ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, October 31, 2006

ഓം ഹ്രീം സ്വാഹ...

ഇന്ന് ഹാലോവീന്‍. കുട്ടികളും മുതിര്‍ന്നവരും പ്രച്ഛന്ന വേഷം കെട്ടി ‘ട്രിക് ഓര്‍ ട്രീറ്റ്’ എന്ന് ചോദിച്ച് മിഠായി തേടി വരുന്ന ദിവസം. മൃഗങ്ങള്‍, പക്ഷികള്‍, ഫലങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവയ്ക്കു പുറമേ, ഭയപ്പെടുത്തുന്ന രൂപങ്ങളായും കുട്ടികളും മുതിര്‍ന്നവരും ഇന്ന് വേഷം മാറിയെത്തും. പൊള്ളയായ മത്തങ്ങകളില്‍ കരിമ്പൂച്ചയുടെയും, വവ്വാലിന്‍റെയും, മറ്റു പ്രേതരൂപികളുടെയും രൂപം കൊത്തിയെടുത്ത്, അതിനകത്ത് ലൈറ്റിട്ട് വീടിനു പുറത്ത് പ്രദര്‍ശിപ്പിക്കും. വീട് ഒരു പ്രേതഭവനം പോലെ അലങ്കരിച്ചെടുക്കും. അമേരിക്കയില്‍, ക്രിസ്മസിനോളം തന്നെ വലിയ ഒരു ആഘോഷമായി ഹാലോവീന്‍ മാറിക്കൊണ്ടിരിക്കുന്നു.

ഭൂത, പ്രേത, പിശാചുകളെ എനിക്ക് ഇപ്പോഴും പേടിയാണ്. ഇരുട്ടിന്‍റെ മറവില്‍, കുടുസ്സുമുറികളില്‍, തട്ടിന്‍പുറങ്ങളില്‍, അവറ്റകള്‍ സസുഖം വാഴുന്നുവെന്നും ഇരയെ ഒറ്റയ്ക്കു കിട്ടാന്‍ തക്കം പാര്‍ത്തിരിക്കുവെന്നും ഞാന്‍ വിശ്വസിക്കുന്നു.

ചെറുപ്പത്തില്‍ എന്നെയും സഹോദരന്മാരെയും വിറപ്പിച്ചു നടന്ന ജഗജില്ലിയായിരുന്നു കള്ളിയങ്കാട്ട് നീലി. അവളുടെ ക്രൂരതയും രക്തദാഹവും വിവരിച്ച് പേടിപ്പിച്ചുറക്കാന്‍ മറ്റേമ്മയ്ക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. സാധാരണ, “ഇന്ന് ഏത് കഥ വേണം” എന്ന് ചോദിക്കുമ്പോള്‍ കഥയൊന്നും സ്റ്റോക്കില്ലാത്തതിനാലാണ് അങ്ങനെ ചോദിക്കുന്നതെന്നും, “നീലിയുടെ കഥ വേണ്ട” എന്ന മറുപടി തന്നെ നീലിയുടെ ഓര്‍മകള്‍ കുട്ടികളായ ഞങ്ങളില്‍ ഉണ്ടാക്കുമെന്നും, അങ്ങനെ, പേടിച്ച് കഥയൊന്നും പറഞ്ഞു കൊടുത്തില്ലെങ്കിലും ഉറങ്ങിക്കൊള്ളുമെന്നും മറ്റേമ്മയ്ക്കറിയാമായിരുന്നു.

ആറിലും ഏഴിലും പഠിക്കുമ്പോള്‍ മാസത്തിലൊരിക്കലെങ്കിലും ഒന്നൊന്നര കിലോമീറ്റര്‍ ദൂരെയുള്ള മറ്റേമ്മയുടെ തറവാട്ടിലേയ്ക്ക് ഒറ്റയ്ക്കൊരു യാത്ര ഒത്തു കിട്ടുമായിരുന്നു. സ്കൂള്‍ വിട്ടുവന്ന് കളിയൊക്കെക്കഴിഞ്ഞ്, അഞ്ചര മണി കഴിയുമ്പോളതാ, “ഓരാള് പുത്തന്‍വീട്ടില്‍ പോയി ഒരു തുടം ഒറ വാങ്ങിവരണം, മറ്റേയാള് കടയിപ്പോയി രണ്ട് കിലോ എള്ളുമ്പിണ്ണാക്ക് വാങ്ങണം” എന്ന് പറയേണ്ട താമസം അനിയന്‍ പിണ്ണാക്കു വാങ്ങാന്‍ റെഡി. വലിയവിള കുന്നിന്‍ പുറത്തു കൂടെ, ലക്ഷ്മിടീച്ചറുടെ വീടിന്‍റെ കിഴക്കേത്തൊടിയിലൂടെ, സുനിലിന്‍റെ വീടിനു പിന്നിലുള്ള മൊട്ടക്കുന്ന് കടന്ന് പുത്തന്‍വീടെത്തി, വാങ്ങാനുള്ളത് വാങ്ങി ഉടന്‍ മടങ്ങാന്‍ പറ്റുമോ? അവിടുന്ന് തരുന്നതെന്തായാലും വാങ്ങിക്കഴിക്കാതിരുന്നാല്‍ അവര്‍ക്ക് പരിഭവമാവും. കഴിക്കാനിരുന്നാലോ, മടങ്ങുമ്പോള്‍ സന്ധ്യമയങ്ങുകയും ചെയ്യും.

