ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, January 16, 2006

മഴയുടെ സൗന്ദര്യം

സീയാറ്റിലില്‍ ഇത് മഴക്കാലം. സീയാറ്റിലിനെപ്പറ്റി കൂടുതലറിയാവുന്നവര്‍ കേട്ടാല്‍ ചിരിക്കും. തോരാതെ മഴപെയ്യുന്നിടമാണിവിടം. വര്‍ഷത്തില്‍ 226 ദിവസമെങ്കിലും ഇവിടെ മഴയുണ്ടാവുമെന്നാണ് കണക്കുകള്‍ പറയുന്നത്. ക്യൂജാടയുടെ ഒരു സ്കിറ്റില്‍ പണ്ട് ഞങ്ങളത് അവതരിപ്പിച്ചുണ്ട്: "ഇവിടെ ആഴ്ചയില്‍ രണ്ടു തവണയേ മഴപെയ്യൂ: ആദ്യ തവണ മൂന്നു ദിവസവും രണ്ടാമത്തെ തവണ നാലു ദിവസവും".

കഴിഞ്ഞ 27 ദിവസമായി സീയാറ്റിലില്‍ മഴയൊഴിഞ്ഞിട്ടില്ല. എല്ലാ ദിവസവും മഴതന്നെ.
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ-
യിടിഞ്ഞു ചാടുന്നു.

ഇങ്ങനെ ചുള്ളിക്കാട് വിവരിക്കുന്ന ആര്‍ത്തലയ്ക്കുന്ന പേമാരിയൊന്നുമല്ല, മനവും തനുവും തണുപ്പിക്കുന്ന, നിലയ്ക്കാത്ത, കാണാന്‍ അധികം ചന്തമൊന്നുമില്ലാത്ത ചാറ്റ മഴ. നമ്മുടെ ഇടവപ്പാതിയുടെ നാലയലത്തുനിര്‍ത്താന്‍ കൊള്ളാത്ത പാവത്താനാണ്. ആരോടും പരിഭവമില്ലാതങ്ങനെ പെയ്യുന്നെന്നു മാത്രം. മഴയോടുള്ള എന്‍റെ ആഭിമുഖ്യത്തിന്‍റെ ഒരു കാരണം അതിന്‍റെ പ്രവചനാതീത സൗന്ദര്യമായിരുന്നു. സീയാറ്റില്‍ മഴയ്ക്കില്ലാത്തതും അതുതന്നെ: ഭ്രമിപ്പിക്കുന്ന ആ വശ്യത. ഇവിടെ എല്ലാ ദിവസവും മഴയ്ക്ക് ഒരേ മുഖമാണ്: ചടഞ്ഞുവീര്‍ത്ത് നടക്കാന്‍ ആലസ്യപ്പെടുന്ന ഒരു സായിപ്പത്തിയുടെ. (ചടഞ്ഞുവീര്‍ത്ത് നടക്കാന്‍ ആലസ്യപ്പെടുന്നവര്‍ ക്ഷമിക്കുക. വ്യായാമം ചെയ്യുക.)

ഈ മഴ കാണുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം വരും. (മഴകണ്ടാല്‍ ദേഷ്യം വരുമെന്നു പറഞ്ഞാല്‍ കൂട്ടത്തില്‍ കൂട്ടാത്ത ഒരു സഹൃദയസംഘമുണ്ടായിരുന്നു, പണ്ട്. ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും നിഴലിനെയും നിലാവിനെയും നെഞ്ചേറ്റി നടന്ന കാലം. പ്രണയത്തെയും സമരങ്ങളെയും ആദര്‍ശവല്‍ക്കരിച്ചിരുന്ന കാലം. പ്രേമിക്കല്‍ സമരമാണെന്ന് ചെ ഗ്വേര [ഓര്‍മയില്‍ നിന്ന്]. 'ആമേന്‍' എന്ന് ഞങ്ങളില്‍ പലരും. [ജനുവരി 23-ലെ തിരുത്ത്: പ്രേമിക്കല്‍ സമരമാണെന്ന് പറഞ്ഞത് ഒക്ടോവിയ പാസ് ആണ്, ചെ ഗ്വേര അല്ല.] സദസ്സില്‍ കൂടാനുള്ള 'മിനിമം ക്വാളിഫിക്കേഷന്‍' ഈ സഹൃദയത്വമായിരുന്നു). ജനാലയ്ക്കരികെ പെരുമഴയത്ത് പാടങ്ങളിലേയ്ക്ക് നോക്കിയിരുന്ന് അദ്ഭുതം കൂറാനിന്ന് ഈ സീയാറ്റിലില്‍ പെരുമഴയെവിടെ, പാടങ്ങളെവിടെ, നേരമെവിടെ? മാസത്തിലൊരിക്കലുള്ള "സാമാനമെടുക്കല്‍", ദിവസേനയുള്ള "ഷോപ്പിംഗിന്" വഴിമാറുമ്പോള്‍ മഴ അലോസരപ്പെടുത്തുന്ന അതിഥിയാണ്. പിന്നെ, ആണ്ടുതോറും എണ്ണിച്ചുട്ടു കിട്ടുന്ന, കഷ്ടി 90 ദിവസമുള്ള, സമ്മറില്‍ വഴിപിഴച്ചെത്തുന്ന വേനല്‍മഴയാണെങ്കിലോ, ക്രൂരനായ വില്ലനും രസം കെടുത്തുന്ന ബോറനും തന്നെ.

