ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, February 28, 2026

ഹൃദിസ്ഥമീശ്വരം ത്യക്ത്വാ

ചങ്കിൽപ്പടച്ചോൻ കുടികെട്ടിയാലും
ബിംബം നമിക്കാനുഴലുന്നു, ലോകർ!
കൈപ്പിന്നിലൊട്ടും ചെറുവറ്റു നക്കാൻ
കയ്യും കമഴ്ത്തിക്കളയുന്നു ഭോജ്യം!

(വൃത്തം: ഇന്ദ്രവജ്ര)

സംസ്കൃതത്തിൽ ശ്ലോകം ഈ മാതിരിയെന്ന് ChatGPT:
ഹൃദിസ്ഥമീശ്വരം ത്യക്ത്വാ
ബഹിഃപൂജാം കരോതി യഃ
കരസ്ഥം പായസം ത്യക്ത്വാ
ലിഹദ്വൈ കൂർപരം സ്വകം

(വൃത്തം: പത്ഥ്യാവക്ത്രം)

Labels: , , ,

Saturday, February 21, 2026

സന്തോഷ് നായർ

സീയാറ്റിലിലെ സാമൂഹികരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന സന്തോഷ് നായരുടെ അകാലദേഹവിയോഗവാർത്ത ഗാഢമായ ദുഃഖത്തോടെയാണ് കേൾക്കേണ്ടിവന്നത്.

2007-ലോ മറ്റോ ആണ്. സീയാറ്റിലിൽ കേരള അസ്സോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടി നടക്കുന്നു. പ്രോഗ്രാമിന്റെ ഇടവേളയിൽ സ്ഥലത്തെ ഒരു പ്രധാനമലയാളി സ്റ്റേജിൽ നിന്നും സംസാരിക്കുകയാണ്. അപ്പോഴാണ് അധികം ഒച്ചയിലല്ലാതെ എന്നാൽ കേൾക്കേണ്ടവർ കേൾക്കുമാറ് സദസ്സിൽ നിന്നും ഒരു വിരുദ്ധ സ്വരം ശ്രദ്ധിച്ചത്. ഇത് പതിവുള്ളതല്ല. അല്പം കഴിഞ്ഞ് അടുത്തു ചെന്ന് പരിചയപ്പെട്ടു. പോർട്ട്ലാന്റിൽ നിന്നും സീയാറ്റിലിലേയ്ക്ക് വന്നിട്ട് അധികനാളായിട്ടില്ലാത്ത മനുഷ്യൻ. സന്തോഷ് നായർ. ഈ വിരുദ്ധ സ്വരം പിന്നീട് പലപ്പോഴും അസ്സോസിയേഷന്റെ സ്വരമായിമാറിയത് ചരിത്രം.

നമ്മളിൽ പലർക്കും അദ്ദേഹം ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു. കൂട്ടായ്മകളും സ്നേഹസമ്പർക്കങ്ങളും തുടങ്ങിവയ്ക്കുന്ന, പരിചിതർക്കും അപരിചിതർക്കും തുണയാവുന്ന, കലാകാരന്മാർക്കും കലാരസികർക്കും സ്വന്തം വീട്ടുവാതിൽ തുറന്നിടുന്ന, മനോഹരമായി പ്രസംഗിക്കുന്ന, സുസ്മേരവദനനായ, എല്ലാവരുടേയും സന്തോഷ് ചേട്ടൻ ആയിരുന്നു.

കേരള അസ്സോസിയേഷനിൽ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, സന്തോഷ് നായർ മൂന്നു തവണയെങ്കിലും പ്രസിഡന്റ് പദവിവിയിലുണ്ടായിരുന്നു. അതിൽ രണ്ടുതവണ അദ്ദേഹത്തോടൊപ്പം സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിറഞ്ഞ സന്ദർഭങ്ങളിൽ, മറ്റുള്ളവരെ ശ്രദ്ധാപൂർവ്വം കേൾക്കുക എന്ന അപൂർവ്വ ഗുണം അദ്ദേഹം പ്രകടിപ്പിച്ചു. വിയോജിപ്പുകൾക്ക് പിന്നിലുള്ള പൊതുതാല്പര്യത്തിൽ സന്തോഷ് നായർ പ്രതീക്ഷ പുലർത്തി. സൗമ്യമായ വിവേകത്തോടെ എല്ലാവരെയും ഒരുമിപ്പിക്കാനുള്ള സന്തോഷ് നായരുടെ മിടുക്ക് അടുത്തറിയാൻ എനിക്ക് പലപ്രാവശ്യം അവസരം ലഭിച്ചു. പലവട്ടം മുമ്പും പറഞ്ഞിട്ടുള്ള വാചകം: "എടോ, ഇത്തവണ നമുക്ക് ശരിയാക്കണം!" എന്ന അർത്ഥത്തിലുള്ളതായിരുന്നു അവസാനമായി കണ്ടപ്പോഴും എന്നോട് പറഞ്ഞവാക്കുകൾ.

സീയാറ്റിലിലെ കലാകാരന്മാരോടും സാംസ്കാരിക മുന്നേറ്റങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം എടുത്തുപറയേണ്ടതാണ്. സന്തോഷ് നായരുടെ നേതൃത്വപാടവം കൊണ്ട് മാത്രം വിജയിച്ച നിരവധി പരിപാടികളും കൂട്ടായ്മകളും വിരലിൽ എണ്ണാവുന്നവയല്ല.

സന്തോഷ് നായരുടെ വിടവാങ്ങൽ സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അതീതമാണ്. അദ്ദേഹം ബാക്കിവച്ചുപോയ വലിയ ശൂന്യത സീയാറ്റിലിലെ മലയാളി സമൂഹം ഇന്ന് തിരിച്ചറിയുന്നു. പൊതുവായ ലക്ഷ്യങ്ങൾക്കായി ഒന്നിക്കാനും സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നൽകിയ മാതൃക പിന്തുടരുന്നതാകും അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരം. സന്തോഷ് നായരുടെ സാന്നിദ്ധ്യം കൊണ്ട് സീയാറ്റിൽ ധന്യമായിരുന്നു; അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞതുകൊണ്ട് നമ്മളും.

ലതയ്ക്കും കുട്ടികൾക്കും ഈ വേർപാട് താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ.

Labels: ,

Saturday, December 06, 2025

മദ്യപാരായണം

ഒരു മദ്യപാനകൂടായ്മയുടെ സംഗമത്തിന് മദ്യപാരായണം എന്ന പേരിട്ടതിനെ വിമർശിച്ച് വന്ന അഭിപ്രായത്തോടുള്ള പ്രതികരണം.

വിമർശനം:
'പാരായണം’ എന്നത് ഭക്തിപാഠങ്ങൾ ചൊല്ലുന്ന ഒരു പരിശുദ്ധ പദമാണ്. പൂജ, കുർബാന, സലാത്, തരാവീഹ്, പാരായണം പോലുള്ള പദങ്ങൾ ആത്മീയമല്ലാത്ത പരിപാടികൾക്കായി സാധാരണ ഉപയോഗിക്കാറില്ല. അവയെ മദ്യം അടങ്ങിയ ഒരു കൂട്ടായ്മയുമായി ചേർത്തുപയോഗിക്കുന്നത് ചിലർക്കു അവരുടെ മതപരമായ വികാരങ്ങളെ അവഗണിച്ചതുപോലെ തോന്നാൻ ഇടയുണ്ട്. അതിനാൽ എല്ലാർക്കും ആശങ്കയില്ലാത്ത ഒരു പേര് നമുക്ക് തിരഞ്ഞെടുക്കാനാവുമോ എന്നതാണ് ഞാൻ ആലോചിക്കുന്നത്.
 
മറുപടി:
ഒരുകണക്കിന് ഇത്തരം ചർച്ചകൾ എല്ലാ ഗ്രൂപ്പിലും സംഭവിക്കേണ്ടതാണ്.  മത, ദേശീയ വൈകാരികതകൾ നമ്മൾ തുറന്ന മനസ്സോടെ തുടർച്ചയായി സംസാരിക്കുന്നതു വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇത്തരം സംഭാഷണങ്ങൾ നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മതകളെയും സൂചനകളെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഒരുകാലത്ത് സ്വതന്ത്രമെന്നും സുരക്ഷിതമെന്നും നാം കരുതിയിരുന്ന മദിരാപാനസ്ഥലികൾ പോലും വന്നുവന്ന് അസഹിഷ്ണുതയുടെ അഗ്രഹാരങ്ങളായി (അല്ലെങ്കിൽ കാലിത്തൊഴുത്തുകളായി) പരിണമിച്ചു തുടങ്ങിയതായി തോന്നുന്നു.

"കലോപാസന"യുടെ വാക്കാൽകളിയായി "ജലോപാസന" വന്നു. മലയാള കവിതയിലും മറ്റും ദൈവധ്യാനപ്രവൃത്തികളെ വിവരിക്കുമ്പോൾ ഉപാസന എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും നമ്മുടെ ബോധമണ്ഡലത്തിൽ ഉപാസനയ്ക്ക് ദൈവസാന്നിധ്യം വന്നുചേർന്നിട്ടില്ല. 

"പദ്യപാരായണ"ത്തിന്റെ പ്രാഗത്ഭ്യമേറ്റുന്ന രൂപാന്തരമാണ് "മദ്യപാരായണം." പക്ഷേ ഇവിടെ കളി മാറി. ഖുർആൻ പാരായണം, വേദപാരായണം എന്നൊക്കെ സ്ഥിരം കേൾക്കുന്ന നമ്മൾ പാരായണം ദൈവത്തിന് മാത്രമായി മാറ്റിവയ്ക്കാൻ വെമ്പുന്നു. അർച്ചന ആവും ഈ ലിസ്റ്റിലെ മറ്റൊരു വാക്ക്. ഉദാഹരണങ്ങൾ ഇനിയും ഏറെയുണ്ട്. 

ജലോത്സവം എങ്ങനെ അംഗീകാരം നേടി എന്നതാണ് അദ്‌ഭുതം. ഉത്സവങ്ങളെ നാം ദേവാലയങ്ങളിൽ നിന്നും മാറ്റിക്കെട്ടുന്നതിൽ വിജയിച്ചതാവാം കാരണം. 

