു് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. സഹോദരസ്നേഹത്തിന്റെ കാര്യം മുമ്പും അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. കള്ളനെപ്പിടിച്ചു് അടികൊടുക്കുന്നതിനു പകരം വേദം വായിച്ചു കേൾപ്പിച്ചു എന്നു് ഈ പോസ്റ്റിനെപ്പറ്റി കെ. സന്തോഷ് കുമാർ അഭിപ്രായപ്പെടാൻ സാദ്ധ്യതയുണ്ടു്.

കാര്യത്തിലേയ്ക്ക് വരാം. അച്ചടിമാദ്ധ്യമങ്ങളേയും റ്റൈപ്പു് റൈറ്റിംഗു് വ്യവസായത്തേയും സഹായിക്കാൻ കേരളസര്‍ക്കാർ 1968-ൽ പുറപ്പെടുവിച്ചതും 1971 ഏപ്രിൽ 15 മുതൽ നിലവിൽ വന്നതുമായ ലിപി പരിഷ്ക്കരണ നിർദ്ദേശങ്ങൾ ഞാൻ നിഷേധിക്കുന്നു. ഈ ഉത്തരവുപ്രകാരം ‘പുതിയ ലിപി’ എഴുതിപ്പഠിക്കാൻ നിർബ്ബന്ധിതനായ വ്യക്തിയാണ് ഞാൻ. അച്ചടിമാദ്ധ്യമങ്ങളെ സഹായിക്കാൻ നമ്മുടെ ഭാഷയെത്തന്നെ ബലികൊടുക്കാൻ തയ്യാറായ ആ തലമുറയോടു് അച്ചടിമാദ്ധ്യമങ്ങൾ നീതിവിരുദ്ധമായ നിലപാടെടുക്കുക വഴി, ഈ ഉത്തരവു് അനുസരിക്കാനുള്ള എന്റെ ബാദ്ധ്യതയും ഇല്ലാതാവുന്നതായി ഞാൻ മനസ്സിലാക്കുന്നു. ഭരണഘടനപ്രകാരം അനുസരിക്കാൻ ബാദ്ധ്യതയുള്ള നിയമങ്ങളുടെ പരിധിയിൽ രുന്നതല്ല ഈ ഉത്തരവെന്നാണു് ഞാൻ മനസ്സിലാക്കുന്നത്. അതിനാൽത്തന്നെ ഈ പോസ്റ്റു് നിയമലംഘനത്തിനുള്ള ആഹ്വാനമല്ല എന്നു് വായനക്കാർ മനസ്സിലാക്കുമല്ലോ.

താഴെപ്പറയുന്ന മാറ്റങ്ങളാണു് ഈ ബ്ലോഗിൽ കാണാൻ കഴിയുക:
  1. സം‌വൃതോകാരത്തിനു് ചന്ദ്രക്കല മാത്രം ഇടുന്ന രീതി ഉപേക്ഷിച്ചു്, ഉ ചിഹ്നവും ചന്ദ്രക്കലയും ഇനിമുതൽ ഒരുമിച്ചുപയോഗിക്കുന്നതാണു്. റ്റൈപ്പു് സെറ്റിംഗു് എളുപ്പമാക്കാൻ വേണ്ടി അച്ചടിമാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച രീതിയിൽ നിന്നും വരുംതലമുറയെ രക്ഷിക്കാനുള്ള അപൂർവ്വാവസരമാണു് ഇങ്ങനെ ചെയ്യുന്നതു വഴി ബ്ലോഗര്‍മാർക്കു് കൈവന്നിരിക്കുന്നതു്. നിത്യേനെയെന്നോണം എഴുതിക്കൂട്ടുന്ന അനേകായിരം പേയ്ജുകളിൽ ഇപ്പറഞ്ഞ രീതി ഉപയോഗിക്കുമ്പോൾ ഇന്നത്തെ തലമുറയിലും വരുംതലമുറയിലും ഉള്ളവർക്കായി ഇതു് പ്രചരിപ്പിക്കുകയാണു് നാം യഥാർത്ഥത്തിൽ ചെയ്യുന്നതു്.
  2. അക്ഷരങ്ങൾ ലാഭിക്കാനും (അതുവഴി മഷി ലാഭിക്കാനും) റ്റൈപ്പു് സെറ്റിംഗു് വേഗതകൂട്ടാനും വേണ്ടി അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നീ വാക്കുകള്‍ യഥാക്രമം അധ്യാപകൻ, വിദ്യാർഥി എന്നിങ്ങനെയെഴുതുന്നതു് സാധാരണയാണല്ലോ. ശീലം കാരണം ഇങ്ങനെ എഴുതിവന്ന ഞാൻ ഇനി മുതൽ (മഷി ലാഭിക്കേണ്ടതില്ലാത്തതിനാലും) അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നിങ്ങനെ എഴുതുന്ന രീതിയിലേയ്ക്കു് തിരിച്ചു പോകുന്നു.
  3. മുകളിൽ പറഞ്ഞ അതേകാരണങ്ങളാലാണു് (ദേശാഭിമാനിപ്പത്രം സ്ഥിരമായി ഉപയോഗിക്കാറുള്ളതു പോലെ) നർമം, വർഗം, സ്വർഗം, നിർദേശം തുടങ്ങിയ വാക്കുകളിൽ നിന്നും ഇരട്ടിപ്പു് ഉപേക്ഷിക്കപ്പെട്ടതു്. ഇരട്ടിപ്പു് ഇല്ലാതെ അർത്ഥം മനസ്സിലാവുന്നിടങ്ങളിൽ ഇരട്ടിപ്പു് ഉപേക്ഷിക്കാനായിരുന്നു എനിക്കു് അദ്ധ്യാപകരിൽ നിന്നു് കിട്ടിയ നിർദ്ദേശം. എന്നാൽ ഇനിമുതൽ ഇത്തരം വാക്കുകകളിൽ നിർബ്ബന്ധമായും ഇരട്ടിപ്പുപയോഗിച്ചു് നർമ്മം, വർഗ്ഗം, സ്വർഗ്ഗം, നിർദ്ദേശം എന്നിങ്ങനെ എഴുതാനാണു് ഞാനാഗ്രഹിക്കുന്നതു്.
ഇവയ്ക്കു പുറമേ, നമുക്കു് ചെയ്യാവുന്ന മറ്റു കാര്യങ്ങൾ:
  1. ഉ, ഊ, ഋ എന്നീ സ്വരങ്ങൾ വ്യഞ്ജനങ്ങളോടു ചേരുമ്പോൾ പ്രത്യേക ലിപികൾ രൂപമെടുക്കുന്ന ഇന്നത്തെ രീതിയ്ക്കു പകരം, അവയ്ക്കു് പ്രത്യേക ചിഹ്നങ്ങൾ ഏര്‍പ്പെടുത്തുക എന്നതാണു് മുകളില്‍ പറഞ്ഞ ഉത്തരവിലെ ഒന്നാമത്തെ നിർദ്ദേശം. പണ്ടുമുതൽ തന്നെ ഈ നിർദ്ദേശം എഴുത്തിൽ ഞാൻ പ്രാവർത്തികമാക്കിയിരുന്നില്ല. അഞ്ജലി ഓള്‍ഡു് ലിപി പോലുള്ള ഫോണ്ടുകൾ ഉപയോഗിക്കുന്നവർക്കു് ഇതില്‍ പുതുമ തോന്നുകയുമില്ല. മൈക്രോസോഫ്റ്റിന്റെ കാർത്തിക ഫോണ്ടു് പഴയലിപിയാക്കാൻ, മിക്കവാറും അസാദ്ധ്യമെങ്കിലും, എന്നാലാവുന്ന പ്രവർത്തനങ്ങൾ ഞാൻ നടത്തുന്നതാണു്. അതുപോലെ, നിങ്ങൾ ഫോണ്ടു ഡിസൈനറാണെങ്കിൽ നിങ്ങൾ നിർമ്മിക്കുന്ന പുതിയ മലയാളം ഫോണ്ടുകൾ പഴയലിപിയിലുള്ളവയാണെന്നു് ഉറപ്പുവരുത്തുക.
  2. രേഫം എൻകോഡു ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ സമർപ്പിക്കുകയും ആ ചർച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുക. എഴുതുമ്പോഴും ബാനറുകളും മറ്റും ഡിസൈൻ ചെയ്യുമ്പോഴും രേഫം ഉപയോഗിക്കാവുന്നിടത്തൊക്കെ അങ്ങനെ ചെയ്യുക. (ർ എന്ന ചില്ലിനു പകരം അതുകഴിഞ്ഞു വരുന്ന അക്ഷരത്തിന്റെ മുകളിൽ . ഇടുന്നതിനെയാണു് രേഫം ഉപയോഗിക്കുന്നു എന്നു പറയുന്നതു്. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ടു്.)
  3. ക്ക, ങ്ക, ങ്ങ, ച്ച, ഞ്ച, ഞ്ഞ, ട്ട, ണ്ട, ണ്ണ, ത്ത, ന്ത, ന്ന, പ്പ, മ്പ, മ്മ, യ്യ, ല്ല, വ്വ എന്നീ കൂട്ടക്ഷരങ്ങളൊഴികെയുള്ളവ ചന്ദ്രക്കലയിട്ടു് പിരിച്ചെഴുതിയാൽ മതി എന്ന നിർദ്ദേശം പാലിക്കാതിരിക്കുക. ഇപ്പോൾത്തന്നെ, ക്ത, ശ്ച, ച്ഛ, ദ്ധ, തുടങ്ങിയ കൂട്ടക്ഷരങ്ങൾ കാർത്തിക ഫോണ്ടിൽ പോലുമുണ്ടല്ലോ.
  4. റ്റ-യുടെ ഇരട്ടിക്കാത്ത വർണ്ണമാണു് T എന്ന അക്ഷരത്തെ മലയാളീകരിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്നത്. ഈ വർണ്ണം ഭാഷയിലുണ്ടെങ്കിലും മലയാള ലിപിയിലില്ല. അതിനാൽ അച്ചടിക്കാർ സൌകര്യാർത്ഥം (വീണ്ടും മഷി, സമയം എന്നീ സൂചനകള്‍ ശ്രദ്ധിക്കുക) അതിനെ ടി എന്നു് മലയാളീകരിച്ചു. ഇത് ഒഴിവാക്കി, ടെലിവിഷൻ, പി. ടി. ചാക്കോ എന്നൊക്കെ എഴുതുന്നതിനു പകരം റ്റെലിവിഷൻ, പി. റ്റി. ചാക്കോ എന്നൊക്കെത്തന്നെ എഴുതിത്തുടങ്ങുക. (ലേഖകൻ ഈ രീതിയാണു് കാലങ്ങളായി അവലംബിച്ചു വരുന്നതു്.) എബി ജോൺ വൻനിലം എഴുതിയ ഈ പോസ്റ്റുകൂടി വായിക്കുന്നതു് നല്ലതായിരിക്കും. (മുകളിൽ സൂചിപ്പിച്ച ഉദാഹരണങ്ങൾ എബി ജോണിന്റേതാണു്.)
  5. അച്ചടി മാദ്ധ്യമങ്ങളിലെഴുതുന്നവർ തങ്ങളുടെ സൃഷ്ടികൾ ‘പഴയ ലിപി’യിൽ അച്ചടിച്ചു വരണമെന്നു് ശഠിക്കുക. (അച്ചു നിരത്താത്ത ഇന്നത്തെ കമ്പ്യൂട്ടർ യുഗത്തില്‍ ഇതു സാദ്ധ്യമാണല്ലോ!)
കേവലം പ്രതിഷേധത്തിനുപരി, അച്ചടിമാദ്ധ്യമങ്ങൾക്കു വേണ്ടി വെട്ടിയെറിഞ്ഞ മലയാളലിപിയെ അതിന്റെ പൂർണ്ണ സൌന്ദര്യത്തിൽ എത്തിക്കുവാൻ നിങ്ങളും ഈ നിർദ്ദേശങ്ങളിൽ ചിലതെങ്കിലും പാലിക്കുമെന്നു് വിശ്വസിക്കട്ടെ. ശീലിച്ചതേ പാലിക്കൂ എന്നും ചൊട്ടയിലേ ശീലം ചുടല വരെ എന്നും പറയുന്നതു് എത്രത്തോളം ശരിയാണെന്നു് നോക്കണമല്ലോ!