അതുകൊണ്ടാവണം, "Its raining, its pouring, the old man is snoring" എന്നും "Rain, rain go away, come again some other day" എന്നും മറ്റും വെള്ളക്കാരന്‍ പാടുന്നത്. അത് കേട്ട് കുറെ നാടന്‍ സായിപ്പന്‍മാര്‍ കൂടെപ്പാടുന്നതാണതിശയം! ഇത് സായിപ്പിന് മഴയോട് വലിയ പഥ്യമില്ലാത്തതു കൊണ്ടല്ല എന്നാണ് എന്‍റെ തിയറി. ഭാവനയുള്ളവനെയും ഇല്ലാത്തവനെയും കുരുന്നിലേ തരംതിരിക്കാനുള്ള ഒരു അടവ്. ഈ പാട്ടൊക്കെ പാടി വളര്‍ന്നിട്ടും പിന്നെയും മഴയെ ഇഷ്ടപ്പെടുന്നവന്‍ കലാകാരനാവാതെ തരമില്ലല്ലോ.

ഇന്ദുലേഖ.കോമില്‍ ആഹാ.. മഴ എന്നൊരു ഭാഗമുണ്ട്. വായിച്ചിട്ടില്ലാത്തവര്‍ വായിക്കണം, ഇഷ്ടപ്പെടും.

മഴയെ കേന്ദ്രബിന്ദുവോ, കഥാപാത്രമോ, പശ്ചാത്തലമോ ആക്കി കഥയും, കവിതയും, നോവലും, സിനിമയും, മറ്റു കലാരൂപങ്ങളും നിര്‍മിച്ചവര്‍ക്ക് നന്ദി. ആ കണ്ണുകളിലൂടെ നോക്കുമ്പോഴാണ് ചടഞ്ഞുവീര്‍ത്ത് നടക്കാന്‍ ആലസ്യപ്പെടുന്ന മഴയും അന്നനടയുമായെത്തുന്ന സ്വര്‍ലോക സുന്ദരിയാകുന്നത്.

Labels:

6 Comments:

  1. Blogger reshma Wrote:

    എല്ലാം ഒന്നു നനച്ചെന്ന് വരുത്തിത്തീർ‍ത്ത് ഒച്ചയുണ്ടാക്കാതെ പോണ മഴയേ നോർ‍ത്ത് അമേരിക്കയിൽ കണ്ടിട്ടുള്ളൂ. ‘ചടഞ്ഞുവീര്‍ത്ത് നടക്കാന്‍ ആലസ്യപ്പെടുന്ന ഒരു സായിപ്പത്തി‘മഴ തന്നെ ട്ടോ!

    January 24, 2006 6:16 PM  
  2. Blogger Tom Mangatt Wrote:

    hi santhosh,
    i just happened to visit your blog. wonderful! you didn't tell me about this new avatar! anyway, great. i'll frequent this place.
    love
    tom

    January 27, 2006 7:31 PM  
  3. Blogger SunilKumar Elamkulam Muthukurussi Wrote:

    മഴയെ സ്വപ്നം കാണുന്ന ഒരു കൂട്ടം ഗള്‍ഫ് മലയാളികള്‍! അതില്‍ ഒരുവന്‍ ഈയുള്ളവനും!-സു-

    January 30, 2006 8:49 PM  
  4. Anonymous Anonymous Wrote:

    ഒരു മഴ തികച്ചുകൊണ്ടിട്ട്‌ നാളേറേയായി...ഒരു ഫോട്ടൊ കൂടി ആകാമായിരുന്നുല്ലോ മാഷേ

    January 30, 2006 9:31 PM  
  5. Anonymous Anonymous Wrote:

    മഴ എപ്പോഴും മലയാളികള്‍ക്ക്‌ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മയാണു. ഇതു വായിച്ചപ്പൊ നാട്ടിലെ മഴയെക്കുറിച്ച്‌ ഓര്‍ത്തു പോയി.
    Malayalam poem

    November 22, 2006 12:30 AM  
  6. Blogger Unknown Wrote:

    hellow

    December 04, 2007 7:58 AM  

Post a Comment

<< Home