സാംസ്കാരികവേദികളിൽ ഒരു ബാബുവിന് ഒരു ജോസും ഒരു വഹാബും സന്നിഹിതരാവുന്നതുപോലെ അടുത്തകൂടലുകൾക്ക് പേരന്വേഷിച്ചുപോകുമ്പോൾ നമ്മൾ സുന്നത്തുകല്യാണത്തിനും ഉയർത്തെഴുന്നേല്പിനും വല്ല wordplay-യും തരമാവുമോ എന്നാലോചിക്കേണ്ടി വരുന്നതിലെ ശരികേട് ഈ ഗ്രൂപ്പ് മനസ്സിലാക്കുമെന്ന് കരുതുന്നു.

ചുരുക്കത്തിൽ മദ്യപാരായണം എന്ന വാക്കിനോട് എതിർപ്പുള്ളവർ ആ എതിർപ്പിലെ കാര്യമില്ലായ്മ മനസ്സിലാക്കി സോമരസം പാനം ചെയ്യാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Labels: ,

Tuesday, September 23, 2025

വീണപൂവിന്റെ ഗതി

As Kumaran Asan, the great poet, reformer, and philosopher once wrote in Chinthavishtayaya Seetha:
ബന്ധുരമാകും ചിന്തകളാലേ
സന്ധ്യയിലന്നും സീതവിതുമ്പീ,
'വിഷ്ട'യുടർത്ഥം തേടിയലഞ്ഞൂ
ദുഷ്ടതയേറും പണ്ഡിതവർഗ്ഗം!

"Seetha did not merely dwell on her plight; she gazed, and beheld the endless vista of possibilities!"

(കുമാരനാശാൻ ആദ്യമായി ചമ്പകമാലയിൽ എഴുതിയ ശ്ലോകമാണിത്. ചിന്താ-വിഷ്ട-യായ സീതയിൽ നിന്നും.)

* * * * * *

ദാദാ സാഹേബ് ഫാൽക്കേ അവാർഡ് സ്വീകരിച്ചുകൊണ്ട് മോഹൻലാൽ കുമാരനാശാന്റേത് എന്നപേരിൽ പറഞ്ഞ വരികൾ
ചിതയിലാഴ്ന്നു പോയതുമല്ലോ
ചിരമനോഹരമായ പൂവിതു
  1. ഈ വരികൾ വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ ഇല്ല.
  2. ഈ വരികൾക്ക് വൃത്തവും ചതുരവും ഒന്നുമില്ല. വീണപൂവ് വസന്തതിലകത്തിൽ ആണ് എഴുതിയിരിക്കുന്നത്.
ഇനി,

"This flower did not merely fall into the dust, it lived a life of beauty."

'ചിതയിലാഴ്ന്നു പോയതുമല്ലോ' എന്ന വരികളുടെ ഈ പരിഭാഷ അത്ര നന്നായുമില്ല.

Labels: , , , , ,

Sunday, September 14, 2025

അക്രമം!

അക്രമത്തിനെതിരെ ഒരു സമൂഹമെന്ന നിലയിൽ നാം സ്ഥാപിച്ചിരിക്കുന്ന നൈതികവും നിയമപരവുമായ വിലക്കുകളെ സ്പർശിക്കുന്നതുകാരണം ജീവോന്മീലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വസ്തുനിഷ്ഠമായ വിലയിരുത്തലുകൾക്ക് വഴിവയ്ക്കാതെ, പലപ്പോഴും, അസ്വസ്ഥതസൃഷ്ടിക്കുകയോ ജനക്കൂട്ടങ്ങളെ ധ്രുവീകരിക്കുകയോ ആണ് ചെയ്യാറുള്ളത്. അപകടകരമായ ആശയങ്ങളേയും പരിശോധനയ്ക്ക് വിധേയമാക്കാത്ത അധികാരങ്ങളേയും നേരിടാൻ മറ്റുമാർഗ്ഗങ്ങൾ ഇല്ലാതാകുമ്പോൾ നിയമ/നീതി വ്യവസ്ഥകളെ സംരക്ഷിക്കാൻ അവശേഷിക്കുന്ന ഏകപ്രതിരോധം എന്നനിലയിൽ കലാപങ്ങളും ലഹളകളും സാധൂകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
In ancient Greece, tyrannicide was the act of killing a tyrant, with Harmodius and Aristogeiton becoming legendary figures for their assassination of the Athenian tyrant Hippias's brother in 514 BC. This sparked the legend of the "Tyrannicides," whose story was embraced by Athenian democracy to represent the heroic act of defending the city from oppressive rule. (David A. Teegarden, University at Buffalo)

Responsibiliy to Protect (R2P) പോലെ അന്താരാഷ്ട്ര മാനദണ്ഡമായി ഇന്ന് പരക്കെ അംഗീകരിച്ചിട്ടുള്ള മാതൃകകൾ പറയുന്നത് ഒരു രാജ്യത്തെ ജനങ്ങളെ വർഗ്ഗഹത്യ (genocide), യുദ്ധക്കുറ്റങ്ങൾ (war crimes), മനുഷ്യവംശത്തിനെതിരായ കുറ്റങ്ങൾ (crimes against humanity), ജാതിവർഗ്ഗശുദ്ധീകരണം (ethnic cleansing) എന്നീ നാലു തരത്തിലുള്ള മഹാപരാധങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിൽ ഭരണകൂടങ്ങൾ സ്പഷ്ടമായി പരാജയപ്പെടുമ്പോൾ അതിൽ ഇടപെടേണ്ട ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്നാണ്. R2P ബന്ധിതമായോ അല്ലാതെയോ സംഭവിച്ച സമീപകാല ഇടപെടലുകൾ പലതും സമാധാനപരമായിരുന്നില്ല എന്നതും ശ്രദ്ധിക്കണം.

വർഗ്ഗീയം, ഏകാധിപത്യം എന്നിവയുമായൊക്കെ ബന്ധപ്പെട്ട വിഘടനാത്മകമായ സിദ്ധാന്തങ്ങൾ സമൂഹത്തിൽ വേരുറയ്ക്കുമ്പോൾ വർഗ്ഗഹത്യയ്ക്കും വർഗ്ഗശുദ്ധീകരണത്തിനും ആ ചിന്തകൾ വളമായിത്തീരുന്നത് നാം കണ്ടിട്ടുണ്ട്. വിപുലമായ ദോഷങ്ങൾക്ക് (mass harm) സാദ്ധ്യതയുള്ള ചിന്താസരണികളെ നിയന്ത്രിക്കാനുള്ള പ്രതിരോധമാർഗ്ഗമെന്ന നിലയിൽ അക്രമം നീതീകരിക്കാവുന്നതാണെന്നും അതിലുമുപരി, ധാർമ്മികമായി അഭികാമ്യമാണെന്നും വരെ വാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

(കുറച്ചുകൂടി എഴുതിയതാണ്. സ്വയം എഡിറ്റ് ചെയ്ത് ഇവിടെ നിർത്തുന്നു.)

Labels: ,

Sunday, June 23, 2024

ആലിംഗനോപന്യാസങ്ങൾ

പ്രതിമപോലെ നിന്നുകൊടുക്കുന്ന കെ രാധാകൃഷ്ണനെ ദിവ്യ എസ് അയ്യർ ഹഗ് ചെയ്യുന്ന ഫോട്ടോയാണ് ഫേസ്ബുക്ക് തുറന്നാൽ (ചുമ്മാതല്ല ഇൻസ്റ്റയിൽ ജീവിക്കണം എന്നു പറയുന്നത്).

ഇതുകാരണം people in Kerala have turned the corner എന്നാണ് മിക്കവാറും എല്ലാവരുടേയും നിരീക്ഷണം. അനുരാഗ/സംഭോഗ (amorous) ചുവ മാത്രം ചാർത്തി പൊതുസ്ഥാനത്തു നിന്നും അകറ്റി നിർത്തിയിരുന്ന ആശ്ലേഷത്തിന് ഇന്നുമുതൽ സ്ഥാനം, ജാതി, അധികാരം, അഹന്ത എന്നിവയെ ധ്വംസിക്കാനുള്ള കരുത്തുണ്ടെന്നും സ്നേഹം, വാത്സല്യം, നന്ദി, സന്തോഷം, മനുഷ്യത്വം എന്നിവയൊക്കെ പ്രകടിപ്പിക്കാൻ വെറുമൊരു ആലിംഗനത്തിനാവുമെന്നും ഒരു ജനക്കൂട്ടം തിരിച്ചറിയുന്നത് നിസ്സാരവല്‍ക്കരിക്കുകയല്ല.

"ഒരു hug വരുന്നുണ്ട്, ഒന്ന് സൂക്ഷിക്കണേ!" എന്ന താക്കീതില്ലാതെ രണ്ടുനാൾ കടന്നുപോട്ടെ. അതുകഴിഞ്ഞിട്ട് മാത്രമേ ഞാൻ Sebin A Jacob എഴുതിയ "ഒരാലിംഗനത്തിൽ നാം കടന്നുപോകുന്ന ദൂരങ്ങൾ" ഒഴികെയുള്ളവ വായിച്ചുകൂട്ടുന്നുള്ളൂ.

Labels:

Sunday, May 14, 2023

ഗാനമേള

ഏകദേശം 20 കൊല്ലം മുമ്പ് ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്. ഞാൻ കോഡ് ചെയ്തില്ലെങ്കിൽ എന്താണ് സംഭവിക്കുക? ആർക്കാണ് നഷ്ടം? ആർക്കും ഒരു ചുക്കും സംഭവിക്കില്ല എന്നു മനസ്സിലാക്കി ഞാൻ കോഡിങ് നിർത്തി.

എല്ലാവരും എന്നെപ്പോലെ ആവണമെന്ന് ശഠിക്കുന്നത് ബാലിശമാണ് എന്ന് അറിയായ്കയല്ല.

എന്നാലും ആര്യ ദയാലും സച്ചിൻ വാര്യരും പാട്ടു നിർത്തിയാലും ആർക്കും ഒരു ചുക്കും വരാൻ പോകുന്നില്ല.

അതിലും എളുപ്പമല്ലേ താൻ "അഫിപ്രായം" പറയുന്നത് നിർത്തുന്നത് എന്ന് ചോദിക്കുന്നവരോട്: ഞാൻ നിങ്ങളോട് കാശ് വാങ്ങിയല്ലല്ലോ അഭിപ്രായം പറയുന്നത്?

So STFU.