ശശിയണ്ണന്‍ വിഷം കഴിച്ചു മരിച്ച ശേഷം ഈ യാത്രകള്‍ വളരെ കഠിനമായിരുന്നു. കാട്ടുപുറുത്തിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും നീലി മാത്രമല്ല, ശശിയണ്ണന്‍റെ പ്രേതവും രക്തദാഹവുമായിവന്ന് തടഞ്ഞു നിര്‍ത്തുമെന്ന് ഞാന്‍ ഭയന്നു. വഴിവശങ്ങളിലുള്ള പൊന്തക്കാടുകൈലേയ്ക്ക് കണ്ണു പായാതിരിക്കാന്‍ പാതി അടച്ച കണ്ണുകളുമായി, പാഠപുസ്തകത്തിലെ പാട്ടുകള്‍ ഉച്ചത്തില്‍ പാടി വേഗത്തില്‍ നടക്കും. ഓടണമെന്നുണ്ടെങ്കിലും കയ്യിലുള്ളത് കളയുകയോ മറ്റോ ചെയ്താല്‍ അപമാനത്തോടൊപ്പം അടിയും കിട്ടുമെന്നതിനാല്‍ സ്വജീവനേക്കാള്‍ ഒരു തുടം ഉറയ്ക്ക് ഞാന്‍ വിലകല്‍‍പിച്ചു. ഏതു നിമിഷവും പിന്നില്‍ നിന്നു പിടിച്ചു നിറുത്തുന്ന ഒരദൃശ്യ രൂപം എന്നോടൊപ്പം ഒഴുകി വരുന്നതായി ഞാന്‍ സങ്കല്പിച്ചു. ഒരു കണ്ണ് പിന്നിലും ഒരു കണ്ണ് മുന്നിലും വയ്ക്കാതെ രണ്ടു കണ്ണും മുന്നില്‍ പിടിപ്പിച്ച ദൈവത്തിന്‍റെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. മേലേവിളയില്‍ തുറു കൂട്ടിയിരുന്നിടവും കഴിഞ്ഞ്, വീടിന്‍റെ വടക്കു കിഴക്കേ കോണില്‍ മുനിഞ്ഞു കത്തുന്ന നാല്പത് വാട്ട് ബള്‍ബ് കാണുമ്പോഴാണ് ഇന്നിനി നീലിക്ക് എന്നെ കിട്ടില്ലല്ലോ എന്ന സമാധാനമാവുക.

ഇങ്ങനെ ഭൂതങ്ങളെയും പ്രേതങ്ങളെയും പേടിച്ച് വളര്‍ന്ന ഞാന്‍, എല്ലാവരിലും ഇത്തരമൊരു ഭീതി ചെറുതായെങ്കിലും ഉണ്ടെന്ന് മനസ്സിലാക്കിയത് ഹോസ്റ്റല്‍ ജീവിതത്തിനിടയിലായിരുന്നു. അക്കാലത്ത്, വാരാന്ത്യങ്ങളിലും മറ്റും രാത്രി വൈകും വരെ, കേട്ടറിവുള്ള പ്രസിദ്ധമായ പ്രേതകഥകള്‍ പറഞ്ഞിരിക്കുക ഞങ്ങളില്‍ ചിലരുടെ ഒരു വിനോദമായിരുന്നു. പറഞ്ഞു പറഞ്ഞ്, അവസാനം കൂടിയിരിക്കുന്നവര്‍ക്കെല്ലാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും “ഇവന്‍ പ്രേതമാണോ” എന്ന ചിന്ത വരുമ്പോഴാവും ചര്‍ച്ചകള്‍ അവസാനിക്കുക. സ്വന്തം മുറികളിലേയ്ക്ക് മടങ്ങിപ്പോവാന്‍ ഭയമുള്ളവരെ (പലപ്പോഴും ഞാനുള്‍പ്പടെ), മുറികളിലാക്കി, ലൈറ്റിട്ട്, ജനല്‍ അടച്ചു തന്ന്, കട്ടിലിന്നടിയിലും മറ്റും ആരും ഒളിഞ്ഞിരിപ്പില്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ ഞങ്ങളിലെ ധൈര്യവാന്മാര്‍ക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നുള്ളൂ.

ഹോസ്റ്റലിന്‍റെ ഏറ്റവും താഴത്തെ നിലയിലുള്ള മുറികളില്‍ എത്തിപ്പെടുന്ന പുതിയ അന്തേവാസികളെ ഭയപ്പെടുത്താന്‍ ഈ വിദ്യ ഞങ്ങള്‍ വിജയകരമായി നടപ്പാക്കി. ഹോസ്റ്റലിന്‍റെ ഒരു നിര റൂമുകളുടെ പിന്നില്‍ റബര്‍തോട്ടമായിരുന്നുവെന്നത് ഞങ്ങളുടെ ഉദ്യമം എളുപ്പമാക്കി. രാത്രിയില്‍ ജനാലയിലൂടെ നോക്കിയാല്‍ അനന്തതയോളം റബര്‍ മരങ്ങള്‍ മാത്രം.

നാലോ അഞ്ചോ പേരടങ്ങുന്ന സംഘം രാത്രി പത്തുമണി കഴിഞ്ഞ് പുതുതായി ഹോസ്റ്റലില്‍ ചേരുന്നവരുടെ മുറിയിലേയ്ക്ക് “മീറ്റ് ആന്‍ഡ് ഗ്രീറ്റ്” എന്ന പേരില്‍ ചേക്കേറും. ഓരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞ്, വിഷയം പ്രേതബാധയെക്കുറിച്ചാക്കും. പണ്ട്, വടക്കേതോ കോളജിലെ ധൈര്യവാനായ യുവനേതാവ് ഭൂതവും പ്രേതവും അന്ധവിശ്വാസമാണെന്ന് പറഞ്ഞതും, കൂട്ടുകാര്‍ അവനെ, അകലെ കുന്നില്‍ ചെരിവിലുള്ള പാലമരത്തില്‍ ഒറ്റയ്ക്കു പോയി ആണിയടിച്ചു വരാന്‍ വെല്ലുവിളിച്ചതും, വെല്ലുവിളി സ്വീകരിച്ച്, അര്‍ധരാത്രിയോടടുത്ത്, പൂത്തുലഞ്ഞു നിന്ന പാലമരത്തിനടുത്തെത്തിയെങ്കിലും വെപ്രാളത്തില്‍ സ്വന്തം ഷര്‍ട്ടു കൂടി ചേര്‍ത്ത് ആണിയടിച്ചു പോയതിനാല്‍, തിരിഞ്ഞു നടക്കാനൊരുങ്ങിയ അയാളുടെ ഷര്‍ട്ട് ആണിയില്‍ കുടുങ്ങിപ്പോയതും, മനസ്സു നിറയെ പ്രേതവും ഭൂതവും നിറഞ്ഞു നിന്നിരുന്ന ആ ധൈര്യശാലി പേടിച്ചു മരണപ്പെട്ടതുമായ ‘കഥ’, പൊടിപ്പും തൊങ്ങലും നാടകീയതയും കലര്‍ത്തി ഞങ്ങളിലൊരാള്‍ വിവരിക്കും. ഇതു പോലെ ഒന്നുരണ്ടു കഥകള്‍ കഴിയുമ്പൊഴേയ്ക്കും നായകന്‍ നമ്മുടെ അടുത്ത പരീക്ഷണത്തിന് പറ്റും വിധം തയ്യാറായിരിക്കും.

