വീണ്ടും നൃത്തം ജനകീയമാക്കൽ
1966-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങൾ നേടിയ ‘കല ജീവിതം തന്നെ’ എന്ന പുസ്തകത്തിൽ ‘കല ജീവിതത്തെ എങ്ങനെ സ്പർശിക്കുന്നു?’ എന്നൊരു ലേഖനമുണ്ട്. “വായനക്കാർക്കു ഹൃദയസംവാദം ജനിക്കത്തക്ക വല്ലൊരുൽക്കർഷത്തെയും മുൻനിർത്തിക്കൊണ്ടല്ലാതെ അവരിൽ കാവ്യസാരമായ രസത്തെ വ്യഞ്ജിപ്പിക്കാൻ വേറേ വഴിയില്ല” എന്ന് കുട്ടികൃഷ്ണമാരാര് ഈ ലേഖനത്തിൽ പറയുന്നു.
ഈ നിലപാട് എല്ലാ കലകൾക്കും ബാധകമാണെന്ന് പുതിയൊരു വാദമായി അവതരിപ്പിക്കുകയല്ല എന്റെ ഉദ്ദേശ്യം. വരേണ്യമെന്ന് കരുതുന്ന കലകളെ ജനകീയമാക്കണമെന്ന പക്ഷക്കാരനാണ് ഞാനെന്ന് എന്റെ പല ഗിരിപ്രഭാഷണങ്ങളിലൂടെയും ഇതിനകം വ്യക്തമായിട്ടുള്ളതാണല്ലോ. കലയുടെ നിലവാരം കുറച്ചുകൊണ്ടല്ല, അതിന്റെ ആസ്വാദനത്തിലേക്കുള്ള പ്രവേശനം കൂടുതൽ പേർക്ക് സാദ്ധ്യമാക്കിക്കൊണ്ടാണ് കലാരൂപങ്ങളെ ജനകീയമാക്കേണ്ടത്.
ഒരുകാലത്ത് പണ്ഡിതന്മാരുടെയും വാഗ്മികളുടെയും മാത്രം കുത്തകയും അവകാശവുമായി കരുതപ്പെട്ടിരുന്ന ശ്ലോകരചന, അതിന്റെ സ്ഥാപിത ചട്ടങ്ങളെയും കീഴ്വഴക്കങ്ങളെയും ചോദ്യം ചെയ്യാനും പുതിയ പരീക്ഷണങ്ങൾ നടത്താനും ഞങ്ങളിൽ ചിലർ തയ്യാറായതോടെ, ഇന്ന് പതുക്കെയെങ്കിലും കൂടുതൽ പേർക്ക് സ്വീകാര്യമായിത്തുടങ്ങുന്നുണ്ട്. നൃത്തകലകൾക്കും ഇതൊക്കെ ചെയ്യാൻ കഴിയുമെന്നും ചെയ്യേണ്ടതുണ്ടെന്നുമാണ് ഞാനിവിടെ വീണ്ടും വാദിക്കുന്നത്. ഇതിനകം തന്നെ അങ്ങനെ ചെയ്യുന്ന ധാരാളം കലാകാരന്മാരുണ്ട്. എങ്കിലും, ഗുരുക്കന്മാർക്കും പഠിതാക്കൾക്കും ഇനിയും ഒരുപാട് ചെയ്യാനാവുമെന്നാണ് എന്റെ തോന്നൽ.
