ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, October 09, 2006

വെറുതേ ചില ചോദ്യങ്ങള്‍

ദൈവം പറഞ്ഞു:
    വെറുതേ ചില ചോദ്യങ്ങള്‍.
    ‘യാത്രയ്ക്കു മുമ്പ് ചോദ്യം പാടില്ല.’
    യാത്രയ്ക്കു മുമ്പും ചോദ്യമാവാം!

ആമുഖം കഴിഞ്ഞു.
അശരീരികള്‍ നിരന്നു.
വിലങ്ങില്ലാത്ത അശരീരികള്‍
എന്നെ വിലങ്ങു വച്ചു.

അച്ഛന്‍ പറഞ്ഞു:
    എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
    ‘ശരി.’
    നീ എന്‍റെ പണമപഹരിച്ചോ?
    ‘പിതാവേ, അങ്ങയുടെ പോക്കറ്റിലെ
    നാണയത്തുട്ടുകള്‍ ഞാന്‍ എണ്ണി നോക്കി.’

അമ്മ പറഞ്ഞു:
    എന്‍റെ കണ്ണടച്ചാല്‍ നീ അനുഭവിക്കും.
    ‘വളരെ ശരി.’
    നീ പഠിക്കുന്നുണ്ടോ?
    ‘പൈസയുള്ളപ്പോള്‍ മാതൃഹൃദയമേ പഠിക്കുവതെന്തിന്?’

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍
ദിവസങ്ങള്‍ക്ക് പഴക്കം വന്നില്ല,
വര്‍ഷങ്ങള്‍ക്ക് പഴക്കം വന്നു.

പുസ്തകം പറഞ്ഞു:
    എന്‍റെ അറിവ് പഴയതാണ്.
    ‘പഴയ അറിവില്‍ തെറ്റുണ്ടാവില്ല.’
    വെള്ളിയാഴ്ചകളില്‍ നീ
    മദ്യപിക്കുന്നതെന്ത്?
    ‘വെള്ളിയാഴ്ചകളില്‍
    അക്ഷരത്തിന്‍റെ ഗന്ധത്തേക്കാള്‍
    മദ്യഗന്ധമാണെനിക്കിഷ്ടം!’

കൂടുതലിരുട്ടുന്തോറും
ഇരുട്ടിനു മടുത്തു.
ചിലപ്പോള്‍ ഇരുട്ടിന്‍റെ നിറം
വെളുപ്പാണ്.

ചന്ദ്രന്‍ പറഞ്ഞു:
    ഉദിക്കുന്നതിനേക്കാള്‍ പ്രയാസം അസ്തമിക്കാനാണ്.
    ‘ഉദയാസ്തമയങ്ങള്‍ക്കിടയിലുള്ള യാത്രയോ?’
    നിന്‍റെ കലണ്ടറില്‍ ഇന്ന് പൌര്‍ണമിയല്ലേ?
    ഞാന്‍ ഉദിച്ചോട്ടേ?
    ‘കറുത്ത തുണിയാലുള്ള കര്‍ട്ടന്‍ നീ കാണാത്തതെന്ത്?
    നീ ധൈര്യമായി ഉദിക്കുക,
    ഇരുളിന്‍റെ മറവിലുള്ള വേഴ്ചയെ കാലം അപലപിക്കുന്നില്ല.’

മരണത്തിനു കവികള്‍
കറുത്ത ചായം വരച്ചു.
കറുപ്പിനു ചിത്രകാരന്മാര്‍
മരണ ഗന്ധമേകി.

ഭാര്യ പറഞ്ഞു:
    ഞാന്‍ മരിക്കുന്നതാണ് നിങ്ങള്‍ക്കിഷ്ടം.
    ‘എന്നാല്‍ എന്‍റെ കാലില്‍ മുള്ളുകള്‍ തറയും.’
    നാഥാ, എന്‍റെ മാറിടം നിന്നെ ഭ്രമിപ്പിക്കുന്നതെന്ത്?    
    ‘ഉന്നതിയിലേയ്ക്കുള്ള പാത
    മാറിടങ്ങളിലാരംഭിക്കുന്നു പ്രിയേ!’

സൌന്ദര്യത്തിന്‍റെ നാനാര്‍ഥങ്ങള്‍
അവള്‍ എന്നെ പഠിപ്പിച്ചു.
പകരമായി, അവള്‍ സുന്ദരിയാണെന്ന്
ഞാന്‍ പറഞ്ഞു.

കണ്ടക്ടര്‍ പറഞ്ഞു:
    സുന്ദരികളായ യാത്രക്കാരെ എനിക്കിഷ്ടമാണ്.
    ‘ധിക്കാരിയായ നിയമപാലകനാണ് അങ്ങ്.’
    ദാനശീലനാം ഭവാന്‍ ടിക്കറ്റെടുക്കാത്തതെന്ത്?
    ‘ചില്ലറകള്‍ തെരുവു വേശ്യകള്‍ക്കായി
    മാറ്റി വച്ചു കഴിഞ്ഞു.’

സംസ്കാരം വളര്‍ത്തുവാന്‍
കെട്ടിടങ്ങള്‍ ഉയര്‍ന്നു.
സാഹിത്യം അളക്കുവാന്‍
പ്രതിഭകള്‍ ഊണുമേശ്യ്ക്കു ചുറ്റും നിരന്നു.