Labels:

Friday, April 21, 2023

AI ക്യാമറ

പലപ്പോഴും നിയമാനുസൃതമല്ലാതെയും മിക്കപ്പോഴും കുറുക്കുവഴിയിലും കാര്യങ്ങൾ നേടിയെടുക്കുവാൻ സാധാരണക്കാരായ പൊതുജനങ്ങളെ സഹായിക്കുന്നവരെയാണ് നാം നേതാക്കന്മാർ എന്ന് കരുതി വരുന്നത്. NRI നേതാക്കന്മാരുടെ കാര്യങ്ങളിലും ഇത് ശരിയാണെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. പുതിയ നിയമങ്ങൾക്കു മുന്നിൽ നിന്നും സ്വയം വഴുതിമാറാൻ പഴുതിടാത്ത നേതാവ് എങ്ങനെ മറ്റുള്ളവരെ രക്ഷിക്കും? വാഹനങ്ങളിൽ ലൈറ്റ് വച്ചും കൊടിവച്ചും കർട്ടനിട്ടും അവർ സ്വയം ഒരുപടി മുന്നിൽ നിൽക്കും. എന്നാലേ ആശ്രിതവത്സലരായി കാരുണ്യപ്രസാദമേകാനാവൂ.

AI ക്യാമറയിൽ model explainability ഇല്ല, 85% accuracy മാത്രമേയുള്ളൂ എന്നൊക്കെയുള്ള സാഹിത്യവും കണ്ടു. ഇൻഡസ്ട്രി സ്റ്റാൻഡാർഡ് ക്യാമറകൾ ഉപയോഗിച്ചാൽ, വളരെ കുറച്ചു ഡാറ്റാ സെറ്റുകളിൽ മാത്രം ട്രെയിൻ ചെയ്യേണ്ടുന്ന ലോക്കൽ നമ്പർപ്ലേറ്റ് റെകഗ്നിഷൻ അൽഗരിതങ്ങളുടെ കൃത്യത ഇപ്പോൾ ഏറ്റവും കുറഞ്ഞത് 98%. വണ്ടിയുടെ മേക്ക്/മോഡൽ റെകഗ്നിഷൻ 99%-ൽ അധികം.

പറഞ്ഞെന്നേയുള്ളൂ.

Labels:

Wednesday, October 05, 2022

നാച്ചുറൽ സെലക്ഷൻ

നാച്ചുറൽ സെലക്ഷനിൽ വിധിയുടെ/ഭാഗ്യത്തിന്റെ പങ്കിനെപ്പറ്റിയാണല്ലോ ഇപ്പോൾ ചർച്ച. ശ്ലോകമൊന്നും കണ്ടില്ലല്ലോ എന്നായി ഒന്നുരണ്ട് അഭ്യുദയകാംക്ഷികൾ. അപ്പോൾത്തന്നെ എഴുതി ഒരെണ്ണം, ശാർദ്ദൂലവിക്രീഡിതത്തിൽ. ശാർദ്ദൂലവിക്രീഡിതം എലീറ്റിസ്റ്റ് വൃത്തമായതിനാൽ മനുഷ്യനു മനസ്സിലാവാത്ത ഒരുവാക്കെങ്കിലും ഇല്ലെങ്കിൽ ഒരു ഗുമ്മില്ല. അതിനാൽ എലീറ്റ് സാഹിത്യകാരന്മാർ ചെയ്യുന്നതുപോലെ അടിക്കുറിപ്പ് നല്കുകയേ നിർവ്വാഹമുള്ളൂ. സാധാരണക്കാർ ക്ഷമിക്കുമല്ലോ!
മേളത്തോടു വലിച്ചെറിഞ്ഞ ശിലയും, പാളം വെടിഞ്ഞോടിയി-
ട്ടാപത്താർന്നൊരു വണ്ടിയും, ധരണിമേൽ ജീവിച്ച ദീനോസറും,
ചാരത്തായൊരരിപ്പയും കരുതിയാൽ ദൃഷ്ടാന്തമാ; യിത്തരം
സാഹിത്യങ്ങളുകണ്ടുവോ? "പ്രകൃതിതൻ നിർദ്ധാരണം ഭാഗ്യമേ!"

അടിക്കുറിപ്പ്:
സൂചനകൾ: മേലോട്ടെറിഞ്ഞ കല്ല്, പെരുമൺ ദുരന്തം, ദിനോസറുകളുടെ ഉന്മൂലനം, അരിപ്പ (sieve).
പ്രകൃതിതൻ നിർദ്ധാരണം = Natural Selection.

(സത്യത്തിൽ ഇത് Daly പറഞ്ഞതിനെ ശ്ലോകത്തിൽ ആക്കിയതാണ്. ലിങ്ക് കമന്റിൽ.)

Labels: , ,

Friday, March 04, 2022

ഷെയ്ൻ വോൺ

പന്ത് സ്പിൻ ചെയ്യാൻ പഠിച്ച നാൾ മുതൽ ലെഗ് സ്പിൻ എറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഷെയ്ൻ വോണിന്റെ വീഡിയോ കുറേ കണ്ടു. നടന്നില്ല. പിന്നെ എളുപ്പവഴിയിൽ ഫിംഗർ സ്പിന്നിൽ ഒതുങ്ങി. വർഷങ്ങൾ കഴിഞ്ഞ് ഗിരിയുടെ അടുത്തുനിന്ന് ടിപ്സ് ഒക്കെ എടുത്ത് അവസാനം പന്ത് തിരിഞ്ഞു തുടങ്ങി. പക്ഷേ ഒരു കൺട്രോളുമില്ല.

അപ്പോഴാണ് "ഞാൻ ലെഗ് സ്റ്റമ്പിന് അല്പം വെളിയിൽ ഏറിയും. മക്‌കലം സ്വീപ് ചെയ്യും. സ്ലോയിൽ എറിയുന്നതിനാൽ കണക്ട് ചെയ്യില്ല" എന്നൊക്കെ ലോകത്തോട് വിളിച്ചു പറഞ്ഞിട്ട് അടുത്ത ബോൾ അതുപോലെ എറിഞ്ഞ് വിക്കറ്റെടുത്ത് കാണിക്കുന്നത്.

There was no other bowler like Warne. There will be no other bowler like Warne.

Labels:

Tuesday, February 22, 2022

KPAC ലളിത

KPAC ലളിതയെ ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് കല്യാണീ കളവാണീ എന്ന പാട്ടാണ്. എന്താണ് കാരണം എന്ന് അറിയില്ല. പ്രായത്തിന്റെ പ്രശ്നമാവാം. "അനുഭവങ്ങൾ പാളിച്ചകൾ" എന്ന് എഴുതുമ്പോൾ അനുഭവങ്ങൾ കഴിഞ്ഞ് ഒരു കോമ വേണ്ടേ എന്ന് പലവട്ടം ആലോചിച്ചതുകൊണ്ടുമാവാം.

(നെടുമുടി എന്നൊരു കുറിപ്പ് എഴുതിയതിന്റെ ഓർമ്മ ബാക്കിയുണ്ട്.)

Labels:

