ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, January 23, 2006

ചൊറിഞ്ഞു കേറുമ്പോള്‍

പണ്ടൊക്കെ മേലാകെ ചൊറിയാന്‍ രണ്ടു കാരണങ്ങളായിരുന്നു: ചേന കടിക്കലും ചൊറിയണം (ഒരു തരം ചെടി) ആട്ടലും. ഇപ്പോള്‍, ചൊറിയാത്ത നല്ല അസ്സല്‍ 'ഫ്രോസണ്‍' ചേന കിട്ടും. ചൊറിയണവും തൊട്ടാവാടിയുമൊക്കെ കണ്ട കാലം തന്നെ മറന്നു.

മലയാളിയുടെ ഈ 'നൊസ്റ്റാള്‍ജിക് ഫീലിംഗ്' നിലനിര്‍ത്താന്‍ ഇനി ചേനയും ചേമ്പുമൊന്നുമന്വേഷിക്കേണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം. കാര്യമായൊന്ന് 'ചൊറിഞ്ഞു കേറണമെന്നു' തോന്നിയാല്‍, റ്റെലിവിഷന്‍ ഓണ്‍ ചെയ്ത് ഈ പരിപാടികളിലേതെങ്കിലുമൊന്ന് കണ്ടാല്‍ മതി:

അശ്വമേധം: നല്ല ആശയം. മലയാളത്തില്‍ ആദ്യമായി വ്യത്യസ്തമായ ഒരു മത്സര രീതി. പക്ഷേ, എന്തു ചെയ്യാം, അവതാരകന്‍ മഹാ ധിക്കാരി. താന്‍ കഴിഞ്ഞേ മറ്റൊരു മഹാജ്ഞാനിയുള്ളൂ എന്ന് മൂപ്പര് ധരിച്ചുവശായിരിക്കുന്നു. ഈ കൂപമണ്ഡൂകം ചെമ്പഴന്തി കോളജില്‍ പഠിക്കുന്ന കാലത്ത് (അന്നും അഹങ്കാരത്തിന് അല്പവും കുറവുണ്ടായിരുന്നില്ല) മാര്‍ ഇവാനിയോസില്‍ പഠിക്കുകയായിരുന്ന എന്‍റെ സതീര്‍ഥ്യന്‍ മനോജ് രാമസ്വാമിയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുകയായിരുന്ന രാജീവ് നായരും മറ്റും മറ്റും ക്വിസ് മത്സരങ്ങളില്‍ ഈ ദേഹത്തിനെ തോല്പിച്ചു തുന്നം പാടിച്ചിരുന്നു. അവരിലാരെങ്കിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നെങ്കില്‍. ഒരു കാര്യം കൂടി: ഈ അവതാരകന് വേഷം സ്പോണ്‍സര്‍ ചെയ്യുന്നവരുടെ കടയില്‍ ദയവായി ആരും കേറരുത്: അവര്‍ക്കും ഈ ക്രൂരതയില്‍ പങ്കുണ്ട്.

സിംഗ് ആന്‍ഡ് വിന്‍: മനോഹരിയും കോകിലസ്വനിയുമായ അവതാരിക. പറഞ്ഞിട്ടെന്തു കാര്യം? കൂടെനില്‍ക്കുന്ന അമ്പാഴപ്പൊണ്ണന്‍ (എം. ടി. യ്ക്കു സ്തുതി!) ഈ പരിപാടിയെ അസഹ്യതയുടെ പുതിയ തലങ്ങളിലേയ്ക്ക് അനായാസം കൊണ്ടുപോകുന്നു. പാടാനറിയാത്തവരൊക്കെ ബുദ്ധിഹീനരാണെന്നു കണ്ടുപിടിച്ച നമ്മുടെ മാന്യന്‍റെ തലമണ്ട ഉടന്‍ പരിശോധനാവിധേയമാക്കണം. (കൂട്ടത്തില്‍പ്പറയട്ടെ, ബുദ്ധിവികസിച്ചിട്ടില്ലെങ്കിലും ചില പാട്ടുകള്‍ ഇദ്ദേഹം തരക്കേടില്ലാതെ പാടും.)

കൈരളിയും സൂര്യയും മാത്രം ലഭ്യമാകുന്നതും ദിവസേന ഒരുമണിക്കൂറില്‍ താഴെ മാത്രം മലയാളം പരിപാടികള്‍ കാണുന്നതും എന്‍റെ ഭാഗ്യം.

Labels:

9 Comments:

  1. Blogger സ്വാര്‍ത്ഥന്‍ Wrote:

    എനിക്കും ഉണ്ടാകാറുണ്ട് ഈ ചൊറിച്ചില്‍, റിമോട്ടുകുട്ടന്‍ തന്നെ തുണ!

    January 23, 2006 12:14 PM  
  2. Blogger ചില നേരത്ത്.. Wrote:

    ടി.വി കാണാതിരുന്നൂടെ എന്ന് തോന്നിയത് ചൊറിച്ചില്‍ കൂടിയതിന്ന് ശേഷമാണ്. എങ്കിലും ബാലചന്ദ്രന്‍ ചുള്ളിക്കാടുമായുള്ള അഭിമുഖം ഏഷ്യാനെറ്റില്‍ കണ്ടു. കൈയില്‍ കാശ് കൂടിയതോ പഴയ ക്ഷോഭമോ എന്നറിയില്ല മലയാളികളെ അടച്ചാക്ഷേപിക്കുന്നുണ്ടായിരുന്നു.
    (ഇന്റര്‍വ്യൂ ചെയ്തവനെ കണ്ടുകിട്ടിയാല്‍ നാല് പറയണമെന്ന് വിചാരിക്കുന്നുണ്ട്, അസഹനീയമായ വലിച്ചു നീട്ടലായിരുന്നു.)

    January 25, 2006 1:12 AM  
  3. Anonymous Anonymous Wrote:

    സന്തോഷേ, ഞാന്‍ ടി.വി കാണാറേയില്ല്യ!-സുനില്‍-

    January 25, 2006 2:02 AM  
  4. Blogger സു | Su Wrote:

    ആദ്യത്തെ മലയാളം പോസ്റ്റ് വെറും ചൊറ ആണല്ലോ
    മാഷേ. ആ ടി.വി. ഓഫ് ചെയ്ത് വെച്ച് നല്ല പോസ്റ്റുകള്‍ ഇവിടെ വെക്കൂ.

    ഈശ്വരാ മറന്നു. ഞാന്‍ സ്വാഗതം പറയാന്‍ വന്നതാ.

    സുസ്വാഗതം.

    January 25, 2006 4:21 AM  
  5. Blogger സു | Su Wrote:

    ഓ... പണ്ടത്തെ പോസ്റ്റ് ഒന്നും ഓര്‍മ്മിച്ചില്ല.

    January 25, 2006 4:22 AM  
  6. Blogger Santhosh Wrote:

    സ്വാര്‍ഥന്‍: വീട്ടിലെ റിമോട്ട് ഭാര്യ അടങ്കലെടുത്തിരിക്കുകയാ!

    ഇബ്രൂ: കഥകളൊക്കെ വായിക്കാറുണ്ട്. എല്ലാം നന്നാവുന്നു.
    ഇതാ ചുള്ളിക്കാട് ക്ഷോഭവുമായി നടന്ന കാലത്തെ ഒരു കഥ (ശ്രീ. എം. കൃഷ്ണന്‍ നായര്‍ എഴുതിയത്):
    തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനകത്തോ പരിസരത്തോ വച്ച് കൃഷ്ണന്‍ നായര്‍ ചുള്ളിക്കാടിനെ കാണുന്നു. മദ്യഗന്ധവും വിയര്‍പ്പുനാറ്റവും അസഹനീയം. മുഷിഞ്ഞ ജുബ്ബയും ചെളിപറ്റിയ ഒറ്റമുണ്ടും ധരിച്ച് വെറും തറയില്‍ കൂനിപ്പിടിച്ചിരിപ്പാണ്. അടുത്തുകൂടി വിശേഷമാരാഞ്ഞു. വിശപ്പുണ്ട്. ഒരു നാരങ്ങാവെള്ളം വാങ്ങാന്‍ പോലും കാശില്ല. വീടുപറ്റാന്‍ ടിക്കറ്റെടുക്കാന്‍ നയാപ്പൈസയില്ല. കൃഷ്ണന്‍ നായര്‍ ചുള്ളിക്കാടിന് 100 രൂപ കടം കൊടുത്തു.
    ഇതിത്ര കഥയായിപ്പറയാന്‍ എന്തെന്നല്ലേ? ചുള്ളിക്കാട് 25,000 രൂപയുടെ അവാര്‍ഡ് നിരസിച്ചതിന്‍റെ പിറ്റേന്നാണീ സംഭവം.

    സൂ: എന്താണീ 'ചൊറ' എന്നാല്‍? സ്വാഗതത്തിനു നന്ദി!

    സുനില്‍: നല്ല തീരുമാനം.

    സസ്നേഹം,
    സന്തോഷ്.

    January 25, 2006 10:24 AM  
  7. Blogger ഉമേഷ്::Umesh Wrote:

    വല്ലപ്പോഴും അശ്വമേധം കാണാൻ പറ്റുമ്പോഴും അതിനെപ്പറ്റി സം‍സാരിക്കുമ്പോഴും ആളുകൾ‍ക്കു പ്രദീപിന്റെ പാണ്ഡിത്യത്തെപ്പറ്റി നൂറു നാവാണു്. ആ പരിപാടി കാണുമ്പോൾ എനിക്കും ചൊറിഞ്ഞു കേറാറുണ്ടു്. വെളിയിൽ പറഞ്ഞാൽ അസൂയയാണെന്നു നാട്ടുകാർ‍ പറയും; അതുകൊണ്ടു പറഞ്ഞിട്ടില്ല.

    ഇപ്പോൾ മറ്റൊരാൾ ഈ അഭിപ്രായം പറയുമ്പോൾ യോജിക്കാതിരിക്കൻ കഴിയുന്നില്ല.

    കോളേജുകളിൽ പോപ്പുലർ ആയ ഒരു മത്സരമുണ്ടു് - Tom, Dick and Harry. ഒരു ടീമിൽ രണ്ടു പേർ‍ ഉണ്ടാവും. ഒരാൾ‍ക്കു് ഒരു വ്യക്തിയുടെ പേർ‍ കൊടുക്കും. മറ്റെയാൾ (ഉവ്വു്, അല്ല, അറിയില്ല} എന്നീ ഉത്തരങ്ങൾമാത്രം പറയാവുന്ന ചോദ്യങ്ങൾ ചോദിച്ചു് ആ ആളെ മനസ്സിലാക്കിയെടുക്കണം. മിടുക്കന്മാർ ഏതു വ്യക്തിയെയും കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്തുന്നതു കാണണമെങ്കിൽ ഇങ്ങനെയൊരു പരിപാടി പോയിക്കണ്ടാൽ മതി. ഇതിന്റെ ഒരു മലയാളരൂപമാണു് അശ്വമേധം. അവരുടെ പാനൽ അം‍ഗീകരിച്ച ആളെ മാത്രമേ ഓർ‍ക്കാവൂ എന്നും എടുത്തു പറയേണ്ടതാണു്.

    ചോദ്യങ്ങളോ? “ഇദ്ദേഹം സാഹിത്യം, മതം, ജനനനിയന്ത്രണം, വിഷചികിത്സ എന്നിലേതെങ്കിലും മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണോ?“, “തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ഏതെങ്കിലും ജില്ലയിലായിരുന്നോ ജീവിതത്തിന്റെ ഭൂരിഭാഗവും അന്തിയുറങ്ങിയിരുന്നതു് “ ഇങ്ങനെ പോകുന്നു.

    ഇതൊക്കെ സാരമില്ല. എനിക്കു സഹിക്കാൻ കഴിയാത്തതു രണ്ടു കാര്യങ്ങളാണു്.

    ഒന്നു്: പങ്കെടുക്കുന്നവരെ അപമാനിക്കൽ. ഒരിക്കൽ ഒരാൾ ശ്രീനാരായണഗുരുവിനെ സങ്കല്പിച്ചു. അഞ്ചോ ആറോ ചോദ്യങ്ങളിൽ പ്രദീപിനു് (പ്രദീപിനു മാത്രമല്ല, കാണികൾ‍ക്കും) ആളെ പിടികിട്ടി. അവിടെവച്ചു നിർ‍ത്തേണ്ടതിനു പകരം, അനാവശ്യചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. “സുഖമാണോ?”, “രണ്ടും രണ്ടും കൂട്ടിയാൽ നാലാണോ” എന്ന രീതിയിലുള്ള ചോദ്യങ്ങൾ. അവസാനം “ഞാൻ ആളെ കണ്ടുപിടിച്ചേ” എന്നു പറയുന്നതിനു പകരം ശ്രീനാരായണഗുരുവിനെപ്പറ്റി ലോകത്താർ‍ക്കും മനസ്സിലാകാത്ത വിധത്തിൽ എന്തൊക്കെയോ വികൃതമായ വാക്കുകളിൽ മൂന്നു മിനിറ്റു നീണ്ടു നിൽക്കുന്ന പാണ്ഡിത്യപാഷാണവമനം.

    രണ്ടു്: അറിയാത്ത കാര്യങ്ങളെപ്പറ്റി ചുമ്മാ പറയൽ. ഒരിക്കൽ ആരോ “മോണിക്ക ലെവിറ്റ്സ്കി”യെ സങ്കല്പിച്ചു. ഏഴെട്ടു ചോദ്യങ്ങൾ‍ക്കു ശേഷം കാണികൾക്കെല്ലാം ആളെ പിടി കിട്ടി. പ്രദീപിനും. പക്ഷേ അവിടെ നിർ‍ത്താതെ ചോദ്യപ്രളയമായി. “ഒരു അമേരിക്കൻ പ്രസിഡണ്ടുമായി ലൈം‍ഗികാപവാദത്തിൽ പെട്ട ആളല്ലേ” തുടങ്ങിയ ഏതാനും ചോദ്യങ്ങൾ. പിന്നെ വരുന്നൂ അദ്ദേഹത്തിന്റെ പാണ്ഡിത്യം മുഴുവൻ വെളിവാക്കുന്ന മാസ്റ്റർ‍പീസ് ചോദ്യം. “ഇദ്ദേഹത്തിനെ ലെവിറ്റ്സ്കിയ്ക്കൂ പകരം സെലെസ് എന്നു ആദേശസന്ധി ചെയ്താൽ കയ്യിൽ ഒരു ടെന്നീസ് റാക്കറ്റ് കൊടുക്കാമോ?” ഇതു് ഒരു ബാലിശമായ ചോദ്യമാണെന്നു മാത്രമല്ല, ആദേശസന്ധി എന്നതു രണ്ടു് അക്ഷരങ്ങൾ തമ്മിൽ ചേരുമ്പോൾ ഒന്നു പോയി മൂന്നാമതൊന്നു വരുന്ന രീതിയാണെന്ന സാമാന്യതത്ത്വം പോലും ഇദ്ദേഹത്തിനറിയില്ല എന്നു വെളിവാക്കുകയും ചെയ്തു. “‘ആദേശസന്ധി‘ എന്നു് എവിടെയോ കേട്ടു, അതിവിടെ പ്രയോഗിച്ചു കളയാം” എന്നു കരുതിക്കാണും പാവം. ഇതുപോലെയുള്ള പണ്ഡിതമ്മന്യപ്രയോഗങ്ങൾ ഇദ്ദേഹത്തിന്റെ പരിപാടിയിൽ ഉടനീളമുണ്ടു്.

    മലയാളഭാഷയെ അല്പമെങ്കിലും സ്നേഹിക്കുന്നവർ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ ഈ ഭാഷാബലാത്സംഗം കണ്ടു് ചൊറിഞ്ഞു കേറിയവരാണു്.

    രാജാവു നഗ്നനാണെന്നു ചൂണ്ടിക്കാട്ടിയതിനു നന്ദി.

    January 26, 2006 3:48 AM  
  8. Blogger സു | Su Wrote:

    ചൊറ ന്നു വെച്ചാല്‍ കുഴപ്പം, അപകടം, ഒഴിവാക്കാനാവാതെ ചുറ്റിക്കൂടിയിരിക്കുന്നത്.

    ഇതു വല്യ ചൊറ ആയല്ലോ എന്റീശ്വരാ എന്നു പറയും. സു വിനെക്കൊണ്ട് പൊറുതിമുട്ടിയിട്ട് മറ്റു ബ്ലോഗര്‍മാര്‍ പറയുന്നത് :(

    January 26, 2006 6:01 AM  
  9. Blogger ആഷ | Asha Wrote:

    ഒത്തിരി പഴയ പോസ്റ്റാണല്ലോ. അതു കൊണ്ട് ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കേണ്ടി വന്നു. പറഞ്ഞതൊക്കെ എനിക്കും അനുഭവപ്പെട്ടിട്ടുള്ളത് തന്നെ. നമ്മുടെ പാട്ടുകാരന്‍ ചേട്ടന്റെ ചില വര്‍ത്തമാനസ്റ്റൈല്‍ കണ്ടാല്‍ മോന്തക്കിട്ട് രണ്ട് കുത്ത് വെച്ചു കൊടുക്കാന്‍ തോന്നും. ഞങ്ങള്‍ക്ക് ഇതിനിടെ കുറെ കാലമായി കൈരളി കിട്ടണില്ലായിരുന്നു. ഇപ്പോ വീണ്ടും വന്നു തുടങ്ങി. ഈയിടെ വെച്ചപ്പഴും ലവന്‍ പഴയതു പോലെ തന്നെയാന്നാ എനിക്ക് തോന്നിയേ.

    May 21, 2008 9:47 PM  

Post a Comment

<< Home