ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, December 09, 2006

തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും

കുട്ടിക്കാലങ്ങളില്‍ ഓരോ കുറുമ്പുകള്‍ കാട്ടുമ്പോള്‍ മുതിര്‍ന്ന ബന്ധുക്കള്‍ “ഇവന്‍ ഇങ്ങനെയൊക്കെ ചെയ്യാതിരിക്കുമോ” എന്ന അര്‍ഥത്തില്‍ “അവളുടെയല്ലേ മോന്‍” അല്ലെങ്കില്‍ “അവന്‍റെ മോനല്ലേ” എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ഇനി മേലില്‍ അറിയാതെ പോലും ആ ചെയ്തി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കുമായിരുന്നു. ഒന്നാമത്, വെറുതേ അച്ഛനെയും അമ്മയെയും പഴി കേള്‍പ്പിക്കുന്നതിനുള്ള മടി. പിന്നെ ‘ഞാന്‍ ആരെപ്പോലെയുമല്ല, വ്യത്യസ്തനാണ്’ എന്ന് കാണിക്കാനുള്ള ത്വര. പക്ഷേ, ഇങ്ങനെ ചെയ്തു കൂട്ടുന്ന (പലപ്പോഴും നിര്‍ദ്ദോഷങ്ങളായ) പ്രവൃത്തികള്‍, നാമറിയാതെ നമ്മുടെ ചര്യകളില്‍ യാന്ത്രികമായി കടന്നു വരുന്നവയാണെന്ന് മനസ്സിലാവുന്നത്, രണ്ടു വയസ്സായ മകന്‍റെ ‘അനുകരണ’ത്തില്‍ വിസ്മയം പൂണ്ടിരിക്കുമ്പൊഴാണ്.

അമ്മയുടെയും അച്ഛന്‍റെയും ചില മാനറിസങ്ങള്‍ ഇപ്പോള്‍ത്തന്നെ മകന്‍ ശീലിച്ചിരിക്കുന്നു. ജോണ്‍ സ്റ്റുവര്‍ടിന്‍റെ റ്റി. വി. പരിപാടി തുടങ്ങുന്നതിനുമുമ്പ് സോഫയില്‍ വന്നിരുന്ന് ചിരിക്കാന്‍ തയ്യാറെടുക്കുന്നതും, പാത്രങ്ങളായെ പാത്രങ്ങളിലൊക്കെ കിട്ടുന്ന തവികളിട്ടിളക്കുന്നതും, നിത്യം കാണുന്ന മനസ്സിലുറച്ചുപോയ കാഴ്ചകളില്‍ നിന്നുണ്ടായ അനുകരണങ്ങളാണെന്ന് വ്യക്തം. എന്നാല്‍, വൈകുന്നേരങ്ങളില്‍ പതിവായുള്ള പന്തുകളിക്കിടയില്‍, പന്ത് എനിക്ക് എറിഞ്ഞുതരുന്നതിനു മുമ്പ്, വലതുകയ്യില്‍ പന്തു പിടിച്ച് ഇടതുകയ്യിലേയ്ക്കടിച്ച് ശബ്ദം കേള്‍പ്പിക്കുക എന്നത് സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നു മാത്രം ‘പിടിച്ചെടുക്കാവുന്ന’തായതിനാല്‍, വളരെ സവിശേഷമായിത്തോന്നിയ അനുകരണങ്ങളിലൊന്നാണത്.

മാതാപിതാക്കളുടെ ഓരോ സ്വഭാവവിശേഷവും എത്ര സൂക്ഷ്മമായാണ് കുട്ടികള്‍ സ്വന്തമാക്കുന്നതെന്നോ! അതും വളരെച്ചെറിയ പ്രായത്തില്‍ത്തന്നെ. പല അനുകരണങ്ങളും കുറച്ചുനാളുകള്‍ മാത്രം നിലനില്‍ക്കുന്ന താല്കാലികമായ സംഗതിയായിരിക്കും. എന്നാല്‍ സ്വഭാവരൂപീകരണത്തില്‍ത്തന്നെ സ്വാധീനം ചെലുത്തുന്ന മറ്റു ചില മാനറിസങ്ങളും നാമറിയാതെ, നാം കുട്ടികള്‍ക്ക് കൈമാറുന്നുണ്ട്.

ഉള്ളൂര്‍ അതിമനോഹരമായി ഇത് വരച്ചു കാട്ടിയിരിക്കുന്നു:
ജനിച്ച നാള്‍ തൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവള്‍ക്കു പാര്‍ത്താല്‍
ചപ്രത്തലക്കെട്ടയഥാര്‍ഹമല്ല,
"തള്ളയ്ക്കെഴും ദുര്‍ഗ്ഗതി പിള്ളകള്‍ക്കും."

