ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, October 23, 2026

വട്ടൻപറമ്പ്

നായകളുടെ വിസർജ്യത്തിന് സംസ്കാരം എന്നു പേരിട്ടാലോ?

രാജേഷ് ആർ. വർമ്മയുടെ വട്ടൻപറമ്പ് (ഭാഷാപോഷിണി, 2026 ഒക്ടോബർ) ഈ ഭാവനയിൽനിന്ന് അധികാരത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും കഥ നിർമ്മിക്കുന്നു. കഥാകൃത്തിന്റെ കയ്യൊപ്പുപതിഞ്ഞ പദവിന്യാസകൗശലം മൂലം, ആദ്യം ചിരിപ്പിക്കുന്ന കഥ സാംസ്കാരികമായ മത്സരങ്ങളിലൂടെയും അധികാരമോഹത്തിലൂടെയും സമൂഹം എങ്ങനെ തകർന്നുപോകുന്നു എന്നതിന്റെ രാഷ്ട്രീയരൂപകമായി മാറുന്നു. മതം, ചരിത്രം, പാരമ്പര്യം, ദേശീയസ്വത്വം എന്നിവയെച്ചൊല്ലിയുള്ള അവകാശവാദങ്ങൾ ഉപജീവനം, സാമൂഹികനീതി, അധികാരത്തിന്റെ ഉത്തരവാദിത്വം തുടങ്ങിയ ചോദ്യങ്ങളെ മറയ്ക്കുന്ന സമകാലിക ലോകത്തിൽ ഈ രൂപകാത്മകമായ ആഖ്യാനം പ്രസക്തമാണ്.

നായകളുടെ വിസർജ്യത്തെ സംസ്കാരം എന്നു വിളിക്കുന്ന തെറ്റിദ്ധാരണ ക്രമേണ വിശ്വാസവ്യവസ്ഥയും സാമൂഹികക്രമവുമായി വളരുകയും സംസ്കാരം എന്നത് സർഗാത്മകതയുടെയും മൂല്യബോധത്തിന്റെയും അടയാളമല്ലാതായി, സ്വാധീനത്തിന്റെയും അംഗീകാരത്തിന്റെയും അധികാരത്തിന്റെയും ഉപകരണമായി മാറുകയും ചെയ്യുന്നു. സംസ്കാരത്തിന്റെ പേരിൽ ശ്രേണികളും അധികാരക്കളികളും രൂപപ്പെടുന്നു. നായകൾ ആദ്യം തങ്ങളുടെ സംസ്കാരത്തിന്റെ മേന്മയെച്ചൊല്ലി പോരടിക്കുമ്പോൾ, സംസ്കാരത്തിന്റെ പേരിൽ ലഭിക്കുന്ന പദവിയും അധികാരവുമാണ് പ്രധാനമെന്ന് പിന്നീട് ബോദ്ധ്യപ്പെട്ട് ജീവിതയാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നു.

പന്ത്രണ്ടു മക്കളുള്ള അമ്മയുടെ സങ്കൽപ്പം പറയിപെറ്റ പന്തിരുകുലം ഓർമ്മപ്പെടുത്തുകയും അത് വട്ടൻപറമ്പിന്റെ വായനയ്ക്ക് തുടക്കത്തിൽത്തന്നെ ഒരു സാംസ്കാരികമാനം നൽകുകയും ചെയ്യുന്നുണ്ട്. അദ്ധ്വാനിച്ചുണ്ടാക്കിയ ലോകത്തുനിന്ന് അമ്മയും മക്കളും പുറത്താക്കപ്പെടുമ്പോൾ, ഐതിഹ്യത്തിന്റെ സാംസ്കാരിക ഓർമ്മ കുടിയൊഴിപ്പിക്കലിന്റെ വേദനയുമായി കൂടിച്ചേരുന്നു. അട്രോ-സിറ്റിയെന്ന പേരാകട്ടെ, രണ്ടായി വായിക്കാവുന്ന അർത്ഥവൈരുദ്ധ്യംകൊണ്ട് കഥയുടെ രാഷ്ട്രീയവിമർശനത്തെ കൂടുതൽ മൂർച്ചയുള്ളതാക്കുന്നു. വികസനത്തിന്റെയും നഗരപുരോഗതിയുടെയും പുറംമോടിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന ക്രൂരതയുടെ പേരുതന്നെയാണത്. ഒരു സമൂഹത്തിന്റെ നാശത്തിന്മേൽ പണിതുയർത്തുന്ന സമൃദ്ധിക്ക് കഥ നൽകുന്ന പരിഹാസനാമം.

