ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, May 25, 2018

ചൂരൽത്തഴമ്പുകൾ

(ഇപ്പോൾ സ്കൂൾ ഓർമ്മകൾ ആണ് ട്രെൻഡ്)

വളരെ പണ്ടൊന്നുമല്ല. കുറച്ചു നാളേ ആയിട്ടുള്ളൂ. ഞാൻ ഹൈസ്ക്കൂളിൽ പഠിക്കുകയാണ്. മൂക്കത്ത് ശുണ്ഠിയുള്ളയാളായിരുന്നു ഹെഡ്‌മാസ്റ്റർ. ദേഷ്യം വന്നാൽ അദ്ദേഹം വിറച്ചുതുള്ളും. (അദ്ദേഹത്തിന്റെ മക്കളും ചെറുമക്കളുമൊക്കെ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉണ്ട്, അതിനാൽ പേര് പറയുന്നില്ല.)

ഞാൻ A-ഡിവിഷനിൽ ആയിരുന്നു. ഡ്രിൽ പീരിയഡിൽ, ക്ലാസിൽ നിന്നും ഗ്രൌണ്ടിലേയ്ക്ക് നടക്കുന്ന വഴിയിൽ തൊട്ടടുത്തുള്ള C-ഡിവിഷനിൽ കെമിസ്റ്റ്രി ഉത്തരക്കടലാസ് മടക്കി നൽകുകയാണ്. നമ്മുടെ അയൽക്കാരൻ ആ ക്ലാസിലിരുന്ന് കിട്ടിയ ഉത്തരക്കടലാസ് നോക്കി നെടുവീർപ്പിടുന്നു. ഞാൻ അവന്റെ നേരേ ‘എന്തടേയ്’ എന്ന് ആംഗ്യം കാട്ടി.

ആംഗ്യ പോസിൽ കൈ വായുവിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ശക്തമായ പ്രഹരമുണ്ടായത്. അടിയെന്നു പറഞ്ഞാൽ ഒരു അന്തവും കുന്തവുമില്ലാത്ത അടി. ചന്തിയിൽ രണ്ട്, മുട്ടുമടക്കിൽ ഒന്ന്. നടുവിന് തൊട്ടു താഴെ മറ്റൊന്ന്. തിരിഞ്ഞ് നോക്കിയപ്പോൾ ഹെഡ്‌മാസ്റ്റർ ചൂരലുമായി നിന്ന് വിറയ്ക്കുകയാണ്. ചന്തി ലക്ഷ്യമാക്കിയുള്ള അടി വിറയൽ മൂലം പ്രാന്തപ്രദേശത്ത് പെയ്തതാണ്. അയ്യോ പൊത്തോ എന്നു പറഞ്ഞ് ഞാൻ നിലവിളി ആരംഭിച്ചു.

എന്റെ അലർച്ച കേട്ട് കെമിസ്റ്റ്രി ഉത്തരക്കടലാസുപേക്ഷിച്ച് ചന്ദ്രമോഹൻ സാർ പുറത്തേയ്ക്ക് വന്നു. ചന്ദ്രമോഹൻ സാർ ഫെയ്‌സ്‌ബുക്ക് വരുന്നതിനു മുന്നേ അച്ഛന്റെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള കക്ഷിയാണ്. അദ്ദേഹം ഓടിവന്ന് ഹെഡ്‌മാസ്റ്ററോട് എന്തൊക്കെയോ ചോദിച്ചു. എന്നിട്ട് എന്നോട്, “പോട്ടടാ, സാരമില്ല!” എന്നൊക്കെ പറയുന്നുണ്ട്. എനിക്കാണെങ്കിൽ ആകെ കൺഫ്യൂഷൻ. എന്തിനായിരിക്കും ഈ ഇരുട്ടടി കിട്ടിയത്? മേജർ സെറ്റ് അടികിട്ടി പാരമ്പര്യമില്ലാത്തതാണ്. വീട്ടിനടുത്തുള്ള സകല തെണ്ടികളേയും സാക്ഷികളാക്കിയാണല്ലോ ഹെഡ്‌മാസ്റ്റർ തകർത്താടിയത് അതിനാൽ കാര്യം വീട്ടിൽ പറയാതിരിക്കാനും കഴിയില്ല.

C-ഡിവിഷന്റെ മുന്നിൽക്കൂടി പോകുന്നവഴിക്ക് ഒരു നിമിഷം അകത്തേയ്ക്ക് നോക്കി ആംഗ്യം കാട്ടിയതിനാണോ അടി? ആവാൻ വഴിയില്ല. ഞാൻ നോക്കിയതോ ‘എന്തടേയ്’ എന്ന് ആംഗ്യം കാട്ടിയതോ ഹെഡ്‌മാസ്റ്റർ കണ്ടിരിക്കാൻ ഒരു വഴിയുമില്ല. ഇനി ഗ്രൌണ്ടിൽ വേഗം എത്താത്തതിനാണോ? അക്കാര്യത്തിൽ കായികാദ്ധ്യാപകനില്ലാത്തത്ര പ്രശ്നം ഹെഡ്‌മാസ്റ്റർക്കുണ്ടാവാൻ ഒരു വഴിയുമില്ല. പൊതുവേ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കാത്തയാളാണ് ഹെഡ്‌മാസ്റ്റർ. ഇനി പുതിയ ചൂരലിന് ചൂടുണ്ടോ എന്ന് പരീക്ഷിച്ചതാണോ? സാദ്ധ്യതയില്ല. വെറുതേനടന്ന് കുട്ടികളെ അടിക്കുന്നതിൽ വിനോദം കണ്ടെത്തുന്നവനായിരുന്നില്ല അദ്ദേഹം.

പിന്നെ എന്തായിരിക്കും കാരണം? അതിനുത്തരം എനിക്ക് ഇന്നുമറിയില്ല.

CKGS-സൈറ്റുപയോഗിച്ച് പാസ്‌പോർട്ടു പുതുക്കൽ, PIO/OCI കാർഡുകൾ നേടിയെടുക്കൽ എന്നീ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾക്ക് അപേക്ഷിക്കുന്നത് കാര്യമറിയാതെ ചൂരൽക്കമ്പാൽ അടിവാങ്ങുന്നതുപോലെയാണ്. കുറുമ്പ്/കുറ്റം എന്തായിരുന്നുവെന്നു അറിയില്ലെങ്കിലും വേദന മറക്കുകയോ അടിപ്പാട് മാറുകയോ ചെയ്യില്ല.

Labels:

0 Comments:

Post a Comment

<< Home