Saturday, November 20, 2021

തെറി വളർന്ന വഴികൾ

  1. മറ്റേമ്മ എന്ന് കൊച്ചുമക്കൾ വിളിച്ചിരുന്ന എന്റെ അമ്മയുടെ അമ്മ, അന്നത്തെ രീതിയിൽ നോക്കിയാൽ കുലസ്ത്രീ ആയിരുന്നെങ്കിലും ദേഷ്യം വന്നാൽ അറുവാണി, പുണ്ടച്ചി, മൈര് എന്നിങ്ങനെ നാട്ടിൽ അന്ന് പ്രചാരമുണ്ടായിരുന്ന തെറികൾ, അവർക്ക് ശരിയല്ല എന്ന് തോന്നുന്ന ആളുകളോടോ രീതികളോടോ സംഭവത്തോടോ "ശക്തമായി" പ്രതികരിക്കേണ്ടിവരുമ്പോൾ, സാമാന്യം ഉറക്കെത്തന്നെ പ്രയോഗിക്കുമായിരുന്നു. ഏതോ സിനിമാപോസ്റ്ററിലെ അക്ഷരത്തെറ്റ് കണ്ടിട്ട് അനുകരണം കല എന്നപോലെ, "ഏത് അറുവാണിയാണ് ഇത് എഴുതിയത്" എന്ന് ഞാൻ പ്രതികരിക്കുന്നത് അമ്മ കേൾക്കുകയും "അഞ്ചാം ക്ലാസിൽ ആയതേയുള്ളൂ, നിന്റെ കൂട്ടുകെട്ട് ശരിയല്ല" എന്ന നിരുപദ്രവഭാഷയിൽത്തുടങ്ങിയ മഹായുദ്ധം അവസാനം എന്റെ കരഞ്ഞുകലങ്ങലിലവസാനിക്കുകയും ചെയ്തു. ഇതെല്ലാം കേട്ട് നിനക്ക് ഭാവിയുണ്ടെടാ എന്ന മട്ടിൽ ഇരുന്ന മറ്റേമ്മ പതിയെ അടുത്തു വന്ന്, "നീ വലുതാവുമ്പോൾ അല്ലേ ഇതൊക്കെ പറയാനുള്ളത്, ഇപ്പോഴാണോ?" എന്ന് ചോദിച്ചത് എനിക്ക് വലിയ ആശ്വാസമൊന്നും പകർന്നില്ല. (വേണ്ടാത്തിടത്ത് പ്രതീക്ഷിക്കപ്പെടാത്തവരാൽ സൃഷ്ടിക്കുന്ന ഷോക്ക് വാല്യൂ ആണ് തെറിയുടെ ഗുണവും മേന്മയും.)
  2. പ്രീഡിഗ്രിക്കാലത്ത് ഹോസ്റ്റലിൽ റോബിനും ബിജുരാജും തമ്മിൽ വഴക്ക്. റോബിൻ അന്നത്തെ യുവാക്കളുടെ ഹരമായിരുന്ന (ഇന്ന് ചുരുളി ട്രെയിലറിൽ കേട്ട) തെറിയൊക്കെ ബിജുരാജിനെ വിളിക്കുന്നുണ്ട്. ബിജുരാജാകട്ടെ അളന്നുതൂക്കിയാണ് മറുപടി. തായോളി, നായിന്റെമോൻ തുടങ്ങി മാതൃകേന്ദ്രീകൃതമാണ് മിക്ക പ്രയോഗങ്ങളും. എന്നാലും അവരാതിക്കുണ്ണ, മലമൈരൻ, ഇരമ്പൂറൻ, തുടങ്ങിയ ഇമ്പമാർന്ന തെറികൾക്കിടയിൽ ബിജുരാജിന്റെ കവനകൌതുകം മുങ്ങിപ്പോകുന്നത് പ്രേക്ഷകർക്ക് അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് "നായിന്റെമോൻ എന്നു പറഞ്ഞാൽ അച്ഛൻ പട്ടി ആണെന്നല്ല, പട്ടിയാണ് അച്ഛൻ എന്നാണ് അർത്ഥം എന്ന് ഈ കൂത്തിച്ചീമോന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ" എന്ന് ബിജുരാജ് വിളിച്ചുപറയുന്നത്. (ഈ subtle വ്യത്യാസമാണ് തെറിയെ നല്ല തെറിയാക്കുന്നത്.)
  3. MG യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഒരു കുന്നിന്റെ മുകളിലാണ്. ആ കുന്നിന്റെ താഴ്വാരത്താണ് അന്നത്തെ റെജിസ്ട്രാർ ചാക്കോ താമസിച്ചിരുന്നത്. ഹോസ്റ്റൽ നിവാസികൾക്ക് യൂണിവേഴ്സിറ്റിയുടെ, അധികാരത്തിന്റെ, പ്രതിനിധിയാണ് ചാക്കോ. ഹോസ്റ്റലിൽ കുളിക്കാൻ വെള്ളമില്ല, ക്യാന്റീനിലെ മുട്ടക്കറിക്ക് എരിവു കൂടി തുടങ്ങിയ എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമ്മൾ കൂട്ടത്തോടെ ടെറസ്സിൽ നിന്ന് "എടാ ചാക്കോ, മുട്ടയിൽ മുളകിട്ടത് നീയാണോടാ?" എന്നൊക്കെ വിളിച്ചുകൂവും. അങ്ങനെയിരിക്കെ, അരമണിക്കൂർ കറണ്ട്കട്ട് വരുമ്പോൾ കറണ്ട് വരുന്നതു വരെ നിർത്താതെ കൂവുക എന്ന പുതിയ ഐഡിയ ഇഷ്ടപ്പെട്ട നമ്മൾ അത് പ്രാവർത്തികമാക്കുന്നു. ഏകദേശം അഞ്ചാറു മിനുട്ട് കൂവൽ തുടർന്നപ്പോൾ നാട്ടുകാർ ഒന്നുരണ്ടുപേർ ഗേറ്റിൽ വന്നിട്ട് "നിർത്തടാ പൊലയാടിമക്കളേ, നിന്റെയൊക്കെ അമ്മേടേ" എന്നും മറ്റും തുടങ്ങുന്ന നാല് തെറി. നമ്മൾ നിർത്തി. സമരമുഖങ്ങളിൽ വിരിമാറുകാട്ടിയ ചരിത്രമുള്ള യുവതുർക്കികൾ, പിറ്റേ ദിവസത്തെ കലാപരിപാടിയ്ക്കിടയിലെ നാടൻ മാനുഷിക ഇടപെടലിനെ കാസർഗോഡ് മുതൽ പാറശ്ശാല വരെ പ്രചാരത്തിലുള്ള ദേശീയ തെറികളുടെ അനർഗ്ഗങ്ങള പ്രവാഹത്തിലൂടെ ചെറുത്ത് തോല്പിച്ചു എന്നാണോ, അതല്ല, നാൽപ്പാത്തിമല നിവാസികൾ അരമണിക്കൂർ കൊണ്ട് തങ്ങളുടെ തെറിശേഖരം അപ്ഗ്രേഡ് ചെയ്തു എന്നാണോ ചരിത്രപുസ്തകങ്ങളിൽ എഴുതേണ്ടതെന്ന് ഈ സംഭവം കഴിഞ്ഞ് ഒന്നുരണ്ടു ദിവസം ചർച്ച നടന്നു. (എന്റെ നാട്ടിലെ തെറി നിന്റെ നാട്ടിലെ തെറിയേക്കാൾ മെച്ചപ്പെട്ടതാണ് എന്നു പറയുന്നതിലും ഒരു "അശ്ലീല"മുണ്ട്.)
  4. അവസാനമായി പൈങ്കിളിത്തെറി കേട്ടത്, ഏകദേശം പത്തുകൊല്ലം മുമ്പ് സീയാറ്റിലിലെ ഒരു പാർക്കിംഗ് ലോട്ടിൽ വച്ചാണ്. ഒരാൾ കാറിൽ മദ്യം വിളമ്പുന്നു. കുറേപ്പേർ ചുറ്റും നിന്ന് സേവിക്കുന്നു. "അളിയാ വന്ന് വാങ്ങിക്കുടിക്ക്" എന്ന് സ്നേഹത്തോടെ ഒരാൾ. ഒന്ന് ശങ്കിച്ചുനിന്നപ്പോൾ (അത്ര പരിചയക്കാരനല്ലാത്ത) ദാതാവിന്റെ നിർബന്ധം ഒഴുകിവന്നു: "വന്ന് ഊമ്പിയേച്ചു പോടാ മൈരേ!" ആ പ്രലോഭനം എങ്ങനെ നിരസിക്കും? "നീ ഇവിടെ പുതിയതാണല്ലോ" എന്ന അമ്മാവൻ സിൻഡ്രോമിന്റെ ബലത്താലും, ഒഴിച്ചുതന്ന ഡ്രിങ്ക്, ചീപ്പ് മദ്യം കോളയിൽ കലക്കി വായിൽ വയ്ക്കാൻ കൊള്ളാത്തതു പോലെയാക്കിയിരുന്നതിന്നാലും തുപ്പിക്കളഞ്ഞിട്ട്, "ഇതാണോ നിന്റെ ഒലത്തൽ?" എന്നുചോദിച്ച് സ്ഥലംവിട്ടത് ഓർമ്മയുണ്ട്. (മിനിമം ഗ്യാരണ്ടി ഇല്ലാത്തവരോടൊന്നും തെറിവിളിക്ക് കൂടരുത്. മദ്യപിക്കാനും.)
  5. നോൺ-സ്റ്റോപ്പ് തെറിയുപയോഗം മെയിൻസ്ട്രീം അല്ല. മുപ്പത് കൊല്ലം മുമ്പ് ക്യാമ്പസിലും ഹോസ്റ്റലിലും ഇങ്ങനെ സംസാരിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. ആ പ്രായത്തിലുള്ളവരിൽ ഇങ്ങനെ ശീലമുള്ളവർ ഇപ്പോഴും കാണാം. ഇപ്പോൾ ഒരു സിനിമയിൽ വന്നെങ്കിൽ ഇനി എല്ലാ സിനിമയിലും വരും. വരട്ടെ. ഈ വിമർശിക്കുന്നവരിൽ പത്ത് പേരെങ്കിലും ഇതിൽ പ്രതിഷേധിച്ച് ഇനി ഒരു സിനിമയും കാണുന്നില്ല എന്നുവയ്ക്കട്ടെ. അതല്ലേ ഹീറോയിസം? (അങ്ങനങ്ങാണ്ടല്ലേ ആ ഡയലോഗ്?)

Labels: ,

Monday, October 11, 2021

നെടുമുടി

ഫേയ്‌സ്ബുക്കിൽ പത്തിരുപതിനായിരം ആൾക്കാർ ഫോളോ ചെയ്യുന്ന ഒരാളുടെ സഹോദരനും ഞാനും ഒന്നിച്ച് കോട്ടയത്ത് പഠിച്ചിരുന്നു. ഒരു ശനിയാഴ്ച സഹപാഠി എന്നോട്, "അച്ഛന് സ്ഥലംമാറ്റമായി ഇവിടെ അടുത്ത് വന്നിട്ടുണ്ട്. ഞാൻ അവിടംവരെ ഒന്നു പോവുകയാണ്. വരുന്നുണ്ടോ?" എന്നു ചോദിച്ചു.

ശനിയാഴ്ചകളിൽ അതിരമ്പുഴയ്ക്ക് ആൾക്കാർ പറയുന്നത്ര കാല്പനിക ഭംഗിയൊന്നുമില്ല. വല്ല ഭംഗിയും കാണണമെങ്കിൽ അതിരാവിലെ ഈറനണിഞ്ഞ് ഏറ്റുമാനൂർ പോകണം. ആ ബസ് പോയ സ്ഥിതിക്ക് ഞാൻ അവന്റെ സഹയാത്രികനാവാൻ സമ്മതിച്ചു.

ഞങ്ങൾ അങ്ങനെ കോട്ടയം ചങ്ങാനാശ്ശേരി വഴി രണ്ടുമൂന്നു ബസ് മാറിക്കയറി നാലുമണിയോടെ ഒരു ബസ് സ്റ്റോപ്പിൽ ചെന്നിറങ്ങിയപ്പോൾ സുഹൃത്ത് പറഞ്ഞു: "ഇതാണ് സ്ഥലം."

അവിടെ ഒരു മൈൽക്കുറ്റിയിൽ എഴുതിവച്ചിരിക്കുന്നത് ഞാൻ അവിശ്വസനീയമായി നോക്കി. അനന്തരം മനസ്സിൽ വായിച്ചു:

"നെടുമുടി"

സുഹൃത്ത് എന്നെ നോക്കി. ഞാനും അവനും അവന്റെ അച്ഛന്റെ വാടകവീടന്വേഷിച്ചു വയൽവരമ്പിലൂടെ നടന്നു.

Labels: ,

Friday, April 02, 2021

എങ്ങനെ വിസ്കി കുടിക്കാം?

ഞാൻ ഒരു മദ്യാസക്തനല്ല. മദ്യമില്ലാതെ മാസങ്ങളോളം ജീവിക്കാൻ എനിക്ക് ഒരു പ്രയാസവുമില്ല. അങ്ങനെ ചെയ്യാറുമുണ്ട്. ഈ വിവരണം വായിക്കുന്നവർ അങ്ങനെ ആകണമെന്നില്ല. അതിനാൽ മദ്യപാനം ആരോഗ്യത്തിനു നല്ലതല്ല എന്ന മുന്നറിയിപ്പും, അമിതമദ്യപാനം ആരോഗ്യപരമായ പ്രശ്നങ്ങൾക്കുപരി സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാവും എന്ന ശക്തമായ മുന്നറിയിപ്പും നല്കുന്നു. പൊതുവേ ആസക്തികൾ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നവർ മദ്യം ഇതുവരെ കഴിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ ഇനി തുടങ്ങാതിരിക്കുന്നതാണ് നല്ലത്.

