Sunday, October 01, 2006

ഭാര്യാഗൃഹേ പരമ സുഖം

കുട്ടികളായിരിക്കുമ്പോള്‍, അമ്മൂമ്മയും അച്ഛനും ഞങ്ങള്‍ക്ക്—അനിയന്മാര്‍ക്കും എനിക്കും—കഥകള്‍ പറഞ്ഞു തരുമായിരുന്നു. മാസത്തിലൊരിക്കലോ മറ്റോ ആണ് വീട്ടില്‍ വരാറുള്ളത് എന്നതു കൊണ്ട്, ദിവസവും കഥ പറഞ്ഞു തരുന്ന അമ്മൂമ്മയെ കഥകളുടെ എണ്ണത്തിലോ അവയുടെ “വൌ ഫാക്ടറിലോ” തോല്പിക്കാന്‍ സാധ്യമല്ല എന്ന് ഞങ്ങള്‍ തര്‍ക്കത്തിനിടയില്ലാത്ത വിധം അച്ഛനെ ധരിപ്പിച്ചു പോന്നു.

അങ്ങനെയാണ് മറ്റേമ്മ (എന്നു ഞങ്ങള്‍ വിളിക്കുന്ന അമ്മൂമ്മ) യോട് പിടിച്ചു നില്‍ക്കാന്‍ അച്ഛന്‍ പുതിയ തന്ത്രം മെനഞ്ഞത്. അന്ന് നടന്നതോ നടക്കാനിരിക്കുന്നതോ ആയ ഏതെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ള പുരാണ/സാരോപദേശ കഥകള്‍ ആയിരിക്കും അച്ഛന്‍ പറയുക. കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഏറ്റവും വലിയ വിനോദം ആ കഥയും അന്നു നടന്ന സംഭവവുമായി ബന്ധപ്പെടുത്തുക എന്നതായിരുന്നു. കഥയുടെ നാടകീയ അവതരണത്തില്‍ മറ്റേമ്മയോട് ഒപ്പത്തിനൊപ്പമോ ഒരു പടി പിന്നിലോ ആയിരുന്ന അച്ഛന്‍, ഈ തന്ത്രത്തിലൂടെ മുന്നിലെത്തി. അച്ഛന്‍റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങി.

“മറ്റേമ്മാ, ചങ്കരന്‍ തുറുകൂട്ടിയപ്പം താഴെ വലുപ്പം കൂടുതലും മോളിലോട്ട് കൂര്‍ത്തും വച്ചില്ലേ? അങ്ങനെ വച്ചാല് അത് താഴപ്പോവൂലാന്ന്, പണ്ട് ഹനുമാന്‍ രാവണന്‍റെ മുമ്പില് വാലു ചുരുട്ടിയതീന്ന് ചങ്കരന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍റെ അപ്പൂപ്പന്‍ പഠിച്ചതാത്രേ.”

ഒരു ദിവസം അത്താഴം കഴിഞ്ഞ് ഏതോ കഥ കേട്ട് കേട്ട് പകുതിയായപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. അന്ന് അനിയന് അഭിമന്യുവിന്‍റെ കഥ കൂടി കേള്‍ക്കാന്‍ സാധിച്ചു.

രണ്ടു ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അമ്മ വീട്ടില്‍ അച്ഛന്‍ നിന്ന ഓര്‍മയെനിക്കില്ല. വിശാലമായ പറമ്പും ധാരാളം കളിക്കൂട്ടുകാരുമുള്ള അമ്മവീടായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പഥ്യം. അച്ഛന്‍ ഞായറാഴ്ച ഉച്ചയ്ക്ക് ജോലിസ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടുദിവസം കൂടി അച്ഛന്‍ ഞങ്ങളോടൊപ്പം ചെലവഴിച്ചിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിക്കും. ഒരു ഞായറാഴ്ച അച്ഛന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നത് കവി ഭാരവിയെക്കുറിച്ചുള്ള കഥയാണ്.

ഭാരവി കല്യാണം കഴിഞ്ഞ് കുറേ നാള്‍ ഭാര്യവീട്ടില്‍ പൊറുത്താലോ എന്ന് വിചാരിച്ച് താമസം അവിടേയ്ക്കു മാറ്റി. നല്ല സുഖം. സമയത്ത് ഭക്ഷണം. പ്രത്യേകിച്ച് ജോലിയൊന്നുമില്ല. രാജകീയ റ്റ്രീറ്റ്മെന്‍റ്. കവിതയെഴുത്തിന്‍റെ അസുഖമുണ്ടായിരുന്ന ഭാരവി തന്‍റെ സന്തോഷം അടക്കിവച്ചില്ല. വീടിന്‍റെ പുറകിലുള്ള ഭിത്തിയില്‍ അദ്ദേഹം കരിക്കട്ടകൊണ്ട് ഇങ്ങനെ എഴുതിവച്ചു:

“ഭാര്യാ ഗൃഹേ പരമ സുഖം!”

പിറ്റേന്ന് ഭാരവിയുടെ അമ്മായിയപ്പന്‍ ഈ ലിഖിതം കണ്ടു. മരുമകന്‍റെ മനസ്സില്‍ ആവശ്യമില്ലാത്ത ആശയങ്ങളൊന്നും വരുത്തേണ്ട എന്നു വച്ച് അമ്മായിയപ്പന്‍ അടിയില്‍ കരിക്കട്ടകൊണ്ടു തന്നെ ഇങ്ങനെ എഴുതി:

“തവ രണ്ടു ദിനം.”

ഭാരവിക്ക് ഇതത്ര രുചിച്ചില്ല. എന്നാലും അതൃപ്തി പുറത്തു കാണിക്കാതെ, രാജതുല്യനായിത്തന്നെ, അദ്ദേഹത്തിന്‍റെ ഭാര്യവീട്ടിലെ പൊറുതി നാലാം ദിവസത്തിലേയ്ക്ക് കടന്നു. അമ്മായിയപ്പനു തെറ്റിയല്ലോ എന്നാഹ്ലാദിച്ച് ഭാരവി മൂന്നാം വരി കുറിച്ചു:

“മമ നാലു ദിനം...”

പിറ്റേന്ന് അതിരാവിലെ ഭാരവി കെട്ടും ഭാണ്ഡവുമെടുത്ത് സ്ഥലം കാലിയാക്കിയത്രേ. അതിനു കാരണം, നാലാം വരിയായി അമ്മായിയപ്പന്‍ ഇങ്ങനെ എഴുതിപ്പിടിപ്പിച്ചതാണെന്ന് അന്നാട്ടുകാര്‍ വിശ്വസിച്ചു പോന്നു:

“ശ്വാനനു സമം!”

പിന്നീട് ഞായറാഴ്ചകളില്‍ “അച്ഛന്‍ പോണില്ലേ?” എന്ന് ഞങ്ങള്‍ ചോദിച്ചു തുടങ്ങി.

[വിവാഹിതരുടെ ചില വീരകഥകള്‍ വായിച്ചപ്പോള്‍ ഓര്‍മ വന്നത്. എന്നെ ശല്യരാക്കിയ ഉമേഷിന്‍റെ ഭാവനയോട് കൂറു പുലര്‍ത്തണമല്ലോ.]

20 പ്രതികരണങ്ങൾ:

 1. അതുല്യ

  സന്തോഷേ... ഞാനൊന്ന് ഇങ്ങനെ ചൊല്ലി നോക്കട്ടേ..

  പാലും മരുമോനും
  നാലന്ന് പുഴുവായീടും..


  (തേങ്ങ എന്റെ വക!!)

 2. പുള്ളി

  ഇതു കൊള്ളാം. AVUT (അച്ചിവീട്ടില്‍ ഉണ്ടു താമസം) എന്ന ആദ്യനാമം ചേര്‍ത്താണ്‌ പലരും എന്റെ നാട്ടില്‍ അറിയപ്പെട്ടിരുന്നത്.

