ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, December 16, 2022

അർജന്റീനയുടെ മിശിഹ

അർജന്റീന വേൾഡ് കപ്പ് ജയിക്കുന്നതിനെപ്പറ്റിയുള്ള വിവിധ ഗൂഢാലോചനാസിദ്ധാന്തങ്ങളും നൊസ്ട്രഡാമസിന്റെയുൾപ്പടെയുള്ള പ്രവചനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. പലതും വിചിത്രമെന്ന് തോന്നാമെങ്കിലും അദ്ഭുതകരമാംവിധം വിശ്വസനീയവുമാണ്. ഫുട്ബോൾസ് യൂസ്ഡ് ഇൻ കോർണർ കിക്ക്സ് (ഇതിന് abbreviation ഇല്ല) എന്നപേരിൽ ബെക്കമിന്റേതായി ഒരു തിയറിതന്നെ ഇറങ്ങിയിട്ടുണ്ട്.

ഗ്രൂപ്പ് സ്റ്റേജുകളിൽ മൊറോക്കോ, ബെൽജിയം, ക്യാനഡ എന്നിവരുടെ ഭാഗ്യനക്ഷത്രങ്ങൾ 1986-ലും 2022-ലും ഒരുപോലെയായിരുന്നു എന്നത് കേവലം യാദൃച്ഛികത മാത്രമാണെന്ന് ഫുട്ബോൾ കാര്യമായി പിന്തുടരുന്ന, നാല്പത്തഞ്ചുവയസ്സു കഴിഞ്ഞ, ഏവർക്കും അറിയാം. (നാല്പത്തഞ്ച് കഴിയാത്തവരൊക്കെ എന്ത് ഫുട്ബോൾ പ്രേമികൾ?)

മഞ്ഞക്കാർഡ് ഖത്തറിൽ ഔട്ട് ഒഫ് സ്റ്റോക്ക് ആണെന്നത് പുതിയ വാർത്തയല്ല. എന്നാൽ മഞ്ഞക്കാർഡ് സംഭവം മറ്റൊരു ഒത്തുകളിയെ മൂടിവയ്ക്കാനായിരുന്നു എന്നതാണ് ചിലർ പറയുന്ന ന്യായം. പോർച്ചുഗൽ-മോറോക്കോ മത്സരം നിയന്ത്രിക്കാനായി ആദ്യം ഒരു ജർമ്മൻ റഫറിയായിരുന്നുവെന്നും പിന്നീട് ഫിഫ തന്ത്രപൂർവ്വം അത് അർജന്റീന റഫറിയെ ഏൽപ്പിച്ചു എന്നുമുള്ള വാദം വെറും ബാലിശമാണ്.

ഈ വാദങ്ങൾക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. അതിനാൽ അർജന്റീന വേൾഡ് കപ്പ് ജയിക്കുന്നതിനെപ്പറ്റിയുള്ള ശാസ്ത്രീയമായ തെളിവ് ആദ്യമായി ഞാൻ അവതരിപ്പിക്കുകയാണ്.

സോക്രട്ടീസിനു മുമ്പ് 490-430 BC യിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫർ ആയ Zeno ആണ് താരം. 2022 മൂന്നിൽക്കണ്ട് അദ്ദേഹം താളിയോലയിൽ ഇങ്ങനെ കുറിച്ചു:
𝑇ℎ𝑎𝑡 𝑤ℎ𝑖𝑐ℎ 𝑖𝑠 𝑖𝑛 𝑙𝑜𝑐𝑜𝑚𝑜𝑡𝑖𝑜𝑛 𝑚𝑢𝑠𝑡 𝑎𝑟𝑟𝑖𝑣𝑒 𝑎𝑡 𝑡ℎ𝑒 ℎ𝑎𝑙𝑓-𝑤𝑎𝑦 𝑠𝑡𝑎𝑔𝑒 𝑏𝑒𝑓𝑜𝑟𝑒 𝑖𝑡 𝑎𝑟𝑟𝑖𝑣𝑒𝑠 𝑎𝑡 𝑡ℎ𝑒 𝑔𝑜𝑎𝑙.

എന്നുവച്ചാൽ പന്ത് ഗോളിൽ എത്തുന്നതിനുമുമ്പ് ഗോളിനും കാലിനും ഇടയിലുള്ള നേർ മദ്ധ്യമായ പാതി വഴിയിൽ എത്തണമെന്ന്! പിന്നീടുള്ളവർ ഇതിനെ 𝐷𝑖𝑐ℎ𝑜𝑡𝑜𝑚𝑦 𝑃𝑎𝑟𝑎𝑑𝑜𝑥 എന്നുവിളിച്ച് ആക്ഷേപിച്ചു.

കേട്ടാൽ ചിരി വരുമെങ്കിലും കാര്യം അത്ര നിസ്സാരമല്ല. ബോൾ പാതിവഴി എത്തുന്നതിനുമുമ്പ് കാലിനും പാതി വഴിയ്ക്കും മദ്ധ്യത്തുള്ള കാൽ വഴിയിൽ എത്തണമല്ലോ. അതിനു മുമ്പ് 1/8 ദൂരം പോണം. അതിനും മുമ്പ് 1/16 ദൂരം പോണം. അതായത്, പന്ത് ഗോളിലെത്തുന്നതിന് മുമ്പ് 1/2, 1/4, 1/8, 1/6, 1/32, ... ഇങ്ങനെ ചെറുതെങ്കിലും അനന്തമായി നീളുന്ന വഴികൾ താണ്ടണം. വീണ്ടും പറയുന്നു: താണ്ടാനുള്ളത്, ചെറുതെങ്കിലും അനന്തമായി (𝑖𝑛𝑓𝑖𝑛𝑖𝑡𝑒) നീളുന്ന വഴികളാണ്.

ഒരിക്കലുമവസാനിക്കാത്ത ഇത്തരമൊരു പണി അചേതന വസ്തുവായ വെറുമൊരു തോൽപ്പന്തിനെ ഏൽപ്പിക്കുന്നത്, ഇനി അത് ശക്തമായ തൊഴിയിലൂടെ ആണെങ്കിൽക്കൂടി, മാനുഷികമായ കാര്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

ഇവിടെയാണ് അമാനുഷികതയുടെ പ്രസക്തി. ആ കാൽപ്പന്ത് തൊഴിക്കുന്നത് ആരാണ്? സാക്ഷാൽ മിശിഹ!

𝑄𝑢𝑜𝑑 𝐸𝑟𝑎𝑡 𝐷𝑒𝑚𝑜𝑛𝑠𝑡𝑟𝑎𝑛𝑑𝑢𝑚.

Labels:

0 Comments:

Post a Comment

<< Home