Labels: , ,

Thursday, November 01, 2007

റൂമര്‍ മില്‍

വ്യക്തികളേയും സ്ഥാപനങ്ങളേയും ഉല്പന്നങ്ങളേയും ചുറ്റിപ്പറ്റിയുള്ള സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ (റൂമറുകള്‍) പത്രങ്ങളിലും, വാരികകളിലും, വെബ് സൈറ്റുകളിലും മറ്റും ദിവസേന പ്രത്യക്ഷപ്പെടാറുണ്ടല്ലോ. റ്റെക്നോളജി കമ്പനികളേയും അതിന്‍റെ സാരഥികളേയും അവരുണ്ടാക്കുന്ന സോഫ്റ്റ്‍വെയറുകളേയും പറ്റി പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ക്കും പഞ്ഞമില്ല.

മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട വിശസനീയമായ റൂമറുകള്‍ ഉണ്ടാക്കുവാനും അതുവഴി മറ്റുജീവനക്കാരെ വിസ്മയിപ്പിക്കുവാനും, ചിരിപ്പിക്കുവാനുമായി ജീവനക്കാര്‍ക്കു മാത്രം ഉപയോഗിക്കാനുതകുന്ന സൈറ്റാണ് എം എസ് റൂമര്‍. ഒരു സോഷ്യല്‍ കമ്പ്യൂട്ടിംഗ് പരീക്ഷണം എന്ന നിലയ്ക്കാണ് ഈ സൈറ്റ് നിലകൊള്ളുന്നതെങ്കിലും, നമുക്ക് അജ്ഞാതരായി തുടര്‍ന്നുകൊണ്ടുതന്നെ, മാനേയ്ജരറിയാതെ, സമയം കൊല്ലാനുള്ള ഉപാധിയായാണ് ഈ സൈറ്റ് അറിയപ്പെടുന്നത്.
(ഈ സൈറ്റ് നിര്‍മ്മിച്ച അതേ ആള്‍ തന്നെയാണ്, പ്രവര്‍ത്തനത്തില്‍ സമാനമായ റൂമര്‍ സിറ്റി എന്ന സൈറ്റും ഉണ്ടാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ഫ്രീസെല്‍ എന്ന കമ്പ്യൂട്ടര്‍ ഗെയ്മും എഴുതിയുണ്ടാക്കിയത് ഇദ്ദേഹം തന്നെ.)

മലയാളം ബ്ലോഗര്‍മാര്‍ക്കും ഒരു റൂമര്‍ മില്‍ സൈറ്റ് അത്യാവശ്യമാണ് എന്ന തോന്നല്‍ തുടങ്ങിയിട്ട് അഞ്ചാറുമാസമാകുന്നു. രണ്ടാണ് ഉപയോഗം: സ്ഥിരീകരിക്കാനാവാത്ത വാര്‍ത്തകള്‍ സ്ഥിരീകരിക്കാം, അല്ലെങ്കില്‍ അത് തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളയാം.

പിന്നീടാണ് മനസ്സിലായത്, റൂമറിനു വേണ്ടി മലയാളികള്‍ക്ക് മറ്റു സൈറ്റുകള്‍ ആവശ്യമില്ല എന്ന്. സ്വന്തം പേജുകളില്‍ തെളിവോ റഫറന്‍സുകളോ ഇല്ലാതെ ആധികാരികമായി എഴുതിക്കൂട്ടുന്ന കാര്യങ്ങള്‍ കണ്ട് അതിശയിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ. നിനക്കെന്തു ചേതം, സ്വന്തം ബ്ലോഗില്‍ ആര്‍ക്കും എന്തും എഴുതിക്കൂട്ടാമല്ലോ എന്നു ചിന്തിക്കാം. എന്നാല്‍ അത് നാമോരോരുത്തരുടേയും സാമൂഹികമായ കടമ വിസ്മരിക്കുന്നതിന് തുല്യമാവും. നാളെയൊരുനാള്‍ മലയാളത്തില്‍ സേര്‍ചു ചെയ്യുന്ന ഭാഗ്യഹീനര്‍ ഈ ‘ആധികാരിക’ ലേഖനങ്ങളെ അവലംബിച്ച് പുതിയ ഗവേഷണ ഗ്രന്ഥങ്ങള്‍ പുറത്തിറക്കില്ല എന്ന് ആരു കണ്ടു?

ഞാന്‍ കാണുന്ന തെറ്റുകള്‍ മൂന്നു വിധത്തിലുള്ളവയാണ്. ഇവ മൂന്നും ഓരോ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാം.

൧. നിഷ്പക്ഷതയുടെ പേരു പറഞ്ഞ് തികച്ചും പക്ഷപാതപരമായ ലേഖനങ്ങള്‍ എഴുതുക.

അധ്യാപകരെ എനിക്ക് ബഹുമാനമാണ്. ഒട്ടനവധി എണ്ണം പറഞ്ഞ അധ്യാപകര്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ തെറ്റുവരുത്തുന്നത് എനിക്ക് അംഗീകരിക്കാവുന്നതിലുമധികമാണ്. അറിയാതെ വരുത്തുന്ന തെറ്റുകള്‍ ആര്‍ക്കുമുണ്ടാവാം. എന്നാല്‍ അലസതമൂലമുണ്ടാവുന്ന തെറ്റുകളാവട്ടെ ഒഴിവാക്കപ്പെടേണ്ടുന്നതാണ്. അധ്യാപകന്‍ അലസതമൂലമോ സമയലാഭത്തിനു വേണ്ടിയോ ഇല്ലാത്ത വസ്തുതകള്‍ സ്വയം മെനഞ്ഞെടുത്താലെങ്ങനെയിരിക്കും?

ശ്രീ. വി. കെ. ആദര്‍ശിന്‍റെ ലേഖനങ്ങള്‍ മിക്കവയും കുറ്റമറ്റതാണ്. ലളിതമായ അവതരണ ശൈലിയിലൂടെ സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹമായ സാങ്കേതിക ജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹത്തിന്‍റെ മിക്ക ലേഖനങ്ങളും വിജയിച്ചു എന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ സ്വതന്ത്ര സോഫ്‌ട്‌വെയറും മാറുന്ന വായനയുടെ അകംപൊരുളും എന്ന ലേഖനത്തില്‍, സ്വതന്ത്ര സോഫ്‌റ്റ്‍വെയറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ മറവിയാലോ അമിതാവേശത്താലോ സംഭവിച്ച ഒന്നുരണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

ശ്രീ ആദര്‍ശ് പറയുന്നു:
സ്വതന്ത്രസോഫ്‌ട്‌വെയര്‍ സാങ്കേതികപരമായും മികച്ചതാണ്‌. ലഭ്യമായ ഹാര്‍ഡ്‍വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്താനും, വൈറസ്‌ തുടങ്ങിയ സാങ്കേതിക കടന്നുകയറ്റത്തെ ശക്തമായി ചെറുത്തു നിര്‍ത്തുന്ന രീതിയില്‍ രൂപകല്‌പന നടത്താനും സാധിക്കുന്നു.

പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക്‌ സര്‍ച്ചിംഗ് നടത്താനും വിന്‍ഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്‌.

ഇപ്പറഞ്ഞതിനൊന്നും തെളിവ് വയ്ക്കാന്‍ ശ്രീ. ആദര്‍ശ്‍ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ആദ്യവാദത്തിന് അനുകൂലമായും എതിരായും ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ വിധി പ്രഖ്യാപിക്കും പോലെയുള്ള ആ വാചകങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നത് അപകടം തന്നെ. അദ്ദേഹം പറ്റയുന്ന രണ്ടാമത്തെ വാദത്തില്‍ സത്യമൊട്ടില്ല താനും.

സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രചരിക്കപ്പെടുന്നതിനോടോ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനോടോ എനിക്ക് വിരോധമേതുമില്ല. എന്നാല്‍ അത്, സ്വതന്ത്രസോഫ്റ്റ്‍വെയറിന്‍റെ മേന്മകള്‍ (പോരായ്മകളുണ്ടെങ്കില്‍ അതും) വസ്തുനിഷ്ഠമായി പറഞ്ഞുകൊണ്ടായാല്‍ നന്ന്. കുറഞ്ഞ പക്ഷം, പണം കൊടുത്തു വാങ്ങുന്ന സോഫ്റ്റ്‍വെയറിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാവരുത്. ഇനി അതല്ല, താന്‍ വിശ്വസിക്കുന്ന പ്രമാണങ്ങളുടെ അപദാനങ്ങള്‍ പാടിയേ മതിയാവൂ എങ്കില്‍ ‘നിഷ്പക്ഷത’യുടെ മുഖം മൂടിയില്ലാതെ ‘ഞാന്‍ സ്വതന്ത്രസോഫ്‌ട്‌വെയറിന്‍റെ ആളാണ്’ എന്ന് പറയാനുള്ള ആര്‍ജ്ജവമുണ്ടാവണം.

൨. ആധികാരിതയുടെ അംശം അല്പം പോലും ഇല്ലാത്ത, തനിക്കറിയാത്ത വിഷയത്തെപ്പറ്റി ആധികാരിക ലേഖനങ്ങള്‍ എഴുതുക

ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ശ്രീ. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗുലോകത്തെ സംഭാവനകള്‍ ഗണ്യമാണ്. സാങ്കേതികതയുടെ വാതിലുകള്‍ തള്ളിത്തുറക്കാനും പുതിയവ പരീക്ഷിക്കാനുമുള്ള അദ്ദേഹത്തിന്‍റെ ഉത്സാഹം അനുകരണീയവും മാതൃകാപരവുമാണ്. എന്നാല്‍ കാര്‍ഷികേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്‍റെ ചില ലേഖനങ്ങള്‍ യാഥാര്‍ഥ്യത്തോട് അല്പം പോലും നീതി പുലര്‍ത്തുന്നില്ല എന്നതാണ് ഖേദകരമായ സത്യം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ‘എനിക്കറിയില്ലായിരുന്നു’ എന്ന് പറയുന്നത് ഭൂഷണമാണെന്ന് തോന്നുന്നില്ല. തെറ്റ് ആരും ചൂണ്ടിക്കാട്ടിയില്ലെങ്കില്‍ തിരുത്തപ്പെടാതെ കിടക്കും എന്നത് ഭാവിതലമുറയ്ക്ക് ദോഷകരം തന്നെ.

൩. ആനുകാലികങ്ങളില്‍ ബ്ലോഗു സംബന്ധിയായ പക്ഷപാത ലേഖനങ്ങള്‍ എഴുതുക

തല്ലാനാണെങ്കിലും തലോടാനാണെങ്കിലും ഈ അടുത്ത കാലത്തായി അച്ചടിമാധ്യമങ്ങള്‍ വീണ്ടും ബ്ലോഗുകള്‍ക്കു പിന്നാലെ ആണല്ലോ. ‘യൂസര്‍ ജനറേയ്റ്റഡ് കണ്ടെന്‍റ്’ അവര്‍ക്കിപ്പോള്‍ പ്രിയപ്പെട്ടതാണ്. ചുമ്മാ ഒരു നാളില്‍, ദാ, ബ്ലോഗില്‍ നിന്നൊരു കഥ, ബ്ലോഗില്‍ നിന്നൊരു ലേഖനം എന്നൊക്കെ പറഞ്ഞ് വായനക്കാരെ ഞെട്ടിപ്പിക്കുന്നതിനു പകരം അവര്‍ ‘ഇതാണു മക്കളേ ബ്ലോഗ്’ എന്ന തുടക്കമിട്ടു വച്ചാല്‍ അത്രയും എളുപ്പമായല്ലോ. ഇനി എന്നെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബ്ലോഗില്‍ നിന്നെടുത്ത് തകര്‍ക്കുകയും ചെയ്യാം.

ഇങ്ങനെ ബ്ലോഗിനെപ്പറ്റി എഴുതാനും വേണ്ടേ ഒരാള്? അയാളുടെ സത്യം മൂടി വയ്ക്കലിനെപ്പറ്റിയാണ് എന്‍റെ മൂന്നാമത്തെ ആശങ്ക. ഇതാണ് തിരുത്തപ്പെടാന്‍ ഏറ്റവും പ്രയാസമുള്ളതും.

ഉദാഹരണമായി, ഞാന്‍ ഏതെങ്കിലും ഒരു അച്ചടി മാധ്യമത്തില്‍ ബ്ലോഗിനെപ്പറ്റി നാലുവാക്കെഴുതുന്നു എന്നു കരുതുക (അങ്ങനെ വരാന്‍ വഴിയില്ല, എന്നാലും ഒന്നു സങ്കല്പിക്കൂ). മലയാളത്തിലെ ഏറ്റവും വായനക്കാരുള്ള ബ്ലോഗ് പ്രാപ്രയുടേതാണെന്ന് ഞാന്‍ പറഞ്ഞു വയ്ക്കുന്നു. പിന്നെ എനിക്ക് പ്രിയപ്പെട്ട ചില ബ്ലോഗുകളായ പ്രമാദം, വെള്ളെഴുത്ത്, കല്ലുപെന്‍സില്‍ എന്നിവ കഴിഞ്ഞേ മലയാളത്തില്‍ മറ്റു ബ്ലോഗുകളുള്ളൂ എന്നും ഞാന്‍ പറയുന്നു. കാര്യം കൊള്ളാം, എന്‍റെ സ്വന്തം അഭിപ്രായമാണല്ലോ. എന്നാല്‍ ഇതു വായിച്ചു ബ്ലോഗിലേയ്ക്കു വരുന്ന ആദ്യവായനക്കാര്‍ക്ക് ബ്ലോഗിനെപ്പറ്റിയുള്ള ഒരു യഥാര്‍ഥ ചിത്രമാണ് നഷ്ടപ്പെടുന്നത്. വിശാലന്‍, കുറുമാന്‍, അരവിന്ദ്, ദേവന്‍, സിമി, പെരിങ്ങോടന്‍, സു, ലാപുട, ഉമേഷ്, ബെര്‍ളി, റാല്‍മിനോവ്, രാം‍മോഹന്‍ എന്നിവരെ വിസ്മരിക്കുന്നത് സത്യം അറിയാമായിരുന്നിട്ടും മൂടി വയ്ക്കുന്നതിനു തുല്യമാണ്. (ഒരു ലിസ്റ്റും ഒരിക്കലും പൂര്‍ണ്ണമാവില്ലെന്നും സ്വീകാര്യമായ ഒരു മധ്യമാര്‍ഗ്ഗമാണ് നല്ലതെന്നും അറിയാഞ്ഞിട്ടല്ല. ആ മധ്യമാര്‍ഗ്ഗം കുറച്ചെങ്കിലും സ്വീകാര്യമാവണം എന്ന് പറയുകയാണ്). ഇവിടെയാണ് ശ്രീ എസ്. കലേഷ് ജനപഥത്തില്‍ പ്രസിദ്ധീകരിച്ച ഇനി നമുക്ക് ബൂലോഗത്തില്‍ ജീവിക്കാം പരാജയപ്പെടുന്നത്. (അവിടെ ഏവൂരാന്‍റേതായി വന്ന കമന്‍റാണ് ഈ ലേഖനത്തിനാധാരം.)

റൂമര്‍ കില്‍:
൧. മലയാളത്തില്‍ മൈക്രോസോഫ്റ്റിനെതിരെ ഏതെങ്കിലും ലേഖനങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുള്ളതായി എനിക്കറിവില്ല. അങ്ങനെ ഒരു നീക്കം, ബാധ്യതയും ഉത്തരവാദിത്തവും ചിട്ടകളുമുള്ള വന്‍ കമ്പനികള്‍ക്കിടയില്‍ സാധാരണമല്ല.
൨. യാഹൂ പ്രശ്നത്തില്‍ മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. ഒരു പ്രശ്നത്തിലും മൈക്രോസോഫ്റ്റ് എന്നെ താക്കീതു ചെയ്തിട്ടില്ല. എന്‍റെ ജോലി/ജീവിത സമതുലനം (work/life balance) എന്‍റെ സ്വന്തമാണ്, അത് മൈക്രോസോഫ്റ്റിന്‍റെ പിടിയിലല്ല.
൩. ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിനോ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിനോ എതിരല്ല. അനുകൂലിക്കാത്തവരെല്ലാം എതിര്‍ക്കുന്നവരാണെന്ന് കരുതുന്നത് മൌഢ്യമാണ്.

Labels: ,

Monday, October 29, 2007

ദ റ്റിപിംഗ് പോയ്ന്‍റ്

അത്യധികം ഉപയോഗപ്രദമായ, ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടു നിന്ന, സംഭാഷണത്തിനൊടുവില്‍ ഒരു ചടങ്ങുപോലെ ഞാന്‍ എന്‍റെ പുതിയ മെന്‍ററായ ഫ്രാങ്കിനോട് ചോദിച്ചു: ‘If you are to recommed that I read one book, and only one book because I don't read a lot of books, what will that be?’

‘ഞാനും വലിയ വായനക്കാരനൊന്നുമല്ല,’ ഫ്രാങ്ക് ചിരിച്ചു കൊണ്ടു പറഞ്ഞു. ‘എന്നാലും റ്റിപിംഗ് പോയ്ന്‍റ് വായിച്ചു നോക്കൂ’.


(ചിത്രത്തിനു കടപ്പാട്: ആമസോണ്‍.കോം)

മാല്‍കം ഗ്ലാഡ്‍വെല്‍ എഴുതിയ The Tipping Point: How Little Things Can Make a Big Difference എന്ന പുസ്തകത്തെപ്പറ്റി ഇതിനു മുമ്പും കേട്ടിട്ടുണ്ട്. ഏതായാലും എന്‍റെ ഉപദേഷ്ടാവിനെ ഇം‍പ്രസ് ചെയ്യാനുള്ള അവസരം പാഴാക്കേണ്ട എന്നു കരുതി അന്നു തന്നെ പുസ്തകം ലൈബ്രറിയില്‍ നിന്നും വരുത്തി.

The Tipping Point is the biography of an idea, and the idea is very simple. It is that the best way to understand the emergence of fashion trends, the ebb and flow of crime waves, or, for that matter, the transformation of unknown books into best sellers, or the rise of teenage smoking, or the phenomena of word of mouth, or any number of the other mysterious changes that mark everyday life is to think them as epidemics. Ideas and products and messages and behaviors spread just like viruses do.

മുകളില്‍ പറഞ്ഞ ആശയത്തിന്‍റെ വിശ്വസനീയമായ വിശദീകരണമാണ് ഈ പുസ്തകം. തന്‍റെ മനസ്സിലുള്ള കാര്യം വായനക്കാരനിലേയ്ക്ക് സംഗ്രഹിപ്പിക്കുന്നതില്‍ ലേഖകന്‍ അന്യാദൃശമായ കഴിവ് കാട്ടിയിട്ടുണ്ട്. ഒതുക്കിപ്പറയേണ്ട കാര്യങ്ങള്‍ കാടുകയറാതിരിക്കാന്‍ കാണിച്ചിരിക്കുന്ന ശ്രദ്ധയും എടുത്തു പറയേണ്ടുന്നതു തന്നെ.

എന്താണ് റ്റിപിംഗ് പോയ്ന്‍റ് എന്നാല്‍? ലേഖകന്‍റെ തന്നെ വാക്കുകളില്‍,

[...] epidemics can rise or fall in one dramatic moment [...]. The name given to that one dramatic moment in an epidemic when everything can change all at once is the Tipping Point.

ഏതു മഹാസംഭവത്തിനും (epidemic എന്നതിന് മഹാവ്യാധി എന്ന സുപരിചതമായ അര്‍ഥത്തിലുപരി, പെട്ടെന്നുണ്ടാവുന്ന വളര്‍ച്ചയുടേയോ വികസനത്തിന്‍റേയോ ഉല്പന്നമായ സംഭവം എന്നതാണ് ഇവിടെ അര്‍ഥമാക്കിയിരിക്കുന്നത്) മൂന്ന് പൊതുസ്വഭാവങ്ങളാണുള്ളതെന്ന് ലേഖകന്‍ പറയുന്നു:

പകര്‍ന്നു പിടിക്കാനുള്ള കഴിവ്: ഈ വിഷയം പറയുമ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും അസുഖം ആയിരിക്കും നിങ്ങളുടെ മനസ്സില്‍ വരിക. എന്നാല്‍, തികച്ചും വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ മാത്രമേ ലേഖകന്‍ പറയുന്നത് പൂര്‍ണ്ണമായും ഗ്രഹിക്കാനാവൂ. കോട്ടുവായിടുന്നത് അതിന്‍റെ കാഴ്ചക്കാരിലേയ്ക്കോ കേള്‍വിക്കാരിലേയ്ക്കോ പകര്‍ന്നു പിടിക്കുന്നത് നോക്കൂ. ഒരു കാലത്ത് ജയന്‍ തരംഗവും ഷക്കീല തരംഗവും കേരളത്തില്‍ പകര്‍ന്നു പിടിച്ചില്ലേ?

ചെറിയ കാരണങ്ങള്‍ മൂലമുണ്ടാവുന്ന വലിയ ആഘാതങ്ങള്‍ (മാറ്റങ്ങള്‍): തികച്ചും നിര്‍ദ്ദോഷമെന്നു പറയാവുന്ന ചില ചെറിയ കാരണങ്ങള്‍ ചില വലിയ മാറ്റങ്ങള്‍ക്കുദാഹരണമാവുന്നത് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്പലപ്പുഴ പാല്‍പായസത്തിന്‍റെ കഥ പഠിച്ചിട്ടില്ലേ; ഒരു ചതുരംഗക്കളത്തില്‍ കൊള്ളിക്കാന്‍ ചെറിയൊരുപാധിയോടെ രാജാവിനോട് നെന്മണി ആവശ്യപ്പെട്ട കഥ?

നൈമിഷികമായുണ്ടാവുന്ന സ്ഥൂല വ്യതിയാനങ്ങള്‍: നൈമിഷികമാറ്റമാണ് റ്റിപിംഗ് പോയ്ന്‍റിന്‍റെ ജീവാത്മാവും പരമാത്മാവും. നാട്ടുമ്പുറങ്ങളില്‍ ഫോണ്‍ കണക്ഷനുകള്‍ കിട്ടിത്തുടങ്ങിയ കാലം ഓര്‍മ്മയുണ്ടോ? നിങ്ങളുടെ ബന്ധുക്കള്‍ക്കോ നിങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ‘അവിടെ ഇന്നെന്താ മീന്‍?’ എന്ന് ചോദിക്കേണ്ടുന്നവര്‍ക്കോ ഫോണ്‍ കിട്ടിയപ്പോഴാവും നിങ്ങള്‍ക്കും ആ ഉപകരണത്തോട് താല്പര്യം കൂടിയത്. നിങ്ങളുടെ ‘നെറ്റ്‍വര്‍കില്‍’ അധികം പേര്‍ ഫോണ്‍ ഉപയോക്താക്കളായില്ലായിരുന്നുവെങ്കില്‍, ഒരു പക്ഷേ, നിങ്ങളും ഫോണെടുക്കുന്നത് വൈകിച്ചേനെ. പറഞ്ഞുവന്നത്, ഈ ‘നെറ്റ്‍വര്‍കിംഗ്’ കാരണം ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറഞ്ഞകാലയളവില്‍ വമ്പന്‍ കുതിച്ചു കയറ്റമുണ്ടായെന്ന വസ്തുതയാണ്.

ഈ ലേഖനത്തില്‍ മുമ്പു സൂചിപ്പിച്ചതു പോലെ, ഒരു സംഭവത്തിലോ പെരുമാറ്റത്തിലോ സ്വഭാവ രൂപീകരണത്തിലോ സ്ഥൂല വ്യതിയാനങ്ങളുണ്ടാക്കുന്ന വളരെ ചെറിയ കാലയളവിനെയാണ് യഥാക്രമം ആ സംഭവത്തിന്‍റെയോ പെരുമാറ്റത്തിന്‍റെയോ സ്വഭാവ രൂപീകരണത്തിന്‍റെയോ റ്റിപിംഗ് പോയ്ന്‍റ് എന്ന് വിളിക്കുന്നത്.

റ്റിപിംഗ് പോയ്ന്‍റിന്‍റെ സ്വഭാവങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയാണ് പുസ്തകത്തില്‍. ഏതൊരു റ്റിപിംഗ് പോയ്ന്‍റിനും മൂന്ന് നിയമങ്ങളുണ്ടെന്ന് ലേഖകന്‍ പറയുന്നു. അവ ഇതാണ്:

The Law of the Few
മനുഷ്യ വര്‍ഗ്ഗത്തെ മുഴുവനായോ ഒരു പ്രദേശത്തെ ജനതയെ മാത്രമായോ സ്വാധീനിച്ചിട്ടുള്ള ഏതു സംഭവത്തിനും അതിന്‍റെ നേതൃരംഗത്ത് എണ്ണത്തില്‍ വളരെച്ചെറുതായ ഒരു പറ്റം ‘അമാനുഷ’രുണ്ടാവും. അവര്‍ തങ്ങളുടെ അറിവോ ഉത്സാഹമോ സ്വാധീനമോ ഉപയോഗിച്ച് ഒരു ജനാവലിയെത്തന്നെ തങ്ങള്‍ക്കൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാക്കുന്നു. ചരിത്രത്തിന്‍റെ ഭാഗമായ ഒരു വര്‍ഗ്ഗത്തിനും ഉദാഹരണമന്വേഷിച്ച് അധികം പോകേണ്ടി വരില്ല. ഈ അമാനുഷരെ മൂന്നു വര്‍ഗ്ഗമായി തിരിക്കുകയും (connectors-നാനാതുറകളിലുള്ളവരെ അറിയുന്നവനും ആ സൌഹൃദങ്ങള്‍ വര്‍ഷങ്ങളോളം നിലനിറുത്തുന്നവനും, mavens-ഏതെങ്കിലും വിഷയത്തെപ്പറ്റിയോ വിഷയങ്ങളെപ്പറ്റിയോ സകലതും അറിയുന്നവനും ആ അറിവ് സമ്മര്‍ദ്ദരൂപേണയല്ലാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നവനും, and salesman-നാമറിയാതെ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നവനും നമുക്ക് ആശയങ്ങള്‍ ‘വില്‍ക്കുന്നവ’നും) ഓരോ വര്‍ഗ്ഗവും നിര്‍വഹിക്കുന്ന ഭാഗം (role) വിശദീകരിക്കുകയും ചെയ്യുന്നുണ്ട്, പുസ്തകത്തില്‍.

The Stickiness Factor
ഒരു പ്രവര്‍ത്തിയുടേയോ പ്രതികരണത്തിന്‍റേയോ ആശയത്തിന്‍റേയോ ആവശ്യകത, അത് എത്ര വ്യക്തമായിരുന്നാല്‍ പോലും, വീണ്ടും മനസ്സിലേയ്ക്ക് കൊണ്ടു വരാനുള്ള കഴിവിനെയാണ് അതിന്‍റെ Stickiness Factor കൊണ്ടുദ്ദേശിക്കുന്നത്. Stickiness Factor ഇല്ലാത്ത പ്രചരണങ്ങള്‍ക്ക് (campaigns) നൈമിഷികമായ വ്യതിയാനങ്ങള്‍ വരുത്താനുള്ള കഴിവ് കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. പരസ്യങ്ങളെത്ര കണ്ടുമറന്നാലും ‘Moods, please’ ഓര്‍ത്തിരിക്കുന്നത് ഈ Stickiness Factor കൊണ്ടാണ് (no pun intended).

The Power of Context
നമ്മുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഏതൊരു സംഭവത്തോടും നാം പ്രതികരിക്കുന്നത് ചുറ്റുപാടുകള്‍ക്കനുസൃതമാണ്. ഇത് തെളിയിക്കാന്‍ ലേഖകന്‍ ഒന്നിലധികം ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. 1964-ല്‍ ന്യൂയോര്‍ക്കില്‍ മുപ്പത്തിയെട്ടു അയല്‍ക്കാരുടെ മുന്നില്‍ വച്ച് ഒരു വനിത കുത്തിക്കൊല ചെയ്യപ്പെട്ട സംഭവമാണ് അതിലൊന്ന്. ഒരു പക്ഷേ ആ സംഭവത്തിന് ഒരേ ഒരാള്‍ മാത്രമാണ് സാക്ഷിയായുണ്ടായിരുന്നതെങ്കില്‍ അയാള്‍ പൊലീസിനെ വിളിക്കുമായിരുന്നെന്നും അതു വഴി ആക്രമിക്കപ്പെട്ടവള്‍ രക്ഷപ്പെടുമായിരുന്നെന്നും ലേഖകന്‍ യുക്തിയുക്തം കാണിച്ചു തരുന്നു. ആള്‍ക്കാര്‍ ഒരു കൂട്ടത്തിലാവുമ്പോള്‍ തങ്ങളുടെ മുന്നില്‍ നടക്കുന്ന സംഭവങ്ങളോടുള്ള വ്യക്തിപരമായ ഉത്തരവാദിത്തം വളരെയധികം കുറയുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂട്ടത്തിലുള്ള ഓരോരുത്തരും ‘ഇത് മറ്റേയാള്‍ക്ക് ചെയ്താലെന്താ?’ എന്ന ചിന്തയിലേയ്ക്ക് താനറിയാതെ വഴുതിവീഴുന്നു. 1989-ല്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച എന്‍റെ ഹതഭാഗ്യരായ സുഹൃത്തുക്കളെ ഓര്‍മ്മ വരുന്നു. ഒരു വേള, നീന്തലറിയാവുന്ന ഒരാള്‍ മാത്രമായിരുന്നു അതു കണ്ടിരുന്നതെങ്കില്‍ അവര്‍ ഇന്നും ജീവിക്കുമായിരുന്നു.

മറ്റൊരു അതിശയകരമായ വിശേഷവും മാല്‍കം ഗ്ലാഡ്‍വെല്‍ പറയുന്നുണ്ട്. ഏതൊരു സംഗതിയും റ്റിപു ചെയ്യുന്നതിന് അനന്തമായ ജനക്കൂട്ടമാവശ്യമില്ലത്രേ. 150 എന്നൊരു മാന്ത്രിക നമ്പര്‍ അദ്ദേഹം പറയുന്നു. ഏതൊരു കൂട്ടത്തിലും നൂറ്റമ്പതോ അതില്‍ കുറവോ അംഗങ്ങളേയുള്ളൂവെങ്കില്‍ ആ കൂട്ടം കൂടുതല്‍ അടുപ്പവും പ്രവര്‍ത്തനക്ഷമതയും പരസ്പരാശ്രയത്വവും കാണിക്കുമെന്നാണ് ലേഖകന്‍റെ വാദം.

മനുഷ്യസഹജമായ ചില ചേഷ്ടകളുടെ രസകരമായ വിശകലനവും നടത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. തെളിവുകളായി നിരത്തുന്ന പല പരീക്ഷണഫലങ്ങളും അനുബന്ധരേഖകളും രസകരങ്ങളാണ്. മുന്നൂറോളം പേയ്ജുകളുള്ള ഈ പുസ്തകം ആയാസരഹിതമായ വായനയായിരിക്കുമെന്നതില്‍ സംശയമില്ല.

Labels: , ,

Sunday, October 21, 2007

ലോബികള്‍

വഴക്കും വക്കാണവും നിലവില്ലാത്ത സമയത്തു മാത്രം പറയാന്‍ പറ്റിയ കാര്യമാണ്. ദേവന്‍റെ കുസൃതി പരീക്ഷണം വായിച്ചപ്പോള്‍ ഇപ്പോളാകാമെന്നു കരുതി.

മലയാള ബ്ലോഗുകള്‍ ലോബികളുടെ പിടിയിലാണെന്നാണല്ലോ വയ്പ്. ഓരോ അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോഴും ലോബിമന്ത്രം ഉയരും. ആര്, ഏതൊക്കെ ലോബിയിലാണെന്ന് കണക്കു വയ്ക്കുക തന്നെ ശ്രമകരം. ഇതു കൊണ്ട് വായനക്കാര്‍ക്കോ എഴുത്തുകാര്‍ക്കോ പ്രയോജനമൊട്ടില്ലതാനും.

മലയാളം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ രണ്ട് ലോബിയേയുള്ളൂ: എഴുതുന്നത് വായിക്കപ്പെടാന്‍ പരസഹായം ആവശ്യമുള്ളവരും ഇല്ലാത്തവരും. എല്ലാ എഴുത്തുകാരും ആദ്യം പറഞ്ഞ ലോബിയില്‍ അംഗങ്ങളായാണ് തുടങ്ങുന്നത്. ചിലര്‍ രണ്ടാം ലോബിയിലേയ്ക്ക് പോകുന്നു, ചിലര്‍ ആദ്യലോബിയില്‍ തന്നെ തുടരുന്നു.

ദേവന്‍റെ പരീക്ഷണം മൂലം ഈ ലോബിമാറ്റത്തിനെടുക്കുന്ന സമയം കണക്കാക്കാം, അത്രമാത്രം.

അധികമാളുകളാല്‍ വായിക്കപ്പെടാന്‍ എളുപ്പവഴിയൊന്നുമില്ല. നന്നായി എഴുതുകയേ മാര്‍ഗ്ഗമുള്ളൂ. ഏതു ബ്ലോഗും ആരും ഒരിക്കല്‍ വന്നു വായിച്ചു പോകാവുന്നതേയുള്ളൂ. മറ്റു വ്യവസായങ്ങളിലെന്നപോലെ വീണ്ടും വരുന്ന ഉപയോക്താക്കളാണ് (റിപീറ്റ് കസ്റ്റമേഴ്സ്) ബ്ലോഗിന്‍റെയും ജീവനാഡി. വീണ്ടും വന്നു വായിക്കുന്ന രീതിയില്‍ ബ്ലോഗൊരുക്കാന്‍ ലോബിയില്‍ ചേര്‍ന്നിട്ടോ, “ഞാന്‍ വീണ്ടും എഴുതിയേ” എന്ന് പരക്കെ ഈ-മെയില്‍ അയച്ചിട്ടോ, ചാനലുകളില്‍ പരസ്യം നല്‍കിയിട്ടോ കാര്യമില്ല. വായനയോഗ്യമായ എഴുത്തുതന്നെ ശരണം. (വായിക്കപ്പെടാതിരിക്കലും ശ്രദ്ധിക്കപ്പെടാതിരിക്കലും രണ്ടാണ് എന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ.)

വീണ്ടും വന്നു വായിക്കാതിരിക്കാന്‍ എഴുത്തുകാരന്‍ അധികം കഷ്ടപ്പെടേണ്ട കാര്യമില്ല. താഴെപ്പറയുന്നവയില്‍ നിങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് ഏതെങ്കിലും മാര്‍ഗ്ഗം തിരഞ്ഞെടുത്താല്‍ മതി.

൧. കാണുമ്പോള്‍ ‘അയ്യേ!’ എന്നു തോന്നിപ്പിക്കുന്ന ഒരു പേര് ബ്ലോഗിന് ഉപയോഗിക്കുക. (ഉദാ: ‘ഒന്നു പോടേ’, ‘എന്നതാ അവിടത്തെ വിശേഷം?’, ‘പറയാന്‍ മനസ്സില്ല’ തുടങ്ങിയവ. ഉദാഹരണങ്ങള്‍ പറയുന്നത് ആരും അവഹേളനമായി കരുതരുത്. ബ്ലോഗിന്‍റെ പേര് ചാരുതയാര്‍ന്നതല്ലെങ്കിലും വളരെ നന്നായി എഴുതുന്ന ഒട്ടനവധി ബ്ലോഗര്‍മാര്‍ ഉണ്ടെന്നത് മറക്കുന്നില്ല.)

൨. ആദ്യപോസ്റ്റുതന്നെ വായനക്കാരെ ആട്ടിയോടിക്കും വിധം തയ്യാറാക്കുക. ‘മലയാളം എഴുതാന്‍ പഠിച്ചു, എന്നാപ്പിന്നെ അറിയാവുന്ന തെറിയൊക്കെ ഒന്നൊന്നായി എഴുതാം. നീയാരാടാ ചോദിക്കാന്‍?’ എന്നു തുടങ്ങിയാല്‍ വളരെ നല്ലത്.

൩. ഓരോ വാചകത്തിലും കുറഞ്ഞത് മൂന്ന് വാക്കുകളെങ്കിലും തെറ്റായെഴുതുക. മലയാളത്തില്‍ റ്റൈപ്പ് ചെയ്യാന്‍ പഠിച്ചു വരുമ്പോള്‍ ‘കൃതി’യെ ‘ക്രതി’യാക്കുന്ന തെറ്റല്ല ഉദ്ദേശിക്കുന്നത്. ‘അവളുടെ പ്രഷ്ട ഫാഗത്ത് നോക്കിയതും എന്‍റെ ജിവന്‍ പേയി’ എന്ന തരം.

൪. മറ്റുള്ള ബ്ലോഗര്‍മാരുടെ കൃതികള്‍ അപ്പടി അടിച്ചു മാറ്റി എഴുത്താരംഭിക്കുക. ഏറ്റവും അവസാനത്തെ ഉദാഹരണം ഇവിടെ.

൫. വിവാദമുണ്ടാക്കുന്ന പോസ്റ്റുകള്‍ (മതവും രാഷ്ട്രീയവും അത്യുത്തമം) മതിയായ തെളിവും റെഫറന്‍സുകളുമില്ലാതെ എഴുതിവിടുക. (ഇങ്ങനെയുള്ള പോസ്റ്റുകള്‍ക്ക് വായനക്കാര്‍ കുറയും എന്നാണ് സാമാന്യബുദ്ധി പറയുന്നതെങ്കിലും അങ്ങനെയല്ല എന്നതിനും തെളിവുകള്‍ ബൂലോഗത്തു കാണാം.)

മനോഹരമായി എഴുതിയിട്ടും ശ്രദ്ധിക്കപ്പെടുന്നില്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ ഇവിടെ പറഞ്ഞിട്ടുള്ളതിനാല്‍ ഇനിയും വിശദീകരിക്കുന്നില്ല. ഇല്ലാത്ത ലോബികള്‍ക്കു പിന്നാലെ നടക്കാതെ നല്ല പോസ്റ്റുകള്‍ എഴുതി പ്രസിദ്ധീകരിച്ചാല്‍ അത് ഞാനുള്‍പ്പെടുന്ന വായനക്കാര്‍ക്ക് നിങ്ങള്‍ ചെയ്യുന്ന വലിയൊരു സേവനമായിരിക്കും.

Labels: ,

Tuesday, September 18, 2007

ബോംബേ വിളിക്കുന്നു


രംഗം ഒന്ന്

‘സാര്‍, ഇന്ത്യയിലേയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടോ?’ ഫോണെടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും തമിഴ് ചുവയുള്ള ഇംഗ്ലീഷിലുള്ള ചോദ്യം.
‘അതെന്ത് ചോദ്യമാണ്? പിന്നില്ലാതേ!’ ഞാന്‍ പ്രതിവചിച്ചു.

നാട്ടിലേയ്ക്കുള്ള ഫോണ്‍ വിളി ഇവിടെ വലിയൊരു ബിസിനസ്സാണ്. ചെലവു കുറഞ്ഞതും നിലവാരം കൂടിയതും എന്ന ലേബലോടെ പുതിയപുതിയ ഫോണ്‍ സര്‍വീസുകളുടെ പ്രതിനിധികളില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് കോളുകള്‍ സര്‍വ്വസാധാരണം.

ഇത്തവണ ഇന്ത്യക്കാരനാണ് വിളിക്കുന്നത് എന്നതിനാല്‍, സാധാരണ ചെയ്യാറുള്ളതുപോലെ ഒന്നും തിരിച്ചു പറയാതെ, ഉടന്‍ ഫോണ്‍ വയ്ക്കാന്‍ തോന്നിയില്ല. സംസാരത്തില്‍ ചെറിയൊരു ഡ്രാഗ് ഉള്ളതിനാല്‍ നാട്ടില്‍ നിന്നാണ് വിളിയെന്ന് വ്യക്തം. രാത്രി പകലാക്കി അധ്വാനം ചെയ്യുന്ന സ്വന്തം രാജ്യക്കാരനോട് അല്പം മാന്യതയാവുന്നതില്‍ തെറ്റില്ലല്ലോ.

‘സാര്‍, എന്‍റെ പേര് സ്മിത്ത്. ഫോണ്‍ ചെയ്യാന്‍ നമ്മുടെ സര്‍വ്വീസ് ഉപയോഗിക്കൂ! ഇതിന് വില കുറവാണെന്ന് മാത്രമല്ല, നല്ല ക്വാളിറ്റിയുമുണ്ട്.’
‘സ്മിത്തോ? നിങ്ങള്‍ പേരുമാറ്റിയോ?’ സ്മിത്ത് എന്ന പേരില്‍ ഒരു തമിഴന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന ധൈര്യത്തിലാണു ഞാന്‍.
‘ഇല്ലല്ലോ. എന്‍റെ പേര് സ്മിത്ത് എന്നാണ്. ഞാന്‍ ന്യൂജേര്‍സിയില്‍ നിന്നാണ് വിളിക്കുന്നത്.’

ഒരുവിധത്തില്‍ ആ കോള്‍ അവസാനിപ്പിച്ചു. ഇതൊക്കെ മനസ്സിലാവുന്നവരുടെ അടുത്തെങ്കിലും മദ്രാസില്‍ നിന്നോ മറ്റോ വിളിക്കുന്ന അറുമുഖത്തിന് ന്യൂജേഴ്സിയിലെ സ്മിത്താവാതിരുന്നുകൂടേ എന്ന് മനസ്സിലോര്‍ത്തു.

രംഗം രണ്ട്

‘സാര്‍, ഇന്ത്യയിലേയ്ക്ക് വിളിക്കാന്‍ ഇതാ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം,’ ചുറു ചുറുക്കുള്ള നല്ല ഇംഗ്ലീഷില്‍ വടക്കേ ഇന്ത്യക്കാരി മൊഴിയുന്നു.
‘നീയാര്, കാത്‍ലീനോ, ജെനിഫറോ?’ അല്പം പരിഹാസം ചേര്‍ത്ത് ഞാന്‍ ചോദിച്ചു.
‘അല്ല സര്‍, ഞാന്‍ ഹീന, ബോംബേയില്‍ നിന്ന് വിളിക്കുന്നു...’

കാര്യങ്ങള്‍ പുരോഗമിക്കുന്നു എന്നത് സന്തോഷജനകം തന്നെ. താന്‍ അമേരിക്കന്‍ ഐക്യനാടുകളിലെവിടെയോ ഇരിക്കുന്ന ജെനിഫറാണെന്ന് അവള്‍ കള്ളം പറയുന്നില്ലല്ലോ!

രംഗം മൂന്ന്

‘സാറുണ്ടോ?’ നല്ല പച്ചമലയാളത്തിലുള്ള പെണ്‍ശബ്ദം.
‘സാര്‍ നാട്ടില്‍ വിളിക്കാന്‍ ഏതു സര്‍വീസാണ് ഉപയോഗിക്കുന്നത്?’
‘അയ്യോ, സാറിവിടെ ഇല്ലല്ലോ. ഞാന്‍ വെറും വേലക്കാരന്‍!’
‘സാറെവിടെപ്പോയി?’
‘സാറും കൊച്ചമ്മയും കൂടി കറങ്ങാന്‍ പോയിരിക്കുന്നു. തിരിച്ചു വരുമ്പോഴേയ്ക്കും കഞ്ഞീം കറീം ഉണ്ടാക്കി വയ്ക്കണം...’

സംഭാഷണം അവിടെ വച്ച് കഴിയുമെന്ന് ഞാന്‍ വിചാരിച്ചു.

‘ഇന്നെന്താ കൂട്ടാന്‍ വയ്ക്കുന്നത്?’ അവള്‍ ചിരിക്കുന്നു.

ഞാന്‍ ചുറ്റും നോക്കി. അകലെ മൂലയില്‍ കുറേ ബീന്‍സ് ഇരിക്കുന്നു.

‘ബീന്‍സ് തോരന്‍,’ എന്‍റെ മറുപടി.
‘അയ്യേ, വലിയ വേലക്കാരനായിട്ട് ബീന്‍സ് തോരനാണോ സാറിന് വച്ചു കൊടുക്കുന്നത്?’
‘ശരി, ഒരുപാട് ജോലി ബാക്കി കിടക്കുന്നു. സാര്‍ വരുമ്പോള്‍ വിളിക്കൂ!’ ഇനിയും ഇതിങ്ങനെ നീളുന്നത് ഭംഗിയല്ലെന്നു കണ്ട് സംഭാഷണം അവസാനിപ്പിച്ചു.

* * *

ഡിഷ് നെറ്റ്‍വര്‍ക്കിലെ പ്രോഗ്രാമുകള്‍ കാണുന്നവര്‍ തീര്‍ച്ചയായും കാണേണ്ടുന്ന ലിങ്ക് ചാനലിനെപ്പറ്റി മുമ്പ് ഈ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ അവശ്യം കാണേണ്ടുന്ന മറ്റൊരു ചാനലാണ് ഫ്രീ സ്പീച് ചാനല്‍ (9415). ഫ്രീ സ്പീച് ചാനലില്‍ കണ്ട ബോംബേ കോളിംഗ് എന്ന ഡോക്യുമെന്‍ററി, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകളുടെ നാഡിമിടിപ്പ് അറിയാന്‍ സഹായകമാം വിധം അതിമനോഹരമാണ്. നല്ല ഡോക്യുമെന്‍ററിക്കുള്ള നിരവധി അവാര്‍ഡുകള്‍, ക്യാനഡ നാഷണല്‍ ഫിലിം ബോഡ് നിര്‍മ്മിച്ച ബോംബേ കോളിംഗ് ഇതിനോടകം നേടിയിരിക്കുന്നു.

ഇന്ത്യയില്‍ നിന്നു വരുന്ന ഇത്തരം കോളുകളോട് ഇന്ത്യക്കാര്‍ക്കെങ്കിലും കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ സമീപനം ഉണ്ടാവാന്‍ ഈ ഡോക്യുമെന്‍ററി സഹായിക്കും. കണ്ടു നോക്കൂ.

Labels: ,

Wednesday, August 15, 2007

അതിരറിയാത്ത അയല്‍ക്കാര്‍

ഭൂലോകത്ത് ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന, അന്താരാഷ്ട്ര സംഘടനകളുടെ തര്‍ക്കപ്രദേശ പട്ടികയില്‍ സ്ഥാനം പിടിച്ച, അറുപതോളം അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ പത്തെണ്ണത്തിലെങ്കിലും വാദിയായോ പ്രതിയായോ ഇന്ത്യ ഭാഗഭാക്കാണ്. പതിമൂന്നു തര്‍ക്കങ്ങളില്‍ പങ്കാളിയായി ചൈന നമ്മുടെ മുന്നിലുള്ളതിനാല്‍ ‘ഏറ്റവും വലിയ വഴക്കാളി’ എന്ന പട്ടികയില്‍ നിന്ന് ഒഴിവായിക്കിട്ടി എന്നത് ആശ്വാസകരമാണെങ്കിലും അഭിമാനിക്കാവുന്ന സംഗതിയല്ല.

തര്‍ക്ക വിഷയമായ പ്രദേശങ്ങളെന്ന് വിളിക്കപ്പെടുന്നവയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത് ഏതിലൊക്കെ എന്നു നോക്കാം. (ഭാരതീയ പൌരന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഈ വിഷയത്തില്‍ ലേഖകന്‍റെ അഭിപ്രായം. ഈ ലേഖനം, അന്താരാഷ്ട്ര സംഘടനകളുടെ കയ്യിലുള്ള തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്നവയേതെന്ന് പരിശോധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; ആരാണ് വാദി, ആരാണ് പ്രതി എന്ന് വിശകലനം ചെയ്യുന്നില്ല.)

അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശിലുള്ള ഇന്ത്യാ-ചൈന അതിര്‍ത്തി രേഖയാണ് മക്മഹന്‍ രേഖ. 1914-ലാണ് ഇത് നിലവില്‍ വന്നതെങ്കിലും 1930-ലാണ് ഇന്ത്യ ഇത് അംഗീകരിച്ചത്. ചൈന ഇതുവരെ മക്മഹന്‍ രേഖ അംഗീകരിച്ചതായി അറിവില്ല. പ്രശ്നഭരിതം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഇന്ത്യാ-ചൈനാ ബന്ധം നിര്‍വ്വചിക്കുന്നതില്‍ “ഒരു പുല്‍നാമ്പുപോലും വളരാത്ത” അരുണാചല്‍ പ്രദേശിലെ ഈ ഭാഗത്തിന് വലിയ പങ്കുണ്ട്. ഈ പ്രദേശത്തിന്‍റെ ഭരണം ഇന്ത്യയുടെ കൈവശമാണ്.

അക്സായി ചിന്‍: ജമ്മു കാഷ്മീരിന്‍റെ വടക്കു കിഴക്കുഭാണ് അക്സായി ചിന്‍ എന്നറിയപ്പെടുന്നത്. 1950-കളുടെ ആദ്യം ചൈന ഇവിടം അധീനത്തിലാക്കി. 1962-ല്‍ അക്സായി ചിന്‍ പൂര്‍ണ്ണമായും ചൈനയുടെ നിയന്ത്രണത്തിലായെന്ന് വിശ്വസിക്കപ്പെടുന്നു.

ആസാദ് കാശ്മീര്‍: ജമ്മു കാശ്മീര്‍ തര്‍ക്കത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമാണ് ആസാദ് കാശ്മീര്‍ പ്രശ്നം. 1950-കളിലെ ചെറുയുദ്ധങ്ങളുടെ പരിണതഫലമായി പാകിസ്ഥാനി സൈനികര്‍ ആസാദ് കാശ്മീര്‍ അധിനിവേശപ്പെടുത്തി. 1956-ല്‍ പാകിസ്ഥാന്‍ ഭരണഘടന ആസാദ് കാശ്മീരിനെ ഒരു പാകിസ്ഥാന്‍ സംസ്ഥാനമായി അംഗീകരിച്ചെങ്കിലും ഇന്ത്യ ഇത് അംഗീകരിക്കുകയോ പാകിസ്ഥാന്‍ അസംബ്ലിയില്‍ ആസാദ് കാശ്മീരിന്‍റെ പ്രാതിനിധ്യം ഉണ്ടാവുകയോ ചെയ്തിട്ടില്ല. ആസാദ് കാഷ്മീരിന് സ്വന്തമായി പ്രസിഡന്‍റും പ്രധാനമന്ത്രിയും നിയമനിര്‍മ്മാണ സഭയുമുണ്ട്.

പാക്-അധിനിവേശ കാഷ്മീര്‍: പാക്-അധിനിവേശ കാഷ്മീര്‍ എന്ന് ഇന്ത്യയും നോര്‍ത്-വെസ്റ്റ് ഫ്രണ്ടിയര്‍ റ്റെറിറ്റൊറി എന്ന് പാകിസ്ഥാനും വിളിക്കുന്ന കാഷ്മീരിന്‍റെ വടക്കു ഭാഗം ഇന്ത്യയുടേതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു. 1849-ല്‍ രണ്ടാം സിഖ് യുദ്ധം കഴിഞ്ഞാണ് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാവുന്നത്. 1955 മുതല്‍ 1970 വരെ ഈ പ്രദേശം അവിഭക്ത പാകിസ്ഥാന്‍റെ ഭാഗമായിരുന്നു. അതിനുശേഷമാണ് സിയാചെന്‍ ഗ്ലേഷര്‍ പോയിന്‍റ് ഉള്‍പ്പെടുന്ന ഈ പ്രദേശം കൂടുതല്‍ സൈനിക നീക്കങ്ങള്‍ക്ക് കാരണമായി തുടരുന്നത്.

കൌഇരിക്: കിഴക്കന്‍ ഹിമാചല്‍ പ്രദേശും ചൈനയുമായുള്ള അതിര്‍ത്തി പ്രദേശമാണ് കൌഇരിക്. ഈ പ്രദേശവും തര്‍ക്ക വിഷയമായത് മക്മഹന്‍ രേഖ മൂലമാണ്.


ചിത്രം: കൌഇരിക്

ലാപ്താള്‍: ഉത്തരാഞ്ചലും ചൈനയുമായുള്ള അതിര്‍ത്തിയിലുള്ള ലാപ്താള്‍ പ്രദേശം പല ഭൂപടങ്ങളിലും വേറിട്ട പ്രദേശമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.


ചിത്രം: ലാപ്താള്‍

പാ-ലി-ചിയ-സ്സു: ജമ്മു-കാഷ്മീരിന്‍റെ തെക്കു കിഴക്കുഭാഗത്തായുള്ള ഈ പ്രദേശവും തര്‍ക്കവിമുക്തമല്ല.


ചിത്രം: പാ-ലി-ചിയ-സ്സു

സംഗ്: അക്സായി ചിന്‍ ഉള്‍പ്പെടുന്ന അതിര്‍ത്തിത്തര്‍ക്കത്തിലെ മറ്റൊരു പ്രധാന പ്രദേശമാണ് സംഗ്. ഉത്തരാഞ്ചലും ഹിമാചല്‍ പ്രദേശും വേര്‍തിരിയുന്ന കിഴക്കന്‍ അതിര്‍ത്തിയാണ് സംഗ് സ്ഥിതിചെയ്യുന്നത്.


ചിത്രം: സംഗ്

(ഭൂപടങ്ങള്‍ മാപ്‍പോയിന്‍റില്‍ നിന്നും.)

ന്യൂ മൂര്‍ ദ്വീപ്: പര്‍ബാഷാ എന്നോ ന്യൂ മൂര്‍ ദ്വീപ് എന്നോ ഇന്ത്യയും തെക്കന്‍ താല്പതി ദ്വീപ് എന്ന് ബംഗ്ലാദേശും വിളിക്കുന്ന ഈ ചെറിയ പ്രദേശം ഹരിഭംഗാ നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിനടുത്ത്, 1970-ലെ പ്രളയത്തിന്‍റെ അനന്തരഫലമായുണ്ടായതാണ്. 1970-കളുടെ അവസാനം ബംഗ്ലാദേശ് മീന്‍പിടുത്തക്കാര്‍ ആള്‍വാസമില്ലാത്ത ഈ ദ്വീപില്‍ പോകാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. 1980-ല്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന ഈ ദ്വീപില്‍ ഒരു ചെറിയ താവളം സ്ഥാപിച്ചതു മുതല്‍ സമാധാനപരമായി ഇതിന്‍റെ അവകാശത്തര്‍ക്കം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കാലാപാനി: ഇന്ത്യ, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സം‌യോജിക്കുന്ന കാലാപാനി പ്രദേശത്തുള്ള മൂന്നു ഗ്രാമങ്ങള്‍ 1962-ല്‍ ഇന്ത്യയുടെ കൈവശമായതോടെയാണ് ഈ പ്രദേശം തര്‍ക്കത്തിനാധാരമായത്. അതിര്‍ത്തിയായി പരിഗണിച്ചു വന്ന ശാരദാനദിയില്‍ (നേപ്പാളിന് ഇത് മഹാകാളീനദിയാണ്), 1997-ല്‍ ജലവൈദ്യുത പദ്ധതിയുണ്ടാക്കാനുള്ള നേപ്പാള്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനത്തെത്തുടര്‍ന്ന് തര്‍ക്കം മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു.