ഇനിയാണ് പ്രേതം ഇന്‍ ആക്ഷന്‍. ഇതിനോടകം, നമ്മളിലൊരുവന്‍ (മിക്കവാറും കൂട്ടത്തില്‍ എറ്റവും ധൈര്യശാലിയായിരുന്ന രഞ്ജിത്) റൂമിന്‍റെ പുറകില്‍ ജനാലയ്ക്കരുകില്‍ ഇരുട്ടത്ത് സ്ഥാനം പിടിച്ചിട്ടുണ്ടാവും. കറുത്ത ഒരു കയ്യുറയും ഒരു മുഖംമൂടിയുമായാവും രഞ്ജിതിന്‍റെ നില്പ്.

പരിചയപ്പെട്ടതിലുള്ള സന്തോഷവും മറ്റും പ്രകടിപ്പിച്ച് ബാക്കിയെല്ലാവരും മുറിക്കു പുറത്തു പോകുന്നു. നമ്മള്‍ പുറത്തായാല്‍ മിക്ക നായകന്‍മാരും ആദ്യം ചെയ്യുക ജനല്‍ അടച്ചു ഭദ്രമാക്കുകയാണ്. ജനല്‍‍പാളികള്‍ അടയ്ക്കുന്നതിനായി വിറയ്ക്കുന്ന കൈകള്‍ പുറത്തേക്കു നീങ്ങുന്നതും രഞ്ജിത് ആ കൈകളില്‍ പിടി കൂടുന്നു. ഇനിയെല്ലാം കഥാനായകന്‍റെ ധൈര്യം പോലിരിക്കും: അവന്‍ അലറിക്കരയുകയോ, ബോധം കെടുകയോ, ശബ്ദം പുറത്തുവരാനാകാതെ തരിച്ചിരിക്കുകയോ ചെയ്യും.

പ്രേതങ്ങളെയും മറ്റും ഇത്രയും പേടിയുള്ള എനിക്ക് സ്വയമൊരനുഭവം ഉണ്ടാകുന്നത് വളരെക്കഴിഞ്ഞാണ്. ഒറ്റയ്ക്കു താമസിക്കുമ്പോഴും, ഭൂതപ്രേതാദികളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കാന്‍ ഞാന്‍ വളരെ ശ്രദ്ധിക്കാറുണ്ടായിരുന്നു. റ്റി. വി. യില്‍ വരുന്ന പ്രേത സിനിമകള്‍ കൂട്ടുകാരുമൊത്തല്ലാതെ ഞാന്‍ കണ്ടിരുന്നില്ല. ഡി. വി. ഡി. യിലും വിഡിയോയിലും സിനിമ കാണുമ്പോള്‍, ഒറ്റയ്ക്കാണെങ്കില്‍, എന്നെ പേടിപ്പിക്കാനുതകുന്ന രംഗങ്ങളെത്തുമ്പോള്‍, ഫാസ്റ്റ്-ഫോര്‍വേഡ് ചെയ്യുകയോ, ശബ്ദം മ്യൂട്ട് ചെയ്യുകയോ ചെയ്ത് ഞാന്‍ പേടി അകറ്റിയിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ കൂട്ടുകാരുമൊത്ത് ദ ബ്ലയര്‍ വിച്ച് പ്രോജക്ട് എന്ന സിനിമ കാണാന്‍ പോകുന്നത്. സിനിമ കഴിഞ്ഞ്, ഭക്ഷണവും മറ്റും കഴിഞ്ഞ് അപാര്‍റ്റ്മെന്‍റിലെത്തിയപ്പോള്‍ സമയം പാതിരാത്രി കഴിഞ്ഞിരുന്നു. വാതില്‍ തുറക്കാനായി, താക്കോലെടുത്ത് താക്കോല്‍‍പ്പഴുതിലിട്ടതും, വാതില്‍ താനെ തുറന്നു. എന്‍റെ നല്ല ജീവന്‍ പോയിക്കിട്ടി!

വാതിലിനടുത്തുള്ള സ്വിച് ഇട്ടു. സ്വീകരണമുറിയില്‍ നിന്നും ആളനക്കത്തിനായി ഞാന്‍ കാതോര്‍ത്തു. വാതിലിന്‍റെ മറവിലും സോഫയുടെ പിന്നിലും മറ്റു കണ്ണെത്തുന്നിടത്തുമെല്ലാം ഞാന്‍ അരൂപിയായ പ്രേതത്തെത്തിരഞ്ഞു. കിടപ്പുമുറിയിലോ ബാത് റൂമിലോ കള്ളനോ ചിരിക്കുന്ന അസ്ഥിപഞ്ജരമോ ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ ഉറപ്പാക്കി. സുഹൃത്തിനെ ഫോണില്‍ വിളിച്ച് അവനോട് കാര്യമെല്ലാം പറഞ്ഞു. പ്രേതമായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പുച്ഛിച്ചു ചിരിച്ചു.

സ്വീകരണമുറിയോടു ചേര്‍ന്നുള്ള അടുക്കളയില്‍ നിന്ന് തിളങ്ങുന്ന പാത്രമെടുത്ത് തറതുടയ്ക്കുന്ന നീണ്ട കോലിന്നരികിലുറപ്പിച്ചു. കിടപ്പുമുറിയുടെ ലൈറ്റിട്ട് മെല്ലെ പാത്രം ഘടിപ്പിച്ച് കോല്‍ മുറിയിയ്ക്കകത്തേയ്ക്കു നീട്ടി. മുറിക്കുള്ളിലും വാതിലിന് പിറകിലും ആരും ഒളിഞ്ഞിരിപ്പില്ലെന്ന് ഉറപ്പാക്കി. ഈ നേരമത്രയും സുഹൃത്ത് ഫോണില്‍ ഉണ്ടായിരുന്നു. അരമുക്കാല്‍ മണിക്കൂര്‍ കഷ്ടപ്പെട്ട്, ബാത് റൂമിലും ബാല്‍ക്കണിയിലും കൂടി ആരുമില്ലെന്ന് തീര്‍ച്ചയാക്കിയ ശേഷമേ ഞാന്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തുള്ളൂ. കണ്ട സിനിമയിലെ സീനും സ്വന്തം അപാര്‍റ്റ്മെന്‍റിലെ സീനും കൂടി ഒന്നു രണ്ടാഴ്ച എന്‍റെ ഉറക്കം കെടുത്തിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

