ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Tuesday, December 31, 2024

ഈയർ ഇൻ റിവ്യൂ 2024

Happy New Year, 2025!

വായിച്ച പുസ്തകങ്ങളുടെ കണക്കുകളോ കണ്ട സിനിമകളുടെ എണ്ണമോ ഇല്ലാത്ത റിവ്യൂ ആണ്. വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റിടണം എന്നത് ആഗ്രഹമായി തുടരുന്നു. കണ്ട സിനിമകൾ അധികമില്ല; സിനിമ കാണാതെ എഴുതിയ നിരൂപണങ്ങൾ മാത്രം. ആടുജീവിതത്തിന്റെ നിരൂപണം മാർത്താണ്ഡവർമ്മ നോവലിലെ ചിലഭാഗങ്ങൾ അനുകരിച്ച് എഴുതിയെങ്കിലും ബഹുഭൂരിപക്ഷത്തിനും അത് മനസ്സിലായില്ല. കഠിനവ്യഥകളുടെ കരിങ്കാലം എന്നല്ലാതെ എന്തുപറയാൻ!

ചില നേട്ടങ്ങളും കോട്ടങ്ങളും:
  • ഇന്ദ്രവജ്രയിൽ എട്ടും (Achar is not pickle എന്നതിന്റെ പരിഭാഷ ഉൾപ്പെടെ) ഭുജംഗപ്രയാതത്തിലും വിയോഗിനിയിലും രണ്ടുവീതവും ചമ്പകമാല, രഥോദ്ധത, കമനീയം, മന്ദാക്രാന്ത, ഉർവ്വശി, ശാർദ്ദൂലവിക്രീഡിതം, സ്രഗ്വിണി എന്നീ വൃത്തങ്ങളിൽ ഓരോന്നുമായി ആകെ 19 ശ്ലോകങ്ങൾ എഴുതി. ഒരു വർഷം ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ എഴുതുന്നത് 2024-ൽ ആവണം.
  • ഏപ്രിൽ മാസത്തിൽ അധികം എഴുത്തും വായനയും നടന്നില്ല.
  • ഏഴു രാജ്യങ്ങളിലായി 50,000-ൽ അധികം മൈൽ (80,000+ കിലോമീറ്റർ) യാത്ര ചെയ്തു. ആദ്യമായി കണ്ണൂരിന്റെ പലഭാഗങ്ങളും കണ്ടു.
  • പരമ്പരാഗതമായ സോഷ്യൽമീഡിയ പോസ്റ്റുകളേക്കാൾ "വൈറൽ" ആയത് ലിങ്ക്ഡ്ഇൻ ജോലി ഒഴിവ് പോസ്റ്റായിരുന്നു. മൂവായിരം പേർ ആ ജോലിക്ക് അപേക്ഷിച്ചിരുന്നു.
  • ക്രിക്കറ്റ് ടീം അംഗവും സുഹൃത്തുമായിരുന്ന രക്ഷിത്തിന്റെ മരണം അപ്രതീക്ഷിതവും ആകസ്‌മികവുമായിരുന്നു.
  • ചുള്ളിക്കാട്, ഇളയിടം എന്നിവർ പങ്കെടുത്ത പരിപാടി ആസ്വദിക്കുവാൻ അവസരം ലഭിച്ചു. പ്രമോദ് പയ്യന്നൂർ രംഗസൃഷ്ടിയും സംവിധാനവും നിർവ്വഹിച്ച മതിലുകൾക്കപ്പുറം എന്ന നാടകവും ആസ്വദിക്കാനായി.
  • അടുത്ത ഓം ശാന്തി ഓശാനയ്ക്കു വേണ്ടിയുള്ള തിരച്ചിൽ 2024-ലും വിഫലമായി അവശേഷിച്ചു.
  • ഒരു ഡാൻസ് പരിപാടിയുടെ ഭാഗമായി പാട്ടുകൾ തിരയുന്നതിനിടയിൽ "നെഞ്ചോരമല്ലേ പെണ്ണേ..." എന്ന പാട്ടുമൂലം മൂന്നുനാല് മലയാളം വാക്കുകൾ പഠിച്ചു.
  • വീട്ടിൽ ഇലക്ട്രിക് കാറുകൾ മാത്രമായി. ഇലക്ട്രിക് കാറുകൾ മാത്രമായാൽ ഉണ്ടാവും എന്നു പറഞ്ഞുകേട്ട അസൌകര്യങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
  • ഏതെങ്കിലും ഒരു വരി എഴുതിക്കൊടുത്താൽ അത് വൃത്തത്തിലാണോ (അഥവാ വൃത്തത്തിലാക്കാൻ എന്തുചെയ്യണം) എന്നു പറയുന്ന ഒരു പ്രോഗ്രാം എഴുതി. ഉദാഹരണത്തിന്, "നാടിൻ നന്മകനേ പൊന്മകനേ മുത്തായവനേ" എന്ന വരിയിൽ മൂന്ന് തിരുത്തലുകൾ വരുത്തിയാൽ അത് മദനാർത്ത എന്ന വൃത്തത്തിലാവും എന്ന് ഈ പ്രോഗ്രാം പറഞ്ഞുതരും. തിരുത്തലുകൾ ഏതൊക്കെയെന്നും പ്രോഗ്രാം പറയും. ഉടനേ താല്പര്യമുള്ളമുള്ളവർക്കായി പങ്കുവയ്ക്കാം.

Labels: ,

0 Comments:

Post a Comment

<< Home