മലയാളികൾ അധികവും റമ്മും ബ്രാൻഡിയുമാണ് കുടിക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (anecdotal evidence). വിസ്കി കുടിക്കുന്നവരെ സിനിമയിൽ (അതും പുതിയ സിനിമകളിൽ) ആണ് കാണുക. ചില സിനിമകളിൽ എല്ലാ തരം കുപ്പികളും തുറന്നു വച്ച് എല്ലാറ്റിൽ നിന്നും കുടിക്കുന്നവരേയും കാണാം. കേരളത്തിന്റെ മദ്യ സംസ്കാരം ഞാൻ പറയുന്നതിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ ഈ പോസ്റ്റ് ആൾക്കാരെ "നല്ല മദ്യ സംസ്കാരം" പഠിപ്പിക്കാനുള്ള ശ്രമമൊന്നുമല്ല. ഈ പറയുന്നതാണ് ശരി, ബാക്കിയെല്ലാം തെറ്റ് എന്ന ചിന്തയുമില്ല.

ഇത്രയും പറഞ്ഞ് എന്റെ വിസ്കി കുടിയുടെ രീതിയിലേയ്ക്ക്. എങ്ങനെ വിസ്കി കുടിക്കാം എന്നതിന് ഒരു ഉത്തരമില്ല. എങ്ങനെ കുടിക്കുന്നതാണോ നിങ്ങൾ ആസ്വദിക്കുന്നത് അങ്ങനെ കുടിക്കുക. ഞാൻ ചെയ്യുന്ന രീതികൾ പറയുന്നു എന്നുമാത്രം.
വിസ്കികൾ പലവിധമുണ്ട്. അവയെക്കുറിച്ച് മറ്റൊരിക്കൽ ആവാം. ഞാൻ പറയാൻ പോകുന്നത് ഇതിൽ ഒരു ഇനം ആയതിനാൽ എല്ലാറ്റിനേയും ഒന്ന് ഓടിച്ച് പരിചയപ്പെടുത്താം. എനിക്ക് പരിചയമുള്ള/ഞാൻ രുചിച്ചിട്ടുള്ള ചില ബ്രാൻഡ് ഉദാഹരണങ്ങൾ കൂടി കൊടുക്കുന്നു.

  • സിംഗിൾ മോൾട്ട്: ഒരു ഡിസ്റ്റിലറിയിൽ നിന്നും ഒരു തരം മണികൾ മാത്രം ഉപയോഗിച്ചുണ്ടാക്കുന്നത്. ഇതിൽ തന്നെ സിംഗിൾ കാസ്ക് എന്നൊരു വകഭേദമുണ്ട്: ഒരു കുപ്പിയിൽ ഒരു ഡിസ്റ്റിലറിയിൽ നിന്നും ഒരു തരം മണികൾ മാത്രം ഉപയോഗിച്ചുണ്ടാക്കുന്നതിലുപരി ഒരു കാസ്കിൽ നിന്നും മാത്രം ഉണ്ടാക്കുന്നത്. Glenlivet, Glenfiddich, Ardbeg, Macallan, Laphroaig, Balvenie, Amrut, Paul John, Rampur, Yamazaki തുടങ്ങിയവ ഉദാഹരണങ്ങൾ.
  • ബ്ലെൻഡെഡ്: ഒന്നോ അതിലധികമോ ഡിസ്റ്റിലറിയിൽ ഉണ്ടാക്കിയ പലതരം വിസ്കികളുടെ മിശ്രിതം. ഒരു ബ്രാൻഡിന് ഈ മിശ്രിതം സ്ഥിരമായിരിക്കും. Johnnie Walker, Chivas Regal, Vat 69, J&B, 100 Pipers, Black & White, Teacher's എന്നിവ ഉദാഹരണങ്ങൾ.
വിസ്കിയുടെ ഉറവിടം അനുസരിച്ച് ഏഴുതരം വിസ്കികൾ ആണ് പ്രധാനമായും അറിയേണ്ടവ:
  1. സ്കോച്ച് വിസ്കി: സ്കോട്ലാൻഡിൽ ഉണ്ടാക്കി അവിടെത്തന്നെ വച്ച് ബോട്ടിൽ ചെയ്യുന്നവയെ മാത്രമേ സ്കോച്ച് വിസ്കി എന്ന് വിളിക്കാറുള്ളൂ. ഉദാഹരണം: Johnnie Walker, Chivas Regal, Ballantine’s, J&B, Dewar's.
  2. ബേർബൻ (Bourbon) വിസ്കി: അമേരിക്കയിലെ കന്റക്കിയിൽ ഉല്പാദനം. അമേരിക്കക്കാരുടെ പ്രിയപ്പെട്ട വിസ്കിയാണ്. ഉദാഹരണം: Maker’s Mark, Woodford Reserve, Wild Turkey, Hudson Baby, Knob Creek, Elijah Craig.
  3. ഐറിഷ് വിസ്കി: ഐർലൻഡിൽ കൃഷിചെയ്ത ബാർലി ഉപയോഗിച്ച്, ഐർലൻഡിൽ ഉണ്ടാക്കി, ഐർലൻഡിൽ വച്ച് ബോട്ടിൽ ചെയ്യുന്നവ. ഉദാഹരണം: Jameson, Redbreast, Paddy, Midleton, Connemara.
  4. കനേഡിയൻ വിസ്കി: കാനഡയിൽ ഉണ്ടാക്കി അവിടെത്തന്നെ വച്ച് കുപ്പിയിലാക്കുന്നവ. മറ്റു ചില നിബന്ധകളും ഉണ്ട്. ഉദാഹരണം: Crown Royal, Forty Creek, Pendleton, Lot 40, JP Wiser's, Shelter Point.
  5. ജാപ്പനീസ് വിസ്കി: ജപ്പാനിൽ വച്ച് ബോട്ടിൽ ചെയ്യുന്ന വിസ്കി. ഉദാഹരണം: Yamazaki, Nikka, Hakushu, Hibiki.
  6. റൈ വിസ്കി: പകുതിയിലധികം റൈ ഉപയോഗിച്ച് ഉണ്ടാക്കുന്നവ. അമേരിക്കയിൽ പ്രചാരം കൂടുതൽ. ഉദാഹരണം: Bulleit, Knob Creek, Templeton.
  7. ടെന്നസ്സി വിസ്കി: ബേർബന്റെ ഒരു വകഭേദമാണെങ്കിലും വ്യത്യസ്തമായ രുചിയുണ്ട്. ഉദാഹരണം: Jack Daniel’s, Uncle Nearest, Clayton James, Rollins.
ഇതിനെല്ലാം പുറമേ മിന്റ്, ആപ്പിൾ, തുടങ്ങി പലതും ഇൻഡ്യൂസ് ചെയ്ത വിസ്കി കിട്ടും. ഞാൻ വിസ്കിയിൽ മുളക്, ഏലയ്ക്ക എന്നിവ ചിലപ്പോൾ ഇൻഡ്യൂസ് ചെയ്ത് എടുക്കാറുണ്ട്.

ഏതു വിസ്കി കുടിക്കണം?
ഒന്നോ രണ്ടോ ബ്രാൻഡിൽ ഒതുങ്ങരുത്. എല്ലാം ശ്രമിക്കണം. എന്നാലേ നമുക്ക് ഇഷ്ടപ്പെട്ടത് കണ്ടുപിടിക്കാൻ പറ്റൂ. ഒരിക്കൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ വീണ്ടും ശ്രമിക്കണം. എല്ലാം ഒരു acquired taste ആണ്. സിംഗിൾ മോൾട്ട് സ്കോച്ച് വിസ്കിയാണ് എനിക്ക് പഥ്യം.

ബേർബൻ, റൈ എന്നിവ കോൿടെയിലുകൾ ഉണ്ടാക്കാൻ ധാരാളമായി ഉപയോഗിക്കും. USA-യിൽ സിംഗിൾ മോൾട്ട് സ്കോച്ച് വിസ്കി 750 ml-ന് ഏകദേശം 6 ഡോളർ മുതൽ വിലയുള്ളത് കിട്ടും. ഓരോ ബ്രാൻഡിനും 8 വർഷം മുതൽ 40 വർഷമോ അതിലധികമോ ഏജ്ഡ് ആയ വിസ്കികൾ ഉണ്ടെങ്കിലും സാധാരണ 12 വർഷമോ അതിലും കൂടുതലോ "ഏജ്ഡ്" ആയതാണ് കുടിക്കാൻ നല്ലത്. 21 വർഷത്തിൽ കൂടുതൽ ഏജ്ഡ് ആയ വിസ്കികൾ എന്റെ കീശയിൽ നിൽക്കില്ല എന്നതിനാൽ അവ ഒഴിവാക്കും. 12, 15, 18, 21 വർഷങ്ങൾ "പഴക്കമുള്ള" വിസ്കികളിൽ പലതും കുടിച്ചിട്ട് താഴെപ്പറയുന്നയാണ് എനിക്ക് ഇഷ്ടപ്പെട്ടവ (ഞാൻ പറയുന്ന വിലകൾ 750 ml-ന്റേതാണ്).

  • വെറുതേ കുടിക്കാൻ (രണ്ടു പെഗ് കുടിക്കാൻ തോന്നുന്നു. വേറെ വിശേഷമൊന്നുമില്ല. ഞാനും അടുത്ത സുഹൃത്തും മാത്രം): Glenlivet 12 ($50), Glenfiddich 12 ($50)
  • എനിക്ക് സന്തോഷമുള്ള ഒരു കാര്യം നടന്നു. ചെറുതായി ആഘോഷിക്കാം (ഒറ്റയ്ക്കോ കൂട്ടുകാരോപ്പമോ): Glenlivet 15 ($80), Macallan 12 ($85)
  • നന്നായി ഒന്നാഘോഷിക്കാം (ഒറ്റയ്ക്കോ കൂട്ടുകാരോപ്പമോ): Glenlivet 18 ($150), Balvenie 14 ($140)
  • ഓണമല്ലേ സുഭദ്രേ? Glenlivet 21 ($300), Johnnie Walker Blue ($250)
Glenlivet 15 ആണ് ഞാൻ എല്ലാവർക്കും കണ്ണും പൂട്ടി റെക്കമെൻഡ് ചെയ്യുന്നത് (biggest bang for the buck). ഒട്ടും റെക്കമെൻഡ് ചെയ്യാത്തത് Johnnie Walker Blue (highly overrated). കൂടുതൽ ബ്രാൻഡ് പടങ്ങൾക്ക് എന്റെ ഇന്സ്റ്റഗ്രാം അക്കൌണ്ട് നോക്കുക. 🙂

എത്ര കുടിക്കണം?
അത് ഓരോരുത്തരുടെ അവസ്ഥയും സാഹചര്യങ്ങളും അനുസരിച്ചിരിക്കും. ഞാൻ ഓഫീസ് കോൺഫറൻസുകൾക്ക് പോയാൽ 6-7 ഡ്രിങ്ക്സ് ഒക്കെ അടിക്കും. വീട്ടിലാണെങ്കിൽ പരമാവധി 3. കൂട്ടുകാരൊത്ത് ചിലപ്പോൾ 4-5. ഒരു 200-300ml ആണ് എന്റെ കണക്ക്. USA-യിൽ കിട്ടുന്ന കുപ്പികൾ ഈ വിധമാണ്: 50ml (മിനി), Half Pint (200ml), Pint (375ml), Fifth (750ml), 1 L (1000 ml), Half Gallon (1.75 L), Gallon (3.5 L).