രണ്ടാം അനുഭവവും ഇതുമായി സാമ്യമുള്ളതാണ്. ഇത്തവണ കണ്ട സിനിമ ദ സിക്സ്ത് സെന്‍സ് ആണ്. സിനിമ കഴിഞ്ഞ് മടങ്ങി വന്ന് വാതില്‍ തുറന്നു. മുറിയില്‍ ഒരു വല്ലാത്ത ഗന്ധവും ഇളം ചുവപ്പു നിറവും. വന്നു കേറുന്ന മുറിയോടനുബന്ധിച്ചാണ് അടുക്കള. അടുക്കള ഭാഗത്തു നിന്നാണ് ചുവപ്പ് നിറം ഉദ്ഭവിക്കുന്നത്. ഭദ്രകാളിയുടെയും മറ്റും രൂപങ്ങളുടെ കണ്ണുകളില്‍ പിടിപ്പിച്ചിരിക്കുന്ന ചുവന്ന ബള്‍ബില്‍ നിന്നു വരുന്നതു പോലെയുള്ള ചുവപ്പു തന്നെ. ചുവന്ന വെളിച്ചത്തിന്‍റെ ഉറവിടം തേടിപ്പോയ ഞാന്‍ ചുട്ടു പഴുത്തിരിക്കുന്ന ഇലക്റ്റ്രിക് സ്റ്റൌ ആണ് കാണുന്നത്. എന്നും പതിവുള്ള ഒരു ഗ്ലാസ് ചായ പോലും ഉണ്ടാക്കാതെയാണ് അന്ന് രാവിലെ ഞാന്‍ മുറി വിട്ട് പോയതെന്ന് ആലോചിച്ചപ്പോള്‍ ചെറുതല്ലാത്തൊരു ഭയം എന്‍റെ സിരകളില്‍ ഉണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. വീണ്ടും കുറെ ഉറക്കമില്ലാത്ത രാത്രികള്‍!

ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത, പ്രേത സിനിമകള്‍ ഹരമായ ഭാര്യ. ഇരുട്ടിനെയും ഏകാന്തതയെയും ഭയക്കുന്ന മകന്‍. ഒന്നിനെതിരെ രണ്ട് വോട്ടുകള്‍ക്ക് പ്രേത സിനിമകള്‍ പടിക്ക് പുറത്ത്.

എല്ലാവര്‍ക്കും പേടിനിറഞ്ഞ ദിവസങ്ങള്‍ ആശംസിക്കുന്നു!

Labels:

18 Comments:

  1. Blogger Adithyan Wrote:

    ഹഹ്ഹഹ

    സന്തോഷേ ഇതുഗ്രന്‍ :)) അത്യുഗ്രന്‍ വിവരണം.

    ഞങ്ങടെ ഹോസ്റ്റലില്‍ ഗള്‍ഫ്കാരന്‍ റിയാസിനെ പേടിപ്പിക്കാന്‍ പോയതോര്‍മ്മ വരുന്നു. രണ്ടാം നിലയില്‍ പാരപ്പറ്റിനോടടുത്ത ജനലിനടുത്തിട്ട കട്ടിലിലാണ് റിയാസിന്റെ ഉറക്കം. റിയാസിനെ പേടിപ്പിക്കാന്‍ വേണ്ടീ ഞങ്ങളെല്ലാം കൂ‍ടെ ഒരുത്തനെ പകലു കണ്ടാല്‍പ്പോലും പേടിക്കുന്ന ഒരു മുഖം മൂടി ഒക്കെ ഇടിപ്പിച്ച് പാരപ്പറ്റില്‍ തള്ളിക്കയറ്റി. ഇനി എങ്ങാനും റിയാസ് ഞെട്ടി എണീറ്റ് ആ ഷോക്കില്‍ പ്രേതമായി വന്നവനെ തള്ളി താഴെ ഇട്ടാലോ എന്നു വിചാരിച്ച് അവന്റെ അരയില്‍ രണ്ട് കയറൊക്കെ കെട്ടി ബാല്‍ക്കണിയില്‍ നിന്നും ടെറസില്‍ നിന്നും ഒക്കെ അഞ്ചാറു പേര്‍ കൂടി പിടിച്ചു വെച്ചു. എല്ലാ തയ്യാറെടുപ്പും കഴിഞ്ഞു. നട്ടപാതിരാക്ക് പ്രേതം ജനലില്‍ കൂടി റിയാസിനെ തോണ്ടി വിളിച്ചു “റിയാ‍ാസേ, എനിക്കു ദാഹിക്കുന്നു, അല്‍പ്പം ബ്ലഡ് തരുമോ?” എന്നിട്ട് റിയാസ് ഉണര്‍ന്നു നോക്കുമ്പോ കാണാനായി സ്വന്തം മോന്ത അഡ്‌ജസ്റ്റ് ചെയ്തു പിടിച്ചു.

    ഉറക്കം കളഞ്ഞത് ഇഷ്ടമാകാത്ത പോലെ റിയാസ് തലപൊക്കി നോക്കി. (ഒന്നും സംഭവിച്ചില്ല). റിയാസ് കണ്ണു തിരുമ്മി ഒന്നൂടെ നോക്കി. (അപ്പൊഴും ഒന്നും സംഭവിച്ചില്ല). “ആ ഷെല്‍ഫിലെങ്ങാനും കാണും വെള്ളം, എടുത്തു കുടിച്ചിട്ട് പോടേ” എന്ന് ഉറക്കച്ചടവോടേ പറഞ്ഞിട്ട് റിയാസ് തിരിഞ്ഞു കിടന്ന് കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.

    (സംഭവം ചീറ്റാന്‍ കാരണം അപ്പൊഴാണ് മനസിലായത് - ഗള്‍ഫുകാരനായ റിയാസ് ഒരു സോഡാഗ്ലാസ് കണ്ണാടിക്കാരനായിരുന്നു. ഉറക്കത്തില്‍ കണ്ണാടി വെച്ചിട്ടില്ലായിരുന്നതു കൊണ്ട് യഥാര്‍ത്ഥ പ്രേതം മുന്നില്‍ വന്നാപ്പോലും റിയാസിനൊരു ചുക്കും കാണില്ലായിരുന്നു. രാത്രിയില്‍ ആരോ വെള്ളം ചോദിച്ച് വന്നതാണെന്നാണ് റിയാസ് വിചാരിച്ചത്)

    October 31, 2006 8:28 PM  
  2. Blogger Kuttyedathi Wrote:

    സന്തോഷ്, നന്നായിരിക്കുന്നു. ചെറുപ്പത്തില്‍ ഞാനും ഒറ്റയ്ക്കിരിക്കുമ്പോള്‍ ഉറക്കെ പാട്ടു പാടുമായിരുന്നു.

