ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Friday, December 29, 2006

കലനം കേരളത്തില്‍ നിന്ന്?

അഞ്ജനമെന്നതു ഞാനറിയും… എന്ന ലേഖനത്തിന്‍റെ ഒരു അനുബന്ധമാണിത്. ഉമേഷും ഞാനും ഇക്കാര്യം പണ്ടെങ്ങോ സംസാരിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ യൂണിവേഴ്സിറ്റി ഓഫ് റോചെസ്റ്ററിലെ പ്രൊഫസറായ ശ്രീ. എസ്. ജി. രാജീവ് പുഴ മാഗസിന്‍റെ 2006 ഓഗസ്റ്റ്-സെപ്റ്റംബര്‍ ലക്കത്തില്‍ ‘കാല്‍ക്കുലസിന്‍റെ ഉത്ഭവം കേരളത്തില്‍’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നു.

ലേഖനം പറയുന്നു:
ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും മലയാളികള്‍ വഹിച്ച പങ്കിനെക്കുറിച്ച് നിലവിലുള്ള ആധികാരിക രേഖകള്‍ കെ. വി. ശര്‍മ്മയുടെ പഠനക്കുറിപ്പുകളാണ്. ക്രിസ്തുയുഗം 1300-1600 കാലഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വസിച്ചിരുന്ന ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതന്മാരാണ് കാല്‍ക്കുലസ് സിദ്ധാന്തത്തിന്‍റെ ആദ്യ പ്രയോക്താക്കള്‍. ക്രിസ്തുയുഗം പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സങ്കഗ്രാമത്തിലെ മാധവനാണ് ഈ ചിന്താസരണിയുടെ സ്ഥാപകന്‍. ക്രിസ്തുയുഗം പതിനേഴാം നൂറ്റാണ്ടുവരെ ഇദ്ദേഹത്തിന്‍റെയും ശിഷ്യരുടെയും കണ്ടുപിടുത്തങ്ങളാണ് ഗണിത-ജ്യോതിശാസ്ത്രത്തെ നയിച്ചിരുന്നത്.

ഇതേ ലേഖനത്തില്‍ മറ്റൊരിടത്ത് ലേഖകന്‍ ഇങ്ങനെ പറയുന്നു:
പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലഘട്ടം വരെ മാധവന്‍റെയും ശിഷ്യരുടെയും ചിന്താധാരകളാണ് ജ്യോതിശാസ്ത്ര-ഗണിത ശാസ്ത്ര ലോകത്തെ നയിച്ചിരുന്നത്.

ലേഖനം തുടരുന്നു:
മാധവന്‍റെ പല സിദ്ധാന്തങ്ങളെയും ആസ്പദമാക്കി ശിഷ്യര്‍ നടത്തിയ പഠനങ്ങളെ അധികരിച്ച് നൂറുകണക്കിന് ഗണിത ശാസ്ത്രഗ്രന്ഥങ്ങള്‍ ഇക്കാലത്ത് പിറവി കൊടുത്തിരുന്നു.

നൂറുകണക്കിനുള്ള ഈ ഗ്രന്ഥങ്ങളില്‍ ഏതെങ്കിലുമൊക്കെ പ്രസിദ്ധീകൃതമായിട്ടുണ്ടോ, ഉണ്ടെങ്കില്‍ത്തന്നെ ഗണിതശാസ്ത്ര ഗവേഷണത്തില്‍ തല്പരരായ, എന്നാല്‍ സംസ്കൃതജ്ഞാനമില്ലാത്തവരായവര്‍ക്ക് പ്രയോജനപ്പെടും വിധം പരിഭാഷപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

പ്രസ്തുത ലേഖനം, താഴെപ്പറയുന്ന ജ്യോതിശാസ്ത്ര/ഗണിതശാസ്ത്രജ്ഞന്മാരെയും അവരുടെ കൃതികളെയും/സംഭാവനകളെയും പറ്റി പരാമര്‍ശിക്കുന്നുണ്ട്.