ഏതു ഗ്ലാസ്?
പല തരം വിസ്കി ഗ്ലാസുകൾ ഉണ്ട്. ഒരു വിസ്കി ആദ്യമായി ഉപയോഗിക്കുമ്പോഴും വളരെ ഫ്ലേവറുകളുള്ള വിസ്കികൾ കൂടിക്കുമ്പോഴും വിസ്കി സ്നിഫിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ മണ്ണെണ്ണ വിളക്കിന്റെ ചില്ലുപോലെ മുകളിൽ വാവട്ടം കുറഞ്ഞ ഗ്ലാസാണ് സ്നിഫിംഗ് ഗ്ലാസ്. വിസ്കിയുടെ അരോമ മനസ്സിലാക്കാനും ആസ്വദിക്കാനും ഇത്തരം ഗ്ലാസ് സഹായിക്കും.

എങ്ങനെ കുടിക്കണം?
പൂസാവാൻ വേണ്ടിയുള്ള കുടിയും ആസ്വദിക്കാൻ വേണ്ടിയുള്ള കുടിയും രണ്ടാണ്. പൂസാവാൻ വേണ്ടിയാണെങ്കിൽ ഒറ്റയടിക്കോ അല്ലെങ്കിൽ പതുക്കെയാണെങ്കിൽ ഒരു കുപ്പി മുഴുവനുമോ കുടിച്ചു പൂസാവാം. "എത്ര അടിച്ചാലും ഞാൻ പൂസാവില്ല, എനിക്ക് നല്ല കപ്പാസിറ്റി ആണ്" എന്ന് വീമ്പിളക്കുന്നവരോടൊത്ത് ഒരിക്കലും കുടിക്കരുത്. അവർക്ക് കുപ്പി തീരും മുമ്പ് കിട്ടാവുന്നതിൽ കൂടിയ പങ്ക് അകത്താക്കുക എന്ന ലക്ഷ്യമേ കാണൂ. (പൂസാവാൻ കുടിക്കുന്നത് പാപമാണ് എന്നല്ല ഞാൻ പറയുന്നത്. അങ്ങനെ വേണ്ടവർ അങ്ങനെ കുടിക്കട്ടെ.)

കുടിക്കുന്നതു സമയമെടുത്തടു കുടിക്കുക. ഒരു ലാർജ് (90 ml) 15 മിനിറ്റ് എങ്കിലും എടുത്ത് കഴിക്കണം. കുടിക്കുമ്പോൾ കുടിക്കുന്ന മദ്യത്തിന്റെ ഫ്ലേവർ മാസ്ക് ചെയ്യുന്ന ഒന്നും കഴിക്കാതിരിക്കുകയാണ് നല്ലത്. സ്ഥിരം കഴിക്കുന്ന മദ്യമാണെങ്കിൽ അതോടൊപ്പം ചെറിയ രീതിയിൽ ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. കടി തൊണ്ടയിൽ നിന്ന് ഇറക്കാനുള്ള ഉപാധിയായി മദ്യത്തെ കാണരുത്. കഴിവതും വറുത്ത (dry ആയ) സാധനങ്ങൾ ആണ് മദ്യത്തോടൊപ്പം കഴിക്കാൻ നന്ന്. എന്നാൽ അധികം ഫ്ലേവർ ഇല്ലാത്തതും രസമുകുളങ്ങളെ തല്ലിത്തകർക്കുകയും ചെയ്യുന്ന Old Monk പോലുള്ള റം ഒക്കെ കുടിക്കുമ്പോൾ നാവും ആമാശയവും വരെ നീറിക്കീറുന്ന അച്ചാറും മറ്റും കഴിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.

വെള്ളം? സോഡ? എന്തൊഴിക്കും?
Straight അല്ലെങ്കിൽ neat: ഐസോ വെള്ളമോ ഒന്നും ഒഴിക്കാതെ വിസ്കി മാത്രം. വളരെ ബോൾഡ് ആയിട്ടുള്ള വിസ്കികൾ ഇങ്ങനെ കുടിക്കാൻ പ്രയാസമാണ്. പക്ഷേ അങ്ങനെ കുടിച്ചാൽ കരൾ വാടുകയൊന്നുമില്ല.

അഞ്ചു തുള്ളി വെള്ളം
വിസ്കിയിൽ നാലഞ്ചു തുള്ളി വെള്ളം ഒഴിക്കുക. എന്നിട്ട് ഗ്ലാസ് ഒരു നാലഞ്ചു പ്രാവശ്യം ചെറുതായി ചുഴറ്റുക. വിസ്കിയിലെ അരോമയും ഫ്ലേവറും ഇതു കാരണം റിലീസ് ചെയ്യപ്പെടും. മദ്യത്തിന്റെ രുചി നമുക്ക് അനുഭവപ്പെടും. മൂന്ന് തുള്ളി വീതം വെള്ളം ചേർത്ത് ഈ പ്രവൃത്തി പലപ്രാവശ്യം ചെയ്താൽ ഓരോ ബ്രാൻഡിന്റേയും കൃത്യമായ കണക്ക് നമുക്കു കിട്ടും. അഞ്ച് തുള്ളി എന്നത് മിക്കവാറും വിസ്കികൾക്ക് പറ്റുന്ന കണക്കാണ്.

On the Rocks
വിസ്കിയും ഒരു വലിയ ഐസ് കഷണവും ആണ് on the rocks-ന് സാധാരണ പതിവ്. തണുത്ത വിസ്കി കുടിക്കാൻ രസമാണ്. എന്നാൽ ആദ്യമായി വിസ്കി കഴിക്കുമ്പോൾ ഐസ് ഒഴിവാക്കുന്നതാണ് നല്ലത്. അലിയാത്ത വിസ്കി റോക്ക്സ് വാങ്ങാൻ കിട്ടും. തണുപ്പ് വേണമെങ്കിൽ ഐസിനു പകരം വിസ്കി റോക്ക്സ് ഉപയോഗിക്കാം. സാധാരണ വീട്ടിലെ റെഫ്രിജെറേറ്ററിൽ നിന്നും വലിയ ഐസ് കഷണം കിട്ടാൻ പാടാണ്. മാത്രമല്ല, പ്രീമിയം റെസ്റ്റോറന്റുകളിൽ കിട്ടുന്നപോലെ ട്രാൻസ്പേരന്റ് ഐസ് ഉണ്ടാക്കാനും പാടാണ്. എന്നാൽ ഇതിനൊക്കെ സഹായിക്കുന്ന സാധനങ്ങൾ ഇപ്പോൾ വാങ്ങാൻ കിട്ടും.

സോഡ
ഒരു ലാർജ്ജിൽ ഒരു ഗ്ലാസ് നിറയെ വെള്ളമോ സോഡയോ ഒക്കെ ഒഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ ഒരു ബ്രാൻഡ് മാത്രം ശീലമുള്ള ഒരാളിന് പുതിയൊരു ബ്രാൻഡ് ശ്രമിക്കാൻ ചിലപ്പോൾ അധികം വെള്ളമോ സോഡയോ ഒക്കെ ഉപയോഗിക്കേണ്ടി വരും. പിന്നെ സുഹൃത്ത് നമുക്ക് തരുന്ന ഡ്രിങ്ക് നമുക്ക് അധികം ഇഷ്ടമില്ലാത്തതാണെങ്കിൽ കുടിച്ചിറക്കാൻ ഇത്തരം കടുംകൈ ഒക്കെ ചെയ്യേണ്ടി വന്നേക്കും.

കോൿടെയിൽ
ഇവിടെ റൂൾ ഒന്നും ഇല്ല. പല കോൿടെയിലും നന്നായി വരണമെങ്കിൽ കൃത്യമായ ബ്രാൻഡ് വിസ്കി തന്നെ ഉപയോഗിക്കണം.

എങ്ങനെയുണ്ട്?
ഒരു ഡ്രിങ്ക് ഓഫർ ചെയ്തിട്ട് "എങ്ങനെയുണ്ടളിയാ?" എന്നു ചോദിച്ചാൽ എന്തുത്തരം പറയും? അതിന് ചില സ്റ്റാൻഡേർഡ് ടെമ്പ്ലേറ്റ് ഉണ്ട്.
  • കളർ: എന്തായിരുന്നു വിസ്കിയുടെ കളർ? ഗോൾഡ്? കോപ്പർ? രണ്ടിനും മദ്ധ്യേ? ഓരോ ആൾക്കാർക്കും ഓരോ കളർ ആവും ഇഷ്ടം. എനിക്ക് രണ്ടിനുമിടയിൽ എന്നാൽ, അല്പം കോപ്പർ കൂടിയ കളർ ഉള്ളവയാണ് ഇഷ്ടം.
  • ബോഡി: നാവിൽ വയ്ക്കുമ്പോൾ നിങ്ങൾക്ക് വിസ്കി എങ്ങനെ ഫീൽ ചെയ്യുന്നു എന്നതാണ് ബോഡി കൊണ്ട് ഉദ്ദേശിക്കുന്നത്. അനുഷ്ടുപ്പ് വൃത്തം പോലെയാണ്. നാവു നിറഞ്ഞു നിലക്കുന്ന ഫീൽ ആണെങ്കിൽ ഫുൾ ബോഡി എന്നു പറയും.
  • നോസ്: എന്തു ഗന്ധമാണ് വിസ്കി നല്കുന്നത്? തേൻ? ഏതെങ്കിലും പഴങ്ങൾ? വാനില, കാരമൽ പോലുള്ളവ?
  • പാലറ്റ്: എന്താണ് വിസ്കിയുടെ രുചി?മധുരം? സുഗന്ധവ്യഞ്ജനം? പുക? പഴവർഗ്ഗങ്ങൾ?
  • എൻജോയ്: ഒരു സിപ്പ് കഴിച്ചു കഴിഞ്ഞാൽ ഫ്ലേവർ എത്ര നേരം നിൽക്കും?
ഇതൊക്കെ വച്ച് നമുക്കു പറയാം വിസ്കി കൊള്ളാമോ ഇല്ലയോ എന്ന്.