കാമുകി പറഞ്ഞു:
    സ്വര്‍ഗമേ നന്ദി:
    നിന്‍റെ ചെയ്തികളില്‍ സംസ്കാരം നിറഞ്ഞു നിന്നു.
    ‘അന്ത്യനാളില്‍ ഈ അവാര്‍ഡ് കാമ്യമല്ല,
    ജഡ്ജിംഗ് കമ്മിറ്റിയുടെ ദയാവായ്പാകുന്നു ഇത്.’
    എനിക്കു ശ്വസന തടസ്സമുണ്ടായിട്ടും
    ഇനിയും നീ മുഖമമര്‍ത്തുന്നതെന്ത്?
    ‘അന്ത്യശ്വാസം വരെ ചുംബിക്കാനാണ്
    ഭാര്യയുടെ ഉത്തരവ്.’

പണ്ട് ഹൃദയത്തിന്‍റെ നിറം
ചുവപ്പായിരുന്നു.
ഇപ്പോള്‍ ചുവപ്പിനു കറുപ്പിനോട്
അസൂയയാണ്.

രാത്രി പറഞ്ഞു:
    എന്‍റെ പൂക്കള്‍ക്കു വെളുപ്പു നിറമാണ്.
    ‘കറുത്ത വസ്തുക്കള്‍ക്കു കുപ്രസിദ്ധയാണു നീ.’
    എന്‍റെ നിഴലില്‍ നീ സന്മാര്‍ഗ ചിന്ത വെടിയുന്നതെന്ത്?
    ‘രാത്രി അസന്മാര്‍ഗികള്‍ക്കുള്ളതാണ്,
    നീയില്ലെങ്കില്‍ ഞാനില്ല!’

പൊടിപ്പും തൊങ്ങലുമുള്ള
കഥകള്‍ക്ക് നല്ല പ്രചാരമാണ്.
വില കുറവായതിനാല്‍ ആരും
ആത്മകവിത എഴുതാറില്ല.

ഞാന്‍ പറഞ്ഞു:
    ‘നിര്‍ഭാഗ്യവാനായ യോദ്ധാവ്’
    എന്നാണ് എന്‍റെ ആത്മകഥയുടെ പേര്.

ദൈവം പറഞ്ഞു:
    ചോദ്യങ്ങള്‍ നിര്‍ത്തുക.
    ഇനിയും ഭൂമിയില്‍ മരിക്കാനാളുണ്ട്.

ചോദ്യങ്ങള്‍ നിന്നു.
അശരീരികള്‍ ഓരോന്നായി മരിച്ചു വീണു.
ദൈവവും ഞാനും മാത്രമായപ്പോള്‍ മറ്റൊരു ദൈവം വന്നു.
‘ഒന്നാം ദൈവം കള്ള ദൈവം’:
ഞാന്‍ ഉറക്കെ വിളിച്ചു.
എന്നിട്ട് രണ്ടാമത്തെ ദൈവത്തോടൊപ്പം പോയി.
അടുത്ത പരീക്ഷ പ്രയാസമില്ലാതിരിക്കാന്‍
ഞാന്‍ ഏതു ദൈവത്തോടു
പ്രാര്‍ഥിക്കും—ഒന്നോ രണ്ടോ?

Labels:

6 അഭിപ്രായങ്ങള്‍:

 1. Anonymous Sunil എഴുതിയത്:

  Good, Santhosh.-S-

  Mon Oct 09, 11:25:00 PM 2006  
 2. Blogger ഉമേഷ്::Umesh എഴുതിയത്:

  ഒരാള്‍ കൂടി ഉത്തരാധുനികനായി. ഇതു വരെ നേരേ ചൊവ്വേ എഴുതിയിരുന്ന പയ്യനായിരുന്നു :)

  ആദിയുടെ ചുണ്ടുകള്‍ പോയ വഴിയേ ഇനി എത്ര പേര്‍? ബൂലോഗമേ, നീ എങ്ങോട്ടു്?

  എന്നാലും, സന്തോഷേ, നന്നായിട്ടുണ്ടു്!

  Tue Oct 10, 04:58:00 AM 2006  
 3. Blogger വേണു venu എഴുതിയത്:

  വെറുതേ ചെല ചോദ്യങ്ങളുടെ ഉത്തരങ്ങള്‍‍ക്കായി ശ്രമിച്ചപ്പോള്‍ സന്തോഷ്ജി,
  ഞാന്‍ പറഞ്ഞു.
  നന്നായിരിക്കുന്നു

  Tue Oct 10, 05:26:00 AM 2006  
 4. Blogger ആനക്കൂടന്‍ എഴുതിയത്:

  സന്തോഷ്ജി, ചോദ്യവും ഉത്തരവും ഇഷ്ടമായി...
  അച്ഛനും അമ്മയും പുസ്തകവും കഴിഞ്ഞ് പിന്നെയെല്ലാം ഒരേ ലൈനിലൂടെ പോയില്ലെ എന്ന് ഒരു തോന്നല്‍...

  Tue Oct 10, 07:32:00 AM 2006  
 5. Blogger Adithyan എഴുതിയത്:

  യ്യോ
  എന്താ ഇവിടെ ശംഭവിക്കുന്നെ?

  ഉമേഷ്ജിടെ കമന്റ് കണ്ട് എന്റെ കഥയോട് താരതമ്യപ്പെടുത്തപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്താന്‍ വന്നതാ... പക്ഷെങ്കില്‍ വായിച്ചു കഴിഞ്ഞപ്പോ ഉമേഷ്ജിയോട് യോജിക്കാതിരിക്കാന്‍ വയ്യ ;) (ഞാന്‍ ഓടിത്തള്ളി)

  ഓടോ: ബൂലോഗമേ, നീ എങ്ങോട്ടു്? ;))

  Tue Oct 10, 08:50:00 AM 2006  
 6. Blogger പച്ചാളം : pachalam എഴുതിയത്:

  എനിക്കിഷ്ടപ്പെട്ടു സന്തോഷേട്ടാ.
  :)

  Tue Oct 10, 09:06:00 AM 2006  

Post a Comment

<< Home