ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Saturday, September 28, 2024

ഇതും ജേണലിസം

സുനിത ദേവദാസ് എന്ന ജേണലിസ്റ്റിനെക്കുറിച്ച് ഇടയ്ക്ക് പലരും എഴുതിക്കണ്ടിട്ടുള്ളതല്ലാതെ അവരുടെ വർക്ക് ഞാൻ കണ്ടിട്ടേയില്ല. അതൊരു അപരാധമാണെന്നല്ല. ഒന്നാമതേ ജേണലിസം എന്തല്ല എന്ന ധാരണയുണ്ടെന്നല്ലാതെ അതെന്താണ് എന്നെനിക്കറിയില്ല. അതും അപരാധമല്ല.

ജീവിതം അയത്നലളിതവും ഹൃദയം വേഗനിയന്ത്രിതവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തിലാണ് "എന്നെയും ഇന്റർവ്യൂവിലെടുത്തു" എന്നൊരു പോസ്റ്റിലൂടെ സുനിത ദേവദാസ് തന്നെ ഇന്റർവ്യൂ ചെയ്ത വീഡിയോ Roby Kurian പോസ്റ്റുചെയ്യുന്നത്. അമ്പതു മിനിറ്റ് ദൈർഘ്യമുള്ള ഇന്റർവ്യൂ മുഴുവൻ കണ്ടതിന്റെ പ്രധാനകാരണം റോബി വളരെ ആസ്വദിച്ചും പലപ്പോഴും അനല്പമായി ആഹ്ലാദിച്ചും ചിലകാര്യങ്ങൾ പറയുന്നു എന്നതുമാത്രമാണ്. ലോകസിനിമയെപ്പറ്റി കാര്യമായി എഴുതുകയും പറയുകയും ചെയ്യുന്ന റോബിയോട് അമ്പതുമിനിറ്റ് സംസാരിച്ചിട്ടും ഗൂഗിൾ ചെയ്താൽ ആർക്കും ഉത്തരം കിട്ടുന്ന "ഷോൺറകൾ ഏതൊക്കെ" എന്ന തരം ചോദ്യങ്ങളാണ് സുനിത ദേവദാസിന് ചോദിക്കാനുണ്ടായിരുന്നത് എന്നത് അതിശയമായിരുന്നു.

ഇനി ഈ വഴിക്കില്ല എന്നു വിചാരിച്ച്, ഹൃദയം വീണ്ടും വേഗനിയന്ത്രിതമാക്കിയിരുന്നപ്പോഴാണ് UK-യിലുള്ള ഒരു ഇൻഫ്ലുവൻസർ സുനിത ദേവദാസിനാൽ ഇന്റർവ്യൂ ചെയ്യപ്പെട്ട കാര്യം (കർമ്മണിപ്രയോഗം തന്നെ ആയിക്കോട്ടെ, എന്തിനു കുറയ്ക്കണം!) Kunjaali Kutty അറിയിക്കുന്നത്. അധികം കേട്ടില്ല, നിർത്തി. സുനിത ദേവദാസിന് സ്വന്തം reputation നിലനിർത്തണമെന്ന് ഒരു ആഗ്രഹവുമില്ലെന്ന് തോന്നുന്നു.

ഒരു ചെറിയ ഉദ്ധരണികൂടെ തരാം. പോസ്റ്റുകളുടെ ആധികാരികത വർദ്ധിപ്പിക്കാൻ ഉദ്ധരണികൾ സഹായിക്കും എന്നാണല്ലോ.
𝑇ℎ𝑒 𝑟𝑜𝑙𝑒 𝑜𝑓 𝑡ℎ𝑒 𝑗𝑜𝑢𝑟𝑛𝑎𝑙𝑖𝑠𝑡 𝑖𝑠 𝑡𝑜 𝑠𝑒𝑒𝑘 𝑡𝑟𝑢𝑡ℎ, 𝑚𝑖𝑛𝑖𝑚𝑖𝑧𝑒 ℎ𝑎𝑟𝑚, 𝑎𝑐𝑡 𝑖𝑛𝑑𝑒𝑝𝑒𝑛𝑑𝑒𝑛𝑡𝑙𝑦, 𝑎𝑛𝑑 𝑏𝑒 𝑎𝑐𝑐𝑜𝑢𝑛𝑡𝑎𝑏𝑙𝑒 𝑎𝑛𝑑 𝑡𝑟𝑎𝑛𝑠𝑝𝑎𝑟𝑒𝑛𝑡.” – 𝑆𝑜𝑐𝑖𝑒𝑡𝑦 𝑜𝑓 𝑃𝑟𝑜𝑓𝑒𝑠𝑠𝑖𝑜𝑛𝑎𝑙 𝐽𝑜𝑢𝑟𝑛𝑎𝑙𝑖𝑠𝑡𝑠 𝐶𝑜𝑑𝑒 𝑜𝑓 𝐸𝑡ℎ𝑖𝑐𝑠

പറഞ്ഞുപറഞ്ഞ് പ്രധാനപ്പെട്ട ഒരു കാര്യം സുനിത ദേവദാസിനോട് പറയാൻ വിട്ടുപോയി: ആർക്കും വലിയ പ്രയോജനമൊന്നുമില്ലാത്ത ചിലകാര്യങ്ങളിൽ അഗാധമായ അവഗാഹമുള്ള ആളാണ് ഞാൻ. ഇന്റർവ്യൂ ചെയ്യണമെങ്കിൽ പറഞ്ഞാൽ മതി. 😜

Labels:

0 Comments:

Post a Comment

<< Home