കുട്ടികള്‍ കാണുന്നു, കുട്ടികള്‍ ചെയ്യുന്നു എന്ന പേരില്‍ ഓസ്ട്രേലിയയിലെ ഒരു പരസ്യ ഏജന്‍സി തയ്യാറാക്കിയ ഒന്നര മിനുട്ട് നീളമുള്ള പരസ്യം ഈ സത്യം അരക്കിട്ടുറപ്പിയ്ക്കുന്നു. (ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ “Children See, Children do” എന്ന് സേര്‍ച് ചെയ്യുക.)

[പരസ്യം ശ്രദ്ധയില്‍പ്പെടുത്തിയ പ്രാപ്രയ്ക്ക് നന്ദി.]

Labels: ,

16 Comments:

  1. Blogger സു | Su Wrote:

    ശരിയാണ്. കുട്ടികള്‍ കാണുകയും ചെയ്യുകയും ചെയ്യുന്നുണ്ടാവും. പക്ഷെ കുഞ്ഞുപ്രായത്തില്‍, മാതാപിതാക്കന്മാരെപ്പോലെ തന്നെ, മുതിര്‍ന്ന പ്രായത്തില്‍ കൂട്ടുകാരേയും അനുകരിക്കാന്‍ ശ്രമിക്കും എന്നുള്ളതാണ് കാര്യം. ഓരോരുത്തര്‍ക്കും ഓരോ സ്വഭാവം. അമ്മ എന്നും പറയും, ഇപ്പോഴും, ‘ഒരാളുടെ സ്വഭാവം നന്നാക്കിവെക്കാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ’ എന്ന്. ശ്രമിക്കാറുണ്ട്. എന്നാലും ചിലപ്പോള്‍ തോല്‍ക്കും. എല്ലാക്കാര്യവും നമ്മുടെ കൈയില്‍ അല്ലല്ലോ.

    പരസ്യം കണ്ടില്ല. നോക്കാം. :)

    December 09, 2006 12:18 AM  
  2. Blogger Kiranz..!! Wrote:

    വളരെ ശരിയാണ് മാഷേ..ഒന്നരവയസുള്ള ഊപ്രിച്ചെക്കന്റെ ചില മാനറിസങ്ങള്‍ പോലും ഇതിനു സാക്ഷ്യം വയ്ക്കാന്‍ പാകത്തിനുണ്ട് :)

    December 09, 2006 1:49 AM  
  3. Anonymous Anonymous Wrote:

    നല്ല പോസ്റ്റ്.പരസ്യം ഇഷ്ടായില്ല,കൃത്രിമത്വം തോന്നുന്നു.

    ഓഫ്:
    http://creativeads.blogspot.com/പരസ്യങ്ങളെക്കുറിച്ചുള്ള ജിത്തൂന്റെ ബ്ലോഗ്

    December 09, 2006 2:04 AM  
  4. Blogger Unknown Wrote:

    സന്തോഷേട്ടാ,
    ആ പരസ്യം അസ്സലായിട്ടുണ്ട്. ഞാന്‍ ഒന്നും കൂടി ഡീസന്റായി ഇപ്പൊ മുതല്‍. :-)

    December 09, 2006 2:31 AM  
  5. Blogger Visala Manaskan Wrote:

    പ്രിയ സന്തോഷ്.

    നല്ല പോസ്റ്റ്. നല്ല പരസ്യവും.

    December 09, 2006 4:40 AM  
  6. Blogger മുസ്തഫ|musthapha Wrote:

    നല്ല പോസ്റ്റ് സന്തോഷ്

    പാച്ചുവിന്‍റെ ചില അനുകരണങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെടാറുണ്ട്.

    December 09, 2006 6:13 AM  
  7. Blogger അരവിന്ദ് :: aravind Wrote:

    ഈ പോസ്റ്റും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
    പരസ്യം നന്നായിട്ടുണ്ട് സന്തോഷ്‌ജീ.


    ബൈ ദ ബൈ, നാടകം സ്ക്രിപ്റ്റ് ഞാനിപ്പോഴും എഴുതിക്കൊണ്ടേയിരിക്കുന്നു.മറന്നിട്ടില്ലാ ട്ടോ.

    December 09, 2006 6:14 AM  
  8. Blogger ഉമേഷ്::Umesh Wrote:

    നല്ല പോസ്റ്റ്, സന്തോഷ്! പരസ്യവും നന്നു്.

    ഉള്ളൂരിന്റെ ശ്ലോകത്തിന്റെ മൂന്നാം വരി ആകെ ക്ലിഷ്ടമാണല്ലോ. ന്തൂട്ടാ ക്ടാവേ അതിന്റെ അര്‍ത്ഥം?

    “ഓരോ സ്വഭാവവിശേഷങ്ങളും...” എന്നതു തിരുത്തേണ്ട പ്രയോഗമല്ലേ?

    December 09, 2006 9:03 AM  
  9. Blogger Santhosh Wrote:

    നന്ദി, സുഹൃത്തുക്കളേ!

    ‘ഓരോ സ്വഭാവവിശേഷവും’ എന്ന് തിരുത്തിയിട്ടുണ്ട്. അതുപോലെ മൂന്നാം വരിയില്‍ തോന്നിയ ക്ലിഷ്ടതയ്ക്ക് കാരണം എന്‍റെ ഓര്‍മപ്പിശകാവാനേ തരമുള്ളൂ. ചപ്രത്തലക്കെട്ട് എന്ന് പുതിയ ഓര്‍മ പറയുന്നു. അങ്ങനെ മാറ്റിയിട്ടുണ്ട്. (വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊല്ലിക്കേട്ട ഓര്‍മയിലെഴുതുന്നതാണ്, ഇനിയും തിരുത്തലുകള്‍ വേണ്ടി വന്നേക്കാം!)

    December 09, 2006 10:03 AM  
  10. Blogger Inji Pennu Wrote:

    ഹൊ! പവര്‍ഫുള്‍ പരസ്യം.. എത്ര ശരിയാ.. നല്ല പോസ്റ്റ് സന്തോഷേട്ടാ. പിള്ളേര്‍ അമ്മേടെ പോലെ എളിയില്‍ കൈ കുത്തി നിക്കണതും, അപ്പന്റെ പോലെ കൈ തലേമേല്‍ വെച്ച് ഉറങ്ങുന്നതും ഒക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നടത്തവും ഫോണ്‍ വിളിയും ഒക്കെ അവര്‍ അനുകരിക്കാറുണ്ട്... കുട്ട്യേട്ടത്തീന്റെ പോസ്റ്റില്‍ ഹന്നമോള്‍ ബാഗൊക്കെ എടുത്തോണ്ട് സാധനം മേടിക്കാന്‍ പോവുന്നത് ഓര്‍മ്മ വന്നു...

    December 09, 2006 10:45 AM  
  11. Blogger Slooby Jose Wrote:

    പരസ്യം പോരാ. പക്ഷേ, പോസ്റ്റ് ഇഷ്ടമായി.

    കഴിഞ്ഞ ശനിയാഴ്ച ശ്രീമാന്റെ അനിയനെ ഫോണ്‍ വിളിച്ചുകൊണ്ടിരുന്നപ്പോല്‍ ഇവിടൊരുത്തി കോര്‍ഡ്ലെസ്സ് ഫോണ്‍ പിടിച്ചുവാങ്ങിയിട്ട്, നടന്നുകൊണ്ട് സംസാരിക്കൂകയാണ് ‘അപ്പാപ്പനോ‘ട് ! നമ്മളോക്കെ മൊബൈലില്‍ സംസാരിക്കുന്നതുപോലെ.

    എവിടെനിന്ന് ഇവള്‍ക്ക് ഈ ഐഡിയാ കിട്ടിയെന്നറിയില്ല, കാരണം മൊബൈല്‍ ഫോണ്‍ ഏറ്റവും മിനിമം ഉപയോഗിക്കുന്ന കൂട്ടത്തിലാണ് ഞങ്ങള്‍. എന്റെ ബ്രദറിനെയോ മറ്റോ കണ്ട് അനുകരിച്ചതായിരിക്കണം. ഞങ്ങള്‍ പറയുന്ന ഒരു മാതിരി വാക്കുകളൊക്കെ അവ്യക്തമായെങ്കിലും അവള്‍ ഉച്ചരിക്കാന്‍ ശ്രമിക്കുന്നതുകാണുമ്പോഴാണ് അത്ഭുതം തോന്നുക

    December 09, 2006 8:32 PM  
  12. Blogger ചില നേരത്ത്.. Wrote:

    സന്തോഷ്‌ജി
    വളരെ രസകരമായ വിഷയം.
    പക്ഷെ പരസ്യത്തെ മികച്ച് നിക്കുന്നത് സന്തോഷ്‌ജിയുടെ എഴുത്ത് തന്നെ.

    December 09, 2006 9:01 PM  
  13. Blogger രാവുണ്ണി Wrote:

    “അയഥാര്‍ഹമല്ല“ എന്നല്ലേ?

    December 11, 2006 8:23 AM  
  14. Blogger ബിന്ദു Wrote:

    ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോഴേ കുട്ടികള്‍ അച്ഛനമ്മമാരെ മനസ്സിലാക്കുന്നു. അപ്പോള്‍ വെളിയിലെത്തുമ്പോഴോ.:) നന്നായി ലേഖനം.

    December 11, 2006 1:04 PM  
  15. Blogger Santhosh Wrote:

    രാവുണ്ണീ, അയഥാര്‍ഹമല്ല എന്നാണ് എന്‍റേയും ഓര്‍മ. പിന്നെ തോന്നി അയഥാര്‍ഥമല്ലെ എന്നല്ലേ എന്ന്. വീണ്ടും തിരുത്തുന്നു.

    December 11, 2006 7:30 PM  
  16. Blogger തറവാടി Wrote:

    ചിലതൊക്കെ ഓര്‍മ്മവന്നു

    qw_er_ty

    December 19, 2006 7:50 AM  

Post a Comment

<< Home