പരമേശ്വരന്‍ (1360-1455): drk granita-യുടെ ഉപജ്ഞാതാവ്. മാധവന്‍റെ ശിഷ്യന്‍. മുപ്പതോളം കൃതികളുടെ കര്‍ത്താവ്.
ദാമോദരന്‍ (1410-1510): പരമേശ്വരന്‍റെ മകനും ശിഷ്യനും.
നീലകണ്ഠ സോമയാജി (1444-1545): ദാമോദരന്‍റെ ശിഷ്യന്‍. തന്ത്ര സംഹിത, ഗ്രഹ പരീത്‍സാകര്‍മ്മ എന്നിവ പ്രധാന കൃതികള്‍.
ജ്യേഷ്ഠദേവന്‍ (1500-1610): ദാമോദരന്‍റെ ശിഷ്യന്‍. കാല്‍ക്കുലസ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള മലയാള കൃതിയായ ‘യുക്തിഭാഷ’യുടെ രചയിതാവ്.
അച്യുത പിഷാരടി (1550-1621): ജയദേവന്‍റെ ശിഷ്യന്‍. സ്ഫുടനിര്‍ണ്ണയം, രസി-ഗോള-സ്ഫുട-നീതി എന്ന കൃതികളുടെ രചയിതാവ്.
നാരായണീയത്തിന്‍റെ രചയിതാവായ മേല്പത്തൂര്‍ ഭട്ടതിരിപ്പാട് ഗണിത വ്യാകരണത്തില്‍ അഗ്രഗണ്യനായിരുന്നുവെന്നും ലേഖനം പറയുന്നു.

വീണ്ടും ലേഖനത്തിലേയ്ക്ക്:
ഗണിതശാസ്ത്രലോകത്ത് ഇക്കാലത്ത് കേരളീയര്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായിരുന്നു. ഈ കാലയളവിലെ പല പഠന ഗ്രന്ഥങ്ങളുടെയും പേരില്‍ ആധികാരികതയ്ക്കായി ‘കേരളം’ എന്നു ചേര്‍ത്തിരുന്നതുതന്നെ നമ്മുടെ ശാസ്ത്രജ്ഞരുടെ സംഭാവന പ്രകടമാക്കുന്ന വസ്തുതയാണ്.

കലനം (കാല്‍ക്കുലസ്) ഉള്‍പ്പടെയുള്ള ഗണിതശാസ്ത്ര സിദ്ധാന്തങ്ങള്‍ കേരളത്തില്‍ ഉടലെടുത്തവയാണെന്നതിന് വിശ്വാസ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രൊഫസര്‍ രാജീവ് പറയുന്നത്. ഈ രഹസ്യം മലയാളികള്‍ക്കുപോലും രഹസ്യമായി തുടരുന്നത് “നമ്മുടെ ബുദ്ധിപരമായ അലസതയെ ഒരളവുവരെ തുറന്നുകാട്ടുന്നതാണെ”ന്നും ശ്രീ. രാജീവ് പറയുന്നു. എന്നാല്‍ ഈ തെളിവുകള്‍ എന്തൊക്കെയാണെന്ന് പ്രൊഫസര്‍ രാജീവ് പറയുന്നില്ല.

വിദേശാധിനിവേശത്തോടെ ഗണിതശാസ്ത്രത്തിലും മറ്റും കേരളത്തിന്‍റെ സംഭാവനകള്‍ കുറഞ്ഞുതുടങ്ങിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി സമ്മതിക്കുമ്പോഴും ലേഖകന്‍റെ താഴെപ്പറയുന്ന വരികള്‍ തെളിയിക്കുന്നത്, ഗണിത/ജ്യോതി ശാസ്ത്രത്തില്‍ പതിന്നാലാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള തെളിവുകള്‍ അനിഷേധ്യമാണെന്നു തന്നെയാണ്.

മലയാളസാഹിത്യത്തിന്‍റെ തുടക്കവും പണ്ഡിതന്മാരായ ജസ്യൂട്ട് പാതിരിമാരുടെ വരവും ഈ കാലഘട്ടത്തിലാണ്. കേരളത്തില്‍ അന്ന് ലഭ്യമായ വിവരങ്ങള്‍ യൂറോപ്പിലേക്ക് സംക്രമിക്കാന്‍ വിദേശികള്‍ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമിന്നില്ല.