ഈ വാദം അടിസ്ഥാനമാക്കിവേണം നൃത്തരൂപങ്ങളുടെ അവതരണങ്ങളെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങളെ കാണാൻ. ഈ കലാരൂപങ്ങളെ ഒരു പണ്ഡിതന്റെ നിലയിൽ വിമർശിക്കുകയല്ല, മറിച്ച് ഒരു ‘സഹൃദയസാധാരണക്കാരന്റെ’ നിലയിൽ ആസ്വദിക്കുകയും എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുമാണ് ഞാൻ ചെയ്യുന്നത്. വിഷയവിദഗ്ധന്റെ അറിവില്ലെങ്കിലും നല്ല കല തിരിച്ചറിയാനും ആസ്വദിക്കാനും എനിക്കറിയാം. ക്രിക്കറ്റ് കളിയുടെ കാര്യമെടുക്കൂ. മനോഹരമായ ഒരു കവർ ഡ്രൈവ് കാണുമ്പോൾ നാമെല്ലാം അതിനെ അഭിനന്ദിക്കും. മോശമായ ഒരു കവർ ഡ്രൈവ് കണ്ടാൽ അതും പെട്ടെന്ന് തിരിച്ചറിയും. പക്ഷേ, ഈ അറിവു മാത്രംവച്ച് ഒരു കൂട്ടം കുട്ടികളെ നല്ല ക്രിക്കറ്റ് കളിക്കാരാക്കാൻ പറ്റില്ലല്ലോ. അതിന് കളിയുടെ സാങ്കേതികവശങ്ങളെക്കുറിച്ചുള്ള ഗഹനമായ അറിവും ചിട്ടയായ പരിശീലനവും വേണം.
അടുത്തിടെ, Upasana Dance Academy സംഘടിപ്പിച്ച പരിപാടിയിൽ Shyni Matathankandy Panamgattil അവതരിപ്പിച്ച ഭരതനാട്യം കാണാനിടയായി. കലാരൂപങ്ങളെ ജനകീയമാക്കുന്നതിൽ കലാകാരന്മാർക്ക് എന്തു പങ്കുവഹിക്കാനാകുമെന്നതിന്റെ നല്ലൊരു ഉദാഹരണമായിരുന്നു ഷൈനി തന്റെ യതി അവതരണത്തിന് നൽകിയ ആമുഖം. കഥയറിയാതെ ആട്ടം കാണുന്ന സദസ്സിനെ ഒപ്പം കൂട്ടാനുള്ള അവസരമാണ് അവതരിപ്പിക്കാൻ പോകുന്ന രംഗത്തെക്കുറിച്ച് നൽകുന്ന ആമുഖം. ഷൈനി നൽകിയ ഹൃദ്യമായ ആമുഖം കഥപറച്ചിലിൽ മാത്രം ഒതുങ്ങാതെ നൃത്തത്തിന്റെ സാങ്കേതികമായ വിശദാംശങ്ങളിലേയ്ക്കുകൂടി കടന്നപ്പോൾ, അരങ്ങേറാൻ പോകുന്നത് എന്താണെന്ന് സദസ്സിന് മനസ്സിലാക്കിക്കൊടുക്കുക മാത്രമല്ല, നൃത്തം ആസ്വദിക്കാൻ അവരെ മാനസികമായി തയ്യാറാക്കുകയും ചെയ്തു. അതൊരു പൂർണ്ണമായ ആസ്വാദനാനുഭവമായിരുന്നു.
ഇനി നൃത്താവതരണത്തെപ്പറ്റിയുള്ള എന്റെ മൂന്നു നിരീക്ഷണങ്ങളിലേക്ക് വരാം.
ഒന്നാമതായി, ആമുഖം “ശ്ലോകത്തിൽ കഴിക്കാതെ” ആവശ്യമായത്ര സമയമെടുത്ത് കഥയും സന്ദർഭവും ശ്രദ്ധിക്കേണ്ട ഭാവങ്ങളുമെല്ലാം സദസ്സിനോട് പറയുന്നതിൽ ഒരു തെറ്റുമില്ല. കഥ പരമാവധി വിശദമായും ആകർഷകമായും പറഞ്ഞുതരാൻ ഒന്നോ രണ്ടോ മിനിറ്റ് കൂടുതൽ ചെലവഴിക്കുന്നതിലൂടെ സമയവും അദ്ധ്വാനവും പരിശീലനവും ചെലവഴിച്ച് ഷൈനി സ്വായത്തമാക്കിയ കലയുടെ ആസ്വാദനം കൂടുതൽ പൂർണ്ണമാക്കാൻ കഴിയും.