വിസ്കികൾ പൊതുവേ ലൈറ്റ്, റിച്ച്, ഡെലികേറ്റ്, സ്മോക്കി എന്നീ ലക്ഷണങ്ങൾ കാണിക്കും. ലൈറ്റും റിച്ചും വിപരീതവശങ്ങളിൽ. ഡെലികേറ്റും സ്മോക്കിനെസ്സും വിപരീതവശങ്ങളിൽ. Cardhu 12 പോലെയുള്ളവ ലൈറ്റ് and ഡെലികേറ്റ് ആണ്. Glenlivet പൊതുവേ റിച്ച് and ഡെലികേറ്റ്. Ardberg/Lephroaig ലൈറ്റ് & സ്മോക്കി, Lagavulin, Higland Park എന്നിവ റിച്ച് and സ്മോക്കിയും. ഒരാൾക്ക് ഈ നാലു കോമ്പിനേഷനും ഒരുപോലെ ഇഷ്ടപ്പെടാനുള്ള സാദ്ധ്യത കുറവാണ്. എനിക്ക് സ്മോക്കിയേക്കാൾ ഡെലികേറ്റ് ഫ്ലേവർ ആണ് ഇഷ്ടം. എന്റെ സുഹൃത്തുക്കളിൽ പലർക്കും തിരിച്ചും.

എന്തു കുടിച്ചാലും ഡീഹൈഡ്രേഷൻ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.

തൽകാലം ഇത്രയും. Happy and responsible drinking, everyone!

Labels: ,

Thursday, March 26, 2020

അമിതവാചാടോപം കലർന്ന ചോദ്യം

ഇന്നത്തെ സാഹചര്യത്തിൽ ഇതൊരു rhetorical question ആണ്. അതുകൊണ്ട് ആരും ഉത്തരം പറയേണ്ട. അമിതവാചാടോപം കലർന്ന ചോദ്യങ്ങൾ പഞ്ചചാമരത്തിൽ ചോദിക്കണമെന്നാണ് മനുസ്മൃതിയിൽ പറയുന്നത്.

വളരെ പ്രമുഖനായ ഒരു ശ്ലോകകാരന് ഇതിലെ കഥാപാത്രങ്ങളെ മുഴുവൻ മനസ്സിലായില്ല. അതിനാൽ ഹിൻറ്:
  1. നേരിട്ട് പേര് പറയുന്നത് ഒഴിവാക്കാൻ പാപിയെ പാപൻ ആക്കിയിട്ടുണ്ട്. ക്ഷമിക്കുക.
  2. കേരളത്തിലെ ഒരു മന്ത്രിയേയും കുറ്റം പറയേണ്ടുന്ന അവസ്ഥ ഇപ്പോൾ നിലവിലില്ലല്ലോ.
ഇനി വൈകിക്കുന്നില്ല.
പടം നടിച്ച ഗോപനും സമം തികഞ്ഞൊരേട്ടനും 
ജനം തഴഞ്ഞ മന്ത്രി; മൂത്ത കള്ളനായ വൈദ്യനും
തലയ്ക്കു ബോധമറ്റതാം പഴംപൊലീസ് കുമാരനും
കൊറോണയെന്ന മാരണത്തെയൊച്ചവച്ചകറ്റുമോ? 

(പഞ്ചചാമരം)

Labels: , ,

Monday, March 16, 2020

ബ്രേക്ക് ദ ചെയിൻ

കേരള സർക്കാറിന്റെ #breakthechain ക്യാമ്പയിനിൽ പങ്കാളിയാകുന്നു.
കൂട്ടെല്ലാമൊഴിവാക്കി, ശാസ്ത്രവിധിപോൽ വീട്ടിന്നകത്തായിടാം,
പാട്ടുംപാടിരസിച്ചു കൈകഴുകിടാം, സോപ്പിട്ടു നന്നായ് സദാ,
ഒട്ടും വേണ്ടിവരാത്തതൊന്നുമുടനേ വാങ്ങാതെ ശീലിച്ചിടാ-
മൊറ്റയ്ക്കല്ലൊരുമിച്ചു നാം പൊരുതിടാം, വൈറസ്സു തോൽക്കും വരേ!

(ശാർദ്ദൂലവിക്രീഡിതം)

Labels: , ,

Wednesday, February 26, 2020

രാജ്യം കത്തിയമരുമ്പോൾ

രാജ്യം കത്തിയമരുമ്പോൾ വിദ്വേഷത്തിന്റെ എണ്ണയൊഴിച്ച് ആളിക്കത്തിക്കുന്നവരേ, നിങ്ങൾ ഏതാനും ജീവിതങ്ങളെ മാത്രമല്ല ചാരമാക്കുന്നത്. ദീർഘവീക്ഷണമുള്ളവർ പടുത്തുയർത്തിയ ജനാധിപത്യ മൂല്യങ്ങളെയാണ് നിലംപരിശാക്കുന്നത്.

ഡൽഹിയിലെ ചുവപ്പുപുഴകളിൽ ഒഴുകിയൊലിക്കുന്നത് മതനിരപേക്ഷതയുടെ ഹൃദയംപിളർന്നു തെറിക്കുന്ന ചുടുചോരയാണ്. "ഭായി"യെ വിളിച്ച് കൊന്നുതള്ളാൻ പറയുന്നവർ പ്രതിജ്ഞചൊല്ലി സ്വന്തമാക്കിയ സഹോദരങ്ങളുടെ തലയ്ക്കാണ് വിലപറയുന്നത്.

ഇൻഡ്യ എന്ന ആശയം നമ്മുടെ കൺമുന്നിൽ തകർന്നു തുടങ്ങുന്നു.

Labels:

Friday, January 24, 2020

കസ്റ്റമർ സർവീസ്

Me: Please cancel my order.
Customer service rep: May I ask why you want to cancel the order?
Me: Paying $10 shipping for a $10 item is a bit excessive.
CS rep: Oh, then would you like to sign up for our free shipping service?
Me: Sure, why not!
CS rep: Ok, great. For $89.99 you get up to 6 orders shipped free.
Me: So, if I sign up for your "free shipping," I pay $15 per shipment, otherwise it will just be $10?
CS rep: When you put it that way, it seems pricy.
Me: Thank you.

(Not fiction)

Labels:

Saturday, January 18, 2020

ചില KAW ചിന്തകൾ

(സീയാറ്റിലിലെ മലയാളി അസ്സോസിയേഷനെക്കുറിച്ചുള്ള (KAW) അമ്മാവൻ സിൻഡ്രോം പോസ്റ്റാണ്. അധികം പേർക്കും താല്പര്യമുള്ള വിഷയമാവണമെന്നില്ല.)

കഴിഞ്ഞ വർഷം ഈ സമയത്ത് KAW ഇലക്ഷന്റെ ചൂടായിരുന്നു. ഈ വർഷം പഴയ ചൂടില്ല. ഒന്നുരണ്ടു പേരൊഴികെ വോട്ടു ചോദിച്ച് ആരും ഇതുവരെ വിളിച്ചിട്ടുമില്ല. ഒന്നുകിൽ ഇലക്ഷന് വാശിയില്ല, അല്ലെങ്കിൽ സ്ഥാനാർത്ഥികൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. രണ്ടായാലും കൊള്ളാം.

കഴിഞ്ഞ കൊല്ലം പാനൽ തിരിഞ്ഞുള്ള പ്രകടനപത്രികയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പേരിന് ഒരു സ്ഥാനാർത്ഥി ബയോ പോലുമില്ല. വായിക്കാൻ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഒരു അംഗമെന്ന നിലയിൽ എനിക്കുള്ള ചില പരിമിതാഗ്രഹങ്ങൾ മത്സരാർത്ഥികൾക്ക് വായിക്കാൻ കൊടുക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.