‘ഇന്ത്യയുമായുള്ള വാണിജ്യബന്ധം തുടങ്ങിയതോടെയാണ് ഗണിത ജ്യോതിശാസ്ത്ര മേഖലകളില്‍ യൂറോപ്പിലും പ്രകടമായ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് ഭാവിപഠനങ്ങള്‍ തെളിയിക്കും വരെ’, ഇത്തരം വാദങ്ങള്‍ വഴി നാം സ്വയം അപഹാസ്യരാവാനാണ് സാധ്യത കൂടുതല്‍.

Labels:

17 Comments:

  1. Blogger myexperimentsandme Wrote:

    ഉള്ളതു പറഞ്ഞാല്‍ ഗണിത ശാസ്ത്രവും കേരളവും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് തന്നെ മനസ്സിലായത് (കാലഘട്ടത്തെപ്പറ്റിയുള്ള വിവാദം നിലനില്‍‌ക്കുമ്പോള്‍ തന്നെ-ഇങ്ങോട്ട് വന്നതാണെങ്കിലും അങ്ങോട്ട് പോയതാണെങ്കിലും) സന്തോഷിന്റെയും ഉമേഷ്‌ജിയുടെയുമൊക്കെ ബ്ലോഗുകള്‍ വഴിയാണ്. ഈ കാര്യങ്ങളൊക്കെ സ്കൂളുകളില്‍ പഠിപ്പിച്ചിരുന്നോ എന്നൊട്ട് ഓര്‍ക്കുന്നുമില്ല. അല്ലാതൊരു വഴിയില്‍ കൂടി അറിഞ്ഞിരുന്നുമില്ല.

    പ്രൊഫസര്‍ രാജീവിന് ഇക്കാര്യത്തില്‍ കൂടുതെന്തെങ്കിലും പറയാന്‍ കാണില്ലേ? അതുപോലെ അദ്ദേഹത്തിന്റെ ലേഖനത്തില്‍ റഫറന്‍സുകളൊന്നുമില്ലായിരുന്നോ എന്നുമറിയില്ല.

    December 29, 2006 1:30 PM  
  2. Blogger myexperimentsandme Wrote:

    അദ്ദേഹത്തിന്റെ വെബ് സൈറ്റിന്റെ ലിങ്ക് ഇവിടുണ്ട്.

    ഒരു 159 സ്ലൈഡുകള്‍ മറിക്കാമെന്നുണ്ടെങ്കില്‍ സംഭവം ഇവിടുണ്ട് - Neither Newton Nor Lebnitz: The History of Calculus in Medieval Kerala

    അദ്ദേഹം പറയുന്നതും ഉമേഷ്‌ജി പറയുന്നതുമായി വ്യത്യാസങ്ങളുണ്ടോ? ഒരു സംവാദം സ്പോണ്‍‌സര്‍ ചെയ്താലോ? :)

    December 29, 2006 1:42 PM  
  3. Blogger Santhosh Wrote:

    വക്കാരീ, നന്ദി. ലിങ്കുകള്‍ ഇപ്പോള്‍ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

    December 29, 2006 1:51 PM  
  4. Blogger myexperimentsandme Wrote:

    നന്ദി സന്തോഷ്. ഇനിയും പഠനങ്ങള്‍ വേണം എന്നത് വാസ്തവമാണെങ്കില്‍ സംവാദം കൊണ്ട് അപഹാസ്യരാവേണ്ട കാര്യമില്ല എന്ന് തോന്നുന്നു. പറയുന്ന കാര്യങ്ങള്‍ക്ക് റഫറന്‍സും രേഖകളും വേണമെന്ന് മാത്രം.

    കൃസ്തീയ സഭാ രേഖകളുടെ കാര്യം അതില്‍ പറയുന്നുണ്ട്. ഈയിടെ എവിടെയൊക്കെയോ പഴയ പള്ളിക്കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ പള്ളി പണിതപ്പോള്‍ നഷ്ടപ്പെട്ടേക്കാവുന്ന ചരിത്രരേഖകളെപ്പറ്റി എം.ജി.എസ് നാരായണനോ (ആണോ?) മറ്റോ പരാമര്‍ശിച്ചിരുന്നു.

