'എ'കാരമോ 'ഏ'കാരമോ?
Benny ചോദിക്കുന്നു:
ഞാൻ പറഞ്ഞ മറുപടി:
'എ'കാരം വേഴ്‌സസ് 'ഏ'കാരം
ധരിച്ചുപോന്നിരുന്നത് 'സംശയങ്ങളുടേയും' എന്ന രൂപം തെറ്റാണെന്നും ശരിയായ രൂപം 'സംശയങ്ങളുടെയും' ആണെന്നുമാണ്. എന്നാൽ, സമാന സ്വഭാവമുള്ള വാക്കുകളിൽ 'ഏ'കാരത്തിന്റെ ഉപയോഗം കൂടിവരുന്നതായിട്ടാണ് അനുഭവം.
ഒരു ഉദാഹരണം: ആധുനികമായ വ്യക്തിസങ്കല്പത്തിന്റെ അടിയുലയ്‌ക്കുന്ന സംശയങ്ങളു'ടേ'യും ആത്മസംഘർഷങ്ങളു'ടേ'യും ഇടർച്ചകളു'ടേ'യും കഥയാണ് ചെറുകാടിന്റെ ജീവിതപ്പാത പറയുന്നത് - സുനിൽ പി ഇളയിടം (സമകാലിക മലയാളം)
ശരിയായ രൂപമെന്ന് ധരിച്ചുപോന്നിരുന്നത് എഴുതുന്നവരും ധാരാളമുണ്ട്.
ഒരു ഉദാഹരണം: അധ്യാപക'രെ'യും പഠനോപകരണങ്ങളായ പുസ്‌തകങ്ങ'ളെ'യും വേണ്ടുംവണ്ണം സജ്ജീകരിക്കുന്നതിനുപകരം ഭാഷ പഠിപ്പിക്കുന്നവർക്ക് വിശേഷപരിശീലനം വേണ്ടെന്നും ഏത് അധ്യാപകർക്കും ഭാഷ പഠിപ്പിക്കാൻ കഴിയുമെന്നുമുള്ള മിഥ്യാധാരണയെ പുറത്താക്കി വാതിൽ കൊട്ടിയടയ്‌ക്കണം - ലീലാവതി ടീച്ചർ (മാതൃഭൂമി)
ഇവയിൽ ഏത് രൂപമാണ് ശരി? മാനക സമ്പ്രദായമെന്താണ്? അങ്ങനെയൊന്ന് ഉണ്ടെങ്കിൽ, അതിൻ്റെ പ്രമാണമെന്താണ്? ഇനി, ഈ വ്യത്യാസത്തിന് കാരണം എഡിറ്റിംഗ് ടേബിളിലെ സ്റ്റൈൽ ബുക്കാണെന്ന് വരുമോ?
ഞാൻ പറഞ്ഞ മറുപടി:
കൃത്യമായ ഉത്തരം അറിയില്ല. പൊതുവേ ഞാൻ "ഏയും" എന്നു പ്രയോഗിക്കുന്ന കൂട്ടത്തിലാണെന്ന് പറയാം.
എന്റെ അറിവുവച്ച്:
'എ' ആണ് പ്രതിഗ്രാഹികയുടെ വിഭക്തി. കർമ്മത്തിന് പ്രാധാന്യം നൽകാനാണ് പ്രതിഗ്രാഹിക ഉപയോഗിക്കുന്നത്.
അദ്ധ്യാപകർ - അദ്ധ്യാപകരെ (വിദ്യാർത്ഥികൾ അദ്ധ്യാപകരെ സമീപിച്ചു)
സുമതി - സുമതിയെ (ഞാൻ സുമതിയെ കണ്ടു)
'ഏ' നിർദ്ദേശിക വിഭക്തിയാണ്. സംബോധനയ്ക്ക് (വിളിക്കാൻ) ഉപയോഗിക്കുന്നു.
അദ്ധ്യാപകർ - അദ്ധ്യാപകരേ (അദ്ധ്യാപകരേ, നിങ്ങൾ ഇത് കാണുന്നുണ്ടോ?)
സുമതി - സുമതിയേ (സുമതിയേ, അങ്ങോട്ടു നോക്കൂ!)
'ഉം' എന്നത് നിപാതം എന്ന ദ്യോതകമാണ് (പ്രത്യേകം അർത്ഥമില്ല, എന്നാൽ മറ്റുവാക്കുകളുമായി ചേർന്നു നിൽക്കുമ്പോൾ അർത്ഥം ഉണ്ടാവുന്നു).
അങ്ങനെ വരുമ്പോൾ സ്വാഭാവികമായും "അദ്ധ്യാപകരെയും സുമതിയെയും" ആണ് ശരി എന്നുവരും.
പിന്നെ ഒന്നുരണ്ടു പുസ്തകങ്ങൾ മറിച്ചു നോക്കിയപ്പോൾ തലങ്ങും വിലങ്ങും എ-യും ഏ-യും ഉപയോഗിച്ചിരിക്കുന്നു. ഒരു വാചകത്തിൽത്തന്നെ "നിശ്ശബ്ദമായി നിന്ന രാത്രിയുടേയും ലോകത്തെ നിരീക്ഷിക്കുന്ന ചന്ദ്രന്റെയും സൂക്ഷ്മചിത്രം നമുക്ക് ലഭിക്കുന്നു" എന്നൊക്കെ കണ്ടു.
Labels: ഭാഷ
0 Comments:
Post a Comment
<< Home