 3. ബിന്ദു

  ഇപ്പോഴും മിക്കവരും ഈ കാര്യവും പറഞ്ഞാണല്ലൊ ഭാര്യവീട്ടില്‍ നിന്ന് മുങ്ങുന്നത്.;)

 4. ഉമേഷ്::Umesh

  കഥ തുടങ്ങിയപ്പോള്‍ ഭാരവി

  ഭാര്യാഗൃഹേ പരമസുഖം (പരം + അസുഖം)

  എന്നെഴുതിയിട്ടു പോകുമെന്നാണു കരുതിയതു്. ഇതിന്റെ ഒറിജിനല്‍ സംസ്കൃതം എന്താണെന്നു പിടിയുണ്ടോ?

 5. ഇത്തിരിവെട്ടം|Ithiri

  സന്തോഷ് മാഷേ ഇത് അടിപൊളി.

 6. മുരളി വാളൂര്‍

  ഇത്‌ ശരിക്കും ശരിയാണു കെട്ടോ, രണ്ടുദിവസത്തില്‍ കൂടുതല്‍ നില്‍ക്കേണ്ടി വന്നിട്ടില്ലാത്തതുകൊണ്ടു മറ്റേയാളുടെ (സ്വാന്‍) ഗതി വന്നിട്ടില്ല. എന്നാലും ആദ്യത്തെ രണ്ടു ദിവസം അടിപൊളിയാന്നേ.

 7. അഗ്രജന്‍

  സന്തോഷേ, ഇതു കലക്കി... നന്നായിരിക്കുന്നു.

 8. പെരിങ്ങോടന്‍

  വടക്ക് രണ്ടിന്റേയും നാലിന്റേയും കണക്കില്ലെന്ന് തോന്നുന്നു ‘ദിനമൊട്ടു്‍’ എന്നൊരു ആര്‍ബിട്രറി വാല്യൂ ആണ് സങ്കല്പം.

  ലോക്കലൈസ്ഡ് വേര്‍ഷന്‍ അവസാനവരി ഏതാണ്ടിങ്ങനെ: ‘ദിനമൊട്ടുകഴിഞ്ഞാല്‍ പട്ടിക്കു സമം’ (വീട്ടില്‍ വളര്‍ത്തുന്ന ശ്വാനനെ നായയെന്നും തെണ്ടി നടക്കുന്നവയെ പട്ടിയെന്നും ക്ലാസിഫൈ ചെയ്തിരിക്കുന്നതു മൂലവുമാകാം പട്ടിയെന്ന പ്രയോഗം)

 9. വേണു venu

  “ഭാര്യാ ഗൃഹേ പരമ സുഖം!”
  “തവ രണ്ടു ദിനം.”
  “മമ നാലു ദിനം...”
  “ശ്വാനനു സമം!”
  സന്തോഷ്ജീ,ഈ ചോദ്യ ഉത്തരങ്ങള്‍ വായിച്ചപ്പോള്‍

  ഞങ്ങളുടെ മലയാളം മാഷും ആ സ്കൂളിലെ തന്നെ സംസ്കൃതം അദ്ധ്യാപികയായ

  ഭാര്യയുമായി നടന്നെന്നു പറയപ്പെടുന്ന ഒരു സംഭാഷണം ഓര്‍ത്തു പോയി.

  മാഷ്-ഭാറ്‍ഗ്ഗവീ നമ്മുടെ പുരയുടെ പുരോഭാഗത്തു

  നിന്ന രംഭയുടെ കരങ്ങള്‍ ആരാല്‍ ഛേദിക്കപ്പെട്ടു.?

  ടീച്ചര്‍‍-(അടുക്കളയില്‍നിന്നു് ഭാര്‍ഗ്ഗവി ടീച്ച്രുടെ ശബ്ദം)

  അതു നമ്മുടെ നന്ദിനിയുടെ ജഠരാഗ്നിയില്‍ ഹോമിക്കപ്പെട്ടു.

  രണ്ടുപേര്‍ക്കും കാര്യങ്ങള്‍ മനസ്സിലായി.മുറ്റത്തു നിന്ന വാഴക്കൈകളാണു് രംഭയുടെ കൈകള്‍.പശുക്കുട്ടി തിന്നതാണെന്ന് ഉത്തരം.

 10. Radheyan

  ചുരുക്കം പറഞ്ഞാല്‍
  ഭാര്യാഗ്രഹേ പരമസുഖം
  ദിനമൊട്ടുകഴിഞ്ഞാല്‍-
  പട്ടിക്ക് സമം

 11. അരവിന്ദ് :: aravind

  അച്ചിവീട്ടില്‍ താമസ്സിക്കുന്നത് അത്ര കുറ്റമാണോ?
  സ്ത്രീപുരുഷ സമത്വവാദികള്‍ എവടെ?

  സന്തോഷ് ജീ ആ കഥ കലക്കീ ട്ടോ!
  ഇന്‍ ലോസിന്റെ വീട്ടില്‍ പോയി അധികം തങ്ങാത്തതിന് പരിഭവം പറയുന്ന അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഥയായി!
  അല്ല, ഞാന്‍ തങ്ങാത്തതിന്റെ കാരണം വേറെയാ..ശരിക്കും വയറ് നെറച്ച് ശാപ്പാടടിക്കാന്‍ അവിടെയാകുമ്പോ മടിയാണെന്നേ..നമ്മടെ ഒരു ‘വെയിറ്റ് ‘ അവടെ കളയരുതല്ലോ. എത്ര ദിവസം അരവയര്‍ ഭക്ഷിക്കും? ;-)

 12. ദേവന്‍

  രാജാവ്‌ പണ്ഡിതനെ കാണാന്‍ വീട്ടിലെത്തി. ചില്‍ക്കാതല്‍ക്കു പിറന്നവള്‍ മാത്രമേ വീട്ടിലുള്ളൂ.
  "നിന്റെ അച്ഛനെപ്പോള്‍ വരും കുട്ടീ?"
  "വന്നാല്‍ ഇന്നു വരും, വന്നില്ലെങ്കില്‍ വരില്ല"
  "എന്ത്‌?"
  "കൊച്ചിയില്‍ നിന്ന് ഇവിടേക്കുള്ള വള്ളം ഇന്ന് വന്നാല്‍ അഛന്‍ ഇന്നു വരും, വള്ളം വന്നില്ലെങ്കില്‍ വരില്ല എന്ന്."

  "ഛീ രാജാവിനോടാണോ നീ വിളയാട്ടെടുക്കുന്നത്‌? നിന്റെ അച്ഛന്‍ വന്നാല്‍ ഉടന്‍ പക്ഷിയല്ലാത്ത പക്ഷിയെപ്പിടിച്ച്‌ മരമല്ലാത്ത മരം കൊണ്ടുള്ള കൂട്ടിലടച്ച്‌ രാത്രിയും പകലുമല്ലാത്ത സമയത്ത്‌ ആണും പെണ്ണുമല്ലാത്തവനെക്കൊണ്ട്‌ ചുമപ്പിച്ച്‌ കൊണ്ടെത്തിക്കാന്‍ പറയു. ഇല്ലെങ്കില്‍ അവന്റെ തല കാണില്ല."

  "ശരി"
  രാജാവു പോയി. അപ്പന്‍ വന്നു. മോള്‍ കാര്യം പറഞ്ഞു. "ഡീ തല തെറിച്ചോളേ, നീ കാരണം എന്റെ തല തെറിക്കുമല്ലോടീ.." പണ്ഡിറ്റ്‌ കരച്ചില്‍ തുടങ്ങി

  അതെല്ലാം മറന്നേക്കൂ മകള്‍ മെഡിമിക്സ്‌ പരസ്യം പോലെ പറഞ്ഞു.
  അച്ഛന്‍ ഒരു വവ്വാലിനെ പിടി. കിളിയല്ലാത്ത കിളി ആയില്ലേ.. എന്നിട്ട്‌ ചൂരല്‍ കൊണ്ട്‌ ഒരു കൂടു നെയ്യുക മരമല്ലാത്ത മരവുമായി.

