ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, February 14, 2023

"എന്തു പറ്റി?"

വർഷങ്ങളുടെ പരിചയസമ്പന്നത നമ്മെ പഠിപ്പിക്കുന്നതെന്തെന്നാൽ, "കലിപ്പിനുള്ള" കാരണമെന്താണ് എന്ന് സ്വയം മനസ്സിലാക്കാനുള്ള ശേഷിയില്ലെങ്കിൽ മിണ്ടാതിരിക്കുക. അല്ലാതെ, അങ്ങോട്ടു ചെന്ന്, "എന്തു പറ്റി?" എന്ന ചോദ്യം എന്തുവിലകൊടുത്തും ഒഴിവാക്കുക.

(𝐷𝑖𝑠𝑐𝑙𝑎𝑖𝑚𝑒𝑟: 𝑡ℎ𝑖𝑠 𝑖𝑠 𝑝𝑒𝑟𝑓𝑜𝑟𝑚𝑒𝑑 𝑏𝑦 𝑎 𝑡𝑟𝑎𝑖𝑛𝑒𝑑 𝑝𝑟𝑜𝑓𝑒𝑠𝑠𝑖𝑜𝑛𝑎𝑙. 𝐷𝑜 𝑛𝑜𝑡 𝑡𝑟𝑦 𝑡ℎ𝑖𝑠 𝑎𝑡 ℎ𝑜𝑚𝑒.)
ചന്തത്തിലുള്ള മിഴി ചെന്നിറമായിവന്നാൽ,
ചെന്താമരാക്ഷി, സഖി, മിണ്ടുകയില്ലയെന്നാൽ,
എന്തോതിയാലുമൊരു ഭാവവുമില്ലയെങ്കിൽ
"എന്തെ"ന്ന വാക്കൊഴികെ ചൊല്ലുവതെന്തുമാവാം!

(വൃത്തം: കേകയും വസന്തതിലകവും.)

കേക:
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ;
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ.
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;
നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം.

പതിന്നാല് അക്ഷരങ്ങൾ ഒരു വരിയിൽ 3—2—2 യതി 3—2—2 എന്ന ക്രമത്തിൽ ആവണം. ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വരുന്ന രീതിയിൽ വരിയുടെ മദ്ധ്യേ യതി (നിറുത്ത്) ഉള്ളതോണ് കേക. ലഘുവായ അക്ഷരത്തെ പാടിനീട്ടി ഗുരുവാക്കാം.

വസന്തതിലകം:
ചൊല്ലാം വസന്തതിലകം തഭജം ജഗംഗം.
പതിന്നാല് അക്ഷരങ്ങൾ ത, ഭ, ജ, ജ, എന്നീ നാലു ഗണങ്ങളും വരിയുടെ അവസാനത്തിൽ രണ്ടു ഗുരുക്കളുള്ളതും വസന്തതിലകം.

അങ്ങനെ നോക്കുമ്പോൾ ചില ചട്ടവട്ടങ്ങൾ പാലിക്കുന്ന കേകയാണ് വസന്തതിലകം എന്നുവരും. എന്തൊക്കെയാണ് അവ?

14 അക്ഷരങ്ങൾ വേണമെന്നതു രണ്ടുവൃത്തങ്ങളുടേയും പ്രാഥമിക ആവശ്യമാണ്. ഇനി,
  1. പാദാരംഭങ്ങൾ ഒരു പോലെ ആവണം എന്നതും വസന്തതിലകത്തിനും കേകയ്ക്കും സംഗതമായ കാര്യമാണ്. വസന്തതിലകത്തിന് എല്ലാവരിയും ഗുരുവിൽ തുടങ്ങണമെന്നതിനാൽ കേകയുടെ എല്ലാ വരിയും ഗുരുവിൽ തുടങ്ങിയാൽ ഇതും ശരിയായി വരും.
  2. ഏഴ് അക്ഷരങ്ങൾ കഴിഞ്ഞാൽ യതി (കേകയ്ക്കു മാത്രം).
  3. കേകയ്ക്ക് ആറു ഗണങ്ങൾ 3/2/2 3/2/2 രീതിയിൽ, ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വേണം. കേകയുടെ രണ്ടക്ഷരമുള്ള മൂന്നാം ഗണം വസന്തതിലകത്തിൽ ഭ-ഗണത്തിന്റെ (- v v) അവസാനലഘുവും ജ-ഗണത്തിന്റെ (v - v) ആദ്യലഘുവും ചേർന്നതായതിനാൽ, ഇതിൽ ഒരക്ഷരം പാടിനീട്ടി ഗുരു ആക്കിയാൽ മാത്രമേ കേക ആവുകയുള്ളൂ. പക്ഷേ, മലയാള വൃത്തങ്ങളുടെ ലക്ഷണത്തിൽ പാടിനീട്ടൽ അനുവദനീയമായതിനാൽ ഇത് പ്രശ്നമാവുന്നില്ല.
ചുരുക്കത്തിൽ, നടുക്ക് (ഏഴ് അക്ഷരം കഴിഞ്ഞ്) യതിയുള്ള, വരിയുടെ ആറാമക്ഷരമോ ഏഴാമക്ഷരമോ പാടി നീട്ടാവുന്ന വസന്തതിലകത്തിൽ എഴുതിയ ശ്ലോകങ്ങളെല്ലാം കേകയുമാണ്.

(𝑃𝑆: ഏതെങ്കിലും 𝑃ℎ𝐷 പഠിതാക്കൾ മുകളിൽ എഴുതിയ പദ്യം വായിച്ച് "അതാ, കേക!" എന്ന് അഭിപ്രായപ്പെട്ടാൽ കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിലെ മൂല്യച്യുതിയെപ്പറ്റി എഴുതിത്തകർക്കില്ല എന്നുമാത്രമല്ല ആ പഠിതാക്കളേയോ അവരുടെ ഗൈഡുമാരേയോ മലയാളം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങില്ല എന്നും അറിയിക്കുന്നു.

മലയാളത്തിലെ ഫെബ്രുവരി 14 ശ്ലോകങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കുന്നവർക്ക് മുകളിലെ ശ്ലോകം യഥേഷ്ടം ഉപയോഗിക്കാം. കേകയെന്നോ വസന്തതിലകമെന്നോ വൃത്തം പറയണമെന്ന ഒരു നിബന്ധനമാത്രം.)

Labels: , ,

0 Comments:

Post a Comment

<< Home