കുടുംബത്തെ സംരക്ഷിക്കുന്നവനായിരുന്ന ഫൽഗുനൻ (സ്വഭാവത്തിലെ വൈരുദ്ധ്യം, വീരപരിവേഷത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അധികാരദുര എന്നീ രണ്ടുതരം വിദൂരവായനകൾക്ക് ഈ പേര് ഇടനല്കുന്നുണ്ട് എന്ന് പറയണം!) പിന്നീട് അതേ കുടുംബത്തിന്റെ വിശ്വാസം അവരുടെ അവകാശങ്ങളെ തീറെഴുതാനായി ഉപയോഗിക്കുന്നു. ഫൽഗുനന്റെ രാഷ്ട്രീയപരിണാമം നോക്കുക. അദ്ധ്വാനശീലനും സ്നേഹമുള്ളവനുമായിരുന്നയാൾ പലരീതികളിലൂടെ നായകളുടെ വിശ്വാസം നേടി ‘അകത്തുള്ള’ അധികാരം ഉറപ്പിക്കുന്നു. സേഠ് ഘാതക്‌ലാൽ ദൗലത്ത്‌വാല പ്രതിനിധീകരിക്കുന്ന പുറംശക്തിയുടെ വിജയത്തിന് അകത്തുനിന്നുള്ള സഹകരണം എത്രമാത്രം നിർണ്ണായകമാണെന്ന് നോക്കണം!

ഇനി നായകളുടെ കാര്യം നോക്കാം. ഒരിക്കൽ അഭയം നൽകിയ അമ്മയ്ക്കും കുട്ടികൾക്കുമെതിരെ തിരിയാൻ അവ മടിക്കുന്നില്ല. നായകൾക്ക് അംഗീകാരങ്ങൾ മികവിനുള്ള പ്രതിഫലമല്ലാതായി വിശ്വസ്തതയ്ക്കുള്ള സമ്മാനങ്ങളാകുന്നു. അധികാരത്തോടുള്ള അടുപ്പം യോഗ്യതയുടെ തെളിവായി മാറുന്നു. സംരക്ഷിക്കേണ്ട സ്ഥാപനങ്ങളും ശക്തികളും അധികാരത്തോടുള്ള വിധേയത്വം പ്രധാനധർമ്മമാക്കുമ്പോൾ, സംരക്ഷിക്കേണ്ടവരെത്തന്നെ ശത്രുക്കളായി കാണാൻ തുടങ്ങുമെന്ന മുന്നറിയിപ്പാണിത്. ഒടുവിൽ പഴയ നായകളെ മാറ്റി ജർമൻ നായകളെ കൊണ്ടുവരുന്നതോടെ അധികാരത്തെ പിന്താങ്ങിനടക്കുന്നവരുടെ സ്ഥാനവും സ്ഥിരമായതല്ല എന്ന മറ്റൊരു വൈരുദ്ധ്യവും തെളിയുന്നു.