  അപ്പനു ട്യൂബ്‌ കത്തിത്തുടങ്ങി
  "ഇപ്പോ മനസ്സിലായെടീ, രാത്രിയും പകലും അല്ലാതെ എന്നു വച്ചാല്‍ വെളുപ്പിനോ സന്ധ്യക്കോ പോകാം അല്ലേ, പക്ഷേ ആണും പെണ്ണും കെട്ടവനെ എവിടെന്നു വരുത്തും?"

  "അത്‌ അച്ഛന്‍ തന്നെയാണ്‌." മോള്‍ ഒരു ചിരിയോടെ പറഞ്ഞു.
  "ഛീ എന്തു പറഞ്ഞെടീ?"

  "അച്ഛാ, നമ്മള്‍ താമസിക്കുന്ന ഈ വീട്‌ ആരുടെയാ? അമ്മയുടെ കുടുംബ വീട്‌. അച്ഛന്‍ തന്നെ കൂടു ചുമക്കാന്‍ പറ്റിയ ആള്‍"

 13. അലിഫ് /alif

  സന്തോഷിന്റെ പോസ്റ്റ് നന്നായിരിക്കുന്നു. ഒപ്പം ദേവരാഗത്തിന്റെ കമെന്റ് കേട്ടിട്ടുള്ളതാണെങ്കിലും അവസരോചിതമായി, മനോഹരവും, ചിന്തിപ്പിക്കുന്നതും.

 14. കുട്ടന്മേനൊന്‍::KM

  സന്തോഷിന്റെ എഴുത്ത് നന്നായിട്ടുണ്ട്. ദേവേട്ടന്റെ കമന്റും കേമം.

 15. കലേഷ്‌ കുമാര്‍

  നന്നായിട്ടൂണ്ട് സന്തോഷ്ജീ!
  ദേവേട്ടന്റെ കമന്റും രസകരം!

 16. പാര്‍വതി

  ഭാര്യാ വീട്ടില്‍ താമസിക്കുന്നത് അത്ര തെറ്റാണൊ,അങ്ങനെയെങ്കില്‍ എന്നോ കിട്ടാനിരിക്കുന്ന ഇത്തിരി വീതത്തിന് കെട്ടിയോന്‍ താമസിക്കുന്ന വീട്ടില്‍ അവനെ കെട്ടിയവള്‍ താമസിക്കില്ലെന്ന് നിനച്ചാലോ..

  ഓ..ആര് നിനയ്ക്കാനാ അല്ലേ,ഉടനെ സതിയും സീതയു സാവിത്രിയും ചിതയും തുറന്ന് പോരും,ഭര്‍തൃവീട്ടില്‍ വിട്ടത്തില്‍ തൂങ്ങിയാലും അവള്‍ പതിവൃതയും അടക്കമുള്ളവളും ആണല്ലോ.

  -പാര്‍വതി.

 17. ഉമേഷ്::Umesh

  അച്ചിവീട്ടില്‍ പൊറുതിയായിരുന്നു ഒരു നായര്‍. രാവിലെ ഭക്ഷണവും കഴിഞ്ഞു മുറുക്കാനുമായി ഒരു മൂലയില്‍ ഇരിക്കുന്നു.

  മകള്‍ മലയാളം പുസ്തകമെടുത്തു പദ്യം വായിച്ചുപഠിക്കുന്നു:

  “നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും
  നായരു നല്ല മൃഗം...”


  ഇതു കേട്ടിട്ടു നായരുടെ വാ പൊളിഞ്ഞു് കണ്ണുകള്‍ തുറിച്ചു് മുറുക്കാന്‍ ഇരുന്നിടത്താകെ ഒലിച്ചു.

  അകത്തു നിന്നു ചേച്ചി:

  “നായരു്” അല്ലെടീ, “നായ് ഒരു”.

  അമ്മ:

  “രണ്ടിനും ഏതാണ്ടു വ്യത്യാസം ഉള്ള പോലെ. പോടീ അവിടുന്നു്!”

 18. സന്തോഷ്

  അതുല്യ: അപ്പോള്‍ മരുമകളോ? (അപ്പു വളരുകയാണ്!)

  പുള്ളി: :)

  ബിന്ദു: അല്ലാതെ അമ്മായിപ്പന്‍ എഴുതിയത് വായിച്ചിട്ടല്ലാന്ന്, അല്ലേ?

  ഉമേഷ്: :)

  ഇത്തിരിവെട്ടം: താങ്ക്യൂ

  മുരളി: വളരെ അടുത്ത് ഭാര്യ വീടുള്ളവര്‍ ഭാഗ്യവാന്മാര്‍. ഭാര്യവീട് പാറശാലയിലും സ്വന്തം വീട് കാസര്‍ഗോഡുമാണെങ്കിലോ. പെറുക്കിക്കെട്ടി ഒരറ്റത്തു നിന്ന് മറ്റേയറ്റത്തെത്തി മൂന്നാം ദിനം സ്ഥലം കാലിയാക്കുന്നതെങ്ങനെ? സ്വാന്‍ ആകുകയേ മാര്‍ഗമുള്ളൂ:)

  അഗ്രജന്‍: നന്ദി.

  പെരിങ്ങോടാ: ഒരാഴ്ച കഴിഞ്ഞിട്ടും ‘ദിനമൊട്ടു’മായില്ല എന്ന് വിചാരിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണ് ഈ മൂന്നു നാള്‍ പരിധി.

  വേണു: :)

  രാധേയന്‍: :) പെരിങ്ങോടനോട് പറഞ്ഞതു തന്നെ.

  അരവിന്ദാ: Excuses, excuses!

  ദേവരാഗം: ഇനി മുതല്‍ കമന്‍റുകള്‍ക്ക് സമ്മാനമുണ്ട്. ഈ പോസ്റ്റിന്‍റെ കമന്റ്റുകളില്‍ വിജയി മിസ്റ്റര്‍. ദേവരാഗന്‍!

  ചെണ്ടക്കാരന്‍: നന്ദി.
  കുട്ടമ്മേനോന്‍: നന്ദി.
  കലേഷ്: താങ്ക്യൂ

  പാര്‍വതി: പാര്‍വതീ, ഭാര്യവീട്ടില്‍ താമസിക്കാന്‍ അമ്മായിയപ്പന്‍ സമ്മതിക്കില്ല, ഭര്‍തൃവീട്ടില്‍ അമ്മായിയമ്മയും. :)

  ഉമേഷ്: ഒന്നുമില്ലെങ്കിലും കാവലെങ്കിലും കിടക്കുന്നില്ലേ. അല്ലാതെ ഉണ്ടുറങ്ങി, വീണ്ടും ഉണ്ട്... രാജകീയ വാസമല്ലല്ലോ.

 19. Inji Pennu

  ഇങ്ങിനെ ഒരോന്നൊക്കെയുണ്ടല്ലേ? ചുമ്മാതല്ല എന്റെ ആള് ഒരു ദിവസ കഷ്ടിച്ച് നിന്നാ വാലില്‍ മേല്‍ തീ പിടിച്ച പോലെ ഓടണേ.. :( അതുകൊണ്ടെന്താ..എനിക്കെന്റെ വീട്ടീ നേരെ ചൊവ്വേ നിക്കാന്‍ പോലും പറ്റില്ല. :-(
  ചേട്ടായി ഇല്ലെങ്കില്‍ ആര് ഷോപ്പിങ്ങിനും സിനിമക്കും കൊണ്ടോവും..അതോണ്ട് ചേട്ടായി ഉള്ളിടം ഇഞ്ചിക്ക് സീമാട്ടി :)

 20. Anonymous

  ഇന്നാണീ ബ്ലോഗ് ആദ്യമായി കണ്ടതും വായിച്ചതും.പഴയ പോസ്റ്റുകളുംവായിച്ചു നന്നായി എഴുതീട്ടുണ്ടെ.വെബില്‍ ഫൊട്ടൊസ് ഒക്കെ കണ്ടു.
  ദേവി