രണ്ടാമതായി, നർത്തകർ തന്നെ അവർ അവതരിപ്പിക്കാൻ പോകുന്ന കഥയെക്കുറിച്ച് സദസ്സിനോട് പറയണം എന്നൊരു അലിഖിത നിയമമുണ്ടോ എന്നെനിക്കറിയില്ല. അതെന്തുകൊണ്ട് അവതാരകർക്ക് വിട്ടുകൊടുത്തുകൂടാ? കഥയുടെ നല്ലൊരു സംഗ്രഹം തയ്യാറാക്കി നൽകിയാൽ, അവതാരകർക്ക് അത് ആസ്വാദകരെ ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിച്ചുകൂടേ? അങ്ങനെ ചെയ്യുന്നത് നിലവിലുള്ള കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണോ? ആണെങ്കിൽ ആ കീഴ്വഴക്കം മാറ്റേണ്ട കാലമായി!
മൂന്നാമതായി, ഗുരു ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും, തന്റേതായ ചില ഭാവനകളും പരീക്ഷണങ്ങളും ചേർത്തിട്ടുണ്ടെന്നും ഷൈനി പറഞ്ഞല്ലോ. ആ മാറ്റങ്ങൾ ഏതൊക്കെയാണെന്നും അവ എവിടെയൊക്കെയാണെന്നും സദസ്സിലിരുന്ന എത്രപേർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഷൈനി കരുതുന്നു? ഷൈനിയുടെ സർഗാത്മകമായ ഇടപെടലുകൾ സദസ്സിന് തിരിച്ചറിയാനും ആസ്വദിക്കാനും അവസരം നൽകുന്ന രീതിയിൽ അവയെക്കുറിച്ച് കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
പ്രസംഗത്തിലൂടെയല്ല, പ്രകടനത്തിലൂടെയാണ് ഭരതനാട്യം സദസ്സിലെത്തിക്കേണ്ടതെന്ന് പരമ്പരാഗത ചട്ടക്കൂടുകളിൽ ഉറച്ചുനിൽക്കുന്ന ഗുരുക്കന്മാരാരെങ്കിലും പയ്യാരം പറഞ്ഞാൽ, അവരോട് 1920-കൾ മുതൽ ഈ നൃത്തരൂപത്തിൽ വന്ന മാറ്റങ്ങൾ പഠിക്കാൻ പറയണം. സദിർ എന്നറിയപ്പെട്ടിരുന്ന പാരമ്പര്യത്തിൽനിന്ന് ഇന്നത്തെ ഭരതനാട്യത്തിലേക്കുള്ള രൂപപരിണാമവും അതിനിടയിൽ സംഭവിച്ച മാറ്റങ്ങളും അന്വേഷിക്കാൻ പറയണം. രുക്മിണീദേവിയും ബാലസരസ്വതിയും ഉൾപ്പെടെയുള്ള കലാകാരികൾ ഈ കലാരൂപത്തിന് നൽകിയ വ്യത്യസ്തമായ സംഭാവനകൾ വിലയിരുത്താൻ പറയണം. ശൃംഗാരത്തിന്റെ അവതരണത്തിലും ഭക്തിയുടെ ആവിഷ്കാരത്തിലും കാലക്രമത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കാൻ പറയണം. വേഷവിധാനത്തിലും ആഭരണങ്ങളിലും അവതരണച്ചിട്ടകളിലും ഇന്നു കാണുന്ന പലതും കഴിഞ്ഞ നൂറുവർഷത്തിനുള്ളിൽ രൂപപ്പെട്ടതോ പരിഷ്കരിക്കപ്പെട്ടതോ ആണെന്ന കാര്യം ഭയഭക്തിബഹുമാനങ്ങളോടെ ഓർമ്മിപ്പിക്കണം.
ഇങ്ങനെയൊക്കെ മാറിയിട്ടും ഭരതനാട്യം ഭരതനാട്യമായി തുടരുന്നുണ്ടെങ്കിൽ, സദസ്സിനെ ഒപ്പം കൂട്ടാനുള്ള പുതിയ പരീക്ഷണങ്ങൾക്കു മുന്നിൽ നമ്മൾ പുറംതിരിഞ്ഞു നിൽക്കരുത്.
ഭരതനാട്യം ജനകീയമാക്കാൻ ഷൈനിക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ ഏറെയുണ്ടാവും. അതിനുള്ള സർഗാത്മകസ്വാതന്ത്ര്യം ഷൈനി ഉപയോഗിക്കുമെന്നാണ് എന്റെ വിശ്വാസം.

0 Comments:
Post a Comment
<< Home