മതപരമായും രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായ സ്ഥാനത്താലും ഒരു പ്രദേശത്തിന് മൂല്യമേറുന്നതോടെ അതിന്റെ ചരിത്രവും കാലാകാലങ്ങളായി അവിടെ താമസിച്ചുവന്നവരുടെ അവകാശങ്ങളും അപ്രസക്തമാകുന്നതും അത് വാഗ്ദത്തഭൂമിയായി വാഴ്ത്തപ്പെടുന്നതും പുതുമയല്ലല്ലോ. ഭൂമി ഏറ്റെടുക്കൽ ആധുനികവൽക്കരണമായും നഷ്ടപരിഹാരം നീതിയായും ‘നിഷ്പക്ഷർ’ക്ക് തോന്നുമെങ്കിലും പണിയെടുത്ത്, ആശങ്കകളില്ലാതെ ജീവിക്കാനുള്ള ഇടമാക്കിയവർക്ക് ആ ഭൂമിയോടു ചേർന്ന ജീവിതവും ഓർമ്മകളും സ്നേഹവും തിരിച്ചുകിട്ടാനാവാത്ത നഷ്ടമാണ്. ആഡംബരപൂർണ്ണവും സുരക്ഷിതവുമായ അട്രോ-സിറ്റിയുടെ പിന്നിൽ മറ്റൊരു സമൂഹത്തിന്റെ തകർച്ചയുടെ വൃത്താന്തം ഒളിഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവ് ഈ കഥയുടെ ഘടനാപരമായ പ്രധാന നേട്ടമാണ്. നമ്മുടെ സ്വന്തം സൗകര്യങ്ങളുടെ ചരിത്രം നമുക്കറിയാമോ എന്ന ചോദ്യം അത് ഉയർത്തുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വട്ടൻപറമ്പിലെ മക്കളുടെ ചിതറിപ്പാർക്കൽ വിജയത്തിന്റെയും അഭിവൃദ്ധിയുടെയും പതിവു പ്രവാസകഥയാവാം (സർക്കസ് കോമാളികളായും ശുചീകരണത്തൊഴിലാളികളായും ഭിക്ഷക്കാരായും അലഞ്ഞുതിരിയുമ്പോഴും പന്ത്രണ്ടുമക്കളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരായിരുന്നു എന്നാണല്ലോ ഐതിഹ്യകഥ), നിർബന്ധിതമായി വേരുപറിക്കപ്പെട്ടവരുടെ ഭൂതകാലഭാരങ്ങളുമാവാം. നായകളുടെ വിസർജ്യത്തിന്റെ ഗന്ധം അനുഭവപ്പെടുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ചിതറിപ്പോയവർ നിൽക്കുന്നു. കാറ്റിന്റെ ദിശയിലേക്ക് തിരിഞ്ഞ് സംസ്കാരം എന്ന് ആവർത്തിച്ച് മന്ത്രിച്ച് കണ്ണീർ പൊഴിക്കുന്നു. അവർക്ക് വട്ടൻപറമ്പിന്റെ ഓർമ്മയുണ്ട്, പക്ഷേ അവകാശമില്ല. ഗൃഹാതുരത്വം ഉണർത്താൻ സാധാരണ ഉപയോഗിക്കുന്ന അടുക്കള, രുചി, മഴ, തിരിവെട്ടം, മുറ്റം, ഊഞ്ഞാൽ തുടങ്ങിയ ദൃശ്യബിംബങ്ങൾക്ക് പകരം അറപ്പുളവാക്കുന്ന ഒന്നിനെ തിരഞ്ഞെടുക്കുന്നതിലൂടെ, തുടക്കത്തിലെ ഫലിതം ദുഃഖത്തിന്റെ മാദ്ധ്യമമായി മാറുന്നു. വിസർജ്യത്തെ സംസ്കാരമാക്കുന്ന ഭാവന അതിന്റെ ഫലിതത്തിൽ മാത്രം ഒതുങ്ങാതെ, അത് എങ്ങനെയാണ് അധികാരത്തിന്റെ ഭാഷയാകുന്നതെന്നും ഭാഷയെച്ചൊല്ലിയുള്ള തർക്കങ്ങൾ യഥാർത്ഥ ജീവിതപ്രശ്നങ്ങളെ എങ്ങനെ മറയ്ക്കുന്നുവെന്നും കഥ നമുക്ക് കാണിച്ചുതരുന്നു. പരിഹാസത്തിൽനിന്ന് ഭീതിയിലേക്കും അവിടെനിന്ന് ദുഃഖത്തിലേക്കുമുള്ള സ്വരമാറ്റം വായനക്കാരനെ സ്വന്തം ചിരിയെക്കുറിച്ചുതന്നെ ചിന്തിപ്പിക്കുന്നു. തുടക്കത്തിൽ ചിരിപ്പിച്ച അതേ വസ്തു അവസാനത്തിൽ പ്രയാസത്തിന് കാരണമാകുന്നു.

പന്ത്രണ്ട് മക്കളുടെ വെവ്വേറെയുള്ള വ്യക്തിഗത സ്വഭാവങ്ങളും ഓർമ്മകളും കഥ വേണ്ടത്ര വികസിപ്പിക്കാത്തതും ഭൂമിയുടെ ചരിത്രവും സ്വന്തം അദ്ധ്വാനവുമായി ചേർന്നുനിൽക്കുന്ന അമ്മയുടെ സാന്നിദ്ധ്യം പിന്നീട് മങ്ങിപ്പോകുന്നതും ഘാതക്‌ലാൽ ചൂഷണത്തെ ന്യായീകരിക്കുന്ന സങ്കീർണമായ കഥാപാത്രമായി മാറാത്തതും കഥാഘടനയെ വളരെയൊന്നും ബാധിക്കുന്നില്ല. ഒരുവേള, ഇതുകാരണം കഥയ്ക്ക് ഒതുക്കം വന്നു എന്നുവേണമെങ്കിൽ കഥാകാരന് അവകാശപ്പെടാം.

Labels: ,

0 Comments:

Post a Comment

<< Home