തജ്കിസ്ഥാനുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതോടെ, ചൈന തങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളുടെ എണ്ണം പതിമൂന്നായി കുറച്ചിരിക്കുകയാണ്. ഇന്ത്യ പങ്കാളിയായ തര്‍ക്കങ്ങള്‍ അതേപടി തുടരുകയും മറ്റുരാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചൈന പരിഹരിക്കുകയും ചെയ്താല്‍ ‘വലിയ വഴക്കാളിപ്പട്ടം’ (ശരിയായോ തെറ്റായോ) ഇന്ത്യയുടെ മേല്‍ പതിയും. വഴക്കാളികളായ അയല്‍ക്കാരുള്ളതാണ് ഇതിനു കാരണമെന്നത് നല്ലൊരു വാദമാണെങ്കിലും അത് വീണ്ടും വഴക്കടിക്കാനുള്ള ന്യായമാവാന്‍ പാടില്ല. സ്പര്‍ധയിലിരിക്കുന്ന രണ്ടു പേര്‍ക്കും അംഗീകൃതമായ സമവായം ഉണ്ടാവണമെങ്കില്‍ രണ്ടു കൂട്ടരും ത്യാഗത്തിന് തയ്യാറാവാതെ തരമില്ലല്ലോ. ഇന്ത്യയുള്‍പ്പെടുന്ന തര്‍ക്കങ്ങളുടെ പട്ടികയിലൂടെ കണ്ണോടിച്ചാല്‍, പകുതിയിലധികവും കൊടും തണുപ്പുറഞ്ഞു കിടക്കുന്ന ഉപയോഗരഹിതമായ ഭൂഭാഗങ്ങള്‍ക്കു വേണ്ടിയാണെന്നു കാണാം. പെട്ടെന്നൊരുനാള്‍ ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയാല്‍ ഏതെല്ലാം പ്രദേശമാവും “കൊണ്ടു പോട്ടെ!” എന്ന് നിങ്ങള്‍ കരുതുക?

Labels: ,

Monday, July 16, 2007

ഒന്നാം ബഞ്ചിലിരിക്കേണം, ഒന്നാമനായി വളരേണം

പതിനേഴു വര്‍ഷം നീണ്ട വിദ്യാഭ്യാസ കാലഘട്ടത്തില്‍ രണ്ടു വര്‍ഷം മാത്രമാണ് ഒന്നാം ബഞ്ചില്‍ ഒന്നാമതായി ഇരിക്കണമെന്ന മറ്റേമ്മയുടെ ഉപദേശം എനിക്കു പാലിക്കാനായത്.

ഒറ്റക്കാലില്‍ ഏന്തിനടന്നിരുന്ന ഷാജുദീനോട് ഒന്നാം ബഞ്ചിലെ ഒന്നാം സ്ഥാനം ഒഴിയാന്‍ പറഞ്ഞിട്ടുണ്ട്, ഒരിക്കല്‍. ഷാജുദീന്‍ മൂന്നില്‍ തോറ്റപ്പോള്‍ ഞാന്‍ ആരുമറിയാതെ സന്തോഷിച്ചു: അതുവരെ ഒന്നാം ബഞ്ചില്‍ രണ്ടാമതായിരുന്ന ഞാന്‍ നാലാം ക്ലാസില്‍ ഒന്നാം ബഞ്ചില്‍ ഒന്നാമതായി.

അഞ്ചാം തരത്തില്‍ പുതിയ സ്ഥലത്ത് പുതിയ സ്കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഒന്നാം ബഞ്ചില്‍ എനിക്ക് ഇടം കിട്ടിയില്ല. എന്നാലും വീട്ടില്‍ പറഞ്ഞത് ഒന്നാം ബഞ്ചില്‍ ഒന്നാമതായാണ് ഇരിക്കുന്നതെന്നാണ്. അഞ്ചിലും ആറിലും രണ്ടാം ബഞ്ചില്‍ ഒന്നാമതായി. ഏഴാം ക്ലാസില്‍ എത്തി പഴയ പടി രണ്ടാം ബഞ്ചില്‍ ഒന്നാമതായി ഇരിപ്പുറപ്പിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇബ്രാഹിം കുഞ്ഞു സാര്‍ എനിക്ക് ഒന്നാം ബഞ്ചില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് പ്രമോഷന്‍ തന്നു.

എട്ടും ഒമ്പതും ക്ലാസുകളില്‍ ഒന്നാം ബഞ്ചിലിടം കിട്ടിയെങ്കിലും സ്ഥാനം രണ്ടാമതായിരുന്നു. പത്താം ക്ലാസില്‍ ബഞ്ച്: 2, സ്ഥാനം: 1 എന്നായി മാറി.

കോളജില്‍ പ്രി-ഡിഗ്രിക്കാര്‍ക്ക് സ്ഥിരമായി ക്ലാസ് റൂമോ ബഞ്ചുകളില്‍ സ്ഥിരം സ്ഥാനമോ ഉണ്ടാവാറില്ലായിരുന്നു. എന്നാലും ഒരിക്കല്‍ പോലും ഒരു ക്ലാസിലും ഒന്നാം ബഞ്ചില്‍ ഒന്നാമതായ ഓര്‍മ്മയില്ല. ഡിഗ്രിക്കാര്‍ക്ക് ഏതാണ്ട് സ്ഥിരമായ ക്ലാസുറൂം ഉണ്ടാവാറുണ്ട്. അങ്ങനെ, ഡിഗ്രിക്കാലത്ത് ഞാന്‍ മൂന്നാം ബഞ്ച്ചില്‍ (അവസാന ബഞ്ച്) ചിലപ്പോള്‍ ഒന്നാമതായും മറ്റു ചിലപ്പോള്‍ രണ്ടാമതായും ഇരുന്നു.

സ്ഥിരം ക്ലാസ് റൂമും ബഞ്ചില്‍ സ്ഥിരം സ്ഥാനവുമുള്ള പോസ്റ്റു ഗ്രാജ്വേഷന് അവസാന ബഞ്ചില്‍ ആദ്യ സ്ഥാനത്തായി ഞാന്‍ (അവിടം വരെയെത്തിയപ്പോഴേയ്ക്കും ബഞ്ചു മാറി കസേരയായിരുന്നു).

ഇനി ഇതൊക്കെ ആലോചിച്ചിട്ട് കാര്യമുണ്ടോ?

ഇല്ല എന്ന് തീര്‍ത്തു പറഞ്ഞു കൂട. ബിസിനസ് വീക്ക് എന്ന വാരികയില്‍ വന്ന ഈ ലേഖനമനുസരിച്ച്, മീറ്റിംഗുകളില്‍ നമ്മള്‍ പറയുന്നത് ആള്‍ക്കാര്‍ വിലവയ്ക്കണമെങ്കില്‍, നമ്മള്‍ എന്തു പറയുന്നു എന്നതിനോളം തന്നെ (അതോ അതിലുമുപരിയോ) എവിടെ ഇരിക്കുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നുവത്രേ.

വായിക്കാന്‍ സമയമില്ലാത്തവര്‍ക്കായി ഇതാ ചില വാചകത്തുണ്ടുകള്‍:

The moral of the story: Where you sit influences where you stand. ... As a rule, leaders like to sit at the end of the table facing the exit so no one can sneak up on them. ... sitting opposite the person leading the meeting tend to be Grumpy or Doc, or a combination of the two... Grumpy is openly argumentative and may be hard to control. Doc is the person who faces off against the leader to show off his or her intelligence. ... The person who sits on the leader's right is Happy—a yes-man. ... Managers should, for instance, place potential foes on their right. Suspected brownnosers may offer more frank opinions if they are on the opposite sides of a table.
ജോലിയുടെ ഭാഗമായി മീറ്റിംഗില്‍ പങ്കെടുക്കേണ്ടാത്തവരും ആണ്ടിലൊരിക്കലോ ആഴ്ചയിലൊരിക്കലോ ഒരു ടീം മീറ്റിംഗ് മാത്രമുള്ള ജോലിയുള്ളവരും മീറ്റിംഗില്‍ എവിടെ ഇരിക്കുന്നു എന്നതിലൊന്നും കാര്യമില്ല എന്നു പറഞ്ഞു ഇതിനെ പുച്ഛിച്ചു തള്ളിയേക്കാം. ‘ഒന്നാമനായി വളരുന്നതു’ പോട്ടെ, ദിവസം അഞ്ചു മീറ്റിംഗ് വീതമെങ്കിലും (മൂന്നെണ്ണം ആഹാരത്തിനു മുമ്പും രണ്ടെണ്ണം ആഹാരത്തിനു ശേഷവും) കഴിക്കുന്ന ഈയുള്ളവന്‍റെ ആരോഗ്യനില, ഈ ഉപദേശം സ്വീകരിച്ചാലെങ്കിലും നന്നാവുമോ എന്നു നോക്കട്ടെ.

Labels:

Wednesday, June 13, 2007

ഭൂരിപക്ഷത്തിനു തെറ്റിയാല്‍

When great changes occur in history, when great principles are involved, as a rule the majority are wrong. The minority are right.
എന്ന് Eugene V. Debs എവിടെയോ പറഞ്ഞിട്ടുണ്ടത്രേ.

ഒരു വിഷയത്തിനുമേല്‍ രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണല്ലോ, ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷ തീരുമാനം പോലെ നടക്കട്ടെ എന്ന സമവായം ഉയര്‍ന്നുവരുന്നത്.

ഭൂരിപക്ഷ തീരുമാനം പുനര്‍വിചിന്തനത്തിനെടുക്കാത്ത ഏതെങ്കിലുമൊക്കെ കൂട്ടങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ നമുക്കിടയില്‍ ഉണ്ടാവാനിടയില്ല. ഈ കൂട്ടങ്ങളിലെ അംഗത്വം ചിലപ്പോള്‍ നാം ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നവയാവും, മറ്റു ചിലപ്പോഴാകട്ടെ നമ്മില്‍ അടിച്ചേല്‍‍പ്പിക്കപ്പെടുന്നവയും. നാളുകള്‍ (ദിവസങ്ങളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയോ) കഴിയുമ്പോള്‍ ഈ തീരുമാനങ്ങളില്‍ ചിലതെങ്കിലും ഒരു പുനരാലോചനയ്ക്കായി നമ്മുടെ മുന്നില്‍ വന്നു നിന്നേക്കാം.

കൂട്ടായി എടുത്ത തീരുമാനം ശരിയായിരുന്നാല്‍ പിന്നീടൊരിക്കലും നമ്മളില്‍ പലരും ആ തീരുമാനത്തെപ്പറ്റിയോ ആ തീരുമാനം എടുക്കുവാനുണ്ടായ കാരണത്തെപ്പറ്റിയോ അധികം ആലോചിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍, താനുള്‍പ്പെടെയുള്ള ഒരു കൂട്ടം ഭൂരിപക്ഷാഭിപ്രായം നോക്കിയെടുത്ത തീരുമാനം തെറ്റായിപ്പോയി എന്നുവരുമ്പോഴാണ് നാം അതേപ്പറ്റി കൂടുതലാലോചിക്കുന്നതും തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതും.

നിങ്ങള്‍ കൂടി യോജിച്ച് ഭൂരിപക്ഷത്തോടൊപ്പം എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലാവുന്നു എന്നു കരുതുക. ഇതിനെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പല പാതകളുമുണ്ട്. ഉദാഹരണമായി,

നിഷേധം: അന്നത്തെ പരിമിതമായ അറിവ് മൂലമാണ് തെറ്റായ തീരുമാനമെടുത്തതെന്നും, ഇതേ സാഹചര്യങ്ങളില്‍, ഇതേ അറിവ് വച്ച് നിങ്ങള്‍ ഇതേ തീരുമാനമേ എടുക്കാന്‍ സാധ്യതയുള്ളൂ എന്നും വിലയിരുത്തി ഫയല്‍ മടക്കുക.