    പിന്നെ ചേച്ചി ഹോസ്റ്റലിലായി അനിയനും ഞാനും ഒറ്റയ്ക്കു വീട്ടിലുള്ള രാത്രികളില്‍ ഉറങ്ങാന്‍ നേരം ‘ ആ വാക്കത്തിയും കോടാലിയും കട്ടിലിന്റെ അടിയില്‍ തന്നെ ഉണ്ടല്ലോല്ലേ “ എന്നുറക്കെ വീടിന്റെ എല്ലാ ജനലിനടുത്തും പോയി നിന്നു പറയും. (പുറത്തു പാത്തു നില്‍ക്കുന്ന കള്ളന്‍, ഇതു കേട്ടു പേടിച്ചു തിരിച്ചു പൊക്കോളും, എന്നന്നത്തെ ഏഴാം ക്ലാസുകാരി വിശ്വസിച്ചു ).

    പക്ഷേ, ഭൂത പ്രേദാദികളെ അന്നും ഇന്നും പേടിയില്ല. വിശ്വാസം ഇല്ലാത്തതു കൊണ്ടാവാം. പ്രേത സിനിമകളും, കഥകളുമൊക്കെ എന്നും ഹരം തന്നെ.

    October 31, 2006 8:46 PM  
  3. Blogger കുറുമാന്‍ Wrote:

    സന്തോഷ് ഭായ് ...പഴയ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയതിനൊരുപാടു നന്ദി.

    എത്രയെത്ര പ്രേതകഥകള്‍ അച്ഛമ്മയുടേയും, മറ്റമ്മ (അമ്മൂമ്മ)യുടേയും, അച്ഛന്റേയും കയ്യില്‍ നിന്നും (വായില്‍ നിന്നും) കേട്ടിരിക്കുന്നു.

    ഒടിയന്റെ കഥകള്‍
    ചാത്തന്റെ കഥകള്‍, അക്രമങ്ങള്‍, കല്ലെറിയല്‍ (ചാത്തനേറ്)
    നീലി
    മറുത
    രക്തരക്ഷസ് - എത്രയെത്ര കഥാപാത്രങ്ങള്‍

    ഇവിടെ ഹാല്ലോവിന്‍ ഡേയൊന്നും ആകേണ്ട മുഖം മൂടി ധരിച്ച പേടിപ്പിക്കുന്ന രൂപങ്ങളെ കാണാന്‍

    യു ഏ യിലെ ലോക്കല്‍സ് (ബദൂവിയന്‍സ്), പൊതുവെ പര്‍ദ ധരിച്ച്, മുഖത്ത് ഒരു ജാതി കണ്ണടപോലെയുള്ള് സാധനം (മൂക്കു മുതല്‍ നെറ്റി വരെ വീതിയുള്ളതും, മൊത്തം മുഖം മറക്കുന്നതുപോലെയുള്ളതുമായ) ധരിച്ചാണ് നടക്കുന്നത്. വരെ കണ്ടാലും ആരും ആദ്യം ഒന്നു പേടീക്കും. പടം ദേവേട്ടനോ, അനിലേട്ടനോ, കലേഷോ, പെരിങ്ങോടനോ ആരെങ്കിലും ഇടുമായിരിക്കും

    October 31, 2006 10:05 PM  
  4. Blogger ഉത്സവം : Ulsavam Wrote:

    ഹ ഹ ഹ...ഹ്രീ ഹ്രൂ..
    കൊള്ളാം നന്നായിരിക്കുന്നു.
    മത്തങ്ങാ ഭൂതങ്ങളെ കാണാന്‍ നല്ല ഭംഗിയല്ലേ..
    ഇതു പോലെ പേടിയുള്ള ഒരു കൂട്ടുകാരന്‍ എനിയ്ക്കുണ്ട്‌, കക്ഷി 6 അടിപൊക്കവും അതിനൊത്ത തടിയും എന്ത്‌ അടിപിടി ഗുസ്തിയ്ക്കും കൂടുന്ന ആളാണ്‌. പക്ഷേ രാത്രിയായല്‍ പിന്നെ തനിയെ പുറത്തോട്ട്‌ ഇറങ്ങില്ലാ. പ്രേതസിനിമകള്‍ കക്ഷിയുടെ ഒപ്പം ഇരുന്ന് കാണുന്നത്‌ ഒരു വന്‍ സംഭവം തന്നെയാണ്‌. ഒരിക്കല്‍ ഈവിള്‍ ഡെഡ്‌ സിനിമ കണ്ട്‌ കൊണ്ടിരിക്കുമ്പോള്‍ ജനാലവിരി അസാധാരണമാം വിധം അനങ്ങുന്നു. ഇനി ശരിക്കും പ്രേതം വന്നോ എന്ന് ശങ്കിച്ച്‌ നോക്കിയപ്പോള്‍ ഈ ഇഷ്ടന്‍ ഓരോ പേടിപ്പിക്കുന്ന സീന്‍ വരുമ്പോഴും ജനാലവിരി ഒറ്റ വലിയ്ക്ക്‌ പിടിച്ച്‌ മുഖം പൊത്തുന്നതായിരുന്നു. അപരിചിതന്‍ എന്ന സിനിമ കാണാന്‍ തിരുവനന്തപുരം ന്യൂ തിയറ്ററില്‍ ഇദ്ദേഹത്തേയുംകൊണ്ട്‌ പോയി. എന്തൊ ഒരു പേടിപ്പിയ്കുന്ന സീന്‍ വന്നപ്പോള്‍ ഇഷ്ടന്റെ അടുത്തിരുന്ന ഒരാള്‍ പെട്ടെന്ന് പോക്കറ്റില്‍ നിന്ന് മൊബെയില്‍ എടുത്തു. മൊബെയിലിന്റെ വെളിച്ചം അടുത്തു കണ്ടതും ഇഷ്ടന്‍ അയ്യോ എന്നൊരു വിളി. ഞെട്ടാന്‍ കാത്തിരുന്ന ആള്‍ക്കാരെല്ലാം പൊട്ടിച്ചിരിച്ചു. എക്സോര്‍സിസ്റ്റ്‌, ചന്ദ്രമുഖി അങ്ങനെ കക്ഷി സ്റ്റാര്‍ ആയ പല സിനിമകളും ഉണ്ട്‌. ഈ വക സിനിമയ്ക്കൊക്കെ റ്റിക്കറ്റ്‌ ഓഫര്‍ ചെയ്ത്‌ പുള്ളിയെ കൊണ്ട്‌ പോവുക ഞങ്ങളുടെ ഒരു വിനോദമായിരുന്നു.

