ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, December 20, 2019

മിണ്ടാതെ നിൽക്കുന്നവരോട്

എന്റെ ചുറ്റിലും മിണ്ടാതെ നിൽക്കുന്നവരോടാണ്.

വിശേഷാവകാശങ്ങൾ കൈപ്പറ്റിയവരോടാണ്. നിങ്ങൾ മിണ്ടാതെ തന്നെ നിൽക്കുക.
നിങ്ങളിൽപ്പലർക്കും ഇൻഡ്യയുടെ തെരുവുകൾ രണമണിയുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നത് വാർത്തയോ വൃത്താന്തമോ അല്ല. തീവ്രമതവാദഗോഗ്വാവിളികൾ ജനാധിപത്യത്തിന്റെ അഭയസ്ഥാനങ്ങളെ വിറകൊള്ളിക്കുമ്പോൾ, നഞ്ചുനിറച്ച പ്രചാരണവ്യവസ്ഥകൾ തമ്മിൽത്തല്ലിയലറുമ്പോൾ, ഉടയാടയും ചെകിടുരോമവും പോലും ശത്രുപക്ഷത്തെ നിര്‍വ്വചിക്കുമ്പോൾ, വൈവിദ്ധ്യമെന്ന് അഭിമാനിച്ചിരുന്ന സംസ്‌ക്കാരമാതൃകകൾ വിഭജനസാമഗ്രികൾ നിറച്ച പടക്കപ്പുരയിലെ ഉൽപ്രേരകങ്ങളാവുമ്പോൾ, അപ്പോഴൊക്കെ നിങ്ങൾ മിണ്ടാതെ നിൽക്കുക.

ഓരോതൂണും തകർന്നുവീഴും വരേയും നിങ്ങൾ മിണ്ടാതെ നിൽക്കുക. നിലയ്ക്കാതൊഴുകുന്ന ചോരപ്പുഴകണ്ട് അത്ഭുതം കൂറുക. മേധാശക്തി ഇനിയും പണയംവയ്ക്കാത്ത ഭാവിതലമുറയുടെ പ്രതിഷേധങ്ങളെ കുരുത്തക്കേടെന്ന് നിഷേധിക്കുക. മൂഢസ്വർഗ്ഗത്തിലേയ്ക്കുള്ള കോണിപ്പടികളിൽ നിന്ന് ഭൂമിയിലെ അശാന്തി നുകരുക. അതുമല്ലെങ്കിൽ മേലാളന്മാർ കനിവോടെവച്ചുനീട്ടിയ അരാഷ്ട്രീയത്തിന്റെ കരിമ്പടമണിഞ്ഞ് സുഖംനടിച്ച് സുഷുപ്തിയിലാവുക.

ഉറങ്ങിയുണരുമ്പോൾ നിങ്ങൾ ഏതുലോകത്തിലായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ നിശ്ശബ്ദതമൂലം ക്രമാനുസരണമാക്കപ്പെടുന്ന പുതിയ ലോകക്രമം സ്വപ്നത്തിലെങ്കിലും നിങ്ങൾ സങ്കല്പിച്ചിട്ടുണ്ടോ?

എന്തെങ്കിലും പറയൂ. നിങ്ങളുടെ ശബ്ദത്തിലൂടെ അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ പുറത്തുവരട്ടെ.

Labels:

0 Comments:

Post a Comment

<< Home