    December 29, 2006 2:00 PM  
  5. Blogger Santhosh Wrote:

    ‘ഇതിനൊക്കെ തെളിവെവിടെ’ എന്നു ചോദിക്കുമ്പോള്‍, ‘ഇതുവരെയില്ല, പക്ഷേ ഭാവിയില്‍ തെളിവുണ്ടായേക്കാം’ എന്ന് പറയുന്നത് നല്ല സം‌വാദത്തിന്‍റെ തുടക്കമാവില്ല എന്നേ ഉദ്ദേശിച്ചുള്ളൂ വക്കാരീ.

    December 29, 2006 2:04 PM  
  6. Blogger ഉമേഷ്::Umesh Wrote:

    പുഴ ലേഖനം വളരെ മോശമായ ഒന്നായിരുന്നു. ആ ലേഖനം എഴുതിയതു പ്രൊഫസര്‍ രാജീവല്ല. ഈ കമന്റ് ഇട്ട തോമസ് ആണു്. വക്കാരി തന്ന ലിങ്കില്‍ അദ്ദേഹത്തിന്റെ ആര്‍ട്ടിക്കിള്‍ ഉണ്ടു്.

    ഞാനതു വായിച്ചിരുന്നു. അദ്ദേഹം എഴുതിയതില്‍ തെറ്റുകളൊന്നുമില്ല. പക്ഷേ, കാല്‍ക്കുലസ് ഇന്ത്യയിലുണ്ടായിരുന്നു എന്നു വാദിക്കാന്‍ അതു പോരാ എന്നാണു് എന്റെ അഭിപ്രായം. വിശദമായി അതു പഠിച്ചു് എഴുതണം എന്നുണ്ടായിരുന്നു. സമയം കിട്ടിയില്ല.

    സ്ലൈഡുകളല്ലാതെ പേപ്പര്‍ കിട്ടിയിരുന്നെങ്കില്‍ ഒന്നുകൂടി നല്ലതായിരുന്നു. പ്രസക്തമല്ലാത്ത ഒരുപാടു വിവരങ്ങള്‍ ആ സ്ലൈഡുകളിലുണ്ടു്. പ്രഭാഷണം കേള്‍ക്കാതെ സ്ലൈഡ്‌സ് മാത്രം കണ്ടു് അഭിപ്രായം പറയുന്നതിലും കാര്യമില്ലല്ലോ.

    December 29, 2006 2:10 PM  
  7. Blogger myexperimentsandme Wrote:

    അദ്ദേഹത്തോട് ചോദിച്ചാല്ലോ ഉമേഷ്‌ജീ, പേപ്പറിനായി.

    ഉമേഷ്‌ജിയുടെ പോസ്റ്റില്‍ തോമസ് പറഞ്ഞതുപോലെ നിങ്ങള്‍ തമ്മിലുള്ള interaction ബാക്കിയെല്ലാവര്‍ക്കും ഒരു മുതല്‍‌ക്കൂട്ടാവുമോ?

    ആ സ്ലൈഡുകള്‍ അമേരിക്കയിലെ ആള്‍ക്കാരെ മുന്നില്‍ കണ്ട് ഉണ്ടാക്കിയതാണെന്ന് തോന്നുന്നു-അതായിരിക്കും അതില്‍ കേരളാ വിവരങ്ങള്‍ ധാരാളമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കുറെ ഭാഗങ്ങള്‍ റിപ്പീറ്റ് ചെയ്യുന്നുമുണ്ട് എന്ന് തോന്നുന്നു.

    December 29, 2006 2:26 PM  
  8. Blogger ഉമേഷ്::Umesh Wrote:

    ഈ സം‌വാദത്തില്‍ അപഹാസ്യത ഇല്ല. പ്രൊഫ. രാജീവ് പറയുന്ന വസ്തുതകളൊക്കെ ശരിയാണു്. മാധവനെപ്പറ്റിയും സോമയാജികളെപ്പറ്റിയും ഞാനും എഴുതിയിട്ടുണ്ടു്. അവരുടെ കണ്ടുപിടിത്തങ്ങള്‍ പൊള്ളയായ വാദങ്ങളല്ല.