    പ്രേതസിനിമകള്‍ എനിക്കും ഒരു വീക്ക്നെസ്സാ..പക്ഷേ അപ്പാര്‍ട്ട്‌മന്റ്‌ കഥകള്‍ പറഞ്ഞ്‌ എന്നെ പേടിപ്പിക്കണ്ടായിരുന്നു. ഞാന്‍ തന്നെയാണ്‌ താമസം. മുടിയഴിച്ചിട്ട്‌ വെള്ള ഡ്രസ്സിട്ട്‌ നടക്കുന്ന ജാപ്പനീസ്‌ നീലിമാര്‍ക്ക്‌ ഇവിടെ ഒരു പഞ്ഞവുമില്ലാ...
    ജാപ്പനീസില്‍ ഇഷ്ടം പോലെ ഹൊറര്‍ പടങ്ങള്‍ ഇറങ്ങാറുണ്ട്‌ ഒരു ഉദാ: റിങ്ഗു. ദ റിങ്ങ്‌, എന്ന ആംഗലേയത്തിന്റെ മൂലസിനിമ. ഇന്ന് അതു പോലെ വല്ലതും എന്റെ ലാപ്റ്റോപ്പിന്റെ മോണിറ്ററില്‍ നിന്ന് ഇറങ്ങി വരുമോ.. ഇന്നിനി ഉറങ്ങാന്‍ മായാവി തന്നെ തുണ ഓം ഹ്രീം കുട്ടിചാത്താ രക്ഷിക്കണേ...
    (രാജൂനേം രാധയേയും രക്ഷിക്കുന്ന പോലെ എന്നെയും മായാവി രക്ഷിക്കും എന്നായിരുന്നു ചെറുപ്പത്തില്‍ എന്റെ വിശ്വാസം)

    October 31, 2006 10:16 PM  
  5. Blogger മുസ്തഫ|musthapha Wrote:

    സന്തോഷ്... കലക്കന്‍!

    ഇനിയും പേടി വിട്ടുമാറാത്ത വിവരണം ;)

    പണ്ട് രാത്രി കുന്നംകുളത്ത് പോയി ‘കടമറ്റത്ത് കത്തനാര്‍‘ നാടകം കണ്ട് മടങ്ങി ഞാനും കൂട്ടുകാരന്‍ ഹനീഫയും. തൊട്ടടുത്ത വീടുകളില്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൊണ്ടാക്കി... കൊണ്ടാക്കി... അവസാനം ‘നടുസെന്‍റര്‍മദ്ധ്യത്തില്‍‘ വെച്ച് രണ്ട് വശത്തേക്കും ഒരോട്ടമായിരുന്നു :)

    November 01, 2006 5:49 AM  
  6. Blogger Unknown Wrote:

    അത് പറഞ്ഞപ്പൊഴാ സന്തോഷേട്ടാ ഞാന്‍ ഇപ്പൊ താമസിക്കുന്ന ഫ്ലാറ്റില്‍ ഭയങ്കര പ്രേത ശല്ല്യം. ആരോ രാത്രി നടക്കുന്ന ശബ്ദം കേള്‍ക്കുന്നത്രേ ഒരു മുറിയില്‍. ഒപ്പം താമസിക്കുന്നവരൊക്കെ കേട്ടു. ഞാന്‍ മാത്രം ഒരു രാത്രി മുഴുവന്‍ ആ മുറിയില്‍ ശബ്ദം കേള്‍ക്കാന്‍ കാത്തിരുന്നിട്ടും ഒന്നും കേട്ടില്ല. ഇനി ഞാന്‍ തന്നെയാവുമോ നാഗവല്ലി സ്റ്റൈലില്‍ രാത്രി നടക്കാനിറങ്ങിയിരുന്നത്? :-)

    November 01, 2006 6:52 AM  
  7. Blogger Santhosh Wrote:

    ദിവാ: :)

    ആദി: രസമുള്ള കഥ.

    കുട്ട്യേടത്തീ: പ്രേതത്തില്‍ വിശ്വാസമില്ല അല്ലേ... എത്ര ഭാഗ്യവതി! ഇപ്പോള്‍ താമസിക്കുന്നതിനടുത്ത് ഇത്തരം വീടുകള്‍ വല്ലതും ഉണ്ടോ? ഒന്നു പരീക്ഷിക്കാമല്ലോ! :)

    കുറുമാന്‍: :)

    ഉത്സവം: ആ കൂട്ടുകാരന്‍ ഞാനല്ല! എനിക്ക് അത്ര പേടിയൊന്നുമില്ല കേട്ടോ. പ്രത്യേകിച്ച് ആരെങ്കിലും കൂടെയുള്ളപ്പോള്‍ ഞാന്‍ അതീവ ധൈര്യശാലിയാണു താനും.

    അഗ്രജാ: :)

    ദില്‍ബാ: ഹും... അതൊക്കെ വെറും തോന്നലാണ്. ഒരു കല്യാണം കഴിച്ചാല്‍ മാറാവുന്നതേയുള്ളൂ:)

    November 01, 2006 8:25 AM  
  8. Blogger ഡാലി Wrote:

