ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, November 17, 2026

കലോപാസന

വളരെ ചുരുക്കി രണ്ടുവാചകങ്ങളിൽ പറയാം.

ശാസ്ത്രീയകലകളിൽ പ്രാവീണ്യമില്ലാത്ത ഒരുകൂട്ടം സഭാജനങ്ങൾക്കുവേണ്ടി ചായമണിഞ്ഞ് രംഗമഞ്ചം പൂകി, പകുതിയിരുട്ടാക്കിയ മുറിയിൽ മുക്കാലും കാലിയായ സദസ്സിനെ പാടേ വിസ്മരിച്ച്, "എന്റെ കല, എന്റെ തല!" എന്ന ഭാവത്തിൽ ഗർവ്വമൊട്ടും കുറയാതെ പ്രസാദം കീഴേയ്ക്കെറിഞ്ഞുതരുമ്പോൾ, ആ മഹാദാനം ഏറ്റുവാങ്ങാൻ കൈക്കുമ്പിളിൽ കാട്ടാത്ത സഹൃദയലോകത്തോട്, "ഞാനെത്ര അദ്ധ്വാനിച്ചതാണ്! ഉൽക്കൃഷ്ടകല അനുഭവിക്കാൻ യോഗമില്ലല്ലോ നായ്ക്കൾക്ക്!" എന്നു വിലപിക്കുന്നത്, വിളയെത്താതെ പഴുത്ത ഞാലിപ്പൂവൻ വേണ്ടെന്നു പറയുമ്പോൾ "നാലണയ്ക്ക് ഞാൻ വാങ്ങിയ കന്നിന്, നാലുപറമ്പപ്പുറത്തുനിന്നും മീനച്ചൂടിൽ ഞാൻ കോരിയ വെള്ളത്തിന്" എന്നൊക്കെ കണക്കു പറയുന്ന അമ്മൂമ്മയെ ഓർമ്മിപ്പിക്കാനേ ഉപകരിക്കൂ.

രാജസദസ്സിലാണെങ്കിൽ, രാഗവിസ്താരം ചെയ്യുമ്പോഴോ കോലംകെട്ടിയാടുമ്പോഴോ, പദം രചിച്ചയാളോ നൃത്തം ചിട്ടപ്പെടുത്തിയയാളോ പണ്ഡിതസദസ്സിലെ പന്ത്രണ്ടുപേരിൽ ഒരാളായി ഉണ്ടാകുമെന്നും ചിദംബരത്തോ ചെന്നൈയിലോ ആണെങ്കിൽ, വഴിതെറ്റി കയറിവരുന്നവരല്ല സദസ്സിലുള്ളതെന്നും അനുമാനിക്കുന്നതോടൊപ്പം ഇന്നാട്ടിലാണെങ്കിൽ, പൊന്നും വളയും കിട്ടണമെങ്കിൽ, തുള്ളിയാടിത്തുടങ്ങുംമുമ്പ് അവനവനാത്മസുഖത്തിനാചരിക്കുന്ന കലോപാസനകൾ അപരന്റെ സുഖത്തിനായിക്കൂടി എങ്ങനെ രൂപപ്പെടുത്താമെന്ന് അരനാഴികയെങ്കിലും ആലോചിക്കാവുന്നതാണ്.

Labels: ,

0 Comments:

Post a Comment

<< Home