    പ്രശ്നം, കണ്ടുപിടിക്കലിന്റെ നിര്‍വ്വചനമാണു്. ഫെര്‍മയുടെ അന്ത്യസിദ്ധാന്തം തെളിയിച്ചതു് Wiles ആണെന്നു നാം പറയുന്നു. വലിയ ഒരു തെളിവിലെ പലര്‍ കണ്ടുപിടിച്ച സിദ്ധാന്തങ്ങളിലെ അവസാനത്തെ കണ്ണി തെളിയിക്കുക മാത്രമാണു് വൈല്‍‌സ് ചെയ്തതു്. അതിന്റെ ക്രെഡിറ്റ് ഒരുപാടു പേര്‍ക്കു് അവകാശപ്പെട്ടതാണു്. പക്ഷേ തെളിയിച്ച ആള്‍ എന്ന പേരു് വൈല്‍‌സിനു മാത്രം.

    നൂറ്റാണ്ടുകള്‍ കൊണ്ടാണു കാല്‍ക്കുലസ് ഉരുത്തിരിഞ്ഞതു്. ക്രിസ്തുവിനു മുമ്പേ അതിനു തുടക്കം കുറിച്ചു. ഒരു പക്ഷേ സീനോയുടെ പാരഡോക്സ് ആണു് കാല്‍ക്കുലസിന്റെ തുടക്കം. ഈ തിയറികളില്‍ പലതും ഭാരതത്തില്‍ ഉണ്ടായവയും ഭാരതീയര്‍ക്കു് അറിയാവുന്നവയും ആണു്. പക്ഷേ അതു സമഗ്രമായതും പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടതും ക്രോഡീകരിക്കപ്പെട്ടതും പതിനേഴാം നൂറ്റാണ്ടിലാണു്. അതുകൊണ്ടാണു് അതു ന്യൂട്ടന്റെയും ലൈബ്നിറ്റ്സിന്റെയും പേരില്‍ അറിയപ്പെടുന്നതു്. ആ കാലത്തു തന്നെ ജീവിച്ചിരുന്ന വാലിസ്, ഗ്രിഗറി, പാസ്കല്‍ തുടങ്ങിയവര്‍ക്കും ഇതിന്റെ അന്തിമഘട്ടത്തില്‍ പങ്കുണ്ടു്. പക്ഷേ ഇവര്‍ രണ്ടുപേരുമാണു് അവ എഴുതി വെച്ചതു്.

    കാല്‍ക്കുലസിന്റെ ഒരുപാടു സിദ്ധാന്തങ്ങള്‍ ഭാരതീയരുടേതാണു്. അവയില്‍ പലതും മറ്റു പലരുടെയും പേരിലാണു്. അവ തിരുത്തണം. പക്ഷേ ഭാരതീയഗണിതത്തില്‍ കാല്‍ക്കുലസ് ഉണ്ടായിരുന്നു എന്നു പറയാനുള്ള സമഗ്രത ഉണ്ടായിരുന്നില്ല എന്നാണു് എന്റെ അറിവു്.

    സമയം കിട്ടിയാല്‍ ഇതിനെപ്പറ്റി വിശദമായി എഴുതാം.

    [രാമായണത്തിലെ വിമാനപരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം ഉണ്ടാക്കുന്ന ടെക്‍നോളജി ഇന്ത്യയിലുണ്ടായിരുന്നു എന്നു പറയുന്നതാണു് അപഹാസ്യം. Back to the future എന്ന സിനിമ കണ്ടിട്ടു് ഇരുപതാം നൂറ്റാണ്ടില്‍ ടൈം മെഷീന്‍ ഉണ്ടായിരുന്നു എന്നു പറയുന്നതു പോലെയാണതു്.]

    December 29, 2006 2:29 PM  
  9. Blogger myexperimentsandme Wrote:

    വളരെ ഹൃദ്യമായ ഒരു കമന്റ്, ഉമേഷ്‌ജീ.

    പ്രൊഫസര്‍ രാജീവും ഉമേഷ്‌ജിയും സന്തോഷുമൊക്കെ ചേര്‍ന്നുള്ള ഒരു ചര്‍ച്ച എന്റെ സ്വപ്നം. ആദ്യത്തെ അഖിലയമേരിക്ക വിശാല‍ ബ്ലോഗേഴ്‌സ് മീറ്റ് ആ രീതിയില്‍ പ്ലാന്‍ ചെയ്യുകയാണെങ്കില്‍ സോഡാ നാരങ്ങാ‍ വെള്ളം ഞാന്‍ സ്പോണ്‍‌സര്‍ ചെയ്യാം :)