    പ്രേതത്തെ പേടിയുണ്ടെന്ന് തുറന്ന് പറയുന്ന അധികം ആളുകളെ കണ്ടീട്ടേ ഇല്ല.
    ചെറിയ കുട്ടിയായിരുന്നപ്പോള്‍ അമ്മ പറഞ്ഞ് പേടിപ്പിച്ച ചോരകുടിക്കണ കുട്ടിച്ചാത്തന്റെ, കുട്ടിയമ്പലത്തിനടുത്തൂടെ പോകാന്‍ ഇന്നും എനിക്കും അനിയനും പേടിയാണ്. അതൊരു കൊച്ചുപ്രതിഷ്ഠയുള്ള കുട്ടിയമ്പലമാണ്,അവിടെ ആരും ചോര കുടിക്കനൊന്നും ഇല്ല എന്ന് വ്യക്തമായി അറിഞ്ഞീട്ടും അതിലെ പോകുമ്പോള്‍ എന്റെ കാലൊന്ന് വിറയ്ക്കും. എട്ടാം ക്ലാസ് വരെ ഞാന്‍ ഒരു മുറിയില്‍ നിന്ന് വേറൊന്നിലേയ്ക്ക് ഒറ്റയ്ക്ക് പോകില്ലായിരുന്നു. പ്രേതവും ഭൂതവുമൊക്കെ പിന്നാലെ വന്ന് പിടിച്ച് കൊല്ലും എന്ന ചിന്ത.പിന്നെ ഒരു ദിവസം എങ്ങനെയൊ ആ പേടി പോയി.
    പിന്നീട് ഹോസ്റ്റലില്‍ ആയപ്പോള്‍ പ്രിയപ്പെട്ട കൂട്ടുകാരി പാതിരാത്രി പഠനത്തിനിടയ്ക്ക് ഒരു എന്റര്‍റ്റൈനര്‍ ആയി നല്ല ജിന്നിന്റേയും ചീത്ത ജിന്നിന്റേയും കഥ പറയും. പട്ടി ഓരിയിടുന്നതും ചീത്ത മണം രാത്രി പെട്ടെന്ന് പരക്കുന്നതും ചീത്ത ജിന്ന് കടന്ന് പോകുമ്പോഴാത്രേ.നല്ല ജിന്ന് പോയാല്‍ നല്ല വാസന ആവുമെന്നാണ് അവളുടെ തിയറി. ഇതൊക്കെ പറഞ്ഞു കഴിഞ്ഞു, എനിക്കൊറക്കം വരുന്നെടീ, നാളെ നേരത്തെ എണീക്കാം ഇനി എന്നും പറഞ്ഞ് അവളങ്ങ് പോകും. നേരത്തെ എണീറ്റ് പഠനം എന്നത് സ്വപ്നത്തില്‍ പോലും കാണാത്ത ഞാനും എന്റെ റൂമേറ്റും അടുത്ത ഒരു പട്ടി കുര വരെയേ പഠനം തുടരൂ. ഒരു കൂട്ടം പട്ടികള്‍ ഒരുമിച്ച് കുര തുടങ്ങുമ്പോള്‍ ഞങ്ങള്‍ പതുക്കെ എണ്ണീറ്റ് ഇനി നാളെയാവാലെ ബാക്കി എന്നും പറഞ്ഞ് നടക്കും... ഹേയ് പേടിയൊന്നും ഉണ്ടായിട്ടല്ലട്ടൊ.

    November 01, 2006 9:39 AM  
  9. Anonymous Anonymous Wrote:

    നല്ല പോസ്റ്റ്!
    പ്രേതസിനിമകള്‍ കാണണമെന്നാഗ്രഹമുന്ട്, ഇടക്കൊക്കെ വലിയ ധൈര്യം ഭാവിച്ച് കാണുകയും ചെയ്യും ,പിന്നെ ഒരു ഒന്നുരന്ടാഴ്ചത്തേക്ക് ആകെ പ്രശ്നമായിരിക്കും .

    November 01, 2006 11:23 AM  
  10. Blogger രാജീവ് സാക്ഷി | Rajeev Sakshi Wrote:

    കുട്ടിക്കാലത്ത് രക്തരക്ഷസ് നാടകം കണ്ടുവന്നതിനു ശേഷം, നാടകം കാണാന്‍ പോയ ബസ്സില്‍ വച്ചിരുന്ന "പൂക്കൈത പൂക്കുന്ന പാടങ്ങളില്‍"
    എന്ന പാട്ടു കേള്‍ക്കുമ്പോള്‍ വരെ ചേട്ടന്‍ പേടിക്കാറുള്ളത് ഓര്‍ത്തുപോയി.

    എനിക്കു പിന്നേ അന്നേ ഇതിലൊന്നും വിശ്വാസമില്ലാഞ്ഞ കാരണം ഞാന്‍ നാടകം കാണാന്‍ പോവാതെ മൂടിപ്പുതച്ചുകിടന്നുറങ്ങി. ;)

    November 01, 2006 8:28 PM  
  11. Blogger മനോജ് കുമാർ വട്ടക്കാട്ട് Wrote:

    മലങ്കാറ്റ്‌ മൂളും മുളംകാട്‌ പോലും നടുങ്ങുന്ന പാതിരാവാണെന്‍ നൃത്തരംഗം..." -കള്ളിയങ്കാട്ട്‌ നീലി
    (ഓര്‍മ്മയുണ്ടോ, ഈ പഴയ ഗാനം?)

    നീലിയെ ഓര്‍മ്മിപ്പിച്ചതിന്ന് നന്ദി. വൈദ്യുതി വിളക്കുകള്‍ വന്നതോടെ വംശനാശം വന്നുപോയയവരാണീ പാവം യക്ഷികള്‍.

    November 01, 2006 9:39 PM  
  12. Blogger Siju | സിജു Wrote:

    ച്ചേ ച്ചേ ...
    നിങ്ങള്‍ക്കൊക്കെ പ്രേതത്തിനെയിത്ര പേടിയാണോ..
    അതൊക്കെ ആളുകള്‍ വെറുതെ പറയുന്നതല്ലേ..
    വെറുതെ മനുഷ്യനെ പേടിപ്പിക്കാനായി ഓരോ കഥയും കൊണ്ട് വന്നോളും. വീട്ടിലേക്ക് പോകുന്ന വഴി ഒരു ശ്മശാനം ഉള്ളതാ.. ഞാനിന്ന് രാത്രിയെങ്ങിനെ അതു വഴി പോകും

    November 02, 2006 4:16 AM  
  13. Blogger chithrakaran ചിത്രകാരന്‍ Wrote:

    വായനക്കരെ പേടിപ്പിക്കാന്‍ പഴയ ഹോസ്റ്റല്‍ അനുഭവങ്ങളില്‍ നിന്നു ലഭിച്ച സൂത്രങ്ങള്‍ തന്നെ ഉപയോഗിക്കുകയാണല്ലേ ?? കഥ വളരെ നന്നായിരിക്കുന്നു.

    November 03, 2006 3:10 AM  
  14. Blogger അരവിന്ദ് :: aravind Wrote:

    സന്തോഷ് ജീ ജീ ജീ ജീ ജീ
    ക-ഹഹഹഹഹഹ...ക-ഹഹഹഹഹഹഹ..ക-ഹഹഹഹഹഹഹ

    (ഈയടുത്തുകണ്ട ഒരു മലയാളം പടത്തില്‍ കണ്ട യക്ഷി ചിരിക്കുന്നതാണ്.)

    പ്രേതത്തെക്കുറിച്ചൊന്നും പറയുന്നില്ല.
    സാധാരണ ഒരുമാതിരിപ്പെട്ടവര്‍ക്ക് കല്യാണം കഴിക്കുമ്പോള്‍ പേടി മാറേണ്ടതാണല്ലോ.... ;-)

    എക്സോര്‍സിസം ഓഫ് എമലി റോസ് കണ്ടിട്ടുണ്ടോ?

