ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, July 09, 2018

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എന്ന പേരോ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോ മുമ്പ് കേട്ടിരുന്നില്ല (നമ്മളറിയാത്ത എന്തൊക്കെയാണ് ലോകത്തിൽ). അദ്ദേഹം കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വൈദിക പ്രഭാഷകനാണ്. 2003 മുതലെങ്കിലും വടക്കേ അമേരിക്കയിലെ പലനഗരങ്ങളിലും അദ്ദേഹം പ്രഭാഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സീയാറ്റിൽ അക്യുമനികൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാ. പുത്തൻപുരയ്ക്കലിന്റെ ‘A Divine Journey’ എന്ന ഏകദിന പ്രഭാഷണത്തിന്റെ ആദ്യരണ്ടുമണിക്കൂർ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണം ഒരു stand-up comedy പോലെ ഹാസരസപ്രധാനമാകയാൽ മുമ്പ് ശ്രവിച്ചിട്ടുള്ളവർക്കൊക്കെ അദ്ദേഹത്തെപ്പറ്റി വൻ അഭിപ്രായമാണ്.

ചുരുക്കമിതാണ്: നിലയും വിലയുമുള്ള കൃസ്ത്യൻ കുടുംബങ്ങൾ എങ്ങനെ ഭക്തിയും വിശ്വാസവും കൊണ്ട് ഉറപ്പിച്ചു നിർത്താം എന്നതാണ് പ്രഭാഷണത്തിന്റെ മുഖ്യചരട്. 20-25 വർഷം മുമ്പുള്ള കൃസ്ത്യൻ കുടുംബമാണ് അദ്ദേഹത്തിന്റെ കുടുംബ സങ്കല്പം. ഏ-ക്ലാസ് patriarchal setup. ഭർത്താവ് ജോലി ചെയ്തോ ബിസിനസ് നടത്തിയോ കാശുണ്ടാക്കുന്നു. ഭാര്യ ഭർത്താവിനെ പരിചരിച്ചും ആശ്രയിച്ചും ഭയന്നും അനുസരിച്ചും സഹിച്ചും സ്വന്തമിഷ്ടങ്ങൾ മറന്നും മറ്റെല്ലാം ത്യജിച്ചും കുടുംബത്തിനു വേണ്ടി ജീവിക്കുന്നു. അങ്ങനെ അല്ലാ എന്ന് ഏതെങ്കിലും സ്ത്രീയ്ക്ക് തോന്നിയാൽ ഫാ. പുത്തൻപുരയ്ക്കലിന്റെ ‘ദൈവീക യാത്ര’യിൽ പങ്കെടുപ്പിച്ചാൽ എല്ലാം സ്വസ്ഥം, സുഖം.

ഫാ. പുത്തൻപുരയ്ക്കലിന്റെ നേർപ്പിച്ചെടുത്ത, എന്നാൽ, ഇടതടവില്ലാതെ ഉപയോഗിക്കുന്ന ആൺപക്ഷതമാശകൾ ഉൾപ്പെടെയുള്ള ലൈനുകൾ പലതും മൗലികമാണെന്ന് തോന്നുന്നു. പലതവണ ധ്യാനയോഗങ്ങൾ നടത്തുന്നതിനാലും വീഡിയോകൾ പലതും യൂറ്റൂബിലും മറ്റും ഷെയർ ചെയ്യപ്പെടുന്നതിനാലും പുതിയ content (ഫലിതങ്ങളെങ്കിലും) അനിവാര്യമാണ്. കോമഡിതാരങ്ങളുടെ അച്ചടക്കത്തോടെ അവ അനുസ്യൂതം നിർമ്മിക്കുന്നതിനും തന്റെ സന്ദേശത്തിൽ ആ തമാശകളെ അവധാനതയോടെ സന്നിവേശിപ്പിക്കുന്നതിനും ഫാ. പുത്തൻപുരയ്ക്കൽ കാണിക്കുന്ന മാന്ത്രികപാടവം വിസ്മയകരമാണ്.

0 Comments:

Post a Comment

<< Home