    December 29, 2006 2:40 PM  
  10. Blogger Santhosh Wrote:

    ഈ വിഷയത്തില്‍ ആധികാരികമായിത്തന്നെ കമന്‍റ് പറഞ്ഞിരിക്കുന്ന ഉമേഷിന് നന്ദി. ശ്രീ. രാജീവിന്‍റെ ലേഖനത്തെക്കുറിച്ചും മറ്റു ശേഖരിക്കാവുന്ന തെളിവുകളുള്‍പ്പെടുത്തിയുമുള്ള ഒരു ലേഖനമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പല കാരണങ്ങള്‍ കൊണ്ട് ലേഖനമെഴുത്ത് നീണ്ടു പോയി. ഇപ്പോള്‍ ഉമേഷിന്‍റെ പോസ്റ്റു കണ്ടപ്പോള്‍ ആമുഖമായി എഴുതിവച്ചിരുന്ന ഉരുപ്പടി മാത്രം എടുത്ത് പോസ്റ്റിയതാണ്. ഉമേഷിന്‍റെ ബ്ലോഗില്‍ തോമസ് തന്നെ പറഞ്ഞതുപോലെ, അവസരം വന്നപ്പോള്‍ “ഈ വിഷയത്തില്‍ ഒരു പൊതുജനതാല്പര്യം ഉണ്ടാക്കുക” എന്ന ഉദ്ദേശമേ ഈ ലേഖനവും ചെയ്യുന്നുള്ളൂ.

    പ്രൊഫസര്‍ രാജീവും ഉമേഷ്‌ജിയും ഒക്കെ ഒത്തു ചേര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ വക്കാരി സ്പോണ്‍സര്‍ ചെയ്യുന്ന നാരങ്ങവെള്ളം കുടിക്കാന്‍ ഞാനും കൂടാം. :)

    December 29, 2006 5:25 PM  
  11. Blogger കേരളീയന്‍ Wrote:

    ഈ വിഷയത്തെപ്പറ്റി അധികാരികമായ ഒരു ലേഖനപരമ്പര 2005-ല്‍ ശാസ്ത്രഗതിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ആരാണെഴുതിയതെന്ന് ഓര്‍മ കിട്ടുന്നില്ല. അതു വായിച്ചപ്പോള്‍ തോന്നിയത് ഈ വാദം കുറെയൊക്കെ വിശ്വസനീയമാണെന്നാണ്‍. കാല്‍കുലസ് മാത്രമല്ല; അനന്തശ്രേണികളും ആദ്യമായി പ്രതിപാദിക്കപ്പെടുന്നത് കേരളീയഗണിതത്തിലാണെന്ന് ഈ പരമ്പരയില്‍ പരാമര്‍ശമുണ്ട്. ഇത് കണ്ട് കിട്ടുകയാണെങ്കില്‍ അപ്‌ലോഡ് ചെയ്യാം.

    December 29, 2006 11:09 PM  
  12. Anonymous Anonymous Wrote:

    Umesh,
    I agree with your initial opinions but beg to differ in your opinion about Vimanas.

    Vimanas did very much exist before the Wright brothers. Mercury vortex engines were ones of the main propulsion system used. More detailed information is also available in the vedic text Samarangana Sutradhara. Moreover there are numerous references or descriptions in other Sanskrit and Tamil texts (Rg, Yajur & Atharva-veda, Yuktilkalpataru of Bhoja, Mayamatam (architect Maya), Satapathya Brahmana, Markandeya Purana, Vishnu Purana, Bhagavata Purana, the Harivamsa, the Uttararamcarita, the Harsacarita, the Tamil text Jivakacintamani etc).

    There is also a controversial text called Vimanika Shastra by Maharishi Bhradwaj which describes the vortex engine. In 1895, Shivkar Bapuji Talpade built a mercury ion engine and demonstrated it in Mumbai. There is also research going on in these areas in IISc Bengaluru(Bangalore), mostly by analysing these recovered ancient Sanskrit texts, as most of our libraries were destroyed by the invading Islamic barbarians.

    Hope, the next time you won't be so sarcastic about our Vedic history and achievements...