    യമണ്ടന്‍ പടമാണ്...കണ്ടിട്ട് മഹാധൈര്യശാലിയായ ഞാന്‍ വരെ രണ്ടാഴ്ചപേടിച്ചുപോയി.
    രാത്രി മൂന്നരക്ക് ഞെട്ടിയുണരല്ലേ എന്ന് മാത്രമായിരുന്നു പ്രാര്‍ത്ഥന.

    എന്താന്നോ? കണ്ടു നോക്കൂ..

    ;-)


    ക-ഹഹഹഹഹഹഹ...ക-ഹഹഹഹഹഹഹഹ
    (ഞാന്‍ പുകയില്‍ മറയുന്നു)

    November 03, 2006 3:25 AM  
  15. Blogger Santhosh Wrote:

    ഡാലീ: പേടിയെന്നൊക്കെ ഒരു ധൈര്യത്തിന് വിളിച്ചുപറയുന്നതല്ലേ.

    ആര്‍പീ: :)

    സാക്ഷീ: രക്തരക്ഷസ് എന്ന് കേട്ടാല്‍ പോരേ പേടിക്കാന്‍, നാടകം കാണണമെന്നില്ലല്ലോ.

    പടിപ്പുര: ഗാനം ഓര്‍മയില്ല. എവിടെയെങ്കിലും കിട്ടുമോ ഒന്നു കേള്‍ക്കാന്‍? മാര്‍ത്താണ്ഡവര്‍മ്മ നോവല്‍ വായിച്ച് പേടിച്ചിട്ടുണ്ടോ:)

    സിജൂ: :)

    ചിത്രക്കാരാ: :)

    അരവിന്ദാ: അപ്പറഞ്ഞതു ശരി. കല്യാണം കഴിക്കുന്നതോടെ പേടി നന്നായി കുറയും. (എങ്ങനെ വേണമെങ്കിലും ഇന്‍റെര്‍പ്രെറ്റ് ചെയ്തോളൂ!) “എമലി റോസ്” കണ്ടിട്ടില്ല. കാണാതിരിക്കാന്‍ ശ്രമിക്കാം!

    ഉള്ളതു പറയണമല്ലോ. പ്രേതങ്ങളോടുള്ള പേടി അല്പം കുറഞ്ഞത് റ്റി. വി. സീരിയലുകളില്‍ പ്രേതങ്ങളിറങ്ങി ഒരു മാതിരി ആക്കി ചിരിച്ചു നടന്നു തുടങ്ങിയപ്പോഴാണ് (കാണാറില്ലെങ്കിലും കേള്‍ക്കാറുണ്ടായിരുന്നു).

    November 03, 2006 11:06 AM  
  16. Blogger ഇടിവാള്‍ Wrote:

    ബുഹ്‌ഹാഹാ...

    ബ്ലോഗിലെ ഒരു പ്രേതം ചിരിക്കുന്നതിങ്ങനേ!

    ഈ പ്രേതത്തിനു വാലുണ്ട്‌... കുതിരത്തലയുണ്ട്‌ !!!


    അല്ലാ, ഈ അവിട്ടം നക്ഷത്രക്കാര്‍ക്ക്‌ പ്രേതവുമായി സംവദിക്കാന്‍ ഈസിയാണെന്നു കേട്ടിട്ടുണ്ട്‌ ! ശരിയാണോ ?


    9 ആം ക്ലാസില്‍ പഠിക്കുമ്പോ ഈവിള്‍ ഡെഡ്‌1 കണ്ടിട്ട്‌ ചുമരും ചാരി നിക്കുമ്പോ, ചുമരു തുളച്ച്‌ പ്രേത കൈകള്‍ വരുമെനു പേടിച്ചിരുന്നു. മൂത്രശങ്ക കൂടിയ ദിനങ്ങളായിരുന്നു അവ! എന്നാലും ഈവിള്‍ ഡെദ്‌ 1-2-3 കണ്ടിരുന്നു..

    സിക്ത്‌ സെന്‍സ്‌ കണ്ട്‌ പേടിയായോ ? ഹേയ്‌,... അയിനു മാത്രംണ്ടാ അത്‌?
    എന്റെ ശ്യാമളാ, മലയാളിയെപ്പറ്റി അഭിമാനപൂരിതപുളകിതനായ ഒരു അനുഭവമായിരുന്നൂട്ടാ അത്‌...

    കൃഷ്ണുട്ടിമാമ പുലര്‍ച്ച രണ്ടു മണിക്ക്‌, കരുവന്തല പറയെടുപ്പും കഴിഞ്ഞ്‌ വരുമ്പോ, മുക്കട്ടേലേ മുളങ്കൂട്‌ നിന്ന് കത്ത്‌ണൂ.... ഹോ, അന്നോക്കെ ഒരു ജാതി പേട്യാരുന്നു ഇതു കേക്കുമ്പോ, ഇപ്പളല്ലേ വെറും വിടലാണെന്നു മനസ്സിലാവണേ ;)

    ഓടോ: സന്തോഷേ, ഒന്നു തിരിഞ്ഞു നിന്നേ, ഞാനൊന്നു പുറം ചൊറിഞ്ഞു തരാം .. അലക്കിട്ടാ ;)

    November 03, 2006 11:20 AM  
  17. Blogger Adithyan Wrote:

    ഇടിഗഡീ,
    എന്നെ പ്രേതമാക്കിയാ‍ാ‍ാ?
    വിടമാട്ടേന്‍ :))

    അതേ, പുറം ചൊറിയല്‍ അങ്ങനെയല്ല. അതിന് ഇടിഗഡി പ്രേതത്തെപ്പറ്റി ഒരു പോസ്റ്റ് ഇടണം, എന്നിട്ട് നിങ്ങ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും കമന്റിടണം. “നെന്റെ പ്രേത കഥ എന്റെ പ്രേതകഥ പോലെ തന്നെ മനോഹരം, ഭീകരം..” എന്നൊക്കെ...

    November 03, 2006 11:33 AM  
  18. Anonymous Anonymous Wrote:

    Dear Santhosh

    I ma Robin Jacob who was with you at Bethany, Nalanchira.

    Accidentally hit upon your blog. Great work, congratulations!

    This particular post took me back to ur Bethany days.

    Sorry to have not used Malayalam font.

    Robin

    February 12, 2007 10:43 PM  

Post a Comment

<< Home