ആരോപണം: തന്‍റെ തീരുമാനത്തെ, മറ്റൊരാളുടെയോ, മറ്റുപലരുടേയുമോ അഭിപ്രായം തെറ്റായ രീതിയില്‍ സ്വാധീനിച്ചെന്നും, തനിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം കുറവായിരുന്നുവെന്നും ആരോപിക്കുക.

നിരാശ: തീരുമാനമെടുക്കേണ്ട സന്ദര്‍ഭത്തില്‍ ദീര്‍ഘവീക്ഷണമില്ലായ്മ കാണിച്ചതില്‍ പരം അബദ്ധം ജീവിതത്തിലുണ്ടാവാനില്ലെന്നും, പൊതുവേ വിവേകശാലിയെന്ന് കരുതിയിരുന്ന തനിക്ക് എങ്ങനെയാണ് ഇത്തരം അബദ്ധ തീരുമാനങ്ങളോടൊപ്പം യോജിക്കാന്‍ കഴിഞ്ഞതെന്നും ഓര്‍ത്ത് നിരാശയില്‍ മുങ്ങുക.

ദേഷ്യം: മേലില്‍ അക്കാര്യം സംസാരിച്ചു പോകരുതെന്ന് ശഠിക്കുക. ആ വിഷയം ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവരോട് ദേഷ്യപ്പെടുകയും അവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയും ചെയ്യുക.

സമ്മതം: അന്ന് ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കാനുള്ള തന്‍റെ തീരുമാനം തെറ്റായെന്ന് നിരുപാധികം സമ്മതിക്കുക.

കാലം തെറ്റെന്ന് തെളിയിക്കാത്ത തീരുമാനങ്ങളെടുക്കുന്നത് ചില്ലറക്കാര്യമല്ല. അതിന്, ചെറുതല്ലാത്ത ദീര്‍ഘവീക്ഷണം ആവശ്യമാണ്. നമ്മളില്‍ പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടിട്ടുള്ളവരായിരിക്കുമല്ലോ. നിങ്ങളുടെ ഇഷ്ട സമരായുധം നിഷേധമോ സമ്മതമോ?

Labels: ,

Saturday, March 31, 2007

പോസ്റ്റ് ലേബലുകള്‍: പ്രസക്തിയും പ്രാധാന്യവും

എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനായ ദേവന്‍റെ കമന്‍ററ എന്ന ബ്ലോഗിലെ ഇന്നത്തെ പോസ്റ്റിനുള്ള ലേബല്‍ കണ്ടപ്പോഴാണ് കുറച്ചുകാലമായി എഴുതണമെന്ന് കരുതിയ ഈ വിഷയം ഇന്നുതന്നെ എഴുതിയേക്കാം എന്ന് തോന്നിയത്.

മലയാളം ബ്ലോഗെഴുത്തിന് ഇന്ന് പ്രധാനമായും ബ്ലോഗ്സ്പോട്ടും വേഡ്പ്രസ്സുമാണല്ലോ ഉപയോഗിക്കുന്നത്. ഈ രണ്ടു സെര്‍വീസുകളും പോസ്റ്റുകള്‍ക്ക് ലേബല്‍ ഇടാനുള്ള മാര്‍ഗം എഴുത്തുകാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൌകര്യം കാര്യമായി ഉപയോഗപ്പെടുത്തുന്ന ബ്ലോഗര്‍മാര്‍ അധികമില്ല എന്നത് ഖേദകരമായ സത്യമാണ്.

കൊടകരപുരാണം, ലാപുട, മണ്ടത്തരങ്ങള്‍ തുടങ്ങി, പ്രധാനമായും ഒരു കേന്ദ്രീകൃത വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളുള്ളവര്‍ക്ക് ഓരോ പോസ്റ്റുകള്‍ക്കും ലേബലിടേണ്ടതിന്‍റെ ആവശ്യം അധികമില്ല. എന്നാല്‍, ഫോട്ടോഗ്രഫി, രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, തുടങ്ങിയവ വിഷയമാകുന്ന ബ്ലോഗുകള്‍, ആ വിഷയങ്ങളെ അടുക്കും ചിട്ടയോടും കൂടി ഒരുക്കി വയ്ക്കാനും വായനക്കാരന് ഒരു പോസ്റ്റ് പെട്ടെന്ന് കണ്ടുപിടിക്കത്തക്ക വിധം കാറ്റഗറി തിരിച്ചു വയ്ക്കാനും പോസ്റ്റു ലേബലുകള്‍ ഉപയോഗിക്കാവുന്നതാണ്.

ലേബലുകള്‍ ഏറ്റവും പ്രയോജനപ്പെടുന്നത് അവിയല്‍ ബ്ലോഗുകളിലത്രേ. സൂര്യനു കീഴുലുള്ള വിഷയങ്ങളെല്ലാം ഒരു ബ്ലോഗില്‍ ഒതുക്കുന്നവര്‍ക്ക് ലേബലുകള്‍ ഒരനുഗ്രഹം തന്നെ. ഉദയസൂര്യന്‍റെ നാട്ടില്‍, കമന്‍ററ, ഓഫ് യൂണിയന്‍, വിവാഹിതര്‍ തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിഷയത്തിനനുസരിച്ച് ലേബലിടുകയും ആ ലേബലുകള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടത് വായനക്കാരോട് ചെയ്യുന്ന വലിയ സേവനമായിരിക്കും.

ലേബലിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
  • പോസ്റ്റുമായി ബന്ധമുള്ള വാക്കോ, വാക്യമോ ലേബലിനായി ഉപയോഗിക്കുക. ഒറ്റവാക്കാണ് ഏറ്റവും കാമ്യം. (ഇത് നിയമമൊന്നുമല്ല. ‘കവിത’ എന്ന ലേബല്‍ ‘എന്‍റെ കവിതകള്‍’ എന്ന ലേബലിനേക്കാള്‍ മെച്ചമാണെന്നു മാത്രം. ‘നമുക്കിതൊക്കെ മതിയെന്നേ ഇതുതന്നെ കൊണ്ടുപോകാനുള്ള പാട്’ എന്ന നെടുങ്കന്‍ വാചകം ലേബലിനനുയോജ്യമാണോ എന്ന് എഴുത്തുകാരന്‍ ഒന്നുകൂടി ആലോചിക്കട്ടെ.)
  • ലേബല്‍ ഒരു കാറ്റഗറിയാണ്. ആ കാറ്റഗറിയില്‍ ഇനിയും പോസ്റ്റുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു കാറ്റഗറിയില്‍ (ഇടാനുദ്ദേശിക്കുന്ന ലേബലില്‍) ഒരു പോസ്റ്റേ എഴുതുന്നുള്ളൂ എങ്കില്‍ ആ ലേബല്‍ കഴിവതും ‘ജെനെറിക്’ ആക്കുക. (ഉദാ: ‘യാത്രാവിവരണം’ എന്നതാണ് ‘പൊന്മുടി യാത്ര’ എന്നതിനേക്കാള്‍ മെച്ചം. എന്നാല്‍ പല യാത്രകള്‍ വിവരിക്കുന്ന കുറുമാന്‍; ‘യൂറോപ്യന്‍ യാത്രകള്‍’, ‘ഡല്‍ഹിക്കു ചുറ്റും’ എന്നിങ്ങനെ ലേബലിടുന്നത് വായനക്കാര്‍ക്ക് സഹായകമാവുകയേയുള്ളൂ. എങ്കിലും അഗ്രിഗേറ്ററുകള്‍ക്ക് പഥ്യം ‘യാത്രാവിവരണം’ എന്ന ഒരച്ചില്‍ പണിഞ്ഞ വാക്കുതന്നെ.)
  • പോസ്റ്റിനു യോജിക്കുമെങ്കിലും ഭാവിയില്‍ (വായനക്കാര്‍ക്കോ എഴുത്തുകാരനോ) പ്രയോജനപ്രദമല്ലാത്ത വിധത്തിലുള്ള ലേബലുകള്‍ ഒഴിവാക്കുക. (ഉദാ: ‘ഇന്ന് എഴുതിയത്’, ‘അമ്പതാം പോസ്റ്റ്’ തുടങ്ങിയവയ്ക്ക് ഒരു ലേബല്‍ എന്ന നിലയില്‍ വലിയ സ്ഥാനമില്ല.)
  • തന്‍റെ എല്ലാ പോസ്റ്റിനും ചേരും എന്ന നിലയിലുള്ള ലേബലുകള്‍ ഒഴിവാക്കുക. (ഉദാ: റ്റി. കെ. സുജിത്തിന്‍റെ കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ഏതെങ്കിലും ഒരു കാര്‍ട്ടൂണിന് ‘കാര്‍ട്ടൂണ്‍’ എന്ന ലേബലിടുന്നത് സഹായകമല്ല.)
  • അനുയോജ്യമെങ്കില്‍, ഒരു പോസ്റ്റിന് ഒന്നില്‍ കൂടുതല്‍ ലേബലുകള്‍ ഇടുന്നത് നല്ലതാണ്. (ഉദാ: ബ്ലോഗിനെപ്പറ്റി എഴുതുന്ന ഒരു ലേഖനത്തിന് ‘ബ്ലോഗ്’, ‘ലേഖനം’ എന്നീ ലേബലുകള്‍ ഉപയോഗിക്കാമല്ലോ.)
  • പോസ്റ്റിന്‍റെ പേരുതന്നെ ലേബലായി ഉപയോഗിക്കുന്നത് കടുത്ത അപരാധമൊന്നുമല്ലെങ്കിലും അതിനര്‍ഥം ആ പോസ്റ്റിന് പറ്റിയ കാറ്റഗറി വേറേ ഇല്ല എന്നാണല്ലോ. രണ്ടാമതാലോചിക്കേണ്ടുന്ന കാര്യം തന്നെ.
വായനക്കാര്‍ക്ക് സഹായകമാം വിധം കാറ്റഗറി തിരിച്ചു കഴിഞ്ഞാല്‍ അത് വായനക്കാര്‍ക്ക് ലഭ്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. (ബ്ലോഗ്സ്പോട്ടിലും വേഡ്പ്രസ്സിലും ഇതിനു മാര്‍ഗമുണ്ട്. ) ഇങ്ങനെ ഒരുക്കി വച്ചിട്ടുള്ള ഒരാളാണ് പെരിങ്ങോടന്‍. പെരിങ്ങോടന്‍റെ കവിതകളെല്ലാം ഒന്നുകൂടി വായിക്കണം എന്ന് തോന്നുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ചെന്ന് കവിത എന്ന കാറ്റഗറിയില്‍ ക്ലിക്ക് ചെയ്താല്‍ മതി. എത്ര അനായാസം, അല്ലേ?

ഇതിനെല്ലാം പുറമേ, ലേബലുകളെ ആശ്രയിച്ച് പോസ്റ്റുകളെ കാറ്റഗറി തിരിക്കുന്ന ഒരു അഗ്രിഗേറ്റര്‍ ഉണ്ടാകുന്ന നാളില്‍, പോസ്റ്റെഴുതുന്നയാള്‍ ഈമെയില്‍ ഫില്‍റ്ററുകളുടെ സഹായത്താല്‍ വിവിധ ഗ്രൂപ്പുകളിലേയ്ക്കും മറ്റും പോസ്റ്റും കമന്‍റും തിരിച്ചു വിടുന്നതിനു പകരം, ആ ജോലികൂടി യന്ത്രവല്‍ക്കരിക്കാന്‍ നമുക്കാവുകയും ചെയ്യും.

Labels: ,