  1. സൈൻഫെൽഡ് ഷോയിൽ കാർ റിസർവേഷനെപ്പറ്റി ഒരു എപ്പിസോഡിൽ റിസർവ് ചെയ്ത കാർ ഇല്ല എന്നു കേൾക്കുമ്പോൾ സൈൻഫെൽഡ് പറയുന്ന ഒരു ഡയലോഗുണ്ട് (ഓർമ്മയിൽ നിന്ന്): "You know how to take a reservation, you don't know how to hold it. That's the most important part of it." ഈ പറഞ്ഞതുപോലെയാണ് ഇപ്പോൾ KAW Charity-യുടെ അവസ്ഥ. സംഭവം രംഗത്തുണ്ട്. പക്ഷേ ഫണ്ട് ഫലപ്രദമായും വിവാദരഹിതമായും ഉപയോഗിക്കുന്നതും എംപ്ലോയർ മാച്ച് കിട്ടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനകാര്യങ്ങളിൽ ശ്രദ്ധയുണ്ടായെങ്കിൽ നന്നായിരുന്നു. KAW സംഘടിപ്പിക്കുന്ന പരിപാടികൾ KAW Charity-യുടെ കീഴിൽ കൊണ്ടുവന്ന് വോളണ്ടിയർമാർക്ക് പ്രവർത്തനസമയം മാച്ച് ചെയ്യാൻ ശ്രമിക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കണം. ഫണ്ട് വിതരണത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കുകയും അവ മുറപോലെ പാലിക്കുകയും ചെയ്താൽ ഉഗ്രൻ!
  2. അസ്സോസിയേഷൻ പരിപാടികൾക്ക് വർഷാവർഷം പിന്തുടരാൻ പറ്റുന്ന രീതിയിലുള്ള കലണ്ടർ ഉണ്ടാക്കുക. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ അനുഭവം വച്ചു നോക്കിയാൽ ജനുവരി മൂന്നാം വാരം ക്രിസ്മസ്/ ന്യൂ ഈയർ, ഫെബ്രുവരി അവസാനവാരം പുതിയ കമ്മിറ്റി അധികാരമേൽക്കൽ, മാർച്ച് അവസാന വാരം പുതിയ കമ്മിറ്റിയുടെ ഉദ്ഘാടന പരിപാടി, മേയ് വീക്കെൻഡുകളിൽ സോക്കർ, ജൂലൈ വീക്കെൻഡുകളിൽ ക്രിക്കറ്റ്, ഓഗസ്റ്റ് ഒന്നാം വാരം പിക്നിക്, സെപ്റ്റംബറിൽ സ്കൂൾ തുറന്നശേഷമുള്ള രണ്ടാം വാരാന്ത്യത്തിൽ ഓണാഘോഷം, ഒക്ടോബർ/നവംബർ വീക്കെൻഡുകളിൽ ചീട്ടുകളികൾ, ചെസ് പോലുള്ള ഇൻഡോർ കളികൾ എന്നിവ എല്ലാ വർഷവും നടത്താവുന്നതാണ്. ബാക്കിയുള്ള പരിപാടികൾ ഈ തീയതികളെ ഒഴിവാക്കി നടത്താം. 
  3. മലയാളവുമായോ മലയാളികളുമായോ ബന്ധമുള്ള പരിപാടികൾ മറ്റുസംഘടനകളോ വ്യക്തികളോ സംഘടിപ്പിച്ചാൽ ആ വിവരം അസ്സോസിയേഷൻ അംഗങ്ങളെ അറിയിക്കാനുള്ള സൌമനസ്യം കാണിക്കുക. ഇനി അത്യാവശ്യമാണെങ്കിൽ ന്യായമായ ചട്ടം എഴുതിയുണ്ടാക്കുക. ഉദാഹരണത്തിന്, വ്യക്തികളുടെ ലാഭം ലക്ഷ്യമാക്കിയുള്ള പരിപാടികൾ "പരസ്യം" ചെയ്യുന്നതിനുള്ള നിബന്ധനകൾ പരസ്യപ്പെടുത്തുക. മലയാളം/കേരളം/മലയാളി എന്നിവ സംബന്ധിയായി സീയാറ്റിലിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളെക്കുറിച്ച് (സിനിമാപ്രദർശനം, സ്റ്റേജ് ഷോ, ഗാനമേള, സെമിനാറുകൾ, ...) അറിയാനുള്ള one stop shop ആയി KAW-വിനെ മാറ്റുക. 
  4. വർഷാന്ത്യത്തിൽ ബാങ്ക് ബാലൻസ് കൂട്ടുന്നതാണ് കമ്മിറ്റിയുടെ കേമത്തരം എന്ന ധാരണ അവസാനിപ്പിക്കുക. നിങ്ങൾ എത്ര പിശുക്കി, അല്ലെങ്കിൽ അംഗങ്ങളേയും സ്പോൺസർമാരേയും എത്ര പിഴിഞ്ഞു എന്നത് നിങ്ങളുടെ കഴിവിന്റെ അംഗീകാരമാവാൻ പാടില്ല. എല്ലാ പരിപാടികൾക്കും എൻട്രി ഫീ പിരിക്കുന്നപോലുള്ള പിന്തിരിപ്പൻ ഏർപ്പാടുകൾ നിർത്തുക. അത്യാവശ്യമാണെങ്കിൽ മെമ്പർഷിപ്പിനു പുറമേ ഒരു നിശ്ചിത തുക ($20) സ്റ്റേജ് ഷോ/ഓണം എന്നിവ ഒഴികെയുള്ള എല്ലാ പരിപാടികൾക്കുമുള്ള one-time ഫീ ആയി നിജപ്പെടുത്താം. മെംബർഷിപ്പ് എടുക്കാത്തവരെ പിഴിയുന്നതിൽ എനിക്ക് വിഷമമില്ല: അവരിൽ നിന്നും ഒരു പരിപാടിയ്ക്ക് $20 വച്ച് വാങ്ങിയാലും തെറ്റില്ല. 
  5. തീരുമാനങ്ങളിൽ fairness ഉറപ്പാക്കുക. ഈ നൂറ്റാണ്ടിൽ ഇതൊക്കെ പറയേണ്ടിവരുന്നത് ഗതികെട്ടിട്ടാണ്. Conflict of interest ഉള്ള ഇടങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ കമ്മിറ്റിഅംഗങ്ങളെ പ്രോത്സാഹിപ്പിക്കുക. നിങ്ങൾ ഒളിഞ്ഞും തിരിഞ്ഞും ചെയ്യുന്ന favoritism അറപ്പുണ്ടാക്കുന്നതാണ്. ക്രിക്കറ്റിലും സോക്കറിലുമാണ് മറ്റുമാണ് ഇതിന്റെ വിളയാട്ടം. മറ്റിടങ്ങളിൽ unfairness കുറച്ചുകൂടി subtle ആണ്.
  6. ഇനിയുള്ളത് ചില ചെറിയ ബൈ-ലോ തിരുത്തൽ നിർദ്ദേശങ്ങളാണ് (അതില്ലെങ്കിൽ പിന്നെന്ത്!). ആദ്യമായി കമ്മിറ്റിയിലെ നിര്‍ബന്ധിത വനിതാപ്രാതിനിധ്യം രണ്ട് എന്നതിൽ നിന്നും അഞ്ച് ആയി എങ്കിലും ഉയർത്തുക (13 സീറ്റിൽ ആണ് രണ്ട് വനിതാ സംവരണം). ഇലക്ഷൻ എന്നു കേട്ടാൽ വിറളിപിടിക്കാതെ ആവശ്യമെങ്കിൽ ഇലക്ഷൻ നടത്തുക. പത്രികസമർപ്പണം self nomination മാത്രമാക്കുക. ഓരോ സ്ഥാനാർത്ഥിയിൽ നിന്നും ഓരോ പോസ്റ്റിനും $50 വച്ച് നിബന്ധകൾപ്രകാരം തിരിച്ചു കൊടുക്കുന്ന ഇലക്ഷൻ ഡെപ്പോസിറ്റ് വാങ്ങുക. ഇലക്ഷനിൽ നിൽക്കുന്ന പോസ്റ്റിലേയ്ക്ക് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 10% വോട്ടെങ്കിലും കിട്ടാത്തവരുടെ ഇലക്ഷൻ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടതില്ല.

തൽക്കാലം ഇത്രമതി. ഇതൊക്കെ ചെയ്തിട്ട് റിപ്പോർട്ട് എഴുതുമ്പോൾ "KAW-വിന്റെ ചരിത്രത്തിലാദ്യമായി" ഇതൊക്കെ ചെയ്തു എന്നു പറഞ്ഞ് എഴുതിപ്പിടിപ്പിക്കൂ. വിശാലമനസ്കനായ ഞാൻ ക്രെഡിറ്റ് ചോദിച്ച് വരില്ല.

PS: ഇങ്ങനെ ഉപദേശിക്കാതെ ചേട്ടൻ തന്നെ കേറി അങ്ങു ചെയ്താട്ടേ, എന്നിട്ട് സ്വയം ക്രെഡിറ്റ് എടുത്താട്ടേ എന്നു പറയുന്നവരോട്: ഒന്നാമത്, ഇത് ഉപദേശമല്ല (അങ്ങനെ തോന്നുന്നതാ!). രണ്ടാമത്, ഞാൻ എവിടേയും പോകുന്നില്ല. Be careful what you wish for!

Labels:

Friday, December 20, 2019

മിണ്ടാതെ നിൽക്കുന്നവരോട്

എന്റെ ചുറ്റിലും മിണ്ടാതെ നിൽക്കുന്നവരോടാണ്.

വിശേഷാവകാശങ്ങൾ കൈപ്പറ്റിയവരോടാണ്. നിങ്ങൾ മിണ്ടാതെ തന്നെ നിൽക്കുക.
നിങ്ങളിൽപ്പലർക്കും ഇൻഡ്യയുടെ തെരുവുകൾ രണമണിയുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നത് വാർത്തയോ വൃത്താന്തമോ അല്ല. തീവ്രമതവാദഗോഗ്വാവിളികൾ ജനാധിപത്യത്തിന്റെ അഭയസ്ഥാനങ്ങളെ വിറകൊള്ളിക്കുമ്പോൾ, നഞ്ചുനിറച്ച പ്രചാരണവ്യവസ്ഥകൾ തമ്മിൽത്തല്ലിയലറുമ്പോൾ, ഉടയാടയും ചെകിടുരോമവും പോലും ശത്രുപക്ഷത്തെ നിര്‍വ്വചിക്കുമ്പോൾ, വൈവിദ്ധ്യമെന്ന് അഭിമാനിച്ചിരുന്ന സംസ്‌ക്കാരമാതൃകകൾ വിഭജനസാമഗ്രികൾ നിറച്ച പടക്കപ്പുരയിലെ ഉൽപ്രേരകങ്ങളാവുമ്പോൾ, അപ്പോഴൊക്കെ നിങ്ങൾ മിണ്ടാതെ നിൽക്കുക.

ഓരോതൂണും തകർന്നുവീഴും വരേയും നിങ്ങൾ മിണ്ടാതെ നിൽക്കുക. നിലയ്ക്കാതൊഴുകുന്ന ചോരപ്പുഴകണ്ട് അത്ഭുതം കൂറുക. മേധാശക്തി ഇനിയും പണയംവയ്ക്കാത്ത ഭാവിതലമുറയുടെ പ്രതിഷേധങ്ങളെ കുരുത്തക്കേടെന്ന് നിഷേധിക്കുക. മൂഢസ്വർഗ്ഗത്തിലേയ്ക്കുള്ള കോണിപ്പടികളിൽ നിന്ന് ഭൂമിയിലെ അശാന്തി നുകരുക. അതുമല്ലെങ്കിൽ മേലാളന്മാർ കനിവോടെവച്ചുനീട്ടിയ അരാഷ്ട്രീയത്തിന്റെ കരിമ്പടമണിഞ്ഞ് സുഖംനടിച്ച് സുഷുപ്തിയിലാവുക.

ഉറങ്ങിയുണരുമ്പോൾ നിങ്ങൾ ഏതുലോകത്തിലായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ നിശ്ശബ്ദതമൂലം ക്രമാനുസരണമാക്കപ്പെടുന്ന പുതിയ ലോകക്രമം സ്വപ്നത്തിലെങ്കിലും നിങ്ങൾ സങ്കല്പിച്ചിട്ടുണ്ടോ?

എന്തെങ്കിലും പറയൂ. നിങ്ങളുടെ ശബ്ദത്തിലൂടെ അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ പുറത്തുവരട്ടെ.

Labels: