ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Thursday, September 28, 2006

ബ്ലൂ-റേയും HD-DVD-യും

[2008 ഫെബ്രുവരിയില്‍ കൂട്ടിച്ചേര്‍ത്തതു്: ബ്ലൂ-റേയ് ഫോര്‍മാറ്റു് ഈ യുദ്ധത്തില്‍ വിജയം കണ്ടിരിക്കുന്നു. ആയതിനാല്‍ തന്നെ ഈ ലേഖനത്തിനു് ഇനി ചരിത്രപരമായ പ്രാധാന്യം മാത്രമേയുള്ളൂ.]

[ഈ ലേഖനം ഫോര്‍മാറ്റ് യുദ്ധം വീണ്ടും എന്ന ലേഖനത്തിന്‍റെ രണ്ടാം ഭാഗമാണ്.]

ഒരുപാട് ചരിത്രം ചികയാതെ തന്നെ ഒരു കാര്യം വ്യക്തമല്ലേ: പുതിയതിനും കൂടുതല്‍ നല്ലതിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണം ഒരിക്കലും അവസാനിക്കുന്നില്ല. ഫ്ലോപ്പി ഡിസ്കുകളില്‍ കൊള്ളുന്നത്ര വിവരമേ ശേഖരിച്ചു വയ്ക്കേണ്ടതുള്ളൂ എന്ന് ഒരു കാലത്ത് നാം വിചാരിച്ചിരുന്നു. മൂന്നാം യാമത്തില്‍, “ഇനി ഇന്‍സ്റ്റലേഷന്‍ ഡിസ്ക് 14 എന്ന ലേബല്‍ ഉള്ള ഡിസ്ക് ഫ്ലോപ്പി ഡ്രൈവിലേയ്ക്കിട്ടു കഴിഞ്ഞ് ഇന്‍സ്റ്റലേഷന്‍ തുടരാന്‍ ഏതെങ്കിലും ഒരു കീ അമര്‍ത്തുക” എന്ന പരിപാടി പലപ്രാവശ്യം ചെയ്തിട്ടുള്ളവന് 700 MB കൊള്ളുന്ന CD-യുടെ കണ്ടുപിടുത്തം അവന്‍റെ ‘പുതിയതിനും കൂടുതല്‍ നല്ലതിനും വേണ്ടിയുള്ള അന്വേഷണത്തിലെ’ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നില്ലേ?

നാളുകള്‍ കഴിയവേ, CD-യില്‍ നിന്ന് നാം DVD-യിലേയ്ക്ക് നടന്നുകയറി. വിനോദ-വിജ്ഞാന രംഗങ്ങളിലും അവയെ സഹായിക്കുന്ന സൊഫ്റ്റ്വേര്‍/ഹാര്‍ഡ്‍വേര്‍ രംഗങ്ങളിലുമുണ്ടാകുന്ന പുത്തന്‍ പ്രവണതകളെ കാലതാമസം കൂടാതെ ഉപഭോക്താക്കളിലെത്തിക്കാന്‍ ഈ പരിണാമം വേണ്ടി വന്നു. അങ്ങനെയുള്ള മറ്റൊരു മാറ്റത്തിന്‍റെ പടിപ്പുരയിലാണ് നാം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഒരു ലെയറില്‍ 4.7 GB എന്ന DVD-യുടെ സ്റ്റോറേയ്ജ് പരിധിയില്‍ നിന്നും നാം 33.3 GB എന്നതിലേയ്ക്കോ അതിലും മേലേയ്ക്കോ കുതിച്ചു കയറിയിരിക്കുന്നു. “ത്രേള്ളോ... ഞാന്‍ വിചാരിച്ചു... ഹും! എടീ, ഞാനിവിടെ വച്ചിരുന്ന ഫ്ലോപ്പിയെവിടെ?” എന്ന ചോദ്യത്തിന് ഒന്നുകില്‍, “കെടന്ന് കീറാതെന്‍റെ മനുഷ്യാ. ആ ആനച്ചെവി പോലിരിക്കണ സാധനമല്ലേ, അത് ഞാനെടുത്ത് അപ്പുപ്പന് വീശാന്‍ കൊടുത്തു” എന്ന മറുപടി കേട്ട് തരിച്ചിരിക്കാം, അല്ലേങ്കില്‍ ഹൈ-ഡെഫനിഷന്‍ DVD-ളുടെ വരവില്‍ ആശ്വസിക്കുകയോ ആഹ്ലാദിക്കുകയോ അത്ഭുതം കൂറുകയോ ചെയ്യാം.

ഫോര്‍മാറ്റ് യുദ്ധത്തെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്. ഹൈ-ഡെഫനിഷന്‍ DVD-കള്‍ ഏതു സ്റ്റാന്‍ഡേഡ് പിന്തുടരണമെന്നതിനെച്ചൊല്ലി വ്യവസായ ഭീമന്മാര്‍ രണ്ടു തട്ടിലായി തര്‍ക്കം തുടരുന്നു. ബ്ലൂ-റേയ് എന്നും HD-DVD എന്നും പേരിട്ട് രണ്ടു കൂട്ടരും അവരവരുടേതായ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിച്ചു തന്നിരിക്കുന്നു. ഇനി ഇതില്‍ ഏത് കൂട്ടരുടെ കൂടെയാണോ കൂടുതല്‍ (വിനോദ/കമ്പ്യൂട്ടര്‍) വ്യവസായങ്ങളും ഉപഭോക്താക്കളും കൂടുന്നത് അവരായിരിക്കും അന്തിമ വിജയി.

ബ്ലൂ-റേയ്
എവിടെ ഫോര്‍മാറ്റ് യുദ്ധമുണ്ടോ അവിടെ സോണിയുണ്ട് എന്നതാണ് അവസ്ഥ. ബ്ലൂ-റേയ് ഫോര്‍മാറ്റിന്‍റെയും ‘പ്രായോജകര്‍’ സോണി തന്നെ. സോണി, പാനസോണിക്, പയ്നീയര്‍, ഫിലിപ്സ്, സാംസങ്, ഷാര്‍പ്, ഹിറ്റാചി തുടങ്ങിയ ഖണ്‍സ്യൂമര്‍ ഇലക്റ്റ്റൊണിക്സ് കമ്പനികളും ഡെല്‍, ആദിയായ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളും, ആപ്പിള്‍ തുടങ്ങിയ സോഫ്റ്റ്വേര്‍ കമ്പനികളുമാണ് ബ്ലൂ-റേയ് ഫോര്‍മാറ്റിനെ പിന്തുണയ്ക്കുന്നത്.

ബ്ലൂ-റേയുടെ നേട്ടങ്ങള്‍
CD-കള്‍ 750 nm വേവ്‍ലെങ്ത് ഉള്ള ഇന്‍ഫ്രാറെഡ് ലേയ്സറും DVD-കള്‍ 650 nm വേവ്‍ലെങ്ത് ഉള്ള ചുവന്ന ലേയ്സറും ഉപയോഗിക്കുമ്പോള്‍ 405 nm മാത്രം വേവ്‍ലെങ്ത് ഉള്ള ബ്ലൂ-വയലറ്റ് ലേയ്സറാണ് ബ്ലൂ-റേയ് ഉപയോഗിക്കുന്നത്. (അതില്‍ നിന്നാണ് ബ്ലൂ-റേയ് എന്ന പേര് വന്നതു തന്നെ.) ഒരു ലെയറില്‍ 25 GB വരെ ഡാറ്റ സൂക്ഷിക്കാന്‍ കഴിയുന്ന ബ്ലൂ-റേയ് ഡിസ്ക് സോണി നിര്‍മ്മിച്ചു കഴിഞ്ഞു. സ്റ്റോറേയ്ജ് മീഡിയ നിര്‍മ്മാണത്തില്‍ അഗ്രഗണ്യരായ TDK, ഒരു ലെയറില്‍ 33.3 GB വരെ സൂക്ഷിക്കാവുന്ന (ആകെ 200 GB, ആറു ലെയര്‍) ആശയത്തിന്‍റെ തെളിവ് എന്ന നിലയിലുള്ള ഡിസ്കുകള്‍ കഴിഞ്ഞ മാസം പുറത്തിറക്കി.

ബ്ലൂ-റേയ് പ്ലെയറുകള്‍ MPEG-2, VC-1, H.264 എന്നീ വിഡിയോ കോഡെകുകളിലുള്ള വീഡിയോ ക്ലിപ്പുകളെ ഡീകോഡു ചെയ്യാന്‍ പ്രാപ്തമാണ്. ശബ്ദത്തിന്‍റെ കാര്യത്തിലാണെങ്കില്‍, ഡോള്‍ബി ഡിജിറ്റല്‍, DTS, PCM (7.1) എന്നിവയ്ക്കുള്ള സപ്പോര്‍ട്ടുമുണ്ട്. സ്റ്റാന്‍ഡേഡിന്‍റെ ഭാഗമായി എല്ലാ ബ്ലൂ-റേയ് പ്ലെയറുകളിലും ജാവ വിര്‍ച്വല്‍ മെഷീന്‍ സപ്പോര്‍ട്ടും ലഭ്യമാണ്. ബ്ലൂ-റേയ് ഡിസ്കിലെ മെനുവും മറ്റും നിര്‍മ്മിക്കാന്‍ ജാവ ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്‍റെ മെച്ചം.

ബ്ലൂ-റേയുടെ പോരായ്മകള്‍
പരീക്ഷണാവസ്ഥയിലുള്ള ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്‍റാണ് ഇപ്പോള്‍ ബ്ലൂ-റേയ് ഉപയോഗിക്കുന്നത്. BD+ എന്നാണ് ഇതിന്‍റെ പേര്. ഡിസ്ക് കോപ്പി ചെയ്യുന്നതില്‍ നിന്ന് വിലക്കുന്ന റ്റെക്നോളജിയും (മാന്‍ഡേയ്റ്ററി മാനേയ്ജ്ഡ് കോപ്പി) ശൈശവാവസ്ഥയില്‍ തന്നെ. ബ്ലൂ-റേയ് പ്ലെയറുകളില്‍ ഇപ്പോള്‍ നിലവിലുള്ള DVD-കള്‍ കാണാന്‍ കഴിയണമെന്നത് നിര്‍ബന്ധമല്ല എന്നാണ് ബ്ലൂ-റേയ് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ വന്നാല്‍ ഇപ്പോള്‍ നിലവിലുള്ള DVD-കള്‍ കാണുവാന്‍ (റീഡ് ചെയ്യാന്‍) പഴയ DVD പ്ലെയറുകള്‍ കരുതേണ്ടി വരും. സാംസങ് ആണ് ഇപ്പോള്‍ കടകളില്‍ ലഭ്യമായ ഏക ബ്ലൂ-റേയ് പ്ലെയറിന്‍റെ നിര്‍മ്മാതാക്കള്‍. ഈ പ്ലെയറിന് ചില പോരായ്മകളുണ്ടെന്ന് ഇപ്പോള്‍ തന്നെ ചില നിരൂപകര്‍ അവകാശപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യമാദ്യം ഇക്കാര്യം സാംസങ് നിഷേധിച്ചുവെങ്കിലും അവര്‍ തന്നെ പ്ലെയറിന് ന്യൂനതകളുണ്ടെന്ന് അടുത്തകാലത്ത് സമ്മതിച്ചിട്ടുണ്ട്. വിഡിയോയ്ക്ക് MPEG-2 കോഡെകും ഓഡിയോയ്ക്ക് അണ്‍കം‍പ്രസ്ഡ് PCM-ഉം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഒരുപാട് ഇടം (space) ഇപ്പോള്‍ വിപണിയിലുള്ള ബ്ലൂ-റേയ് ഡിസ്കുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. പലപ്പോഴും സാധാരണ DVD-യിലുള്ള പല ബോണസ് ഫീച്ചറുകളും സ്ഥലപരിമിതി മൂലം ബ്ലൂ-റേയ് ഡിസ്കില്‍ ഉള്‍പ്പെടുത്താന്‍ സോണിയ്ക്ക് കഴിഞ്ഞിട്ടില്ല.

ബ്ലൂ-റേയുടെ മറ്റൊരു വലിയ കോട്ടം അതിന്‍റെ വിലതന്നെ. പഴയ DVD ഫോര്‍മാറ്റില്‍ നിന്നുമുള്ള നവീകരണമല്ലാത്തതിനാല്‍, ബ്ലൂ-റേയ് ഡിസ്കുകള്‍ ഉണ്ടാക്കാനുള്ള യന്ത്രങ്ങള്‍, പ്രവര്‍ത്തന ശാലകള്‍ മുതലായവയ്ക്ക് ഭീമമായ മുടക്കുമുതല്‍ വേണ്ടി വരുന്നു. അതിനാല്‍ തന്നെ, വില കുറച്ച് മത്സരത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ആദ്യ കുറെ വര്‍ഷങ്ങളിലെങ്കിലും കഠിനമായ നഷ്ടം സഹിക്കുവാന്‍ ബ്ലൂ-റേയ്ക്കു പിന്നിലുള്ളവര്‍ തയ്യാറാവേണ്ടി വരും. അമിത വേഗത്തില്‍ പ്രതികരിക്കുന്ന ഇന്നത്തെ സാമ്പത്തിക വിപണിയില്‍ ഇത്തരം കണക്കുകൂട്ടിയുള്ള തീക്കളിക്ക് ഒത്താശ ചെയ്യുവാന്‍ ഇന്‍‍വെസ്റ്റര്‍മാരെ കിട്ടുമോ എന്ന് കമ്പനികള്‍ സംശയിക്കും. അതിനാല്‍ തന്നെ വലിയൊരു വിലക്കുറവ് ബ്ലൂ-റേയ്ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്ക വയ്യ. ഇപ്പോള്‍ത്തന്നെ, സാംസങിന്‍റെ ബ്ലൂ-റേയ് പ്ലെയറിന് ആയിരം ഡോളറാണ് യു. എസ്. മാര്‍ക്കറ്റില്‍ വില. താരതമ്യപ്പെടുത്താവുന്ന ഒരു HD-DVD പ്ലെയറിന്‍റെ വിലയുടെ ഇരട്ടിയാണിത്. ബ്ലൂ-റേയ് ഡിസ്കുകളും സാധാരണ DVD-യും റീഡ് ചെയ്യുന്ന തരം പ്ലെയറുകള്‍ ജപ്പാനില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ വിലയും വലിപ്പവും ബ്ലൂ-റേയ് പ്ലെയറുകളേക്കാള്‍ കൂടുതലാണെന്ന് പറയേണ്ടതില്ലല്ലോ.

ബ്ലൂ-റേയ് കച്ചവട തന്ത്രം
സോണിയുടെ പ്രതീക്ഷമുഴുവന്‍ ബ്ലൂ-റേയ് ഉള്‍പ്പെടുത്തി നവംബറില്‍ പുറത്തിറക്കാനിരിക്കുന്ന പ്ലേ-സ്റ്റേഷന്‍ 3 (PS3) യിലാണ്. മൈക്രോസോഫ്റ്റിന്‍റെ എക്സ്-ബോക്സ് 360-യോടും നിന്‍‍ഡന്‍റോയുടെ Wii (വി)-യോടും താരതമ്യപ്പെടുത്താവുന്ന PS3 പ്രീമിയം എഡിഷന് 600 അമേരിക്കന്‍ ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നത്തെ DVD-കള്‍ക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ള HD-DVD ഡ്രൈവ് ഘടിപ്പിച്ച എക്സ്-ബോക്സ് 360-യുടെ വിലയുമായി നോക്കുമ്പോള്‍ ഒരു വിഡിയോ ഗെയിം പ്രേമി, ബ്ലൂ-റേയ്ക്കു വേണ്ടി PS3 വാങ്ങുമെന്ന് സോണി പ്രതീക്ഷിക്കുന്നത് അല്പം കടന്നുപോയില്ലേ എന്ന് ശങ്കിക്കുന്നവരാണധികവും.

HD-DVD
HD-DVD ഇന്നത്തെ DVD കളുടെ പരിഷ്കരിച്ച ഹൈ-ഡെഫനിഷന്‍ രൂപമാണ്. ബ്ലൂ-റേയിലെ പോലെ, HD-DVD-കളിലും 405 nm വേവ്‍ലെങ്ത് ഉള്ള ബ്ലൂ-വയലറ്റ് ലേയ്സറാണ് ഉപയോഗിക്കുന്നത്. ഒരു ലെയറില്‍ 15 GB വരെ ആണ് HD-DVD യില്‍ സൂക്ഷിക്കാന്‍ കഴിയുക. (ബ്ലൂ-റേയില്‍ അടുത്തടുത്തുള്ള റ്റ്റാക്ക് പിച്ചും നേര്‍ത്ത ആവരണവും മൂലം കൂടിയ സ്റ്റോറേയ്ജ് സംജാതമാക്കിയിരിക്കുന്നു.) HD-DVD-കള്‍ സാധാരണ DVD-കളുടെ അതേ നിര്‍മ്മാണ/പ്രവര്‍ത്തന തത്വം ഉപയോഗിക്കുന്നതിനാല്‍ അവ നിര്‍മ്മിക്കുന്നത് താരതമ്യേന വളരെ എളുപ്പമാണ്. 0.6 mm വലിപ്പമുള്ള രണ്ട് HD-DVD ഡിസ്കുകള്‍ പരസ്പരം ഒട്ടിച്ചു ചേര്‍ത്താണ് ഇന്ന് HD-DVD-യില്‍ ഉള്ള പല സിനിമകളും വില്പനയ്ക്കെത്തുന്നത്. രണ്ട് പ്രതലമുണ്ടെങ്കിലും ഒരു ഡിസ്കുപോലെ അവ ഉപയോഗിക്കാമെന്നതും രണ്ടുപ്രതലത്തിലും കൂടി 30 GB വരെ ഡാറ്റ സൂക്ഷിക്കാമെന്നതുമാണ് ഇതിന്‍റെ മേന്മ. (ബ്ലൂ-റേയ് സിനിമകള്‍ 25 GB കൊള്ളുന്ന ഒരു ഡിസ്കിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 50 GB കൊള്ളുന്ന ഇരട്ട ലെയര്‍ ബ്ലൂ-റേയ് ഡിസ്കുകളുടെ പരാജയ നിരക്ക് വളരെ ഉയര്‍ന്നതാകയാല്‍ ഇരട്ട ലെയര്‍ ഡിസ്കുകള്‍ അധികമൊന്നും വിപണിയിലെത്തിയിട്ടില്ല.) റ്റോഷിബ നിര്‍മ്മിക്കുന്ന 45 GB മൂന്ന് ലെയര്‍ ഡിസ്കാണ് HD-DVD-യില്‍ നിലവില്‍ ഏറ്റവും സ്റ്റോറേയ്ജ് നല്‍കുന്നത്.

HD-DVD-യുടെ പ്രധാന വക്താക്കള്‍ റ്റോഷീബ ആണ്. എന്‍.ഇ.സി., സാന്യോ, മൈക്രോസോഫ്റ്റ്, ഇന്‍റല്‍, എഛ്. പി. ഫ്യുജിറ്റ്സു, ഇന്‍റര്‍വിഡിയോ, കോണിക-മിനോള്‍ട്ട, ഓങ്ഖ്യോ, ഖെന്‍‍വുഡ്, എന്നീ കമ്പനികള്‍ HD-DVD ഫോര്‍മാറ്റിനെ പിന്തുണയ്ക്കുന്നു. യൂണിവേഴ്സല്‍ സ്റ്റുഡിയോസ് തങ്ങളുടെ ചലച്ചിത്രങ്ങള്‍ HD-DVD-യില്‍ മാത്രമേ പുറത്തിറക്കൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (ഹോളിവുഡിലെ മറ്റു പ്രമുഖ കമ്പനികള്‍ തങ്ങളുടെ ചിത്രങ്ങള്‍ HD-DVD-യിലും ബ്ലൂ-റേയിലും പുറത്തിറക്കും.) 2003-ല്‍ തന്നെ DVD ഫോര്‍മാറ്റിന്‍റെ വികസനത്തിലും ഉപയോഗത്തിലും പങ്കുള്ള അന്താരാഷ്ട്ര സംഘടനയായ DVD ഫോറം HD-DVD-യെ HD-TV-യുടെ പിന്തുടര്‍ച്ചക്കാരനായി അംഗീകരിച്ചിരുന്നു.

[ഈയുള്ളവന്‍ HD-DVD-യെ പിന്തുണയ്ക്കുന്ന ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്.]

ബ്ലൂ-റേയ് പ്ലെയറുകളിലെന്ന പോലെ, HD-DVD പ്ലെയറുകളും MPEG-2, VC-1, H.264 എന്നീ വിഡിയോ കോഡെകുകളിലുള്ള വീഡിയോ ക്ലിപ്പുകളെ ഡീകോഡു ചെയ്യാന്‍ പ്രാപ്തമാണ്. ഡോള്‍ബി ഡിജിറ്റല്‍, ഡോള്‍ബി ഡിജിററ്റല്‍ പ്ലസ്, ഡോള്‍ബി TureHD, DTS HD, PCM (7.1) എന്നീ ഓഡിയോ സപ്പോര്‍ട്ടുമുണ്ട്. iHD ഇന്‍ററാക്റ്റീവ് ഫോര്‍മാറ്റ് ഉപയോഗിച്ചാണ് HD-DVD മെനുവും മറ്റും നിര്‍മ്മിക്കുന്നത്. iHD ഇന്‍ററാക്റ്റീവ് ഫോര്‍മാറ്റ്, HTML, XML, CSS, ECMAScript തുടങ്ങിയ വെബ് റ്റെക്നോളജികളില്‍ അധിഷ്ഠിതമാണ്. ബ്ലൂ-റേയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ബ്ലൂ-റേയ്-ജാവ (BD-J) റ്റെക്നോളജിയെക്കാള്‍ താരതമ്യേന ലളിതമാണ് iHD.

AACSLA നിര്‍ദ്ദേശിച്ചിരിക്കുന്ന ഡിജിറ്റല്‍ റൈറ്റ്സ് മാനേയ്ജ്മെന്‍റ് സിസ്റ്റം ആണ് HD-DVD ഉപയോഗിക്കുന്നത്. ഇതിനു പുറമേ ഓഡിയോ വാട്ടര്‍മാര്‍ക് പ്രൊട്ടക്ഷന്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്. HD-DVD-കള്‍ മൈക്രോസോഫ്റ്റിന്‍റെ VC-1 കോഡെക് ആണ് ഡാറ്റാ കം‍പ്രഷന് ഉപയോഗിക്കുന്നത്. ബ്ലൂ-റേയ് സ്പെസിഫിക്കേഷന്‍ അനുസരിച്ച് VC-1 സപ്പോര്‍ട്ട് ചെയ്യുമെങ്കിലും സോണി ഇതുവരെ പുറത്തിറക്കിയ ഡിസ്കുകളില്‍ MPEG-2 കോഡെക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സാധാരണ DVD-കളില്‍ ഉപയോഗിക്കുന്ന കോഡെക് ആണ്.

HD-DVD-യുടെ നേട്ടങ്ങള്‍
ബ്ലൂ-റേയ് ഡിസ്കുകള്‍ റ്റെക്നോളജിയില്‍ മുന്‍പന്തിയിലാണെന്ന വാദം വെള്ളം തൊടാതെ വിഴുങ്ങാന്‍ പ്രയാസമാണ്. താഴെപ്പറയുന്ന കാര്യങ്ങള്‍ പരിശോധിക്കുക.

HD-DVD-കളില്‍ രണ്ട് വിഡിയോ ഡീകോഡറുകള്‍ നിര്‍ബന്ധമാണ്. ഇതുമൂലം രണ്ട് വിഡിയോകള്‍ ഒരേ സമയം കാണിക്കാന്‍ എളുപ്പമാകുന്നു. അതുപോലെ, സ്ഥിരമായുള്ള ശേഖരണവും (persistent storage) നെറ്റ്വര്‍ക് കണക്ഷനും HD-DVD-കളില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ബ്ലൂ-റേയ് സ്പെസിഫിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യുമെങ്കിലും അവ നിര്‍ബന്ധമാക്കിയിട്ടില്ല. അതിനാല്‍ തന്നെ, ബ്ലൂ-റേയ് പ്ലെയര്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഇക്കാര്യങ്ങളൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. അങ്ങനെ വരുമ്പോള്‍ ബ്ലൂ-റേയ് ഡിസ്ക് നിര്‍മിക്കുന്നവര്‍ക്ക് എല്ലാ പ്ലെയറുകളിലും ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും എന്ന് തീര്‍ച്ചയാക്കാനാവില്ല. HD-DVD നിര്‍മ്മാതാക്കള്‍ക്ക് അങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല.

സാധാരണ DVD ഡിസ്കുകള്‍ പുതിയ HD-DVD പ്ലെയറുകളില്‍ ഉപയോഗിക്കാം (ബായ്ക്‍വേഡ് ഖം‍പാറ്റബിള്‍). അങ്ങനെ വരുമ്പോള്‍ സിനിമാക്കമ്പനികള്‍ക്കും മറ്റും ഒരു സിനിമയുടെ ഒരു ഡിസ്ക് ഉണ്ടാക്കിയാല്‍ മതി. സാധാരണ DVD പ്ലെയറുകള്‍ മാത്രമുള്ളവര്‍ ആ ഡിസ്കിലുള്ള സാധാരണ DVD-യ്ക്കു വേണ്ടുന്ന ഡാറ്റ ഉപയോഗിക്കുമ്പോള്‍ HD-DVD പ്ലെയറുകള്‍ക്ക് രണ്ടു ഡാറ്റയും ഉപയോഗിക്കാം. HD-DVD, DVD, CD, MP3, WMA എന്നിവ ഒരു HDMI കേബിളിലൂടെ ഡിസ്പ്ലേ/ഓഡിയോ ഔട്ട്പുട്ടിലേയ്ക്ക് പോകുന്നതുകാരണം കേബിളുകളുടെ ആധിക്യവും ഒഴിവാക്കാം. DVD ഡിസ്കുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് വളരെക്കുറഞ്ഞ ചെലവില്‍ അവരുടെ വ്യവസായ ശാലകള്‍ HD-DVD-യുടെ നിര്‍മ്മാണത്തിനുതകും വിധം പരിഷ്കരിക്കാനുമാവും.

HD-DVD-യുടെ കോട്ടങ്ങള്‍
ഡാറ്റ സൂക്ഷിക്കാനുള്ള വലിപ്പം കുറവാണ് എന്നതാണ് HD-DVD-യ്ക്ക് ബ്ലൂ-റേയുമായി തട്ടിച്ചു നോക്കുമ്പോഴുള്ള ഏറ്റവും പ്രധാനമായ പോരായ്മ. ഈ കുറവ് കാരണം സിനിമയും മറ്റിതര വിനോദ/വിജ്ഞാന സമ്പ്രദായങ്ങളും ഒറ്റ ഡിസ്കില്‍ ശേഖരിച്ചു വയ്ക്കാനുള്ള കഴിവില്ലായ്മ നിലവാരത്തെ ബാധിക്കുമെന്നതാണ് HD-DVD ഫോര്‍മാറ്റിനെ എതിര്‍ക്കുന്നവരുടെ മുഖ്യ വാദം. ഇപ്പോള്‍ത്തന്നെ 7.1 ഓഡിയോ വളരെ പ്രചാരമാര്‍ജ്ജിച്ചു കഴിഞ്ഞു. ഇത് 10.2-വിലേയ്ക്കും മറ്റും വളരുമ്പോള്‍ HD-DVD-യുടെ ‘വലിപ്പക്കുറവ്’ ഒരു കീറാമുട്ടിയാവുമെന്നും അവര്‍ വാദിക്കുന്നു. ഇന്നത്തെ നിലയില്‍, (ഭാവിയില്‍ HD-DVD-യുടെ സ്റ്റോറേയ്ജിനുള്ള കഴിവ് ഉയര്‍ന്നില്ലെങ്കില്‍) ഈ വാദം കഴമ്പുള്ളതാണെന്ന് സമ്മതിക്കാതെ വയ്യ.

HD-DVD കച്ചവട തന്ത്രം
എക്സ്-ബോക്സ് 360-ല്‍ ഒരു HD-DVD ഡ്രൈവ് ഘടിപ്പിക്കാനുള്ള സൌകര്യമുണ്ടാക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. റ്റോഷിബ HD-DVD ഡ്രൈവ് ഉള്ള ലാപ്ടോപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതു കൂടാത, HP, HD-DVD ഉള്ള മീഡിയാ സെന്‍റര്‍ കമ്പ്യൂട്ടറുകളും അടുത്ത മാസം പുറത്തിറക്കും. ഇവ HD-DVD-യുടെ പ്രചാരവും ഉപയോഗവും വര്‍ദ്ധിപ്പിക്കാന്‍ കാരണമാക്കുമെന്ന് HD-DVD-യെ അനുകൂലിക്കുന്നവര്‍ കരുതുന്നു.

ആര് ജയിച്ചെടേയ്?
ഉത്തരം മുട്ടുന്ന ചോദ്യം തന്നെ. ഫുട്ബോള്‍ പ്രേമിയും, എന്നാല്‍ ക്രിക്കറ്റില്‍ അല്പം പോലും താല്പര്യമില്ലാത്തയാളുമായിരുന്ന ഒരു അമ്മാവനുണ്ടായിരുന്നു എനിക്ക്. പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 275 റണ്‍സ് അടിച്ചു. മറുപടിയായി ഇന്ത്യ 10 ഓവറില്‍ ഒരു വിക്കറ്റിന് 65 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് ഇഷ്ടന്‍റെ വരവ്.

“ആര് ജയിച്ചടേയ്?”
“കളി പകുതി സമയം കഴിഞ്ഞിട്ടേയുള്ളൂ, ഒന്നും പറയാറായിട്ടില്ല.”
“ന്നാലും ആരാ മുന്നില്‍?”
“അങ്ങനെ പറയാന്‍ പറ്റൂല്ല. റണ്‍ റേറ്റ് അനുസരിച്ച്...”
“അഞ്ചു മണിക്കൂര്‍ TV-യ്ക്ക് മുന്നിലിരുന്നിട്ടും ആരാ ജയിച്ച് നില്‍ക്കണതെന്നറിയാന്‍ വയ്യാത്ത കളിയേയ്... കഷ്ടം!”

ഇതാണ് ഈ യുദ്ധത്തിന്‍റെയും ഇപ്പോഴത്തെ ഗതി. ബ്ലൂ-റേയ് ജയിച്ചുവെന്ന് 2004-ല്‍ത്തന്നെ സംശയലേശമെന്യേ പറഞ്ഞവര്‍ ഒരു വശത്ത്. HD-DVD ജയിച്ചു കൊണ്ടിരിക്കുന്നുവെന്ന് 2006-ല്‍ പറയുന്നവര്‍ ഒരു വശത്ത്. നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ആരോടാണ് നിങ്ങള്‍ ചോദ്യം ചോദിക്കുന്നത് എന്നതനുസരിച്ചിരിക്കും എന്നു പറയാനേ എനിക്കാവുന്നുള്ളൂ.

Labels:

9 Comments:

  1. Blogger അരവിന്ദ് :: aravind Wrote:

    സൂപ്പര്‍ ലേഖനം സന്തോഷ് ജീ..ശരിക്കും ആസ്വദിച്ചു വായിച്ചു. വളരെ ലളിതമായി, എന്നാല്‍ ഇന്‍ഫര്‍മേറ്റീവ് ആയി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. ഇനിയും പ്രതീക്ഷിക്കുന്നു, ഇതുപോലെയുള്ള ലേഖനങ്ങള്‍.
    എന്റെ പ്രവചനം : തോഷിബ ഗ്രൂപ്പ് (HD DVD)തന്നെ ജയിക്കും. ബാക്ക്വേര്‍ഡ് കോം‌പാറ്റിബിലിറ്റി ഇല്ലാത്തതൊന്നും ഒരിക്കലും വിജയിക്കില്ല. മാത്രമല്ല, വിലകുറച്ച് വില്‍ക്കുവാനും HD DVD ക്കേ കഴിയൂ. സോണി ഒരു ആവറേജ് കണ്‍‌സ്യൂമറിനെ മനസ്സില്‍ കാണാതെയാണ് പ്രൊഡക്റ്റ് ഡിസൈന്‍ ചെയ്യുന്നത്.

    September 29, 2006 12:18 AM  
  2. Blogger Unknown Wrote:

    സന്തോഷ്,
    നല്ല ലേഖനം, നന്ദി! വായിച്ച് കുറച്ച് വിവരം വെച്ചു:)

    September 29, 2006 12:36 AM  
  3. Blogger അന്‍‌വര്‍ സാദത്ത് | anwer sadath Wrote:

    കിടില്ലന്‍ സന്തോഷേട്ടാ...200 GB ഒക്കെ ഒന്നുമല്ലാതായി അല്ലേ... പക്ഷേ..വിലയാണു സഹിക്കാന്‍ പറ്റാത്തത്‌... എന്റെ അഭിപ്രായത്തില്‍ ഡിജിറ്റല്‍ സിനിമാ പ്രൊജക്ഷനു ബ്ലൂറെ ഉപയോഗിക്കട്ടെ....DRM ഉള്ളതു കൊണ്ടു പൈറസ്സിയും ഉണ്ടാകില്ല...

    പിന്നെ എന്നോടു ചോദിച്ചാലും ഞാന്‍ ബ്ലൂറേ..ജയിച്ചെന്നേ പറയൂ...കഞ്ഞി കുടിച്ചുപോകേണ്ടേ....

    ഓ.ടോ : ഈ വിസ്തയില്‍ നിന്നും മീഡിയാസെന്റര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയാന്‍ പറ്റില്ലേ? വേറെ ഒന്നും വിചാരിക്കല്ലേ..എന്റെ O.S പാര്‍ട്ടീഷനില്‍ ആവശ്യത്തിനു സ്പേസ്‌ ഇല്ലാത്തതു കൊണ്ടാണേ....( മീഡിയാസെന്റര്‍ അടിപൊളിയല്ലേ.... :) )

    September 29, 2006 1:32 AM  
  4. Blogger സ്വാര്‍ത്ഥന്‍ Wrote:

    നല്ല ലേഖനം, സന്തോഷ്...

    September 29, 2006 3:24 AM  
  5. Blogger ആനക്കൂടന്‍ Wrote:

    നന്നായിട്ടുണ്ട് സന്തോഷ്ജി, നല്ല ലേഖനം. ഒട്ടേറെ അറിവുകള്‍ പകര്‍ന്നിരിക്കുന്നു.

    September 29, 2006 5:42 AM  
  6. Blogger Santhosh Wrote:

    അരവിന്ദേ, നല്ലവാക്കുകള്‍ക്കും പ്രവചനത്തിനും നന്ദി!

    സപ്തവര്‍ണ്ണങ്ങള്‍: താങ്ക്യൂ, സുഹൃത്തേ.

    അന്‍‍വര്‍: നല്ല നിര്‍ദ്ദേശം ആണ്. താങ്ങാന്‍ കഴിവുള്ളവര്‍ക്ക് വിലകൂടിയ റ്റെക്നോളജി നല്‍കട്ടെ. ബ്ലൂ-റേയുടെ അധിക സ്റ്റോറേയ്ജ് ഉപയോഗപ്പെടുത്തികയുമാവാം. DRM രണ്ടു സ്പെസിഫിക്കേഷനിലുമുണ്ട്. മീഡിയാസെന്‍റര്‍ അണ്‍‍ഇന്‍സ്റ്റോള്‍ ചെയ്യുകയോ? ഞാനും ജീവിച്ചു പോട്ടെ! :) സിനിമാ പ്രൊജക്റ്ററുകളുടെ റെസല്യൂഷനെക്കുറിച്ച് ജയേഷ് വിശദീകരിച്ചിട്ടുണ്ട്. വായിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

    സ്വാര്‍ത്ഥന്‍: നന്ദി.

    ആനക്കൂടന്‍: നന്ദി.

    വായിച്ച മറ്റുള്ളവര്‍ക്കും നന്ദി.

    September 29, 2006 11:24 AM  
  7. Blogger രാജ് Wrote:

    സന്തോഷേ ലേഖനം നന്നായിരിക്കുന്നു, ലേഖനത്തിന്റെ ആദ്യഭാഗങ്ങളില്‍ ‘റ്റിപ്പിക്കല്‍’ സന്തോഷിനെ കാണാത്തതു കൊണ്ട് എനിക്കല്പം അതിശയം തോന്നിയിരുന്നു, രണ്ടാം ഭാഗത്തില്‍ ആ കുറവ് നികത്തി നല്ല രീതിയില്‍ ഒരു സംവാദം അവസാനിപ്പിച്ചിരിക്കുന്നു. നന്നായി.

    September 30, 2006 12:44 PM  
  8. Blogger A.T Tharayil Wrote:

    ബ്ലൂറേയെക്കുറിച്ചുള്ള ഈ ലേഖനം വളരെ വിലപ്പെട്ടതു തന്നെ. നല്ല അവതരണ രീതി.

    September 30, 2006 1:35 PM  
  9. Blogger ഷാജുദീന്‍ Wrote:

    സന്തോഷ്
    ശരിക്കും വിവരം വച്ചു. ഞാന്‍ വിചരിച്ചിരുന്നത് HD DVD ക്ക് ശേഷമുള്ള ടെക്നോളജിയാണ് ബ്ലൂറേയെന്നായിരുന്നു.
    ഇനിയും എനിക്ക് കൂടുതല്‍ വിവരം വയ്ക്കാന്‍ പറ്റിയ ലേഖനങള്‍ പ്രതീക്ഷിക്കുന്നു

    October 03, 2006 3:57 AM  

Post a Comment

<< Home