    December 30, 2006 6:38 AM  
  13. Blogger Siji vyloppilly Wrote:

    വിമാനത്തെക്കുറിച്ച്‌ ഉമേഷേട്ടന്‍ ഇട്ട കമന്റിനോട്‌ എനിക്കും യോജിപ്പില്ല.അനോണിമസ്സ്‌ പറയുന്നതില്‍ കാര്യമുണ്ട്‌.

    January 01, 2007 9:53 AM  
  14. Blogger ദേവന്‍ Wrote:

    സന്തോഷേ, ഓഫിനു മാപ്പ്‌.
    അനോണീ, ആധുനിക വ്യോമയാന വ്യവസായത്തില്‍ നിന്നും അന്നത്തിനുള്ള വക പറ്റിച്ചെടുക്കുന്നയാളെന്ന നിലക്ക്‌ എനിക്ക്‌ പൌരാണിക വൈമാനിക ശാസ്ത്രത്തില്‍ ഇപ്പോള്‍ IISC ബാംഗളൂര്‍ നടത്തുന്ന ഗവേഷണങ്ങളെക്കുറിച്ച്‌ കൂടുതലറിയാന്‍ അതിയായ താല്‍പ്പര്യമുണ്ട്‌.

    ആയിരത്തിത്തൊള്ളായിരത്തി രണ്ടില്‍ സുബ്ബരായ ശാസ്ത്രി വ്യാഖ്യാനിച്ച ഭരദ്വാജ മഹര്‍ഷി (ബി സി 4)യുടെ വൈമാനികശാസ്ത്രത്തിന്മേല്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചകളല്ലാതെ ഗവേഷണമൊന്നും നടക്കുന്നില്ല. ഇന്ത്യന്‍ ഏവിയഷന്‍ അസ്സോസിയേഷനും IEEE കേരളവും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌ ( വിശദവിവരങ്ങള്‍ എന്റെ കൈവശമില്ല) മദ്രാസ്‌ യൂണിവേര്‍സിറ്റി ഗവേഷണങ്ങള്‍ നടത്തുന്നെങ്കിലും വ്യോമയാന രംഗത്ത്‌ ഗവേഷിക്കാന്‍ മാത്രം പ്രാപ്തി അവര്‍ക്കുണ്ടോെന്ന് സംശയം.

    ഐ ഐ എസ്‌ സി ഗവേഷണങ്ങളെക്കുറിച്ച്‌ എന്തെങ്കിലും വിവരം കൈമാറാനാവുമെങ്കില്‍ അറിയിക്കാന്‍ താല്‍പ്പര്യപ്പെടുന്നു .ഇനി കൈമാറ്റ കച്ചവടത്തിന്റെ ആളാണെങ്കില്‍, (അനോണിയായതുകൊണ്ട്‌ ആളെങ്ങനെയെന്ന് അറിയില്ലല്ലോ) പകരം ജോസിയര്‍ ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജിമ ചെയ്ത വൈമാനികശാസ്ത്രം എം എസ്‌ വേര്‍ഡ്‌ ഫോമില്‍ അയച്ചുതരാം.) :)

    അഡീഷണല്‍ ഓഫ് മാപ്പ്:
    പണിക്കര്‍മാഷ്‌ തുടങ്ങി ആര്‍ക്കെങ്കിലും വ്യാഖ്യാനങ്ങളില്ലാതെ ഉപയോഗശൂന്യമായ മറ്റു വ്യോമയാനകൃതികള്‍- നാരായണമഹര്‍ഷിയുടെ
    വ്യോമയാനതന്ത്രം, വാചസ്പതിയുടെ യാനബിന്ദു ധുണ്ഡീനാഥന്റെ സൌദാമിനീകല എന്നീ ഗ്രന്ഥങ്ങളെപ്പറ്റി അറിവുണ്ടെങ്കില്‍ പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

    January 01, 2007 12:23 PM  
  15. Blogger കേരളീയന്‍ Wrote:

    അനോണിയേ,
    ഇപ്പറഞ്ഞ ബി.സി. കാലഘട്ടത്തില്‍ എഴുതപ്പെട്ട ഗ്രീക്ക് പുരാണങ്ങളില്‍ ദീദാലസിന്റെ പറക്കും യന്ത്രത്തെപ്പറ്റി പരാമര്ശമുണ്ട്. 15-ആം നൂറ്റാണ്ടില്‍ ഡാവിഞ്ചി ഇപ്പോഴത്തെ ഹെലികോപ്റ്ററിന്റെ ഒരു എഞ്ചിനീറിങ് മാതൃക തന്നെ ഡിസൈന്‍ ചെയ്തു. പക്ഷെ അതു കൊണ്ടൊന്നും പറക്കാനുള്ള കഴിവു നേടി എന്ന് അര്‍ത്ഥമില്ല. അക്കാലത്തെ ടെക്നോളജിക്കല്‍ വികാസം ഇത്തരത്തിലുള്ള ഒരു യന്ത്രം നിര്‍മ്മിക്കാന്‍ പാകത്തിന്‍ വളര്‍ന്നിരുന്നില്ല. ചരിത്രമുള്ള കാലം തൊട്ടെ പറക്കുന്നതിനെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ മനുഷ്യര്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതു കൊണ്ട് അവര്‍ അതു സാക്ഷാത്കരിക്കാനുള്ള സാങ്കേതിക വികാസം നേറ്റി എന്ന് അര്‍ത്ഥമില്ല. ഇത്തരത്തിലുള്ള അനേകം പേരുടെ സ്വപ്നങ്ങളാണ്‍ സാങ്കേതികവികാസത്തിന്റെ ഒരു ഘട്ടത്തില്‍ വിമാനമായി രൂപം പ്രാപിക്കുന്നത്. H.G.Wells TimeMachine-എഴുതിയത് സമയത്തിലൂടെ സഞ്ചരിക്കാ‍നുള്ള സാങ്കേതികവികാസം സംഭവിക്കാത്ത കാലത്താണല്ലോ. അതിന്‍ ഇനിയും എത്രയോ സമയമെടുക്കും. നമ്മുടെ പൂര്‍വ്വികരുടെ ഭാവനാശക്തിയെ വിലമതിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുക.

    January 02, 2007 10:51 PM  
  16. Blogger myexperimentsandme Wrote:

    വൈമാനിക ശാസ്ത്രത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പ് ഇവിടെ - ഇന്റര്‍നെറ്റാണ്. പക്ഷേ പുള്ളി ഈ പുസ്തകത്തിന്റെ ഒരു ചരിത്രം ആമുഖത്തില്‍ വിവരിക്കുന്നുണ്ട്.

    അഡ നടത്തിയ പഠനറിപ്പോര്‍ട്ട് ഇവിടെ (ആ സൈറ്റിന്റെ ആധികാരികത അറിയില്ല, പക്ഷേ പഠന റിപ്പോര്‍ട്ട് അവര്‍ അഡ ലൈബ്രറിയില്‍ നിന്നും എടുത്തതാണെന്നാണ് പറയുന്നത്. മറ്റു പല വെബ് പേജുകളിലും അഡ ലൈബ്രറിയുടെ ലിങ്ക് കൊടുത്തിരിക്കുന്നിടത്തൊക്കെ ഈ റിപ്പോര്‍ട്ട് മിസ്സിംഗ് ആണ്. അഡ റിപ്പോര്‍ട്ടിന്റെ അപ്പെന്‍ഡിസൈറ്റിസുകളും ഇപ്പോള്‍ കാണുന്നില്ല).

    (ഏറ്റവും സങ്കടം ഓഫീസില്‍ വെച്ച് ഈ പഠന റിപ്പോര്‍ട്ടിന്റെ എല്ലാ ഭാഗങ്ങളുമുള്ള ഒരു സൈറ്റ് കണ്ടിരുന്നു. ഇപ്പോള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആ പേജ് കാണുന്നില്ല).

    January 11, 2007 1:15 PM  
  17. Blogger ഉമേഷ്::Umesh Wrote:

    വളരെ നന്ദി, വക്കാരീ. ഇതിലെ ആദ്യലിങ്കിന്റെ ഉള്ളടക്കമാണു്‌ ദേവന്‍ എനിക്കയച്ചുതന്നതു്‌.

    രണ്ടും വായിക്കാം. എന്നിട്ടു്‌ അവയെപ്പറ്റി എഴുതാന്‍ ശ്രമിക്കാം.

    January 11, 2007 1:33 PM  

Post a Comment

<< Home